20
തിരികെ
കുട്ടികളെ കാണാതായതോടെ പ്രാഞ്ചി വയ്യാതെ കിടന്നുപോയി.
നാട്ടുകാർ മുഴുവൻ അവരെ അന്വേഷിച്ച് കാട്ടിലിറങ്ങി, ഒപ്പം ഭാരങ്കരകിങ്കരന്മാരും. പക്ഷേ തെരഞ്ഞിട്ടും തെരെഞ്ഞിട്ടും അവരെ കണ്ടെത്തിയില്ല.
പക്ഷേ കുട്ടികളെ യേശുദേവന്റെ വെള്ളിനക്ഷത്രമാണ് കൂട്ടിക്കൊണ്ടുപോയത് കുറേപ്പേർ കണ്ടതാണല്ലോ. അതുകൊണ്ട് അവർ പ്രതീക്ഷ കൈവിട്ടില്ല.
രണ്ടുദിവസം കഴിഞ്ഞു.
വെളുപ്പാൻകാലത്ത് കാടിനടുത്തുകൂടി പോയവർ ഒരു അരുവിയുടെ കരയിൽ പാറപ്പുറത്ത് കുട്ടികൾ ഉറങ്ങിക്കിടക്കുന്നത് കണ്ടു. ജിമ്മൻ അവർക്കു കാവലായി അടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു.
ആളുകൾ ഓടിക്കൂടി.
കുട്ടികൾ ഉറക്കത്തിൽ നിന്ന് ഉണർന്നു. നിങ്ങൾ എവിടേയ്ക്കാ പോയെ, എന്തുപറ്റി, എങ്ങനെ തിരിച്ചുവന്നു – ഇങ്ങനെ ചോദ്യങ്ങളുടെ പെരുമഴ തന്നെ പിള്ളേരുടെ മേൽ വീണു. ഫീലിയും ഫോബിയും അപ്പനെ കാണാണമെന്ന് വാശിപിടിച്ചു. എല്ലാവരും കൂടി അവരെ പ്രാഞ്ചിയുടെ അടുത്തുകൊണ്ടുപോയി.
കതകു തുറന്ന് അച്ഛൻപെങ്ങൾ ഓടിവന്നു – പ്രാഞ്ചി പുറകെയും. അവരെല്ലാം കെട്ടിപ്പിടിച്ചു കരഞ്ഞു. കാട്ടിൽ നടന്നതൊന്നും തങ്ങൾക്ക് ഓർമ്മയില്ലെന്നാണ് അവർ പറഞ്ഞത്. ഡോക്ടറുടെ പരിശോധനയും മറ്റും കഴിഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി. അവർക്ക് പരിക്കൊന്നും പറ്റിയിട്ടില്ല.
ഒരു കാടരികുകഥ മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം
ഫീലിയും ഫോബിയും ദൈവാനുഗ്രഹമുള്ള കുട്ടികളാണെന്ന് നാട്ടുകാരെല്ലാം തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് അവരോടു സ്നേഹം കാണിക്കാൻ എല്ലാവരും മത്സരിച്ചു. ജിമ്മനോടുണ്ടായിരുന്ന സംശയവും ഇല്ലാതായി. തിരികെ പ്രാഞ്ചിയുടെ വീട്ടിലെത്തിയപ്പോൾ ജിമ്മൻറെ നെറ്റിമേൽ ഒരു തിളങ്ങുന്ന വെള്ളപ്പാടുണ്ടായിരുന്നു. അതു കണ്ടാൽ കുഞ്ഞുകൈപ്പത്തി പതിഞ്ഞതാണെന്നേ തോന്നൂ. ഉണ്ണിയേശു കുഞ്ഞിക്കൈ കൊണ്ട് അവനെ അനുഗ്രഹിച്ച പാടാണ്, നാട്ടുകാർ പറഞ്ഞു. അതോടെ ജിമ്മൻ വീണ്ടും ഫീലീടേം ഫോബീടേം സ്ക്കൂളിലെ താരമായി.
ശരിക്കും ആ പാട് ജീമൂതവാഹന രാജകുമാരൻറെ മാലയിലെ അത്ഭുതമണിയായിരുന്നു.
പുറപ്പെടും മുമ്പേ അയാൾ പിള്ളേരോടു അതിനെപ്പറ്റി പറഞ്ഞിരുന്നു.
‘‘ദേ, നോക്കിയേ, എന്റെ നെറ്റിമേൽ ഒരു വെളുത്ത് പാടുണ്ടാകും ... എപ്പഴെങ്കിലും നിങ്ങൾക്ക് ജീമൂ ചേട്ടനെ കാണേണ്ടതായിവന്നാൽ ഈ പാടിന്മേൽ ഒരു മുത്തം വയ്ക്കണം.”
“ശരി, ജീമൂ ചേട്ടാ ... ’’, പിള്ളേർ ജിമ്മനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ തുള്ളിച്ചാടി. അതുകൂടാതെ ജീമൂ ചേട്ടൻ അവർക്ക് ചില സമ്മാനങ്ങളും കൊടുത്തു.
ഫീലിയെ അടുത്തുവിളിച്ച് ജീമൂ ചേട്ടൻ അവൾക്ക് ഒരു പൂച്ചട്ടി കൊടുത്തു. അതു നിറയെ അതിമനോഹരങ്ങളായ വെളുവെളുത്ത ലില്ലി പുഷ്പങ്ങളായിരുന്നു.
ഫീലിയുടെ കണ്ണ് വിടർന്നു. മേരീ മാതാവിന്റെ കൈയിലാണ് അവൾ ഇത്രയും ഭംഗിയുള്ള ലില്ലിപ്പൂ കണ്ടിട്ടുള്ളത്. ഫോബിയേയും ജീമൂ ചേട്ടൻ അടുത്തു വിളിച്ചു. അവൾക്കും കൊടുത്തു, ഒരു മനോഹരമായ പൂച്ചട്ടി. അതിൽ നിറയെ പൂത്ത റോസാപ്പൂക്കളായിരുന്നു. തിരുഹൃദയത്തിന്റെ നിറം പോലെ. ചുവന്നുതുടുത്ത പൂക്കൾ
“ഈ ചെടികൾക്കു രണ്ടിനും പേരുകളുണ്ട്’’, ചേട്ടൻ അവരോടു പറഞ്ഞു.
“ഈ വെളുത്ത പൂവിന്റെ പേര് കരുണ എന്നാണ്. ചുവന്നതിന്റെ പേര് മുദിത എന്നും. നിങ്ങൾ അവയെ വീട്ടുമുറ്റത്ത് നട്ടു പരിപാലിക്കണം, കേട്ടോ.”
ഡോ ചെന്നായോവിനോടും ഡോ വുൾഫീനയോടും ആനയമ്മയോടും ആനിമോളോടും യാത്ര പറഞ്ഞ് അവർ മൂവരും ഇറങ്ങി.
ആ പൂക്കളുടെ സൗന്ദര്യം പ്രാഞ്ചിയെ അതിശയിപ്പിച്ചു. അങ്ങേർ അവയെ വീട്ടിന് മുന്നിൽത്തന്നെ നട്ടുപിടിപ്പിച്ചു. പ്രാഞ്ചിയുടെ തോട്ടത്തിലെ സ്നേഹത്തോടെ പരിപാലിക്കപ്പെട്ട ഭൂമിയിൽ അവയ്ക്കു പെട്ടെന്നു വേരുപിടിച്ചു.
21
കരുണയും
മുദിതയും
ജിമ്മന്റെ മടങ്ങിവരവോടെ പ്രാഞ്ചിയുടെ വീട്ടുമുറ്റത്ത് സദാസമയവും പൂമ്പാറ്റകളും തേനീച്ചകളും നൃത്തം വച്ചു. പാമ്പും തവളയും ഒരുപോലെ ആ ഇടം പങ്കിട്ടു. ജിമ്മനെ കാണാൻ ശംഖചൂഡൻ വന്നതൊന്നും വാർത്തയല്ലാതെയായി.
പ്രാഞ്ചിയുടെ കൃഷിസ്ഥലത്തിനടുത്തുള്ള കാട്ടിൽനിന്ന് കാടിനെ മുഴുവൻ അടക്കി ശ്വാസംമുട്ടിച്ച ചെടികൾ അവിടുന്ന് അകന്നുപോയി. അരിപ്പൂച്ചെടിയും മറ്റും സ്ഥിരമായി വെട്ടിക്കളയുന്നുണ്ടെന്ന് പ്രാഞ്ചി സമ്മതിച്ചെങ്കിലും അതെല്ലാം ഏതോ ദിവ്യശക്തിയാണ് ചെയ്യുന്നതെന്ന് അവിടുത്തുകാർ വിശ്വസിച്ചു. എന്തായാലും ആ സ്ഥലത്തെല്ലാം മൃഗങ്ങൾക്കു തിന്നാവുന്ന ചെടികൾ ഉണ്ടായിവന്നു. ധാരാളം കാട്ടുപഴങ്ങളും ഇലകളും അവിടെ വളർന്നുവന്നു.
ആ അത്ഭുതം കാണാൻ ഒരുപാടു പേർ അവിടെ വന്നു.
പലർക്കും പല ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നു. ഉണ്ണിയേശുവിന്റെ അനുഗ്രഹമുള്ള പിള്ളേരെന്ന് ചിലർ ഫീലിയേയും ഫോബിയേയും വിളിച്ചു. പക്ഷേ കുട്ടികളെ വിശുദ്ധരാക്കാനൊന്നും പ്രാഞ്ചി സമ്മതിച്ചില്ല. അതിന്റെ പേരിൽ പള്ളി അധികാരികൾ കെറുവിച്ചു. ചിലർക്ക് പിളേളരുടെ ഫോട്ടോ എടുത്ത് , വീഡിയോ പിടിച്ച് വിറ്റുകാശാക്കണം! പ്രാഞ്ചി അതും സമ്മതിച്ചില്ല.
ഭാരങ്കരകിങ്കരന്മാർക്കും അവരെപ്പറ്റി സർവ്വത്ര സംശയമായി. ഈ പിളേളർ എവിടേയ്ക്കാ പോയെ ... എങ്ങനെ തിരിച്ചുവന്നു ... ഭാരങ്കരനു പാര വയ്ക്കുമോ ഇവർ ... എന്നാലും തത്ക്കാലത്തേയ്ക്ക് അവർ ഒന്നും മിണ്ടിയില്ല.
പക്ഷേ കരുണയും മുദിതയും തഴച്ചുവളരുന്ന പ്രാഞ്ചിയുടെ വീട്ടുമുറ്റം സാക്ഷാൽ ഏദൻതോട്ടം പോലെയായിയെന്നാണ് നാട്ടുകാർക്ക് തോന്നിയത്.

കരുണ എന്ന ലില്ലിപ്പൂ കാണുന്നവരുടെ ഉള്ളിൽ പ്രകാശം പടർത്തി.
ആ പുഷ്പത്തെ നോക്കിനിന്ന അറുപിശുക്കനായ ഒരാൾ വഴിലേക്കിറങ്ങിയപ്പോൾ കാണാനിടയായ ഒരു പാവപ്പെട്ട സ്ത്രീയുടെ സങ്കടത്തെ അത്ഭുതകരമായ തെളിച്ചത്തോടെ ഉള്ളിൽ കാണുകയും, അവരുടെ കടങ്ങൾ മുഴുവൻ തീർത്തുകൊടുക്കുകയും ചെയ്തത് നാട്ടിൽ എങ്ങും സംസാരമായി.
ഫീലിയുടെ സന്തോഷത്തിൽ കരുണ കലർന്നു.
മുദിത എന്ന റോസാപ്പൂ കൂർത്ത മുള്ളുകൾക്കിടയിലും തന്റെ ചുവന്നുതുടുത്ത മുഖം വിടർത്തി. അതു കണ്ടപ്പോൾ ഭാരങ്കരഭരണത്തിൻകീഴിൽ ഭാരം വഹിച്ചു തളർന്നവരുടെ മനസ്സിൽ നിന്ന് ഭാരമെല്ലാം ഒഴിഞ്ഞുപോയതു പോലെ തോന്നി. ചുറ്റുമുള്ള പച്ചത്തഴപ്പിൽ അവരുടെ ഹൃദയങ്ങൾ ആഹ്ളാദിച്ചു. ഫോബിയുടെ ഭയത്തിനു കുറവുവന്നു. എല്ലാ പേടികൾക്കിടയിലും ലോകത്തിന്റെ സൗന്ദര്യം കാണാൻ അവൾക്കു കഴിഞ്ഞു. അയൽവക്കക്കാരും വഴിപോക്കരുമെല്ലാം പ്രാഞ്ചീടെ മക്കടെ പൂച്ചെടികളുടെ തൈയും കമ്പും കൊണ്ടുപോയി അവരുടെ വീടുകളിൽ നട്ടു.
ആ ഗ്രാമത്തിലെല്ലായിടത്തും കരുണയും മുദിതയും നിറഞ്ഞു.
22
കശപിശ
കുട്ടികൾ സ്ക്കൂളിൽ പോകുന്ന വഴിയുടെ കുറച്ചപ്പുറത്തായി ഒരു അരുവി ഒഴുകിയിരുന്നു.
എല്ലാവർക്കും വെള്ളം കൊടുക്കുന്ന അരുവിയാണ്. അവധിദിവസങ്ങളിൽ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലമാണ് അതിനിരുവശത്തുമുള്ള പാറക്കെട്ടുകൾ. ഒത്തിരിയൊത്തിരി ജീവികളുടെ വീടാണ് അത്. തവളയും മാക്രിയും കുരങ്ങന്മാരും ഒരുപാടു പക്ഷികളും അണ്ണാനും പിന്നെ കാട്ടുജീവികളും വരും അവിടെ.
ഒരു ദിവസം പതിവുപോലെ പിള്ളേരും കൂട്ടുകാരും ജിമ്മനും കൂടി സ്ക്കൂളിലേക്കു പോകുമ്പോൾ അവിടെ ഒരു ആൾക്കൂട്ടത്തെ കണ്ടു. എന്തോ കശപിശ! എന്താണെന്നറിയാൻ അവർ ചെന്നുനോക്കി.
മൂന്നു വലിയ കാറുകൾ നിറയെ സാറന്മാർ വന്നിരിക്കുന്നു – സ്ക്കൂളിലെ സാറന്മാരല്ല, അങ്ങു നഗരത്തീന്നുള്ളവർ. കൂളിങ് ഗ്ളാസൊക്കെ വച്ച്. പക്ഷേ നാട്ടുകാർ അവരോട് വഴക്കിടുകയാണ്.
ഉച്ചയൂണു സമയത്ത് സ്ക്കൂളിലെല്ലാം ഒരു കഥ പരന്നു. നമ്മുടെ അരുവീടെ അടുത്തുള്ള പാറക്കെട്ടെല്ലാം ഭാരങ്കരൻറെ സാറന്മാർ പൊട്ടിച്ചെടുത്തുകൊണ്ട് പോകാൻ പോവുന്നു. ആരും എതിർക്കാനൊന്നും പോകരുത്!!
എല്ലാവരും സങ്കടത്തിലായി.
“നമ്മുടെ കളിസ്ഥലം പോയി’’, കുട്ടികൾ കരഞ്ഞു.
“നമ്മുടെ കളിസ്ഥലം പോയി’’, പക്ഷികളും കരഞ്ഞു,
“നമ്മുടെ വീട് പോയി’’, തവളയും തുമ്പിയും കുരുവിയും കുരങ്ങനും കരഞ്ഞു.
“എന്റെ പാറകളെ അവർ തകർക്കും ... മണ്ണും കല്ലും വീണ് ഞാൻ ഇല്ലാതാകും ...”, അരുവി കരഞ്ഞു.
“ആരിനീ എന്റെ മണ്ണിൽ വെള്ളത്തെ സൂക്ഷിച്ചു വയ്ക്കും?”, ഭൂമി കരഞ്ഞു.
ജിമ്മൻറെ വാൽ താണുതന്നെ കിടന്നു. അവൻറെ വലിയ കണ്ണുകളിൽ സങ്കടം നിറഞ്ഞൊഴുകി.
രാത്രി.
അത്താഴം കഴിഞ്ഞു കിടന്നിട്ടും കുട്ടികൾക്ക് ഉറക്കം വന്നില്ല. ജിമ്മനും. പ്രാഞ്ചി ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം കുട്ടികളും ജിമ്മനും വീട്ടിനു പുറത്തിറങ്ങി. ഫോബി ജിമ്മന്റെ നെറ്റിയിലെ പാടിന്മേൽ മുത്തം കൊടുത്തു. ജിമ്മൻ മാറി ജീമൂ ചേട്ടനായി.
“ജീമൂ ചേട്ടാ, നമുക്ക് പാറകളെ രക്ഷിക്കണം ... അവരെ റാഞ്ചിക്കൊണ്ടുപോകാൻ സാറന്മാരു വന്നിട്ടൊണ്ട് ... പാറകൾക്കു പകരം ഞങ്ങളവിടെ പോയി കിടന്നാൽ മതിയോ ... ഞങ്ങൾ പോവാം!”
കുട്ടികൾ രണ്ടുപേരും ഒത്തുപറഞ്ഞു.
ജീമൂ ചേട്ടന്റെ മുഖത്തെ സങ്കടം കണ്ട് കുട്ടികൾക്കും സങ്കടമായി.
“പഴയ കാലമല്ല,” അയാൾ പറഞ്ഞു.
“പണ്ട് സർപ്പങ്ങൾക്കു പകരം മരിക്കാൻ തയ്യാറായ ഒരാൾ ഉണ്ടായപ്പോൾ കൊല്ലാൻ വന്ന ഗരുഡൻ പിൻവാങ്ങി... പക്ഷേ ഈ സാറന്മാർക്ക് കണ്ണീച്ചോരയില്ല. അവർ പിൻവാങ്ങില്ല, പിളേളരേ... നമ്മളെല്ലാം കൂടി എന്തെങ്കിലും ചെയ്യണം ...”

23
സാറന്മാർ
സ്ക്കൂളിൽ
ജീമൂ ചേട്ടൻ കാട്ടിലേക്കുമടങ്ങി.
ഫീലിയും ഫോബിയും കൂട്ടുകാരും തീരെ സന്തോഷമില്ലാതെയാണ് സ്ക്കൂളിൽ ഇരുന്നത്.
അരുവിയെ സംരക്ഷിക്കണമെന്നു പറയുന്നവരെ ഭാരങ്കരന്റെ ആളുകൾ പേടിപ്പിച്ചോടിച്ചു. പാറ തുരക്കാൻ സമ്മതിച്ചാൽ അവർക്കൊക്കെ നിറയെ പൊന്നും പണവും കൊടുക്കാമെന്നു പറഞ്ഞു. ജിമ്മനെയോ ജീമൂ ചേട്ടനെയോ കാണാനുമില്ല.
ഒരു ദിവസം സ്ക്കൂളിൽ അറിയിപ്പുണ്ടായി. ഭാരങ്കരന്റെ മുഖ്യകിങ്കരൻ അവരുടെ സ്ക്കൂളിലും വരുന്നു. എല്ലാവരും രാവിലെ ഫുൾ യൂനിഫോമിൽ തയ്യാറായി അസംബ്ളിയിൽ പങ്കെടുക്കാൻ വന്നോണം, ഹെഡ്മാസ്റ്റർ ഉത്തരവിട്ടു.
അലങ്കരിച്ച സ്ക്കൂൾമുറ്റത്ത് മിന്നുന്ന മൂന്ന വലിയ ഇന്നോവാ കാറുകൾ കിടക്കുന്നു. അവയിൽ നിന്ന് കൂളിങ്ഗ്ളാസ് സാറന്മാർ ഇറങ്ങിവന്നു. ഒപ്പം ഭാരങ്കരന്റെ മുഖ്യകിങ്കരനുമുണ്ട്. ഹെഡ്മാസ്റ്ററും ടീച്ചർമാരും അവരെ സ്വീകരിച്ച് അസംബ്ളി നടക്കുന്ന മുറ്റത്തിന്റെ ഒരറ്റത്തുള്ള സ്റ്റേജിൽ ഇരുത്തി. ഫീലിയും ഫോബിയും മറ്റു കുട്ടികൾക്കൊപ്പം തങ്ങളുടെ ക്ളാസ് ഡിവിഷന്റെ വരിയിൽ ഒതുങ്ങിനിന്നു.
ഭാരങ്കര രാജാവിന്റെ മുഖ്യകിങ്കരന് കുട്ടികളോട് നേരിട്ടു സംസാരിക്കണമെന്നും, അവർക്കു സമ്മാനങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു.
“കുട്ടികളെ, നിങ്ങളുടെ നല്ല കാലം വരാൻ പോകുന്നു” അയാൾ പറഞ്ഞു.
“നിങ്ങൾ ഭാരങ്കരരാജാവിന്റെ വികസനത്തിൽ പങ്കാളികളായാൽ നിങ്ങളുടെ വീടുകളിൽ പൊന്നും പണവും കുമിഞ്ഞുകൂടും...”
ടീച്ചർമാർ കൈയടിച്ചു. അവർ കുട്ടികളെ തറപ്പിച്ചുനോക്കി. അതുകണ്ട് കുട്ടികളും കൈയടിച്ചു.
“പാറയും അരുവിയും പോയെന്നു വിഷമിക്കണ്ട. നിങ്ങൾക്കായി ഞങ്ങൾ ഒരുക്കാൻ പോകുന്നത് വാട്ടർ തീം പാർക്ക് ... വർഷം മുഴുവനും പൈപ്പുവെള്ളം..”
ഫീലിക്കും ഫോബിക്കും മനസ്സിലായി, ഇതു ചതിയാണ്. ഇവിടുത്തെ വെള്ളം മോഷ്ടിച്ച് കാശുണ്ടാക്കാനാണ് വാട്ടർ തീം പാർക്ക്. സമീപത്തുള്ള എല്ലാ വീടുകളിലേക്കും രാത്രിയും പകലും ഒരുപോലെ വെള്ളം തരുന്ന സ്നേഹത്തിന്റെ ഒഴുക്കാണ് നമ്മുടെ അരുവി. അപ്പോൾ വർഷം മുഴുവൻ പൈപ്പുവെള്ളം ഇവരെന്തിനു തരണം...
ഭാരങ്കരന്റെ ആളുകൾ ചോക്ലേറ്റുവിതരണം തുടങ്ങി. ഹായ് ... എല്ലാവർക്കും കൊതിയായി .... ഭാരങ്കരൻ ഉയർത്തിക്കാട്ടിയ പൊന്നിൻറെയും പണത്തിൻറെയും പളപളപ്പ് അവരുടെ കണ്ണിൽ കുത്തിക്കയറി. ഇനി മിണ്ടാതിരുന്നാൽ പറ്റില്ല, ഫീലിയും ഫോബിയും തീരുമാനിച്ചു. അവർ കൈകോർത്തുപിടിച്ച് അസംബ്ളിയുടെ മുന്നിലെത്തി.

പെട്ടെന്ന് എല്ലാവരും നിശ്ശബ്ദരായി.
“എന്താണ്?” ഹെഡ്മാസ്റ്റർ ചോദിച്ചു.
“ഞങ്ങൾക്ക് ചില ചോദ്യങ്ങളുണ്ട്...’’
“എന്താണ് നിങ്ങളുടെ ചോദ്യങ്ങൾ?”
“സാറിന് ഒരു അരുവിയോ പുഴയോ ഉണ്ടാക്കിത്തരാൻ അറിയുമോ”
“ഇല്ല...”
“സാറിന് മഴയുണ്ടാക്കിത്തരാൻ പറ്റുമോ?”
“ഇല്ല.”
“സാറിന് പാറയെ ഉണ്ടാക്കിയെടുക്കിത്തരാൻ കഴിയുമോ?”
“ഇല്ല.”
‘‘ഛേ... ഇവിടുത്തെ കുട്ടികൾ ഇങ്ങനെ തർക്കുത്തരം പറയുമോ’’, മുഖ്യകിങ്കരൻ ഹെഡ്മാസ്റ്ററോട് ദേഷ്യപ്പെട്ടു.
“അപ്പോ സാറിന് ഒന്നും തരാൻ പറ്റില്ല, അല്ലേ? എല്ലാം എടുത്തോണ്ടുപോകാനേ അറിയൂ … സാറ് വേണേൽ കാശു തരും, പക്ഷേ കഷ്ടപ്പെട്ടു പണിതാൽ കാശ് വേറേം ഉണ്ടാക്കാം, സാറേ ... വെള്ളത്തിനുപകരം കാശ് കുടിക്കാൻ പറ്റില്ലല്ലോ ...”
“പ്ളീസ് പണിഷ് ദെം ...”, മുഖ്യകിങ്കരന് ദേഷ്യം അടക്കാനായില്ല. “ഇതിൻറെ ശിക്ഷ നിങ്ങൾ അനുഭവിക്കും”
അയാൾ സാറന്മാരെയും കൂട്ടി ചാടിത്തുള്ളി ഇറങ്ങിപ്പോയി.
അവിടെ നിന്നവരെല്ലാം കിട്ടിയ മിഠായി കൈയിൽ തന്നെ വച്ചുകൊണ്ട് ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു.
(അവസാനിക്കുന്നില്ല)
