ചിത്രീകരണം: രാജേഷ് ചിറപ്പാട്

ജുഗ് ഇം (മരണം)

പതിനഞ്ച്

സെപ്റ്റംബർ 17 വ്യാഴാഴ്ച

പ്രിയപ്പെട്ട ഡയറി, അഡ്വക്കറ്റ് മാത്യു വന്നപ്പോളൊരു വിധത്തിൽ ജാമ്യം കിട്ടി എന്നു പറയാം. ""നിങ്ങൾ തമ്മിൽ എത്ര നാളത്തെ പരിചയമുണ്ട്? എവിടെ നിന്ന്​ പരിചയപ്പെട്ടു? അഹദ് എവിടെയാണ് താമസിക്കുന്നത്? ഓഫീസിൽ തങ്ങാറുണ്ടോ? ഡിറ്റക്ടീവ് ഏജൻസിക്ക് ലൈസൻസ് ഉണ്ടോ? വേറെ ആരെല്ലാം കൂടെ ജോലി ചെയ്യുന്നുണ്ട്? ഒഫീസ് ക്ലീൻ ചെയ്യാൻ ആരെങ്കിലും സ്ഥിരമായി വാരാറുണ്ടോ?'' എന്നുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. പക്ഷേ, സി ഐ വിട്ടുതരാൻ ഭാവമുണ്ടായിരുന്നില്ല. ചോദ്യങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. എന്തോ ഒരു പൂർവ്വ വൈരാഗ്യം ഉള്ളതുപോലെ. ശരിക്കും സി ഐക്ക്​ എന്നോടു ദേഷ്യം തോന്നേണ്ട കാര്യം ഇല്ല. പക്ഷേ, അങ്ങനെ പറഞ്ഞിട്ടു കാര്യമില്ല. അയാൾക്കു ചിലപ്പോൾ എന്റെ എന്തെങ്കിലും കാര്യം ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. മാത്രമല്ല, പൊസിഷന്റെ പവർ കാണിക്കുന്നവരും ഉണ്ടല്ലോ. ആരോടും എങ്ങനെയും പെരുമാറാനുള്ള ലൈസൻസ് ആയിട്ടാണ് ചിലർ അതിനെ കാണുന്നത്.

നേരം ഏഴു മണി ആയിട്ടേ ഉള്ളൂ. ഇന്ന് അഹദ് നേരത്തെ ഡയറി എഴുതാൻ ഇരുന്നു. ഓഫീസിൽ നിന്ന്​ വളരെ നേരത്തെ എത്തിയതുകൊണ്ട് ഇതങ്ങു തീർത്തിട്ട് ഗൂഗിളിൽ കുറച്ചു കാര്യങ്ങൾ തിരഞ്ഞു നോക്കാം എന്നൊരു പ്ലാനുണ്ട്.
ഫീസിൽ ഇനി കുറച്ചു കാലത്തേക്ക് അധികം സമയം ചെലവഴിക്കേണ്ടി വരില്ല. ബാക്കിയുണ്ടായിരുന്ന രണ്ടു ചെറിയ കേസുകൾ ആളുകൾ വന്ന്​ ഇന്ന് പിൻവലിച്ചു. കാരണം മറ്റൊന്നുമല്ല, ഡിറ്റക്ടീവ് ഏജൻസിക്ക് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കൊലപാതകവുമായി ബന്ധമുണ്ടെന്നുള്ള വാർത്ത എങ്ങനെയോ ആളുകൾ മണത്തറിഞ്ഞിരിക്കുന്നു. പ്രധാന പത്രങ്ങളിൽ ഒന്നും വാർത്ത വരാതെ നോക്കിക്കോളാം എന്ന് വിൻസെൻറ് ഉറപ്പ് നല്കിയിരുന്നു. എത്ര ശ്രമിച്ചാലും മറ്റുള്ളവരെ കരിവാരിത്തേക്കുന്നതിൽ ആനന്ദിക്കുന്ന ചില ചെറു പത്രങ്ങളുണ്ടാകും. മിക്കപ്പോഴും സായാഹ്ന പത്രങ്ങൾ ആയിരിക്കും. അത്തരം വാർത്തകൾ ഇഷ്ട്‌പ്പെടുന്ന സ്ഥിരം വായനക്കാരും. അതിനു കടിഞ്ഞാണിടുവാൻ പ്രയാസമാണ്. അതിനു പുറകെ ചില ലോക്കൽ ചാനലുകളും ക്യാമറയും സ്റ്റാന്റുമായി ഇറങ്ങിയിട്ടുണ്ട്. ഉയർച്ചയും താഴ്ചയും ജീവിതത്തിൽ പറഞ്ഞിട്ടുള്ളതാണ് എന്ന്​അഹദിനു നന്നായി അറിയാം. എന്നാൽ, അടിക്കടി പരാജയങ്ങളും പ്രതിസന്ധികളും മാത്രം അനുഭവിക്കേണ്ടി വരുന്നത് അത്ര സുഖകരമായ അവസ്ഥ അല്ല.

അതെല്ലാം പോട്ടെ, ഞാൻ വിഷയത്തിലേക്ക് വരാം. ദീപകിന്റെ സ്വഭാവത്തിലെ പ്രകടമായ മാറ്റങ്ങളെന്നെ വല്ലാതെ വേദനിപ്പിച്ചു. സുഹാനയും അങ്ങനെ തന്നെ എന്നോടു പറഞ്ഞു. അതിന്റെ കാരണം എന്താണെന്ന് ഞങ്ങൾക്കു രണ്ടു പേർക്കും മനസ്സിലായില്ല. എപ്പോഴും ചിരിച്ചുകളിച്ചു നടക്കുന്ന ആൾക്കാർ സംസാരിക്കാതെ ആകുമ്പോൾ അതിൽ കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് വേണ്ടേ മനസ്സിലാക്കാൻ? പോലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചു വരുമ്പോൾ കാറിൽ വെച്ചു അവൻ ഒന്നും മിണ്ടിയില്ല. മാത്യു സാർ ഉണ്ടായതുകൊണ്ടാകുമെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. ചോദ്യങ്ങൾക്കെല്ലാം ഒറ്റ വാക്കിൽ മാത്രമേ ഉത്തരമുണ്ടായിരുന്നുള്ളൂ. ആദ്യം ദീപകിന്റെ വീട് ആയതിനാൽ സ്ഥലം എത്തിയപ്പോളവൻ ഇറങ്ങിപ്പോയി. പിന്നെ നിരവധി തവണ ഫോൺ ചെയ്‌തെങ്കിലും യാതൊരു പ്രതികരണവുമില്ല. ഗതികെട്ട് ലാന്റ് ഫോണിൽ വിളിച്ച് നോക്കി. അവൻ പുറത്തെങ്ങോ പോയതാണ് എന്നാണമ്മ പറഞ്ഞത്. അവൻ എവിടെയായിയിരിക്കും പോയിരിയ്ക്കുക? ഫോൺ വിളിച്ചിട്ടു എടുക്കാത്തത് എന്താണ്? എന്ന കാര്യങ്ങൾക്കൊന്നും ഉത്തരമില്ല.

ഇതിനിടയിൽ ഞാനും സുഹാനയും അവന്റെ പൂർവ്വ കാല ചരിത്രമൊന്നു തപ്പി നോക്കി. അവൻ പഠിച്ചത് ഗവൺമെൻറ്​ യു. പി സ്‌കൂളിലാണ്. അവിടെ ഇപ്പോഴുള്ള അദ്ധ്യാപകരിലധികവും പുതുതായി ജോയിൻ ചെയ്തവരാണ്. യമുന ടീച്ചറും ഹിന്ദിയെടുക്കുന്ന ജയശങ്കർ മാഷും മാത്രേ പഴയവരിൽ ഉള്ളൂ. ജയശങ്കർ മാഷിന് ദീപകിനെ അത്ര ഓർമയില്ല. പിന്നെ ഫോട്ടോ കാണിച്ചപ്പോൾ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു എന്നു പറഞ്ഞു. അവരെ പറഞ്ഞിട്ടും കാര്യമില്ല. ഓർമ്മയുണ്ടാകാൻ ഒരു തരവുമില്ല. പത്തു പതിനഞ്ചു കൊല്ലം മുൻപ് പഠിച്ച വിദ്യാർഥികളെ മുഴുവനും ഓർത്തുവെയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലല്ലോ. പിന്നെയുണ്ടായിരുന്നത് പ്രിൻസിപ്പലാണ്. അദ്ദേഹം ഒരു രണ്ടു മാസം മുൻപ് ഹൃദായാഘാതം മൂലം മരിച്ചു പോയി. അവിടെ ഉണ്ടായിരുന്ന പഴയ സ്‌കൂൾ മാഗസിനുകളിലോ രജിസ്റ്ററുകളിലോ ഒന്നും തന്നെ അവന്റെ പേരു കണ്ടെത്താനായില്ല. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. പത്തു കൊല്ലം മുൻപുള്ള എല്ലാ രജിസ്റ്ററുകളും വേറെ കെട്ടിടത്തിനകത്തേക്ക് മാറ്റുമത്രേ. അതിലാണെങ്കിൽ പുസ്തകക്കെട്ടുകൾ കൂടി കിടക്കുന്നതിനാൽ ഉദ്ദേശിച്ചവ കണ്ടെത്തുക പ്രയാസം എന്നു തന്നെ അല്ല, അസാധ്യമാണെന്ന് വേണം പറയാൻ. അത്രയും പണിപ്പെട്ടു ആ രജിസ്റ്റർ കണ്ടെത്തിയിട്ടു പ്രയോജനം ഉണ്ടെന്ന് തോന്നിയില്ല. അവൻ അവിടെ തന്നെ ആണ് പഠിച്ചത് എന്നു സ്ഥാപിക്കണമെങ്കിൽ കമ്പ്യൂട്ടറിൽ ഉള്ള അവന്റെ പേരും വിവരങ്ങളും മാത്രം മതിയല്ലോ.

അതിനു ശേഷം ഞങ്ങളവൻ പഠിച്ച ഒരു കോൺവെൻറ്​ സ്‌കൂളിൽ പോയി. അതിനെക്കുറിച്ചു ആ കത്തിൽ പറഞ്ഞിട്ടിട്ടില്ല. എങ്കിലും ഒരാളുടെ നല്ല ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നിടത്താനല്ലോ അവരുടെ ക്യാരക്ടർ രൂപപ്പെട്ടു വരുന്നത്. അവിടത്തെ ഒന്നു രണ്ടു സിസ്റ്റർമാർ ദീപകിനെ ഓർക്കുന്നതായി പറഞ്ഞു. പക്ഷേ, അതൊരു കൃത്യതയുള്ള വിവരമാണെന്ന് ഞങ്ങൾക്ക് തോന്നിയില്ല. അവനെക്കുറിച്ചുള്ള മറ്റെന്തെങ്കിലും വിവരങ്ങളോ അവൻ ഇഷ്​ടപ്പെട്ട വിഷയങ്ങളോ മറ്റോ അവർക്കറിയില്ലായിരുന്നു. അതൊരു അളവുകോൽ അല്ല എന്നായിരുന്നു സുഹാനയുടെ അഭിപ്രായം. ഒരു കണക്കിനു ചിന്തിച്ചാൽ ഇഷ്​ടപ്പെട്ട വിഷയത്തിനൊന്നും നമ്മുടെ പാഠ്യപദ്ധതിയിൽ ഒരു സ്ഥാനവുമില്ല. എല്ലാ വിഷയങ്ങളും ഒരു പോലെ പഠിച്ചു പരീക്ഷ എഴുതുക എന്നാണല്ലോ. ഏതെങ്കിലും വിഷയത്തിനു മാർക്ക് കുറവാണെങ്കിൽ അതിനു ട്യൂഷൻ വെച്ചു അതും കുത്തിക്കേറ്റും. എല്ലാവർക്കും എല്ലാ വിഷയങ്ങളും ഒരു പോലെ എങ്ങനെ ഇഷ്​ടപ്പെടുവാൻ കഴിയും എന്നതിനു വിശദീകരണം ഒന്നും ഇല്ല. ഈ വിഷയം തർക്ക വിഷയമായി വന്നാൽ ഇഷടപ്പെടുവാൻ പറഞ്ഞില്ലല്ലോ, പഠിക്കാനല്ലേ പറഞ്ഞുള്ളൂ എന്നു അധ്യാപക പക്ഷം. എങ്ങനെ എങ്കിലും ഡോക്ടറോ എഞ്ചിനീയറോ ആക്കിയാൽ മതി എന്നു രക്ഷിതാക്കൾ. പ്ലസ് ടുവിനു പഠിക്കുന്ന സമയം ആയതിനാൽ കുട്ടികൾ സ്വതവേ അല്പം പിരിമുറുക്കത്തിലായിരിക്കും എന്നു മാത്രം അവർ പറഞ്ഞു. ഓരോ കുട്ടികളെയും അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും വേണ്ടി വന്നാൽ പ്രത്യേക പ്രാർഥനകൾ വരെ നടത്താറുണ്ട് എന്നാണ് പിന്നെ അവിടെ നിന്നു കിട്ടിയ ഒരു വിവരം. അത് ഞങ്ങൾക്കൊട്ടും തന്നെ ഉപകരിക്കുമെന്ന് തോന്നിയില്ല. കുട്ടികളെ ചേർക്കാൻ വരുന്ന മാതാപിതാക്കളോട് പറയുന്ന പരസ്യവാചകങ്ങൾ പോലെയാണ് എനിക്കതിനെ പ്രതിവചിക്കുവാൻ പറ്റുക. എങ്കിലും നമ്മൾ പഠിക്കുന്ന സ്‌കൂളിൽ ആരും തങ്ങളെ പിന്നീട് ഓർക്കുക പോലും ചെയ്യില്ല എന്നു നമ്മളാരും പിന്നെ ചിന്തിക്കുക പോലും ചെയ്യുകയില്ല. എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയിത്തീർന്നിരിക്കുന്നു. ആദ്യം അങ്ങനെ എല്ലാം ചിന്തിച്ചെങ്കിലും അതിലൊന്നും ഒരു കാര്യവുമില്ലെന്ന് കുറച്ചു കഴിഞ്ഞപ്പോഴെനിക്കു തോന്നി. നിത്യ ജീവിതത്തിന്റെ ഒഴുക്കിൽ പെട്ട് കടന്നുപോകുന്നതിനിടയിൽ കൂടേ ഉള്ളവരെ ശ്രദ്ധിക്കുവാൻ ആർക്കെങ്കിലും സമയം കിട്ടുമോ?

എന്തെങ്കിലും തുമ്പു കിട്ടുമോ എന്നു നോക്കാൻ ദീപകിന്റെ കത്ത് വീണ്ടും വീണ്ടും വായിച്ചു നോക്കി. ഇതിനേക്കാളെളുപ്പം അവനോടു തന്നെ നേരിട്ടു ചോദിക്കുകയാകും എന്നു വിചാരിച്ചിട്ട് അവനെ വീണ്ടും വിളിക്കാൻ ശ്രമിച്ചു. സ്വിച്ച്​ഓഫ്, ഔട്ട് ഓഫ് കവറേജ് ഏരിയ എന്നിങ്ങനെ ഉള്ള സന്ദേശങ്ങൾ മാത്രമാണ്​ലഭിച്ചുകൊണ്ടിരുന്നത്. ഒരാളിങ്ങനെ ഒളിച്ചു നടക്കുകയാണെങ്കിൽ അതിനു പിന്നിൽ എന്തെങ്കിലും ദുരൂഹത ഉണ്ടാകില്ലേ? അല്ലെങ്കിൽ ദീപക് എന്തിനിങ്ങനെ ചെയ്യുന്നു? അപ്പോഴാണ് പ്രസക്തമായ മറ്റൊരു ചോദ്യവുമായി സുഹാന വന്നത്. ഇത്രയും മനോഹരമായി എഴുതുവാൻ അറിഞ്ഞിട്ടും ദീപക് എന്തു കൊണ്ട് പിന്നെ എഴുതിയില്ല? എഴുത്തിന്റേയും വായനയുടേയും വഴി ഉപേക്ഷിക്കുവാൻ കാരണം എന്താണ്? ഇതിനൊന്നും ഉത്തരം ഇല്ലായിരുന്നു. ഇത് തികച്ചും ഒരു സാങ്കൽപ്പിക കഥ മാത്രം ആയിക്കൂടെ എന്നുള്ളത് മറ്റൊരു ചോദ്യമായിരുന്നു. അതിനും സാധ്യത ഉണ്ട്. സ്വന്തം അനുഭവമാണ് എന്നൊന്നും കടലാസിൽ എവിടേയും വിവരിച്ചിട്ടില്ലല്ലോ.

എഴുത്തിനോടുള്ള ഇഷ്ടം എന്തിനു ദീപക് മറച്ചു വെച്ചു? ആരും അറിയാത്ത മറ്റൊരു മുഖം കൂടി അവനുണ്ടായിരുന്നു എന്നു വേണം കരുതുവാൻ. പിന്നീട് കോളേജിൽ ചേർന്നപ്പോൾ അവൻ തികച്ചും വ്യത്യസ്തമായ മറ്റൊരു വിഷയം തിരഞ്ഞെടുത്തു, കെമിസ്ട്രി. അതിൽ ബിരുദാനന്തര ബിരുദത്തിനൊന്നും ശ്രമിക്കാതെ ഒരു ബാങ്കിൽ ഫോൺ കോളുകൾ അറ്റെൻറ്​ ചെയ്യുന്ന ഒരു ചെറിയ പോസ്റ്റിൽ ജോലി ചെയ്തു വരികയായിരുന്നു. അപ്പോഴാണ് പത്രപ്പരസ്യം കണ്ട് ഡിറ്റക്ടീവ് ഏജൻസിയിൽ എത്തുന്നത്. ഇതാണ് ദീപക് ഞങ്ങളോടു പറഞ്ഞിട്ടുള്ള വിവരങ്ങൾ. സുഹാനയുടെ സൈക്കോളജി കണ്ണുകൾ വെച്ചു നോക്കുമ്പോൾ എവിടെയോ എന്തോ പുകയുന്നുണ്ട് എന്നു തോന്നിയിരിക്കണം. ദീപകിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാം എന്ന തീരുമാനത്തിൽ എത്തി.

അതിനായി ഞങ്ങൾ ദീപക് പോയിരുന്നു എന്നു കരുതപ്പെടുന്ന ആ കഫേയിൽ പോയി നോക്കി. ഡാഫോഡിൽസ് എന്നു പേരുള്ള ആ കഫേ ഒരു പൂന്തോട്ടം പോലെ പൂക്കളാൽ അലങ്കരിച്ചിരുന്നു. ഇരിപ്പിടങ്ങളും മേശകളും എല്ലാം പൂവിന്റെ ആകൃതിയിലാണ് സജ്ജീകരിച്ചു വെച്ചിരുന്നത്. അവിടെ ഉള്ള ഫാൾസ് സീലിങ്ങും ലൈറ്റിങ്ങും എല്ലാം അതൊരു പൂന്തോട്ടമാണ് എന്നു തോന്നിച്ചു. എന്തിന്, കാപ്പി കൊണ്ട് വരുന്ന കപ്പ് പോലും ഒരു മനോഹരമായ പൂവിന്റെ ആകൃതിയിൽ ആയിരുന്നു. പൂവിൽ നിന്നും തേൻ നുകരുന്ന ചിത്രശലഭങ്ങളെപ്പോലെ നമുക്കവിടെ അങ്ങനെ ഇരിക്കാം. പക്ഷേ, ഇതെല്ലാം ആസ്വദിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞങ്ങൾ.

കാപ്പി കൊണ്ട് വന്ന വെയിറ്ററോട് ദീപകിന്റെ ഫോട്ടോ കാണിച്ചു അവനെ അറിയുമോ എന്നു ചോദിച്ചു. ""ഇത് നമ്മുടെ മച്ചാനല്ലേ? ഇവിടെ എപ്പോഴും വരാറുണ്ട്. രണ്ടു ദിവസം മുൻപ് കൂടി വന്നിരുന്നു.'' ഞങ്ങൾ മുഖത്തോട് മുഖം നോക്കി. അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു, ""എന്തു പറ്റി സാറേ?'' ""അവനിവിടെ രണ്ടു ദിവസം മുൻപ് വന്നിരുന്നു എന്നു നിനക്കു എന്താണിത്ര ഉറപ്പ്?'' ""ഞങ്ങൾക്ക് ആറു ദിവസം രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്താൽ ഒരു ദിവസം അവധിയാണ് സാർ. അത് ഒരാൾക്കു തിങ്കളാഴ്ചയാണെങ്കിൽ, അടുത്ത ആൾക്കു ചൊവ്വാഴ്ചയായിരിക്കും. ഞങ്ങൾ ഏഴു പേരുണ്ട്. അങ്ങനെ ആണ് എല്ലാ ദിവസവും ഇവിടെ ആളെ ഒപ്പിക്കുന്നത്. എന്റെ ഓഫ് ഡേയുടെ തലേ ദിവസം മച്ചാൻ ഇവിടെ വന്നു ഒരു ചിക്കു ജ്യൂസ്​ കുടിച്ചതായി ഓർമ്മയുണ്ട്. ഞാനന്ന് സ്ഥിരം ഓർഡറായ ചിക്കൻ സ്റ്റെയ്ക്ക് വേണ്ടേ എന്നു ചോദിച്ചപ്പോൾ പോയിട്ടു തിരക്കുണ്ട്, പിന്നെ ഒരു ദിവസം വരാം എന്നു പറഞ്ഞു. പിന്നെ, തിരക്കിട്ട് എങ്ങോട്ടോ പോകുന്നത് കണ്ടു. രാത്രി ക്ലോസിംഗ് ടൈം ആയതിനാൽ പിന്നെ സംസാരിക്കാൻ പറ്റിയില്ല. എനിക്കും തിരക്കായിരുന്നു.'' ""കുറെ കസ്റ്റമേർസ് വരുന്നതിനിടയ്ക്കു ദീപകിനെ മാത്രം എങ്ങനെ ഓർത്തു വെക്കുന്നു?'' ""എനിക്കു മാത്രമല്ല. ഇവിടെ എല്ലാവർക്കും മച്ചാനെ അറിയാം. അതിനു കാരണം ഉണ്ട്. മച്ചാൻ വന്നാൽ ഞങ്ങളോടു എല്ലാവരോടും സംസാരിച്ചിട്ടേ പോകാറുള്ളൂ. തിരിച്ചു പോകുമ്പോൾ ചെറിയ രീതിയിൽ ടിപ് തരാരുറുമുണ്ട്.'' ""അത് ശരി. ഏകദേശം എത്ര ദിവസം കൂടുമ്പോഴാണ് ദീപക് ഇവിടെ വരാറുള്ളത്?'' ""അങ്ങനെ ഒന്നും ഇല്ല. മച്ചാനെ കാണണം എന്നു തോന്നുമ്പോൾ ആൾ നമ്മുടെ മുന്നിൽ പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ടാകും. ഇവിടെ കുറെ വെയിറ്റർമ്മാർക്ക് കടം കൊടുക്കുകയും അവരുടെ പ്രശ്‌നങ്ങളും മറ്റും കേൾക്കുകയും ചെയ്യുന്ന ആളാണ് മച്ചാൻ.'' ""മച്ചാൻ എന്ന പേർ എങ്ങനെ വന്നു?'' ഞാൻ മനസ്സിൽ വിചാരിച്ച ചോദ്യം സുഹാന എടുത്തിട്ടത് കേട്ടു ഞാൻ അവളെ മനസ്സിൽ അഭിനന്ദിച്ചു. ""അതറിയില്ല. മൂപ്പരുടെ ശരിക്കുള്ള പേരു പാർഥൻ എന്നോ മറ്റോ ആണെന്ന് തോന്നുന്നു. ഞാൻ ഇവിടെ വന്ന കാലത്ത് മുതൽ എല്ലാവരും മൂപ്പരെ മച്ചാൻ എന്നാണ് വിളിക്കാറുള്ളത്. ഞാനും അങ്ങനെ വിളിച്ചു. ' ""പാർഥീവ്, അല്ലേ?'' ""ആ... അതാണ്. അത് തന്നെ.'' വലത്തെ ചൂണ്ടു വിരൽ ചൂണ്ടി സന്തോഷത്തോടെ അവൻ പറഞ്ഞു. ""പാർഥീവിന്റെ കൂടെ ആരെങ്കിലും ഉണ്ടാകാറുണ്ടോ?'' ""സാധാരണ മച്ചാൻ ഒറ്റക്കാണ് വരാറുള്ളതു.'' അല്പ സമയത്തെ മൗനത്തിനു ശേഷം അയാൾ ചുറ്റും നോക്കി. പിന്നെ കാപ്പി കൊണ്ട് വന്ന ട്രേ ശരീരത്തോട് ചേർത്തു വെച്ചു പതിഞ്ഞ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു, ""ആ...ഒരു തവണ വന്നപ്പോൾ ഒരാളും കൂടെ ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ മച്ചാന്റെ ഫ്രണ്ട് ആണെന്നാണ് പറഞ്ഞത്.'' ""അത് ഓർത്തു വെക്കാൻ കാരണം?'' ""കൂടെയുള്ളയാൾ ഭയങ്കര ദേഷ്യക്കാരൻ ആയിരുന്നു.'' ""വേറെ എന്തെങ്കിലും ഓർമ്മയുണ്ടോ?'' ""അന്ന് നല്ല തിരക്കായത് കൊണ്ട് പിന്നെ ഞാൻ ശ്രദ്ധിച്ചില്ല.'' ""ഇനി മച്ചാൻ ഇവിടെ വരുകയാണെങ്കിൽ പറയണം. ദാ, ഈ ഫോൺ നമ്പറിൽ വിളിച്ചാൽ മതി.'' ""എന്താ സർ ? എന്തെങ്കിലും പ്രശ്‌നമുണ്ടോ?'' ""ഏയ്...വിളിച്ചിട്ട് കിട്ടുന്നില്ല. അതാ.'' ""ഓ. അറിയിക്കാം സർ.''

പിങ്ക് നിറത്തിലുള്ള പൂ സീറ്റ് തന്നെ വേണമെന്ന് പറഞ്ഞു ഒരു കുട്ടി തൊട്ടടുത്ത ടേബിളിൽ കരച്ചിൽ തുടങ്ങിയിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കുറെ ആളുകൾ സീറ്റിനു വേണ്ടി കാത്തു നിൽകുന്നത് കണ്ടു. ഉടനെ ഞങ്ങൾ എഴുന്നേറ്റു, കൈകൾ കഴുകാനായി വാഷ് ബേസിന്റെ അരികിൽ പോയി നിന്നു. ഒറ്റ നോട്ടത്തിൽ ഒരു പൂന്തോട്ടത്തിൽ എത്തിയതുപോലെ. പൈപ്പിൽ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള പിടി. കൈ കഴുകി പുറത്തേക്കിറങ്ങുമ്പോൾ പിങ്ക് പൂവിന്റെ നിറത്തിലുള്ള ഒരു ഹൈ ചെയറിൽ ഇരുന്നു ആ കുട്ടി മിൻറ്​ ലൈം കുടിക്കുന്നത് കണ്ടു. ഒഫീസിൽ തിരിച്ചെത്തിയ ഉടനെ സുഹാന ലാപ്‌ടോപ്പിൽ ദീപകിന്റെ ബ്ലോഗ് ഒന്നു കൂടി തുറന്നു നോക്കി. അവിടെ ദീപകിന്റെ കവിതകൾ വന്ന ഒന്നു രണ്ടു മാഗസിനുകൾ കണ്ടെത്തി. അവരുടെ പേരും മറ്റും ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ കിട്ടിയ നമ്പറിൽ സുഹാന വിളിച്ചു. പാർഥീവ് എന്നു പേരുള്ള ഒരാൾ ഇടയ്ക്ക് കവിതകൾ അയക്കാറുണ്ടെന്നും അവ പ്രസാധന യോഗ്യമായത് കൊണ്ട് ഒന്നു രണ്ടു തവണ പ്രസിദ്ധീകരിച്ചുവെന്നും എഴുത്തുകാരനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും അറിയില്ലെന്നും അവർ പറഞ്ഞു.

ബ്ലോഗ്ഗിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി പിന്നീട് ഞങ്ങളറിഞ്ഞു. ഒറ്റയ്ക്ക് കണ്ടുപിടിച്ചതല്ല. നേരത്തെ ഒരാളെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നില്ലേ? കമ്പ്യൂട്ടറിൽ സകല തരികിടകളും കാണിക്കുന്ന ഒരാൾ? വിവിധ തരം ആപ്ലിക്കേഷനുകൾ കൊണ്ട് ഒരാളുടെ ഭൂതവും ഭാവിയുമെല്ലാം ചികഞ്ഞെടുക്കുന്നവൻ? സങ്കീർണമായ നെറ്റിൽ നിന്നും മറ്റുള്ളവർ മായ്ച്ചു കളയുന്ന വിവരങ്ങൾ നിമിഷനേരം കൊണ്ട് വീണ്ടെടുക്കുന്നവൻ. വിവേക്. ആ.. അതുതന്നെയാണവന്റെ പേര്. അന്നവൻ ജോലി ചോദിച്ചപ്പോൾ ഞാൻ നിരസിച്ചുവെങ്കിലും എന്തെങ്കിലും ആവശ്യം വരുകയാണെങ്കിൽ ബന്ധപ്പെടാം എന്നു ഞാൻ ഉറപ്പ് കൊടുത്തിരുന്നു. വിളിച്ചപ്പോൾ ഒരു പരിഭവവുമില്ലാതെ തന്നെ അവൻ ഓടി വന്നു. ഈ തലമുറയുടെ ഒരു പ്രത്യേകതയാണെന്ന്​ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു കണക്കിനു അതാണ് നല്ലത്. ചെറിയ ചെറിയ അസ്വാരസ്യങ്ങൾ അവർ കാര്യമാക്കാറില്ല. അവർ തങ്ങളുടെ ലോകത്ത് മുഴുകി ജീവിക്കുന്നവരാണ്. അതിനാൽ കൊച്ചു കാര്യങ്ങൾ മനസ്സിലേക്കെടുക്കുവാൻ അവർക്കു സമയമില്ല. പണ്ട് കാലത്താണെങ്കിൽ പരിഭവം തീർന്നുള്ള സമയം ഉണ്ടാകില്ല.

എന്താണ് കണ്ടെത്തിയതെന്നായിരിക്കും നീ ഇപ്പോൾ ചിന്തിക്കുന്നത്? പറഞ്ഞു തരാം. ദീപകിന്റെ ബ്ലോഗ്ഗിൽ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ ഉണ്ടോ എന്നു നോക്കി. അപ്പോഴാണത് കണ്ടെത്തിയത്. ദീപകിനെതിരെ തെളിവായി പോലീസുകാർ കൊണ്ട് വന്ന അതേ കത്ത്. രണ്ടു ദിവസം മുൻപ് അത് ഡിലീറ്റ് ചെയ്തിരിക്കുന്നു. ആ കത്ത് അപ്പോൾ ദീപക് എഴുതിയത് തന്നെയാണെന്ന് ഒരു ഞെട്ടലോടെ ഞങ്ങൾ മനസ്സിലാക്കി. ദീപകിനന്ന് യമുന ടീച്ചറോടു തോന്നിയ ദേഷ്യം, വെറുപ്പ്, പക...ഇതെല്ലാം തന്നെയാണോ ആ കൊലപാതകത്തിലേക്ക് കൊണ്ടെത്തിച്ചത്? എനിക്കത് ഒട്ടും തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. പക്ഷേ, എന്തു ചെയ്യാം. തെളിവുകൾ കൈ ചൂണ്ടുന്നത് ദീപകിലേക്കാണ്. അന്വേഷിക്കുന്തോറും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് മറ നീക്കി പുറത്തു വരുന്നത്. കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ദീപകുമായി ചിലവിട്ട ചില നിമിഷങ്ങൾ , അവന്റെ ചില തമാശകൾ- എല്ലാം മനസ്സിൽ മിന്നി മറഞ്ഞു.

ഞങ്ങൾക്ക് രണ്ടു പേർക്കും അവനൊരു നല്ല സുഹൃത്തായിരുന്നു. അവനിങ്ങനെ ഒരു കാര്യത്തിലേർപ്പെടുകയാണെങ്കിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ഞങ്ങൾ തന്നെയാകും. അവന്റെ വീട്ടുകാരെക്കാളേറെ. കാരണം മറ്റൊന്നുമല്ല. ക്രമ സമാധാനം നിലനിർത്തുവാൻ വേണ്ടി രാപ്പകൽ പ്രയത്‌നിക്കുന്ന ഞങ്ങൾക്കു കൂടെയുള്ള ഒരാളുടെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നു പറഞ്ഞാൽ അത് ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള വീഴ്ച തന്നെയായി വേണം കണക്ക് കൂട്ടാൻ. അവനു ഇങ്ങനെ ഒരു ഭൂതകാലമുണ്ടെന്നോ, അവന്റെ മനസ്സിൽ പുകഞ്ഞു തീരാത്ത ഒരു തീക്കനലുണ്ടെന്നോ ഞങ്ങൾക്ക് മനസ്സിലായില്ല. എന്തിനു പറയട്ടെ, എഴുത്തിനെ അത്രയേറെ ഇഷ്ട്‌പ്പെടുന്ന സുഹാനയ്ക്ക് പോലും ദീപകിന്റെ എഴുത്തിനോടോ വായനയോടോ ഉള്ള അഭിരുചി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ദീപക് എന്തിനതെല്ലാം മറച്ചു വെച്ചു എന്നറിയില്ല. മനപ്പൂർവ്വമായിരുന്നോ ഇതെല്ലാം?

സംശയദുരീകരണത്തിനായി ഞങ്ങൾ ദീപകിന്റെ വീട്ടിൽ വിളിച്ചന്വേഷിച്ചു. ""ദീപകിനു മറ്റെന്തെങ്കിലും പേരുണ്ടോ?'' ""കൂട്ടുകാർ അവനെ കോളേജിൽ ദീപു, ടിപ്പു എന്നെല്ലാം വിളിക്കുന്നത് കേട്ടിട്ടുണ്ട്.'' ""അവൻ എഴുതുമോ?'' ""ചിലപ്പോളെന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നത് കാണാം.'' ""അവൻ ഇപ്പോളെവിടെ പോയതാണ്?'' ""രാവിലെ എഴുന്നേറ്റപ്പോളിപ്പോ വരാന്നു പറഞ്ഞിട്ടു പോയതാ. ഇത് വരെ എത്തീട്ടില്ല...അവൻ...എന്താ മോനേ? എന്താ പെട്ടന്നു ഇങ്ങനെ ഒക്കെ ചോദിക്കുന്നെ? അവൻ അവിടെ വന്നിട്ടില്ലേ?'' ""ഏയ്...ഒന്നൂല്ല ആന്റീ.'' ""എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?'' ""എന്തു പ്രശ്‌നം? അവൻ ഇപ്പോ എത്തുമായിരിക്കും. എന്നാ ശരി ആന്റീ ...പറഞ്ഞാ മതി.''

ഈ ഫോൺ കോൾ കൊണ്ട് വീട്ടിൽ സമാധാനമായി ഇരുന്നിരുന്ന ആന്റിയെ വേവലാതിപ്പെടുത്തുക എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആന്റിയുണ്ട് തിരിച്ചു വിളിക്കുന്നു. ദീപകിനെ വിളിച്ചിട്ടു കിട്ടുന്നില്ല. അവൻ ഏതെങ്കിലും കൂട്ടുകാരുടെ വീട്ടിൽ ഉണ്ടാകുമോ എന്നെല്ലാം ചോദിച്ചു. സത്യത്തിൽ കുറ്റബോധം തോന്നി. ആലോചിക്കാതെ ഓരോ കാര്യങ്ങൾ ചെയ്താൽ ഇങ്ങനെ ഒക്കെ സംഭവിക്കും എന്നd സുഹാന പറയുകയും ചെയ്തു. അവൾ പറഞ്ഞതിൽ കാര്യമുണ്ട് എന്നു എനിക്കും തോന്നി. പെട്ടന്നു തോന്നിയ ഒരു ഐഡിയ ആണ്. ദീപക് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിലോ എന്നൊരു തോന്നൽ കൊണ്ട് ചെയ്തുപോയതാണ്. അവനെക്കുറിച്ചു കൂടുതൽ അറിയാനുള്ള ആവേശമാണ് ആ ചോദ്യാവലി അപ്പോൾ ആന്റിയ്ക്ക് മുൻപിൽ നിരത്താനുള്ള കാരണം. ആന്റി വിഷമിക്കേണ്ട, ഞങ്ങളന്വേഷിക്കാം എന്നു പറഞ്ഞു ഒരു വിധത്തിൽ ഫോൺ താഴെ വെച്ചു.

അപ്പോഴാണ് മറ്റൊരു കാര്യം ഞങ്ങൾ തിരിച്ചറിയുന്നത്. ദീപകിന്റെ സുഹൃത്തുക്കളിലാരേയും ഞങ്ങൾക്കറിയില്ല. അവൻ ഇതുവരെ ആരെക്കുറിച്ചും ഞങ്ങളോടു പറഞ്ഞിട്ടില്ല. ഞങ്ങൾ ചോദിച്ചിട്ടുമില്ല. ഇനി ആന്റിയോട് എന്തു മറുപടി പറയും? ""യമുന ടീച്ചർ മരിച്ച സമയത്ത് ദീപക് അവിടെ പോയിരുന്നു എന്നു തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ , മറ്റുള്ള കൊലപാതകങ്ങൾ നടന്നപ്പോൾ ദീപക് എവിടെ ആയിരുന്നു എന്നു അന്വേഷിക്കേണ്ടെ?''

പഴയ സിനിമകളിൽ ആയിരുന്നെങ്കിൽ നാടകീയമായ ഒരു മ്യൂസിക് ഇപ്പോൾ വരുമായിരുന്നു. എന്തെന്നാൽ , അതായിരുന്നു എന്റെ അവസ്ഥ. കുറെ നേരമായി എന്റെ മനസ്സിൽ വിങ്ങി പൊട്ടുന്ന ഒരു കാര്യമായിരുന്നു അത്. പക്ഷേ, അതിന്റെ ഉത്തരം "അതേ' എന്നു ആയിരിക്കുമോ എന്നു എന്റെ മനസ്സ് ഭയന്നു. ""ഉം...'' ""എങ്ങനെ കണ്ടു പിടിക്കും?'' ""ആ വീടുകകളുടെ അടുത്തു സി സി ടി വി ക്യാമറകയുണ്ടോ എന്നു നോക്കിയാലോ?'' ""അതൊരു നല്ല ഐഡിയയാണ്.''

ഡെന്റിസ്റ്റ് നിപുണിന്റെ വീടിന്റെ പരിസരത്ത് എവിടേയും ക്യാമറ കണ്ടെത്താനായില്ല. അതൊരു ഉൾപ്രദേശമാണ്. കടകളിൽ മിക്കതും ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പുറം നാട്ടിലെപ്പോലെ ആധുനിക രീതിയിൽ പണിയുന്ന കഫേകളും മാളുകളും മത്സരിച്ചു തലപൊക്കുന്ന കോട്ടക്കലിന്റെ ആ പ്രദേശം ഈ ഭാഗത്തുകാർക്ക് ഇപ്പോഴും സ്വപ്നങ്ങളിൽ മാത്രം ചിന്തിക്കാവുന്ന ഒന്നാണ്. ആവശ്യമുള്ള സാധനങ്ങൾ മൊല്ലാക്കയുടെ ആ ചെറിയ കടയിൽ നിന്നു തന്നെ വാങ്ങിയാണവർക്ക് ശീലം. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും തന്നെ ഞാൻ ഇത്ര നാളായും മനസ്സിലേക്കെടുത്തിട്ടുണ്ടായിരുന്നില്ല. കേരളത്തിനു പുറത്തു പോകുമ്പോൾ ഇവിടെയാണ് പോഷ് ഏരിയ, ഇവിടെ സാധാരണ ജനങ്ങൾ ജീവിക്കുന്നു എന്നും മറ്റും ഗൈഡ് പറയുമ്പോൾ പോലും നമ്മുടെ നാട്ടിൽ അങ്ങനെ ഒരു വേർതിരിവില്ലല്ലോ എന്നാണ് ഞാൻ മനസ്സിൽ കരുതിയിരുന്നത്.

എന്നാൽ , ഈ പ്രദേശങ്ങൾ തമ്മിൽ സാങ്കൽപികമായ ഒരു അതിരുണ്ട് എന്നു ഇപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. ഇക്കാര്യങ്ങൾ ശരിക്കും മനസ്സിലാകണമെങ്കിൽ ഗംഗയുടെയും റിതേഷിന്റെയും വീട് ഇരിക്കുന്ന സ്ഥലത്തു ഒന്നു പോയി നോക്കണം. ഫ്ലാറ്റ് സമുച്ചയങ്ങളും വില്ലകളും ഉള്ള ഒരു സ്ഥലമാണ് അതിനടുത്ത്. ഇടത് വശത്ത് മൂന്നാല് മുന്തിയ കടകളും തൊട്ടപ്പുറത്ത് ഒരു മാളും ഉണ്ട്. മുറ്റത്തെ വ്യൂ ഉള്ള സി സി ടി വീ ക്യാമറ കണ്ടു പിടിക്കുക പ്രയാസമായിരുന്നു. റോഡുകളിൽ സി സി ടി വി ക്യാമറകൾ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം.

അവസാനം, ഒരു കഫേയിൽ റോഡിലേക്ക് വ്യൂ ഉള്ള ഒരു ക്യാമറ കണ്ടെത്തി. ഒരു കൊല്ലം മുൻപ് ആ പ്രദേശത്ത് ഒരു കൊള്ളയോ മറ്റോ നടന്നപ്പോൾ വെച്ചതാണ്. അത് ഏതായലും നന്നായി എന്നു ഞാൻ വിചാരിച്ചു. അന്നത് സ്ഥാപിക്കുമ്പോൾ ഇങ്ങനെ ഒരു ഉപയോഗം അതിനുണ്ടാകുമെന്ന് അവർ കരുതിക്കാണില്ല. പക്ഷേ, കടയിലെ തിരക്ക് മൂലം ക്യാമറാ ദൃശ്യങ്ങൾ എടുത്തു തരാൻ ബുദ്ധിമുട്ടുണ്ടെന്ന് ആണ് അവർ ആദ്യം പറഞ്ഞത്. പത്രങ്ങളിൽ തലക്കെട്ട് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സീരിയൽ കൊലയാളിയെക്കുറിച്ചു അറിയുന്നതിനാണ് എന്നു പറഞ്ഞപ്പോഴാണ് അവർ സഹകരിക്കാമെന്ന് സമ്മതിച്ചത്. എങ്കിലും എല്ലാ ദിവസങ്ങളിലേയും ദൃശ്യങ്ങൾ പരിശോധിയ്ക്കുക ബുദ്ധിമുട്ട് ആയിരിക്കുമെന്നും ഏതെങ്കിലും കുറച്ചു ദിവസങ്ങൾ സെലക്ട് ചെയ്യാമോ എന്നും അവർ ഞങ്ങളോട് ചോദിച്ചു. തീയതികളുടെ കാര്യത്തിൽ സുഹാനയ്ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. ഒരു കമ്പ്യൂട്ടറിനെപ്പോലെ അവൾ വിവരങ്ങൾ എല്ലാം കൃത്യമായി ഓർത്തെടുത്തു. ഗംഗയുടെ മരണം നടന്ന അന്നായിരുന്നില്ലേ ദീപകിന്റെ പിറന്നാൾ? അന്നല്ലേ അവൻ ഞങ്ങൾക്കൊരുഗ്രൻ പാർട്ടി തന്നത്? ദീപകിന്റെ വീട്ടിൽ വെച്ചായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് നാലാം തീയതി. അത് കഴിഞ്ഞു കൃത്യം എട്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു റിതേഷിന്റെ മരണം, അതേ, ഓഗസ്റ്റ് പന്ത്രണ്ടിന്. ഈ രണ്ടു ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഞങ്ങളാവശ്യപ്പെട്ടത്.

അതിലൊന്നും ദീപക് ഉണ്ടാകരുതേ എന്നു തന്നെ ആയിരുന്നു ഞങ്ങളുടെ പ്രാർഥന. ശ്വാസമടക്കിപ്പിടിച്ചാണ് ഞങ്ങൾ ഓരോ ദൃശ്യവും നോക്കി ഇരുന്നത്. സ്ത്രീകളും കുട്ടികളും ആയിരുന്നു ആ സമയത്ത് കൂടുതൽ കസ്റ്റമേഴ്‌സും . അതിനിടയിൽ യുവാക്കളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, ആദ്യത്തെ പരിശോധനയിൽ തന്നെ ആ രൂപം ഞങ്ങൾ കണ്ടു, നല്ല ഉയരവും ഊശാൻ താടിയും ഉള്ള ഒരാൾ ധൃതിയിൽ കഫേയുടെ മുന്നിലൂടെ കടന്നു പോകുന്നത് സുഹാനയാണ് ആദ്യം കണ്ടു പിടിച്ചത്. കുറച്ചു നേരത്തേക്ക് മനസ്സ് ശൂന്യമായത് പോലെ. ഒന്നും ചിന്തിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സുഹാന എന്തൊക്കെയോ എന്നോടു പറഞ്ഞു കൊണ്ടിരുന്നു. അതേ എന്ന അർഥത്തിൽ ഞാൻ തലയാട്ടി. സത്യത്തിൽ അതിൽ ഒരു വാക്ക് പോലും എന്റെ മനസ്സിൽ പതിഞ്ഞില്ല. രണ്ടു കുഴലിലൂടെ കടന്നു പോകുന്ന ശബ്ദ ശകലങ്ങളായി മാത്രം അവ അവശേഷിച്ചു. വളരെ സാവധാനത്തിൽ വീഡിയോ പ്ലേ ചെയ്യുന്ന ഓപ്ഷനും ഈ ക്യാമറയിൽ ഉണ്ടായിരുന്നു. അത് പ്രകാരം നോക്കിയപ്പോഴും അത് ദീപക് തന്നെ ആണെന്ന് ഞങ്ങളുറപ്പിച്ചു. ബ്ലാക് ആൻഡ് വൈറ്റ് ആണെന്നതും മുഖം ശരിക്ക് പതിയുന്നില്ല എന്നുള്ളതും ആയിരുന്നു ഞങ്ങൾ നേരിട്ട വെല്ലുവിളികൾ. പകൽ സമയത്തെ ദൃശ്യങ്ങളായിരുന്നെങ്കിൽ കുറച്ചു കൂടി എളുപ്പം ആയേനെ. ഇതിപ്പോൾ കഫേയുടെ മുറ്റത്തു മാത്രമേ വെളിച്ചമുള്ളൂ. അതിനു മുന്നിലൂടെ പോകുന്ന റോഡിൽ ഇരുട്ട് തന്നെ ആണ്.

മറ്റൊരു പ്രശ്‌നം കഫേയിലേക്ക് കസ്റ്റമേഴ്‌സിന്റെ ഒഴുക്ക് ആയിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആ രൂപം എങ്ങോട്ട് പോകുന്നു എന്നു കണ്ടു പിടിക്കാനായില്ല. പക്ഷേ, അന്നേ ദിവസം, ഗംഗയുടെ മരണം നടന്ന ഏകദേശ സമയത്തു തന്നെ കൃത്യമായി ഈ വീടിനു മുന്നിലൂടെ ഇയാൾ കടന്നുപോയിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമായിരുന്നു. അതിനാൽ അത് കൊലയാളിയുടെ തന്നെയാണെന്നു ഞങ്ങൾ ഊഹിച്ചു. പിന്നെ ഉള്ളത്, ഓഗസ്റ്റ് 12 ആണ്. അന്ന് ദീപകിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ ഉണ്ടാകല്ലേ എന്നാഗ്രഹിച്ചു ഞങ്ങൾ ഒരു ശ്രമം നടത്തി നോക്കി. അന്നും ഏകദേശം അതേ സമയത്തു ദീപകിനെ അവിടെ കണ്ടതോടെ എന്തു ചെയ്യണം എന്നറിയാതെ ഞങ്ങൾ പകച്ചു നിന്നു. പക്ഷേ, ഗംഗയുടെ മരണ സമയത്ത് ദീപക് ഞങ്ങളുടെ കൂടെ അല്ലേ? പിന്നേയും സംശയങ്ങളുടെ നീണ്ട നിര ഞങ്ങളുടെ മനസ്സിൽ കൂട് കൂട്ടി.

ദീപകിനെ രക്ഷിക്കാനാവില്ല എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് ഏക വഴി എന്നു എനിക്ക് തോന്നിത്തുടങ്ങി. തീനാളത്തിലേക്ക് എടുത്തു ചാടുന്ന ഇയ്യാം പാറ്റയെ കൂട്ടിലടക്കാൻ നോക്കിയിട്ട് കാര്യമില്ലല്ലോ. എങ്കിലും തൊണ്ടയിൽ എന്തോ തങ്ങി നിൽക്കുന്നത് പോലെ എനിക്കു തോന്നിക്കൊണ്ടിരുന്നു. അപ്പോളവനോടു സഹതാപമാണോ ദേഷ്യമാണോ അതോ നിരാശയാണോ തോന്നിയത് എന്നു എനിക്കിപ്പോൾ പറയാനാകുന്നില്ല. എല്ലാ വികാരങ്ങളുടെയും ഒരു മിശ്രിതമാണ് എന്നു തോന്നുന്നു. മനസ്സിന്റെ ഒരു കോണിൽ അവനെ ഞാൻ വെറുത്തു തുടങ്ങിയിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. നമുക്ക് അപരിചിതനായ ഒരാൾ കുറ്റം ചെയ്യുന്നതിനെക്കാളെത്രയോ വേദനിപ്പിക്കുന്നതാണ് കൂടെ നിൽക്കുന്ന ആൾ നമ്മെ പറ്റിക്കുന്നത്? ഒരിക്കലും ആരേയും വിശ്വസിക്കരുത് എന്നെല്ലാം ആളുകൾ പറയുന്നതു ശരിയാണ്. പക്ഷേ, അങ്ങനെ ചെയ്താൽ എങ്ങനെ ജീവിക്കും? പോസിറ്റീവ് മനോഭാവം അല്ലേ നമ്മെ എന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം ? അതില്ലെങ്കിൽ നെഗറ്റിവ് ചിന്തകളുടെ ഒരു കൂമ്പാരം മാത്രം ആയി തീരില്ലേ നമ്മുടെ ജീവിതം?

അത്ഭുതമെന്നു പറയട്ടെ, സുഹാനയുടെ മുഖത്ത് ഭാവഭേദമൊന്നും കണ്ടില്ല. ഇനി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു അവൾ ചാർട്ടുകൾ തയ്യാറാക്കി. സുഹാന മനക്കണക്കുകൾ കൂട്ടുന്നതായി എനിക്കു തോന്നി. സ്ത്രീകൾ ഇമോഷണലി മെച്വർ ആണെന്ന് പറയുന്നതു ശരിയാകാം. ഈ കേസ് എങ്ങോട്ടാണ് പോകുന്നതെന്നറിയില്ല. മുൻപ് ഞാൻ പറഞ്ഞിട്ടുള്ളതുപോലെ തന്നെ, ഇതു പോലൊരു കേസ് ഞാൻ എന്റെ ജീവിതത്തിൽ ഏറ്റെടുത്തിട്ടില്ല. ഇനിയങ്ങോട്ട് ഏറ്റെടുക്കുവാൻ താത്പര്യവുമില്ല. ഇതെന്നെ നിരാശയുടെ ചുഴിയിൽ അകപ്പെടുത്തിയിരിക്കുന്നു. ഇരുട്ട് മൂടിയ പാതയിൽ ചെറിയൊരു വെളിച്ചത്തിനായ് എന്റെ മനസ്സ് വെമ്പി. മുന്നോട്ട് പോയാൽ കാണാൻ സാധ്യത ഉള്ള കൊലയാളിയുടെ മുഖം എന്നെ ഏറെ അസ്വസ്ഥനാക്കി. പകച്ചു നിന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അതിലും കൂടുതലാണ് എന്നു ഞാൻ തിരിച്ചറിഞ്ഞുവെങ്കിലും ഒന്നും ചെയ്യാനാകാതെ കുറച്ചു നേരം ഞാൻ തരിച്ചു നിന്നു പോയി. ""ഞാൻ പോകുന്നു. നാളെ നേരത്തെ വരാം. നാളത്തെ ടൈം ടേബിൾ ഭിത്തിയിൽ തൂക്കിയിട്ടുണ്ട്.'' അപ്പോഴാണ് ഞാൻ ഭിത്തിയിലെ ആ വലിയ ലിസ്റ്റിലേക്ക് നോക്കിയത്. ദീപകിനെ കുറിച്ചു, അവന്റെ വീട്ടിൽ നിന്നു തുടങ്ങി കഫേയിലും മാഗസീൻ ഒഫീസുകളിൽ വരെ അന്വേഷിക്കുന്ന കാര്യങ്ങൾ സുഹാന അതിൽ രേഖപ്പെടുത്തിയിരുന്നു. ""ഈസ് ദെയർ എനി പ്രോബ്ലം?'' എന്റെ മുഖഭാവം കണ്ടിട്ടാകണം സുഹാന എന്നോടു അങ്ങനെ ചോദിച്ചത്. ""ഏയ്...നാളെ കാണാം,'' എന്ന് ഞാൻ ചുരുക്കി പറയുകയും ചെയ്തു. ഒരു കണക്കിനു സുഹാനയുടെ ആറ്റിറ്റ്യൂഡ് തന്നെ ആണ് ശരി. എല്ലാ കാര്യങ്ങളിൽ നിന്നും ഡിറ്റാച്ച്ഡ് ആയി, സ്വന്തം കാര്യങ്ങളിൽ മുഴുകി ജീവിച്ചാൽ മനസ്സമാധാനം കിട്ടും. പ്രതീക്ഷിച്ചാലല്ലേ നിരാശ ഉണ്ടാകൂ? കുറച്ചു കൂടി പ്രാക്റ്റിക്കൽ ആയി ചിന്തിക്കണം എന്നെല്ലാം എപ്പോഴും വിചാരിക്കും. പറ്റണ്ടേ? സാരമില്ല. പ്രശ്‌നം എന്താണെന്ന് തിരിച്ചറിയുക എന്നതാണ് പരിഹരിക്കുന്നതിനുള്ള ആദ്യത്തെ പടി എന്ന്​ എവിടെയോ വായിച്ചിട്ടുണ്ട്.

കോളിങ് ബെല്ലടിച്ചു.
ആരായിയിക്കും ഈ രാത്രി?
ഒരു നിശ്ചയവുമില്ല. പേന ഡയറിക്കിടയിൽ തിരുകി വെച്ചു അഹദ് വാതിലിനടുത്തേക്ക് നടന്നു. വാതിൽ തുറക്കുന്നതിനിടയ്ക്ക് അഹദ് ആ രൂപം കണ്ടു. ശരവേഗത്തിൽ തൊട്ടുരുമി ഒരു തീവണ്ടി കടന്നു പോയത് പോലെ അഹദിനു തോന്നി. അതേ, ദീപക്.
""അഹദ്...ഞാനല്ല...ഞാനല്ല ഇത് ചെയ്തത്.''
അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. വാചകം മുഴുമുപ്പിക്കാൻ ദീപക് നന്നേ ബുദ്ധിമുട്ടി. അവന്റെ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ ഉറ്റി വീണു. അതൊന്നും വക വെയ്ക്കാതെ തന്റെ കയ്യിലുള്ള പാതി നനഞ്ഞ കടലാസ് ഉയർത്തിപ്പിടിച്ച് കൊണ്ടു ദീപക് പറഞ്ഞു.
""പക്ഷേ...എനിക്കു കുറച്ചു പേരെ സംശയം ഉണ്ട്. നമ്മൾ ഇത് വരെ അന്വേഷിക്കാത്ത കുറച്ചു പേരെ,'' ദീപകിന്റെ ശബ്ദം അല്പം ഉച്ചത്തിലായി. ആ വാക്കുകളിൽ വെറുപ്പ് നിഴലിച്ചിരുന്നു.
അഹദ് ദീപകിന്റെ കയ്യിലെ കടലാസിലേക്ക് നോക്കി. യമുന ടീച്ചർ ഒരു ഡയറി പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു അതിൽ. ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments