അധ്യായം 21: ഫൈനൽ
ദേശം കാലങ്ങൾക്ക് ശേഷം തങ്ങൾക്ക് പരിചിതമായ ഒരു സായാഹ്നം തിരിച്ചു കിട്ടിയതിന്റെ ലഹരിയിലായിരുന്നു. ആ കളിയുടെ ചരിത്രമറിയാവുന്ന സകലരും എളമ്പിലാക്കലെ കവുങ്ങിൻകാലുകൾ താങ്ങി നിർത്തിയ ഗ്യാലറിയിലിരുന്ന് അലറി വിളിച്ചു. കടലയും സിപ്പപ്പും വിൽക്കുന്ന ചെറുക്കന്മാർ അവർക്കിടയിലൂടെ നീങ്ങി. സതീശൻ, രംഭാസ് കേറ്ററിംഗ് എന്നാലേഖനം ചെയ്ത ജഴ്‌സിയണിഞ്ഞ് വാംഅപ്പിന് ഇറങ്ങാൻ തയ്യാറെടുക്കുന്ന ബോൾഷെവിക് പൊയിലോത്തിന്റെ ഓരോ കളിക്കാരന്റെയും കൈപിടിച്ചു കുലുക്കി. വേറൊന്നും അയാൾ അവരോട് പറഞ്ഞില്ല. കളിക്കാർ ഒരോരുത്തരായി മാളികമുറിയുടെ ഗോവണി ചാടിയിറങ്ങി മൈതാനത്തേക്ക് ഓടിപ്പോയി. ബോൾഷെവിക്കുകൾ കളി തുടങ്ങിയ കാലം തൊട്ടുള്ള ശീലമാണത് .ബൂട്ടു കെട്ടലും അഴിക്കലും മാളികമുറിയിൽ നിന്ന്. ട്രാൻസിസ്റ്റർ സതീശൻ പതുക്കെ ഗോവണിപടികൾ ഇറങ്ങി. പീടികമുറിയുടെ വരാന്തകൾ വിജനമായിരുന്നു. ദൂരെ അർപ്പുവിളികൾ മുഴങ്ങുന്ന മൈതാനം. ചരൽക്കല്ലുകൾ നിറഞ്ഞ പാതയോരത്തു കൂടെ നടക്കുമ്പോൾ ഇരുട്ടിന്റെ പലമൂലകളിൽ നിന്നും കയറി വന്ന രൂപങ്ങൾ അയാളെ വളഞ്ഞു. ഹൈ മാസ്റ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ചുറ്റിലും നിൽക്കുന്നവരുടെ മുഖങ്ങളിലെ നീളൻ കുറികൾ വ്യക്തമായിരുന്നു. പെട്ടന്ന് പാടത്ത് കളി തുടങ്ങാനുള്ള വിസിൽ മുഴങ്ങി. കഴുത്തിനു നേരെ നീണ്ടു വന്ന ആദ്യ വീശിൽ നിന്ന് അയാൾ പെരുവിരലിൽ കറങ്ങി ഒഴിഞ്ഞു മാറി. ഫസ്റ്റ് ടച്ചിൽ തന്നെ ബോൾഷെവിക് പൊയിലോത്തിന്റെ ഹാഫിലേക്ക് സംഘധ്വനിയുടെ ഫോർവേഡുകൾ ഇരച്ചു കയറിയിരുന്നു. സതീശൻ അരയിൽ നിന്ന് കത്തിയൂരി തയ്യാറായി നിന്നു. പോസ്റ്റിലേക്ക് വെടിച്ചില്ലു പോലെ വന്ന ഒരു ഹാഫ് വോളി ബോൾഷെവിക്കിന്റെ ഗോൾകീപ്പർ പണിപ്പെട്ടു കുത്തിയകറ്റി. കൈക്കുഴ ലക്ഷ്യമാക്കി ഓടിവന്ന ഒരുത്തനെ സതീശൻ വലത്തേക്കൊഴിഞ്ഞ് ചവിട്ടി വിഴ്ത്തി. പിന്നിൽ നിന്ന് ടാക്കിൾ ചെയ്ത് പ്രതിൻ ദാസിനെ വീഴ്ത്തിയതിന് റഫറി പെനാൽട്ടി സ്‌പ്പോട്ടിലേക്ക് വിരൽ ചൂണ്ടുമ്പോൾ രണ്ടു പേരുടെ തുടയിലും വാരിയിലും സതീശന്റെ കത്തി പാഞ്ഞിരുന്നു. ഒരു ഗോൾ വീണതോടെ സംഘധ്വനിക്കാർ ഉണർന്നു കളിച്ചു. അവരുടെ അഫ്ഗാനി മിഡ്ഫിൽഡർ നാലു ഡിഫന്റർമാരെ കബളിപ്പിച്ച് ഗോളിയെ നട്‌മെഗ് ചെയ്ത് വലകുലുക്കി. സതീശന്റെ കൈകൾ രണ്ടു പേർ ചേർന്ന് പിന്നിലേക്ക് പിടിച്ചു വച്ചിരിക്കുകയാണ്. ഒരുത്തൻ ഉറുമി ആഞ്ഞു വീശിയപ്പോൾ വയറിൽ നെന്മണിയുടെ കനത്തിലൊരു വര വീണു. മൈതാനത്തിന്റെ വലത് ഹാഫിൽ ബോൾഷെവിക്കുകൾ ഒരു ഫ്രീകിക്കിന് കട്ട നിൽക്കുന്നു. സതീശൻ ഒരുത്തന്റെ പിടലി തിരിച്ചൊടിച്ച് നിലത്തിട്ട് രക്ഷപ്പെടാൻ നോക്കുന്ന മറ്റൊരുത്തന്റെ പിന്നാലെ ഓടി. ബോൾഷെവിക്കുകളുടെ തലക്ക് മുകളിലൂടെ ബോൾ പോസ്റ്റിലേക്ക് പറന്നിറങ്ങുന്ന നേരത്ത് സതീശൻ കത്തി മടക്കി അരയിൽ തിരുകുകയായിരുന്നു. ബോൾഷെവിക്കുകൾ ഒരു കൗണ്ടർ അറ്റാക്കിൽ സമനില പിടിച്ചതിനു പിന്നാലെ പാടത്ത് ഹാഫ് ടൈം വിസിൽ മുഴങ്ങി. സതീശൻ ചെന്നിയിൽ പറ്റിയ ചോര തുടച്ച് ഊപ്പൻകുന്നിന്റെ ചെരിവിലുടെ ബദ്ധപ്പെട്ട് നടന്നു.
ട്രാൻസിസ്റ്റർ സതീശൻ എരിശ്ശേരി രംഭയുടെ പുരയുടെ പടിക്കെട്ട് പ്രയാസപ്പെട്ട് കയറി. മുറ്റത്തിന്റെ അരികിലുള്ള പഴയ കിണറിൽ നിന്ന് വെള്ളം കോരി അയാൾ തലവഴി ഒഴിച്ചു. രംഭയുടെ പഴയ പുര നിന്നിടത്ത് ഇപ്പോഴുള്ളത് ഒരു രണ്ടു നില വീടാണ്. മാറ്റമില്ലാത്ത ഒന്ന് ആ പഴയ കിണർ മാത്രമാണ്. സതീശൻ രക്തം വീണ ഷർട്ടും മുണ്ടും കൽക്കെട്ടിലിട്ട് കുത്തിയൊലുമ്പി. വയറിനു കുറുകെ വീണ വെട്ടിൽ പിന്നെയും വെള്ളം കോരിയൊഴിച്ചു. മുണ്ട് പിഴിഞ്ഞുടുത്ത് ഉമ്മറത്തേക്ക് നടക്കുമ്പോൾ സിറ്റൗട്ടിൽ ലൈറ്റ് ഓണായി. വാതിൽ തുറന്ന് രംഭ പുറത്തു വന്നു.
"എന്താ സതീശാ.. ഈ നേരത്ത്.. കളികാണാൻ പോയില്ലേ..' "ഇയ്യൊരു ഷർട്ടും മുണ്ടും ഇങ്ങട്ട് എട്. കളി തീർന്നിട്ടില്ല. കഴിഞ്ഞാഴ്ച്ച ബന്നപ്പം നിന്റെ പിശാങ്കത്തി എട്ത്തത് തരാൻ ബിട്ടോയി. ഇന്നാ... ചെക്കൻ ഏട്ത്തു? '
രംഭ രക്തം പൊടിഞ്ഞു തുടങ്ങുന്ന അയാളുടെ മുറിവിലേക്കും നീട്ടിപിടിച്ച കത്തിയിലേക്കും മാറി മാറി നോക്കി. സതീശൻ എന്നത്തേയും പോലെ സുന്ദരമായി ചിരിച്ചു.
സതീശൻ ഗ്രൗണ്ടിലെത്തുമ്പോൾ കളിയുടെ രണ്ടാം പകുതി തുടങ്ങി കഴിഞ്ഞിരുന്നു. മാസ്‌ക്കിട്ട് ഗ്യാപ്പിട്ട് നിന്ന പൊയിലോത്തുകാരുടെ പുതുതലമുറ പഴയ കുടിപ്പകയറിയാതെ കളിയിൽ മാത്രം ആവേശം കൊള്ളുന്നത് അയാൾ തെല്ലൊരു കൗതുകത്തോടെ നോക്കി നിന്നു. മാധവൻ നായർ തന്റെ ഗതകാലപ്രൗഢിക്ക് ചേർന്നവണ്ണം വിക്റ്ററി സ്റ്റാന്റിൽ പോളിഷ് ചെയ്യപ്പെട്ടിരിക്കുന്നുണ്ടായിരുന്നു. സതീശൻ അയാളെ നോക്കി അർത്ഥഗർഭമായി ചിരിച്ചു. കോവിഡ് സംഘധ്വനിയുടെ ഇറക്കുമതിയെ ബാധിച്ചതു പോലെ തോന്നി. പറഞ്ഞു വച്ച കളിക്കാരിൽ അഞ്ചു പേർക്ക് കളിക്ക് മുമ്പേ പോസിറ്റീവായത് അവരെ ക്ഷീണിപ്പിച്ചിട്ടുണ്ട്. അഫ്ഗാൻ മിഡ്ഫീൽഡർ മുഹമ്മദ് നജ്ജാദാണ് അവരുടെ മർമ്മം. റിസർവിലുള്ള കളിക്കാരാണ് അഫ്ഗാനികൾക്ക് പകരം ഇറങ്ങിയിരിക്കുന്നത്. രണ്ടാം പകുതിയിൽ കളി മുറുകിയപ്പോൾ ഡിഫൻസിലെ അവരുടെ രണ്ടു പ്രധാന കളിക്കാരും പരിക്കേറ്റ് ബെഞ്ചിലെത്തി. ഇഞ്ചുറി ടൈം വരെ സ്‌കോർ 2-2. അവസാന വിസിലിന് പത്ത് സെക്കന്റ് ബാക്കിയുള്ളപ്പോൾ പൊയിലോത്ത് ദേശം കുലുങ്ങി. ഇടതു പാർശ്വത്തിൽ നിന്ന് അരിവാളു പോലെ വളഞ്ഞിറങ്ങിയ പന്തിലേക്ക് സതീശന്റെ കളിക്കാർ പറന്നു ചാടുന്നതാണ് കണ്ടത്. വായുവിലുയർന്ന് തെല്ലിട നിന്ന്, ചുറ്റികക്കടിച്ചതു പോലെ അവരിലൊരാൾ പന്തിന് തല വച്ചു. ആകാശത്തൊരു നക്ഷത്രം മിന്നി. സംഘധ്വനിയുടെ വല പതറി പോയിരുന്നു. വിസിൽ മുഴങ്ങിയത് ദേശം കേട്ടില്ല. ബഹളം ഒടുങ്ങിയതേയില്ല. ടൂർണമെന്റിന്റെ ചരിത്രത്തിൽ അതുവരെയില്ലാത്ത ആ സംഭവം നടന്നു കഴിഞ്ഞിരിക്കുന്നു. ട്രാൻസിസ്റ്റർ സതീശൻ നിന്നിടത്തു നിന്ന് അനങ്ങിയില്ല. ആരവങ്ങൾക്കിടയിലൂടെ ടൂർണമെന്റ് സംഘാടകർ മാധവൻ നായരെയും താങ്ങിക്കൊണ്ടു വന്നു. നായരുടെ അമ്പതിതളുള്ള താമരത്തല ഫ്‌ലഡ് ലിറ്റ് വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. ട്രോഫി ഏറ്റുവാങ്ങാൻ ബോൾഷെവിക് പോയിലോത്തിന്റെ മാനേജർ തിരുക്കൻ സതീശനെ ക്ഷണിച്ചു കൊണ്ടുളള അറിയിപ്പ് മുഴങ്ങി. ദേശം പക്ഷെ, ആ ഞൊടിയിൽ പൊടുന്നനെ അകാരണമായി മൗനത്തിലാണ്ടു പോയിരുന്നു. ആർക്കും ഒന്നും കേൾക്കാൻ വയ്യ. മ്യൂട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലൂടെ ട്രോഫി ഏറ്റുവാങ്ങാൻ വന്ന ബോൾഷെവിക്ക് പൊയിലോത്തിന്റെ മാനേജർ ട്രാൻസിസ്റ്റർ സതീശൻ, വിക്റ്ററി സ്റ്റാന്റിനടുത്ത് നിന്ന് മുണ്ട് മടക്കികുത്തുന്നത് ദേശക്കാർ കണ്ടു. പണ്ട് തണ്ടാസ് കണ്ടത്തിലെ സ്റ്റേജിൽ നിന്ന സഖാവ് ഗോപാലനെ പോലെ! കൂസലില്ലാതെ! പഞ്ചായത്ത് പ്രസിഡന്റ് എടുത്തു കൊടുത്ത വെള്ളിട്രോഫിയെ വർഗശത്രുവിനെ കൈയ്യിൽ കിട്ടിയ മട്ടിൽ സതീശൻ കുറച്ചു നേരം തുറിച്ചു നോക്കി.പിന്നെ ദേശക്കാരെയാകെ നോക്കി ആർത്തു ചിരിച്ചു. ദേശം, അതിന്റെ ആയിരം ചെവികളിൽ, നെല്ല് കുത്തുന്ന നേർത്ത ശബ്ദം മാത്രം കേട്ടു. ആ മൂളക്കമടങ്ങിയപ്പോൾ, മുണ്ടുംപറിച്ചെറിഞ്ഞ്, ട്രോഫിയുമായി തണ്ടാസ്‌കണ്ടത്തിലേക്കോടുന്ന ട്രാൻസിസ്റ്റർ സതീശനെയാണ് പൊയിലോത്തുകാർ കണ്ടത്. ടൂർണമെന്റ് സംഘാടകരും വളണ്ടിയർമാരും അയാളുടെ പിന്നാലെ ഓടി നോക്കി. അയാൾക്ക് പക്ഷെ അസാമാന്യമായ വേഗമായിരുന്നു.
നിലാവിഴഞ്ഞിറങ്ങിയ പാണലുകളുടെ മറവിലാണ് സതീശനിരുന്നത്. വിളറിയ ചന്ദ്രക്കല മേഘങ്ങൾ കൊണ്ട് മൂക്കു പൊത്താൻ തുടങ്ങുകയായിരുന്നു. മാധവൻ നായരുടെ വെള്ളിത്തലയിൽ അമർന്നിരുന്ന് സതീശൻ ഇരുട്ടിലേക്ക് കൂർപ്പിച്ചു നോക്കി. അയാളുടെ ചെന്നിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി വന്നു. ചുറ്റിലും ഇരുന്ന് വെളിക്കിറങ്ങുന്ന പൊയിലോത്തെ പുലയരുടെ പൂർവ്വികരെ അയാളപ്പോൾ കണ്ടു. ചേന്നനും ചെല്ലനും പടിഞ്ഞാറ്റിക്കോതയും പൊന്തക്കാലിലിരുന്ന് അവനെ നോക്കി ചിരിച്ചു. കവിളിലും ചെവിക്കുടകളിലും ചോര ഇരച്ചു കയറി. കണ്ണുകൾ ഇറുക്കിയടച്ച് അയാൾ ആഞ്ഞു മുക്കി. അന്നേരം മുരിക്കുമരം കുലുങ്ങുകയും ഒരു പൂവടർന്ന് സതീശന്റെ ചെന്നിയിൽ വീഴുകയും ചെയ്തു. മുരിക്കിനു പിറകിൽ നിന്ന് ഒരു പാട്ടു കേട്ടപ്പോൾ ഇരുന്ന ഇരിപ്പിൽ സതീശൻ തലയാട്ടി. പൊട്ടിയ ഇടത്തേ ചെവിയുടെ കുഴിയിലൂടെ അതകത്തു കടന്നു.
""സോവിയറ്റെന്നൊരു നാടുണ്ടത്രേ.. പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം.'' ▮
(അവസാനിച്ചു)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.