ചിത്രീകരണം: അർച്ചന രവി.

ഒരു കാടരികുകഥ

ജെ. ദേവിക എഴുതുന്ന കുട്ടികളടെ നോവൽ തുടരുന്നു. ചിത്രീകരണം: അർച്ചന രവി.

ഏഴ്:
അത്ഭുതജിമ്മൻ

രോ ദിവസം കഴിയുംതോറും പ്രാഞ്ചിക്ക് ജിമ്മനെപ്പറ്റിയുള്ള അത്ഭുതം കൂടിവന്നു. അവന് ഒരു നിർബന്ധങ്ങളുമില്ല. പിള്ളേർ കിടക്കുന്ന മുറിയുടെ തിണ്ണയിൽ കിടന്നോളും. എന്തുകൊടുത്താലും തിന്നോളും.

മഴയത്ത് ഇടിമിന്നലുണ്ടെങ്കിൽ ഫോബിയുടെ അടുത്തൂന്ന് അവൻ മാറില്ല; അവൾ പേടിക്കാരിയാണല്ലോ. പക്ഷേ മിന്നലിനെ കൂസാക്കാതെ ജന്നലരികത്ത് പോയിരിക്കുന്ന ഫീലിയുടെ ഉടുപ്പിൻറെയറ്റം കടിച്ചുവലിച്ച് അവളെ വീട്ടിനകത്തു കയറ്റും.

ഒറ്റക്കാര്യത്തിലേ അവന് നിർബന്ധമുള്ളൂ, ഞായറാഴ്ചയായാൽ പള്ളീൽ പോണം.

അവധീംന്നും പറഞ്ഞ് മൂടിപ്പുതച്ചുറങ്ങുന്ന പിള്ളേരെ വെളുക്കും മുമ്പേ തന്നെ അവൻ വിളിച്ചുണർത്തും. പള്ളീൽ പോകാൻ തയ്യാറായി വരുന്നതുവരെ അവർക്ക് സ്വൈരം കൊടുക്കില്ല.

അവിടെ എത്തിയാലോ, അവൻ ഓടിപ്പോയി യേശുവപ്പാപ്പന്റെ കുരിശടിയുടെ ചോട്ടിൽ ഒരു വീഴ്ചയുണ്ട്. പഴയ കൂട്ടുകാരനെ കണ്ടതുപോലെ സന്തോഷവും പരവേശവുമാണ്. ജിമ്മൻ വന്നതിനു ശേഷം ഈ കുടുംബത്തിന് ദൈവവിചാരമുണ്ടായീന്ന് അച്ചനും പറഞ്ഞു.

ഒരു കാടരികുകഥ മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം

പിള്ളേർ സ്ക്കൂളിൽ പോകുന്ന സമയത്ത് പ്രാഞ്ചിക്കൊപ്പം അവൻ കൃഷിയിടത്തിലും വീട്ടിലുമായി കറങ്ങിനടക്കും. അവന്റെ പല പ്രത്യേകതകളും കുട്ടികളും പ്രാഞ്ചിയും ക്രമേണ ശ്രദ്ധിച്ചുതുടങ്ങി.

അവനെ മറ്റു മൃഗങ്ങൾക്കൊന്നും പേടിയില്ലെന്നു മാത്രമല്ല, അവയ്ക്ക് അവനോട് നല്ല ഇണക്കമാണ്. ഉച്ചവെയിലേറ്റ് മുറ്റത്ത് കിടക്കുമ്പോൾ അവന്റെ കൂറ്റൻ ഉടലിനു മുകളിൽ കിളികൾ വന്നിരിക്കും. സോക്സ് ഇട്ടതുപോലെ വെളുത്ത നാലു കാലിനടുത്തും അണ്ണാൻ കളിക്കുന്നുണ്ടാകും.

ഒരു ദിവസം ഫോബി വീട്ടുമുറ്റത്ത് ഒരു കരിഞ്ചേര കിടക്കുന്നതു കണ്ട് നിലവിളിച്ചു. ജിമ്മൻ വേഗം ചെന്ന് അവളുടെ മുന്നിലേക്കു കയറിനിന്നു. പാമ്പിൽ നിന്ന് നോട്ടം പറിക്കാതെ, അനങ്ങാതെ. ഫോബി അവനെ കെട്ടിപ്പിടിച്ചു.

പാവം, എന്തോ മുറിവു പറ്റിയതാണ്, പാമ്പിന്. പ്രാഞ്ചി ചെന്ന് അതിന്റെ കഴുത്തിലും വാലിലും മുറുക്കെ പിടിച്ച് എടുത്തുകൊണ്ടുപോയി കുളത്തിനടുത്തു വിട്ടു. പാമ്പ് ശരംവിട്ടതുപോലെ ജീവനുംകൊണ്ട് പാഞ്ഞുപോയി.

ചില സമയത്ത് പ്രാഞ്ചിക്ക് തന്റെ കൃഷിയിടത്തിന്റെ വളരെ അരികിലായി ആനയോ മറ്റു മൃഗങ്ങളോ ഉള്ള മണം കിട്ടും. ജിമ്മനും അപ്പോൾ മൂക്കു വിടർത്തും. എന്നിട്ട് ശാന്തനായി പുരയിടത്തിന്റെ അറ്റത്ത്, കാടിനോട് അടുത്തു കിടക്കുന്ന മരക്കൂട്ടത്തിനടുത്തേയ്ക്ക് നടക്കും.

പ്രാഞ്ചി അവനെ പിടിച്ചുനിർത്താൻ പലതവണ നോക്കിയിട്ടുണ്ട്, പക്ഷേ അവൻ വളരെ മെല്ലെ, സ്നേഹത്തോടെ, പ്രാഞ്ചിയുടെ കൈ തട്ടിനീക്കും.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

പുരയിടത്തിന്റെ അറ്റത്തുചെന്ന് അവൻ പാറ പോലെ, അനങ്ങാതെ, കാട്ടിലേക്ക് ഉറ്റുനോക്കി നിൽക്കും.അധികം വൈകാതെ തന്നെ മൃഗങ്ങൾ അകലെ പോയെന്ന് പ്രാഞ്ചിയുടെ മൂക്ക് പറയും.

ഒരിക്കൽ ജിമ്മന് തന്റെ മനസ്സു വായിക്കാൻ കഴിയുമോ എന്നു പ്രാഞ്ചി സംശയിച്ചു പോയി. ആനകളുടെ വരവിനെ പറ്റി ഓർത്തു വിഷമിച്ചു നിൽക്കുകയായിരുന്നു പ്രാഞ്ചി. കാട്ടിൽ തിന്നാൻ കിട്ടാതായപ്പോ അവര് നാട്ടിലേക്കു വരാൻ തുടങ്ങി. കൃഷിക്കാരുടെ തോട്ടങ്ങളിൽ കയറി അവർ കഷ്ടപ്പെട്ടു. ഭാരപ്പെട്ടുണ്ടാക്കിയ കൃഷിയെല്ലാം തിന്നുതീർത്തു...

ഭാരങ്കരനാണ് ഈ ഭാരമെല്ലാം ഒപ്പിക്കുന്നതെങ്കിലും പാവം കൃഷിക്കാർക്ക് പാവം ജന്തുക്കളോടായി കലിപ്പ്. ഭാരങ്കരൻ അവരെ തമ്മിൽത്തല്ലിച്ച് തുലയ്ക്കുകയല്ലേ.

ജിമ്മൻ അയാളുടെ അടുത്തുചെന്ന് മുണ്ടിൽ കടിച്ചുവലിച്ച് കാടിന്റെ വക്കത്തേയ്ക്കു നടത്തിക്കൊണ്ടുപോയി.
“എന്താടാ, എങ്ങോട്ടാടാ കൊണ്ടുപോകുന്നേ?”
ഒരു വലിയ തേനീച്ചക്കൂടിരിക്കുന്ന സ്ഥലത്തേയ്ക്കാണ് അങ്ങേരെ അവൻ കൊണ്ടുപോയത്. പ്രാഞ്ചി അവന്റെ മുഖത്തേയ്ക്കു നോക്കി. തേനീച്ചക്കൂടിനെയും പ്രാഞ്ചിയേയും മാറിമാറി നോക്കുകയാണ് അവൻ.

എന്തിനാണ് ഇവൻ ഈ തേനീച്ചയെ കാട്ടിത്തരുന്നത്? പെട്ടെന്ന് പ്രാഞ്ചിക്ക് കാര്യം മനസ്സിലായി. ആനയെ അകറ്റിനിർത്താനുള്ള വഴി കാട്ടിത്തരുവാണ് അവൻ.

തേനീച്ചയുടെ മൂളൽ ആനയ്ക്ക് ഇഷ്ടമല്ല. അതിന്റെ കുത്തൽ പേടിയുമാണ്. വലിയവന്മാരായ ആനകൾക്ക് കുഞ്ഞന്മാരിൽ കുഞ്ഞന്മാരായ തേനീച്ചകളുടെ കൂട്ടയാക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനുമാകില്ല.

കൃഷിയിടത്തിനു ചുറ്റും തേനീച്ചക്കൂടുകൾ കൊണ്ടു വേലികെട്ടാൻ പറ്റുമെന്ന് പ്രാഞ്ചിയെ ഓർമ്മിപ്പിക്കുകയായിരുന്നു ജിമ്മൻ. കുഞ്ഞന്മാരുടെ കൂടെക്കൂടിയാൽ വമ്പന്മാരെ തടുത്തുനിർത്താം.

പിന്നുള്ള ആഴ്ചകളിൽ പ്രാഞ്ചി കൃഷിയിടത്തിനു ചുറ്റും തേനീച്ച വേലിയുണ്ടാക്കി. കുട്ടികൾക്ക് വലിയ സന്തോഷമായി. നല്ല തേൻ എന്നും രാവിലെ കുടിക്കാൻ കിട്ടുന്നത് എന്തു നല്ലതാണ്.

എട്ട്:
പരാതിയും പേടിയും

ജിമ്മൻ വീട്ടിൽ വന്നതോടെ പ്രാഞ്ചിയുടെ കൃഷിക്ക് പുതിയൊരു ജീവൻ വീണപോലെയായി. അവരുടെ കൃഷിയിടത്തിൽ തേനീച്ചയും പൂമ്പാറ്റയും പാറിനടന്നു. ധാരാളം പൂവും കായും പഴവും ഉണ്ടായി. പഴത്തിന്റേം പൂവിന്റേം മുഴുപ്പും തഴപ്പും കണ്ടാൽ പറുദീസ പോലെ, പ്രാഞ്ചിക്കു തോന്നി. കുട്ടികൾക്ക് അവൻ ഉറ്റ തോഴനും സഹോദരനുമായി.

ഫീലിക്കാണെങ്കിൽ അവൻ വന്നേപ്പിന്നെ ജന്തുക്കളോടുള്ള സ്നേഹം ഏറി.

“ഇക്കാണുന്ന കിളിയും അണ്ണാനും പാമ്പും കുരങ്ങനും എല്ലാം നിന്റെ കൂട്ടുകാരാ?’’, അവനെ തലോടിക്കൊണ്ട് അവൾ ചോദിച്ചു.
“എന്നാൽ അവര് എന്റേം കൂട്ടുകാരു തന്നെ…”

ഫോബിക്കാണെങ്കിൽ ഇപ്പോൾ ജന്തുക്കളോടും ഇരുട്ടിനോടും വെള്ളത്തോടുമുള്ള പേടിയൊക്കെ കുറേ കുറഞ്ഞു, ജിമ്മൻ കൂടെയുണ്ടെങ്കിൽ പ്രത്യേകിച്ചും. അവന്റെ കൂട്ടുകാരൊന്നും നമ്മളെ ദ്രോഹിക്കില്ലെന്ന തോന്നൽ അവളെ ധൈര്യവതിയാക്കി.

പ്രാഞ്ചി ചായക്കടയിലിരുന്നും കുട്ടികൾ സ്ക്കൂളിൽ ഊണുസമയത്തും അവന്റെ ഓരോരോ കാര്യങ്ങളാണ് എല്ലാവരോടും പറയുന്നത്. പക്ഷേ എവിടേം ഉണ്ടാകുമല്ലോ, സംശയക്കാർ. ഭാരം ചുമന്നുവലയുന്നവരാകുമ്പോ സംശയവും കൂടും. ജിമ്മൻ വല്ല പിശാചോ മറുതായോ മറ്റോ ആയിരിക്കുമോ എന്നായിരുന്നു അവരുടെ സംശയം.

ഒരു ദിവസം മുട്ട വിൽക്കാൻ വന്ന ഒരു അമ്മച്ചി ഫീലീടേം ഫോബീടേം വീട്ടുമുറ്റത്ത് ഒരു കാഴ്ച കണ്ടു.

ഉച്ചനേരത്ത്, മുറ്റത്തെങ്ങും ആരുമില്ല. ജിമ്മൻ മാത്രം മുറ്റത്തു നിൽക്കുന്നു. അവന്റെ നേരെ മുമ്പിൽ പത്തിയുയർത്തി നിൽക്കുന്ന സർപ്പം. അമ്മച്ചിയുടെ തൊണ്ടയിൽ ഉയർന്ന നിലവിളി അവിടെത്തന്നെ കുടുങ്ങിപ്പോയി. അവർ വായും പൊളിച്ചുനിന്നു പോയി.

ജിമ്മനും സർപ്പവും എന്തോ സംസാരിക്കുന്നതുപോലെ ...
അമ്മച്ചി പേടിച്ചുവിറച്ചുപോയി.

സത്യമാണ്. പ്രാഞ്ചിയുടെ കൃഷിയിടം ആ വെട്ടിത്തിളങ്ങുന്ന പൊൻവെയിലിൽ പറുദീസ പോലെ സുന്ദരമാണ്. അതിൽ ആ സർപ്പം പേടിയൊന്നും കൂടാതെ നായയോടു സംസാരിക്കുന്നതു കണ്ടപ്പോ ആ വല്യമ്മച്ചി പേടിച്ചുപോയി.

ചിത്രീകരണം: അർച്ചന രവി.
ചിത്രീകരണം: അർച്ചന രവി.

ഈശോ, ഇത് സാത്താനാണോ?
ആദാമിനേം ഹവ്വയേയും ചതിച്ച പാമ്പ്?
അവർ കൊട്ടയുമെടുത്ത് ഒറ്റ ഓട്ടം.

പിറ്റേന്ന് പ്രാഞ്ചിയുടെ പറമ്പിൽ സാത്താൻ കൂടിയിരിക്കുന്നുവെന്ന കഥ അവിടെങ്ങും പാട്ടായി. ജിമ്മൻ അവന്റെ കൂട്ടുകാരനാണെന്നും.

അതാ അവിടത്തെ ചെടിയെല്ലാം അലറിപ്പൂക്കുന്നേ ... നാട്ടുകാർ അടക്കംപറഞ്ഞു.

പാവം ജിമ്മൻ, സ്ക്കൂളിലെ കുട്ടികളെല്ലാം അവനെ കാണുമ്പോ ഇപ്പം പേടിച്ചുമാറിക്കളയും. ഫീലിയും ഫോബിയും കരഞ്ഞോണ്ടാണ് അന്ന് വീട്ടിൽ വന്നത്. ജിമ്മൻറെ കണ്ണിലും സങ്കടമായിരുന്നു. അപ്പൻ അവനെ എവിടെങ്കിലും കളയുമോന്ന് പേടിച്ച് അവര് ഓടി അപ്പന്റെ കാലിൽ പിടിച്ചു.

“നമ്മുടെ ജിമ്മൻ നല്ലതാ, അവനല്ലേ നമ്മളെ പള്ളീല് കൊണ്ടുപോകുന്നത്. ആ അമ്മച്ചി വല്ലാതെ പേടിച്ച് ഓരോന്നു പറയുന്നതാ, അപ്പാ അവനെ കളയല്ലേ’’, പിള്ളേർ നിലവിളിച്ചു.

പ്രാഞ്ചിയെയും നാട്ടുകാർ വല്ലാതെ നോക്കുന്നുണ്ടായിരുന്നു.

“അവന് കാട്ടുവാസികളുമായിട്ടാ ചങ്ങാത്തം... വല്ല കൂടോത്രവുമായിരിക്കുമോ?”, ചിലർക്കു സംശയമായി.

ജിമ്മനെ ഒരിക്കലും വീട്ടീന്ന് പുറത്താക്കില്ലെന്ന് പ്രാഞ്ചി പിള്ളേർക്ക് വാക്കു കൊടുത്തു. അവനെ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. വീട്ടിൽ ആരെങ്കിലും വന്നാൽ അവനെ പെട്ടെന്നുതന്നെ അകത്താക്കി കതകടച്ചു.

ഒടുവിൽ ചിലർ പള്ളിയിൽ പോയി അച്ചനോട് പരാതി പറഞ്ഞു. അച്ചൻ അവരുടെ പേടിയെ തള്ളിക്കളഞ്ഞു.

“നിങ്ങൾ കരുതുംപോലെയല്ല. സാത്താനാണെങ്കിൽ കർത്താവിന്റെ കുരിശടിയുടെ താഴെ കുരിശിന്റെ ചോടും കെട്ടിപ്പിടിച്ച് കിടക്കാൻ പറ്റത്തില്ല. കർത്താവ് സാത്താനെ അകറ്റിക്കളയുകേലേ?”, അദ്ദേഹം ചോദിച്ചു.

അതു ശരിയാണല്ലോ, പരാതിക്കാർക്കും തോന്നി. അവർ തിരിച്ചുപോയി.

ഒമ്പത്:
ജിമ്മൻസത്താൻ

ങ്കിലും ചിലരുടെ ഉള്ളിൽ പ്രാഞ്ചിയോടുള്ള വിരോധം അണപൊട്ടിക്കഴിഞ്ഞിരുന്നു. കാട്ടുവാസികളോട് അയാൾക്കുള്ള ചങ്ങാത്തം പലർക്കും ഇഷ്ടമല്ലായിരുന്നു.

“അവൻ നമ്മളെപ്പോലെ ഇവിടെ വന്നുകൂടിയവനല്ലേ?”- അവർ മുറുമുറുത്തു.
“അവൻ എന്തിനാ പിന്നെ അവരുടെ കൂടെക്കൂടുന്നത്? നമ്മുടെ ഭാരം കൂട്ടാനുള്ള സൂത്രമല്ലേ അവൻ ചെയ്യുന്നത്? ഈ പട്ടി അവരുടെ കൂടോത്രക്കാരനാ, സത്തനല്ലെങ്കിൽ എന്ത് ... ദൈവത്തിനു നിരക്കുന്നവനല്ല.”

അച്ചൻ ജിമ്മനെ പിൻതുണച്ചതോടെ ആളുകൾക്ക് മിണ്ടാട്ടമില്ലാതെയായി. പക്ഷേ അവർക്ക് അവനോടുള്ള വിരോധം കുറഞ്ഞില്ല. അവരുടെ വെറുപ്പുനിറഞ്ഞ നോട്ടം സഹിച്ചുകൊണ്ടാണ് അവൻ പിള്ളേരെ സ്ക്കൂളിൽ കൊണ്ടുവിടുന്നതും വിളിച്ചുകൊണ്ടുവരുന്നതും.

ഒരു ഞായറാഴ്ച പ്രാഞ്ചിയും കുട്ടികളും പള്ളിയിലായിരുന്ന സമയത്ത് അവൻ പതിവു പോലെ കുരിശടിയുടെ താഴെ യേശുഅപ്പാപ്പന്റെ കുരിശിനേം നോക്കി ചിരിച്ചോണ്ടു കിടക്കുവായിരുന്നു. അപ്പോ ആരൊക്കെയോ കൂടി അവനെ കല്ലെറിഞ്ഞു. പോടാ സാത്താനേ.... കൂടോത്രമേ... അവർ അവനെ ചീത്തപറഞ്ഞു.

അവൻ പക്ഷേ കുരിശിൻചോട്ടിൽ ഒന്നുകൂടി ചുരുണ്ടുകിടന്നു.

ഫീലിയും ഫോബിയും പ്രാഞ്ചിയും പുറത്തുവന്നപ്പോൾ ജിമ്മന്റെ നെറ്റിപൊട്ടി ചോരയൊഴുകുന്നു. അവർ ഉറക്കെ കരഞ്ഞുപോയി. പിന്നെ ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും ആശ്വസിപ്പിച്ചു.

കല്ലെറിഞ്ഞവരുടെ നേതാവ് പ്രാഞ്ചിയോട് വിളിച്ചുപറഞ്ഞു:

“എടാ കൂടോത്രക്കാരാ, നിന്റെ ഈ പിശാചിനെ ഞങ്ങൾ തീ വച്ചു കൊല്ലും, നീ നോക്കിക്കോ. നിന്റെ കൃഷി മാത്രം ഇങ്ങനെ തഴയ്ക്കുന്നതെങ്ങനെ? അച്ചൻ എന്തു പറഞ്ഞാലും ശരി, ഞങ്ങളൊരു ദിവസം നിന്റെ വീട്ടിലോട്ടു വരുന്നുണ്ട്. മര്യാദയ്ക്ക് ഇതിനെ വിട്ടുതന്നോണം. ഇല്ലേൽ നിന്റെ വീടും ഞങ്ങൾ തീ വയ്ക്കും’’.

തന്റെ കൃഷിയിടം തഴയ്ക്കുന്നത് തേനീച്ച വളർത്തുന്നതുകൊണ്ടാണെന്നും കാടിനെ മുറിവേൽപ്പിക്കാതെ പലതും ചെയ്യുന്നതുകൊണ്ടാണെന്നും അതൊക്കെ അങ്ങു ദൂരെ കാട്ടിനുള്ളിൽ താമസിക്കുന്ന ആദിവാസിസുഹൃത്തുക്കൾ പറഞ്ഞുതന്നതാണെന്നും അങ്ങേർ അവരെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി.

പക്ഷേ ഭാരം വലിച്ചുവലഞ്ഞ മനുഷ്യരോട് കാര്യം പറഞ്ഞിട്ടു കാര്യമില്ല. അവർക്ക് തങ്ങളുടെ ദേഷ്യവും സങ്കടവും ആരുടെയെങ്കിലും തലയിൽ തീർക്കണം. അവർ പ്രാഞ്ചിയെ പിടിച്ചുതള്ളി, തെറി പറഞ്ഞു.

കുട്ടികളും പ്രാഞ്ചിയും ജിമ്മനും സങ്കടപ്പെട്ടാണ് അന്ന് വീട്ടിലെത്തിയത്. ജിമ്മനെ പുറത്തേയ്ക്കു വിടാതിരിക്കാൻ അവർ ശ്രദ്ധിച്ചു. പക്ഷേ പ്രാഞ്ചിയോടു വിരോധമുള്ളവർ വെറുതേയിരിക്കില്ല എന്നവർക്ക് ഉറപ്പുണ്ടായിരുന്നു.

(അവസാനിക്കുന്നില്ല)


Summary: Oru kaadarikukadha malayalam childrens novel written by j devika part Three published in Truecopy Webzine packet 270.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments