ചിത്രീകരണം: അർച്ചന രവി.

ഒരു കാടരികുകഥ

ജെ. ദേവിക എഴുതുന്ന കുട്ടികളടെ നോവൽ തുടരുന്നു. ചിത്രീകരണം: അർച്ചന രവി.

31
ജീവന്റെ ജാഥ

ഭാരങ്കരന്റെ പെരുവഴിയുടെ വശങ്ങളിൽ ഉയർന്ന മരനിഴലുകളുടെ മുകളിലൂടെ നീണ്ടുനീണ്ടു കിടക്കുന്ന വെള്ളിനൂൽപ്പാലത്തിലൂടെ പോകുന്ന ജാഥ കണ്ട് നാട്ടുകാർ അമ്പരന്നു.

മുന്നിൽ രണ്ടു പെൺകുട്ടികൾ. അവർക്കു പിന്നിലായി ഒരു പയ്യൻ. മലയോര കർഷകനായ ഒരു അപ്പൻ. പിന്നെ ഒരു കവി, ബെത്തി മാരൻ, അയാളുടെ നാവിൽ റാവുള വാക്കുകൾ. കൊല്ലപ്പെട്ട ഒരു കാട്ടുപന്നിയമ്മയുടെയും അവളുടെ കുഞ്ഞുങ്ങളുടെയും ഉയിരുകൾ, നിഴലായി. അവർക്കുപിന്നിൽ ആനയമ്മയും കുഞ്ഞുമകളാനയായ ആനിക്കുഞ്ഞും. പയ്യൻറെ തോളിൽ ഒരു കുരങ്ങൻ. കഴുത്തിൽ സ്വർണം പോലെ വെട്ടിത്തിളങ്ങിയ ഒരു പാമ്പ്. കുട്ടികളുടെ മുടിയിൽ പൂമ്പാറ്റകൾ ... അവരുടെ പിന്നിൽ എണ്ണമറ്റ കാട്ടുമരങ്ങൾ, കാട്ടുപൂക്കൾ, കാട്ടരുവി ...

അഴുക്കു നിറഞ്ഞ് ശ്വാസം മുട്ടിപ്പോയ നീർച്ചാലുകൾ, വിഷം കലർന്ന പുഴ, മണൽക്കള്ളന്മാർ തുരന്നു മെലിഞ്ഞുപോയ മണൽത്തിട്ടകൾ... ഇവയെല്ലാം ജീവന്റെ ജാഥയിൽ ചേർന്നു.

പ്രളയത്തിന്റെ മടിയിലൂടെ ഭാരങ്കരന്റെ രാജധാനിയിലേക്കു നടന്നുപോകുന്ന ഇവർ ആരാണ്...? കണ്ടുനിന്ന നാട്ടുകാർ ചോദിച്ചു. അവരിൽ കുറേപ്പേരും അവരുടെ പിന്നാലെ പോയി.

കാട്ടിൽ നിന്നൊരു ജാഥ വരുന്നുണ്ടേ...
ജീവന്റെ ജാഥ!

മഴയുടെ ഉഗ്രകോപം കണ്ട് ഭയന്നുവിറച്ചും, വെള്ളത്തോട് തോറ്റടങ്ങിയും ഭാരങ്കരനും കൂട്ടരും കൊട്ടാരത്തിനുള്ളിൽ നിരാശപ്പെട്ടിരിക്കുന്ന നേരത്താണ് ആ വാർത്ത വന്നത്.

ഭാരങ്കരൻ തലയിൽ കൈവച്ചു; “ഇനി എന്താണാവോ?’’

“ഇല്ല, മഹാരാജാവേ’’, അയാളുടെ മന്ത്രിമാർ ഉപദേശിച്ചു. “അവരെ കാണുന്നതാ നല്ലത്. ഒരുപക്ഷേ ഈ മഴയെ ശമിപ്പിക്കാൻ അവർക്കു കഴിയുമെങ്കിലോ ...?”

മുഖം വീർപ്പിച്ചുകൊണ്ടാണെങ്കിലും ഭാരങ്കരൻ സമ്മതിച്ചു.

ജീവന്റെ ജാഥ ഭാരങ്കരരാജധാനിയുടെ പടിക്കലെത്തി. അതോടെ ആ നഗരത്തിനു വളരാൻ മുറിച്ചുമാറ്റപ്പെട്ട മരങ്ങൾ, മണ്ണിട്ടു നികത്തിയ ചതുപ്പുകൾ, എല്ലാം നിഴലുകളായി ഉയർന്നു. മഴയുടെ വെള്ളിശരങ്ങൾക്കിടയിലൂടെ, കലങ്ങിയൊഴുകുന്ന ചെളിവെള്ളത്തിനിടയിലൂടെ, അവ പൊന്തിവന്നു. ഭാരങ്കരരാജധാനി നിഴലുകൾ കൊണ്ടുനിറഞ്ഞു.

നഗരവാതിൽക്കൽ കാത്തുനിന്ന മന്ത്രിമാർ അവരോട് കെഞ്ചി, “പ്ളീസ്, എല്ലാവരും ഉള്ളിൽ കടക്കരുത്, രണ്ടോ മൂന്നോ പേർ മാത്രം”.

ജീമൂതവാഹനന്റെ ദേഹത്തെ മുറിവുണങ്ങിയ പാടുകൾ തീപോലെ ജ്വലിച്ചു. മന്ത്രിമാരും പാറാവുകാരും പേടിച്ചു പിന്നോട്ടുപോയി.

മുഴുവൻ ജാഥയും നഗരത്തിന്റെ രാജവീഥികളിലൂടെ കൊട്ടാരത്തിലേക്കു ചെന്നു. ജാഥയുടെ തല തിരുവനന്തപുരത്ത്. പക്ഷേ അതിന്റെ വാൽ അങ്ങുവടക്ക് കാസറഗോടിനും വടക്ക്, വരെ നീണ്ടു.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

32
രാജസദസ്സിൽ

“ഹയ്യോ, ഇതെന്താ, ഈ മലനാട്ടിലെ മലയും പുഴയും എല്ലാംകൂടി ഒഴുകി വരുന്നോ?”

ഭാരങ്കരൻ പേടിച്ചു നിലവിളിച്ചു. അയാളുടെ കിരീടം തലയിലിരുന്ന് കിടുകിടാ വിറച്ചു.

രാജസദസ്സിലേക്ക് ജീവന്റെ ജാഥ പ്രവേശിച്ചു.

കാട്ടുമരങ്ങൾ രാജമണ്ഡപത്തിന്റെ മച്ചു പൊട്ടിച്ച് മുകളിലേക്കു വളർന്നുനിന്നു. കുളങ്ങളും പുഴയും അരുവിയും മണ്ണിനടിയിലൂടെ ഒഴുകി കൊട്ടാരത്തിന്റെ ഉദ്യാനത്തിലെയും രാജമണ്ഡപങ്ങളിലെയും ജലധാരകളിലും വാട്ടർടാങ്കുകളിലും ഉയർന്നുപൊന്തി.

കവി ബെത്തി മാരൻ മുന്നോട്ടുചെന്നു.

“നീയാര്?”, രാജാവ് ചോദിച്ചു.
രാജസദസ്സിലെ ആസ്ഥാനകവി തല ചൊറിഞ്ഞു.
“ഇത് ... സു… കു… മാ…രൻ ചാലി…’’, അയാൾ വിക്കിവിക്കിപ്പറയാൻ തുടങ്ങി.

“ഞാൻ ബെത്തിമാരൻ’’, കവി പറഞ്ഞു.

‘‘… ഗ്... ഗോത്ര...കവി ...”, ആസ്ഥാനകവി പിന്നെയും പറഞ്ഞുതുടങ്ങി. പക്ഷേ ബെത്തിമാരൻ അയാളെ മുഴുമിപ്പിക്കാൻ വിട്ടില്ല.

“ഞാൻ ജീവന്റെ കവി…”

“ജീവന്റെ കവി”, ജാഥ മുഴുവൻ ആർത്തുവിളിച്ചു.

ജീവന്റെ ആയിരമായിരം കണ്ണുകളുടെ നോട്ടങ്ങൾക്കുമുന്നിൽ തലയുയർത്താൻ പോലും ഭാരങ്കരന് പറ്റാതായി.

“എ...ന്തു വേണം, നിങ്ങൾക്ക്?”

“ഞങ്ങളുടെ ജീവിതം തിരിച്ചുതരൂ”,
ബെത്തിമാരൻ വിളിച്ചുപറഞ്ഞു.

“മലനാടിന്റെ ഉയലും ഉയിരും തിരിച്ചുതരൂ”, ജീമൂതവാഹനൻ പറഞ്ഞു.

“കാടരികിൽ സ്വൈരമായി കൃഷി ചെയ്തു ജീവിക്കാൻ വിടൂ”,
മലയോര കർഷകൻ പ്രാഞ്ചി പറഞ്ഞു.

“ഞങ്ങളുടെ ഭാവിയെ തിരിച്ചുതരൂ”,
കുട്ടികൾ വിളിച്ചുപറഞ്ഞു.

“കാട്ടിൽ ഞങ്ങൾക്കു ഭക്ഷണവും വെള്ളവും തണലും വഴിയും തരൂ’’,
ആനയമ്മയും കാട്ടുപന്നിയും കുരങ്ങനും പാമ്പും പറഞ്ഞു.

‘‘ഞങ്ങളുടെ അമ്മമാരേം അച്ഛന്മാരേം കൂവിവിളിക്കാതെ, കല്ലെറിയാതെ, കാട്ടിലേക്കു തിരിച്ചുവരാൻ അനുവദിക്കൂ’’,
ആനിക്കുഞ്ഞ് പറഞ്ഞു.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

“ഞങ്ങൾക്കു പൂക്കാനുള്ള മേടുകൾ തിരിച്ചുതരൂ”, കാട്ടുചെടികൾ പറഞ്ഞു.

“ഞങ്ങളുടെ കാടുവീട് മടക്കിത്തരൂ’’,
കിളികളും പൂമ്പാറ്റയും കാട്ടുമരങ്ങളും വിളിച്ചുപറഞ്ഞു.

“ഞങ്ങളെ ഒഴുകാൻ വിടൂ’’,
നീർച്ചാലുകളും പുഴയും പറഞ്ഞു.

പുറത്ത് മഴ തകർത്തുപെയ്യുന്ന ശബ്ദം. അകത്തോ, ജീവന്റെ നിലയ്ക്കാത്ത നിലവിളി. ഭാരങ്കരനു തല കറങ്ങി. പക്ഷേ അയാളുടെ കുരുട്ടുബുദ്ധിക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല.

“മൃഗങ്ങളെ, ജീവജാലങ്ങളെ’’, അയാൾ പ്രസംഗം തുടങ്ങി:

“നിങ്ങൾ നിഷ്ക്കളങ്കരും സ്നേഹനിധികളുമാണെന്ന് എനിക്കറിയാം. നിങ്ങളുടെ വേദനയും എനിക്കറിയാം. അവയ്ക്കെല്ലാം പരിഹാരമുണ്ടാക്കാമെന്ന് ഞാൻ നിങ്ങൾക്ക് വാക്കു തരുന്നു’’.

“പകരം, നിങ്ങൾ ഈ മഴയെ എങ്ങനെയെങ്കിലും ശമിപ്പിച്ചുതരണം, ഇല്ലെങ്കിൽ നമ്മളെല്ലാം മുങ്ങിച്ചാവും”.

“നിങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി ഇതാ ഞാൻ പ്രഖ്യാപിക്കുന്നു’’.

ഒരു നിമിഷത്തെ നിശ്ശബ്ദത.

വലിയ കൈയ്യടിയാണ് ഭാരങ്കരൻ പ്രതീക്ഷിച്ചത്. പക്ഷേ അയാളുടെ ശിങ്കിടികൾ മാത്രമേ കൈയ്യടിച്ചുള്ളൂ.

“പക്ഷേ രണ്ടു കാര്യങ്ങൾ നിങ്ങളോടു പറയട്ടെ’’.

“നിങ്ങൾ ജീവനൊക്കെത്തന്നെ, പക്ഷേ മനുഷ്യനാണ് ഈ ഭൂമിയുടെ ഉടമയും കാവൽക്കാരനും. കാട് വേണോ വേണ്ടയോ എന്ന് ഞങ്ങളാ തീരുമാനിക്കേണ്ടത്. മനുഷ്യർ ഭൂമിയുടെ മാത്രമല്ല, പ്രപഞ്ചത്തിന്റെ തന്നെ ഉടമകളാണ്. ഞങ്ങൾ ചന്ദ്രനിൽ പോയി അവിടുത്തെ മണ്ണും കല്ലുമൊക്കെ കുഴിച്ചെടുക്കാൻ പോകുന്നുവെന്ന് അഭിമാനപൂർവ്വം നിങ്ങളോട് പറയട്ടെ. മാത്രമല്ല, ഈ ലോകത്തെ പണ്ടുപണ്ടുപണ്ടു മുതൽക്കേ ഭരിക്കുന്നവരാ ഞങ്ങൾ’’.

അയാളുടെ വാക്കുകളെ മുറിച്ചുകൊണ്ട് വലിയ ഒരു ഇരമ്പം ജീവനിൽ നിന്നുയർന്നു. പക്ഷേ ഭാരങ്കരൻ നിർത്തിയില്ല.

“പിന്നെ, നിങ്ങളെ ഈ സമരത്തിലേക്കു വലിച്ചിഴച്ചത് ഈ മനുഷ്യരാണ് – ഈ രണ്ടു പിള്ളേരും ഈ പയ്യനും ഈ കവിയും പിന്നെ ഇങ്ങേരും (പ്രാഞ്ചിയെപ്പറ്റിയണ്). ... ഇവരെ അറസ്റ്റുചെയ്ത്...”

ഇത്രയുമായപ്പോൾ കാട്ടുമരങ്ങളുടെ കൂട്ടത്തിൽനിന്ന് ഒരു അമ്മച്ചി ഇറങ്ങിവന്നു. അമ്മച്ചീന്നു പറഞ്ഞാൽ വലിയവലിയവലിയവലിയ... അമ്മച്ചി. എങ്കിലും ചുവപ്പും തവിട്ടും കലർന്ന് ഉറപ്പുള്ള ദേഹവും നിവർന്നുള്ള നടപ്പും ഇടതൂർന്ന ചുരുണ്ടമുടിയും.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

“എടാ, പീറച്ചെറുക്കാ’’, അമ്മച്ചീടെ മുഖം കോപത്താൽ ചുവന്നിരുന്നു, ‘‘അവിടുന്ന് എഴുന്നേൽക്ക്, ആദ്യം”.

തന്നെയാണ് അമ്മച്ചി പീറച്ചെറുക്കൻ എന്നു വിളിച്ചതെന്ന് ഭാരങ്കരന് മനസിലാകാൻ കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു.

ആജ്ഞാശക്തിയുള്ള ആ കണ്ണുകൾ ഭാരങ്കരനെ വിറപ്പിച്ചു. അയാൾ എഴുന്നേറ്റു നിന്നുപോയി.

“ചെങ്കുറിഞ്ഞി മുത്തശ്ശി”, ജീമൂതവാഹനൻ ആഹ്ളാദത്തോടെ വിളിച്ചുപറഞ്ഞു.

(അടുത്ത പാക്കറ്റിൽ അവസാനിക്കും)


Summary: Oru kaadarikukadha malayalam childrens novel written by j devika and published in Truecopy Webzine packet 277.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments