ആ നദിയോട് പേര് ചോദിക്കരുത്

ഒളിയിടം

മുമ്പിൽ സീയോൻ കുന്ന്.
അതിന്റെ ചരിവിൽ, ആപ്പിൾ മരങ്ങൾക്കിടയിൽ മറഞ്ഞു നിൽക്കുന്ന പരിചിതമായ ഭവനം. അവിടെയുണ്ടാകുമൊ അവൻ?
സന്ദേഹം. പരിഭ്രമം. ഭീതി.
രാപ്പക്ഷികൾ ചിറകടിക്കുന്നു.
പോലീസ് സൈറൺ.
പഴയനഗരത്തിന്റെ പുതിയ വീഥിയിൽ അവർ റോന്ത് ചുറ്റുന്നുണ്ടാവാം.
കുന്നിൻ ചരിവിലെ ഒറ്റവീടിന്റെ മുറ്റത്തേക്ക് ഡ്രൈവ്വേ ചരിഞ്ഞു കയറുന്നു. സൈപ്രസ് മരങ്ങളുടെ ഓരംപറ്റിയുള്ള കയറ്റത്തിനിടയിൽ അഷേർ താഴെ നിരത്തിലേക്ക് നോക്കി.
ഒരു വാഹനം.
പോലീസ് വണ്ടിയാകണം.
അവൻ അത്തിയോട് ഒട്ടിനിന്നു.
ആ വണ്ടി കടന്നു പോയപ്പോൾ ഡ്രൈവ്​വേ ഒഴിവാക്കി കിഴക്കുവശത്തെ പടവുകൾ കയറി. ഇരുപത്തൊന്നു സ്റ്റെപ്പുകൾ എണ്ണി. പടികൾക്കിരുവശവും പൂച്ചട്ടികൾ. കായിട്ട ആപ്പിൾ മരങ്ങൾ. മുകളിൽ ഒരു ജനാല തുറന്നു. പിന്നെ അടഞ്ഞു. ആരോ ഗോവണിയിറങ്ങുന്ന ഒച്ച.

ടിച്ചലിൽ മുഖം പാതിമറച്ച ഒരു വൃദ്ധ മുൻവാതിൽ തുറന്നുവന്നു.
മുൻചുമരിലെ യുവാവിന്റെ ചിത്രത്തിലെ കെടാവിളക്കിന്റെ വെട്ടത്തിൽ സ്ത്രീയുടെ മുഖത്ത് പരിഭ്രമം കാണാം.
‘വേഗം വരൂ, അകത്തേക്ക്', അവർ നാലുപാടും മിഴിപായിച്ചു.
താഴെ നിരത്തിലേക്ക് എത്തിനോക്കി.
‘ആരും കണ്ടില്ലല്ലോ കയറിവന്നത്?' ശബ്ദത്തിൽ ഭയം.

അവൻ ഇല്ലെന്ന് തലയാട്ടി. ഗോവണിയിലൂടെ ആരോ ചാടിയിറങ്ങുന്നു. അഷേർ ആകാംക്ഷയോടെ അകത്തേക്ക് എത്തിനോക്കി. അത് ഒരു കറുത്ത പോമറേനിയൻ കുട്ടിയായിരുന്നു. നായക്കുട്ടി സ്ഥിരപരിചിതനെക്കണക്ക് അവന്റെ പാദത്തിലുരുമ്മി. സ്വീകരണമുറിയിൽ ആ പൂർണ്ണകായചിത്രം, കാപ്പിനിറ ചട്ടത്തിൽ... അവന്റെ ചിരി... നോട്ടം... യാക്കുബ് ദാനിയെൽ കോഹൻ!

നസരെത്തിലെ വീടിനു മുന്നിലെ നിരത്തിലൂടെ ആയുധങ്ങളുമായി ഓടിവരുന്നവരുടെ അലർച്ച. അനൻസിയേഷൻ ബസലിക്കയുടെ മതിലിനുപുറത്ത് ഈച്ചയാർത്തുള്ള ആ കിടപ്പ്. ഇന്നലെയെന്നു തോന്നുന്ന ആ പഴയ കിടപ്പ്. ഈച്ചയാട്ടുവാൻ അഷേർ കൈ ഉയർത്തി. യാക്കുബ് കണ്ണിറുക്കി.
അവൻ ചിത്രത്തിൽ നോക്കിനിൽക്കുന്നത് കണ്ട് സ്ത്രീക്ക് വല്ലാതായി.
‘സഹൽ?' അഷേറിന്റെ കണ്ണുകൾ നാലുപാടും പരതി.

‘ഇവിടെത്തന്നെയുണ്ടായിരുന്നു. ഇന്ന് സന്ധ്യ വരെ.'
‘ഇപ്പോൾ?'
‘അറിയില്ല.' മുൻവാതിൽ താഴിട്ടുകൊണ്ട് ഒച്ച ഒന്നുകൂടി താഴ്ത്തി അവർ കൂട്ടിച്ചേർത്തു.
‘എപ്പോൾ വന്നുകയറുമെന്ന് പറയാൻ പറ്റില്ല. എങ്ങോട്ട് പോകുന്നുവെന്നും പറയാറുമില്ല. എന്തിനാണ് അവർ അവനെ പിന്തുടരുന്നത്? മലേഷ്യാ കാര്യങ്ങൾ ശരിയായാൽ വേഗം അതിർത്തി കടത്തിവിടണമവനെ.'
അഷേർ തിടുക്കത്തിൽ പറഞ്ഞു.
‘സ്‌കോളർഷിപ്പ് ശരിയാവട്ടെ. അല്ലനബി പാലത്തിലൂടെ ജോർദ്ദാനിലേക്ക് കടത്താം. അതാണ് സേഫ്.'
വൃദ്ധ ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു.
‘അബ്രാം, അഷേർ വന്നു. സഹലിന്റെ എന്തെങ്കിലും വിവരം?'

പറഞ്ഞുതീരുംമുമ്പ് അങ്ങേത്തലക്കൽ ഫോൺ വിച്ഛേദിക്കപ്പെട്ടു.
വൃദ്ധയുടെ മുഖം മ്ലാനമായി. അവർ അകത്തേക്ക് നോക്കി വിളിച്ചു, ‘സാറാ...'
മൂടിപ്പുതച്ച് ഒരു യുവതി ഇറങ്ങിവന്നു.
‘നിന്നെ കൊണ്ടുപോകാനാണ് ഞാൻ വന്നത്.'
അവൾക്ക് മാത്രം കേൾക്കാനാവുന്ന സ്വരത്തിൽ അവൻ മന്ത്രിച്ചു.

ലോകത്തിലേക്കും പ്രണയാർദ്രമായ ശബ്ദമാണതെന്ന് അവൾക്ക് തോന്നി. കാർമൽ ഗിരിപോലെ ആ ശിരസ്സ് ഉയർന്നുനിന്നു. അളകങ്ങൾ കാറ്റിൽ പറന്നു. അവ ആരെയും തടവിലാക്കാൻ പോന്നവതന്നെ. അവൻ ഓർത്തു.
‘കള്ളം. അതിന് ഞാനിവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു?'
അവൾ മൃദുലമായി മന്ദഹസിച്ചു.

ചിത്രീകരണം: ഷാഹിന
ചിത്രീകരണം: ഷാഹിന

വൃദ്ധ അകത്തളത്തിലേക്ക് തിരിഞ്ഞപ്പോൾ അവൻ വാട്ട്‌സാപ്പിൽ എഴുതി.
‘ഉദ്യാനത്തിൽ വസിക്കുന്നവളേ, ഞാൻ നിന്റെ സ്വരം കാതോർക്കുന്നു.'
അവന്റെ കണ്ണിൽ നോക്കി കുസൃതിച്ചിരിയോടെ അവൾ മറുപടി കുറിച്ചു.
‘നീ എന്റെ വിശുദ്ധഗിരി. നിന്റെ നിഗൂഢതകളിലേക്ക് എന്നും എന്നെ വിളിക്കുന്ന ശൈലം.'

ഏതാനും നിമിഷങ്ങൾ അവർ കണ്ണെടുക്കാതെ പരസ്പരം നോക്കിനിന്നു. മഞ്ഞ് ഗിരിനിരയെ എന്നപോലെ അന്യോന്യം പുണർന്ന്...
‘ഇനിയെങ്കിലും ഒന്ന് അടങ്ങിയിരിക്കാൻ പറയൂ അവനോട്, പ്രിയനേ', അവളുടെ ശബ്ദത്തിൽ വിഷാദത്തിന്റെ നനവ്.

ഉള്ളിൽ അഗ്‌നിപർവ്വതം പേറുന്നവൻ അടങ്ങിയിരിക്കാനോ! കിഴക്കൻ ജറുസലേമിലെ ഷേക്ക് ജറായിലെ കുടിയൊഴിപ്പിക്കലിനെതിരെയുള്ള മുന്നേറ്റങ്ങളിൽ എൽകുർദ് സഹോദരങ്ങൾ മുഹമ്മദിനും മുനാക്കുമൊപ്പം സഹലുമുണ്ടായിരിക്കുമെന്നും അത് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ തീർക്കുമെന്നും അപ്പോൾ അഷേർ അറിഞ്ഞിരുന്നില്ല. സാറയും. പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് ഓർക്കാപ്പുറത്താണ്. ജീവിതങ്ങൾ തകിടം മറിയുന്നതും.
വൃദ്ധ മുന്തിരിനീരുമായി വന്നപ്പോഴേക്കും യാത്ര പറയാതെ അഷേർ ധൃതിയിൽ ഇരുട്ടിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. പറയാത്ത വാക്കുകളുടെ സാഗരമായിരുന്നു അപ്പോളവൻ. ചെമ്മരിയാടുകൾ മേയുന്ന താഴ്വാരയിൽ, പുരാതനമായ ഒരു മന്ദിരത്തിന്റെ മുറ്റത്ത്, നിന്നെ കാത്തിരിക്കുന്നതായി സ്വപ്നം കാണാറുണ്ടെന്നും എത്രയോ വട്ടം അത് ആവർത്തിച്ച് കണ്ടെന്നും സാറയോടു പറയണമെന്നുണ്ടായിരുന്നു അവന്.

പറയാത്ത വാക്കുകളുടെ വൻകരയായിരുന്നു സാറയും. നിരനിരയായി പോകുന്ന കുറേ ഒട്ടകങ്ങൾക്കൊപ്പം വിജനമായ മരുഭൂമിയിലായിരുന്നു താനെന്ന് അവനോട് പറയണമായിരുന്നു. സ്വപ്നത്തിൽ, ഒട്ടകപ്പുറത്ത്, ആടിയാടി നീങ്ങിയ മെല്ലിച്ച മനുഷ്യൻ വരിതെറ്റി അലഞ്ഞ ഒട്ടകങ്ങളെ പേരുചൊല്ലി വിളിച്ചതും പറയണമായിരുന്നു. ഒരിക്കൽ അയാൾ വിളിച്ചത്, അഷേർ നിന്റെ പേരായിരുന്നു. മണൽത്തിരകളിൽ ബദ്ധപ്പെട്ടലഞ്ഞിട്ടും നിന്നെ കണ്ടില്ല. ഒട്ടകസംഘം യാത്ര തുടർന്നപ്പോൾ നിന്നെ കാത്ത് പൊരിവെയിലിൽ നിൽക്കുകയായിരുന്നു ഞാൻ. തനിച്ച്. ഏറെ തനിച്ച്...

അവളുടെ നെഞ്ചം ഭൂമിയോളം ഭാരമുള്ളതായി.
‘മസാദാ മുനമ്പിൽ, വടക്കൻ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ, രണ്ടായിരം കൊല്ലം മുമ്പ്, ചാവുകടലിലേക്ക് നോക്കിനിന്ന രാജകുമാരിയാണ് ഞാൻ. കിഴക്കൻ കയറ്റം കയറി ഒളിച്ചുപാത്ത് കോട്ടക്കകത്ത് കടക്കുന്ന നിന്നെ കാത്തുനിൽക്കുന്നവൾ...' അവളെഴുതി. ആ സന്ദേശം അവന്റെ വാട്ട്‌സാപ്പിൽ കറുത്ത് കിടന്നു. അവൻ മടങ്ങിവരും, തീർച്ച. അവൾ ഉറങ്ങാതെ കാത്തിരുന്നു.

രാക്കിളികൾ വികൃതമായി കൂകി. യാക്കുബ് ദനിയേൽ കോഹന്റെ ചിത്രത്തിലെ വെട്ടം വഴികാട്ടി മുമ്പേ നടന്നു. ഇനി എങ്ങോട്ടെന്ന് നിശ്ചയമില്ലാതെ കുന്നിറങ്ങവേ മൂന്നു കിളികൾ സൈപ്രസ് മരത്തിന്റെ ചില്ലയിൽ ചേക്കേറുന്നത് കണ്ടു. ഇന്നലെയുടെ പുകമൂടിയ കൂടാരങ്ങളിൽനിന്ന് പാറി വന്നതാവാം. ക്ഷതമേറ്റമട്ട് അവ കരയുന്നുണ്ടായിരുന്നു.
വരാന്തച്ചുമരിൽ യാക്കുബ് ദനിയേൽ കോഹൻ പുഞ്ചിരിച്ചുനിൽക്കുന്ന ഇതേ ഭവനം പിന്നീട് സഹലിന്റെ ‘മരണമേ, സ്വാതന്ത്ര്യമേ...' എന്ന ഓർമ്മപ്പുസ്തകത്തിൽ ഇടംപിടിയ്ക്കും.

ആപ്പിൾമണമുള്ള വീട്

മേൽക്കൂരയിലും മട്ടുപ്പാവിലും നിറയേ ആപ്പിൾ ഇലകൾ വീണുകിടക്കുന്ന ആ വീടിന് ആപ്പിൾ ഗന്ധമായിരുന്നു. അവിടത്തെ രാവുകൾക്കും പകലുകൾക്കും അതേ ഗന്ധമായിരുന്നു. ആ വീട്ടിലെ ആദ്യനാളുകൾക്ക്, പക്ഷേ, പൊള്ളുന്ന പനിയുടെ, വിയർപ്പിന്റെ, മടുപ്പിക്കുന്ന മണമായിരുന്നു. മരണത്തിന്റെ മണമെന്ന് എനിക്ക് തോന്നിയ ഒന്ന്. മുകളിലത്തെ നിലയിലെ നിരത്തിലേക്ക് തുറക്കുന്ന ഇരട്ടപ്പാളി ജനാലയുള്ള മുറിയായിലായിരുന്നു എന്റെ വാസം. മൂന്നുമാസത്തേക്ക് ആ ചുമരുകൾക്കുള്ളിലായിരുന്നു എന്റെ ലോകം. ഒരൽപ്പം മാത്രം നീക്കിയ തിരശീലയിലൂടെ ഉള്ളിലേക്ക് കടന്നുവന്ന വെയിലിനെ, നിലാവിനെ, കിളിയൊച്ചകളെ, ആപ്പിൾ വാസനയെ, ഞാൻ സ്‌നേഹിച്ചു. ഇനി ഒരിക്കലും അതൊന്നും അനുഭവിക്കാൻ ഇടവരാതെ പോകുമോ എന്നു ഞാൻ ഭയന്നു.
104 ഡിഗ്രി പനിച്ചുകൊണ്ടാണ് ഞാനിവിടെ കയറിവന്നത്. റെബേക്കാ എന്ന നല്ല മനുഷ്യസ്ത്രീയോട്, ഡോക്ടർ യെഹോഷുവാ എന്ന നല്ല മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു ഈ പുനർജന്മം. സീയോൻകുന്നിന്റെ ഏതോ ചരിവിൽ കാർ പാർക്ക് ചെയ്ത്, ഇരുളിന്റെ മറവിൽ, കറുത്ത കോട്ടിൽ സ്വയം ഒളിപ്പിച്ച്, ഊടുവഴികളിലൂടെ വളഞ്ഞുതിരിഞ്ഞ്, ഡോക്ടർ യെഹോഷുവാ ഈ വീടിന്റെ പിന്നാമ്പുറത്ത് ഒരു കള്ളനെപ്പോലെ വന്നു കയറും. കാൽപ്പെരുമാറ്റം കേട്ട്, വാതിലിലെ മുട്ടുകേട്ട് (മൂന്നുവട്ടം ആവർത്തിക്കുന്ന രണ്ടു ടക് ടക്), റെബേക്കാ ഈമാ വാതിൽ തുറക്കുന്നതും, പടികൾ ശീഘ്രം ഓടിക്കയറി ഡോക്ടർ അരികിൽ വന്നിരിക്കുന്നതും, സ്റ്റെതസ്‌കോപ്പ് എന്റെ ഹൃദയതാളം രേഖപ്പെടുത്തുന്നതും എല്ലാമെല്ലാം പാതിബോധത്തിൽ കിടക്കുമ്പോഴും ഞാനറിഞ്ഞിരുന്നു. മരണത്തിനും ജീവനുമിടയിലുള്ള ആ ഞാണിന്മേൽ കളിയിൽനിന്ന് റെബേക്കാ ഈമായുടെ വിരൽതുമ്പ് പിടിച്ച് ഞാൻ ഇക്കരെ കടന്നത് ഒരു അത്ഭുതം തന്നെയാണ്. പനി മാറി കണ്ണു വലിച്ചുതുറന്ന ആ ദിവസത്തിനും ആപ്പിൾ വാസനയായിരുന്നു.

അപകടനില തരണം ചെയ്തിട്ടും റെബേക്കാ ഈമാ എനിക്ക് കാവലിരുന്നു. ഓരോ പോലീസ് സൈറണിലും അവർ നടുങ്ങി വിറയ്ക്കുന്നത് ഞാൻ കണ്ടു. അവർ എന്നെ കണ്ടെത്തുമോ എന്ന് ഈമാ വല്ലാതെ ഭയന്നിരുന്നു. ഒരു പക്ഷെ, എന്നേക്കാൾ ഭയന്നിരുന്നു. അവരുടെ കണ്ണുകൾക്ക് താഴെ ഉറക്കമില്ലായ്മയുടെ കറുത്ത വട്ടങ്ങൾ കനത്തുവന്നു. അവരുടെ കവിളുകളിൽ, നെറ്റിയിൽ, ചുളിവുകളുടെ എണ്ണം കൂടിവന്നു. അവരുടെ കരതലങ്ങൾ വെയിലേറ്റ തളിരിലകണക്കെ വാടിയും വരണ്ടുംവന്നു. സ്വന്തം ജീവൻ എനിക്ക് പകർന്ന് അവർ വരണ്ടുണങ്ങുകയാണോ എന്ന് ഞാൻ ഭയന്നു. അവരുടെ കണ്ണുകളിൽ ഞാൻ എന്റെ മാമയുടെ സ്‌നേഹം കണ്ടു. കുട്ടിക്കാലത്തെ കരിഞ്ഞ മാംസത്തിന്റെ മണമുള്ള പകലിൽ എന്നിൽനിന്നും കവർച്ചചെയ്യപ്പെട്ട സ്‌നേഹം. ഇലകൾക്കിടയിലെ കൂട്ടിൽ കഴുകന്റെ ദൃഷ്ടിയിൽ പെടാതെ കുഞ്ഞിക്കിളിയെ ഒളിപ്പിച്ച പക്ഷിയായിരുന്നു റെബേക്കാ ഈമാ. അവരെ നോക്കിയിരിക്കുമ്പോൾ പൊയ്‌പോയതെല്ലാം തിരിച്ചുകിട്ടുന്നപോലെ. ജീവിതത്തെ ഞാൻ വല്ലാതെ ഇഷ്ടപ്പെടാൻ തുടങ്ങി. അതങ്ങനെയാണ്. നഷ്ടപ്പെട്ടെന്നു കരുതിയത് തിരികെ കിട്ടിയാൽ നമുക്കതിനോട് ഒരുപാടിഷ്ടം തോന്നും. എന്നത്തേക്കാളും അത് മനോഹരമായും തോന്നും. ഇനി ഒരിക്കലും അത് നഷ്ടമാകല്ലേയെന്ന് ആശിക്കും. അത് തിരികെ തന്നവരോട് ലോകത്തിലേക്കും അധികം സ്‌നേഹം തോന്നും. റെബേക്ക ഈമാ ഇന്ന് എന്റെ എല്ലാമാണ്. വർഷങ്ങൾക്കു ശേഷം ഞാൻ പണ്ടത്തെ താരാട്ട് കേൾക്കുന്നു. കരിഞ്ഞ മാംസത്തിന്റെ തീക്ഷ്ണഗന്ധമുള്ള താരാട്ട്. ജീവിക്കണം. എനിക്ക് തോൽക്കാതെ ജീവിക്കണം. ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ഷീലാ ടോമി

നോവലിസ്​റ്റ്​, കഥാകൃത്ത്​. ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു. ഗൾഫിലെ റേഡിയോകളിൽ പുസ്തക അവതാരക, സ്​ക്രിപ്​റ്റ്​ റൈറ്റർ, ഗാനരചയിതാവ്. മെൽക്വിയാഡിസിന്റെ പ്രളയ പുസ്​തകം (കഥ), വല്ലി (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments