അധ്യായം ഏഴ്: നായിക്
നായിക് ഭാസ്‌കരൻ വി. എസ്. എം അമ്പലക്കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കണക്കില്ലാതെ വളർന്നുമുറ്റിയ മൂടില്ലാത്താളികളുടെ മറവിൽ, ഫയറിങ് പൊസിഷനിൽ ഇരുന്ന്, ഇരട്ടക്കുഴൽ നീട്ടി ഉന്നം പിടിച്ചു. കുളക്കരയിലെ തണുപ്പുള്ള ഇരുട്ടത്ത് പലതവണ അയാൾ കുളക്കോഴികളെ കണ്ടിട്ടുളളതാണ്. അവയുടെ പ്രജനനസങ്കേതം ആ പരിസരത്തെവിടെയോ ആണെന്നാണ് അയാളുടെ അനുമാനം. കൈകാലുകളിലെ തൊലി വിണ്ടു കീറുന്ന അസുഖം അടുത്തിടെയായി ഭാസ്‌കരനെ വല്ലാതെ അലട്ടി തുടങ്ങിയിട്ടുണ്ട്. സിയാച്ചിനിലെ മൈനസ് ഡിഗ്രി തണുപ്പ് അയാളുടെ ഉറച്ച ശരീരത്തിന്റെ കാതലോളം ചെന്ന് പരിക്കുകൾ ഏൽപ്പിച്ചതാകാം കാരണം. തൊലിയിളക്കത്തിന് കുരുമുളക്കിട്ട് വേവിച്ച കുളക്കോഴിയിറച്ചി ബെസ്റ്റാണെന്ന് പഴയ സഖാക്കളിലാരോ അയാളെ പറഞ്ഞു പിടിപ്പിച്ചു. അത് കേട്ടതിനു പിന്നാലെ, ഒരു പോയന്റ് ടു ടു ഡീലക്‌സ് ഉള്ളത് മൈസൂരിൽ റിപ്പെയറിന് കൊടുക്കാൻ തോന്നിയ നേരത്തെ പഴിച്ച്, കൈയ്യിൽ ബാക്കിയുള്ള പഴയ ഇരട്ടക്കുഴൽ എടുത്തിറങ്ങിയതാണ്.ആരെങ്കിലും കണ്ടാൽ എന്തു പറയും. തോക്കിന് തന്നെ ഉളുപ്പു കെട്ടു പോകുന്ന പണിയാണ്. സാരമില്ല ഇന്നിങ്ങനെ പോകട്ടെ..!
പുലർച്ചെ നേരത്ത് കൊയ്യാൻ പാകമായ കതിരുകൾക്കൊപ്പിച്ച് താഴ്ന്ന് പറന്ന കുളക്കോഴികൾ ഒന്നു രണ്ട് വട്ടം അയാളുടെ തോക്കിനെ പ്രലോഭിപ്പിച്ചു. ഒരു ഇരട്ടക്കുഴലിന്റെ കരു കേറാൻ മാത്രം അവറ്റയുടെ ഉടലിന് ദൈർഘ്യമില്ല എന്നയാൾക്കറിയാഞ്ഞിട്ടല്ല. മുടിയാനായിട്ട് ഒരു പൊട്ടബുദ്ധിക്ക് വന്നിരുന്ന് പോയതല്ലേ.. രണ്ടു റൗണ്ട് വച്ചിട്ട് അവസ്ഥ മോശമാണെങ്കിൽ തിരിച്ചു പോകാം എന്നയാൾ കരുതി. കുളത്തിലെ ചതുരപ്പായലുകൾ വകഞ്ഞ് ആദ്യത്തെ വെയിൽ കായാൻ വന്ന ഒരു വയസ്സൻ വരാൽ ഉപരിതലത്തിൽ പൊങ്ങി കിടന്നു. മൂടില്ലാത്താളികൾക്കിടയിൽ കാവിത്തുണിയുടുത്തിരിക്കുന്ന മധ്യവയസ്‌കനെ അത് കൗതുകത്തോടെ നോക്കി.
ട്രിഗറിൽ വിരമലർത്താൻ ഉറച്ച നിമിഷത്തിലാണ് ഒരു നിഴൽരൂപം ഉന്നം പിടിച്ച ഭാഗത്തേക്ക് നിനച്ചിരിക്കാതെ വന്നു ചാടിയത്. അവിടെ കൊയ്തു കഴിഞ്ഞിട്ട് രണ്ട് ദിവസമാകുന്നതേ ഉള്ളു. ഇനിയൊരു നാല് ദിവസം കുളക്കോഴികളും ചാരമുണ്ടികളും അവിടെ പുളച്ചു നടക്കും. ലാക്കാക്കി എറിയാൻ വശമുള്ളവനാണെങ്കിൽ വെറും കൈമതി. ഷാപ്പിൽ കൊടുക്കാനുള്ള ഇറച്ചി കിട്ടും. കണ്ണൂരിലേക്കുള്ള ക്ഷണക്കത്തുമായി രാവിലെ തന്നെ തോക്കിൻമുന്നിൽ ചാടിയവനെ വിളിക്കാൻ പാകത്തിലൊരു തെറി നായിക് ഭാസ്‌കരന്റെ നാവിലേക്ക് മാർച്ച് ചെയ്തു വന്നു. ദീപാരാധനക്കുള്ള മണിയടി തുടങ്ങിയപ്പോൾ അയാളത് വന്ന വഴിക്ക് തന്നെ വിഴുങ്ങി. നിഴലിനെ തന്നെ നോക്കി കുറച്ചു നേരം ഇരുന്നു. ചെറിയ മഞ്ഞുണ്ട്. അവൻ കൈയ്യിൽ കരുതിയ ഇല്ലിക്കോല് പാടത്ത് വളച്ചു കുത്തി ക്ഷണനേരം കൊണ്ടൊരു കുടുക്കുണ്ടാക്കി അടുത്തുള്ള വാഴക്കുണ്ടയിലേക്ക് ചാടി മറഞ്ഞു. എളമ്പിലാക്കലെ കളരിയിൽ നിന്ന് ഒച്ചപ്പാടുകളും പയറ്റൊച്ചകളും കേട്ടു തുടങ്ങി. അയാൾ നിരാശയോടെ എഴുന്നേറ്റു. "അവന്മാരുടെ കസർത്ത് തുടങ്ങും മുമ്പ് കാര്യം സാധിക്കണമെന്ന് കരുതിയതാണ്. ഇനിയേതായാലും ഇന്നൊന്നും നടക്കുന്ന ലക്ഷണമില്ല. ' നല്ല നേരം നോക്കി തോക്കിന്റെ മുന്നിൽ ചാടിയവനെ പ്രാകി കൊണ്ട് അയാൾ എഴുന്നേറ്റു.
വളരെ പതുക്കെ റൈഫിൾ വലിച്ചെടുക്കുമ്പോൾ ഭാസ്ക്കരൻ ആത്മഗതം പറഞ്ഞു. അവൻ ഇല്ലിവളച്ചു കുത്തിയിടത്ത് നാലഞ്ച് കുളക്കോഴികൾ കൊത്തിപ്പെറുക്കുന്നുണ്ട്. അയാൾ വിണ്ടുകീറിയ കൈപ്പത്തികൾ നോക്കി നെടുവിർപ്പിട്ടു. പെട്ടന്ന് കുളക്കോഴികളിലൊരെണ്ണം വായുവിൽ ഉയർന്നു പൊങ്ങി. നിവർന്ന് ഉലഞ്ഞ ഇല്ലിക്കോലിനറ്റത്ത് കിടന്ന് പക്ഷി വികൃതമായി ചിറക്കിട്ടടിച്ചു. പകച്ചു പോയ സഹചാരികൾ ജീവനും താങ്ങി നാലുപാടേക്കും പറന്നു.ചെക്കന്റെ കെണി കൊള്ളാം. മനസ്സിൽ പറഞ്ഞ് തോക്കും തോളത്ത് വച്ച് നടക്കാൻ തുടങ്ങിയപ്പോൾ വാഴക്കുണ്ടയ്ക്ക് മുന്നിൽ അവൻ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു ലുങ്കി മാത്രമാണ് വേഷം. കോഴിയുടെ കാലിൽ കുടുങ്ങിയ ഗഡ്‌സ് നാര് അരയിൽ നിന്നൂരിയെടുത്ത് പീശാങ്കത്തി വച്ച് അവൻ കഷ്ണിച്ചു. പിടക്കുന്ന കുളക്കോഴിയുടെ കാലു കൂട്ടി ഒരു പിടിത്തം പിടിച്ചപ്പോൾ, പക്ഷി അതിന്റെ ശരീരം വടിവെട്ടിയെറിഞ്ഞ പോലെ നേർരേഖയിൽ പിടിച്ച്, ശ്വാസം വിലങ്ങിയമട്ടിൽ അനങ്ങാതെ കിടന്നു. മഞ്ഞിന്റെ നനവ് കാൽവാരലുകൾക്കിടയിൽ തണുപ്പിന്റെ മൂർച്ച കൂട്ടി.
അവൻ കോഴിയേയും തൂക്കി പാടത്തിന് കുറുകെ നടന്ന് അടുത്തെത്താറായിരിക്കുന്നു. അത്യാവശ്യം മൂത്ത കോഴി. മരുന്നിന് പാകം.
"ഏയ് മൂപ്പറേ.. കൊളക്കോഴി വേണാ..'
അവൻ ഭാസ്‌കരന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ വിളിച്ചു ചോദിച്ചു.
"നിങ്ങ തോക്കും കൊണ്ട് ബന്നത് ബെറ്തായലപ്പാ.. മോശാക്കണ്ട മുപ്പത്‌റുപ്പ്യ തന്നിറ്റ് കൊണ്ടോയിക്കോളീ.. '
അവൻ വീണ്ടും പറഞ്ഞു. അവൻ പറഞ്ഞ തുക കുറച്ചധികമാണെങ്കിലും ആവശ്യത്തിനുപകരിക്കുന്ന ഇറച്ചിയാണ് കൈയ്യിലിരിക്കുന്നത്. പോരാത്തതിന് ഒരു തോക്കുകാരന്റെ അഭിമാനപ്രശ്‌നവും. അയാൾ ഒന്നും നോക്കാതെ കീശയിൽ കൈയ്യിട്ട് പണമെടുത്ത് കൊടുത്തു. കോഴിയെ തരുമ്പോൾ അവന്റെ മെലിഞ്ഞ ശരീരം നോക്കി ഭാസ്‌കരൻ ചോദിച്ചു.
"എന്താടോ നിന്റെ പേര്..'
"സുധീഷ്.. ചാഴി സുധീഷ്...!
അധ്യായം എട്ട് : യെ രാതേ യെ മോസം
എളമ്പിലാക്കലെ കുടുബക്ഷേത്രത്തോട് ചേർന്ന് കളരി തുടങ്ങിയ കാലത്താണ് ഭാസ്‌കരൻ തന്റെ രാജ്യസേവനം മതിയാക്കി അടുത്തൂൺ പറ്റി പിരിഞ്ഞ് പൊയിലോത്ത് തിരിച്ചെത്തുന്നത്. അക്കാലത്ത് പാർട്ടി പൊയ്‌ലോത്ത് ശക്തിയാർജിച്ചു വരുന്ന സമയമാണ്. കണ്ണൂരിലെ ബീഡികമ്പനികളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ട്രേഡ് യൂണിയൻ സഖാക്കളെ വകവരുത്താൻ വടക്കു നിന്ന് വന്നിറങ്ങിയ കുറിക്കാരിൽ ചിലരെ എളമ്പിലാക്കലെ മാധവൻ നായർ തറവാട്ടിൽ ക്ഷണിച്ചു വരുത്തി. നാലു ദിവസം മൃഷ്ടാനം സദ്യ കൊടുത്തു. കളപ്പുര വിരുന്നുകാർക്ക് പാർക്കാൻ ഒഴിച്ചു കൊടുത്തതിന്റെ നാലാംപക്കം തന്നെ ക്ഷേത്രത്തിന്റെ കിഴക്ക്മൂലക്ക് കാടുവെട്ടി കളരിയുടെ പണിയും തുടങ്ങി. അവിടം തൊട്ടാണ് പൊയിലോത്ത് എന്ന മലയോരപീഠഭൂമി ദേശീയശ്രദ്ധ ആകർഷിക്കുന്നത്. ഭാസ്‌കരനെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതും എളമ്പിലാക്കലെ കളരിയെ ചുറ്റിപ്പറ്റി ദേശത്ത് വളർന്നു പൊങ്ങിയ ചില കിംവദന്തികളാണ്.
ഭാസ്‌കരൻ വെറുമൊരു ശിപായി ആയി കാശ്മീർ ബോർഡറിൽ പണിയെടുക്കുന്ന കാലം. അന്ന് എഴുപത്തൊന്നിലെ യുദ്ധം കഴിഞ്ഞിട്ട് അധികം വർഷങ്ങളൊന്നും ആയിട്ടില്ല. നാട്ടിൽ അടിയന്തരാവസ്ഥയും അതിർത്തിയിൽ വെടിനിർത്തൽ ലംഘനവും മുറപോലെ നടക്കുന്ന സമയം. ഭാസ്‌കരൻ രാത്രിയിൽ സെൻട്രി ഡ്യൂട്ടി കിട്ടി ഉറക്കച്ചടവ് മാറ്റാൻ ചൂടുവെള്ളം മൊത്തി ഇരിക്കുകയാണ്. മഞ്ഞുവീണ് ബാരക്കിന്റെ മുൻഭാഗം ഏതാണ്ട് പകുതി മറഞ്ഞു പോയിട്ടുണ്ട്. ഏകദേശം എഴുന്നൂറ് യാർഡ് അപ്പുറത്താണ് പാക് പോസ്റ്റ്. നമ്മളിവിടെ ഒരു ഹിന്ദിപ്പാട്ട് വച്ച് അൽപ്പം ജോളി മൂഡിലായെന്ന് കണ്ടാൽ അപ്പൊ ആ എരണംകെട്ടവന്മാർ വെടിവച്ചു തുടങ്ങും. നമ്മളും അത്ര മോശമൊന്നുമല്ല. ചില സമയത്ത് ഇവിടുന്നങ്ങട്ടും നിർത്താതെ വെടിയുംപടയുമായിരിക്കും. നുഴഞ്ഞു കയറ്റക്കാരിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് അവന്മാർ തുടർച്ചയായി വെടിവക്കുക. ചിലപ്പോൾ ഒരു കാരണമില്ലാതെയും വെടിവച്ചെന്ന് വരും. വെളിവില്ലാത്തവർ ഇന്ത്യയിൽ മാത്രമല്ല എല്ലാ രാജ്യത്തുമുണ്ട്.
ശിപോയി ഭാസ്‌കരൻ ഒരു സിഗരറ്റ് വലിച്ചു തീർത്ത് കുറ്റി മഞ്ഞിൽ അമർത്തി ശീ.. എന്ന ശബ്ദം കേൾപ്പിച്ച് പതിവുപോലെ സംതൃപ്തനായി. തിരിഞ്ഞ് പോസ്റ്റിൽ ചാരിവച്ച സെവൻ പോയിന്റ് സിക്‌സ് ടു എസ്. എൽ. ആറിനായി വായുവിൽ പരതി! ഒന്നും തടയുന്നില്ല! ഭാസ്‌കരൻ കുനിഞ്ഞു നിന്ന് ഇരുട്ടിലേക്ക് ഉന്നം വച്ചു നോക്കി. സാധനം നിന്നിടത്ത് സ്വഛന്ദമായ ശൂന്യത! ഡ്യൂട്ടിക്കിടയിൽ ആയുധം കൊണ്ടു കളയുന്നതിന് ലഭിച്ചേക്കാവുന്ന പലതരം ശിക്ഷകൾ ഭാസ്‌കരന്റെ തൊപ്പി വച്ച തലക്കുള്ളിൽ ക്ഷണനേരം കൊണ്ട് മിന്നി മറഞ്ഞു. ആയുധം നഷ്ടപ്പെടുന്നതിനേക്കാൾ അത് ശത്രുവിന്റെ കൈയ്യിൽ അകപ്പെടുന്നു എന്നതാണ് വലിയ കൃത്യവിലോപം. കോർട്മാർഷൽ നേരിടേണ്ടി വന്നേക്കാം. ഇൻക്രിമെന്റ് തടഞ്ഞു വക്കപ്പെടുകയോ റേഷൻ കട്ട് ചെയ്യുകയോ, റാങ്കിൽ തരം താഴ്ത്തുകയോ ചെയ്‌തേക്കാം. ചിലപ്പോൾ ഇതൊന്നുമായിരിക്കില്ല. കാമാന്റിംഗ് ഓഫീസർക്ക് അപ്പോൾ എന്തു തോന്നുന്നോ അതാണ് ശിക്ഷ! അങ്ങനെ പലവിധ ആകുലതകളുമായി ഭാസ്‌കരൻ നഷ്ട്ടപ്പെട്ട തോക്കന്വേഷിച്ച് മഞ്ഞിൽ പരക്കം പായാൻ തുടങ്ങി. പെട്ടന്ന് തലയിൽ ഇടിവാളു പോലെ ഭയം മിന്നി. തോക്ക് ഏതെങ്കിലും ശത്രു കൈവശപ്പെടുത്തിയതാണെങ്കിൽ അതന്വേഷിച്ച് നടക്കുന്നത് നരിയുടെ വായിലേക്ക് നേരെ ചെന്ന് കേറിക്കൊടുക്കുന്നതിന് തുല്യമായിരിക്കും. ചിലപ്പോൾ തോക്കു കൈവശപ്പെടുത്തിയവൻ തന്നെ കീച്ചാൻ അടുത്തെവിടെയെങ്കിലും പതുങ്ങി നിൽപ്പുണ്ടായിരിക്കാനും മതി. ഭാസ്‌കരൻ ഒരു പട്ടാളക്കാരന്റെ സഹജമായ ജാഗ്രത എടുത്തണിഞ്ഞ് ചിന്തിച്ചു തുടങ്ങി. റൈഫിൾ പോസ്റ്റിൽ ചാരി വച്ചത് നല്ല ഓർമയുണ്ട്. നിലത്ത് വീണ് മഞ്ഞിൽ പുതഞ്ഞു പോകാൻ മാത്രം സമയവും ആയിട്ടില്ല. വല്ല നുഴഞ്ഞുകയറ്റക്കാരൻ പന്നിയും ചൂണ്ടിയതാണെങ്കിൽ അവൻ തന്നെ തീർക്കാതൊട്ട് പോവുകയുമില്ല. എന്തു തന്നെയായാലും സർവീസ് റൈഫിൾ ഡ്യൂട്ടിക്കിടയിൽ എവിടെയോ കൊണ്ടു കളഞ്ഞിരിക്കുന്നു. ആ യാഥാർത്ഥ്യത്തോട് മുഖം തിരിച്ച് നിന്നിട്ട് കാര്യമില്ല. ഷിഫ്റ്റ് കഴിയും മുമ്പ് വല്ലവിധേനയും സാധനം കണ്ടുപിടിക്കണം. വാച്ചിൽ നോക്കിയപ്പോൾ ഷിഫ്റ്റ് അവസാനിക്കാൻ ഇനിയും അഞ്ച് മണിക്കൂർ ബാക്കിയുണ്ട്. നിന്നിരുന്ന സ്ഥലത്തിന് മുപ്പതുവാര ചുറ്റളവിൽ അരിച്ചുപെറുക്കി നോക്കി. സാധനത്തിന്റെ പൊടി പോലുമില്ല! ദൂരെ എഴ്ന്നൂറ് യാർഡ് അപ്പുറത്ത് ശത്രുക്കളുടെ പോസ്റ്റ്. വെളിച്ചം ഒരു പൊട്ടുപോലെ കാണാം. പെട്ടന്ന് അപകടകരമായൊരു ബുദ്ധി തലയിലേക്ക് ഇഴഞ്ഞു കയറി വന്നു. തോക്കു നഷ്ട്ടപ്പെടുത്തിയ പട്ടാളക്കാരൻ എന്ന പേര് ശിഷ്ടക്കാലം മുഴുക്കെ പിന്തുടരുന്നതിനേക്കാൾ നല്ലത് പാക്കിസ്ഥാനികളുടെ വെടി കൊണ്ട് ചാകുന്നതാണ്. ബുദ്ധി പിന്നോട്ട് വലിക്കും മുമ്പ് ഭാസ്‌കരൻ മഞ്ഞിൽ കമിഴ്ന്ന് കിടന്നു. തണുപ്പിൽ രക്ഷ തരുന്ന വെളുത്ത കാമോഫ്‌ലാഗ് ഓവർകോട്ട് ഉള്ളതു കൊണ്ട് അത്രയെളുപ്പം അവന്മാരുടെ കണ്ണിൽപ്പെടില്ല. പൈൻമരങ്ങളുടെ ശിഖരങ്ങളിൽ നിറയെ മഞ്ഞ് വീണ് കനം തൂങ്ങിയിരിക്കുന്നു. പരിസരം വർണ്ണിക്കാൻ മാത്രം മറ്റൊന്നും കണ്ണിലുടക്കുന്നില്ല. ഹിമപ്പരപ്പിൽ അതിർത്തി കാക്കുന്ന കിറുക്കന്മാരായ കുറച്ചു മനുഷ്യന്മാർ മാത്രം. ഇഴഞ്ഞു നിങ്ങി ഒരു കറുത്ത പാറക്കെട്ടിന് കീഴെയെത്തി. അവന്മാരുടെ ബാരക്കുകൾ അനക്കമില്ലാതെ കിടക്കുന്നു. ബൈനോകുലറിലൂടെ നോക്കിയപ്പോൾ കുറച്ചു കൂടെ വ്യക്തമായൊരു കാഴ്ച്ച കിട്ടി. ഒരുത്തൻ ട്രാൻസിസ്റ്ററിൽ ഏതോ പാട്ടിൽ ലയിച്ച് കിടക്കുകയാണ്. വേറെ ആരെയും കാണാനില്ല. ഉറക്കം പിടിച്ചു കാണും. ഝലം നദി മഞ്ഞുപാളികൾക്കടിയിലൂടെ പതിഞ്ഞ താളത്തിൽ ഒഴുകുന്ന ഒച്ച കേൾക്കാനുണ്ട്. നിരങ്ങി നീങ്ങി അടുത്തെത്തും തോറും പാട്ടിന്റെ ഈരടികൾ വ്യക്തമായി കേൾക്കാൻ തുടങ്ങി. കിഷോർ കുമാറും ആശ ബോംസ്ലേയും.
""യേ.. രാതേ.. യെ.. മോസം നദീകാ കിനാരാ.. യേ.. ചഞ്ചൽ ഹവാ...''
അവനതിൽ ലയിച്ചു പോയതിൽ ഭാസകരന് അൽഭുതമൊന്നും തോന്നിയില്ല. ആ അന്തരീക്ഷത്തിന് അതിനേക്കാൾ ഇണങ്ങുന്ന മറ്റൊരു പാട്ട് കണ്ടെത്തുക പ്രയാസമായിരിക്കും. അവൻ നാട്ടിലെ തന്റെ കാമുകിയെ ഓർത്തു കിടക്കുന്ന ഒരു പ്രേമരോഗി ആയിരിക്കാനാണ് സാധ്യത. ഭാസ്‌കരൻ ഇപ്പോൾ പാക്കിസ്ഥാനിയുടെ പിറകിൽ കഷ്ടിച്ച് രണ്ടടിമാത്രം അകലത്തിലാണ്. മഞ്ഞുകണങ്ങൾ അലക്ഷ്യമായി പറക്കുന്ന അന്തരീക്ഷത്തിൽ അവൻ കണ്ണടച്ചിരുന്ന് മൂളുന്നു. അവന്റെ എച്ച്.കെ ജി3, സ്പാനിഷ് നിർമ്മിത സെമി ഓട്ടോമാറ്റിക് റൈഫിൾ ഇരിക്കുന്ന കൽക്കെട്ടിനോട് ചാരി വച്ചിരിക്കുന്നു.
"പ്രിയപ്പെട്ട അയൽക്കാരാ.. എന്നോട് ക്ഷമിക്ക്. നമുക്ക് തോക്കുകൾ വേണ്ടാത്ത ഒരു കാലം വരുമായിരിക്കും. അന്ന് നമ്മൾ തീർച്ചയായും ഒരുമിച്ചിരുന്ന് ഹൂക്ക വലിക്കുകയും ഗസൽ കേൾക്കുകയും ചെയ്യും. ഇപ്പോൾ തൽക്കാലത്തേക്ക് ഞാനിത് എടുത്തു കൊള്ളട്ടേ...'
വളരെ പതുക്കെ റൈഫിൾ വലിച്ചെടുക്കുമ്പോൾ ഭാസ്‌കരൻ ആത്മഗതം പറഞ്ഞു. തിരിച്ച് മഞ്ഞിലൂടെ ഇഴയുമ്പോഴും പശ്ചാത്തലത്തിൽ കിഷോർ കുമാറിന്റെ വശ്യസംഗീതം അലയടിച്ചു വരുന്നുണ്ടായിരുന്നു.
പിറ്റേന്ന് കാലത്ത് പ്രതീക്ഷിക്കാതെ ഒരു ബെല്ലടിച്ചു. ഭാസ്‌കരൻ നല്ല മയക്കത്തിലായിരുന്നു. സി. ഒ സാബിന്റെ ഇൻസ്‌പെക്ഷനുണ്ട് എന്ന അവ്യക്ത ശബ്ദം എവിടെ നിന്നോ കേട്ട പോലെ തോന്നിയെങ്കിലും ഭാസ്‌കരൻ അതൊരു പുലർകാല സ്വപ്നമെന്നു കരുതി ചരിഞ്ഞു കിടന്നു. കൂടാരത്തിലുള്ള സകലരും വെടി കൊണ്ട പന്നികളെ പോലെ പരക്കം പാഞ്ഞു തുടങ്ങിയപ്പോഴാണ് ഭാസ്‌കരൻ കണ്ണുമിഴിച്ചത്. ലേ ഔട്ട് പക്കാ അല്ലെങ്കിൽ, ബെൽറ്റും ബൂട്ടും കണ്ണാടി പോലെ തിളങ്ങിയില്ലെങ്കിൽ പണിഷ്‌മെന്റ് ഉറപ്പാണ്. ചിലപ്പോൾ റൈഫിൾ പിടിച്ചു വാങ്ങി പരിശോധിക്കും. ഓയിലിട്ട് മിനുക്കി വച്ചില്ലെങ്കിൽ ഹിന്ദിയിൽ തെറിവിളിക്ക് പുറമേ.. മുപ്പത് റൗണ്ട് ബാരക്കിന് ചുറ്റും! രണ്ട് മിനുട്ടിനകം കൂടാരം ശാന്തമായി. സുബൈദാർ രഞ്ചൻ പരേഖ് അകത്തു കടന്ന് സാവ്ദൻ കമാന്റ് തന്നു. പിന്നാലെ അജാനുബാഹുവായ സി. ഒ സാബ് കടന്നു വന്നു. താടിയിൽ കുറ്റിപൊന്തി നിന്ന രണ്ടു ബീഹാറിപയ്യന്മാരെ കണ്ടപാടെ ബെന്റ് പൊസിഷനിൽ നിർത്തി. രഞ്ചന് എന്തോ പ്രശ്‌നത്തിന് കാര്യമായി ചീത്ത കേൾക്കുന്നുണ്ട്. അയാൾക്കതൊരു പുതുമയുള്ള കാര്യമല്ല. പക്ഷെ ഇയാളിതെന്തിനാണ് ഇടക്കിടെ തന്നെ ഇടം കണ്ണിട്ട് നോക്കുന്നത്. ഭാസ്‌കരൻ തലതാഴ്ത്തി പിടിച്ചു നിന്നു. കുറച്ചു നേരം കഴിഞ്ഞ് വെറുതെ ഒന്ന് തല ഉയർത്തി നോക്കിയതാണ്! മുന്നിൽ സി. ഒ സാബ് നിൽക്കുന്നു. ക്രുദ്ധഭാവത്തിൽ അയാളുടെ നോട്ടം. ഭാസ്‌കരൻ അനങ്ങിയില്ല.
"കഹാ.. ഹേ തുമാരേ റൈഫിൾ.. ദിഖാവോ..?!'
തൊട്ടുമുന്നിൽ സി. ഓ സാബിന്റെ ഗർജനം!
ഭാസ്‌കരൻ ഒന്നു പരുങ്ങി. സാധനം എടുത്തു കൊടുത്താൽ പ്രശ്‌നമാകുമെന്നുറപ്പാണ്. കൈയ്യിലെടുക്കുമ്പോൾ തന്നെ സ്പാനിഷ് യന്ത്രത്തിന്റെയും ഇന്ത്യൻ നിർമ്മിതിയുടെയും വ്യത്യാസം സാബിന് മനസ്സിലാവും. യന്ത്രം നഷ്ട്ടപ്പെട്ടു എന്നു സമ്മതിക്കുന്നതിനേക്കാൾ നല്ലത് കൈയ്യിലുള്ളത് എടുത്തു കൊടുക്കുന്നതാണെന്ന് തോന്നി. പോളിഷിട്ട് തുടച്ചു വച്ച ആയുധം എടുത്ത് കൈയ്യിൽ കൊടുത്തു. സി. ഒ സാബ് അന്തം വിട്ട് രഞ്ചനെ നോക്കി!
"ക്യായേ.. യഹ്.. കഹാസേ മിലാ.. ?'
ഭാസ്‌കരൻ ചങ്കിൽ തവിട് കുടുങ്ങിയ താറാവിനെ പോലെ സുബൈദാർ രഞ്ചൻ പരേഖിനെ നോക്കി. അൽഭുതം! ഭാസ്‌കരന്റെ സ്വന്തം റൈഫിൾ അയാളുടെ കക്ഷത്തിരിക്കുന്നു.
ഡ്യൂട്ടിയിൽ അലംഭാവം കാണിക്കുന്ന പുതിയ പയ്യന്മാരെ കെണിവച്ച് പിടിക്കുന്ന പരിപാടിയുള്ള ആളാണ് പുതിയ സി. ഒ സാബ് എന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. സെൻട്രി ഡ്യൂട്ടിയിലുള്ള പട്ടാളക്കാരൻ തല പോയാലും തോക്ക് കൈവിടരുതെന്നാണ് ചട്ടം. തോക്ക് അരികിൽ ചാരി വച്ച് കിടന്നുറങ്ങുന്നവന്മാരെ പിടിക്കാൻ വച്ച കെണിയിൽ പെട്ടത് ഭാസ്‌കരനായിരുന്നു. പക്ഷെ പിൽക്കാലത്ത് ആ അലംഭാവം അയാൾക്ക് റെജിമെന്റിലാകെ നല്ല പേര് വാങ്ങി കൊടുത്തു. സമാധാന കാലത്ത് എൽ. ഒ. സി കടന്ന് പാക് പോസ്റ്റിലേക്ക് നുഴഞ്ഞു കയറാൻ ധൈര്യം കാണിച്ച ഏക പട്ടാളക്കാരൻ. പോരാത്തതിന് ശത്രുവിന്റെ തോക്കും കൈവശപ്പെടുത്തി പോറൽ പോലുമേൽക്കാതെ തിരിച്ചെത്തിയിരിക്കുന്നു. സി. ഒ സാബ് ഭാസ്‌കരന്റെ നെഞ്ചിൽ തട്ടി അഭിനന്ദിച്ചു. ശേഷം ശത്രുവിൽ നിന്ന് കൈവശപ്പെടുത്തിയ ആയുധം തന്റെ ഓഫീസ് റൂമിലെ ചുവരിൽ എല്ലാവരും കാണാൻ പാകത്തിൽ ആണിയടിച്ചു തൂക്കിയിട്ടു. അതിൽ പിന്നെ കണ്ണൂർക്കാരൻ ഭാസ്‌കർ ഭയ്യക്ക് ഡെൽറ്റ കമ്പനിയിൽ അല്ലറചില്ലറ സ്വാതന്ത്ര്യങ്ങളൊക്കെ കിട്ടി തുടങ്ങി. പക്ഷെ എപ്പോഴൊക്കെ സി. ഒ സാബിന്റെ ചുവരിൽ ആ ആയുധം കാണുന്നോ അപ്പോഴൊക്കെ ഭാസ്‌കരന് പൊറുതിയില്ലാതായി. ആരോ കിഷോർ കുമാറിന്റെ പാട്ടുകൾ പാടി കൊണ്ട് പിന്നാലെ വരുന്നതു പോലെ തോന്നി. ഒരിക്കൽ അതിനകത്ത് ക്ലീനിംഗിനായി കയറിയപ്പോൾ ഭിത്തിയിലുറപ്പിച്ച തോക്കിലേക്ക് ഭാസ്‌കരൻ സൂക്ഷിച്ചു നോക്കി. അതിന്റെ ബട്ടിൽ ഉറുദുവിലെന്തോ കൊത്തിവച്ചിട്ടുണ്ടായിരുന്നു. ആ വർഷം ലീവിന് നാട്ടിലേക്കുള്ള പെട്ടി പാക്ക് ചെയ്ത കൂട്ടത്തിൽ അയാൾ രഹസ്യമായി പാക്കിസ്ഥാനി റൈഫിളും ഡിസ്മാന്റിൽ ചെയ്ത് നാട്ടിലേക്ക് കടത്തി. മോഷണം വളരെ എളുപ്പമായിരുന്നു. ആരും അയാളെ സംശയിക്കാൻ മുതിർന്നില്ല. ചില ആഭ്യന്തര അന്വേഷണങ്ങൾ ഒക്കെ നടന്നെങ്കിലും ശത്രുവിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ കണക്കിൽ പെടുത്താതെ തോക്ക് പ്രദർശനത്തിന് വച്ചതിന് ഉത്തരം പറയേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് സി. ഒ സാബ് ആ സംഭവം സൗകര്യപൂർവ്വം മറന്നു കളയുകയാണുണ്ടായത്. എന്നാൽ ആ റൈഫിൾ ഭാവിയിൽ കേരളത്തിലെ ഒരു മലയോരഗ്രാമത്തിൽ ഉണ്ടാക്കാൻ പോകുന്ന കോലാഹലങ്ങളെ സംബന്ധിച്ച് ഭാസ്‌കരന് നേരിയ ഊഹം പോലുമുണ്ടായിരുന്നില്ല. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.