ചിത്രീകരണം : ശശി ഭാസ്ക്കരൻ

പൊയിലോത്ത് ഡെർബി

അധ്യായം പതിനേഴ്: കമ്യൂണിസ്റ്റ് പ്രേതം

ക്വാർട്ടർ ഫൈനൽ ലൈനപ്പയാപ്പോഴാണ് സതീശൻ തിരിച്ചു വന്നത്.
അയാൾ നിരാശയോടെ ടോണി സെബാസ്റ്റ്യനെ നോക്കി.

"സതീശാ.. ഈ പിള്ളരെ വച്ച് കളിപിടിക്കാന്ന് കരുതുന്നത് അതിശയോക്തി തന്നെയാണ്. പക്ഷെ എല്ലാവരും എഴുതി തള്ളിയവർ, തീർത്തും അപ്രസക്തരായവർ ടൂർണമെന്റുകളുടെ ഗതിമാറ്റിയെടുത്തതാണ് ഈ കളിയുടെ ചരിത്രം. ഹിറ്റ്‌ലറുടെ പട്ടാളടീമിനെ തോൽപ്പിച്ച യുദ്ധതടവുകാർ മുതൽ പ്രീമിയർ ലീഗിൽ അൽഭുതം സൃഷ്ട്ടിച്ച ലെസ്റ്റർ സിറ്റി വരെ നീളുന്ന ചരിത്രം. ഇത് അടിച്ചമർത്തപ്പെട്ടവരുടെ കളിയല്ലേ സഖാവേ നിങ്ങള് ബേജാറാവല്ലേ..'

സതീശൻ ആത്മവിശ്വാസമില്ലാത്ത ഒരു ചിരി ചിരിച്ചു.

"ഞാൻ പറയണ്ട വിപ്ലവെല്ലം ഇങ്ങള് പറയ്ന്ന്.. പക്ഷെ ടോണിസാറേ.. എനക്കാ ട്രോഫി ബേണം. ഇക്കൊല്ലല്ലെങ്കി ഇനി ഒരിക്കെ.. ഈ പിള്ളര്ക്ക് അത് പറഞ്ഞാ തിരിയോ..! ഒരു പൊടി ചോര ചിന്താതെ എനിക്കോരെ തോൽപ്പിക്കണം. ആ നായര് ഈ ഭൂമീന്ന് പോയെന്ന് കര്തുന്നത് ഒര് തോന്നലാ.. ഓനീടെ തന്നെയിണ്ട്. എളമ്പിലാക്കലെ ഷോക്കേസില് ഓനിര്ന്ന് ചിരിക്കണ്ണ്ട്.'

ചെവിയിൽ, നെല്ല് കുത്തുന്ന ശബ്ദം കേട്ടു തുടങ്ങിയപ്പോൾ സതീശൻ ഇയർ ഫോൺ ഊരിയിട്ടു.

ക്വാർട്ടറിൽ അൽമദീന അയമ്പാക്കിയുമായുള്ള മൽസരം പൊടി പാറി. ടോണി സെബാസ്റ്റ്യന്റെ വീൽചെയർ കുമ്മായവരക്ക് സമാന്തരമായി അതിവേഗം ഓടിക്കൊണ്ടിരുന്നു. രണ്ട് വിങ്ങുകളിലേക്കും ലോങ് ബോളുകൾ കളിച്ച് നിനച്ചിരിക്കാതെ സെന്റർ ഫോർവേഡിന് പന്ത് മറിക്കാൻ തുടങ്ങിയതോടെ അയ്യബാക്കിക്കാർ പ്രതിരോധത്തിലേക്ക് വലിഞ്ഞു. പക്ഷെ ഫൈനൽ വിസിലിന് അഞ്ച് മിനുട്ട് മുമ്പ് ഒരു പഴുത് കിട്ടി. ഐലീഗിലെ എമർജിങ് പ്ലെയർ പ്രതിൻ ദാസിന്റെ ലോങ്‌റേഞ്ചർ പിഴച്ചില്ല. ആശ്വാസത്തിൽ കസേരയിലേക്ക് അമർന്ന ട്രാൻസിസ്റ്റർ സതീശന്റെ ചെവിയിൽ സുഗതൻ പിറുപിറുത്തു.

"സഖാവേ.. തണ്ടാസ് കണ്ടത്തിൽ ഒരു ശവം ! ആരാന്ന് തിരിഞ്ഞിട്ടില്ല. പോലീസിന് വിവരം കൊടുത്തിട്ട്ണ്ട് '

ജനകീയാസൂത്രണത്തിന്റെ കാലത്ത് പൊയിലോത്ത് എല്ലാ വീടുകളിലും കക്കൂസായെങ്കിലും പെരിക്കാലൻ കീരേട്ടന് തണ്ടാസ്‌കണ്ടത്തിലിരിക്കാതെ ശോധന പ്രയാസമായിരുന്നു.ആയില്ല്യംമകത്തിന്റന്ന് പൊലർച്ചക്ക് പെരിക്കാലിൽ കൊതുകു കടിക്കുന്നതറിയാതെ വിരേചനസുഖത്തിലിരുന്ന കീരന്റെ പിരടിയിലൊരു തോണ്ടു കിട്ടി.തിരിഞ്ഞപ്പോ ഇരുട്ടത്ത് മുരിക്കിൻ പൂക്കൾ വീണ കഷണ്ടിത്തല! കീരനത് നാടൊട്ടുക്കും പാടി നടന്നു. ഒരു കമ്മ്യൂണിസ്റ്റ് പ്രേതം, ഗതികിട്ടാതെ ദേശത്തിന്റെ വൈരുദ്ധ്യാത്മക ശരീരത്തിലൂടെ അലഞ്ഞു തുടങ്ങി. പ്രഭാതഭേരികളിൽ ഏറ്റവും പിന്നിൽ നടന്നവർക്ക് ദീനേശ് ബീഡിയുടെ മണം വരുന്നതു പോലെ തോന്നി. ഇടവഴികളിൽ ഇടക്കൊരു പാട്ട്.

""സോവിയറ്റെന്നൊരു നാടുണ്ടത്രേ.. പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം..''

അപ്പുമാസ്റ്ററുടെ പ്രേതം ദേശത്ത് ഗതികിട്ടാതെ അലയുന്നുണ്ടെന്ന് ദേശക്കാരിൽ പലരും ഉറച്ച് വിശ്വസിച്ചു പോന്നിരുന്നു. കഥകൾ മെനയുന്നതിൽ മനുഷ്യർക്കുള്ള വിചിത്രമായ കരവിരുത് ദേശത്തിന്റെ രാപ്പേടികളിലേക്ക് അപ്പുമാസ്റ്റർ എന്ന ഭൗതീകവാദിയായ പ്രേതത്തെ കൂടി ഇറക്കി വിട്ടു. രാത്രിയിൽ അത്താഴം കഴിഞ്ഞ് അരക്കാതം നടക്കാനിറങ്ങുന്നവരെ ആ കഥകൾ അടക്കി നിർത്തി. അങ്ങനെ ദുർമേദ്ദസടിഞ്ഞ് പലരും ആകാലചരമം പ്രാപിച്ചു. പ്രേതവും അതിനോടുള്ള ഭയവും ഒരു വസ്തുനിഷ്ട യാഥാർത്ഥ്യമാണെന്ന് അങ്ങനെ തെളിയിക്കപ്പെട്ടു. പക്ഷെ ട്രാൻസിസ്റ്റർ സതീശൻ അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അപ്പുമാസ്റ്റർ അങ്ങനെ ഒരു പ്രേതമായി അലയുന്നുണ്ടെങ്കിൽ നിശ്ചയമായും ആ പ്രേതം തന്റെ മുന്നിൽ വരുമായിരുന്നെന്ന് അയാൾക്കുറപ്പായിരുന്നു. അങ്ങനെയൊരു പ്രേതമായെങ്കിലും മാസ്റ്റർ തന്റെ മുന്നിൽ വന്നിരുന്നെങ്കില്ലെന്ന് അയാൾ ഉള്ളാലെ ആഗ്രഹിച്ചിരുന്നു.

എല്ലാത്തിലും വിപരീതങ്ങൾ സൃഷ്ട്ടിക്കപ്പെടുമെന്നും ആവ പരസ്പരം ഐക്യപ്പെട്ടും തമ്മിലടിച്ചും മുന്നോട്ട് പോകുമെന്നുമുള്ള മാർക്‌സിയൻ തത്വശാസ്ത്ര ചിന്ത പോലെ പ്രേതങ്ങൾക്കിടയിലും വൈരുദ്ധ്യം നിലനിന്നിരുന്നു. എളമ്പിലാക്കൽ മാധവൻ നായർ സ്മാരക എവർ റോളിങ് ട്രോഫിയെ ചുറ്റിപ്പറ്റിയാണ് ആ വിപരീത പ്രേതകഥ വികസിച്ചത്. എളമ്പിലാക്കലെ ചിരപുരാതനമായ മാളികഭവനത്തിന് കാലം പോകെ പലവിധ മാറ്റങ്ങളും പരിഷ്‌കാരങ്ങളും സംഭവിച്ചു കൊണ്ടിരുന്നു. നിലം ചാണകത്തിൽ നിന്ന് സിമന്റും കാവിയും പിന്നെ മൊസൈക്കും ഏറ്റവും ഒടുവിൽ ഇറ്റാലിയൻ മാർബിളുമായി പരിണമിച്ചു. ചെങ്കല്ലിൽ പടുത്ത ചുമരുകൾ യഥാകാലങ്ങളിൽ കുമ്മായം കലർന്ന് വെളുക്കെ ചിരിച്ചും പിന്നെ ചെത്തിത്തേച്ച് പെയിന്റു പുരണ്ടും ഏറ്റവും ഒടുവിൽ പുട്ടിയടിച്ച് പേപ്പറിട്ട് മിനുങ്ങിയും മാറ്റങ്ങളെ ഉൾക്കൊണ്ടു പോന്നു. മരയുരുപ്പടികൾ പോളീഷിൽ തിളങ്ങി യൗവ്വനയുക്തരായി ചിതലുകളെ വിസ്മരിച്ചു. ആധുനികതയുടെ എല്ലാ അലങ്കാരപ്പണികളെയും പിന്നിട്ട ആ മാളിഭവനത്തിൽ മാറ്റമില്ലാതെ നിലകൊണ്ട ഒരേ വസ്തു എം മാധവൻ നായർ എവർ റോളിങ് ട്രോഫി മാത്രമായിരുന്നു. എന്നാൽ രാത്രികളിൽ ട്രോഫിയിരുന്ന ഷോക്കേസിൽ നിന്ന് ചില അപശബ്ദങ്ങൾ കേട്ടുതുടങ്ങി. "ഓരെല്ലം അത്രക്കായല്ലേ..' എന്ന പരുക്കൻ സ്വരം നായരുടെ ഇളംതലമുറകളുടെ ഉറക്കം കെടുത്തി. ട്രോഫിയിൽ നായരുടെ ബാധ കേറിയിട്ടുണ്ടെന്നും അതു കൊണ്ടാണ് ബോൾഷെവിക്കുകൾ ഇതുവരെ കപ്പടിക്കാത്തതെന്നും വരെ നാട്ടിലെ തൊഴിലുറപ്പിടങ്ങളിൽ കഥകൾ ഉണ്ടായി. എളമ്പിലാക്കലുകാർ നായരെ ആവാഹിച്ച് കുടുംബക്ഷേത്രത്തിനടുത്ത് സ്ഥാനം കണ്ട് പ്രതിഷ്ഠിക്കാൻ പോകുന്നു എന്നാണ് ഏറ്റവും ഒടുവിൽ കേട്ടത്!

തണ്ടാസ്‌കണ്ടത്തിൽ ചത്തുകിടന്നത് ആരുടെ പ്രേതമാണെന്ന് സതീശൻ മാത്രമാണ് തിരിച്ചറിഞ്ഞത്. നീണ്ടു മെലിഞ്ഞ് എല്ലും തോലുമായ വൃദ്ധശരീരത്തിന് നാലുദിവസത്തെയെങ്കിലും പഴക്കം തോന്നിച്ചിരുന്നു. താടിയും മുടിയും ജടപിടിച്ച് മുഖമാകെ മറഞ്ഞ ആ ദുർബലശരീരത്തിൽ നിന്ന്, ചാവുന്നതിന് തൊട്ടു മുമ്പ് നന്നായി വയറിളകി പോയതിന്റെ ലക്ഷണങ്ങൾ കണ്ടു. പോസ്റ്റ്‌മോട്ടം റിപ്പോർട്ടിൽ അജ്ഞാതന് നാൽപ്പതിനടുത്ത് പ്രായം മാത്രമേ ഉള്ളുവെന്നും അയാൾ കോളറ പിടിച്ചാണ് മരണപ്പെട്ടതെന്നും പറയുന്നുണ്ടായിരുന്നു.ആരും ഏറ്റെടുക്കാനില്ലാത്ത ആ ശരീരത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് കൈപ്പറ്റി വൈദ്യുതശ്മശാനത്തിലേക്ക് കൊണ്ടു പോകുമ്പോൾ സതീശന്റെ കീശയിൽ കിടന്ന സ്മാർട്‌ഫോൺ ശബ്ദിച്ചു. ഇയർഫോൺ ചെവിയിൽ തിരുകി സതീശൻ മറുതലക്കൽ നിന്നുള്ള ശബ്ദത്തിന് കാതോർത്തു.

"സതീശാ.. നീയിത് ഏടെ പോയികെടക്ക്‌ന്നെടാ.. സെമി നമ്മള് ജയിച്ചെടാ... സഡൺ "ഡെത്തിൽ'.. !'

അധ്യായം പതിനെട്ട്: ഓപ്പറേഷൻ

ർമ ശരിയാണെങ്കിൽ ദേശത്ത് ബോൾഷെവിക്കുകളുടെ വക ആദ്യ വിപ്ലവം സംഘടിപ്പിക്കപ്പെടുന്നത് തൊണ്ണൂറുകളിലാണ്. കാർത്തിക ഞാറ്റുവേലക്ക് മുടക്കം തട്ടാതെ കളക്ഷൻ ടൂർണമെന്റ് നടന്നിരുന്ന എളമ്പിലാക്കൽ പാടത്ത്, പതിവില്ലാതെ പുഞ്ചക്ക് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു! നേരം ഇരുട്ടിവെളുത്തപ്പോ തൊട്ട് അങ്ങനെയാണ്.ചെയ്തതാരാണെന്ന് ആർക്കുമൊരു തിട്ടവുമില്ല. സംഗതിയുടെ നിജസ്ഥിതി അറിയാൻ എളമ്പിലാക്കൽ പോയ കാരണവന്മാർ നിരാശരായി തിരിച്ചു വന്നു. ആരോ പടുമരണപ്പെട്ടതു പോലെ ദേശം ഓരോ മൂലയിലായി നിന്നു കുശുകുശുത്തു. എളമ്പിലാക്കലുകാർക്ക് അങ്ങനെ തോന്നാൻ മാത്രം എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ലെങ്കിലും വെതച്ചതിന്റെ നാലാംനാൾ രാത്രി ബോൾഷെവിക്കുകൾ അവരുടെ ഓപ്പറേഷൻ പ്ലാൻ ചെയ്തു കഴിഞ്ഞിരുന്നു. പന്തുകളിക്കുന്ന പാടത്ത് പുഞ്ചയിറക്കിയതിന്റെ ഈർഷ്യയിൽ ദേശക്കാർ അസ്വസ്ഥരായി കണ്ടു. അതിന്റെ ലക്ഷണങ്ങൾ നാൽക്കവലയിലും നടുപ്പാടത്തും പ്രതിഫലിച്ചിരുന്നു. ധനുവിലെ തണുപ്പത്ത് മനുഷ്യർ എന്തു ചെയ്യണമെന്ന് തിട്ടമില്ലാതെ പുല്ല്വായ മടക്കിയിരുന്നു. വരണ്ട സ്ഖലനങ്ങളിൽ രാത്രിയുടെ കൂമ്പടഞ്ഞു പോയി.

പുല്ലാനിപ്പൊന്തകൾക്കുള്ളിൽ തിരുവാതിരക്കാറ്റ് പല്ല് ഞെരിക്കുന്ന ശബ്ദം!പീടികമാളികയുടെ ഇടുങ്ങിയ ജനലഴികളെ കവച്ച് അത് അകത്തെത്തി. ജിംക്കാന തൃശ്ശൂരിന്റെ കരീബിയൻ സെന്റർ ബാക്ക് ചാൾസ് ബെക്കുവിനെ ബുക്ക് ചെയ്ത്, ലാസ്റ്റ് ജീപ്പിന് തൂങ്ങിപ്പിടിച്ചു വന്നിറങ്ങിയ സതീശൻ ബോൾഷെവിക്കുകളുടെ ആദ്യ കമാന്ററാവുന്നതും അതേ രാത്രിയിലായിരുന്നു.

"നാട്ടുകാരോട് പിരിച്ച പൈശയാന്ന് പുല്ലിചിന്തിയ തവ്ട് പോലെ കെടക്ക്ന്നത്'

കുറ്റിപ്പിരിവിന് അടിച്ചു വച്ച രശീതിക്കെട്ടിലേക്ക് സതീശൻ തന്റെ നൈരാശ്യത്തെ ഒരു നോട്ടം കൊണ്ടിറക്കി വച്ചു. പിന്നാലെ എന്തോ ഉൾപ്രേരണയാലെന്നപോലെ അവൻ ജനലിലൂടെ പാടത്തേക്ക് ഉറ്റുനോക്കി. നിലാവിൽ ഞാറ്റുതലകളുടെ പച്ച കണ്ണിലേക്കരിച്ചു കയറി വന്നു. കൊല്ലങ്ങൾക്ക് മുമ്പ് പെടുന്താള് പെറുക്കി നടന്ന ചൂലന്റെ ചെക്കന്മാരെ സതീശൻ നോക്കുന്നിടത്തൊക്കെയും കണ്ടു. അതിൽ മൂത്തതായിരുന്നു അവൻ. മൂർച്ചക്കിടയിൽ വീഴുന്ന ഓരോ താളും പെറുക്കി ചൂട്ടു കെട്ടുമ്പോൾ, നായന്മാര് കാണാതെ പിടിച്ചോന്ന് എളപ്പക്കാരോടു പറഞ്ഞു നടന്നവൻ. അന്നൊക്കെ പാതിരാത്രി കഴിഞ്ഞാലും ഊപ്പൻകുന്നിന്റെ അതിരുകളിൽ നിന്ന് നെല്ല് കുത്തുന്ന ശബ്ദം കേൾക്കാം. അസമയങ്ങളിൽ, കുന്നിൻചെരിവിലെ കുടികളിൽ നിന്ന് കുത്തരി വെന്ത ആവിമണം ഇടവഴിയിറങ്ങി. കറുകറുത്ത കഞ്ഞിപ്രേതങ്ങളുടെ കരച്ചിൽ താങ്ങാനാവാതെ ഊപ്പൻകുന്നിന്റെ പാർശ്വങ്ങൾ പലയിടങ്ങളിലും പൊള്ളിയടർന്നു പോയിരുന്നു. കുറേ നേരം അങ്ങനെ നോക്കി നിന്നപ്പോൾ വറുത്തു കുത്തി വേവിച്ച പെടുന്താളുവെള്ളത്തിന്റെ പശപശപ്പ് വായിലേക്ക് തേട്ടി വരുന്നതു പോലെ സതീശനു തോന്നി. ഒരു ദിവസം മോന്തി നേരത്താണ്, വരമ്പത്ത് വച്ച് കൈയ്യിലെ ചൂട്ടു പിടിച്ചു വാങ്ങി എളമ്പിലാക്കലെ മാധവൻ നായര് ചെവിക്കല്ലടക്കി വീക്കിയത്. സതീശൻ ഞെട്ടലോടെ ഇടംചെവിയിൽ കൈവച്ചു. നെല്ല് കുത്തുന്ന ഒച്ച! ഹിയറിംഗ് എയ്ഡ് ചെവിയിൽ തന്നെയുണ്ട്. ക്രമബന്ധമില്ലാതെ വന്ന ഓർമകളുടെ കലമ്പൽ അവസാനിച്ചപ്പോൾ സതീശൻ എല്ലാവരോടുമായി പറഞ്ഞു.

"പയ്ക്കളെ എറക്കി തീറ്റിക്കണം'

കൊൽക്കത്തയിൽ നിന്ന് തിരിച്ചു വന്ന സതീശനും ചാഴിക്കും പാർട്ടി അച്ചടക്കനടപടിക്ക് വിധേയരാവേണ്ടി വന്നു. സതീശനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയപ്പോൾ ചാഴിയുടെ കാന്റിഡേറ്റ് മെമ്പർഷിപ്പാണ് തെറിച്ചത്. സതീശൻ ആരോടും തർക്കിക്കാനോ ന്യായികരിക്കാനോ നിന്നില്ല. രാത്രികളിൽ ബോൾഷെവിക് പൊയിലോത്തിന്റെ കളിക്കാർക്കൊപ്പം സതീശനും ചാഴിയും പൊയിലോത്തെ ചേറുകുളങ്ങളിലും പാടവരമ്പിലും തവളകളെ പിടിച്ചു നടന്നു. അന്ന് തവളക്കാലുകൾക്ക് നല്ല ഡിമാന്റുള്ള കാലമാണ്. നാട്ടുകാരോട് പിരിച്ചിട്ടൊന്നും കളി ജയിക്കാൻ പോകുന്നില്ലെന്ന് സതീശന് അറിയാമായിരുന്നു. എവറെഡിയുടെ വട്ടക്കണ്ണു വെളിച്ചത്തിൽ പകച്ചു പോകുന്ന പോക്കാച്ചികളുടെ, കുതികാലുണരും മുമ്പേ അവന്റെ കൈ ചലിച്ചു. ഉടലിൽ നിലാവ് വിയർത്തിറ്റി തുടങ്ങിയ രാത്രിയുടെ ചെരിവിലൂടെ പെട്രോമാക്‌സ് വെളിച്ചത്തിൽ ബോൾഷെവിക്കുകൾ തവളകളെ നിറച്ച ചാക്കുകളും തൂക്കി നടന്നു. ചെരിവിന്റെ അറ്റത്ത് കിഴക്കാംതൂക്കായ സ്ഥലത്താണ് എരിശ്ശേരി രംഭയുടെ പുര. കല്ല്യാണപ്പൊരകളിൽ രംഭ എരിശ്ശേരി വക്കുമ്പോൾ എല്ലാ ആണുങ്ങളുടെയും അരക്കെട്ടിൽ മീൻ പിടച്ചു കയറുമെന്ന് പൊയിലോത്തുകാർ പറയും.

"തവളക്കാല് വറുത്തരച്ചു വെക്കണം'

അമ്മിത്തിണ്ണയിലെ ചിമ്മിണി വിളക്കിന്റെ വെളിച്ചത്തിലേക്ക് സതീശൻ വലിയൊരു പോക്കാച്ചിത്തവളയെ നീട്ടി. രംഭ ചിരിച്ചു.

"റേഡിയത്തിലേതാ പാട്ട് സതീശാ...'

സതീശൻ ഓർമയിൽ നിന്നൊരു പാട്ടു മൂളി. പിന്നെ തവളത്തുടകൾക്കിടയിലേക്ക് കൈ കടത്തി മസാല തേച്ചു.

എരിശ്ശേരി രംഭയുടെ വേരുകൾ വയനാട്ടിലേക്കാണ് പടർന്നു കിടന്നിരുന്നത്. ദേശത്തെ പരദൂഷണപ്രിയർ ആവുന്നതു പോലെയൊക്കെ പരിശ്രമിച്ചിട്ടും ആ വേരുകളെ മുഴുവനായും ചികഞ്ഞെടുക്കാൻ സാധിച്ചില്ല. അവൾ നന്നേ ചെറുതിലേ, തലമുഴുക്കെ നരച്ച ഒരു വല്ല്യമ്മയോടൊപ്പം പൊയിലോത്ത് വന്നു താമസമാക്കി. പൊയിലോത്തെ അടിയന്തരങ്ങളിൽ ആ വല്ല്യമ്മയുടെ സാമ്പാർ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായി പെട്ടന്നു തന്നെ മാറിയിരുന്നു. അവർ പിൽക്കാലത്ത് സാമ്പാർ ലക്ഷ്മി എന്നറിയപ്പെട്ടു. വല്ല്യമ്മ സമ്പാറിൽ പേരെടുത്തപ്പോൾ പേരമകൾ എരിശ്ശേരിയിലാണ് പ്രാവീണ്യം തെളിയിച്ചത്. സാമ്പാർ ലക്ഷ്മി പരലോകം പ്രാപിച്ച ശേഷം രംഭ ആ വീട്ടിൽ ഒറ്റയ്ക്ക് തന്നെ പൊറുത്തു. കല്ല്യാണ അടിയന്തരങ്ങളിൽ ഭാരിച്ച വാർപ്പുകളോടും ഉരുളി ചെമ്പ് പാത്രങ്ങളോടും ഇടപഴകി കരുത്തായ പെണ്ണിനോട് നേരിട്ടു മുട്ടാൻ ദേശത്തെ മീശവച്ച ആണ്ണുങ്ങൾ തെല്ലു ഭയപ്പെട്ടു. രംഭ കായ്ക്കറി അരിയുന്ന പിശാങ്കത്തിയുടെ മൂർച്ചയറിഞ്ഞ വിടന്മാർ ബാക്കിയുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രംഭയെ കിനാവു കണ്ടുറങ്ങിയ നരച്ചദേഹങ്ങളിലടക്കം രാത്രിയുടെ വൃദ്ധയാമങ്ങളിൽ സ്വപ്നസ്ഖലനമുണ്ടായി. അവൾ പക്ഷെ സതീശനോട് മാത്രമാണ് സമരസപ്പെട്ടത്. പൊയിലോത്തെ പാർട്ടി ഓഫീസിൽ വച്ച് ചടങ്ങുകളുടെയൊന്നും അകമ്പടിയില്ലാതെ അവരിരുവരും പെട്ടന്നൊരു ദിവസം വിവാഹിതരായി. ദേശക്കാരിൽ സതീശനെ പരിചയമുള്ള സഖാക്കൾക്കടക്കം അതൊരു അപ്രതീക്ഷിത വാർത്തയായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ് നാടടച്ച് കുറിയടിച്ച് ക്ഷണിച്ച് രംഭയൊരു സദ്യ നടത്തി. ഒരു സർവാണിസദ്യക്ക് ഒറ്റക്ക് പണ്ടാരിയാവുന്ന പെണ്ണിനെ ദേശം അന്നാദ്യമായി കണ്ടു. താൻ വെറുമൊരു എരിശ്ശേരിയിൽ ഒതുങ്ങുന്ന പടപ്പല്ലെന്ന് ദേശത്തോടുള്ള രംഭയുടെ പ്രഖ്യാപനമായിരുന്നു ആ കല്ല്യാണ സദ്യ!

രംഭയും സതീശനും ജീവിച്ച ദാമ്പത്യം ദേശക്കാർ അതുവരെ കണ്ടുപരിചയിച്ച ഭാര്യഭർതൃജീവിതങ്ങളിൽ നിന്നെല്ലാം വിഭിന്നമായിരുന്നു. രംഭ തന്റെ ഒറ്റമുറി വീട്ടിൽ നിന്ന് സതീശന്റെ കൂടെ പൊറുതിക്ക് പോകാനൊന്നും മെനക്കെട്ടില്ല. അവൾ ആ ചെരിവിൽ തന്നെ ശിഷ്ടകാലവും പൊറുത്തു. ചില രാത്രികളിൽ സതീശന്റെ പുരയിലേക്ക് ചൂട്ടും മിന്നിച്ച് നടന്നു പോകുന്ന രംഭയെ ദേശം കുറഞ്ഞൊരു ഭയത്തോടെ നോക്കി.വല്ലാതെ ഒരുമ്പെട്ടു ചാടുന്ന പെണ്ണുങ്ങളോട് നീയെന്താടി എരിശ്ശേരി രംഭക്ക് പഠിക്കുന്നോ എന്ന് പുരുവൻമാർ അലറി. രംഭ പക്ഷെ എല്ലാത്തരം ആണഹന്തകളെയും കൂസാതെ നടന്നു. ദേശദേശാന്തരങ്ങൾ പിന്നിട്ട് രംഭയുടെ പാചകകല പ്രസിദ്ധിയാർജിച്ചു. വഴിയരികിൽ വച്ച് കണ്ടുമുട്ടുമ്പോൾ രംഭയും സതീശനും പരസ്പരബഹുമാനത്തോടെ ചില നോട്ടങ്ങൾ കൈമാറിയതൊഴിച്ചു നിർത്തിയാൽ അവർ വിവാഹക്കരാറിലേർപ്പെട്ട രണ്ട് വ്യക്തികളാണെന്ന് തിരിച്ചറിയുക പ്രയാസമായിരുന്നു.▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments