ചിത്രീകരണം : ശശി ഭാസ്​കരൻ

പൊയിലോത്ത് ഡെർബി

അധ്യായം ഒൻപത് : ട്രാൻസിസ്റ്റർ

പ്പു മാസ്റ്റർ വലിയ സോവിയറ്റ് ഭക്തനായിരുന്നു.
പീടികമാളിക മുറിയുടെ കോണിക്കൂടിൽ മലർന്നു കിടന്ന് രാത്രികാലങ്ങളിൽ വാനനിരീക്ഷണം നടത്തുന്നത് അയാളുടെ പതിവായിരുന്നു. പിടിപോയ കത്ത്യാളു പോലെ കിടക്കുന്ന ചന്ദ്രക്കല കാണുമ്പോൾ വിചിത്രമായ തോന്നലുകൾ അയാളുടെ തലയിലെ കടന്നൽ കൂടിളക്കും. കൊയ്ത്ത് കഴിഞ്ഞ് കതിര് ചിന്തിയ പാടം പോലെയാണ് ആകാശം എന്ന കാൽപനിക ഭാവന അയാളുടെ തലയിൽ നിന്ന് ഉറവപൊട്ടും.

എന്നാൽ അന്ന് അപ്പുമാസ്റ്റർ പതിവില്ലാതെ പോൾക്കോവ്‌നിക് യൂറിഗഗാറിനെ ഓർത്തു. അയാൾ വൈലോപ്പിള്ളിയുടെ വരികൾ മൂളി കൊണ്ട് ഒരു ബീഡി കത്തിച്ചു. ഒരു പ്രാണിപോലുമില്ലാതെ, അനന്തതയിലേക്ക് പരന്നു കിടക്കുന്ന ബാഹ്യവിഹായസിനെ ആദ്യം പുൽകിയ മനുഷ്യൻ. ഈ ഭൂമിയെ, അതിലെ കോടിക്കണക്കായ ചരാചരങ്ങളെ സ്‌നേഹവായ്‌പ്പോടെ നോക്കിയ ആദ്യത്തെ സഖാവ്. അപ്പുമാസ്റ്റർക്ക് അതോർത്തപ്പോൾ കുളിരുകോരി.

മദ്രാസിലെ സോവിയറ്റ് കോൺസുലേറ്റ് പ്രസിദ്ധീകരിക്കുന്ന സോവിയറ്റ്‌നാടിന്റെ സ്ഥിരം വരിക്കാരനായിരുന്നു അയാൾ. ഒട്ടുമിക്ക സോവിയറ്റ് പ്രസിദ്ധീകരണങ്ങളും നാട്ടിൽ ഇറങ്ങുന്ന മുറക്ക് സ്വന്തം പണം മുടക്കി വാങ്ങി പാർട്ടി ആപ്പീസിലെ അലമാരകൾ നിറക്കുന്നത് അയാൾ പതിവാക്കി. പൊയിലോത്തെ കർഷകതൊഴിലാളികളുടെ മക്കൾക്കായി തുടങ്ങിയ ഈവനിംഗ് ക്ലാസിൽ അയാൾ ദിവസവും ഓരോ സോവിയറ്റ് നാടോടി കഥകൾ പറഞ്ഞു. മോഡേൺ ബെയ്ക്‌സിലെ റസ്‌ക്കും, കടുംകാപ്പിയും എന്നും കൊടുക്കാനൊത്തില്ലെങ്കിലും കാച്ചിലും നനക്കിഴങ്ങും, ഇടക്ക് അവിലിൽ പപ്പടമിട്ട് കുഴച്ചതുമൊക്കെയായി ക്ലാസുകൾ അല്ലല്ലില്ലാതെ നീങ്ങി. സതീശന് കണക്കിലായിരുന്നു കമ്പം. നാലക്കം വരെ മനസ്സിലിട്ട് പെരുക്കുന്ന വിദ്യ അപ്പു മാസ്റ്റർ അവനെ പഠിപ്പിച്ചു. മാസ്റ്റർ പറയുന്ന ഓരോ വാക്കും അവൻ വലതു ചെവി കൂർപ്പിച്ച് വച്ച് കേൾക്കും. ഇടതു ചെവിക്ക് കേൾവി ശക്തിയില്ലാത്തതു കൊണ്ട് അരപ്പൊട്ടാ എന്ന് നായന്മാരുടെ കുട്ടികൾ അവനെ കളിയാക്കുമായിരുന്നു. അതു കേട്ട് മട്ടുത്തപ്പോൾ അവൻ സ്‌ക്കൂളിൽ പോക്കു നിർത്തി. പിന്നീടവൻ അപ്പുമാസ്റ്ററുടെ ഈവനിംഗ് ക്ലാസ് മാത്രമാക്കി. എഴുപത്തിമൂന്നിൽ അടിയന്താരാവസ്ഥക്കാലത്ത് ഒരു കൊല്ലം മുടങ്ങിയതൊഴിച്ചാൽ ഒട്ടുമുക്കാൽ സമയവും അവൻ മാളികയുടെ മുകളിൽ തന്നെയായിരുന്നു. കുടകിലെ ഒളിവു ജീവിതം അവസാനിപ്പിച്ച് അപ്പു മാസ്റ്റർ തിരിച്ചു വന്ന കൊല്ലം സതീശൻ പ്രൈവറ്റായി എസ്. എസ്. എൽ. സി എഴുതി.

പത്ത് പാസായതിന്റെ പിറ്റേന്ന് രാവിലെ ഉറക്കം തെളിഞ്ഞ് സതീശൻ ഇറയത്തേക്ക് കണ്ണ് മിഴിച്ചപ്പോൾ മുറ്റത്ത് അപ്പു മാസ്റ്റർ നിൽക്കുന്നുണ്ട്. കണ്ടപാടെ കക്ഷത്ത് ചുരുട്ടിപിടിച്ച പൊതി കൈയ്യിൽ തന്നിട്ട് മൂപ്പര് പറഞ്ഞു.

"ഇതിട്ട് ബേംബാ.. ഒര് സ്ഥലം ബരെ പോണം.'

ചോക്കുമണമുള്ള അയഞ്ഞ കുപ്പായമിട്ട് നടക്കുമ്പോൾ സതീശൻ തന്നെയാരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റിലും നോക്കി. അതിരു കാണാനില്ലാതെ പരന്നു കിടക്കുന്ന പാടങ്ങളല്ലാതെ ഒരു മനുഷ്യജീവിയുമില്ല. ഇടവപ്പാതിക്ക് മുമ്പേ "പെര കെട്ട്യോടാ..' എന്നു വിളിച്ചു ചോദിക്കുന്ന പറമ്പത്തയ്യൻ പക്ഷികളിൽ ചിലത് തലപൊക്കി നോക്കി. രണ്ടു മനുഷ്യർ അരണ്ട വെളിച്ചത്തിലൂടെ വരമ്പുകൾ കവച്ചു വച്ച് നടക്കുന്നു.

സഹ്യന്റെ ചെരിവിൽ നിന്ന് ആരോ വലിയൊരു കഷ്ണം മുറിച്ചെടുത്തതു പോലെയാണ് പൊയിലോത്തെ ഭൂമിയുടെ കിടപ്പ്. ചുരം പകുതി പിന്നിടുമ്പോൾ തന്നെ അതിന്റെ തട്ടു തട്ടായുള്ള എടുപ്പുകൾ കാണാം. അത് കഴിഞ്ഞാൽ അനേക ഫർലോങ്ങുകൾ പരന്നു കിടക്കുന്ന പാടങ്ങളാണ്. പിന്നങ്ങോട്ട് കാടും അതിനപ്പുറം തമിഴകവും. ഭൂമിശാസ്ത്രപരമായ അതിന്റെ പ്രത്യേകത കൊണ്ടാവാം, സംഘകാലം മുതൽ തുടർച്ചയായി കൃഷി നടന്നിരുന്ന സ്ഥലമാണെന്ന് പറയപ്പെടുന്നു. ഭൂപരിഷ്‌കരണകാലത്ത് എസ്റ്റേറ്റ് ഗണത്തിൽ പെടുത്തി എളമ്പിലാക്കലുകാർ അവരുടെ ഭൂസ്വത്ത് ഏതാണ്ട് മുക്കാലും രക്ഷപ്പെടുത്തിയെടുത്തിരുന്നു. കുറുക്കന്മാരുടെ മാളങ്ങളും കാട്ടുമുയലുകൾ വിഹരിക്കുന്ന കുറ്റിക്കാടുകളും മാത്രമുള്ള ചെറുകുന്നുകളിലാണ് അധകൃതരായ കർഷകതൊഴിലാളികൾക്ക് അക്കാലത്ത് ഭൂമി പതിച്ചു കിട്ടിയത്. ഉപജീവനത്തിനായി അവർക്ക് തുടർന്നും നായന്മാരുടെ പാടത്തേക്കിറങ്ങേണ്ടി വന്നു. അന്ന് പക്ഷെ പൊയിലോത്ത് കമ്മ്യൂണിസ്റ്റ്പച്ചകൾ മാത്രമാണുള്ളത്. കോട്ടയത്ത് നിന്നൊരു ചേട്ടൻ ചുരം കയറി വന്ന് എളമ്പിലാക്കൽ വക രണ്ട് മലകൾക്ക് വില പറയുന്നത് വരെ ആ പ്രദേശങ്ങളിലെല്ലാം അവ സമൃദ്ധമായിരുന്നു.

കോഴിക്കോട്ടേക്കുള്ള സ്റ്റേറ്റ് ബസ്സിന്റെ ജനലഴികളിലൂടെ തലയിട്ട് പുറത്തേക്ക് നോക്കിയ സതീശനെ, അപ്പുമാസ്റ്റർ പലതവണ സീറ്റിൽ പിടിച്ചിരുത്തി. തന്റെ സ്വഭാവികമായ ആവാസവ്യവസ്ഥയിൽ നിന്നും പുറത്താക്കപ്പെട്ട ഒരു ജീവിയുടെ അങ്കലാപ്പ് അവന്റെ മുഖത്ത് പ്രകടമായിരുന്നു. പൊയ്‌ലോത്ത് നെല്ലുകയറ്റാൻ വരുന്ന തമിഴൻലോറികളും ചുരത്തിൽ അപൂർവ്വമായി പ്രത്യക്ഷപ്പെടുന്ന ജീപ്പുകളും മാത്രമേ അതുവരെ സതീശൻ കണ്ടിട്ടുണ്ടായിരുന്നുള്ളു. അവയ്ക്ക് മരങ്ങളേയും മനുഷ്യരെയും പിറകോട്ട് ഓടിച്ചുവിടാനുള്ള കഴിവുണ്ടെന്ന് അവൻ മനസ്സിലാക്കിയിരുന്നില്ല! ഉച്ചക്ക് അവർ പാളയത്തെത്തി. കോഫി ഹൗസിൽ നിന്ന് ഊണു കഴിച്ച് മെഡിക്കൽ കോളേജിലേക്കുള്ള ബസ്സിൽ കയറി ഇരുന്നപ്പോൾ വയറു നിറഞ്ഞ ആലസ്യത്തിൽ സതീശൻ പെട്ടന്ന് ഉറങ്ങിപ്പോയി. പിന്നെ ഉണരുമ്പോൾ ബസ്സ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്താണ്. ഒ. പി അവസാനിച്ചിരുന്നെങ്കിലും അപ്പുമാസ്റ്ററുടെ കഷണ്ടിത്തലയോട് പരിചിതഭാവത്തിൽ ചിലരെല്ലാം ചിരിച്ചു. അവിടെ പാറാവു നിന്നിരുന്ന മാസറ്ററുടേതിന് സമാനമായ കഷണ്ടിത്തലയുള്ള ഒരു മനുഷ്യൻ അവരുടെ അടുത്തു വന്ന് സംസാരിച്ചു. അയാൾ മാസ്റ്റർ പറഞ്ഞ ചില കാര്യങ്ങൾക്കെല്ലാം തലയാട്ടിയ ശേഷം ഒരു വാതിൽ തുറന്ന് അകത്തേക്ക് പോയി. രണ്ട് മിനുട്ട് കഴിഞ്ഞപ്പോൾ അയാളുടെ കഷണ്ടിത്തല പകുതിചാരിയ വാതിലിനിടയിലൂടെ പുറത്തേക്ക് വന്ന് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. മാസ്റ്റർ സതീശന്റെ കൈപിടിച്ച് അകത്തേക്ക് കടന്നു.

ഇ. എൻ. ടി സ്‌പെഷ്യലിസ്റ്റ് രാജൻ തരകൻ സതീശന്റെ ഇടത്തേ ചെവിയിൽ ടോർച്ചടിച്ചു നോക്കി. ഒരു ചെറിയ പീച്ചാംകുഴൽ ചെവിയിൽ കടത്തി അറ്റത്ത് പതുക്കെ തട്ടി.
"ഇപ്പൊ എന്താ കേൾക്കുന്നേ സതീശാ..?'

"നെല്ല് കുത്തുന്ന ശബ്ദം ഡോക്ട്ടറേ..! '

രാജൻ അപ്പു മാസ്റ്ററുടെ അടുത്തേക്ക് തിരിഞ്ഞു.

"ഇത് നമുക്ക് ശരിയാക്കാം മാഷേ..'

അയാൾ ആത്മവിശ്വാസത്തോടെ പറഞ്ഞു. അപ്പു മാസ്റ്റർ സതീശന്റെ എണ്ണമയമില്ലാത്ത തലമുടിയിൽ കൈവച്ച് ആശ്വാസത്തോടെ ചിരിച്ചു.

പൊയിലോത്ത് നാല് ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ സതീശൻ ഇടത്തു നിന്ന് വിളിച്ചാലും വിളികേൾക്കാൻ തുടങ്ങി. അവന്റെ അയഞ്ഞ കുപ്പായത്തിന്റെ കീശയിലെ ട്രാൻസിസ്റ്ററിൽ നിന്ന് ഉണങ്ങിയ പയറുവള്ളി പോലെ ചെവിയിലേക്ക് പടർന്നുപോകുന്ന പ്ലാസ്റ്റിക് വയറിനെ ഒപ്പമുള്ള കുട്ടികൾ കൗതുകത്തോടെ നോക്കി. സദാ സമയവും ട്രാൻസിസ്റ്റർ കേട്ടു നടക്കുന്ന തിര്ക്കൻ സതീശൻ അങ്ങനെ ട്രാൻസിസ്റ്റർ സതീശനായി. എ. കെ. ജി സ്മാരക ഗ്രന്ഥശാലയിൽ വരുത്തിക്കുന്ന പാർട്ടി പത്രത്തിലെ വാർത്തകൾക്ക് ദേശക്കാർക്കായി റേഡിയോ ഭാഷ്യം ചമച്ചു കൊടുത്ത് അവനാ വിളിപ്പേര് ഊട്ടി ഉറപ്പിച്ചെടുത്തു.

"ആല്ലോനേ സതീശാ റേഡിയത്തില് എന്തെല്ലാ ബിശേഷം. ബടക്ക് ബെളപ്പൊക്കന്നെല്ലം കേക്ക്ന്നല്ലാ..'

"ബല്ല്യ ബെള്ളപൊക്കാന്ന് കാര്ച്ച്യമ്മേ.. ഇത് അട്ത്ത കാലത്തൊന്നും തീരൂലാന്ന് തോന്ന്ന്ന്...ബൗസുള്ള പെയ്യലല്ലേ പെയ്യ്ന്ന്...'

സതീശന്റെ മറുപടി കേട്ട കാരിച്ചി സതൃപ്തയായി. അവർ പുല്ലുട്ടയും തലയിൽ വച്ച് ദേശത്തെ പരദൂഷണപ്രപഞ്ചത്തിലേക്ക് നടന്നുപോയി. സതീശന്റെ കീശയിൽ കിടന്ന, നാട്ടുകാർ ട്രാൻസിസ്റ്റർ എന്നു തെറ്റിദ്ധരിച്ച ആംപ്ലിഫയറാണ് ദേശത്തെ നവോത്ഥാനത്തിന്റെ പാതയിലേക്ക് കൈപിടിച്ച് നടത്തിയത്. പത്ത് പാസായാൽ അപ്പുമാസ്റ്റർ ട്രാൻസിസ്റ്റർ വാങ്ങിത്തരും എന്ന പ്രലോഭനത്താൽ പുലയരുടെ കുട്ടികൾ മുടങ്ങാതെ ഈവനിംഗ് ക്ലാസിൽ വന്നു തുടങ്ങി.പക്ഷെ സങ്കടകരമായ കാര്യം മറ്റൊന്നായിരുന്നു. മാസ്റ്റർ എത്ര തന്നെ പരിശ്രമിച്ചിട്ടും ഉപദേശിച്ചിട്ടും സതീശൻ തുടർന്നു പഠിക്കാൻ കൂട്ടാക്കിയതേയില്ല.

അധ്യായം പത്ത്: ശുദ്ധൻ

തോമസ് ഇട്ടിയവര തന്റെ രോമക്കുപ്പായത്തിന്റെ കോളറിന്മേൽ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികൾ വിരലറ്റം കൊണ്ട് തെറിപ്പിച്ച് മുകളിലേക്ക് നോക്കി. മുന്നോട്ടുള്ള വഴി ഏതാണ്ട് മുഴുവനായി തന്നെ മഞ്ഞ് വിഴുങ്ങിയിരിക്കുന്നു. അയാൾ ഒരു സിഗരറ്റിന് തീ കൊടുത്ത് വഴിയുടെ ഓരത്തേക്ക് മാറി നിന്നു. സഹചാരിയായ ലൂക്ക എന്ന നാടൻ നായ വഴിയരികിലെ പാറക്കല്ലുകൾ മണപ്പിച്ച ശേഷം തന്റെ യജമാനനെ വിധേയത്വത്തോടെ നോക്കി അണച്ചു. സഹ്യാദ്രിയുടെ ഒരു മുനമ്പ് വെളുത്ത മേഘങ്ങൾക്കിടയിൽ നിന്ന് തന്റെ നേർക്ക് നീങ്ങി വരുന്നതായി തോമസിന് തോന്നി. ജീപ്പ് അടിവാരത്തിൽ നിർത്തിയിട്ട് മല കയറി തുടങ്ങിയിട്ട് മണിക്കൂറുകൾ എത്ര കഴിഞ്ഞെന്ന് അയാൾക്ക് നിശ്ചയമില്ലായിരുന്നു. അയാൾ വാച്ചിൽ നോക്കി. അതിന്റെ സൂചികൾ അനങ്ങുന്നില്ല. കോട്ടയത്ത് നിന്ന് പുറപ്പെടുമ്പോൾ അപ്പൻ ഇട്ടിയവര പ്രാകിയതിനെ കുറിച്ച് തോമസ് ഒരു പുകയെടുത്തു കൊണ്ട് ചിന്തിച്ചു. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ ശേഷം ഉദ്യോഗം രാജി കൊടുത്ത്, കോട്ടയത്ത് തിരിച്ചെത്തിയ ഇളയ മകനെ കുറിച്ച് പ്ലാന്റർ ഇട്ടിയവര മനക്കോട്ടകൾ പലതും കെട്ടിയിട്ടുണ്ടായിരുന്നു. അയാൾ തന്റെ ആധീനതയിലുള്ള ചില മലഞ്ചെരിവുകളിൽ കൂടി റബർ തൈകൾ പിടിപ്പിച്ച് മകന്റെ തിരിച്ചു വരവ് നാട്ടുകാരെ അറിയിച്ചു.

"മാതാവിന്റെ കൃപ കൊണ്ട് അവൻ തട്ടുകേടില്ലാതെ തിരിച്ചെത്തി.ഇനിയിപ്പൊ അവന് കഴിച്ചിലിന് വല്ലതും വേണ്ടായോ.. കുഞ്ഞുകുട്ടി പരാധീനങ്ങൾക്ക് ഭാവിയിൽ ഒരു മുട്ടു വരരുത്.അതിനാ ഇത്.. അവർക്കുള്ളത് ഇവര് ചൊരത്തിക്കോളും.'

പക്ഷെ ഇട്ടിയവര കരുതിയതിന് വിപരീതമായാണ് കാര്യങ്ങൾ നടന്നത്.ബ്രിട്ടീഷ് പട്ടാളത്തിൽ നിന്ന് പിരിഞ്ഞ മകൻ തലയിൽ ചുവന്ന ചെകുത്താനെയും പേറിയാണ് വീടണഞ്ഞതെന്ന് അയാൾക്കറിവുണ്ടായിരുന്നില്ല. മാളികവീടിന്റെ മട്ടുപ്പാവിൽ കനപ്പെട്ടൊരു പുസ്തകത്തിലേക്ക് തലകുമ്പിട്ടിരുന്ന മകൻ ദൈവവഴിയിലാണെന്ന് കരുതി പിതാവ് ആശ്വാസം കൊണ്ടു. തോമസാണെങ്കിൽ മുകൾനിലയിൽ നിന്ന് ഇറങ്ങി വന്നതേയില്ല. ഒറോത ചേടത്തി കൊണ്ടുവക്കുന്ന കട്ടൻകാപ്പി കുടിച്ച് തോമസ് മട്ടുപ്പാവിലുലാത്തി. ഈ സമയം ഇട്ടിയവര മകന് കോട്ടയത്തെ മുന്തിയ നസ്രാണികുടുംബങ്ങളിൽ നിന്നു തന്നെ ആലോചനകൾ ക്ഷണിച്ചു തുടങ്ങിയിരുന്നു. തോമസ് പക്ഷെ താൻ വായിച്ചറിഞ്ഞ അറിവുകൾ പ്രയോഗിച്ച് പുതിയൊരു പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഒരു ദിവസം, തോട്ടം നോക്കി വരാൻ പറഞ്ഞയച്ചവൻ, കവലയിൽ ചെങ്കൊടി പാർട്ടിക്കാരുടെ യോഗത്തിന്റെ നടുക്ക് പ്രസംഗിച്ച് നിൽക്കുന്നത് കണ്ട് കലി തുള്ളിയ ഇട്ടിയവര മാപ്പിള, പണ്ടത്തെ ഓർമയിൽ അരയിലെ ബെൽറ്റ് ഊരി കൈയ്യിൽ പിടിച്ച് അലറി. മകൻ പക്ഷെ ഒരു നോട്ടം കൊണ്ട് മാപ്പിളയെ അടക്കി നിർത്തി.

"അപ്പൻ ചെല്ല് വീട്ടിൽ അമ്മച്ചി ഒറ്റയ്ക്കാ..'

ഇട്ടിയവര പരവേശത്തോടെ മാളികവീടിന്റെ ഗോവണിപ്പടികൾ ചവിട്ടിക്കയറി. വ്യാകുലമാതാവിന്റെ രൂപക്കൂടിനു മുന്നിൽ വിറയ്ക്കുന്ന കൈകൾ കൊണ്ട് ഒരു മെഴുകുതിരി കത്തിച്ച് അയാൾ മുട്ടുകുത്തി വേദപുസ്തകം കൈയ്യിലെടുത്തു. ജപമാല അയാളുടെ വിരലുകൾക്കിടയിൽ വിറ കൊണ്ടു. തട്ടിൻപുറത്തു നിന്ന് ഒച്ചപ്പാട് കേട്ട് ഓടിവന്ന ഒറോത ചേടത്തി കണ്ടത് തറയിൽ വീണു കിടക്കുന്ന ഇട്ടിയവര മുതലാളിയെയാണ്. കൈയ്യിലെ മെഴുക്ക് ചട്ടയിൽ തുടച്ച്, ഇട്ടിയവരയുടെ നെഞ്ചിൽ പരന്നു കിടന്ന പുസ്തകത്തിന്റെ പുറംചട്ടയിൽ എഴുതിയിരിക്കുന്നത് ഒറോത പണിപ്പെട്ട് വായിച്ചു.

""ദാസ് ക്യാപിറ്റൽ - ഒന്നാം വോള്യം - കാറൽ മാർക്‌സ് ഫ്രെഡറിക് ഏംഗൽസ്.''

എളമ്പിലാക്കലെ പടിക്കെട്ട് കടന്നപ്പോൾ ലൂക്ക അസ്വസ്ഥതയോടെ കുരച്ചു. കറുത്ത തുകൽ ജാക്കറ്റും കാലുറയും, കനത്ത ബൂട്‌സും ധരിച്ച അപരിചിതനെ മുറ്റത്ത് അടക്ക പൊളിച്ചു കൊണ്ടിരുന്ന പെണ്ണുങ്ങൾ പേടിയോടെ നോക്കി. പൂമുഖത്ത് ചാരുകസേരയിൽ മുറുക്കിന്റെ ലഹരിയിൽ ഇരുന്ന കാരണവർ ഒന്നു തല ഉയർത്തി .' കെഴക്കേ മല നോക്കാൻ ബന്ന ചേട്ടനാന്ന് ' കാൽക്കലിരുന്ന കാര്യസ്ഥൻ മുട്ടുകാലിൽ വന്ന് ജന്മിയുടെ ചെവിട്ടിൽ പിറുപിറുത്തു. അയാളുടെ നോട്ടം കൊണ്ടുള്ള ആജ്ഞയിൽ ഒരു ഭിത്യൻ എവിടെ നിന്നോ ഒരു പ്ലാത്തടിക്കസേരയുമായി വന്നു. തോമസ് ഇട്ടിയവര കസേരയിലിരുന്ന് ജാക്കറ്റിന്റെ കോളർ കുടുക്കഴിച്ചു.

"പട്ടാളത്തിലായിരുന്നെന്നു കേട്ടു.'

ജന്മി കാര്യസ്ഥൻ നീട്ടിയ കോളാമ്പിയിലേക്ക് താംബൂലം പകർന്ന് അതിഥിയെ നോക്കി.

"കുറച്ചു കാലം ഉണ്ടായിരുന്നു.യുദ്ധം കഴിഞ്ഞപ്പോൾ പിരിഞ്ഞു പോന്നു.'

"ആ അത് നന്നായി യുദ്ധം കഴിഞ്ഞാ പിന്നെ പട്ടാളം എന്തിനാ.. ബ്രിട്ടൻ ജയിച്ചത് നമുക്ക് നന്നായെങ്കിലും ഹിറ്റ്‌ലർ തോറ്റത് ക്ഷീണമായി. സോവിയറ്റുകളുടെ കഥ തീർന്നെന്ന് കരുതിയതാ..'

തോമസ് അതിന് മറുപടി ഒന്നും കൊടുത്തില്ല.

"കിഴക്ക് ഭാഗത്ത് നിങ്ങടെ ആള് കാണിച്ചു തന്ന രണ്ട് മലകൾ എനിക്ക് ബോധിച്ചു.നിങ്ങൾ പറയുന്ന വില തന്നെ തരാം. അതിലിനി പേശൽ വേണ്ട. അവിടെ കാപ്പിക്ക് പറ്റിയ മണ്ണാണ്. മൈസൂരിൽ എനിക്ക് പരിചയക്കാരുണ്ട്. മാനന്തവാടി വഴി എനിക്ക് അവർക്ക് ചരക്കെത്തിക്കാൻ പറ്റും.'

ഒരു കച്ചവടം ഒത്തുവന്നതിന്റെ ലഹരി കാര്യസ്ഥന്റെ ചിരിയിലുണ്ടായിരുന്നു.അയാൾ യജമാനനെ പ്രതീക്ഷയോടെ നോക്കി.

"പക്ഷെ, എനിക്ക് കവലയിൽ ഒരു അഞ്ച് ആർസ് സ്ഥലം കൂടി വേണം. വേറൊന്നിനുമല്ല. ചരക്ക് സൂക്ഷിക്കാനും പിന്നെ അല്ലറ ചില്ലറ ആവശ്യങ്ങൾക്കും വരുന്ന ആളുകളെ പാർപ്പിക്കാനുമൊക്കെയായിട്ട് ഒരു കെട്ടിടം പണിയാനാണ്.'

"അതിനെന്താ അഞ്ചോ ആറോ തരാം.നാളെ തന്നെ ആധാരം ചെയ്തു കളയാം.പണിക്കാരൊക്കെ എങ്ങനെയാ നാട്ടീന്ന് വര്വോ.. ഈടെ പണിയന്മാര്ണ്ട്. നെല്ലോ പൊകലയോ എന്തെങ്കിലും കൊടുത്താൽ മതി.'

തോമസ് ചിരിച്ചു. അയാൾ കീശയിൽ നിന്ന് ഒരു കൂട് ബിസ്‌ക്കറ്റെടുത്ത് പൊളിച്ചു. ഒരെണ്ണം ജന്മിക്ക് നേരെ നീട്ടി.
അയാൾ അതു വാങ്ങി കവിളിൽ വെള്ളം എടുത്ത് കുലുക്കുഴിഞ്ഞ ശേഷം വായിലേക്കിട്ടു. തോമസ് ഒരു ബിസ്‌ക്കറ്റു കൂടിയെടുത്തു. ലൂക്ക.. അയാൾ അരുമയോടെ വിളിച്ചു. മണ്ണിൽ എന്തോ പരതിക്കൊണ്ടിരുന്ന ലൂക്ക വിളി കേട്ട് ഓടി വന്നു. തോമസ് ഇട്ടിയവരയുടെ കൈവെള്ളയിൽ കിടന്ന തവിട്ട് നിറമുള്ള ബിസ്‌ക്കറ്റ് ലൂക്ക പതുക്കെ നുണയാൻ തുടങ്ങി.

സ്റ്റെയ്ൻലസ് സ്റ്റീൽ വാളു കൊണ്ട് തലങ്ങും വിലങ്ങും വെട്ടി വഴി തെളിച്ചു കൊണ്ട് തോമസ് ഇട്ടിയവര നടന്നു. ചോല ഒഴുകുന്നതിന് കുറച്ചു മുകളിലായി നല്ല കാച്ചിലുള്ളതും സുമാർ നാലേക്കർ വിസൃതിയുമുള്ളൊരു സമതലം അയാൾ തിരഞ്ഞു കണ്ടുപിടിച്ചിരുന്നു. മല കാണാൻ കാര്യസ്ഥന്റെ ഒപ്പം വന്ന സമയത്ത് മരക്കൊമ്പുകളിൽ ചുവന്ന കോറത്തുണികൾ കെട്ടിയത് അയാൾക്ക് അടയാളം കാണിച്ചു. അവിടെ നിന്ന് താഴേക്ക് നോക്കിയപ്പോൾ കാടിനെ ഒരു ഫർലോങ് പടിഞ്ഞാറേക്ക് തെളിച്ചു കയറ്റണമെന്ന് തോമസ് കണക്കു കൂട്ടി. ഉച്ച വരെ ഈറ്റമുളകൾ വെട്ടി ഒരിടത്ത് കൂട്ടിയിട്ട് വെയിലാറിയപ്പോൾ അയാൾ ചോലയിലിറങ്ങി കിടന്നു. അട്ടകളുടെ ശബ്ദം ചോലയുടെ ഒഴുക്കിന്റെ ആരവത്തിൽ മറഞ്ഞു നിന്നു. കാട് അനക്കമില്ലാതെ നിന്ന് പരദേശിയുടെ ചലനങ്ങൾ നിരീക്ഷിച്ചു. ചോലയുടെ തണുപ്പ് അവന്റ ശരീരത്തിൽ ഇരച്ചുകയറി പേശികളെ ദൃഢമാക്കി. ഇരുട്ടും മുമ്പ് ഇരുമ്പകത്തിന്റെ കൊമ്പിൽ അയാളൊരു ഏറുമാടത്തിന്റെ പണി തീർത്തു. രാത്രിയിൽ കാട് കൊതുകുകൾ നിറഞ്ഞ നരകമായിരുന്നു. തോമസ് ഇറുക്കമുള്ള രോമക്കുപ്പായമിട്ട് റാന്തലിന്റെ വെളിച്ചത്തിലിരുന്നു. പണിയന്മാരുടെ ഊരിൽ നിന്ന് പേരറിയാത്ത ഒരു ഉപകരണത്തിന്റെ സംഗീതം മല കയറി വന്നു. തോമസ് ഇട്ടിയവര കത്തി കൊണ്ട് ചെത്തി മിനുക്കി ഒരു സിക്കിൾസെൽ മാതൃകയുണ്ടാക്കി. ചോലയൊഴുക്കിന്റെ പശ്ചാത്തലത്തിൽ അയാൾ ചുവന്ന ചെറിയ പുസ്തകം തുറന്ന് വായിച്ചു തുടങ്ങി.

""നാളിതുവരെ നില നിന്ന എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണ്...''

പിറ്റേന്ന് നേരം വെളുത്തപ്പോൾ തോമസ് ഇട്ടിയവര പണിയന്മാരുടെ ഊരു ലക്ഷ്യമാക്കി നടന്നു. ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments