ചിത്രീകരണം: അർച്ചന രവി.

ഒരു കാടരികുകഥ

ജെ. ദേവിക എഴുതുന്ന കുട്ടികളടെ നോവൽ അവസാനിക്കുന്നു . ചിത്രീകരണം: അർച്ചന രവി.

33
ചെങ്കുറിഞ്ഞി മുത്തശ്ശി

“ഹേ അഹങ്കാരിയായ രാജാവേ, ഇതു ഞാനാണ്, ചെങ്കുറിഞ്ഞി. സഹ്യന്റെ മകൾ.”

രാജസദസ്സിലേക്കു കാലെടുത്തുവച്ചതും ചെങ്കുറിഞ്ഞിമുത്തശ്ശി തന്റെ ശരിയായ രൂപത്തെ പ്രാപിച്ചു. അവർ ഒരു പടുക്കൂറ്റൻ മരമായി വളർന്ന് രാജമണ്ഡപത്തിൻറെ മച്ചു പിളർന്ന് ആകാശത്തേയ്ക്കുയർന്നു.

ചില്ലകൾ എല്ലാ ദിക്കുകളിലേക്കും നീണ്ടുനീണ്ട് മഴയെ മെല്ലെ താഴെയിറക്കി. വെള്ളത്തിന്റെ കുത്തിയൊഴുക്ക് ശമിച്ചു. മണ്ണിന് വേദനിക്കാതായി.

ജീവൻ മുഴുവൻ ശ്വാസമടക്കിപ്പിടിച്ചുനിന്നു.

“ഹേ വിഡ്ഢിയായ മനുഷ്യാ, നീ എന്നാണ് ഞങ്ങളുടെ കാവൽക്കാരനായത്? ജീവന്റെ ഉറവിടമായ സഹ്യനെ ഭരിക്കാൻ നീ എന്നാണ് വളർന്നത്?”

അവരുടെ ശബ്ദം ഇടിമുഴക്കം പോലെ നാടു മുഴുവൻ മാറ്റൊലിക്കൊണ്ടു.

“കേൾക്കുക ... ഞാൻ ചെങ്കുറിഞ്ഞി. ഈ സഹ്യന്റെ മടിത്തട്ടിൽ പിറന്നവൾ. ഇത് എന്റെയും വീടാണ്. എൻറെ മുതുമുത്തശ്ശിമാർ 700 ലക്ഷം വർഷം മുതൽ ഇവിടുണ്ട്. പടിഞ്ഞാറ് മഡഗാസ്കർ ദ്വീപിലും കിഴക്ക് പാപുവാ ന്യൂ ഗിനിയിലുമുള്ള സഹോദരങ്ങളെ വിട്ടാണ് അവർ സഹ്യന്റെ മക്കളായിത്തീർന്നത്.

20,000 വർഷം മുൻപ് പിന്നെയും ഞങ്ങളുടെ കൂട്ടർ ഇവിടെയെത്തി. ഭൂമി തണുത്തുറഞ്ഞുകിടന്ന കാലത്ത് ലങ്കാദ്വീപിൽനിന്ന് ഇവിടം വരെ കടലിൽ ഉയർന്നുനിന്നിരുന്ന പാറക്കെട്ടുകളുടെ പാലത്തിലൂടെ ഞങ്ങൾ സഹ്യന്റെ മടിയിലേക്കു വന്നുചേർന്നു. സഹ്യന്റെ ഇളംചൂടും വറ്റാത്ത നനവും ഞങ്ങളെപ്പോലെ ആയിരക്കണക്കിന് ജീവികളെ വളർത്തി. അവർക്കെല്ലാം വീടാണ് സഹ്യൻ. അഥവാ, സഹ്യൻ മാത്രമാണ് അവരുടെ വീട്.”

“വിഡ്ഢിയായ മനുഷ്യാ, നീ അറിയുക. മഴ സഹ്യന്റെ കൂട്ടുകാരിയാണ്. സഹ്യന്റെ മുടിയാണ് അവളുടെ വിശ്രമത്താവളം. അവളുടെ വിശ്രമകാലം ഞങ്ങൾക്ക് ജീവന്റെ ഉത്സവമാണ്”.

“സഹ്യനെ ദ്രോഹിക്കുംതോറും, മനുഷ്യൻ ഭൂമിയുടെ ചൂടു വർദ്ധിപ്പിച്ച് പനിപിടിപ്പിക്കുംതോറും മഴ ഉഗ്രശക്തിയോടെ നിന്റെ എടുപ്പുകളെയും റോഡുകളെയും എല്ലാം തകർത്തുകളയും”.

“ഭൂമിയുടെ കാവൽക്കാരനാണ് നീയെങ്കിൽ എന്തിനു നീ സഹ്യനെ കൊല്ലാക്കൊല ചെയ്യുന്നു? എന്തിന് മലകൾ തുരന്നെടുക്കുന്നു? എന്തിന് അതിന്റെ നെഞ്ചിലൂടെ നിന്റെ റോഡുകൾ പണിയുന്നു? എന്തിന് കാട്ടുമരങ്ങളെ ദ്രോഹിക്കുന്നു? എന്തിന് കാട്ടുജീവികളെ പട്ടിണിക്കിടുന്നു? എന്തിന് കാടരികിൽ ജീവിക്കുന്നവരുടെ ജീവനെ, ജീവിതത്തെ അപകടപ്പെടുത്തുന്നു?”

“അല്ല, നീ കാവൽക്കാരനല്ല, കൊലയാളിയാണ്. കള്ളന്മാരുടെ രാജാവാണു നീ… ”

ഭാരങ്കരനും മന്ത്രിമാരും ശിങ്കിടികളും തരിച്ചുനിന്നുപോയി, ഒരക്ഷരം മിണ്ടാനാവാതെ...

മുത്തശ്ശി ബെത്തിമാരനെ അടുത്തുവിളിച്ചു

“മകനേ ബെത്തിമാരാ, ജീവന്റെ പാട്ടുകാരനായ നീ എല്ലായിടത്തും പോയി പാടുക ...കവിതയുടെ വിത്ത് എല്ലായിടത്തും എറിയുക. നിന്റെ പാട്ടുകൾ ഭാരങ്കരൻറെ വിഷം കലർന്ന വാക്കുകൾക്ക് മറുമരുന്നാകട്ടെ.”

ഒരു കാടരികുകഥ മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം

അവർ ജീമൂതവാഹനനെ വിളിച്ചു:
“ജീമൂതവാഹനാ, നീ ജീവിയും മനുഷ്യരും തമ്മിലുള്ള പാലമായി വീണ്ടും വീണ്ടും ജനിച്ചുകൊണ്ടേയിരിക്കുക. മണ്ണിന്റെയും ജീവികളുടെയും വെള്ളത്തിന്റെയും മുറിവുകൾ നീ ഉണക്കുക”

പിന്നെ അത്ഭുതത്തോടെ നോക്കി നിന്ന ഫീലിയെയും ഫോബിയേയും വിളിച്ചു.

“മക്കളേ, ഇനി മുതൽ നിങ്ങളുടെ പേരുകൾ ഫീലിയയെന്നും ഫോബിയ എന്നും അല്ല ... ഇനി മുതൽ നിങ്ങളുടെ പേര് കരുണയെന്നും മുദിതയെന്നുമായിരിക്കും. നാട്ടിൽ എല്ലായിടത്തും കരുണാപുഷ്പങ്ങളും മുദിതാപുഷ്പങ്ങളും വളർത്തിയെടുക്കാൻ നിങ്ങൾക്കു കഴിയട്ടെ”.

എന്നിട്ട് ഭാരങ്കരനെ മുത്തശ്ശി രൂക്ഷമായി നോക്കി. അയാൾ ചൂളി.

“ഭാരങ്കരാ, അറിയുക, പ്രകൃതിക്കു എല്ലാ ജീവികളും കാവലാളുകളാണ്, മനുഷ്യർ മാത്രമല്ല. ജീവികൾക്ക് പ്രകൃതിയും കാവലാളാണ്”.

മുത്തശ്ശിയുടെ വാക്കുകൾ പെരുമഴയായി പെയ്തപ്പോൾ അവർക്കു ചുറ്റും കാട്ടുമരങ്ങൾ ഉയർന്നുപൊന്തി. മലഞ്ചരിവിലും പെരുവഴിയോരത്തും പുഴവക്കത്തും കായൽതീരത്തും ചതുപ്പുകളുടെ ഓരത്തും നിറയെനിറയെ മരങ്ങളും ചെടികളും പിന്നെയും തഴച്ചുവളർന്നു.

അവയുടെ ഇലച്ചാർത്തിന്മേൽ വീണ മഴ പഴയ സൗമ്യതയോടെ മണ്ണിനെ കുളിർപ്പിച്ചുകൊണ്ട് മലനാടിൻറെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

34
പുണ്യാളന്റെ പാട്ട്

അതാ, കാടരികിലുള്ള ഒരു കൃഷിയിടവും വീടും. പ്രാഞ്ചി എന്ന് എല്ലാവരും വിളിക്കുന്ന ഫ്രാൻസിസിന്റെയും മക്കളായ കരുണാ ഫ്രാൻസിസിന്റെയും മുദിതാ ഫ്രാൻസിസിന്റെയും വീടാണത്.

ഗേറ്റു കടന്നാൽ വീട്ടിലേക്കുള്ള വഴിയുടെ ഇരുവശത്തും നിറയെ ലില്ലിപുഷ്പങ്ങളും റോസാപ്പൂക്കളുമാണ്. പുലർച്ചയിലെ നനുത്ത മഞ്ഞിലും നനവിലും അവയുടെ സുഗന്ധം അവിടെങ്ങും നിറഞ്ഞുനിൽക്കുന്നു.

വീടിനടത്തു തൊഴുത്തും പശുക്കളും. തിണ്ണയിൽ വലിയൊരു നായ ചുരുണ്ടുകിടന്ന് ഉറങ്ങുന്നു.

വീടിന്റെ പരിസരം കഴിഞ്ഞാൽ കൃഷിയിടമാണ്. പച്ചപ്പിന്റെ നിറവാണ് അവിടെ. നട്ടുവളർത്തിയതെല്ലാം പൂത്തും കായ്ചും തഴച്ചും വളരുന്നു. കാടരികുഭാഗത്തെല്ലാം ഇപ്പോൾ ജീവികൾക്ക് തിന്നാവുന്ന പഴങ്ങളും കിഴങ്ങുകളും ഇലകളും ചെടികളും ധാരാളം വളരുന്നുണ്ട്. ഇഷ്ടംപോലെ വെള്ളവുമുണ്ട്.

നേരം പരപരാ വെളുക്കുന്നതേയുള്ളൂ. വീടിനോട് തൊട്ടുകിടക്കുന്ന പശുതൊഴുത്തിലേക്ക് അതാ, വാതിൽ തുറന്ന് പ്രാഞ്ചി ഇറങ്ങുന്നു. കൂടെ കരുണയും ഉണ്ട്. ഇളയവൾ മുദിത കിണറ്റുംകരയിലേക്ക് തൊട്ടിയുമായി പോകുന്നു. വെള്ളം കോരി ചെടികൾക്ക് ഒഴിക്കാൻ. ജിമ്മനെന്ന നായ ഉറക്കമുണർന്ന് മുറ്റത്തേയ്ക്കിറങ്ങുന്നു.

“കൊച്ചേ”, പ്രാഞ്ചി മകളോട് ചോദിച്ചു, “നമ്മുടെ ആനയമ്മേം ആനിമോളേം ഒന്നും കാണുന്നില്ലല്ലോ ഈയിടെ?”

“അവര് വന്നിരുന്നു, അപ്പാ,” അവൾ പറഞ്ഞു. “അപ്പൻ കാട്ടുവാസിക്കുടികളിൽ പോയ സമയത്ത് വന്നിരുന്നു. പിന്നെ ഇപ്പം കാട്ടിലൊക്കെ അവർക്കു തീറ്റ നല്ലപോലെ കിട്ടുന്ന സമയമല്ലേ. അപ്പം ഇങ്ങോട്ടു വരണ്ടല്ലോ...”

ആനകളുടെ കാര്യമാ പ്രാഞ്ചിയും കൊച്ചും പറഞ്ഞെ. ആനയമ്മയും ചേടത്തി- അനിയത്തിമാരും അവരുടെ പിള്ളേരുമൊക്കെ അടുത്തുള്ള അരുവിയിൽ ചിലപ്പഴെല്ലാം വെള്ളംകുടിക്കാൻ വരാറുണ്ട്.

ഇളംവെയിലിന്റെ വിരലുകൾ പ്രാഞ്ചിയുടെ തോട്ടത്തിന്മേൽ വീഴാൻ തുടങ്ങിയപ്പോൾ പുറത്ത് കാട്ടിൽ നിന്നു വരുന്ന വഴിയിൽ കാൽപ്പെരുമാറ്റം കേട്ടു. ഇപ്പോ ആരും കൃഷി ഒറ്റയ്ക്കല്ല നോക്കുന്നത്. രാത്രിയിൽ കൃഷിയിടങ്ങൾക്ക് എല്ലാവരും കൂട്ടുചേർന്നാണ് കാവൽ. വീടുകളിലുള്ളവർ മാറിമാറിപ്പോകും. അന്ന് കാവൽ കഴിഞ്ഞു വരുന്നവരുടെ വരവാണ് കേൾക്കുന്നത്.

പ്രാഞ്ചി അവർക്ക് ചക്കരക്കാപ്പിയിടാൻ അടുക്കളയിലേക്കു പോയി.

വന്നപാടെ എല്ലാവരും മുറ്റത്തിരുന്നു.

“എടാ ജിമ്മാ, എന്തുണ്ട് വിശേഷം?”, എല്ലാവരും ജിമ്മനെ തലോടി. ജിമ്മൻ എല്ലാവരേയും നോക്കി ചിരിച്ചുകൊണ്ട് വാലാട്ടി.

എല്ലാവരും കാപ്പി കുടിക്കുന്നു, തമാശപറഞ്ഞു ചിരിക്കുന്നു. കരുണയ്ക്കും മുദിതയ്ക്കും സ്കൂളിൽ പോണം. ഇന്ന് ബെത്തിമാരൻ സാറിന്റെ ക്ളാസുണ്ട്. അവർ ഒരുങ്ങിവന്നപ്പോഴേയ്ക്കും ഇളംവെയിൽ മാനത്തു നിറഞ്ഞു.

മുറ്റത്ത് ജിമ്മനും കൂട്ടുകാരനായ ശംഖചൂഡനും എന്തൊക്കെയോ മിണ്ടീം പറഞ്ഞും വെയിലുംകൊണ്ട് കിടക്കുന്നു. അവന്റെ തലയിൽ ഒരു കിളി വന്നിരിക്കുന്നുണ്ട്.

തഴച്ചപച്ചയും പൊൻവെയിലും മഞ്ഞിന്റെ ബാക്കിയുളള തൊങ്ങലുകളും പൂക്കളുടെ വെള്ളയും ചുവപ്പും എണ്ണമറ്റ നിറങ്ങളും ആകാശത്തിന്റെ തെളിഞ്ഞ നീലയും ...

സകലപ്രാണികളിലും ദൈവസ്നേഹം കണ്ട ഫ്രാൻസിസ് പുണ്യാളന്റെ ഗാനം ദൂരെ എവിടുന്നോ കേൾക്കുന്നുണ്ട്. നേർത്ത ശബ്ദത്തിൽ…
നല്ലതുപോലെ ശ്രദ്ധിക്കണം, എന്നാലേ കേൾക്കാനാവൂ...

ഉന്നതങ്ങളിലുള്ളോവേ,
നിനക്കു സ്തുതിയായിരിക്കിട്ടെ
ജീവജാലങ്ങളോടൊത്തു നിനക്കെന്നു-
മെന്നും സ്തുതിയായിരിക്കട്ടെ.

സോദരനാം സൂര്യനിലൂടെയും
നിനക്കു സ്തുതിയായിരിക്കട്ടെ

പ്രകാശമാൻ, സുന്ദരൻ, മഹാതേജസ്വി-
നിൻറെ രൂപത്തോടല്ലോ അവനു സാമ്യം -
സോദരി ചന്ദ്രബിംബത്തെ, നക്ഷത്രജാലത്തെ,
സ്വർഗമണ്ഡലങ്ങളിലേറ്റി അവരിൽ
തെളിമയും കാന്തിയും നിറയ്ക്കും പ്രഭോ
നിനക്കെന്നും സ്തുതിയായിരിക്കട്ടെ.

സോദരൻ കാറ്റിലൂടെ, മേഘ-
ജാലം നിറഞ്ഞ വാനിലൂടെ,
തെളിനീലാകാശത്തിലൂടെ,
വേനൽ- മഴ- മഞ്ഞുകാലങ്ങളിലൂടെ,
പ്രാണികൾക്കുയിർ പകരും പ്രഭോ
നിനക്കെന്നും സ്തുതിയായിരിക്കട്ടെ

സോദരൻ തീ, ഉൾബലമുള്ളവൻ,
കളിചിരിക്കാരൻ, അവനിലൂടെ
രാവിൽ തെളിവെളിച്ചം നിറയ്ക്കും പ്രഭോ
നിനക്കെന്നുമെന്നും സ്തുതിയായിരിക്കട്ടെ
ജീവനെത്താങ്ങും എളിമയുള്ളവൾ
തെളിനീരാം സോദരി, അവളിലൂടെയും
നിനക്കെന്നുമെന്നും സ്തുതിയായിരിക്കട്ടെ ...

കാടിന്റെ മണത്തോടാണ് അതു കലരുന്നത്.

(കുട്ടികളുടെ ​നോവൽ അവസാനിച്ചു).


Summary: Oru kaadarikukadha malayalam childrens novel written by j devika and published in Truecopy Webzine packet 278.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments