14
ഡോ. ചെന്നായോവ്,
ഡോ. വുൾഫീന
ആനയമ്മയും ആനിക്കുഞ്ഞും അനായാസം പടി കയറുന്നത് നോക്കിക്കൊണ്ട് ഫീലീം ഫോബീം അവർക്കൊപ്പം കൊട്ടാരത്തിന്റെ മേൽപ്പടവിലെത്തി.
തിളങ്ങുന്ന അലങ്കാരവാതിൽ കടന്ന് അകത്തെത്തിയപ്പോൾ കണ്ട കാഴ്ച അവരെ അതിശയിപ്പിച്ചു. കൊട്ടാരത്തിൻറെ സ്വീകരണ മുറിയുടെ മുകളിൽ പ്രകാശിച്ച മിന്നാമിന്നി വിളക്കുകളും, ജനാലകളിൽ തെന്നിക്കളിച്ച ചിലന്തിപ്പട്ടുനൂൽ തിരശ്ശീലകളും, നിലത്തു വിരിച്ചിരുന്ന പച്ചപ്പായൽ പരവതാനികളും എല്ലാം ...
നീർക്കുമിളകളാൽ തീർത്ത ഇരിപ്പിടങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരുന്നത്. മിന്നാമിന്നി വെളിച്ചം അവയിന്മേൽ വീണപ്പോൾ മഴവിൽനിറങ്ങൾ അവിടെയെല്ലാം ചിന്നിച്ചിതറി.
ആനയമ്മ അവരോട് ഇരിക്കാൻ പറഞ്ഞിട്ട് അകത്തേയ്ക്കു പോയി.
ആനിക്കുഞ്ഞ് കയറിക്കിടന്നിട്ടും കുമിളസോഫ പൊട്ടിയില്ല.
കുറച്ചു കഴിഞ്ഞ് ആനയമ്മയോടൊപ്പം രണ്ടു ചെന്നായ്ക്കൾ സ്വീകരണമുറിയിലേക്കു വന്നു.വെറും ചെന്നായ്ക്കളല്ല, വെള്ള കോട്ടൊക്കെ ഇട്ടിട്ടുണ്ട്. കഴുത്തിൽ ഡോക്ടർമാരുടെ നെഞ്ചീവയ്ക്കുന്ന കുഴലുമുണ്ട്. ചാരനിറമുള്ള ദേഹങ്ങളും വെള്ളക്കൊട്ടുമായപ്പോൾ നല്ല ഗമയുണ്ട്.
ആരാണപ്പാ ഇതൊക്കെ? പിള്ളേർ അന്തംവിട്ടു.
ആനയമ്മ പറഞ്ഞു,
“ഫീലീ, ഫോബീ, ഇവരെ പരിചയപ്പെടൂ. നമ്മുടെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ – ഇത് ഡോ ചെന്നായോവ്, ഇത് ഡോ വുൾഫീന’’.
ഡോ ചെന്നായോവും ഡോ വുൾഫീനയും ചെറുപുഞ്ചിരിയോടെ കൈനീട്ടി.
ജിമ്മനുമായി തകർത്തുകളിച്ചു ശീലിച്ചതുകൊണ്ടായിരിക്കണം, പിള്ളേർക്ക് ചെന്നായക്കൈ പിടിക്കാൻ പേടിയൊന്നും തോന്നിയില്ല.
“അപ്പോ ... ഇത് ... കൊട്ടാരമല്ല?”, ഫീലി മടിച്ചുമടിച്ചു ചോദിച്ചു.
“കൊട്ടാരമോ? ഹേയ്, ആരു പറഞ്ഞു? ഇതൊരു ആശുപത്രിയാണ് ... പറക്കുന്ന ഹോസ്പിറ്റൽ.”
ചെന്നായോവും വുൾഫീനയും ഒരുമിച്ചു പറഞ്ഞു; “മൃഗങ്ങളുടെയും മരത്തിന്റെയും വെള്ളത്തിന്റെയും വായുവിന്റെയും മണ്ണിന്റെയും മുറിവുണക്കുന്ന ഹോസ്പിറ്റലാണിത് ... മിസ് ആന ഇവിടുത്തെ ഹെഡ് നേഴ്സ് ആണ് ...”
ഫീലിയും ഫോബിയും വായും പൊളിച്ച് ഇരുന്നുപോയി!
ആനയമ്മ ഒരു വലിയ താലത്തിൽ കാട്ടുപഴങ്ങും തേനും മീൻ വറുത്തതും മേശപ്പുറത്തു കൊണ്ടു വച്ചു. കുട്ടികൾ അതെല്ലാം എടുത്തുതിന്നു.
“നിങ്ങൾ ജീമൂതവാഹന രാജകുമാരന്റെ ഗസ്റ്റുകൾ ആണെന്നറിയാം. അദ്ദേഹം ഔഷധസസ്യം തേടി പോയിരിക്കുകയാണ്. താമസിയാതെ വരും. അതുവരെ ഇവിടെയിരിക്കൂ. നമുക്ക് മീണ്ടീം പറഞ്ഞും നേരം കഴിക്കാം”
“ജീമൂ, അതാരാ’’ എന്നു ചോദിക്കാനാണ് ഫീലിക്കും ഫോബിക്കും തോന്നിയത്, പക്ഷേ അവർ മിണ്ടിയില്ല -- ആരെടാ അപ്പാ അത് എന്ന മട്ടിൽ പരസ്പരം നോക്കിയതേയുള്ളൂ. രാജകുമാരൻ എന്നു മാത്രം പിടികിട്ടി.

▮
15
മുറിവുണക്കികൾ
ചെന്നായോവും വുൾഫീനയും തങ്ങളുടെ കഥ പറഞ്ഞു.
അവരുടെ നാട് കേരളമോ ഇന്ത്യയോ അല്ല. അങ്ങു ദൂരെ, ദൂരെ, റഷ്യയിലാണ്. അവിടെ ചെർണോബിൽ എന്നൊരു സ്ഥലമുണ്ട്.
മനുഷ്യർ ആണവനിലയമുണ്ടാക്കി നശിപ്പിച്ച സ്ഥലമാണത്, ചെന്നായോവ് സങ്കടത്തോടെ പറഞ്ഞു. കുറേ വർഷം മുമ്പ് ആ ആണവനിലയം പൊട്ടിത്തെറിച്ചു. ഭയങ്കരമായ ആണവവിഷം അവിടെല്ലാം പടർന്നു. മനുഷ്യരു കുറേ മരിച്ചു ... പക്ഷേ അതു മാത്രമല്ല, ജീവികളും മണ്ണും വെള്ളവും എല്ലാം ...
“എന്നിട്ടോ?”
“മനുഷ്യർ മുറിവേറ്റ ഭൂമിയെ ഉപേക്ഷിച്ചുപോയി, കാരണം, അവിടെ അവർ കാരണം പടർന്ന വിഷം അവർക്കു തന്നെ താങ്ങാവുന്നതിലും അധികമായിരുന്നു’’.
തങ്ങൾ മനുഷ്യരാണെന്നോർത്ത് പിള്ളേർക്കു ചെറിയൊരു വിഷമം തോന്നി.
“പിന്നെ ആ സ്ഥലത്തെ വീണ്ടെടുത്തത് ആരാണെന്നറിയാമോ?”
കുട്ടികൾ ഇല്ല എന്നു സൂചിപ്പിക്കുംവിധം തലയാട്ടി.
“കുമിൾ”
ങേ... ഫീലിക്കും ഫോബിക്കും വിശ്വസിക്കാനായില്ല.
“കുമിളിനെ അങ്ങനെ കൊച്ചാക്കല്ലേ’’, ചെന്നായോവ് ചിരിച്ചു.
“നമ്മേക്കാളൊക്കെ പ്രായമുള്ള ആളാണ് -- അണുപ്രസരണത്തെയൊക്കെ കൈകാര്യം ചെയ്തു തഴക്കം വന്ന പുള്ളിയാണ്. 1450 ലക്ഷം വർഷം മുമ്പേ ഉണ്ടെന്നാ മനുഷ്യരായ ശാസ്ത്രജ്ഞർ പറയുന്നേ”
ഫീലിക്കും ഫോബിക്കും തലകറങ്ങി.
“അതേ, അവർക്ക് മെലനിൻ കവചം ഉണ്ട്. അവർക്ക് അണുപ്രസരണവിഷത്തെ നേരിടാൻ കഴിയും, വുൾഫീന പറഞ്ഞു.
“മനുഷ്യർ ഉപേക്ഷിച്ചുപോയ സ്ഥലത്ത് ഞങ്ങൾ ചെന്നായ്ക്കളും, പിന്നെ കുതിരകളും താമസം തുടങ്ങി”.
“കുതിര” രണ്ടു കുട്ടികളും ഒരുമിച്ചു പറഞ്ഞു.
“മനുഷ്യർ ഏതോ ജന്തുജയിലിൽ കിടന്ന കുറേ കാട്ടുകുതിരകളെ ആ വിഷം നിറഞ്ഞ സ്ഥലത്ത് തുറന്നുവിട്ടു. അവരിൽ കുറേപ്പേർ ചത്തുപോയി. പിന്നെ കുറേപ്പേരെ മനുഷ്യർ വേട്ടയാടി. പക്ഷേ നല്ല മനുഷ്യരും ഉണ്ടല്ലോ അവരുടെ സംരക്ഷണത്തിൽ. ഇപ്പോ അവിടെ കുറേ കുതിരകൾ താമസിക്കുന്നുണ്ട്… അവർക്ക് കുട്ടികളൊക്കെ ഉണ്ടാകുന്നുമുണ്ട്”.
(നമ്മൾ മനുഷ്യർ മൃഗശാല, സൂ എന്നു വിളിക്കുന്ന സ്ഥലത്തെയാണ് അവർ ജന്തുജയിൽ എന്നു വിളിച്ചത്. അതാണ് സത്യവും.)
“പിന്നെ ചെടികളും മരങ്ങളും എല്ലാം കൂടി വളർന്നു പടരുന്നുണ്ട്. അണുപ്രസരണം ഭൂമിക്ക് ഉണ്ടാക്കിയ മുറിവിനെ അവരെല്ലാം കൂടി ഉണക്കുവാണ്.”
“ഞങ്ങൾ വെറും ഡോക്ടർമാരല്ല, കേട്ടോ, ഞങ്ങൾ മുറിവുണക്കികളാണ്’’.
“അണുപ്രസരണം കാരണം ക്യാൻസർ എന്ന രോഗം വരുമെന്ന് പേടിച്ചാണല്ലോ മനുഷ്യർ മുറിവുപറ്റിയ ഭൂമിയെ ഉപേക്ഷിച്ചു പോയത് ... പക്ഷേ നിങ്ങൾക്കറിയാമോ, ഞങ്ങൾ ചെന്നായ്ക്കൾ അവിടെ താമസിച്ചെങ്കിലും ഞങ്ങൾക്ക് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവാണുണ്ടായത്’’.
വുൾഫീനയ്ക്ക് അഭിമാനം മറച്ചുവയ്ക്കാനായില്ല.

▮
16
ജീമൂതവാഹന കുമാരൻ
ഇത്രയുമായപ്പോൾ പുറകിൽ ചിറകടിയൊച്ച കേട്ടു. തിരിഞ്ഞുനോക്കുമ്പോൾ ഒരു ഭീമൻ പരുന്ത് ആസ്പ്ത്രിയുടെ വലിയ വാതിൽ കടന്ന് പറന്നുവരുന്നു. എല്ലാവരും വേഗം പുറകോട്ടു മാറി.
പരുന്ത് സ്വീകരണമുറിയുടെ ഒത്തനടുക്ക് വന്നിരുന്നു. അതിന്റെ പുറത്തുനിന്ന് ഒരാൾ ചാടിയിറങ്ങി.
“ങാ .. ഫീലീ, ഫോബീ, നിങ്ങൾ കുഴപ്പമൊന്നുമില്ലാതെ ഇങ്ങെത്തിയല്ലോ, അല്ലേ?”
ഇതായിരിക്കും ... ജീമൂ, ഫീലി ഫോബിയുടെ ചെവിയിൽ പറഞ്ഞു. ഇയാൾക്ക് നമ്മുടെ പേര് എങ്ങനെ അറിയാം?
ഡോക്ടർ ചെന്നായ്ക്കളോട് ഹലോ പറഞ്ഞിട്ട് ഈ പുതിയ ചേട്ടൻ പരുന്തിനുനേരെ തിരിഞ്ഞു.
“ഗരുഡൻ ചേട്ടാ, വലിയ ഉപകാരം. ലിഫ്റ്റ് തന്നോണ്ട് ഈ പിള്ളേർക്ക് കാത്തിരിക്കേണ്ടിവന്നില്ല”
പിള്ളേർ ഓർത്തു, നല്ല പരിചയമുള്ളതുപോലെ, എവിടെയാ?
അവരുടെ സ്ക്കൂളിലെ ഹയർസെക്കൻററി ചേട്ടനമാരുടെ അത്രയേ പ്രായം തോന്നൂ. നീണ്ട മുടി കെട്ടിവച്ചിട്ടുണ്ട്. മുഖത്ത് ഊശാൻ താടിയുണ്ട്. പൊക്കവും വണ്ണവും കുറഞ്ഞ് മെലിഞ്ഞ ഒരു പയ്യൻ. പക്ഷെ വലിയ, പാതിയടഞ്ഞ കണ്ണുകളും നല്ല സന്തോഷച്ചിരിയും. ആരും നോക്കിയിരുന്നുപോകും. മുണ്ടും മേൽമുണ്ടുമാണ് വേഷം. ആൾ ഷർട്ടിട്ടില്ലെന്നു കണ്ടപ്പോൾ പിള്ളേർക്ക് അതിശയം തോന്നി. രാജകുമാരൻ, പക്ഷേ ഷർട്ടില്ല.
കഴുത്തിൽ ഭംഗിയുള്ള നീണ്ട മാലയും അതിന്റെ നടുവിൽ തിളങ്ങുന്ന ഒരു മുത്തും. പക്ഷേ മേലാകെ എന്തോ കൊത്തിക്കീറിയ മുറിവുണങ്ങിയ പാടുകളുണ്ട്.
കുട്ടികളുടെ അമ്പരന്ന നോട്ടം കണ്ടപ്പോൾ പയ്യന് ചിരി വന്നു.
“ആനച്ചേച്ചി, ഇങ്ങോട്ടൊന്നു വായോ,” അയാൾ വിളിച്ചു.
ആനയമ്മ വന്നപ്പോൾ കൈയിലും മുതുകത്തും ചുമന്നിരുന്ന സഞ്ചികൾ അവരുടെ കൈയിൽ കൊടുത്തു.
“ഇതൊന്നു പിടിച്ചേ”.
“ മനുഷ്യരുടെ അഴുക്കുകൂനയിൽ നിന്ന് പ്ളാസ്റ്റിക്കു തിന്ന് വയറുകേടായ മ്ളാവിനും ആനകൾക്കും കാട്ടുപന്നികൾക്കും കൊടുക്കാനുള്ള മരുന്നാ, ദാ ...”, അയാൾ അവരോടു പറഞ്ഞു.
“ദേ, ഈ പിള്ളേരുടെ അന്തംവിട്ട നിൽപ്പു കണ്ടോ? ഞാനിതൊന്ന് പരിഹരിച്ചോട്ടെ...”
ആനയമ്മ പച്ചിലക്കെട്ടുകളും എടുത്ത് അകത്തേയ്ക്കു പോയി.
“ഡോ ചെന്നായോവ്, ആ കുഞ്ഞിനെ ഒന്നു പിടിച്ചോണേ’’, കുമിള സോഫമേൽ നല്ല ഉറക്കമായിരുന്ന ആനിക്കുഞ്ഞിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു. അയാൾ മറ്റൊരു നീർക്കുമിളസോഫമേൽ പോയി നീണ്ടുനിവർന്നു കിടന്നു. എന്നിട്ട് മാലയുടെ നടുവിലെ മുത്ത് അമർത്തിപ്പിടിച്ചു.
നോക്കിനിൽക്കുമ്പോഴുണ്ട്, പയ്യനെ കാണുന്നില്ല. പക്ഷേ, അതാ, ജിമ്മൻ. അതേ, ഫീലീടേം ഫോബീടേം സഹോദരൻ, പുന്നാരക്കുട്ടൻ!
പിള്ളേരുടെ സന്തോഷം, ഉയ്യോ! അവര് ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു കുറേ മുത്തം കൊടുത്തു. രണ്ടു പേരുടേം കണ്ണ് നിറഞ്ഞിരുന്നു. സന്തോഷം കൊണ്ട് രണ്ടു പേരുടേം ഒച്ച പൊങ്ങിയുമില്ല.
▮
17
വീണ്ടും ജിമ്മൻ
“ജിമ്മാ, ഞങ്ങടെ പുന്നാര ജിമ്മാ, വാ നമുക്ക് വീട്ടില് പോകാം, അപ്പൻ അവിടെ പേടിച്ചിരിക്കുവായിരിക്കും”, ഫീലി അവനോടു പറഞ്ഞു.
ജിമ്മനും അവർക്ക് കുറേ മുത്തം കൊടുത്തു. കുറച്ചു നേരം അങ്ങനെയിരുന്നിട്ട് ജിമ്മൻ വീണ്ടും ആ കൊച്ചുചേട്ടനായി മാറി. ഫീലിയുടെയും ഫോബിയുടെയും ചിരി മാഞ്ഞു.
“സങ്കടപ്പെടണ്ട, പിള്ളേരേ.... നിങ്ങൾ എനിക്ക് ഇട്ട പേര് കറക്ടാ. ജിമ്മനും ജീമൂതവാഹനനും തമ്മിൽ സാമ്യമില്ലേ, ഞാൻ നിങ്ങടെ ജിമ്മൻ തന്നെ”
“ജീമൂ, ചേട്ടൻ ഡോക്ടറാ, അതോ രാജ?”, ഫീലി ചോദിച്ചു.
അതൊക്കെ വഴിയേ പറയാം, ജീമൂതവാഹനൻ അവരെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു, “വാ, നമുക്ക് വല്ലതും കഴിക്കാം. നേരം വെളുക്കാറായി’’.
ചെന്നായോവിനോടും വുൾഫീനയോടും വിട പറഞ്ഞ് അവർ വലിയൊരു ഡൈനിങ്ങ് ഹാളിലേക്കു പോയി. അവിടുത്തെ പേഷ്യൻറുകളായ ആനകളും മാനുകളും കടുവകളും എല്ലാവരും പ്രഭാതഭക്ഷണം കഴിക്കുവാണ്. ഒരു മൂലയിൽ മനുഷ്യർക്ക് ഇരിക്കാവുന്ന മേശയ്ക്കരികിലേക്ക് അവർ പോയി.
“നിങ്ങക്ക് എന്തുവേണം തിന്നാൻ?”, ജീമൂച്ചേട്ടൻ ചോദിച്ചു.
“അപ്പോം പോത്തിറച്ചീം” ഫീലിയും ഫോബിയും ഒരുമിച്ചു പറഞ്ഞു.
ജീമൂച്ചേട്ടൻ കൈയൊന്നു വീശിയതും, മേശയിലേക്ക് പാത്രങ്ങളെത്തി. അപ്പവും പോത്തിറച്ചിയും മാത്രമല്ല, എല്ലാ ക്രിസ്തുമസ് പിറ്റേന്നത്തേം പൂ പോലത്തെ കിണ്ണത്തപ്പവും തേങ്ങാപ്പാലും എല്ലാം പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ മനസ്സ് തങ്ങളെക്കാൾ അറിയുന്ന ഈ സ്നേഹവാനായ ചേട്ടനാണല്ലോ നമ്മുടെ ജിമ്മൻ. കുട്ടികൾക്ക് സന്തോഷമായി.

ഭക്ഷണം കഴിക്കുന്നതിനിടയിൽ ജീമൂ പറഞ്ഞു, “ഞാൻ ഒളിച്ചോടിപ്പോയീന്ന് വിചാരിച്ച് നിങ്ങൾ പേടിക്കുമല്ലോന്ന് ഓർത്തിട്ടാ ഞാൻ നിങ്ങളെ ഇങ്ങു കൊണ്ടുപോന്നെ. പ്രാഞ്ചിക്ക് ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം, പോരേ? നമുക്ക് രണ്ടു ദിവസം ഇവിടെ കൂടീട്ട് പോകാം, എന്താ?”
ഫീലിയുടെ വിശപ്പ് കെട്ടു. അവൾ ചോദിച്ചു, “അപ്പോ ഇനി ജിമ്മൻ ഞങ്ങടെ കൂടെ വരില്ലാ?”
ഫോബി ഇപ്പ കരയുമെന്നായി.
“പിന്നെന്തിനാ ഞങ്ങടെ വീട്ടീ വന്നെ?”
“അയ്യോ, വരത്തില്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ”,
ജീമൂ വേഗം അവരെ ആശ്വസിപ്പിച്ചു.
“അതേ, എനിക്കിവിടെ ആശുപത്രിക്കാര്യങ്ങളൊക്കെ നോക്കാനില്ലേ. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വരാം. ഞായറാഴ്ച നമുക്കെല്ലാവർക്കും കൂടി പള്ളീല് പോകാംന്നേ”.
“പിന്നെ, ഞാനവിടെ വന്നത്, അത് പ്രാഞ്ചി സങ്കടപ്പെടുന്നത് കണ്ടിട്ടാ. നിങ്ങൾക്കു രണ്ടുപേർക്കും കാടിന്റെ മണം കിട്ടുന്നില്ലെന്ന് പ്രാഞ്ചിക്കു വിഷമം. അതു മാറ്റിക്കൊടുക്കാനാ ഞാനവിടെ വന്നത്…”
“കാടിന്റെ മണമുള്ളവനാ പ്രാഞ്ചി. അവന്റെ വിഷമം എന്റേം വിഷമമാ...”
ഫീലി അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു,
“ജീമൂ ചേട്ടൻ ആരാ?”
(അവസാനിക്കുന്നില്ല)
