ചിത്രീകരണം : ശശി ഭാസ്​കരൻ

പൊയിലോത്ത് ഡെർബി

അധ്യായം പതിനൊന്ന് : ഫസ്റ്റ് ടച്ച്

വുങ്ങിൻകാലുകളിൽ പതുക്കെ ഉയർന്നു വരുന്ന ഗ്യാലറിയുടെ പണി പുരോഗമിക്കുന്നത് നോക്കി ട്രാൻസിസ്റ്റർ സതീശൻ എളമ്പിലാക്കലെ നടുപ്പാടത്ത് നിന്നു.ചക്രവാളത്തിൽ, പെനാൽട്ടി സ്‌പോട്ടിൽ വച്ച പന്തു കണക്കെ സൂര്യൻ നിശ്ചലമായി ജ്വലിക്കുന്നു. പണ്ട് തണ്ടാസ്‌കണ്ടത്തിൽ നിന്നതു പോലെ താൻ ഒറ്റക്കാണോ എന്നയാൾക്ക് ശങ്ക തോന്നി. ചുറ്റിലും ഈച്ചകൾ പാറുന്നതായും അന്തരീക്ഷത്തിൽ മീഥെയ്ൻ ഗന്ധം കലരുന്നതായും തോന്നി. മുളങ്കാലുകളിൽ ഇരുന്ന് കവുങ്ങിന്റെ അലക് വലിച്ചു കെട്ടുന്ന അപ്പുമാഷ്! മാഷ് സതീശാന്ന് വിളിക്കുന്നു! പെട്ടന്ന് പിന്നിൽ നിന്നും എൽ. സി സെക്രട്ടറി നാണുവേട്ടൻ തോണ്ടി.

"സതീശാ പോണ്ടേ ഏഴരക്കാന്ന് മീറ്റിംഗ്.'

പകൽസ്വപ്നത്തിൽ നിന്നുണർന്ന സതീശൻ മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണട തുടച്ച് മുഖത്തു വച്ചു. കാഴ്ച്ചകൾ ഇപ്പോൾ വ്യക്തമാണ്. ദൂരെ ബോൾഷെവിക് പൊയിലോത്തിന്റെ ടീം പ്രാക്റ്റീസ് ചെയ്യുന്നു. ആകാശത്തിലും ഭൂമിയിലുമായി ഫുട്‌ബോളുകൾ ചലിക്കുന്നു.പൊടി പടലങ്ങൾ സൃഷ്ട്ടിച്ചു കൊണ്ട് വെട്ടിയൊഴിഞ്ഞ് യുവത്വമുള്ള കാലുകൾ അവക്ക് പിന്നാലെ പായുന്നു. വീൽചെയറിലിരിക്കുന്ന ഒരാൾ ഇടക്ക് വിസിലടിക്കുന്നുണ്ട്. അയാളുടെ ആക്രോശങ്ങൾ ഗ്യാലറി വരെ കേൾക്കാം. സതീശൻ ദീർഘമായൊന്ന് ശ്വസിച്ചു.

"ന്നാ നടക്കാം'

അയാൾ മുണ്ട് മടക്കിക്കുത്തി നാണുവേട്ടനോട് പറഞ്ഞു.

ഇത്രയും കാലത്തിനിടക്ക് ഇടക്ക് കളക്ട്ടറും പോലീസുകാരും വിളിച്ചു ചേർക്കുന്ന സമാധാന യോഗങ്ങളിലല്ലാതെ പാർട്ടിയും എളമ്പിലാക്കലുകാരും നേർക്കുനേർ ഇരുന്നിട്ടില്ല. ഇത് പക്ഷെ പാർട്ടി എന്ന അസ്ഥിത്വത്തിൽ നിന്ന് മാറി എം. മാധവൻനായർ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ സംഘാടക സമിതി യോഗമാണെന്ന് മാത്രം. എളമ്പിലാക്കൽ വക ഗസ്റ്റ് ഹൗസിലെ എസിയുടെ തണുപ്പിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് വർഗീസ് ചമ്മിണി സംസാരിക്കുകയാണ്. അയാളുടെ, ഒറ്റനോട്ടത്തിൽ ഖദറെന്ന് തോന്നിക്കുന്ന ലിനൻ ഷർട്ട് ടേബിൾ ഫാനിന്റെ കാറ്റിൽ ഇളകി.

"കാലാകാലങ്ങളായി പൊയിലോത്തെ പ്രബലരായ രണ്ട് കക്ഷികൾക്കിടയിൽ നിലനിന്നിരുന്ന കിടമൽസരങ്ങളെ കുറിച്ചും അതിനെ തുടർന്ന് ഇരുപക്ഷത്തുമുണ്ടായ ആൾനാശത്തെ കുറിച്ചും ഇവിടെ കൂടിയ എല്ലാവർക്കും അറിവുള്ളതാണല്ലോ, അതുകൊണ്ട് ചരിത്രത്തെ പറ്റി വീണ്ടും പറഞ്ഞ് നിങ്ങളെയാരെയും മുഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും ഇങ്ങനെയൊരു ടൂർണമെന്റ് പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യകതയെ പറ്റി ചിലത് പറയേണ്ടതുണ്ട്. പരസ്പരമുള്ള രക്തചൊരിച്ചിലുകൾക്ക് ഒരറുതി വരുത്തേണ്ടത് നാടിന്റെ പൊതുആവശ്യമാണ്. നമ്മളെല്ലാവരും വ്യത്യസ്ത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ആളുകൾ ആയിരിക്കാം. പക്ഷെ നമുക്കിടയിലെ മൽസരം ഒരിക്കലും നാട്ടിലെ സമാധാനം തകർത്തു കൊണ്ടാവരുത്. ഫുട്‌ബോൾ ഒരു ആരോഗ്യകരമായ മൽസരം എന്ന നിലയിൽ എല്ലാവരും കാണണം.നിങ്ങളുടെ എല്ലാ വാശിയും വൈരവും കളിക്കളത്തിൽ മാത്രം നിൽക്കണം. അത് കളത്തിന് പുറത്തേക്ക് വളരരുത് എന്ന് ഉറപ്പിക്കാൻ കൂടിയാണ് നമ്മൾ ഈ സംഘാടകസമിതി കൂടിയിരിക്കുന്നത്. കൂടുതലൊന്നും പറഞ്ഞ് കാടു കയറാൻ ഞാൻ തൽക്കാലം മുതിരുന്നില്ല. ബോൾഷെവിക് പൊയിലോത്തിന്റെ മാനേജർ എന്ന നിലയിൽ സതീശനെയും ടൂർണമെന്റിന്റെ സംഘാടകർ എന്ന നിലയിൽ എം. മാധവൻ നായർ ട്രസ്റ്റിന്റെ ഭാരവാഹികളെയും ഈ കാര്യം ഒന്നുകൂടി ഞാൻ ഓർമിപ്പിക്കുകയാണ്. എല്ലാം കളിയിൽ തീരണം. ഒന്നും കാര്യമാവരുത് !'

മുണ്ട് അരയിൽ മുറുക്കിയുടുത്ത് ട്രാൻസിസ്റ്റർ സതീശൻ എഴുന്നേറ്റു. വാതിൽക്കൽ നിന്ന കുറിക്കാരിൽ ചിലരെ പുച്ഛഭാവത്തിൽ നോക്കി അയാൾ സംസാരിക്കാൻ തുടങ്ങി.

"പ്രസിഡന്റേ... ഈടെ ഒന്നും തൊടങ്ങി വച്ചത് ഞങ്ങളല്ല. കളിയെ എല്ലാക്കാലത്തും ഞങ്ങള് കളി ആയിറ്റേ കണ്ടിറ്റ്‌ളളു.. പക്ഷെ ഈ ടൂർണമെന്റ്, അത് തൊടങ്ങിയ കാലം തൊട്ട് ഞങ്ങക്കത് കാര്യാന്ന്. ആ ട്രോഫി ഇപ്പ ഇരിക്ക്ന്ന ഷോക്കേസ് വിട്ട് ഞങ്ങളെ കൈയിലെത്തണ ബരെ കളി കാര്യം തന്നെയാന്ന്. എല്ലാം കളിയില് അവസാനിക്കൂന്ന് തന്നെയാണ് ഞങ്ങളും വിചാരിക്ക്ന്നത്. വേറെ വിശേഷിച്ച് ഒന്നുല്ലെങ്കീ കൊറച്ച് തിട്ക്കണ്ട് ഏരിയാ കമ്മിറ്റി ഇന്നാന്ന്.'

ട്രാൻസിസ്റ്റർ സതീശൻ ഹിയറിംഗ് എയ്ഡ് ചെവിയിൽ തിരുകി പുറത്തേക്ക് നടക്കുമ്പോൾ ആരവം പെട്ടന്ന് കെട്ടടങ്ങിയ ഗ്യാലറി പോലെ യോഗം നടക്കുന്ന മുറി നിശബ്ദമായി. ബ്ലോക് പ്രസിഡന്റ് വർഗീസ് ചിമ്മിണി എന്തോ പറയാനാഞ്ഞെങ്കിലും ചൂഴ്ന്ന് നിൽക്കുന്ന നിശബ്ദത അയാളെ തളർത്തി കളഞ്ഞു.

എളമ്പിലാക്കലുകാരുടെ സംഘധ്വനിക്ക് വേണ്ടി അഫ്ഗാനിൽ നിന്നുള്ള കളിക്കാർ ഇറങ്ങുമെന്നൊരു ശ്രുതി കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ സതീശനെ അലട്ടിയ പ്രശ്‌നം അതായിരുന്നില്ല. കൊറോണക്കാലത്ത് മടങ്ങിപ്പോയ നൈജീരിയൻ/സുഡാനി കളിക്കാരൊന്നും ഇതുവരെ തിരിച്ചു വന്നിട്ടില്ല. സീസൺ ആരംഭിക്കുന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നതാണ് പ്രധാന കാരണം. പിന്നെയുള്ളത് ഐലീഗിൽ കളിക്കുന്നവരാണ്. അവരെ കൊണ്ടുവരുന്നതാണെങ്കിൽ ചെലവേറെയുള്ള സംഗതിയുമാണ്. സതീശനും ഭാസ്‌കരനും പലവഴികളിലൂടെ സഞ്ചരിച്ചു. വീൽചെയറിലിരുന്ന് കളിക്കാർക്ക് നിർദേശങ്ങൾ കൊടുക്കുന്നതിനിടയിൽ ടോണി സെബാസ്റ്റ്യൻ എന്ന പഴയ കേരളാ മിഡ്ഫീൽഡർ അവരുടെ വെപ്രാളത്തെ കണ്ടില്ലെന്ന് നടിച്ചു.

ഉൽഘാടന ദിവസം ബ്ലാക് ആന്റ് വൈറ്റ് സ്റ്റുഡിയോയും ജിംകാന തൃശ്ശൂരും തമ്മിലുള്ള കളി നടക്കുമ്പോൾ സതീശൻ സ്ഥലത്തില്ലായിരുന്നു. പക്ഷെ ആരവങ്ങൾക്കിടയിൽ ആരും ആ അസാന്നിദ്ധ്യം ശ്രദ്ധിച്ചതേയില്ല.

അധ്യായം പന്ത്രണ്ട് : കുറിക്കാർ

പാർട്ടി വളരുന്നതിന് സമാന്തരമായി പൊയിലോത്ത് മറ്റൊരു കൂട്ടരും ചുവടുറപ്പിക്കുന്നുണ്ടായിരുന്നു. പണിമുടക്കിന്റന്ന് ചെത്തിയ കള്ളൊഴിച്ച് കളഞ്ഞ രാരുകുട്ടനും ബിജേഷിനും വെട്ടു കൊണ്ട പകൽ വരെ സതീശന് അവരുടെ വളർച്ചയെ പറ്റി ഒട്ടും അറിവുണ്ടായിരുന്നില്ല. എളമ്പിലാക്കലെ കളപ്പുരക്ക് പിന്നിൽ കറ്റമെതിക്കാനായി നിലം തല്ലിയൊരുക്കി പണിത കളത്തിൽ, കുറിക്കാരുടെ കുറുവടി പയറ്റും അഭ്യാസങ്ങളും നടക്കുന്നുണ്ടെന്ന വിവരം എല്ലാവർക്കും അറിയാമായിരുന്നു. പക്ഷെ കളപ്പുരയിൽ ഉണ്ടുമുറുക്കിയിരുന്ന വരുത്തന്മാർ ഇഞ്ചിമിഠായിയുമായി കുട്ടികളെ വശീകരിക്കാൻ ഇറങ്ങിയപ്പോഴാണ് അപ്പു മാസ്റ്റർ അപകടം മണത്തത്. പിറ്റേന്ന് എല്ലാ മാസവും പതിവുള്ള വീട്ടിലേക്കുള്ള പോക്ക് അയാൾ വേണ്ടെന്ന് വച്ചു. പൊയിലോത്തെ പാർട്ടി അനുഭാവികളുടെ വീടുകളിലെല്ലാം കയറി കട്ടനൂതി ഇറക്കുമ്പോൾ അപ്പുമാസ്റ്ററുടെ കഷണ്ടിത്തല എന്തിനാണിത്ര വിയർക്കുന്നതെന്ന് സതീശനൊരെത്തും പിടിയും കിട്ടിയില്ല.

അന്ന്, പുലർച്ച നേരത്താണ് രാരുകുട്ടൻ ചെത്താനിറങ്ങിയത്.വെള്ളാരം കല്ലിലിട്ട് തേറ് മൂർച്ച കൂട്ടുമ്പോൾ കിഴക്ക് വെള്ള കീറിയിട്ടില്ല.അന്നാണെങ്കിൽ സംസ്ഥാന വ്യാപകമായി ചെത്തുതൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷെ തെങ്ങു ചെത്താതെ വയ്യ.ഓലക്കാലു കൊണ്ട് വരിഞ്ഞു കെട്ടിയ കൂമ്പ് ചെത്തിയിലെങ്കിൽ കള്ളിറങ്ങി വാടി പോകും. ചെത്തിയ കളള് ഒഴിച്ചു കളയാനാണ് യൂണിയൻ നിർദേശം. എളമ്പിലാക്കലെ കളപ്പുരക്ക് പടിഞ്ഞാറ്, വിളിപ്പാടകലെ ഒറ്റപ്പെട്ട് നിൽക്കുന്ന തെങ്ങിൻ ചുവട്ടിലേക്ക് രാരുകുട്ടൻ നടന്നു. ചെത്തുതെങ്ങ് മകരത്തിന്റെ മഞ്ഞിലകപ്പെട്ട് വിറങ്ങലിച്ച് നിൽക്കുന്നു. തടിയിൽ തൊട്ടു തൊഴുത് അവൻ കയറിപ്പോയി. ദൂരെ മറ്റൊരു തെങ്ങിൻതലപ്പ് ചെറുതായി കുലുങ്ങുന്നുണ്ട്.

"ബിജേഷേ... പൂയ്..'

രാരുക്കുട്ടൻ ഒന്നു കൂവി. അപ്പുറത്ത് നിന്ന് മറുകൂക്കിനായി കാതോർത്തു.മറുപടിയൊന്നു വന്നില്ല. അവൻ കേട്ടു കാണില്ല. ഉണങ്ങിയ ഓലകളും കൊതുമ്പും വെട്ടി സ്ഥലമുണ്ടാക്കിയിരുന്ന് അരയിൽ നിന്ന് തേറെടുത്ത് പണി തുടങ്ങി. മാട്ട നിറഞ്ഞ് പതഞ്ഞു കിടക്കുന്നു. ഉറുമ്പും പതയും ഊതിക്കളഞ്ഞ് കള്ള് പാനിയിലേക്കൊഴിച്ച് തിരിച്ചിറങ്ങുമ്പോൾ തെങ്ങിൻചുവട്ടിൽ നിന്ന് ബിജേഷിന്റെ പതറിയ ഒച്ച കേട്ടു.

"രാരുട്ടാട്ടോ.. ഇവര്..'

നിലത്തിറങ്ങി അവന്റെ അടുത്തേക്ക് ഓടാനാഞ്ഞ രാരുകുട്ടന്റെ നടുവിനൊരു ചവിട്ട് കിട്ടി.മോന്ത തെങ്ങിന്റെ മൊരട്ടിൽ പോയി ഇടിച്ചു തടത്തിലേക്ക് വീണു. വീഴ്ച്ചയിൽ ബിജേഷ് വരമ്പത്ത് കിടന്ന് പിടക്കുന്നതാണ് കണ്ടത്. അവർ നാലു പേരുണ്ട്.വീണിടത്ത് നിന്ന് ചാടിയെഴുന്നേൽക്കും മുമ്പ് കൈപ്പലക്ക് വെട്ടു വീണു. ഇറച്ചി പൊള്ളിയ പോലെ തോന്നി.വെട്ടിയിടത്ത് തന്നെ പിന്നെയും...! പിന്നെയും.. ബോധം മറഞ്ഞു പോയി.

ഓർമ വരുമ്പോൾ വെയിൽ മുഖത്താഞ്ഞടിക്കുന്നുണ്ട്. ചോരയുടെ മണം മൂക്കിലടിച്ച് രാരുകുട്ടന് മനംപെരട്ടി.ഇടത്തെ കൈ അനക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒന്നു ചരിഞ്ഞു കിടന്നപ്പോൾ തോളിലൊരു കൊള്ളിയാൻ മിന്നി! കുറച്ചു ദൂരം പ്രായസപ്പെട്ട് നിരങ്ങി നീങ്ങിയെങ്കിലും വീണ്ടും ബോധം പോവുമെന്ന് തോന്നിയപ്പോൾ നിർത്തി. വരമ്പിനോട് ചേർന്ന് കിടക്കുന്ന ബിജേഷിന്റെ വിരലുകൾ വിറയ്ക്കുന്നുണ്ട്.

"ബിജേഷേ..'

തൊണ്ട അനക്കി നോക്കിയെങ്കിലും ഒച്ച പൊന്തുന്നില്ല! രാരുകുട്ടൻ അരയിലെ പാനിയിലേക്ക് കൈയ്യെത്തിച്ചു. ദാഹിക്കുന്നുണ്ട്.

"നായിന്റെ മക്കള്..'

വലതു കൈ കൊണ്ട് പ്രയാസപ്പെട്ട് പാനി പിടിക്കുമ്പോൾ അവൻ പുലമ്പി. രാരുകുട്ടൻ കള്ള് പതുക്കെ നിലത്തേക്കൊഴിച്ചു.അത് തളം കെട്ടി നിന്ന ചോരയിലേക്ക് ഒഴുകി പടർന്ന് ഇല്ലാതായി.

സന്ധിബന്ധങ്ങൾക്ക് തന്നെ കണക്കാക്കി വെട്ടിയവർ അന്നാട്ടുകാരല്ലെന്ന് ഉറപ്പായിരുന്നു. സഹകരണ ആശുപത്രിയിൽ നിന്ന് തിരിച്ചു പോരുമ്പോൾ അടിയന്തിരമായി ബ്രാഞ്ച് കൂടണമെന്ന് മാഷ് പറഞ്ഞു. അന്ന് രാത്രിയിൽ മാളികമുറിയിൽ കൂടിയിരുന്ന സഖാക്കളെല്ലാം നിശബ്ദരായിരുന്നു. സതീശനടക്കമുള്ള രക്തതിളപ്പുള്ള ചെറുപ്പക്കാർ മാത്രം തിരിച്ചടിക്കണമെന്ന് വാശിപിടിച്ചു. അപ്പു മാസ്റ്റർ അതുവരെ പാലിച്ചു പോന്ന മൗനം വിട്ട് എഴുന്നേറ്റു.

"എല്ലാരും കര്തി നടന്നാമതി ഇപ്പൊ. വായനശാലേന്റെ വാർഷികം കയിഞ്ഞിട്ട് ബാക്കി. റിഹേഴ്‌സലിന് ബര്മ്പഴും പോവുമ്പഴും ഒറ്റാക്കാരും നടക്കണ്ട..'

വായനശാലയുടെ വാർഷിക പരിപാടിയുടെ ദിവസം രാത്രി വരെ ദേശം അതിന്റെ ശാന്തത കൈവിട്ടില്ല. എന്നാൽ അന്നു രാത്രി നിനച്ചിരിക്കാത്ത ചിലത് സംഭവിച്ചു. കർട്ടൻ പിടിച്ചിരുന്ന ചാഴി സുധീഷ് ചെറുതായി ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. ഒരു വട്ടം പകുതി കർട്ടൻ താഴ്ന്നപ്പോൾ സുഗതൻ പിന്നിൽ നിന്ന് അവന്റെ തലക്കൊരു തട്ട് കൊടുത്തു. ചാഴി കണ്ണുമിഴിച്ച് നോക്കുമ്പോൾ അരങ്ങിൽ മൂന്നു പേരുണ്ട്. വെളുത്ത അയഞ്ഞ ബനിയനും ട്രൗസറും ധരിച്ച അവരുടെ കൈകൾ പിന്നോട്ട് കെട്ടി ഒരു പീഠത്തിൽ കയറ്റി നിർത്തിയിരിക്കുകയാണ്. അശാരി രാജനാണ് പഴയ പീഞ്ഞപലകയടിച്ച് ആ പീഠം ഉണ്ടാക്കിയതെന്ന് അവനറിയാം. സ്റ്റേജിന്റെ ഉത്തരത്തിൽ നിന്നും മൂന്നു ചൂടിക്കയറുകൾ കുടുക്കിട്ട് താഴേക്ക് ഞാത്തിയിട്ടിട്ടുണ്ട്. പോലീസുകാരന്റെ വേഷം കെട്ടിയ ആൾ കോഴിക്കോട്ടെ ഒരു പ്രമുഖ നാടകസംഘത്തിലുള്ളതാണ്. അയാൾ തൂക്കാൻ പോകുന്ന പുള്ളികളോട് അവസാനമായി എന്തെങ്കിലും അഗ്രഹമുണ്ടോ എന്ന് ചോദിച്ചു. നടുക്കു നിന്ന സതീശൻ എന്താണ് പറയാൻ പോകുന്നതെന്നറിയാൻ ചാഴിക്ക് കൗതുകമുണ്ടായിരുന്നു. പക്ഷെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് പെട്ടന്നെന്തോ ഒച്ചപ്പാടുണ്ടായതിനാൽ ഡയലോഗിൽ നിന്ന് അവന്റെ ശ്രദ്ധ പാളിപ്പോയി. പോലീസുകാരൻ മൂവരെയും വിലങ്ങഴിച്ച് സ്വതന്ത്രരാക്കി.അവർ പരസ്പരം കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്ത ശേഷം സദസ്സിന് നേരെ നോക്കി മുഷ്ട്ടി ചുരുട്ടി. അപ്പോഴേക്കും പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തെ ഒച്ചപ്പാട് ഉന്തിലും തള്ളിലുമെത്തിയിരുന്നു. പെട്ടന്ന് സ്റ്റേജിലേക്കാരോ പടക്കമെറിഞ്ഞു.സതീശൻ സ്റ്റേജിൽ നിന്ന് ചാടിയിറങ്ങി ആൾക്കൂട്ടത്തിനിടയിലേക്ക് കുതിക്കുന്നതാണ് പിന്നെ കണ്ടത്. സതീശനും പിന്നാലെ വന്ന സഖാക്കളും വരുത്തന്മാരെ തല്ലി കൂട്ടി തെങ്ങിൻ കുണ്ടിലിട്ടു. കൂട്ടത്തിൽ ഏറ്റവും മീശയുള്ളൊരുത്തനെ തെങ്ങിൻതടിയോട് ചാരി നിർത്തി സതീശനെന്തോ തെറി വിളിച്ചു. അപ്പോഴേക്കും സംഗതിയറിഞ്ഞ് അപ്പുമാസ്റ്റർ എത്തിയിരുന്നു. കുറിക്കാരുടെ ചോര കക്കിയ മുഖങ്ങളിലേക്ക് മാസ്റ്റർ മാറി മാറി നോക്കി. പിന്നെയും തല്ലാനാഞ്ഞ സതീശനെ തടുത്ത് തെങ്ങിനു പിന്നിലേക്ക് പതുക്കെ നടന്നു. അവരുടെ കണ്ണിലേക്ക് തന്നെ രൂക്ഷമായി നോക്കി കൊണ്ട് മാസ്റ്റർ കെട്ടഴിച്ചു.

"ഇനി ഈടെ കാണര്ത്. കേട്ടീനാ..'

അവരൊന്നും മിണ്ടിയില്ല.

"ഇവറെ എട്ത്ത് കൊണ്ടോയിനെടാ..'

മാസ്റ്റർ തോർത്ത് കുടഞ്ഞ് ആൾക്കൂട്ടത്തെ വകഞ്ഞ് നടന്നു പോയി. അന്ന് രാത്രി കളപ്പുരയുടെ വാതിൽ ചവിട്ടി പൊളിച്ച് അകത്തിരുന്ന സാധനങ്ങളൊക്കെ പുറത്ത് കൂട്ടിയിട്ട് തീയിട്ടു. വരുത്തന്മാരെ കയറ്റിവിട്ട തമിഴൻലോറി ചുരം ഇറങ്ങി പോയതിന് ശേഷമാണ് അന്ന് ദേശം ഉറങ്ങിയത്.

എന്നാൽ എളമ്പിലാക്കലെ കാരണവരിൽ നിന്നും ആ സംഭവത്തിനെതിരായി ഒരു പ്രതികരണവും ഉണ്ടായില്ല. ഒരാഴ്ച്ചക്ക് ശേഷം എളമ്പിലാക്കലെ മുറ്റത്ത് പതിവില്ലാതെ വലിയ പന്തലിടലും സദ്യവട്ടവും കണ്ടപ്പോൾ സതീശനത് നേരെ വന്ന് മാഷിനോട് പറയുകയാണുണ്ടായത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു കറുത്ത അബാസിഡർ കാറ് പരിവാര സമേതം ചുരം കയറി എളമ്പിലാക്കലെ പടിക്കൽ വന്നു നിന്നു.കാഷായ വസ്ത്രം ധരിച്ച്, മെലിഞ്ഞ് താടി വച്ച ഒരു കണ്ണടക്കാരൻ അതിനകത്തു നിന്നും ഇറങ്ങി. മാധവൻനായർ കിണ്ടിയിലെ വെള്ളം ഒഴിച്ച് സ്വന്തം കൈകളാൽ താടിക്കാരന്റെ കാലുകൾ കഴുകി. കാൽചുവട്ടിൽ സാഷ്ടാംഗം വീണ് നമസ്‌കരിച്ച മാധവ്ജിയെ താടിക്കാരൻ പിടിച്ചെഴുന്നേൽപ്പിച്ചു. അയാൾ ഹിന്ദുസ്ഥാനിയിൽ പറഞ്ഞത് അടുത്തു നിന്ന കുറിക്കാരിലൊരാൾ മാധവൻ നായർക്ക് പരിഭാഷപ്പെടുത്തി കൊടുത്തു. മാധവൻ നായർ, ക്ഷേത്രത്തിനോട് ചേർന്ന് കിടക്കുന്ന പറമ്പിൽ പണിയാനുദ്ദേശിക്കുന്ന കളരിക്ക് കല്ലിടാനാണ് ആ ഉത്തരേന്ത്യൻ സന്ന്യാസി വന്നിരിക്കുന്നതെന്ന് കേട്ടപ്പോൾ ചായപീടികയിലെ ബെഞ്ചിൽ പത്രത്താളിലെന്തോ അരിച്ചു പെറുക്കുകയായിരുന്ന നായിക് ഭാസ്‌കരൻ തലയുയർത്തി. ആ വിവരം പറഞ്ഞ, നെഞ്ചിലും മുതുകിലും വെഞ്ചാമരരോമമുള്ള കാരണവരെ ഭാസ്‌കരൻ പകപ്പോടെ നോക്കി. പെട്ടന്ന് ചായപ്പീടികയിലെ റേഡീയോ റിസീവർ ജീവൻ വച്ച് പാടാൻ തുടങ്ങി.

"യെ രാതേ.. യെ മോസം നദീകാ കിനാരാ.. യെ ചഞ്ചൽ ഹവാ...!'

തറക്കല്ലിടൽ കഴിഞ്ഞ് സന്ന്യാസിവര്യൻ മാധവ്ജിയെ ആശ്ലേഷിച്ചു. ശേഷം ഹിന്ദുസ്ഥാനിയിൽ ഒരുപദേശം കൊടുത്തു.തർജ്ജമ ചെയ്യാതെ തന്നെ മാധവൻ നായർക്കത് മനസ്സിലായി. സന്ന്യാസി ദേശം വിട്ടതിന്റെ രണ്ടു നാളപ്പുറം ഒരുച്ചനേരത്ത് ചാഴി ഓടിപിടച്ച് മാളികമുറിയുടെ ഗോവണി കയറി വന്നു. സതീശനപ്പോൾ മയക്കത്തിലായിരുന്നു.കിതച്ചും വിറച്ചും ചാഴി പറഞ്ഞു മുഴുമിപ്പിച്ചു..

"സതീശാട്ടാ.. മാസ്റ്റെ വെട്ടി.. ആടെ മതില്മൽ..!'

സതീശൻ ഞെട്ടിപിടഞ്ഞെഴുന്നേറ്റ് ഒരു വലിയ ആർപ്പോടെ താഴേക്ക് പാഞ്ഞു. ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments