"ഫിഫേന്റെ അമ്പത് ക്ലാസിക്കൽ ഡെർബികളുടെ കൂട്ടത്തില് ഇന്ത്യേൽന്ന് ഒരെണ്ണണ്ട്.ഏതാന്ന് സഖാവിനറിയോ.'
ട്രാൻസിസ്റ്റർ സതീശൻ ഹിയറിംഗ് എയ്ഡ് ഇടതുചെവിക്കുഴിയിലേക്ക് ഭദ്രമായി തിരുകി വച്ച് മിനിസ്റ്ററെ ചോദ്യഭാവത്തിൽ നോക്കി.
"അതിപ്പൊ എനിക്കെങ്ങനെ അറിയാനാന്ന് സതീശാ.. നിന്റെ അത്രക്ക് കളിക്കമ്പം എനക്കില്ലാല്ലോ..'
"അതാന്ന്.., സഖാവിനറിയാത്തത് തന്നെയാന്ന് പ്രശ്‌നം. പണ്ട് തൊള്ളായിരത്തി ഇരുപതിലെ കൂച്ച് ബീഹാർ ട്രോഫീന്റെ സെമിഫൈനലിന് രണ്ടായ്ച്ച മുമ്പ്.മോഹാൻ ബഗാനോട് കളിക്കാനിരുന്ന ജൊരോബഗാന്റെ സ്‌ക്വാഡിൽ നിന്ന് ഒരു കളിക്കാരനെ ഒരു കാരണവും പറയാണ്ട് പുറത്താക്ക്ന്ന്.ഹാഫ് ബാക്ക് ശൈലേഷ് ബോസിന.അതൊരു ആന്റി ബംഗ്ലാ മൂവ്‌മെന്റിന്റെ ഭാഗയിര്ന്ന്. സംഭവം അറിഞ്ഞപ്പോ.. ഇന്നത്തെ ബംഗ്ലാദേശിൽ നിന്ന് കിഴക്കൻ ബംഗാളിലേക്ക് കുടിയേറിയ ബാല്ല്യക്കാരുടെ രക്തം തെളച്ചു.അന്നത്തെ ബാശിക്ക് ഓറ് തട്ടിക്കൂട്ടിയ ക്ലബാന്ന് ഈസ്റ്റ് ബംഗാൾ.എതിര് നിൽക്കുന്ന പടിഞ്ഞാറാൻ ബംഗാളുകാരുടെ മോഹൻബാഗാന് സുമാറൊരു നൂറ്റി ഇരുപത് വയസ്സിണ്ടാവും ഇപ്പ. മോഹൻബാഗൻകാര്‌ടെ വര്തീല്ള്ള മൈതാനത്ത് പരിശീലനം നടത്തുന്ന കാര്യം ചൊല്ലിള്ള ഈ രണ്ട് കൂട്ടരുടെ ചൊറയാന്ന് പിന്നെ ഏഷ്യയിലെ ഏറ്റോം പഴക്കം ചെന്ന ഫുട്‌ബോൾ ഡെർബി ആയത്. ദ ബോറോ മാച്ച്!. എൺപതില് സാൾട്ടിലേക്കില് വച്ച്ണ്ടായ തമ്മിൽ തല്ലില് ഇരുചേരീലേം കൂടി പതിനൊന്ന് പേരാണ് തീർന്ന് പോയത്. ഇപ്പഴും കൊല്ലത്തില് ഈ പേരും പറഞ്ഞ് അവിടെ കണക്കിപ്പെടാതെ അഞ്ചാറെണ്ണം തീരും. ഇതു പോലെ തന്നെയാന്ന് സ്‌പെയിനിലെ കാറ്റാലന്മാരും മാഡ്രിഡുകാരും തമ്മില്ള്ള ഫുട്‌ബോൾ വെറി. ഞാനിത്രേം പറഞ്ഞത് ഇതൊരു ആഗോളപ്രതിഭാസം ആണെന്ന് സഖാവിന് തിരിയാൻ വേണ്ടീറ്റാണ്. ഈ കൊൽക്കത്ത ഡെർബി പോലെ, അല്ലേലൊരു എൽ ക്ലാസിക്കോ മാതിരി ഞങ്ങള് പൊയിലോത്ത്കാർക്കും ഇണ്ടൊരു ഡെർബി. കേരളത്തിന്റെ ഈ ഇട്ടാവട്ടത്തിലെ ഒര് മലമണ്ടേല് ആരും അറിയാണ്ടെ നടക്കണ ഒരു ശീതയുദ്ധം. അയില് കാഞ്ഞു പോയവരെ രാഷ്ട്രീയ കൊലപാതകത്തിന്റെ കണക്കിലേ ഇതേവരെ പോലീസ് എണ്ണീറ്റ്ള്ളു. അതിന്റെ പാടൊക്കെ ഇപ്പയും അന്റെ നെഞ്ഞിലും നടുമ്പൊറത്തും കരിവാളിച്ച് കെടക്ക്ന്ന്ണ്ട്. അത് പോട്ടേ.. ഞാനത് എണ്ണീറ്റില്ല. ഇനി എണ്ണേം ഇല്ല. പക്ഷെ ഇതില് പാർട്ടിക്കിണ്ടായ കേടെത്രയാന്ന് സഖാവിന് ഞാൻ പറഞ്ഞ് തരണ്ടല്ലോ.. ഞങ്ങക്കിതൊരു വെറും കളിയല്ല.പാർട്ടിയാപ്പീസിന്റെ മതിലിൽ ഓര് വെട്ടിവച്ച ഒരു തലയിണ്ട്. അയ്‌ന് ചോയ്ക്കാനും പറയാനും ആള്ണ്ട്ന്ന് ഓരറിയണം.'
സതീശന്റെ ഞരമ്പു പാഞ്ഞ മുഷ്ട്ടികൾ കസേര കൈകളിൽ മുറുക്കെ പിടിച്ചു.
"ഒന്നു സമാധാനപ്പെട് സതീശാ.. എല്ലാത്തിനും.. '
"ഒന്നും പറേര് സഖാവേ... അടുത്ത കാർത്തിക ഞാറ്റുവേലക്കാന്ന് ടൂർണമെന്റ്. ഇനി അയ്‌ന്റെടേൽക്ക് കോവിഡ് പ്രോട്ടോക്കോള്ന്ന് പറഞ്ഞ് ഇങ്ങളെ പോലീസ് ഇടിച്ചിറ്റ് കേറര്.. ഞങ്ങളാലേ ആവും പോലെ ഒന്ന് നോക്കട്ടെ.. ഒരിക്കലേ.. ഞങ്ങക്കാ.. നായരെ വേണ്ടു.. ഒരിക്കെ..!'
ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങിയപ്പോൾ മനസ്സിന് വല്ലാത്തൊരു ലാഘവം കൈവന്നതു പോലെ തോന്നി സതീശന്.പ്രധാന കടമ്പ കടന്നു കഴിഞ്ഞിരിക്കുന്നു.ഇനി ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചുള്ള ഏകദേശ രൂപം അയാളുടെ മനസ്സിലുണ്ട്. ജീപ്പിന്റെ ഫ്രണ്ട് സീറ്റിലേക്ക് കയറി ഇരുന്നപ്പോൾ ഇനിയെങ്ങോട്ട് എന്ന ഭാവത്തിൽ ഭാസ്‌കരൻ ട്രാൻസിസ്റ്റർ സതീശനെ നോക്കി.
"കാസ്രോട്ടേക്ക്!'
റിവേഴ്‌സെടുത്ത് വണ്ടി തിരിക്കുമ്പോൾ ഇനി കാണാൻ പോകുന്ന ആളുകളെ കുറിച്ച് ഒരേകദേശ ധാരണ ഭാസ്‌കരന്റെ എക്‌സ്മിലിട്രി തലയിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
ബോൾഷെവിക് പൊയിലോത്തിന്റെ മിക്ക ഗെയിംപ്ലാനുകളും ഉരുത്തിരിഞ്ഞത് ട്രാൻസിസ്റ്റർ സതീശന്റെ ബുദ്ധിയിൽ തന്നെയായിരുന്നു.ഒരിക്കൽ പോലും പന്തു കളിച്ചിട്ടില്ലാത്ത സതീശൻ ഇത്ര വിദഗ്ദമായി കളിമെനയുന്നത് എങ്ങനെയെന്ന് പലരും അൽഭുതം കൂറി. കളി പഠിപ്പിക്കാൻ സതീശൻ പുറത്തു നിന്നു പ്രൊഫഷണൽ പരിശീലകരെ കൊണ്ടു വന്നു. പോകെ പോകെ ജീവഭയം പലരെയും ചുരം കയറുന്നതിൽ നിന്നും പിടിച്ചു നിർത്തി. ജയത്തിന്റെ വക്കു വരെയെത്തിയ പല കളികളും അലമ്പിത്തീരുകയാണുണ്ടായത്. അങ്ങനെ തീരണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ തീർന്നു പോയവരും ചില്ലറയല്ല.
ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ വർക്കുകൾ ജില്ലക്ക് പുറത്തേക്കും വ്യാപിച്ചതോടെയാണ് ബോൾഷെവിക്കുകളുടെ സാമ്പത്തിക പരാധീനതകൾക്ക് ഒരറുതി വന്നത്. എളമ്പിലാക്കലുകാരുടെ കുടിയാന്മാരിൽ ഭൂരിപക്ഷവും പാർട്ടിയിലേക്കും അതുവഴി കോൺട്രാക്റ്റ് സൊസൈറ്റിയിലെയും അംഗങ്ങളായി. പട്ടയം കിട്ടിയ പുറമ്പോക്കു ഭൂമികൾ ഈടുവച്ച് അവർ സൊസൈറ്റിക്ക് പണമിറക്കി. കൃഷിപ്പണി മാത്രം ചെയ്തു ശീലിച്ച പൊയിലോത്തെ അടിയാളജനത പതുക്കെ ചാന്ത് കൂട്ടാനും, കോൺക്രീറ്റിടാനും, പടുക്കാനും പഠിച്ചു. സൊസൈറ്റിക്ക് കീഴിൽ ഐടിഐയും പോളിയും വന്നു. ആദായം കുറഞ്ഞതോടെ എളമ്പിലാക്കലുകാർ ക്രമേണ കൃഷി നിർത്തിയിരുന്നു. അവരുടെ നികന്നു പോയ വയലുകളിൽ സ്വാശ്രയകോളേജുകൾ ഉയരുന്നതാണ് പിന്നെ കണ്ടത്. അതിൽ പിന്നെ ആണ്ടോടാണ്ട് നടന്നു വന്നിരുന്ന സെവൻസ് ടൂർണമെന്റ് എളമ്പിലാക്കലുകാർ ഗൗരവത്തിലെടുത്തു തുടങ്ങി.
"അല്ല സതീശാ.. നീ ബിചാരിക്കീം പോലെ പ്രൊഫഷണൽ കളിക്കാര് ആരെങ്കിലും നമ്മള നാട്ടിക്കിനി ബര്വോ.. എത്ര ബാറ്റ കൊടുത്താലും ആളെ കിട്ടാൻ പോണില്ല... കളിക്കാൻ പോയിറ്റ് കളി പഠിപ്പിക്കാൻ ഒരാളെ കിട്ട്വോ.. രണ്ട് കൊല്ലായിറ്റ് പിള്ളര് പന്ത് നേരാംവണ്ണം തട്ടീറ്റില്ല. രണ്ട് പയ്യന്മാര് ഐ ലീഗിൽ കളിക്കണത് ഒഴിച്ച് നിർത്ത്യാല് പിന്നാരാന്ന് ഇള്ളത്. അല്ല എത്രയൊക്കെ കൂട്ട്യാലും അയ്റ്റിങ്ങള് എറക്ക്ന്ന കളിക്കാരോടാവോ.. എത്ര ബട്ടം തോറ്റ്.. ഇനി നിർത്തരോ..'
ഓടുന്ന വണ്ടിയുടെ താളക്കെട്ടിനൊപ്പം ട്രാൻസിസ്റ്റർ സതീശൻ ചിരിച്ചു. "ഭാസ്‌കരാ.. ഇയ്യ് മാമാങ്കത്തിന്റെ കത കേട്ടീറ്റ്ണ്ടാ.. പയ്പത്ത് കൊല്ലം കൂടുമ്പോ ഭാരതപൊഴേന്റെ മണൽതെട്ടേല് നടക്ക്ന്ന ഒരുൽസവാന്നത്. സാമൂതിരിയാന്ന് അയ്‌ന്റെ രക്ഷാധികാരി. പണ്ട് കോലത്തിരിയെ യുദ്ധത്തിൽ തോപ്പിച്ചിറ്റാണ് സാമൂതിരി ആ സ്ഥാനം പിടിച്ച് വാങ്ങിച്ചത്. പക്ഷെ പത്തു കൊല്ലം കൂടുമ്പോ കോലത്ത് നാട്ട്ന്ന് ചാവേറുകള് പോകും. നിലപാട് തറയിൽ രണ്ടായിരം പടേന്റെ നട്ക്കിരിക്ക്ന്ന സാമൂരീനെ കൊന്ന് സ്ഥാനം തിരിച്ച് പിടിക്കാൻ. പോയ ചാവേറുകളൊന്നും ഇന്നേബരെ തിരിച്ച് ബന്നിറ്റില്ല. എന്നാലും അടുത്ത ബട്ടം പിന്നേം പോവും. തോൽക്കുംന്ന് ഒറപ്പ്ള്ള കളി ഉശിരോടെ കളിച്ച് ഇല്ലാണ്ടാവ്‌ന്നേലും ബല്ത് എന്താണ്ടാ ജീവിതത്തില്ള്ളത്. തോറ്റമ്പി കെടക്ക്ന്ന ബംഗാളിലും ത്രിപുരേലും നമ്മടെ സഖാക്കള് കളിക്ക്ന്ന അതേ കളി. ഉശിരമാര്‌ടെ.. കളി...!
ഭാസ്‌കരൻ പിന്നൊന്നും ചോദിച്ചില്ല. അയാളുടെ വിരലുകൾ ഗിയർലിവറിൽ ചലിച്ചു. സി.ജെ സെവൻ ഇരമ്പി കൊണ്ട് കയറ്റം കയറാൻ തുടങ്ങി.
അധ്യായം നാല്: കൺവെൻഷൻ
അപ്പു മാസ്റ്റർ കൈക്കോട്ടും കത്ത്യാളുമായി പുലർച്ച നേരത്ത് ഇടവഴിയിറങ്ങി. തണ്ടാസ് കണ്ടത്തോടടുക്കും തോറും മണ്ണിന് ഇരുണ്ട നിറം കലരുന്നുണ്ടായിരുന്നു. അയാളുടെ കിതപ്പ് പതുക്കെ മീഥൈനിന്റെ ഗന്ധമുള്ള വായുവിലലിഞ്ഞു. ഇടിവെട്ടിയ തെങ്ങിൽ പൊത്തുകൾ നിർമിച്ച് താമസിക്കുന്ന മരംകൊത്തിയും കുടുംബവും അയാളുടെ കടന്നുകയറ്റത്തിനു മുമ്പേ പ്രതിഷേധിച്ചു കരഞ്ഞു. അണ്ണാന്മാർ കാരണമില്ലാതെ ചിലച്ചു. ഹനുമാൻ കിരീടങ്ങളുടെ തഴച്ചു മുറ്റിയ പൊന്തകൾ വകഞ്ഞ് മാസ്റ്റർ തൊടിയിലേക്ക് കടക്കുന്നത് അവ അമർഷത്തോടെ ചിലച്ചു കൊണ്ടിരുന്നു. ആദ്യ കാലടി വച്ചപ്പോൾ തന്നെ കുമിഞ്ഞു പൊന്തുന്ന മനുഷ്യമലങ്ങളിൽ നിന്നും ചരലുവാരി എറിഞ്ഞ പോലെ വണ്ടുകളും മണിയനീച്ചകളും പറന്നു തുടങ്ങി.
സ്റ്റേജ് കെട്ടാനുള്ള മുളകളും കവുങ്ങിന്റെ അലകുകളും സുഗതനും പറങ്ങോടനും ഇന്നലെ രാത്രി തന്നെ ഗുണ്ടർട്ട് പ്രസ്സിന്റെ ചുമരിനോട് ചേർത്ത് ചാരിവച്ചിട്ട് പോയി.അത്രയേ അവരെ കൊണ്ടാവു. ഭയം അവരുടെ ജനുസ്സിൽ ഇത്തിൾക്കണ്ണി പോലെ പടർന്നുപിടിച്ചതാണ്.
"സ്റ്റഡിക്ലാസുകൾ കൊണ്ടൊന്നും അത് മാറാൻ പോകുന്നില്ല. സംഘടിച്ചു നിൽക്കുന്നതിന്റെ ശക്തി അവർക്ക് സ്വയം ബോധ്യം വരണം.'
ഹനുമാൻ കിരീടങ്ങളുടെ തലയരിഞ്ഞിടുമ്പോൾ അപ്പുമാസ്റ്റർ ആരോടെന്നില്ലാതെ പറഞ്ഞു. ആ സമയം പൊന്തക്കുള്ളിൽ മറഞ്ഞിരുന്ന് മുക്കുകയായിരുന്ന സതീശൻ പൃഷ്ടം പൊന്തിച്ച് അതിരിലെ മുരിക്കിന്റെ ചുവട്ടിലേക്ക് മാറിയിരുന്നു. അവനെ സ്‌ക്കൂളിൽ കണക്ക് പഠിപ്പിക്കുന്നത് അപ്പുമാസ്റ്ററാണ്. നട്ടപ്പൊലച്ചക്ക് മാഷിനെന്താണ് തണ്ടാസ് കണ്ടത്തില് എടപാട്. അവൻ ചരിഞ്ഞു നോക്കി. പക്ഷെ പൊടുന്നനെ വിരേചനസുഖത്താൽ സതീശന്റെ കണ്ണുകൾ മുകളിലേക്ക് മറഞ്ഞു പോയി.
അപ്പുമാസ്റ്റർ ആദ്യം ചവിട്ടിയത് പെരിക്കാലൻ കീരന്റെ വകയിലായിരുന്നു. കീരൻ തൂശനിലയിൽ പായസം വിളമ്പുന്ന പോലെ ക്ഷണവേഗത്തിൽ കാര്യം സാധിക്കുന്നവനാണ്. പിന്നാലെ ചെറിയക്കന്റെയും തിരുക്കൻ നായിടിയുടെയും ചവിട്ടിയാൽ വഴുക്കണ സൈസ് സാധനത്തിൽ കാലൊന്ന് പാളി. മാസ്റ്റർ പാണലിന്റെ കൊമ്പുകളിൽ പിടിച്ച് വീഴാതെ ബാലൻസ് ചെയ്ത് നിന്നു. നോക്കെത്താ ദൂരത്തൊന്നും ഒരു മനുഷ്യജീവി പോലുമില്ല. വീണു കാലുളുക്കിപ്പോയാൽ ആരെങ്കിലും തൂറാൻ മുട്ടി വരുന്നത് വരെ ഇവിടെ കിടക്കേണ്ടി വരും. മാസ്റ്റർ ഓരോ കാലടിയും ശ്രദ്ധിച്ച് വച്ചു. ഇലകളുടെ പടർപ്പുകൾക്കും ശിഖരങ്ങൾക്കും ഇടയിലൂടെ അയാളുടെ കത്ത്യാള് ശരവേഗത്തിൽ പാഞ്ഞു പോയി. പക്ഷികളും പ്രാണികളും പ്രതിഷേധിച്ച് പറന്നു. കോടാലി കൊണ്ടു വീണ മരങ്ങളുടെ കുറ്റികളിൽ നിന്ന് സാവധാനം മരക്കറ മണ്ണിലേക്കിറ്റി. തീട്ടം പുരണ്ട കണങ്കാലുകൾക്ക് ചുറ്റും ഈച്ചകൾ ഉപഗ്രഹങ്ങളെന്ന പോലെ വലം വച്ചു കൊണ്ടിരുന്നു. അപ്പുമാസ്റ്റർ കൈക്കോട്ടുമായി കണ്ടത്തിൽ തെക്കുവടക്ക് ഓടി നടന്നു. കണ്ടം ചെത്തിക്കോരി വെടിപ്പാക്കി തീർന്നപ്പോഴേക്കും സൂര്യൻ ഉച്ചിയിലെത്തിയിരുന്നു. മാസ്റ്റർ പക്ഷെ വിശ്രമിച്ചില്ല.സ്റ്റേജ് കെട്ടാനുള്ള മുളകളും കവുങ്ങിൻപാത്തികളും അയാൾ ഒറ്റക്ക് തന്നെ തോളുവെച്ചു.പീടികത്തിണ്ണയിലേക്കും തണ്ടാസ് കണ്ടത്തിലേക്കും മടുപ്പില്ലാതെ, പലയാവർത്തി നടക്കുന്ന മാഷിനെ ദേശം അമ്പരപ്പോടെ നോക്കി. ഉരുകിയൊലിക്കുന്ന വെയിലത്തിരുന്ന് അയാൾ കാലുകൾ നാട്ടി. തെങ്ങിൻപാന്തകൾ കൊണ്ട് പിണച്ച് മുറുക്കി, സ്റ്റേജ് കെട്ടിയുറപ്പിക്കുന്ന സമയമത്രയും ഗുണ്ടർട്ട് അച്ചുകൂടത്തിന്റെ കല്ലുകൾ ചുവന്ന നോട്ടീസ് കടലാസിൽ സഖാവ് ഗോപാലൻ എന്ന് അച്ചടിക്കുന്ന തിരക്കിലായിരുന്നു.
യോഗത്തിന് ആളെക്കൂട്ടുന്നതായിരുന്നു അടുത്ത കടമ്പ. നോട്ടീസു കെട്ടുമായി അപ്പുമാസ്റ്റർ പൊയിലോത്തെ വീടുകളിലും പുലയകുടികളിലും കയറി. അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചു.
"നായിട്യാട്ടാ.. ഇങ്ങള് ബരണം.'
"തങ്കപ്പെണ്ണേ.. ഇനീള്ള കാലും കൂലി നെല്ലായ്റ്റ് കിട്ട്യാ മത്യോ.. ഇയ്യന്റെ തീയന്യും മക്കള്യും കൂട്ടി ബാ..'
"ആയ് ആ തീട്ടപ്പറമ്പിലേക്കോ മാസ്റ്റേ..!'
തങ്കപ്പെണ്ണിന്റെ തീയന്റെ മുഖത്ത് തീട്ടത്തിൽ ചവിട്ടിയ ഭാവം. തണ്ടാസ് കണ്ടം, ഒരു കക്കൂസ് കുഴി തോണ്ടാൻ പോലും ഗതിയില്ലാത്ത പാവങ്ങൾ മാത്രം രഹസ്യമായി സന്ദർശിച്ചു പോന്നിരുന്ന ദേശത്തെ ഏകയിടമായിരുന്നു. കൂരയിൽ വന്നു കയറിയ അധ്യാപകനെ മുഷിപ്പിക്കേണ്ടെന്ന് കരുതി അവർ വരാമെന്നേറ്റു. ചുവന്ന നോട്ടീസ് കടലാസ് കിട്ടാൻ കുട്ടികൾ മാത്രം ആത്മാർത്ഥമായി അപ്പു മാസ്റ്ററുടെ പിന്നാലെ കൂടി.
ഏഴാംദിവസം പകൽ, ഉച്ചതിരിഞ്ഞ നേരത്ത് സഖാവ് ഗോപാലൻ ഏകനായി ദേശത്തെത്തി ചേർന്നു.അന്തരീക്ഷത്തിൽ ഘനീഭവിച്ചു കിടക്കുന്ന തീട്ടവാസന പോകാൻ അകിലും സാമ്പ്രാണിയും പുകക്കാൻ പറങ്ങോടനെ ഏൽപ്പിച്ചതായിരുന്നു. പൊയിലോത്തെ അങ്ങാടിയിൽ നിന്ന് സഖാവിനെയും കൂട്ടി വരുമ്പോൾ പറങ്ങോടൻ മൂക്കുപൊത്തി മാറി നിൽക്കുന്നതാണ് അപ്പു മാസ്റ്റർ ആദ്യം കണ്ടത്. പ്രസംഗം കേൾക്കാൻ വന്ന പുലയരും ചെത്തു തൊഴിലാളികുടുംബങ്ങളും തണ്ടാസ്‌കണ്ടത്തിന്റെ അതിരിൽ സ്തഭ്ധരായി അറച്ച് ഉറച്ചു പോയിരിക്കുന്നു. മാസ്റ്റർ ഉച്ചാടനം ചെയ്ത മണിയനീച്ചകൾ സർവ്വപ്രതാപത്തോടെ പറമ്പിൽ മൂളിപ്പറന്നു. മുരിക്കിന്റെ തണലിൽ നിന്നാണ് സതീശൻ കണ്ടത്. വലിയ കൈകൾ അകത്തി വീശികൊണ്ട് ഒരാൾ സ്റ്റേജിലേക്ക് കയറുന്നു. സഖാവ് ഗോപാലൻ!
തണ്ടാസ് കണ്ടം കഴിഞ്ഞ ഒരൊറ്റ രാത്രി കൊണ്ട് തൂറി നിറച്ചിരുന്നു.സ്റ്റേജിൽ ഒരിഞ്ച് സ്ഥലം പോലുമില്ല തൂറി നിരങ്ങാത്തതായിട്ട്.സഖാവ് ഗോപാലൻ അവിടെ നിന്ന് മുണ്ട് മടക്കിക്കുത്തി. പിന്നെ കൂസലില്ലാതെ പ്രസംഗിച്ചു തുടങ്ങി.
"കേട്ടിനാ സഖാക്കളെ... ഞാൻ ഈട്‌ത്തേക്ക് വരുന്നേരം വഴീല് വെച്ച് ഈടെ ഒരു തീട്ടം തിന്ന്ന്ന ജന്മി ഇള്ളതായിട്ട് കേട്ട്. നാല് നേരം തീട്ടം തിന്ന് വയറ്റിൽ പിടിക്കാതെ ഇന്നലെ രാത്രി ആയളത് മുഴുവൻ ഈ കണ്ടത്തില് ശർദ്ധിച്ചിനി. എന്താ കഥ.. അങ്ങനെയും ഇണ്ട് നാട്ടില് മന്ഷ്യന്മാര്. അത് പോട്ട്.. എന്ത് തിന്നണം എന്ത് തൂറണം എന്നതൊക്കെ ഓന്റെ കാര്യം. പക്ഷെ ഈടത്തെ തൊഴിലാളികളുടെ നെഞ്ചത്ത് ആ തിന്നതിന്റെ ഊറ്റം കാണിക്കാന്ന് എനീം കര്ത്യാല്..'
ആളുകൾ അത് കേട്ട് ഉൾക്കിടിലത്തോടെ ചുറ്റുപാടും നോക്കി. അത്രയും ധൈര്യമുള്ളൊരു മനുഷ്യനെ അവരാദ്യം കാണുകയായിരുന്നു. ആവേശം അവരുടെ സിരകളിൽ പടർന്ന് പതുക്കെ ഉച്ചിയിൽ കയറി. പ്രസംഗം തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും തണ്ടാസ്‌കണ്ടത്തിന്റെ അതിരിൽ കൂടി നിന്നിരുന്ന എല്ലാ മനുഷ്യജീവികളും തീട്ടമണം വിസ്മരിച്ച് കണ്ടത്തിലേക്ക് കടന്നു കയറിയിരുന്നു. പ്രസംഗിച്ച് അവസാനിപ്പിക്കുമ്പോൾ സഖാവ് ഗോപാലൻ വിളിച്ചു കൊടുത്ത മുദ്രാവാക്യങ്ങൾ പറമ്പിലെ വായുവിൽ അലയടിച്ചു. അതിന്റെ മാറ്റൊലികളേറ്റ് അടർന്നു വീണ മുരിക്കിൻപൂക്കൾ അന്നാദ്യമായി ദേശത്തെ ചുവപ്പിച്ചു. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.