ആ നദിയോട് പേര് ചോദിക്കരുത്

‘Then what? A woman osldier shouted:Is that you again? Didn't I kill you?I said: You killed me, and I forgot, like you, to die.'- In Jerusalem, Mahmoud Darwish

തിങ്കൾ, മെയ് 10, 2021.

ക്കരെ, കെദ്രോൺ താഴ്​വരയിലേക്ക് ചാഞ്ഞിറങ്ങുന്ന മഞ്ഞവെയിൽ, മലഞ്ചെരിവിൽ, വെള്ളക്കൽമതിലിനുള്ളിൽ പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന വലിയ സെമിത്തേരിയിൽ, അലസം വീണുപരന്നു.

തലമുറകളുടെ നിതാന്തനിദ്രക്ക് കാവലായി ബദാം, ഓക്ക്, സൈപ്രസ് നിരകളുടെ വിഷാദം നിഴൽ പരത്തിനിന്നു. കാലങ്ങളായി അവർ യാഹ്വേയുടെ വരവ് കാത്തുകിടക്കുന്നു. ഒലിവുമലക്ക് മുകളിൽ അവൻ പ്രത്യക്ഷനാകുന്നതും കാത്ത്.

കാത്തുനിൽക്കുകയാണ് അഷേറും, മരണം പതിയിരിക്കുന്ന മലമുകളിൽ.
പുരാതനനഗരം ചുറ്റുന്ന പ്രധാനപാതയിലേക്കുള്ള ചരിവിൽ, ടെമ്പിൾമൗണ്ടിലെ ലയൺസ് ഗേറ്റിനരികിലാണ് ഇപ്പോൾ അഷേർ. റമദാൻ അവസാനിക്കുകയാണ്. സഹൽ പെരുന്നാളിന് മസ്ജിദുൽ അക്‌സയിൽ പ്രാർത്ഥനക്കെത്തും. പക്ഷെ അൽ അക്‌സ വളപ്പ് പോലീസ് വളഞ്ഞിരിക്കുന്ന സമയത്ത് എങ്ങനെ അവൻ അകത്തു കടക്കുമെന്നറിയില്ല. സുൽത്താൻ സുലൈമാൻ സ്ട്രീറ്റിലെ ആൾത്തിരക്കിലൂടെ, വളഞ്ഞും തിരിഞ്ഞും, ചൂളമടിച്ചുകൊണ്ട്, അവൻ സൈക്കിളിൽ വരുന്നതായി അഷേറിനു തോന്നി. പണ്ടൊരു ദിവസത്തിലെന്നപോലെ.

ട്വിറ്ററിലെ മസ്ജിദുൽ അക്‌സ റെയിഡിന്റെ ഭീതിദദൃശ്യങ്ങൾ അഷേർ സ്‌ക്രോൾ ചെയ്തു. പള്ളിപ്പരിസരം പുകയും പൊടിയും മൂടിനിൽക്കുന്നു. പൊട്ടിത്തെറിക്കുന്ന ഗ്രനേഡുകൾ. നിലയ്ക്കാത്ത നിലവിളികൾ. ആളുകൾ അഭയംതേടി പള്ളിക്കുള്ളിലേക്കും പുറത്തേക്കും ഓടുന്നു. തലങ്ങും വിലങ്ങും പായുന്നുണ്ട് കല്ലുകൾ. മതിലിനരികിൽ ഒരാളെ പോലീസ് ഓടിച്ചുപിടിച്ച് കസ്റ്റഡിയിലെടുക്കുന്നത് കാണാം. അഷേർ നടുങ്ങി. ആ മുഖം പരിചിതമാണ്. എവിടെയോ കണ്ടിരിക്കുന്നു!

ആന്തലോടെ അവൻ വാർത്തകൾ ഒന്നൊന്നായി പരതി. തലയ്ക്ക് പരിക്കേറ്റ ജൂതപ്പെൺകുട്ടിക്ക് ചികിത്സ നൽകിയതായി ഹദസ്സ മെഡിക്കൽ സെന്ററിന്റെ റിപ്പോർട്ട്. പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങൾ.
‘വിശുദ്ധ റമദാൻ മാസത്തിൽ എന്തിനാണവർ ഞങ്ങളുടെ അക്‌സ പള്ളിയെ ആക്രമിക്കുന്നത്?' - ‘Warrior of Light' ന്റെ ഫേസ്ബുക്ക് പേജിൽ ജാവേദ് എന്നൊരാൾ രോഷം കൊള്ളുന്നു.
‘പള്ളിയിൽ പ്രാർത്ഥിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് വെടിയൊച്ച കേൾക്കുന്നത്. ഇവർ ഒരു മതയുദ്ധം ആരംഭിക്കുകയാണ്.' അയാളുടെ അമർഷം നുരഞ്ഞുപതയുന്നു.

വെയിൽ ചാഞ്ഞു. ഉള്ളിൽ ചൂടേറുകയാണ്.
പകൽ മുഴുവൻ അവനെ തേടിയലഞ്ഞ ക്ഷീണമുണ്ട്. മനസ്സും ശരീരവും തളർന്നിരിക്കുന്നു. എങ്കിലും അവനെ കണ്ടെത്താതെ മടക്കമില്ല. നെഞ്ചിൽ നിലവിളിക്കുന്നു അവന്റെ കവിത...യുഗങ്ങളായ് ഗലീലിയിൽ പൊന്തിനീങ്ങി ദ്വീപുകളായ ഹാ സങ്കടങ്ങളേ, നോക്കൂ, ഈ മൺതുരുത്തുകൾ അഗ്‌നിപർവതമാകും കാലം വരുന്നു. കവർന്നെടുത്തു അവർ, മാമമാരുടെ നിശാഗീതം, ബാബമാരുടെ വിരൽതുമ്പുകൾ, വെളിച്ചം, ചിരി... കവർന്നെടുത്തു, ഇപ്പോഴും പുതുതായി തോന്നുന്ന ഹോ... ആ പഴയ മുന്തിരി സന്ധ്യകൾ, പ്രഭാതങ്ങൾ...

നോക്കിനിൽക്കേ പെട്ടെന്ന് മുന്നിൽ ഒരു ബഹളം.
കാറുകൾക്കുനേരെ കല്ലെറിയുകയാണ് ഒരു യുവാവ്.
ഒരു വെളുത്ത കാർ ഫുട്പാത്ത്​ വരെ അവന്റെ പിന്നാലെ ഓടിക്കയറുന്നു.
ഭാഗ്യം. അതവനെ ഇടിച്ചിട്ടില്ല! പെട്ടെന്ന് ഒരു കൂട്ടം യുവാക്കൾ എങ്ങുനിന്നോ ഇരച്ചെത്തി. വെള്ളയും കറുപ്പും മീൻവല ഡിസൈൻ കെഫിയ തലയിൽ ചുറ്റിയവർ. പലസ്തീനി യുവാക്കൾ. അവർ ആ വാഹനത്തിന്റെ വാതിലുകൾ വലിച്ചു തുറക്കുകയാണ്. കാറിനുള്ളിലെ മനുഷ്യനെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമമാണ്.

യഹൂദനാണ്. കിപ്പ വെച്ചിട്ടുണ്ട്. അഷേർ പകച്ചുനിന്നു. അപകടം മണത്തറിഞ്ഞെന്നവണ്ണം ഉടൻ സൈറൺ മുഴങ്ങി. നിമിഷങ്ങൾക്കകം പോലീസ് ഇരച്ചുവന്നു. ചെറുപ്പക്കാർ ചിതറിയോടി. നഗരത്തിന്റെ, പ്രത്യേകിച്ചും ടെമ്പിൾമൗണ്ടിന്റെ, ഓരോ മുക്കിലും മൂലയിലും ക്യാമറയുണ്ട്. ഓരോ നൂറു മീറ്ററിലും പോലീസുമുണ്ട്. ചിലപ്പോൾ മഫ്തിയിൽ. അല്ലെങ്കിൽ യൂണിഫോമിൽ.
ഒരു കല്ല് അഷേറിനെ തൊട്ടുതൊട്ടില്ല എന്നമട്ട് പറന്നുപോയി. അവൻ തല വെട്ടിച്ചു.
‘താങ്കളുടെ മാസ്‌കെവിടെ? എന്തിനിവിടെ നിൽക്കുന്നു? വീട്ടിൽ പോകൂ. ഭ്രാന്തൻമാർ ഇളകിയിരിക്കുന്നു.' ലയൺസ് ഗേറ്റിലൂടെ അകത്തേക്ക് പാഞ്ഞ പോലീസുകാരൻ വിളിച്ചുപറഞ്ഞു. അയാളുടെ പോക്ക് നോക്കിനിന്നപ്പോൾ ഒരു തീപ്പന്തം ഓടിപ്പോകുന്നതായി അവനു തോന്നി.

ഭ്രാന്തൻമാർ... അഷേർ ആവർത്തിച്ചു. ആത്മനിന്ദയോടെ.
നഗരമതിലിന് ഇപ്പോൾ തീ പിടിക്കുമെന്നും എട്ടു കവാടങ്ങളും ആളിക്കത്തുമെന്നും ഒരു പ്രവചനസ്വരം അഷേർ കേട്ടു. വിഷപ്പുക ഉയരുന്ന അഗ്‌നിപർവ്വതമായി ടെമ്പിൾമൗണ്ട് മാറുമെന്ന വിചാരത്തിൽ അവൻ അടിമുടി വിറച്ചു.

കുറേ നേരമായി ഈ കാത്തുനിൽപ്പ്. എവിടെ പോയി അന്വേഷിക്കുമവനെ? അതോ അന്വേഷിച്ചു പോകാതിരിക്കുകയാണോ ബുദ്ധി? മുസ്​ലിം ക്വാർട്ടറിൽ സഫാമർവാ കോഫീ ഷോപ്പിലെ, സുലൈമാന്റെ അടുത്തേക്ക്, പണ്ടൊരിക്കൽ സഹലിനൊപ്പം കയറിച്ചെന്നത് അഷേറിന് ഓർമ്മവന്നു. വൈകുന്നേരത്തെ മങ്ങിയ വെളിച്ചത്തിലേക്ക് നോക്കിയുള്ള സുലൈമാന്റെ ആ ഇരിപ്പ്, മാസങ്ങൾ കഴിഞ്ഞിട്ടും, ഇപ്പോഴും അഷേറിന് കാണാൻ പറ്റുന്നുണ്ട്. അന്നാദ്യമായി കണ്ടമാതിരി, വലതുവശം ചരിഞ്ഞുള്ള ആ ഞൊണ്ടിനടത്തവും. പുരാവസ്തു ശാസ്ത്രത്തെക്കുറിച്ച് എന്തോ ചിലത് അയാൾ ആരായുന്നതും, അതിശയത്തോടെ സഹൽ അയാളെ നോക്കിയിരിക്കുന്നതും, ഇപ്പോഴും കാണാൻ പറ്റുന്നുണ്ട്. സുലൈമാന് അവനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ കഴിഞ്ഞേക്കാം. നാനൂറ്റിയൊന്ന് ഇടവഴികൾ തലങ്ങും വിലങ്ങും പോകുന്ന സമുച്ചയത്തിൽ ഏത് സ്ട്രീറ്റിലാണ് ആ കോഫീഷോപ്പെന്ന് കൃത്യമായി ഓർമ്മയില്ല. സഹലിന്റെ സെൽ ഫോണാണെങ്കിൽ ഇപ്പോഴും സ്വിച്ചോഫാണ്. അഷേറിനെ നടുക്കിക്കൊണ്ട് ഒരു വിചാരം കല്ലുകണക്കെ ചങ്കിൽ വന്നുകൊണ്ടു. ഇനിയെങ്ങാൻ അവരുടെ കസ്റ്റഡിയിൽ കുടുങ്ങിക്കാണുമോ സഹൽ!

ചിത്രീകരണം: ഷാഹിന

സന്ദേഹിച്ചു നിൽക്കെ ഫോൺ ചിലമ്പി. പെങ്ങളാണ്, ലെയ. പരിഭ്രമിച്ചുള്ള വിളിയാണ്.
‘ആഹ്, ഈമാ കരച്ചിലോടു കരച്ചിൽ. ന്യൂസ് കണ്ടിട്ട്. അഷ്‌കിലോണിൽ ഹമാസിന്റെ ഡ്രോൺ...'
‘അഹോത്, ഈമായോട് പറയൂ. ഇവിടെ കുഴപ്പമില്ല. അഷ്‌കിലോൺ എത്ര ദൂരെയാ. ഞാൻ ഫ്‌ളാറ്റിലാ.'
‘നുണയാ, നീ ഇപ്പോൾ ലയൺസ് ഗേറ്റിലാ. ഒരു വീഡിയോയിൽ നീ പെട്ടിട്ടുണ്ട്. ഒരു ലൈവ്.'
‘റിയല്ലി? പറയല്ലേ ഈമായോട്. ആരുടെ പോസ്റ്റ്?'
‘അറിയില്ല. വാട്‌സാപ്പ് ഫോർവേഡ്. കാർ ഒരാളെ ഇടിച്ചിടാൻ നോക്കുന്നത്.'
‘ലെയാ, സഹൽ അപകടത്തിലാ. ഇവിടെ എങ്ങോ ഉണ്ടവൻ. കണ്ടുപിടിക്കണം.' അഷേർ ആകുലപ്പെട്ടു.
‘മണ്ടത്തരം കാണിക്കല്ലേ. അതിനുള്ള നേരമല്ല ഇപ്പം. വേഗം വീട്ടിപ്പോ ആഹ്.'
ലെയയുടെ സംസാരം വേഗത്തിലായിരുന്നു. കടുപ്പത്തിലും.

രണ്ടും കൽപ്പിച്ച്, ലയൺസ് ഗേറ്റിലൂടെ അഷേർ അകത്തു കടന്നു. മുസ്​ലിം ക്വർട്ടറിലെ ഇടുങ്ങിയ നടപ്പാതയിലൂടെ മെല്ലെ നടന്നു. സഫാമർവാ കഫേ അവന് പിടികൊടുക്കാതെ ഒളിച്ചിരുന്നു.
ഇടവഴികളിലേക്ക് ഇരുട്ട് പതുങ്ങിയിറങ്ങുന്നു. മൂകമാണ് കവലകൾ. വഴിവാണിഭക്കാരില്ല. സന്ദർശകരില്ല. ഷോപ്പുകൾ മിക്കതും അടഞ്ഞുകിടക്കുന്നു. കഫേയും അടച്ചുകാണും. അകലെനിന്ന് വെടിയൊച്ച കേൾക്കാം. നിലയ്ക്കാത്ത സൈറണുകൾ. എന്തെന്നില്ലാത്ത ഒരു ഭീതി അഷേറിനെ പിടികൂടി.
തുറന്നുവെച്ചിരുന്ന ഒരു കടയിൽ, അബായകൾ വിൽക്കുന്ന ഒന്ന്, ഒരു വൃദ്ധൻ ചാനലിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തൂവെള്ളത്താടിക്കാരൻ. അഷേർ എത്തിനോക്കിയപ്പോൾ അയാൾ ഒന്നു പകച്ചതുപോലെ. മുഖത്ത് ഭയമോ പരിഭ്രമമോ കൂടിക്കുഴഞ്ഞ്. പിടയ്ക്കുന്ന കണ്ണുകൾ.
‘എന്താണ് കുഞ്ഞേ ഈ നേരത്ത്? ആരെയെങ്കിലും അന്വേഷിക്ക്വാ? തിരക്കില്ലെങ്കിൽ ഇവിടെ ഇരിക്കൂ, അൽപ്പം.'
ആ ക്ഷണം സ്വീകരിച്ച് ഏതോ അജ്ഞാത പ്രേരണയിൽ അവൻ അകത്തേക്ക് കടന്നു.
‘എന്താ ബാബാ? എന്തെങ്കിലും വിഷമം?'
'എന്റെ മോനെ അവർ പിടിച്ചുകൊണ്ടുപോയി. കല്ലെറിയാൻ പോയി ആ താന്തോന്നി. എവിടെച്ചെന്നിനി അന്വേഷിക്കും! അവനെക്കൂടാതെ വീട്ടിലേക്ക് ചെല്ലാൻ വയ്യ. അവന്റെ മാമ എന്നെ കൊല്ലും.' വൃദ്ധൻ സങ്കടത്തോടെയും രോഷത്തോടെയും വഴിയിലേക്ക് അലസം നോക്കിയിരുന്നു.
‘അവൻ എറിഞ്ഞത് വെറും കല്ലല്ലേ ബാബാ.'
‘അത് തന്നെയാണ് പ്രശ്‌നം. അവനെറിഞ്ഞ ഒരു കല്ലിനു പകരം ഈ രാത്രി അവർ എത്ര മിസൈലുകൾ പറത്തും? എത്ര പലസ്തീനികളുടെ ജീവനെടുക്കും? പൊട്ടൻമാർ. ജയിക്കുമെന്ന് ഉറപ്പില്ലാത്ത യുദ്ധത്തിനിറങ്ങരുത് കുട്ടീ. ന്യൂസ് കണ്ടില്ലേ, ഞങ്ങടെ നേതാക്കൾതന്നെ എത്ര തട്ടിലാണ്! ദ്രോഹികൾ.' അയാൾ അമർഷംപൂണ്ടു.

അഷേറിന് അയാളോട് എന്തോ വലിയ അടുപ്പം തോന്നി. കാലങ്ങളായി പരിചയമുള്ള ഒരാളെപ്പോലെ.

പോലീസ് സൈറൺ അടുത്തടുത്ത് വരുന്നു. നിരത്തിലെ വെളിച്ചങ്ങൾ അധികവും അണഞ്ഞുകഴിഞ്ഞു. അവിടെയിരുന്നാൽ അൽ അക്‌സാ വളപ്പിലേക്ക് കയറുന്ന കവാടത്തിന്റെ കമാനം കാണാം. പോലീസ് ബന്തവസ്തിലാണ് പ്രദേശം.
വൃദ്ധൻ എഴുന്നേറ്റ് കടയുടെ വാതിൽ മെല്ലെ ചാരി. വിളക്കുകളണച്ചു.
‘ചിലപ്പോൾ നമ്മുടെ പ്രകാശമായിരിക്കാം നമ്മളെ ഒറ്റിക്കൊടുക്കുന്നത്.'
വൃദ്ധൻ ദീർഘമായി നിശ്വസിച്ചു.

കടയിൽ ഇപ്പോൾ ചെറിയൊരു റാന്തൽ മാത്രം.
ഭൂമിയുടെ ഏതോ അറ്റത്തെ ഏകാന്തമായ ഒരു തുരുത്തിലാണ് താൻ എന്ന വിചിത്രമായ വിചാരം അഷേറിനെ പിടികൂടി. ഈ വൃദ്ധനും താനും മാത്രമുള്ള ഒരു മുനമ്പ്. പുറത്ത്, കടലിനു തീ പിടിക്കുന്നു.
‘കുറച്ചുമുമ്പ് സുലൈമാനെ അവർ പിടിച്ചുകൊണ്ടുപോയി.'
അഷേർ ഞെട്ടി.
‘സുലൈമാൻ?'
‘അതെ. കോഫീ ഷോപ്പ് അടച്ചുകൊണ്ടിരിക്ക്വാരുന്നു. ദാ, ആ വളവിനപ്പുറമാ സഫാമർവാ. മുപ്പത് സെക്കന്റ് വൈകിയതിനാൽ അവൻ അകത്തായി. സമയത്തിന്റെ വില!' വൃദ്ധൻ തല ചൊറിഞ്ഞു.
‘എന്തിനാണ് അവരവനെ കൊണ്ടുപോയത്?' അവൻ വിറയലോടെ മിഴിച്ചുനോക്കി.
‘അവിടെ ഒരു പയ്യൻ വരാറുണ്ടായിരുന്നു. കോളേജ് കുട്ടിയാവും. ഇന്നും കണ്ടിരുന്നു. എവിടെയവൻ എന്നുചോദിച്ചാ സുലൈമാനെ ചോദ്യം ചെയ്തത്. അറിയില്ലെന്ന് പറഞ്ഞപ്പോൾ അവരവനെ നിലത്തിട്ടു ചവിട്ടി. പാവം... എത്ര ചവിട്ടുകൊണ്ടിട്ടും ഒന്നും പറഞ്ഞില്ല.'

അഷേർ തരിച്ചിരുന്നു. ഇന്നും അവൻ സുലൈമാനെ കാണാൻ വന്നെന്നോ! എങ്ങോട്ടാണ് അവർ സുലൈമാനെ കൊണ്ടുപോയത്! എവിടെ നീ സഹൽ!
അഷേർ പരിഭ്രാന്തിയോടെ, ആശങ്കയോടെ, വീണ്ടും ‘Warrior of Light' മൊബൈലിൽ പരതി. അൽ അക്‌സയിലെ ചില രംഗങ്ങൾ കൂടി കൊടുത്തിട്ടുണ്ട്. ചുവന്ന തൊപ്പിയിൽ മുഖം മുക്കാലും മറച്ച ഒരാൾ ആൾക്കൂട്ടത്തിൽ തെന്നിനീങ്ങുന്നു. ഇടക്ക് തെല്ലിട വെളിപ്പെട്ട സൂം ചെയ്ത മുഖത്തിന്റെ പാതിയിൽ വലതുകവിളിലെ വലിയ മറുക് അഷേർ കൃത്യമായി കണ്ടു. പോലീസിന്റെ കണ്ണുവെട്ടിച്ച് അവൻ ഇന്നും പള്ളിയിൽ കടന്നിരിക്കുന്നു!
‘സുലൈമാന്റെ പോക്കറ്റിൽനിന്ന് താഴെവീണതാ. വീണുപോയതല്ല. അവരവനെ തള്ളിയിട്ടപ്പം അവനിത് ദൂരേക്ക് എറിഞ്ഞതാവാം.'
ഒരു പോക്കറ്റ് ഡയറി എടുത്തുനീട്ടി വൃദ്ധൻ പറഞ്ഞു. അഷേർ സൂക്ഷിച്ചു നോക്കി. അത് പരിചിതമായിരുന്നു! വളരെ!
‘അതിൽ ചെല പടങ്ങളുണ്ട്. മനസ്സിലായില്ലൊന്നും.' വൃദ്ധൻ നിസ്സഹായനായി.
അഷേർ തിടുക്കത്തിൽ താളുകൾ മറിച്ചു. ഹൃദയം ആർത്തു മിടിക്കാൻ തുടങ്ങി. മസാദയുടെ ചില പെൻസിൽ സ്‌കെച്ചുകൾ. താഴെ SAF എന്ന് ഇനീഷ്യൽ. സഹൽ അൽ ഫാദി! നീ മസാദയിൽ എന്തു ചെയ്യുന്നു! ഇസ്രായേലി പോലീസിന്റെ മൂക്കിൻ തുമ്പിൽ! അഷേർ അമ്പരന്നു. വരകൾക്കിടയിൽ ഒരിടം നന്നായി കറുപ്പിച്ചിട്ടുണ്ട്. എന്താണതെന്ന് അവന് ഊഹിക്കാനായില്ല.

‘സുലൈമാൻ മസാദയിൽ പോവാറുണ്ടോ ബാബാ?' അഷേർ ചോദിച്ചു.
‘ഉണ്ടാവാം. സഫാമർവാ ഷവർമ്മ ഒരു ഷോപ്പിലേക്ക് കൊണ്ടുപോകാറുണ്ട്.'
അതും സഹലും തമ്മിലെന്ത്! അഷേറിന് ഒന്നും പിടികിട്ടിയില്ല. അവൻ റൂത്തിനെ ഓർത്തു. ആബായെ പരിചരിക്കുന്ന മെത്തപ്പേലെത്. അതിലുപരി പെങ്ങളോ കൂട്ടുകാരിയോ ഒക്കെയാണ്. അവൾക്കൊരു വ്‌ലോഗുണ്ട്. ചാനലിനുവേണ്ടി ഹേരോദിന്റെ കോട്ടയും പ്രാചീന ശൈലവും പകർത്താൻ മസാദയിൽ അവൾ പോയിട്ടുണ്ട്. സൂക്ഷ്മമായ നിരീക്ഷണങ്ങൾക്ക് മിടുക്കിയാണ്. എന്തെങ്കിലും ഓർമ്മിക്കാനായാലോ. അഷേർ റൂത്തിനെ വിളിച്ചു.

‘വ്‌ലോഗിലുണ്ട്. ഒരു ഷവർമ്മാ ഷോപ്പ്. നിന്റെ ഒരു പട്ടാളക്കാരൻ ക്ലാസ്‌മേറ്റുമായി എന്തോ ബന്ധമുണ്ട് ആ കഫേയ്ക്ക്. അങ്ങനെ അന്ന് പറഞ്ഞില്ലേ?' റൂത്തിനു സംശയം.

അഷേറിന്റെ മനസ്സിൽ ഒരു കാറ്റ് വീശി. ചാവുകടൽ കടന്നുവന്ന കാറ്റ്. അജ്ഞാതരേഖകൾ കുറിച്ച ഖുമ്രാൻ ചുരുൾപോലെ ആ ഡയറി കൈകളിൽ വിറകൊണ്ടു. നസ്രത്തിലെ ഓൾഡ് മാർക്കറ്റിന്റെ ഹൃദയഭാഗത്തുള്ള സിനഗോഗ് ചർച്ചിന്റെ ഇടതുഭാഗത്തെ മതിലിനരികിൽ, ഗർഭാശയത്തിൽ കിടക്കുമ്മട്ടിൽ, ചുരുണ്ടുകൂടി കിടന്ന ഒരു സൈനികനെ അഷേർ കണ്ടു. വലതുകരതലത്തിൽ ചുരുട്ടിപ്പിടിച്ച ഒടിഞ്ഞുവാടിയ ഒലിവുചില്ലയും. ആരോ അത് അവന്റെ കയ്യിൽ പിടിപ്പിച്ചതുപോലായിരുന്നു...
‘വാളേറ്റ് മരിച്ചവർ വിശപ്പുകൊണ്ട് മരിക്കുന്നവരേക്കാൾ ഭാഗ്യവാൻമാരാണ്.' ആബാ അന്ന് പറഞ്ഞത് അഷേർ അപ്പോളോർത്തു.
ഇതാ, സഹൽ ഞാൻ നിനക്കരികിൽ എത്തിയിരിക്കുന്നു... കയ്യെത്തും ദൂരത്ത്... ഫോൺ നിശബ്ദമാക്കി അവൻ ചാടി എഴുന്നേൽക്കുന്നത് വൃദ്ധൻ ശ്രദ്ധിച്ചു.
‘ബാബാ, ഞാൻ പോകുന്നു.'
‘കുട്ടീ, ഇതാ, ഇതുകൂടി. അവസാനത്തേതിനു തൊട്ടുമുമ്പത്തെ പേജ്.' വൃദ്ധൻ ധൃതിപ്പെട്ട് താളു മറിക്കുകയാണ്.

അക്ഷമനായി, കുനുകുനാ എഴുതിയ അക്ഷരങ്ങളിലേക്ക്, അഷേർ തുറിച്ചുനോക്കി. ഇത്തിരിപ്പോന്ന കൈപ്പട. ഈ വൃദ്ധൻ എങ്ങനെയിത് കണ്ടെത്തി!
‘സ്‌കോളർഷിപ്പ് റെഡി. റീച്ച് അമ്മാൻ ബൈ മേയ് 15.'

യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലേക്ക് പോകാൻ സമയമായിരിക്കുന്നു സഹലിന്! മനസ്സ് പെരുമ്പറ കൊട്ടി. അമ്മാനിൽ എത്തിക്കിട്ടിയാൽ ക്വീൻ ആലിയാ എയർപ്പോർട്ടിൽ നിന്നുള്ള വിമാനത്തിൽ, ഹബീബി, നീ പറക്കും. സ്വാതന്ത്ര്യത്തിലേക്ക്. അഷേറിന് തുള്ളിച്ചാടാൻ തോന്നി. പക്ഷെ, അമ്മാൻ വരെ എങ്ങനെ എത്തിക്കും പോലീസിന്റെ കണ്ണിൽപ്പെടാതെ? ജോർദ്ദാൻ നദി കരകവിയുന്നതും ജലനിരപ്പ് കുതിച്ചുയർന്ന് ചെക്ക്‌പോസ്റ്റുകൾ ഒലിച്ചുപോകുന്നതും അവൻ ഭാവനചെയ്തു. അതിർത്തിയിലെ വെള്ളത്തിന്റെ മഹായിരമ്പം അവൻ കേട്ടു.

ഓറഞ്ചുകൾ കൂനകൂട്ടിയ ഒരു വഞ്ചി കുറ്റിച്ചെടികളിൽ തട്ടിമുട്ടി അക്കരക്ക് നീങ്ങുന്നു. അമരത്ത് അവൻ... സഹൽ... മാഷ്‌സൽ ഖലീഫെയുടെ8 ഗാനത്തിന്റെ ഈണത്തിൽ ചൂളമടിക്കുന്നവൻ... മതിലുകളോ ചെക്ക്‌പോസ്റ്റുകളോ ഇല്ലാത്ത ദേശം സ്വപ്നം കാണുന്നവൻ...

‘ബാബാ അമ്മാനിലേക്ക് ആരെങ്കിലും പോകുന്നുണ്ടോ? ഉടൻ?'
‘ഒരു കൺസയിൻമെൻറ്​ പോകാനുണ്ട്. പക്ഷെ എന്റെ സൽപുത്രനെ പോലീസ് സ്റ്റേഷനിൽനിന്ന് പുറത്ത് കടത്തണല്ലോ ആദ്യം. നെറികെട്ടവൻ.'
അയാൾ താടി തടവിക്കൊണ്ടിരുന്നു. അരിശത്തോടെ. സങ്കടത്തോടെ.
പെട്ടെന്ന് ഉദിച്ച ഒരു ചിന്തയിൽ അഷേർ ചോദിച്ചു.
‘എനിക്ക് അമ്മാൻ വരെ പോകാനുണ്ട്. ഞാൻ കൊണ്ടുപോയാൽ മതിയോ?'
‘എങ്കിൽ ഉപകാരമാകും കുട്ടീ. ലോഡ് നാളെ എത്തിച്ചില്ലെങ്കിൽ ഫൈനടക്കേണ്ടി വരും.' വൃദ്ധൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
അപ്പോൾത്തന്നെ വൃദ്ധൻ അയാളുടെ പിക്കപ്പിന്റെ ഡ്രൈവർ ഷമീറിനെ ഫോണിൽ വിളിച്ച് അഷേറിനെ പരിചയപ്പെടുത്തി.
‘നാളെ കാലത്ത് പോകണം. എവിടെ വന്ന് പിക്ക് ചെയ്യണം എന്നൊക്കെ അറിയിക്കാം. എനിക്കും ഒരു പൊതി കയറ്റാനുണ്ട്. നാളെ പറയാം.' കൊലുന്നനെയുള്ള ആ യുവാവിന്റെ ശബ്ദത്തിലെ വിറയലും തിടുക്കവും ശ്രദ്ധിക്കുകയായിരുന്നു വൃദ്ധൻ. കണ്ണിലെ തിളക്കവും.
‘ഓരോരുത്തർക്കും ഓരോ തിസാമാത്ത്. പൂർത്തീകരിക്കേണ്ട ചില കടമകൾ. അത് കഴിഞ്ഞാൽ പിന്നെ മടക്കം. അള്ളാഹു നിന്നോടൊപ്പവും നിന്റെ ചെയ്തികളോടൊപ്പവും ഉണ്ടായിരിക്കട്ടെ. മാ സലാം.'
വൃദ്ധൻ, ഒരു അവധൂതനെപ്പോലെ, അവനെ വാരിപ്പുണർന്നു. തീ പിടിച്ച ഒരു തെരുവിന്റെ ആലിംഗനം ഏറ്റ മട്ട് അഷേറിന്റെ ഉടൽ പൊള്ളി.

ഇരുട്ടിലേക്കിറങ്ങി കുറച്ച് മുന്നോട്ട് പോയപ്പോഴാണ് ആ മനുഷ്യന്റെ പേരോ നമ്പറോ ചോദിച്ചില്ലല്ലോ എന്ന് അവൻ ഓർത്തത്. കടയുടെ പേരും ശ്രദ്ധിച്ചില്ല. അയാളും തന്നെക്കുറിച്ച് ഒന്നും ചോദിച്ചില്ലല്ലോ. യഹൂദനാണോ മുസ്ലീമാണോ എന്നും അന്വേഷിച്ചില്ല. അല്ലെങ്കിൽ അത് അറിയേണ്ടതുണ്ടെന്ന് അയാൾക്ക് തോന്നിയിരിക്കില്ല. അസമയത്ത് കടയിൽ കയറിവന്നത്, ഇത്തിരി നേരം ഇരുട്ടിൽ കൂട്ടിരുന്നത്, ഒരു മനുഷ്യൻ. വെറും മനുഷ്യൻ. പരമകാരുണികനായ ദൈവത്തിന്റെ പടപ്പ്.

തിരിഞ്ഞുനോക്കുമ്പോൾ മുസ്​ലിം ക്വാർട്ടർ ഇരുട്ടിലാണ്.
നേർത്ത ഒരു വെട്ടം, ഒരു മിന്നാമിനുങ്ങ് പോൽ, കടയുടെ ചില്ലുജനാലയിൽക്കൂടി കാണാം. മഹാ തമസ്സിൽ ആ മനുഷ്യൻ ഒറ്റക്ക്! തീയടുപ്പിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് റൊട്ടി ചുടുന്ന ഒരു മാതാവിനെ അഷേർ ഓർത്തു. ആ രാത്രിയിലെ അവരുടെ കാത്തിരിപ്പിനേയും. അഷേറിന് റൊട്ടിയുടെ മണം വന്നു. ഒലിവെണ്ണയുടെയും.

വൃദ്ധന്റെ വാക്കുകൾ അഷേർ വീണ്ടും ഓർത്തു.
‘ചിലപ്പോൾ നമ്മുടെ പ്രകാശമായിരിക്കാം നമ്മളെ ഒറ്റിക്കൊടുക്കുന്നത്.'
അവൻ ഫോൺ സ്വിച്ചോഫ് ചെയ്തു. ഒരേ ഒരു ലക്ഷ്യത്തിലേക്ക്. വേഗം. വേഗം. പാദങ്ങളോട് മനസ്സ് കൽപിച്ചു.
വലിയൊരു അപകടത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നമട്ടിലായിരുന്നു അഷേറിന്റെ കുതിപ്പ്. അത് അങ്ങനെ തന്നെയായിരുന്നുവെന്ന് പിറ്റേന്ന്, മറ്റൊരു നീണ്ട യാത്രക്കിടയിൽ, ‘ദി റ്റൈംസ് ഓഫ് ഇസ്രായേൽ' മറിച്ചു നോക്കവേ അവനറിയും. ഫ്രണ്ട് പേജിലെ വാർത്ത കണ്ട് അവൻ ഞെട്ടിത്തരിക്കും. തലേരാവിൽ തന്നോട് സംസാരിച്ച വൃദ്ധൻ, പേരറിയാത്ത ആ മനുഷ്യൻ, വെടിയേറ്റ് കിടക്കുന്നു... അതേ കടയുടെ മുമ്പിൽ! ഇപ്പോൾ ആ ഷോപ്പിന്റെ പേര് അഷേറിനു കൃത്യമായി വായിക്കാൻ കഴിയും.
‘സൈതൂൻ...' ഒലിവ്...

സമാധാനത്തിന്റെ ദൂതൻ ഇതാ വെടിയേറ്റ് കിടക്കുന്നു...
അടിക്കുറിപ്പ് അങ്ങനെയാണ് ആവേണ്ടിയിരുന്നത്.
അതായിരുന്നില്ല പത്രം എഴുതിയത്.
‘ഹമാസ് തീവ്രവാദിക്ക് രാത്രി അബായ ഷോപ്പിൽ അഭയം നൽകിയ പലസ്തീനി വെടിയേറ്റ് മരിച്ചു. പിന്തുടർന്ന് ചെന്നപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ വെടിവെച്ചതാണെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ അയാളുടെ കടയിൽനിന്ന് ഇറങ്ങിപ്പോകുന്ന തീവ്രവാദിയുടെ ചിത്രം സമീപത്തെ സീസിടിവിയിൽ പതിഞ്ഞിരുന്നു. പോലീസ് നടപടിയിൽ പ്രതിഷേധിക്കാൻ മുസ്​ലിം ക്വാർട്ടറിൽ ഇന്ന് കടകൾ അച്ചിടുമെന്ന് വ്യാപാരികൾ അറിയിച്ചു.'
‘ഇന്നലെ രാത്രി ഒമ്പതുമണിക്ക് സൈതൂനിൽനിന്ന് ഇറങ്ങിപ്പോയവൻ, ആ വൃദ്ധൻ അഭയം നൽകിയവൻ, ഈ ഇരിക്കുന്ന അഷേർ മെനഹേമാണ്, മാന്യമഹാ ജനങ്ങളേ... അഷേർ എന്ന യഹൂദൻ. അഷ്‌കെനാസി വംശജ എസ്‌തേർ മെനഹേമിനും അറബ് ജൂതൻ ദവീദ് മെനഹേമിനും പിറന്നവൻ.'

വിളിച്ചു കൂവാൻ തോന്നി അഷേറിന്. അൽ അക്‌സയിൽ പോലീസിനു നേരെ കല്ലെറിയാൻ നിന്ന സ്വന്തം മകനെ കുരുത്തംകെട്ടവൻ എന്നു വിളിച്ച ആ പിതാവാണോ ഹമാസ് അനുയായി! കൃത്യതക്കും സൂക്ഷ്മതക്കും പേരുകേട്ട മൊസാദിന് പിഴയ്ക്കുന്നതെവിടെ! ആ മനുഷ്യനെച്ചൊല്ലി അഷേറിന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അദ്ദേഹത്തിനുവേണ്ടി ഏത് ദൈവത്തോട് പ്രാർത്ഥിക്കണം? അഷേർ കുഴങ്ങി. അവൻ സഹലിനെ ഓർത്തു. അവന്റെ കവിത അലമുറയിട്ടു. ഈ നഗരത്തിലൂടെ ഒരു നദിയൊഴുകും മധ്യാഹ്നസൂര്യൻ അതിൽ ചാടി മരിക്കും. അത്തിയും ഒലിവുമായ് ഇനിയിവിടെ കിളിർക്കുന്നത് വെടിയുണ്ടകളാണ്, ഞങ്ങളുടെ പൂർവ്വികരും. ഗ്രനേഡുകൾക്കോ ടാങ്കുകൾക്കോ കീഴ്‌പ്പെടാത്ത ആത്മാവിന്റെ സംഗീതം കേൾക്കണോ? ഹേയ്, ഈ പുഴക്കരയിലേക്ക് വരൂ.

സൈതൂനിലെ വൃദ്ധൻ കൊല്ലപ്പെട്ട രാത്രി, യുഗങ്ങളുടെ നീളം തോന്നിച്ച ആ രാത്രി, അവിചാരിതങ്ങളിലൂടെയായിരുന്നു അഷേറിന്റെ യാത്ര. മുസ്​ലിം ക്വാർട്ടർ, ക്രിസ്ത്യൻ ക്വാർട്ടർ, ജൂത ക്വാർട്ടർ, അർമ്മീനിയൻ ക്വാർട്ടർ എന്നിങ്ങനെ വഴിതിരിഞ്ഞു പടർന്നുകിടക്കുന്ന പുരാതന വീഥികളിലൂടെ, കഴിഞ്ഞുപോയ മൂന്നുവർഷങ്ങളിൽ, പലവട്ടം സഞ്ചരിച്ച് ദൃശ്യങ്ങൾ പകർത്തിയ വ്‌ലോഗർ റൂത്ത് ആൽബർട്ടിന് പക്ഷേ അഷേറിന്റെ ആ യാത്ര പകർത്താനുമായില്ല.

ലോകമാധ്യമങ്ങളിൽ വീണ്ടും ജെറുസലേം നിറഞ്ഞു.
‘പുകഞ്ഞുനിന്ന ജെറുസലേം ആളിക്കത്തിയത് ഓർക്കാപ്പുറത്താണ്.
ഷെയ്ഖ് ജറയിലെ നിയന്ത്രണങ്ങളെച്ചൊല്ലി, അല്ലെങ്കിൽ നിർബന്ധിത കുടിയൊഴിപ്പിക്കലിനെ ചെറുക്കാൻ, നഗരത്തിൽ സംഘർഷങ്ങൾ പതിവാണ്. എങ്കിലും, മുസ്​ലിം ക്വാർട്ടർ വഴി സയണിസ്റ്റ് മാർച്ച് നിശ്ചയിച്ചിരുന്ന ആ തിങ്കളാഴ്ച, ഏറ്റുമുട്ടൽ ഒരു യുദ്ധത്തിലേക്ക് വഴിമാറുമെന്ന് ആരും നിനച്ചില്ല. ജെറുസലേംദിനം, ഇസ്രായേൽ കിഴക്കൻ ജെറുസലേം പിടിച്ചടക്കിയതിന്റെ വാർഷികം, ഒരു കൂട്ടർക്ക് ആഘോഷത്തിന്റെ സമയമാണെങ്കിൽ, പിറന്ന മണ്ണും ഒലിവുകുന്നുകളും വാസഗേഹങ്ങളും കവർച്ചചെയ്യപ്പെട്ടതിന്റെ ഓർമ്മയാണ് പരാജയപ്പെട്ട ജനതക്ക് ആ ദിവസം. പോലീസും ഫലസ്തീൻ പ്രക്ഷോഭകരും തീവ്രവലതുപക്ഷ ജൂതരും തമ്മിൽ തുടങ്ങിയ കശപിശ നഗരത്തിന് തീകൊളുത്തുകയായിരുന്നു.' ▮

1. മഹ്മൂദ് ദർവിഷ് - ഇസ്രായേൽ- പലസ്തീൻ പ്രശ്‌നത്തിന്റെ ഭീകരതകൾ അനുഭവിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്ത പലസ്തീൻ കവികളിൽ പ്രധാനി. പലസ്തീൻ ജനതയുടെ സാംസ്‌കാരിക പ്രതീകം. 2. ജൂതവിശ്വാസ പ്രകാരം അന്ത്യവിധി നാളിൽ ഒലിവുമലക്ക് മുകളിൽ ദൈവം പ്രത്യക്ഷപ്പെടും. 3. ടെമ്പിൾമൗണ്ട് - ജെറുസലേമിലെ വിശുദ്ധ ഗിരി. ക്രൈസ്തവരുടെ കാൽവരി, ജൂതരുടെ സോളമന്റെ ദേവാലയം, മുസ്ലീങ്ങളുടെ ഡോം ഓഫ് ദി റോക്ക്, അല അക്‌സ മോസ്‌ക് ഇവയെല്ലാം സ്ഥിതിചെയ്യുന്ന ഇടം. 4. കെഫിയ - പലസ്തീനികളുടെ ശിരോവസ്ത്രം 5. അഷ്‌കിലോൺ - ഗാസയിൽ നിന്ന് 19 km അകലെയുള്ള ഇസ്രായേലിലെ തീരദേശ നഗരം. 6. മസാദ - ചാവുകടൽ തീരത്ത് ജൂദിയൻ മരുഭൂമിയിൽ മലമുകളിലുള്ള പുരാതന കോട്ട. ഇസ്രായേൽ ഡിഫെൻസ് ഫോഴ്‌സിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവർ അവരുടെ സത്യപ്രതിജ്ഞ മസാദയിൽ നടത്തുന്നു. ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്നിത്. മസാദയിൽ നടത്തിയ ഖനനങ്ങളിൽ ഒരു സിനഗോഗിന്റെ അവശിഷ്ടങ്ങളും ചില ചുരുളുകളും കണ്ടെത്തി. അവയിൽ പഴയനിയമത്തിലെ എസെക്കിയേൽ പ്രവചനങ്ങൾ 35-38 അദ്ധ്യായങ്ങൾ ഉണ്ടായിരുന്നെന്ന് പറയുന്നു. ഉണങ്ങിയ അസ്ഥികൾ ജീവൻവച്ച് ഉയിർത്തെഴുന്നേൽക്കുമെന്നും ഇസ്രായേൽ ജനം സ്വദേശത്തേക്ക് തിരിച്ചുവരുമെന്നും പ്രവചിക്കുന്ന ഭാഗം. യഹൂദരുടെ ചെറുത്ത് നിൽപ്പിന്റെയും, ആത്മാഭിമാനത്തിന്റെയും പ്രതീകമായാണ് മസാദ അറിയപ്പെടുന്നത്. മസാദയിലെ അതിദാരുണ സംഭവങ്ങൾ ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരൻ ഫ്‌ലാവിയസ് ജോസഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. മലമുകളിൽ വടക്കേ അറ്റത്ത് ഹേറോദേസ് പണിത മൂന്ന് തട്ടുകളിലുള്ള ഒരു കൊട്ടാരം, കുളിമുറികൾ, കുളങ്ങൾ, വീടുകൾ, പാണ്ടികശാലകൾ, ആയുധപ്പുര, ഇവയുടെയൊക്കെ അവശിഷ്ടങ്ങൾ മസാദയിൽ കണ്ടെത്തിയിട്ടുണ്ട്. 7. വിലാപങ്ങൾ 4:9.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷീലാ ടോമി

നോവലിസ്​റ്റ്​, കഥാകൃത്ത്​. ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു. ഗൾഫിലെ റേഡിയോകളിൽ പുസ്തക അവതാരക, സ്​ക്രിപ്​റ്റ്​ റൈറ്റർ, ഗാനരചയിതാവ്. മെൽക്വിയാഡിസിന്റെ പ്രളയ പുസ്​തകം (കഥ), വല്ലി (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments