10:
തീപ്പന്തങ്ങളുടെ ക്രിസ്തുമസ്
ക്രിസ്തുമസ് കാലം വന്നു.
പ്രാഞ്ചിയുടെ വീട്ടുകാരോട് അധികം ബന്ധം വയ്ക്കണ്ട എന്ന് നാട്ടുകാർ തീരുമാനിച്ചതു പോലെയായി. അവരുടെ ഗേറ്റ് എപ്പോഴും പൂട്ടിയാണ് കിടന്നത്.
ക്രിസ്തുമസിന് പള്ളിയ്ക്കു മുമ്പിൽ പുൽക്കൂടൊരുക്കുന്ന പരിപാടികളിലൊന്നും അവരെ ആരും കൂട്ടിയുമില്ല. രാത്രികളിൽ അവർ ശരിക്കും പേടിച്ചു. ആക്രമണത്തെ പ്രതീക്ഷിച്ചു.
ക്രിസ്തുമസ് രാത്രി. പാതിരാക്കുർബാനയ്ക്കു പോകാൻ കുറച്ചു മണിക്കൂറു മാത്രം. നേരത്തെ അത്താഴം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ... വല്ലാത്തൊരു നാറ്റം... പ്രാഞ്ചി മൂക്കുവിടർത്തി.
അപകടം... തീപ്പന്തങ്ങൾ ഒത്തുവരുന്ന മണം…
‘‘ഫീലീ, ഫോബീ, ജിമ്മനെവിടെ?”, പ്രാഞ്ചി ഉറക്കെവിളിച്ചു.
പിള്ളേർക്ക് അപകടം മനസ്സിലായി. അവർ അവനെ വീടു മുഴുവൻ തെരെഞ്ഞു. വീട്ടിനു പുറത്തും. പക്ഷേ അവിടെയെങ്ങും ജിമ്മനെ കാണാനില്ല!
തീപ്പന്തങ്ങൾ അടുത്തടുത്തു വന്നു. ആൾക്കൂട്ടമാണ്, കൂടേ കുറേ കടിയൻ നായകളുമുണ്ട്. അവർ ഗേറ്റിൽ പിടിച്ചുകുലുക്കുന്നു. പ്രാഞ്ചി അങ്ങോട്ടുചെന്നു.
“എന്തുവേണം?”
“നിന്റെ ചെകുത്താനെ ഇങ്ങോട്ട് ഓടിച്ചുവിട് ... അവന്റെ കഥ തിരുപ്പിറവിയ്ക്കു മുൻപേ കഴിക്കും ഞങ്ങൾ”.
ഈ സമയത്ത് “ജിമ്മാ, ജിമ്മാ” എന്നു വിളിച്ചും കരഞ്ഞും കൊണ്ട് ഫീലിയും ഫോബിയും വീടിനു ചുറ്റും തെരെയുകയായിരുന്നു.
“അവനെ കാണുന്നില്ല”, പ്രാഞ്ചി പറഞ്ഞു. “അവൻ ഇവിടം വിട്ടു പോയെന്നു തോന്നുന്നു.”
“ഞങ്ങക്ക് നിന്നെ വിശ്വാസമില്ല’’, ആൾക്കൂട്ടത്തിൽ ഒരുത്തൻ ദേഷ്യപ്പെട്ടു, ‘‘തുറക്കെടാ വാതിൽ”
പ്രാഞ്ചിയുടെ ഇടവും വലവും കല്ലു വന്നു വീണു. കുട്ടികളെയും കൂട്ടി അയാൾ വീട്ടിൽകയറി വാതിലടച്ചു. ജന്നലുകളെല്ലാം അടച്ചു. ആൾക്കൂട്ടം പൂട്ടു പൊളിച്ച് ഗേറ്റു തുറന്ന് പറമ്പിൽ കയറി.
“വീട്ടിലൊളിപ്പിക്കാൻ നോക്കണ്ട” അവർ വിളിച്ചുപറഞ്ഞു. “ഞങ്ങളുടെ നായകൾ അവനവിടെയുണ്ടെങ്കിൽ മണത്തുപിടിക്കും”
പക്ഷേ അവർ അവിടെയെല്ലാം ഇളക്കിയിട്ട് തെരഞ്ഞിട്ടും അവനെ കിട്ടിയില്ല. നായകളുടെ മൂക്കുകൾ മണത്തുമണത്തു തളർന്നുപോയി. അങ്ങനെ ഒരു ജീവി ഇവിടെയില്ല, അവർ യജമാനന്മാരുടെ മുഖങ്ങളിലേക്ക് ദയനീയമായി നോക്കി. ആൾക്കൂട്ടം കുറേ നേരം മുറുമുറുത്തുകൊണ്ട് അവിടെത്തന്നെ നിന്നു.
ഒരു കാടരികുകഥ മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം
കുട്ടികളും പ്രാഞ്ചിയും വീട്ടിനുള്ളിൽ ശ്വാസമടക്കിപ്പിടിച്ചിരുന്നു. യേശുവപ്പാപ്പന്റെ പടത്തിനു മുന്നിൽ കുട്ടികൾ മുട്ടുകുത്തി ഞങ്ങടെ ജിമ്മനെ കാത്തോണേ അപ്പാപ്പാന്ന് പിന്നേംപിന്നേം പ്രാർത്ഥിച്ചു. പാതിരാകുർബാനയ്ക്കു സമയമായതുകൊണ്ട് ആൾക്കൂട്ടം പിരിഞ്ഞുപോയിത്തുടങ്ങി. കുട്ടികളും പ്രാഞ്ചിയും മാത്രമായി അവിടെ. അവർ സങ്കടത്തോടെ വീണ്ടും ജിമ്മനെ തെരെഞ്ഞു. അവൻ കാട്ടിലേക്ക് ഓടിക്കാണുമോ ... കാട്ടുമൃഗങ്ങൾ അവനെ പിടിച്ചുതിന്നുമോ ...
പെട്ടെന്ന് കുട്ടികൾ ചാടിയെഴുന്നേറ്റു. അവർ പരസ്പരം നോക്കി.
അപ്പാ, വേഗം ഒരുങ്ങ്. നമുക്കു പോകണം. അവനെവിടെയാണെന്ന് ഞങ്ങൾക്കറിയാം.

11:
തിരുനക്ഷത്രം
പ്രാഞ്ചിയും പിള്ളേരും പാതിരാകുർബാന നടക്കുന്ന പള്ളിയുടെ മുന്നിലെത്തി. യേശുക്കുഞ്ഞിൻറെ ഹാപ്പീ ബർത്ത്ടേയ്ക്ക് ജിമ്മൻ ചെല്ലാതിരിക്കുമോ?
അലങ്കാരദീപങ്ങളും കടലാസുനക്ഷത്രങ്ങളും നിറഞ്ഞ പള്ളിയങ്കണത്തിൽ അവനുണ്ടാകും, അവർക്കുറപ്പുണ്ടായിരുന്നു.
പ്രാഞ്ചിയും കുട്ടികളും പടിക്കൽത്തന്നെ നിന്നു.
കുർബാന കഴിഞ്ഞു. പള്ളിയ്ക്കുള്ളിൽ നിന്നവർ അവരെ തിരിഞ്ഞുനോക്കി. വല്ലാത്തൊരു നിശ്ശബ്ദത അവരെ പൊതിഞ്ഞു. രണ്ടുമൂന്നു നിമിഷം അങ്ങനെ പോയി.
പെട്ടെന്ന് അച്ചൻ ഉച്ചത്തിൽ “യേശുവേ സ്തോത്രം” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറയുന്നതു കേട്ട് എല്ലാവരും ഞെട്ടിത്തിരിഞ്ഞ് അദ്ദേഹത്തിന്റെ നോട്ടം പോയ ദിക്കിലേക്കു നോക്കി.
അതാ, പള്ളിക്ക് പുറത്തുള്ള പുൽക്കൂടിന്റെ മുകളിലായി വെട്ടിത്തിളങ്ങുന്ന വലിയ നക്ഷത്രം. അത്ഭുതങ്ങളിൽ അത്ഭുതം. ആളുകൾ യേശുവിനെ വിളിച്ചാർത്തു. അവർ കൂട്ടമായി നക്ഷത്രം നിന്ന ഭാഗത്തേയ്ക്ക് നീങ്ങാൻ നോക്കി. പക്ഷേ അതിലും അത്ഭുതം, അവർക്കാർക്കും ഒരടി പോലും മുന്നോട്ടു നീങ്ങാനായില്ല, അച്ചനു പോലും.
നക്ഷത്രം യേശുക്കുഞ്ഞിന്റെ മുഖത്ത് വെള്ളിവെളിച്ചം ഒഴുക്കി പുഞ്ചിരിച്ചുകൊണ്ട് ഉയരത്തിലങ്ങനെ നിൽക്കുന്നു. യേശുക്കുഞ്ഞിന്റെ മുഖം ചന്ദ്രനെപ്പോലെ പ്രകാശിക്കുന്നു. ജിമ്മനെ അവിടെങ്ങും കാണാനില്ല.
ഫീലിക്കും ഫോബിക്കും, പക്ഷേ, നക്ഷത്രം എന്താണു പറയുന്നതെന്ന് മനസ്സിലായി.
“അപ്പാ, വാ, നമുക്കങ്ങോട്ടു പോകാം,” അവർ അപ്പൻറെ കൈ പിടിച്ചുവലിച്ചു.
പക്ഷേ പ്രാഞ്ചിക്കും അനങ്ങാൻ പറ്റിയില്ല.
ഫീലിയ്ക്കും ഫോബിക്കും മാത്രമേ നക്ഷത്രത്തിന്റെ പ്രഭാവലയത്തിലേക്ക് പ്രവേശനമുള്ളൂ...
ആ ഗ്രാമത്തിലുള്ള എല്ലാവരും, അച്ചനും, നോക്കിനിൽക്കേ അവർ നക്ഷത്രപ്രഭയിലേക്ക് ഓടിക്കയറി. അവർ യേശുക്കുഞ്ഞിന് മുത്തം കൊടുത്തു. അപ്പോൾ നക്ഷത്രം മെല്ലെ നീങ്ങാൻ തുടങ്ങി. കുട്ടികൾ അതിനെ പിൻതുടർന്നു. ആളുകളും പ്രാഞ്ചിയും വായും പൊളിച്ചു നിന്നു.
നക്ഷത്രപ്രഭ പള്ളിയുടെ പടിക്കെട്ടിലൂടെ വീണൊഴുകി വഴിയിലെത്തി. ആ വെള്ളിപരവതാനി നീങ്ങിത്തുടങ്ങി. ഫീലിയും ഫോബിയും അതിൽ നടന്നു നീങ്ങി. പള്ളിയിൽ കുർബാന കൂടാൻ വന്നവർക്ക് ചലനശേഷി വീണ്ടുകിട്ടി. ഈ അത്ഭുതം കാണാൻ അവർ പുറകേ കൂടി.
അച്ചൻ ഉണ്ണിയേശുവിന്റെ തിരുരൂപത്തെ കൈയിലെടുത്തു. അവരെല്ലാം നക്ഷത്രപ്രഭയുടെ പിന്നാലെ കാടരികോളം പോയി. പക്ഷേ കാടിന്റെ അരികിൽ, കനത്ത മഞ്ഞിൽ, ഏതോ ഒരു നിമിഷത്തിൽ കുട്ടികളും നക്ഷത്രപ്രഭയും ദൂരെ മറഞ്ഞു. അച്ചൻറെ കൈയിലിരുന്ന ഉണ്ണിയേശുവിൻറെ മുഖത്തു മാത്രം നക്ഷത്രത്തിന്റെ പാൽവെളിച്ചം പിന്നെയും വീണ് നിലാവു പോലെ തിളങ്ങി.

12:
പറക്കുംകൊട്ടാരം
എത്ര ദൂരം പോയിക്കാണുമെന്ന് അവർക്ക് അറിഞ്ഞുകൂടാ. തിരിഞ്ഞുനോക്കിയപ്പോൾ ഫോബി അച്ചനേം അപ്പനേം ദൂരെ പൊട്ടുപോലെ തോന്നിച്ച വെളിച്ചത്തിൽ കണ്ടു. അവൾ ഫീലിയുടെ കൈ മുറുക്കെപ്പിടിച്ചു.
പക്ഷേ പതിവുപോലുള്ള പേടിയൊന്നും അവൾക്ക് തോന്നിയില്ല. താൻ നടക്കുന്നത് ഉണ്ണിയേശുവിന്റെ പതുപതുത്ത കുഞ്ഞിക്കൈയിലാണെന്ന് അവൾക്കു തോന്നി. മേലോട്ടു നോക്കിയപ്പോൾ നക്ഷത്ര വെളിച്ചത്തിന് ഉണ്ണിയേശുവിന്റെ മുഖത്തെ ചിരിയുടെ പ്രകാശം.
ഒടുവിൽ അവർ ഒരു കുന്നിന്റെ ചരിവിലെത്തി. അവിടുന്ന് കുന്നിന്റെ മണ്ടയിലേക്ക് അധികം ദൂരമില്ല. കൂരിരുട്ടാണ് ചുറ്റും, കാടും പുല്ലും ഇടകലർന്നു കിടക്കുന്ന ഏതോ സ്ഥലം. നാലഞ്ചു നിമിഷം കഴിഞ്ഞപ്പോൾ കുട്ടികൾ പുല്ലിളകുന്ന ശബ്ദം കേട്ടു.
നോക്കുമ്പോൾ ഒരു ആനയമ്മയും കുട്ടിയാനയും. ഫീലിയുടെ കണ്ണുകൾ അതിശയത്താൽ വിടർന്നു. ഫോബി പേടിച്ചുനിലവിളിച്ചില്ല. അവളുടെ മനസ്സിലും അത്ഭുതം പേടിയെ തല്ലിക്കെടുത്തി.
“ഇവിടുന്ന് ഞങ്ങൾ ഇവരെ കൊണ്ടുപൊയ്ക്കോളാം,” അമ്മയാന നക്ഷത്രത്തോടു പറഞ്ഞു. നക്ഷത്രം പുഞ്ചിരിതൂകി. കുട്ടിയാന അമ്മയോട് ചേർന്നു നിന്ന് അവരെ സൂക്ഷിച്ചുനോക്കി.
അമ്മയാനയും കുട്ടിയാനയും അവരെ കൊണ്ടുപോയത് കുന്നിന്റെ ഉച്ചിയിലേക്കാണ്. അവിടുന്നു കണ്ട കാഴ്ചയുടെ ഭംഗി. ഫീലിയും ഫോബിയും കണ്ണിമയ്ക്കാതെ നോക്കിനിന്നു പോയി.
കുന്നിനു താഴെ പരന്നുകിടക്കുന്ന തടാകത്തിന്മേൽ നിലാവിന്റെ രശ്മികൾ ഓടിക്കളിക്കുന്നു. തിളങ്ങുന്ന ഓളപ്പരപ്പ് കാറ്റിൽ അനങ്ങിക്കൊണ്ടേയിരുന്നു. ഓളങ്ങളെ തൊട്ടു-തൊട്ടില്ലെന്ന മട്ടിൽ മുകളിലായി ഒഴുകിനടക്കുന്ന ഒരു കൊട്ടാരം! എണ്ണാനാവാത്തത്ര ചെറുവെളിച്ചങ്ങൾ, വെട്ടിത്തിളങ്ങുന്ന വൈരക്കല്ലുകൾ, പാകിയതു പോലെ. ചുറ്റും വെളിച്ചം പൊഴിച്ചുകൊണ്ട് അതങ്ങനെ വെള്ളത്തിനു മീതെ ഒഴുകിനടക്കുന്നു... കാറ്റിൽ മെല്ലെ ആടിയുലയുമ്പോൾ അതിൻറെ ജനാലകളിൽ നിലാവിൻറെ വെള്ളിപൂശിയ തിരശ്ശീലകൾ ഇളകി.
സൂക്ഷിച്ചുനോക്കിയപ്പോളാണ് മനസ്സിലായത്, തിരശ്ശീലകളല്ല, ചിറകുകളാണ്. ഇത് പറക്കുംകൊട്ടാരമാണ്.
“ഉയ്യോ ...” പിളേളർ സ്വയമറിയാതെ ഉറക്കെവിളിച്ചുപോയി. ഇത്ര മനോഹരമായ ഒരു കാഴ്ച അവർ കണ്ടിട്ടേയില്ല.
“ഇതെവിടെയാ നമ്മൾ പോകുന്നേ?” ഫോബി ആനയമ്മയോടു ചോദിച്ചു.
“ജീമൂ...” കുട്ടിയാനയാണ് മറുപടി പറയാനാഞ്ഞത്.
അമ്മയാന, പക്ഷേ, അവളെ അതു മുഴുവനാക്കാൻ സമ്മതിച്ചില്ല.
അതൊക്കെ വഴിയേ അറിയാം, അവർ പറഞ്ഞു.
ജീമൂ... ജിമ്മൻ എന്നാവും ഉദ്ദേശിച്ചത്, പിള്ളേർ സന്തോഷിച്ചു. ഇനി... ഇതായിരിക്കുമോ യേശുവപ്പാപ്പന്റെ സ്വർഗം?

13:
ആനയമ്മയും ആനിമോളും
ആനയമ്മ വീണ്ടും തുമ്പിക്കൈ ഉയർത്തി. നോക്കിനിൽക്കെ ആ പറക്കുംകൊട്ടാരത്തിന്റെ മുന്നിലെ പടിക്കെട്ടിൽനിന്ന് അവർ നിന്നിരുന്ന കുന്നിൻമണ്ടയിലേക്ക് ഒരു തിളങ്ങുന്ന വൈരക്കൽപാലം നീണ്ടുവരുന്നു.
കുന്നിൻമണ്ടയിൽ അതു വന്നു തൊട്ടപ്പോൾ ആനയമ്മ പറഞ്ഞു, “വരൂ, നമുക്ക് അങ്ങോട്ടു പോകാം.”
അവർ ആ അത്ഭുതപാലത്തിലൂടെ മെല്ലെ നടന്നു നീങ്ങി. ഇതിനിടയിൽ കുട്ടിയാന ഇടയ്ക്കിടെ ഫീലിയെയും ഫോബിയെയും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
“നിൻറെ പേരെന്താ?” ഫീലി ചോദിച്ചു.
ആനക്കുട്ടി ചിരിച്ചതേ ഉള്ളൂ. “അവൾക്ക് ആനഭാഷയിൽ ഒരു പേരുണ്ട്, പക്ഷേ നിങ്ങൾക്ക് അതു കേൾക്കാൻ പറ്റില്ല ...” ആനയമ്മ പറഞ്ഞു.
“ചിന്നംവിളിക്കുന്നത് കേൾക്കാമല്ലോ...?”
ആനയമ്മ ചിരിച്ചു.
“ങാ, മനുഷ്യർക്ക് കേൾക്കാനാവാത്ത ഭാഷയുണ്ട് ഞങ്ങൾക്ക്. ഒത്തിരി ദൂരെയുള്ള ആനകൾക്ക് കേൾക്കാൻ പറ്റുന്നത്.”
ഫീലിയും ഫോബിയും അത്രയും പ്രതീക്ഷിച്ചില്ല. ആനകൾ അവരുടെ കുട്ടികൾക്ക് പേരിടും എന്ന് അവർ കേട്ടിട്ടേയില്ല.
“സാരമില്ല, നിങ്ങൾ അവൾക്ക് ഒരു മനുഷ്യപ്പേരിട്ടോളൂ”, ആനയമ്മ പറഞ്ഞു.
“ശരി” ഫീലിക്ക് ഉത്സാഹമായി.
“മോക്കടെ പേര് ആനീന്നാ, കേട്ടോ,” അവൾ ആനക്കുട്ടിയെ തലോടിക്കൊണ്ട് പറഞ്ഞു.
ആനയമ്മയക്ക് ചിരി വരുന്നൂന്ന് കണ്ടപ്പൊ അവൾ അവരോടു പറഞ്ഞു; “നല്ല പേരാ, ഞങ്ങടെ അച്ഛൻപെങ്ങൾടെ പേരാ...”
“നിങ്ങടെ അമ്മമാര് നിങ്ങളെ നോക്കുന്ന പോലെ ഞങ്ങളും ഞങ്ങടെ മക്കളെ നോക്കും, അറിയാവോ ...? അവരെ കാട്ടിൽ ജീവിക്കാൻ പഠിപ്പിക്കുന്നത് ഞങ്ങളാണ്.”
“ഈ...ആനിക്കുഞ്ഞിനെ ഇന്നാള് കാട്ടില് കളഞ്ഞുപോയതാണ്.... ആനമലയില് ...’’
“എന്നിട്ടോ?”
“ആ ഭാരങ്കരന്റെ കിങ്കരന്മാരില് നല്ലവരും ഉണ്ടേ ... അവര് അവളെ കണ്ടുപിടിച്ചുതന്നു. ഞാൻ അവളെ കെട്ടിപ്പിടിച്ച് എത്രനേരം കിടന്നെന്നോ?”
അമ്മ മരിച്ചുപോയ ഫീലിയ്ക്കും ഫോബിയ്ക്കും അമ്മയാനയോട് ശരിക്കും സ്നേഹം തോന്നി.
“ആനിക്കുഞ്ഞ് ആള് കുറുമ്പിയാണല്ലോ?”
പിള്ളേർ അവൾക്കു മുത്തം കൊടുത്തു. ഭാരങ്കരന്റെ ആൾക്കാരിലും നല്ലവരുണ്ടല്ലോ, അതും അവർക്ക് സന്തോഷമായി.
ഫോബി താൻ പറഞ്ഞു കേട്ട ചില കാര്യങ്ങൾ അമ്മയാനയോടു ചോദിച്ചു.
“ഈ ആനകൾ മനുഷ്യരെ ചവിട്ടിക്കൊല്ലുന്നത് എന്തിനാ?”
അമ്മയാന അതിനു മറുപടി പറഞ്ഞത് ഫോബിയോട് ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ്.
മനുഷ്യർ എന്തിനാ മറ്റു മനുഷ്യരെയും ജീവികളെയും കൊല്ലുന്നത്?”
ഫോബിക്ക് മറുപടി ഇല്ലായിരുന്നു.
അമ്മയാന തന്നെ ആ ചോദ്യത്തിന് മറുപടിയും പറഞ്ഞു; “പേടിച്ചിട്ടാണ്. ദേഷ്യവും വെറുപ്പുമൊക്കെ നമുക്ക് വരുന്നതും കൊല്ലാൻ തോന്നുന്നതും എപ്പഴാ? ആരെങ്കിലും നമ്മളെ ഉപദ്രവിക്കാൻ വരുന്നൂന്ന് തോന്നുമ്പഴല്ലേ?’’
അതേ എന്ന് ഫോബിക്ക് സമ്മതിക്കേണ്ടിവന്നു.
“അതുപോലെ മനുഷ്യര് ഉപദ്രവിക്കുമോന്ന് പേടിച്ചിട്ടാണ്. മനുഷ്യര് പണ്ടൊക്കെ വരുന്ന വഴി ഞങ്ങക്ക് അറിയാമായിരുന്നു. പക്ഷേ ഇപ്പ എല്ലാ സ്ഥലത്തൂടേം മനുഷ്യര് വരുമ്പം ആനകൾക്ക് പേടിയാവൂല്ലേ?”
“ആന വരുന്ന വഴി ആളുകളെ നേരത്തെ അറിയിച്ചാ പിന്നെ ആളുകൾ സൂക്ഷിക്കും, അങ്ങനെ ചെയ്താ പോരേ?” ഫീലി തനിക്കു തോന്നിയ ഒരു ഉപായം പറഞ്ഞു.
ആനയമ്മ തുമ്പിക്കൈ കൊണ്ട് അവളെ തലോടി.

“മിടുക്കി, അതു മതി. ആനകൾക്കും മനുഷ്യർക്കും സ്നേഹത്തോടെ മാറിനടക്കാൻ പറ്റിയാൽ മതി.”
അങ്ങനെ ഓരോന്ന് മിണ്ടീം പറഞ്ഞും അവരു നടന്നു. ഫോബിയുടെ പല പേടികളും ആനയമ്മ മാറ്റി.
താമസിയാതെ അവർ വൈരക്കൽക്കൊട്ടാരത്തിന്റെ വാതിൽക്കലെത്തി. അപ്പോഴാണ് മനസ്സിലായത്, ഇത് വൈരമൊന്നുമല്ല, ലക്ഷക്കണക്കിനു മിന്നാമിന്നികൾ ഒന്നിച്ചു മിന്നുന്നതാണ് ....
(അവസാനിക്കുന്നില്ല)
