ചിത്രീകരണം: ദേവപ്രകാശ്​

പൊന്നൊഴുകിവന്ന കാലം

ഭാഗം ആറ്​
അധ്യായം നാല്​:
മാഞ്ഞു മറഞ്ഞ ആകാശഗോപുരങ്ങള്‍

പിരിമുറുക്കമേറിയ സംഭവബഹുലതകളുടെ ചുഴലിക്കാറ്റുകളും അവയുടെ ആവര്‍ത്തനവുമായി ലൈബി വന്ന് കയറിയ അതേസമയത്താണ് ഹാന്‍സ് പോള്‍സന്‍ ദില്‍മുനിയ വിട്ടുപോകുന്നത്. ദാര്‍ശനിക പ്രശ്‌നങ്ങള്‍ പ്രധാനവിഷയമായ ഡിവിഷണല്‍ മാനേജരുടെയും ഡയറക്ടറുടെയും ഓഫീസുകള്‍ ഉള്ള ഭീമന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഒരു അതിയാഥാര്‍ത്ഥ്യമാണ്. അങ്ങനെയൊരു ഡിവിഷണല്‍ മാനേജരുടെ ഓഫീസ് മുറിയില്‍ പേഴ്‌സണല്‍ സെക്രട്ടറിയുടെ ജോലി ചെയ്ത ഒമ്പത് വര്‍ഷങ്ങള്‍ സ്വപ്നങ്ങള്‍ക്കും അപ്പുറമുള്ള ഉദ്യോഗകാലവും. ഹാന്‍സ് പോള്‍സന്‍ പോകുമ്പോള്‍ വരാന്‍ പോകുന്ന ഒന്നുമില്ലായ്മയെ ഞാന്‍ ഭയപ്പെടുകയും ജോലി ഉപേക്ഷിക്കേണ്ടിവരുമോ എന്ന് ശങ്കിക്കുകയും ചെയ്തിരുന്നു. ഹാന്‍സ് പോള്‍സന്‍ എനിക്കായി ഇട്ടുപോയ ശൂന്യതയെ അനുഭവിക്കാന്‍ അവസരം തരാതെ ലൈബി ഉരുകിത്തിളയ്ക്കുന്ന ലോഹമായി അവിടെ വീണ് നിറയുകയായിരുന്നു.

ലൈബി ഉന്നയിച്ച വിഷയം ഹാന്‍സ് പോള്‍സന്‍ എത്രയോ തവണ ഡയറക്ടര്‍ ഫിലോസോഫിയുമായി ഓഫീസില്‍ വച്ച് ദീര്‍ഘനേരങ്ങളിലെ ചര്‍ച്ചകള്‍ ചെയ്തിട്ടുള്ളതാണ്. മൗറീഷ്യസിലെ കരിമ്പുതോട്ടങ്ങളില്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ ബ്രിട്ടീഷുകാര്‍ കൊണ്ടുപോയിത്തുടങ്ങിയത് രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുന്നേയാണ്. ബ്രിട്ടീഷ് സാമ്രാജ്യം അടിമത്ത സമ്പ്രദായം നിറുത്തലാക്കിയ 1833 മുതല്‍ക്കേ അടിമകള്‍ പണിയെടുത്തിരുന്ന കൃഷിസ്ഥലങ്ങളില്‍ ജോലിചെയ്യാന്‍ ബ്രിട്ടീഷ് ഭൂവുടമകള്‍ ഇന്ത്യക്കാരിലെ ദരിദ്രജനതയെ ജോലിക്ക് കൊണ്ടുപോയി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന രാജ്യങ്ങളിലെ തേയിലത്തോട്ടങ്ങളിലും കരിമ്പ് പാടങ്ങളിലും റബ്ബര്‍ കൃഷിത്തോട്ടങ്ങളിലും ദരിദ്രരുടെ ഗോത്രങ്ങളെ കുടിയേറ്റക്കാരായി കൊണ്ടുപോയി പണിയെടുപ്പിച്ചു. കെനിയ, ടാങ്കനിക്ക, സാന്‍സിബാര്‍, ഉഗാണ്ട തുടങ്ങി അനേകം രാജ്യങ്ങളിലേക്ക് അവര്‍ പോയത് ഭക്ഷണം കിട്ടാനാണ്. ദക്ഷിണാഫ്രിക്ക, മലയ, സിലോണ്‍, ഫിജി, വെസ്ന്‍ഡീസ്, ജാവ, കംബോഡിയ അങ്ങനെ ദൂരദേശങ്ങളിലേക്കും അവര്‍ സായിപ്പുമാരുടെ കൂടെ പോയി. കുറഞ്ഞ വേതനം എത്രയാവണം എന്ന് അന്ന് നിബന്ധനകള്‍ ഒന്നുമില്ലായിരുന്നു. എന്നിട്ടും അത് രക്ഷാമാര്‍ഗമായി കാണുന്ന അത്രയും പരിതാപകരമായി ജീവിക്കുന്നവര്‍ രാജ്യത്ത് ഏറെയുണ്ടായിരുന്നു. ദൂരദേശങ്ങളിലേക്കുള്ള കപ്പല്‍ക്കൂലിയും ഇതര ചെലവുകളും ഭൂവുടമ വഹിക്കുന്നത് കൊണ്ട് അയാള്‍ക്ക് ചെലവ് കാശ് മുതലാകുന്നത് വരെ ക്ലിപ്തപ്പെടുത്തിയ കാലം അയാളുടെ മാത്രം ജോലിക്കാരനായി നിന്നുകൊള്ളാമെന്ന് ഊഴിയം വേലയ്ക്ക് കരാറിലേർപ്പെട്ടാണ്​ അവര്‍ കുടിയേറ്റത്തിനു പോയത്. ഊഴിയം വേലയ്ക്ക് ഇന്ത്യക്കാരെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടു പോകുന്നത് നിറുത്തലാക്കണമെന്ന പ്രമേയം 1910- ല്‍ ഇന്ത്യന്‍ ലെജിസ്ലേറ്റിവ് കൗണ്‍സിലില്‍ അവതരിപ്പിച്ചത് ഗാന്ധിയുടെ രാഷ്ട്രീയഗുരുവായിരുന്ന ഗോഖലെ ആണ്. അന്ന് കുടിയേറിപ്പോയ ഊഴിയം വേലക്കാര്‍ക്ക് അവരുടെ ഭാര്യമാരെയോ കൂട്ടുകുടുംബത്തെയോ ഒപ്പം കൂട്ടാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ചെന്നെത്തുന്ന നാട്ടില്‍ നിന്ന് വിവാഹം കഴിക്കുന്നതിനോ ഇണയെ തേടുന്നതിനോ പാര്‍പ്പുറപ്പിക്കുന്നതിനോ നിയമപരമായ വിലക്കുകള്‍ ഒന്നുമുണ്ടായിരുന്നില്ല. രണ്ടുവര്‍ഷത്തെ ഊഴിയം വേലയ്ക്ക് ദില്‍മുനിയയില്‍ വരുന്ന തൊഴിലാളി അത്തരം യാതൊരു അവകാശമില്ലാതെ രണ്ടു വര്‍ഷത്തെ കരാര്‍ ഇരുപതുവര്‍ഷം പുതുക്കുമ്പോഴും അതങ്ങനെ തന്നെയായിരിക്കുന്നു. അത് മനുഷ്യാവകാശ ലംഘനം അല്ലേ എന്നാണ് ഹാന്‍സ് പോള്‍സന്‍ ചോദിച്ചുകൊണ്ടിരുന്നത്.

എണ്ണക്കുടിയേറ്റത്തില്‍ സഹജീവനത്തിന്റെ ലാഞ്ചന പോലും ഇല്ലല്ലോയെന്ന് അദ്ദേഹം പരിതപിക്കും. അവ്വല്‍ ടൗണ്‍ഷിപ്പ് പണിതപ്പോള്‍ അതിനുള്ളില്‍ ഒരു വ്യഭിചാരശാലയ്ക്ക് രാജാവിനോട് അനുമതി ചോദിച്ചവരാണ് ഓയില്‍ കമ്പനിക്കാര്‍. അതേ മനുഷ്യാവകാശം മൂന്നാംലോക രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും അര്‍ഹിക്കുന്നുവെന്ന് അവര്‍ പരിഗണിച്ചില്ല. എണ്ണക്കുടിയേറ്റത്തിനുള്ള വ്യവസ്ഥകള്‍ രൂപപ്പെടുത്തുമ്പോള്‍ കുടിയേറ്റത്തൊഴിലാളിയുടെ മനുഷ്യാവകാശങ്ങള്‍ അവര്‍ കണക്കിലെടുത്തില്ല. ലൈബി ഇടയ്ക്കിടെ ആ ദിവസങ്ങളിലെ തന്റെ അനുഭവങ്ങളുടെ പറച്ചിലുകള്‍ ആവര്‍ത്തിക്കുമ്പോള്‍ എനിക്ക് ഹാന്‍സ് പോള്‍സനെ ഓര്‍മ്മ വരും. പണിയിടങ്ങളിലും ചന്ത സ്ഥലങ്ങളിലും വീടകങ്ങളിലും ഇടകലരുമ്പോഴും മനുഷ്യസഹജമല്ലാത്ത വംശീയ വേര്‍തിരിവാണ് എല്ലാ വിനിമയങ്ങളെയും നിയന്ത്രിക്കുന്ന ഭാഷ എന്നായിരുന്നു ഹാന്‍സ് പോള്‍സന്‍ വാദിച്ചത്. മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയാണ് അതിന് കാരണമെന്ന് കമാല്‍ ഇബ്രാഹീമും അതല്ല ദില്‍മുനിയയെ ചൂഴ്ന്ന് നില്‍ക്കുന്ന നിയമവ്യവസ്ഥയാണ് കാരണമെന്ന് ഹാന്‍സ് പോള്‍സനും തര്‍ക്കിക്കും.

ഇരുപതുവര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. കുടിയേറ്റ തൊഴിലാളികളിലധികവും ഇപ്പോള്‍ ഉയര്‍ന്ന നിലകളിലെ ആധുനിക വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന നവസംസ്കാരം നേടിയവരാണ്. ഇന്നെല്ലാവര്‍ക്കും പരസ്പര വ്യവഹാരങ്ങള്‍ക്കും സന്ദേശ വിനിമയങ്ങള്‍ക്കും നൂതനമായ ധാരാളം സരളവഴികളുണ്ട്. എന്നിട്ടും വംശീയതകളെ മുറിച്ച് കടക്കുന്ന സൗഹൃദം പങ്കിടുന്നവരോ കമിതാക്കളോ പ്രണയബന്ധങ്ങളോ വിവാഹങ്ങളോ ഏതെങ്കിലും തരം കലര്‍പ്പിന്റെ രാസമാറ്റമോ ഇപ്പോഴുമുണ്ടാകുന്നില്ല. ഹാന്‍സ് പോള്‍സെന്റ ചിന്തയും നിഗമനങ്ങളും ആയിരുന്നു കൂടുതല്‍ ശരിയെന്ന് കാലം മുന്നോട്ടു പോകുമ്പോള്‍ എനിക്ക് കൂടുതല്‍ ബോദ്ധ്യമാകുന്നുണ്ട്.

പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്ന് വിമോചിപ്പിക്കപ്പെട്ട ലൈബി ഈ വീട്ടില്‍ വന്ന് കഴിഞ്ഞിട്ട് അവളുടെ കുടുംബത്തില്‍ നിന്നുണ്ടായ പ്രതികരണം ഞങ്ങള്‍ക്ക് മറ്റൊരു ഞെട്ടലായിരുന്നു. പാപപങ്കിലയായ ലൈബിയെ ആ ജീവിതത്തില്‍ തന്നെ തുടരാന്‍ വിടുകയായിരുന്നില്ലേ നല്ലതെന്ന് ആങ്ങള എന്നോട് ടെലിഫോണില്‍ ചോദിച്ചു. അവള്‍പാപിയായത് കൊണ്ടാണ് ഇങ്ങിനെയെല്ലാം സംഭവിച്ചതെന്ന് അമ്മയും പറഞ്ഞു. ആ ജോലിയില്‍നിന്ന് മടങ്ങിവരുന്നതിനുപകരം ഈ പാപജന്മം ഉപേക്ഷിച്ച് ചത്ത് കളയാഞ്ഞതെന്തെന്ന് അവര്‍ ചോദിച്ചു.

മാനാഭിമാനങ്ങള്‍ തകര്‍ന്നുപോയ ലൈബിയുടെ സാന്നിധ്യം വീട്ടില്‍ വളര്‍ന്നു വരുന്ന ചെറുതുകളുടെ ജീവിതം കൂടി നശിപ്പിക്കാതിരിക്കാന്‍ അങ്ങോട്ട് ചെല്ലാതിരുന്ന് സഹായിക്കുമോയെന്ന് അമ്മയും ആങ്ങളയും നിലവിളിച്ചു. ലൈബിയെ എവിടേയക്കും വിടുന്നില്ലെന്ന് ശാലീനയുടെ തീരുമാനം മറ്റുള്ളവര്‍ സ്വീകരിക്കുകയാണ് പിന്നീട് സംഭവിച്ചത്. സോഫകള്‍ക്കും ഇരിപ്പിടങ്ങള്‍ക്കും പീഠങ്ങള്‍ക്കും ചിത്രത്തുന്നല്‍ ചെയ്ത മേല്‍ വിരികളുണ്ടാക്കുന്ന ഒരു വിഭാഗം ആര്‍ട്ട് വേള്‍ഡില്‍ ആരംഭിക്കാമെന്ന ആശയം ഋഷികേശനില്‍ ഉദിച്ചത് ലൈബിയെ സംരക്ഷിക്കുന്നതെങ്ങനെ എന്ന ചിന്തയില്‍ നിന്നാണ്. ആളുകള്‍ ലൈബിയെക്കുറിച്ച് കേട്ടറിയുമ്പോള്‍ അവളുടെ സാന്നിധ്യം ആര്‍ട്ട് വേള്‍ഡിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയില്ലേ എന്ന് അളിയനും മറ്റും സംശയിച്ചു. അത്തരം ആശങ്കകള്‍ക്ക് നിസാരമായി കീഴ്‌പെട്ട് പോകേണ്ടയാളാണ് രാമചന്ദ്രന്‍. പക്ഷേ ലൈബിയുടെ സാമീപ്യം ശാലീനയ്ക്ക് നല്‍കുന്ന പുതുജീവിതത്തിന്റെ ശക്തി ഞങ്ങള്‍ക്കെല്ലാവർക്കും കാണാനാവുന്നത്ര പ്രകടമായിരുന്നു. അത് ഉള്‍ക്കൊണ്ട രാമചന്ദ്രന്‍ ചിത്രത്തുന്നല്‍ എങ്ങനെയെല്ലാം ആര്‍ട്ട് വേള്‍ഡിന്റെ കലാപരമായ മൗലികതയ്ക്ക് മേന്മയുണ്ടാക്കും എന്ന് സൈനബിനു വിശദീകരിച്ച് കൊടുത്തു. സൈനബിന് അത്തരത്തിലെ യാതൊരു വിശദീകരണവും ആവശ്യമില്ലായിരുന്നു. ലൈബി കടന്നു വന്ന അഗ്‌നിപരീക്ഷകള്‍ മാത്രം മതി അവള്‍ക്ക് യോഗ്യതയായിട്ടെന്നായിരുന്നു സൈനബിന്റെ നിലപാട്.

നാട്ടിലെ പുഴക്കരയില്‍ നിന്ന് ഞങ്ങള്‍ മൂന്നുപേരും വെറും കയ്യോടെ മടങ്ങിപ്പോയതില്‍ പിന്നെ ഋഷികേശന്‍ പഴയ ആളല്ലാതായി. അയാള്‍ക്ക് കൊടുമുടി കയറിപ്പോകാനുള്ള ലക്ഷ്യസ്ഥാനം പൊടുന്നനെ ഇല്ലാതെവന്നു. ആ ശൂന്യതയില്‍ അയാള്‍ ആയിത്തീര്‍ന്ന പുതിയ ആളും സ്നേഹയോഗ്യനായി തുടര്‍ന്നു.

വീടൊരുക്കാന്‍ അകസാമാനങ്ങളും ഭംഗിവസ്തുക്കളും തേടി ആര്‍ട്ട് വേള്‍ഡില്‍ വരുന്ന ദമ്പതികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നു. ഷോറൂം മാനേജര്‍ ആയ അളിയനും മറ്റ് ഷോറൂം സെയില്‍സിലെ ജോലിക്കാരും ശരാശരി നിലവാരത്തില്‍ പലതവണ പറഞ്ഞ് പഠിച്ച യാന്ത്രിക വിശദീകരണങ്ങള്‍ കൊണ്ട് സൃഷ്ടിക്കുന്നത് വിരസമുഹൂര്‍ത്തങ്ങളാണെന്ന് സൈനബിന് തോന്നുമേത്ര. ആ സ്ഥാനത്ത് പറയുന്ന ഭാഷയ്ക്ക് വ്യാകരണത്തിന്റെ കുറവുണ്ടെങ്കിലും ഋഷികേശന്റെ കലാപരമായ കാഴ്ച്ചപ്പെടുത്തലില്‍ വില്പനകള്‍ അതിവേഗം സംഭവിച്ചു. ഋഷികേശന്‍ സന്ദര്‍ശകരോട് സംസാരിക്കുമ്പോള്‍ മദ്യത്തിന്റെ മണം വമിക്കാതിരിക്കാന്‍ അയാള്‍ എപ്പോഴും വിക്‌സ് ഫോര്‍മുല ഫോര്‍ട്ടിഫോര്‍ ഗുളികകള്‍ വായിലിട്ട് നുണയുന്നുണ്ടെന്ന് രാമചന്ദ്രന്‍ ഉറപ്പുവരുത്തും. ആര്‍ട്ട് വേള്‍ഡ് വളര്‍ന്ന് നല്ല പേരെടുത്തിട്ടും രാമചന്ദ്രന്‍ പിന്നെയും ഉയരങ്ങള്‍ ലക്ഷ്യം വച്ചു. ആര്‍ട്ട് വേള്‍ഡിലെ മികച്ച ബിസിനസും ലാഭവും നല്‍കിയ പണം പിന്നെയും അവിടെത്തന്നെ നിക്ഷേപിച്ചത് രാമചന്ദ്രന്റെ താത്പര്യപ്രകാരം ആയിരുന്നു. കൂടുതല്‍ ഷോറൂമുകള്‍ തുറക്കാന്‍ മുന്നിട്ടിറങ്ങിയത് രാമചന്ദ്രനാണ്. ലാഭവിഹിതമായി കിട്ടുന്നത് മുഴുവനും ആര്‍ട്ട് വേള്‍ഡില്‍ നിക്ഷേപിക്കരുതെന്നും വരുമാനത്തിന്റെ ഒരു ഭാഗം നാട്ടിലയച്ച് സൂക്ഷിക്കണമെന്നും അബ്രഹാം ജോസഫ് രണ്ടുപേരെയും ഉപദേശിച്ചതാണ്.

താന്‍ തിമര്‍ത്താടുന്ന ജീവിതാഘോഷത്തിന് ധാരാളം സംഖ്യ ആവശ്യമായതുകൊണ്ട് ഋഷികേശന് ആ ഉപദേശം സ്വീകാര്യമായിരുന്നു. ആര്‍ട്ട് വേള്‍ഡിനെ സാധ്യമായത്ര വളര്‍ത്തി വലുതാക്കുവാനായി കൈവന്ന പണവും മറ്റെല്ലാവിഭവങ്ങളും തന്റെ ദിവസങ്ങളിലെ മുഴുവന്‍ സമയവും രാമചന്ദ്രന്‍ അവിടെത്തന്നെ നിക്ഷേപിച്ചു. ദുമിസ്കാനിലെ ഈന്തപ്പനത്തോട്ടത്തിലും കടല്‍ക്കരയിലും നിലാവ് പരന്നൊഴുകിയ അവരുടെ രാത്രികള്‍ ഋഷികേശനെയും രാമചന്ദ്രനെയും പിന്നെയും നയിച്ചുകൊണ്ടിരുന്നു. കടല്‍ക്കരയിലെ മണ്ണിനും ജലോപരിതലത്തിനും ചന്ദ്രികയില്‍ കുളിച്ച് ലോഹപ്രതീതി വരുന്ന അതിവിശിഷ്ട നേരങ്ങളില്‍ അവര്‍ രൂപം കൊടുത്ത മനോരാജ്യത്തിന് മാത്രമാണ് മാറ്റമൊന്നും വരാതിരുന്നത്. രാമചന്ദ്രന്‍ അനുദിനം മറ്റൊരാള്‍ ആകുന്നുണ്ടായിരുന്നെങ്കിലും മനോരാജ്യത്തിലെ ചക്രവര്‍ത്തിയായിരിക്കുന്നതില്‍ മാത്രം മാറ്റം വന്നില്ല.

എന്റെ ഉറ്റവരും ഉടയവരുമെല്ലാം ആര്‍ട്ട് വേള്‍ഡിന്റെ വളര്‍ച്ചയില്‍ പങ്കെടുത്ത് അതിന് വര്‍ണ്ണങ്ങള്‍ പകര്‍ന്നു. ഞാനൊരാള്‍ മാത്രം എല്ലാറ്റിനും സാക്ഷിയായിരിക്കുമ്പോള്‍ തന്നെ അതിലൊന്നും പങ്കാളിയായില്ല. എന്നെ മാത്രം ആര്‍ട്ട് വേള്‍ഡിലേക്ക് ക്ഷണിക്കാതിരിക്കുന്നത് സ്വതന്ത്ര ആയിരിക്കണമെന്ന എന്റെ അഭിലാഷത്തിനൊപ്പിച്ചാണെന്ന് രാമചന്ദ്രന്‍ ഋഷികേശനോട് പറഞ്ഞു. മറ്റൊരിടത്ത് ജോലി ചെയ്ത് സാമ്പത്തികമായ സ്വാശ്രയത്വം നിലനിറുത്താന്‍ തന്നെയാവും എന്റെ ഇഷ്​ടമെന്നും. ആര്‍ട്ട് വേള്‍ഡിന് എന്നോടുള്ള പരിഭവം മാറിയിട്ടില്ലെന്നായിരുന്നു എന്റെ മനസ്സില്‍. ഹാന്‍സ് പോള്‍സന്‍ ഉണ്ടായിരുന്നപ്പോള്‍ ജോലിയില്‍ ഒരു സ്ഥാനക്കയറ്റമോ ജോലിമാറ്റമോ എന്റെ ചിന്തയില്‍ എവിടെയും ഉണ്ടായിരുന്നില്ല. അദ്ദേഹം വിട്ടുപോയ ശേഷം എമ്മിയെസ്സിലെ പല ഓഫീസുകളില്‍ പലരുടെയും സെക്രട്ടറിയായി ചുറ്റിക്കറങ്ങിയ അനിശ്ചിതത്വം ഒരു വര്‍ഷക്കാലം നീണ്ടു. അപ്പോഴും എമ്മിയെസ് കമ്പനി വിട്ട് ആര്‍ട്ട് വേള്‍ഡിന്റെ ഭാഗമാകണമെന്ന് എന്തുകൊണ്ടോ എനിക്ക് ആഗ്രഹമുണ്ടായില്ല.

എമ്മിയെസ്സിലെ പലയിടങ്ങളില്‍താത്ക്കാലക്കാരിയായി കറങ്ങി നടന്നാണ് ഞാന്‍ അബ്രഹാം ജോസഫിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്ന എസ്റ്റിമേറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചേര്‍ന്നത്. സീനിയര്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലെ നാലഞ്ചു ടീമുകളും അവര്‍ക്കെല്ലാം സെക്രട്ടറിമാരും ഡിപ്പാര്‍ട്ട്‌മെന്റിന് പ്രത്യേകം അഡ്മിന്‍ ഹെഡും ഉള്ള ഡിവിഷനാണ്. അതീവ രഹസ്യസ്വഭാവം ഓരോ ഇടപാടിലും വിളിച്ചറിയിക്കുന്ന സ്ഥലം. എമ്മിയെസ് കമ്പനിയിലെ മറ്റ് ഓഫീസുകളിലെ പോലെ അനായാസം ചെന്ന് കയറാനോ പുറത്തിറങ്ങിപ്പോകാനോ കഴിയില്ല. ഓഫീസ് മുറികളോട് ചേര്‍ന്നുള്ള വിസിറ്റേഴ്‌സ് ക്യുബിക്കിളില്‍ വരെ മാത്രമേ സന്ദര്‍ശകര്‍ക്ക് അനുമതിയുള്ളൂ. അവിടെ വച്ചാണ് സന്ദര്‍ശകരുമായുള്ള ചര്‍ച്ചയും മീറ്റിങ്ങുകളും. പുറംലോകവുമായി എമ്മിയെസ് കമ്പനി നടത്തുന്ന മത്സരങ്ങളുടെ രഹസ്യജനിതക കോഡുകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫയലിംഗ് കാബിനറ്റുകളില്‍ ഭദ്രമായി പൂട്ടിവച്ചിരിക്കുകയാണ്. സഹസ്രലക്ഷംകോടികളുടെ കരാറുകള്‍ പിടിച്ചെടുക്കുന്ന മത്സരത്തിന്റെ പ്രഭവകേന്ദ്രം അവിടെയാണ്. കരാര്‍ പണി പൂര്‍ത്തിയാക്കിയ ശേഷം ബഡ്ജറ്റിലെ മിച്ചം പണം മുഴുവനും വാങ്ങിയെടുക്കുന്ന ക്ലെയിമുകള്‍ തയ്യാറാവുന്നതും അവിടെയാണ്. കമ്പനിയുടെ വിവിധ പ്രൊജക്ടുകളില്‍ നിന്ന് സ്വഭാവദാര്‍ഢ്യയവും സത്യസന്ധതയും ആത്മാർത്ഥതയും തെളിയിക്കുന്നവരെ അബ്രഹാം ജോസഫ് തിരഞ്ഞുപിടിച്ചാണു ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിക്കുന്നത്. അവിടെ പണിയെടുക്കുന്നവര്‍ക്ക് എമ്മിയെസ് കമ്പനിക്കുള്ളില്‍ പ്രത്യേക മതിപ്പ് ലഭിക്കും. ഡിപ്പാർട്ടുമെന്റ് മേധാവിയായ എഞ്ചിനീയര്‍ജോണ്‍ഫിലിപ്പിന്റെ സെക്രട്ടറി പെട്ടെന്ന് പിരിഞ്ഞു പോയപ്പോള്‍ തത്ക്കാലത്തേക്ക് അവിടെയെത്തിയ ഞാന്‍ നാലുവര്‍ഷം തുടരുകയും പിന്നീടു എസ്റ്റിമേറ്റിംഗ് ഡിപ്പാര്ട്ട്‌മെന്റ് അഡ്മിന്‍ ഹെഡ് ആയി ജോലിക്കയറ്റം നേടുകയും ചെയ്തു. ആ തസ്തികയില്‍ ആദ്യമായെത്തുന്ന വനിതയുടെ സ്ഥാനം ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനമാണുണ്ടായത്. കാരണം ആ തസ്തിക അദ്ധ്വാനത്തിനും കഴിവിനും മാത്രമല്ല സ്വഭാവത്തിലെ സത്യനിഷ്ഠയ്ക്ക് കൂടിയുള്ള അംഗീകാരമാണ്. വീട്ടില്‍ വെന്നിക്കൊടി പാറിച്ച് മേല്‍ക്കുമേല്‍ പേരും പ്രൗഢിയും സമ്പാദിക്കുന്ന ആര്‍ട്ട് വേള്‍ഡ് കാരോടുള്ള മഝരത്തില്‍ എനിക്കും വിജയത്തിന്റെ ഒരു ചുവടുവയ്പായിരുന്നു സ്ഥാനക്കയറ്റം.

ഉദ്യോഗപ്പേര് അഡ്മിന്‍ ഹെഡ് എന്നാണെങ്കിലും ഒരു രഹസ്യപ്പുരയുടെ കാവലാണ് ജോലി. ടെണ്ടര്‍തയ്യാറാക്കാന്‍ വേണ്ടി നടത്തുന്ന പ്രാരംഭ പഠനങ്ങളും സബ്‌ കോണ്‍ട്രാക്ടര്‍മാരുമായുള്ള വിലപേശലുകളും കരാറുകളും തുടങ്ങി ധാരാളം അനുബന്ധരേഖകളും കൃത്യമായും സൂക്ഷ്മമായും ഫയല്‍ ചെയ്ത് സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഏതെങ്കിലും രേഖ പുറത്തെടുക്കുമ്പോള്‍ അതിന്റെ പോക്ക് വരവുകള്‍ നിയന്ത്രിക്കണം. അവയുടെ രഹസ്യസ്വഭാവം അല്പംപോലും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് മേല്‍നോട്ടം വഹിക്കണം. കാബിനറ്റിന് പുറത്തേക്ക് വരുന്ന ഓരോ ഫയലും അതിലെ കടലാസുകളും പ്രമാണങ്ങളും പോകുന്നിടങ്ങളില്‍ ഐന്റ കണ്ണുകള്‍ അവയെ പിന്‍തുടര്‍ന്നിരുന്നു. 'അതിവേഗം,' ഇപ്പോള്‍ തന്നെ,' 'ഉടനെ' സ്വഭാവമുള്ള കര്‍ത്തവ്യങ്ങള്‍ക്ക് എപ്പോഴും എന്നും നിയുകതയാവുന്ന ജോലി. ഡയറക്ടര്‍മാരും ചീഫ് എക്‌സിക്യൂട്ടീവും ഏതുനേരവും വന്ന് കയറിയെക്കാവുന്ന ഓഫീസ്. ശ്വാസംകഴിക്കാന്‍ പോലും സമയം കിട്ടാത്ത വിധത്തിലെ ജോലിയില്‍ ഞാനവിടെ പിന്നെയും പതിനാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.

സംഖ്യാവലിപ്പം സങ്കല്പിക്കുവാന്‍ പ്രയാസമുള്ള തുകകളുടെ കരാറുകള്‍ക്കു വേണ്ടിയും ഒടുവില്‍ ദില്‍മുനിയയുടെ ചരിതത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് എമ്മിയെസ് കമ്പനിക്ക് നേടിയെടുക്കാന്‍ വേണ്ടിയും അഹോരാത്രം പണിയെടുത്ത കാലമാണ് ആദ്യത്തെ ഏഴുവര്‍ഷങ്ങള്‍. മത്സരത്തില്‍ കൂടെയുള്ളവരെയെല്ലാം ബഹുദൂരം പിന്നിലാക്കി മുന്നേറുന്ന ഓട്ടക്കാരന്‍ അന്തിമ ബിന്ദുവിലേക്ക് കുതിച്ചെത്തുമ്പോഴുണ്ടാവുന്ന ആരവവും ആവേശമായിരുന്നു എമ്മിയെസ്സില്‍ അന്ന്. നാലുപാടുനിന്നും അഭിനന്ദനങ്ങളും അനുമോദനങ്ങളും വന്ന് പൊതിഞ്ഞ ഓഫീസ് ദിനങ്ങള്‍. കമ്പനി മേധാവികള്‍ ഇടയ്ക്കിടെ സമ്മാനപ്പൊതികള്‍ ചൊരിയുകയും മുന്തിയ ഹോട്ടലുകളില്‍ ഡിന്നര്‍ പാര്‍ട്ടികള്‍ ഏര്‍പ്പാടാക്കുകയും ചെയ്ത സുന്ദരദിനങ്ങള്‍. അടുത്ത ഏഴുവര്‍ഷങ്ങള്‍ എമ്മിയെസ് കമ്പനിയുടെ താഴേക്കുള്ള വീഴ്ചാവഴിയിലെ യാത്രയുടേതായിരുന്നു. ആകാശമദ്ധ്യത്ത് വച്ച് മിന്നിപ്പൊലിയുന്ന ഉല്‍ക്ക പോലെ എമ്മിയെസ് കമ്പനി എരിഞ്ഞടങ്ങിയ പ്രക്രിയയുടെയും അതിന്റെ ശേഷക്രിയകളുടെയും കാലം. ഒടുക്കമെത്തിയപ്പോള്‍ ആളും ആരവവും ഒഴിഞ്ഞ് അനാഥമായ കമ്പനി ഹെഡ് ഓഫീസിനെ നോക്കി ശൂന്യമായ കണ്ണുകളോടെ ഞാന്‍ ഇരുന്നിട്ടുണ്ട്. ഒഴിഞ്ഞ ഫയലിംഗ് കാബിനറ്റുകളുടെ നടുവില്‍ ഞാന്‍ തനിയെ പേപ്പറുകള്‍ തിരയുകയും കണക്കുകള്‍ എഴുതിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ഹെഡ്ഓഫീസ് കെട്ടിടത്തിന് വിലയിടാന്‍ വന്ന ബാങ്കുദ്യോഗസ്ഥരെ അവിടുത്തെ മഹാശൂന്യതയില്‍ അനുഗമിച്ചിട്ടുണ്ട്. പാപ്പരായി പ്രഖ്യാപിക്കും മുന്നേ ആസ്​തി കണക്കെടുക്കുന്നവരോടൊപ്പം പോയി ഉദകക്രിയയില്‍ പങ്കെടുക്കുകയും എമ്മിയെസ് കമ്പനി ജബല്‍ വസാത്തിലെ അന്തരീക്ഷത്തില്‍ വിലയം കൊള്ളുന്നതിന് സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്.

ചായയുമായി ലൈബിയുടെ അരികത്ത് ചെന്നപ്പോഴും വെളിയില്‍നിന്ന് പാറിവീഴുന്ന നേര്‍ത്ത വെട്ടം മാത്രമുള്ള മുറിയില്‍ അവള്‍ കുമ്പിട്ടിരിക്കുകയാണ്. ശ്രീധരന്റെ ദുരന്തപൂര്‍ണ്ണമായ അന്ത്യം ലൈബിയെ എന്തിന് ദുഃഖിതയാക്കുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആ അര്‍ത്ഥത്തില്‍ രാമചന്ദ്രനെയോ ഋഷികേശനെയോ ശാലീനയെയോ ഒന്നും എനിക്ക് മനസ്സിലായിട്ടില്ല. എത്ര അടുത്തയാളായാലും മറ്റേയാളെ മനസ്സിലാകാതെ ഇരിക്കുകയാണ് സ്വാഭാവികം. ലൈബിയ്ക്ക് എന്തിന് മനം ഇടിയണമെന്ന്, ശ്രീധരനെ എന്തു വേഷത്തിനോട് ചേര്‍ത്തുവച്ചാണ് അവള്‍ സങ്കല്‍പ്പിക്കുന്നതെന്ന ഉദ്വേഗം എന്നില്‍ നിറഞ്ഞു. ഒരായുസ്സിന്റെ മുഴുവന്‍ അനുരാഗവും ഒരുമിച്ചു തളിര്‍ത്ത പത്തുപതിനഞ്ച് ദിവസങ്ങളില്‍ മനസ്സില്‍ കവിഞ്ഞൊഴുകിയ കാമദേവനായിരുന്നയാള്‍ കറുത്ത് കരുവാളിച്ചുണങ്ങിയ ഒരു അനാഥശവമായി മോര്‍ച്ചറിയിലെ ഷെല്‍ഫില്‍ കിടക്കുന്നുവെന്ന് കേട്ടപ്പോള്‍പതറിപ്പോയെന്ന് ലൈബി വിതുമ്പി. അടുത്തേക്ക് വന്ന ലൈബി എന്റെ തോളത്ത് മുഖം അമര്‍ത്തി. ആശ്വാസം തേടി അവിടെ മുഖമണച്ച് നില്‍ക്കുന്ന ലൈബിയുടെ ശിരസ്സില്‍ മെല്ലെ തലോടി നില്‍ക്കുമ്പോള്‍ വാതില്‍ തുറന്ന് ശാലീന അകത്തുവന്നു.
‘ഇതാ രണ്ടു ധീരവനിതകള്‍, നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അവരുടെ തപ്ത നിമിഷത്തില്‍മുഴുകി നില്‍ക്കുന്നു’, ശാലീന അങ്ങനെ പറഞ്ഞിട്ടും അവള്‍ ആഗ്രഹിച്ച ഭാവമാറ്റം ഞങ്ങള്‍ മൂന്നാള്‍ക്കും ഉണ്ടായില്ല.
മൂന്നുപേരും ചായക്കപ്പുകള്‍ ചുണ്ടോടു ചേര്‍ത്ത് അവരവര്‍ പേറുകയായിരുന്ന ചിന്തകളിലേക്ക് തന്നെ വീണുപോയതിന്റെ അസാധാരണ മൗനം മുറിയില്‍ പടര്‍ന്നിരിക്കുന്നു.

ഓഫീസില്‍ നിന്നിറങ്ങി വക്കീലിനെ കാണാന്‍ പോയിട്ട് വന്ന ശാലീന ആ കൂടിക്കാഴ്ചയെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതുകൊണ്ട് നല്ല വാര്‍ത്തകള്‍ഒന്നുമില്ലെന്ന് എനിക്ക് മനസ്സിലായി. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി മൂന്നാല് മാസങ്ങളില്‍ ഒരു തവണ എന്ന ക്രമത്തില്‍ കോടതിയിലേക്കും വക്കീല്‍ ആഫീസുകളിലേക്കും ശാലീന പോകുന്നുണ്ട്. ആ കേസ് വിജയിച്ച് ആര്‍ട്ട് വേള്‍ഡിന്റെ സമ്പത്ത് വീണ്ടെടുത്ത് ഒരു ധനികയാവാം എന്ന് ശാലീന സ്വപ്നം കാണുന്നില്ല. ധനികത വളരെ ആപേക്ഷികമായ ഒരു സാമ്പത്തികാവസ്ഥ മാത്രമാണെന്നും ചില സൗകര്യങ്ങളും ഭൗതിക വസ്തുക്കളും വിലയ്ക്ക് വാങ്ങാന്‍ കാശുണ്ടാവും എന്നല്ലാതെ അതില്‍ കാമിക്കത്തക്കതായി വേറൊന്നുമില്ലെന്നും ശാലീന ഞങ്ങളോട് നിരന്തരം വാദിക്കാറുണ്ട്.

''പിന്നെ എന്തിനാണ് വ്യവഹാര ജ്വരം ബാധിച്ച പഴയ കാരണവന്മാരെപ്പോലെ വക്കീലാപ്പീസുകളും കോടതിയും കയറിയിറങ്ങുന്നത്? എന്തിനാണ് കേസ് കാര്യങ്ങളില്‍ ഇത്ര ജാഗ്രത?'' ഞാനും ലൈബിയും ചോദിക്കും.

അച്ഛനെ വീണ്ടെടുക്കാന്‍ ഒരു മകളുടെ വിനീതമായ ആഗ്രഹസാഫല്യ വഴിയിലെ യാത്രയാണ് കേസ് നടത്തി വിജയിക്കാനുള്ള തന്റെ ശ്രമങ്ങള്‍ എന്നാണ് ശാലീനയുടെ വ്യാഖ്യാനം. മറുപുറത്തെന്തെന്ന് അറിയാന്‍ ഒരു മാര്‍ഗവുമില്ലാത്ത നീണ്ട കോടതി വ്യവഹാരങ്ങളുടെ ഇരുണ്ട തുരങ്കത്തിലൂടെ ആ യാത്ര തുടങ്ങിയിട്ട് ഇപ്പോള്‍ പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. തുടക്കത്തില്‍ ശാലീനയുടെ പക്ഷത്ത് ധാരാളം പേര്‍ പിന്തുണക്കാരായി ഉണ്ടായിരുന്നു. കാലം കഴിഞ്ഞ് പോകവേ അവര്‍ക്ക് ഉണ്ടായിരുന്ന അത്യുത്സാഹത്തിന് ഓജസ്സ് വറ്റി താത്പര്യം നശിച്ച് അവര്‍ ഉദാസീനത പുലര്‍ത്താന്‍ തുടങ്ങി. എന്നിട്ടും ആരംഭത്തിലെ അതേ ആവേശവുമായി ശാലീന വക്കീലുമാരുടെയും കേസിന്റെയും കോടതിയുടെയും പിന്നാലെ പോയി. ശാലീനയ്ക്ക് തിരിച്ചുകിട്ടിയ അച്ഛനെയാണ് പൊടുന്നനെ നഷ്ടപ്പെട്ടത്. ഞങ്ങള്‍ മൂന്നാളും ചേര്‍ന്നുള്ള പഴയ ജീവിതം മടങ്ങി വരണമെന്ന അവളുടെ തീവ്രമായ മോഹം സഫലമാകാന്‍ ആരംഭിച്ചിരുന്നു. കവിതകള്‍ പിന്നീട് ഉണ്ടായില്ലെങ്കിലും രാമചന്ദ്രന്റെ കവിത്വം ബിസിനസ്സ് ആശയങ്ങളായി പുഷ്പിച്ച് പുലര്‍ന്നു. ദില്‍മുനിയയില്‍ ഇടയ്ക്കിടെ മലയാളി ധനികരുടെ താരോദയങ്ങള്‍ ഉണ്ടാവും. തൊഴിലാളിയായി തുടങ്ങി ധനികപദവിയിലേക്ക് നീങ്ങുന്നയാളുകള്‍ മലയാളി സമാജത്തിലും ഇതരസംഘടനകളിലും നടക്കുന്ന കലാപരിപാടികള്‍ക്ക് സംഭാവനകള്‍ ചെയ്താണ് ഇതാ ഒരു ധനികന്‍ ആവിര്‍ഭവിച്ചിരിക്കുന്നു എന്ന് വിളംബരം ചെയ്യുന്നത്.

പരിപാടിക്കിടയില്‍ സംഘാടകര്‍ നവധനികനെ പുകഴ്ത്തലുകള്‍ കൊണ്ട് അഭിഷേകം ചെയ്ത് ആദരിക്കും. സമൂഹത്തിന്റെ അംഗീകാരങ്ങളും തേടി ധനികന്‍ ആളുകൂടുന്ന സ്ഥലത്തെല്ലാം പോകും. പണം കൊടുത്താല്‍ കിട്ടുന്ന ഡോക്റ്ററേറ്റ് ഒരെണ്ണം വാങ്ങി പേരിന് മുന്നില്‍ ചേര്‍ക്കും. ചിരി ഒളിപ്പിച്ച മുഖമുള്ള പ്രോഗ്രാംസംഘാടകര്‍ ഡോക്ടര്‍ ചേര്‍ത്ത് അദ്ദേഹത്തിന്റെ പേര് മൈക്കിലൂടെ ആവര്‍ത്തിക്കും. അദ്ദേഹം പ്രത്യക്ഷപ്പെടുന്ന സദസ്സുകളില്‍ ആളിന്റെ സന്മനസ്സും ഉദാരമായ സംഭാവനകളുടെ കഥകളും പ്രചരിപ്പിക്കാന്‍ തന്റെ ഉപഗ്രഹങ്ങളെക്കൂടി കൊണ്ട് നടക്കും. അവര്‍ക്കുള്ള ചെലവുകള്‍ വഹിക്കും. ഒരു ധനികതാരം അസ്തമിച്ച് പിന്‍വാങ്ങുമ്പോള്‍ കൂടുതല്‍ കേമനായ മറ്റൊരു ധനികന്‍ ജനിക്കും. ആര്‍ട്ട് വേള്‍ഡും കലാപരിപാടികള്‍ക്ക് സംഭാവനകള്‍ ചെയ്തു തുടങ്ങി. ആര്‍ട് വേള്‍ഡ് മേധാവികളെ കാണാന്‍ സമൂഹത്തിലെ പ്രമുഖരായവര്‍ കാത്തുനില്‍ക്കുന്നതിന്റെ സുഖം അവര്‍ രണ്ടുപേരും ആസ്വദിച്ചു. തന്നെക്കാണാനെത്തിയ പ്രമുഖരുടെ പേരുകള്‍ എന്നോടും ശാലീനയോടും പറഞ്ഞ് തങ്ങളുടെ സമൃദ്ധി വെളിവാക്കുന്നതില്‍ അവര്‍ക്ക് അഭിമാനം ഉണ്ടായിരുന്നു. കാലക്കേടിന്റെ അഴുകിദ്രവിച്ച സമയം കടന്ന് തന്റെ ജന്മരാശികള്‍ വ്യാഴത്തിലേക്ക് മാറുന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ സന്തോഷം രാമചന്ദ്രനില്‍ തിളച്ചുമറിഞ്ഞു. യാതൊന്നും ചെയ്യാതെ വീട്ടിനുള്ളില്‍ അടച്ചിരുന്ന് നഷ്ടപ്പെടുത്തിയ അഞ്ചുവര്‍ഷങ്ങളെ തിരിച്ചുപിടിക്കണമെന്ന് ശാലീനയെ അവളുടെ അച്ഛന്‍ നിരന്തരം ഉദ്‌ബോധിപ്പിച്ചു. അതിന്റെ ഫലമായാണ് ശാലീന ദില്‍മുനിയയിലെ പാശ്ചാത്യ യൂണിവേഴ്‌സിറ്റിയുടെ അഞ്ചുവര്‍ഷ ആര്‍ക്കിടെക്ചര്‍ കോഴ്‌സ് പഠിക്കാന്‍ ചേര്‍ന്നത്. അതിധനികരുടെ സന്തതികള്‍ പഠിക്കുന്ന ചിലവേറിയ കാമ്പസ് ആയിട്ടും രാമചന്ദ്രന്‍ സന്തോഷത്തോടെ മകളെ പഠിക്കാനയച്ചു.

മലേഷ്യയില്‍ നിന്നോ തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നോ ഇറക്കുമതി ചെയ്യുന്ന മരത്തടിയില്‍ കൈവേല മിടുക്കുള്ള കൊത്തുപണിക്കാരായ മേശിരിമാര്‍ സമയമെടുത്ത് ചെയ്തുണ്ടാക്കുന്ന വീട്ടകസാമാനങ്ങള്‍ക്ക് ചിലവും നല്ലലാഭവും ചേര്‍ത്ത് കണക്കുകൂട്ടി വിലയിടുക യായിരുന്നു ആര്‍ട്ട് വേള്‍ഡിലെ പതിവ്. അതേ ഇനങ്ങളില്‍ ചൈനയില്‍ നിന്ന് വരുന്ന കൂടുതല്‍ കാഴ്ചഭംഗിയുള്ള ഉരുപ്പടികള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മറ്റ് വ്യാപാരികള്‍ വില്‍ക്കാന്‍ തുടങ്ങി. ആര്‍ട്ട് വേള്‍ഡിന് മത്സരത്തില്‍ പിടിച്ച് നില്‍ക്കാന്‍ തങ്ങളുടെ ലാഭം ഉപേക്ഷിച്ച് ചെലവ് എങ്കിലും തിരിച്ചുകിട്ടാന്‍ പണിപ്പെടേണ്ടി വരുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറുകളും ഗൃഹാലങ്കാര സാമഗ്രികളും യന്ത്രോൽപാദനം ചെയ്ത് ഉണ്ടാക്കുന്നവയായതുകൊണ്ട് അവയുടെ ഭംഗിപൂര്‍ണ്ണതയും മിഴിവും കൈപ്പണിയില്‍ ചെയ്തവയേക്കാള്‍ മെച്ചത്തിലാവും.

ആഗോളവത്കരണത്തിന് പ്രഭാവം സിദ്ധിച്ചപ്പോള്‍ അത് ലോകവ്യാപാരരംഗത്തിന്റെ ബലതന്ത്രങ്ങളെയും സമവാക്യങ്ങളെയും പാടെ മാറ്റിയെഴുതി. യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഉരുപ്പടികള്‍ക്ക് ഗള്‍ഫിലെ കമ്പോളങ്ങളില്‍ ഉണ്ടായിരുന്ന മേധാവിത്വത്തെ വെല്ലുവിളിച്ചും തോല്‍പ്പിച്ചും ചൈന മുന്നേറാന്‍ തുടങ്ങി. വാങ്ങാന്‍ ശേഷിഅധികമുള്ള ദില്‍മുനിയയിലെ ജനതയെയും ചൈനയിലെ ഉത്പന്നങ്ങള്‍ വശീകരിച്ചു. ആര്‍ട്ട് വേള്‍ഡ് അതിനോടകം ഉണ്ടാക്കിയ ബ്രാന്‍ഡ് മേന്മ പിടിച്ച് നില്‍ക്കുമെന്ന സൈനബിന്റെ നിഗമനം ഫലിക്കാതെ പോകുന്നത് അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. തങ്ങളുടെ ശൈലി മാറ്റിയില്ലെങ്കില്‍ കമ്പോളത്തില്‍ നിന്ന് തങ്ങള്‍ പുറത്താക്കപ്പെടുമെന്ന് രാമചന്ദ്രനും ഋഷികേശനും പുതിയ സഹസ്രാബ്​ദത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ബോധ്യമായതാണ്.

ആര്‍ട്ട് വേള്‍ഡിന് ശൈലി മാറ്റാതെ തരമില്ലെന്ന് വന്നു. രാമചന്ദ്രനും ഋഷികേശനും അവരുടെ വിപണി സാധനങ്ങള്‍ കണ്ടെത്താനും തിരഞ്ഞെടുക്കാനും ചൈനയിലേക്ക് യാത്രകള്‍ ചെയ്തു. ചിലപ്പോള്‍ അവരോടൊപ്പം അര്‍ബാബും പോയി. പ്രായം കൂടി വരുന്നത് കാരണം വിമാനയാത്രകളില്‍ തനിക്ക് പരിചരണം ആവശ്യമുണ്ടെന്നും ഈജിപ്തുകാരിയായ യുവഭാര്യയെ കൂടെക്കൊണ്ടു പോകണമെന്നും അര്‍ബാബ് നിര്‍ബന്ധിക്കും. ഒരാളിന്റെ കൂടി യാത്രാ ചെലവ്​ ആര്‍ട്ട് വേള്‍ഡിന് അത്ര സാരമായ കാര്യമല്ല. തന്റെ സൗന്ദര്യവര്‍ദ്ധക സാമഗ്രികളും ആഭരണങ്ങളും വസ്ത്രങ്ങളും തിരഞ്ഞു നടക്കാനും അവയുടെ ഷോപ്പിങ്ങിന് പോകാനുമാണ് ഈജിപ്തുകാരിയ്ക്ക് കൂടുതല്‍ താത്പര്യം. അവര്‍ പോകുന്നിടത്തേക്ക്​ അര്‍ബാബിനെയും കൂടെക്കൂട്ടും. യാത്രയുടെ മുഖ്യ ഉദ്ദേശ്യം അങ്ങനെ അലസിപ്പോകും. ഈജിപ്തുകാരി കൂട്ടത്തില്‍ വരേണ്ട അല്ലെങ്കില്‍ അര്‍ബാബ് തന്നെ വേണ്ട എന്ന് മറ്റ് രണ്ടുപേര്‍ക്കും പറയേണ്ടി വരുന്ന ഘട്ടത്തിലേക്ക് എത്തി.

രാമചന്ദ്രനും ഋഷികേശനും തങ്ങളുടെ നിലവിട്ട് അഹങ്കരിക്കുന്നുവെന്നും അവരെ മര്യാദ പഠിപ്പിക്കണമെന്നും കുപിതനായ അര്‍ബാബിനെ സമാധാനിപ്പിച്ചു ശാന്തനാക്കാന്‍ സൈനബിന് ഏറെ പണിപ്പെടേണ്ടി വന്നു. ഈജിപ്തുകാരി ഭാര്യയുമായി അര്‍ബാബിന് പോകാന്‍ ആര്‍ഭാടങ്ങളും ഫാഷനും വാങ്ങാന്‍ കിട്ടുന്ന യൂറോപ്പിലെ നഗരങ്ങളിലേക്കുള്ള യാത്രകള്‍ സൈനബ് ഏര്‍പ്പാട് ചെയ്തു. ആര്‍ട്ട് വേള്‍ഡിന്റെ ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് രാമചന്ദ്രനും ഋഷികേശനും മാത്രം ചൈനയിലേക്ക് പോയാല്‍ മതിയാകുമെന്നും തീരുമാനമായി. ചൈനയില്‍ നിന്ന് എത്തിച്ചേരുന്ന ഉരുപ്പടികള്‍ തങ്ങള്‍ തിരഞ്ഞെടുത്ത നിറത്തില്‍ത്തന്നെ ആകാതിരിക്കുക, ഒരേ മേശയുടെ കാലുകള്‍ നാലും ചേര്‍ച്ചയുള്ളവ ആകാതിരിക്കുക, കൃത്യസമയത്ത് ഉരുപ്പടികള്‍ എത്തിച്ചേരാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അധികമുണ്ടായി. ആര്‍ട്ട് വേള്‍ഡ്‌നുള്ള കയറ്റുമതികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു ലൈസാന്‍ ഓഫീസ് ചൈനയില്‍ തുടങ്ങാമെന്ന് നിശ്ചയിച്ചു. അതിനുവേണ്ടി ചൈനയില്‍ പോയ രാമചന്ദ്രനും ഋഷികേശനും അനുമതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്ത് മൂന്നാഴ്ചയോളം കഴിഞ്ഞാണ് തിരിച്ച് വന്നത്. അവിടെ രാമചന്ദ്രന്‍ ലൈസാന്‍ ഓഫീസിന് വേണ്ടി അനുമതി പേപ്പറുകളുടെ പിന്നാലെ പോകുമ്പോള്‍ ഋഷികേശന്‍ ഫര്‍ണിച്ചര്‍ ഷോറൂമുകള്‍ സന്ദര്‍ശിച്ചു. വന്‍തോതില്‍ ഫര്‍ണിച്ചറുകള്‍ ഉത്പാദിപ്പിക്കുന്ന നിര്‍മ്മാണകേന്ദ്രങ്ങളിലേക്ക് പോയി. അവിടെ കണ്ട് മനസിലാക്കിയ അനേകം പുതിയ രൂപകല്പനനകളുടെയും മനോഹര ഡിസൈനുകളുടെയും കോരിത്തരിപ്പിലാണ് ഋഷികേശന്‍ മടങ്ങിയെത്തിയത്.

പിറ്റെന്നാള്‍ ശനിയാഴ്ച രാവിലെ ഓഫീസിലേക്ക് പോകാനുള്ള ഒരുക്കങ്ങളുമായി ഞാന്‍ വീട്ടിനുള്ളില്‍അങ്ങുമിങ്ങും ഓട്ടത്തിലായിരിക്കുമ്പോള്‍ എല്ലാ ടെലിഫോണുകളും ഒരുമിച്ച് റിംഗ് ചെയ്യാന്‍ തുടങ്ങി. എന്തെല്ലാമോ വിളിച്ചു പറയുന്ന അളിയന്റെയും ലൈബിയുടെയും ശബ്​ദത്തില്‍ പരിഭ്രാന്തി നിറഞ്ഞിരുന്നു. ആ ബഹളങ്ങളിലേക്കാണ് ഞാന്‍ രാമചന്ദ്രനെ വിളിച്ചുണര്‍ത്തിയത്. അപ്പോഴേക്കും ദീര്‍ഘദൂര വിമാനയാത്രയുടെ ആലസ്യത്തില്‍ ആയിരുന്ന ഋഷികേശന്‍ ഉറങ്ങിക്കൊണ്ടുതന്നെ താഴേക്ക് ഓടിയിറങ്ങി വന്നു. ഒന്നും മനസ്സിലാവാതെ ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍പെട്ടിരിക്കുന്ന രാമചന്ദ്രന്റെ ഒപ്പം ഋഷികേശനുമിരുന്നു.

ആര്‍ട്ട് വേള്‍ഡിന്റെ ഹെഡ് ഓഫീസിനുമുന്നില്‍ നിന്ന് അളിയന്‍ പറയുന്നത്, ഓഫീസിന്റെ വാതിലുകള്‍ പൂട്ടി സീല്‍ വച്ചിരിക്കുന്നു, ആര്‍ക്കും അകത്തേക്ക് കടക്കാന്‍ ആവുന്നില്ല എന്നാണ്. ഷോറൂമുകളിലും വര്‍ക്ക് ഷോപ്പിലും ജോലി ചെയ്യുന്നവരും അങ്ങിനെ തന്നെ അറിയിച്ചു. അര്‍ബാബിന്റെ മൂന്നു ഫോണുകളിലെക്കും സൈനബ് വിളിച്ചു നോക്കുന്നുണ്ട്. മൂന്നും ഓഫ് ആക്കിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് സൈനബ് അവരോട് പറഞ്ഞു. സൈനബും ഹെഡ് ഓഫീസിന് വെളിയില്‍ എത്തിയിട്ടുണ്ട്. സൈനബിന്റെ അരികില്‍ നിന്നാണ് ലൈബി സംസാരിക്കുന്നത്. അര്‍ബാബ് താമസിക്കുന്നത് ഈജിപ്തുകാരി ഭാര്യയോടൊപ്പം മനാനയിലെ കോമ്പൗണ്ടിലുള്ള വില്ലയില്‍ ആയതിനാല്‍ അര്‍ബാബിന്റെ ഫോണിന് എന്ത് പറ്റിയെന്ന് മനസ്സിലാക്കാനും സൈനബിന് കഴിയുന്നില്ല. ആര്‍ട്ട് വേള്‍ഡിന്റെ കമ്മേഴ്‌സ്യല്‍ ലൈസന്‍സ് പുതുക്കുവാന്‍ സമയമായിട്ടുണ്ട്. പതിവായി ചെയ്യാറുള്ളതുപോലെ പുതുക്കല്‍ പ്രമാണിച്ച് സ്ഥാപനത്തിന്റെ എല്ലാ അംഗീകാരങ്ങളും അടങ്ങിയ രേഖകള്‍ രണ്ടുമൂന്നാഴ്ചകള്‍ക്ക്മുമ്പ് അര്‍ബാബ് വാങ്ങിക്കൊണ്ട് പോയിരുന്നുവെന്ന് സൈനബ് ഓര്‍ത്തു. ആസ്തി ബാധ്യതകളും വരവുചെലവുകളും വ്യകതമാക്കുന്ന ആഡിറ്റ് അക്കൗണ്ടും അതില്‍ പെട്ടിരുന്നു.

അല്‍പ നേരം കഴിഞ്ഞ് അളിയന്‍ വീണ്ടും വിളിച്ചു. ആധികാരികമായി സംസാരിക്കുന്ന രണ്ടു മൂന്നു പേര്‍അളിയന്റെ മുന്നിലുണ്ട്. കോട്ടും സ്യൂട്ടും അണിഞ്ഞ് എക്‌സിക്യൂട്ടീവുകളുടെ ചലനങ്ങളും ശരീരഭാഷയും ഉള്ളവര്‍. കഴിഞ്ഞുപോയ നാലഞ്ച് ആഴ്ചകളില്‍ പല ദിവസങ്ങളില്‍ പല നേരങ്ങളില്‍ ഷോറൂമില്‍ വന്ന് ഫര്‍ണിച്ചറുകളും കലാവസ്തുക്കളും നോക്കി ഏറെനേരം ചെലവഴിച്ച അവരെ അളിയന്‍ തിരിച്ചറിഞ്ഞു. എല്ലായിടവും നടന്ന് നോക്കിയിട്ടും ഒന്നും വാങ്ങാതിരുന്നവരെന്ന നിലയില്‍ അളിയന്‍ അവരെ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ആര്‍ട്ട് വേള്‍ഡിന്റെ ഉടമസ്ഥന്‍ ആയ മഹ്ദി അല്‍ നജ്ജാര്‍ ആ സ്ഥാപനം അവരുടെ കമ്പനിക്ക് വില്പന നടത്തിക്കഴിഞ്ഞു. എല്ലാ പണമിടപാടുകളും ബാങ്ക് വഴിയുള്ള കൈമാറ്റങ്ങളായി രണ്ട് ദിവസം മുന്നേ, വ്യാഴാഴ്ച തന്നെ സംഭവിച്ചു.

അളിയന്റെ മുന്നിലുള്ളവര്‍ എത്തിയിട്ടുള്ളത് ഓഫീസും ഷോറൂമുകളും ഏറ്റെടുക്കാനാണ്. എല്ലാ ജോലിക്കാരും അവരവരുടെ ജോലികളില്‍ തുടരണമെന്നാണ് പുതിയ ഉടമസ്ഥരുടെ ആഗ്രഹം. പിരിഞ്ഞ് പോകേണ്ടവര്‍ക്ക് പോകാം. അഡ്മിനിസ്​ട്രേഷൻ ആന്‍ഡ് ഫൈനാന്‍സ് മാനേജരായും ഓപ്പറേഷന്‍സ് മാനേജരായും രണ്ടുപേരെ പുതിയ ഉടമസ്ഥര്‍ നിയമിച്ചിട്ടുണ്ട്. ആ രണ്ടു പേരാണ് സൈനബിനോടും അളിയനോടും സംസാരിക്കുന്നത്. ആ സ്ഥാനങ്ങളിലുണ്ടായിരുന്നവര്‍ക്ക് കണക്കുകള്‍ പരിശോധിച്ച് കമ്പനിയില്‍ നിന്ന് എന്തെങ്കിലും കിട്ടാനുണ്ടെങ്കില്‍ വാങ്ങി പിരിഞ്ഞുപോകാം. പിരിഞ്ഞുപോകേണ്ട രണ്ടുപേര്‍ രാമചന്ദ്രനും ഋഷികേശനുമാണ്. അര്‍ബാബിനെ പ്രതിനിധാനം ചെയ്തുകൊണ്ട് ആര്‍ട്ട് വേള്‍ഡ് മാനേജ്‌മെന്റ് കാര്യങ്ങളില്‍ പങ്കെടുത്തിരുന്ന ആളായിരുന്നതിനാല്‍സൈനബിന് പ്രത്യേക തസ്തിക ഉണ്ടായിരുന്നില്ല. അതുകൊണ്ട് സൈനബിന് പിരിഞ്ഞ് പോകാനുള്ള പ്രസക്തി പോലുമില്ല.

വരാനിരിക്കുന്ന എല്ലാ ഉറക്കങ്ങളേയും പിടിച്ചുലച്ച ആ വാര്‍ത്തകള്‍ സൃഷ്ടിച്ച ആന്തരിക വിസ്ഫോടന ത്തിന്റെ അഗ്‌നിയില്‍ ഉണര്‍ന്നുപോയ ഋഷികേശന് പച്ചയ്ക്ക് അവിടെ അപ്പോള്‍ ഇരിക്കുവാന്‍ കഴിഞ്ഞില്ല. അയാള്‍ മനോവിഭ്രാന്തിയുടെ ലക്ഷണങ്ങളോടെ പിച്ചുംപേയും പറഞ്ഞ് കൊണ്ട് മുകളില്‍ അയാളുടെ ഫ്ലാറ്റില്‍ കരുതിയിട്ടുള്ള മദ്യക്കുപ്പി എടുക്കാന്‍ കുതിച്ചും വേച്ചും കയറിപ്പോയി. തന്റെ മുന്നില്‍ പൊടുന്നനെ രൂപപ്പെട്ട കൂരിരുട്ടിന്റെ മഹാഗര്‍ത്തത്തിന് മുന്നില്‍ രാമചന്ദ്രന്‍ ശബ്​ദം നഷ്ടപ്പെട്ട് തളര്‍ന്ന് ഇരുന്നു. തളരരുത് എന്ന് മന്ത്രിച്ച് അരികില്‍ ഇരിക്കാനല്ലാതെ എനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പുതിയതായി ചേര്‍ന്ന ജോലി സ്ഥലത്തേക്ക് പോയിക്കഴിഞ്ഞിരുന്ന ശാലീനയെ വിളിച്ചറിയിച്ചത് ലൈബിയാണ്. പാഞ്ഞെത്തിയ ശാലീനയെ അരികില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് പേടിപ്പെടുത്തും വിധം ശൂന്യമായ ദൃഷ്ടികളോടെ തൊട്ട് മുന്നിലുള്ളതൊന്നും കാണാനാവാതെയാണ് രാമചന്ദ്രന്‍ ഇരുന്നത്. രാമചന്ദ്രന് തന്റെ ശബ്​ദം നഷ്ടപ്പെട്ട് പോയിരുന്നു.

പൊടുന്നനെ ശൂന്യമായിപ്പോയ ആ കണ്ണുകള്‍ രാമചന്ദ്രന്റെ ജീവിതത്തിന്റെ പ്രതീകമായി. ആര്‍ട്ട് വേള്‍ഡ് നഷ്ടപ്പെടുമ്പോള്‍ വഴിമുട്ടി ദാരിദ്ര്യപ്പെട്ടു പോകുന്നതായിരുന്നില്ല ഞങ്ങളുടെ അവസ്ഥ.

എമ്മിയെസ് കമ്പനിയില്‍ എനിക്ക് ഭേദപ്പെട്ട ജോലിയുണ്ട്. പേരെടുത്ത ആര്‍ക്കിടെക്​ടിന്റെ ഓഫീസില്‍ ശാലീന തന്റെ ഉദ്യോഗകാലം ആരംഭിച്ചു. ശാലീനയെപ്പോലെ ഞങ്ങളുടെ ഒപ്പമുള്ള ലൈബിയ്ക്കും തൊഴിലും സമ്പാദ്യവും ഉണ്ട്. ബോംബെയില്‍ സമ്പന്നരുടെ കോളനിയില്‍ രാമചന്ദ്രന്‍ ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. ബാങ്ക് ബാലന്‍സ് കുറേയുണ്ട്. എന്നിട്ടും ആ പ്രഹരം രാമചന്ദ്രനെ വീഴ്ത്തിക്കളഞ്ഞു. ആര്‍ട്ട് വേള്‍ഡിന്റെ തുടക്കം മുതല്‍ക്കേ ഞങ്ങളുടെ ചുറ്റിനും നിന്ന് അനേകം പേര്‍ ഉപദേശങ്ങളും താക്കീതുകളും നല്‍കിയിരുന്നു. ലാഭമായി കിട്ടുന്ന പണം മുഴുവനും ആര്‍ട്ട് വേള്‍ഡില്‍ നിക്ഷേപിച്ച് അതിനെ വളര്‍ത്തുന്നത് അഹങ്കാരമാണെന്ന് വിധിയെഴുതിയവരുണ്ട്. അവരാണ് ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. അവര്‍ക്കെല്ലാം ഉണ്ടായ വിജയാഹ്ലാദത്തിന്റെ അലയൊലികള്‍ക്ക് ഞങ്ങളുടെ നല്ലതിനെക്കൂടി കാഴ്ചയില്‍ നിന്ന് മറയ്ക്കുവാന്‍ ശകതിയുണ്ടായിരുന്നു. ഗുണദോഷ വിചാരണക്കാരുടെ മുഴുവന്‍ കുറ്റപത്രങ്ങളും രാമചന്ദ്രന്‍ ഏറ്റുവാങ്ങി. വമ്പിച്ച പരാജയത്തില്‍ അവസാനിച്ച ശുഭകാമനയെ ശപിച്ചും നീറിപ്പുകഞ്ഞും ഇരിപ്പുറക്കാതെ വീട്ടിനുള്ളില്‍ കഴിഞ്ഞു. പൊട്ടിത്തെറിയ്ക്കുവാന്‍ നേരമടുക്കുന്ന സ്ഫോടക വസ്തുവില്‍ ഘടിപ്പിച്ചിട്ടുള്ള സമയ മാപിനിയുടെ ടിക് ടിക് ശബ്​ദമായിട്ടാണ് രാമചന്ദ്രന്റെ ഹൃദയമിടിപ്പ് ഞാന്‍ കേട്ടത്.

ആ ദിവസങ്ങളില്‍ ഞാന്‍ അവധിയെടുത്ത് രാമചന്ദ്രന് കൂട്ടിരുന്നു. തനിക്കു വരുന്ന ധാരാളം ടെലിഫോണ്‍ വിളികളുടെ ശബ്​ദങ്ങളോട് രാമചന്ദ്രന്‍ഭ്രാന്തന്മാര്‍ പ്രതികരിക്കുന്ന വിധം ചേഷ്ടകള്‍ കാട്ടി.ഫോണുകള്‍ എല്ലാം ഓഫ് ചെയ്തു വച്ചിട്ടും വിളികള്‍ വരുന്നുവെന്ന് മതിഭ്രമത്തില്‍ അസ്വസ്ഥനായി ചെവികളില്‍ വിരലുകള്‍ കടത്തി ഇല്ലാത്ത ശബ്​ദങ്ങളെ തടയാന്‍ ശ്രമിക്കും. എവിടെയും ഇരിക്കാതെയും കിടന്നുറങ്ങാതെയും തലയില്‍ ഒരു നെരിപ്പോട് കത്തും പോലെ അശാന്തനായി വീട്ടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രാമചന്ദ്രന്റെ തലയിലെ കഷണ്ടി കഴിഞ്ഞ ബാക്കി മുടിയെല്ലാം നരച്ചു വെളുത്തത് എങ്ങിനെയെന്ന് മനസ്സിലാക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല. ആര്‍ട്ട് വേള്‍ഡ് കൈവിട്ടു പോയതിന്റെ ആഘാതം ഞങ്ങള്‍ മൂന്നു സ്ത്രീകള്‍ക്കും അനുഭവപ്പെടാന്‍ പഴുതില്ലാത്ത വിധം അസാധാരണമായിരുന്നു രാമചന്ദ്രന്റെ വിഭ്രാമകമായ പ്രതികരണങ്ങള്‍. ആ ഉള്ളുരുക്കം കാണാത്തതെന്തെന്നു വര്‍ഷങ്ങളായി നീക്കുപോക്കില്ലാതെ പ്രാര്‍ഥിക്കുന്ന ദൈവങ്ങളോട് അപേക്ഷിക്കാന്‍ ഞങ്ങള്‍ നടത്തിയ അഭ്യര്‍ഥനകളോടും പ്രതികരിച്ചില്ല.

വിഭ്രാന്തിയുടെ ഉന്മത്താവസ്ഥ ഏഴെട്ടു ദിവസങ്ങള്‍ നീണ്ടു നിന്നു. ഒമ്പതാം നാള്‍ പുലര്‍ച്ചയ്ക്ക് കട്ടിലില്‍ അനക്കമറ്റു കിടക്കുന്ന രാമചന്ദ്രനെയാണ് ഞങ്ങള്‍ കണ്ടത്. ദേഹോഷ്മാവും ഹൃദയസ്പന്ദനങ്ങളും അപ്പോള്‍ നിലച്ചിരുന്നു. മാസീവ് ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു. ഞങ്ങളോട് യാത്രാമൊഴികള്‍ ഒന്നും പറയാതെയാണ് രാമചന്ദ്രന്‍ പോയത്. രാമചന്ദ്രന്റെ കവി മനസ്സ് മടങ്ങി വന്നു ബിസിനസ് ചെയ്യുന്നതിന്റെ ചാരുത ജീവിതത്തില്‍ ശോഭ പരത്താന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മൂന്നു പേരും പഴയ മൂന്നു പേരായി വീണ്ടും കൂടിച്ചെര്‍ന്നതിന്റെ നല്ല നാളുകള്‍ തിടം വച്ചു വരികയായിരുന്നു. നേരിയ ശ്രുതി ഭംഗം പോലുമുണ്ടാക്കാതെ ലൈബിയും ഞങ്ങളുടെ ഈണത്തിലേക്ക് ചേര്‍ന്നതിന്റെ സൌന്ദര്യം അനുഭവിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വേണ്ടവിധം വിട പറയാന്‍ അവസരം കിട്ടാതിരുന്നതിന്റെ വേദന ഞങ്ങള്‍ മൂന്നുപേരും ഇടയ്ക്കിടെ പങ്കുവയ്ക്കും.

അര്‍ബാബ് എങ്ങോട്ടാണ് സ്ഥലം വിട്ടതെന്ന് ആര്‍ക്കും അറിയില്ല. ഈജിപ്തുകാരി ഭാര്യ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയിരിക്കാം. ആര്‍ട്ട് വേള്‍ഡ് വില്പന നടത്തിയപ്പോള്‍ കിട്ടിയ ഭീമമായ സ്വത്തുപയോഗിച്ച് ഏതെങ്കിലും യൂറോപ്യന്‍ നഗരത്തില്‍ വീട് വാങ്ങി ചെറുപ്പക്കാരിയായ ഭാര്യയോടൊപ്പം ശിഷ്ടകാലം ജീവിക്കാമെന്ന് തീരുമാനിച്ചതാവാം. സൈനബോ അവരുടെ കുടുംബാംഗങ്ങളില്‍ ആരെങ്കിലുമോ പിന്നീട് ഇതേവരെ അര്‍ബാബിനെ കണ്ടിട്ടില്ല. ഈജിപ്തുകാരി ഭാര്യയുടെ ധനമോഹം തന്റെ പിതാവിനെ അപായപ്പെടുത്തിയിട്ടുണ്ടാവുമോ എന്ന് സൈനബിന് സംശയമുണ്ട്. മഹ്ദി അല്‍ നജ്ജാര്‍ എന്ന വൃദ്ധന്‍ എവിടെയോ ഒരിടത്ത് ആ സ്ത്രീയുടെയും അവരുടെ കിങ്കരന്മാരുടെയും ബന്ധനത്തില്‍ കിടന്ന് പാടുപെടുന്നുണ്ടാവുമോയെന്ന് ഭാവന ചെയ്തു നോക്കുന്നത് എന്റെയും ശീലമായി. ബന്ധുക്കളും നാട്ടുകാരും അളിയനും ആര്‍ട്ട് വേള്‍ഡിന്റെ പുതിയ മാനേജ്‌മെന്റിന് കീഴില്‍ അവരുടെ ജോലികള്‍ തുടര്‍ന്നപ്പോള്‍ ലൈബി മാത്രം തനിക്ക് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു. പത്ത് വര്‍ഷങ്ങളോളം ആര്‍ട്ട് വേള്‍ഡില്‍ ജോലി ചെയ്ത് സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ച് ഒരു ലേഡീസ് ടെയിലറിംഗ് ഷോപ്പ് തുടങ്ങാന്‍ ലൈബിയെ സഹായിച്ചത് സൈനബ് ആണ്. തന്നെപ്പോലെ അപകടങ്ങള്‍ പിണഞ്ഞ സ്ത്രീകള്‍ക്ക് ആ കട ആശ്രയമാകണമെന്ന നിശ്ചയം ലൈബി ഉള്ളില്‍ പേറുന്നുണ്ട്. രേഖകളില്‍ ആര്‍ട്ട് വേള്‍ഡിന്റെ ഉടമസ്ഥന്‍ മഹ്ദി അല്‍ നജ്ജാര്‍ ആണെങ്കിലും കമ്പനിയുടെ ലെറ്റര്‍ ഹെഡില്‍ ടൈപ്പ് ചെയ്ത് ഒപ്പും സീലും വച്ച മറ്റൊരു ഉടമ്പടിയുണ്ട്. അതില്‍ മൂന്നുപേര്‍ക്കും ഇടയിലെ പ്രത്യേകകരാര്‍ വ്യകതമായി വിശദീകരിച്ചിട്ടുണ്ട്. അതിന്മേലാണ് കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചത്. ആര്‍ട്ട് വേള്‍ഡ് പൂര്‍ണ്ണമായും രാമചന്ദ്രന്റെയും ഋഷികേശന്റെയും കഴിവിന്റെയും അദ്ധ്വാനത്തിന്റെയും പ്രതിഭയുടെയും ഫലമാണെന്ന് സൈനബ് കോടതിയില്‍ സാക്ഷിമൊഴി കൊടുത്തു. അജ്‌നബികളായ ഹിന്ദികളുടെ പക്ഷം ചേര്‍ന്നതിന് കുടുംബത്തിലും ഗോത്രത്തിലും സൈനബ് ഒറ്റപ്പെടുകയും വലിയ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടുകയും ചെയ്തു. അജ്‌നബി, വിദേശി ആയതോ ഹിന്ദിയെന്ന് അറബികള്‍ വിളിക്കുന്ന ഇന്ത്യാക്കാരനായതോ അവര്‍ സമ്പാദിച്ച പണം കൊണ്ട് താന്‍ ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിഷയമായിരുന്നില്ലല്ലോ എന്ന് സൈനബ് അവരോട് കലഹിച്ചു. അതുമൂലം അവരില്‍ നിന്നെല്ലാം അകന്നുപോയ സൈനബ് സ്വന്തം ഗ്രാമത്തിലേക്ക് പോകാറില്ല. പത്തുവര്‍ഷങ്ങളായി ലൈബി നടത്തുന്ന ലേഡീസ് ടെയിലറിംഗ് ഷോപ്പിന്റെ ലൈസന്‍സ് ഉടമയും രക്ഷകയും സൈനബ് ആണ്. സൈനബിനും ഭര്‍ത്താവിനും വേറെയും ടെയിലറിംഗ് ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളുമുണ്ട്. ഈ വീട്ടിലുള്ള ഞങ്ങള്‍ മൂന്നുപേരുടെയും ഏതാവശ്യത്തിന് ഫോണില്‍ വിളിച്ചാലും എത്ര വലിയ തിരക്കും മാറ്റി വച്ച് സൈനബ് അതില്‍ ഇടപെടും. കോടതി നടപടികളുടെ ദിവസങ്ങള്‍ ഓര്‍ത്ത് വച്ചിരുന്ന് ശാലീനയോട് എന്തുണ്ടായെന്ന് അന്വേഷിക്കുന്ന ഒരാള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. അത് സൈനബ് ആണ്. ഇന്നും ശാലീനയെ വിളിച്ച് എന്തുണ്ടായെന്ന് അന്വേഷിച്ച് മനസ്സിലാക്കിയിട്ടുണ്ടാവും.

നമ്മള്‍ പറയുന്നത് സത്യമാണ്. നീതിയും ധര്‍മ്മവും നമ്മുടെ പക്ഷത്താണ് അതിനാല്‍ കോടതിയില്‍ നേര് തെളിയും എന്ന സരളമായ യുക്തിയായിരുന്നു തുടക്കത്തില്‍ ഋഷികേശന്. ആര്‍ട്ട് വേള്‍ഡ് അയാളുടെ നിലനില്‍പ്പിന്റെ കാരണമായിരുന്നു. സഫിയത്ത് പോയതില്‍ പിന്നെ അയാള്‍ അളവില്ലാത്ത പ്രണയം മുഴുവനും ഒഴുക്കിയത് ആര്‍ട്ട് വേള്‍ഡിലേക്കാണ്. തന്റെ അപാരമായ പ്രണയ ഊർജ്ജം ആരിലെങ്കിലും, എന്തിലെങ്കിലും തൂവാതെ അയാള്‍ക്ക് ജീവനോടെയിരിക്കാന്‍ കഴിയില്ല.

ആര്‍ട്ട് വേള്‍ഡ് പോയതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ രാവിലെ കുളിച്ചൊരുങ്ങി വേഷംമാറി ആര്‍ട്ട് വേള്‍ഡ് വര്‍ക്ക്‌ഷോപ്പിലേക്കോ ഷോറൂമിലേക്കോ പോകുന്ന ഋഷികേശനെ പിടിച്ച് വീട്ടില്‍ കൊണ്ടുവരാന്‍ ശാലീനയും ലൈബിയും ഒരുപാട് പ്രയാസപ്പെട്ടു. അളിയനും നാട്ടുകാരും ബന്ധുക്കളും അവരുടെ ജോലി നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ പിറ്റേന്ന് തന്നെ ഷോറൂമിലും വര്‍ക്ക്‌ഷോപ്പിലും നേരത്തെപ്പോലെ ഹാജരാകാന്‍ പോയതുകൊണ്ട് പെണ്‍കുട്ടികളെ സഹായിക്കാന്‍ ആരുമില്ലായിരുന്നു.

മറ്റാരെങ്കിലും ആണെങ്കില്‍ പണ്ട്പണ്ടേ തകര്‍ന്നടിഞ്ഞ് പോയേക്കാവുന്ന പ്രഹരങ്ങളാണ് ജീവിതസന്ധികളില്‍ ഓരോന്നിലും ഋഷികേശന്‍ ഏറ്റുവാങ്ങിയത്. അവയുടെ കേടുപടുകളെ ആത്മാവില്‍ ചേര്‍ത്തുവച്ച് കൊണ്ട് മുമ്പത്തേക്കാള്‍ വേഗതയില്‍ എങ്ങോട്ടെന്നില്ലാത്ത തന്റെ പ്രയാണം തുടരുന്നതാണ് അയാളുടെ ശൈലി. പക്ഷേ ഒടുവിലെ ആഘാതത്തിന്റെ ശകതിപ്രഭാവത്തിന് അയാള്‍ മെല്ലെമെല്ലെ വഴങ്ങിക്കൊടുത്തു. സംഭവങ്ങള്‍ ഉണ്ടായപാടെ ഋഷികേശനില്‍ വീറും വാശിയുമാണ് ഉണര്‍ന്നത്. രാമചന്ദ്രന്‍ പോയപ്പോള്‍ അയാളുടെ വികാരങ്ങള്‍ കടുത്ത പ്രതികാരദാഹമായി പരിണമിച്ചു. അര്‍ബാബിന്റെ ഗ്രാമത്തിലും ഭാര്യമാരുടെ വീടുകള്‍ ഉള്ള സ്ഥലങ്ങളിലും അയാള്‍ ഉണ്ടാകാന്‍ ഇടയുള്ളിടത്തേക്കെല്ലാം ഋഷികേശന്‍ അര്‍ബാബിനെ കണ്ടുപിടിക്കാനായി അലഞ്ഞുനടന്നു. ഈജിപ്തുകാരി ഭാര്യയുടെ നാട്ടിലെ മേല്‍വിലാസം അന്വേഷിച്ച് സൈനബിനെ കുറേ ശല്യം ചെയ്തു. ക്രമമല്ലാത്ത അളവുകളിലും അനുപാതങ്ങളിലും അയാള്‍ നടത്താറുള്ള പ്രതികരണങ്ങളെ നിയന്ത്രിച്ച് നയിച്ചിരുന്ന രാമചന്ദ്രന്‍ കൂടി ഇല്ലാതായപ്പോള്‍ അയാളുടെ പ്രയാണവേഗം മിന്നലിന്റേതായി. തിളച്ചുരുകി ലാവപ്രവഹിക്കുന്ന അഗ്‌നിപര്‍വതത്തെ പേറി നടക്കാൻ വേണ്ട ശക്തി അയാള്‍ കണ്ടെത്തിയത് കൂടുതല്‍ ലഹരിയിലാണ്.

ആസക്തികള്‍ക്കേതിനും വിളയാടാന്‍ അയാള്‍ തന്നെത്തന്നെ വിട്ടുകൊടുത്തു. മദ്യവും പെണ്‍വേഴ്ചകളും പന്തയ ചീട്ടുകളിയും സൃഷ്ടിച്ച ലഹരിയില്‍ അയാള്‍ നിലനില്‍ക്കാനുള്ള ശക്തി തേടി. അതിനായി ബോധത്തിലും അബോധത്തിലുമായി ധാരാളം പണം ചെലവഴിച്ചു. കണക്കില്ലാതെ ചെലവഴിച്ചപ്പോള്‍ ബാങ്കില്‍ ഉണ്ടായിരുന്ന പണമെല്ലാം അതിവേഗം പുറത്തേക്ക് ഒഴുകിപ്പോയി. ആ ജീവിതരീതി നാലഞ്ച് വര്‍ഷം കൊണ്ടുപോകാന്‍ മാത്രമേ അയാളുടെ പക്കലുണ്ടായിരുന്ന പണം തികഞ്ഞുള്ളൂ. ഞങ്ങള്‍ മൂന്നു പെണ്ണുങ്ങളുടെ ക്ഷേമം അന്വേഷിക്കുന്ന രീതി ആയിരുന്നു കൃത്യമായ സ്വഭാവമാപിനി. എപ്പോഴും എല്ലാ കാര്യങ്ങളിലും രക്ഷകര്‍ത്താവിന്റെ ഗൗരവത്തില്‍ ഇടപെട്ടുള്ള അന്വേഷണങ്ങളായിരുന്നു തുടക്കത്തില്‍. അത് അയഞ്ഞ് വരികയും ഇടവേളകള്‍ വലുതാവുകയും വല്ലപ്പോഴും ആവുകയും ചെയ്തു. എല്ലാ സാഹചര്യങ്ങളിലും അയാള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന മീന്‍കറി ഇവിടുന്നെടുത്ത് സ്വന്തം ഫ്ലാറ്റിലേക്ക് കൊണ്ട് പോയിരുന്ന പതിവും പതുക്കെ നിലച്ചു. പിന്നീട് ഗോവണിപ്പടിയിലെ ഉറയ്ക്കാത്ത കാല്‍വയ്പ്പുകളുടെയും പുലമ്പലുകളുടെയും ശബ്​ദങ്ങൾക്ക്​ കാത്തിരുന്ന് ഞങ്ങള്‍ വാതില്‍ തുറന്ന് ചെന്ന് ഭക്ഷണം അടിച്ചേല്‍പ്പിക്കലായി.

ഋഷികേശന്‍ ഫ്ലാറ്റിലേക്ക് മടങ്ങിവരാത്ത ദിവസങ്ങളുടെ എണ്ണം കൂടിയിട്ട് ഞങ്ങള്‍ക്ക് അയാളെ പ്രതീക്ഷിച്ചിരിക്കാന്‍ കഴിയാതായി. ബന്ധുക്കളോടും പരിചയക്കാരോടും പണം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ഋഷികേശനെ മാറി നടന്ന് ഒഴിവാക്കിപ്പോകാന്‍ തുടങ്ങി. പെങ്ങളും അളിയനും അവരുടെ ഫ്ലാറ്റില്‍ കൊണ്ടുപോയി താമസിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെയെല്ലാം ഋഷികേശന്‍ ബോധപൂര്‍വം പരാജയപ്പെടുത്തുകയാണ് ചെയ്തത്. വീട്ടുവാടകയും കറണ്ട് ബില്ലും അവര്‍ അടച്ചു കൊണ്ടിരുന്നു. ആര്‍ട്ട് വേള്‍ഡിന്റെ സാരഥിയെന്ന പേര് അയാളെ സമൂഹത്തില്‍ പ്രസിദ്ധനും കീര്‍ത്തിമാനുമാക്കിയിരുന്നു. മറ്റധികം പേരില്‍ കാണാനാവാത്ത പ്രതിഭയുടെയും ഉജ്ജ്വലമായ കലാബോധ ത്തിന്റെയും നിറവില്‍ മലയാളി സമാജത്തില്‍ എല്ലാവരും ആദരവോടെയാണ് ഋഷികേശനെ കണ്ടിരുന്നത്. അവിടുത്തെ ബാറില്‍ വരുന്നവരെ ശല്യം ചെയ്ത് കാശില്ലാതെ കുടിക്കാന്‍ ഋഷികേശന്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് പതിവായി. ഞാനും അളിയനും ചേര്‍ന്നു അയാളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ ഒരു ശ്രമം നടത്തി. വിസയും റെസിഡന്‍സ് പെര്‍മിറ്റുമില്ലാതെ വര്‍ഷങ്ങളായി നിയമവിരുദ്ധമായാണ് കഴിയുന്നത്. വിസയില്ലാതെ താമസിച്ച ഓരോ ദിവസവും കണക്കുകൂട്ടി ആ അഞ്ച് വര്‍ഷങ്ങളുടെ ഫൈന്‍ ഗവണ്‍മെന്റില്‍ അടച്ചാല്‍ മാത്രമേ പോകാന്‍ കഴിയുകയുള്ളൂ. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് പല മടങ്ങ് വളര്‍ന്ന് വലുതായ ആര്‍ട്ട് വേള്‍ഡ് തന്നെയാണ് അയാളുടെ സ്പോണ്‍സര്‍. ഓഫീസിലെ മേധാവികളെ കണ്ട് അപേക്ഷിച്ചും അഭ്യര്‍ഥിച്ചും ഞങ്ങളെല്ലാവരും ചേര്‍ന്ന് കുറെ പണം കെട്ടിവച്ചും ഋഷികേശനെ നാട്ടിലയക്കാനുള്ള നടപടികളുമായി അളിയന്‍ മുന്നോട്ടുപോയി.

കോവണിപ്പടികളില്‍ നിന്നുയര്‍ന്ന് കേള്‍ക്കാറുള്ള അക്ഷരവ്യക്തതയില്ലാത്ത ശബ്​ദത്തിലെ നെഞ്ചുലയ്ക്കുന്ന വിരഹഗാനങ്ങള്‍ക്ക് രാത്രികളില്‍ ഞാന്‍ ചെവിയോര്‍ക്കുമായിരുന്നു. അങ്ങനെയെന്തെങ്കിലും കേട്ടിട്ട് നാലഞ്ചു ദിവസമായല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു ദിവസം ഞാന്‍ ലൈബിയോടും ശാലീനയോടും അതുപറഞ്ഞു. അനക്കമെന്തെങ്കിലും കേട്ടിട്ട് ദിവസങ്ങളായെന്ന് അവരുടെ ശ്രദ്ധയില്‍പ്പെട്ടതും അപ്പോഴാണ്. ഞങ്ങള്‍ അത് പറഞ്ഞ് കൊണ്ടിരിക്കെയാണ് കൊവണിപ്പടികളില്‍ അതിവേഗത്തില്‍ നീങ്ങുന്ന ഷൂസിട്ട അനേകം കാല്‍വയ്പ്പുകളുടെ ഉറച്ച ശബ്്ദങ്ങള്‍ കേട്ടത്. വാതില്‍ തുറന്നു നോക്കുമ്പോള്‍ പോലീസ് ആണ് മുകളിലേക്ക് ഓടിക്കയറുന്നത്. അവര്‍ക്ക് പിന്നാലെ തെരുവിന് എതിര്‍വശത്തെ കെട്ടിടത്തിലെ ഗോവക്കാരനും പതുക്കെ വരുന്നുണ്ടായിരുന്നു. പ്രായം കൂടി വൃദ്ധനായപ്പോള്‍ അയാളുടെ എ സി വര്‍ക്ക്‌ഷോപ്പ് നോക്കി നടത്തുന്നത് മകനായതിനാല്‍ അയാളെ കണ്ടിട്ടും ഒരുപാട് കാലമായിരുന്നു. അയാളുടെ കെട്ടിടത്തിലെ താമസക്കാര്‍ക്ക് അസഹ്യമായ ദുര്‍ഗന്ധം കിട്ടിയെന്നും ഞങ്ങള്‍ക്ക് ഉണ്ടായില്ലേയെന്നും അയാള്‍ ചോദിച്ചു. അയാള്‍ വിളിച്ചിട്ടാണ് പോലീസ് വന്നിരിക്കുന്നത്.

മരണപ്പെട്ടിട്ട് ദിവസങ്ങളായ ഋഷികേശന്റെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. പിഞ്ചിക്കീറി പലതായടര്‍ന്ന് പോകാതെ ആ ദേഹം വീതി കുറഞ്ഞ കോവണിപ്പടികളിലൂടെ താഴേക്ക് കൊണ്ടുപോകാന്‍ പോലീസുകാരും അവരുടെ ജോലിക്കാരും പണിപ്പെട്ടു. അഴുകിയ ദേഹത്തില്‍ നിന്ന് ഇറ്റ് വീണുകൊണ്ടിരുന്ന ദ്രവങ്ങള്‍ പോകുന്ന വഴിയിലെല്ലാം ഒലിച്ചുവീഴുന്നത് തടയാന്‍ അവര്‍ ഒന്നിലധികം പുതപ്പുകളില്‍ ശവം പൊതിഞ്ഞു കെട്ടിയതിനാല്‍ അന്ത്യയാത്രയില്‍ ഋഷികേശനെ കാണാന്‍ കഴിഞ്ഞില്ല. തനിച്ചിരിക്കുമ്പോഴെല്ലാം കണ്‍മുന്നില്‍ തെളിയാറുണ്ടായിരുന്ന ഭീദിതമായ ആ ഒടുക്കം പിന്നീടെപ്പോഴും എന്നെ പിന്‍തുടര്‍ന്നു.

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments