ചിത്രീകരണം : ശശി ഭാസ്കരൻ

പൊയിലോത്ത് ഡെർബി

അധ്യായം അഞ്ച് : കോച്ച്

ണങ്ങിയ പറങ്കിമാവിലകൾ വീണു നിറഞ്ഞ മുറ്റത്തേക്ക് കയറുമ്പോൾ ട്രാൻസിസ്റ്റർ സതീശൻ വല്ലാതെ അണച്ചിരുന്നു. കയറ്റം കയറിയതു കൊണ്ടാവുമെന്ന് അയാൾ കരുതി. ഉച്ചവെയിൽ വീണു ചിന്നിയ കരിമ്പാറകൾക്ക് മുകളിൽ മൃഗതൃഷ്ണകൾ പൊങ്ങുന്നുണ്ടായിരുന്നു. മുറ്റത്ത് പഴുത്ത പറങ്കിക്കായകളുടെ ഗന്ധം. ഭാസ്‌കരൻ വീടിന്റെ ചുമരിൽ കോളിംഗ് ബെല്ലിനായി പരതി. അയാളത് കണ്ടെത്തും മുമ്പേ കരയുന്ന ശബ്ദത്തിൽ വാതിൽപൊളികൾ ഇളകി നീങ്ങി. പലയിടങ്ങളിലായി നരകയറിയ ഒരു തല അതിലൂടെ പുറത്തേക്ക് വന്നു.അന്നു രാത്രിയിൽ കണ്ട അതേ കണ്ണുകൾ. പക്ഷെ, കുറച്ച് തടിച്ചിരിക്കുന്നു. വാക്കിംഗ് സ്റ്റിക്ക് നിലത്തൂന്നി അയാൾ ചോദ്യഭാവത്തിൽ ആഗതരെ നോക്കി. പിന്നെ മനസ്സിലായ മട്ടിൽ ഇരിക്കാൻ ആംഗ്യം കാട്ടി.

"കാലമെത്ര കഴിഞ്ഞാലും മനുഷ്യര് മനസ്സില് സൂക്ഷിക്കണ രണ്ട് വികാരങ്ങളേ ഉള്ളു.സ്‌നേഹവും പകയും. എന്തിനോടെങ്കിലും സ്‌നേഹം ഉള്ളോർക്കേ എന്തിനോടെങ്കിലും പകയും കാണു.'

സതീശൻ പറഞ്ഞു തുടങ്ങി.

"മുഖവുര വേണ്ട.വന്ന കാര്യം പറയാം.'

വാക്കിംഗ് സ്റ്റിക്ക് ചുമരിൽ ചാരിവച്ച് അനക്കമില്ലാത്ത ഇടങ്കാലിൽ നിന്ന് കണ്ണെടുക്കാതെ അയാൾ ട്രാൻസിസ്റ്റർ സതീശനോട് പറഞ്ഞു. സതീശൻ അയാളുടെ കണ്ണിലേക്ക് ഇമ ചിമ്മാതെ നോക്കി.പിന്നെ നാടകീയമായൊരു ഭാവത്തോടെ അയാൾ തുടർന്നു.

"അന്റെ കുട്ട്യേളെ എം.മാധവൻ നായർ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനെറക്കാൻ അനക്ക് പേടിയില്ലാത്ത ഒരു കോച്ചിനെ ബേണം. അന്ന് ഇങ്ങൾക്ക് കളിക്കാൻ പറ്റാതെ പോയ കളി, അന്റെ കുട്ട്യോളെ കൊണ്ട് ഇങ്ങള് കളിപ്പിക്കണം.'

കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പത്തിരുപത് കൊല്ലം മുമ്പുള്ളൊരു പാതിരാത്രി ആ സംഭാഷണത്തിന് വഴിമുടക്കി നിന്നു. സതീശൻ തന്നെയാണ് ആ നിശബ്ദതക്ക് വിരാമമിട്ടത്.

"ഇങ്ങളെ ഇയിന്റെടേൽ വലിച്ചിട്ടത് ഞാനാന്ന്. ഇടങ്കാലിന്റെ ലെയ്‌സ്പാർട്ട് കൊണ്ടെടുത്ത, ഗോൾപോസ്റ്റിന്റെ ഹൃദയം ഞെട്ടണ ആ കിക്ക്. അതു കൊണ്ട് മാത്രം ബോൾഷെവിക് പൊയ്‌ലോത്തിന് ഇങ്ങളെ വേണമെന്ന് ഞാൻ കര്തി.'

അയാൾ ചിരിച്ചു. വലതുകൈകൊണ്ട് ശോഷിച്ച ഇടതുകാലെടുത്ത് തിണ്ണക്ക് മേലേക്ക് വച്ച് അയാൾ സതീശനോട് പറഞ്ഞു.

"അന്ന് ആശുപത്രിയിൽ നിന്ന് ഇറങ്ങിയതിൽ പിന്നെ ഈ കാല് കൊണ്ട് പന്ത് തട്ടാനൊത്തിട്ടില്ല. ആ കേസ് തീരാൻ തന്നെ കാലം ഒരുപാട് പിടിച്ചു. സ്വയരക്ഷക്ക് വെടിവച്ചതാണെന്ന് കോടതി വിശ്വസിച്ചാലും തോക്കെവിട്‌ന്നെന്ന് പറയണ്ടത് എന്റെ മാത്രം ബാധ്യത ആയിരുന്നു. നാരായണേട്ടന്റെ സ്‌പെഷ്യൽ.'

അയാൾ പുഛത്തോടെ പറങ്കിക്കാടുകളിലേക്ക് നോക്കി

"ഹും... ഡിപാർട്‌മെന്റ് എന്നെ തഴഞ്ഞു. ആറ് കൊല്ലം. അന്ന് തമ്മിൽ കാണും എന്നു കരുതിയതാണ് പക്ഷെ ഇന്നാണ് ട്രാൻസിസ്റ്റർ സതീശനെ നേരിൽ കാണാനൊത്തത്. പക്ഷെ സതീശേട്ടാ.. എനിക്കാരോടും സ്‌നേഹമില്ല. അതുകൊണ്ട് തന്നെ പകയും.'

സതീശൻ നരച്ച മീശരോമങ്ങളിൽ വിരലുകൾ ഉരസ്സി അയാളെ കേട്ടിരുന്നു. എങ്ങനെയും അയാളെ അനുനയിപ്പിക്കണം എന്നൊരു വാശി അപ്പോഴേക്കും അയാളെ ബാധിച്ചു കഴിഞ്ഞിരുന്നു.

"അന്ന് ഇങ്ങൾക്ക് പോയത് കാലാണെങ്കി എനിക്കെന്റെ ചാഴിയാന്ന് പോയത്. ഓനെനിക്കെന്റെ അനിയനെ പോലായിനും. എന്നിട്ട് ഞങ്ങള് നിർത്തിയോ.. ഇല്ല. കൊണ്ടും കൊടുത്തും ഞങ്ങളങ്ങനെ മുമ്പോട്ടു പോയി. ഇങ്ങളെ അയ്‌നെടക്ക് കൊറേ തെരഞ്ഞു. എട്യാന്ന് ആര്ക്കും തിരിയില്ല. പക്ഷെ.. ഒരിക്കെ കാണുംന്ന് വിചാരിച്ചീന്.. നിങ്ങടെ നഷ്ടം നെകത്താൻ എനക്കാവൂല.. ന്നാലും ഇത്രകാലം കയിഞ്ഞ് ഈ ടൂർണമെന്റ് വീണ്ടും തൊടങ്ങുമ്പോ എനിക്ക് ആദ്യം ഓർമ വന്നത് ബോൾഷെവിക് പൊയിലോത്തിന് ഒരുകാലത്തും ബൂട്ട് കെട്ടീട്ടിലാത്ത ഒരു മന്ഷ്യനെയാന്ന്. എന്താന്നറിയോ..? ഇങ്ങൾക്ക് പകയില്ലെങ്കിലും നിങ്ങടെ കൂടെയിള്ള ഒന്നിന് അത്ണ്ട്.'

ട്രാൻസിറ്റർ ഇരുന്നിടത്ത് നിന്ന് കൈ എത്തിച്ച് അയാളുടെ ശോഷിച്ച ഇടതുകാലിൽ പതുക്കെ തൊട്ടു. ആതിഥേയൻ ഒന്നു ഞെട്ടി.അയാൾ സതീശനെ കണ്ണിമചിമ്മാതെ നോക്കി

"അനങ്ങാത്ത ഈ കാലിന് പകയില്ലാന്ന് ഇങ്ങളെ കൊണ്ട് പറയാനാവോ..? ഈ കാലിന് സ്‌നേഹണ്ട്.. ! എന്തിനോടാന്നറിയോ..? '

അയാൾ ആ ചോദ്യത്തെ അവഗണിച്ചു കൊണ്ട് എഴുന്നേൽക്കാൻ ഭാവിച്ചു. സതീശൻ അയാളെ തടഞ്ഞ് തിണ്ണയിൽ നിന്നെഴുന്നേറ്റു. പിന്നെ പതുക്കെ അടിവച്ച് ജീപ്പിനടുത്തേക്ക് നടന്നു. സീറ്റിനടിയിൽ നിന്ന് നിവിയയുടെ ഒരു പഴയ ഫുട്‌ബോൾ പരതിയെടുത്ത് അയാൾ തിരിച്ചു വന്നു. പോക്കുവെയിലിൽ മിന്നുന്ന, കരുവാളിപ്പ് പടർന്ന ഇടങ്കാലിനടുത്ത് അയാളാ പന്ത് വച്ചു. ജീവനുള്ളൊരു ജന്തുവിനെ പോലെ, അടക്കാനാവാത്ത പ്രണയത്തോടെ, ആ പന്ത് ശോഷിച്ച കാൽപാദത്തിലേക്ക് നോക്കി !

ജീപ് മേടിറങ്ങുമ്പോൾ ട്രാൻസിസ്റ്ററിന്റെ മുഖത്ത് ഒരു ചെറു ചിരി വിടരുന്നുണ്ടായിരുന്നു.

അധ്യായം ആറ് : ഉപ്പുമാവ്

"എന്താ മാഷേ.. ഒരു തീട്ടവാസന..! '

സ്റ്റാഫ് റൂമിലേക്ക് കടന്ന് കസേരയിൽ അമരും മുമ്പേ സദാശിവൻ മാസ്റ്റർ പരിഹാസത്തിന്റെ പൊതിയഴിച്ച് മുന്നിൽ നിരത്തി.

"അല്ല മാഷേ. ഇങ്ങക്കീ പെലയന്മാരെ തീണ്ടക്കണ്ടം നെരങ്ങി നടക്കണ്ട വല്ല കാര്യോം ഉണ്ടോ. ബാക്കി ഉള്ളോരെ പറയിപ്പിക്കാനായിട്ട്.'

അത് കേൾക്കാൻ കാത്തിരുന്നിട്ടെന്ന പോലെ സിസിലി ടീച്ചറും ക്ലാർക്ക് രാഗിണി പോറ്റിയും പശ്ചാത്തലത്തിൽ വാ പൊത്തി ചിരിച്ചു. അപ്പു മാസ്റ്റർ ഷെൽഫ് തുറന്ന് അറ്റന്റൻസ് രജിസ്റ്റർ എടുത്ത് കക്ഷത്ത് വച്ചു. സ്റ്റാഫ് റൂമിന്റെ പടി കടക്കുമ്പോൾ അയാൾ തിരിഞ്ഞു നിന്നു.

"കേട്ടോ ദിവാകരൻ മാഷേ.. അന്നം തിന്ന്‌ന്നോരാണ് കണ്ടിയിടാറ്.. അങ്ങനല്ലേ നിങ്ങള് പ്ള്ളറെ പഠിപ്പിക്കല്. എന്നാ വേറൊരു കൂട്ടറ്ണ്ട്. ജമ്മിമാര്‌ടെ തീട്ടം തിന്ന് കൊരക്ക്‌ന്നോര്.. ഓറെ പല്ലിന്റെടേല് കുത്തി മണപ്പിച്ചാല് മുടിഞ്ഞ നാറ്റായിരിക്കും. ആ നാറ്റം പോക്കാൻ നടക്കലല്ല അന്റെ പണി കേട്ടീനാ!..'

ദിവാകരൻ മാസ്റ്റർ എന്തോ പറയാനാഞ്ഞത് വിഴുങ്ങി വെറുതെ തലയാട്ടുക മാത്രം ചെയ്തു. സ്റ്റാഫ് റൂം കുറച്ച് നേരത്തേക്ക് നിശബ്ദമായി. രാഗിണിപോറ്റി ഒരു മനംപുരട്ടലിന്റേതായ ഭാവചേഷ്ടകളോടെ സിസിലി ടീച്ചറെ നോക്കി. അന്നു പകൽ സ്‌ക്കൂളിന്റെ മൂത്രചുമരുകളിലെല്ലാം ആരോ തണ്ടാസ്മാസ്റ്റർ എന്നു കോറിവരച്ചിരുന്നു.

അന്ന്, ലോക്കൽ കമ്മിറ്റി മീറ്റിംഗ് കഴിഞ്ഞ വൈകുന്നേരം പാർട്ടി പുതിയൊരു ചുമതല കൂടി കോംമ്രേഡ് അപ്പുവിന് ഏൽപ്പിച്ചു കൊടുത്തു. അയാൾ അടുത്ത ശനിയാഴ്ച്ച തന്നെ തലശ്ശേരിക്ക് പുറപ്പെട്ടുപോയി. ഗോൾഡൻ ബെയ്ക്‌സിൽ നിന്ന് രണ്ട് തുണിച്ചാക്ക് നിറയെ റസ്‌ക്കും മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വറീത് മാപ്പിളയോട് വിലപേശി അഞ്ച് കിലോ കാപ്പിപ്പൊടിയും വാങ്ങി. തിരിച്ച് വണ്ടിയിലിരിക്കുമ്പോൾ അയാൾ അറിയാവുന്ന തലകളൊക്കെ ഓർത്തെടുത്ത് എണ്ണിക്കൊണ്ടിരുന്നു. കൊണ്ടു പോകുന്ന ചരക്ക് സൂമാർ മൂന്നു മാസത്തേക്കുള്ളതുണ്ട്. ഒരാൾക്ക് രണ്ടു കഷ്ണം റസ്‌കും ഒരു ക്ലാസ് കാപ്പിയും. തരക്കേടില്ലാത്ത പരിപാടിയാണ്. പൊയിലോത്ത് ചെന്നിറങ്ങുമ്പോൾ പീടികത്തിണ്ണയിൽ പറങ്ങോടനും സുഗതനും മാസ്റ്ററെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർ ചാക്കുകെട്ടുകൾ താങ്ങി കൊണ്ടുപോയി പാർട്ടി ഓഫീസിന്റെ ചോർച്ചയില്ലാത്ത ഒരു മൂലയിൽ അട്ടിയിട്ടു. കാപ്പിപ്പൊടി കൈയ്യിലിട്ട് ഞെരടി വാസനിച്ചു കൊണ്ട് മാസ്റ്റർ അടുത്ത പരിപാടിയെ കുറിച്ചാലോചിച്ചു.

പൊയിലോത്തെ പുലയരുടെ കുട്ടികളിൽ ഏറിയപങ്കും സ്‌ക്കൂളിന്റെ പടി കാണാത്തവരാണ്. സ്‌ക്കൂളിൽ കഞ്ഞിപ്പുര കെട്ടുകയും അമേരിക്കൻ മാവിന്റെ ചാക്കുകൾ സ്റ്റോറൂമിൽ അട്ടിക്കിടാൻ തുടങ്ങുകയും ചെയ്തതോടെ മരംചാടിയും പെടുന്താള് പെറുക്കിയും നടന്ന പുലയക്കുട്ടികൾ ഒന്നൊഴിയാതെ സർക്കാർ സ്‌കൂളിന്റെ പടിക്കൽ വന്നടിഞ്ഞു. അഞ്ചാംക്ലാസുവരെ കുട്ടികൾക്ക് ഉപ്പുമാവ് കിട്ടും എന്ന് കേട്ടറിഞ്ഞ് വയസ്സു തികയാത്ത കുട്ടികളുടെ കൂടി പേര് ചേർക്കാൻ തള്ളമാർ തിക്കുംതിരക്കും കൂട്ടി. പതിനൊന്ന് മണിക്ക് വെന്ത അമേരിക്കൻ മാവിന്റെ ഗന്ധം സ്‌ക്കൂളിന്റെ ഓലമറകൾക്കിടയിലൂടെ അതിക്രമിച്ചു കയറുന്നതോടെ അവർക്ക് ഇരിപ്പുറക്കാതെയാവും. ബെല്ലടിക്കുമ്പോൾ മതിലിൽ നിന്ന് താഴോട്ട് വളർന്ന ചില്ലയിൽ നിന്ന് പൊടുവണ്ണിയില വലിച്ചു പൊട്ടിച്ച് പുലയരുടെ മക്കൾ കഞ്ഞിപ്പുര ലക്ഷ്യമാക്കി കുതിക്കും. സ്‌ക്കൂളിൽ പോവുന്നത് ഉപ്പുമാവ് തിന്നാനാണെന്ന് മാത്രം അവർ ഉരുവിട്ടു പഠിച്ചു. അതിലപ്പുറത്തേക്ക് ഒരു പഠിപ്പിനെ കുറിച്ചവർ ചിന്തിച്ചില്ല. ആരും അവരെയത് പഠിപ്പിച്ചതുമില്ല.

പക്ഷെ പാർട്ടിക്ക് കൃത്യമായ പ്ലാനുകളുണ്ടായിരുന്നു. അത് നടപ്പിലാക്കുന്നതിലേക്കായി അവർ അപ്പുമാസ്റ്ററെ നിയോഗിച്ചു. അയാളത് ഭംഗിയായി ചെയ്യുമെന്ന് അവർക്കറിയാമായിരുന്നു. സ്‌ക്കൂൾ കഴിഞ്ഞ് വൈകുന്നേരങ്ങളിൽ അപ്പു മാസ്റ്റർ പുലയരുടെ ചാളകളിൽ കുട്ടികളെ തേടിയിറങ്ങി. വിളിച്ചപ്പോൾ തിരിഞ്ഞു നോക്കാതെ ഓടിയവരെ മാസ്റ്റർ നാടുമുഴുക്കെ ഓടിച്ചിട്ട് പിടിച്ചു. അതിൽപ്പെട്ട ഒരുവനായിരുന്നു സതീശൻ. പതിനൊന്ന് മണിവരെ കടിച്ചു പിടിച്ചിരുന്ന് ഉപ്പുമാവ് പൊതിഞ്ഞു കിട്ടിയാൽ അക്ഷണം അവൻ ചേന്നൻ കുന്ന് കയറും. പയ്ക്കളും കന്നുകുട്ടികളുമുള്ള വീടുകളിലേക്ക് പുല്ലരിഞ്ഞു കൂട്ടുന്ന തള്ളയുടെ പിന്നാലെ നടന്ന് ഉണങ്ങിയ വാഴക്കണ കൊണ്ട് പുല്ലു മടക്കി കെട്ടി ഒരുക്കും. പയ്ക്കൾ വെറുതെ തൊടികളിൽ മേഞ്ഞു നടക്കുന്നത് കാണാനും അവനിഷ്ടമായിരുന്നു. വരമ്പുകളോട് ചേർന്ന് മണ്ണിന്റെ ചോരയൂറ്റി തഴക്കുന്ന ചോരത്തണ്ടൻ പുല്ലുകൾ ധാരാളമായുണ്ട്. അത് ചവച്ചിറക്കുന്ന പയ്ക്കളുടെ ഉദരഭാഗത്തെ, ശോഷിച്ച പൊക്കറകൾ വീർത്തു വരുന്നത് അവൻ സംതൃപ്തിയോടെ നോക്കിയിരിക്കും. അല്ലെങ്കിൽ ക്ലാസിലെ ഏതെങ്കിലും ഭേദപ്പെട്ട വീട്ടിലെ കുട്ടികളുടെ തൂക്കുപാത്രം ഇരന്നു വാങ്ങി പൊന്മാനെ പിടിക്കാനിറങ്ങും. തോട്ടുവക്കത്തെ മടകളിലാണ് മിൻകൊത്തിച്ചാത്തൻ എന്നു വിളിപ്പേരുള്ള നീലപൊൻമാൻ തന്റെ മുട്ടകളുമായി അടയിരിക്കുന്നത്. സതീശൻ തൂക്കുപാത്രവുമായി ഇറങ്ങുന്ന സമയം ഉച്ചതിരിഞ്ഞ് വെയിലാറിയിരിക്കും. മടകളുടെ പുറംഭാഗത്ത് തുക്കുപാത്രം പൊത്തിവച്ച് ചെകിടോർക്കും. വായുസഞ്ചാരത്തിലെ നേരിയ വ്യത്യാസം പോലും അകത്ത് പനിച്ചു കിടക്കുന്ന പക്ഷിക്ക് വേർതിരിച്ചറിയാൻ കഴിയും.

സതീശൻ പാത്രം അമർത്തി വച്ച് നിമിഷങ്ങളെണ്ണി. ഉപ്പുമാവ് മണത്തിനൊപ്പം ഹൃദിസ്ഥമാക്കിയ അക്കങ്ങളിൽ പത്ത് വരെ എണ്ണിതീർന്നപ്പോൾ പക്ഷി ചിറകടിച്ചു. കാലിന്റെ ഉപ്പൂറ്റി കൊണ്ട് ചവിട്ടി തിണ്ടിടിച്ച് പക്ഷിക്ക് പറക്കാനിട കൊടുക്കാതെ പാത്രമടച്ച് അവൻ പുരയിലേക്ക് നടന്നു. പോകുംവഴി, തുലാപ്പെയ്ത്ത് കഴിഞ്ഞ പാടത്ത് കത്ത്യാളുമായി മീൻവെട്ടി പിടിക്കാനിറങ്ങിയ തന്തപ്പുലയനെ അവൻ പ്രതീക്ഷയോടെ നോക്കി. ആ പോകുന്ന പോക്കിലാണ് അപ്പുമാസ്റ്റർ അവനെ വരമ്പത്തിട്ട് പിടിക്കുന്നത്. തൂക്ക് പാത്രത്തിലകപ്പെട്ട പൊൻമാൻ തള്ളയും അപ്പുമാസ്റ്ററുടെ കൈയ്യിലകപ്പെട്ട സതീശനും ഇനി വരാൻ പോകുന്ന സംഗതികളെ പറ്റി അശേഷം ബോധവാന്മാരായിരുന്നില്ല. ഏതോ അജ്ഞാതമായ കെണിയിൽ അകപ്പെട്ടതായി ഇരുവരും ഒരു പോലെ കരുതി.

പീടികമാളികയുടെ മേൽത്തട്ടിൽ പീഞ്ഞപലകയടിച്ചുണ്ടാക്കിയ ബെഞ്ചുകളിലിരുന്ന പിള്ളേർ അപ്പുമാഷെ ആകാംഷയോടെയും അതിലേറെ ഭീതിയോടെയും തുറിച്ചു നോക്കി. അന്ന് ലെനിനെ കുറിച്ചുള്ളൊരു കഥയാണ് അപ്പുമാസ്റ്റർ കുട്ടികളോട് പറഞ്ഞത്. തന്റെ ചെറുപ്പകാലത്ത് ജേഷ്ഠനോടൊപ്പം ഒരു ആവിക്കപ്പൽ കാണാൻ പോയ കുഞ്ഞു ലെനിന്റെ കഥ. കപ്പലിന്റെ എൻജിൻ റൂമിനകത്ത് ലെനിൻ ഒരു കരുത്തനായ മനുഷ്യനെ കണ്ടു, ആകെ കരിപിടിച്ച ബലിഷ്ഠമായ ശരീരമുള്ള ഒരു മനുഷ്യൻ. അയാൾ വലിയ കോരിക കൊണ്ട് കൽക്കരി കോരിയെടുത്ത് കത്തുന്ന തീയിലേക്കെറിഞ്ഞു. അയാളുടെ കരിപറ്റിയ മുഖം ചുവന്നവെളിച്ചത്തിൽ തിളങ്ങി. അയാളാണ് ആ വലിയ കപ്പലിനെ ചലിപ്പിക്കുന്നതെന്ന് ജേഷ്ഠൻ ലെനിനോട് പറഞ്ഞു. വലിയ കപ്പലിനെ ചലിപ്പിക്കുന്ന ബലിഷ്ഠ കരങ്ങളുള്ള എളിയ മനുഷ്യൻ! കുഞ്ഞു ലെനിൻ ആദരവോടെ അയാളെ നോക്കി. തിരിച്ചു പോരുമ്പോൾ ആ കപ്പലിനുള്ളിൽ ലോകത്തിലെ ഏറ്റവും അമൂല്ല്യമായ വസ്തു ഉണ്ടെന്ന കാര്യം ലെനിൻ മനസ്സിലാക്കി. മാസ്റ്റർ കഥ അവസാനിപ്പിച്ച് ക്ലാസിനെ നോക്കി.

"എന്താണാ അമൂല്യവസ്തു എന്ന് ആര്‌ക്കെങ്കിലും തിരിഞ്ഞ്‌നാ.. ?'

"ഉപ്പുമാവല്ലേ.. മാഷേ.. '

ഉറക്കം തൂങ്ങുന്ന കുട്ടികൾക്കിടയിൽ നിന്ന് സതീശൻ ഉറക്കെ വിളിച്ചു ചോദിച്ചു. മാസ്റ്റർ ഒന്നും മിണ്ടിയില്ല. അയാൾ ചാക്കുകെട്ടഴിച്ച് ഒരു പരന്ന പാത്രത്തിലേക്ക് റസ്‌ക്ക് കഷ്ണങ്ങൾ നിരത്തിവച്ചു. ഒരു വലിയ ചരുവത്തിൽ തിളപ്പിച്ച കാപ്പിയുമായി സുഗതൻ അപ്പോഴേക്കും ഗോവണി കയറി വന്നു. അതുവരെ തങ്ങൾ കണ്ട ലോകത്തിൽ അതുവരെ ഇല്ലാതിരുന്ന ഏറ്റവും അമൂല്യമായ വസ്തുവകളിലേക്ക് കൊതിവെള്ളമിറക്കി കൊണ്ട് പിള്ളേർ ഉറ്റു നോക്കി. ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments