എരിവെയിൽ

തമിഴ് എഴുത്തുകാരനായ പെരുമാൾ മുരുകന്റെ ആദ്യ നോവലായ ഏറു വെയിലിന്റെ (1991)മലയാള പരിഭാഷയില് നിന്നുള്ള ഭാഗം. വിവർത്തനം- എസ് ജയേഷ്, പ്രസാധനം ഡി സി ബുക്‌സ്

കുപ്പനെ കണ്ടപ്പോൾ പാവം തോന്നി. ആള് നന്നായിട്ടില്ല. വടി ഊന്നിക്കൊണ്ട് കാല് നിലത്ത് ഉരസുന്നതുപോലെ എടുത്തുവച്ചുകൊണ്ട് വന്നു. ചാണകത്തിൽ നനഞ്ഞത് പോലെയുള്ള മുണ്ട് ശരീരത്തിൽ നിന്നും വേർപെടുത്താൻ കഴിഞ്ഞില്ല. പാറ പോലെ ഉറച്ചിരുന്ന ശരീരം വറ്റി വരണ്ടിരിക്കുന്നു. പല്ലുകൾ കൊഴിഞ്ഞ് ഓട്ടവായിൽ നിന്നും "പൊശ് പൊശ്' എന്ന് ശ്വാസം വന്നു. കണ്ണ് മങ്ങലിന് സൗജന്യ ചികിത്സാ കേന്ദ്രത്തിലേയ്ക്കു പോയി കണ്ണട വച്ചിരുന്നു. എന്നിട്ടും ഒന്നും കാണുന്നില്ല. ഏതോ പരിചയം കൊണ്ട് കൈതുഴഞ്ഞ് പോയിക്കൊണ്ടിരിക്കുകയാണ്. കയ്യിൽ കയറിൽ കെട്ടിയ തൂക്കുപാത്രമാക്കിയ കെട്ട്. കോളനി വീടുകളിലെ മായം ചേർത്ത ചോറ് അതിൽ പുളിച്ച് പൊങ്ങി. നുര പതഞ്ഞു. ഇരുട്ടിന്റെ വെളിച്ചത്തിൽ തട്ടിയും തടഞ്ഞും നടക്കുന്ന അവനെ ഗോപാൽ കൈതട്ടി വിളിച്ചു.

"ഏ...കുപ്പാ...ഇന്ന് എന്തെങ്കിലും ഉണ്ടോ?'

നിന്ന്, കൈകൾ കണ്ണിനു മുകളിൽ വച്ച് ഉച്ചവെയിലിൽ നോക്കുന്നത് പോലെ കുപ്പൻ, "ആരാ സാമീ?' എന്നു ചോദിച്ചു.

"മാലക്കണ്ണനാടാ ഇവൻ' എന്ന് പിറുപിറുത്തു മുരളി.

"വസന്തമാളികൈ ഇന്ന് ഫുള്ളാണോ?'

അവൻ ചെവി കേൾക്കാത്തവനെ പോലെ വീണ്ടും "എന്താ സാമീ?' എന്ന് ശബ്ദം വന്ന ദിശയിലേയ്ക്ക് പോയി. ചെറിയ ടെന്റ് പോലെ ഉണ്ടാക്കി അവൻ ചെരുപ്പ് തുന്നുന്ന കടയ്ക്ക് "വസന്ത മാളികൈ' എന്ന് പേരിട്ടിരുന്നു. ഏതുസമയത്തും നാലഞ്ച് പേരെങ്കിലും അവിടെ ഇരിക്കുന്നുണ്ടാകും.

"മാമോയ്, എന്താ വിശേഷം?'

"ഇങ്ങോട്ട് വരാൻ പറഞ്ഞ് വിളിച്ചിരുന്നോ?'

"ചേട്ടാ, ഞാൻ പൈസ തരണില്ലേ?'

എല്ലാവർക്കും അറിയിപ്പ് കൊടുക്കുന്ന ഉത്തരവാദിത്തം കുപ്പനായിരുന്നു. കോളനിക്കാരും ജോലിയ്ക്ക് ആളെ വേണമെങ്കിൽ കുപ്പനോട് പറയും. പെണ്ണുങ്ങൾ ചെമ്പൻ മുടി പറക്കുന്ന തലകൾ ചീകിക്കഴിഞ്ഞ് അവിടെ വന്ന് ഇരിക്കും.

"ഇവനേയും കൂട്ടിയാലോ?'

കതിർ ഇവനെ ചൂണ്ടികാണിച്ചു ചോദിച്ചു. ഇവനും കൈ വിറച്ചു. നടുക്കമുണ്ടായി. ആ തണുത്ത കാറ്റിലും വിയർത്തു. വിരലുകൾ ലുങ്കിയിൽ തുടയ്ക്കുന്തോറും വിയർത്തു കൊണ്ടിരുന്നു.

അവരുടെ വായ ഏതു നേരവും വെറ്റില ചവച്ചുകൊണ്ടിരിക്കും. തല ആട്ടിക്കൊണ്ട് നാക്ക് ചുഴറ്റിക്കൊണ്ട് ചിരിയും ആഹ്ലാദവുമായി സംസാരിക്കുമ്പോൾ ബസ്സ് കാത്തുനിൽക്കുന്ന എല്ലാവരേയും അങ്ങോട്ട് വലിക്കും.

പെണ്ണുങ്ങളെ സപ്ലൈ ചെയ്യുന്ന ജോലിയും കുപ്പനുണ്ട്. കാട്ടുപണികളിൽ മണ്ണ് പിടിച്ച് കിടന്ന പെണ്ണുങ്ങൾ വെറും ശരീരങ്ങളായി. ആണുങ്ങൾക്ക് വിറക് വെട്ടൽ, വേലിയടക്കൽ, സൈസിങ്, തറി എന്നിങ്ങനെ എന്തെങ്കിലും ജോലിയുണ്ടാകും. പെണ്ണുങ്ങൾ എന്തു ചെയ്യും? രണ്ടുപേരും സമ്പാദിച്ചില്ലെങ്കിൽ അരവയറ് പോലും നിറയില്ല. കുട്ടികൾ വേറെ ചറപറാന്ന്. സമ്പാദിക്കുന്ന കാശിന്റെ പകുതിയ്ക്കു മുകളിൽ ചാരായക്കട വഴി ചെവത്താന്റെ കയ്യിലെത്തും. കുപ്പന്റെ കട അങ്ങിനെയാണ് വസന്തമാളിക ആയത്.

കുപ്പന് അവനെ മനസ്സിലായില്ല. ശബ്ദം പുറത്ത് വിടാതെ നാവടക്കി.

"പത്ത് മണി കഴിഞ്ഞ് വരട്ടെ?'

"ഇല്ല സാമി, ആ പണി.'

"ചുമ്മാ സൂത്രമെറക്കാതെ. അന്ന് ഞങ്ങൾ വന്നതല്ലേ. അപ്പോഴേക്കും മാറ്റണത് കണ്ടോ. പുതിയ ആളാന്ന് വിചാരിച്ചോ?'

"ചെറിയ പിള്ളേരൊന്നും വേണ്ട സാമി.'

മുരളിയുടെ വിടർന്ന ചുണ്ട് ഇരുട്ടിലും തുടിച്ചു.

"അതേയ്...ഇപ്പോ പാല് കുടിക്കണ കുഞ്ഞുങ്ങളാണല്ലോ ഞങ്ങൾ. ചെയ്യണത് ഉത്തമം. പോരാത്തതിന് ഞങ്ങൾക്ക് ബുദ്ധി പറയ്. ഇങ്ങോട്ട് വാ.'

അവൻ അയാളെ പുളിമരത്തിന്റെ മറവിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ദൂരെ നിന്നും ഇടതടവില്ലാത്ത ഹോൺ ശബ്ദം കേട്ടു. "സോ വിലാസ്' മാത്രമേ ഇത്രയും വേഗത്തിൽ വരുകയുള്ളൂ. ഓടൈയൂരിൽ നിന്നും വണ്ടി എടുക്കുമ്പോൾ ഹോണിൽ കൈ വച്ചാൽ, കരട്ടൂർ എത്തിയിട്ടേ ഡ്രൈവർ കൈ എടുക്കുകയുള്ളൂ. പറപ്പിക്കുക തന്നെ. പെട്ടെന്ന് കണ്ണ് മഞ്ഞളിക്കുന്ന വെളിച്ചവുമായി വണ്ടി കടന്നു പോയി. കുപ്പനെ പറഞ്ഞയച്ചിട്ട് മുരളി വന്നു.

"കെഴവൻ വലിയ ആളാണെടാ. എന്റെടുത്ത് ഈ പണി കാണിക്കണു നോക്ക്.'

ഗോപാൽ തിടുക്കത്തിൽ ചോദിച്ചു.

"കായാണോ പഴമാണോ?'

"പഴം തന്നെ.'

"ഇവനേയും കൂട്ടിയാലോ?'

കതിർ ഇവനെ ചൂണ്ടികാണിച്ചു ചോദിച്ചു. ഇവനും കൈ വിറച്ചു. നടുക്കമുണ്ടായി. ആ തണുത്ത കാറ്റിലും വിയർത്തു. വിരലുകൾ ലുങ്കിയിൽ തുടയ്ക്കുന്തോറും വിയർത്തു കൊണ്ടിരുന്നു. പോയി നോക്കിയാലോ? അവർ രണ്ട് മൂന്ന് തവണ പോയിട്ടുണ്ട്. മുരളിയുടെ മാമായാണ് തുടങ്ങിവച്ചത്. അയാൾ തന്ന ഭാഷയാണ് "പേനാ പൂശൽ.'

"ഇവനെന്തിനാടാ...ഒന്നിനു പോകാനോ?'

"എന്താടാ എക്സാമിന് ഡേറ്റെല്ലാം ഇട്ടല്ലോ. എങ്ങനാടാ പഠിക്കണത്?'

കതിരിന്റെ ശബ്ദത്തിൽ സങ്കടം ഉണ്ടാായിരുന്നു. "ഈ നേരത്ത് എന്തിനാടാ അതൊക്കെ? എന്റെ ചോരയൊക്കെ ചൂട് കയറി പതുപതൂന്ന് ഇരിക്കാണ്. എല്ലാം നശിപ്പിക്കാതെടാ.'

ഇരുട്ടിൽ അവരുടെ ചിരി അവന്റെ ചെവിയിൽ ആഭാസകരമായി നാറി. കുലുങ്ങി ചിരിക്കുന്നത് പോലെ ചെവിയ്ക്കുള്ളിൽ ചിരി അലയടിച്ചു. ദേഷ്യം വന്നു. "എന്തോ ഇവര് വലിയ ഉണ്ടാക്കിയത് പോലെ. ഇവർക്കാണ് എല്ലാം ഉള്ളതെന്ന പോലെ.'

"എന്തെങ്കിലും കശപിശയിൽ കുടുങ്ങിയാൽ ഓടാൻ പോലും അറിയില്ലെടാ.'

"പിന്നെ...ഒത്തവൻ ഓടി, ഒന്നിനു പോയവൻ കുടുങ്ങിയ കഥ തന്നെ.'

വീണ്ടും കൈകൊട്ടി ചിരിച്ചു അവർ. വയറ് വേദനിച്ച് മുരളി താഴെയിറങ്ങി നിന്നു ചിരിച്ചു.

ഗോപാലിന് കണ്ണീര് വന്നു. ഇവനെ കളിയാക്കുന്നതിൽ അത്രയ്ക്ക് ആനന്ദമാണ്. കതിർ "എന്താ എന്താ അതൊന്നൂടെ പറഞ്ഞേ' എന്ന് വീണ്ടും ചോദിച്ച് ചിരിച്ചു. തുണിയുരിച്ച് നിർത്തി തുപ്പിയത് പോലെ അപമാനം തോന്നി അവന്. "പെറുക്കി റാസ്‌കൽ. എനിക്ക് പറ്റില്ലേ എന്താ? ധൈര്യമില്ല പോലും. നിനക്കൊക്കെ കാണിച്ച് തരാം.'

അവർക്ക് എതിരേ നിന്നുകൊണ്ട് അവൻ ഉറപ്പിച്ച് പറഞ്ഞു.

"വാടാ, ഇപ്പഴേ പോകാം. ഞാൻ റെഡി.'

ചിരിയടക്കാൻ കഴിയാതെ അടക്കിപ്പിടിച്ചുകൊണ്ട് "ശരിക്കും വരുന്നോടാ?' എന്ന് അവർ ചോദിച്ചു.

"എന്തിനാ ഇനിയും ആലോചിക്കണേ?'

ഇവൻ കരയുമെന്നതു പോലെയായി. മുഖത്തിൽ ദേഷ്യം വരുത്തി, "എന്താടാ വിശ്വാസമില്ലേ? പുറപ്പെട് ഇപ്പഴേ' എന്ന് പറഞ്ഞു.

പത്ത് മണിയാകാൻ ഇനിയും സമയമുണ്ടായിരുന്നു. പതുക്കെ ഒന്ന് കറങ്ങിയടിച്ച് വന്നാൽ സമയം പോകും. അവർ ഇറങ്ങി നടന്നു, ഇവന്റെ മനസ്സിൽ തിരിച്ചറിയാനാകാത്ത വികാരങ്ങളുണ്ടായി. ഒരു ആവേശത്തിന് പറഞ്ഞതാണ്. വീട്ടിലറിഞ്ഞാൽ? എന്നാലും ആഗ്രഹമുണ്ടായിരുന്നു. അതെന്താണെന്ന് നോക്കാനുള്ള ഒരു പിടച്ചിൽ. ഉള്ളിലൊരു ചൊറിച്ചിൽ. എന്നാലും ശരിയാണോ? മനസ്സ് സമാധാനപ്പെടുത്തിക്കൊണ്ടിരുന്നു. "ഇവന്മാരെപ്പോലെ നമുക്കെന്താ ഇത് ശീലമാണോ? ഒരു തവണ. ഇത്തവണ മാത്രമേയുള്ളൂ. പിന്നെയില്ല. അതു മാത്രമല്ല. ഇവരുടെ കൂട്ടും വേണ്ട .'

പാതകളിൽ വെളിച്ചം ഇല്ലായിരുന്നു. ഏത് സ്ഥലം എന്ന അടയാളമെല്ലാം എപ്പോഴോ മാഞ്ഞുപോയിരിക്കുന്നു. തുണി ഇസ്തിരിയിടുന്ന മുത്തുവിന്റെ ഉന്തുവണ്ടി നിൽക്കുന്നുണ്ടായിരുന്നു. അവൻ വീടുകളിൽ നിന്നും തുണി എടുക്കുന്നത് എപ്പോഴോ നിർത്തിയിരുന്നു. ഉന്തുവണ്ടിയിലെ തേപ്പ് മാത്രമേയുള്ളൂ. ഇവൻ പോയാൽ, "ചിന്ന സാമിയെ എന്താ ഇടയ്ക്കൊന്നും കാണാത്തത്?' എന്ന് ചോദിച്ച് തേച്ച് കൊടുക്കും. അവന്റെ ഭാര്യ വീടുകൾ വിടാതെ എപ്പോഴും വന്ന് തുണി എടുത്തുകൊണ്ടിരുന്നു.

"എന്താടാ എക്സാമിന് ഡേറ്റെല്ലാം ഇട്ടല്ലോ. എങ്ങനാടാ പഠിക്കണത്?'

കതിരിന്റെ ശബ്ദത്തിൽ സങ്കടം ഉണ്ടാായിരുന്നു.

വീട്ടിലിരുന്നാൽ മാത്രം എന്ത് പഠിച്ച് മറിക്കാനാണൊ പോകുന്നത്? എപ്പോഴും വഴക്ക്, ബഹളം. അവിടെനിന്നും ഭ്രാന്ത് പിടിച്ച് ഓടുന്നതിനേക്കാൾ ഇത് ഭേദമാണ്.

"ഈ നേരത്ത് എന്തിനാടാ അതൊക്കെ? എന്റെ ചോരയൊക്കെ ചൂട് കയറി പതുപതൂന്ന് ഇരിക്കാണ്. എല്ലാം നശിപ്പിക്കാതെടാ.'

ആ പാതയിൽ കയറിയപ്പോഴാണ് അവന് ഓർമ്മ വന്നത്. പെരിയപ്പന്റെ വീട് നിൽക്കുന്ന പാത ഇതുതന്നെയല്ലേ? "ഡെയ് ഇതിലേ വേണ്ടാടാ' എന്നവൻ പറഞ്ഞു. അടുത്ത പാത വഴി പോയി അവർ. പെരിയപ്പൻ കോളനിയിൽ വീട് വാങ്ങി താമസമാക്കിയതാണ്. രണ്ട് വീടുകൾ. ഒന്നിൽ അവർ താമസിച്ച്, മറ്റൊരെണ്ണം വാടകയ്ക്കു കൊടുത്തിരിക്കുന്നു. ഇവൻ ആ ഭാഗത്തേയ്ക്ക് പോകുന്നത് കണ്ടാൽ, "കോളനിപ്പിള്ളേരുമായി നിനക്കെന്താടാ കൂട്ട്?' എന്ന് പറഞ്ഞേക്കും.

"പെരിയപ്പനെയെല്ലാം ഇപ്പൊഴും പേടിക്കുന്നോടാ.'

"ചുമ്മാ വലിയ വീരസ്യം പറയാതെ. നീ പേടിക്കണതെല്ലാം എനിക്കറിയാം. അപ്പോ പറയാം.'

തെരുവുകൾ വിജനമായിരുന്നു. ശീമക്കൊന്ന മരങ്ങൾ കുടപോലെ വിരിഞ്ഞ് നിഴൽ പരത്തി. വിളക്കിന്റെ വെളിച്ചത്തിൽ അവ മെല്ലെ അനങ്ങുന്നത് കാണാൻ മനോഹരമായിരുന്നു. ആ മനോഹാരിതയുമായി നിന്നാലോയെന്നു തോന്നി. ഇവരോടൊപ്പം പോകണമോ? വീടുകൾക്കുള്ളിൽ അടച്ചു കിടക്കുന്നവരെ താണ്ടിക്കൊണ്ട് അവർ പോയി. ഗോപാൽ എന്തിനെപ്പറ്റിയോ കണ്ണുകൾ വിടർത്തി പറഞ്ഞുകൊണ്ടിരുന്നു. "പോകുന്ന ദിശ ഏതാണ്? മാറിപ്പോയോ?'

"എവിടേക്കാടാ പോണത്?'

"ഇപ്പോ കതിരിന്റെ വീട്ടിലേയ്ക്ക് പോണു. ഇപ്പൊ അവിടെ ആരുമില്ല. ദോശമാവുണ്ട്. രണ്ട് മുട്ട വാങ്ങാം. കഴിക്കാം. പത്ത് മണിയാകുമ്പോൾ ഏരിയുടെ ഭാഗത്തേയ്ക്ക് പോകാം.'

കണ്ണുകൾ ചിമ്മിക്കൊണ്ട് മുരളി വിവരിച്ചു. "എല്ലാം ഇവൻ കാരണം ഉണ്ടായതാണ്. ഇവനെ കൂട്ടണ്ടായിരുന്നു.'

"അവന് എല്ലാരേക്കാളും വലിയവനാണെന്ന അഹങ്കാരമാണ്. എല്ലാം തന്നെക്കൊണ്ട് ചെയ്യാൻ പറ്റുമെന്ന വിചാരം. ചൂണ്ടയിട്ട്, കാഴ്ച കണ്ട്, തന്റെ വലയ്ക്കുള്ളിൽ കുടുക്കുന്ന പറ്റിക്കൽ. അവനെ പറഞ്ഞിട്ടും കാര്യമില്ല. നമ്മൾക്ക് ബലമില്ല. ബലമില്ലെങ്കിൽ? എങ്ങിനെയുണ്ടാകുമെന്ന് നോക്കാം. ആവേശം. ഒരു തവണ കാണണമെന്ന തുടിപ്പ്. ഈ വയസ്സിൽ പഠിപ്പും മറന്ന് ഇങ്ങനെ അലയുന്നത് ശരിയാണോ? എന്തിനാണ് അലയുന്നത്? വീട്ടിലിരുന്നാൽ മാത്രം എന്ത് പഠിച്ച് മറിക്കാനാണൊ പോകുന്നത്? എപ്പോഴും വഴക്ക്, ബഹളം. അവിടെനിന്നും ഭ്രാന്ത് പിടിച്ച് ഓടുന്നതിനേക്കാൾ ഇത് ഭേദമാണ്. അപ്പൻ കുടിക്കുന്നു. അണ്ണൻ കുടിക്കുന്നു. ഞാൻ കുടിച്ചിട്ട് എവിടെയും ഉരുളുന്നില്ലല്ലോ? ആർക്കും അറിയില്ലല്ലോ...അറിഞ്ഞില്ലെങ്കിൽ തെറ്റല്ല എന്നാണോ?'
അവന് എന്തൊക്കെയോ തോന്നി. ചിന്തകൾ ചുഴിഞ്ഞു ചുഴിഞ്ഞു വന്നു. അവർ എന്ത് സംസാരിക്കുകയാണെന്നതും കേട്ടില്ല.

"ആരുടേങ്കിലും കെട്ട്യോളുടെ കൈയ്യിൽ പിടിച്ച് വലിക്കാൻ പോകുവാണോ നമ്മൾ? റോഡിലൂടെ പോണവളെ തട്ടിക്കൊണ്ട് പോകുന്നുണ്ടോ? അതൊക്കെ തെറ്റാണ്. പണം കൊടുത്തിട്ടാണ് നമ്മൾ പോണത്.

"എന്താടാ മിണ്ടാത്തത്? പേടിയാണോ?'

അവന്റെ വിളിയിൽ ഉള്ള പരിഹാസം. ചുണ്ടുകളിൽ ഒളിഞ്ഞ് തെളിയുന്ന പുഞ്ചിരി. നീ ഇത്രയേയുള്ളൂ എന്ന പുച്ഛം. അവൻ പെട്ടെന്ന് മറുത്തു പറഞ്ഞു.

"ഇല്ലല്ലോ...സംസാരിക്കുന്നത് കേട്ടുകൊണ്ട് വരുകയായിരുന്നു.'

"അല്ല പേടിയാണെങ്കി നിന്നോ. പിന്നെ അത് ഇതെന്ന് ഞങ്ങളെ പറയാൻ പാടില്ല, കേട്ടാ.'

"മ്.'

കതിരിന്റെ വീട്ടിൽ ആരുമില്ലായിരുന്നു. മുറികൾ മുഴുവനും വിവിധ പടങ്ങൾ, മാൻ കൊമ്പുകൾ, പുലിപ്പാവകൾ.

അദ്ധ്യാപകനാണെങ്കിലും അവന്റെ അപ്പന് വേട്ടയിൽ നല്ല താല്പര്യമായിരുന്നു. കതിരും ഗോപാലും ദോശയും ഓംലെറ്റും ഉണ്ടാക്കാൻ പോയി. ഇവൻ കട്ടിലിൽ കിടന്നു. തലയണയിൽ മുഖം പൂഴ്ത്തിക്കൊണ്ട് അവനോട് ചോദിച്ചു.

"മുരളി...നീ ഇളവരശൻ അഭിനയിച്ച "ഉണർച്ചികൾ' കണ്ടിടുണ്ടോ?'

മുരളി അവനെ ഒരു മാതിരി തുറിച്ചു നോക്കിയിട്ട് ഗുണപാഠം പറയുന്നത് പോലെ പറഞ്ഞു, "എല്ലാത്തിനും അങ്ങിനെയൊന്നും പറ്റില്ലെടാ. ചുമ്മാ പേടിപ്പിക്കാനായിട്ട്. അതും ഇതും ആലോചിച്ച് എന്തിനാടാ വിഷമിക്കണത്? നിന്റെ കണ്ണിന്റെ മുന്നിൽ ഞാനില്ലേ? ചുമ്മാ ഒരു രസമായിരിക്കുമെടാ ഇതെല്ലാം. ഈ പ്രായത്തിൽ എത്ര കാലം കരഞ്ഞോണ്ട് കിടക്കാൻ പറ്റും? പറയ്. പോയി വന്നാലോ, ഛീ....ഇത്രയേയുള്ളൂന്ന് തോന്നും. പിന്നെ നിന്റെ ജോലിയിൽ നിനക്ക് കോൺസണ്ട്രേറ്റ് ചെയ്യാൻ പറ്റും. ഇല്ലെങ്കി എപ്പോ നോക്കിയാലും ഒരേ വിഷാദമായിരിക്കും. സെക്സെന്നാലേ ശരീരത്തിന് വളരെ ആവശ്യമാണെടാ. അത് പ്രധാനമായും ടെൻഷൻ കുറയ്ക്കും ടേയ്.'

"...'

"എത്ര നാള് റോഡില് പോകുന്നവളുമാരെ നോക്കി ഇളിച്ച് മാമിമാരുടെ ഇടുപ്പ് നോക്കിയിരിക്കാടാ'യെന്ന് പറഞ്ഞൊണ്ടിരിക്കാൻ പറ്റും? അവസരമില്ലാത്തവന്മാര് അങ്ങിനെ പറയും. നമുക്കെന്താടാ? ഈ പ്രായത്തിൽ ഇതെല്ലാം ജോളിയാണെടാ.'

"...'

"ആരുടേങ്കിലും കെട്ട്യോളുടെ കൈയ്യിൽ പിടിച്ച് വലിക്കാൻ പോകുവാണോ നമ്മൾ? റോഡിലൂടെ പോണവളെ തട്ടിക്കൊണ്ട് പോകുന്നുണ്ടോ? അതൊക്കെ തെറ്റാണ്. പണം കൊടുത്തിട്ടാണ് നമ്മൾ പോണത്. ഇതില് ആർക്കാ തെറ്റ് പറയാൻ പറ്റുക? എല്ലാം ഈസിയായി എടുക്കെടാ. മനസ്സിനെ കുഴപ്പിക്കാതെ. ഇതുപോലെയുള്ള കാര്യങ്ങൾ ഒരുപാട് ആലോചിക്കരുത്. ഇപ്പോയെങ്കി ഇപ്പോ. ഇപ്പോ മാത്രമാണ് യഥാർത്ഥം എന്ന് വിചാരിക്കണം. വേണ്ടാത്തരമാണെന്ന് വിചാരിക്കുന്നുണ്ടോ? അതിനേക്കാൾ തമാശ വേറെയില്ല.'

"...'
"കതിരും ആദ്യം എങ്ങനെ പേടിച്ചതാണ്. ഇപ്പോ എന്നെ വിളിക്കണത്ര വളർന്നു. അവനവൻ ചെയ്യാത്ത എന്തെങ്കിലും നമ്മൾ പുതിയതായി ചെയ്യാനൊന്നും പോണില്ല. ആരാ യോഗ്യൻ പറ? സന്ദർഭം കിട്ടിയാ എവനും യോഗ്യനല്ല. അതുവരെ യോഗ്യനെപ്പോലെ സംസാരിക്കുമെങ്കിലും.'

അവൻ തുറന്ന് സംസാരിക്കുമ്പോൾ ഇവന് ആശയക്കുഴപ്പമായി. എന്തൊക്കെയോ ഇഴ പിരിച്ച് പറയുന്നത് പോലെയുണ്ടായിരുന്നു. മുന്നും പിന്നും എതിരായി പറയുന്നതു പോലെയും തോന്നി. തെറ്റ് തെറ്റായി പറയുന്നതായും തോന്നി. ഒരു വശത്ത് നോക്കിയാൽ ശരിയായി തോന്നി. അതിനപ്പുറം മനസ്സിലെ പേടികളെ വലിച്ചെറിയാനായി അവൻ അവരോടൊപ്പം പോയി.

കോളനിയുടെ പിന്നിലാണ് ഏരി. വെള്ളം കുഴികളിൽ തളം കെട്ടിക്കിടന്നു. മണലിനായും മണ്ണിനായും വെട്ടിയ ഇടങ്ങളിൽ നോക്കി നോക്കി അവർ നടന്നു.

മുരളി മുന്നിലും കതിരും ഗോപാലും നടുക്കും നടന്നപ്പോൾ, ഇവൻ അവരെ പിന്തുടർന്നു. ഏരി കടന്നപ്പോൾ കുന്ന് ഇടിഞ്ഞു കിടക്കുന്ന ഭാഗമുണ്ടായിരുന്നു. കാറ്റാടിമരങ്ങൾ അടർന്ന് ഇരുട്ടിൽ ശോകമായി നിന്നു. എല്ലായിടത്തും കുന്നുകൾ മാത്രം കണ്ടു.

"എവിടെടാ കാണുന്നില്ലല്ലോ?'

കതിർ വിളറിയ മുഖവുമായി ചോദിച്ചു.

"നിക്കടാ നോക്കാം.'

ശബ്ദം കേട്ട് മറവിൽ നിന്നും ഒരു രൂപം പുറത്തുവന്നു. ഇരുട്ടിൽ നിന്നും വേർതിരിച്ച് കാണാൻ കുറച്ച് സമയമെടുത്തു.

"അട... ആപ്പീസറിന്റെ മോനാണോ? മൊളച്ച് മൂന്ന് ഇല വന്നിട്ടില്ലല്ലോ. നിങ്ങൾക്ക് ആഴ്ചേലൊരിക്കേ പെണ്ണ് വേണോ? വാ വന്ന് ഉഴുതോ. നിന്റെ പാപം കൂടി എനിക്ക് വരട്ടെ.'

"അതേ...ഈ വളവളാന്ന് പറയണത് നീ ഇപ്പഴും വിട്ടില്ലേ?'

ഇവന് നെഞ്ച് പിളരുന്നത് പോലെ വേദനയുണ്ടായി. ഏത് ശബ്ദമാണിത്? കിലുകിലാന്ന് സ്നേഹവും ആദരവും വഴിയുന്ന ശബ്ദം. വാത്സല്യത്തിൽ മുങ്ങിക്കുളിച്ച ശബ്ദം. അവൻ പിന്നോട്ട് ചുവടുകൾ വച്ചു. ആ ശബ്ദത്തിന്റെ തഴുകലിൽ നിന്നും വേർപെട്ടുകൊണ്ട്....അവരെ ഉപേക്ഷിച്ച്.

എസ്. ജയേഷ് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത നോവൽ (എരിവെയിൽ) ഡി.സി. ബുക്സ് അടുത്ത ദിവസം പുറത്തിറക്കും.


പെരുമാൾ മുരുകൻ

തമിഴ് കഥാകൃത്ത്, നോവലിസ്റ്റ്, കവി, വിവർത്തകൻ. നാമക്കൽ ഗവ. ആർട്‌സ് കോളേജിൽ തമിഴ് പ്രൊഫസർ. 'ഇളമരുത്' എന്ന പേരിലാണ് കവിത എഴുതുന്നത്. 'മാതൊരുഭഗൻ' എന്ന നോവലിനെതിരെ ഹിന്ദുത്വ സംഘടനകൾ ഭീഷണിയുമായി രംഗത്തെത്തിയതിനെതുടർന്ന് താൻ എഴുത്തുനിർത്തുകയാണെന്ന് 2015ൽ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട്, വിവാദഭാഗങ്ങൾ നീക്കം ചെയ്താണ് നോവൽ പ്രസിദ്ധീകരിക്കുകയും പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്തത്. ഏറുവെയിൽ, സൂളമാതാരി, അർധനാരി (നോവലുകൾ), നീർവിളയാട്ട് (കഥ), നീർമിതക്കും കൺകൾ (കവിത) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments