ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം ആറ്​
അധ്യായം മൂന്ന്​:
വാണിഭത്തെരുവില്‍ തനിച്ച്

‘ചിന്താ സാമ്രാജ്യത്തില്‍ വാഴുകയാണ്, അല്ലേ?’, ലൈബി വീട്ടിനകത്തുണ്ട്.

ദ്വാരത്തില്‍ താക്കോല്‍ തിരിയുന്ന ശബ്​ദം ഇന്ന് ഞാന്‍ കേട്ടില്ല. ഞാനിരിക്കുന്ന ഈ സോഫയെ സിംഹാസനം എന്നാണ് ലൈബി വിളിക്കുന്നത്.

‘‘മാര്‍ക്കറ്റ് റോഡിന്റെ അങ്ങേയറ്റത്ത് ഒരു കൂട്ടം ആളുകളുടെ നടുവില്‍ ശാലീന സംസാരിച്ച് നില്‍ക്കുന്നു. ഇപ്പോള്‍ വരാമെന്ന് അമ്മയോട് പറയാന്‍ പറഞ്ഞു’’, മുറിയിലേക്ക് പോകുന്നതിനിടയില്‍ ലൈബി മുഖം തരാതെ അത്രയും പറഞ്ഞു.

രാമചന്ദ്രനും ഋഷികേശനും കൊണ്ടുവന്ന ആളുകളും പിന്നീട് അവരിലൂടെ വന്നവരും കൂടി ചേര്‍ന്ന് വംശവൃക്ഷം വളര്‍ന്ന് പന്തലിച്ച് ഒരു കാടായിട്ടുണ്ട്. അന്ന് റാസ് കുലൈബില്‍ താമസിച്ചു തുടങ്ങിയവരില്‍ കുറേപ്പേര്‍ ഇവിടെ പണിത ബഹുനിലകെട്ടിടങ്ങളിലെ ഫ്ലാറ്റുകളിലാണ്. വംശാവലിയിലെ രണ്ടാംതലമുറ കൂടുതലും ഡോക്റ്റര്‍മാരും എഞ്ചിനീയര്‍മാരുമാണ്. കുടുംബ പ്രാരാത്മങ്ങള്‍ ഇല്ലാത്ത അവര്‍ക്ക് അവരവരുടെ ജീവിതങ്ങള്‍ മാത്രം നോക്കി നടത്തിയാല്‍ മതിയാകും. അവര്‍ ഇഷ്ടംപോലെ യൂറോപ്പിലോ അമേരിക്കയിലോ പോവുകയോ നാട്ടില്‍ തന്നെ നില്‍ക്കുകയോ ചെയ്തു. ഐ ടി പ്രൊഫഷനലുകളായ കുറച്ചുപേര്‍ ഇവിടേയ്ക്ക് മടങ്ങിവന്നു. തൊട്ടരികത്ത് ഫാസ്റ്റ്ഫുഡ് ലഭിക്കുന്ന പുതിയ ടൗണ്‍ഷിപ്പുകളിലെ ബഹുനില മന്ദിരങ്ങളില്‍ താമസിക്കാനാണ് അവര്‍ താത്പര്യപ്പെട്ടത്.

രണ്ടാം തലമുറയില്‍ ആര്‍ക്കും കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ജോലിക്കാരായോ ആര്‍ട്ട് വേള്‍ഡ് പോലെയുള്ള സ്ഥാപനങ്ങളിലെ പണിക്കാരായോ പോകേണ്ടി വന്നിട്ടില്ല. കടകളില്‍ ജോലി ചെയ്ത ആരുടേയും മക്കള്‍ക്ക് കടകളില്‍ ജോലി ചെയ്യാനായി വരേണ്ടി വന്നില്ല. ബിസിനസ് ചെയ്ത് ധനികരായ ഒന്നോ രണ്ടോ പേരുണ്ട്. വിദേശികള്‍ക്ക് വീട് വാങ്ങാന്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഇടങ്ങളില്‍ അവര്‍ സ്വന്തം വീടുകളിലാണ്. മക്കളില്‍ ഒരാള്‍ കാനഡയിലും മറ്റേയാള്‍ അമേരിക്ക യിലും സ്ഥിരമാക്കിയപ്പോള്‍ ഋഷികേശന്റെ പെങ്ങളും അളിയനും ഇവിടെ തനിച്ചായി. ആര്‍ട്ട് വേള്‍ഡില്‍ നിന്ന് റിട്ടയര്‍മെന്റ് കഴിഞ്ഞിട്ടും നാട്ടില്‍ പോകാതെ അവരിവിടെ കഴിയുന്നു. അളിയന്‍ വന്നകാലത്ത് സ്വന്തമായി ഒരു എംപ്ലോയ്‌മെന്റ്റ് എക്‌സ്ചേഞ്ച് നടത്തുന്നതുപോലെയായിരുന്നു. ജോലികള്‍ ഒഴിവുള്ള കമ്പനികളും തസ്തികകളും കണ്ടുപിടിച്ച് എല്ലാവരെയും സഹായിച്ചിരുന്നു. ആരോഗ്യം അനുവദിക്കായായപ്പോഴാണ് അത് കുറച്ചത്.

ശാലീനയെ കണ്ടാല്‍ എപ്പോഴും അവര്‍ പിടിച്ചു നിറുത്തി കുറേനേരം സംസാരിക്കും. അവരുടെ വീട്ടിലേക്ക് കൊണ്ട് പോകും. ആര്‍ട് വേള്‍ഡിന്റെ മാനേജ്‌മെൻറ്​ മാറി ബിസിനസ് വൈവിധ്യമുള്ള മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോള്‍ അവര്‍ തുടങ്ങിയ ഇന്റീരിയര്‍ ഡെക്കറേഷന്‍ ഡിവിഷന്‍ ഇന്ന് രാജ്യത്തെ വലിയ കമ്പനിയാണ്. വീടുകള്‍ക്കും ഓഫീസുകള്‍ക്കും ഹോട്ടലുകള്‍ക്കും ഷോറൂമുകള്‍ക്കും അകംമോടി വരുത്തുന്ന ജോലികള്‍ കരാറുകളെടുത്ത് ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനികളിലൊന്നാണ്. ഈ വംശവൃക്ഷത്തിന് എണ്ണമറ്റ ശാഖകളും ചില്ലകളുമാണ് അവിടെ.

ശാലീനയെ കണ്ടിട്ട് ഒപ്പം നില്‍ക്കാതെ ലൈബി വീട്ടിലേക്ക് വന്നതില്‍ എനിക്ക് പന്തികേട് തോന്നുന്നുണ്ട്. വന്നുകയറിയാല്‍ നേരെ ചെന്ന് ടി. വി യില്‍ വാര്‍ത്താചാനല്‍ ഓണ്‍ ചെയ്ത് വീട്ടില്‍ എല്ലായിടത്തും കേള്‍ക്കുന്ന ഒച്ചയില്‍ വയ്ക്കും. അടുക്കളയില്‍ ചായപ്പാത്രങ്ങളുടെ പതിവ് കിലുക്കങ്ങള്‍ കേള്‍ക്കാതിരുന്നപ്പോള്‍ മുറിയില്‍ ചെന്ന് നോക്കി. ഇരുട്ടില്‍ മുഖംപൊത്തി കുനിഞ്ഞി രിക്കുന്നു.

‘‘ചൈനയില്‍ ഉത്ഭവിച്ചിട്ടുവന്ന എന്തോ മഹാരോഗം കൂടുതല്‍ പടര്‍ന്ന് പിടിക്കുന്നെന്ന് വാട്​സ്​ആപ്പ്​ നിറയെ പേടിപ്പിക്കുന്ന മെസേജുകള്‍. നീ വരുമ്പോള്‍ ടി. വി ഓണ്‍ ചെയ്ത് എന്തു പറയുന്നെന്ന് കാണാന്‍ ഇരിക്കുകയായിരുന്നു ഞാന്‍’’, ലൈബിയുടെ അടുത്ത് ചെന്ന് പനിയുണ്ടോയെന്ന് ശരീരം തൊട്ടു നോക്കിയാണ് ഞാന്‍ പറഞ്ഞത്.

‘‘മോര്‍ച്ചറിയിലെ പഴക്കം ചെന്നൊരു അനാഥ ശവം ശ്രീധരന്റേതാണെന്ന് തിരിച്ചറിഞ്ഞെന്ന് ഇന്ന് കടയില്‍ വന്ന ഒരാള്‍ പറഞ്ഞു’’, ലൈബി പിന്നെയും മുഖം താഴ്ത്തി ഇരുന്നു.

നാട്ടില്‍ നിന്ന് പുതിയതായി വരുന്നൊരാളെ കൂട്ടാന്‍ മലയാളി സമാജത്തിലെ ഒരു നാടകസുഹൃത്തിന് എയര്‍പോര്‍ട്ടിലേക്ക് വണ്ടി സഹായം ചെയ്യാന്‍ മാത്രമായിട്ടാണ് അന്ന് ഋഷികേശന്‍ പോയത്. മലയാളി സമാജം പുതിയ സഹസ്രാബ്​ദത്തെ വരവേല്‍ക്കുന്ന കുറേ പരിപാടികളുടെ നടുവില്‍ നിന്നായിരുന്നു അവരുടെ എയര്‍പോര്‍ട്ട് യാത്ര. നാടകസുഹൃത്തിന്റെ നാട്ടിലുള്ള പരിചയക്കാരന്റെ സഹോദരി ഒരു എംബ്രോയ്​ഡറി ഷോപ്പിലേക്ക് പുതിയ വിസയില്‍ വരുന്നു. ഷോപ്പുകാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാലും ഭാഷ അറിയാത്തൊരു നാട്ടില്‍ ഒരു യുവതി തനിച്ച് എത്തുന്നതായതു കൊണ്ട് ഒരു കരുതല്‍.

ഋഷികേശന്റെ പരിചയ ബന്ധങ്ങളിലൂടെ തടസ്സങ്ങളില്ലാതെ ഇറങ്ങിവന്ന ലൈബിയെ അറൈവല്‍ ലോബിയില്‍ അവര്‍ സന്ധിച്ചു. ഇയാള്‍ക്ക് തുന്നല്‍പ്പണിക്ക് വരാതെ സിനിമയില്‍ അഭിനയിക്കാന്‍ പോയിക്കൂടായിരുന്നോ എന്ന് നാടക സ്നേഹിതന്‍ ഋഷികേശന്റെ ചെവിയില്‍ രഹസ്യം പറഞ്ഞു. കൂട്ടിക്കൊണ്ടുപോകാന്‍ വരേണ്ട എംബ്രോയ്​ഡറി ഷോപ്പുകാരനെയും പരതി മൂന്നു പേരും ആള്‍തിരക്കില്‍ നിന്നു. ഷോപ്പുകാര്‍ നാട്ടിലേക്കയച്ച് കൊടുത്തിരുന്ന ഒരു ടെലിഫോണ്‍ നമ്പരിലേക്ക് ഋഷികേശന്‍ തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുറേ തവണ വിളിച്ചു. നാട്ടിലും ആയിടെ വന്നുവെന്ന് പത്രത്തില്‍ വായിച്ച മൊബൈല്‍ ഫോണ്‍ എന്ന ഉപകരണം ഋഷികേശന്‍കയ്യില്‍ വച്ച് ചെയ്യുന്നതൊക്കെ കൗതുകത്തോടെ ലൈബി നോക്കി നിന്നു.

‘‘ആ ഫോണ്‍ ക്ലോസ്ഡ് ആണ്. ഇനിയെന്ത് ചെയ്യും?’’, ഋഷികേശന്‍ നാടക സുഹൃത്തിനോട് തിരക്കി. അയാള്‍ എന്തു ചെയ്യണമെന്നറിയാതെ മിഴിച്ച് നിന്നു. ലൈബി തന്റെ ഷോള്‍ഡര്‍ ബാഗില്‍ നിന്നെടുത്തുകൊടുത്ത വിസയുടെ ഫോട്ടോ കോപ്പിയിലേക്ക് നോക്കാതെ എഴുതിയിട്ടുള്ളത് വായിക്കാന്‍ ഋഷികേശന്‍ ആവശ്യപ്പെട്ടു. നാടക സുഹൃത്ത് എത്ര ശ്രമിച്ചിട്ടും ഒരു പോസ്റ്റ് ബോക്‌സ് നമ്പര്‍ അല്ലാതെ അതില്‍ നിന്നൊരു വിലാസവും കണ്ടെത്താന്‍ കഴിഞ്ഞില്ല. എയര്‍കണ്ടീഷന്‍ കമ്പനിയില്‍ ഹെല്‍പറായി ജോലി ചെയ്യുന്ന അയാള്‍ മനാനയില്‍ നിന്ന് ദൂരെ ഒരിടത്തുള്ള ലേബര്‍ ക്യാമ്പിലാണ് താമസം. അയാള്‍ക്ക് ലൈബിയുമായി അങ്ങോട്ട് പോകാനാവില്ല. ഒടുവില്‍ ഋഷികേശന്‍ ലൈബിയുമായി ഈ വീട്ടിലേക്ക് വന്നിട്ട് സംഭവങ്ങള്‍ വിശദീകരിച്ച് ആളെ എന്നെ ഏല്‍പ്പിച്ചു.

ആങ്ങളയുടെ കടയില്‍ നിന്ന് തയ്യല്‍ പഠിച്ചിട്ട് ഗള്‍ഫില്‍ പോയ ഒരാള്‍ കൊടുത്ത് വിട്ട സോപ്പും പൗഡറുമായി ഒരു മധ്യവയസ്കന്‍ ഗള്‍ഫുകാരന്‍ കുറേനാള്‍ മുമ്പ് ലൈബിയുടെ വീട്ടില്‍ ചെന്നു. ലൈബി ചെയ്ത് ചുവരില്‍ ഒട്ടിച്ചുവച്ചിരുന്ന ചിത്രത്തുന്നലുകള്‍ കണ്ട അയാള്‍ ആവേശഭരിതനായി. അത്ര നന്നായി എംബ്രോയിഡറി ചെയ്യാന്‍ കഴിവുള്ളവര്‍ക്ക് ഗള്‍ഫില്‍ ഒന്നാം തരം അവസരങ്ങള്‍ ഉണ്ടെന്നും ലൈബിയ്ക്കു പാസ്​പോര്‍ട്ട് എടുക്കണമെന്നും അയാള്‍ ആങ്ങളയോട് പറഞ്ഞു. പള്ളിപ്പെരുന്നാളിന് അമ്മയും ആങ്ങളയും ലൈബിയും ഒരുമിച്ചെടുത്ത ഫോട്ടോ അയാള്‍ ചോദിച്ചു വാങ്ങുകയും ലൈബിയ്ക്ക് ഒരു സീക്കോ ലേഡീസ് വാച്ച് സമ്മാനം നല്‍കുകയും ചെയ്തു. ആങ്ങളയുടെ ചെറിയ തയ്യല്‍ പീടിക കൊണ്ട് രക്ഷകാണാതെ കഷ്ടപ്പെടുന്ന കുടുംബത്തിന് തുണയാകുമെന്ന സങ്കല്‍പം ലൈബിക്കും സന്തോഷമുണ്ടാക്കി. എന്തെല്ലാമോ തീരാരോഗങ്ങള്‍കൊണ്ട് വിഷമിക്കുന്ന ആങ്ങളയ്ക്ക് ഗള്‍ഫില്‍ പോകാന്‍ ആകാത്തത് പകര്‍ന്നിരുന്ന നിരാശയ്ക്ക് കുടുംബത്തില്‍ ഒരു അയവുണ്ടാവുകയും ചെയ്തു.

പാസ്പോര്‍ട്ട് ശരിയായി കിട്ടാന്‍ പിന്നെയും അഞ്ചാറു മാസങ്ങള്‍ എടുത്തു. അതിനിടയില്‍ ആന്റണി എന്നൊരാള്‍ ദില്‍മുനിയയില്‍ നിന്ന് പല കത്തുകള്‍ അയച്ചു. ഫോട്ടോയില്‍ കണ്ട ലൈബിയെ അയാള്‍ക്ക് ഒത്തിരി ഇഷ്ടമായെന്നും താന്‍ ജോലി ചെയ്യുന്ന എംബ്രോയ്​ഡറി ഷോപ്പില്‍ ലൈബിയ്ക്കും വിസ ശരിയാക്കാമെന്നും ആന്റണി എഴുതി. ചെറുപ്പക്കാരനായ അയാള്‍ അറബിയുടെ വേഷത്തില്‍ നില്‍ക്കുന്നതും കൂളിംഗ് ഗ്ലാസ് അണിഞ്ഞ് ഈന്തപ്പനയിലെ പഴുത്തകുലയില്‍ തൊട്ടു നില്‍ക്കുന്നതും രണ്ടു ഫോട്ടോകളും ഒരു കത്തിനൊപ്പം ഉണ്ടായിരുന്നു. അമ്മ പറഞ്ഞ പ്രകാരം അയാള്‍ക്ക് നന്ദിയും സ്നേഹവും വ്യക്തമാക്കിയ മറുപടികള്‍ എഴുതിയത് ആങ്ങളയാണ്. ആങ്ങളയുടെ കടയുടെ അടുത്തുള്ള എസ്.റ്റി.ഡി ബൂത്തിലെ നമ്പറിലേക്ക് വിളിച്ച് ആന്റണി ഒന്നുരണ്ടു തവണ ആങ്ങളയുമായി സംസാരിച്ചു. ഒരു തവണ ലൈബിയോടും.

ഋഷികേശന്‍ കൊണ്ടുവന്ന മൊബൈല്‍ നമ്പരിലേക്ക് ഞാനും പലതവണ വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. വിസയുടെ കോപ്പി പരിശോധിച്ച രാമചന്ദ്രനും ഒരു വിലാസവും കിട്ടിയില്ല. രാത്രി വൈകി തുടങ്ങിയപ്പോള്‍ ലൈബിയ്ക്കുകൂടി മുറിയില്‍ ഇടമുണ്ടാക്കാന്‍ ഞാന്‍ ശാലീനയോടാവശ്യപ്പെട്ടു. നാലഞ്ചുവര്‍ഷങ്ങളായി ശാലീനയെ പൊതിഞ്ഞിരിക്കുന്ന കൊടും ശൈത്യത്തിന്റെ മഞ്ഞുമല സമപ്രായത്തിലെ ഒരാളുടെ സാമീപ്യം കൊണ്ട് ഒരു കണികയോളമെങ്കിലും ഉരുകാന്‍ ഇടവന്നാലോ എന്ന് ഞാന്‍ ആഗ്രഹിച്ചു. മരവിപ്പിന്റെ പതിവ് പ്രത്യുത്തരത്തിന് പകരം സമ്മതമല്ലെന്ന് ശക്തമായ ഒരു പ്രതികരണം ശാലീനയില്‍ നിന്നുണ്ടായെങ്കില്‍ എന്നാണ് ഞാന്‍ കാത്തിരുന്നത്. ഉടുത്തുമാറാന്‍ തുണിയോ മറ്റെന്തെങ്കിലുമോ ആവശ്യമെങ്കില്‍ കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞതിനും പതിവ് തലയാട്ടല്‍ മാത്രമേ ശാലീനയില്‍ നിന്നുണ്ടായുള്ളൂ. ഋഷികേശന്റെ മുറിയില്‍ ആരും താമസമില്ലെങ്കിലും ആളുകടക്കാന്‍ പഴുതില്ലാത്ത വിധം ആര്‍ട്ട് വേള്‍ഡിന്റെ മിനിയേച്ചറുകളും അസംസ്കൃത വസ്തുക്കളും മോഡലുകളും തള്ളി നിറച്ചിരിക്കുകയാണ്.

പിറ്റേന്ന് വെളുപ്പിനെ ഋഷികേശന്‍ വന്നു. അയാള്‍ ഫ്ലാറ്റില്‍ ചെന്ന് കുറേ കഴിഞ്ഞപ്പോള്‍ ആ നമ്പരില്‍ നിന്ന് മറുപടി വന്നു. ആശുപത്രിയിലായിപ്പോയത് കൊണ്ടാണ് ഫോണ്‍ കിട്ടാതിരുന്നതെന്നും ലൈബിയെ കൂട്ടിക്കൊണ്ടുപോകാന്‍ അപ്പോള്‍ തന്നെ വരാമെന്നും നമ്പര്‍കാരന്‍ മലയാളത്തില്‍ പറഞ്ഞു. നേരം വെളുത്തിട്ട് വന്ന് ആളെ കൂട്ടിക്കൊണ്ടുപോകാന്‍ ഋഷികേശന്‍ അയാള്‍ക്ക് വിലാസവും പറഞ്ഞു കൊടുത്തു.

രാവിലെ പടികയറിവരുന്നയാളെ കണ്ടപ്പോള്‍ തന്നെ ഋഷികേശന്‍ പ്രകോപിതനായി; ‘‘എംബ്രോയ്ഡ​റി ഷോപ്പിന്റെ വിലാസം തന്നിട്ട് പൊയ്‌ക്കോ. ഞങ്ങള്‍ ആളിനെ അവിടെ കൊണ്ടുവന്ന് ഏല്‍പ്പിക്കാം.'' വീട്ടില്‍ കയറാനും ലൈബിയെ കാണാനും അനുവദിക്കാതെ ഋഷികേശന്‍ വാതിലിന് വെളിയില്‍വച്ച് അയാളെ പറഞ്ഞുവിട്ടു.

വന്നയാള്‍ പെണ്‍വാണിഭസംഘത്തിന്റെ ഭാഗമാണെന്നും അവരുടെ കേന്ദ്രങ്ങളില്‍ പോകാറുള്ള തനിക്ക് ആ സംഘത്തിലെ പലരെയും അറിയാമെന്നും ഞങ്ങളോട് തുറന്നു പറയുകയല്ലാതെ ഋഷികേശന് വേറെ വഴിയില്ലാതെ വന്നു. തുടര്‍ന്ന് കുറേദിവസങ്ങള്‍ ഞങ്ങള്‍ ചില അാത സംഘങ്ങളുമായി പോരിലായിരുന്നു. ലൈബിയെ ഞങ്ങള്‍ വിട്ടുകൊടുക്കണം, അതു മാത്രമാണ് അവരുടെ ആവശ്യം. എവിടെല്ലാമോ നിന്ന് ടെലിഫോണില്‍ വരുന്ന സന്ദേശങ്ങള്‍. അനുനയശ്രമങ്ങള്‍, നിങ്ങള്‍ക്കിതില്‍ എന്തു കാര്യമെന്ന ന്യായവാദങ്ങള്‍, കൈകാലുകള്‍ വെട്ടുമെന്ന് ഭീഷണികള്‍. പലനേരങ്ങളില്‍ പല ഭാഷകളില്‍ ടെലിഫോണുകള്‍ ശബ്​ദിച്ചുകൊണ്ടിരുന്നു. അറബിയുടെതെന്ന് തോന്നുന്ന വിളിയും വന്നു. കാളിംഗ് ബെല്‍ കേള്‍ക്കുമ്പോള്‍ നേരെ ചെന്ന് പൂട്ടിയിട്ടില്ലാത്ത വാതില്‍ അലസമായി തുറക്കുന്നത് ഇവിടെ വന്നിട്ടുണ്ടായ ശീലമാണ്. ബോംബെയില്‍ വച്ച് അപകടമില്ലെന്ന പല ഘട്ടങ്ങളിലെ ഉറപ്പിക്കല്‍ കഴിഞ്ഞാണ് വാതില്‍ തുറന്നിരുന്നത്. ഇവിടെയും പൂട്ടപ്പെട്ട് വാതിലിനു വെളിയില്‍ ആരാവുമെന്ന് ഭയന്ന് കതകിലെ ലെന്‍സില്‍ കണ്ണമര്‍ത്തി നിന്ന ദിവസങ്ങള്‍.

വെടിപ്പായി വസ്ത്രം ധരിച്ച ഒരാള്‍ ആര്‍ട്ട് വേള്‍ഡ് ഓഫീസില്‍ രാമചന്ദ്രനെ കാണാന്‍ ചെന്നു.

വന്നുചേര്‍ന്ന ഒരു സുന്ദരിപ്പെണ്ണിനെ പുതുമോടിയില്‍സ്വന്തമായിട്ടെടുക്കാനാണ് അവരുടെ സ്ഥലങ്ങളില്‍ പതിവുകാരനായ ഋഷികേശന്റെ ലക്ഷ്യം. അതിന് മാന്യന്മാരായ നിങ്ങള്‍ എന്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് അയാള്‍ ചോദിച്ചു. ഋഷികേശന്‍ കയറി ഇറങ്ങാറുള്ള ഹഡ്ഡാകളെല്ലാം തങ്ങള്‍ക്കറിയാമെന്നും കണക്ക് അവിടെ തീര്‍ത്തുകൊള്ളാമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളില്‍ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത വിധത്തില്‍ രാജ്യാന്തരബന്ധങ്ങളുള്ള നെറ്റ്​വർക്കില്‍ ചെറിയ പഴുതുപോലും ഉണ്ടാവാതെ നോക്കുന്നത് കൊണ്ടാണേത്ര അവര്‍ പിന്നാലെ വരുന്നത്. ഇനിയും വഴങ്ങുന്നില്ലെങ്കില്‍ അനുഭവിച്ചോളാന്‍ അയാള്‍ ആശംസിച്ചു. അവധിക്കുപോകുമ്പോള്‍ ചിലപ്പോള്‍ നാട്ടിലെത്തിയെന്നുവരില്ലെന്ന് രഹസ്യം പറയുന്ന ശബ്​ദത്തില്‍ മന്ത്രിച്ചിട്ടാണ് അയാള്‍ പോയത്. ആളെ വിട്ടുകൊടുക്കാന്‍ തയ്യാറെങ്കില്‍ വിളിക്കാന്‍ ഒരു നമ്പരും കൊടുത്തു.

അന്ന് രാത്രിയില്‍ ഫ്ലാറ്റില്‍ വച്ച് എന്നോടും ഋഷികേശനോടും ആ കൂടിക്കാഴ്ച വിവരിക്കുമ്പോഴും രാമചന്ദ്രന്റെ ഉള്ള്​ കിടുങ്ങുന്നുവെന്ന് തോന്നി. എന്തുവേണ്ടൂ എന്ന് ഞങ്ങള്‍ മൂന്നാളും ഭയപ്പാടോടെ സംസാരിച്ചിരിക്കുമ്പോള്‍ ശാലീന അടുത്ത് വന്നു. എന്തു വന്നാലും ലൈബിയെ വിട്ടുകൊടുക്കാന്‍ പാടില്ലെന്ന് ശാലീന ശഠിച്ചപ്പോള്‍ ഞങ്ങള്‍ മൂന്നുപേരും അത്ഭുതപ്പെട്ടുപോയി. അഞ്ചു വര്‍ഷങ്ങളിലെ ശിശിരനിദ്രയില്‍ നിന്നുണര്‍ന്നുവെന്ന് വിശ്വസിക്കാന്‍ കഴിയാതെ ഞങ്ങള്‍ അവളെ തുറിച്ചുനോക്കി. സമപ്രായക്കാരിയായൊരു പെണ്‍കുട്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അരികത്ത് കിടന്ന് നിലവിളിച്ചു പ്രാര്‍ഥിക്കുന്നത് താങ്ങാന്‍ ആവുന്നില്ലെന്ന് ശാലീന പൊട്ടിക്കരഞ്ഞു.

‘‘അവള്‍ ഉറക്കത്തിലും അമ്മയെയും ആങ്ങളയെയും പരിശുദ്ധമാതാവിനെയും വിളിച്ചു കൊണ്ടിരിക്കുന്നു. എന്നെ ശല്യം ചെയ്യാതിരിക്കാന്‍ അവള്‍ അകത്തേക്ക് അമര്‍ത്തുന്ന വിലാപങ്ങള്‍ ആ നെഞ്ചില്‍ അഗ്‌നിപര്‍വതങ്ങളായി തിളച്ചു മറിയുകയാണെന്ന് എനിക്കറിയാം.’’

ആ നിമിഷം രാമചന്ദ്രന്റെ ഭയമെല്ലാം അലിഞ്ഞുപോയി. ലൈബിയെ വിട്ടുകൊടുക്കാതിരിക്കു മ്പോള്‍ വരാവുന്ന ഏതപകടവും നേരിടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എസ്. ടി. ഡി ബൂത്തില്‍ പറഞ്ഞ് ഏര്‍പ്പാടാക്കിയിട്ട് അമ്മയോടും ആങ്ങളയോടും ലൈബിയ്ക്ക് ഫോണില്‍ സംസാരിക്കാന്‍ സൗകര്യം ചെയ്തു. ജോലിയില്‍ കയറിയെന്നും സുഖമാണെന്നും ലൈബി അവരോടു പറഞ്ഞു. ആര്‍ട്ട് വേള്‍ഡ് സാധനങ്ങള്‍ മാറ്റി വൃത്തിയാക്കിയ ഋഷികേശന്റെ പഴയ മുറിയിലേക്ക് ലൈബിയെ മാറ്റാതെ ഒരേമുറിയില്‍ കഴിയാന്‍ ശാലീന നിശ്ചയിച്ചു. കുടുങ്ങിപ്പോയ വലയില്‍ നിന്ന് ലൈബിയെ മോചിപ്പിക്കാന്‍, അവളെ കാത്തിരുന്ന കൊടിയ ആപത്തില്‍ നിന്ന് അവളെ രക്ഷിച്ചെടുക്കാന്‍ ഏതറ്റംവരെയും പോകുമെന്ന തീരുമാനം ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും പുതിയ ഉണര്‍വ് നല്‍കി. ശാലീനയ്ക്ക് അത് പുനര്‍ജന്മമായിരുന്നു. രാമചന്ദ്രനും എനിക്കും ശാലീനയ്ക്കുമിടയിലെ പഴയ ലോകം മടങ്ങിവരുന്നതിന്റെ ചില ലക്ഷണങ്ങള്‍ തെളിഞ്ഞുവന്നു. സ്നേഹപ്രകടനങ്ങളും സന്തോഷവും മിന്നായം കാട്ടിത്തുടങ്ങാന്‍ വഴിതെറ്റി വന്നുകയറിയ ലൈബി നിമിത്തമായി.

അതീവ രഹസ്യസ്വഭാവമുള്ള ദൗത്യസംഘത്തിലെ അംഗങ്ങളെപ്പോലെ ഞങ്ങള്‍ എല്ലാവരും സദാ ജാഗരൂകരായിരുന്നു. പ്രബലരായ ശത്രുക്കളില്‍ നിന്നെപ്പോഴും എവിടെയും വരാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ തയ്യാറെടുപ്പുകളോടെ ഞങ്ങളിരുന്നു. ഋഷികേശന്റെ നിശാസഞ്ചാരങ്ങള്‍ ഞങ്ങള്‍ നിർത്തി വയ്പ്പിച്ചിരുന്നു. തിന്മയോട് പൊരുതുന്നതിന്റെ സവിശേഷമായ ഉത്തരവാദിത്തം ഞങ്ങളില്‍ പുതിയ ഉന്മേഷവും ഊര്‍ജവും നിറച്ചു. അടുക്കളയില്‍ എന്നെ ഒരു ജോലിയും ചെയ്യാന്‍ വിടാതെ പണിയെടുക്കാന്‍ തുനിയുന്ന ലൈബിയോട്​ എനിക്ക് എന്തെന്നില്ലാത്ത അനുതാപം തോന്നി. അടുത്ത മൂന്നാഴ്ച്ചക്കാലം സംഭവരഹിതമായി മുന്നോട്ടു പോയി. ടെലിഫോണില്‍ കൂടിയും ഒരനക്കവും ഉണ്ടായില്ല. ഋഷികേശനും പെങ്ങളും അളിയനും ചേര്‍ന്ന് വലിയ സംഘമായി ഒരു ദിവസം ഞങ്ങള്‍ മനാന സൂഖില്‍ പോയി. ആരെങ്കിലും സൂക്ഷിച്ചുനോക്കുന്നതുകണ്ടാല്‍ ലൈബി പേടിച്ചരണ്ട് ശാലീനയോട്​ ഒട്ടിനിന്നു. എത്രയോ വര്‍ഷങ്ങളായി ഇണകളെ പിരിഞ്ഞു ജീവിക്കുന്ന പുരുഷാരത്തിനു മുന്നിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ തുറിച്ചുനോക്കി നില്‍ക്കുമെന്നും അതു കണ്ടിട്ട് ഭയപ്പെടേണ്ടതില്ലെന്നും വീട്ടില്‍ വച്ച് ലൈബിയോടു ഞാന്‍ പറഞ്ഞിരുന്നു. നോക്കുന്നതിനപ്പുറം ഒരുവിരല്‍ അനക്കാന്‍ പോലും അവര്‍ക്ക് ധൈര്യം വരാത്ത തരം ശിക്ഷാവിധികളുള്ള നിയമങ്ങളെ ഭയന്ന് അവര്‍ വെറുതെ നോക്കിനില്‍ക്കുക മാത്രമേയുള്ളെന്നും. ‘‘അവരുടെ നോട്ടങ്ങള്‍ നിന്നില്‍ തറയ്ക്കുന്നത് നിന്റെ ആകര്‍ഷണീയത കൊണ്ടാണ്. അല്ലാതെ നിന്നെ പിടിച്ചുകൊണ്ടുപോകാനായി ലക്ഷ്യം വയ്ക്കുന്നതല്ല’’, ശാലീന കളിയാക്കി.

മനാന കവാടത്തിലെ ഇഷ്ടിക പാകിയ വീതിയുള്ള നടവഴിയിലൂടെ നരവംശത്തിലെ സകലവര്‍ഗങ്ങളിലെയും വര്‍ണ്ണങ്ങിലെയും മനുഷ്യര്‍ തിങ്ങിനില്‍ക്കുന്നിടത്ത് കാല്‍നടക്കാര്‍ക്ക് മുറിച്ചു കടക്കാന്‍ സിഗ്‌നലില്‍ ഞങ്ങള്‍ കാത്തുനിന്നു. മനുഷ്യരിലെ വംശവൈവിധ്യങ്ങളെയും വേഷവ്യത്യാസങ്ങളെയും ലൈബി തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

‘‘എത്രയോ ശതകോടീശ്വരന്മാരെയാണ് നമ്മളിപ്പോള്‍ ചുമലുരുമ്മി കടന്നുപോയതെന്നറിയാമോ? ലോകത്ത് മനാന കവാടത്തിലെ ഈ നടവഴിയില്‍മാത്രം സംഭവിക്കുന്ന ഒരു അപൂര്‍വതയാണത്’’, രാമചന്ദ്രന്‍ എല്ലാവരോടുമായാണ് പറഞ്ഞത്. എന്തെന്ന് മനസ്സിലായില്ലെങ്കിലും ലൈബി ആദരവോടെ കേട്ടുനിന്നു. മനാന കവാടത്തിനപ്പുറം അനന്തതയിലേക്ക് വ്യാപിച്ച് മൗനവൃതത്തില്‍ കഴിയുന്ന കടലാണ്. കടലിന് മുകളിലെ വിസ്തൃതമായ ആകാശത്ത് അന്തിസൂര്യന്‍ നിറങ്ങള്‍ചാലിക്കുന്നു. അവയ്ക്കടിയിലൂടെ കാറ്റിന്റെ വേഗതയ്‌ക്കൊത്ത് പാഞ്ഞുപോകുന്ന പഞ്ഞിക്കെട്ടുകളിലേക്ക് സൂര്യന്‍ ചാലിക്കുന്ന നിറങ്ങള്‍ പടരുന്നത് കാണാന്‍ കൂട്ടിക്കൊണ്ടു പോയത് ഋഷികേശനാണ്.

ഔട്ടര്‍ റിംഗ്‌റോഡിലെ സന്ധ്യയില്‍ കടലും മാനവും നോക്കിയിരിക്കുന്നവരുടെ സംഘത്തില്‍ ലൈബിയെ തിരിച്ചറിഞ്ഞ ആന്റണി പിറ്റേന്ന് വീട്ടില്‍ വന്നു. ഫോട്ടോയില്‍ നോക്കി ഏറെ പരിചയമായ ലൈബിയെ കണ്ട അതിശയത്തില്‍ ആന്റണി നാട്ടില്‍ആങ്ങളയെ ബന്ധപ്പെട്ടു. ആങ്ങളയാണ് ഞങ്ങളുടെ നമ്പര്‍ കൊടുത്തതെന്ന് ആന്റണി പറഞ്ഞു. ഒരു അറബി പാര്‍ട്ട്ണറുമായി ചേര്‍ന്ന് എംബ്രോയിഡറി ഷോപ്പ് തുടങ്ങാനുള്ള ലൈസന്‍സിനും മറ്റുമായുള്ള ഓട്ടമായതിനാല്‍ പഴയ കടയില്‍ ഇപ്പോള്‍ ആന്റണി പോകുന്നില്ല. അതുകൊണ്ടാണ് ലൈബിയ്ക്ക് വിസ അയച്ച കാര്യം അറിയാതെ പോയത്. ലൈബിയുടെ ബാഗിലുണ്ടായിരുന്ന ഫോട്ടോയിലെ ഈന്തപ്പനക്കുല തൊട്ടുനില്‍ക്കുന്ന സുമുഖനായ ആന്റണി തന്നെയാണയാളെന്ന് ഞങ്ങളെല്ലാം വീണ്ടും നോക്കി ഉറപ്പാക്കി. ലൈബി വന്നതിനുശേഷമുണ്ടായ ഭീകരസംഭവങ്ങള്‍ കേട്ട് ആന്റണി സ്തബ്​ധനായിപ്പോയി. അവര്‍ക്ക് വിട്ടുകൊടുക്കാതെ ലൈബിയെ സൂക്ഷിച്ചതിന് ഞങ്ങള്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാവുമെന്ന് അയാള്‍ ആവര്‍ത്തിച്ചു.

ലൈബിയുടെ വീട്ടിലേക്ക് സോപ്പും പൗഡറുമായി പോയ ആളുടെ കൂടെ ഒരു മുറിയില്‍ താമസിച്ചിരുന്നപ്പോഴാണ് ഫോട്ടോ ആന്റണിക്ക് കിട്ടുന്നത്. ലൈബിയുടെ ആങ്ങളയുടെ കടയില്‍ തുന്നല്‍ പഠിച്ച ആളും ആ മുറിയില്‍ തന്നെയായിരുന്നു. അയാള്‍ക്ക് മുറിയില്‍ ലൈബിയുടെ സൗന്ദര്യവും ചിത്രത്തുന്നലിലെ പ്രാഗൽഭ്യവും പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ആ മുറിയിലെ ആള്‍ക്കാര്‍ അത്ര ശരിയല്ലെന്ന് തോന്നിയപ്പോള്‍ ആന്റണി ഫാമിലിയായി കഴിയുന്ന ചേട്ടെന്റ ഒപ്പം താമസം മാറിയിരിക്കുകയാണ്.

പിറ്റേന്ന് ആന്റണി വന്നപ്പോള്‍ ചേട്ടനും ഭാര്യയും കൂടെയുണ്ടായിരുന്നു. ലൈബി അതി സുന്ദരിയാണെന്ന് ചേട്ടന്റെ ഭാര്യ പുകഴ്ത്തുകയും ആന്റണി ഭാഗ്യമുള്ളവനാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. പോകുമ്പോള്‍ അവര്‍ ലൈബിയുടെ കഴുത്തില്‍ ഒരു സ്വർണമാലയും അണിയിച്ചു. വീട്ടില്‍ പതിവുസന്ദര്‍ശകനായപ്പോള്‍ ആന്റണിയുടെ ഹൃദ്യമായ പെരുമാറ്റം ലൈബിയ്ക്കും മറ്റുള്ളവര്‍ക്കും ഇഷ്ടമായി. ഋഷികേശന്റെ ആന്റിനകളില്‍ എവിടെയും ആന്റണിയെക്കുറിച്ച് മറിച്ചൊരു സിഗ്‌നലും പതിഞ്ഞില്ല. ഒരു വൈകുന്നേരത്ത് സൂഖില്‍ ഒന്ന് കറങ്ങിയിട്ട് വരാമെന്ന് ആന്റണി പറഞ്ഞപ്പോള്‍ ലൈബി കൂടെപ്പോകാനൊരുങ്ങി. ശാലീന ഒപ്പം പോയില്ല. അവരെ പിന്‍തുടര്‍ന്നുപോയ അളിയന്‍ കുഴപ്പമൊന്നുമില്ലെന്ന നിഗമനത്തോടെ തിരിച്ചു വന്നു. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും ആന്റണിയോടൊപ്പം സൂഖില്‍ കറങ്ങാന്‍ ഇറങ്ങിയ ലൈബി വീട്ടിലേക്കു മടങ്ങിവന്നില്ല.

അജ്​ഞാതസംഘവുമായി നിഴല്‍യുദ്ധത്തിലായിരുന്ന സമയത്തെക്കാള്‍ തീ പിടിച്ചതായി ഞങ്ങളുടെ ദിവസങ്ങള്‍. വിളിച്ചു നോക്കുമ്പോഴെല്ലാം ക്ലോസ്ഡ് എന്നു മാത്രം പറയുന്ന ആന്റണിയുടെ ടെലെഫോണ്‍ നമ്പര്‍ അല്ലാതെ യാതൊരു വിവരവും ഞങ്ങളുടെ പക്കലില്ലെന്ന സത്യത്തിനുമുന്നില്‍ ഇളിഭ്യരായി ഞങ്ങള്‍ തോറ്റു നിന്നു. ലൈബിയെ കണ്ടെത്താതെ ഉണ്ണുകയും ഉറങ്ങുകയുമില്ലെന്ന് പ്രതിജ്ഞയെടുത്തവളെപ്പോലെ ശാലീന ഇറങ്ങിത്തിരിച്ചു. വാണിഭസംഘത്തിന്റെ മടകളെല്ലാം തനിക്ക് പരിചിതമാണെന്ന് വീമ്പിളക്കിയ ഋഷികേശനെ അവള്‍ നിലത്തുനിറുത്താതെ പിന്തുടര്‍ന്നു. അയാള്‍ക്ക്​ ഒരു തുമ്പും കണ്ടെത്താനാവാഞ്ഞത് ശാലീനയുടെ ഉത്സാഹം കെടുത്തിയില്ല.

അവളിലുണ്ടാകുന്ന മാറ്റം എനിക്ക് പ്രതീക്ഷകള്‍ നല്‍കുകയും എന്നെ സന്തോഷിപ്പിക്കുകയും ചെയ്തു. ശാലീന സ്വന്തം നിലയിലാണ് ആര്‍ട്ട് വേള്‍ഡ് ഓഫീസില്‍ പോയി സൈനബിനെ കണ്ട് സഹായം തേടിയത്. സൈനബ് ശാലീനയെ കൂട്ടി പോലീസ്​ സ്​റ്റേഷനില്‍ പോയി പരാതി കൊടുത്തു. നിങ്ങള്‍ക്ക് ആരെയാണ് സംശയം എന്ന് പോലീസ് തിരിച്ച് ചോദിച്ചപ്പോള്‍ രൂപവും സ്ഥലവും പേരും ചേര്‍ത്ത് മൂര്‍ത്തമായ ഉത്തരങ്ങള്‍ പറയാനാവാതെ അവര്‍ കുഴങ്ങി.
കാണാതെപോയ സ്ത്രീ നിങ്ങളുടെ ആരാണ്? നിങ്ങള്‍ക്കതില്‍ എന്താണ്?
അയാള്‍ ജോലി ചെയ്യുന്ന സ്ഥലം ഏതാണ്? ആരാണ് സ്പോണ്‍സര്‍?
ആ സ്ത്രീ നിങ്ങളുടെ വീട്ടില്‍ എങ്ങനെ വന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലാതെ സൈനബും ശാലീനയും പോലീസുകാരും ഇതികര്‍ത്തവ്യതാമൂഢരായി പരസ്പരം നോക്കിനിന്നു. ആഴ്ചകള്‍ കടന്നുപോകവേ എല്ലാവരുടെയും പ്രതീക്ഷകള്‍ മങ്ങുകയും ക്രമേണ ലൈബി വിസ്മൃതിയിലേക്ക് പോവുകയും ചെയ്തത് ശാലീനയെ ഉത്തേജിതയാക്കുകയും വീര്യപ്പെടുത്തുകയും ചെയ്തു.

ദിവസത്തിലെ പലനേരങ്ങളില്‍ ശാലീന സൂഖില്‍ അങ്ങോളമിങ്ങോളം തെക്കുവടക്ക്​ നടന്നു. അവിടുന്ന് പടിഞ്ഞാറേ മനാനയിലേക്കും തിരിച്ചും പരിചിതമുഖങ്ങള്‍ തേടി അലഞ്ഞു. സൂഖിലെ പുരാതനമായ ഗലികള്‍ക്കിരുവശങ്ങളിലും നിരന്തരം പുറത്തേക്കുവളരുന്ന കടകള്‍ ഇടറോഡുകളെ വഴിത്താരകള്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് അവധിക്ക് പോകാന്‍ സാധനങ്ങള്‍ വാങ്ങുകയെന്ന വലിയ ചടങ്ങിന് വരുന്ന വിദേശത്തൊഴിലാളികള്‍ നിറഞ്ഞ്​ എപ്പോഴും വലിയ ആള്‍ത്തിരക്കാണവിടെ. യദൃച്ഛയാ ഒരു ദിവസം താന്‍ നില്‍ക്കുന്ന തെരുവിന് കുറുകെ അല്പം അകലെ ഒരു ഗലിയിലേക്ക് വേഗത്തില്‍ കയറിപ്പോകുന്ന ഒരു സ്ത്രീയുടെ മിന്നി മറയുന്ന ചിത്രം ശാലീനയുടെ ശ്രദ്ധയില്‍ പെട്ടു. അത് ആന്റണിയുടെ ചേട്ടന്റെ ഭാര്യയാണെന്ന ഊഹവുമായി ശാലീന അതിവേഗത്തില്‍ അവരെ പിന്തുടര്‍ന്ന് പിടിച്ചുനിറുത്തി. ഒരു ക്ലീനിംഗ് കമ്പനി ജോലിക്കാരിയായ ആ സ്ത്രീയ്ക്ക് രണ്ടുമണിക്കൂര്‍ കൊണ്ട് പത്ത് ദിനാര്‍ കിട്ടിയ ഒരു അധിക വേലമാത്രമായിരുന്നു അന്നത്തെ ചേട്ടത്തി വേഷമെന്ന് അവര്‍ ഏറ്റുപറഞ്ഞു. അവരുടെ ഭര്‍ത്താവായി വന്നയാളെ അവര്‍ അതിനുമുന്‍പ് കണ്ടിട്ടില്ല. അയാളും അങ്ങനെ തന്നെ രണ്ടുമണിക്കൂര്‍ ജോലിക്ക് വന്നതാവുമെന്ന് അവര്‍ ഊഹിക്കുന്നു. അവര്‍ നേരത്തെ പാര്‍ട്ട്‌ടൈം ക്ലീനിങ്ങിന് പോയിരുന്ന വീട്ടില്‍വച്ച് പരിചയപ്പെട്ട ശ്രീധരന്‍ ആവശ്യപ്പെട്ടിട്ട് അയാളുടെ കൂടെയാണ് അന്ന് ആ സ്ത്രീ വീട്ടില്‍ വന്നത്. ഒരു മാഡം തനിയെ താമസിക്കുന്ന തന്റെ പാര്‍ട്ട്‌ടൈം വീട്ടില്‍ വച്ച് ശ്രീധരനെ പലപ്പോഴും കണ്ടുണ്ടായ പരിചയമാണ്. പാര്‍ട്ട്‌ടൈം ജോലിയ്ക്ക് ആ സ്ത്രീ പോകാറുള്ള മാഡത്തിന്റെ ഫ്ലാറ്റ് അവര്‍ ശാലീനയ്ക്ക് കാണിച്ച് കൊടുത്തു. ശാലീന നീട്ടിയ പത്ത് ദിനാര്‍ വാങ്ങാതെ കണ്ണീര്‍ തുടച്ചുകൊണ്ട് ആ സ്ത്രീ മാപ്പിരന്നു.

മാഡം താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഋഷികേശനും രാമചന്ദ്രനും ഞാനും ശാലീനയ്‌ക്കൊപ്പം പോയി. മാഡത്തെ കണ്ടപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. അല്‍ നൂറാ കോള്‍ഡ്‌സ്റ്റോറിന് വെളിയില്‍ വച്ച്​ ഞാൻ ധാരാളം സംസാരിച്ചിട്ടുള്ള, നല്ല പരിചയമുള്ള ഒരാളായിരുന്നു മാഡം. സാരി ചുറ്റി ഒരാള്‍ക്ക്എത്രമാത്രം ആകര്‍ഷകയാകാമെന്നതിന്റെ പരമാവധിയായും അടയാളമായും പ്രേമപൂര്‍വ്വം ഞാന്‍ മനസ്സില്‍ കൊണ്ട് നടക്കുന്നയാള്‍. അംഗവടിവിന്റെയും ആള്‍അളവുകളുടെയും ചേലൊത്ത രൂപമായതിനാല്‍ ഏതുറക്കത്തിലും അവരെ ഞാന്‍ തിരിച്ചറിയും.

ദില്‍മുനിയയിലെ ജനങ്ങള്‍ ഉപയോഗിക്കുന്നതെല്ലാം വെളിരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത് കിട്ടുന്ന സാധനങ്ങളാണ്. ലോകത്തിലെ ഓരോരോ രാജ്യങ്ങളില്‍ നിന്ന് വന്ന വ്യത്യസ്​ത ചേരുവകള്‍ കലര്‍ത്തിയാണ് ഒരു ദിവസത്തെ ചോറും കൂട്ടാനും വയ്ക്കുന്നതുപോലും. നാട്ടില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും മീനും കിട്ടാനും ഉപയോഗിക്കാനും ആളുകള്‍ക്ക് കൊതിയുണ്ടെങ്കിലും കേരളത്തില്‍ നിന്ന് വിമാനങ്ങള്‍ നേരിട്ട് വരാതിരുന്ന അക്കാലത്ത് അതെല്ലാം ചീഞ്ഞും കേടായും പോകാതെ കിട്ടാന്‍ പ്രയാസമായിരുന്നു. നാട്ടില്‍നിന്ന് വിമാനങ്ങള്‍ നേരിട്ടെത്താന്‍ തുടങ്ങുകയും അവയില്‍ തേങ്ങയും ചീനിയും ചേമ്പും ചക്കയും വാളന്‍ പുളിയും കുളമീനും കിട്ടിത്തുടങ്ങുകയും ചെയ്തത് ആയിടെയാണ്. വലിയ വിലകൊടുത്ത് അവ വാങ്ങാന്‍ മലയാളി ആള്‍ക്കൂട്ടം അല്‍ നൂറാ കോള്‍ഡ്‌സ്റ്റോറിന് വെളിയിലുണ്ടാകുന്ന ദിവസങ്ങളില്‍ അക്കൂട്ടത്തില്‍ മാഡം ഉണ്ടെങ്കില്‍ ഞാന്‍ അങ്ങോട്ടുപോയി അവരോടു സംസാരിച്ചു നില്‍ക്കും. ഊട്ടിയില്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്ന രണ്ടാൺമക്കളെക്കുറിച്ച് അവര്‍ ധാരാളം പറഞ്ഞിട്ടുണ്ട്. മരണപ്പെട്ടുപോയ ഭര്‍ത്താവിന്റെ ചെറിയ സ്ഥാപനം നോക്കി നടത്തുകയാണ് അവരെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്.

ഞങ്ങള്‍ക്ക് പരസ്പരം അധികമൊന്നും പറയേണ്ടി വന്നില്ല. നാലഞ്ചാഴ്ച്ചക്കാലം കുറേ തവണ ആ മാഡം ലൈബിയെ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം മരണവെപ്രാളത്തില്‍ കരഞ്ഞുകൊണ്ട് ലൈബി മാഡത്തോട് രക്ഷിക്കണം എന്ന് അപേക്ഷിച്ചിട്ടുണ്ട്. ലൈബി പറയുന്ന ആര്‍ട്ട് വേള്‍ഡിന്റെ ആളുകള്‍ ഞങ്ങളാണെന്ന് അവര്‍ക്ക് മനസ്സിലാവുകയും ചെയ്തു. അവളെ രക്ഷിക്കണമെന്നും അവള്‍ എവിടെയുണ്ടെന്ന് ഞങ്ങളോട് വന്നു പറയണമെന്നും പലതവണ മാഡത്തിന് തോന്നിയിട്ടുമുണ്ട്. പക്ഷേ ജീവഭയം കൊണ്ട് ചെയ്തില്ല. ഊട്ടിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേറെ ആരുമില്ല. മാഡം ചെയ്യുന്ന തൊഴില്‍ എന്തെന്ന് ഞങ്ങള്‍ അറിയുന്നതിലെ മാനഭയവും അവരെ പിന്തിരിപ്പിച്ചു. ഒക്കെയും വെളിപ്പെട്ട് കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനിയെന്ത് മറച്ചുവയ്ക്കാന്‍ എന്നൊരു ഭാവത്തിലാണ് മാഡം സംസാരിച്ചത്.

വരുംവരായ്കകളെ കുറിച്ചുള്ള ഭയം അവരെ വിട്ടകന്നത് പോലെ തോന്നി. ലൈബിയെ പാര്‍പ്പിച്ചിട്ടുള്ള ഇടം അവര്‍ പറഞ്ഞു തന്നു. ആ ദിവസത്തെ അടുത്ത ഞെട്ടലായിരുന്നു അത്. ഈ വീടിന്റെ മട്ടുപ്പാവില്‍ നിന്ന് കാണാവുന്ന അത്ര അടുത്തായിരുന്നു. ഒരു മാര്‍ക്കറ്റ് റോഡിന്റെ അപ്പുറത്തെ തെരുവിലുള്ള അസാധാരണ നിറങ്ങളില്‍ പെയിന്റടിച്ച പുതിയ കെട്ടിടം. സൈനബിനെയും കൂട്ടിക്കൊണ്ടുപോയി ഞങ്ങള്‍ വീണ്ടെടുത്ത ലൈബി തികച്ചും മറ്റൊരാളായിരുന്നു. വിളറിവെളുത്ത് ഓജസ്സ് നഷ്ടപ്പെട്ട ഒരു പേക്കോലം. തള്ളക്കോഴിയെപ്പോലെ ഞങ്ങള്‍ കാത്തുവച്ചിരുന്നിട്ടും കഴുകന് റാഞ്ചാനായി സ്വയം ഇറങ്ങിച്ചെന്നല്ലോയെന്ന് തന്നെത്തന്നെ അവള്‍ പഴിച്ചു. ഇത്രയടുത്താണ് താനുള്ളതെന്ന് അറിയിക്കാനാവാത്തതില്‍ ഉള്ളുനീറി ലൈബി ഒരു വികൃതജീവിയായി രൂപം മാറിയിരുന്നു. ബോധം ഉണ്ടായപ്പോള്‍ മുതല്‍ക്ക് ഉള്ളില്‍ പേറിനടന്ന ആത്്മഗൗരവം പൊയ്‌പോയിട്ട് ലൈബി അകമൊഴിഞ്ഞ ചിപ്പിക്കൂട് പോലെ ആയി.

സൂഖിലെ ജനനിബിഡമായ ഗലികളിലൂടെ ആന്റണിയുടെ കൈപിടിച്ച് ആഹ്ലാദവതിയായി കോരിത്തരിച്ച് അന്ന് നടക്കുമ്പോള്‍ തങ്ങള്‍ ഒരു വലിയ ഉദ്യാനത്തിലൂടെയാണ് നടന്ന് പോകുന്നതെന്ന് വിചാരിക്കാന്‍ ലൈബി ശ്രമിച്ചു. ഗലികളുടെ ഇരുവശത്തുമുള്ള കടകളില്‍ മുളക് പൊടിയും മഞ്ഞളും ലൂമിയും ഏലക്കായും ഗ്രാമ്പുവും കല്‍ക്കണ്ടവും വട്ടം നിറച്ച് കൂമ്പാരമാക്കി ഇട്ടുവച്ചിട്ടുള്ള അരയോളം പൊക്കമുള്ള ചാക്കുകള്‍ ഉദ്യാനത്തിലെ മരങ്ങളും ചെടികളുമായി അവള്‍ സങ്കല്‍പ്പിച്ചു. കടകളില്‍ തൂക്കിയിട്ടിരുന്ന ഉടുപ്പുകളും ചെരുപ്പുകളും പാവകളും ബാഗുകളും സ്യൂട്ട് കേസുകളും ടേപ്പ് റിക്കാര്‍ഡറുകളും ചെടികളില്‍ വിരിഞ്ഞ പൂക്കളും അവയെ വലം വയ്ക്കുന്ന ശലഭങ്ങളുമായി. അവയ്ക്ക് ചുറ്റിനും കുമിഞ്ഞു കൂടുന്ന നൂറു വംശങ്ങളിലെ മനുഷ്യര്‍ ലൈബിയ്ക്ക് താനന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും വിശേഷപ്പെട്ട കാഴ്ചയായി. ആദ്യാനുരാഗത്തില്‍ തളിര്‍ത്ത മനസ്സും ശരീരവുമായി രാഗലോലയായി സൂഖിലെ ആള്‍ത്തിരക്കിന്റെ ഓളങ്ങളില്‍ തെന്നി നീങ്ങുകയാണ് ലൈബി. പഴയൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് വിരല്‍ ചൂണ്ടി, ‘വീടതാണ്, കയറിയാല്‍ ചേട്ടത്തിയുടെ അതിരുചിയുള്ള ചായ കഴിക്കാം’ എന്ന് ആന്റണി ക്ഷണിച്ചു.

സങ്കല്പ ഉദ്യാനത്തിലെ പൂക്കളും ശലഭങ്ങളും കണ്‍മുന്നില്‍ എഴുതിയ കടുംനിറങ്ങളിലെ ചിത്രങ്ങളുടെ നൃത്തരൂപങ്ങളെ വകഞ്ഞ് ഒഴുകിയാണ് ആന്റണി തുറന്നുകൊടുത്ത വാതിലിലൂടെ ലൈബി കെണിയിലേക്ക് ചെന്നുകയറിയത്. വാതിലടഞ്ഞ പാടെ ആന്റണി ആ വേഷം അവസാനിപ്പിച്ച് വെറും ശ്രീധരനായി അവിടെയുണ്ടായിരുന്ന അയാളുടെ ബോസിന്റെ ആജ്ഞകള്‍ക്ക് കാത്ത് ഒരു മൂലയില്‍ പോയി നിന്നു. വീട്ടില്‍ വന്ന് വാച്ച് സമ്മാനിച്ച മദ്ധ്യവയസ്​കന്റെ ഇളിച്ച ചിരി ലൈബി അവിടെയും കണ്ടു. ആ തവണ കൂടി തുലച്ചിരുന്നെങ്കില്‍ ശ്രീധരന്‍ഒരു പാഠം പഠിച്ചേനെ എന്ന് തനിക്കറിയാത്ത ഭാഷകളില്‍ ആ ബോസ് പറയുന്നതായാണ് നരകത്തിന്റെ അടിത്തട്ടിലേക്കുള്ള പ്രയാണത്തിലായിരുന്ന ലൈബിയുടെ ഭാവനയ്ക്ക് അപ്പോള്‍ അനുഭവപ്പെട്ടത്.

പിന്നീട് സാധാരണ മനോനിലയില്‍ ആ സംഭവങ്ങള്‍ പറയുമ്പോള്‍ താന്‍ അന്ന് അളവില്‍ കവിഞ്ഞു ഭയപ്പെട്ടെന്നും അത്ര വലുതാക്കേണ്ട ഒരു സംഗതി ആയിരുന്നില്ലെന്നും കുറച്ച് ആസ്വദിച്ചു നോക്കേണ്ടതായിരുന്നെന്നും ലൈബി തമാശ പറയും. വൈകിയതിന് ക്ഷമാപണ സഹിതം ശ്രീധരന്റെ ബോസ്​ ലൈബിയെ കൊണ്ടുപോയി കാഴ്ചവച്ചത് കൊട്ടാരം പോലൊരു ഭവനത്തിലായിരുന്നു. അവിടുത്തെ മദ്ധ്യവയസ്​ കഴിഞ്ഞ യജമാനന് പെരുത്ത ആര്‍ത്തിയായിരുന്നെങ്കിലും അയാള്‍ അത്ര നോവിച്ചില്ല. ഔട്ടര്‍ റിംഗ് റോഡിലെ കടല്‍ഭിത്തിയോട് ചേര്‍ന്ന് ലൈബി നില്‍ക്കുന്ന ഫോട്ടോയുടെ വലിയ പ്രിൻറ്​ അയാളുടെ പക്കലുണ്ടായിരുന്നു. അന്തിസൂര്യന്റെ സ്വർണശോഭയില്‍ മുങ്ങിനില്‍ക്കുന്ന ചിത്രത്തിലെ ലൈബിയെയും മുന്നില്‍ നില്‍ക്കുന്ന ആളെയും മാറിമാറി നോക്കിയിട്ട് തള്ളവിരലുയര്‍ത്തി അയാള്‍ അംഗീകാരമുദ്ര കാട്ടി. പേടിച്ചുവിറച്ചിട്ട് മനസ്സറിയാതെ ഉടുവസ്ത്രത്തിലൂടെ മൂത്രമൊഴിച്ചു പോയ ലൈബിയെ പരിചാരികമാര്‍ വീണ്ടും വൃത്തിയാക്കിക്കൊണ്ടുവരുവോളം അയാള്‍ ക്ഷമയോടെ കാത്തിരുന്നു.

താന്‍ പ്രാപിച്ചിട്ടുള്ള കന്യകമാരുടെ പട്ടികയിലേക്ക് ഒരാളെക്കൂടി ചേര്‍ക്കുന്നതിലാണ് അയാളുടെ ആവേശവും നിര്‍വൃതിയുമെന്നത് പ്രകടമായിരുന്നു. കന്യകയാണെന്ന് അയാള്‍ തേടിയ തെളിവ് കണ്ടപ്പോള്‍ അയാള്‍ ആഹ്ലാദവാനായി. ഭാഷകള്‍ വേര്‍തിരിച്ച് അറിയാന്‍ പ്രാപ്തിയില്ലാത്തത് ലൈബിയെ അന്നാണ് ഏറ്റവും സങ്കടപ്പെടുത്തിയത്. തന്റെ ആദ്യപുരുഷന്‍ ഭൂമിയില്‍ ഏതു വംശക്കാരനാണെന്നുപോലും അറിയാന്‍ കഴിഞ്ഞില്ല. കാര്യങ്ങള്‍ക്ക് മൗനം നിറഞ്ഞ അനുഷ്ഠാന സ്വഭാവമായതിനാല്‍ ഒന്നും ഊഹിക്കാനും ലൈബിക്കായില്ല. അയാള്‍ക്കെങ്കിലും സന്തോഷമായോ എന്ന ഒരു ചോദ്യം ഒരിക്കലും ചോദിക്കപ്പെടാതെ തന്റെ പ്രജ്ഞയില്‍ കെട്ടിക്കിടക്കുകയാണെന്ന് ലൈബി പറയും.

റാഞ്ചിക്കൊണ്ടുപോയിട്ട് നാലഞ്ചാഴ്ചകള്‍ മാത്രമാണ് കഴിഞ്ഞുപോയതെങ്കിലും കുറെ ജന്മങ്ങളിലെ അനുഭവസഞ്ചയം ചേര്‍ത്തു പിടിച്ചാണ് ലൈബി മടങ്ങിയെത്തിയത്. തിളയ്ക്കുന്ന ലാവാപ്രവാഹത്തിന്റെ ഉഗ്രതാപം പേറുന്ന അറിവ് അനുഭവങ്ങളായി ദേഹത്തും മനസ്സിലും ഒരുമിച്ച്​ ഒഴുകിപ്പരന്നിട്ട് അനവധി ജന്മങ്ങള്‍ ജീവിച്ചുതീര്‍ത്തവളെപ്പോലെയാണ് ലൈബി ഞങ്ങളുടെ മുന്നിലേക്ക് വീണ്ടും വന്നു നിന്നത്. തീക്ഷ്ണമായ ആ അനുഭവങ്ങളിലൂടെ കടന്നുപോയതിനുശേഷം ലൈബിയുടെ വ്യകതിത്വത്തിന് സംഭവിച്ച പരിണാമം ഞങ്ങളെ എല്ലാവരെയും അതിശയിപ്പിച്ചു. തികഞ്ഞ പ്രായോഗികതാവാദിയെപ്പോലെ തനിക്കുണ്ടായ അപകടത്തിന്റെ ഗുണദോഷങ്ങള്‍ അന്യനൊരാളുടേതെന്നപോലെ നിര്‍വികാരതയോടെ വിശദീകരിക്കാന്‍ ലൈബി കഴിവ് നേടി. ഭയന്നു നിലവിളിച്ചും പരിഭ്രമിച്ചും സങ്കടക്കടലില്‍ കഴിഞ്ഞ ലൈബി ഇല്ലാതെയായി.

മാര്‍ക്കറ്റ് റോഡിലെ ഫ്ലാറ്റിലേക്ക് മാറ്റിയിട്ട് എജന്റുമാര്‍ കൂട്ടിക്കൊണ്ടുചെന്ന കസ്റ്റമര്‍മാര്‍ പാവങ്ങളായിരുന്നു. സ്വയംഭോഗം ചെയ്യാന്‍ പോലും അവസരമില്ലാത്ത ഇടങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ട് കൊടിയ ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്ന തൊഴിലാളികള്‍. കാര്യത്തോടടുക്കുമ്പോള്‍ ഭയവും സങ്കോചവും പാപബോധവും തള്ളിവരുന്നതുകൊണ്ട് മറ്റെല്ലാ വികാരങ്ങളും അടിഞ്ഞമര്‍ന്ന് കഷ്ടപ്പെട്ട് അവര്‍ തോറ്റുപോകുന്നു. വേറെ ജോലിയൊന്നും കിട്ടാഞ്ഞിട്ടാണോ ഈ പാപത്തിന്റെ ജോലിക്കിറങ്ങിയതെന്ന് അവരും ലൈബിയോടു ചോദിച്ചു. കെണിയില്‍ പെട്ടതാണെന്നുപറയുമ്പോള്‍രക്ഷിക്കാനായി വീണ്ടും വരാമെന്ന് ലൈബിയെ ആശ്വസിപ്പിച്ചവരായിരുന്നു കൂടുതലും. ലൈബി അവിടുണ്ടെന്ന് ആര്‍ട്ട് വേള്‍ഡില്‍ ഒന്ന് അറിയിക്കണമെന്ന് പലരോടും അഭ്യര്‍ഥിച്ചു. ഒരാളും വന്നു പറയാതിരുന്നത് അവരുടെ ദയനീയതയ കാരണമാവാമെന്ന് ലൈബി മനസ്സിലാക്കി.

മാറാരോഗങ്ങള്‍ പിടിപെടുമോയെന്ന ഭയവും വിയര്‍പ്പു നാറ്റവും കാരണം ലൈബിയ്ക്ക് അവരോട് വെറുപ്പായിരുന്നെങ്കിലും സഹതാപം തോന്നുമാറ് ദയനീയമായിരുന്നു അവരുടെ മനോനിലയും പെരുമാറ്റവുമെന്ന് ലൈബി തിരിച്ചറിഞ്ഞു. അതിന് പരിഹാരങ്ങള്‍ ഉണ്ടാകണമെന്ന് ലൈബി ഞങ്ങളോട് സമര്‍ത്ഥിക്കുമ്പോള്‍ എനിക്ക് ഹാന്‍സ് പോള്‍സനെ ഓര്‍മ വരും.

(തുടരും)

Comments