ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

16. കാറ്റിനോടു കളിക്കല്ലേ കടലേ

രവി

ടപ്പുറത്ത് പൊരിഞ്ഞ തിരക്ക്.
പക്ഷേ എന്നാലും ഇവിടെ വന്ന് ഇരിക്കാൻ തോന്നും. നോക്കുമ്പോൾ മിക്കവരും കടലിന്റെ സാന്നിദ്ധ്യം അറിയുന്നതുപോലുമില്ല. അവിടെ അങ്ങനെ ഇരിക്കുന്നു എന്നേയുള്ളൂ, ഞങ്ങളെപ്പോലെ. എന്നു തീർപ്പാക്കാമോ പക്ഷേ. അലമാലകളിലേയ്ക്കു നോക്കി നെടുവീർപ്പിടുന്നവരും ഇല്ലേ. തീർച്ചയായും ഉണ്ട്. കടലിലെ ഓളങ്ങൾ അടങ്ങുകില്ലോമലേ എന്നു പാടുന്നവരും.

ഈയിടെ കണ്ട ഒരോരോ മൂവീസ് - ഇവരുടെയൊക്കെ വിചാരം കാലത്തേക്കാളും മുന്നിലാണ് അവർ എന്നാണ് - സ്ത്രീകളുടെ സ്വകാര്യങ്ങൾ ആണല്ലോ ഇപ്പോൾ ചൂടപ്പം.

ഒരെണ്ണം കണ്ടു ഞാനും, ഹ ഹ ഹ, പൊസിഷൻ ...

ആങ്, നോക്കുമ്പോൾ ഒരു ഇത്തിരി പുതുമ തോന്നിയത് ആ ഒരു ചോദ്യത്തിലാണ്. എന്നാൽ പറയൂ ഏട്ടാ, ഏതാണ് എന്റെ ഫാവ് പൊസിഷൻ. ആഹഹാ, ആൾക്കാർ എന്തൊരു ഉഷാറോടെ നോക്കിയിരിക്കുന്നു, കയ്യടിക്കുന്നു, ഊറിച്ചിരിക്കുന്നു ....

ഞാൻ ആലോചിക്കുന്നത്, ആ സ്ക്രിപ്റ്റ് എഴുതിയതുകൂടി കൗശലശാലിയായ ഒരു ആണ്. അതേസമയം ആ നായികയെത്തന്നെ നോക്കൂ, പൊസിഷൻ എന്നു വെച്ചാൽ എന്താണെന്ന് ശരിക്കും അറിയാമോ അവൾക്ക് ആവോ .... പിന്നെ വേറെ ഒരു സംഗതി: ഊരിലെ പട്ടിണി. എന്തിലും ഏതിലും സെക്‌സ് ആണ് ഇവിടെ. പക്ഷേ ആർക്ക് കിട്ടുന്നുണ്ട് അത്. ഇഷ്ടപ്പെട്ട പൊസിഷൻ പോയിട്ട് മര്യാദയ്ക്ക് അത് അനുഭവിക്കാൻ തന്നെ കിട്ടാത്ത ഒരു അവസ്ഥ.

ഇതിപ്പോൾ അടുത്തുനിൽക്കുന്ന ആരെങ്കിലും കേട്ടാൽ സഹായവാഗ്ദാനവുമായി വന്നേയ്ക്കും ലഹരി.

ഉവ്വ്, പക്ഷേ വെറും സെക്‌സ് എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്, മര്യാദയുള്ളത്.
ഫോർപ്ലേ വേണം എന്ന് പെണ്ണ് ആവശ്യപ്പെടുന്നത് മറ്റൊരു വിപ്ലവം ആണ്.

ഹ ഹാ, അപ്പോൾ നീ അതും കണ്ടോ യസ്മിൻ?
ആങ്, അപ്പോൾ ഇവരൊക്കെ എത്ര പിന്നിലാണെന്നു മനസ്സിലായില്ലേ. വാസ്തവത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലേ വനിതാമാസികകൾ ചെയ്തു വരുന്ന ഇക്കിളി സ്റ്റോറീസ് ആണ് ഇതൊക്കെ. നോക്കിക്കോ, ഇനി ഒരു പത്തിരുപത് കൊല്ലം കഴിഞ്ഞിട്ട് ആഫ്റ്റർ പ്ലേ വേണം എന്ന് ഒരു പെൺകഥാപാത്രത്തിന്റെ വായിൽ നിന്നു കേട്ടിട്ട് അനുവാചകസമൂഹം ഞെട്ടുന്നതു കാണാം.

അതും പണ്ടുപണ്ടേ മാസികകളിൽ വന്നിട്ടുണ്ട്. ഞാൻ ഓർക്കുന്നു വായിച്ചതായിട്ട് - ശീഘ്രസ്ഖലനം കഴിഞ്ഞാൽ ആ നിമിഷം ആണ് പുറം തിരിഞ്ഞുകിടക്കുന്നത് പെണ്ണിന്റെ ഉള്ളിൽ ഉപേക്ഷിക്കപ്പെട്ട തോന്നൽ ഉണ്ടാക്കുന്നത്, അല്ലേ?, ഹ്ം, അത് ഉണ്ടാവാതിരിക്കാനാണ് ശേഷവും ഉരുമ്മിയുരുമ്മി കിടക്കേണ്ടതാണ് എന്നെല്ലാം അനുശാസിക്കുന്നത്, അല്ലേ ലഹരി.

ഹോ, വലിയ വലിയ വാക്കുകൾ പഠിച്ചല്ലോ നീ.
നിന്റെ സമ്പർക്കം കൊണ്ടു തന്നെ ലഹരി.
ഒക്കെ പണ്ടത്തെ ഐഡിയാസ് തന്നെ. അപ്പോൾ അവർ വാദിക്കും സിനെമയിൽ ഇതൊക്കെ വരുന്നത് ആദ്യമല്ലേ എന്ന്, അത് അങ്ങനെയാണോ യസ്മിൻ. ഒന്നു ശരിയാണ്, ദൃശ്യങ്ങളായി ചിത്രീകരിച്ചുവരുമ്പോൾ വല്ലാത്ത ഒരു ശക്തി കിട്ടും അതിന്. ചില ചോദ്യമൊക്കെ ശരം കണക്കാവും.

എല്ലാം നീ തന്നെ തീർപ്പാക്കുന്നു. എനിക്കു തോന്നുന്നത് എത്രയും വേഗം നീ നിന്റെ മൂവീ ചെയ്യണമെന്നാണ്.
ഹ്ം, കവിത എഴുതിയോ യസ്മിൻ നീ വല്ലതും.

ഏയ്, ഇല്ല ലഹരി, പറ്റിയാൽ നോക്കാം. ഉറപ്പൊന്നും ഇല്ല കേട്ടോ ഇപ്പോഴും.
അപ്പോൾ പിഞ്ഞിപ്പൊളിഞ്ഞ അങ്കി ധരിച്ച ഒരു നാടോടി സ്ത്രീ അവരുടെ അടുത്തേയ്ക്ക് വന്നു നിന്നിട്ടുണ്ടായിരുന്നു. കൈനീട്ടി യാചിച്ചുകൊണ്ട് അവൾ അവരുടെ മുന്നിൽ നിന്നു. അവളുടെ മുടി ചെമ്പിച്ച് പാറിപ്പറന്നതും കൈകൾ അഴുക്കു പിടിച്ചതും ആയിരുന്നു. തരാൻ ഒന്നുമില്ല എന്ന് യസ്മിൻ ആംഗ്യം കാണിച്ചതും അവൾ മാറിപ്പോയി. അപ്പോഴേയ്ക്കും ലഹരിക്ക് അത് ആരാണെന്ന് ഓർമ വന്നു.
ഇത് ആരാണെന്നറിയാമോ യസ്മിൻ - ലൈലാ. വാർത്തയിലൊക്കെ ഉണ്ടായിരുന്നു. ഇവളെയാണ് ആരോ റെയ്​പ്​ ചെയ്യാൻ നോക്കിയത്.

യസ്മിൻ മുഖം ചുളിച്ച് പെട്ടെന്നായിരുന്നു പ്രതികരിച്ചത്, അയ്യേ, ഇവളെയോ?
അത് കേട്ടതും ലഹരി കുപിതയായി. എന്താണെടീ, എന്താണു തരക്കേട്?
അല്ല, ഇവളെയും റെയ്​പ്​ ചെയ്യാൻ ആളുണ്ടോ, യസ്മിൻ നിന്ദാഭാവത്തോടെ തുടർന്നു, അയ്യേ, ഇവളെ അതു ചെയ്യാൻ പുറപ്പെട്ടവൻ ആരാവും.
ലഹരിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.
എന്താണെടീ യസ്മിൻ നീ എന്താണു വിചാരിക്കുന്നത്. ഒരാൾക്കും അവളെ റെയ്​പ്​ ചെയ്യാൻ പറ്റില്ലെന്ന് നിനക്ക് എങ്ങനെ തോന്നി. അതോ അവളെയൊക്കെ റെയ്​പ്​ ചെയ്യുന്നതെന്തിനാണ്, ഈസി ആയി വഴങ്ങുന്നതല്ലേ അവൾ എന്നാണോ നിന്റെ ധാരണ, അയ്യേ, വല്ലാത്ത കഷ്ടമായി യസ്മിൻ. എന്റെ കൂട്ടുകാരി തന്നെയാണോ നീ. ബെ, നിന്റെ ഉള്ളിൽ ഇങ്ങനത്തെ വിചാരങ്ങൾ ഓടുമെന്ന് ഞാൻ നേരത്തേ അറിഞ്ഞിരുന്നെങ്കിൽ! .... അയ്യയ്യേ യസ്മിൻ, പൊയ്‌ക്കോ നീ, എന്റെ ഒപ്പം ഇരിക്കണ്ടാ ഇനി നീ. അല്ലെങ്കിൽ എന്തിന്, ഞാൻ പോവാം, ഈ കടപ്പുറം നീ തന്നെ എടുത്തോ.

ഫൂയ്, എന്തൊരു രോഷമാണ് ലഹരീ ഇത്, നല്ല ഒരു വൈകുന്നേരമായിട്ട്. ഞാൻ സാധാരണ എല്ലാവരും പതിവുള്ളതുപോലെ ഒരു...

വേണ്ട വേണ്ട, വിശദീകരണമൊന്നും എനിക്കു കേൾക്കണ്ട. ഈ കടപ്പുറത്തേയ്ക്ക് ഇല്ല ഞാനിനി. കാറ്റും വേണ്ട എനിക്ക്, കോളും വേണ്ട .... മേലാൽ എനിക്ക് നിന്നെ കാണണ്ട, ശരിക്കും മനസ്സിലായല്ലോ ഇത്?

കാണേണ്ട എനിക്ക് നിന്നെ, വിളിക്കുകയും വേണ്ട എന്നെ, കേട്ടോടീ മൂരാച്ചീ.

കാറ്റ്​ ഇപ്പോൾ ഒഴുക്കിനെതിരെ

പുരോ: നന്നായിരിക്കും ഉർവ്വി, അല്ലെങ്കിലും നിനക്ക് വേണം ഒരു വിമാനം.
ഉർവ്വി: ചെറിയതൊക്കെ വാങ്ങാൻ കിട്ടുന്നുണ്ടാവില്ലേ, ഒരു മൂന്നോ നാലോ ആളുകളെ മാത്രം കൊള്ളുന്നത്.
പുരോ: അതെ, അതു മതി. അപ്പോൾ കണ്ണിൽ കണ്ടവരെല്ലാം ലിഫ്റ്റ് ചോദിച്ചു വരില്ലല്ലോ, പ്ലെയ്ൻ ആവുമ്പോൾ പേടിയുണ്ടാവും ആളുകൾക്ക്. കപാസിറ്റി ഇത്ര എന്നു പറഞ്ഞാൽ അത്ര തന്നെ കൃത്യം. ഞാനും കൂടി തിക്കിത്തിരക്കി ഞെരുങ്ങി ഇരുന്നോട്ടെ എന്നു ചോദിച്ചു വരില്ല ആരും, പേടിയുണ്ടാവുമല്ലോ.
ഉർവ്വി: അതെ, അതാണ് സൂത്രം ... ചിലപ്പോൾ നല്ല ഓഫ് ഉള്ള സമയം ഉണ്ടാവില്ലേ - വിമാനത്തിന്റെ വിലയിൽ.
പുരോ: അതെ, വിറ്റഴിക്കൽ വില്പന. അപ്പോൾ ഒൺ പ്ലസ് ഒൺ കിട്ടി എന്നു വരും.
ഉർവ്വി: ഏയ്, രണ്ടെണ്ണം വേണ്ട, ഒന്നിന് നല്ല ഓഫ് കിട്ടിയാൽ മതി പുരോ, അതു മതി.
പുരോ: നിന്റെ ഇഷ്ടം, ഉർവ്വി.
ഉർവ്വി: അതങ്ങനെ നിശ്ചയിക്കാം പുരോ, വില കുറഞ്ഞിരിക്കുന്ന നേരം നോക്കി ഒരു എയ്ർപ്ലെയ്ൻ വാങ്ങാം എന്നു വെയ്ക്കാം ഞാൻ.
പുരോ: പക്ഷേ ഉർവ്വി, വിമാനം പോലുള്ള സാധനങ്ങൾ വിലക്കിഴിവ് നോക്കി വാങ്ങാൻ പാടുമോ എന്ന് എനിക്ക് സംശയമുണ്ട്. ആകാശത്തിൽ പറന്നു പോവേണ്ടതല്ലേ. നിറയെ ക്വോലിറ്റി ചെക്‌സ് ഒക്കെ കഴിഞ്ഞ ഒന്ന് നല്ല വില കൊടുത്ത് വാങ്ങുന്നതല്ലേ നല്ലത്.
ഉർവ്വി: ഹ്ം, അങ്ങനെ മതി, അതു മതി, അല്ലേ പുരോ.
പുരോ: അതുമതി ഉർവ്വി. എന്തിന് പരീക്ഷണം.
ഉർവ്വി: ആങ്, ശരിയാണ്, ശരിയാണ് പുരോ.
പുരോ: അതങ്ങനെ ഉറപ്പിക്കാം ഉർവ്വി.
ഉർവ്വി: (ആലോചിച്ച്) അതോ പുരോ, ഒരു ഹെലികൊപ്റ്റർ ആവുമോ കുറച്ചു കൂടി നല്ലത്.
പുരോ: ഏയ്, ഹെലികൊപ്റ്റർ ആണെങ്കിൽ വാങ്ങുകയല്ല ചെയ്യുക, വാടകയ്‌ക്കെടുക്കുകയാണ്. സ്വന്തമായി വാങ്ങാൻ പററില്ല ഉർവ്വിക്ക് എന്നു തോന്നുന്നു -
ഉർവ്വി: ഏയ് അതെന്താണങ്ങനെ .... ( മുനിഞ്ഞ് ) സമ്മതിക്കില്ല ഞാൻ -
പുരോ: (ചിരിച്ച്) ഒന്ന് സമാധാനിക്കൂ ഉർവ്വി. നമ്മുടെ കയ്യിൽ പണം ഉണ്ടെങ്കിലും ചില വസ്തുക്കളൊന്നും വാങ്ങാൻ പറ്റില്ല നമുക്ക്. ഉദാഹരണത്തിന് കപ്പൽ - അല്ലെങ്കിൽ വേണ്ട, കപ്പൽ ചിലപ്പോൾ പററുമായിരിക്കും ... ഉദാഹരണത്തിന്‌ ട്രെയിൻ. നീ തീവണ്ടി വാങ്ങിക്കണ്ടിട്ടുണ്ടോ ആരെങ്കിലും?
ഉർവ്വി: അപ്പോൾ ശരി ( ദീർഘനിശ്വാസം ). വാടകയ്‌ക്കെടുക്കാം അല്ലേ ഒരു ഹെലികൊപ്‌ററർ.
പുരോ: ആങ്, നമുക്ക് ഗുണവുമാണ് അത്. കെട്ടിവെച്ച് പൂത്ത കുറേ കറൻസി ചിലവഴിച്ചു തീർക്കാമല്ലോ അങ്ങനെ.
ഉർവ്വി: ശരിക്കും?! .... എത്ര ചെലവാവും പുരോ.
പുരോ: അതായത് പത്തിരുപത് മണിക്കൂറിന് ഒന്നരകോടിയൊക്കെ വാടക കൊടുക്കാൻ പറ്റും.
ഉർവ്വി: ഓഹോ, അത് തരക്കേടില്ലാല്ലോ, ഹോ, അത്രയും കാശ് ഒഴിവായിക്കിട്ടും, അല്ലേ!
(ഇരുവരും ഒന്നിച്ച് ചിരിക്കുന്നു )
പുരോ: അല്ല ഉർവ്വി, എന്തിനാണ് നീ ഇത് വാങ്ങുന്നത് എന്നു വ്യക്തമാക്കിയില്ലല്ലോ - ഉദ്ദേശ്യം എന്താണ്, ഊം?
ഉർവ്വി: അതായത് പുരോ, എന്റെ ഉദ്ദേശ്യം എന്താണെന്നു വെച്ചാൽ - നിരീക്ഷണം - അതാണ്.
പുരോ: ആരെ നിരീക്ഷിക്കാൻ, എന്ത് നിരീക്ഷണം.
ഉർവ്വി: അതേയ്, (അടക്കം ) രഹസ്യമാണ്ട്‌ട്വോ പുരോ. എന്നെ ​ദ്രോഹിക്കാനായിട്ട് ആരെങ്കിലും വരുന്നുണ്ടോ എന്ന് സൂക്ഷിച്ചു നോക്കാമല്ലോ എനിക്ക് അപ്പോൾ.
പുരോ: എന്ത്? ആരെങ്കിലും നിന്നെ .....ദ്രോഹിക്കാനോ.
ഉർവ്വി: ആങ്, പുരോ, ദ്രോഹിക്കാൻ.
പുരോ: അതായത്, പീഡിപ്പിക്കാനോ.
ഉർവ്വി: ബായ്, ആ വാക്ക് വരാതിരിക്കാൻ ഞാൻ ശ്രമിക്കുമ്പോൾ.
പുരോ: ഹ്ം, അങ്ങനെ ആരെങ്കിലും വരുന്നുണ്ടോ എന്ന് തിരയാമെന്നാണോ.
ഉർവ്വി: ആങ് പുരോ, ബൈനോക്‌സ് ഒക്കെ വെച്ചു നോക്കാമല്ലോ.
പുരോ: അതിൽ ആരാണ്‌ദ്രോഹി എന്ന് എങ്ങനെ മനസ്സിലാക്കും.
ഉർവ്വി: അതൊക്കെ എനിക്ക് മനസ്സിലാവില്ല്യേ, കണ്ടാൽ, എത്ര മാത്രം അറിയാമെന്നറിയാമോ എനിക്ക്. കേൾക്കണോ പുരോ.
പുരോ: ഹ ഹ ഹ ..... ഏയ്, വേണ്ട വേണ്ട ഉർവ്വി, വേണ്ട വേണ്ടാ!
(കുറച്ചുനേരം അവർ അങ്ങനെ ഇരുന്ന് ചിരിക്കുന്നു)
പുരോ: ഏതായാലും നീ വിമാനം വാങ്ങാൻ തീരുമാനിച്ച സ്ഥിതിക്ക് ഞാനും വേണ്ടേ എന്തെങ്കിലും. ഞാൻ ഒരു മാമാങ്കം നടത്താം ഉർവ്വി.
ഉർവ്വി: മാമാങ്കമോ! .... സത്യായിട്ടും പുരോ?
പുരോ: ആദ്യം ഞാനോർത്തു ഒരു കുംഭമേള ആവാമെന്ന്. പക്ഷേ അത് വേണ്ട. നസന്യാസികൾ വന്ന് ഇവിടം ആകെ വൃത്തികേടാക്കും. ആളുകൾക്ക് മനം പിരട്ടും ചിലപ്പോൾ. മാമാങ്കം ആവുമ്പോൾ ആ കുഴപ്പമില്ലല്ലോ.
ഉർവ്വി: അതെ, ബീച് ഉണ്ട് ഇവിടെ. കുറച്ച് ചാവേർ കൂടി ഉണ്ടായാൽ മതിയല്ലോ.
പുരോ: അതെ, ഴ്ഷാവേർ മതി. ഴ്ഷാങ് വൽ ഴ്ഷാങ് വേണ്ടാ ....
(വീണ്ടും ചിരി തുടരുന്നതിനിടയിൽ )
ഉർവ്വി: നല്ല വാശിയാണ് പുരോ നിനക്ക്. എന്നാലും നീ വിമാനം വാങ്ങുന്ന സ്ഥിതിക്ക് ഞാൻ ഒരു കപ്പൽ വാങ്ങാം എന്ന് മര്യാദയ്ക്കുവേണ്ടി പോലും നീ ഒന്ന് ആലോചിക്കില്ല, അല്ലേ.
പുരോ: ഈം, കപ്പൽ എന്തായാലും ഇല്ല ഉർവ്വി. ഒരു ഉരുവോ പത്തേമാരിയോ ഒക്കെ വാങ്ങിയാലായി.
ഉർവ്വി: ഓഹോ, എന്താണ് ഇതൊക്കെ.
പുരോ: ചങ്ങാടം, വഞ്ചി എന്നൊക്കെ കേട്ടിട്ടില്ലേ, അതിന്റെയൊക്കെ വലിയ രൂപങ്ങൾ. പക്ഷേ ഉർവ്വി, ഇല്ല. വളരെയധികം ഊർജ്ജവ്യയം വേണ്ടിവരില്ലേ എനിക്ക് - ഹഹ, കാറ്റിനും ഒഴുക്കിനും എതിരേ നീങ്ങാനല്ലേ എപ്പോഴും എനിക്ക് വാഞ്​ഛ ... ഐന്റ പൊന്നുവഞ്ചകീ.

ചൗട്ടിപ്പൊറത്താക്കും അന്നെ ഞാൻ കള്ളപ്പന്നീ!

ആ അലർച്ച എന്നെ ഉലച്ചതൊന്നുമില്ല. ചെംതീ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്തിന്. ഏറനാടൻ നന്മയുടെ ഓരോ വിധത്തിലുള്ള ബഹിർസ്ഫുരണം അല്ലേ. നടക്കട്ടെ.

വള്ളുവനാടൻ മുമ്പേ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ ഏറനാടൻ. ഇനി കടത്തനാടൻ, തുളുനാടൻ, മറുനാടൻ എന്നിങ്ങനെ ചിലതെല്ലാം ഉണ്ടല്ലോ അല്ലേ.
തിരക്കില്ലാത്ത ബസ് ആയിരുന്നു അത് ഞാൻ കയറുമ്പോൾ. സുഖമായി മുന്നിൽ ഇരുന്ന് ഇളംകാറേറററു മയങ്ങിക്കൊണ്ട് അങ്ങനെ അവസാനം വരെ പോവാൻ പററും എന്നു കരുതിയിരിക്കുകയായിരുന്നു. സ്വച്ഛമായ അന്തരീക്ഷം, സർവ്വം ശാന്തം.

പെട്ടെന്നാണ് രണ്ടുനിര പിന്നിൽ നിന്ന് ഇയാൾ പൊട്ടിത്തെറിക്കുന്നതു പോലെ സംസാരം തുടങ്ങിയത്. നാട്ടിലുള്ള തന്റെ ചങ്ങാതിയോടാണ് എന്നു വ്യക്തം. പക്ഷേ വളരെ ഉച്ചത്തിൽ, ചിലപ്പോൾ അലറിച്ചിരിച്ചുകൊണ്ട്. ഒരു കാൽ മണിക്കൂർ അത് ക്ഷമിച്ചതിനുശേഷം ഞാൻ പതുക്കെ ഒന്നു തിരിഞ്ഞുനോക്കി. അയാളുടെ മുഖവുമായി എന്റെ നോട്ടം ഇടഞ്ഞു. പക്ഷേ അയാൾ കഥ തുടരുക മാത്രം ചെയ്തു. അത് അര മണിക്കൂർ ആയപ്പോൾ ഞാൻ വീണ്ടും അങ്ങോട്ട് നോക്കി. അപ്പോൾ അയാളുടെ കണ്ണിൽ ഒരു ചോദ്യചിഹ്​നം ഉയർന്നു പൊങ്ങി. അട്ടഹാസം കേട്ട് തലവേദനിക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ സഹിക്കുന്നത് കുറച്ചു കൂടി തുടരാം എന്നു വെച്ചു. അയാൾ തെന്റ ഒച്ച പക്ഷേ കുറച്ചതേയില്ല. എന്നിട്ട് ഏതാണ്ട് മുക്കാൽ മണിക്കൂർ ആയപ്പോഴാണ് ഞാൻ മെല്ലെ എഴുന്നേററു നിന്നിട്ട് അല്പം മടിയോടെ അയാളോട് ഇങ്ങനെ പറഞ്ഞത് - സുഹൃത്തേ, ഒന്ന് നിർത്താമോ, തലവേദനിക്കുന്നു എന്റെ.

പെട്ടെന്ന് അയാൾ ഇരിപ്പിടത്തിൽനിന്ന് ചാടിയുയർന്നു. എന്നിട്ട് എന്റെ നേർക്ക് കുതിക്കാൻ ഓങ്ങി നിന്നുകൊണ്ടാണ് അയാൾ ആക്രോശം നടത്തിയത്. ഈ വസ്സ് അന്റെ തറവാട്ടു സ്വത്താണോടാ ഹിമാറേ. ഇപ്പോ പുഗ്ഗാം പോലിസ് സ്റ്റേഷൻല്. ബാപ്പാനോട് കളിക്കല്ലേ ബലാലേ. ബർത്താനം കേൾക്കാൻ ബയ്യാച്ചാല് ഇയ്യ് കാറ് പിടിച്ചു പോണം എടാ. അല്ലേല് മൂക്കില് പഞ്ഞി ബെച്ചോണം. മൂക്കിലല്ല, കുണ്ടീല്. ഇയ്യ് ആരാന്നാ അന്റെ ബിജാരം .... ചൗട്ടിപ്പൊറത്താക്കും അന്നെ ഞാൻ കള്ളപ്പന്നീ!

കുറച്ചുകാലം മുമ്പൊക്കെ ഇങ്ങനെ എന്തെങ്കിലും കേട്ടാൽ വല്ലാത്ത വിഷമം തോന്നുമായിരുന്നു. ഉടനെ ഒരു സ്വയം പരിശോധന നടത്തിപ്പോവുമല്ലോ നാം. ​ഫ്രെൻച് എന്ന തരം താടിയും പ്രത്യക്ഷത്തിൽ തന്നെ കലാകാരൻ എന്നു വിളിച്ചറിയിക്കുന്ന തരം ഉടുപ്പും എല്ലാം ഉള്ള എന്നോട് എങ്ങനെ ഇത്ര മോശമായി പെരുമാറുന്നു ഒരു സാധാരണക്കാരൻ എന്ന് സങ്കടത്തോടെ അത്ഭുതപ്പെടുമായിരുന്നു ഞാൻ. ഇപ്പോൾ അതിനെല്ലാം അതീതനായതായിരിക്കാം ഒരു പക്ഷേ ഞാൻ, അല്ലേ.

എന്നാലും ഖേദം തോന്നാതിരുന്നില്ല. മറ്റുള്ള യാത്രികർ അയാളോട് കയർക്കുന്നതും മനസ്സില്ലാതെ അയാൾ ഒതുങ്ങുന്നതും ഞാൻ പിൻകണ്ണ് കൊണ്ടു മാത്രമേ ശ്രദ്ധിച്ചുള്ളൂ. എന്തോ ആവട്ടെ, നാട്ടുമൊഴി വഴക്കത്തെ ​പ്രോത്സാഹിപ്പിക്കുന്നത് ഞാൻ നിർത്തി വെച്ചാൽ പോരേ.

കടപ്പുറത്തെ ഈ കാറ്റിൽ എന്തൊരു സാന്ത്വനം. എന്താണെന്നറിയില്ല, ഈയിടെയായി പഞ്ചഭൂതങ്ങൾക്ക് എന്നോടുള്ള വാത്സല്യം കൂടിയിട്ടുണ്ട്. അതിൽ എന്തെങ്കിലും ഗൂഢലക്ഷ്യമോ ചതിയോ ഒളിഞ്ഞിരിപ്പുണ്ടോ എന്നേ സംശയമുള്ളൂ.
എന്തു രസമാണ് ഇവിടെ ഇരിക്കാൻ. എന്തൊരു രസമീ കാറ്റും വെയിലും നുകർന്ന് കരൾ കുളിർപ്പിക്കാൻ. നിലത്ത് കരിങ്കല്ല് പാകിയും ശില്പങ്ങൾ നാട്ടിയും പ്രദേശം ആകെ മനോഹരമാക്കിയിരിക്കുന്നു.

അസാരം അഭിമാനം തോന്നിപ്പോവുന്നുമുണ്ടോ. എന്റെ നാട്, ഹോ ഇത് എന്റെ നാടല്ലേ, എത്ര നന്നായി എന്റെ നാട് എന്നു നോക്കൂ. പക്ഷേ അപ്പോൾ തന്നെ ഓർമ്മ വരും മറ്റൊന്ന്. ഇതൊക്കെ കടം വാങ്ങിയ പണം കൊണ്ട് ചെയ്യുന്നതല്ലേ ഹേ.
പറ്റിയ ഒരു ധനകാര്യമന്ത്രിയെയും കിട്ടിയിട്ടുണ്ടല്ലോ. ഹ ഹ ഹ ഹാ, ആര് തിരിച്ചടയ്ക്കുന്നു. ഒരു പ്രളയമോ കൊടും കാറ്റോ വന്നാൽ ഇല്ലാതാവുന്നതല്ലേ ഈ വേൾഡ് ബാൻക് എല്ലാം. ഹ ഹ, നമുക്ക് പറ്റുന്നത്ര ഊറ്റിയെടുത്ത് അതിനെ ചവച്ചു തുപ്പുക എന്ന നയമല്ലേ നാം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് .... ഹാ, എങ്ങനെയുണ്ട് എന്റെ ബുദ്ധി - ആർക്കെങ്കിലും വിയോജിപ്പുണ്ടോ, ങ്‌ഹേ?

കുറച്ചു മുമ്പ് നോക്കുമ്പോഴുണ്ട്, രണ്ട് ഉഴൈപ്പാളികൾ ഇരുന്ന് നിലത്ത് കാഷ്ഠം വീണുണ്ടായ പാടുകൾ ഉരച്ചു കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. നിറയെ കാക്കകളും വവ്വാലുകളും ഉണ്ടേത്ര ഈ ഭാഗങ്ങളിൽ. അപ്പിയിട്ടു നിറച്ചത് എന്തായാലും കാക്കകൾ തന്നെ ആയിരിക്കണം.

എന്നാലും - ഹംമ്മേ, ഇതിത്തിരി കടന്നു പോയില്ലേ. ഇത്രയൊക്കെ വകയുണ്ട് അല്ലേ നമുക്ക്. കടപ്പുറം സൗന്ദര്യവൽക്കരണം എന്ന പേരിൽ കുറേ കോടികൾ ചെലവാക്കി പ്രതിമകളും മററും സ്ഥാപിച്ചതു തന്നെ ധൂർത്തായി തോന്നിയിരുന്നതാണ്. ഇപ്പോൾ ഇതാ അഴുക്ക് കഴുകിക്കളയാൻ കൂടി വിദേശങ്ങളിൽ നിന്നു വന്ന വിദഗ്ധ തൊഴിലാളികൾ.

അദ്ധ്വാനിക്കുന്ന വർഗം ഇപ്പോഴും ഇവിടെയുണ്ട് എന്ന് ചൂണ്ടിക്കാണിക്കാമല്ലോ. അവർ ഏത് നാട്ടിൽ നിന്നു വന്നവരായാലെന്ത്. ഇപ്പോൾ അവർക്ക് ഇവിടം സ്വർഗ്ഗം.
അൻപതു രൂപയ്ക്ക് ബിരിയാണി വേറെ എവിടെ കിട്ടും.
പിന്നെ പൊറാട്ട. അത് ഇവിടത്തേതിലും നല്ലത് എവിടെയെങ്കിലും കാണുമോ.
ശില്പങ്ങൾ നിർമ്മിക്കാൻ തോന്നിയത് നന്നായി. പക്ഷേ പോരാ, അതായത് കലാമൂല്യം. സർക്കാരിനും പോഷകസംഘടനകൾക്കും ഭുവൻ എന്ന ശില്പിയെക്കുറിച്ചു മാത്രമേ മതിപ്പ് ഉള്ളൂ എന്നാണല്ലോ.
മററുള്ളവർക്ക് കിട്ടുന്ന അംഗീകാരമെല്ലാം കാണുമ്പോൾ സങ്കടം തോന്നും എന്നതൊക്കെ ശരി. എന്നാലും അത്ര വിഷമകരമല്ല കലാകാരനായുള്ള ജീവിതം. അല്ലേ.

എനിക്ക് തിരഞ്ഞെടുക്കാൻ രണ്ട് വഴികളുണ്ടായിരുന്നു മുന്നിൽ. ഒന്ന് കബഡി. മറ്റേത് ചിത്രകല. ഹോ, കായികാഭ്യാസിയാവാൻ നിശ്ചയിക്കാതിരുന്നത് എത്ര നന്നായി. ക്രികെറ്റ്​ വേണ്ട എന്നു വെച്ചതും...

ഒരു നായ നേരെ മുന്നിൽ വന്ന് നോക്കി നിൽക്കുന്നു എന്നെ.

തെരുവുനായ എന്നേ വിളിക്കൂ ഇയാളെ. മനുഷ്യനു മാത്രമാണ് തെണ്ടി എന്ന പര്യായമുള്ളത്.

ചൗട്ടിപ്പൊറത്താക്കും അന്നെ ഞാൻ തെണ്ടിനായേ!...

നങ്ങേലി എന്ന വിശ്വസാഹിത്യകാരിയുടെ ചിത്രപ്രദർശനം നടക്കുന്നുണ്ട് നഗരത്തിൽ. മോദില്യാനി എന്ന പ്രസിദ്ധന്റെ കുറേ ചിത്രങ്ങൾ അതേപോലെ നോക്കി വരച്ചതാണ് ആയമ്മ എന്ന് ഏവർക്കും അറിയാം. എന്നാൽ പരിപാടി ഉദ്ഘാടനം ചെയ്ത പരമഹംസർ എങ്ങനെയാണ് അതിനെ പ്രശംസിച്ചത് എന്നു കണ്ടില്ലേ.

മോദില്യാനി എന്ന ചിത്രകാരന് സാധിക്കാത്ത ഒന്ന് പക്ഷേ എന്റെ പ്രിയപ്പെട്ട നങ്ങേലിയോപ്പോൾക്ക് കഴിഞ്ഞിട്ടുണ്ട്. ഓപ്പോൾ അതിൽ ശകലം ലെബിഡോ ചേർത്തു. സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്കും കാണാം അത് ...
എന്താണ് ഈ ലെബിഡോ എന്നു വെച്ചാൽ - കടലേ, മദജലമാണോ? ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments