ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം ഒന്ന്​

5. പഷ്തുങ്കുവയിൽ കളഞ്ഞുപോയ ജീവൻ

ഷീർ ആലത്തിന്റെ ഗ്രാമത്തിൽ നിന്നുള്ളവരും ഗോത്രക്കാരായ ബന്ധുക്കളും ഏറെപ്പേർ പൊലീസിൽ ജോലി ചെയ്യുന്നുണ്ട്. ഭരണസൗകര്യത്തിന്​ ബോംബെ പ്രവിശ്യയുടെ ഭാഗമായി ബ്രിട്ടീഷുകാർ കണക്കാക്കിയ ദിൽമുനിയയിൽ പൊലീസ് സേന രൂപീകരിക്കാൻ അവർ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നാണ് റിക്രൂട്ടു ചെയ്ത്​ ആളെ കൊണ്ടുവന്നത്.

മുസ്​ലിം ജനതയെ കൈകാര്യം ചെയ്യാൻ ഇന്ത്യയിലെ മുസ്​ലിം ഭൂരിപക്ഷ പ്രദേശത്തുനിന്ന്​ പൊലീസുകാരെ കൊണ്ടുവരുന്നതായിരുന്നു ബ്രിട്ടീഷ് യുക്തി. ആക്രമണോത്സുകമായി മറ്റുള്ളവരിലേക്ക് കടന്നുകയറാനും കീഴ്‌പ്പെടുത്താനും ദയാരഹിതമായ ബലപ്രയോഗങ്ങൾക്കുള്ള ഉത്തരവുകൾ സ്വീകരിക്കാനും പത്താൻശരീരങ്ങൾക്കുള്ള ശേഷി അവർക്ക്​ അധികയോഗ്യതയായി.

പൊലീസുകാരായി റിക്രൂട്ട് ചെയ്യപ്പെടുന്നവർ അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും ഉള്ളവരാകണം എന്ന നിബന്ധന ബ്രിട്ടീഷ് അധികാരികൾ സൗകര്യപൂർവം വിസ്മരിച്ചു. അങ്ങിനെ വിവേചനരഹിതമായ ബലപ്രയോഗങ്ങൾക്ക്​യന്ത്രങ്ങൾപോലെ സജ്ജമായ ബലിഷ്ഠശരീരങ്ങൾ നിയമപാലനം നടപ്പിലാക്കാൻ തയ്യാറായി. ആ മാർഗത്തിൽ ഇവിടെത്തിയ പൊലീസുകാരാണ് ലാഹോറിൽ നിന്നും ബലൂചിസ്ഥാനിൽ നിന്നും ശരീരശേഷി ധാരാളമുള്ള നിർമ്മാണത്തൊഴിലാളികളെ ദിൽമുനിയയിലെ കൺസ്ട്രക്ഷൻ കമ്പനികളിൽ എത്തിച്ചത്. തന്റെ ഗോത്രത്തിലെ നവ യുവാക്കൾക്ക് കൺസ്ട്രക്ഷൻ കമ്പനികളിലോ പൊലീസിലോ വിസ ശരിയാക്കാൻ ഓരോ പൊലീസുകാരനും സദാ ശ്രമിച്ചുകൊണ്ടിരിക്കും. എത്രപേരെ കൊണ്ടുവന്നു എന്ന കണക്കിന്മേലാണ് ഗ്രാമത്തിലെ അയാളുടെ അന്തസ്സുനില നിശ്ചയിക്കപ്പെടുന്നത്.

ബാപ്പ മരണപ്പെട്ട് യത്തീമായ ബഷീർ ആലത്തിനെ തന്റെ കൂടെ കൊണ്ടുപോയി ജീവിതമാർഗം തെളിയിച്ചു കൊടുക്കാമെന്ന് നാത്തൂർ ചാച്ച വാക്കുകൊടുത്തു. ദിൽമുനിയയിലെ കാവൽ പൊലീസുകാരാണ് നാത്തൂർമാർ. വളരെക്കാലമായി നാത്തൂർ ആയി ജോലി ചെയ്യുന്ന ചാച്ച ഗോത്രത്തിൽ നിന്നുള്ള അനേകം പേരെ കൊണ്ടുപോയിട്ടുണ്ട്. അതിനാൽ കുടുംബത്തിൽ ചാച്ചയ്ക്ക് വലിയ നിലയും വിലയുമാണ്. പാസ്പോർട്ട് ഉണ്ടാക്കുമ്പോൾ ബഷീർ ആലത്തിന്​ 15 വയസ്സാണ്, പക്ഷേ, 18 എന്നെഴുതിയാണ്​ പാസ്പോർട്ടുണ്ടാക്കിയത്. കാരണം, ബഷീർ ആലം ജോലി ചെയ്ത് സമ്പാദിച്ചുവേണം ആ യത്തീം കുടുംബത്തെ പുലർത്താൻ. കൂടിയ പ്രായം എഴുതി എങ്ങിനെയും പാസ്പോർട്ട് സമ്പാദിച്ചുവരുന്നവരിൽ അക്കാലത്ത് ധാരാളം മലയാളികളുമുണ്ടായിരുന്നു. വളർന്നുവരുന്ന എമ്മിയെസ് കമ്പനിയിലേക്കാണ് നാത്തൂർ ചാച്ച തന്റെ സ്വാധീനം മുഴുവൻ ഉപയോഗിച്ച് ബഷീർ ആലത്തിനു വിസയെടുത്തത്.

ബഷീർ ആലത്തിന്റെ മരണപ്പെട്ടുപോയ പിതാവിനോട് തനിക്കുള്ള പ്രത്യേക താല്പര്യം കൊണ്ടാണ് എമ്മിയെസ് കമ്പനിപോലെ നല്ലൊരിടത്തേക്ക് വിസ ശരിയാക്കിയതെന്നു നാത്തൂർചാച്ച എപ്പോഴും പറയും.

കൺസ്ട്രക്ഷൻ സൈറ്റുകളിൽ ശരീരശേഷി കൊണ്ടുമാത്രം ചെയ്യാൻ സാധിക്കുന്ന ജോലികൾക്ക് വിദഗ്ദ്ധരെന്നു പേരെടുത്തവരാണ് ബലൂചി പണിക്കാർ.

പാറ പൊട്ടിക്കാനും കടും തറയിൽ കുഴിയെടുക്കാനുമൊക്കെ പ്രവർത്തനനിരതമാകുമ്പോൾ പണിക്കാരന്റെ ശരീരത്തിലെ സകല കോശങ്ങളും രോമകൂപങ്ങളും തുള്ളിയാർക്കുന്ന തരം പ്രകമ്പനം സൃഷ്ടിക്കുന്ന ഉപകരണമാണ് ജാക്ക് ഹാമർ. കൈകൾ രണ്ടും ഹാന്റിലുകളിലമർത്തി ആ യന്ത്രം പ്രവർത്തിപ്പിക്കുന്നയാളിന്റെ നെഞ്ചും ഹൃദയവും വിറച്ചുതുള്ളുന്നതായി കാണാം.

ബലൂച്ചി ജോലിക്കാർക്കുവേണ്ടിയുള്ള പ്രത്യേക യന്ത്രമാണെന്നു തോന്നുംവിധം അനായാസമായിട്ടാണ് അവർ ജാക്ക് ഹാമർ ഉപോഗിച്ചുള്ള ജോലികൾ ക്ഷിപ്രവേഗം തീർക്കുന്നത്. സൈറ്റിൽ കുഴിയെടുപ്പിനോ പാറപൊട്ടിക്കാനോ പത്താൻ ഗാംഗിനെയിട്ടാൽ അവർ കണക്കിലധികം കുഴിക്കുകയോ പൊട്ടിക്കുകയോ ചെയ്യാതിരിക്കാനാണ് ഫോർമാന്മാർ ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ പാറയോ കോൺക്രീറ്റോ കനപ്പെട്ടതെന്തും ജാക്ക് ഹാമർ ഉപയോഗിച്ചോ അല്ലാതെയോ അവർ നിറുത്താതെ പൊട്ടിച്ചുമുന്നേറും. പണിയെടുക്കുമ്പോൾ മലകൾ മറിക്കാനുള്ള വീറും ശരീരശേഷിയുമുള്ളവരെന്നു മാനിച്ചുകൊണ്ടാണ് എല്ലാ കൺസ്ട്രക്ഷൻ സൈറ്റുകളിലും ജോലിയെടുപ്പിക്കുന്നവർ ബലൂചി ഗാങ്ങുകളെ സമീപിക്കുന്നത്.

അതേസമയം കൃശഗാത്രരും ചെറിയ മനുഷ്യരുമായ മലയാളികളെ സൈറ്റുകളിൽ അറിയപ്പെടുന്നത് അവരുടെ സാമർഥ്യത്തിന്റെയും കൗശലത്തിന്റെയും പേരിലാണ്. മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരുടെ ഒപ്പം ലേബറായി എത്തുന്ന മലയാളികൾ അതി വേഗം ലേബർ ജോലി ചെയ്യുന്നതിൽനിന്ന് രക്ഷപ്പെടും. അവർ പെട്ടെന്ന് ജോലി ചെയ്യുന്ന ഗാങ്ങുകളെ നിയന്ത്രിക്കുന്ന ചാർജ് ഹാൻഡ് ആവും. അതിൽനിന്ന് വളർന്ന്​ ഫോർമാനാവും. അല്ലെങ്കിൽ സ്റ്റോർ കീപ്പർ, സർവേ ഹെൽപ്പർ.

എന്തായാലും അടിസ്ഥാന ജോലികൾ ചെയ്യുന്നതിൽനിന്ന് വളരെ വേഗം ഉയർന്നു മാറാൻ മിടുക്കും ബുദ്ധിവൈഭവവും മലയാളി പ്രകടിപ്പിക്കും. ആജ്ഞകൾ അനുസരിക്കുന്ന ശൃംഖലയുടെ ഏറ്റവും താഴത്തെ പടവായ ലേബർ തസ്തികയിൽ നിന്നുള്ള വിമോചനം ഉണ്ടാകുംവരെ അവരുടെ കഴിവുകളും കൗശലങ്ങളും ജ്വലിച്ചു പ്രവർത്തിക്കും. അതിനുവേണ്ടി അവർ മേസൻ പണിയോ കാർപെന്റർ പണിയോ എന്തുവേണമെങ്കിലും പഠിക്കും.

ഒരത്താഴവേളയിൽ പണ്ട് തന്റെ അപ്പ പറഞ്ഞ സംഭവം ഇടയ്ക്കിടെ ഓർമ്മയിൽ ചിരി കൊണ്ടുവരികയും പിന്നീട് പല തവണ ടോണി അബ്രഹാം പലരോടും അത് പറയുകയും ചെയ്തിട്ടുണ്ട്. എമ്മിയെസ് കമ്പനിയുടെ സബ് കോൺട്രാക്റ്റു ജോലികൾ പതിവായി ചെയ്യുന്ന ഒരു കമ്പനിയിലെ കാർപെന്ററാണ് ഋഷികേശൻ ആചാരി. ടോണി അബ്രഹാമിന്റെ അപ്പയുടെ പ്രത്യേക ഇഷ്ടം പിടിച്ചുപറ്റിയ അസാധാരണമായ കരവിരുതും കലാബോധവും ശില്പചാതുരിയുമാണ് ഋഷികേശൻ ആചാരിയ്ക്ക്. അബ്രഹാം ജോസഫ് അയാളെക്കൊണ്ട് സ്വന്തം വീട്ടിൽ ധാരാളം അലങ്കാര വേലകൾ ചെയ്യിച്ചിട്ടുണ്ട്. വീട്ടിലെത്തുന്ന വിരുന്നുകാരും സന്ദർശകരും അവയുടെ കൂടുതൽ വിവരങ്ങൾ അറിയാനും അത്തരം കലാവസ്തുക്കൾ എവിടെ വാങ്ങാൻ കിട്ടുമെന്ന് അന്വേഷിക്കാനും ചോദ്യങ്ങളുമായി അബ്രഹാം ജോസഫിന്റെ പിന്നാലെ കൂടും.

ദുമിസ്കാനിലെ ക്യാമ്പിൽ താമസിക്കുന്ന ഋഷികേശൻ ആചാരി മനാനയിൽ പോയി മലയാളി സമാജത്തിലെ നാടക പ്രവർത്തനങ്ങളുമായി സഹകരിക്കാറുണ്ട്. അങ്ങനെ അവിടുത്തെ പ്രമുഖ നടനും സംവിധായകനുമായ രാമുവുമായി പരിചയമായി. പൊതുപ്രവർത്തനത്തിൽ ശരീരവും മനസ്സും സമർപ്പിച്ചു ജീവിക്കുന്ന രാമുവിന്​ സ്വന്തം കാര്യം നോക്കാൻ ത്രാണിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ എൻ.ഒ.സിയും ടിക്കറ്റും ശരിയാക്കി കയറ്റിവിട്ടത്. ഇവിടെയെത്തിയ ഉടനെ രാമു മലയാളി സമാജത്തിൽ പോവുകയും കലാ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങുകയും ചെയ്തു. രാമു മികച്ച നാടകങ്ങൾ അവതരിപ്പിക്കുകയും അഭിനയിക്കുകയും ചെയ്‌തെങ്കിലും എവിടെങ്കിലും കൃത്യമായ ജോലിക്ക് പോയില്ല. ഫ്രീ വിസയിലായിരുന്നതുകൊണ്ട് രാമുവിന് പലയിടത്തും ജോലിക്ക് പോകാൻ കഴിഞ്ഞു, പക്ഷേ ഒരിടത്തും സ്ഥിരമായില്ല.

ഏതെങ്കിലും നല്ല സ്ഥലത്ത് ജോലിയാകുന്നതുവരെ തന്റെ കമ്പനിയിൽ കാർപെന്റർ ആയി ജോലി ചെയ്യാമെന്ന് രാമുവിനെ ഋഷികേശൻ ആചാരി ക്ഷണിച്ചു. കതകും ജനാലയും ഉണ്ടാക്കുന്നതുപോലെ വർക്ക് ഷോപ്പിനുള്ളിൽനിന്ന് ചെയ്യുന്ന ജോലികളായതിനാൽ പുറത്തെ കാലാവസ്ഥയെ സഹിക്കുന്നതിൽ ഇളവുണ്ടാവും. തന്റെ കമ്പനിയിൽ കൂട്ടക്കുഴപ്പമാണെങ്കിലും എമ്മിയെസ് കമ്പനി ഇടപെട്ട്​ ശമ്പളം കൊടുപ്പിക്കാൻ തുടങ്ങിയെന്നും അവിടെ കാർപെന്റർമാരെ ആവശ്യമുണ്ടെന്നും ജോലിയിൽ കയറിയാൽ തന്റെയൊപ്പം നിന്നാൽ മതിയെന്നും രാമുവിനെ ഋഷികേശൻ ആചാരി പ്രേരിപ്പിച്ചു.

അങ്ങനെ രാമുവിനെ ഋഷികേശൻ എമ്മിയെസിന്റെ പ്രൊജക്റ്റ് സൈറ്റിലേക്ക്​ കൂട്ടിക്കൊണ്ടുപോയി. സൈറ്റിൽ ഉത്തരവാദപ്പെട്ടവരെ കണ്ട് അപേക്ഷിച്ച് വർക്ക്‌ഷോപ്പിൽ രാമുവിനെയും ഒപ്പം നിറുത്തി. ഒരാഴ്ച നന്നായി കഴിഞ്ഞുപോയി. രണ്ടുപേർക്കും പണി ഇഷ്ടപ്പെട്ടു. രാമു കവിതയും നാടകവും പറഞ്ഞുകൊണ്ട് ഋഷികേശന്റെ കൂടെ നിൽക്കും. രണ്ടുപേരും ചെയ്യേണ്ട ജോലികൾ ഋഷികേശൻ ചെയ്തുതീർക്കും. അടുത്തയാഴ്ച ആദ്യ ദിവസം സൈറ്റിൽ എമ്മിയെസ് ഡയറക്ടരുടെ പരിശോധനയുണ്ടായി. അദ്ദേഹം കാർപെന്ററി വർക്ക്‌ഷോപ്പിലും പോയി. അത്തരം സന്ദർശനങ്ങളും പരിശോധനകളും പതിവായതുകൊണ്ട് ഋഷികേശൻ അക്കാര്യം ശ്രദ്ധിച്ചതേയില്ല.

ഡയറക്ടർ വന്നപ്പോൾ അയാൾ തന്റെ ജോലികൾ ചെയ്തുകൊണ്ട് സാധാരണപോലെ നിന്നു. കൂടെ വെറുതെ നിന്നാൽ മതിയെന്ന് ഋഷികേശൻ പറഞ്ഞെങ്കിലും രാമു ആകെ പരിഭ്രമിച്ച് എന്ത് ചെയ്യേണ്ടൂ എന്നറിയാത വിഷമിച്ചു. പിന്നെ രാമു അവിടം ഒരു സ്റ്റേജായും താൻ വർക്ക് ഷോപ്പ് തൊഴിലാളിയായി അഭിനയിക്കുന്ന ഒരു നടനായും സങ്കൽപ്പിച്ചു. മേശപ്പുറത്തു മുറിച്ചിട്ടിരുന്ന ഒരു തടിക്കഷണമെടുത്ത്​കണ്ണിനു നേർക്കുപിടിച്ച്​, അതിന്റെ ലംബമാനവും പിന്നെ തിരിച്ചുപിടിച്ച്​, കോണോട് കോണും നോക്കി. അതാവർത്തിച്ചു.

മേശപ്പുറത്ത്​ ഋഷികേശൻ ചേർത്തുവച്ചിരുന്ന ജനാലച്ചട്ടത്തിന്റെ മേലെ അത് വച്ചു, എടുത്തു, ചാഞ്ഞും ചരിഞ്ഞും നോക്കി. ചിന്തേരെടുത്ത് അറ്റമിത്തിരി ചീകി. വീണ്ടും നോട്ടങ്ങളാവർത്തിച്ചു. അപ്പോഴേക്കും ഡയറക്ടർ പോയി. പോകുമ്പോഴേക്കും വിവരമറിഞ്ഞുവന്ന വർക്ക്‌ഷോപ്പ് സൂപ്പർവൈസറോട് രാമുവിനെ ചൂണ്ടിക്കാട്ടി ഒന്നാംതരം കാർപെന്ററാണെന്നും ഇൻക്രിമെന്റിന്​ പരിഗണിക്കണമെന്നും പറഞ്ഞു.

ഡയറക്ടർ ഋഷികേശനെ ചൂണ്ടിക്കാട്ടി അലസനാണെന്നും ആളെക്കുറക്കേണ്ടി വരുമ്പോൾ പറഞ്ഞു വിട്ടേക്കാനുമാണ് നിർദ്ദേശിച്ചത്. മടങ്ങിപ്പോയ ഡയറക്ടററെ പ്രൊജക്റ്റ് മാനേജർ ബന്ധപ്പെട്ട് രണ്ടുപേരും സബ് കോൺട്രാക്റ്ററുടെ പണിക്കാരാണെന്ന കാര്യം പറഞ്ഞു മനസ്സിലാക്കി. ആ സംഭവം വിവരിച്ച അപ്പ മലയാളികളായ ജോലിക്കാരുടെ അതിജീവന സാമർത്ഥ്യത്തെക്കുറിച്ച് അഭിമാനത്തോടെയാണ് പറഞ്ഞത്.

എല്ലാ ബന്ധങ്ങളെയും അതുവഴിയുണ്ടാകാവുന്ന സാധ്യതകളെയും ആലോചിച്ചു കണ്ടെത്തുകയും അവയെ സമീപിച്ചുണർത്തി അനുകൂലമാക്കുകയും ചെയ്യുന്നവരാണ് ഭാവനാസമ്പന്നരായ മലയാളി സംരംഭകർ എന്ന്​ ധ്വനിപ്പിക്കുന്നത് നാട്ടിൽ മടങ്ങിവന്ന അപ്പയുടെ ശീലമായിരുന്നു. ടോണി അബ്രഹാമിനു മുന്നിലുണ്ടായിരുന്ന അനേകം അവസരങ്ങൾ വേണ്ടവിധം ഉപയോഗിച്ചില്ല എന്ന് അപ്പയുടെ ഉൾക്കുത്താണ് പുറത്തുവരുന്നതെന്ന് മകനും തിരിച്ചറിയാം.

ടോണി അബ്രഹാമിന്റെ സഹപഠിയായിരുന്ന ഉമേഷ് ബാംഗ്ലൂരിൽ സ്വാശ്രയ കോളേജിൽ എൻജിനീയറിംഗ് പഠിച്ച്​ ദിൽമുനിയയിൽ തിരിച്ചെത്തി മെക്കാനിക്കൽ ജോലികളുടെ ചെറിയ കമ്പനി തുടങ്ങിയത് അബ്രഹാം ജോസഫിന്റെ പ്രതാപകാലത്താണ്.

ഉമേഷ് അദ്ദേഹത്തിന്റെ ഓഫീസിൽ നിത്യസന്ദർശകനാവുകയും ടോണി അബ്രഹാമുമായുണ്ടായിരുന്ന ഉറ്റസൗഹൃദകഥകൾ പറഞ്ഞ്​ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഒരിടത്തരം ട്രേഡിംഗ് കമ്പനിയുടെ ഉടമസ്ഥന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ് ഉമേഷിന്റെ അച്ഛൻ. ബോംബെയിൽ നിന്നുവന്ന നാൾ മുതൽ ആ കസാലയിൽ ആ ജോലി മാത്രം ചെയ്തിരുന്ന അച്ഛൻ കരുതുന്നത്, തന്റെ ജോലിയിൽ അണുവിട പിഴവ് വന്നുപോയാൽ ഭൂമിയുടെ കറക്കം നിലച്ചു പോകുമെന്നാണെന്ന് ഉമേഷ് പറയും. അച്ഛന് ലോകബന്ധമില്ലാത്തതുകൊണ്ട് തന്റെ ബിസിനസ് തനിയെ കരുപ്പിടിപ്പിക്കണമെന്നും തന്റെ അപ്പയെ പോയിക്കാണണമെന്ന് ഫോൺ വിളിക്കുമ്പോഴെല്ലാം ടോണി പറയുമെന്നും ഉമേഷ് ആവർത്തിക്കും. രണ്ടുപേരെയും ഒരുമിച്ചു കണ്ട ഓർമകൾ അധികമില്ലെങ്കിലും അബ്രഹാം ജോസഫ് ഉമേഷിന് ചെറിയ മെക്കാനിക്കൽ ജോലികളുടെ സബ് കോൺട്രാക്റ്റുകൾ നൽകാൻ തുടങ്ങി.

അക്കൂട്ടത്തിൽ ഒരു ഭേദപ്പെട്ട ജോലിയായിരുന്നു പുതിയ പാലത്തിലെ വലിയ കൊടിമരവും അതിൽ പതാക ഉയർത്താനുള്ള മോട്ടോറും നിർമിക്കുന്ന പണി.

ഗൾഫിലെ ഏറ്റവുംവലിയ കൊടിമരവും പതാകയുമാണ്. രാജ്യങ്ങൾ തമ്മിൽ ഈ വക ഇനങ്ങളിൽ സൗഹൃദ മത്സരമുള്ളതിനാൽ ഏറ്റവുംവലിയ ഏതൊന്നിന്റെ നിർമാണവും രാജ്യത്തിന്റെ അഭിമാനവിഷയം കൂടിയാണ്. വർക്ക് ഷോപ്പുകളിൽ പണിയിപ്പിച്ചുകൊണ്ടുവന്ന് കൊടിമരം ഇരുവശത്തേക്കും നാലുവരികൾ വണ്ടിയോടുന്ന പാലത്തിനു നടുവിലെ മീഡിയനിൽ രാത്രിയിൽ കിടത്തിയിട്ടത് എമ്മിയെസിന്റെ കൂറ്റൻ ക്രെയിനുകളുപയോഗിച്ചാണ്. കൊടിമരം ഉയർത്താൻ രണ്ടു വലിയ ക്രെയിനുകൾ റോഡിനു നടുവിൽ നിർത്താൻ ഇരുവശത്തേക്കുമുള്ള വണ്ടിയോട്ടം തടഞ്ഞ് റോഡിൽ ഇടമുണ്ടാക്കണം.

രാത്രി പതിനൊന്നു മണിമുതൽ വെളുപ്പിന്​ അഞ്ചു മണിവരെ മാത്രമേ റോഡിൽ വണ്ടിയോട്ടം നിറുത്തിവയ്ക്കൂ. അതും രണ്ടുവരികൾ മാത്രം തടഞ്ഞിട്ട് മറ്റേ രണ്ടുവരികൾ വണ്ടികളെ വിടും. മുഴുവനും തടഞ്ഞാൽ നിമിഷങ്ങൾ കൊണ്ട് ഇരുവശത്തു നിന്നും വാഹനങ്ങൾ വന്നുനിറഞ്ഞ് ഗതാഗതം സ്തംഭിക്കും. അതുണ്ടാക്കുന്ന നീണ്ട വാഹനനിര മറ്റു പാതകളിലേക്കും വ്യാപിച്ച് സമീപത്തുള്ള വലിയ റോഡുകളേയും നിശ്ചലമാക്കും.

രാത്രി കൊടിമരസ്തംഭം ഉയർത്തണമെങ്കിൽ ധാരാളം പണം ചെലവിട്ട് അധിക സജ്ജീകരണം ചെയ്ത് പാലത്തിനുമുകളിൽ വെളിച്ചത്തിന്റെ പ്രളയം സൃഷ്ടിക്കണം. അതിനു വേണ്ടിവരുന്ന ചെലവുചെയ്യൽ ഉമേഷിന് സങ്കൽപ്പിക്കാൻ പോലും ആവില്ല.

പകൽ ആ റോഡിലെ ഗതാഗതം നിറുത്തിവയ്ക്കുകയെന്ന അത്യപൂർവമായ സംഭവം നടക്കേണ്ടത് ഉമേഷിന്റെ ആവശ്യമായി. ഉമേഷ് അബ്രഹാം ജോസഫിനെ അതു ബോദ്ധ്യപ്പെടുത്തുകയും അദ്ദേഹത്തിലൂടെ ആദിൽ മുസ്തഫയിൽ എത്തിച്ചേരുകയും ചെയ്തു.

വീട്ടിൽ വിശ്രമിക്കുന്ന പിതാവ് മുസ്തഫ ഇബ്രാഹീമിനെ കൊണ്ട് അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് ടെലിഫോൺ ചെയ്യിച്ചാണ് ആദിൽ മുസ്തഫ ഒരു പ്രവൃത്തി ദിവസം പകൽ നേരം ആ റോഡുകളിൽ നാല് മുതൽ ആറു വരെ മണിക്കൂർ നേരം വണ്ടിയോട്ടം നിറുത്തി റോഡുകൾ അടയ്ക്കുവാനുള്ള ഉത്തരവ് മന്ത്രിയിൽ നിന്ന് സമ്പാദിച്ചത്. അതിനായി ഇതര റോഡുകൾ സജ്ജീകരിക്കുകയും ഒരുപാട് തയ്യാറെടുപ്പുകൾ പ്രാവർത്തികമാക്കുകയും ചെയ്തു. സ്വാഭാവികമായും കൊടിമരം ഉയർത്തൽ ടി.വിയിലും റേഡിയോയിലും പത്രങ്ങളിലും നിറയുകയും രാജ്യത്ത് എല്ലാവരുടെയും ശ്രദ്ധയിലേക്ക് വരികയും മുഖ്യ സംഭാഷണ വിഷയമാവുകയും ചെയ്തു.

കരാറുകാരനെന്ന നിലയിൽ അവിശ്വസനീയമായ പ്രസിദ്ധി ഉമേഷിന് പൊതുമണ്ഡലത്തിൽ അപ്രതീക്ഷിതമായുണ്ടായി.

കുറച്ച്​ ടെക്‌നീഷ്യന്മാർ കഴിഞ്ഞാൽ എൻജിനീയറും മാനേജരും ഉടമസ്ഥനും എല്ലാമായ ഉമേഷ് കോട്ടും സ്യൂട്ടുമണിഞ്ഞ്​ ലാപ് ടോപ്പും കയ്യിൽ വച്ചാണ് പാലത്തിനു മുകളിൽ അന്ന്​ ജോലിക്കെത്തിയത്.

അസാധാരണമായ പൊതുശ്രദ്ധയിലേക്കുയർന്ന കൊടിമരംഉയർത്തലിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്ന വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗപ്രമുഖർ ഇരിക്കുന്ന ആഢംബര വാഹനങ്ങളുടെ നിരയോടുചേർന്നാണ് തന്റെ പഴയ ചെറിയ വണ്ടി ഉമേഷ് പാർക്കുചെയ്തത്.

കുറെ പണിസാമാനങ്ങളുടെ ഒപ്പം തൊണ്ട് കളഞ്ഞു വൃത്തിയാക്കിയ രണ്ടു നാളീകേരങ്ങളും ഉമേഷിന്റെ ജോലിക്കാർ വണ്ടിയിൽ നിന്നെടുത്ത്​ പാലത്തിനു മുകളിലേക്ക് കൊണ്ടുപോകുന്നത് വാഹനനിരയിലൊന്നിലിരുന്ന അബ്രഹാം ജോസഫ് കണ്ടു.

നാട്ടിലും ഇവിടെയും പൂജയും പ്രാർഥനകളും ധാരാളം ചെയ്താണ് അപകടമൊന്നും വരാതെ ഈയറ്റം വരെ എത്തിയതെന്നും ക്രെയിനുകളുടെ ജോലി തുടങ്ങുമ്പോൾ തേങ്ങയടിച്ച്​ വിഘ്‌നേശ്വര പൂജ ചെയ്യാനാണ് നാളീകേരങ്ങളെന്നും ഉമേഷ് പറഞ്ഞു.

തയ്യാറെടുപ്പ് ജോലികളുമായി തകൃതിയായി ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനിടയിൽ തുറന്നുപിടിച്ച ലാപ്‌ടോപ്പിലേക്ക് വീണുകിടക്കുന്ന ടൈ വകഞ്ഞുമാറ്റി ഉമേഷ്, അബ്രഹാം ജോസഫിന്റെ റെയിഞ്ച് റോവറിനരികിലേക്ക് പാഞ്ഞു ചെന്നു.

‘ബാഡ് ഒമൻ, ബാഡ് ഒമൻ,'
അപശകുനം, അശുഭ ലക്ഷണം എന്ന്​ ഉമേഷ് നിലവിളിക്കുന്നുണ്ടായിരുന്നു.

പണിസാധനങ്ങളുടെ കൂട്ടത്തിലിരുന്ന കമ്പിപ്പാര അടുത്തിരുന്ന തേങ്ങയിലേക്ക് മറിഞ്ഞുവീണ്​ പൂജയ്‌ക്കൊരുങ്ങും മുന്നേ നാളീകേരം ഉടഞ്ഞുപോയി.

ഉമേഷ് നാട്ടിലേക്ക് അമ്മയെ ഫോണിൽ വിളിച്ചു പറഞ്ഞു കഴിഞ്ഞു. അമ്മയും പെങ്ങളും കുടുംബ ക്ഷേത്രത്തിലേക്ക് ഓടിപ്പോയിരിക്കുകയാണ്. പൂജാരിയെ കണ്ട്​പ്രതിവിധികൾ ചെയ്യിക്കണം. എന്നിട്ടേ ജോലി തുടങ്ങാനാവൂ. അല്ലെങ്കിൽ എന്താപത്താണ് ഉണ്ടാവുകയെന്ന് പറയാനാവില്ല.

ഉമേഷ് അമ്മയെ വീണ്ടും ഫോണിൽ വിളിച്ചു. ജ്യോതിഷി ഗണിച്ചുകൊടുത്ത മുഹൂർത്തത്തിലാണ് പൂജയും പണിയും തുടങ്ങാൻ നിശ്ചയിച്ചിരുന്നതെന്നു പൂജാരിയോട് പ്രത്യേകം പറയാനേൽപ്പിച്ചു.

പെങ്ങൾ വീട്ടിൽ പോയി ഇ - മെയിൽ ചെയ്ത പ്രതിവിധിപൂജയുടെ ചിത്രങ്ങൾ കണ്ടിട്ടും ഉമേഷിന് സ്വസ്ഥത കൈവന്നില്ല.

സമയം ശുഭനേരമാണെന്നും പേടിക്കാനൊന്നുമില്ലെന്നും പ്രതിവിധിപൂജകൾ കൂടി കഴിഞ്ഞതോടെ എല്ലാ അപശകുനങ്ങളും ഒഴിഞ്ഞുപോയെന്നും പൂജാരി പറയുന്നത് അമ്മ ഉമേഷിനെ മൊബൈൽ ഫോണിൽ കേൾപ്പിച്ചു കൊടുത്തു.

യാതൊരു വിഘ്‌നവും കൂടാതെയാണ് കൊടിമരം ഉയർത്തൽ ജോലി നടന്നത്.

പിറ്റേന്ന്​ വാർത്താമാധ്യമങ്ങളിൽ കൊടിമരം ഉയർന്നുനിന്നു. ഉമേഷ് ഇപ്പോൾ ദിൽമുനിയിലെ എണ്ണപ്പെട്ട മെക്കാനിക്കൽ കമ്പനികളിലൊന്നിന്റെ ഉടമസ്ഥനാണ്. അച്ഛൻ റിട്ടയർ ചെയ്ത് നാട്ടിലേക്ക് പോയി. പ്രതികൂലമായ അവസരങ്ങളെ എങ്ങനെയാണ് മലയാളികൾ തനിക്ക് ചേർന്നതാക്കി മാറ്റി നേട്ടങ്ങൾ കൊയ്യുന്നതെന്ന് ഉദാഹരിക്കാൻ അബ്രഹാം ജോസഫ് ആ സംഭവം ആവർത്തിച്ചു പറയും.

എമ്മിയെസ്സിലെ പത്താൻഗാങ്ങുകളിൽ ഒന്നിലെ പണിവീരന്മാർക്കൊപ്പമായിരുന്നു ബഷീർ ആലത്തിന്റെ തുടക്കം. മൂന്നുവർഷം അയാൾ പാറകൾ പൊട്ടിച്ചുമാറ്റിയും കുഴികൾ തുരന്നും അവരോടൊപ്പം കഴിഞ്ഞു.

റൂമിൽ മറ്റുള്ളവരുടെ ആഹ്‌ളാദവിഷയങ്ങൾ തന്നെ സന്തോഷിപ്പിക്കാതിരിക്കുന്നത് എന്തെന്ന് തുടക്കം മുതൽക്കേ ബഷീർ ആലം വ്യാകുലപ്പെട്ടിരുന്നു. അവരുടെ ആഘോഷങ്ങളിലും ആർപ്പുവിളികളിലും ഭക്ഷണാഘോഷങ്ങളിലും ബഷീർ ആലം ഇഴുകിച്ചേരാത്തത് എന്തെന്ന്​ അവരും ചോദിക്കും.

മദ്രസയിൽനിന്ന് ലഭിച്ച മതപാഠങ്ങൾക്കു പുറമേ ബഷീർ ആലത്തിനുണ്ടായിരുന്ന എല്ലാ അറിവും മുതിർന്നവർ വാമൊഴിയായി കൈമാറുന്ന ഗോത്രചരിത്രത്തിന്റെ വീരേതിഹാസ വർണനകളായിരുന്നു. രണ്ടു ഗോത്രങ്ങൾ തമ്മിൽ ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന യുദ്ധത്തിൽ സ്വന്തം ഗോത്രത്തിന്റെ അന്തസ്സും അഭിമാനവും ആചാരങ്ങളും സംരക്ഷിക്കാൻ ഓരോരുത്തരും തയ്യാറായിരിക്കണം. കൗമാരക്കാരായ എല്ലാ ബാലന്മാരെയും അതിനായി തയ്യാറെടുപ്പിക്കുവാനാണ് മുതിർന്നവർ തലമുറകളിലേക്ക് കഥ പകരുന്നത്. മാനസികമായി അതിനൊരുങ്ങാനും രണവീരനാകാൻ പരിശീലനങ്ങൾ നേടാനും ബഷീർ ആലവും ആഗ്രഹിച്ചെങ്കിലും യുദ്ധസമാനമായ സംഘട്ടനങ്ങളിലെ കൊലപാതകങ്ങളുടെയും മരണങ്ങളുടെയും ചോരയിറ്റുന്ന വിവരണങ്ങൾ അയാളെ ഉത്തേജിപ്പിച്ചില്ല. പകരം അയാളെ ത്രസിപ്പിച്ചത് ഗോത്രത്തിലെ മുതിർന്നവരിൽനിന്ന് അനേകം തവണ കേട്ടിട്ടുള്ള സൈഫുൽ മലുക്ക് രാജകുമാരന്റെ പ്രണയകഥയാണ്.

പഷ്തുങ്കുവ മലനിരകളിൽ വേട്ടയാടി അലയുകയായിരുന്ന സൈഫുൽ മലുക്ക് രാജകുമാരൻ മേഘങ്ങൾക്ക് തൊട്ടുതാഴെയായി അഭൗമമായ സൗന്ദര്യം വഴിയുന്ന ഒരു തടാകം കണ്ട് അതിന്റെ കരയിലെത്തി. സമതലങ്ങളിൽ നിന്ന്​ പതിനായിരം അടി ഉയരത്തിലുള്ള തടാകത്തിന്റെ എല്ലാ വശങ്ങളിലും മഞ്ഞുമലകളാണ്. ഒരിടത്ത് മാത്രം നദിയിലേക്ക് പതിക്കുന്നൊരു അരുവിയുണ്ട്. അതുവഴി മാത്രമാണ് തടാകത്തിലേക്കുള്ള മാർഗ്ഗം.

രാജകുമാരൻ വേട്ടയാടിയലഞ്ഞ്​ തടാകക്കരയിലെത്തുന്നത് പതിവായി.

ഒരു ദിവസം രാജകുമാരൻ അവിടെ കണ്ടത് ജലോപരിതലത്തിലൂടെ നടന്ന് തന്നെ സമീപിക്കുന്ന ഒരപ്‌സരസ്സിനെയാണ്. രാജകുമാരൻ അവളുടെ അരികത്തേക്ക് പോവുകയും ബദ്രിജമാലയെന്നു പേരുള്ള ആ അപ്‌സരസ്ത്രീയുമായി പ്രണയബദ്ധനാവുകയും ചെയ്തു. ഒന്നിടവിട്ടനാളിൽ അവിടെ കമിതാക്കൾ സമാഗമത്തിനു പോകുന്നുവെന്ന് സംസാരം നാട്ടിലെല്ലാം പരന്നു.

ഒരുനാൾ തടാകക്കരയിലെത്തിയ രാജകുമാരന് അപ്‌സരസിനെ കാണാനായില്ല. അന്നു മുഴുവനും പിന്നെ അടുത്തദിനങ്ങളിലും കാത്തിരുന്ന സൈഫുൽ മലുക്ക് രാജകുമാരന് അപ്‌സരസിന്റെ രക്ഷയെക്കുറിച്ച് ഉത്കണ്ഠയായി. അവളെയും തേടി തടാകത്തിലേക്ക് പോവുകയല്ലാതെ രാജകുമാരന് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

അതീവ ദുഃഖിതനായി തടാകക്കരയിലിരിക്കുമ്പോൾ മറുകരയിൽ സ്നാനം ചെയ്യുന്ന ഒരു കൂട്ടം അപ്‌സരസ്സുകളെ രാജകുമാരൻ കണ്ടു . അദ്ദേഹം തടാകത്തിന്റെ മറുകരയിൽ പോയി തന്റെ ബദ്രിജമാല എവിടെയാണുള്ളതെന്നു പറയാൻ അപ്‌സരസ്സുകളോട് കെഞ്ചി.

രാജകുമാരന്റെ അഗാധമായ പതനംകണ്ട് അപ്‌സരസുകൾ കളിയാക്കി ചിരിച്ചതേയുള്ളൂ. എന്നാൽ ഹൃദയാലുവായ ഒരു അപ്‌സരസ്സ് മുന്നോട്ടുചെന്ന് രാജകുമാരന് മറുപടി പറഞ്ഞു. ബദ്രിജമാല തടങ്കലിലാണ്, അവൾക്ക് കാക്കസസ് പർവത നിരകളിലെ കൊഹ്- എ- കാഫ് വിട്ടെവിടെയും പോകാനാവില്ല.

രാജകുമാരൻ തന്റെ പ്രണയിനിയെ തേടി കൊഹ് - എ -കാഫിലേക്ക് യാത്ര തിരിച്ചു.

അനേകം പ്രതിബന്ധങ്ങളെ നേരിട്ടും പൊരുതി തോൽപ്പിച്ചും രാജകുമാരൻ ബദ്രിജമാലയെന്ന അപ്‌സരസ്സിനെ ഒടുവിൽ സ്വന്തമാക്കി.

ബഷീർ ആലം ചെറിയ കുട്ടിയായിരിക്കുമ്പോൾ താഴ്വരയിൽ നിന്ന് അനേകം ദിവസങ്ങൾ യാത്ര ചെയ്ത്​ പഷ്തുങ്കുവ മലനിരയുടെ തടങ്ങളിൽ താമസിക്കുന്ന ഗോത്രബന്ധുക്കളുടെ അടുത്തേക്ക് ഒരിക്കൽ പോയിട്ടുണ്ട്. അതൊരു പാലായന സഞ്ചാരമായിരുന്നു.

ഗോത്രത്തിലെ യുവാക്കൾ ശത്രുക്കളോടു പൊരുതിനിൽക്കുമ്പോൾ പ്രായം ചെന്നവരെയും സ്ത്രീകളെയും കുട്ടികളെയും ആക്രമണത്തിൽ നിന്ന്​ രക്ഷിക്കാൻ അഭയസ്ഥാനത്തേക്ക് കൊണ്ടുപോയ ഒരു പുറപ്പാട് യാത്ര.

വസ്ത്രഭാണ്ഡങ്ങൾക്കും വീട്ടുസാമാനങ്ങൾക്കും പുറമേ വളർത്തു മൃഗങ്ങളെയും സംഘം ഒപ്പം കൊണ്ടുപോയി.

ബഷീർ ആലത്തിന്റെ ഓർമ്മമയിൽ ആഴത്തിൽ കോറിയിട്ടിട്ടുള്ള തീക്ഷ്ണമായ ഒരനുഭവമാണ് ബാല്യത്തിലെ ആ യാത്ര.

താഴ്വരയിൽ യുദ്ധം ചെയ്യുകയായിരുന്ന പുരുഷന്മാർ ശത്രുക്കളെ തുരത്താനെടുത്ത അഞ്ചാറു മാസക്കാലം പഷ്തുങ്കുവ മലനിരകളിൽ ഒന്നിന്റെ തടത്തിൽ അവർ താമസിച്ചു. ഉയരങ്ങളിലെ മേഘങ്ങൾക്കടുത്ത് ആ മനോഹര തടാകത്തിന്റെ കരയിൽ ബദ്രിജമാലയെന്ന അപ്‌സരസ്സ് ഇരിപ്പുണ്ടെന്ന് ബാലനായ ബഷീർ ആലം സ്വന്തം കാഴ്ചകളോടും ബോധത്തോടും നിരന്തരം പറഞ്ഞു. അഭൗമശോഭ നിറഞ്ഞൊഴുകുന്ന ആ ദൃശ്യം പിന്നീടുള്ള കാലമെല്ലാം ബഷീർ ആലത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സങ്കല്പചിത്രമായി.

എമ്മിയെസ്സിൽ ജോലിക്കാരനായി വന്നു മൂന്ന് കൊല്ലം കഴിഞ്ഞ്​, ആദ്യമായി അവധിക്കുപോയപ്പോൾ ബഷീർ ആലം നിക്കാഹു കഴിച്ചു.

അവധിക്കൊരുങ്ങുമ്പോൾ തന്നെ പെണ്ണാലോചനയുടെ വിവരങ്ങൾ കുടുംബക്കാർ അറിയിച്ചു. താഴ്വരയിൽനിന്ന്​ വളരെദൂരെ പഷ്തുങ്കുവ മലനിരകളുടെ തടത്തിലെ ഗോത്രബന്ധുക്കളുടെ കുടുംബത്തിൽനിന്നുള്ള പതിനാലുകാരിയായിരുന്നു വധു.

പേര് ബദ്രിജമാല.

പേര് കേട്ടമാത്രയിൽ തന്നെ ബഷീർ ആലത്തിന്​ പകുതി സമ്മതമായി.

ഗോത്രത്തിൽ മുതിർന്ന കാരണവന്മാർ തീരുമാനങ്ങളെടുത്തു. തീരുമാനങ്ങളെല്ലാം മതപരമായ കർമ്മചര്യക്കനുസൃതമാണെന്നുറപ്പു വരുത്താൻ ഓരോ കാര്യത്തിനും അവർ പ്രദേശത്തെ ഖാളിയുടെ അനുമതി തേടി.

എമ്മിയെസ് ലേബർ ക്യാമ്പിലെ മുറിയിൽ എല്ലാവരും ചോട്ടുവെന്നു വിളിച്ചിരുന്ന മസാർ ഖാൻ ബദ്രിജമാലയുടെ കുടുംബത്തെ നന്നായി അറിയും.

ബദ്രിയ എന്നാണ്​ അവളുടെ ഓമനപ്പേര്.

മുറിയുടെ തകരപ്പാളികൾ വെന്ത് തീച്ചുട് വമിപ്പിക്കുന്ന ജൂലൈ - ആഗസ്റ്റ് മാസരാത്രികളിൽ ക്യാമ്പിന്റെ മുറ്റത്തേക്കുവലിച്ചിട്ട കട്ടിലുകളിൽ ഉറക്കംകാത്ത് ഉഷ്ണിച്ചു കിടക്കുമ്പോൾ ചോട്ടു ബദ്രിയയെക്കുറിച്ചു ശൃംഗാരം കലർന്ന കിന്നാരം പറയും.

ചോട്ടുവിന്റെ വാക്കുകളും വർണ്ണനകളും ബദ്രിയ എന്ന പേര് ബഷീർ ആലത്തിന്റെയുള്ളിൽ പ്രണയാഭിനിവേശം ഉണർത്തി. നാട്ടിലെത്തുന്നതിനും ബദ്രിയയുടെ വീട്ടിൽ പോയി അവെരെയെല്ലാം നേരിട്ട് കാണുന്നതിനും മുന്നേ ബദ്രിയുമായുള്ള നിക്കാഹിനു അയാളുടെ മനസ്സൊരുങ്ങി.

പഷ്തുങ്കുവയിൽ നിന്ന്​ ഒരു ബദ്രിയ തന്റെ ജീവിതത്തിലേക്കുവരുന്നതിൽ അയാൾ ആഹ്‌ളാദഭരിതനായിരുന്നു. ബാല്യത്തിൽ അഭയാർഥി സംഘത്തിൽ ദുരിതങ്ങൾ ഭക്ഷിച്ചു പാലായന യാത്രചെയ്ത അതേ സഞ്ചാരവഴികളിൽ താഴ്വരയിൽനിന്ന്​പഷ്തുങ്കുവ മലനിരകളിലേക്ക് വരനായ ബഷീർ ആലം മറ്റൊരു യാത്ര ചെയ്തു. അപ്പോൾ മലനിരകളെ മൂടിയ ഹിമപാളികൾക്കു പ്രസാദാത്മകതയായിരുന്നു.

നീണ്ട യാത്രപോയ വഴികളുടെ ഇരുപുറവും മഞ്ഞുമലകൾ ആഹ്‌ളാദം പ്രസരിപ്പിച്ചു നിന്നു. മദഭരമായ ആഘോഷ ശബ്​ദങ്ങളിൽ തിമിർക്കുന്ന ഗോത്രയുവാക്കൾക്കൊപ്പം കുതിരപ്പുറത്താണ് അയാളുടെ ജീവിതത്തിലെ ഏറ്റവും വർണശബളമായ ഘോഷയാത്ര പോയത്.

മൂന്നുനാൾ മുന്നേ ബദ്രിയയുടെ നാട്ടിൽ എത്തിച്ചേർന്നതിനാൽ നിക്കാഹിനു മുന്നേ പെണ്ണിനെ ഒരു തവണ കാണാൻ ഗോത്രയുവാക്കൾ ബഷീർ ആലത്തിനെ പ്രേരിപ്പിച്ചു.

പക്ഷേ കാണേണ്ടെന്നായിരുന്നു അയാളുടെ നിശ്ചയം. പകരം മലമുകളിലെ തടാകത്തിൽ പോകണമെന്ന്​ ബഷീർ ആലം ആഗ്രഹം പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് ബദ്രിജമാലയോടൊപ്പം താഴ്വരയിലെ കുടിയിൽ തിരിച്ചെത്തിയ ബഷീർ ആലം തികച്ചും മറ്റൊരു മനുഷ്യനായി രുപാന്തരപ്പെട്ടിരുന്നു.

പഷ്തുങ്കുവ മലമേട്ടിലെ മഞ്ഞുപുതച്ച, മങ്ങിയ സുര്യകിരണങ്ങളുടെ തിളക്കം കുറഞ്ഞ വെട്ടത്തിൽ മുങ്ങിയ, അപാരമായ നിഗൂഢതയെ ആവാഹിച്ചു നിൽക്കുന്ന അന്തരീക്ഷത്തെപ്പോലെയാണ് ബദ്രിയയെ അയാൾക്കനുഭവപ്പെട്ടത്. തന്റെ രൂപഭാവങ്ങൾക്കുമേലെ ഗുപ്താർത്ഥമായ ഒരു പുതപ്പ്​ വാരിച്ചുറ്റിയ ബദ്രിയയെയാണ് അയാൾ അറിഞ്ഞത്. ശിരോവസ്ത്രത്തിന്റെ തുമ്പുകൾ ഒഴുകിയിറങ്ങി മുഖം പകുതി എപ്പോഴും മറഞ്ഞിരിക്കുന്ന ബദ്രിയ.

ബദ്രിയയെ മുഴുവനായി പകൽ വെളിച്ചത്തിൽ അയാൾ കണ്ടതേയില്ല. രാത്രികളിൽ ബദ്രിയ അയാളെ അനുഭുതിയുടെ മേഘങ്ങളിലേക്ക് കൊണ്ടുപോയി ആനന്ദത്തിൽ ആറാടിച്ചു.

ജാക്ക് ഹാമറിന്റെ പ്രഹരശേഷിയോടെ തിമിർത്താടുന്നതിനേക്കാൾ അനുഭൂതിദായകമായ മൃദു സ്പർശങ്ങളുണ്ടെന്ന് ബദ്രിയ അയാളെ തിരുത്തി അനുഭവിപ്പിച്ചു. ഇണചേർന്ന തളർച്ചയിൽ അകമഴിഞ്ഞു കിടക്കുമ്പോൾ അകലെ മറ്റൊരു മലമേട്ടിലെ പള്ളിമിനാരത്തിനുമുകളിലെ മേഘസമുദ്രത്തിലൂടെ രാജകുമാരനെ ആവാഹിച്ച്​ പ്രയാണം ചെയ്യുന്ന അപ്‌സര സ്ത്രീയായി ബദ്രിയ.

മഞ്ഞിന്റെ അപാരതയിലേക്ക് പടർന്ന തടാകത്തിനു മുകളിലൂടെ നടന്നുവരുന്ന ബദ്രിയയെ കണ്ടു നാഡികളിൽ വീണ്ടും രതിയുടെ ഊർജ്ജം നിറയ്ക്കാൻ അവൾ അയാളെ ശീലിപ്പിച്ചു. തങ്ങളുടെ സ്ത്രീജന്മങ്ങളുടെ പരമ്പര തലമുറകളിലൂടെ നേടിയെടുത്ത അതിജീവനതന്ത്രമാണ് ഈ മാന്ത്രികശേഷിയെന്നു മന്ത്രിച്ച് ബദ്രിയ അയാളെ പ്രലോഭിപ്പിച്ചു.

അതിവേഗത്തിൽ അവധിക്കാലം ഓടിപ്പോയി.

മടങ്ങിപ്പോകാൻ മനസ്സില്ലാതെ താളം ചവിട്ടിയ ബഷീർ ആലത്തെ, സൊഹ്രാബിനു പട്ടുകുപ്പായങ്ങളും വാസനവസ്തുക്കളും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ പണത്തിനുവേണ്ടി മടങ്ങിപ്പോകാൻ ബദ്രിയ പ്രേരിപ്പിച്ചു.

ബദ്രിയയ്ക്ക് പിറക്കാൻ പോകുന്ന മകനാണ് സൊഹ്രാബ്.

യുദ്ധവീരന്മാരുടെ കഥകൾ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽക്കേ ബഷീർ ആലത്തിന്റെ നിശ്ചയമാണ്, ഒരു മകനുണ്ടാകുമ്പോൾ സുഹ്രാബെന്നു പേര് കൊടുക്കുമെന്ന്.

മേഘങ്ങളിലെ തടാകക്കരയിൽ ആനന്ദോത്സവത്തിലായിരുന്നപ്പോൾ ഏതോ അയഞ്ഞ മുഹൂർത്തത്തിൽ ബഷീർ ആലം ആ ആഗ്രഹം ബദ്രിയയോടു പങ്കിടുകയും ചെയ്തിരുന്നു.

ലേബർ ക്യാമ്പിലെ വേവുന്നമുറിയിൽ ബഷീർ ആലം തിരിച്ചെത്തി. താഴ്വരയിൽ താൻ ഉപേക്ഷിച്ചു വന്നത് എത്രമേൽ പ്രിയപ്പെട്ടൊരു ഹൃദ്യതയാണെന്ന് ചോട്ടുവിനോട് എത്ര പറഞ്ഞിട്ടും അയാൾക്ക് മതിയായില്ല. പറഞ്ഞുകേട്ടിട്ടുള്ള സ്വർഗവും നരകവും വേർതിരിച്ചറിയാൻ കഴിയുന്നുവെന്നു ബഷീർ ആലത്തിനു തോന്നി.

മാസങ്ങൾ കഴിഞ്ഞിട്ടൊരുദിവസം അബ്രഹാം ജോസഫിന് ആദ്യത്തെ കുട്ടി പിറന്ന വാർത്തയും ആഘോഷവർത്തമാനങ്ങളും കമ്പനിയിൽ എല്ലായിടത്തും എല്ലാവരും പറയുന്നത് ബഷീർ ആലം കേട്ടു. എമ്മിയെസ് ക്യാമ്പിലും സൈറ്റുകളിലും എല്ലാവർക്കും അബ്രഹാം ജോസഫ് വിതരണം ചെയ്ത മധുരം ലഭിച്ചു. ലഡ്ഡുവും ജിലേബിയും വേറെയും പലഹാരങ്ങളും വച്ച പൊതികളായിരുന്നു.

പരിചയമില്ലാത്തതാണെങ്കിലും നല്ല സ്വാദുള്ള ആ പലഹാരങ്ങളെക്കുറിച്ച് ചോട്ടുവുമായി ക്യാമ്പിലെ മുറിയിൽ സംസാരിച്ചിരിക്കുമ്പോൾ നാത്തൂർചാച്ച കയറി വന്നു. ബദ്രിയ ഒരു ആൺകുട്ടിയെ പ്രസവിച്ചെന്നും അമ്മയും കുട്ടിയും സുഖമായിരിക്കുന്നെന്നും അറിയിക്കാനാണ് ചാച്ച വന്നത്. കുട്ടിയ്ക്കു സൊഹ്രാബെന്നാണ് പേര് വച്ചിരിക്കുന്നതെന്ന് പ്രത്യേകം അറിയിക്കാൻ അമ്മ ബദ്രിയ സന്ദേശം പറഞ്ഞിരിക്കുന്നു.

ടോണി അബ്രഹാമിന്റെ പിറവിയുടേതായി നടക്കുന്ന ആഘോഷങ്ങൾ സൊഹ്രാബിന്റെ ജന്മത്തോടും ചേർത്ത് ബഷീർ ആലം ഭാവന ചെയ്യാൻ ആരംഭിച്ചു.

മനാനയിൽ പോകാൻ അവസരം കിട്ടുമ്പോഴെല്ലാം സൊഹ്രാബിനുവേണ്ടി കുഞ്ഞുടുപ്പുകളും പട്ടുപുതപ്പും വാസനസോപ്പുകളും കിലുക്കാംപെട്ടികളും വാങ്ങി സൂക്ഷിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ ചോട്ടുവിന് അവധിക്കു പോകാൻ ഊഴമായി. വാങ്ങിവച്ചിരുന്ന സാധനങ്ങൾ, ദിവസം മുഴുവനും മണം നിൽക്കുന്ന ഒരു ചന്ദനലേപനം ബദ്രിയയ്ക്ക് പ്രത്യേകമായി വാങ്ങിയതും ചേർത്ത് പൊതിയാക്കി കുടിയിൽ ഏൽപ്പിക്കാൻ ചോട്ടുവിന്റെ പക്കൽ കൊടുത്തുവിട്ടു. അതിൽ പിന്നെ ബഷീർ ആലത്തിന്റെ ജീവിതത്തിൽ നിന്ന്​ ബദ്രിയയും സൊഹ്രാബും പൊടുന്നനെ അപ്രത്യക്ഷരായി.

നാത്തൂർചാച്ച വാർത്തകൾ ഒരുപാടു കൊണ്ടുവന്നു.

കുടിയിൽ ബദ്രിയ അല്ലാതെ മറ്റാരുമില്ലാത്ത നേരത്താണ് ചോട്ടു സാധനങ്ങൾ ഏൽപ്പിക്കാൻ തനിയെ പോയത്. അയൽപക്കത്ത് മടങ്ങിയത്തിയ പുരുഷന്മാർ കുടിയിലെ ചോട്ടുവിന്റെ അസമയത്തെ സാന്നിദ്ധ്യം ചോദ്യം ചെയ്തു.

കൊടുത്തുവിട്ട സാധനങ്ങൾ ഏൽപ്പിക്കാൻ വന്നതാണെന്ന ചോട്ടുവിന്റെ മറുപടി വിലപ്പോയില്ല. കലഹങ്ങളും കുറ്റാരോപണങ്ങളും അപവാദപ്രചാരണങ്ങളും ഉണ്ടായി. ഗോത്രരീതികൾ അനുശാസിക്കുന്ന സദാചാരത്തിന്റെ ലംഘനമെന്ന് പ്രശ്‌നം വലുതായി. കുടുംബത്തിലെ മുതിർന്നവരുടെ നിയന്ത്രണത്തിനു വെളിയിലേക്ക് കാര്യങ്ങൾ പോയി. പെരുമാറ്റ മര്യാദകൾ ലംഘിച്ച ബദ്രിയ ഗോത്രത്തിന്റെ മാനം തകർത്തുവെന്ന് പരാതിയിൽ ബദ്രിയയെ മൊഴി ചൊല്ലാൻ ഖാളി വിധിച്ചു.

ബഷീർ ആലത്തിന്റെ തലാഖ് മൊഴി ചൊല്ലി വാങ്ങാൻ നാത്തൂർചാച്ചയോടൊപ്പം സാക്ഷികളായി ഗോത്രക്കാരായ വേറെ പൊലീസുകാരും വന്നു. കരൾ അറുത്തു മാറ്റുന്ന വേദനയോടെ ബഷീർ ആലം തലാഖ് മൊഴി ചൊല്ലി. ബദ്രിയയെയും അയാൾ കണ്ടിട്ടില്ലാത്ത സൊഹ്രബിനെയും ഗോത്രക്കാർ പഷ്തുങ്കുവയിലെ ഗ്രാമത്തിലേക്ക് മടക്കി അയച്ചെന്നറിഞ്ഞു.

‘സൊഹ്രാബ് ഇപ്പോൾ എവിടെയാണ്? പിന്നീട് എന്തു സംഭവിച്ചു?' ബഷീർ ആലത്തിന്റെ വാക്കുകളുടെ ഒഴുക്ക് മുറിച്ച്​ ടോണി അബ്രഹാം ചോദിച്ചുപോയി.

‘ബാല്യം കഴിയുമ്പോൾ കുട്ടിയെ തിരിച്ചയക്കാനുള്ള വ്യവസ്ഥ സംഭവിക്കാതെ പോയി. എന്റെ കുറ്റമാണ്. ബോധമുലഞ്ഞുതകർന്ന ഞാൻ പിന്നീട് ഗോത്രക്കാരുമായും കുടുംബവുമായും അകന്നുപോയി. ബദ്രിയയെ പകൽവെളിച്ചത്തിൽ ആപാദചൂഡം കാണാൻ ഒരിക്കലെങ്കിലും ചോട്ടുവിനു കഴിഞ്ഞോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ദിൽമുനിയയിലേക്ക് മടങ്ങി വരാതെ മറ്റെവിടെക്കോ ചോട്ടു​ നാടുവിട്ടുപോയതിനാൽ അതിനുള്ള സാധതയും അടഞ്ഞു പോയി.'

നഷ്ടത്തിന്റെ തീവ്രതയിൽ ബഷീർ ആലം ആകെ മരവിച്ച്​ നിസ്സംഗതയിലേക്കു കൂപ്പുകുത്തി. ബന്ധുജനങ്ങളെയും അവരോടുള്ള ഉത്തരവാദിത്തങ്ങളും മറന്ന അയാളെ അവരും പോകപ്പോകെ ഉപേക്ഷിച്ചു. പിന്നീടുള്ള കാലമെല്ലാം ഒരു പൊങ്ങുതടിപോലെ ദിൽമുനിയയിലെ ജോലികളിൽ ഒഴുകിനടന്നു. രണ്ടോമൂന്നോ തവണ പെഷവാറിലേക്ക് അവധിക്കു പോയപ്പോൾ പഷ്തുങ്കുവയിൽ തനിയെ നടത്തിയ അലച്ചിൽ നിഷ്ഫലമായതിനാൽ അവധികൾ വേണ്ടെന്നുവച്ചു.

നാത്തൂർചാച്ച പെൻഷൻ ആയിപ്പോകും വരെയും ഇടയ്ക്കിടെ ഗുണദോഷിക്കാൻ വന്നു. കുടിയിൽപോയി വേറേ നിക്കാഹും കഴിച്ച്​, എല്ലാവരുമായും രഞ്ജിപ്പിൽ ജീവിച്ചുമരിക്കാനായിരുന്നു ചാച്ചയുടെ ഉപദേശം.

ബഷീർ ആലത്തിന്​ അതൊന്നും കഴിഞ്ഞില്ല. സൈഫുൽ മലുഖ് രാജകുമാരന്റെ കഥയിലെ അപ്‌സര സ്ത്രീയാണ് ബദ്രിയ എന്നയാൾ വിശ്വസിച്ചു. കാക്കസസിലെ നിഗൂഢ പർവ്വതനിരകളിൽ പോയി പ്രതിബന്ധങ്ങളെ നേരിട്ട് പോരാടി ബദ്രിയയെയും സൊഹ്രബിനെയും മോചിപ്പിക്കുമെന്ന് തന്റെ യൗവനം കഴിഞ്ഞുപോകുംവരെയും അയാൾ പകൽസ്വപ്നങ്ങൾ കണ്ടു.

അതിന്റെ പാരമ്യതയിലാണ് സൊഹ്രാബ് ഇവിടെയുണ്ടെന്നു അയാൾ വിശ്വസിച്ചു തുടങ്ങിയത്.

സൊഹ്രബിന്റെ പിറവിയാഘോഷങ്ങളായി അയാൾ സങ്കല്പിച്ച ടോണി അബ്രഹാമിനെ അയാൾ സൊഹ്രബിലേക്ക് ചേർത്തുവച്ചു.
രാപകൽ ജോലി ചെയ്യാൻ മനസ്സുള്ളവർക്ക് അതിനുതക്ക അവസരങ്ങളാണ് എമ്മിയെസ് കമ്പനിയിൽ. ചെറുബാല്യക്കാരനായ ബഷീർ ആലത്തിന്​ എല്ലുമുറിയെ പണിയെടുക്കാൻ എമ്മിയെസ് കമ്പനിയിൽ കിട്ടാവുന്ന സാധ്യതകൾ കാരണമാണ് താൻ അവിടുത്തെ എൻ.ഒ.സിക്കുതന്നെ ശ്രമിച്ചതെന്ന് നാത്തൂർചാച്ച പറയും. കമ്പനിപ്പണികൾ ചെയ്തുതീർത്തിട്ട്​ വെളിയിൽ പോയി അല്ലറചില്ലറ ജോലി ചെയ്ത് അധിക വരുമാനമുണ്ടാക്കണമെന്ന് നാത്തൂർചാച്ച എപ്പോഴും ഉപദേശിക്കും.

വിസയ്ക്കും യാത്രയ്ക്കും നാത്തൂർചാച്ച മറ്റു ബന്ധുക്കളോട് കടം വാങ്ങിയ പണം ബഷീർ ആലത്തിന്റെ ആദ്യ വർഷത്തെ ശമ്പളത്തിൽ നിന്നുതന്നെ വീട്ടിത്തീർത്തു.

അയാൾ ബലൂച്ചി ലേബർ ഗാങ്ങിനൊപ്പം ജാക്ക്ഹാമറുപയോഗിച്ച് കുഴികളെടുത്തും കല്ലും കോൺക്രീറ്റും പൊട്ടിച്ചും വർക്ക് സൈറ്റുകളിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിലും സമ്പാദിച്ചതെല്ലാം ശമ്പളം കിട്ടിയാലുടനെ ചാച്ചയെ കൊണ്ടുപോയി ഏൽപ്പിക്കും. തന്റെ ഗഡുക്കളെടുത്ത്​ ബാക്കി വീട്ടിലെത്തിക്കാൻ നാട്ടിൽ പോകുന്നവരുടെ പക്കൽ ചാച്ച ഏർപ്പാടാക്കും.

ലേബറായി ജോലി ചെയ്യുന്ന ഏതൊരാളിന്റെയും വിമോചന സ്വപ്നമാണ് കിട്ടാക്കനിയായ ഡ്രൈവിങ്​ ലൈസൻസ് നേടൽ. ദിൽമുനിയയിൽ വാഹനങ്ങൾ യാത്ര ചെയ്യാനുള്ള ഉപാധി മാത്രമല്ല. കൊടുംതണുപ്പിന്റെ കാലത്തും കത്തുന്ന വേനലിലും വൻകരയിലെ മണ്ണുംപേറിവന്ന് ദ്വീപിനെ പൊതിയുന്ന ഷമാൽ എന്ന വടക്കൻ കാറ്റ് വീശിയടിക്കുമ്പോഴും വാഹനങ്ങൾ അഭയവും രക്ഷയും സ്വാതന്ത്ര്യവുമാണ്.

കാറുകൾ അധികമില്ലാതിരുന്ന മൂന്നാംലോകരാജ്യങ്ങളിൽ നിന്ന് കുടിയേറിയ തൊഴിലാളികൾക്ക് കാറോട്ടപ്പരിചയം തീരെ കുറവായിരിക്കും. അന്നാടുകളിൽ നിന്ന് വരുമ്പോൾ, കാറോട്ടം തൊഴിലായിരുന്ന ഡ്രൈവർമാർക്കുപോലും റോഡ് നിയമങ്ങളറിയാനും പറയാനും ഭാഷ ലളിതമാവില്ല. അങ്ങനെ പലകാരണങ്ങളാൽ എട്ടുപത്ത് തവണ വിലയേറിയ ടെസ്റ്റിനും ക്ലാസുകൾക്കും പോയിട്ടുവേണം ലൈസൻസ് സ്വന്തമാക്കാൻ.

ലൈസൻസ് കിട്ടാൻ വേണ്ടിയുള്ള പരിശീലന ക്ലാസുകൾക്കും ടെസ്റ്റിനും വലിയ തുക ആവശ്യമായതിനാൽ ആഗ്രഹമുണ്ടായാലും അധികം ലേബർമാരും അതിനു തുനിയില്ല.

ആദ്യ അവധി കഴിഞ്ഞ്​ മടങ്ങിയെത്തി ഒരു വർഷം പിന്നിട്ടപ്പോൾ മുതൽക്കേ ബഷീർ ആലം കൂടുതൽ അധികജോലി ചെയ്തു കാശുണ്ടാക്കാൻ തുടങ്ങി. ഭ്രാന്തുപിടിച്ചവനെപ്പോലെ ആ പണമെല്ലാം ലൈസൻസ് നേടാനായി ചെലവഴിച്ചു.

ലൈസൻസ് കിട്ടിയ ഉടനെ ബഷീർ ആലം തീവ്രമായപരിശ്രമങ്ങളിലുടെ അബ്രഹാം ജോസഫിലേക്കെത്തിച്ചേരാൻ വഴികൾ തേടി. ഒരു പാകിസ്ഥാനി യുവാവിന്റെ കഠിനാധ്വാനത്തിലും ഉറച്ചലക്ഷ്യത്തിലും കൗതുകം തോന്നിയ ഒരു പ്രൊജക്റ്റ് മാനേജർ അയാളെ സഹായിച്ചു.

മിടുക്കനായ പാകിസ്ഥാനി പയ്യനെന്നു പരിചയപ്പെടുത്തി ഡ്രൈവിങ്​ലൈസൻസുള്ള ബഷീർ ആലത്തെ പ്രൊജക്റ്റ് മാനേജർ അബ്രഹാം ജോസഫിന് കാട്ടിക്കൊടുത്തു. ആ ബന്ധം വളർന്നാണ് ബഷീർ ആലം മാനേജ്‌മെൻറ്​ ഫ്ലോറിലെ താരമായത്.

അബ്രഹാം ജോസഫിന് ഇഷ്ടപ്പെടുന്ന നല്ല ജോലിക്കാരനാകാനും അദ്ദേഹത്തിന്റെ സേവകനാകാനും കുടുംബവുമായി ഇടപഴകാൻ കഴിയുന്ന അവസരങ്ങൾ സൃഷ്ടിക്കാനും ബഷീർ ആലം കഠിന പരിശ്രമം ചെയ്തു.

ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തന്റെ മകൻ സൊഹ്രബിനെ ഭ്രമകല്പനയിലുടെ ടോണി അബ്രഹാമിൽ ചേർത്തുവച്ചത് കടുത്ത മോഹഭംഗത്തിന്റെ പരിണിതി ആയിരുന്നു. ടോണി അബ്രഹാം എന്ന സ്കൂൾ കുട്ടി, നാലഞ്ചു കൊല്ലക്കാലം ഒരു പുത്രനെപ്പോലെ, ബഷീർ ആലത്തെ പിന്തുടർന്നു. തന്റെയുള്ളിൽ സങ്കൽപ്പങ്ങൾ രചിച്ച് അത് യാഥാർത്ഥ്യമെന്ന് ഭാവനചെയ്ത് കണ്ടെത്തിയ രഹസ്യവഴിയുടെ ആവശ്യമില്ലാതെവന്നപ്പോൾ ബഷീർ ആലം ടോണി അബ്രഹാമിന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാൻ സന്തോഷത്തോടെ ഇറങ്ങിനടന്നു.

സൊഹ്രാബിനു പകരം ടോണി അബ്രഹാമിനെ വച്ചത് അന്നത്തെ മനോവിഭ്രമത്തിന്റെ രോഗലക്ഷണമായിരുന്നെന്ന് ഇപ്പോൾ ബഷീർ ആലത്തിന് തിരിച്ചറിയാം. പക്ഷേ ഒരു സാധാരണ സ്നേഹബന്ധം പുലർത്താനായി എത്രയോ കാലമായി എവിടെക്കെല്ലാമോ ഫോൺ ചെയ്യുന്നു.

അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ കലങ്ങി.

വാർധക്യത്തിന്റെ ചുളിവുകളും നിറപ്പകർച്ചയും കുടുതൽ തെളിഞ്ഞു.

വീതിയുള്ള കീഴ്ത്താടിയുടെ അടിയിലെ ത്വക്ക്ചുരുളുകൾ വിറച്ചു.

‘മിനി മോൾ മാഡത്തിന്റെ വീട്ടിൽ ഇന്ന് പോകുന്നുണ്ടോ?' ബഷീർ ആലത്തിന്റെ ശബ്​ദത്തിൽ വർത്തമാന കാലത്തിലേക്ക് മടങ്ങിവരാനുള്ള വ്യഗ്രതയുണ്ടായിരുന്നു.

കേട്ടുതീർന്ന വാക്കുകൾ സൃഷ്ടിച്ച ഉൾക്കിടിലം കാരണം ടോണി അബ്രഹാം വളരെനേരം ഒന്നും മിണ്ടാതിരുന്നു. വഞ്ചിഗുഹയ്ക്കു വെളിയിൽ കാറ്റിനു വേഗതയാർജ്ജിക്കുന്നുവെന്ന്​ അമരത്തെ തുറസ്സിലൂടെ വരുന്ന സൂര്യവെളിച്ചത്തിന്റെ വേഗവ്യത്യാസം കണ്ടാലറിയാം.

ബലിക്കല്ലിലേക്ക് കണ്ണെറിഞ്ഞ് അവിടം അപ്പോൾ ശുന്യമാണോയെന്ന് ടോണി അബ്രഹാം പാളിനോക്കി.

‘ആ സന്ദർശനം ഇന്നുവേണ്ട' എന്നു മാത്രമായിരുന്നു കുറേക്കഴിഞ്ഞുണ്ടായ മറുപടി. എന്നു വേണമെന്ന് നിശ്ചയത്തിലെത്താൻ അയാൾക്ക് കഴിയുന്നില്ല.

രാവിലെ ജബൽ വസാത്തിലേക്കുള്ള യാത്രയിൽ പഴയ സ്ഥലങ്ങളും ശാലീന രാമചന്ദ്രന്റെ ബസ് സ്റ്റോ​പ്പും ഓർത്തെടുക്കാൻ ടോണി അബ്രഹാം ശ്രമിക്കുന്നുണ്ടായിരുന്നു.

ജബൽ വസാത്തിലേക്ക് എത്തിച്ചേരുന്ന ഓയിൽഫീൽഡ് റോഡിന്റെ ഇരുപുറവും ചരിഞ്ഞും പൊങ്ങിയും താണും ആയിരുന്ന ഭൂപ്രതലം ചതുരത്തുണ്ടുകളായി നികത്തി അവിടെയെല്ലാം ധാരാളം ഓയിൽവെല്ലുകൾ സ്ഥാപിച്ചിരിക്കുന്നു. അവയ്ക്കു വൈദ്യുതി നൽകാനായി അയകൾ കെട്ടിയതുപോലെ വലിച്ചു കെട്ടിയ വൈദ്യുതി കമ്പികളും പോസ്റ്റുകളും പന്തലിട്ടിരിക്കുന്നു.

വെള്ളിയാഴ്ചയിലെ പകലിൽ റോഡുകളിൽ ബഹളവും തിരക്കും കുറഞ്ഞിരിക്കണം. ഇന്നു രാവിലെ വരുമ്പോൾ അങ്ങനെയായിരുന്നില്ല. റോഡുകൾക്ക് താങ്ങാനാവുന്നതിലു​മേറെ വാഹനങ്ങളുണ്ട്. കാൽനടക്കാർ റോഡു മുറിച്ചുകടന്നിരുന്ന നാല്ക്കൂട്ടപ്പെരുവഴികളിൽ മേൽപ്പാലങ്ങളും അടിപ്പാതകളും ചേർന്നു റോഡുകൾ പല നിലകളിലായതിനാൽ സ്ഥലങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല.

ഉയരം മേൽക്കുമേൽകൂടുന്ന കെട്ടിടങ്ങൾ അലുമിനിയവും കണ്ണാടിയും കൊണ്ട് പൊതിഞ്ഞിരിക്കുന്നു. വന്നവഴിയിലെ കടൽത്തീരങ്ങൾ കിലോമീറ്ററുകൾ ഉള്ളിലേക്ക് നികന്നുപോയി അവിടമെല്ലാം ബഹുനിലമന്ദിരങ്ങൾ നിറഞ്ഞ കരയായിരിക്കുന്നു. ജൈവപ്രകൃതി ഒഴികെ മറ്റെല്ലാറ്റിനെയും മാറ്റിപ്പണിതുകൊണ്ടിരിക്കുന്നു.

വാഹനയുഗത്തിന്റെ ആദിയിൽ നാൽക്കവലകളിലെ കടന്നുപോകൽ അപകടരഹിതമാക്കിയ ആവിഷ്‌കാരങ്ങളായിരുന്നു ക്രോസ്​റോഡുകളുടെ നടുവിലുണ്ടായിരുന്ന റൗണ്ട് എബൗട്ടുകൾ എന്ന നടുവൃത്തങ്ങൾ. ഉള്ളിൽ മരക്കൂട്ടങ്ങളെയും കലാശിൽപങ്ങളെയും പേറി ചെറിയ കാവുകൾ പോലെ നാട്ടടയാളങ്ങളായി ദിൽമുനിയ നിറയെ റൗണ്ട് എബൗട്ടുകളുണ്ടായിരുന്നു. റോഡുകളുടെ നടുവിൽ പൂർണവൃത്തത്തിലെ ഉയർന്ന തിട്ടകളിൽ പൂപ്പാത്രങ്ങളായി അഴകോടെ സ്ഥിതി ചെയ്തിരുന്ന റൗണ്ട് എബൗട്ടുകളെല്ലാം അപ്രത്യക്ഷമായി.

റൗണ്ട് എബൗട്ടിലെ കാവുകൾ ടോണി അബ്രഹാമിന് ചെറുപ്പത്തിൽ വലിയ പ്രലോഭന മുയർത്തിയ മോഹമുദ്രകളായിരുന്നു. വെയിലിൽ തിളയ്ക്കുന്ന റോഡുകൾ റൗണ്ട് എബൗട്ടിനെ സമീപിച്ച് അവയെച്ചുറ്റി അകലേക്ക് പോകുന്നതിനാൽ ഒരിക്കലും ഒരു റൗണ്ട് എബൗട്ടിന്റെയും അകത്തെ വൃത്തപ്രതലത്തിലെ പുഷ്പതൽപ്പത്തിലോ മരച്ചുവട്ടിലോ തൊടാൻ കഴിഞ്ഞിട്ടില്ല. അകത്തേക്കു പോകാൻ മാർഗ്ഗങ്ങളോ അടയാളപ്പെടുത്തിയ വഴികളോ ഒരിടത്തും കണ്ടിട്ടുമില്ല.

റൗണ്ട് എബൗട്ടിനുള്ളിലുള്ള കാവിലെ മരച്ചുവട്ടിൽ ഇലച്ചാർത്തിന്റെ പഴുതുകളിൽ കൂടി പതിക്കുന്ന സുര്യവെളിച്ചം മുഖത്ത് വരച്ച ചിത്രവുമായി നിൽക്കുന്ന ശാലീന രാമചന്ദ്രനെയാണ് അയാൾ വല്ലപ്പോഴും കിനാവിൽ കണ്ടിട്ടുള്ളത്.

റൗണ്ട് എബൗട്ടുകളെല്ലാം മൂവർണങ്ങളിലെ സിൽ വിളക്കുകൾ സ്​ഥാപിച്ച കവലകളായപ്പോഴുണ്ടായ മാറ്റങ്ങൾ കാരണം ശാലീന രാമചന്ദ്രനെയും കാത്ത് എത്രയോ നിന്നിട്ടുള്ള ബസ്സ്റ്റോപ്പ് ഓർമിച്ചെടുക്കുന്നതിൽ ഇന്നലെയുമിന്നും ടോണി അബ്രഹാം പരാജയപ്പെട്ടു.

‘ആദ്യം എനിക്ക് ഡയറക്ടർ ഫിലോസോഫിയെ സന്ദർശിക്കണം. ഒരുപാടു നേരമിരുന്ന്​ സംസാരിക്കണം.'

കമാൽ ഇബ്രാഹീമിന് പ്രായം എഴുപതായിട്ടുണ്ടാകണം.
അദ്ദേഹം പണ്ടത്തെപ്പോലെ സംഭാഷണചതുരനായി തുടരുന്നുണ്ടോയെന്ന ശങ്ക ടോണി അബഹാമിന്റെ മനസ്സിലുയർന്നു. ഈ ദിവസങ്ങളിലൊന്നിൽ എത്തിച്ചേരുന്ന ടോണി അബ്രഹാമിനായി സന്ദർശനാനുമതി തേടിയിട്ടുണ്ടെന്ന് ബഷീർ ആലം പറഞ്ഞു.

ജബൽവസാത്തിലെ നഹദൈൻ മലകളും അവിടുത്തെ വഞ്ചിഗുഹയും നിഗൂഢതയായും പരമരഹസ്യങ്ങളെ ഉൾക്കൊള്ളുന്ന നിബിഡ വന്യതയായും വളർന്നുകൊണ്ടിരുന്നത് അകലെയായിരുന്ന തന്റെ മനസ്സിൽ മാത്രമാണെന്ന് ടോണി അബ്രഹാമിന് വ്യകതമായി.

ഭൂമിയുടെ വേറെ അറ്റങ്ങളിലായിരുന്ന തന്റെയുള്ളിൽ അതെല്ലാം തിടംവച്ച് വളരുമ്പോൾ അതേകാലത്ത് യഥാർത്ഥത്തിൽ ആ രഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടുകയായിരുന്നു.

ചെത്തിവെളുപ്പിച്ച് മരുപ്പരപ്പ് ആക്കിത്തീർത്ത ജബൽവസാത്താണ് വഞ്ചിഗുഹയ്ക്ക് വെളിയിൽ. ആരും എപ്പോഴും വന്നുപോകാവുന്ന ഒരു സാധാരണ മലമ്പൊത്തായി ഗുഹ. ഏതെങ്കിലും വഴിപോക്കനോ തൊഴിലാളിയോ ഏതുനേരത്തും കടന്നുവന്ന്​തങ്ങളുടെ സ്വകാര്യത ഭജ്​ഞിക്കാവുന്നതേയുള്ളുവെന്ന തോന്നൽ ഗുഹയ്ക്കുള്ളിലെ ഇരിപ്പിനെ വിരസമാക്കി.

വഞ്ചിഗുഹയ്ക്ക് നഷ്ടപ്പെട്ട ഗഹനതയുടെ ഭാവതലങ്ങലാണ് മറ്റേയാൾ ഓർക്കുന്നതെന്ന് അവർ രണ്ടുപേരും പരസ്പരം പറയാതെ മനസ്സിലാക്കുകയും തിരികെ പോകാനൊരുങ്ങുകയും ചെയ്തു.

മടക്കയാത്രയിൽ വാഹനം കുറേചെന്നപ്പോൾ ടോണി അബ്രഹാം നഹദൈൻ മലകളിലേക്ക് ഒരിക്കൽകൂടി പിന്തിരിഞ്ഞുനോക്കി. ഒരു ചിത്രകാരനും വരച്ചതായി താൻ കണ്ടിട്ടില്ലാത്ത വലിയ ലാൻഡ്‌സ്കേപ്പ് പെയിന്റിംഗ് ആണ് പിന്നിലയാൾ കണ്ടത്.

അതിരുകളില്ലാത്ത പരപ്പിനെ അകലങ്ങളിൽ വച്ച് കവിളുരുമ്മിയിട്ടോടിപ്പോകുന്ന പഞ്ഞിക്കെട്ടുകളായ മേഘങ്ങൾ, മുനിഞ്ഞു കത്തുന്ന കെടാവിളക്കുകൾ, സമാന്തരങ്ങളുടെ അനവധിയായ രേഖകൾപോലെ അനന്തതയിൽവച്ച് കൂട്ടിമുട്ടാനായി പ്രയാണത്തിലായിരിക്കുന്ന എണ്ണക്കുഴലുകൾ. ഇവയൊക്കെയും സാക്ഷിയാക്കി മണ്ണിൽ വലിയൊരു സ്ത്രീരൂപം മലർന്നുകിടക്കുന്നു.

ജബൽ വസാത്താകെ ക്യാൻവാസ് ആയ വലിയ പെയിന്റിംഗിൽ സ്ത്രീയുടെ മുലകൾ രണ്ടും ആകാശത്തേക്ക് വിജൃുംഭിച്ചുനിൽക്കുന്നുണ്ട്. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments