ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം മൂന്ന്​

4. രഹസ്യങ്ങളുറങ്ങുന്ന വഞ്ചിഗുഹ

ഫാദർ ഹെർമൻ പോക്കറ്റിൽ തിരഞ്ഞ് കുറിപ്പുകളെഴുതുന്ന ചെറിയ ബുക്കെടുത്ത് താളുകൾ മറിച്ചു.

അതിലൊരുപേജിൽ പെൻസിൽ കൊണ്ട് വരച്ച ഒരു സ്കെച്ച് അബ്രഹാം ജോസഫിനെ കാണിച്ചിട്ട് എന്തെങ്കിലും ഓർമ്മയോ പരിചയമോ ഉണ്ടോയെന്ന് അന്വേഷിച്ചു.

അബ്രഹാം ജോസഫിന് തൽക്ഷണം ഓർക്കാതിരിക്കാൻ കഴിയാത്ത ഒരു ചിത്രമായിരുന്നു ആ സ്കെച്ച്. ആകാശവിസ്തൃതിക്കു ചുവട്ടിൽ രണ്ടു നഹദൈൻ മലകളുടെയും പാർശ്വപ്രദേശങ്ങളുടെയും ബാഹ്യരേഖാചിതം. ചെറുപ്പം മുതൽക്കേ പിതാവിൽനിന്ന് ധാരാളം കേട്ട ദിൽമുനിയ ഐതിഹ്യങ്ങളെയും മനസ്സിൽ പതിഞ്ഞ വഞ്ചിഗുഹയുടെ വർണ്ണനകളെയും കുറിച്ച് ഫാദർ ഹെർമൻ സൂചിപ്പിച്ചു. പിതാവ് മരിച്ചപ്പോൾ താൻ സ്വന്തമാക്കി നിധി പോലെ സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ഡയറിയിൽനിന്ന് ഈ യാത്രക്കൊരുങ്ങുമ്പോൾ തിരക്കിട്ട് പകർത്തിയതാണ് ആ ചിത്രമെന്നും പറഞ്ഞു.

ഫാദർ ഹെർമെന്റ ഒപ്പം വണ്ടിയിലുണ്ടായിരുന്ന മൂന്നുപേർക്കും ആ ദിവസം മറക്കാനാവാത്തതാകുമെന്ന് തോന്നിത്തുടങ്ങിയിരുന്നു. പ്രമുഖരായ സന്ദർശകർ ദിൽമുനിയയിൽ വരുമ്പോൾ അവരുമായി നാട് സന്ദർശനത്തിനുപോവുന്നത് അബ്രഹാം ജോസഫിന്റെ പതിവാണ്. ഒരു മണിക്കൂർ നേരം പോലും മാറിനിൽക്കാൻ സ്വാതന്ത്ര്യമില്ലാതെ ദിൽമുനിയയിൽ എല്ലാവരും തൊഴിലിൽ ബന്ധിതരാണ്. എവിടെയും എപ്പോഴും പോകാൻ സ്വാതന്ത്ര്യവും സൗകര്യവുമുള്ള അബ്രഹാം ജോസഫിൽ ആ കർത്തവ്യം വന്നുചേർന്നത് സ്വാഭാവികമായാണ്. ധാരാളം വാഹനങ്ങളും ഡ്രൈവർമാരും അദ്ദേഹത്തിന്റെ ചൊൽപ്പടിയിലുണ്ട്. യാത്രയ്ക്കിടയിൽ സന്ദർശകന് മേൽത്തരം ഭക്ഷണശാലയിൽ നിന്ന് ആഹാരം കഴിക്കാനും മറ്റും വേണ്ടിവരുന്ന യാത്രാചെലവുകളും അദ്ദേഹം ചെയ്തുകൊള്ളും.

നാട്ടിൽ നിന്ന് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരികരംഗത്തെ പ്രമുഖരായ അതിഥികൾ ദിൽമുനിയയിലെത്തുമ്പോൾ അവർ നിത്യജീവിതത്തിലെ ദിനചര്യകളിൽ നിന്നും പതിവുകളിൽ നിന്നും അമിതമായ തിരക്കുകളിൽ നിന്നും മുഴുവനായും വിടുതൽ നേടും. പൊടുന്നനെ അവർ യാതൊന്നും ചെയ്യാനില്ലാത്തവരും ഒരു അധികാരവും ഉത്തരവാദിത്തവും ഇല്ലാത്തവരും സ്വന്തമായി ഫോൺ പോലും ചെയ്യാത്തവരും ആയി മാറുന്നു. ഗുരുത്വാകർഷണബലം പെട്ടെന്ന് നഷ്ടപ്പെട്ടിട്ട് ഭാരമില്ലാത്തതായിപ്പോകുന്ന ഒരു വസ്തുവിന്റെ പ്രത്യേക അവസ്ഥയാണത്. അങ്ങനെ ശിശുപാകം ആകുന്ന അതിഥി പ്രമുഖന്​ ദിൽമുനിയയിലെ അനേകം സംഘാടകർ അമ്മമാരായി മാറുന്നു. കുഞ്ഞുങ്ങളെപ്പോലെ തങ്ങളുടെ കയ്യിൽ വന്നുപെടുന്ന വിശിഷ്ടാതിഥികീർത്തിമാനെ താത്കാലിക അമ്മമാർ അകമഴിഞ്ഞു പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യും. അതിഥിയ്ക്കും സംഘാടകർക്കുമിടയിൽ ആ ദിവസങ്ങളിൽ ഗാഡമായ പരസ്പരബന്ധം ഉടലെടുക്കും. വികാര പാരവശ്യത്തോടെ യാത്ര പറഞ്ഞ് അതിഥി മടങ്ങിപ്പോകും. നാട്ടിലെത്തി തന്റെ സ്വാഭാവിക ജീവിതത്തിൽ പതിച്ചുകഴിയുമ്പോൾ ദിൽമുനിയായാത്രയുടെ വിശദാംശങ്ങൾ ഓർക്കാൻപോലും സാഹചാര്യം അദ്ദേഹത്തെ അനുവദിക്കുകയില്ല. അവിടെപ്പോയ പ്രൊജക്റ്റ് എന്തായി, അവിടെ വച്ച് ഫണ്ട് എത്ര പിരിച്ചുകിട്ടി, അല്ലെങ്കിൽ ഇനിയെത്ര തുകയുടെ വാഗ്ദാനം ബാക്കിയുണ്ട് തുടങ്ങിയ കാര്യമാത്ര പ്രസകതമായ വിവരങ്ങൾ മാത്രമാണ് ആകെ ഓർക്കുക.

ദിൽമുനിയയിലെ സംഘാടകൻ അവധിക്കു നാട്ടിൽ പോകുമ്പോൾ താൻ ഒരിക്കൽ അകമഴിഞ്ഞു പരിചരിച്ച് യാത്രയയച്ച ശിശുവിനെയും അന്വേഷിച്ച് മാതൃ സ്നേഹവായ്‌പോടെ പോവുകയും നിരാശനാവുകയും ചെയ്യും. ഈ പ്രതിഭാസം അറിയാവുന്ന അബ്രഹാം ജോസഫ് അവധിക്കു പോകുമ്പോൾ തന്നോടൊപ്പം കാഴ്ചകൾ കാണാൻ വന്ന സന്ദർശകരെ വിളിക്കുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ഇല്ല.

ഇന്നത്തെ സന്ദർശകൻ ഓരോ നിമിഷവും അവർക്ക് അമ്പരപ്പുകൾ സമ്മാനിക്കുകയാണ്. അദ്ദേഹമാണ് ഇപ്പോൾ അവരെ കാഴ്ചകളിലേക്ക് കൊണ്ടുപോകുന്നത്. താനിവിടെ ജീവിച്ച ഒരു ചെറിയ കാലത്തിലെ സംഭവങ്ങളിന്മേൽ അബ്രഹാം ജോസഫ് സംസാരിക്കുമ്പോൾ ഉത്പത്തി മുതൽക്കേയുള്ള പരിണാമങ്ങളാണ് ഇന്നത്തെ സന്ദർശകൻ അവർക്ക് പറഞ്ഞുകൊടുക്കുന്നത്. വണ്ടിയിലുള്ള മൂന്നാളുകൾ ഒഴികെയുള്ള സംഘാംഗങ്ങൾക്ക്​ വിരസതയനുഭവപ്പെട്ട് തുടങ്ങിയിരുന്നു. സംഭാഷണങ്ങളിൽ കൂടുതലും താത്പര്യമില്ലാത്ത വിഷയങ്ങളാകുന്നതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കാനാവാതെ അവർ ബുദ്ധിമുട്ടി. തൃപ്തിയാകുവോളം ചിത്രങ്ങൾ ഫാദർ ഹെർമെന്റെയൊപ്പം അവർ എടുത്തുക്കഴിഞ്ഞിരുന്നു.

അടുത്തത് ഉച്ചഭക്ഷണത്തിനുള്ള മടക്കമാണെന്നും ഫാദർ ഹെർമന് ഇത്തിരി നേരംകൂടി ഓയിൽ മ്യൂസിയത്തിൽ ചെലവഴിക്കണമെന്നും അതുകഴിഞ്ഞ് ഞങ്ങൾ വന്നു ചേർന്നുകൊള്ളാമെന്നും അബ്രഹാം ജോസഫ് പറഞ്ഞു. സംഘത്തിലുള്ള മറ്റുള്ളവർക്ക് അത് ആശ്വാസമായി. ബഷീർ ആലം ഓടിച്ചിരുന്ന ലക്ഷ്വറി മിനി ബസ് മറ്റൊരാൾ ഓടിച്ച് അവർ മടങ്ങി. കടും ചായയും ലൂമിയും ലഘുഭക്ഷണ വിഭവങ്ങളും റെയിഞ്ച് റോവറിന്റെ ഡിക്കിയിൽ വച്ചിട്ട് ബഷീർ ആലം പിന്നിലെ സീറ്റിൽ ടോണി അബ്രഹാമിനും ജോൺ ഫിലിപ്പിനും ഇടയിൽ തന്റെ വലിയ ശരീരം അമർത്തി ഇരുന്നു.

ആരും ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് സീറ്റ്കുഷ്യന്റെയുള്ളിലേക്കുപോയി ചുളുങ്ങി മടങ്ങിയിരുന്ന സീറ്റ്‌ ബെൽറ്റ് കുറെ പാടു പെട്ട് വലിച്ച് വെളിയിലാക്കി തന്റെ വലിയ ശരീരത്തിനു കുറുകെ ബന്ധിച്ചു കൊണ്ടാണ് ഫാദർ ഹെർമൻ രാവിലെ യാത്ര തുടങ്ങിയത്. ഇപ്പോൾ വീണ്ടും സീറ്റ്‌ബെൽറ്റ് നിയന്ത്രണത്തിൽ കിട്ടാനായി ഫാദർ ഹെർമൻ ബെൽറ്റിന്റെ അറ്റം ശരിയാക്കാൻ തുടങ്ങി. സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നിട്ട് പത്ത് വർഷങ്ങൾ കഴിഞ്ഞെങ്കിലും ട്രാഫിക്ക് പോലീസുകാർ തടഞ്ഞു നിറുത്തി പിഴ ചുമത്താൻ തുടങ്ങിയിട്ടില്ല. അതുകൊണ്ട് ആരും ബെൽറ്റ് ധരിക്കാറുമില്ല. മരണത്തിന്റെ മലക്ക് അസ്രാഈൽ വരുമ്പോൾ ഈ ബെൽറ്റ് എന്ത് ചെയ്യാൻ എന്ന് വർഷങ്ങൾക്കു മുൻപ് നിയമം പ്രാബല്യത്തിൽ വന്നപ്പോൾ തന്നോട് ചോദിച്ച ടാക്‌സി ഡ്രൈവർ അറബിയെ ജോൺ ഫിലിപ്പിന് ഓർമ വന്നു. ആ വണ്ടിയിലെ സീറ്റ്‌ബെൽറ്റ് ആദ്യമായി ധരിക്കുന്ന ഫാദർ ഹെർമന്റെ പ്രവൃത്തി ചൂണ്ടിക്കാട്ടി ടോണി അബ്രഹാമിനോട് ജോൺ ഫിലിപ് ശബ്​ദം താഴ്ത്തി സംസാരിച്ചു. നിയമങ്ങൾ അനുസരിക്കുന്ന ജനതയും പൗരനും പരിഷ്‌കൃതിയുടെയും പുരോഗതിയുടെയും അടയാളമാണെന്നും യൂറോപ്പ് പരിഷ്‌കൃത ജനതയുടെ ഭൂഖണ്ഡമാണെന്നും താൻ വാദിക്കുന്നത് അതുകൊണ്ടാണെന്നും ജോൺ ഫിലിപ്പ് മന്ത്രിച്ചു.

‘‘ഉറക്കെ പറയൂ ... ഞങ്ങൾ പ്രായമായവർക്കും ബോധമുണ്ടാകട്ടെ.''
ജോൺ ഫിലിപ്പിനോട് ആവശ്യപ്പെട്ടുകൊണ്ട് ഫാദർ ഹെർമൻ ഉറക്കെ ചിരിച്ചു.

‘‘ഞങ്ങൾ എപ്പോഴും തർക്കിക്കുന്ന ഒരു വിഷയമാണ് ഫാദർ. നിയമ വ്യവസ്ഥയും അതനുസരിക്കുന്ന ജനങ്ങളും അവർ അനുഭവിക്കുന്ന അവകാശങ്ങളും ആണ് പരിഷ്‌കൃതിയുടെ അളവുകോലെന്ന് ഞാൻ പറയും. യൂറോപ്പ് നേടിയ പരിഷ്‌കൃതിയാണ് മറ്റുള്ളവരും മനുഷ്യ പുരോഗതിയ്ക്ക് ലക്ഷ്യം വെക്കേണ്ടതെന്ന് ഞാൻ എല്ലാവരോടും വാദിക്കാറുണ്ട്.''
ഫാദർ ഹെർമൻ തന്റെ ചിരി നിറുത്തി ഗൗരവം പൂണ്ടു.

‘‘സ്വന്തം ജനതയ്ക്ക് നന്മ ചെയ്തിട്ടുണ്ടാവാം, അവർ ക്ഷേമരാഷ്ട്രത്തിലും ആവാം. പക്ഷേ ആഫ്രിക്കയിലെയും ഏഷ്യയിലെയും ജനങ്ങളോ? അവരോട് ചെയ്ത തിന്മകളോ? ആ പ്രവൃത്തികൾ താങ്കൾ പറയുന്ന പരിഷ്‌കൃതിയുടെ നിറം കെടുത്തിക്കളഞ്ഞു. യൂറോപ്യൻ ജനതയുടെ ഐശ്വര്യം അവരുടെ, എന്റെ, അന്തരാത്മാവിന്റെ അനുഭവം ആകണമെങ്കിൽ ആ തിന്മകളുടെ വടുക്കൾ മാഞ്ഞുപോകണം. കഴിഞ്ഞ ചില നൂറ്റാണ്ടുകളിലെ തേരോട്ടങ്ങൾക്ക്, കൊള്ളകൾക്ക് പ്രായശ്ചിത്തം ചെയ്യണം. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ളത് മനുഷ്യരാണെന്ന് സമ്മതിക്കണം.''

കുറെ നേരത്തേക്ക് വണ്ടിയിൽ ആരും ഒന്നും സംസാരിച്ചില്ല.

വണ്ടി ചെന്നു നിന്നത് നഹദൈൻ മലകളുടെ നടുവിലെ ഇരുവശത്തും സമതയുള്ള നെഞ്ചിന്റെ നഗ്‌നതയിലേക്കായിരുന്നു. വളരെ വിശേഷപ്പെട്ട ഒരിടത്തേക്കാണ് പോകുന്നതെന്ന് അപ്പ വണ്ടിക്കുള്ളിൽ മലയാളത്തിൽ പറഞ്ഞു. ദിൽമുനിയയിൽ അധികമാളുകൾ കടന്നുചെന്നിട്ടില്ലാത്ത, ഏറെപ്പേർക്ക് അറിയാത്ത ഒരു സ്ഥലമാണ് കാട്ടിത്തരാൻ പോകുന്നതെന്ന് പറയുമ്പോൾ അപ്പ ഗൗരവം പൂണ്ടത് ടോണി അബ്രഹാം ശ്രദ്ധിച്ചു. അവിടെ നിഗൂഢശക്തിയുടെ സാന്നിധ്യമുണ്ടെന്നും അവിടെ വച്ചെടുക്കുന്ന തീരുമാനങ്ങൾ വിജയിക്കുമെന്നും തനിക്ക്​ ഏറെക്കാലമായി അറിയാമെന്നും അബ്രഹാം ജോസഫ് അവരോടു പറഞ്ഞു. ഹജ്ജി മുസ്തഫ ഇബ്രാഹീമിന്റെ രക്ഷയും വളർച്ചയും അവിടെ നിന്നാണെന്നു പറയുമ്പോൾ അബ്രഹാം ജോസഫ് വികാരഭരിതനും തരളിതനുമായിരുന്നു. അദ്ദേഹം പറയുന്നത് മുഴുവൻ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിന്റെ ക്ലേശങ്ങളിൽ ഫാദർ ഹെർമന്റെ ശരീരത്തിൽ പലതരം വിചിത്ര ചലനങ്ങളുണ്ടായി. അതെല്ലാം ആവർത്തിച്ച് വിശദീകരിച്ച് കൂടുതൽ വ്യക്തത നൽകാൻ ജോൺ ഫിലിപ്പ് ശ്രമിക്കുകയും തടസ്സമാകുന്നത് ഭാഷയല്ലെന്ന് മനസ്സിലാക്കി പിൻവാങ്ങുകയും ചെയ്തു.

മിനി ബസ് ഓടിച്ച് മടങ്ങിപ്പോകാൻ വിടാതെ ബഷീർ ആലത്തെ ഒപ്പം നിറുത്തിയത് നഹദൈനിലെ അയാളുടെ പരിചയം ഉപയോഗിക്കാൻ വേണ്ടിയായിരുന്നു. അടുത്തിടെ അവിടേക്ക് പോകുമ്പോൾ ആൾസഹായം ആവശ്യമായതുകൊണ്ട് ഹജ്ജി മുസ്തഫ ഇബ്രാഹീം ബഷീർ ആലത്തെയും കൂടെക്കൂട്ടും. വലത്തെ മലയുടെ ചുവട്ടിൽ കല്ലുകൾ ഇളകികിടക്കുന്ന നടവഴിയിലൂടെ നാലുപേരെയും ബഷീർ ആലം കരുതലോടെ മലയുടെ പിന്നിലേക്കുനയിച്ച് മുന്നിൽ നടന്നു. പിന്നിലെ കിഴുക്കാംതൂക്കായ ഭാഗത്ത് എത്തിയപ്പോൾ ഓരോരുത്തരെയായി കൈപിടിച്ച് ആ സ്ഥലം കടത്തിക്കൊണ്ടുപോയിട്ട് വഞ്ചിഗുഹയുടെ വാതിലിൽ നിറുത്തി. ഒരാളെ സുരക്ഷിതമായി എത്തിച്ച് അവിടെ നിറുത്തിയിട്ട് അടുത്തയാളിനായി അയാൾ പോകും. ചരിവു കടക്കുമ്പോൾ നടക്കുന്നവരുടെ ശരീരങ്ങൾ കാറ്റിൽ ഉലഞ്ഞു. കാറ്റിന്റെ സീൽക്കാരം അപായ സൈറൻ ശബ്​ദം മാതിരി ഒരു കോളാമ്പിക്കുഴലിൽ നിന്ന് വരുംപോലെ അവർക്കനുഭവപ്പെട്ടു. അഞ്ചുപേരും വഞ്ചിഗുഹയുടെ കല്ലുവാതിലിൽ എത്തിയിട്ട്​ മലകളും തരിശുഭൂമിയും പങ്കെടുക്കുന്ന കാറ്റിന്റെ വാദ്യവൃന്ദത്തിൽ മുങ്ങി. വിസ്തൃതമായ ആകാശത്തിന്റെ സാമീപ്യത്തിൽ അവർ തരിച്ചുനിന്നു.

അബ്രഹാം ജോസഫിനും ബഷീർ ആലത്തിനും വഞ്ചിഗുഹയുടെ ഉൾവശം അവരവരുടെ വീട്ടകം പോലെ പരിചിതമായിരുന്നു. അവർ രണ്ടും അമരത്തേക്ക് നടക്കുകയും അവിടെ ബലിക്കല്ലെന്നോ സിംഹാസനമെന്നോ സങ്കൽപ്പിച്ചിട്ടുള്ള പീഠത്തിനുമുന്നിൽ നിശ്ചലരാവുകയും ചെയ്തു. വഞ്ചിയുടെ അമരത്ത് മലയിലെ വാതായനത്തിലൂടെ കടന്നുവരുന്ന സൂര്യപ്രകാശവും നിഴലും ചേർന്ന് ഓരോ ആളിനും മറ്റേ ആളിന്റെ മുഖം ചലച്ചിത്രത്തിന്റെ പശ്ചാത്തലമായി തോന്നി. തന്റെ പിതാവിന്റെ സാന്നിധ്യമാണ് അനുഭവിക്കുന്നതെന്ന് പറയുമ്പോൾ അതുവരെ കണ്ട ഫാദർ ഹെർമൻ പോൾസൻ അല്ല അവിടെ നിൽക്കുന്നതെന്ന് ടോണി അബ്രഹാമിന് തോന്നി. ഓടി നടന്നും മുന്നിൽ നിൽക്കുന്നയാളിന്റെ ശരീരത്തിൽ ബലമായി ഇടിച്ചും ഉറക്കെ പൊട്ടിച്ചിരിച്ചുമല്ലാതെ മറ്റൊരു ഫാദർ ഹെർമൻ. അൾത്താരയിൽ നിൽക്കുന്ന പുരോഹിതനായി മന്ത്രങ്ങൾ ഉരുവിടും പോലെ അദ്ദേഹം സംസാരിച്ചു.

ഏഴാം വയസ്സിൽ പിതാവ് മടിയിലിരുത്തി പറഞ്ഞുകേൾപ്പിച്ച കഥകൾ നടന്ന വേറൊരു ലോകത്തിലാണ് താനിപ്പോൾ നിൽക്കുന്നതെന്ന് ബോധത്തെ ധരിപ്പിക്കാൻ സമയം വേണമെന്ന് ഫാദർ മന്ത്രിച്ചു. അകലെയുള്ള ഭൂഖണ്ഡത്തിൽ ഒരിടത്ത് പ്രാചീനകാലത്ത് നടന്ന സംഭവങ്ങളുടെ പ്രഭവഭൂമിയിലെ ശക്തിസ്വരൂപങ്ങളുള്ള ഗുഹയുടെ കഥ പറഞ്ഞുതന്ന പിതാവിനെയാണ് ഈ മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ താൻ തൊടുന്നതെന്ന് ഫാദർ പറഞ്ഞത് വികാരഭാരത്തോടെയാണ്.

ദിൽമുനിയയിലെ ഭൂമി കുഴിച്ചുള്ള ഗവേഷണങ്ങൾ കഴിഞ്ഞ് ഡെന്മാർക്കിൽ മടങ്ങിയെത്തിയ പോൾസൻ ജോഹാൻസ് ആർക്കിയോളജി വകുപ്പിലെ തന്റെ ജോലി തുടർന്നു. ഡെന്മാർക്കിന്റെ പുരാവൃത്തങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണം നടത്തുന്ന ദിവസങ്ങളിലും അദ്ദേഹം തന്റെ രണ്ടാൺമക്കളോടും താൻ പോയ വിദൂര ഭൂഖണ്ഡത്തിലെ അത്ഭുത ദ്വീപിലെ അപ്‌സരകഥകളാണ് പറഞ്ഞു കൊടുക്കുക. കുട്ടികളുടെ മനസ്സിൽ അവരുടെ അച്​ഛൻ നേരിട്ട് പങ്കെടുത്ത്​വെളിച്ചത്തു കൊണ്ടുവന്ന അറബിക്കഥ ഇതിഹാസമായി വളർന്നു.

പുരാവസ്തു ഗവേഷകന് മണ്ണിൽ കുഴിക്കുമ്പോൾ സ്വർണത്തിൽ ആഭരണങ്ങൾ തീർക്കുന്ന കൈവേലക്കാരനെക്കാൾ സൂക്ഷ്മത ആവശ്യമാണ്. ഒരുതരിയും കണ്ണിൽപ്പെടാതെ പോകാനോ ഒരുപൊടിയും എടുത്ത് വയ്ക്കാതിരി ക്കാനോ കഴിയുന്നതല്ല. അവർ മണ്ണിൽ കുഴിക്കുകയല്ല പകരം മണ്ണിന്റെ താളുകൾ മറിച്ചു പരിശോധിക്കുകയാണ്. ഏറെ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും പുസ്തകം വായിക്കും പോലെയും എഴുതും പോലെയും മണ്ണിൽ കുഴിക്കാൻ കഴിവുള്ള പ്രതിഭകളായ പണിക്കാരെയാണ് ഗവേഷകൻ ടീമിൽ കൂട്ടേണ്ടത്. ഡാനിഷ് എക്‌സ്പെഡിഷൻ ടീമിനെ നയിച്ച ചരിത്രാനുമാന ശാസ്ത്രജ്ഞൻ ഓയിൽ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ ഒപ്പം ജോലി ചെയ്ത് പരിചയിച്ച അറബികളായ ലേബർമാരിൽ നിന്ന് തിരഞ്ഞെടുത്തവരെയാണ് ഗവേഷകർക്ക് സഹായത്തിന് നിയോഗിച്ചത്. കൈവേലകളിൽ ചേർന്ന് ഒപ്പം പണിയെടുക്കാൻ സ്വദേശികളായ അറബികൾ മാത്രമേ ദിൽമുനിയയിൽ അക്കാലത്തുണ്ടായിരുന്നുള്ളൂ.

വിദേശത്തേക്ക് ഒരു ഗവേഷണസംഘം പോകുമ്പോൾ ആ നാട്ടിലെ ഭാഷ സംസാരിക്കുന്നവർ കൂട്ടത്തിലുണ്ടായിരിക്കണം എന്ന് ഡെന്മാർക്കിൽ നിയമമുണ്ട്. അപ്രകാരം രൂപീകരിച്ച ഗവേഷണ സംഘത്തിൽ അറബിഭാഷ സംസാരിക്കുവാൻ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. പക്ഷേ രണ്ടു കൂട്ടരും സംസാരിക്കുന്ന ഭാഷകളിലെ അത്യകലം എക്‌സ്പെഡിഷൻ ടീമിനു കീറാമുട്ടിയായി.

ലേബർമാരെ സപ്ലൈ ചെയ്യുന്ന ആളോടുതന്നെ അവരോട് ആശയവിനിമയം ചെയ്യുന്ന പണി കൂടി ഏറ്റെടുക്കാൻ ആവശ്യപ്പെടുകയല്ലാതെ മുന്നോട്ടു പോകാൻ ഒരു സാധ്യതയുമില്ലാതെ വന്നു. അവർക്ക് ലേബർ സപ്ലൈ ചെയ്തിരുന്നത് മനുഷ്യകഥകൾ അന്വേഷിക്കുന്നതിലും അറിഞ്ഞു വയ്ക്കുന്നതിലും പ്രത്യേക അഭിരുചിയുള്ള ഒരാളായിരുന്നു. അയാൾ ജോലിക്കുമപ്പുറം ഗവേഷക സംഘത്തിന്റെ ഭാഗവും സഹചാരിയുമായി. തന്റെ പിതാവ് ലേബർ സപ്ലൈക്കാരനായ ആ വഴികാട്ടിയുമായി നല്ല സ്നേഹബന്ധത്തിലായെന്നും പിതാവിന്റെ ആ സ്നേഹിതൻ ഹജ്ജി മുസ്തഫ ഇബ്രാഹിമിന്റെ അച്ഛൻ ഇബ്രാഹീം അബാദി ആയിരുന്നെന്നും ഫാദർ ഹെർമൻ അവരോടു വെളിപ്പെടുത്തി. അവർ പരസ്പരം കൊച്ചുകൊച്ച് ഇംഗ്ലീഷ് വാക്കുകളും മനുഷ്യമുഖങ്ങളിൽ വിരിയുന്ന ഭാവങ്ങളും ഉപയോഗിച്ച് സംസാരിച്ചു. രണ്ടാളുകൾ സ്നേഹിതരാണെങ്കിൽ, രണ്ടു പേരുടെയും മനസ്സുകൾ സ്വച്ഛന്ദമാണെങ്കിൽ അവർക്ക് പരസ്പരം മനസ്സിലാക്കാൻ ശരീരഭാഷ തന്നെ ധാരളമെന്ന് രണ്ടു പേരും പോകപ്പോകെ മനസ്സിലാക്കി.

പോൾസൺ ജോഹാൻസും ഇബ്രാഹീം അബാദിയും ചേർന്ന് ഈ മരുപ്രകൃതിയുടെ ഓരോ ഇഞ്ചിലും നടന്നിട്ടുണ്ട്. ഇവിടുത്തെ ഓരോ കല്ലും അവർ മറിച്ചുനോക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനും പത്തു വർഷങ്ങൾക്കുമുമ്പ് ഓയിൽ ഫീൽഡിൽ പണിയെടുക്കുമ്പോൾ ഇബ്രാഹീം അബാദിയും അയാളുടെ മാർഗ്ഗദർശി അഹമദ് ഖലീലും കണ്ടെത്തിയ ഈ വഞ്ചിഗുഹയിൽ പോൾസൻ ജോഹാൻസിനെ കൊണ്ട് വന്നതും ഇബ്രാഹീം അബാദിയാണ്. മുത്തുവാരൽ പണിക്ക് കടലിൽ പോയിരുന്ന ഒരടിമത്തൊഴിലാളിയായ ഇബ്രാഹീം അബാദിക്ക് തന്റെ പിൻഗാമികളെയും സന്തതി പരമ്പരയേയും എന്നെന്നേക്കുമായി ദരിദ്രജീവിതത്തിൽ നിന്ന് വിമോചിപ്പിക്കണമെന്ന് ഉത്ക്കടമായ ആഗ്രഹമായിരുന്നു. തന്റെ മക്കൾ സ്വതന്ത്ര മനുഷ്യരും ജേതാക്കളുമായി അറിയപ്പെടാൻ വഞ്ചിഗുഹയിൽ കുടികൊള്ളുന്ന അദൃശ്യസാന്നിധ്യം അനുഗ്രഹിക്കുമെന്ന് ഇബ്രാഹീം അബാദി സ്വയം വിശ്വസിക്കുകയും പോൾസൻ ജോഹാൻസിനോട് ആവർത്തിക്കുകയും ചെയ്തു. മറ്റാർക്കും ഈ സ്ഥലം അവർ കാണിച്ചു കൊടുത്തില്ല.

അന്ന് പതിനെട്ട് വയസ്സെത്തിയ മകൻ മുസ്തഫ ഇബ്രാഹീം ഹസയും മറ്റു സാധനങ്ങളും കുടിവെള്ളവും കഴുതവണ്ടികളിൽ ഗ്രാമങ്ങളിൽ കൊണ്ടുപോയി വിതരണവും വില്പനയും ചെയ്യുന്ന ബിസിനസ് ചെയ്യുന്നുണ്ട്. അച്ഛൻ ഇബ്രാഹീം അബാദി ഒരു ദിവസം മകനെ അവ്വൽ ടൗൺഷിപ്പിൽ പോൾസൻ ജോഹാൻസ് താമസിക്കുന്ന വീട്ടിലേക്കു പരിചയപ്പെടുത്താനായി കൂട്ടിക്കൊണ്ടു പോയി. അദ്ധ്വാനിയായ യുവാവ് ബിസിനസിൽ കാലുറപ്പിച്ച് വരികയാണ്. അവശ്യവസ്തുക്കളായ കുടിവെള്ളത്തിന്റെയും കടൽക്കല്ലുകളുടേയും വ്യാപാരം തുടങ്ങിയത്​ മുസ്തഫ ഇബ്രാഹീമിന് കുശാഗ്രശാലിയായ ബിസിനസുകാരെന്റ ചിന്തയും ഭാവനയും ഉള്ളതുകൊണ്ടാണെന്ന് പറഞ്ഞ് പോൾസൻ ജോഹാനസ് യുവാവിനെ അഭിനന്ദിച്ചു. മകൻ എന്തൊക്കെയോ അറബിയിൽ മറുപടി പറഞ്ഞു. മകൻ പറയുന്നത് അച്ഛൻ പോൾസൻ ജോഹാൻസിന് തർജ്ജമ ചെയ്തു കൊടുത്തു.

ഞാൻ ഒരു ഉപകരണം മാത്രമാണ്. ബിസിനസ് ആശയവും ഭാവനയും അമ്മി അഹമദ് ഖലീലിേന്റതാണ്. അദ്ധ്വാനമാർഗം പേരെടുത്ത മുങ്ങുകാരനായ ഇബ്രാഹീം അബാദിയുടെ കാൽപാടുകളിലൂടെയും എന്നാണ് മകൻ പറയുന്നതെന്ന് അച്ഛൻ പോൾസൻ ജോഹാൻസിനു തർജ്ജമ ചെയ്തു കൊടുത്തു. അച്ഛനും മകനും വീട്ടിന് വെളിയിൽ നിൽക്കുന്ന ചിത്രം കൂടി പോൾസൻ ജോഹാനസ് അന്നത്തെ ഡയറിയിൽ വരച്ചിട്ടിട്ടുണ്ടെന്ന് അതിശയമുഖങ്ങളുമായി തന്നെ കേട്ടുനിൽക്കുന്ന നാലുപേരെയും മാറിമാറി നോക്കിക്കൊണ്ട് ഫാദർ ഹെർമൻ പറഞ്ഞു.

അന്നു മുതൽ ഡാനിഷ് എകസ്പെഡിഷൻ ടീമിന് ആവശ്യമായ കുടിവെള്ളം അവർ താമസിക്കുന്നിടത്തും അവർ ഭൂമി കുഴിക്കുന്ന വിദൂരഗ്രാമങ്ങളിലും എത്തിക്കുന്നത് മുസ്തഫ ഇബ്രാഹീമിന്റെ വ്യാപാരമാക്കിക്കൊടുത്തു പോൾസൻ ജോഹാനസ്. ക്രമേണ അവർക്ക് ഗവേഷണത്തിനാവശ്യമായ സാമഗ്രികളും ഭൂമി കുഴിക്കുന്നിടങ്ങളിൽ എല്ലാവർക്കും ഭക്ഷണവും എത്തുന്നതും മുസ്തഫ ഇബ്രാഹീമിന്റെ ബിസിനസ് ഉത്തരവാദിത്തങ്ങളായി. അവ്വൽ ടൗൺഷിപ്പിലെ സാഹിബുമാർക്ക് ആവശ്യമുള്ള മുഴുവൻ കുടിവെള്ളവും മുസ്തഫ ഇബ്രാഹീം വിതരണം ചെയ്തു തുടങ്ങിയതും സാഹിബുമാർ ചെറിയ ജോലിക്കരാറുകൾ അയാൾക്ക് നൽകാൻ ആരംഭിച്ചതും പെട്ടെന്നായിരുന്നു. അത് മുസ്തഫ ഇബ്രാഹീം പ്രകടിപ്പിച്ച പ്രതികരണ മികവുകൊണ്ടാണെന്നും താൻ അയാളെ അവർക്കെല്ലാം പരിചയപ്പെടുത്തി ഒരുവാക്ക് പറയുക മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും പോൾസൻ ജോഹാനസ് തന്റെ ഡയറിയിൽ കുറിച്ചിട്ടിട്ടുണ്ട്. അത്രയും പറഞ്ഞ് ഫാദർ ഹെർമൻ കഥയൊന്ന് നിറുത്തി.

തീരെ യാദൃച്ഛികമായി വന്നെത്തിയ ഒരു അതിഥി തൊട്ടരികത്തുനിന്ന് തുറന്നുവയ്ക്കുന്ന ചരിത്രകഥകളുടെ പേടകം അബ്രഹാം ജോസഫിനെ അമ്പരപ്പിച്ചു. താൻ ഏറെ വിഹരിച്ച ഇവിടുത്തെ നിഗൂഢതയുമായി ഒരു തലമുറ മുന്നേ ബന്ധമുള്ള ഇയാൾ ഭൂമിയുടെ മറ്റൊരു കോണിലിരുന്ന് ഇക്കാലമെല്ലാം ആയിടം തൊട്ടു കളിച്ചുവെന്നാണ് പറയുന്നത്.

ഫാദർ ഹെർമനെ ചേർന്ന് നിൽക്കുമ്പോൾ അബ്രഹാം ജോസഫിന് മാനസിക സമ്മർദ്ദം അനുഭവപ്പെട്ടു. ഫാദർ ഹെർമെന്റ ദിൽമുനിയാ സന്ദർശനവും തങ്ങളുടെ യാത്രയുടെ ഈ ദിവസവും ഒന്നും ഇതുവരെ കരുതിയതുപോലെ ആകസ്മികമല്ലെന്ന വിചാരം അബ്രഹാം ജോസഫിന്റെ മനസ്സിലുദിച്ചു. ഇനിയെന്ത് രഹസ്യം അടക്കംചെയ്ത പേടകം ആണാവോ അദ്ദേഹം തുറക്കാൻ പോകുന്നതെന്ന് ആശങ്കയുമുണ്ടായി. എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ശ്വാസം മുട്ടുമെന്ന് വന്നപ്പോൾ അബ്രഹാം ജോസഫ് ഇങ്ങനെ പറഞ്ഞു, ‘‘പണ്ട് പണ്ട് പിതാവ് ഇവിടെ പുരാതന ചരിതം അനാവരണം ചെയ്യാൻ വന്നു. ഇന്ന് മകൻ കഴിഞ്ഞ തലമുറയിലെ അറിയാത്ത അത്ഭുതങ്ങളുടെ ഉത്പത്തിക്കഥകൾ പറയുന്നു. ഇനിയും എന്ത് രഹസ്യമാണ് ഫാദർ ഞങ്ങളെ ഞെട്ടിക്കാനായി കരുതി വച്ചിട്ടുള്ളത്?''

വെളിയിൽ കാറ്റിന് ശക്തിയേറുന്നതിന്റെ ശബ്​ദങ്ങൾ ഗുഹയ്ക്കുള്ളിലേക്കും കടന്നു വരുന്നുണ്ടായിരുന്നു. അമരത്തെ വാതായനത്തിൽ കാറ്റ് മേഘങ്ങളെ പറത്തിക്കൊണ്ടു പോകുന്നതിന്റെ നിഴൽവീഴ്ച പിന്നെയും വേഗതയാർജ്ജിച്ചു. ഗുഹക്കുള്ളിലെ അന്തരീക്ഷം ലാഘവപ്പെടുത്തണം എന്ന് ഫാദർ ആഗ്രഹിച്ചു. എന്നാൽ പതിവുപോലെ പൊട്ടിച്ചിരി ഉതിർക്കാനോ ആ വലിയ ശരീരത്തിന്റെ അതിവേഗ ചലനങ്ങൾക്ക് മുതിരാനോ അദ്ദേഹത്തിന് മനസ്സുണ്ടായില്ല.
അബ്രഹാം ജോസഫിന്റെ ചോദ്യത്തിന് മറുപടി പറയുന്നതിന് തനിക്കു മുഖവുര ആവശ്യമുണ്ടെന്ന് ഫാദർ ഹെർമന്റെ മുഖഭാവത്തിൽ നിന്ന് എല്ലാവർക്കും മനസ്സിലായി.

ബഷീർ ആലം എല്ലാവർക്കും ലൂമിയും വെള്ളവും കൊടുത്ത് വഞ്ചിഗുഹയ്ക്കുള്ളിലെ അന്തരീക്ഷം ലാഘവപ്പെടുത്താൻ ഒരു ശ്രമം നടത്തി. ടോണി അബ്രഹാം പോലും ലൂമി നിറച്ച ചെറിയ ചില്ലുപാത്രം കയ്യിൽ പിടിച്ചുനിന്നു. വഞ്ചിഗുഹയെ കുറിച്ച് അപ്പയുടെ ആദ്യവാക്കുകൾക്കുശേഷം ഫാദർ ഹെർമൻ പറഞ്ഞ പഴയ സംഭവങ്ങൾ കൂടി കേട്ടപ്പോൾ ടോണി അബ്രഹാം എന്തോ വരുന്നുണ്ടെന്ന് ജാഗരൂകനായി. അതീന്ദ്രിയമായ എന്തെങ്കിലും തനിക്കവിടെ അനുഭവപ്പെടുന്നുണ്ടോ എന്നു മനസ്സിലാക്കാൻ അയാൾ തന്റെ ശരീരവും മനസ്സും കഴിയുന്നത്ര ഉണർത്തി അസാധാരണ ശക്തിയുടെ തരംഗങ്ങളെ ആഗിരണം ചെയ്യാൻ ആസകതിയോടെ നിന്നു.

‘‘ഇവിടം കണ്ടെത്തണമെന്ന എന്റെ മോഹം ബാല്യം മുതൽക്കേ ഉള്ളിൽ കത്തി നിൽക്കുന്നതാണ്. സാധിക്കും എന്ന് ഒരിക്കലും നിനച്ചതേയില്ല. ദിൽമുനിയയിൽ കൂടുതൽ നാളുകൾ ചെലവിടേണ്ടിവരുമെന്ന് തോന്നിയിട്ടാണ് യാത്രയുടെ അന്ത്യത്തിൽ ഇവിടെയെത്തും വിധം വഴിയും രാജ്യങ്ങളും യാത്രാപാതയും തിരഞ്ഞെടുത്തത്.''

കൂടുതൽ കാലം ചെലവഴിക്കുന്നത് എന്തിനുവേണ്ടിയാണ് ഫാദർ?'' അബ്രഹാം ജോസഫിൽ ഉദ്വേഗം ഉയർന്നു.

‘‘അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ എമ്മിയെസ് കമ്പനിയിൽ നടത്തുവാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് അബ്രഹാം ജോസഫിനാണെന്ന് എന്റെ അന്വേഷണങ്ങളിൽ ഞാൻ മനസ്സിലാക്കിയിരുന്നു. എന്നിട്ട് പാരിഷ് പ്രീസ്റ്റ് വഴി ഞാൻ ബോധപൂർവ്വം നിങ്ങളിലേക്ക് എത്തുക യായിരുന്നു.''

‘എന്തിന്?' അബ്രഹാം ജോസഫ് ഇത്തിരി ഉറക്കെയും മറ്റു മൂന്നുപേരും മനസ്സിലും ചോദിച്ചു.

‘‘ഇവിടെ ഈ വഞ്ചി ഗുഹയിൽ എത്തണമെന്നും ഇവിടെവച്ച് പറയണമെന്നും അസാധ്യമായ ഒരു കാര്യം പോലെ ഞാൻ വിചാരിച്ചിരുന്നതാണ്. ഇപ്പോൾ സംഭവിക്കുന്നു ...'' ഒന്നു നിറുത്തി അദ്ദേഹം തുടർന്നു: ‘‘ഹാൻസ് പോൾസൻ അഞ്ചു വയസ്സിനു മൂത്ത എന്റെ ചേട്ടനാണ്. എമ്മിയെസ് കമ്പനിയിലെത്തിയിട്ട് ഇരുപതു വർഷങ്ങൾ കഴിഞ്ഞു. ഇങ്ങോട്ട് വരുമ്പോൾ കൂടെവന്ന ഭാര്യയും മകളും അഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ തിരിച്ച് ഡെന്മാർക്കിൽ പോയി. അതിനുശേഷം കഴിഞ്ഞ പതിനഞ്ചു വർഷങ്ങളിൽ ചേട്ടൻ ഒരിക്കലും നാട്ടിലേക്ക് വന്നില്ല. ആരുമായും ഒരു ബന്ധവുമില്ല. വൃദ്ധയായ അമ്മയ്ക്ക് അവസാനമായൊന്ന് കാണാൻ ചേട്ടനെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോകണം.''

ഫാദർ ഹെർമന്റെ വാക്കുകൾ കേട്ട നാലുപേരും ഇത്തവണ സ്വാഭാവികത വീണ്ടെടുക്കാൻ അല്പം നേരമെടുത്തു. എമ്മിയെസ് കമ്പനിയിലെ സമുദ്രാനുബന്ധ നിർമാണ ജോലികളുടെ ഡിവിഷണൽ മാനേജരാണ് ഹാൻസ് പോൾസൻ. മറൈൻ കൻസ്ട്രക്ഷനിൽ ദിൽമുനിയയിലെ വിദഗ്ധൻ, അവസാന വാക്കിന്നുടയോൻ.

വലിയ ശരീരത്തിനുള്ളിൽ തികച്ചും സൗമ്യനും മൃദുഭാഷിയും ഔചിത്യ ബോധത്തിന്റെ ആൾരൂപവുമായ ഹാൻസ് പോൾസൻ ഇദ്ദേഹത്തിന്റെ ചേട്ടനാണ് എന്ന് വിശ്വസിക്കാനാണ് അവർ പ്രയാസപ്പെട്ടത്. ഫാദറിന്റെ മുഴുവൻ പേരിലെ പോൾസൻ എന്ന ഭാഗം ശ്രദ്ധിചില്ലല്ലോ എന്നോർത്ത് കൊണ്ട് ജോൺ ഫിലിപ് ആണ് മൗനം മുറിച്ചത്.

‘‘കമ്പനിയിലുള്ളവരിൽ ഏറ്റവും നല്ലയാൾ! കറപുരളാത്ത മനുഷ്യൻ. എല്ലാവരോടും സമഭാവത്തിൽ മാത്രം പെരുമാറുന്ന കുലീനനായ എഞ്ചിനീയർ. അദ്ദേഹം അമ്മയെയും കുടുംബത്തെയും തിരസ്?കരിച്ചാണിരിക്കുന്നതെന്ന് വിശ്വസിക്കാൻ പ്രയാസമാണ് ഫാദർ .''

ജോൺ ഫിലിപ്പ് വിഷമത്തോടെയാണ് പറഞ്ഞത്. അയാൾക്ക് ഹാൻസ് പോൾസനുമായി ജോലിയുടേതല്ലാത്ത ബന്ധങ്ങളുമുണ്ട്. കിട്ടുന്ന പുസ്തകങ്ങൾ അവർ പരസ്പരം കൈമാറ്റം ചെയ്ത് വായിക്കും. വായിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ജോൺ ഫിലിപ്പ് എത്ര ജോലിത്തിരക്ക് ഉണ്ടായാലും എങ്ങിനെയും സമയം കണ്ടെത്തി ഹാൻസ് പോൾസന്റെ ഓഫീസിൽ പോകും.

‘‘നിങ്ങൾ തമ്മിൽ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഒരു സാമ്യവുമില്ലലോ ഫാദർ?'' അബ്രഹാം ജോസഫാണ് ചോദിച്ചത്.

കേട്ടിട്ടിപ്പോൾ സമയം കുറച്ചായ ഫാദർ ഹെർമൻശൈലിയിലെ ആ പൊട്ടിച്ചിരി വഞ്ചിഗുഹയ്ക്കുള്ളിൽ വീണു ചിതറി.

‘‘ഞാൻ എഞ്ചിനീയറും അയാൾ വൈദികനും ആകേണ്ടതായിരുന്നു എന്നു അറിയുന്നവരെല്ലാം പറയും...''

‘‘എന്തു കൊണ്ടാണ് അദ്ദേഹം ഡെന്മാർക്കിലേക്ക് മടങ്ങാത്തതെന്ന് അറിയാമോ?'' ജോൺ ഫിലിപ്പ് ചോദിച്ചു.

‘‘ചേട്ടന്റെ അമിതമായ സാത്വികസ്വാഭാവം പിടിക്കാഞ്ഞിട്ടാണ് ഭാര്യ മകളെയും കൊണ്ട് പൊയ്ക്കളഞ്ഞത്. ചേട്ടൻ വീട്ടിൽ വരാത്തതിന്റെ കാരണം ആർക്കും അറിഞ്ഞുകൂടാ. ആ നിഗൂഢതയാണ് എന്നെ ഇവിടെ എത്തിച്ചത്. നിങ്ങൾ പറഞ്ഞത് പോലെ സദ്‌സ്വഭാവത്തിന്റെ ആൾ രൂപമായ എന്റെ ചേട്ടന് സംഭവിക്കുന്നത് എന്തെന്നറിയണം എന്നുതോന്നി. അഞ്ജയതയുടെ ഉറവിടം കാണാനാണ് ഞാൻ വന്നത്.''

ഹാൻസ് പോൾസനുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും അസാദ്ധ്യമായ എന്തെങ്കിലും ഉണ്ടാവുമെന്ന് അബ്രഹാം ജോസഫിന് തോന്നിയില്ല. ഹജ്ജി മുസ്തഫ ഇബ്രാഹീമിന് പ്രത്യേകം ഇഷ്ടവും വാത്സല്യവുമാണ് ഹാൻസ് പോൾസനോട്. ഹജ്ജി ആവശ്യപ്പെടുന്നതൊന്നും അയാൾ നിരസിക്കുകയില്ലെന്ന് ഉറപ്പാണ്.

‘‘നമുക്ക് ശ്രമിക്കാം ഫാദർ, അദ്ദേഹത്തെ നാട്ടിലേക്ക് അയക്കാൻ കഴിയുമെന്ന് ഐന്റ മനസ്സ് പറയുന്നു. അങ്ങ് പ്രാർഥിക്കണം. നമുക്കെല്ലാവർക്കും വേണ്ടി.'' അബ്രഹാം ജോസഫ് വാക്ക് കൊടുത്തത് ഇപ്പോൾ അവസാനിപ്പിച്ച് ഇവിടുന്ന് മടങ്ങാമെന്ന ധ്വനിയോടെ ആയിരുന്നു.

വഞ്ചിഗുഹയിൽ നിന്ന് എത്രയും പെട്ടെന്ന് മടങ്ങണമെന്ന് അവരെല്ലാം ആഗ്രഹിച്ചു. ഇനി ഏതേതു സത്യമാണ് ഉയർന്ന് വരുന്നതെന്നും പരസ്യമാക്കപ്പെടാൻ പോകുന്നതെന്നും അറിയാതെ അബ്രഹാം ജോസഫിൽ ഭയമുണ്ടായി. വഞ്ചിഗുഹയിൽ നിന്ന് പുറത്തുകടക്കാനുള്ള വെമ്പലിനെ നിരുത്സാഹ പ്പെടുത്താനും പിന്നെയും കുറേ നേരം അവിടെക്കഴിയാനും ഫാദർ ഹെർമന് ആഗ്രഹമുണ്ടായിരുന്നു. ഗുഹകളിൽ നിന്ന് വമ്പിച്ച മനുഷ്യപ്രസ്ഥാനങ്ങൾ ഉടലെടുത്തിട്ടുണ്ടെന്നും മനുഷ്യരുടെ ആദിമ പ്രകൃതത്തെ ഉൾക്കൊണ്ട ഭവനങ്ങളായ ഗുഹകളെ ആശ്രയത്തിന്റെ ഇടമായി കാണണമെന്നും ഭയപ്പെടരുതെന്നും ഫാദർ അവരെ ഉപദേശിച്ചു.

ഉച്ചഭക്ഷണം കഴിക്കാൻ വൈകുമെന്നും നേരത്തെ പോയവർ അതിഥിയെ കാത്ത് വിശന്നിരിക്കുമെന്നും ഫാദറിനെ ഓർമ്മിപ്പിച്ചു അബ്രഹാം ജോസഫ്.
അകത്തേക്ക് വന്ന വ്യക്തികൾ അവരിൽ നിന്നിറങ്ങിപ്പോയിട്ട് അവസ്ഥാന്തരം പ്രാപിച്ച പുതിയ മനുഷ്യർ നിൽക്കുന്നതായി അവർക്കെല്ലാം തോന്നി. ഗുഹയ്ക്കുള്ളിൽ ഉള്ളവരെ വലയം ചെയ്തുകൊണ്ട് നേർത്ത വൈദ്യുതി ഏൽക്കുന്ന തരത്തിലെ സുഖമുള്ള സ്പർശം കാറ്റിലൂടെ കടന്നുപോകുന്നതായി ടോണി അബ്രഹാമിനനുഭവപ്പെട്ടു. പീഠത്തിൽ സൂക്ഷിച്ചുനോക്കി നിൽക്കുമ്പോൾ ബാധിച്ച ചൈതന്യ സാന്നിധ്യവും അതിൽനിന്നുണ്ടായ ഹർഷം പകർന്ന ഉന്മാദവും അപ്പയുടെ അവതരണത്തിലെ ആമുഖവാക്കുകളിൽ നിന്നും ഉയിർത്തതാണെന്നു ടോണി അബ്രഹാം മനസ്സിലാക്കി. ഇവിടെ ഈ പീഠത്തിനുമുന്നിലെ ആലക്തികതയിൽ മുഴുകി നിൽക്കുമ്പോൾ വേണം ശാലീന രാമചന്ദ്രനോട് തന്റെ പ്രണയം പറയേണ്ടതെന്ന് അയാൾ നിശ്ചയിച്ചു. ഒരുനാൾ ഇവിടെ ഒരുമിച്ച് വരണം. ആദ്യ ചുംബനം ഇവിടുത്തെ ഭാവപ്പൊലിമയിൽ വച്ചാവണം. പിന്നെ ആലിംഗനബദ്ധരായി ഏറെ നേരം നിന്ന് അനശ്വരരാകണം. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments