ചിത്രീകരണം: അർച്ചന രവി

ഒരു കാടരികുകഥ

ജെ. ദേവിക എഴുതിയ കുട്ടികളുടെ നോവൽ തുടരുന്നു. ചിത്രീകരണം: അർച്ചന രവി.

നാല്:
കാടരികുവീട്ടിൽ

പ്പന്റെ വീട് കൃഷിയിടത്തിലാണ്. അല്ല, ആ കൃഷിയിടമാണ് അങ്ങേർക്ക് വീട്. കാപ്പിയും ഏലവും കുരുമുളകും ഒക്കെ നട്ടിട്ടുണ്ട് അവിടെ. പിന്നെ വീടിനടുത്തായി കപ്പയും കാച്ചിലും ചേമ്പും എല്ലാമുണ്ട്. നല്ല തണുപ്പാണ്. കാബേജും കോളിഫ്ളവറും പോലുള്ള തണുപ്പൻ പച്ചക്കറിയും കുറേ ഉണ്ട്.

പിന്നെ അപ്പൻറെ പുന്നാരപ്പശുക്കളുണ്ട്. വീടിനോട് ചേർത്തേ അപ്പൻ അവരെ നീർത്തൂ. അവയെ കുളിപ്പിച്ചു വൃത്തിയാക്കാനൊക്കെ അപ്പൻ നല്ലോണ്ണം പാടുപെടും. പിന്നെ അപ്പന് പൂക്കളോട് വലിയ ഇഷ്ടമാ. അതുകൊണ്ട് വീട്ടിനു ചുറ്റും നിറയേ പൂച്ചെടിയുമുണ്ട്. പറമ്പിൽ അവിടിവിടെ പേരയ്ക്കായും മൾബെറിയും മുട്ടപ്പഴവും ഒക്കെ കാടുപിടിച്ച് വളരുന്നുണ്ട്.

അപ്പൻ ഫീലിയേയും ഫോബിയേയും പുതിയ സ്ക്കൂളിൽ ചേർത്തെങ്കിലും അവരുടെ പഠിത്തത്തെപ്പറ്റി കാര്യമായ വേവലാതിയൊന്നും കാട്ടിയില്ല. അതു പിള്ളേർക്ക് വലിയൊരു ആശ്വാസമായിരുന്നു. പക്ഷേ ചുമ്മാ വീട്ടിലിരിക്കാനൊന്നും സമ്മതിക്കുകേം ഇല്ല.

അപ്പൻ അവരെ വീട്ടിനു പുറത്തിറക്കീട്ട് ചോദിക്കും, എടീ ഫീലീ, ഫോബി – ഇവിടെ വാ, ഈ കാണുന്ന ചെടികളിൽ എത്രയൊണ്ണത്തിൻറെ പേര് നിങ്ങക്കറിയാം ...

ഫീലീം ഫോബീം വാ പൊളിച്ചുനിക്കുന്നതുകണ്ട് ചിരിക്കും അപ്പൻ. പിന്നെ അതെല്ലാം പറഞ്ഞുകൊടുക്കും. നല്ല മൂഡിലാണെങ്കിൽ കാടരിലെ പൊന്തക്കാടുകളിൽ കൊണ്ടു പോയി അവിടിവിടെയുള്ള വഴികളൊക്കെ കാണിച്ചുകൊടുക്കും. അപ്പൻറെ കൂട്ടുകാരായ കാട്ടുമക്കളുടെ കൂടെ കാട്ടിലും വിടും. ചിലപ്പോ പറമ്പിലെ കുളത്തിലോ കുറച്ചു ദൂരെ കാനായിലോ കൊണ്ടു പോയി നീന്താൻ പഠിപ്പിക്കും. പച്ചക്കറിക്കിടയിൽ കള പറിക്കാനിരുത്തും.

ചിത്രീകരണം: അർച്ചന രവി
ചിത്രീകരണം: അർച്ചന രവി

തിന്നുന്ന കാര്യത്തിലും അങ്ങനെ തന്നെ. രാവിലെ പലഹാരവും പിന്നെ രണ്ടു നേരവും ചോറും കഴിച്ചാണ് പിള്ളേർ മഠത്തിൽ വളർന്നത്. ഇവിടെ ആണെങ്കിൽ നെല്ലൊക്കെ ഉണ്ടെങ്കിലും ചോറുണ്ണാനൊന്നും അപ്പനത്ര നിർബന്ധിക്കില്ല. സ്ക്കൂളീന്നു വന്നാൽ കാച്ചിലോ ചേമ്പോ ഒക്കെയാണ്. അപ്പൻറെ പശുക്കളുടെ പാലീന്ന് ഉണ്ടാക്കിയ നല്ല കട്ടത്തൈരിൽ ഉപ്പും മുളകും ചേർത്ത് വേവിച്ച കാച്ചിലിന്റെ കൂടെ കഴിക്കാൻ നല്ല രുചിയാണ്. അപ്പനോടു പിണങ്ങിയാലും പട്ടിണി കിടക്കണ്ട കാര്യമില്ലെന്നും പിള്ളേരു പഠിച്ചു. കാരണം പറമ്പിലും കാടിന്റെ അരികിലും ഒത്തിരി പഴങ്ങളുണ്ടാകും; പേരയ്ക്കേം അരിനെല്ലീം മുട്ടപ്പഴവും പൂച്ചപ്പഴവും ഒക്കെ.

രാത്രിയാരുമ്പോ പിള്ളേർക്ക് അച്ഛൻപെങ്ങളെ കാണണമെന്നു തോന്നും. അപ്പന്റെ വീട്ടിലെ ആകാശം നിറയെ നിറഞ്ഞുകൂടുന്ന നക്ഷത്രങ്ങളെയും വീടിനു ചുറ്റും പാറിപ്പറന്നു നടക്കുന്ന മിന്നാമിന്നികളെയും കാണുമ്പോ ആ വിഷമം മാറും.

എങ്കിലും ഫീലിയും ഫോബിയും രണ്ടു സ്വഭാവക്കാരികളാണെന്നു പറഞ്ഞല്ലോ. ഫീലിക്കാണെങ്കിൽ എല്ലാം ചുമ്മാ ഒരു രസം.

ഫോബിക്കാണെങ്കിൽ എല്ലാത്തിനേം പേടിയാണ്. മുയലിനെയും അണ്ണാനെയും പോലും ...

ഒരു ദിവസം അപ്പൻ അവരോടു ചോദിച്ചു: “പിള്ളേരെ, നിങ്ങള് വലുതാകുമ്പോ കാടരികത്തു താമസിക്കുമോ അതോ അങ്ങ് ദൂരെയെങ്ങാനും പോകുമോ?”

ഫീലിയുടെ മറുപടി ഇതായിരുന്നു:
“അപ്പാ, ഞാൻ കൊച്ചീല് പോയി ഫ്ളാറ്റില് താമസിക്കും. എന്നിട്ട് മൂന്നു മാസത്തിലൊരിക്കൽ കാറോടിച്ച് വരും, ഇവിടമൊക്കെ കണ്ടു പോകാൻ. ഇവിടമൊക്കെ കാണാൻ നല്ലതാ, പക്ഷേ...”

ഫോബി പറഞ്ഞു: “അപ്പാ, എനിക്കിവിടെ എല്ലാം പേടിയാ, കാട്ടില് ആനയുണ്ട്, കടുവയുണ്ട് ...”

കുട്ടികൾ പറയുന്നതു കേട്ട് അപ്പന് സങ്കടമായി... കുട്ടികൾ വന്നിട്ട് ദിവസം കുറേ ആയി. എന്നിട്ടും കാടിൻറെ മണം അവർക്കു കിട്ടിയിട്ടില്ല...

അഞ്ച്:
ഭാരങ്കരഭരണം

അതെങ്ങനെ കിട്ടാനാ. ഭാരങ്കരന്റെ ഭരണമല്ലേ? കാടിന്റേം മനുഷ്യരുടേം മട്ടേ മാറി.

കാടരികിലാണെങ്കിൽ, അവിടെ പണ്ടുപണ്ടേ ഉണ്ടായിരുന്നത് കാട്ടിലും അരികത്തുമായി കുടിപാർത്ത മനുഷ്യരും ജന്തുക്കളുമാണ്. പിന്നെ അവിടെ കൃഷിക്കാരായി കുറേ മനുഷ്യർ വന്നുകൂടി. പലതരം ഭാരങ്ങൾ കാരണം കായലും കുഞ്ഞിക്കുന്നുകളും ഒക്കെയുള്ള നാടുകളിൽ നിന്ന് ഓടിപ്പോന്നവരാണ് അവർ. അവരെയെല്ലാം കാടും വലിയകുന്നുകളും സ്നേഹത്തോടെ മാടിവിളിച്ചു.

പക്ഷേ ഇപ്പം അവരുടെ എല്ലാം മുതുകത്ത് വേറെവേറെ ഭാരങ്ങൾ കയറ്റിവച്ചിരിക്കുകയാണ് ഭാരങ്കരൻറെ കിങ്കരന്മാർ. വളരെ ബുദ്ധിമുട്ടിയാണ് അവര് അനങ്ങുന്നതുപോലും.

ഈ ഭാരത്തിന്റെ വിശേഷമെന്താന്നു വച്ചാൽ, നമ്മൾ ഒത്തങ്ങു പിടിച്ചാൽ, അത് പൊങ്ങിപ്പോരും. പക്ഷേ ഒറ്റയ്ക്കൊറ്റയ്ക്കാണെങ്കിലോ...? എന്റെ മുതുകത്തിരിക്കുന്നതാണ് ലോകത്തിലേക്കും വലിയ ഭാരമെന്നു തോന്നും.

അതാണ് നമ്മുടെ ഭാരങ്കരന്റെ ട്രിക്ക് – കാടരികത്ത് വന്നു ചേർന്നയാളായാലും ശരി, കാട്ടുവാസികളായാലും ശരി, ജന്തുവായാലും ശരി, അവർ ഓരോരുത്തരും വേറേവേറെയാണ് ഭാരം വഹിക്കുന്നതെന്ന തോന്നലാണ് അയാൾ ഉണ്ടാക്കിയിരിക്കുന്നത്.

ചിത്രീകരണം: അർച്ചന രവി
ചിത്രീകരണം: അർച്ചന രവി

അപ്പോ ഓരോരുത്തരും ഒറ്റയ്ക്കൊറ്റയ്ക്ക് കഷ്ടപ്പെടുന്നൂന്നേ അവർക്കു തോന്നൂ. എല്ലാവരും കൂടി ഒത്തുപിടിക്കാം എന്ന തോന്നൽ പോലും ഉണ്ടാവില്ല.

മാത്രമല്ല, അവരെല്ലാവരും നിന്റെ ഭാരത്തേക്കാളധികം എന്റെ ഭാരമാണ് വലുത്, എനിക്കാണ് കൂടുതൽ കഷ്ടപ്പാട് എന്നൊക്കെ പറഞ്ഞ് സദാസമയവും വഴക്കാണ്.

കാട്ടുവാസികളും വന്നുചേർന്നവരും തമ്മിൽ തല്ലിയ നേരത്ത് ഭാരങ്കരന്റെ ആളുകൾക്കായിരുന്നു കോള്. അവര് കാടരുകിലെ മല തുരന്ന് കല്ലെടുത്തു വിറ്റ് കാശാക്കി. കണ്ടിടത്തെല്ലാം കെട്ടിടം പണിഞ്ഞു, റോഡിട്ടു. കാട്ടിൽ അവർ നാട്ടിൽ നിന്നു കൊണ്ടുവന്ന അഴുക്കു നിറഞ്ഞു.

അവരുടെ കൈയിലിരിപ്പു കാരണം മഴയും മഞ്ഞും പോലും നേരത്തിനും കാലത്തിനും വരാതായി. വെയിലിനു ചൂടു കൂടി. കാട്ടിനുള്ളിൽ പോലും ഉരുള് പൊട്ടി. ഭയങ്കരമായ ഒഴുക്ക് വഴിയിലുള്ള സകലതിനെയും തകർത്തു.

കാട്ടിലൊക്കെ ഉണക്കും ചൂടും വന്നതോടെ ജന്തുക്കൾക്കും അവിടെ കിടക്കപ്പൊറുതിയില്ലാതായി. കാടിനെ പരിപാലിച്ചു കഴിഞ്ഞ കാട്ടുവാസികളല്ല, ഇപ്പോ ഭാരങ്കരന്റെ കിങ്കരന്മാരാണ് അവിടം ഭരിക്കുന്നത്. എവിടുന്നോ കൊണ്ടുവന്ന ചെടികളെ അവരവിടെ വളർത്തി... അതോടെ കാട്ടുമൃഗങ്ങൾക്ക് തിന്നാവുന്ന ഒന്നും അവിടില്ലാതായി. അവ ഇപ്പം കൃഷിക്കാരുടെ കൃഷിയിടത്തിലും എല്ലായിടത്തും പൊങ്ങിത്തുടങ്ങിയ ചവറുകൂനകളിലും തീറ്റ തേടി കഷ്ടപ്പെടുവാണ്...

ഈ ഭാരത്തീന്ന് രക്ഷപ്പെടാൻ കാടരികിൽ കൃഷിക്കാരായി വന്നവരിൽ വളരെപ്പേർ ദൂരെദൂരെയുള്ള രാജ്യങ്ങളിലേക്ക് ഓടിപ്പോയി. പക്ഷേ എല്ലാവർക്കും അങ്ങനെ ഓടിപ്പോകാൻ പറ്റില്ലല്ലോ. പ്രത്യേകിച്ച് ജന്തുക്കൾക്ക്. അവർ എവിടെ ഓടിപ്പോകാനാണ്? ലോകം മുഴുവൻ മനുഷ്യര് കയറിത്താമസിച്ചില്ലേ?

മണപ്രാഞ്ചി ഇതെല്ലാം സങ്കടത്തോടെ നോക്കിക്കണ്ട ആളാണ്. അങ്ങേരടെ മുതുകത്തും ഭാരമൊക്കെയുണ്ട്, പക്ഷേ അങ്ങേര് കാട്ടുവാസികളോടു നല്ലകൂട്ടാണ്. അവരോട് അങ്ങേരും അവരു തിരിച്ചും വല്ല സ്നേഹത്തിലാണ്. അപ്പോ രണ്ടു കൂട്ടർക്കും ഭാരം കുറവേ തോന്നൂ.

അന്നു രാത്രി കിടക്കുമ്പോൾ തൻറെ മക്കളും വളരുമ്പോൾ ഭാരവും വലിച്ചുനടക്കുന്നവരാകുമല്ലോ എന്ന് മണപ്രാഞ്ചി സങ്കടത്തോടെ ഓർത്തു.

ആറ്:
ജിമ്മൻ

അന്ന് കുട്ടികൾ സ്ക്കൂളിൽ പോയില്ല. അപ്പന്റെ കൂടെ പുതിയ നായയെ കുളത്തിൽ കൊണ്ടുപോയി കുളിപ്പിച്ച് ബെൽറ്റൊക്കെ ഇടീച്ചു. മൃഗഡോക്ടറുടെ അടുത്തുപോയി അവനു വേണ്ട കുത്തിവയ്പുകളെടുത്തു. നല്ല ഇണക്കമുള്ള നായാണ്. കണ്ടാൽ കൂറ്റനാണെങ്കിലും പരമശാന്തൻ. ഇതു പോലൊരെണ്ണത്തെ താൻ കണ്ടിട്ടേ ഇല്ലല്ലോ എന്ന് പ്രാഞ്ചി ഓർത്തു.

തിരികെ വരുന്ന വഴിയിൽ അവരുടെ അയൽക്കാരെല്ലാം നായയെ കണ്ട് അത്ഭുതപ്പെട്ടു. എന്തൊരു വലിപ്പം, എന്തൊരു തലയെടുപ്പും പുഷ്ടിയുമാ.

ഫീലി പറഞ്ഞു:
“ഇവനെക്കണ്ടാൽ ജിമ്മിൽ പോയി മസിലുണ്ടാക്കിയ ചേട്ടനെ പോലുണ്ട്. അതുകൊണ്ട് നമുക്കിവന് ജിമ്മൻ എന്നു പേരിടാം”

“അതു മതി”, ഫോബിയും പറഞ്ഞു.

“ജിമ്മന്നു പറഞ്ഞാ മല്ലൻ എന്നല്ലേ, നമുക്കൊരു കാവലാകട്ടെ”.

അങ്ങനെ ജിമ്മൻ അവരുടെ കൂടെ താമസം തുടങ്ങി.

ജിമ്മൻ വന്ന ശേഷം അവൻ പിള്ളേരുടെ കൂടെ എല്ലായിടത്തും പോകുന്നത് പതിവായി. സ്ക്കൂളിൽ പോകുമ്പോൾ അവൻ കൂടെ ചെല്ലും. സ്ക്കൂൾ വിടാറാകുമ്പോൾ അവർ ഇറങ്ങിവരുന്നതും കാത്ത് പടിക്കൽ നിൽക്കും. സ്ക്കൂളിൽ എല്ലാവരോടും പത്രാസു പറയാൻ ഫീലിക്ക് കാരണവുമായി. അവൻ ഞങ്ങളുടെ കാവൽക്കൂട്ടുകാരനാ, അവൾ വീമ്പടിച്ചു. ഞങ്ങൾ പറയുന്നതെല്ലാം ചെയ്യും! ഫീലിയോടും ഫോബിയോടും കൂട്ടുകൂടാൻ എല്ലാവർക്കും ഉത്സാഹമായി.

ചിത്രീകരണം: അർച്ചന രവി
ചിത്രീകരണം: അർച്ചന രവി

ജിമ്മനാണെങ്കിൽ കുട്ടികൾ സ്ക്കൂൾ വിട്ടു വരുമ്പോൾ അവരോട് പട്ടിക്കുട്ടിയെ പോലെ കളിക്കും. വയറു കാട്ടി മലർന്നു കിടന്ന് കാലിളക്കി എല്ലാവരേയും ചിരിപ്പിക്കും. കുട്ടികൾ അവന്റെ വയറ്റിൽ തലോടി സ്നേഹം കാണിക്കും. അങ്ങനെ ഫീലീടേം ഫോബീടേം സ്ക്കൂളിലെ പിള്ളേർക്ക് നായ്കളെ പേടിയില്ലാതായി.

ആ നാട്ടിൽ പൊതുവെ അവർ സംസാരവും കാഴ്ചയുമായി. പ്രാഞ്ചി പൊതുവെ ഒതുങ്ങിക്കഴിയുന്ന ആളാണ്. അയാളുടെ രണ്ടു കൊച്ചുപെമ്പിള്ളേരും മാടു പോലെ വലിയ നായയും കൂടി എല്ലായിടത്തും പോകുന്നത് നാട്ടുകാർ കൌതുകത്തോടെ നോക്കിനിന്നു.

ജിമ്മൻ ആരെയും നോക്കി കുരയ്ക്കില്ല, പല്ലിറുമില്ല. അവൻറെ കണ്ണിന് എന്തോ ഒരു പ്രത്യേകത ഉണ്ട്. നായയോട് വെറുപ്പുള്ളവർ പോലും അതിലോട്ടു നോക്കിയാൽ അവരുടെ ഉള്ളിലെ വെറുപ്പ് കെട്ടുപോകും.

(അവസാനിക്കുന്നില്ല)


Summary: Oru kaadarikukadha malayalam childrens novel written by j devika part two published in Truecopy Webzine packet 269.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments