ചിത്രീകരണം: ദേവപ്രകാശ്

നിധിവേട്ടക്കാരുടെ കൈപ്പുസ്തകം

അധ്യായം 11

കമേ വിസ്മയിക്കുക എന്നത് നിമ്മിയുടെ കൂടപ്പിറപ്പായിരുന്നു.

എന്താഡീ, മകളേ അന്തം വിട്ടിരിക്കുന്നതെന്ന് യുദീത്തായ്ക്ക് പലപ്പോഴും അവളോട് ചോദിക്കേണ്ടിവന്നിട്ടുണ്ട്. വിസ്മയത്തുമ്പത്ത് ഞാന്നുകിടക്കാൻ അവളെന്നും പ്രിയപ്പെട്ടു. അപ്പോൾ ഉള്ളിൽ വന്നുനിറയുന്നത് നേരിയ ലഹരിയുള്ള ഒരാനന്ദമായിരുന്നു. അങ്ങനെയുള്ള വേളകളിൽ താനേ മറന്നിരുന്നുപോകും നിമ്മി.

നിറയെ കുഞ്ഞുനക്ഷത്രങ്ങൾ മിന്നുന്ന ആകാശമായിരുന്നു വിസ്മയക്കാഴ്ചകളിൽ അവൾക്ക് ഏറെ പ്രിയം. അപ്പോൾ മുറ്റത്ത് മലർന്നുകിടന്ന് ആകാശം കാണാൻ അവളെന്നും ഉത്സാഹിതയായിരുന്നു. അകത്തുകയറി, കിടക്കെടി പൊട്ടിപ്പെണ്ണേയെന്ന് യുദീത്താ വലിയ വായാകും. ഇരുളിലെ വരവുപോക്കുകൾ ആർക്കറിയാം. ചോരകുടിയന്മാരുടെ കണ്ണിൽപ്പെട്ടാൽ എന്റെ കടിഞ്ഞൂൽപ്പൊട്ടിയുടെ കാര്യം അതോടെ തീരും. യുദീത്താ വായ്ത്താരി തുടർന്നുകൊണ്ടേയിരിക്കും. നിമ്മിയുടെ ആകാശനോട്ടവും തുടരും.

എല്ലാവരെയും പോലെ തുടക്കത്തിൽ ഭൂമിയായിരുന്നു അവളുടെയും പ്രപഞ്ചം. ഇത്തിരി പച്ചപ്പുമായി സൂര്യനെ ചുറ്റുന്ന ആ മണ്ണും പാറയും അവൾക്ക് എല്ലാമായിരുന്നു. എന്റെ ചുന്ദരിക്കുട്ടീ എന്ന് ഓമനിച്ച് അവൾ മുറ്റത്ത് കമിഴ്​ന്നുകിടന്ന് മണ്ണിനെ ഉമ്മവച്ചിട്ടുണ്ട്. ഒരു പിടി മണ്ണ് വാരിയെടൂത്ത് പ്രണയിയെപ്പോലെ ബാഗിൽ ഒളിച്ചുവച്ചിട്ടുണ്ട്. ബാല്യത്തിൽ ഒരുനാൾ ഒരു ഓഗസ്റ്റ് പതിനഞ്ചിന് മൂവർണ്ണത്തിൽ മൂന്ന് മുറ്റിതളൻ പനിനീർപ്പൂക്കൾ തൊട്ടരുകിലായി വിടർന്നപ്പോൾ അത് ഭൂമിച്ചേച്ചി മനസ്സോടെ ചെയ്ത അടയാളമാണെന്ന് അവൾ ശാഠ്യം പിടിച്ചു. അന്നവൾ പൂക്കളോടും സകല തരുലതാദികളോടും ജീവജാലങ്ങളൊടും കിന്നരിച്ചു. പിന്നീടാണ് ഭൂമിച്ചേച്ചിയെയും കടന്ന് അവളുടെ കാഴ്ച അതിരുകൾ താണ്ടിയത്.

സൂര്യനെന്ന നക്ഷത്രവും അതിന്റെ കുടുംബവും. പിന്നെ ആ വിധം കോടാനുകോടി നക്ഷത്രകുടുംബങ്ങൾ ചേർന്ന പാൽഗംഗ എന്ന ഗാലക്‌സി. അങ്ങനെ അനേകമനേകം ഗാലക്‌സികൾ നീണ്ടുനീണ്ടുനീണ്ട് പോകുന്നു. അതിന്റെ അതിരുകളിൽ താരപ്പൊടികളും നക്ഷത്രച്ചിന്തുകളും കൂടിക്കലർന്ന് കത്തിജ്വലിച്ച് പുതുനക്ഷത്രങ്ങൾ. ശരിക്കും അറ്റവും അറുതിയും ഇല്ലാത്ത പ്രപഞ്ചം. ആ വിധം ഒന്നിലധികം പ്രപഞ്ചങ്ങൾ. അത്രയും ആലോചിച്ചപ്പോൾ നിമ്മിയുടെ അകം ഉന്മത്തമായി. ആ രാവ് മുഴുവൻ ആകാശം കുടിച്ച് മുറ്റത്തങ്ങനെ മലർന്നുകിടക്കാൻ അന്ന് നിമ്മി മോഹിതയായി. യുദീത്തായുടെ ബഹളങ്ങളിൽ അരുളപ്പനും ചേർന്നില്ലായിരുന്നെങ്കിൽ നിമ്മി മുറ്റത്തുനിന്നെഴുന്നേറ്റ് പോരില്ലായിരുന്നു. എന്നിട്ടും അനന്തതയെച്ചൊല്ലിയുള്ള ആ ലഹരി അവളെ ഒരിക്കലും വിട്ടുപോയില്ല. അവളുടെ ഈശ്വരബോധത്തിന് കാറ്റുപിടിപ്പിച്ചതും അനന്തതയെക്കുറിച്ചുള്ള ഈ ബോധം തന്നെ.

സന്യാസിനിയിടം അവളെ മോഹിപ്പിച്ചതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല.

രണ്ട് കാര്യങ്ങൾ അവളെ നിത്യവ്രതവാഗ്ദാനത്തിൽ നിന്ന്​ നിരുത്സാഹപ്പെടുത്തി. ധ്യാനമനനങ്ങളും ലോകസേവയും ആഗ്രഹിക്കുന്ന വിധം സാദ്ധ്യമാകുമോ എന്ന സംശയമായിരുന്നു അതിൽ ആദ്യത്തേത്. ആയിരക്കണക്കിന് സന്യാസിനിയിടങ്ങളുണ്ട്. ഓരോന്നും തനിപ്പെട്ട ഇടങ്ങൾ. ഇന്ത്യയിൽ പ്രവർത്തിക്കുന്നവയിൽ തനിക്ക് ഏറ്റവും ഇണങ്ങുന്നത് ഇതുതന്നെയാണൊ എന്നത് കൂടുതൽ തേടലും വിശകലവും ആവശ്യപ്പെടുന്നുണ്ടെന്ന് നിമ്മിക്ക് തോന്നി. രണ്ടാമത്തേത് ഈശ്വരനെയും അനന്തതയെയും സംബന്ധിക്കുന്ന അവളുടെ ധാരണകളായിരുന്നു. അവൾക്കത് വളരെ പ്രധാനപ്പെട്ടതായിരുന്നു. എല്ലാവരും കൃത്യമായി അങ്ങനെതന്നെ ആ വിഷയത്തെ കാണണമെന്നൊന്നും അവൾ ശഠിച്ചിരുന്നില്ല. ബുദ്ധിപരമായ ഒരു തുറവി. അത്രയേ അവൾ മോഹിച്ചുള്ളു. അത് തന്റെ സന്യാസിനിയിടത്തിലുണ്ടോ എന്നതിലും അവൾക്ക് കൃത്യതയില്ലായിരുന്നു. സന്യാസത്തെ അവൾ മനസാ വരിച്ചിരുന്നു. അതിനായി അനേകം ഇടങ്ങളും ശൈലികളും ഉണ്ടായിരിക്കെ, കാര്യങ്ങൾ കുറച്ചുകൂടി ആലോചിച്ചുറപ്പിക്കാനുണ്ടെന്ന് നിമ്മിക്കുതോന്നി.

സന്യാസിനിയിടത്തിലെ മദർ പ്രൊവിൻഷ്യാളുമായി കത്തിടപാടുകളിലൂടെ ബന്ധം നിലനിർത്തിക്കൊണ്ട് തിരികെപ്പോവുകയോ വേർപിരിയുകയോ മറ്റൊരു ഇടത്തിലേക്ക് ചേക്കേറുകയോ ആകാമെന്നും അവൾ ഉറപ്പിച്ചത് അങ്ങനെയാണ്. മനസ്സ് ആ വിധം ക്രമപ്പെടുത്താൻ കഴിഞ്ഞതുകൊണ്ടാണ് നിധി തേടുന്ന കാര്യത്തിൽ സജീവമാകാൻ നിമ്മിക്ക് കഴിഞ്ഞത്. ഈ പ്രപഞ്ചം അല്ലെങ്കിൽ നിലവിലുള്ള പ്രപഞ്ചങ്ങൾ രഹസ്യമയമാണെന്നും ഇനിയും അനേകകാലം ഈ നിഗൂഢതകൾ തുടരുമെന്നും നിമ്മി കരുതിയിരുന്നു. ഇത് അനാവരണം ചെയ്യപ്പെട്ടാലും അത് അതിലും വലിയ നിഗൂഢതയെ ആനയിച്ചുകൊണ്ടാവുമെന്നും അവൾ നിനച്ചു. പ്രപഞ്ചരഹസ്യങ്ങളുടെ ആഴം കുറഞ്ഞ ഇടങ്ങളിലാണ് നിധികളും അവയുടെ കാവൽക്കാരുമെന്നും അവൾ കരുതി. ഇത്തിരി പരിശ്രമിച്ചാൽ അതിന്റെ തുമ്പിൽ പിടിച്ചുകയറാനാകും. തമിഴന്റെ പഴമൊഴി ഓർത്ത് അപ്പോഴും നിമ്മി മന്ദഹസിച്ചു.

ചവിട്ടുപടികളിലേക്ക് കാലുകൾ ഞാത്തി വാതിൽക്കൽ അലസം ഇരിക്കുകയായിരുന്നു നിമ്മി.

ദിനത്തിന് ചൂടുപിടിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഇലകളിലെ വെള്ളത്തരികൾ വിട്ടിരുന്നില്ല.

പറമ്പിലെ ചേര സഞ്ചാരത്തിനിറങ്ങിയതേയുണ്ടായിരുന്നുള്ളൂ.

പ്രായമായതിന്റെ ആയാസം അതിന്റെ ഇഴയലിലുണ്ട്.

വേലിയോടുചേർന്ന് അത് കിഴക്കോട്ട് നീങ്ങി. ഇടയ്ക്ക് അലസം വീട്ടുവാതിലിന്റെ ദിശയിലേക്ക് തലയുയർത്തി നോക്കി. നിമ്മിയെ നോക്കുകയാണെന്ന പ്രതീതി അതുണ്ടാക്കി. വർഷങ്ങളായി ചേര പറമ്പിലുണ്ട്. മഞ്ഞയും ചാരയും ചൊമപ്പിന്റെ ഏതോ ഇളം രാശിയും അതിന്റെ തൊലിയെ ഭംഗിപ്പെടുത്തിയിരിക്കുന്നു. അപ്പോൾ കുളിച്ചിറങ്ങിയ പോലെ വൃത്തിയുള്ള ചർമമായിരുന്നു ആ ഇഴജീവിയുടേത്. ആദ്യകാലത്തൊക്കെ മനുഷ്യരുടെ സാമീപ്യമറിഞ്ഞാൽ അത് വേഗത കൂട്ടുമായിരുന്നു. നീണ്ട വാസവും പരിചയവും ആപത്തനർത്ഥങ്ങളെ ഈ പറമ്പിൽ പേടിക്കേണ്ടതില്ല എന്ന ഉറപ്പ് അതിനും നൽകിയിട്ടുണ്ടാകും. കീരിയും കുടുംബവും മാത്രമാണ് എതിരാളി. അവർക്കിടയിൽ ഏതോ ചില ധാരണകൾ രൂപപ്പെട്ടിട്ടുണ്ടോയെന്ന് നിമ്മി സംശയിച്ചു.

ചേര പറമ്പിന്റെ അതിർത്തി കടന്നപ്പോൾ കീരി പുറത്തേക്ക് തല നീട്ടി. അപ്പോൾ ഇരുവശങ്ങളിൽ നിന്നുമായി രണ്ട് കുഞ്ഞുകീരികൾ ഉല്ലാസത്തോടെ പുറത്തേക്ക് ഇറങ്ങി. അവ അതിവേഗത്തിൽ പറമ്പ് പരതിക്കൊണ്ടേയിരിക്കുന്നത് നിമ്മി കൗതുകത്തോടെ കണ്ടു. ഇര തേടലാകും. ചേരയും കീരികളും കലർന്ന് തവളകളെയും എലികളെയും തൊരപ്പന്മാരെയും നാടുകടത്തിയിരുന്നു.

റോഡിലൂടെ കണ്ണൻ വന്നാൽ അകത്തേക്കു വിളിക്കാമെന്ന് കരുതിയായിരുന്നു നിമ്മി കാത്തിരുന്നത്. വാതിൽപ്പടികളിലിരുന്ന് തോട്ടത്തെയും അതിനെ കടന്ന് ലോകത്തെയും കാണുന്നത് അവൾക്ക് ഇഷ്ടമായിരുന്നു. തോട്ടം ഒരു കുഞ്ഞുപ്രപഞ്ചമാണെന്ന് അവൾക്കുതോന്നി. ചേരയും കീരിയും ആട്ടിങ്കുട്ടിയും നാനാവിധ കിളികളും പട്ടിയും പൂച്ചയും പൂക്കളും കനിമരങ്ങളും പച്ചപ്പിന്റെ പലമയും കലർന്ന് ആ തോട്ടത്തെ അങ്ങനെയാക്കിയിരുന്നു.

കണ്ടുകണ്ട് നിമ്മിക്ക് ഇനിയും മതി വന്നിട്ടില്ലാത്ത ഒരിടം.

പ്രപഞ്ചവിസ്മയത്തെ അടക്കിപ്പിടിച്ചിരിക്കുന്ന ഇടം.

സ്ഥൂലം തന്നെ സൂക്ഷ്മവും.

കീരിക്കുഞ്ഞ് ഒരു പോക്കാച്ചിത്തവളയെ കടിച്ചുപിടിച്ച് അമ്മക്കീരിയുടെ അടുക്കലേക്ക് പാഞ്ഞുവന്നു. ദേഹത്തിലൂടെ കീരിപ്പല്ലുകൾ പാഞ്ഞ് ആ തവള വിവശയായിരുന്നു. രണ്ട് കുഞ്ഞുകീരികളും ഇരയെ തട്ടിക്കളിക്കുന്നത് അമ്മക്കീരി ഗൗരവത്തോടെ കണ്ടുകൊണ്ടിരുന്നു. ഒരു പരിശീലകയുടെ മുഖം അതണിഞ്ഞു. അതിനിണങ്ങുംവിധം ചില ഒച്ചകൾ അത് ഇടയ്ക്ക് പുറപ്പെടുവിച്ചിരുന്നു. ഒരു കുഞ്ഞുവട്ടത്തിനുള്ളിൽ ചോരവാർന്ന തവളയെ കീരികൾ വട്ടം ചുറ്റിച്ചു.

അന്നേരം ഒരു നിമിഷനേരത്തെ ജാഗ്രതയിൽ തവള ആകാശത്തേക്കുകുതിച്ചു. കുഞ്ഞുകീരികൾ അത് അമ്പരന്ന് നോക്കി. അമ്മക്കീരിക്ക് ഭാവഭേദമൊന്നും ഉണ്ടായില്ല. തവള ഇത്തിരി അകലെ കറുകപ്പുല്ലുകൾക്കിടയിൽ ഒരു ചെറുവിമാനം പോലെ ലാൻഡ് ചെയ്ത് അപ്രത്യക്ഷമാകുന്നത് ആ തോട്ടം കണ്ടു. നിമ്മിയുടെ മിഴികൾ വിടർന്നു. അവൾ അറിയാതെ കൈകൊട്ടിപ്പോയി. അതോടെ അമ്മക്കീരി അലോസരപ്പെട്ട് ചേര ഇഴഞ്ഞുപോയ അടയാളങ്ങൾ മുറിച്ച് മാളത്തിലേക്ക് മടങ്ങി. കുഞ്ഞുങ്ങൾ പിഞ്ചെന്നു.

നിമ്മിയുടെ കണ്ണുകൾ പിന്നെയും റോഡിലേക്ക് ചെന്നു. കണ്ണനെ അകലെപ്പോലും കാണുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് അവളുടെ മനസ്സിനുകുറുകെ ആ ഓർമ്മ വന്നുനിന്നത്. അത് കണ്ണന്റെ അമ്മ അവനെ ഉപേക്ഷിച്ചുപോയ കരിപിടിച്ച ദിവസമായിരുന്നു. ആ ഓർമയിൽ അവളും വ്യസനിച്ചു. വളരെ അപൂർവമായേ കണ്ണൻ അതേക്കുറിച്ച് മിണ്ടിയിരുന്നുള്ളു. ഒരിക്കൽ ഇതുപോലൊരു പുലർകാലത്തിൽ നിമ്മി തോട്ടവും ലോകവും കാണുകയായിരുന്നു.

കണ്ണൻ കയറിവന്നപ്പോൾ അവൾ മനസ്സിൽ കുമാരനാശാന്റെ വീണപൂവിലെ ഒരു വരിയെ ധ്യാനിക്കുകയായിരുന്നു.

‘അന്തിമമാം മണം അർപ്പിച്ചടിവാൻ മലർ കാക്കില്ലേ ഗന്ധവാഹകനെ, രഹസ്യമാരറിവൂ'

പ്രകൃതിയുടെ രഹസ്യാത്മകതയെ ആഴത്തിൽ തൊടുകയാണ് കവിയെന്ന് നിമ്മിക്ക് തോന്നി. ആ രഹസ്യത്തെ കുമാരനാശാൻ അകമേ അറിഞ്ഞിരുന്നിരിക്കണം. അല്ലാതെ ആ വിധം ആശ്ചര്യപ്പെടുന്നതെങ്ങിനെ? അതെല്ലാം നിമ്മി അപ്പോൾ കണ്ണനോട് പങ്കിട്ടു. അവന്റെ മുഖം വാടി. യാത്രപറയലിന്റെ ആ ആഴത്തിൽ അവൻ തന്റെ അമ്മയുടെ വിടപറയലിനെ കണ്ടു.

‘എന്റെ ഏറ്റവും പഴയ ഓർമയാണത്. മറ്റൊന്നും എന്റെ മനസ്സ് ശേഖരിച്ചുവച്ചില്ല. ഈ ഒരൊറ്റച്ചിത്രം. മായാതെ മങ്ങാതെ ഇപ്പോഴും അതവിടെത്തന്നെയുണ്ട്. കറുകറുത്ത ഇരുളിലും എനിക്കത് കാണാനാവുന്നുണ്ട്. വ്യാകുലങ്ങൾ മാന്തിയ അമ്മയുടെ മുഖം. രാത്രിയിലെപ്പോഴോ എന്റെ രണ്ട് കാൽപ്പാദങ്ങളും കൂട്ടിപ്പിടിച്ച് അമ്മ കുറേനേരം എന്നെത്തന്നെ നോക്കിനിന്നു. പിന്നെ കുനിഞ്ഞ് എന്നെ ഉമ്മ വച്ചു. സ്വയം പറിച്ചെടുത്തുകൊണ്ട് അമ്മ വാതിൽ കടന്നുപോകുന്നത് ഇപ്പോഴും കാണാം. ഞാൻ ഉറങ്ങി. പുലരുമ്പോൾ അമ്മ ലോകം ഉപേക്ഷിച്ചിരുന്നു'.

അന്ന് കണ്ണൻ പതിവില്ലാതെ തേങ്ങി.

ചില മരണങ്ങൾ അങ്ങനെയാണ്. മറ്റെല്ലാ മരണങ്ങളെയും ഓരങ്ങളിലേക്ക് അകറ്റി അസ്​പ്​ഷടമാക്കിക്കൊണ്ട് ഈ ഒരൊറ്റ കടന്നുപോകൽ ജീവിതത്തേക്കാൾ ജീവനാർന്നുനിൽക്കും. മങ്ങാതെ, മായാതെ, ഇടവേളകളില്ലാതെ അകമേ പിച്ചിച്ചീന്തിക്കൊണ്ടേയിരിക്കും. കണ്ണന് അമ്മയുടെ ലോകം ഉപേക്ഷിക്കൽ അങ്ങനെയൊന്നായിരുന്നു. നിമ്മി അതറിഞ്ഞു. അതിലൂടെ അവൾ കണ്ണനെയും അരികെ അറിയുകയായിരുന്നു. കേട്ടറിവുകൾ മാത്രമായിരുന്ന കണ്ണന്റെ പോയകാലം അതോടെ ജീവനുള്ള ഒന്നായി പരിണാമപ്പെട്ടു.

തൊട്ടാൽ ചോര പൊടിയുന്ന ഒരിടം.

നിമ്മി വാതിൽപ്പടിയിൽ നിന്നെഴുന്നേറ്റ് അകം കയറി. ഇന്ന് കണ്ണന്റെ വരവുണ്ടാകയില്ലെന്ന് അവളുറപ്പിച്ചു. അടുത്ത ദിവസം അവനെ ഫോണിൽ വിളിച്ച് നിമ്മി കാര്യങ്ങൾ വിശദപ്പെടുത്തി. മാസവും വെള്ളിയാഴ്ചയും ഒത്തുവരാൻ ഇനി അധികനാളുകളില്ല. അതിനുമുൻപുള്ള ഒരുക്കങ്ങൾ തുടങ്ങണം. ആദ്യം നിധിയുടെ ലൊക്കേഷൻ കണ്ടെത്തണം. അത് ഉറപ്പിക്കാതെ മറ്റൊന്നിനും ഇറങ്ങിപ്പുറപ്പെടാനാവില്ല.

വിസ്​തൃതിയുള്ള ഒറ്റയില ഇതിനകം കണ്ണൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു. വലിയ കലവൂരിലെ ഒരമ്പലപ്പറമ്പിൽ ഒരു വട്ടയില മരമുണ്ട്. അത്രയും വലിയ ഇലയുള്ള ഒരു മരം പരിചയമുള്ള മറ്റൊരിടങ്ങളിലും ഇല്ലായിരുന്നു. മരുന്നിലയാണത്. മരുന്നിനെന്ന് പറഞ്ഞുതന്നെയാണ് കണ്ണൻ ഒരു കൂട്ടുകാരൻ വഴി അത് എത്തിക്കുന്നതും.

അരുളപ്പനും യുദീത്തായും അടുത്തൊരുദിവസം ഒരു കല്യാണത്തിനായി ലേശം ദൂരെ പോവുകയാണ്. അന്ന് വീട് അവർക്കായി കിട്ടും. വിക്ടർ പുണ്യവാന്റെ ചതുരം വച്ചുള്ള കളി അന്ന് മുഴുമിപ്പിക്കണം. അവരെ പിന്തുണക്കാനെന്ന വണ്ണം വളപ്പിലെ ചെമ്പരത്തികളിലെല്ലാം ചെഞ്ചോരനിറത്തിൽ മൊട്ടുകൾ നിറഞ്ഞിരിക്കുകയാണ്. ഈ ആഴ്ചയിലെ ഏത് ദിവസമായാലും ചോരച്ചെമ്പരത്തിപ്പൂക്കൾക്ക് ക്ഷാമമുണ്ടാവില്ല. നിമ്മിയും കണ്ണനും ഉത്സാഹം നിറഞ്ഞവരായി.

പുലർച്ചയിൽ കണ്ണൻ വട്ടയില വാങ്ങി വന്നു. അപ്പോഴേക്കും അരുളപ്പനും യുദീത്തായും കല്യാണത്തിനായി ബന്ധുവീട്ടിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു. വീട് അതിന്റെ സ്വകാര്യതയോടെ അവർക്കായി ഒരുങ്ങിയിരുന്നു. മേശയും കസേരകളുമെല്ലാം ഓരങ്ങളിലേക്ക് നീക്കി നിമ്മിയുടെ മുറി സജ്ഞമാക്കി. തുടച്ച് വൃത്തിയാക്കിയ തറ തിളങ്ങിനിന്നിരുന്നു. അതിനുനടുവിൽ വട്ടയില വിസ്​തൃതമായി. മിഡിയും ടോപ്പുമണിഞ്ഞ് നിമ്മി അതിനുമുന്നിൽ ഇരുന്നു. പതിവ് ബെർമുഡ ഷോർട്ട്‌സും ടീഷർട്ടുമായിരുന്നു കണ്ണന്റെ വേഷം.

അവൻ നിമ്മിയോട് ചേർന്നിരുന്നു. അവന്റെ ചങ്കിടിക്കുന്നത് നിമ്മിക്ക് കേൾക്കാമായിരുന്നു. അത് അവളുടെ മുത്ത് ഒരു പുഞ്ചിരി കൊണ്ടുവന്നതേയുള്ളൂ. ചെമ്പരത്തിച്ചാറിൽ വിരൽ മുക്കി നിമ്മി വട്ടയിലയിൽ വിക്ടർ പുണ്യവാന്റെ കളം വരക്കാൻ തുടങ്ങി. ആദ്യം സമചതുരം. പിന്നെ അതിന്റെ എട്ട് ആരക്കാലുകൾ. അതിന്റെ കൃത്യതയിൽ വൃത്തം വരഞ്ഞപ്പോൾ കളം പൂർത്തിയായി. വട്ടയിലയിലെ ഈറൻ വരകളിൽ ചോര പോലെ ചെമ്പരത്തിച്ചാറ് ജീവനാർന്നുനിന്നിരുന്നു.

നിമ്മി എഴുന്നേറ്റ് മിഡിയും ടോപ്പും അഴിച്ചു. യന്ത്രം കണക്കെ കണ്ണൻ അതനുകരിച്ചു. ഇരുവരും നൂൽബന്ധങ്ങളഴിഞ്ഞ് നഗ്നരായി വട്ടയിലത്തട്ടിൽ കയറിനിന്നു. പിന്നെ പറഞ്ഞുറപ്പിച്ചതുപോലെ മിഴികളണച്ച് മനസ്സിനെ ഏകാഗ്രമാക്കി ധ്യാനത്തിന്റെ പടവുകൾ കയറി. ചോരച്ചെമ്പരത്തിച്ചാർ അവരുടെ പാദങ്ങളിൽ പടരാൻ തുടങ്ങി. ഇരുവരും അതറിഞ്ഞു. ഇനിയും നിമിഷങ്ങൾ കഴിഞ്ഞാൽ നിധിയുടെ ദിശയിലേക്ക് ചോരപ്പാടുകൾ നീളും. ചുവരിലെ ക്ലോക്കിന്റെ മിടിപ്പ് ഉച്ചസ്വരമായി അവർക്ക് തോന്നിത്തുടങ്ങി. ഏകദേശം ഒരേസമയം അവർ പാദങ്ങളെ കണ്ടു.

ചെമ്പരത്തിച്ചാർ ഒഴുകിക്കൂടി വട്ടയിലയെ കടന്ന് തറയിലൂടെ ഒഴുകാൻ തുടങ്ങി. തീരെ മന്ദഗതിയിലായിരുന്നു അത്. നീങ്ങുന്നുണ്ടോയെന്നുപോലും സംശയിക്കാവുന്ന വിധം മന്ദമായിരുന്നു അത്. എന്നിട്ടും അതിന്റെ ദിശ പൊഴിമുത്തെ ലക്ഷ്യമിടുന്നുണ്ടെന്നത് കണ്ടത് നിമ്മിയുടെയും കണ്ണന്റെയും നില തെറ്റിച്ചു. സന്തോഷത്തിൽ നുരഞ്ഞ് അവർ അവരറിയാതെ പരസ്പരം നോക്കി. മിഴികൾ കോർത്ത് കെട്ടിപ്പുണർന്നു. നഗ്നരാണെന്നത് അവർ മറന്നുപോയിരുന്നു.

മണിക്കൂറുകൾ കഴിഞ്ഞ് കണ്ണനെ ശരീരത്തിൽ നിന്ന്​ വിടർത്തി നിമ്മി കട്ടിലിൽ നിന്നെഴുന്നേറ്റു. ജീവിതത്തിലെ ആദ്യ ഇണചേരൽ അവരെ ഉന്മത്തതയിലെത്തിച്ചിരുന്നു. കണ്ണൻ അതിൽ നിന്ന്​ പുറത്ത് വന്നിരുന്നില്ല. അവനെ കട്ടിലിൽ ഉപേക്ഷിച്ച് നിമ്മി കുളിമുറിയിലേക്ക് കയറി വാതിലടച്ചു. ഷവറിലെ തണുത്തവെള്ളം അവളുടെ ദേഹത്തിലൂടെ ഒഴുകിയിറങ്ങി. ദേഹം അഴുക്കായതുപോലെ അവൾക്ക് തോന്നിയെങ്കിലും നിമ്മി സ്വയം ശാസിച്ച് തിരുത്തി. അനുഷ്ഠാനത്തിന്റെ പൂക്കൾ തഴുകി കടന്നുപോയതേയുള്ളൂ. ഒരു പ്രവർത്തിയും കന്യകയുടെ ദേഹത്തെ മാറ്റുന്നില്ല.

നന്നായി സോപ്പുതേച്ച് കഴുകിത്തുടച്ച് അവൾ കുളിമുറിയിൽ നേരത്തേ കരുതിവച്ചിരുന്ന സാൽവാർ കമ്മീസുകൾ അണിഞ്ഞു. നനഞ്ഞ മുടി അവളെ അലോസരപ്പെടുത്തി.

നിമ്മി പുറത്ത് വന്നപ്പോൾ കണ്ണൻ അവിടെയുണ്ടായിരുന്നില്ല.

അധ്യായം 12

പുലർച്ചയിൽ ഉണരുമ്പോൾ ദേഹം പുതുമയോടെ ഉണർന്നുവരുന്നതായി നിമ്മിക്കനുഭവപ്പെട്ടു. പുരുഷനൊത്തുള്ള രതി ദേഹത്തെ മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം കടഞ്ഞ് നവപ്പെടുത്തുന്നുണ്ട്. സകല ഇന്ദ്രിയങ്ങളും ഉത്സാഹത്തോടെ പങ്കുചേരുന്ന ഒരനുഭവം. ദേഹങ്ങൾ കൊണ്ട് ഏർപ്പെടുമ്പോഴും സംഭവിക്കുന്നതെല്ലാം ആന്തരികതയിലായിരുനു. ആത്മീയതയും ധൈഷണികതയും കലരുന്ന ഇടപെടൽ. ഒരാൾ അയാളിൽനിന്നുതന്നെ മോചിതനായി പരമമായ ആനന്ദത്തിലേക്ക് എത്തിപ്പിടിക്കുന്ന ഒരു കടയൽ. മനസ്സാ ഇണങ്ങിയ ഇണയുമായാവുമ്പോൾ ആനന്ദത്തിന്റെ അളവും അതിരും അഴിഞ്ഞ് മായുന്നു. ക്ഷണനേരത്തേക്ക് ഭൗതികമായതെല്ലാം അലിഞ്ഞുപോകുന്നു. രണ്ട് നഗ്നതകൾ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഉരസിയുലഞ്ഞ് മുറുകി പൊട്ടിച്ചിന്നിയത് അത്രവേഗം ഓരങ്ങളിലേക്ക് ഒതുങ്ങുകയില്ലെന്ന് നിമ്മിക്കറിയാമായിരുന്നു. ഇത്രമേലല്ലെങ്കിലും ഒട്ടൊക്കെ അവൾ അത് എതിർപാർക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് കുളിച്ചിറങ്ങിവന്നപ്പോൾ കണ്ണനെ കാണാതിരുന്നതിൽ അസ്വാഭാവികമായി ഒന്നും തോന്നാതിരുന്നത്. അതങ്ങനെ ആയിരിക്കണേയെന്ന് അവൾ സത്യത്തിൽ ആശപ്പെട്ടിരുന്നു.

നിമ്മി അന്ന് ഏറെ നേരം കിടക്കയിൽ അലസയായി ശയിച്ചു. കണ്ണനെ ഇനി കാണുന്നത് നീണ്ടുപോകട്ടെയെന്ന് അബോധം നിർബന്ധിച്ചു. ഇങ്ങനെയൊക്കെ ആവുമോ കണ്ണന്റെ ഉള്ളിലും എന്ന് ചികഞ്ഞുനോക്കി. ആണിനും പെണ്ണിനും രതി വേറിട്ട അനുഭവമാണെന്ന് വായിച്ചത് ഓർത്തു. കണ്ണന് എല്ലാം വ്യത്യസ്തമായിരിക്കും. അവൻ അതിനെ അറിഞ്ഞത് മറ്റൊന്നായായിരിക്കും. അതെല്ലാം ഓർക്കാനും ഓർക്കാതിരിക്കാനും ഒരേസമയം അവൾ പ്രിയപ്പെട്ടു. രതിയെ ഉണർത്താതിരിക്കാൻ അവൾ പാടുപെട്ടു. അത് ക്ലേശകരമായിരുന്നു.

അന്ന് കണ്ണൻ നിമ്മിയുടെ അരികിലേക്ക് വന്നില്ല. അവൻ വീടകം വിട്ട് പുറത്തേക്ക് ഇറങ്ങിയതുപോലുമില്ല. അകം കുമിഞ്ഞ് തൂവുന്ന ഒരനുഭവമായിരുന്നു നിമ്മിയുമായുള്ള രതി. നിമ്മിക്കുള്ളിൽ അതിലോലയും വയലിനിലെ കമ്പി പോലെ മുറുകിയതുമായ മറ്റൊരു നിമ്മി ലോകത്തിലെ സകല അഴകുമായി ഉണർന്നുവന്നു. പഴയ കണ്ണൻ അലിഞ്ഞുപോയി. പുതിയ കണ്ണനിൽ സർവാംഗം നിമ്മി മാത്രമായി. ആ നിമ്മി ഇതുവരെ കാണാത്ത, അറിയാത്ത മറ്റൊരു നിമ്മിയായി തെളിഞ്ഞു. നഗ്നനായിരിക്കുക എന്നത് അതിസ്വാഭാവികമായി പരിണാമപ്പെട്ടു. കണ്ണൻ അകത്തേക്കും പുറത്തേക്കും നോക്കിയിട്ടും നിമ്മിയല്ലാതെ മറ്റൊന്നും അവന് വെട്ടപ്പെട്ടില്ല. നിധി തേടലും അതിനായുള്ള അനുഷ്ഠാനങ്ങളുമെല്ലാം ഓരങ്ങളിലേക്ക് മറഞ്ഞു. ദേഹങ്ങൾ പോലെ നിജമായി മറ്റൊന്നുമില്ലെന്ന് തോന്നി.

മൂന്നാമത്തെ ദിവസം നിമ്മി അവനെ മൊബൈലിൽ വിളിച്ചു. ഒമ്പതാം മാസത്തിലെ മൂന്നാം വെള്ളിയാഴ്ച അടുത്ത് വരികയായിരുന്നു. ഇനി ദിവസങ്ങൾ അധികമില്ല. തീരുമാനിക്കാനും ഒരുക്കാനും നടപ്പിലാക്കാനും പലതും ഉണ്ടായിരുന്നു. രണ്ട് കിനാവുകാരെപ്പോലെയാണ് മിണ്ടിത്തുടങ്ങിയതെങ്കിലും അതിവേഗം നിമ്മി കണ്ണനെ യാഥാർത്ഥ്യങ്ങളിലേക്ക് ഉണർത്തി. വൈകുന്നേരം പള്ളി മൈതാനത്ത് അവർ സന്ധിച്ചു.

കൂട്ടങ്ങളിൽ നിന്നെല്ലാം അകന്ന് ഒഴിഞ്ഞ ഒരു കോണിൽ മങ്ങിയ വെളിച്ചത്തിലാണ് അവർ ഇരുന്നത്. നേരിയ മൂടൽമഞ്ഞുപോലെ ചാറ്റൽ മഴ പാറിയെത്തി. നിമ്മിയും കണ്ണനും എഴുന്നേറ്റ് പള്ളിയുടെ മുവാരത്തിൽ ഇടം തേടി. ചിത്രപ്പണികളുള്ള നിരവധി തൂണുകൾ ഏതോ താന്ത്രിക് ഡിസൈനിൽ കലർന്ന ഒരിടമായിരുന്നു ആ മുവാരം. അത് താന്ത്രിക് കലർപ്പാണെന്നറിഞ്ഞ പള്ളിക്കമ്മറ്റി കലഹിച്ചെങ്കിലും അതിന്റെ ഗൂഢഭംഗി അവരെയും വശത്താക്കുകയായിരുന്നു.

99 തൂണുകളുടെ വനമായിരുന്നു അവിടം. പാലക്കാടുകാരനായ ഒരാദിവാസി ശിൽപ്പിയുടെ കരവേല. തൂണുകളുടെ ആ വനത്തിലേക്ക് കടന്നാൽ പുറമേ കാണുക ദുഷ്‌ക്കരമായിരുന്നു. പള്ളിയുടെ ആനവാതിലിന്റെ മുൻവശം മാത്രമേ തെളിമയുള്ളതായി ഉണ്ടായിരുന്നുള്ളു. അവിടെ നിന്ന് നോക്കിയാൽ അകത്തെ അൾത്താരച്ചമയങ്ങളും മേൽവാരത്തെ സ്വർഗാരോഹണ മേരിയുടെ കൂറ്റൻ മാർബിൾ ശിൽപവും തെളിഞ്ഞുകാണാമായിരുന്നു. ലിസ്ബണിലെ ഏതോ പോർച്ചുഗീസ് ശിൽപ്പിയുടെ ഭാവനാവിലാസമായിരുന്നു സവിശേഷമായ ആ സ്വർഗാരോഹിത മേരി.

സ്വർഗത്തിലേക്കുള്ള വഴിയിലായിരുന്നു മേരി. ദുസ്സഹമാം വിധം ക്രൂരമായി പീഢിപ്പിക്കപ്പെടുകയും മതിയായ വിചാരണ കൂടാതെ വധിക്കപ്പെടുകയും ചെയ്ത മകനെക്കുറിച്ചുള്ള ഓർമകൾ മേരിയുടെ മിഴികളിൽ കുടുങ്ങിക്കിടന്നു. വാനമേഘങ്ങൾ അവൾക്കുചുറ്റുമുണ്ടായിരുന്നു. വാനദൂതക്കുഞ്ഞുങ്ങൾ കൈകൂപ്പി തൊഴുതുനിന്നു. തേഞ്ഞ ചന്ദ്രക്കലയിൽ പിണഞ്ഞ് നെടുനീളത്തിൽ ഒരു നാഗം. അതിനെ പാദപീഠമാക്കിയ മേരി അതിമനോഹരിയായിരുന്നു.

നിമ്മിയും കണ്ണനും മേരിയെ വണങ്ങി ഒരുവശത്തേക്ക് നീങ്ങി തൂണുകൾക്കിടയിൽ ഇരുന്നു. നിമ്മിയുടെ പക്കൽ നിധിവേട്ടക്കാരുടെ കൈപ്പുസ്തകവും ഉണ്ടായിരുന്നു.

അവരുടെ സംഭാഷണം മറ്റൊന്നിലേക്കും തെന്നാതിരിക്കാൻ നിമ്മി ശ്രദ്ധവച്ചു. ആസൂത്രണത്തിന്റെയും കൃത്യതയുടെയും മികവിലാണ് വിജയം. അതെല്ലാം അവൻ നിമ്മിക്ക് വിട്ടുകൊടുത്തു. അവളുടെ മികവ് അവനും പ്രിയമായിരുന്നു. ഒരാളുടെ വരുതിയിലുള്ള കാര്യം കുത്തിക്കലക്കി അതിലെ ഏകാഗ്രതയെ ശിഥിലമാക്കുന്നതെന്തിന്.

നിമ്മി ഒന്നൊന്നായി വിശദപ്പെടുത്തിക്കൊണ്ടിരുന്നു.

രാവ് ഇരുളാൻ തുടങ്ങി.

മുവാരത്തിലെ ദീപങ്ങൾ തെളിഞ്ഞു.

തൂണുകളുടെ ഇരുളിൽ അവർ തുടർന്നു.

കപ്യാർ ആനവാതിൽ അടക്കുമ്പോഴും അവർ ഏകാഗ്രതയോടെ മിണ്ടിപ്പറയുകയായിരുന്നു. പള്ളിയും ചുറ്റുവട്ടങ്ങളും ഏകാന്തതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഇക്കുറി കാപ്പിരി മുത്തപ്പൻ കൂടുതൽ ഉദാരവാനായിരിക്കുമെന്ന് അവർ നിനച്ചു. തൂണുകളുടെ വനംവിട്ട് അവർ പോരുമ്പോൾ ഇരുട്ട് കനത്തിരുന്നു. നിമ്മിയും കണ്ണനും കൈകൾ കോർത്തുപിടിച്ചു. അവർക്കിടയിലെ ദൂരങ്ങൾ ആവിയായിപ്പോയിരുന്നു. അദൃശ്യമായത് തങ്ങൾക്ക് വൈകാതെ വഴങ്ങുവാൻ പോവുകയാണെന്ന് അവർ അകമേ ആനന്ദിച്ചു.

മനുഷ്യരുടെ കണക്കുകൾ ശിഥിലമാകുന്നത് അവർ അതിപ്രസാദവാന്മാർ ആയിരിക്കുമ്പോഴാണല്ലോ. ▮

(തുടരും)


പി.ജെ.ജെ. ആന്റണി

കഥാകൃത്ത്​. മൂന്നു പതിറ്റാണ്ട്​ ഗൾഫ്​ പ്രവാസിയായിരുന്നു. ഗൾഫ്​ മലയാളികളുടെ സാഹിത്യ- സാംസ്​കാരിക ജീവിതത്തിൽ സജീവമായ ഇടപെടലുകൾ നടത്തി. വരുവിൻ നമുക്ക്​ പാപം ചെയ്യാം, ഭ്രാന്ത്​ ചില നിർമാണ രഹസ്യങ്ങൾ, പിതൃക്കളുടെ മുസോളിയം, സ്​റ്റാലിനിസ്​റ്റുകൾ മടങ്ങിവരുന്നുണ്ട്​തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments