ചിത്രീകരണം: അർച്ചന രവി.

ഒരു കാടരികുകഥ

ജെ. ദേവിക എഴുതുന്ന കുട്ടികളടെ നോവൽ തുടരുന്നു. ചിത്രീകരണം: അർച്ചന രവി.

18
ജീമൂതവാഹനന്റെ കഥ

ജീമൂതവാഹന രാജകുമാരന്റെ മുഖം ശാന്തവും ഗംഭീരവുമായി.

“കുട്ടികളേ, ഞാൻ പണ്ടുപണ്ടു ജനിച്ച ഒരു മനുഷ്യനാണ്. എനിക്ക്, പക്ഷേ പ്രായമാവില്ല, എനിക്കു മരണവും ഇല്ല. അങ്ങനെയായതിനു പിന്നിൽ ഒരു കഥയുണ്ട്. കാടിന്റെ മണത്തെ കാക്കാനും, മനുഷ്യരും ജന്തുക്കളും തമ്മിൽ സ്നേഹമുണ്ടാക്കാനും ഞാൻ ശ്രമിക്കുന്നതിനു പിന്നിലും ഒരു കഥയുണ്ട്.”

കുട്ടികൾ ഇളകിയിരുന്നു.
ആർക്കാണ് കഥ കേൾക്കാൻ ഇഷ്ടമല്ലാത്തത്?

“പണ്ടുപണ്ടുപണ്ട് ... വിദ്യാധരം എന്നൊരു രാജ്യമുണ്ടായിരുന്നു. അവിടുത്തെ രാജാവായിരുന്ന ജീമൂതകേതുവിന്റെ മകനാണ് ജീമൂതവാഹനൻ എന്ന ഞാൻ.

അച്ഛന് വയസ്സായപ്പോൾ എന്നെ രാജാവാക്കാമെന്നു പറഞ്ഞെങ്കിലും, എനിക്ക് രാജകിരീടത്തോട് മോഹമൊന്നും ഇല്ലായിരുന്നു. എന്റെ രാജ്യത്തിന്റെ സമ്പത്തു കണ്ട് ബന്ധുക്കൾക്ക് അസൂയയായി, അവർ എന്നോടു യുദ്ധം ചെയ്യാൻ വന്നു.

മനുഷ്യർക്ക് ഈ മനോഹരമായ ഭൂമിയിൽ ഒത്തിരി ആയുസ്സില്ലല്ലോ, അപ്പോൾ ആ സമയം യുദ്ധം ചെയ്തും വെറുത്തും കളയുന്നത് നല്ലതല്ലെന്ന് തോന്നി. ഞാൻ അവരോടു യുദ്ധം ചെയ്തില്ല.

ഒരു കാടരികുകഥ മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം

എന്റെ അച്ഛനെയും അമ്മയെയും നോക്കി അവരുടെ കൂടെ താമസിക്കാനായിരുന്നു എനിക്കിഷ്ടം. അതുകൊണ്ട് പ്രജകളുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം ഞാൻ താമസിക്കാൻ പറ്റിയ ഒരു സ്ഥലം തേടിയിറങ്ങി. അങ്ങനെയാണ് ഈ മലനാട്ടിൽ വന്നത്. അന്ന് ഇതിനെ മലയപർവ്വതം എന്നാണ് പറഞ്ഞിരുന്നത്. നല്ലൊരു സ്ഥലമായിരുന്നു അന്നിത്... അച്ഛനമ്മമാരെ ഇവിടെ കൊണ്ടുവന്നു താമസിക്കാമെന്ന് തീരുമാനിച്ചു, മലയപർവ്വതവാസികൾക്കിടയിൽ ...”

“ങേ....”, ഫീലി ഉറക്കെ വിളിച്ചുപോയി.
“അപ്പം ജീമൂ ചേട്ടൻ കാടരികിൽ വന്നുചേർന്ന ആളാ, ഞങ്ങളെപ്പോലെ?”

ജീമൂതവാഹനൻ പുഞ്ചിരിച്ചു.
“അതേ. പക്ഷേ നിങ്ങളെപ്പോലെ എന്നു മുഴുവനെ പറയാൻ പറ്റില്ല’’.

“ഒരു ദിവസം കാട്ടിലൂടെ നടന്നപ്പോ കേൾക്കാൻ നല്ല ശേലുള്ള ഒരു പാട്ട് ആരോ പാടുന്നു. അതാരാണ് പാടുന്നതെന്നറിയാൻ കൊതിച്ച് ഞാനിതിന്റെ പുറകേ പോയി. അതിസുന്ദരിയായ ഒരു സ്ത്രീയായിരുന്നു ആ പാട്ട് പാടിയത്. മലയപർവ്വതവാസികളുടെ രാജാവിന്റെ മകളായ മലയവതി. അവളോട് വലിയ ഇഷ്ടം തോന്നി. അവൾക്കും എന്നോടും ഇഷ്ടം തോന്നി. രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമായതുകൊണ്ട് ഞങ്ങൾ കല്ല്യാണം കഴിച്ചു...”

ജീമൂതവാഹനൻ ഫീലിയെ നോക്കി.

“ഇവിടെ വന്നുചേർന്നയാളാണെങ്കിലും ഞാൻ മലയപർവത്തിൽ പണ്ടുപണ്ടേയുള്ള ആളുകളുടെ രാജകുമാരിയെ കല്ല്യാണം കഴിച്ച് അവരുടെ കൂടെ താമസിച്ചു. അതാണ് വ്യത്യാസം.”

അയാൾ തുടർന്നു:
“അങ്ങനെ സന്തോഷമായി ജീവിക്കുകയായിരുന്നു ഞാൻ. അങ്ങനെയിരിക്കേ ഒരു ദിവസം ഒരു കുന്നിന്റെ ചരിവിലൂടെ നടന്നു പോയപ്പോൾ ഒരു അമ്മയുടെ ദയനീയമായ കരച്ചിൽ കേട്ടു.”

“എന്റെ പ്രിയപ്പെട്ട മകനേ, നീ ഇത്രവേഗം എന്നെ വിട്ടു പോകുന്നല്ലോ’’, അവർ വാവിട്ടു കരഞ്ഞു.

അപ്പോൾ മകൻ അമ്മയെ സമാധാനിപ്പിക്കാൻ നോക്കി; “അമ്മ കരയാതെ, എനിക്കു പോയല്ലേ പറ്റൂ ... പോയല്ലില്ലെങ്കിൽ ഗരുഡൻ സർപ്പകുലത്തെ ആകെ നശിപ്പിക്കില്ലേ’’.

“ഞാൻ ശരിക്കും ഞെട്ടിപ്പോയി.
... അപ്പോഴാണ് ശ്രദ്ധിച്ചത്, ആ കുന്നിൽ അവിടെയുമിവിടെയും സർപ്പശരീരങ്ങളുടെ അവശിഷ്ടങ്ങൾ കിടക്കുന്നുണ്ടെന്ന്. ഞാൻ കരച്ചിൽ കേട്ട സ്ഥലത്തേയ്ക്കു ചെന്നു. അമ്മസ്സർപ്പം മകൻസർപ്പത്തെ കെട്ടിപ്പിടിച്ച് വിങ്ങിവിങ്ങിക്കരയുകയാണ്. എന്റെ ഹൃദയം അലിഞ്ഞു.”

“ശംഖചൂഡൻ എന്നായിരുന്നു മകൻസർപ്പത്തിന്റെ പേര്. അവന്റെ ഓമനമുഖം കണ്ടപ്പോൾ എനിക്കും സങ്കടം സഹിക്കാൻ വയ്യാതെയായി. അതിൽ ഗരുഡന്റെ നഖങ്ങൾ കുത്തിക്കേറുന്നത് ഓർത്തപ്പോ...”

“സർപ്പകുലത്തോട് ഗരുഡനെന്ന ദേവത- പരുന്താണ് ഗരുഡൻ- പുലർത്തിയ വിരോധത്തെപ്പറ്റി അവർ എന്നോടു പറഞ്ഞു. എല്ലാവരേയും ഒരുമിച്ചു കൊല്ലാതിരിക്കാൻ ഓരോ ദിവസവും ഓരോ സർപ്പകുടുംബത്തിൽ നിന്ന് ഒരാളെ ഗരുഡന് തീറ്റയായി കൊടുക്കണം. ഓരോ ദിവസവും ഒരാൾ ചുവന്ന പട്ടുടുത്ത് കുന്നിന്റെ മുകളിൽ പോയി കിടക്കും. ഗരുഡൻ വന്ന് തൂക്കിയെടുത്തുകൊണ്ടു പോയി കൊത്തിത്തിന്നും’’.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

“ആ അമ്മയുടെ ഒറ്റക്കുഞ്ഞ് ... അവൻ പോയാൽ ആരാണ് അവർക്കുള്ളത്? പക്ഷേ ഞാൻ ഗരുഡനെപ്പറ്റിയും ഓർത്തു. അതും പ്രാണി തന്നെ... അതിനും വിശക്കും...
ഒടുവിൽ ഞാൻ ചിന്തിച്ചുറച്ചു, ‘ശംഖചൂഡാ, നിനക്കു പകരം ഞാൻ ഗരുഡന്റെ തീറ്റയാകാം’.
ഞാൻ അവന്റെ പിന്നാലെ ചെന്നു. അവൻ സമ്മതിച്ചില്ല. പക്ഷേ ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവൻ കുളിച്ചു പ്രാർത്ഥിക്കാൻ പോയ സമയത്ത് അവൻ ഉടുക്കാൻ വച്ചിരുന്ന ചുവന്ന പട്ടുതുണി ഞാൻ എടുത്തുടുത്തു. എന്നിട്ട് മലയുടെ മുകളിലേക്കോടി. മലയുടെ ഉച്ചിയിലുണ്ടായിരുന്ന പാറയുടെ മുകളിൽ ഞാൻ പട്ടുകൊണ്ടു മുഖവും മേലും മറച്ച് ഗരുഡന്റെ വരവും കാത്തുകിടന്നു.”

ഫീലിയും ഫോബിയും ഒരുപോലെ വാ പൊളിച്ചു.

“കുറച്ചുനേരം കഴിഞ്ഞ് കൊടുങ്കാറ്റടിക്കാൻ തുടങ്ങി .... ഗരുഡന്റെ ചിറകടിയൊച്ച...

താഴെ ശംഖചൂഡൻ എന്റെ പേരും വിളിച്ച് അതിവേഗം ഇഴഞ്ഞുവരുന്നത് കേൾക്കാമായിരുന്നു.

പെട്ടെന്ന്, ഒറ്റനിമിഷം, കൂറ്റൻ പക്ഷിദേഹം തൊട്ടു-തൊട്ടില്ല എന്നപോലെ അടുത്തുവന്നു. വലിയ വളഞ്ഞ കൂർത്ത നഖങ്ങൾ എന്നെ കോരിയെടുത്തു. എന്നിട്ട് ആകാശത്തേയ്ക്കുയർന്നു. ഒരു വൻമരത്തിൽ പോയിരുന്ന് എന്നെ കൊത്തിത്തിന്നാൻ തുടങ്ങി.”

പിള്ളേർ “ശ്ശ്ശ്ശ്ശ്ശോ...” വച്ചു.

“കൊത്തിത്തിന്നുംതോറും പക്ഷേ ഗരുഡനു തോന്നി, ആളു മാറിയെന്ന്.

അപ്പോഴേയ്ക്കും ശംഖചൂഡൻ പോയി എന്റെ വീട്ടുകാരോടു കാര്യം പറഞ്ഞു. അവരെല്ലാം കൂടി തെരെഞ്ഞും കരഞ്ഞുവിളിച്ചും ഒടുവിൽ ആ വൻമരത്തിന്റെ ചോട്ടിലെത്തി.

ഗരുഡന് തനിക്കു പറ്റിയ അമളി മനസ്സിലായി. അത് എന്നെ താഴെകൊണ്ടുവന്നു കിടത്തി. ഞാൻ സർപ്പത്തെ രക്ഷിക്കാനാണ് ഇതു ചെയ്തതെന്ന് അറിഞ്ഞപ്പോൾ ഗരുഡന് കുറ്റബോധവും സങ്കടവും വന്നു. ഒടുവിൽ എനിക്ക് അമൃതം തന്നു. അപ്പോൾ എനിക്കു ജീവൻ വീണു. ആ വലിയ പക്ഷി ചിറകൊതുക്കി ഒരു വശത്തും, ശംഖചൂഡൻ മറുവശത്തും സ്നേഹത്തോടെ നിൽക്കുന്നതും കണ്ടപ്പോൾ എനിക്ക് വലിയ ആശ്വാസവും സന്തോഷവും തോന്നി.”

“അതിനുശേഷം ഗരുഡൻ പാമ്പുകളെ തിന്നാറില്ല’’.

ജീമൂതവാഹനൻ ഒന്നു നിർത്തി.

“ഞാൻ ഇതു വരെ പറഞ്ഞ ജീമൂതവാഹന രാജകുമാരന്റെ കഥ നിങ്ങൾ പല ബുക്കുകളിലും വായിക്കും. പക്ഷേ ഇനി ഞാൻ പറയാൻ പോകുന്നത് എവിടെയും എഴുതാത്ത കഥയാണ്’’.

കുട്ടികൾ വീർപ്പടക്കിയിരുന്നു.

“അക്കാലത്ത് ഇന്ന് നിങ്ങൾ കേരളം എന്നു വിളിക്കുന്ന ഈ നാടു മുഴുവൻ കൊടുംകാടായിരുന്നു. സർപ്പങ്ങളുടെ മൃഗങ്ങളുടെയും വീട്. സർപ്പങ്ങൾക്ക് എന്നോട് തോന്നിയ സ്നേഹം കാരണം അവർ മനുഷ്യരെ അങ്ങോട്ടു താമസിക്കാൻ ക്ഷണിച്ചു’’.

പണ്ടുപണ്ട് നമ്മുടെ നാട്ടിൽ മനുഷ്യരും മൃഗങ്ങളും സ്നേഹത്തോടെ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു... ആ സ്നേഹത്തിൽ നിന്നാണ് നമ്മുടെ നാട് ഉണ്ടായത്. വളക്കൂറുള്ള മണ്ണും തെളിഞ്ഞവെള്ളവും, എവിടെ നോക്കിയാലും കണ്ണിനെ കുളിർപ്പിക്കുന്ന പച്ചപ്പും, മധുരമൂറുന്ന പഴങ്ങളും സുഖകരമായ തണുപ്പും, മനുഷ്യർക്കും ജന്തുക്കൾക്കും പരസ്പരം ശല്യപ്പെടുത്താതെ ജീവിച്ചുപോകാനുള്ള ഇടങ്ങളും ധാരാളമുണ്ടായിരുന്ന നമ്മുടെ മലനാട് --- നിങ്ങൾ കേരളം എന്നു വിളിക്കുന്ന ഈ നാട്...
ആ സ്നേഹം ഇന്നും മനസ്സിൽ വയ്ക്കുന്നവരാണ് കാടിന്റെ മണമുള്ളവർ.
പ്രാഞ്ചി അങ്ങനെ ഒരാളാണ്. അതാണ് ഞാൻ നിങ്ങളുടെ വീട്ടിലേക്കു വന്നത്, അയാൾ സങ്കടം പറഞ്ഞപ്പോൾ...”

19
ആതുരാലയം

കുറേ നേരം കുട്ടികൾക്ക് ഒന്നും പറയാനായില്ല. അവരുടെ ഗ്രാമത്തിലും എല്ലാവരും ഭയത്തിലായിരുന്നല്ലോ. ആന വരും, കാട്ടുപന്നി വരും, കുരങ്ങന്മാരും മ്ളാവും ... കൃഷിയെല്ലാം നശിപ്പിക്കും... മൃഗങ്ങളും മനുഷ്യരും സമാധാനമായിട്ടു ജീവിക്കാമെന്നാണ് ജീമു ചേട്ടൻ പറയുന്നത്. അതാണ് അവരുടെ അപ്പനും പറയാറ്.

നേരം നല്ലോണ്ണം പുലർന്നു. സൂര്യൻ ജീമു ചേട്ടന്റെ പറക്കുംആശുപത്രിയെ വെയിൽക്കൈകൾ കൊണ്ട് പൊത്തിപ്പിടിക്കും. അപ്പോൾ മനുഷ്യർക്ക് അതിനെ കാണാൻ പറ്റില്ല.

ജീമൂതവാഹന രാജകുമാരൻ അവരെ ആ അത്ഭുതകെട്ടിടം മുഴുവൻ കൊണ്ടുനടന്നു കാട്ടിക്കൊടുത്തു.

കാട്ടിലൂടെ ഓടുന്ന മനുഷ്യവാഹനങ്ങൾ ഇടിച്ച് ആശുപത്രീലായ ആന മുതൽ വയസ്സായി വേട്ടായടാൻ പറ്റാതെ മനുഷ്യരുടെ കൃഷിയിടത്തിൽ കയറി ആടിനെ പിടിക്കാൻ നോക്കി എയർഗൺ കൊണ്ട് വെടികൊണ്ട കടുവ വരെ അവിടെയുണ്ടായിരുന്നു.

കാടിനു തന്നെ രോഗമായിരിക്കുന്നു, അയാൾ അവരോടു പറഞ്ഞു.

കാട്ടിനുള്ളിൽ മറ്റു ചെടികളെ ഒന്നും വളരാൻ വിടാതെ എല്ലാ സ്ഥലത്തും വളർന്നു കയറുന്ന ചില ചെടികൾ. ജീവികൾക്ക് തിന്നാൻ പറ്റുന്ന ചെടികൾക്ക് കാട്ടിൽ വളരാൻ പറ്റുന്നില്ല. അപ്പോ ജീവികൾ തീറ്റ തേടി നാട്ടിൽ വരും. അപ്പോ മനുഷ്യർ കൂക്കിവിളിക്കും, കല്ലെറിയും – അപ്പോ അവ വിരണ്ടോടും, കൊല്ലാൻ വരും ...
കാട്ടിലെ ചെടികളെ വളരാൻ വിടാത്ത സസ്യങ്ങളിൽ നമ്മുടെ അരിപ്പൂച്ചെടിയും ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഫീലിക്ക് വിഷമമായി.

‘വിഷമിക്കണ്ട’, ജീമൂ ചേട്ടൻ പറഞ്ഞു. ‘അതിനെ മുഴുവനേ കളയണ്ട, മറ്റു ചെടി വളരാതെ ആക്കാൻ സമ്മതിച്ചൂട, അത്രേയുള്ളൂ’.

“കാട്ടുനെല്ലിക്ക കുറഞ്ഞുപോകുന്നത് ആ ചെടി കാരണമാ. പണ്ടൊക്കെ കാട്ടിലുള്ളവർ അത് കണ്ടമാനം വളർന്നാൽ തീയിട്ടുകളയും’’.
ഫോബിക്ക് അപ്പൻ പറഞ്ഞത് ഓർമ്മ വന്നു.

“അയ്യോ, തീയിട്ടാ കാട് കത്തിപ്പോവൂല്ലേ?” ഫീലി ചോദിച്ചു.

“അതേ ... സൂക്ഷിക്കണം, നിങ്ങളാരും കത്തിക്കാനൊന്നും നടക്കല്ലേ – വളരെ സൂക്ഷിക്കണം .... അറിയുന്നവരേ അതൊക്കെ ചെയ്യാവൂ”.

പറക്കും ആശുപത്രി കുറേനാൾ അങ്ങു ദൂരെ ഓസ്ട്രേലിയാ എന്നൊരു നാട്ടിലായിരുന്നു. അവിടെ കാടെല്ലാം ഭയങ്കരമായ കാട്ടുതീയിൽ കത്തിയമർന്നു പോയി ... ഇപ്പോ ലോകം മുഴുവൻ ആകാശത്ത് മനുഷ്യരുണ്ടാക്കുന്ന പുക പടലം മൂടി ചൂടും ഉണക്കും കൂടിക്കൊണ്ടേയിരിക്കുവാണ് ... ഓസ്ട്രേലിയയിലാണെങ്കിൽ പൊതുവെ ഉണക്കാണ്. അപ്പോ വർഷത്തില് ഒരിക്കലൊക്കെ തീ പിടിക്കും, പക്ഷേ ഇപ്പോ ആകാശമാകെ ചൂടു പിടിച്ചിട്ട് ഉണക്ക് കൂടി മാസങ്ങളോളമാ തീ ... ഹോ... ഓർക്കാൻ പോലും വയ്യ, അത്ര ഭയങ്കരം. പാവം, അവിടുത്തെ എത്ര ജീവികളാ വെന്തു മരിച്ചത് ...

“മനുഷ്യർ അവരിൽ കുറേപ്പേരെ രക്ഷിച്ചു, കേട്ടോ ..”

ലോകത്തു പലഭാഗത്തും പോയ അനുഭവമുള്ള ആളാണ് ജീമൂ ചേട്ടൻ. അമേരിക്കയിലും സ്കോട്ട്ലൻറിലും മറ്റും നദികളിൽ ഡാമുണ്ടാക്കുന്ന ബീവർമാരെ മനുഷ്യർ ആദ്യം ശല്യമായി കരുതി കൊന്നുകളഞ്ഞെങ്കിലും, ഇപ്പോ അവിടെയൊക്കെ വെള്ളം കിട്ടാതെയാവുകയും തീപിടുത്തങ്ങൾ കൊണ്ട് പൊറുതി മുട്ടുകയും ചെയ്തപ്പോ അവരെ തിരിച്ചുകൊണ്ടുവന്ന കഥയും, തേനീച്ചയെ തിരികെ കൊണ്ടുവരാൻ മനുഷ്യർ പാടുപെടുന്നതിൻറെ കഥയുമൊക്കെ ജീമൂ ചേട്ടനിൽ നിന്നു കേട്ടുകൊണ്ട് അവർ അവിടമൊക്കെ ചുറ്റിക്കണ്ടു.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

പകൽ മുഴുവൻ അവർ കാട്ടിൽ നടന്നു. ചാക്കുകണക്കിന് പഴവിത്തുകൾ വലിച്ചുകൊണ്ടു വരുന്ന ആനകളെ അവർ കണ്ടു. കുരങ്ങന്മാരും കിളികളും കൂട്ടംകൂട്ടമായി ആ വിത്തുകൾ മരക്കൊമ്പുകളിൽ കയറി നിന്ന് കാടു മുഴുവൻ വിതറുവാണ്.

അപ്പിയിടൽ സ്ക്വാഡും ഉണ്ടെന്നറിഞ്ഞ് പിള്ളേർ വാ പൊത്തിച്ചിരിച്ചു.

ചിരിക്കണ്ട, പഴങ്ങൾ തിന്ന് അതിന്റെയൊക്കെ വിത്ത് കാട്ടിൽ മുഴുവൻ വിതറുന്ന കൂട്ടരാ അവര് .... ഇതൊക്കെ നിറയേ കിളിച്ചു വന്നാൽ ജീവികൾക്കു തിന്നാൻ പറ്റാത്തത് അത്ര വളരില്ല, ജീമൂ ചേട്ടൻ പറഞ്ഞു. അങ്ങനെയാണ് ജന്തുക്കൾ കാടിനെ രക്ഷിക്കാൻ നോക്കുന്നത്.

രാത്രിയായി. അപ്പനെ കാണാതെ പിള്ളേർക്ക് കുറേശ്ശെ വിഷമമായി തുടങ്ങി. അതു കണ്ട ജീമൂതവാഹനൻ പറഞ്ഞു, “ശരി, വാ നമുക്കു പോകാം.”

“പക്ഷേ ഞങ്ങക്ക് കാടിന്റെ മണം കിട്ടുമോ?”

(അവസാനിക്കുന്നില്ല)


Summary: Oru kaadarikukadha malayalam childrens novel written by j devika part six published in Truecopy Webzine packet 273.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments