ചിത്രീകരണം: സുധീഷ്​ കോ​ട്ടേ​മ്പ്രം

മഹാമാരി

തൈമയും കൊളംബസും -9

വാഗോക്ക് സ്‌പെയിനിലേതിനേക്കാൾ രാജോചിതമായ സ്വീകരണമാണ് ദ്വീപിനുളളിലെ ചെറിയ പട്ടാള ക്യാമ്പിൽ ലഭിച്ചത്.
ബ്യൂഗിളുകളും പെരുമ്പറകളും തൈനോകളെ ഞെട്ടിച്ചു കൊണ്ട് മുഴങ്ങി.
അവാഗോ രണ്ടാം യാത്രയിൽ കൂടെയുണ്ടായിരുന്നയാളും പിന്നീട് രോഗബാധിതരായ പട്ടാളക്കാരേയും കൊണ്ട് സ്‌പെയിനിലേക്ക് തിരിച്ചു പോയവരുടെ കൂട്ടത്തിൽ പെട്ടയാളുമായിരുന്നു. സ്പാനിഷ് പടയാളികൾ കൊളംബസിനു പകരം മറ്റാരെയും സംഘത്തലവനായി സ്വീകരിക്കാൻ മാത്രം വശം കെട്ടിരുന്നു എന്ന് അയാൾക്ക് ആരോടും ചോദിക്കാതെ തന്നെ അറിയാമായിരുന്നു.

തനിക്ക് പെട്ടെന്നുണ്ടായ സ്ഥാനക്കയറ്റത്തിൽ അഭിമാനം പൂണ്ട പോലെ അവാഗോ ഒരു കസേരയിൽ അമർന്നിരുന്നു.
മിനിറ്റുകൾക്കുളളിൽ അഡ്മിറലിനെ കുറിച്ചുളള നാവികരുടെ പരാതികൾ അറ്റ്‌ലാന്റിക്കിലെ തിരകൾ പോലെ വന്ന് അയാളുടെ ചെവിയിൽ അലയടിക്കാൻ തുടങ്ങി.
മിക്കവാറും പേർക്ക് പറയാനുണ്ടായിരുന്നത് റേഷൻ വിതരണത്തിൽ കൊളംബസ് പക്ഷപാതിത്വം കാണിച്ചു എന്നതായിരുന്നു. ഒപ്പം, പൂപ്പൽ പിടിച്ച റൊട്ടിയും വെണ്ണയും പേരിനു പോലും കിട്ടാതെ തൈനോകളുടെ ഭക്ഷണമായ മരച്ചീനി കിഴങ്ങ് മാത്രം ഭക്ഷിച്ച് ദിവസങ്ങൾ തളളി നീക്കേണ്ടി വന്നത്.
മൂർ രാജാവിന്റെ കലവറകൾ കളളന്മാരെ പോലെ കുത്തിത്തുറന്ന് ആഹാര സാധനങ്ങൾ മോഷ്ടിക്കേണ്ടി വന്ന ഗതികേട്. ദ്വീപുവാസികളോടുളളതിനേക്കാൾ നികൃഷ്ടമായ സ്വന്തം നാവികരോടുളള അഡ്മിറലിന്റെ പെരുമാറ്റം...

ഇത്രയും ഫലഭൂയിഷ്ടമായ മണ്ണ് ചുറ്റുമുണ്ടായിട്ടും സ്പാനിഷുകാർ യൂറോപ്പിൽ നിന്നു കൊണ്ട് വന്ന ഉള്ളിയുടേയും, കക്കിരിക്കയുടേയും കാബേജിന്റേയും വിത്തുകൾ മുളപ്പിച്ച് കൃഷി തുടരാതിരുന്നത് എന്തു കൊണ്ടാണെന്ന് അവാഗോക്ക് മനസ്സിലായില്ല. ദ്വീപുകളിൽ ചെലവഴിച്ച കുറച്ചു നാളിൽ തന്നെ എത്ര വേഗമാണ് അത്തരം വിത്തുകൾ മുളച്ചു കായ്ക്കുന്നതെന്ന് അയാൾക്ക് നേരിട്ട് അനുഭവമുണ്ടായിരുന്നു. പക്ഷെ, ഈ നശിച്ച ദ്വീപുകളിൽ സ്ഥിര താമസക്കാരെ പോലെ കൃഷിയിറക്കാനും പരിപാലിക്കാനും സ്പാനിഷ് സംഘത്തിനു താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ സ്‌പെയിനിൽ നിന്നു വരുന്ന പരിമിത റേഷനു മടിയന്മാരായി കാത്തിരുന്നു എന്നതായിരുന്നു സത്യം.
പക്ഷെ, അവാഗോ വന്നത് സത്യം തേടിയായിരുന്നില്ല. മറിച്ച്, ഇന്ത്യൻ ദ്വീപുകളിലെ അഡ്മിറലിന്റെ പിടിപ്പുകേടിനെക്കുറിച്ച് ആർക്കും നിഷേധിക്കാനാവാത്ത തെളിവുകൾ ശേഖരിക്കാനായിരുന്നു.

കൊളംബസ് ലോപസുമൊത്ത് ക്യാമ്പിലേക്ക് വന്നു.
അഡ്മിറലിന്റെ മുഖം ചുകന്നിരുന്നു.
അവാഗോക്ക്ചുറ്റും തടിച്ചു കൂടിയ തന്റെ സംഘത്തെ കൊളംബസ് രൂക്ഷമായി നോക്കി.
നന്ദി കെട്ടവർ!
പക്ഷെ, ഒരു സംഘർഷം പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ചു കൊണ്ട് കൊളംബസ് ബഹുമാനപുരസ്സരം അവാഗോക്ക് മുന്നിലിരുന്നു. പരാതികളുടെ രത്‌നച്ചുരുക്കവും വിധി കല്പനയും അവാഗോയുടെ വാക്കുകളിൽ തന്നെ കേട്ടു:""അഡ്മിറൽ തന്റെ അധികാരത്തിനു കീഴിൽ നേരിട്ട് ഭരിക്കുന്ന പടയാളികളുടെ എണ്ണം നേർ പകുതിയായി കുറയ്ക്കണം. അവരോടുളള പക്ഷപാതിത്വം അവസാനിപ്പിച്ച് അവർക്ക് അർഹമായ, മറ്റ് അംഗങ്ങൾക്കുളള അത്രയും റേഷൻ മാത്രമേ ലഭ്യമാക്കാവൂ. അസുഖം ബാധിച്ച പടയാളികളെ ഭാരിച്ച ജോലികളിൽ നിന്ന് ഒഴിവാക്കേണ്ടതാണ്...''

കൊളംബസിന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.
സ്വർണം. കൂടുതൽ സ്വർണം.
സാന്താമറിയയുടെ അറകൾ മുഴുവൻ മൂടാൻ തക്ക സ്വർണം.
അതാണ് വേണ്ടത്.
അതുണ്ടെങ്കിൽ ഫെർഡിനന്റിനേയും ഇസബെല്ലയേയും പറഞ്ഞു നിർത്താൻ പ്രയാസമില്ല. സ്വർണത്തിനു മുന്നിൽ എല്ലാം പരാതികളും കാറ്റിൽ പറക്കും.
കൊളംബസ് തന്റെ നാവികരെ മാറി മാറി നോക്കി. ""ആരാധ്യരായ സ്പാനിഷ് രാജാവിന്റെയും രാജ്ഞിയുടേയും ആജ്ഞ നിറവേറ്റാൻ ഈ എളിയ സേവകൻ എപ്പോഴും ബദ്ധശ്രദ്ധനാണ്.'' അവാഗോയെ മുഴുമിക്കാൻ വിടാതെ അഡ്മിറൽ പറഞ്ഞു.
കൊളംബസിന്റെ അനുസരണയുളള പെരുമാറ്റം വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനയാണെന്ന തോന്നലിൽ നാവികരും തല കുനിച്ചു.

യോഗം കഴിഞ്ഞ് പുറത്തിറങ്ങിയതും അഡ്മിറൽ പെഡ്രോയെ വിളിപ്പിച്ചു. ""ഈ ദ്വീപുകളിൽ ഇനി നമ്മൾ അരിച്ച് പെറുക്കാത്ത ഒരരുവിയോ, കാടോ, പവിഴപ്പുറ്റുകളോ ഇല്ല. അഡ്മിറൽ, ഞാൻ പറയുന്നതിൽ ദേഷ്യം ഒന്നും തോന്നരുത്. ഈ ദ്വീപിലെ മുഴുവൻ സ്വർണവും നമ്മൾ കണ്ടെടുത്തു കഴിഞ്ഞു. ഇനി ഇവിടെ നിന്ന് സ്വർണമായി ഒന്നും തന്നെ കിട്ടാനില്ല. ഖനികളെല്ലാം കാലിയായിരിക്കുന്നു.''
തന്റെ രണ്ടു ദിവസത്തെ സ്വർണവേട്ടക്കു ശേഷം വെറും കൈയോടെ തിരിച്ചെത്തിയ പെഡ്രോ വിശദീകരിച്ചു. കൊളംബസിന്റെ മുഖം ദേഷ്യം കൊണ്ട് ചുകന്നു.""ഈ ദ്വീപല്ലെങ്കിൽ മറ്റൊരു ദ്വീപ്. അല്ലെങ്കിൽ ക്യൂബ. മലകളിലും കയറി നോക്കട്ടെ. മടിയന്മാരായ തൈനോകളെ ശിക്ഷിച്ച്, പേടിപ്പിക്കാൻ ചെവിയോ മൂക്കോ ഒക്കെ മുറിക്ക്. അവർ കൊണ്ടു വരും സ്വർണം.''

പെഡ്രോ ഒന്നും മിണ്ടാതെ നിന്നു. കൊളംബസിന്റെ കോപം ഇരട്ടിച്ചു. ""എന്താ നാവിറങ്ങിപ്പോയോ?''""ഞാൻ പറയുന്നത് സത്യമാണ് അഡ്മിറൽ. ഈ ദ്വീപുകളിലൊന്നും തന്നെ ഇനി സ്വർണം ബാക്കിയില്ല. ഇതു വരെ നമുക്ക് കിട്ടിയത് എത്രയാണോ അതിൽ കൂടുതൽ ഒന്നും കിട്ടാനുളള കോപ്പില്ല തന്നെ. സമയവും ഊർജ്ജവും വെറുതെ മിനക്കെടുത്താമെന്നെ ഉളളൂ.''
പെഡ്രോക്കു നേരെ ഉയർത്തിയ തന്റെ കൈ മരവിച്ചു പോകുന്നത് കൊളംബസ് അറിഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞ് ലാ ഇസബെല്ലയുടെ മുറികളിലൊന്നിൽ അഡ്മിറൽ തളർച്ചയോടെ കിടന്നു.
കഴുത്തിലും കൈ കാലുകളിലും അസഹ്യമായ സന്ധി വേദന.
തിളയ്ക്കുന്ന കടൽപ്പരപ്പ് നോക്കി നോക്കി കണ്ണുകൾ വല്ലാതെ മങ്ങിയിരിക്കുന്നു. മുടിയിഴകളിൽ ഒരെണ്ണം പോലും വെളുക്കാതെയില്ല. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ഉളളതിലും പത്തു വയസ്സെങ്കിലും കൂടിയിരിക്കുന്നു. അവാഗോയുടെ നിശിതമായ കുറ്റപത്രവും, കോട്ടയുടെയും സ്പാനിഷ് സംഘത്തിന്റേയും ദയനീയാവസ്ഥയും മുന്നറിയിപ്പ് തരുന്നുണ്ട്. ഇനി സ്വർണം ചികഞ്ഞ് ഈ ദ്വീപുകളിൽ അധിക നാൾ തങ്ങാൻ കഴിയില്ല. സ്‌പെയിനിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. അവിടെ രാജകീയ വിചാരണ നേരിടേണ്ടതുണ്ട്.
കൊളംബസ് തന്റെ മാത്രം സ്വപ്നത്തിനു പിറകേ പോയ രണ്ടാം യാത്രയുടെ ജയപരാജയങ്ങൾ ന്യായീകരിക്കേണ്ടതുണ്ട്.
സ്വർണം കിട്ടാക്കനിയായ സ്ഥിതിക്ക് ഇനി കൂടുതൽ അടിമകളെ കണ്ടെത്തണം സ്‌പെയിനിലേക്ക്. പനിമൂർച്ഛയിലും കൊളംബസ് കണക്കു കൂട്ടി. അതും പോരാളികളായ കാരിബുകൾ തന്നെ വേണം എന്നില്ല. തൈനോകളായാലും മതി. ഒഴിഞ്ഞ കപ്പലുകൾകൾ നിറക്കണം. അത്ര തന്നെ.

കിതപ്പു മാറ്റാൻ ചീറയും ഞാനും ഒരു മരത്തണലിൽ കാലു നീട്ടിയിരുന്നു.
ചുറ്റും വീശുന്ന കാറ്റിൽ വിങ്ങലും വേദനയും.
മനുഷ്യവാസത്തിന്റെ ലക്ഷണം പോലുമില്ലാത്ത, മലയടിവാരത്തിലെ ഇടതൂർന്ന കാടുകൾക്ക് സമീപമുളള ദ്വീപ്.
സൂക്ഷിച്ച് ചെവിയോർത്താൽ ഇപ്പോഴും കേൾക്കാം ആകാശത്ത് പാറി നടക്കുന്ന ആത്മാക്കളുടെ നിലവിളി.
ഞാൻ ചീറയുടെ വയറ്റിൽ പതുക്കെ തലോടി. അവൾ വേദന കൊണ്ട് പുളഞ്ഞു. വെറും ദിവസങ്ങൾ കൊണ്ട് ഒരു ദ്വീപു മുഴുവൻ തുടച്ചു നീക്കാൻ കെൽപുളള സ്പാനിഷ് മഹാമാരിയുടെ അടയാള പത്രം.

വെളുത്ത മൂപ്പനും കൂട്ടരും കപ്പലുകളിൽ കൊണ്ടു വന്നത് കുതിരകളേയും പട്ടികളേയും പെണ്ണുങ്ങളേയും മാത്രമല്ല. ഞങ്ങളുടെ ശരീരങ്ങൾക്ക് പരിചിതമല്ലാത്ത, എന്തു ചെയ്യണമെന്ന് ഞങ്ങളുടെ വൈദ്യന്മാർക്കോ ദൈവങ്ങൾക്കോ അറിയാത്ത രോഗത്തിന്റെ അണുക്കളുമുണ്ടായിരുന്നു അവരുടെ കൂടെ. വന്നു പെട്ടാൽ ഈച്ചകളെ പോലെ ചത്തു വീഴാൻ വണ്ണം ഞങ്ങളെ നിസ്സഹായരാക്കുന്ന ദീനങ്ങൾ.
ദേഹമാസകലം ചലം നിറഞ്ഞ കുരുക്കൾ പൊന്തി, കണ്ടാൽ അറപ്പു തോന്നും വിധം ചുകന്ന് മനുഷ്യനെ മാറ്റുന്ന, പനിയും ചർദ്ദിയും ബാധിച്ച് ദിവസങ്ങൾക്കുളളിൽ ജീവനൊടുങ്ങുന്ന തരം വേദനകൾ. ദേഹം മുഴുവൻ പാമ്പിന്റേതു പോലുളള വെളുത്ത പാടുകൾ വന്ന് യാതന തിന്നു മരിക്കുന്ന പാമ്പിൻ പനി. വെളുത്ത മനുഷ്യർ കപ്പലിറങ്ങുന്നതിനു മുൻപ് ഞങ്ങൾക്ക് കേട്ടു കേൾവി പോലുമില്ലാതിരുന്ന വിചിത്ര രോഗങ്ങൾ.

ഇടക്കെപ്പോഴോ ഞാൻ താമിയെക്കുറിച്ച് ചീറയോട് സങ്കടം പറഞ്ഞു.
അവൾ പക്ഷെ പ്രതികരിക്കുകയോ കരയുകയോ ചെയ്തില്ല.
എല്ലാ ദുഃഖങ്ങൾക്കും അപ്പുറമുളള ഇരുട്ടിലേക്ക് അവൾ ഇതിനകം നടന്നു കയറിയതായി എനിക്കു മനസ്സിലായി. എങ്കിലും കടപ്പുറത്തു നിന്ന് ജീവനും കൊണ്ടോടി രക്ഷപ്പെടുമ്പോൾ അവളുടെ കൈപിടിക്കാൻ തന്നതിന് ഞാൻ ആത്മാക്കളോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു. ആർക്കറിയാം ദ്വീപുകൾ മുഴുവൻ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മഹാമാരി ഞങ്ങളേയും ഗ്രസിക്കുന്നതിനു മുൻപ് എത്ര നേരമുണ്ടെന്ന്?
ഞാൻ ചീറയെ രണ്ടു കൈ കൊണ്ടും ചേർത്തു പിടിച്ചു.

വെയില് കാടിനു മുകളിൽ, ഇലച്ചാർത്തുകൾക്കിടയിൽ ഒളിച്ചു കളിച്ചു.
മാനം മുട്ടുന്ന മരങ്ങളുടെ ചില്ലകളിൽ കിളികളും, അണ്ണാന്മാരും, അസംഖ്യം ചെറു ജീവികളും പതിവു പോലെ അവയുടെ ജീവിതം തുടർന്നു.
ദ്വീപുകളിൽ നിന്ന് ഞങ്ങൾ കൂട്ടത്തോടെ അപ്രത്യക്ഷരാവുന്നത് അവർ അറിയുന്നുണ്ടാകുമോ?

പെട്ടെന്ന്, ഒടിപ്പോയവരെ തേടി സ്പാനിഷ് പട്ടാളം ധൃതി വെച്ച് വരുന്ന ശബ്ദം കേട്ടതു പോലെ എനിക്ക് തോന്നി. ഞാൻ ക്ഷീണവും ദാഹവും മറന്ന് ചാടിയെഴുന്നേറ്റു. ലോകത്തിന്റെ അറ്റം വരെ ഓടാം. കടൽ കവച്ചു ചാടാം. ദൃഢനിശ്ചയത്തോടെ നിലത്തു വീണു കിടന്നിരുന്ന മരക്കമ്പുകളിലൊന്ന് ഞാൻ എടുത്തു പിടിച്ചു.
അപ്പോഴാണ് കണ്ടത്. ചീറയുടെ കാലുകൾക്കിടയിലൂടെ ഒഴുകുന്ന നീണ്ട ചോരച്ചാലുകൾ പുല്ലിൽ ചുകപ്പും കറുപ്പും പരത്തിയിരിക്കുന്നു. പാതി മാത്രം തുറന്ന അവളുടെ കണ്ണുകൾ ഏതോ വിദൂര ബിന്ദുവിൽ സന്ധിച്ചതു പോലെ നിശ്ചലമായിരിക്കുന്നു.

""ചീറ, ചീറ.'' ഞാൻ അടുത്ത് കുത്തിയിരുന്ന് അവളെ കുലുക്കി വിളിച്ചു.
ഒരനക്കവും കിട്ടാതായപ്പോൾ അടുത്തുളള തോട് ലക്ഷ്യമാക്കി ഓടി.
ഇലകൾ പറിച്ച് കുമ്പിളാക്കി വെളളം കൊണ്ടു വന്ന് അവളുടെ മുഖത്ത് തെളിച്ചു.
എന്റെ ഷാമന്മാരേ, കാഗ്വാനയുടെ അനുഗ്രഹം ലഭിച്ചിട്ടുളള ഈ പെണ്ണിനോട് ദയവുണ്ടാകില്ലേ?
ഞാൻ ചുറ്റും നോക്കി. പരിചയമില്ലാത്ത പ്രദേശം. കായ്ച്ചു നിൽക്കുന്ന ഗ്വായ്ക്കൻ മരത്തിന്റെ ചീളുകൾ വേണം. അതിട്ട് തിളപ്പിക്കാൻ വെളളവും. ഇടക്കിടക്ക് കുടിച്ചാൽ ചീറക്ക് ആശ്വാസം ആകും. മരമന്വേഷിച്ചു പോകാനായി എഴുന്നേറ്റപ്പോൾ ചീറ എന്റെ കൈയിൽ പിടിച്ചു. പിന്നെ അടുത്തിരിക്കാൻ ആംഗ്യം കാണിച്ചു. അവൾ വല്ലാതെ തളർന്നിരുന്നു. ശ്വാസമെടുക്കാൻ പ്രയാസമുണ്ട്. കാരിബുകളുടെ തേൾ വിഷം പുരട്ടിയ അമ്പു കൊണ്ടതു പോലെ.

ചീറ വീണ്ടും ഞരങ്ങി.
എന്തോ പറയാൻ വാ തുറന്നു.
എന്നെ മുറുക്കെ പിടിച്ചു.
ഞാൻ കാഗ്വാനയുടെ പ്രാർത്ഥന ഉച്ചത്തിൽ ഉരുവിട്ടു.
സ്പാനിഷുകാരുടെ കുഴലിന്റെ ശബ്ദം അധികം ദൂരെയല്ലാതെ കേൾക്കാം.
ഒരു വംശത്തിന്റെ ശരീരം മുഴുവൻ അവർ അണുബാധയേൽപ്പിച്ചു കഴിഞ്ഞുവല്ലോ എന്റെ ആത്മാക്കളേ?
കടലിൽ നിന്നും പരമാവധി അകലെ, കാടുകളിൽ, മലമുകളിൽ എത്തിപ്പെടണം. ഞാൻ ചീരയെ ഒരു വിധം വലിച്ചെഴുന്നേൽപ്പിച്ചു. അവളുടെ ബോധം മറഞ്ഞ് തുടങ്ങിയിരുന്നു...

ഞാൻ ഒരു വലിയ മരക്കഷ്ണം പോലെ ചീറയെ വലിച്ചു കൊണ്ടു പോവുകയായിരുന്നു. ഓരോ വേരിലും വളളിയിലും തട്ടി തടഞ്ഞു നിന്നപ്പോഴൊക്കെ ഞാൻ സർവ്വ ശക്തിയുമെടുത്ത് അവളെ തളളിക്കയറ്റി. വളഞ്ഞ് ചുറ്റി നേരത്തെ വെളളമെടുക്കാൻ പോയ തോടു തുടങ്ങുന്നിടത്തെത്തി. തോട് മുറിച്ചു കടന്നാൽ അപ്പുറത്ത് ഇടതൂർന്ന കാടും മലയുമായി.
ശക്തമായ ഒഴുക്ക് മുറിച്ചു കടക്കാൻ പറ്റിയ ഇടം നോക്കി ഞാൻ ചീറയേയും വലിച്ച് കൊണ്ട് തോടരുകിൽ കൂടി നടന്നു. വെളളത്തിൽ നിന്ന് തൈനോകളുടെ നെഞ്ചു പൊട്ടിയുളള കരച്ചിൽ കേൾക്കാം.

ഇടക്കെപ്പോഴോ ചീറയുടെ ഭാവം മാറി. അണുക്കൾ അവളുടെ ബോധം മുഴുവൻ വിഴുങ്ങിയിരിക്കണം. ഏതോ പിശാച് ബാധിച്ച് അവൾ എന്റെ കൈ തട്ടിമാറ്റി തിരിച്ചു നടക്കാൻ, അല്ല, ഓടാൻ തന്നെ തുടങ്ങി. പെട്ടെന്നുണ്ടായ ഭാവമാറ്റത്തിൽ അന്ധാളിച്ചു നിന്ന ഒന്നു രണ്ടു നിമിഷങ്ങൾക്കു ശേഷം ഞാനും പിന്നാലെ ഓടി. പിടിച്ചു നിർത്താൻ ശ്രമിച്ചപ്പോഴെല്ലാം അവൾ എന്നെ തളളി മാറ്റുകയും എല്ലാത്തിനും കാരണക്കാരി ഞാനാണെന്ന് പറഞ്ഞ് മാന്താനും അടിക്കാനും തുടങ്ങി.

ഞാൻ ഒരു കാട്ടു വളളിയെടുത്ത് അവളുടെ കൈകൾ രണ്ടും കൂട്ടിക്കെട്ടാനൊരു ശ്രമം നടത്തി. പക്ഷെ എനിക്ക് പിടികിട്ടാത്ത ഒരു അമാനുഷ ശക്തിയിൽ അവൾ നിഷ്​പ്രയാസം അത്​ വലിച്ചു പൊട്ടിച്ചു. വീണ്ടും ഓട്ടം തുടർന്നു. സ്പാനിഷുകാരുടെ കുഴൽ ശബ്ദം കേട്ട ദിക്ക് നോക്കിയാണ് അവൾ ഓടുന്നതെന്നു കണ്ട് ഞാൻ നിലത്തു കിടന്ന ഉളളു പൊളളയായ ഒരു മരക്കഷ്ണമെടുത്ത് അവളുടെ പുറം നോക്കി എറിഞ്ഞു.
കരിയിലകൾ പറത്തിക്കൊണ്ട് അവൾ ഒരു വള്ളിയിലേക്ക് മറിഞ്ഞു. പതുക്കെ നിലത്തേക്ക് വീണു. മരക്കഷ്ണം താഴെയിട്ട് ഞാൻ ചെവിയോർത്തു. ഇല്ല. കാടിന്റെ, വെളളത്തിന്റെ, മലകളുടെ, പുരാതനമായ ശബ്ദം മാത്രം. ചൂഴ്ന്നു നിൽക്കുന്ന ആത്മാക്കളുടെ സാന്നിധ്യം മാത്രം.
ഞാൻ അവൾക്കു മുന്നിൽ മുട്ടു കുത്തിയിരുന്നു. അവളുടെ കരുവാളിച്ച മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി.

അതെ, എല്ലാറ്റിനും കാരണക്കാരി ഞാനാണ്. മൂപ്പനെ ഒറ്റപ്പെടുത്തി കൊലക്കു കൊടുത്തതിനും, താമിയുടെ തിരോധാനത്തിനും, ഇപ്പോൾ നിന്നെ ഈ നിലയിലാക്കിയതിനും എല്ലാം. എല്ലാം ഞാൻ കാരണമാണ്. ഞാൻ കാരണമാണ്.
ഞാൻ മറയില്ലാതെ കരഞ്ഞു. എത്ര നേരമെന്നറിയാതെ. വേദനകളുടെ ആഴത്തിലേക്ക് തോട് എന്റെ കണ്ണീരും ഏറ്റെടുത്തു.

ഞാൻ ചീറയെ തോടിന്റെ ഓരത്ത് ഒരു മരത്തിൽ ചാരിയിരുത്തി.
അവൾ കണ്ണുകളടച്ച് ഞരങ്ങിയും മൂളിയും ഇരുന്നു. ഇടക്ക് വേദന കൊണ്ട് പുളഞ്ഞു.
പുഴക്കപ്പുറം കൊടും കാടാണ്. സൂര്യ വെളിച്ചം പോലും കടക്കാൻ ബുദ്ധിമുട്ടുളള കൊടുങ്കാട്. ഞാൻ വെളളത്തിലേക്കിറങ്ങി. ഒഴുക്കിൽ എന്റെ കാലുകൾ വേച്ചു പോയി. എങ്കിലും തണുത്ത വെളളം ശരീരത്തേയും മനസ്സിനേയും അല്പം തണുപ്പിച്ചു. ഏതോ പൂർവജന്മങ്ങളുടെ കൂട്ട് കിട്ടിയതു പോലെ. ഈ ഒഴുക്ക് മുറിച്ചു കടക്കാൻ ഞങ്ങൾക്ക് അവരുടെ തുണ വേണമായിരുന്നു.
മീനുകൾ എന്റെ കാലുകളിൽ ഇക്കിളിയിട്ടു.
ആമകളും ഒഴുക്കിൽ പെട്ട കൂന്തലുകളും എന്റെ ശരീരം മുട്ടിയുരുമ്മി കടന്നു പോയി. പെട്ടെന്ന് കാലം പുറകോട്ട് പോയതായി എനിക്ക് തോന്നി.
ഇപ്പോൾ എനിക്ക് കാണാം. വെളളാരങ്കല്ലുകളും സ്വർണത്തരികളുറങ്ങുന്ന പവിഴപ്പുറ്റുകളും. ഇനിയും സ്പാനിഷ്‌കാരുടെ കൈയെത്താത്ത നിലങ്ങളിൽ രത്‌നങ്ങൾ പൂക്കുന്നുണ്ട്.
ഞാൻ ഒഴുക്കിൽ മലർന്നു കിടന്ന് പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങി. മീനുകൾക്കും കല്ലുകൾക്കും ഒപ്പം നൃത്തം വെക്കുന്ന വെയിൽ. കാറ്റ് പുഴയോരത്തെ മരങ്ങളിൽ എന്തോ രഹസ്യം പറയുന്നു.

വെളളം താഴേക്ക് കുതിച്ചു ചാട്ടമായി മാറുന്നതിന് അല്പം മുൻപ്, ചാഞ്ഞു കിടന്നിരുന്ന മരക്കൊമ്പിൽ പിടിച്ച് ഞാൻ അൽപനേരം നിന്നു. സമതലങ്ങളും കടപ്പുറവും കാണാം. സ്പാനിഷ് കപ്പലുകൾ നിർത്തിയിട്ടിരിക്കുന്നതും, പട്ടാളക്കാർ സംഘം ചേർന്ന് ദ്വീപ് മുഴുവൻ തിരയുന്നതും, തൈനോകളെ പിടിച്ചു കെട്ടി കൊണ്ടു പോകുന്നതും, ബാക്കിയായ കുടിലുകൾക്ക് തീയിടുന്നതും കാണാം...
എത്ര പെട്ടെന്നാണ് ലോകം മാറിപ്പോയത്.
പ്രിയപ്പെട്ടാ ആദിമൂപ്പാ, എന്ത് തെറ്റ് ചെയ്തിട്ടാണ് ഞങ്ങളോട്, നിന്റെ ഏറ്റവും പ്രിയപ്പെട്ടവരും സമാധാനപ്രിയരുമായ തൈനോകളോട് നീയിത് ചെയ്തത്? നിന്റെ കോപത്തിന്റെ അഗ്‌നിക്കിരയാകാൻ മാത്രം എന്ത് അപരാധമാണ് ഞങ്ങൾ അറിഞ്ഞോ അറിയാതെയോ നിന്നോട് ചെയ്തത്? ഞാൻ എന്റെ ദ്വീപിന്റെ ഓർമയിലെ മുഖങ്ങൾ ഓരോന്നായി പരതി. എവിടെയാണ് അവരൊക്കെ? എന്ത് നരകയാതനയാണ് ഈ ലോകത്തും മറുലോകത്തും ഞങ്ങളെ കാത്തിരിക്കുന്നത്?

താഴെ സമതലത്തിൽ നിന്ന് ഒരു തോക്കിന്റെ ശബ്ദം കേട്ടു...
ഞാൻ വീണ്ടും വെളളത്തിലേക്കിറങ്ങി. ഒഴുക്കിനെതിരെ തിരിച്ചു നീന്തി. ചീറയെ ഇരുത്തിയിട്ടു പോയ സ്ഥലത്തെത്തി. അവൾ അതേ ഇരിപ്പു തുടരുകയായിരുന്നു.
ഞാൻ അക്കരെയെത്തി നീണ്ട രണ്ട് വളളികൾ തമ്മിൽ കൂട്ടിക്കെട്ടി.
ഒരു വശം കരയിലെ കൂറ്റൻ മരത്തിനു മേൽ കെട്ടിയിട്ടു. പിന്നെ മറ്റേയറ്റം വായിൽ കടിച്ചു പിടിച്ച് അക്കരക്കു നീന്തി. ഒഴുക്കു കൂടി വരുന്നുണ്ടായിരുന്നു. വിചാരിച്ചതിലും സമയമെടുത്തു മറുകരയെത്താൻ. ഞാൻ ചീറയുടെ സമീപത്ത് അൽപനേരം തളർന്നിരുന്നു. അവളുടെ കൈ എന്റെ കൈയിലെടുത്തു.
ചീറാ, ഇത് നമ്മുടെ സ്ഥലമാണ്. നമ്മുടെ ആത്മാക്കൾ കരയിലും വെളളത്തിലും സദാ കാവൽ നിൽക്കുന്ന ഇടം. പേടിക്കുകയേ വേണ്ട...

എത്രയും പെട്ടെന്ന് കാട്ടിനുളളിൽ എത്തണം.
ഈ മലമുകളിൽ കയറാൻ സ്പാനിഷുകാർക്ക് ക്ലേശമായിരിക്കാം. പക്ഷെ അവരുടെ പട്ടികൾക്ക് ഈ കാടോ മലയോ ഒന്നും തടസ്സമായിരിക്കില്ല. മനുഷ്യമാംസത്തിന്റെ രുചി പിടിച്ച് കാരിബുകളേക്കാൾ വലിയ നരഭോജികളായ വേട്ടപ്പട്ടികൾ...
ഞാൻ മറുകരയെത്തി കാട്ടിലൂടെയുളള ദുർഘടമായ യാത്രയെക്കുറിച്ച് ചിന്തിച്ചു. എത്ര വേഗത്തിൽ ഓടിയാലും അധികം വൈകാതെ തങ്ങൾക്കു പിന്നിൽ നാവു നീട്ടിക്കൊണ്ട് കുതിച്ചെത്തുന്ന വേട്ടപ്പട്ടികളെക്കുറിച്ച് ആലോചിച്ചു. ഒരു വിറയൽ എന്റെ നട്ടെല്ലിലൂടെ പാഞ്ഞു.
എപ്പോഴോ എന്റെ ആലോചന മുറിച്ചു കൊണ്ട് അവൾ ഇരുന്ന ഇരിപ്പിൽ എന്നിലേക്ക് ചാഞ്ഞു. അപ്പോഴും എന്റെ കൈത്തലത്തിൽ മുറുകിയിരുന്ന അവളുടെ കൈ മഞ്ഞു പോലെ തണുത്തിരുന്നു. ▮

(തുടരും)


കെ.വി. പ്രവീൺ

കഥാകൃത്ത്. നോവലിസ്റ്റ്‌. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ഡിജാൻ ലീ, പ്രച്ഛന്നവേഷം എന്നീ നോവലുകളും ഓർമ്മച്ചിപ്പ് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments