ചിത്രീകരണം: അർച്ചന രവി.

ഒരു കാടരികുകഥ

ജെ. ദേവിക എഴുതുന്ന കുട്ടികളടെ നോവൽ തുടരുന്നു. ചിത്രീകരണം: അർച്ചന രവി.

24
ജീമൂവും കിളിയും

പെട്ടെന്ന് അവിടമാകെ അപൂർവമായ ഒരു സുഗന്ധം നിറഞ്ഞു. കാടിന്റെ ഭാഗത്തുനിന്ന് വീശുന്ന കാറ്റ് കൊണ്ടുവന്നു വിതറിയതാണ്.

കുട്ടികൾ മണം വന്ന ദിശയിലേക്കു തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഒരാൾ നിൽക്കുന്നു!

മുണ്ട് മാത്രമാണ് വേഷം.
കഴുത്തിനോട് ചേർന്നുകിടന്ന മാലയിൽ അതിസുന്ദരമായ മുത്തിന്റെ പതക്കം. വയറിനു താഴെ വരെ നീണ്ടു കിടക്കുന്ന കരുണാപുഷ്പങ്ങൾ കോർത്ത മാല. നീണ്ട മുടി. വലിയ കണ്ണുകൾ. തെളിഞ്ഞ ചിരി. നെഞ്ചിൽ വലിയ നഖം കൊണ്ടുണ്ടായ മുറിവ് ഉണങ്ങിയ പാട്.

കുട്ടികളെല്ലാവരും കൂടി ശ്ശ്ശ്ശ്ശ്ശ്... വച്ചു.
അവർക്ക് അത്ഭുതമായത് ആ രൂപമല്ല, അയാളുടെ തോളിൽ യാതൊരു പേടിയും കൂടാതെ ഒരു കുഞ്ഞിക്കിളി ഇരിക്കുന്നു. ഫീലിക്കും ഫോബിക്കും മാത്രം ആളെ മനസ്സിലായി,
“ജീമൂ ചേട്ടൻ”.

ചെറുപ്പക്കാരൻ അദ്ധ്യാപകരുടെ അടുത്തേയ്ക്ക് പുഞ്ചിരിയോടെ നടന്നെത്തി.

ഇയാൾ ആരാണ്? എങ്ങനെ ഇവിടെ എത്തി?

‘ഞാൻ ജീമൂതവാഹനൻ’, അയാൾ അന്തംവിട്ടു നിന്ന ടീച്ചർമാരോടു പറഞ്ഞു. മലയാളം സാർ മാത്രം ഈ പേര് എവിടെയാണ് താൻ കേട്ടതെന്ന് തലപുകഞ്ഞ് ആലോചിച്ചു.

“കുട്ടികളോട് ഒന്ന് സംസാരിക്കണം’’, അയാൾ ഗംഭീരമെങ്കിലും മധുരമായ ശബ്ദത്തിൽ പുഞ്ചിരിയോടെ പറഞ്ഞു.

‘‘എനിക്കല്ല ... ഈ കിളിക്ക് അവരോടു സംസാരിക്കണം’’.

അതു കേട്ടപ്പോൾ കുട്ടികളെല്ലാവരുംകൂടി ആവേശത്തിൽ വീണ്ടും ശ്ശ്ശ്ശ്ശ്ശ്...ന്ന് വച്ചു.

“നിങ്ങൾ ... ആരാണ് ?”, ഹെഡ്മാസ്റ്റർ ചോദിച്ചു.
“മലനാടിന്റെ കാവൽക്കാരൻ’’, കുട്ടികളുടെ നേരെ തിരിഞ്ഞുകൊണ്ട് അയാൾ പറഞ്ഞു:
“മക്കളെ, ആ കൊള്ളക്കാർ നിങ്ങൾക്കുതന്ന മിഠായി ഭൂമിയുടെ കണ്ണുനീരും വേദനയും കൊണ്ടുണ്ടാക്കിയതാണ്’’.

ഹെഡ്മാസ്റ്ററും അദ്ധ്യാപകരും എന്തു ചെയ്യണമെന്നറിയാതെ അമ്പരന്നു. ജീമൂതവാഹനനും അയാളുടെ വിടർന്ന തോളിൽ സുഖമായി ഇരുന്ന കുഞ്ഞിക്കിളിയും സ്റ്റേജിൽ കയറി.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

25
ചിന്നീ ചിക്കഡീയുടെ പ്രസംഗം

കുഞ്ഞിക്കിളി വളരെ ആത്മവിശ്വാസത്തോടെ മൈക്കിനു മുന്നിലെ മേശയിലേക്കു ചാടിക്കയറി. വെള്ളത്തൂവലുകളും കറുത്ത തൊപ്പിയും താടി പോലൊരു കറുത്ത പാടും നല്ല ചുറുചുറുക്കുമുള്ള കുഞ്ഞിക്കിളി. സ്റ്റേജിലുള്ളവരെയും കുട്ടികളെയും നോക്കി അത് പ്രസംഗിച്ചു തുടങ്ങി.

“വേദിയിലുള്ള പ്രമുഖരെ, മിസ്റ്റർ ജീമൂതവാഹൻ, പ്രിയപ്പെട്ട മനുഷ്യക്കുട്ടികളെ…”

“നിങ്ങളോട് രണ്ടുവാക്ക് പറയാൻ കിട്ടിയ ഈ അവസരം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. മി. ജീമൂതവാഹനൻ, താങ്ക് യൂ വെരി മച്ച്”.

കുട്ടികളെല്ലാവരും ആഹ്ളാദത്തോടെ ചിരിച്ചു.

“ഞാൻ ഇന്ന് സ്നേഹത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് ഞാൻ പറയുന്നത് കുട്ടികൾക്കെല്ലാം മനസ്സിലാകും’’.

കുട്ടികൾ വീണ്ടും ചിരിച്ചു. എല്ലാവരും നിലത്തിരുന്നു.

ഒരു കാടരികുകഥ മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം

“എന്റെ പേര് ചിന്നീ ഫീ-ബീ എന്നാണ്. അങ്ങു ദൂരെ, വടക്കേ അമേരിക്കയിലാണ് എന്റെ വീട്. അവിടുത്തെ ഇലപൊഴിക്കും കാടുകളിലും തുറന്ന സ്ഥലങ്ങളിലുമാണ് ഞങ്ങൾ താമസിക്കുന്നത്. ഫീ-ബീ എന്നത് എന്റെ കുടുംബപ്പേരാണ്. പക്ഷേ മനുഷ്യർ ഞങ്ങളെ ചിക്കഡീ എന്നാണ് വിളിക്കുന്നത്. അതിനു കാരണമുണ്ട്, അതെല്ലാം വഴിയേ പറയാം.”

“ഈ ഫീ-ബി നിങ്ങടെ ബന്ധുക്കാരാണോ?” കുട്ടികൾ ഫീലിയോടും ഫോബിയോടും ചോദിച്ചു. “പേരു കേട്ടിട്ട് …”

“അതേ...” ഫീലിയും ഫോബിയും ആഹ്ളാദത്തോടെ കണ്ണു വിടർത്തി.

“ജീമൂതവാഹനൻ എന്റെ ഫ്രണ്ട് ആണ്. അദ്ദേഹം പറഞ്ഞിട്ടാണ് ഞാൻ ഇവിടുത്തെ കാര്യങ്ങൾ അറിഞ്ഞത്. ഞങ്ങളുടെ നാട്ടിൽ വലിയവലിയ ഇരപിടിയിന്മാരെ തുരത്തിയോടിക്കാൻ മിടുക്കുള്ള കിളികളായിട്ടാണ് ഞങ്ങൾ അറിയപ്പെടുന്നത്’’.

“നിങ്ങളുടെ ഈ കൊച്ചുഗ്രാമത്തിലെ പാറകളെയും അരുവിയെയും റാഞ്ചിക്കൊണ്ടു പോകാൻ കുറേ ഇരപിടിയന്മാർ അടുക്കുന്നെവെന്ന് അറിഞ്ഞതുകൊണ്ടാണ് ഞാനിവിടെ വന്നത്’’.

“ഞങ്ങളെ റാഞ്ചാൻ വരുന്ന ഇരപിടിയന്മാർ വലിയ പക്ഷികളാണ്. ഇവിടെയുള്ള പരുന്ത്, മൂങ്ങ, അതുപോലെയുള്ളവ’’.

“പക്ഷേ നിങ്ങളുടെ പാറകളെ റാഞ്ചിക്കൊണ്ടു പോകാൻ വന്നിരിക്കുന്നത് മനുഷ്യരാണ്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഞങ്ങളെ റാഞ്ചാൻ വരുന്ന പക്ഷികൾ അവരുടെ വിശപ്പു തീർക്കാനാണ് വരുന്നത്, പക്ഷേ ഈ പാറയെല്ലാം പൊട്ടിച്ചു കടത്താൻ നോക്കുന്നവർ അവരുടെ ലാഭമാണ് നോക്കുന്നത്’’.

“ഭാരങ്കര രാജാവ് പറഞ്ഞിട്ടാന്നാ അവരു പറഞ്ഞെ ...’’, മുൻനിരയിൽ ഇരുന്ന ഒരു കുട്ടി വിളിച്ചുപറഞ്ഞു.

“ഭാരങ്കരരാജാവിനും ഇതിൽ നിന്ന് ലാഭമുണ്ടാകും, അതാണ് സങ്കടം – കിളി അവളോടു പറഞ്ഞു. പറയൂ, ഇതിൽ നിന്ന് നിങ്ങൾക്ക് ശരിക്കും ലാഭമോ, നഷ്ടമോ?”

മടിച്ചുമടിച്ചാണെങ്കിലും കുട്ടികൾ പറഞ്ഞു, “നഷ്ടം....”

“ശരി, ഇനി ഈ ഇരപിടിയന്മാരെ ഇവിടുന്ന് ഓടിക്കാൻ എന്തുചെയ്യണമെന്ന് നമുക്ക് ആലോചിക്കാം. ഞങ്ങൾ ഫീ-ബീകൾ ഞങ്ങളുടെ നാട്ടിൽ പ്രയോഗിക്കുന്ന തന്ത്രങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാനാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്.”

കുട്ടികൾ എല്ലാവരും നേരെയിരുന്ന് കേൾക്കാൻ തയ്യാറായി.

“ഇതാ, കേട്ടോളൂ – വലിയ ഇരപിടിയിൻ പക്ഷി പറന്നിറങ്ങുന്നത് ഞങ്ങളിൽ ആരെങ്കിലും കണ്ടാൽ അവർ ഉറക്കെ വിളിച്ചുപറയും. നേതാവ് വരട്ടെ, അപ്പൻ വരട്ടെ, എന്നൊന്നും നോക്കൂല്ല – വലിയവായിൽ വിളി തുടങ്ങും.
ചിക്ക-ഡീ, ചിക്ക-ഡീ എന്നതാണ് അപായവിളി”.

“ഇരപിടിയന്റെ വലുപ്പമനുസരിച്ച് ...ഡീകളുടെ എണ്ണം കൂടും. നമ്മെ റാഞ്ചാനായി കാട്ടിനുള്ളിലേക്കു പറന്നിറങ്ങാൻ പറ്റുന്ന ചെറിയ പരുന്തോ മറ്റോ ആണെങ്കിൽ ചിക്ക-ഡീ-ഡീ-ഡീ-ഡീ-ഡീ എന്ന് അഞ്ചു തവണ വരേം വിളിച്ചുപറയും, അപ്പം മറ്റുള്ളവർക്കറിയാം, വരുന്നത് ചെറിയപുള്ളിയല്ല ...”

“അതുകൊണ്ടാണ്, കേട്ടോ, മനുഷ്യർ ഞങ്ങളെ ‘ചിക്കഡീകൾ’ എന്നു വിളിക്കുന്നത്”.

“ഒരാളുടെ വിളി കേട്ടാൽ മറ്റുള്ളവർ എല്ലാം മാറ്റിവച്ച് പറന്നുവരും. എന്നിട്ട് ഇരപിടിയനെ വളഞ്ഞിട്ട് എല്ലാവരും കൂടി അപായിവിളി ഉറക്കയുറക്കെ വിളിച്ചുകൊണ്ടേയിരിക്കും. വലിയ പക്ഷിയുടെ മുന്നിലും പിന്നിലും മുകളിലും താഴെയുമായി അതിവേഗം പറന്ന് അതിനെ ഓടിക്കും. അതിന്റെ ശ്രദ്ധയെ ഞങ്ങൾ താറുമാറാക്കും. മറ്റു പക്ഷികുടുംബക്കാരും ഞങ്ങളോടൊപ്പം കൂടും’’.

“നിങ്ങളും ഇരപിടിയനെ കണ്ടാൽ ആ നിമിഷം ബഹളംവച്ചു തുടങ്ങണം. പ്രായക്കൂടുതലുള്ളവർ തുടങ്ങട്ടെ എന്നൊന്നും വിചാരിച്ചുകളയരുത്. കേൾക്കുന്നവരെല്ലാം ചാടി എഴുന്നേൽക്കണം’’.

“ഇരപിടിയന്മാരിൽ അപകടകാരി ആരാണെന്ന് തിരിച്ചറിഞ്ഞുവേണം വിളി തുടങ്ങാൻ. ഞങ്ങൾ മറ്റു പക്ഷി കുടുംബക്കാരെ വിളിച്ചുകൂട്ടുമ്പോലെ നിങ്ങൾ കുട്ടികളും മറ്റുള്ളവരെ വിളിച്ചുകൂട്ടണം’’.

“ഞങ്ങളുടെ ചിക്ക-ഡീവിളി മറ്റു പക്ഷികുടുംബക്കാർക്കും മനസ്സിലാകും, കേട്ടോ -- ഇവിടെ ഈ ഗൌളിക്കിളിയില്ലേ, ചുമന്ന വയറൊക്കെയുള്ള ... അതിന്റെ കസിൻ ഞങ്ങടെ നാട്ടിലുണ്ട്. അവരൊക്കെ ഞങ്ങളുടെ വിളി കേട്ടാൽ പാഞ്ഞു വരും...”

“പിന്നെ, മറ്റു പക്ഷികളോട് ചേർന്നുനടക്കാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കും. അവരോടൊത്താണ് പലപ്പോഴും ഞങ്ങൾ കാട്ടിൽ അന്നം തേടുന്നത്. പക്ഷേ അവരുടെ അന്നം ഞങ്ങൾ തട്ടിപ്പറിക്കാൻ നോക്കാറില്ല, അവരോടു മത്സരിക്കാറുമില്ല’’.

“നിങ്ങളും ഇരപിടിയന്മാർക്കെതിരെ കൂടുന്നവരോട് അങ്ങനെ പെരുമാറുക’’.

“മൂന്നാമതായി, ഞങ്ങൾ തീറ്റ ശേഖരിച്ച് സൂക്ഷിച്ചു വയ്ക്കാൻ നല്ലതുപോലെ ശ്രദ്ധിക്കും. അതു പലയിടത്തായി സൂക്ഷിച്ചുവയ്ക്കും, എവിടെല്ലാമെന്ന് ഓർമ്മിക്കുകേം ചെയ്യും.”

“അതായത്, ഞങ്ങൾ ഞങ്ങടെ ശരീരത്തേയും മനസ്സിനെയും നന്നായി നോക്കും ... ഇവിടുത്തെ പോലല്ല, ഞങ്ങടവിടെ വല്ലാത്ത തണുപ്പാണ്. ആ തണുപ്പത്ത് പകലെല്ലാം ശേഖരിച്ചുവച്ച സൂര്യകാന്തി വിത്തൊക്കെ ഞങ്ങൾ മറക്കാതെ കൊത്തിത്തിന്നും, അപ്പോ രാത്രി ഞങ്ങടെ ശരീരങ്ങൾക്ക് നല്ല ചൂടു കിട്ടും.”

“പിന്നെ, ഞങ്ങൾക്ക് സ്വയം ചൂടുണ്ടാക്കാനും അറിയാം. മരക്കൊമ്പിലിരുന്ന് തൂവലെല്ലാം പൊലിപ്പിച്ചു പന്തുപോലെയാക്കും. നല്ല ചൂടുണ്ടാകും. അതിനുള്ളിലോട്ടു തലയും കേറ്റിവച്ച് സുഖമായി ഉറങ്ങും. കൊടുംതണുപ്പിലും നമുക്ക് ചൂടുണ്ടാകാൻ, സുഖമായി ഉറങ്ങാൻ നമ്മൾ മാത്രം മതി. പക്ഷേ ഇരപിടിയനെ ഓടിക്കാൻ നമ്മളെല്ലാവരും ഒത്തുചേരണം”.

ചിന്നീ ഫീ-ബി തന്റെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് “ഇനി ചോദ്യങ്ങൾ വല്ലതുമുണ്ടോ?” എന്നു ചോദിച്ചു.

കുട്ടികൾ തകർത്തു കൈയടിച്ചു.

ചെറിയൊരു ഇടവേളയ്ക്കു ഒരു കുട്ടി എഴുന്നേറ്റു.

“അതേ, ഈ ഇരപിടിയൻ പക്ഷി പിന്നെ എന്തു തിന്നും?” അവൻ ചോദിച്ചു.

ഒന്നാലോചിച്ച ശേഷം ചിന്നീക്കിളി പറഞ്ഞു.

“ഒരു ജീവിക്കും അന്നം മുട്ടാൻ പാടില്ലെന്നു തന്ന്യാ ഞങ്ങളും പറയുന്നത്. പിന്നെ ഇരപിടിയന്മാർ ഞങ്ങളുടെ കുഞ്ഞിപ്പക്ഷികളെ പിടിക്കാതിരിക്കാനാ ... തോന്നിയ പോലെ അവർ ഞങ്ങളെ വേട്ടയാടാതിരിക്കാനാ ഞങ്ങൾ എപ്പഴും ശ്രദ്ധയോടെ ഇരിക്കുന്നത്. വയസ്സായി വയ്യാതെയായാൽ മറ്റൊരു ജീവിക്ക് അന്നമാകുന്നത് പുണ്യമാന്നാ പണ്ടുള്ളവര് പറയുന്നത് ... അതുകൊണ്ട് പക്ഷികളിലെ ഇരപിടിയന്മാരെ പട്ടിണിക്കിടണമെന്നല്ല”.

“നിങ്ങളുടെയിടയിലെ ഇരപിടിയന്മാര് പക്ഷേ ആവശ്യം കൊണ്ടു മാത്രമല്ല ഇറങ്ങിയിരിക്കുന്നത് ... ആർത്തികൊണ്ടും കൂടിയാണ്....”

കുഞ്ഞിക്കിളി നിർത്തി. കുട്ടികൾ കൈയടിച്ചു.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

26
അന്ധാളിപ്പ്

ത്രയും നേരം സ്റ്റേജിലിരുന്ന അദ്ധ്യാപകരും ഹെഡ്മാസ്റ്ററും ഒരക്ഷരം മനസ്സിലാകാതെ ഇരിക്കുകയായിരുന്നു.

സ്നേഹത്തിന്റെ ഭാഷ അറിയാത്തോണ്ട് പക്ഷി മൈക്കിലൂടെ ഫീ...ഫീ....ഫിഫിഫി... ബിബീബീ...ഫ്ഫീ... എന്നൊക്കെ എന്തോ പറയുന്നെന്നേ അവർക്കു മനസ്സിലായുള്ളൂ. അവർ ജീമൂനോട് കിളിയുടെ പ്രസംഗം മലയാളിത്തിലാക്കിക്കൊടുക്കാൻ പറഞ്ഞു, പക്ഷേ അയാൾ ഒരു കുസൃതിച്ചിരി ചിരിച്ചതേയുള്ളൂ. അസംബ്ളി പിരിഞ്ഞു. തിരിഞ്ഞുനോക്കിയപ്പോൾ ആ പയ്യനെയും കിളിയെയും കാണാനില്ല. അദ്ധ്യാപകർ അവിടെല്ലാം തെരഞ്ഞു. അവർ എവിടെയും ഇല്ല.

“എന്താണ് കിളി പറഞ്ഞത്?”
ടീച്ചർമാർ കുട്ടികളോടു ചോദിച്ചു.

“തങ്ങളെ പിടിക്കാൻ വരുന്ന പരുന്തിനേം മൂങ്ങേം ഒക്കെ കിളികൾ ഓടിക്കുന്നതെങ്ങനേന്നു പറഞ്ഞൂ, ടീച്ചർ ...”

ശ്ശെടാ ... ഒരു പിടിയും കിട്ടുന്നില്ലല്ലോ ...

പക്ഷേ സ്ക്കൂൾ വിട്ട് വൈകുന്നേരം വീട്ടിലെത്തിയ കുട്ടികൾ കിളി പറഞ്ഞ കാര്യങ്ങൾ മുഴുവൻ അപ്പനമ്മമാരോടും സഹോദരങ്ങളോടും പറഞ്ഞു.

പാറ പൊട്ടിക്കാൻ വരുന്നവർ ചില്ലറപ്പൈസ കൊടുത്ത് തങ്ങളുടെ വെള്ളം മുട്ടിക്കമെന്ന് അമ്മമാരും അപ്പന്മാരും ഭയന്നു.

“വല്യവല്യ ടീമുകളാണ്, നമുക്ക് അവര് അവർക്കിഷ്ടമുള്ളതു തരും, നമ്മുടെ അപ്പനപ്പൂപ്പന്മാരും അമ്മയമ്മൂമ്മമാരുമാണ് ഈ കാടിരികിൽ വന്നു കഷ്ടപ്പെട്ട് ഇക്കണ്ടതെല്ലാം ഉണ്ടാക്കിയത്, അതെല്ലാം ഇവർ അവർക്കിഷ്ടമുള്ള വില തന്ന് എടുത്തോണ്ടു പോകും”, അവർ സങ്കടപ്പെട്ടു.

എന്തായാലും പിള്ളേരു പറഞ്ഞതെല്ലാം അവർ ശ്രദ്ധിച്ചുകേട്ടു. പിറ്റേന്നു മുതൽ അവർ അരുവിക്ക് രാപ്പകൽ കാവലിരിക്കാൻ തുടങ്ങി. കുട്ടികൾ സ്ക്കൂളിൽനിന്നു വന്നാലുടൻ അങ്ങോട്ടു ചെല്ലും. അമ്മമാരും അപ്പന്മാരും മാറിമാറി അവിടിരിക്കും. പിന്നെ തങ്ങളുടെ അടുത്തും ദൂരെയുമുള്ള എല്ലാ ബന്ധുക്കളെയും സ്വന്തക്കാരെയും വിളിച്ചുകൂട്ടി അരുവിയുടെ കരയിൽ പിക്നിക്കും കളികളും ഒക്കെ സംഘടിപ്പിക്കും.

വിവരമറിഞ്ഞ് ഭാരങ്കരകിങ്കരന്മാരും പാറക്കള്ളന്മാരും വണ്ടികളിൽ പാഞ്ഞെത്തി. പക്ഷേ കിളി പറഞ്ഞുകൊടുത്ത പാഠം നന്നായി പഠിച്ച കുട്ടികളും അവരുടെ ബന്ധുക്കളും, അവർ വണ്ടികളിൽ കയറിയ നിമിഷം മുതൽ ഒച്ചവച്ച് ആളെക്കൂട്ടി. അവർ വണ്ടികൾക്ക് തലങ്ങുംവിലങ്ങും തടസ്സങ്ങളുണ്ടാക്കി. ഭാരങ്കരകിങ്കരന്മാർക്കും പാറക്കള്ളന്മാർക്കും പാറകളുടെയോ അരുവിയുടെയോ അടുത്തുപോലും എത്താൻ കഴിഞ്ഞില്ല. പള്ളിയിൽ ഭാരങ്കരകിങ്കരന്മാർ പ്രാർത്ഥിക്കാൻ ചെന്നപ്പോൾ അവർക്കു മനസ്സാന്തരമുണ്ടാകാൻ കൂട്ടപ്രാർത്ഥന നടക്കുന്നതു കേട്ട് നാണിച്ചു പിന്മാറി...

തങ്ങളുടെ തന്ത്രമൊന്നു മാറ്റാൻ അവർ തീരുമാനിച്ചു.

പാറക്കള്ളന്മാരുടെ ആളുകൾ പണച്ചാക്കുകളുമായി ആ പ്രദേശത്തുള്ളവരുടെ വീടുകളിൽ കയറിയിറങ്ങാൻ പുറപ്പെട്ടു. കാശു വാരിയെറിഞ്ഞാൽ എല്ലാവരെയും വശത്താക്കാം, അവർ കരുതി.

പക്ഷേ പണച്ചാക്കുമായി വീടുകളിൽ ചെല്ലാൻ നോക്കിയപ്പോൾ ആ വഴികൾ മുഴുവൻ വെളുത്തു തിളങ്ങുന്ന കരുണാപുഷ്പങ്ങളും ചുവന്നു തുടുത്ത മുദിതാപുഷ്പങ്ങളും വളർന്നു നിറഞ്ഞു. ഭാരങ്കരകിങ്കരന്മാർക്കോ പാറക്കള്ളന്മാരുടെ ആളുകൾക്കോ ഒരടി പോലും മുന്നോട്ടുവയ്ക്കാനായില്ല....

മാത്രമല്ല, കരുണാപുഷ്പങ്ങൾ കണ്ടയുടൻ ഭാരങ്കരകിങ്കരന്മാരുടെയും പാറക്കള്ളന്മാരുടെ സഹായികളുടെയും മനസ്സ് മാറി ... തങ്ങൾ ദ്രോഹിക്കുന്ന മനുഷ്യരുടെയും പ്രകൃതിയുടെയും വിലാപം അവരുടെ ഹൃദയങ്ങളിലും മാറ്റൊലിക്കൊള്ളാൻ തുടങ്ങി.

മുദിതാപുഷ്പങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ടവർ ആ കാഴ്ചയുടെ ആനന്ദത്തിൽ തങ്ങൾ എന്തിനാണ് വന്നതെന്നു പോലും മറന്നുപോയി.

“ഈ പണി ഞങ്ങൾക്കു വയ്യേ”, അവർ തങ്ങളുടെ യജമാനന്മാരോടു പറഞ്ഞു.

(അവസാനിക്കുന്നില്ല)


Summary: Oru kaadarikukadha malayalam childrens novel written by j devika published in Truecopy Webzine packet 275.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments