12°38’10’’N

അധ്യായം 37

ദിവസങ്ങള്‍ പലതുകൊഴിഞ്ഞു തീരുകയല്ലാതെ യാതൊരു മാറ്റവുമില്ല.

കയ്യിലുണ്ടായിരുന്ന ഭക്ഷണം ഏകദേശം പൂര്‍ണമായും അവസാനിച്ചു. കുടിവെള്ളത്തിന്റെ കാര്യത്തിലും അതേ അവസ്ഥ തന്നെയാണ്. ഇതിനിടയില്‍ ദാഹം സഹിക്കാന്‍ കഴിയാതെ മാരി സ്വന്തം മൂത്രം കുടിക്കുന്നത് ആര്‍ക്കും തടയാനും കഴിഞ്ഞില്ല. ഇനിയും ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്ന്​ സഞ്ജയ് മുന്നറിയിപ്പു നല്‍കി. വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്നാല്‍ നരഭോജനം പോലും സംഭവിക്കുമെന്ന് അയാള്‍ പേടിച്ചു.

അവിടേക്ക് വന്നിറങ്ങിയ പക്ഷികളെ വേട്ടയാടിയും മീന്‍ പിടിച്ചും ഒരാഴ്ച കഴിഞ്ഞുകൂടി. ഇതിനിടയിലെല്ലാം മാത്യൂസും വിക്രമും ദ്വീപിന്റെ എല്ലാ ഭാഗത്തും നടന്നു കയറി. അങ്ങനൊരു ദിവസമാണ് അവര്‍ ദ്വീപിന്റെ തെക്കേ മുനമ്പിലൊരു കാഴ്ച കാണുന്നത്. ഒരു വലിയ പാറക്കൂട്ടത്തിന് നടുവിലുള്ള ചെറിയൊരു മണല്‍ത്തിട്ടയായിരുന്നത്. ദ്വീപിനുള്ളില്‍ പാറക്കൂട്ടങ്ങളാള്‍ ചുറ്റപ്പെട്ട മറ്റൊരു ദ്വീപ്. അതായിരുന്നത്! അതിനകത്ത് ഒരു ഭാഗത്ത് വലിയ ഗുഹകളുമുണ്ടായിരുന്നു. നാലോ അഞ്ചോ പേര്‍ക്ക് നീണ്ടുനിവര്‍ന്നു കഴിയാന്‍ പറ്റുന്ന തരത്തിലുള്ള ഗുഹകള്‍. പലതിന്റേയും മുന്നില്‍ ഒരു തരം മുള്‍ച്ചെടി കാടുപിടിച്ചു കിടക്കുന്നുണ്ടെന്നാണ് വിക്രം പറഞ്ഞത്. അതിന്റെ കിഴക്കുഭാഗത്തുള്ള വെറിയ വിടവിലൂടെ കടലിലേക്ക് സുഖമമായി ഇറങ്ങാന്‍ കഴിയുമായിരുന്നു.

പക്ഷേ മഴക്കാലം തുടങ്ങിയാല്‍ പിന്നെ അവിടേക്ക് അടുക്കാനും കഴിയില്ല. ശക്തമായ തിരമാലകള്‍ അടിച്ചുകയറുമ്പോള്‍ ആ വഴി മറ്റൊരു കടലായി മാറും. അതിനു മുന്‍പ് ഇവിടെ നിന്ന്​ രക്ഷപ്പെടാനുള്ളൊരു പദ്ധതിയുമായാണ് അന്നവര്‍ മടങ്ങിയെത്തിയത്. അതനുസരിച്ച് ഇന്ദിരയില്‍ നിന്ന്​ ലഭിച്ച പലകകളും വടങ്ങളും ഉപയോഗിച്ച് ഒരു ചെറിയ ചങ്ങാടം നിര്‍മ്മിക്കാം എന്നായിരുന്നു അവരുടെ പദ്ധതി.

സഞ്ജയ് ആദ്യമതിനു സമ്മതിച്ചില്ലെങ്കിലും വിക്രമും മാത്യൂസും തങ്ങളുടെ മനസ്സിലുള്ള ആശയം വ്യക്തമാക്കിയപ്പോള്‍ വെങ്കിടാചലം സാറും അവരെ അനുകൂലിച്ചു. അതോടെ സഞ്ജയും സമ്മതം മൂളി. അതുപ്രകാരം ഞങ്ങള്‍ ഒമ്പതുപേര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്നൊരു ചങ്ങാടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പക്ഷേ അതില്‍ കയറിയുള്ള യാത്ര തീര്‍ത്തും അപകടകരമാണ്. മഴ മാറി, കടല്‍ ശാന്തമായി നില്‍ക്കുന്ന നാലഞ്ചു ദിവസത്തിനകം അത് നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍… അതൊരു പ്രതീക്ഷയായി മാറാന്‍ അധികനേരം വേണ്ടി വന്നില്ല.

അടുത്ത ദിവസം സൂര്യോദയത്തിനു മുമ്പുതന്നെ വെങ്കിടാചലം സാറടക്കം ഞങ്ങള്‍ എല്ലാവരും ആ ഭാഗത്തേക്ക് പുറപ്പെട്ടു. വെയില്‍ മൂക്കുന്നതിനു മുന്‍പ് അവിടെ എത്താനായിരുന്നത്. ഏകദേശം രണ്ടരമണിക്കൂര്‍ നേരം നടന്നാണ് അവിടെ എത്തിയത്. അപ്പോഴേക്കും സൂര്യന്റെ ചൂട് വീണുപൊള്ളിത്തുടങ്ങിയിരുന്നു. കയ്യിലുള്ള ആയുധങ്ങളും അത്യാവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കളും ചുമന്നായിരുന്നു യാത്ര. പരദേശികളായ മനുഷ്യരായി എത്ര പെട്ടന്നാണ് ഞങ്ങള്‍ മാറിയതെന്ന് സങ്കിത, മാരിയോട് പറഞ്ഞത് സത്യമായിരുന്നു.

മനോഹരമായൊരു പ്രദേശമായിരുന്നു അത്​. തെളിഞ്ഞ, നീല ജലം സൂര്യപ്രകാശം തട്ടി തിളങ്ങി നില്‍ക്കുന്ന ആ കാഴ്ച മനസ്സിനെ കുളിരണിയിച്ചു. ദാഹവും ക്ഷീണവും മറന്നു. അല്‍പ്പനേരത്തെ വിശ്രമത്തിനു ശേഷം വെങ്കിടാചലത്തിനൊപ്പം ഞാനും ട്രീസയും ആ പ്രദേശത്താകെ നടന്നുകാണാനിറങ്ങി. പാറക്കെട്ടുകള്‍ക്ക് നടുവിലെ ആ സ്ഥലം തീര്‍ത്തും വിഭിന്നമായൊരു ലോകമായിരുന്നു. ദേഹത്ത് പലതരം വരകളുള്ള കൂറ്റന്‍ ആമകള്‍ ഞങ്ങളെ കണ്ടതായി നടിച്ചതുപോലുമില്ല! പക്ഷികളും മറ്റനേകം ചെറുജീവികളും അവിടെയുണ്ടായിരുന്നു. പലതിനേയും ഞങ്ങള്‍ ആദ്യമായി കാണുന്നതാണ്! കിഴക്കുഭാഗത്തെ കുത്തനെയുള്ള പാറക്കൂട്ടങ്ങളുടെ ഏറ്റവും താഴ്ഭാഗത്താണ് മാത്യൂസ് കണ്ടെത്തിയ ഗുഹകളുണ്ടായിരുന്നത്. അതിനകത്തേക്ക് കയറാന്‍ ഭയന്നു. കടല്‍ ഉപേക്ഷിച്ച അനേകം വസ്തുക്കള്‍ ആ മണല്‍ത്തിട്ടയില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. കപ്പലുകളുടേതെന്നു കരുതാവുന്ന പലതരം വസ്തുക്കള്‍. അതെല്ലാം തന്നെ ഞങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. മിക്കവയും പുരാതന കാലത്തെ കപ്പലുകളുടെ അവശിഷ്ടങ്ങളായിരുന്നു. അതിലൊന്ന് ഒരു ആവിക്കപ്പലിന്റെ സമാന്യം വലുപ്പമുള്ള ബോയിലാറായിരുന്നു. ഉരുക്കില്‍ നിര്‍മിച്ച അതിന് ചുരുങ്ങിയത് നൂറു വര്‍ഷമെങ്കിലും പഴക്കുമുണ്ടാവുമെന്നാവുമെന്നാണ് സാറിന്റെ കണ്ടെത്തല്‍. അതായത് ഇവിടെ ആദ്യമായി അപകടത്തില്‍ പെടുന്നത് ഞങ്ങളല്ലെന്ന്. അത് ഒരേ സമയം അത്ഭുതവും ആശങ്കയും നല്‍കി. മാത്യൂസും വിക്രമും സഞ്ജയും കൂടുതല്‍ ദൂരം നടന്നു. തിരിച്ചെത്തിയ അവര്‍ നല്‍കിയ വിവരം ആരെയും അമ്പരപ്പെടുത്തുന്നതായിരുന്നു.

അതായത്, ഏകദേശം ഒന്നര മൈല്‍ ചുറ്റളവുള്ള ആ പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്നു ശവക്കല്ലറകള്‍ കണ്ടതായിരുന്നു അത്​. മരക്കഷ്ണങ്ങള്‍ കുരിശു രൂപത്തില്‍ നാട്ടി വച്ചതായിരുന്നതില്‍. ദ്രവിച്ചു തുടങ്ങിയ അതിനു കീഴെ അജ്ഞാതനായ ആരോ ഒരാള്‍. എത്രകാലമായി അതിനകത്ത് ഉറങ്ങുന്നത്? സ്വയം ചോദിച്ചുകൊണ്ടേയിരുന്നു.

അവിടെയെത്തിയ ആശാന്റെ മനസ്സിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഭ്രാന്തു പിടിച്ചതു കണക്കേ ആ കുരിശിനു സമീപത്ത് മുട്ടുകുത്തിയിരുന്ന് ഉച്ചത്തില്‍ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. ഞങ്ങളേയും അതിനു നിര്‍ബന്ധിപ്പിച്ചു. വെങ്കിടചലം സാറ് നിര്‍ദ്ദേശിച്ചതനുസരിച്ച് അവിടെ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചു. അന്നു രാത്രി അവിടെ തന്നെ കഴിയേണ്ടിവരുമെന്നത് ആരെയും നിരാശപ്പെടുത്തിയതുമില്ല. കാരണം, അത്രയും ദൂരം രാത്രിയില്‍ നടക്കുന്നത് ഒട്ടും സുരക്ഷിതമായിരുന്നില്ല. അവിടെ നിന്ന്​ സംഘടിപ്പിച്ച ഉണങ്ങിയ മരക്കഷ്ണങ്ങള്‍ കത്തിച്ച് ആഴി കൂട്ടി. മണല്‍ കുഴിച്ച്, അതിനകത്താണ് ആഴി കൂട്ടിയത്. കാറ്റില്‍ കെടാതിരിക്കാന്‍ ചുറ്റിലും കമ്പുകളും മറ്റും നാട്ടുകയും ചെയ്തു. വിക്രം കടലിലിറങ്ങി പിടിച്ച വലിയൊരു മത്സ്യം ചുട്ടു കഴിച്ചാണ് ആ രാത്രിയിലെ വിശപ്പിനെ ശമിപ്പിച്ചത്. വെറും മണലില്‍ കിടന്ന് ഞാന്‍ ആകാശം നോക്കി. തെളിഞ്ഞ ആകാശത്തെ നക്ഷത്രങ്ങള്‍ നോക്കിയിരിക്കെ അപ്പന്റെ ഓര്‍മ്മകളെന്നെ വരിഞ്ഞു മുറുക്കി. കുരിശു വെള്ളിയും ഉളിക്കോലും എന്നെ മാടി വിളിച്ചു. എത്ര ദിവസങ്ങളായി ഞങ്ങള്‍ ഏകാന്തമായ ഈ ദ്വീപില്‍ അകപ്പെട്ടതെന്നാ​ലോചിച്ചു. ദിവസങ്ങളെണ്ണാന്‍ മറന്നു പോയിരിക്കുന്നു. സഞ്ജയ് എല്ലാ ദിവസവും കുറിച്ചിടുന്ന തടിച്ച പുസ്തകത്തില്‍ അതിന്റെ കണക്കുകളുണ്ടാവുമെന്ന് ട്രീസ ആശ്വസിപ്പിച്ചു.

രാത്രി കനക്കുന്നതും തെളിയുന്നതും കണ്ണടക്കാതെ നോക്കി കിടന്നു. മാനത്ത് സൂര്യന്‍ പ്രത്യക്ഷപ്പെടുന്നത് അറിയിച്ചുകൊണ്ട് ആകാശത്ത് നേര്‍ത്ത ചുവപ്പുരാശി പരന്നു.കടല്‍പ്പക്ഷികള്‍ കൂടുകളില്‍ നിന്ന്​ കടലിലേക്ക് പറന്നിറങ്ങി.

വെളിച്ചം പരന്നു തൂവിയപ്പോള്‍ ഞങ്ങള്‍ വീണ്ടും ആ പ്രദേശം അരിച്ചുപെറുക്കി. ഓരോ മണല്‍ത്തരികളും ഏതെല്ലാമോ മനുഷ്യരുടെ അവശിഷ്ടങ്ങളാവുമെന്നു തോന്നി. കുരിശുനാട്ടിയ നിലയില്‍ കണ്ട ഭാഗത്താണ് കൂടുതല്‍ സമയം ചെലവഴിച്ചത്. അവിടെ ഒരു കപ്പലിന്റെയോ മറ്റേതെങ്കിലും മനുഷ്യരുടേയോ അവശിഷ്ടങ്ങള്‍ കണ്ടെത്തിയേക്കാമെന്ന മാത്യൂസിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല.

ഉച്ചയോടെ, സങ്കിത ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. മണലില്‍ പതിഞ്ഞു കിടന്നൊരു വാരിയെല്ലിന്റെ ഭാഗമായിരുന്നു അത്​. നടക്കുന്നതിനിടയില്‍ പൊന്തിനില്‍ക്കുന്നൊരു പാറയില്‍ തടഞ്ഞു വീഴാന്‍ പോയപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. ആ പാറക്കല്ലിനോട് ചേര്‍ന്നൊരു എല്ലായിരുന്നത്. ഏതെങ്കിലും വലിയ മത്സ്യത്തിന്റെ അവശിഷ്ടമായിരിക്കുമെന്നു കരുതി. അത് വലിച്ചൂരിയെടുക്കാനുള്ള അവളുടെ ശ്രമം പരാജയപ്പട്ടു. അതുകണ്ട് അല്‍പ്പം ദൂരെയുണ്ടായിരുന്ന വിക്രം ഓടിയെത്തി, സാവധാനം അതിനു ചുറ്റിലുമുള്ള മണല്‍ കോരി മാറ്റി. കുഴിച്ചു ചെല്ലുന്തോറും ആ അസ്ഥിക്ക് ഒരു മനുഷ്യരൂപം കൈവന്നു. മറ്റുള്ളവരും അതിനു ചുറ്റിലും തടിച്ചുകൂടി. പതിയെ ആ മനുഷ്യാസ്ഥി വെളിപ്പെട്ടു. ഒറ്റനോട്ടത്തില്‍ അതൊരു സ്ത്രീയുടെയോ പുരുഷന്റെയോ അസ്ഥിയാണെന്നു തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അവസാനം ട്രീസയാണ് അതൊരു പുരുഷന്റെ അസ്ഥിയാണെന്നു തിരിച്ചറിഞ്ഞത്. ഇടുങ്ങിയ ഇടുപ്പെല്ലില്‍ നിന്നാണ് ട്രീസയത് കണ്ടെത്തിയത്. പുറത്തെടുത്ത അസ്ഥിയില്‍ നിന്ന്​ തുരുമ്പെടുത്ത ഒരു ബാഡ്ജ് ലഭിച്ചത് മറ്റൊരു വഴിത്തിരിവായിരുന്നു.

മാത്യൂസിന്റെ സൂക്ഷമപരിശോധനയില്‍ കൈരളിയിലെ സെക്കന്റ് ഓഫീസറുടെ ബാഡ്ജാണ് അതെന്നു തിരിച്ചറിഞ്ഞു. ആ നിമിഷം ലോകം കീഴ്‌മേല്‍ മറിയുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഞങ്ങള്‍ അകപ്പെട്ട അതേയിടത്തു തന്നെയാവും കൈരളിയും അപകടത്തില്‍ പെട്ടതെന്ന് ഓര്‍ത്തപ്പോള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. അവര്‍ അവിടെ കുറച്ചു നാളുകള്‍ ജീവിച്ചിരുന്നു. അതിന്റെ സൂചനയാണ് ആദ്യ മരക്കുരിശ്. അല്‍പ്പനേരം ആരുമൊന്നും മിണ്ടിയില്ല. വറ്റി നിലച്ചു പോയൊരു കടല്‍ കണക്കെ മണലില്‍ മുഖത്തോട് മുഖം നോക്കിയിരുന്നു. അവസാനം മാത്യൂസാണ് ആ അനന്ത മൗനങ്ങളെ ഭേദിച്ചത്. കൈരളിയെ അയാളൊരു സ്വപ്നം പോലെ വ്യാഖ്യാനിച്ചു.

അധ്യായം 38

മാത്യൂസ് പറഞ്ഞതനുസരിച്ച് കൈരളിയെക്കുറിച്ച് പുറത്തു വന്ന വാര്‍ത്തകളും ഞങ്ങള്‍ അതുവരെ എത്തിച്ചേര്‍ന്ന നിഗമനങ്ങളും തെറ്റായിരുന്നു. 1979-ജൂലൈ മൂന്നാം തിയ്യതി രാത്രി എട്ടുമണിക്ക് ലഭിച്ച അവസാന സന്ദേശത്തിന് മണിക്കൂറുകള്‍ക്കുശേഷം, ഇന്ദിരയക്ക് സംഭവിച്ച അതേ തകരാറ് തന്നെ കൈരളിക്കും സംഭവിച്ചതാണ്. കൃത്യമായി പറഞ്ഞാല്‍ റീവര്‍ബോള്‍സ് പൊട്ടിയത്. അതേസമയം തന്നെ മുമ്പുതന്നെ പ്രശ്‌നങ്ങളുണ്ടായിരുന്ന കമ്യൂണിക്കേഷന്‍ സംവിധാനവും പൂര്‍ണ്ണമായും നിലച്ചു. ഒരു പക്ഷേ, ആദ്യം തകരാറിലായത് കമ്യൂണിക്കേഷന്‍ സംവിധാനമാവും.

പക്ഷേ, സെന്തിലിന്റെ അപ്പന്‍ അന്‍പരസ് എങ്ങനെ ആന്തമാനിലെത്തിയെന്ന ചോദ്യം ബാക്കിയായി. അതിനെക്കുറിച്ചുള്ള ആലോചനകള്‍ ഞങ്ങളെ മറ്റൊരു സാധ്യതയിലേക്ക് കൊണ്ടെത്തിച്ചു. വിക്രമാണ് അത് വിശദീകരിച്ചത്. അതായത് മൂന്നാം തിയ്യതി രാത്രി കൈരളിയുടെ സഞ്ചാരപഥം ഞങ്ങള്‍ ഇപ്പോള്‍ അകപ്പെട്ട ദ്വീപില്‍ നിന്നും മൈലുകള്‍ മാറിയായിരിക്കും.

നാലാം തിയ്യതി രാവിലെയോടെയാവും റീവര്‍ബോള്‍സിന് തകരാറ് സംഭവിച്ചത് തിരിച്ചറിഞ്ഞത്. കപ്പലിനുള്ളില്‍ വച്ചത് പരിഹരിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്ന ക്യാപ്റ്റന്‍ കപ്പലിനെ എങ്ങനെയെങ്കിലും യെമന്‍ തുറമുഖത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കാണും. പ്രത്യേകിച്ച് എല്ലാ അപകട മുന്നറിയിപ്പുകളും നല്‍കിയിരിക്കാം. സമീപത്തുള്ള മറ്റു കപ്പലുകളിലുള്ളവര്‍ അതു കാണുമെന്ന ക്യാപ്റ്റന്റെ പ്രതീക്ഷയും പതിയ ഇല്ലാതായി.ആ സമയത്ത് അന്‍പരസ് സ്വയം മുന്നോട്ടു വരികയും ലൈഫ് ബോട്ടുപയോഗിച്ച് മറ്റോതെങ്കിലും കപ്പലിനടുത്ത് ചെന്ന് അപകട വിവരം അറിയിക്കാനുമായിരുന്നു ഉദ്ദേശിച്ചത്. വലിയ പ്രശ്‌നങ്ങളില്ലാത്ത തെളിഞ്ഞ കാലാവസ്ഥയില്‍ ക്യാപ്റ്റനത് സമ്മതിക്കുകയും ചെയ്തു.

അന്‍പരസിനെ തനിച്ചു വിടാതെ, ത്യാഗരാജനേയും കയറ്റിയാണ് ആ ലൈഫ് ബോട്ട് കടലിലലേക്കിറക്കിയത്. പക്ഷേ, പ്രകൃതിയുടെ പ്രവചനാതീത സ്വഭാവം അവരാരും ഓര്‍ത്തില്ല. ആറാം തിയ്യതി വീശിയടിച്ച കൊടുങ്കാറ്റ് കൈരളിയെ പാറക്കെട്ടിലേക്ക് എടുത്തെറിയുകയും അന്‍പരസും ത്യാഗരാജനും കയറിയ ലൈഫ് ബോട്ടിനെ അപകടപ്പെടുത്തുകയും ചെയ്തതാവും. ആഞ്ഞടിച്ച കാറ്റിലും തിരയിലും അകപ്പെട്ട ലൈഫ് ബോട്ടില്‍ നിന്നും ത്യാഗരാജന്‍ കടലിന്റെ അഗാതതയിലേക്ക് ആണ്ടുപോയി. പസന്തിയെപ്പോലെ അയാളെയും എന്നെന്നേക്കുമായി അറബിക്കടല്‍ സ്വന്തമാക്കി. അല്‍പ്പപ്രാണാനുമായി കടലിനേട് മല്ലിട്ട അന്‍പരസ് എങ്ങനെയോ ആന്തമാന്‍ തീരത്ത് അടിയുകയും അവിടെ വെച്ച് റെഡ്ഡിയുടെ കണ്ണില്‍പ്പെടുകയും ചെയ്തതാണ്. ഒറ്റ ശ്വാസത്തിലാണ് വിക്രമത് പറഞ്ഞു തീര്‍ത്തത്.

അതിലെല്ലാമുപരി പാറക്കെട്ടില്‍ ഇടിച്ചുകയറിയ കൈരളിയില്‍ നിന്ന്​ എത്ര പേർ ജീവനോടെ പുറത്തിറങ്ങിയെന്നും, അവരെത്ര നാള്‍ ഇവിടെ ഈ ഏകാന്തതയില്‍ ജീവനുവേണ്ടി പൊരുതിയെന്നതുമായിരുന്നു എന്റെ ചിന്ത. ഞാനിക്കാര്യം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തു. അവരും അതുതന്നെയാണ് ആലോചിച്ചിരുന്നത്.

ഒരു പക്ഷേ, മാസങ്ങളോളം അവര്‍ പ്രകൃതിയോട് പൊരുതി നോക്കിയിരുന്നു. അതിന്റെ സൂചനയാണ് ആ മരക്കുരിശ്. കൂട്ടത്തിലാരോ മരിച്ചപ്പോള്‍ എല്ലാ ബഹുമാനത്തോടെയും അടക്കം ചെയ്തതിന്റെ ജീവനുള്ള അടയാളം. ഉപ്പുകാറ്റേറ്റ് ദ്രവിച്ചു വീഴാതെ ഇത്രയും നാളത് നിലനിന്നത് ഞങ്ങള്‍ക്കുള്ള ദുഃസ്സൂചനായായിരിക്കുമെന്ന ട്രീസയുടെ ആത്മഗതം എന്നെ ഭയപ്പെടുത്തി.

കൂട്ടത്തില്‍ ആര്‍ക്കുവേണ്ടിയാവും ആദ്യത്തെ കുഴിയെടുക്കേണ്ടി വരുന്നത്? അതാലോചിച്ചപ്പോള്‍ തന്നെ ശരീരമാസകലം വിറയലു കയറി. കരയില്‍ പിടിച്ചിട്ട മത്സ്യത്തെപ്പോലെ മനസ്സ് പിടഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കായി ഒരു ദിവസം കൂടെ അവിടെ താമസിക്കേണ്ടി വരുമെന്ന സഞ്ജയ് സൂചിപ്പിച്ചു. അതിനിടയില്‍ കൈരളിയുടേതെന്നു കരുതുന്ന ഒന്നു രണ്ടു വസ്തുക്കള്‍ കൂടെ ലഭിച്ചു. അതുമാത്രമല്ല, ഞങ്ങള്‍ ഇപ്പോഴുള്ള സ്ഥലത്തേക്ക് കടല്‍ അധികം കയറി വരുന്നില്ലെന്നത് വെങ്കിടാചലം സാറ് കണ്ടെത്തി. കടല്‍പ്പരപ്പില്‍ നിന്ന്​ അല്‍പ്പം ഉയരത്തിലാണ്, മാത്രമല്ല ഒരു മതിലു പോലെ മുന്നില്‍ പാറക്കൂട്ടങ്ങളുമുണ്ട്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആ കുരിശും അസ്ഥിയും പൂര്‍ണ്ണമായും നഷ്ടപ്പെടാതെ അവിടെ നിലനിന്നത്.

അന്നു വൈകുന്നേരത്തോടെ രണ്ടുപേരുടെ അവശിഷ്ടങ്ങളും അവിടെ ഞങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെട്ടു.

ആശാനാണത് കണ്ടെത്തിയത്. അവിടെ എത്തിയതുമുതല്‍ കൂട്ടത്തില്‍ നിന്ന്​ മാറി നടന്ന ആശാന്‍ പിറുപിറുത്ത് ഓടി വരുന്നത് കണ്ടപ്പോള്‍ എന്തോ അപകടം സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത്. ആശാന്റെ ഇടത്തേ കാലില്‍, മുട്ടിനു തൊട്ടുമുകളിലായി കണ്ട വലുപ്പമുള്ള മുറിവില്‍ നിന്നും രക്തം ഒഴുകിയിറങ്ങിയിരുന്നു. വല്ല മുള്ളില്‍ തട്ടിയതോ പാറയില്‍ നിന്നും താഴേക്കു വീണതോ അതല്ലെങ്കില്‍ ഏതെങ്കിലും ജീവിയുടെ ആക്രമണത്തില്‍ പറ്റിയതാണോ ആ പരിക്കെന്ന് ആര്‍ക്കും മനസ്സിലായില്ല. എത്ര ചോദിച്ചിട്ടും ആശാനൊന്നും മിണ്ടിയതുമില്ല. ആകെക്കൂടെ പറഞ്ഞത് ‘അവിടെ.. അവിടെയാരു… ’ എന്നു മാത്രമാണ്. അത് ഞങ്ങളെ കൂടുതല്‍ പേടിപ്പെടുത്തി.

അവസാനം മാത്യൂസും വിക്രമും ആശാന്‍ വന്ന വഴിയിലൂടെ നടന്നു, അല്ല അവര്‍ ഓടുകയായിരുന്നു. പിന്നാലെ ഞങ്ങളും ചെന്നു. ആശാന്റെ ചോരത്തുള്ളികള്‍ പിന്തുടര്‍ന്നായിരുന്നു ആ നടപ്പ്. വെളുത്ത മണലില്‍ ചോന്നുതുടുത്ത ആശാന്റെ കാല്‍പ്പാടുകള്‍ നിരനിരയായി വഴികാട്ടി.

ഒരു പാറയുടെ മറവിലാണ് ചോരയുടെ അടയാളം അവസാനിച്ചത്. അതിനകത്ത് മറ്റൊരു മനുഷ്യന്റെ അഴുകി ദ്രവിച്ച അസ്ഥികൂടമായിരുന്നു ഞങ്ങളെ കാത്തിരുന്നത്. ഇരുന്നയിരിപ്പില്‍ മരിച്ചുപോയ ഹതഭാഗ്യന്‍. അതോടു കൂടി അവിടെ അനേകം നാളുകള്‍ മനുഷ്യര്‍ താമസിച്ചിരുന്നെന്ന് ഉറപ്പായി. ആ കാഴ്ച നോക്കിനില്‍ക്കെ എന്റെ നെഞ്ചിടിപ്പ് ഒരു നിമിഷത്തേക്ക് നിലച്ചു. കുഴഞ്ഞു വീണ എന്നെ മാരിയാണ് താങ്ങിപ്പിടിച്ച് മണലില്‍ കിടത്തിയത്. ആ കിടപ്പിലും എന്റെ കണ്ണുകള്‍ കാലങ്ങളായി ഇരുന്നുറങ്ങുന്ന ആ അസ്ഥിയില്‍ നട്ടു നില്‍പ്പാണ്.

അല്‍പ്പനേരം അതേ കിടപ്പു തുടര്‍ന്നു. അതിനിടയ്ക് ട്രീസയും സങ്കിതയും ചേര്‍ന്ന് ആ അനാഥ അസ്ഥികൂടം പരിശോധിച്ചു. അവരാണ് അതൊരു സ്ത്രീയുടെ അവശിഷ്ടമാണെന്നു കണ്ടെത്തിയത്. അതു മാത്രമല്ല. ആ സ്ത്രീയുടെ കയ്യിലൊരു ചെറിയ കുട്ടിയും ഉണ്ടായിരുന്നു. സങ്കിത ഒരു നിലവിളിയോടെ ആരോ തള്ളിയിട്ടതെന്നോണം പിന്നോട്ട് വീണു. അതുകണ്ട് ഓടിച്ചെന്ന വിക്രം അവളെ താങ്ങിയെടുത്തു. അവളപ്പോഴും ആ പാറക്കെട്ടിലേക്ക് കൈചൂണ്ടി അപശബ്​ദങ്ങള്‍ പുറപ്പെടുവിച്ചു. അതെന്നെ വീണ്ടും ഭയപ്പെടുത്തി. സഞ്ജയും മാത്യൂസും അവിടേക്ക് ചെന്നു.

അപ്പോഴാണ് പാറയോട് ചേര്‍ന്നുള്ള അടിക്കാടിനുള്ളില്‍ നിന്നൊരു കുഞ്ഞ് തലയോട്ടി കണ്ടത്. ദൈവമേ, വിക്രമിന്റെ നിലവിളി ആ പാറകളില്‍തട്ടി പ്രതിധ്വനിച്ചു. കുറേ നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല. അതിനിടയില്‍ സഞ്ജയ് ആ പാറക്കെട്ടിനടുത്തുള്ള അടിക്കാടുകള്‍ മുഴുവന്‍ വെട്ടി വൃത്തിയാക്കി. ആശാന്‍ ആ നിര്‍ഭാഗ്യരായ മനുഷ്യരുടെ അവശിഷ്ടങ്ങള്‍ ഒന്നൊന്നായി പെറുക്കിയെടുത്തു. പിന്നെ ഒന്നും മിണ്ടാതെ, തൊട്ടടുത്തു തന്നെ ഒരു കുഴി കുത്തി. പ്രാര്‍ത്ഥനയോടെ ആ ശരീരാവശിഷ്ടങ്ങള്‍ മറവുചെയ്തു. മാത്യൂസ് അതിനു മുകളിലൊരു മരക്കഷ്ണം കുരിശുരൂപത്തില്‍ നാട്ടി. ആശാനപ്പോള്‍ ഉച്ചത്തില്‍ ഒപ്പീസുചൊല്ലി.

ഒരു സമസ്യപോലെ ആകാശമിരുളുകയും കടല്‍ മുരളുകയും ചെയ്തു.
അനേകം ജീവജാലങ്ങളുടെ കണ്ണീരുപോലെ മഴ ചാറി.
നേര്‍ത്തുരുണ്ട ആ മഴ ഞങ്ങളെയാകെ പൊള്ളിച്ചു.
ഒമ്പതുപേരും മൗനത്തിന്റെ ഒമ്പതു കടലുകളായി മാറി.

അതോടെ, അന്നത്തെ തിരച്ചിലും പരിശോധനകളും അവസാനിപ്പിക്കാന്‍ സഞ്ജയ് തീരുമാനിച്ചു. തത്കാലം താമസിക്കാനായി ഒരു പാറക്കെട്ടിനു താഴെയുള്ള മുള്‍ക്കാട് വെട്ടിമാറ്റന്‍ മുന്നിട്ടിറങ്ങി. വിക്രമും മാരിയും അതിനയയാളെ സഹായിച്ചു. കുറേ നേരത്തെ ശ്രമഫലമായി അവരതു മുഴുവന്‍ വെട്ടി അതിനകത്തേക്ക് കടക്കാനുള്ള വഴിയുണ്ടാക്കി. വിശാലമായൊരു മുറി തന്നെയായിരുന്നു ഗുഹയുടെ ഉള്‍വശം. പക്ഷേ, ഇരുട്ടു തിങ്ങിയ അതിനകത്ത് വല്ല വിഷ ജീവികളും ഉണ്ടാവുമെന്നാണ് വെങ്കിടാചലം സാറ് സംശയിച്ചത്. അക്കാര്യം അദ്ദേഹം അവരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

അതിനു മറുപടിയായി വിചിത്രമായൊരു സംഗതിയാണ് വിക്രം ചെയ്തത്. ഇന്ദിരയില്‍ നിന്ന്​ എടുത്തുകൊണ്ടു വന്നതിനു ശേഷം തന്റെ ചുമലില്‍ തൂക്കി നടക്കുന്ന തോക്കില്‍ നിന്ന്​ ഗുഹയ്കുള്ളിലേക്ക് തുരുകുരാ വെടിയുതിര്‍ത്തു! ഏതോ യുദ്ധത്തിനിടയില്‍ അകപ്പെട്ടതുപോലെ ഞങ്ങള്‍ ചെവിപൊത്തി. അത്രയും കഠിനമായൊരു ശബ്ദം അതിനു മുന്‍പ് കേട്ടിരുന്നില്ല. പുകയും വെടിമരുന്നിന്റെ മണവും അവിടെയാകെ പരന്നു. ഗുഹക്കുള്ളിലെ പുകയൊന്നടങ്ങിയപ്പോള്‍ മാത്യൂസും സഞ്ജയും ചേര്‍ന്നൊരു ഉണക്കക്കമ്പിന്​ തീകൊളുത്തി ഗുഹക്കുള്ളിലേക്ക് കടന്നു. അപകടങ്ങളൊന്നുമില്ലന്നുറപ്പിച്ചു. അതിനു ശേഷം സങ്കിതയും വിക്രമും കയറി. സഞ്ജയ് നിര്‍ദ്ദേശിച്ചതനുസരിച്ച് അതിന്റെ മധ്യത്തില്‍ അവരൊരു ആഴികൂട്ടി. ഇനിയൊരിക്കലുമത് കെടാന്‍ അനുവദിക്കരുതെന്ന സഞ്ജയിന്റെ മുന്നറിയിപ്പു കേട്ടപ്പോള്‍ എന്റെ നെഞ്ചൊന്നു കാളി. കാരണം കയ്യിലുള്ള തീപ്പെട്ടി അവസാനിച്ചെന്നാണ് അതിനര്‍ത്ഥം.

ഇനി ആ ആഴി ജീവന്റെ വെളിച്ചമാണ്​. ഒമ്പതു മനുഷ്യരുടെ ജീവന്‍ അതിന്റെ ആയുസ്സിനനുസരിച്ച് തീരുമാനിക്കപ്പെടും. ചാറിപ്പെയ്തിരുന്ന മഴ പതിയെ ശക്തമായി. ഗുഹക്കുള്ളിലെ നേര്‍ത്ത തണുപ്പും ആഴിയുടെ ചൂടും മാത്രമാണ് ആകെയൊരു ആശ്വാസം. ഇതേ പോലെ മറ്റേതെങ്കിലുമൊരു ഗുഹയില്‍ കൈരളിയിലുള്ളവര്‍ ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ടാവുമെന്ന സഞ്ജയിന്റെ ആത്മഗതം എന്റെ സങ്കടങ്ങളുടെ ഭാരം അധികരിപ്പിച്ചു. പുറത്തു വീശുന്ന കാറ്റിന്റെ ഹുങ്കാര ശബ്ദം ഗുഹക്കകത്തും മുഴങ്ങി. മാത്യൂസ് ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന രണ്ടു ക്യാനുകളിലും വെള്ളം മഴവെള്ളം നിറച്ചു. അതിനിടയിലെപ്പോഴോ ആശാനൊരു വലിയ മീനിനെ പിടിച്ചുകൊണ്ടു വന്നു. ആശാന്‍ തന്നെയത് ആഴിയുടെ മുകളില്‍ വെച്ച് എല്ലാവര്‍ക്കും വേവിച്ചു നല്‍കി. ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അത്രയും രുചിയോടെ ഭക്ഷണം കഴിച്ചത്. മതിയാവോളം വെള്ളം കുടിച്ചത്.

രാത്രി ഞങ്ങള്‍ എല്ലാവരും സുഖമായി ഉറങ്ങി. അതോ ക്ഷീണിച്ചു മയങ്ങിയതോ? രണ്ടായാലും നേരം വെളുത്തപ്പോള്‍ മഴ ശമിച്ചിരുന്നു. തിരകള്‍ക്ക് കലിയടങ്ങിയില്ല. പാറക്കൂട്ടങ്ങളിലേക്ക് അടിച്ചു കയറിക്കൊണ്ടേയിരിക്കുകയാണ്. സഞ്ജയ് ഞങ്ങളെ രണ്ടുസംഘങ്ങളായി പിരിച്ചു. വിക്രമും സങ്കിതയും മാത്യൂസും സഞ്ജയിന്റെ നേതൃത്തില്‍ കിഴക്ക് ഭാഗത്തും ഞാനടക്കുമുള്ള മറ്റുള്ളവര്‍ വടക്കുഭാഗത്തും തിരച്ചില്‍ നടത്താന്‍ ഇറങ്ങി. മാരിയെ ഗുഹയ്ക്കുള്ളില്‍ തന്നെ ഇരുത്തി. ആഴി കെടാതെ സൂക്ഷിക്കേണ്ട ചുമതല ആയിരുന്നു അവന്​. ഈ രണ്ടു സംഘത്തിലും പെടാതെ ആശാന്‍ മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ ദിവസത്തെ കുഴിമാടത്തിനരികിലേക്ക് ചെന്നു. കാലങ്ങളായി ഒറ്റക്കായ മനുഷ്യര്‍ക്കൊരു കൂട്ടാവട്ടെ അതെന്ന് എനിക്ക് തോന്നി. ആശാനെ തടഞ്ഞില്ല.

മുന്നോട്ട് നടക്കുന്തോറും ഞങ്ങള്‍ അകപ്പെട്ട ദ്വീപ് എത്രമാത്രം വിചിത്രമായതാണെന്ന് തിരിച്ചറിയാന്‍ തുടങ്ങി. വടക്കോട്ട് ചെല്ലുന്തോറും ദ്വീപിലെ കാഴ്ചകള്‍ മാറിമറിഞ്ഞു. എങ്ങുും ഒരുതരം വള്ളിച്ചെടികളാണുള്ളത്. അതവസാനിച്ചപ്പോള്‍ അസാധാരണ വലുപ്പമുള്ളൊരും വെള്ളക്കെട്ടാണ് ആദ്യം കണ്ണില്‍പ്പെട്ടത്. ദൂരെ നിന്നതു കണ്ടപ്പോള്‍ തന്നെ അതിനടുത്തേക്ക് സൂക്ഷിച്ച് മാത്രം ചെന്നാല്‍ മതിയെന്ന സാറിന്റെ മുന്നറിയിപ്പ് വകവെക്കാതെ ഞാന്‍ മുന്നോട്ടു നടന്നു.

ഒറ്റ നിമിഷം, നിറയെ പായലുകള്‍ പോലെ പടര്‍ന്നു കിടക്കുന്നൊരു സ്ഥലത്ത് കാലുകള്‍ ആണ്ടുപോയി. പിന്നാലെ വന്ന ട്രീസയെന്ന പിടിച്ചുവലിച്ചു. ഇല്ലായിരുന്നെങ്കില്‍ ഞാനതിനുള്ളിലേക്ക് വീണുപോയേനെ. അതൊരു ചതുപ്പായിരുന്നു. ഒരുപക്ഷേ, ഒരു കപ്പലിനെയാകെ വിഴുങ്ങാന്‍ തക്ക ആഴമുള്ള ചതുപ്പ്. പിന്നീടുള്ള ഒരോ കാല്‍വെപ്പുകളും വളരെ സൂക്ഷിച്ചാണ്. പലയിടത്തും തെളിഞ്ഞ മണലാണെങ്കിലും കാലുകളെ അതു വിഴുങ്ങുന്നുണ്ട്. നടന്നു നടന്ന് ഞങ്ങള്‍ ഒരു ചെറിയ പാറക്കെട്ടിനു സമീപത്തേക്ക് എത്തി. ആയിരക്കണക്കിന് കടഷപ്പക്ഷികള്‍ നിരന്നു നില്‍ക്കുന്നു. ആ കാഴ്ചയില്‍ ഒരനിമിഷം മനസ്സൊന്നു തണുത്തു.

സൂക്ഷിച്ച് നോക്കിയപ്പോള്‍ കടലിലേക്ക് നീളുന്നൊരു പാലം പോലെയാണ് ആ പാറക്കെട്ടുകളെന്നു മനസ്സിലായി. വിക്രമിന് ബോംബൈയില്‍ നിന്നും ലഭിച്ച ഒരു ജേണലില്‍ ഇത്തരമൊരു പാറക്കെട്ടിനെക്കുറിച്ച് സൂചനയുണ്ടായിരുന്നു. സാറാണ് അതു ഞങ്ങളെ ഓര്‍മിപ്പിച്ചത്. അതനുസരിച്ച് വേലിയിറക്ക സമയത്ത് മൈലുകളോളം ആ പാറക്കെട്ട് കാണാന്‍ കഴിയും. ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ വേലിയേറ്റ സമയമാണ്. അതുകൊണ്ടാണ് മീറ്ററുകള്‍ മാത്രം കാണാന്‍ കഴിയുന്നത്. കുറച്ചു നേരം അവിടെ ചെലവഴിച്ച് ഞങ്ങള്‍ മറ്റൊരു ഭാഗത്തേക്ക് നടത്തം തുടങ്ങി. ഒരു മണല്‍പ്രദേശത്താണ് ചെന്നെത്തിയത്. പൂര്‍ണമായും അതൊരു മണല്‍ത്തിട്ടയല്ല. കടലിങ്ങനെ കയറിയുമിറങ്ങിയും ചെയ്യുന്ന കടലിന്റെ വായ് ഭാഗം.

ഉച്ചയോടെ ആകാശത്തിന്റെ മട്ടു മാറി. കെട്ടിനിന്ന മേഘങ്ങള്‍ക്ക് കീഴെ കടല്‍ ചുട്ടുപഴുത്തു. വീശിയടിക്കുന്ന ഉപ്പുകാറ്റിന്റെ ചൂട് ശരീരത്ത തളര്‍ത്തുകയാണ്. എവിടെയെങ്കിലും അല്‍പ്പനേരം വിശ്രമിക്കാമെന്ന് സാറ് പറഞ്ഞപ്പോള്‍ ഞാനൊരു തണല്‍ അന്വേഷിച്ചു. കുറേദൂരം നടന്നപ്പോള്‍ കണ്ട കാഴ്ചയില്‍ കണ്ണുകളെ വശ്വസിക്കാന്‍ കഴിയാതെ ഞാന്‍ ആ കാഴ്ച വീണ്ടും വീണ്ടും നോക്കി. അതെ, അതൊരു കപ്പലിന്റെ അവശിഷ്ടമാണ്.

കര്‍ത്താവേ, എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.

എനിക്കൊന്നും മിണ്ടാനോ ഒരടി നടക്കാനോ കഴിയുന്നില്ല. ആ കാഴ്ചയെന്നെ ഒരു മായാമന്ത്രത്താല്‍ കെട്ടിയിട്ടു. നിമിഷങ്ങള്‍ കടന്നു പോവുന്നത് ഞാനറിയുന്നേയില്ല. പെട്ടന്ന് ഏതോ ഒരു ശക്തിയെന്നെ അതിനടുത്തേക്ക് വലിച്ചെടുത്തു. അതെ, എന്റെ മുന്നില്‍ അനാഥപ്രേതമായി ഒരു കപ്പല്‍.

അപ്പാ… എന്റെ ശബ്ദം ഒരലര്‍ച്ചയായി പുറത്തേക്ക് തെറിച്ചു.

അതുകേട്ട് ട്രീസയും സാറും ഓടിയെത്തി. അവരും ആ കാഴ്ച കണ്ട് മണലിലുറച്ചു പോയി. കടലില്‍ നിന്ന്​ കയറിവന്നൊരു മീന്‍ കണക്കെ അവിടെ പ്രത്യക്ഷപ്പെട്ട ആശാനാണ് ഞങ്ങളെ ആ മായിക നിമിഷത്തില്‍ നിന്ന്​ പുറത്തിറക്കിയത്. പതിയെ യഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിയ ഞങ്ങള്‍ നാലുപേരും ആ കപ്പലിനടുത്തേക്ക് ചെന്നു. അതൊരു കപ്പലിന്റെ പിന്‍വശം മാത്രമായിരുന്നു. ഒന്നുകില്‍ കാറ്റിലകപ്പെട്ട് മണലിലുറച്ചു പോയത്. അല്ലെങ്കില്‍ പാറക്കൂട്ടങ്ങളില്‍ തട്ടി തകര്‍ന്നകപ്പലിന്റെ ഭാഗം കാറ്റും തിരകളും ചേര്‍ന്ന് മണലിലേക്കാഴ്​ത്തിവെച്ചത്​. സാറിത് പറയുമ്പോള്‍ ഞാന്‍ കപ്പലിനെയാകെ വീക്ഷിക്കുകകായിരുന്നു.

മനസ്സെന്താണോ ഭയപ്പെട്ടത് അതുതന്നെയാണ് ഇപ്പോള്‍ എന്റെ കണ്‍മുന്നിലുള്ളത്. ഞങ്ങളുടെ കണ്ണൊന്നു തെറ്റിയപ്പോള്‍ കപ്പലിനകത്തേക്ക് ഓടിക്കയറിയ ആശാന്‍, അതിനകത്തു നിന്ന്​ ഒരു ഇരുമ്പ് പലകയുമായി താഴേക്ക് ചാടി. അതെന്റെ മുന്നിലേക്ക് നീട്ടിപ്പിടിച്ചു.

മേഘക്കീറുകൾക്കിടയിലൂടെ വീഴുന്ന പ്രകാശത്തില്‍ ഞാനാ തുരുമ്പെടുത്ത അക്ഷരങ്ങള്‍ കൂട്ടിവായിച്ചു- ‘എം.വി കൈരളി.’

അതെ, ഇത്രനാളും ഞങ്ങള്‍ തേടിയിരുന്ന, ജീവനോടെ ആരെങ്കിലും എവിടെയെങ്കിലുമുണ്ടാവുമെന്നു കരുതിയ കൈരളി തന്നെ.

എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. ഒരാശ്രയത്തിനായി ട്രീസയെ ആലിംഗനം ചെയ്തു. അവളുടെ ഹൃദയമിടിപ്പുകള്‍ ചെവിയിലലച്ചു. സാറ് നിര്‍ദ്ദേശിച്ചതനുസരിച്ച് ആശാന്‍ ഈ വിവരം മാത്യൂസിനെയും മറ്റുള്ളവരേയും അറിയിക്കാനോടി. ചിറകുമുളച്ചതു പോലെയാണ് ആശാന്‍ കാലുകള്‍ വെക്കുന്നത്. ഞാനിപ്പോഴും ട്രീസയുടെ നെഞ്ചിലൊരു കുഞ്ഞു മീനായി നില്‍പ്പാണ്. ഒരു വെടിയൊച്ച കേട്ടപ്പോഴാണ് അതില്‍ നിന്ന്​ അടര്‍ന്നു മാറിയത്. പിന്നാലെ മാത്യൂസിന്റെ തലകണ്ടു. സഞ്ജയും സങ്കിതയും വിക്രമും ഓടിയെത്തി. കൈരളിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിന് കടലിലേക്ക് വിക്രം വെടിവെച്ചതിന്റെ ഒച്ചയായിരുന്നു കേട്ടത്. തന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ മറ്റൊരു വഴിയും തോന്നിയില്ലെന്നാണ് അതിനെക്കുറിച്ച് വിക്രം പറഞ്ഞത്.

സഞ്ജയും മാത്യൂസും ചേര്‍ന്ന് ഉപ്പുകാറ്റേറ്റ് അഴുകി ദ്രവിച്ച കപ്പലിനുള്ളിലേക്ക് കയറി. ഒരു മണിക്കൂറോളം അവര്‍ അതിനകത്ത് ചെലവഴിച്ചു. ഈ സമയമത്രയും മറ്റുള്ളവര്‍ അതിന്റെ പുറം ഭാഗങ്ങള്‍ പരിശോധിച്ചു. അവസാനം അത് കൈരളിയാണെന്നുറപ്പിച്ചു. കപ്പലിനകത്തു നിന്ന്​ മാത്യൂസിന് ലഭിച്ച ഇരുമ്പുപെട്ടിയില്‍ നിന്ന്​ കണ്ടെത്തിയ കരാറില്‍ നിന്നാണത് ഉറപ്പിച്ചത്.

ജര്‍മ്മനിയിലെ കമ്പനിക്ക് എഴുതിയ ചരക്കിനെക്കുറിച്ചുള്ള കരാര്‍ ആയിരുന്നു അത്​.

ഒരോ സമയം സന്തോഷവും ദുഃഖവും അനുഭവിക്കുകയാണ്.

കൈരളിയെ കണ്ടെത്തിയെങ്കിലും ഞങ്ങള്‍ക്കും അവരുടെ അതേ ഗതി വരുമെന്നോര്‍ത്തായിരുന്നു ദുഃഖം.

ആരുമറിയാതെ മരിച്ചു പോവുന്ന മനുഷ്യരായി ഞങ്ങളും മാറും.

എന്നെങ്കിലും, ആരെങ്കിലും ഞങ്ങളുടെ അസ്ഥികള്‍ കണ്ടെടുക്കും…

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments