ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

18. ത്രികോണം ചതുരംഗം പഞ്ചമാസനം

രവി

ചെറിയ മുലകൾ എന്തിനാണെന്നോ. വലിയ മുലകളല്ലേ വേണ്ടത് എന്നോ. വലുതിനല്ലേ അഴക് എന്നോ.

ഹ ഹ ഹ, എന്റെ ഇഷ്ടം എനിക്കല്ലേ തിട്ടം.

പണ്ടു പണ്ട് യാഹൂ വഴി സല്ലാപം തുടങ്ങിയ കാലത്തേ ചില വിദേശസുന്ദരിമാർ ഇങ്ങനെ വലിപ്പം കാണിച്ച് വീമ്പടിക്കുന്നതു കണ്ട് മടുത്തതാണ്. എന്റേത് നാല്പത്തിനാലാണ് എന്നൊക്കെ എത്ര അഭിമാനത്തോടെയാണ് കൊഞ്ചുക. സ്ലാവെൻകാ, മാരിയാ, ഫർഹാനാ, ഗാർഗി, ....

ശരി, വെച്ചോ അവിടെ - ആർക്കു വേണം!

ഇതെന്താണ് ചക്കയൊന്നുമല്ലല്ലോ ഇങ്ങനെ മുഴുത്തതാവാൻ. എനിക്ക് വേണ്ടെന്നേ. എല്ലാ ആണുങ്ങളും ഒരേ പോലെ വലിപ്പം കൊതിച്ചു നടക്കുകയാണെന്നങ്ങോട്ട് നിശ്ചയിക്കാമോ. സൗന്ദര്യത്തിൽ താല്പര്യമുള്ളവരും ഉണ്ടാവും എന്ന് ഓർക്കണ്ടേ.
അപ്‌സരസ്സുകൾക്ക് അവ അപക്വം പോലെയുള്ളതാവുമേത്ര.

അത് എനിക്ക് തീർച്ചയില്ല. പക്ഷേ തായ് സുന്ദരിമാർക്കും മറ്റും അത് അങ്ങനെയാണെന്ന് അറിയാം. ചൈനീസ്, ജാപനീസ്, കൊറിയൻ പെണ്ണുങ്ങളും അതെ. പരിഷ്‌കാരമായി സിലികൺ വെച്ചുപിടിപ്പിക്കാത്തിടത്തോളം.
എന്തായാലും അഭിരുചി ഉണ്ടാവുമല്ലോ ഒരാൾക്ക്. ഇതിനെ സെക്‌സിസ്​റ്റ്​എന്നൊക്കെ വിമർശിക്കാൻ പാടുമോ. വേറെ ചിലർ പെഡോഫിലീയാ പോലെ ഒരു പന്തികേടാണ് എനിക്ക് എന്ന് കുറ്റപ്പെടുത്തും. ഉവ്വുവ്വേ, ഇങ്ങോട്ടു വാ ആരോപണവുമായി.

അത്തരത്തിലുള്ള കുഴപ്പമൊന്നും ഇല്ല എനിക്ക് എന്ന് സ്വയം ബോദ്ധ്യപ്പെട്ടിട്ടുള്ള ഒരാൾ ആണ് ഞാൻ. പോരെങ്കിൽ മനഃശാസ്​ത്രജ്ഞൻ തന്ന സാക്ഷ്യപത്രവുമുണ്ട് എന്റെ പക്കൽ. ചെറിയ മുലയുള്ള സ്ത്രീയെയാണ് ഇഷ്ടം എന്ന് - അല്ലെങ്കിൽ സ്ത്രീക്ക് അത് ചെറുതായിരിക്കുന്നതാണ് എന്നെ ആകർഷിക്കുന്നത് എന്ന് - ഒരാൾക്ക് തോന്നുന്നത് ഒരു കുറ്റമാണോ.

സ്ത്രീകൾ രേഖപ്പെടുത്താറില്ലേ ഇത്തരം അഭിപ്രായങ്ങൾ.

നിങ്ങൾക്കറിയാഞ്ഞിട്ടാണ്, ഇപ്പോഴത്തെ പെൺകുട്ടികളുണ്ടല്ലോ, അവരുടെ ഓരോ വചനം കേട്ടാൽ ഞെട്ടിപ്പോവും നിങ്ങൾ. ആ വിസ്മയ ഒരു ഉദാഹരണം. ത്രീസം ആണെങ്കിൽ കൂടെ വരാമേത്ര അവൾ.

എന്താണ്, എന്റെ ഒപ്പം ഒറ്റയ്ക്കാവുന്നത് പേടിയായിട്ടാണോ വിസ്മയാ.
അതല്ല അൻക്ൾ, ഞാൻ സർ എന്നു വിളിക്കണ്ടല്ലോ, വേണോ?
നിന്റെ ഇഷ്ടം പോലെ ബെയ്ബ്.

ഞാൻ ഉദ്ദേശിച്ചത് ഒരു പത്തിരുപത്തേഴു വയസ്സുള്ള ഏതെങ്കിലും ചേച്ചി കൂടി ഉണ്ടെങ്കിൽ, ഞങ്ങളുടെ രണ്ടാളുടെയും പ്രായം കൂട്ടിയാൽ ഏകദേശം അൻക്ൾ ന്റെ ഒപ്പം എത്തുമല്ലോ. അങ്ങനെ ഒരു ത്രീസം - നന്നാവില്ലേ അത്? ....

ഇതിനു മുമ്പ് ഇത്തരം വർത്തമാനം കേട്ടത് കഴിഞ്ഞ കൊല്ലം എപ്പോഴോ ആണ്. ഹിരൺ ബാലനടനിൽ നിന്ന് മുതിർന്ന സമയം. തനിക്ക് ത്രികോണം പഥ്യമാണ് എന്ന് അവൻ എന്റെ മുഖത്തു നോക്കി പറഞ്ഞു. അതായത്, മറ്റൊരു ആണ് വേണ്ട അവന് കൂടെ, അത് അവന് സഹിക്കാനാവില്ല. രണ്ട് പെൺകുട്ടികളോടൊപ്പം കളിച്ചു തിമർക്കാം താൻ എന്നേ ഉദ്ദേശിക്കുന്നുള്ളൂ അവൻ. അല്ലാതെ വേറെ എന്ത് ത്രികോണം.

ത്രികോണമത്സരം എന്നും വിശേഷിപ്പിക്കാം അതിനെ അല്ലേ. മൂന്നു വശങ്ങൾ ഉന്തും തള്ളും പിടിവലിയും ഇല്ലാതെ, യാതൊരു തർക്കവും ഇല്ലാതെ രമ്യതയിലായിരിക്കും എപ്പോഴും എന്നു പ്രതീക്ഷിക്കാൻ വയ്യല്ലോ എന്തായാലും. പിന്നെ സമചതുരം എന്ന സാദ്ധ്യതയാണുള്ളത്. നാലുപേർ ഒരേ സമയം രാസപ്രവർത്തനത്തിൽ മുഴുകുന്ന സന്തുലനാവസ്ഥ.

വിസ്മയയും ഹിരണും ഊതിയതു തന്നെ, എന്നെ...

ഗുപ്തൻ തന്റെ മുപ്പത്തിമൂന്നാം നിലയിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു.
എൽദറാഡോ 33 എന്ന ഈ സൗധത്തിന്റെ മുപ്പത്തിമൂന്നാം നിലയുടെ മൂന്നിൽ ഒന്ന് എനിക്കു കിട്ടിയത് ഭാഗ്യം കൊണ്ടാണ്. ബോബി എന്റെ ഒരു ആരാധകനായതിനാൽ ആദ്യമേ വിളിച്ചുചോദിച്ചു, ഇത് വേണോ എന്ന്. ഇത് വാങ്ങാൻ മാത്രം കള്ളപ്പണമൊന്നും അപ്പോൾ കയ്യിലുണ്ടായിരുന്നില്ല. അതായത് കടം തീർന്നിട്ടില്ല ഇപ്പോഴും. പക്ഷേ ക്രീഡാവിനോദങ്ങൾക്കെല്ലാം സൗകര്യമുള്ള ഒരു കേളീഗൃഹം സ്വന്തമായി. ഇനി രഹസ്യജീവിതം തുടങ്ങുകയേ വേണ്ടൂ.

താഴെ നിൽക്കുമ്പോൾ തെരുവിൽ ഒരു അമ്മയും മകനും മുകളിലേയ്ക്കു നോക്കി ഇതിന് എത്ര നിലകളുണ്ട് എന്ന് എണ്ണാൻ ശ്രമിക്കുന്നത് കണ്ടു. കഴുത്ത് കടഞ്ഞിട്ടും കണ്ണ് കഴച്ചിട്ടും അവർ അതിൽ നിന്നു പിന്മാറിയില്ല. എണ്ണം ഇടയ്ക്കു വെച്ച് തെററുമ്പോൾ ആദ്യം പൂജ്യത്തിൽ നിന്നു തുടങ്ങി.

എന്തോ, പെട്ടെന്ന് ഒരു നിമിഷം ആ കുട്ടി ഞാനല്ലേ എന്ന് തോന്നിപ്പോയി.
ഇന്നലെ ആദ്യമായി ഇത് കാണാൻവേണ്ടി വന്നപ്പോൾ കുറേ നേരം മട്ടുപ്പാവിൽ നിന്ന് കടലിലേയ്ക്ക് നോക്കിക്കൊണ്ട് നിന്നു. അനന്തത എന്നാൽ ഇങ്ങനെ വേണം. നോക്കെത്തും ദൂരത്തെല്ലാം അതു തന്നെ, അപാരത.

അതിനു തൊട്ടിപ്പുറത്തെ ജനലിന്റെ ചില്ലിൽ അപ്പോഴാണ് ഒരു പട്ടം വന്ന് മുട്ടിയത്. കുറേ നേരം കാറ്റിലാടിയാടി അത് അവിടെത്തന്നെ തങ്ങി നിന്നു. ആര് അയച്ചു ആവോ അതിനെ ഇവിടെ വന്ന് മുട്ടിവിളിക്കാൻ.

തന്റെ പഴയ നില മറക്കരുതേ ഗുപ്താ എന്ന് ആരോ ഉച്ചരിച്ചോ ഇപ്പോൾ.

കഴിഞ്ഞ പടം ചെയ്തതിന്റെ കുറേ കാശ് കിട്ടാനുണ്ട്. കള്ളക്കടത്തു സ്വർണമാണ് ആദ്യം അവർ കുറച്ച് തന്നത്. അത് കൂടാതെ ആ നിത്യയുടെ ആഗ്രഹത്തിനു വഴങ്ങിയാൽ നല്ല പ്രതിഫലം പ്രതീക്ഷിക്കാം. കടമൊക്കെ പെട്ടെന്ന് വീട്ടാമെന്നേ.
ആരെയും അറിയിച്ചിട്ടില്ല ഈ പുതിയ ലാവണത്തെപ്പറ്റി. അറിയേണ്ടവർ അറിഞ്ഞാൽ മതിയല്ലോ. അത് ആരൊക്കെയാവണം എന്നാലോചിച്ചാൽ പോരേ.
ജനലിന്റെ ഒരു പാളിയുടെ ചില്ലിൽ ഇപ്പോൾ നോക്കുമ്പോൾ ഇതാ പക്ഷിക്കാഷ്ഠം കാണുന്നു. എങ്ങനെ സാധിക്കുന്നു അവയ്ക്ക് അത് ചില്ലിൽ ഇങ്ങനെ വീഴ്ത്തിയിട്ടു പോവാൻ. കാ കാ എന്നു കരയുന്ന കേക എന്ന പക്ഷി തന്നെയാവും അത് - അല്ലേ.
കേക ഒരു പക്ഷി തന്നെയാണോ.

പക്ഷേ കേക ഇത്ര ഉയരത്തിൽ പറക്കുമോ. പരുന്തിന്റെ പണിയാവില്ലേ ഇത്. റാകിപ്പറക്കുന്ന ആ പഹയൻ - മാമാങ്കവും കടലും പത്തേമാരിയും ഒക്കെ ആകാശത്തു നിന്നു കാണുന്നവൻ.

കരയുന്ന കുഞ്ഞിനു കാകോളം

(ത്രിവേണി, ചാതുരി, പഞ്ചമി, ഷഡാനനൻ )

പ, ചാ, ത്രി: (പാടിക്കൊണ്ടിരിക്കുന്നു, റൈം )

കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ കുഞ്ഞേ കുഞ്ഞേ വാപൊളിച്ചേ വായയ്ക്കകത്തൊരു നാക്കുണ്ടോ...

ഷ: (പ്രവേശിച്ച് ) ഏയ്, കാട്ടുതീയിൽ പെട്ട് ആളുകൾ മരിച്ചത് കേട്ടോ നിങ്ങൾ?
ചാ: അത് അണയ്ക്കാൻ പാടുപെട്ടവരാണ് - കഷ്ടം, അല്ലേ.
ഷ: അതല്ല ബ്രോ, പ്രശ്‌നം അല്ല അപ്പോഴും ആർക്കും പ്രധാനം.
പ: അതെ, തീയിൽ പെട്ട് ഇങ്ങനെ ഫോറസ്റ്റ് ഗാർഡ്‌സ് മരിച്ചിട്ടില്ല വേറെ എങ്ങും എന്ന് വീമ്പടിക്കാനാണ് ധൃതി.
ഷ: എന്തൊരു കൊച്ചുവർത്തമാനം, അല്ലേ.
ത്രി: അതേപോലെ കെട്ടിടം പൊളിക്കൽ.
ചാ: അതിനെന്താണ് ത്രിവേണി.
ത്രി: അത് ഭംഗിയായി നടത്തിയതിൽ അഭിമാനം. ഇനി കായൽ കടലോരങ്ങളിൽ ഈ പരിപാടി നടത്തുമ്പോൾ വിനോദ സഞ്ചാരികൾക്ക് വിൽക്കാൻ പറ്റുന്ന കാഴ്ചയാക്കും അവർ, ഒരു ഷോ.
പ: കാലാവസ്ഥാ വ്യതിയാനം എന്നൊന്നില്ല എന്ന സിദ്ധാന്തത്തിന്റെ ഉപാതാവ് വരുന്നുണ്ടല്ലോ ഇവിടേയ്ക്ക്.
ചാ: കേരളത്തിലേയ്‌ക്കോ!
ഷ: മിക്കവാറും സാദ്ധ്യതയുണ്ട്, കേരളത്തിന്റെ അപൂർവ്വ മാഹാത്മ്യം കേട്ടറിഞ്ഞിട്ട് ആദ്യം മിക്കവാറും ഇവിടവും സന്ദർശിക്കണമെന്ന് വാശിപിടിക്കും.
ചാ: പക്ഷേ ഈ ഗ്രീൻപീസ്? നടത്തുന്ന കുട്ടിക്കളി കുറച്ച് കൂടുന്നുണ്ട് കേട്ടോ.
പ: കുട്ടിക്കളിയോ, എന്നു വെച്ചാൽ?
ത്രി: ഹ, അവർ എന്തോ ഒരു പുതിയ ഷോ പോലെ ഒന്ന് തുടങ്ങി എന്നു കേട്ടില്ലേ, ഒരു കുട്ടിയെയും കൊണ്ട് ....
ഷ: വെറും കുട്ടിയല്ല ബ്രോ, ശിശു.
ചാ: യാ, ഒരു വയസ്സ് തികഞ്ഞിട്ടില്ലാത്ത ഈ കുഞ്ഞിനെയും കൊണ്ട് സജീവപ്രവർത്തകർ ഇങ്ങനെ ഓരോരോ സ്ഥലങ്ങളിൽ ചെല്ലും.
ഷ: ഹ്ം, എന്നിട്ട് ആ കുഞ്ഞിനെ കരയിപ്പിക്കുന്നതാണ് കഷ്ടം.
പ: കരയിപ്പിക്കുകയോ, അതെന്തിനാണ്?
ത്രി: വിഡീയോ കണ്ടിട്ടില്ല ഞാൻ, പക്ഷേ പറഞ്ഞു കേട്ടു. ആ കുട്ടി കരയുന്നതിന്റെ അർത്ഥം എന്താണെന്ന് ഒരാൾ അടുത്തുനിന്നു കൊണ്ട്....
പ: വിശദീകരിക്കുമോ?
ചാ: ( ചിരിച്ച് ) കാണുക തന്നെ വേണം അത് ... ഹ ഹ, പഞ്ചമിക്ക് വേണമെങ്കിൽ ഒരു സാംപ്ൾ - കൊടുക്കണോ.
ഷ: ഓയാ, ആവാമല്ലോ.
ചാ: ങ്ഹീഹീഹീ - ങുർർർ - ങ്‌ഹ്യേങ്! (കരച്ചിൽ )
ഷ: (വ്യാഖ്യാനിക്കുകയാണ് ) എന്നാലും ഇവിടത്തെ മുതിർന്ന ആളുകളേ!
ചാ: ങുർങുർർർ - ങ്ഹ്ംഹ്ംഹ്ം - ങ്ഹീ - ങ്ഹുഹുഹും!
ഷ: നിങ്ങൾ ചെയ്ത പാതകങ്ങൾക്ക് ശിക്ഷ അനുഭവിക്കാനിരിക്കുന്നത് എന്നെപ്പോലുള്ള പൈതങ്ങൾ!
ചാ: ങ്‌ഹ്യോ ഹ്യോ ഹ്ം ഹ്ം...
ഷ: ഞങ്ങൾ എന്തു തെറ്റു ചെയ്തു ...
ചാ: ങ്ഹ്ം ങോം ഹും ങും.
ഷ: കണ്ണിൽ ചോരയില്ലാത്തവർ ...
ചാ: ങ്‌ഹേങൈഹിംഹും.
ഷ: ക്രൂരമായി ഹീനമായി നീചമായി.
ചാ: ങ്‌ഹോ ഹോങ് ഹും.
ഷ: ഭൂമിയുടെ ഭാവി തന്നെ അപകടത്തിലാക്കി.
ചാ: ങ്യാഹ് ഹം ങ്യേങ് ...
ഷ: എന്റെ ചുറ്റും നിൽക്കുന്ന എല്ലാ മുതിർന്ന മനുഷ്യരോടുമായിട്ടാണീ ചോദ്യം.
ചാ: ങ്ഹൗ ഹിങ് ഹേങ് ...
ഷ: എന്തിനീ കടും കൈ ചെയ്തു നിങ്ങൾ.
ചാ: (പൊട്ടിക്കരച്ചിൽ ) ങ് ഹേങ് ഹേങ് ഹേങ് ...
ഷ: വിങ്ങിപ്പൊട്ടുന്നു.
പ: ലേശം അധികമാണല്ലേ. ഷോ ആയതിനാൽ ഇഫെക്റ്റ് ഉണ്ടാവും. എന്നാൽ ബോധവൽക്കരണത്തിനു വേണ്ടിയാണെങ്കിൽ കൂടി ഇത്രയും ...
ത്രി: നിങ്ങൾ അതിശയോക്തി കാണിക്കുന്നതു പോലെയുണ്ട്, അല്ലാതെ ഇങ്ങനെയൊക്ക ആരെങ്കിലും ചെയ്യുമോ ബ്രോ.
ചാ: ആ പിഞ്ചു പൈതലിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ്​ കൂടി കൊടുത്തു കളയുമോ എന്നാണ് എനിക്കിപ്പോൾ പേടി.
ഷ: അതിലെന്താണ് പേടിക്കാൻ. അത് എല്ലാം അങ്ങനെ തന്നെയല്ലേ ഇപ്പോൾ.
പ: എന്തായാലും ഷഡനേട്ടൻ വ്യാഖ്യാനിക്കുന്നതു കേൾക്കാൻ നല്ല രസണ്ട് ... ഞാൻ ഒന്നു കരഞ്ഞു നോക്കട്ടെ ഇനി?
ഷ: ഓ യാ കരയൂ, നോക്കട്ടെ.
പ: ങ്ങ്യങ്ങ്യങ്ങ്യങ്ങ്യങ്ഹും - ങ്ഹീ - ങുർർർ - ങ്‌ഹേം!
ഷ: എന്നെയെങ്ങാനും തെറ്റിദ്ധരിച്ചാലുണ്ടല്ലോ, കൊന്നു കളയും ഞാൻ, ങ്ഹാ!
ത്രി: ങ്‌റൂം ങ്‌റാം ങ്ങ്യോ .... ഇതിന്റെ അർത്ഥം പറഞ്ഞാട്ടെ ആരെങ്കിലും എന്നാൽ.
പ: ഓ, അത് നീ തന്നെ വിവരിക്കേണ്ടി വരും ത്രിവേണി, നിനക്കറിയാമോ ചാതുരി, ഉം?
ചാ: ഏയ്, എനിക്കെങ്ങനെ അറിയാൻ.
ത്രി: ഷഡാനനനും തോൽവി സമ്മതിച്ചാൽ.
ഷ: ഓ, ഞാൻ എപ്പോഴേ തോററമ്പി.
ത്രി: എന്നാൽ ശ്രദ്ധിച്ചു കേട്ടോളൂ: ഷോ ആയാലും എന്തു ഗോഷ്ഠിയും കാണിക്കാമോ ഇങ്ങനെ. ഒരു ചോരക്കുഞ്ഞിന്റെ നിലവിളി ചൂഷണം ചെയ്യുന്ന ഇവരെല്ലാം എന്തു തരം കാട്ടാളന്മാരാണ്.
ങ്ഹ്രൂംഹ്രീംങ്‌ഹോ!

വഴിയിൽ ഒളിച്ചിരുന്നിട്ട് ഞാൻ അവിടെയെത്തുമ്പോൾ ചാടി വീണ് എന്നെ പിടികൂടുകയായിരുന്നില്ല അവർ. വഴിയിൽ വാഹനം നിർത്തിയിട്ട് എന്തോ ആചമിച്ചു കൊണ്ടു നിന്ന എന്റെയടുത്തേയ്ക്കു വന്ന് നിയമാധിപത്യത്തിന്റെ വിരൽ ചൂണ്ടുകയായിരുന്നു.
അംശുമാനേ, അനങ്ങിപ്പോവരുത്.

ചീവീടുകളുടെ ശബ്ദമല്ലേ ഉണ്ടായിരുന്നത് അപ്പോൾ പശ്ചാത്തലത്തിൽ.
പൊൻകുഴി വരെ പോയി വൈകി തിരിച്ചുവന്നപ്പോൾ മുത്തങ്ങ കഴിഞ്ഞ പാടെ പാതയോരത്തായി ഒന്ന് നിർത്തിയിടാം എന്ന് തോന്നിയതായിരുന്നു. അന്തരീക്ഷം ശാന്തസുന്ദരമായി അനുഭവപ്പെട്ടു. മദ്യപിക്കുകയൊന്നുമായിരുന്നില്ല, കയ്യിൽ ഉണ്ടായിരുന്ന ഒരു ബീർ മൊത്തിക്കുടിച്ചു കൊണ്ട് രാത്രിയുടെ പരവതാനിയിലേയ്ക്ക് അലക്ഷ്യമായി നോക്കിക്കൊണ്ട് വെറുതേ അങ്ങനെ നിൽക്കുകയായിരുന്നുവല്ലോ ഞാൻ.

ഹലോ, എന്താണിവിടെ നടക്കുന്നത് എന്ന് അറിയണമെന്നുണ്ടായിരുന്നു.
ഒന്നുമില്ല, ഞാൻ പൊൻകുഴി വരെ പോയി തിരികെ പുറപ്പെട്ടതാണ്. ഇടയ്ക്ക് കാർ ഒന്നു നിർത്തി ഇത്തിരി നേരം ഇവിടെ വെറുതെ നിന്നു നോക്കാമെന്ന് ഒന്നു തോന്നിപ്പോയതാണ് - മൂത്രശങ്കയും ഉണ്ടായിരുന്നു ... ഈ ജീപ്പ്​, പൊലിസ് ആണോ വനം വകുപ്പ് ആണോ?

അതേതായാലെന്ത്, കാട്ടിൽ ഈ നേരത്ത് വെറുതേ വണ്ടി നിർത്തിയിടുന്നത് ആശാസ്യമാണോ. പോരെങ്കിൽ കുടിക്കുകയുമാണല്ലോ നിങ്ങൾ. അത് തീർച്ചയായും കുററമല്ലേ?

അത് .... സമ്മതിച്ചു ഞാൻ. പക്ഷേ ഇത് വെറും ബീർ ആണ്, മദ്യമൊന്നുമല്ല, സർ. വേണമെങ്കിൽ പിഴ അടയ്ക്കാൻ തയ്യാറാണ് ഞാൻ, വേണമെങ്കിൽ.

ഹ്ം, അതു പോരാ സുഹൃത്തേ. വെറും പൊലിസ് അല്ല ഞാൻ, സ്പെഷൽ ഫോഴ്​സ് ആണ്. ഇടികൊള്ളിയാൻ. ഈ മാഓ പോലുള്ള തീവ്രവാദികളെ നോക്കി നടക്കുന്ന നിയമപാലകൻ. ഇനി ഇപ്പോൾ നിങ്ങളെ കൊണ്ടുപോയി നിങ്ങൾ അത്തരം ഒരു ഇസ്റ്റ് അല്ല എന്നു ബോദ്ധ്യപ്പെട്ടിട്ടേ എനിക്ക് നിങ്ങളെ വിടാനാവൂ.

അയ്യോ, അതെന്തിന്, എന്റെ കയ്യിൽ എല്ലാ രേഖകളും ഉണ്ട്... വളരെ മര്യാദക്കാരനായ ഒരു ഓഫിസർ ആണ് ഞാനും, വാർത്തകൾ വായിക്കുന്ന അംശുമാൻ ...

അതൊക്കെ നിങ്ങളുടെ ഇഷ്ടം. വാർത്ത വായിക്കുകയോ വിഴുങ്ങുകയോ ഒക്കെ ചെയ്യാം, അത് നിങ്ങളുടെ സൗകര്യം. ഇപ്പോൾ കാർ എടുത്ത് ഞങ്ങളുടെ പിന്നാലെ വരൂ - അധികം വൈകില്ല - രേഖകൾ പരിശോധിക്കണം, ഒപ്പിടണം അവിടെ. പിന്നെ ചിലപ്പോൾ സമൺസ്? വന്നാൽ കോടതിയിൽ ഒന്ന് ചെല്ലേണ്ടി വരും...

അംശുമാൻ അമ്പരന്ന് നിന്നു. എന്തു ചെയ്യും ഇനി ഇപ്പോൾ?
ക്ഷമാപണം നടത്തുകയോ. അങ്ങനെ അപേക്ഷിച്ചിട്ടൊന്നും ശീലമില്ല.
ഇതുവരെ ആരും ഇങ്ങനെ മുൾമുനയിൽ നിർത്തിയിട്ടുമില്ല എന്നെ. കണ്ടാൽ തന്നെ തിരിച്ചറിയാറുണ്ട് കുറേ പേർ. ഇയാളുടെ പിടുത്തത്തിൽ നിന്നു രക്ഷപ്പെടാൻ ഒരു വഴിയും കാണുന്നില്ല പക്ഷേ. ഉറപ്പിച്ചിട്ടു തന്നെയാണ് അയാൾ. കാരണം അയാൾക്ക് കണക്കിൽ ചേർക്കാൻ ഒരു ഇരയെ കിട്ടിയിരിക്കുകയല്ലേ. താൻ ശുഷ്‌കാന്തിയോടെ ജോലി നോക്കുന്നുണ്ട് എന്നു തെളിയിക്കാൻ ഒരു അവസരവും.
അതായത് സർ, അംശുമാന് തന്റെ വാക്കുകൾ വിക്കുന്നുണ്ടെന്ന് തോന്നി, സോസോറി, എന്നെ വെറുതെ വിടാവുന്നതല്ലേയുള്ളൂ - അബദ്ധം പറ്റി എന്ന് ഞാൻ സമ്മതിക്കുന്നു.

ഓ യാ, എന്നാൽ കേൾക്കട്ടെ, എന്തെല്ലാം കുററം ചെയ്തിട്ടുണ്ട് ഇപ്പോൾ?

ഞാൻ കാട്ടിൽ കാർ നിർത്തി പുറത്തിറങ്ങി നിന്നു, ബീർ കുടിച്ചു, പുകവലിയും ഉണ്ടായിട്ടുണ്ട്.

ഹാ, സാമാന്യം നല്ല ഒരു കുറ്റപത്രത്തിനു വകയായല്ലോ.

ക്ഷമാപണം ചെയ്താൽ, മതിയാവില്ലേ.
ഏയ്, അതൊന്നും പറ്റില്ല സുഹൃത്തേ. നിങ്ങളെ വെറുതേ വിടാൻ എന്തായാലും സാദ്ധ്യമല്ല. ഒപ്പം വന്ന് ഒപ്പിടണമെന്നും ഉറപ്പാണ് ... പിന്നെ, ഞങ്ങളെക്കുറിച്ച് നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർ പ്രചരിപ്പിക്കുന്ന കഥകൾ എന്തെല്ലാമാണെന്ന് എനിക്ക് നല്ലവണ്ണം അറിയാം.

എനിക്ക്... മമമനസ്സിലായില്ലാ.

അല്ല, ഞങ്ങൾ ഒലിവ് ഗ്രീൻ ഉടുപ്പ് കൈവശം വെച്ചിട്ടുണ്ട്. അത്ര പ്രധാനപ്പെട്ടവരല്ലാത്ത ആരെയെങ്കിലും കിട്ടിയാൽ അവരെ കൊന്ന് ആ ഉടുപ്പ് ഇടുവിച്ചിട്ട് മാവോയിസ്റ്റ് എന്ന കുററം അവരുടെ മേൽ ചാർത്തിയിട്ട്, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നു വരുത്തും ... എന്നല്ലേ നിങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.
ഞാൻ ഒരു സർക്കാർ സംവിധാനത്തിൽ വാർത്ത വായിക്കുന്ന ആളാണ് സർ. വിധ്വംസകം പോയിട്ട് അന്വേഷണാത്മകം പോലുമല്ല എന്റെ പ്രവർത്തനം.
എന്തായാലും ശരി, നമുക്ക് നീങ്ങാം. നേരം കളയേണ്ടല്ലോ, കാർ എടുത്ത് ഞങ്ങളെ അനുഗമിക്കുക.

പിൻതുടർന്നാൽ മതിയാവുമോ, സർ.

ഹ ഹ ഹ, ഈ നർമബോധം ഒരിക്കലും കൈവിടരുത് കേട്ടോ.

അംശുമാനും ചിരിച്ചെന്നു വരുത്തി. ഒപ്പിട്ടിട്ടു പോവണം എന്നു ശഠിച്ചാൽ മറ്റെന്തു ചെയ്യാനാണ്. ചെറിയ തോതിലാണെങ്കിലും കുററവാളിയായിപ്പോയല്ലോ ഞാൻ. സംശയകരമായ സാഹചര്യത്തിൽ പിടിക്കപ്പെട്ടവൻ. പുകവലിച്ചതുമല്ലേ അവിടെ നിന്നു കൊണ്ട്. കാട്ടുതീ ഉണ്ടാക്കാൻ ഒരുമ്പെട്ടു എന്നു കൂടി ആരോപണം ഉണ്ടാവാമല്ലോ.

പ്രധാനപാത വിട്ട് കുറേ ഉള്ളിലേയ്ക്കു പോയിട്ടായിരുന്നു അവരുടെ ഓഫിസ്. തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു താൽക്കാലിക കാര്യാലയം. നല്ല വെളിച്ചമോ മററു സൗകര്യങ്ങളോ ഇല്ലാത്ത അതിനകത്തേയ്ക്ക് അംശുമാനെ അയാൾ ക്ഷണിച്ചു.
ഞാൻ ഇതെല്ലാം എന്റെ ആത്മകഥയിൽ എഴുതും ഇൻസ്​പെക്​റ്റർ-
ഉടനെ ഇറങ്ങുമോ അത് ... ലിൻക് തന്നാൽ ഞാനും വായിച്ച് അഭിപ്രായം അറിയിക്കാം.

നോക്കാം, ഇപ്പോൾ ഒപ്പിടുവിച്ച് വിടാമോ എന്നെ. എനിക്ക് ഇത്തിരി തിരക്കുണ്ട്.
എന്താണ്, തൂറാൻ മുട്ടുന്നുണ്ടോ - സൗകര്യമുണ്ടാക്കണോ ഇവിടെ?
അല്ല സർ, വേറെ എന്തിനൊക്കെയോ മുട്ടുന്നുണ്ട്.

അങ്ങനെയാണെങ്കിൽ ഒന്നു ചെയ്യാം ഞാൻ സാറേ, വെള്ളക്കടലാസിൽ ഒപ്പിട്ടു വാങ്ങാം, കുററപത്രം അതിന്റെ മേലെ എഴുതിച്ചേർത്തോളാം - സമ്മതമാവുമോ.
ഓ യാ, എന്തുകൊണ്ട് പാടില്ല.

വാർത്ത സൃഷ്ടിക്കാൻ തന്നെയുള്ള ശ്രമമാണ്, അല്ലേ സർ ... നിങ്ങളെ വെറുതെ വിട്ടാലും നിങ്ങൾ ഇതെല്ലാം എവിടെയെങ്കിലും പ്രസിദ്ധീകരിക്കും എന്ന് എനിക്കറിയാം. അപ്പോൾ പിന്നെ ഞാൻ എന്തിന് അതു ചെയ്യണം.
വേണ്ടെങ്കിൽ വേണ്ട വെണ്ടയ്ക്കാസാമ്പാർ കൂട്ടേണ്ടാ...

മാത്രമല്ല, ഒരു അന്ധവിശ്വാസവുമുണ്ട് എനിക്ക്. ശ്രദ്ധിച്ചു കേട്ടോളൂ. കഥയിൽ ചേർക്കാം ഇതും നിങ്ങൾക്ക് ... ഇന്ന് ഞാൻ ആദ്യം പിടിച്ചത് മൂന്നു പേരുള്ള ഒരു സംഘത്തെയാണ് - രണ്ടാണും ഒരു മുതിർന്ന സ്ത്രീയും. ബന്ധുക്കളാണെന്നു തോന്നിയില്ല, സദാചാരലംഘനം ആവാം. ത്രീസം ആവാം ഉദ്ദേശ്യം. പിന്നെ കണ്ടത് രണ്ട് ആണുങ്ങൾ - അവർ നിങ്ങൾ നിന്നയിടത്തു നിന്ന് കുറച്ചപ്പുറത്തായിരുന്നു, ഏതാണ്ട് ഒരു മണിക്കൂർ മുമ്പ്. വഴിവക്കിൽ നിന്ന് ചുംബിക്കുകയായിരുന്നു അവർ, ഒപ്പം സെൽഫീ എടുത്തുകൊണ്ട് - രണ്ടാളും. നാശം, എനിക്കിതെല്ലാം കണ്ടാൽ ദുഃശകുനം പോലെ തോന്നും ... എന്തായാലും ആ ക്രമം ഞാൻ സൂക്ഷിച്ചു. മൂന്ന് - രണ്ട് - ഇപ്പോൾ ഇതാ, ഒന്ന്. ഒരു ഒറ്റയാനെ കയ്യിൽ കിട്ടണം എന്നു കരുതി വരുമ്പോൾ ഇയാളെ കിട്ടി. കട പൂട്ടാൻ നേരവുമായല്ലോ.

നല്ല കഥ, ഇൻസ്​പെക്​റ്റർ.

മൂന്ന് - രണ്ട് - ഒന്ന് ഒത്തു കിട്ടണ്ടേ എനിക്ക്. അപ്പോൾ നിങ്ങളെ എങ്ങനെയാണ് വെറുതേ വിടുക അംസുമൻ.

വേണ്ടല്ലോ ഹേ. ഒപ്പിട്ടല്ലോ ഞാൻ ഇതാ.

അതു നന്നായി സർ, നമുക്ക് വീണ്ടും കാണാം.

അതിനിടയിൽ അംശുമാൻ പുറത്തേയ്ക്കിറങ്ങിയിരുന്നു. മുമ്പ് പ്രസ്താവിച്ച കുറ്റങ്ങൾ തന്നെയാണ് ഉള്ളത്. വിളിപ്പിച്ചാൽ കോടതി സമക്ഷം ഹാജരാവേണ്ടി വരും. എന്നാലും ഇവിടെ നിന്ന് വിട്ടുകിട്ടിയല്ലോ ഇപ്പോൾ. ശ്വാസംമുട്ട്, മനംപിരട്ടൽ, എന്തെല്ലാമാണ് അനുഭവിച്ചത് ഇത്തിരി നേരം കൊണ്ട്.

സ്വാതന്ത്ര്യം എന്ന ആശയം തരക്കേടില്ല കേട്ടോ. അയാൾ അറിയാതെ ഒന്ന് ചൂളം വിളിച്ചു പോയി. ഹോ, ഇവിടെ അത് നിരോധിച്ചിട്ടുള്ളതാണോ ആവോ.
കേട്ടിട്ടില്ലേ കാട്ടിൽ ചൂളമടിക്കരുതെന്ന്. എന്താണ് നിങ്ങളുടെ അഭിപ്രായം, ശ്രീമാൻ അഷ്ടാവക്രൻ?

അതെ, അയാൾ അതു തന്നെ. അയാളുടെ നെഞ്ചിലെ പിച്ചളയിൽ കൊത്തിവെച്ചിരിക്കുന്നത് വായിച്ചു ഞാൻ. ഹഹഹ, എന്നോടാണോ കളി കാലഭൈരവാ. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments