ചിത്രീകരണം: അർച്ചന രവി.

ഒരു കാടരികുകഥ

ജെ. ദേവിക എഴുതുന്ന കുട്ടികളടെ നോവൽ തുടരുന്നു. ചിത്രീകരണം: അർച്ചന രവി.

27
ഉത്തരവുകൾ

ത് മുഖ്യഭാരങ്കരകിങ്കരനെ വല്ലാതെ ചൊടിപ്പിച്ചു. ആദ്യമായിയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഭാരങ്കരന്റെ ഇഷ്ടം നടക്കാതെ പോയത്.

എന്തുകൊണ്ടായിരിക്കാം ...

“ഇത് ആ പ്രാഞ്ചിയുടെ പിള്ളേരുടെ കളിയാണ്, അങ്ങുന്നേ ... ’’, അപ്പോഴും ഭാരങ്കരനെ സേവിച്ചിരുന്ന ഒരു കിങ്കരൻ അയാളോടു പറഞ്ഞു.

‘‘അവര് കാട്ടീന്ന് കൊണ്ടു വന്നതാ ആ പൂച്ചെടികൾ... കരുണേം മുദിതേം.”

“അതു രണ്ടും വന്നതീപ്പിന്നെ ഈ നാട്ടിൽ അങ്ങനെ കാര്യമായ അടിപിടീം തല്ലും ബഹളോം ഒന്നും ഇല്ല...”

ശരിയാണ്. അവിടുത്തെ മിക്ക വീടുകളിലും പള്ളിമുറ്റത്തും മറ്റെല്ലായിടങ്ങളിലും കരുണാപുഷ്പം പൂത്തുതുടങ്ങിയതോടെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും സഹായിച്ചും സ്നേഹിച്ചുമാണ് കഴിയുന്നത്. എല്ലാവരും ഒത്തുചേർന്നാണ് കാടരികിനെ പരിപാലിക്കുന്നത്. അതുകൊണ്ട് ആനയുടെയും കാട്ടുപന്നിയുടെയും വരവ് കുറഞ്ഞിരിക്കുന്നു. കാട്ടിനുള്ളിൽ ജന്തുക്കൾക്ക് അന്നവും വെള്ളവും ഉണ്ടാക്കാൻ അവരെല്ലാം ഒത്തൊരുമയോടെ വേല ചെയ്യുന്നു... കവി ബെത്തിമാരൻറെ കവിത കുട്ടികൾ പോലും കാണാതെ ചൊല്ലുന്നു ... കാട്ടുജീവികളോടുള്ള വെറുപ്പ് കുറഞ്ഞിരിക്കുന്നു ...

മുഖ്യഭാരങ്കരകിങ്കരന്റെ നെറ്റി വല്ലാതെ ചുളിഞ്ഞു...

“ആ പിള്ളേരും അവരുടെ പട്ടീം കൂടി ഒപ്പിച്ച പണിയാണ് ഇതെല്ലാം ...”

ഈ കഥ വായിക്കുന്ന നിങ്ങൾക്കു തോന്നും, എന്താ, കരുണേം മുദിതേം എല്ലാം നല്ലതല്ലേ എന്ന്.

സത്യത്തിൽ നല്ലതാ, പക്ഷേ മനുഷ്യർ തമ്മിൽ തല്ലിയാലല്ലേ ഭാരങ്കരരാജാവിന് ആളുകളെ അടക്കിനിർത്താൻ പറ്റൂ? മനുഷ്യർ കാട്ടുമൃഗങ്ങളെ ഭയപ്പെട്ടും വെറുത്തുമിരുന്നാലല്ലേ ഭാരങ്കരന് അവരെ ഭരിക്കാൻ പറ്റൂ..?. ഭാരങ്കരൻ പറഞ്ഞയച്ച പാറക്കള്ളന്മാർക്ക് പാറയെല്ലാം കട്ടെടുക്കാനാവൂ ...?

“ആ പിള്ളാരെ പിടിച്ചോണ്ടു വാ, അവരെ പിടിച്ചുവച്ചാൽ പിന്നെ ഈ നാട്ടുകാർക്ക് രക്ഷയില്ല. ... ആ പട്ടിയേം ...”

“പിന്നെ ഈ കരുണേം മുദിതേം വേരോടെ പറിച്ചു കള ... അതു രണ്ടും പാഴ്ചെടിയാണെന്നും, അതു വളർന്നാൽ കൃഷിയെല്ലാം കെട്ടുപോകുമെന്നും പ്രചരിപ്പിച്ചേക്ക് ...”

മുഖ്യഭാരങ്കരകിങ്കരൻ ഉത്തരവിട്ടു.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

28
ഓട്ടം

ച്ചമയക്കത്തിലായിരുന്ന ജിമ്മൻ ഞെട്ടിയെഴുന്നേറ്റു.

പ്രാഞ്ചി നോക്കുമ്പോൾ അവൻ കുട്ടികളുടെ സ്ക്കൂളിലേക്കുള്ള വഴിയിലൂടെ പാഞ്ഞുപോകുന്നു.

എന്താണ് കാര്യം, പ്രാഞ്ചി അന്തംവിട്ടു. സ്ക്കൂൾ വിടാൻ സമയമായിട്ടില്ല, ഉച്ചയൂണു സമയത്ത് എന്താണ്?

പ്രാഞ്ചിയും അവന്റെ പുറകേ പോയി.

ജിമ്മൻ അതിനകം സ്ക്കൂളിലെത്തി. ഫീലിയുടെയും ഫോബിയുടെയും ക്ലാസ് മുറിയിലേക്ക് അവൻ കിതച്ചുകൊണ്ടു ഓടിക്കയറി. കുട്ടികൾ ഊണു കഴിച്ച് എഴുന്നേറ്റതേ ഉള്ളൂ. ജിമ്മന്റെ വരവു കണ്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് അവർക്കു മനസ്സിലായി. അവർ വേഗം അവൻറെയടുത്തെത്തി. വേഗം, വേഗം, നമുക്കു പോകണം ... ഭാരങ്കരന്റെ ആളുകൾ വരും മുമ്പേ ... അവൻ അവരുടെ ഉടുപ്പുകളിൽ പിടിച്ചുവലിച്ചു.

എന്താണു കാര്യം എന്നു മനസ്സിലായില്ലെങ്കിലും കുട്ടികൾ അവന്റെ പുറകെ ഓടി. സ്ക്കൂളിന്റെ ഗേറ്റ് കടന്ന് വഴിയേ കുറേ ദൂരം പോയശേഷം തിരിഞ്ഞുനോക്കിയപ്പോൾ, അതാ, ഗേറ്റിനടുത്ത് ഭാരങ്കരന്റെ കിങ്കരന്മാർ തിക്കിത്തിരക്കുന്നു.

ഫീലിയും ഫോബിയും ഒരു നിമിഷം അനങ്ങാൻ പറ്റാതെ നിന്നുപോയി. കാരണം, പ്രാഞ്ചിയെ അവർ വലിച്ചിഴച്ചു കൊണ്ടുപോകുന്നതാണ് കണ്ടത്.

അവരുടെ തൊണ്ടകൾക്കുള്ളിൽ വലിയെ നിലവിളികൾ ഉരുണ്ടുകൂടി.

പൂ പോലെ മൃദുലവും തണുപ്പുള്ളതുമായ കൈകൾ അവരുടെ ചുമലിൽ തലോടി. നോക്കിയപ്പോൾ ജീമൂ ചേട്ടനാണ്.

നിങ്ങളെ പിടിച്ചുകൊണ്ടു പോകാൻ വന്നതാണ്, അവർ, ദുഷ്ടന്മാർ ...

“നമ്മൾ എന്തുചെയ്യും, ജീമൂ ചേട്ടാ?
അവർ അപ്പനെ അടിക്കുമോ… അയ്യോ...”

കുട്ടികൾ പേടിച്ചതു പോലെ തന്നെയാണ് ഉണ്ടായത്.

പ്രാഞ്ചിയെ ഭാരങ്കരകിങ്കരന്മാർ കുറേ അടിച്ചു. കുട്ടികളെ കിട്ടാത്തതിന്റെ ദേഷ്യം മുഴുവൻ അയാളോടു തീർത്തു.

ഒരു കാടരികുകഥ മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം

സാരമില്ല, ഇവനെ തുറുങ്കലിലടയ്ക്കാം, മുഖ്യകിങ്കരൻ പറഞ്ഞു.
തീർച്ചയായും പിള്ളേരും ആ പട്ടിയും ഇവനെ തേടിവരും.

അവശനിലയിലായ പ്രാഞ്ചിയെ അവർ ഇരുട്ടറയിൽ കൊണ്ടിട്ടു. അപ്പനെ നിലത്തൂടെ വലിച്ചുകൊണ്ടു പോകുന്ന കാഴ്ച കണ്ട് ആദ്യം കുട്ടികളുടെ കണ്ണു നിറഞ്ഞു. അവർ കല്ലു പോലെ വഴിയിൽ നിന്നു.

ഓടിപ്പോണോ ... അതോ ...

ഒടുവിൽ ഭാരങ്കരകിങ്കരന്മാരിൽനിന്ന് ഓടി ഒളിക്കാൻ ഞങ്ങളില്ല, ഫീലിയും ഫോബിയും ഒത്തു പറഞ്ഞു. അപ്പനെ അവർക്കു വിട്ടുകൊടുക്കാൻ പറ്റില്ല. കുട്ടികൾ തീരുമാനിച്ചു കഴിഞ്ഞു.

പക്ഷേ അപ്പനെ എങ്ങനെ രക്ഷിക്കും?
മൂന്നു പേരുടെയും കണ്ണുകൾ കവിഞ്ഞൊഴുകി ...
നിറയുന്ന വെള്ളം, ഒഴുകുന്ന കണ്ണുനീർ, അവർക്ക് വഴിയെന്തന്ന് കാണിച്ചുകൊടുത്തു.

ജീമൂതവാഹനൻ ആകാശത്തേയ്ക്കു നോക്കി കണ്ണടച്ച് ധ്യാനിച്ചു.
അവർ ഭാരങ്കര കിങ്കരന്മാരുടെ പാറാവുപുരയിലേക്ക് തലയുയർത്തിപ്പിടിച്ചു നടന്നുകയറി.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

29
വെള്ളം എല്ലാം ഓർക്കും

ഭാരങ്കരകിങ്കരന്മാർ പിള്ളേരുടെയും ജീമൂതവാഹനന്റെയും വരവു കണ്ട് ഞെട്ടിപ്പോയി. ഇതാണ് കിളിയെ സ്ക്കൂളിൽ കൊണ്ടുവന്ന ആൾ, ചില അദ്ധ്യാപകർ വിളിച്ചുപറഞ്ഞു.

“കുട്ടികളെ മാറ്റിനിർത്തൂ, ഭാരങ്കരരാജാവ് അവരെ നേരിട്ട് ചോദ്യം ചെയ്യും... ഈ പയ്യനെ അറസ്റ്റുചെയ്യൂ”, മുഖ്യകിങ്കരൻ അലറി. പക്ഷേ അറസ്റ്റുചെയ്യാൻ ചെന്നവർക്ക് ഒന്നും ചെയ്യാനായില്ല. കാരണം അവരുടെ കൈകൾക്കും കാലുകൾക്കും ചുറ്റും കാട്ടുവള്ളികൾ പാഞ്ഞുകയറി.

“വെടിവയ്ക്ക്”, മുഖ്യകിങ്കരൻ വീണ്ടും അലറി.

പക്ഷേ ജീമൂതവാഹനൻ ചിരിച്ചതേയുള്ളൂ. ഗരുഡന്റെ കൊക്കും നഖവും കുത്തിയിറങ്ങിയുണ്ടായ മുറിവുകളുടെ പാടുകൾ അയാളുടെ ദേഹത്തു മുഴുവൻ ഉണ്ടായിരുന്നു. അവ തീ പോലെ തിളങ്ങി. വെടിയുണ്ടയെല്ലാം ചെത്തിപ്പൂവും മുല്ലപ്പൂവും തുളസിപ്പൂവുമായി ഭാരങ്കരകിങ്കരന്മാരുടെ ചെവിക്കു പിന്നിൽ സ്ഥാനംപിടിച്ചു. അയാൾ മുഖ്യകിങ്കരന്റെ മുന്നിൽ ചെന്നു നിന്നു. മുഖ്യകിങ്കരൻ പേടിച്ചുകിടുങ്ങിപ്പോയി.

“പേടിക്കണ്ട, നിങ്ങൾ പ്രാഞ്ചിയെ ഇട്ട തടവറയിൽ എന്നേയും ഇട്ടോളൂ...”

അവർ ജീമൂതവാഹനനെ അവിടേയ്ക്കു കൊണ്ടുപോയി. അയാളുടെ ദേഹത്തെ പഴയ മുറിവുകൾ ഉണങ്ങിയ പാടുകളിൽ നിന്നുള്ള വെളിച്ചം ആ മുറിയിലെ ഇരുട്ടിനെ ആട്ടിയോടിച്ചു. തണുത്തുറഞ്ഞ മുറിയിൽ ഇളംചൂടു നിറഞ്ഞു. ഈ സമയത്ത് ഫീലിയും ഫോബിയും പുറത്ത് അല്പം പോലും പേടിക്കാതെ ഭാരങ്കരകിങ്കരന്മാരുടെ ഇടയിൽ ഇരുന്നു.

മുഖ്യകിങ്കരൻ ധൈര്യം വീണ്ടെടുത്ത് അവരുടെയടുത്തുചെന്ന് വീമ്പിളക്കിത്തുടങ്ങി.

“എടീ പിള്ളാരെ, ഇപ്പോ എന്തായി, ഇതാ പറഞ്ഞത്, ഭാരങ്കരരാജാവ് വിചാരിച്ചാൽ നടക്കാത്ത കാര്യമില്ല. ഭാരങ്കരാജാവു പറഞ്ഞാൽ ഇന്നാട്ടിലെ മരമെല്ലാം വെട്ടിയെടുക്കും, മലയെല്ലാം പൊളിച്ചെടുക്കും, പാടമെല്ലാം മണ്ണിട്ടു പൊക്കും, കുളത്തിലേം പുഴയിലേം വെള്ളത്തെ ഡാമിലിട്ട് പൂട്ടും ... ഭാരങ്കന് ഇഷ്ടമുള്ളിടത്തെല്ലാം വല്യവല്യ കെട്ടിടം വരും ... എവിടായിരുന്നു കുന്ന്, മല, പുഴ, കുളം ... ഇതൊന്നും ആരും ഓർക്കുകപോലുമില്ല”.

പെട്ടെന്ന് കുട്ടികൾ ചാടിയെഴുന്നേറ്റു.
“ആരു പറഞ്ഞു?, വെള്ളം ഓർക്കും, വെള്ളം എല്ലാ വഴിയും ഓർക്കും”.

ഭാരങ്കരന് കീഴടങ്ങില്ലെന്ന് അവർ മൂവരും ഉറച്ചത് ആ കാര്യം ഓർമ്മവന്നപ്പോഴാണ്. മുഖത്തുകൂടി ഒഴുകിയ കണ്ണുനീർ അവരെ ഓർമ്മിപ്പിച്ചത് ആ കാര്യമാണ്.

അതേ, എത്രയൊക്കെ ഡാമിലിട്ടടച്ചാലും, എത്രയൊക്കെ കണ്ടവും കുളവും കായലും പുഴവക്കും തോടും നികത്തി അതിന് കിടക്കാനും ഒഴുകാനും ഇടമില്ലാതാക്കിയാലും, വെള്ളം അതിന്റെ പഴയവഴികൾ എല്ലാം ഓർക്കും.

“ഭാരങ്കരൻ ഒന്നുമല്ലെന്ന് വെള്ളം കാണിച്ചുതരും”, കുട്ടികൾ വിളിച്ചു പറഞ്ഞു.

ആകാശം അപ്പോൾ ഇരുണ്ടുകനത്തു. കിഴക്കു ദിക്കിൽ കറുകറുത്ത മഴമേഘം മുടിയഴിച്ചിട്ടു നിന്നു.

30
പെരുവെള്ളം

പെരുമഴ ഇരച്ചിറങ്ങി.
മഴമേഘങ്ങൾ അവയുടെ നീണ്ടു കനത്ത വെള്ളിമുടികൾ ആട്ടി മാനം മുഴുവൻ നിറഞ്ഞു തകർത്താടി.

ആകാശത്തെ പല തവണ പിളർത്തിയ വെള്ളിടി മുഴങ്ങി. ഭാരങ്കരകിങ്കരന്മാർ ഞെട്ടിവിറച്ചു.

മാനവും ഭൂമിയും ഒരുപോലെ വെള്ളത്തിന്റെ കനത്തപാളികൾക്കുള്ളിലായി. നാട്ടുവഴികളിലൂടെ വെള്ളം പാഞ്ഞൊഴുകി. ഭാരങ്കരന്റെ റോഡുകളിൽ വെള്ളം അതിവേഗം പൊങ്ങി. വെള്ളത്തെ കെട്ടിനിർത്തിയ ഡാമുകൾ കുഞ്ഞുഡപ്പികൾ പോലെ പെട്ടെന്നു നിറഞ്ഞു. അവ തുറന്നുവിട്ടപ്പോൾ വെള്ളം ഇരമ്പിക്കൊണ്ട് അത് ഒരിക്കൽ കിടന്നിരുന്ന ഇടങ്ങളിലേക്കു പാഞ്ഞുചെന്നു.

പക്ഷേ അവിടെയെല്ലാം കെട്ടിടങ്ങളാണ്, വീടുകളാണ്, മതിലുകളാണ് ... വെള്ളം മതിലുകളുടെ മുകളിലേക്ക് ഉയർന്നുപൊങ്ങി. കെട്ടിടങ്ങൾക്കടിയിൽ ഞെരുങ്ങിക്കിടന്ന പാടങ്ങളെ തേടി വീടുകളുടെ വളപ്പുകളിലേക്കും മുറികളിലേക്കും, എന്തിന്, മേൽക്കൂരകളിലേക്കും പാഞ്ഞുകയറി.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

ഭാരങ്കരകിങ്കരന്മാർ നെട്ടോടമോടി. നാട്ടുകാർ വെള്ളത്തിന്റെ വരവു കണ്ട് പേടിച്ചുവിറച്ചു. പക്ഷേ പാറക്കള്ളന്മാർ തുരന്നുകൊണ്ടു പോകാത്ത കുന്നുകൾ അവരെ സ്നേഹത്തോടെ മാടിവിളിച്ചു. അവർ ജീവനുംകൊണ്ട് ആ കുന്നുകളുടെ മണ്ടകളിലേക്ക് ഓടിച്ചെന്നുവീണു. വെള്ളം പണ്ടേ കയറിച്ചെല്ലാത്ത മലമുടികൾ എല്ലാ ജീവികൾക്കും അഭയം കൊടുത്തു. ഭാരങ്കനെ വിശ്വസിച്ച്, പാറക്കള്ളന്മാർ കൊടുത്ത കാശു വാങ്ങി തങ്ങൾ പൊളിക്കാനനുവദിച്ച കുന്നുകളെ ഓർത്ത് മനുഷ്യർ കരഞ്ഞു.

ഫീലിയും ഫോബിയും ഭാരങ്കരന്റെ തടവറയുടെ വാതിൽക്കൽ തന്നെ നിന്നു.

മുഖ്യകിങ്കരൻ ഭയന്നുവിറച്ചു. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുന്നു, വഴികളിൽ കഴുത്തറ്റം വെള്ളം. അത് അതിവേഗം ഉയരുന്നു... നാട്ടുകാർ ഭാരങ്കരന്റെ ശിങ്കിടികൾക്ക് മാളുകൾ പണിയാനായി വഴിയടച്ചുകളഞ്ഞ തോട്ടുവെള്ളത്തെ തുറന്നുവിട്ടു. അതോടെ ഭാരങ്കരന്റെ മഹാ-മാളിലേക്ക് വെള്ളം ഇരച്ചുകയറി. അവിടം പണ്ട് വലിയൊരു പുഞ്ചപ്പാടമായിരുന്നു. വെള്ളം കിടന്നിരുന്ന സ്ഥലം. അതേ, മാൾ കെട്ടിടം വാനോളം ഉയർന്നുവെങ്കിലും വെള്ളം ഒന്നും മറന്നിരുന്നില്ല.

ഒടുവിൽ ഭാരങ്കരകിങ്കരൻ കുട്ടികളെയും കൂട്ടി പ്രാഞ്ചിയെയും ജീമൂതവാഹനനെയും ഇട്ടിരുന്ന തടവുമുറിയിലേക്കു ചെന്നു. അയാളുടെ ഹുങ്കെല്ലാം അപ്പോഴേയ്ക്കും ഒലിച്ചുപോയിരുന്നു.

“എങ്ങനെയെങ്കിലും ഈ മഴ ഒന്നു നിർത്തിത്തരണം”, അയാൾ കെഞ്ചി, “നിങ്ങൾ വിചാരിച്ചാലേ അതു നടക്കൂ, നിങ്ങളെ ഇപ്പോൾത്തന്നെ തുറന്നുവിടാം, കുട്ടികളെ കൂടെ വിടാം”.

“ഒന്നും വേണ്ട”, ഫീലി പറഞ്ഞു, “ഞങ്ങൾക്ക് അങ്ങനെ പോകണ്ട.”

“പിന്നെയെന്തു വേണം? എന്തു വേണമെങ്കിലും തരാം, ഇതൊന്നു നിർത്തിത്തരൂ”.

“ഞങ്ങൾക്ക് ഈ ഭാരങ്കരനെ നേരിട്ടു കാണണം”, ഫോബി പറഞ്ഞു.

“ഇപ്പോൾതന്നെ കൊണ്ടു പോകണം. ഈ മഴയത്തു തന്നെ’’.

ഈ മഴയത്ത് എങ്ങനെ പോകും, മുഖ്യകിങ്കരൻ കരഞ്ഞു പറഞ്ഞു, റോഡിലൊക്കെ രണ്ടാൾപ്പൊക്കത്തിലാണ് വെള്ളം.

“ഞങ്ങൾക്ക് വഴിയുണ്ട്, ഞങ്ങൾ ഭാരങ്കരരാജധാനിയിൽ എത്തിക്കോളാം, ഞങ്ങൾ വരുന്ന വിവരം ഉടൻ അറിയിക്കുക’’, ജീമൂതവാഹനൻ വിട്ടുകൊടുത്തില്ല.

അവർ ആവശ്യപ്പെട്ടതെല്ലാം അനുവദിച്ചുകൊണ്ട് മുഖ്യകിങ്കരൻ താണുവണങ്ങി മാറിനിന്നു.

അവർ തടവുമുറിയിൽ നിന്നും ഇറങ്ങിനടന്നു.

പുറത്തേ വഴിയിലെ വെള്ളം അവർക്കായി വഴി മാറി. ഭാരങ്കരന്റെ റോഡിലെ പെരുവെള്ളമെത്തിയപ്പോൾ ജീമൂതവാഹനൻ കൈയുയർത്തി. അപ്പോൾ റോഡിനിരുവശത്തും മഹാവൃക്ഷങ്ങൾ- മഹാവൃക്ഷങ്ങളുടെ നിഴലുകൾ- മഴയുടെ പാളികൾക്കിടയിലൂടെ ഉയർന്നുവന്നു.

കണ്ടവരുടെ കണ്ണു തള്ളിപ്പോയി.

“ഏ… താ... ഈ മരങ്ങൾ?”, മുഖ്യകിങ്കരൻ വിക്കിവിക്കി ചോദിച്ചു.

ഭാരങ്കരന്റെ വണ്ടികൾക്ക് പാഞ്ഞുപോകാൻ വേണ്ടി വെട്ടിയരിയപ്പെട്ട മഹാവൃക്ഷങ്ങളാണിവ. എത്രയോ വർഷം മനുഷ്യർക്കു തണലും വെള്ളവും ശുദ്ധവായുവും മണ്ണിനു തണുപ്പും നനവും കിളികൾക്ക് വീടും അണ്ണാന് പൊത്തും എല്ലാ ജീവികൾക്കും ഭക്ഷണവും കൊടുത്തിരുന്ന മഹത്തുക്കൾ. നിങ്ങളുടെ പുക തുപ്പുന്ന വണ്ടികൾക്കു വേണ്ടി നശിപ്പിക്കപ്പെട്ടവ. അവയുടെ ഉയിരുകൾ ഇപ്പോഴും ആ വഴിവക്കുകളിലുണ്ട്.

നോക്കിനിന്നപ്പോൾ നിരനിരയായി നിന്ന് ആ മരത്തലപ്പുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു നൂൽപ്പാലം ഉണ്ടായിവരുന്നു.

“വരൂ’’, ജീമൂ ചേട്ടൻ വിളിച്ചു. അവർ കൈകോർത്ത് മരത്തലപ്പുകൾക്കു മുകളിലെ പാലത്തിലേക്കു കയറി.

താഴെ നിന്ന മുഖ്യകിങ്കരനും സംഘവും നാട്ടുകാരും കുഞ്ഞുപൊട്ടുപോലെ ചെറുതായിത്തോന്നി.

(അവസാനിക്കുന്നില്ല)


Summary: Oru kaadarikukadha malayalam childrens novel written by j devika published in Truecopy Webzine packet 276.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments