ഭാഗം അഞ്ച്
അധ്യായം ഒന്ന്:
മഞ്ഞിന്‍ തുരങ്കങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍
യാത്രയുടെ തുടക്കം മുതല്‍ക്കേ കടന്നുപോകുന്ന വഴികള്‍ മനസ്സില്‍ പതിയാതെ ജനാലചില്ലിലൂടെ അകലെ എവിടെയോ ദൃഷ്ടിയുറപ്പിച്ച് മുഖം നിറയെ വിഹ്വലതയുമായി ഇരിക്കുകയായിരുന്നു ശാലീന രാമചന്ദ്രന്‍.
സ്കൂള്‍ ബസ് പിന്നാലെ വരുന്നത് അകലെ കാണാവുന്ന നേരത്താണ് ബസ് സ്റ്റോപ്പിൽനിന്ന് അല്പം മുന്നില്‍ ബഷീര്‍ ആലം കാര്‍ നിറുത്തിയതും സ്കൂള്‍ യൂണിഫോം അണിഞ്ഞ ശാലീന രാമചന്ദ്രന്‍ കാറിലേക്ക് കയറിയതും.
കൊടിമരങ്ങള്‍പോലെ ഉയരങ്ങളില്‍ കത്തുന്ന തെരുവുവിളക്കുകളുടെ വെളിച്ചക്കൈകള്‍ക്ക് ചുറ്റുമുണ്ടായ സോഡിയം ബാഷ്പപ്രഭാവലയങ്ങളില്‍നിന്ന് പ്രസരിക്കുന്ന ഇളം മഞ്ഞകിരണങ്ങള്‍ പകരുന്ന സാന്ത്വനവും രണ്ടുപേരുടെയും പരിഭ്രമത്തെ ഒട്ടും അടക്കിയില്ല.
ടോണി അബ്രഹാം കാറിലുണ്ടായിരുന്നില്ല. നിശ്ചയിച്ചുറപ്പിച്ചിരുന്ന പ്രകാരം കാത്തലിക് ചര്‍ച്ചിനടുത്ത് നില്‍ക്കുകയായിരുന്ന ടോണി അബ്രഹാം പിന്നീടാണ് കാറില്‍ കയറിയത്. മൂടല്‍ മഞ്ഞിന്റെ നേര്‍ത്ത പാളിയും സുഖം തോന്നുന്ന ഇളംകുളിരും അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്ന തെരുവിലേക്ക് ആള്‍ക്കൂട്ടങ്ങള്‍ വന്നു ചേരുകയാണ്. റാസ് കുലൈബ് മുഴുവനും ഉണര്‍ന്നെഴുന്നേറ്റ് തെരുവുകളിലേക്ക് ഇപ്പോള്‍ ഓടി വരും. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്ക് ആളെ കൊണ്ടുപോകുന്ന അനേകം വണ്ടികളില്‍ കയറാനുള്ളവര്‍ ഒഴുകിയെത്താന്‍ നേരമായി. പിന്നെ കാര്‍ വര്‍ക്ക്‌ഷോപ്പുകളിലേക്കും മനാനയിലെ ഓഫീസുകളിലേക്കും സൂഖിലെ കടകളിലേക്കും പോകുന്നവര്‍ എത്തും.
തണുപ്പുകാലത്ത് ചില ദിവസങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടാവും. മഞ്ഞിന്റെ കട്ടി മേഘങ്ങള്‍ താണിറങ്ങി വന്ന് റോഡുകളെയും കെട്ടിടങ്ങളേയും പൊതിയും. ആ പ്രഭാതങ്ങളില്‍ വാഹനയാത്ര ചെയ്യുമ്പോള്‍ കനത്ത മഞ്ഞിന്റെ വലിയ ചുമരുകള്‍ പൊതിഞ്ഞിട്ടുള്ള തുരങ്കത്തിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടും. സ്വന്തം വാഹനത്തിനുവെളിയില്‍ എന്തെന്ന് കാണാതെയും അറിയാതെയും എല്ലാ വണ്ടികളും ഹസാഡ് ലൈറ്റുകള്‍ തെളിച്ച് മിന്നാമിനുങ്ങുകളുടെ നീണ്ട ഘോഷയാത്ര പോലെ തീരെ വേഗം കുറച്ച് പോകും. കണ്ണുചിമ്മിയടക്കുന്ന അനേകം ഹസാഡ് ലൈറ്റുകള്‍ നക്ഷത്രങ്ങളായി തിളങ്ങുന്ന ആകാശം അരികത്തു വന്ന പ്രതീതിയാണ്.
കാറുകള്‍ക്കും ഏറെ ഉയരത്തിൽ, ബസിന്റെ സീറ്റുകളിലിരിക്കുന്ന ബസ് യാത്രികര്‍ക്ക് മേഘങ്ങളിലൂടെ സാവധാനത്തില്‍ തെന്നിത്തെന്നി പോകുന്ന അഭൗമവസ്തുക്കളുടെ അസുലഭമായ കാഴ്ച ലഭിക്കും. ആ നേരം നിരത്തുകളില്‍ ചരക്ക് നീക്കമോ വലിയ യന്ത്രവണ്ടികളോ പാടില്ല. അതിരാവിലെ എഴുന്നേറ്റ് സ്കൂളിലേക്ക് പോകുന്ന ബസ് സഞ്ചാരികള്‍ക്കും ഏഴു മണിക്ക് ഓഫീസുകളില്‍ ഹാജരാകാനായി കാറുകളില്‍ പോകുന്നവര്‍ക്കും മാത്രമുള്ളതാണ് അതീവ ലോലമായ ആ സഞ്ചാരാനുഭവം. റോഡുകളിലൂടെ ഭൂമിയെ തൊട്ട് ചലിക്കുമ്പോള്‍ തന്നെ മേഘങ്ങളില്‍ എത്തി ഭാരം നഷ്ടപ്പെട്ട ഇന്ദ്രിയാവബോധം.
വലിയ പിക്കപ്പ് വണ്ടിയുടെ പിന്നില്‍ പിടിപ്പിച്ചിട്ടുള്ള തടിബഞ്ചില്‍ ഇടക്കിടെ പൊങ്ങി തടിയിലേക്ക് വീണ് ഇടിച്ചിരിക്കുന്ന കണ്‍സ്ട്രക്ഷന്‍ പണിക്കാര്‍ക്ക് മഞ്ഞ് ഇറങ്ങിവരുന്ന അനുഭവം എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കൗതുകം ശാലീന രാമചന്ദ്രന്‍ എപ്പോഴും കൊണ്ടുനടന്നു.
റോസാപ്പൂക്കളെ മലയാളത്തില്‍ പനിനീര്‍ പൂവെന്ന് വിളിക്കുന്നത് ശാലീന രാമചന്ദ്രന് ഇഷ്ടമല്ലായിരുന്നു. പനിയുടെ നീരെന്ന ശബ്ദവും അര്‍ത്ഥവും ദ്യോതിപ്പിക്കുന്ന ഭംഗിയില്ലാത്ത ബിംബങ്ങള്‍ കാരണമാണ് അനിഷ്ടം. മഞ്ഞിറങ്ങി വന്ന ഒരു പുലരിയിലെ മേഘയാത്രയില്‍ ബസിൽ പിന്‍സീറ്റിലെ തമിഴ് പെണ്‍കുട്ടി വെളിയിലെ മഞ്ഞിനെ ചൂണ്ടി പനിയെന്ന് പാട്ടുപോലെ ഈണത്തില്‍ ആവര്‍ത്തിച്ച് കൂട്ടുകാരോട് ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു. ബസിലെ മേഘത്തില്‍ കൂടി ആ ശബ്ദം വന്ന് മനസ്സില്‍ പതിഞ്ഞ നിമിഷം പനിനീര്‍ ശാലീനക്ക് മഞ്ഞുകണം പോലെ പ്രിയപ്പെട്ടതായി. അതില്‍പ്പിന്നെ റോസാപ്പൂക്കള്‍ ശാലീനക്ക് പനിനീര്‍ പൂക്കളാണ്. എന്നും യാത്രകളില്‍ ബസിലെ കുട്ടിക്കൂട്ടം വലിയ ഒച്ചയും ബഹളവും ഉയര്‍ത്തുമ്പോള്‍ ശാലീന അവരെ രൂക്ഷമായി തിരിഞ്ഞു നോക്കി നിശ്ശബ്ദരാക്കാറുണ്ട്.
മഞ്ഞു തുരങ്കത്തിലൂടെയുള്ള യാത്ര പുരോഗമിക്കുമ്പോള്‍ അവരുടെ ആഹ്ലാദാരവങ്ങള്‍ എത്ര തന്നെ ഉച്ചസ്ഥായിയിലേക്ക് പോയാലും ശാലീന അസഹിഷ്ണുത ഒട്ടും പ്രകടിപ്പിക്കാതെ നിശ്ശബ്ദയായിരിക്കും. മേഘലോകത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഈ മഹാപ്രപഞ്ചത്തില്‍ ഒറ്റക്കാണെന്ന ബോധം കനക്കുകയും അകാരണമായ ഒരു വേദന ശാലീനയുടെ നെഞ്ചിനുള്ളില്‍ കിനിഞ്ഞിറങ്ങാന്‍ തുടങ്ങുകയും ചെയ്യും. കുട്ടിക്കൂട്ടത്തിന്റെ ഇരമ്പവും അതിന്റെ മുഴക്കങ്ങളും സ്ഥലകാലങ്ങളിലേക്ക് വിളിച്ചുണര്‍ത്തുകയും തനിച്ചല്ലെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നതിനാലാണ് ആ ശബ്ദഘോഷങ്ങളെ സഹിക്കുന്നത്. കാറ്റിന്റെ വേഗവ്യതിയാനങ്ങളില്‍ ഇടക്കിടെ ഗതിമാറിയൊഴുകുന്ന മേഘപാളികള്‍ പെട്ടെന്ന് ബസിനെ വിട്ടുമാറുമ്പോള്‍ ബസ് നഗ്‌നമാക്കപ്പെടുന്ന നിമിഷങ്ങളുണ്ടാവും. തൊട്ടുപിന്നാലെ കട്ടിമഞ്ഞിന്റെ മറ്റൊരു പാളി വന്ന് വീണ്ടും ബസിനെയും യാത്രികരെയും പൊതിഞ്ഞെടുക്കുന്നത് പ്രകൃതിയിലെ ചാക്രികതകളെക്കുറിച്ച് ആലോചിക്കാന്‍ ശാലീന രാമചന്ദ്രന് നിമിത്തമാകും.
വെയില്‍ വന്ന് എല്ലായിടങ്ങളും കാണാറാകുമ്പോള്‍ മഞ്ഞ് അലിഞ്ഞുണ്ടായ വെള്ളം റോഡിലെ മണ്ണും പൊടിയുമായി കലര്‍ന്ന് ചെളിയായി രൂപംമാറുന്നു. വാഹനങ്ങള്‍ ബ്രേക്ക് പിടിച്ചതിന്റെ ടയര്‍ അടയാളങ്ങളുടെ നീണ്ട രേഖാചിത്രങ്ങളാണ് ആദ്യം കാഴ്ചയില്‍ പെടുക. അത് കഴിയുമ്പോള്‍ ഒന്ന് മറ്റൊന്നിന് പിന്നില്‍ ചെന്നുമുട്ടിയുണ്ടായ ചെറിയ അപകടങ്ങളില്‍പ്പെട്ട് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ കണ്ണെത്താദൂരം നീണ്ട നിരയുടെ അസാധാരണ ദൃശ്യം കാണാം.
ഇന്നത്തെ അന്തരീക്ഷത്തില്‍ കുളിരിന്റെ നേരിയ പുതപ്പ് മാത്രമേയുള്ളൂ. തൊട്ടുമുന്നില്‍ അടുത്തായി കാണാവുന്ന കടും ചുവപ്പ് വൃത്തമായി സൂര്യന്‍ ചക്രവാളത്തിലൂടെ മെല്ലെ നീങ്ങുന്നു. സൂര്യന്‍ അടുത്തേക്കുവന്ന് ബഷീര്‍ ആലം ഓടിക്കുന്ന കാറിനെ നയിച്ചുകാണ്ട് പോകുന്നതുപോലെ തോന്നും. മുന്നില്‍ നീങ്ങുന്ന സൂര്യബിംബം ദ്വീപിലെ ഭൂമിയുടെ ആകര്‍ഷകവും വിശാലവുമായ നെറ്റിയിലെ വലിയ ചുവന്ന പൊട്ടായി പതിഞ്ഞു കിടക്കുകയാണ്. അളകങ്ങള്‍ അതിരൊരുക്കുന്ന വലിയ നെറ്റിയിലെ ചുവന്ന പൊട്ട് തന്റെ ജീവിതത്തിലേക്ക് കടന്നു കയറി എപ്പോഴും അടയാളം പതിക്കുന്നത് എന്തെന്ന് ടോണി അബ്രഹാം സ്വയം ചോദിക്കുന്ന ഒരു പ്രഹേളികയാണ്. അക്കാര്യം ശാലീനയോടും ചോദിച്ചിട്ടുണ്ട്. തിരിഞ്ഞു നോക്കാതെ തന്നെ റിയര്‍ വ്യൂ മിററിലേക്ക് കഴുത്തുയര്‍ത്തി വച്ച് അയാള്‍ പിന്നിലെ സീറ്റും അതിലുള്ള ആളിനെയും കാണുകയാണ്. അയാള്‍ കണ്ടുകൊണ്ടിരിക്കുന്ന നെറ്റിയില്‍ ഇന്നും വലുതല്ലെങ്കിലും ചുവന്ന പൊട്ട് അതിന്റെ പ്രഭാ വലയവുമായി ചേര്‍ന്ന് തിളങ്ങുന്നുണ്ട്.
ശാലീനയുടെ കാഴ്ചകള്‍ക്ക് തന്നില്‍ നിന്നൊരു തടസ്സവും വന്നുപോകാതിരിക്കാന്‍ വലിയ ശരീരത്തെ വീണ്ടും ഇടത്തോട്ടു ഒതുക്കിയിരുന്നാണ് ബഷീര്‍ ആലം വണ്ടിയോടിക്കുന്നത്. അയാളെ ആസകലം പിടിമുറുക്കിയിരിക്കുന്ന ഭയവും പരിഭ്രാന്തിയും മറയ്ക്കാൻ അയാള്‍ ഓരോന്ന് ചെയ്യുന്നുണ്ട്. വണ്ടിയിലെ കാസറ്റ്‌പ്ലെയര്‍ ചെറിയ ശബ്ദത്തില്‍ പാടുന്ന ഗസലില്‍ തറഞ്ഞാണ് തന്റെ ഇരിപ്പെന്ന് ഭാവിക്കുകയും ചില വരികള്‍ ഒപ്പം മൂളുകയും ചെയ്യുന്നുണ്ട്. പരിചിതഭൂമി പിന്നിട്ട വണ്ടി പുതിയ ഭൂഭാഗദൃശ്യങ്ങളിലേക്ക് പ്രവേശിച്ചപ്പോള്‍ ശാലീന രാമചന്ദ്രന്‍ ഉണര്‍വിലേക്ക് വന്നു. കാഴ്ചകളിലേക്ക് കണ്ണും മനസ്സും വിടര്‍ത്തുന്നതിന്റെ പ്രസാദാത്മകത മുഖത്ത് മെല്ലെ പരന്നു. റിയര്‍ വ്യൂ മിററില്‍ ആ മുഖമാറ്റം കണ്ടപ്പോള്‍ ടോണി അബ്രഹാമിന്റെ അസ്വസ്ഥതക്കും ശമനമുണ്ടായിത്തുടങ്ങി. ഇപ്പോള്‍ പിന്‍സീറ്റിന്റെ നടുവിലേക്ക് നീങ്ങി രണ്ടു മുന്‍ സീറ്റുകള്‍ക്കും ഇടയിലൂടെ കാറിന്റെ മുന്‍വശക്കണ്ണാടിയിലൂടെ ആകാശത്തെ ഉറ്റുനോക്കാനായി ശാലീന മുന്നോട്ട് ചാഞ്ഞിരുന്നു.
തലേന്ന് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന നാഷിഫും വെളുപ്പിന് തുറന്ന മലയാളിചായക്കടയില്‍ പോയി വാങ്ങിയ ദോശ സാമ്പാര്‍ പൊതിയുമാണ് ശാലീനയ്‌ക്കൊപ്പം പിന്നിലെ സീറ്റില്‍. താന്‍ എപ്പോഴും ആവര്‍ത്തിക്കുന്ന ലൂമിയുടെ വിശിഷ്ട രുചി എന്തെന്ന് ശാലീനയെ അറിയിച്ചു കൊടുക്കണമെന്ന് ടോണി അബ്രഹാമിനു വലിയ ആഗ്രഹമാണ്. ശാലീനക്ക് കൊടുക്കാന്‍ വേണ്ടി ബഷീര്‍ ആലം തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ലൂമി കൂട്ടി എടുക്കണം എന്നാണു ടോണി അബ്രഹാം ആവശ്യപ്പെട്ടത്.
വഞ്ചിഗുഹയില്‍ വച്ച് മൂന്നുപേര്‍ക്കും ഒരുമിച്ച് പ്രാതല്‍ കഴിക്കണമെന്നും ലൂമിയുടെ രുചിയറിഞ്ഞ് ആനന്ദനിര്‍വൃതിയിലാകുന്ന ശാലീനയുടെ മുഖഭാവങ്ങള്‍ അരികത്ത് നിന്ന് കാണണമെന്നും അയാളുടെ സ്വപ്നമായിരുന്നു. നഹദൈന്‍ യാത്ര എന്ന ഭാവനയോടൊപ്പം തന്നെ അവിടെ വച്ചു എന്തെല്ലാം കഴിക്കണമെന്ന സങ്കല്‍പ്പങ്ങളും നാമ്പെടുത്തിരുന്നു. പ്രാതലിന് അയാളുടെ പ്രിയപ്പെട്ട അബ്ദുള്ള ഉമ്രാന്റെ മത്ആമിലെ നാഷിഫ് വേണമെന്ന് ടോണി അബ്രഹാം പറഞ്ഞപ്പോള്‍ അങ്ങിനെയാണെങ്കില്‍ തനിക്ക് പ്രിയപ്പെട്ട ദോശയും സാമ്പാറും മാത്രമേ അവിടെ വച്ച് കഴിക്കുകയുള്ളൂവെന്ന് ശാലീന രാമചന്ദ്രന്‍ പറഞ്ഞത് കളിയായിട്ടാണ്. തെക്കേ ഇന്ത്യാക്കാരുടെ തനത് ദ്രാവിഡ വിഭവമായ ദോശയും സാമ്പാറും ബഷീര്‍ ആലമെന്ന പത്താന്‍ വീരന്‍ പ്രാതലിന് തങ്ങളുടെ ഒപ്പം കഴിക്കണമെന്ന് ടോണി അബ്രഹാം തന്റെ ആഗ്രഹമായി നിര്‍ദ്ദേശിച്ചു. അനൗദ്യോഗികം എന്ന അര്‍ത്ഥത്തില്‍ കമ്പനി കാര്യമല്ലാത്ത എല്ലാ ഏര്‍പ്പാടുകളെയും തര്‍ത്തീബ് എന്ന അറബി വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത് എമ്മിയെസ് കമ്പനിയിലെ അംഗീകരിക്കപ്പെട്ട രീതിയാണ്. അബ്രഹാം ജോസഫിന്റെ സ്വന്തം ആളായതിന് ശേഷം ബഷീര്‍ ആലത്തിനു രാപകല്‍ തര്‍തീബുകളുണ്ടാവുകയും ശമ്പളം വരുമ്പോള്‍ അതില്‍ ധാരാളം ഓവര്‍ടൈം തുക ചേരുകയും ചെയ്തു. ഇഡ്ഡലിയും ദോശയും തുടങ്ങി തെക്കേ ഇന്ത്യന്‍ വിഭവങ്ങളെല്ലാം ബഷീര്‍ ആലത്തിന് ഇഷ്ടമാവുകയും അവയില്‍ ഓരോന്നും രുചിയേറിയത് കിട്ടുന്ന കടകള്‍ എവിടെവിടെയാണെന്ന് അയാള്‍ അറിഞ്ഞു വയ്ക്കുകയും ചെയ്തു.
യുവസൈന്യാധിപെന്റ ശ്രദ്ധയോടെ ടോണി അബ്രഹാം തയ്യാറാക്കിയ വിശദമായ പദ്ധതി അനുസരിച്ചാണ് അവര്‍ യാത്രയ്‌ക്കൊരുങ്ങിയിട്ടുള്ളതും അയാളുടെ മോഹയാത്രയിപ്പോള്‍ നീങ്ങുന്നതും. ശാലീന രാമചന്ദ്രന്റെയും ബഷീര്‍ ആലത്തിന്റെയും അഭിപ്രായങ്ങള്‍ ചോദിക്കുകയും ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വെള്ളനിറത്തിലെ ഷര്‍ട്ടിനു മുകളില്‍ നീലയില്‍ പിനഫോറെന്ന പാവാടക്കുപ്പായവുമാണ് സ്കൂളിലെ യൂണിഫോം. കാലുകളില്‍ സ്റ്റോക്കിങ്ങ്‌സും ഉണ്ടാവും. നല്ല ശരീരവലിപ്പമുള്ള ശാലീന രാമചന്ദ്രനെ സ്കൂളില്‍ യുണിഫോമില്‍ കാണുമ്പോള്‍ മുതിര്‍ന്ന ഒരാള്‍ ആ വേഷത്തിലേക്ക് കൃത്രിമമായി കയറിക്കൂടിയതായി തോന്നും. നഹദൈനില്‍ വച്ച് യൂണിഫോമില്‍ കാണപ്പെടുന്നത് ആരുടെയെങ്കിലും ശ്രദ്ധയാകര്‍ഷിച്ച് കുഴപ്പത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ യൂണിഫോമില്‍ അല്ലാതെ സ്കൂള്‍ ബസിൽ പോകാന്‍ വീട്ടില്‍ നിന്നിറങ്ങാന്‍ കഴിയില്ല. ദ്വീപിന്റെ ഓരോ ഇഞ്ചിലുമുള്ള മണ്ണും കല്ലും മരവും നന്നായറിയുന്ന ബഷീര്‍ ആലം ഇരുപുറവും ഉയര്‍ന്ന കൊണ്‍കീറ്റ് ഭിത്തികളുള്ള ഒരിടത്ത് വണ്ടി കൊണ്ടുപോയി നിറുത്തി. അവിടെ വച്ച് ശാലീന രാമചന്ദ്രന്‍ ബാഗില്‍ കരുതിയിരുന്ന റോസ് നിറത്തിലെ കമ്പിളിയുടുപ്പ് ധരിച്ച് സ്കൂള്‍ കുട്ടി അല്ലാതായി.
‘‘ഞാന്‍ പറഞ്ഞില്ലേ, ദൈവം എനിക്ക് ഈ യാത്ര അനുവദിച്ചിട്ടുണ്ടെന്ന്? യാതൊരു വിഘ്‌നങ്ങളും ഉണ്ടാവാതെ തീരുമാനിച്ചത് പോലെ ഇതുവരെ നടന്നില്ലേ? ഇനിയും അങ്ങനെത്തന്നെയാകും.’’
ശാലീന രാമചന്ദ്രന്‍ വേഷം മാറുമ്പോള്‍ കാറിന് വെളിയില്‍ അകലെമാറി നില്‍ക്കുന്ന ടോണി അബ്രഹാം ബഷീര്‍ ആലത്തിനോട് സമര്‍ഥിച്ചു.
തലേന്നാള്‍ രാത്രി നല്ല മഴ ആയതിനാല്‍ കാറിന്റെ പുറമാകെ ചെളി പിടിച്ച് വൃത്തികേടായിട്ടിരുന്നു. ദില്‍മുനിയയില്‍ ചിലയാണ്ടുകളില്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് തോന്നുന്ന അത്രയും മഴ പെയ്യും. സാധാരണ ബഷീര്‍ ആലത്തിന്റെ വണ്ടിയുടെ അകവും പുറവും ഒരു കണികപോലും അഴുക്കില്ലാത്ത വൃത്തിയിലായിരിക്കും ഉണ്ടാവുക. പെയിന്റ് ഇളകിപ്പോകുമെന്ന് കാണുന്നവര്‍ കളിയാക്കിയാലും തനിക്ക് തൃപ്തിവരുന്നത് വരെയും ബഷീര്‍ ആലം കാറ് തുടക്കുകയും കഴുകുകയും ചെയ്തു കൊണ്ടിരിക്കും. മണ്ണും പൊടിയും മൂടി അഴുക്കായ വാഹനങ്ങള്‍ ദില്‍മുനിയയിലെ നിരത്തുകളില്‍ കുറവാണ്. വിവിധ തീവ്രതകളിലെ ഷമാല്‍ കാറ്റ് കൊണ്ടുവന്ന് നിക്ഷേപിച്ച് പോകുന്ന മണ്ണും പൊടിയും തുടച്ചു വൃത്തിയാക്കിയാണ് കൂടുതല്‍ വാഹനങ്ങളും റോഡിലേക്ക് ഇറക്കാറുള്ളത്. വണ്ടികള്‍ വന്നു നിറഞ്ഞ് നില്‍ക്കുന്ന സിഗ്‌നല്‍ ജംങ്ഷനുകള്‍ കാണാന്‍ നല്ല ഭംഗിയാണ്. വെള്ളം നിറച്ച പ്ലാസടിക് തൊട്ടിയും നിരന്തരം ഉപയോഗിച്ച് മുഷിഞ്ഞ് നിറംമാറിയ തുകല്‍ തുണിയുടെ ചുരുളുമായി കാറുകള്‍ കഴുകുകയും തുടക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കുടിയേറ്റത്തൊഴിലാളികള്‍ ദ്വീപില്‍ എവിടെ നോക്കിയാലും കാണാന്‍ കഴിയുന്ന പ്രഭാതദൃശ്യമാണ്. കാലത്തും വൈകിട്ടും അനേകം വണ്ടികള്‍ കഴുകി മാസപ്പടിയായി നല്ല വരുമാനം ഉണ്ടാക്കുന്ന ജോലി അനേകം പേര്‍ ചെയ്യുന്നുണ്ട്.
അറബികള്‍ തനിയേയും ചിലപ്പോള്‍ മലയാളികളും ചേര്‍ന്നും ദ്വീപില്‍ നിറയെ നടത്തുന്ന കടലാസ് കമ്പനികളില്‍ നിന്ന് ഫ്രീ വിസ എന്ന പേരില്‍ വലിയ വിലക്ക് വാങ്ങുന്ന വിസയില്‍ വരുന്നവരാണ് ആ ജോലി ചെയ്യുന്നവരില്‍ അധികവും. കാറുകള്‍ കഴുകിയും മറ്റു കഠിന ജോലികള്‍ ചെയ്തും ഉണ്ടാക്കുന്ന വരുമാനത്തില്‍ വലിയപങ്കും ഇക്കാമ എന്ന് അറബിയില്‍ പറയുന്ന രണ്ടു വര്‍ഷത്തെ താമസാനുമതിക്കുള്ള പ്രതിഫലമായി സ്പോൺസര്‍മാര്‍ വാങ്ങും. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ തികയുമ്പോള്‍ അവധിക്ക് നാട്ടില്‍ കൊണ്ടുപോകാന്‍ സാധനങ്ങള്‍ വാങ്ങലും വിമാന ടിക്കറ്റ് എടുക്കലും മറ്റൊരുക്കങ്ങളും കഴിയുമ്പോള്‍ ബാക്കി വച്ചിരുന്ന കാശില്‍ കൂടുതലും തീര്‍ന്നു പോകും. കടംവാങ്ങിയും ചിട്ടിപിടിച്ചും വീണ്ടും ഇക്കാമ പുതുക്കാന്‍ സ്പോന്‍സര്‍ക്ക് പണം കൊടുക്കും. ആവശ്യക്കാര്‍ക്ക് കടം കൊടുക്കാന്‍ കൊള്ളപ്പലിശക്കാരുടെ വലക്കണ്ണികള്‍ ദ്വീപില്‍ ആകെ പരന്നു കിടപ്പുണ്ട്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വന്ന് കാറുകള്‍ കഴുകിയും തുടച്ചും കടം വീട്ടല്‍ ആരംഭിക്കും. ചെയ്യുന്ന ജോലി ഏതായാലും കൂടുതല്‍ പേരുടെയും കുടിയേറ്റക്കാല ജീവിതം ഇങ്ങനെയൊരു താളത്തില്‍ ആയതിനാല്‍ മടങ്ങിപ്പോക്ക് നീണ്ടു പോകും.
എമ്മിയെസ് കമ്പനിയിലെ ടീ ബോയിമാരില്‍ ബഷീര്‍ ആലത്തിന് മാത്രമേ കമ്പനി കാര്‍ കൊടുത്തിട്ടുള്ളൂ. തന്റെ അല്ലറചില്ലറ ജോലികള്‍ ചെയ്യാന്‍ ബഷീര്‍ ആലത്തെ ആവശ്യമുണ്ടെന്ന അബ്രഹാം ജോസഫിന്റെ നിര്‍ദ്ദേശപ്രകരമാണത്. സ്റ്റാഫ് ക്യാമ്പില്‍ നിന്നുള്ള മിനി ബസില്‍ ആദ്യം ഓഫീസ് സ്റ്റാഫ് കയറി അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും ജോലിപദവികൾക്കൊത്ത മുന്‍ഗണനയിലും തിരഞ്ഞെടുക്കുന്ന സീറ്റുകളിലിരിക്കും. അതിനുശേഷം മിനി ബസ് ലേബര്‍ ക്യാമ്പിലെത്തുമ്പോള്‍ ബാക്കിയുള്ള ഇടങ്ങളില്‍ ടീ ബോയിമാര്‍ അവരവരെ സ്വയം ഒതുക്കിവച്ച് യാത്ര ചെയ്തുകൊള്ളണം എന്നാണു കമ്പനിയിലെ കീഴ്വഴക്കം.
വണ്ടിയിലെ കാസറ്റ്‌പ്ലെയറില്‍ ഏതു പാട്ട് പാടണമെന്ന കാര്യത്തില്‍ ചിലപ്പോള്‍ തര്‍ക്കമുണ്ടാകും. ജോലി തസ്തികയുടെ അധികാര നില പരിശോധിച്ച് ആരുടെ പാട്ട് വേണമെന്ന് തീരുമാനിക്കാന്‍ ഡ്രൈവർമാർ വണ്ടി നിർത്തിയിടുന്ന സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. അബ്രഹാം ജോസഫിനെ കാലുപിടിച്ചും കാക്ക പിടിച്ചും മസ്ക പോളിഷ് ചെയ്തും സംഘടിപ്പിച്ചതാണ് കമ്പനി വണ്ടിയെന്ന് കുത്തുവാക്കും ദുരാരോപണങ്ങളും ഇടക്കിടെ കേള്‍ക്കണം. എന്നാലും വണ്ടി കൈവശമുള്ളതിനാൽ താണവരില്‍ കുറഞ്ഞവന്‍ എന്ന് നെറ്റിയില്‍ എഴുതിയിട്ടുള്ളതുപോലെയുള്ള മിനി ബസിലെ ഇരിപ്പ് ജോലിക്ക് പോകുമ്പോള്‍ ബഷീര്‍ ആലത്തിന് വേണ്ടിവരുന്നില്ല. അതു കൊണ്ടാണ് അയാള്‍ തന്റെ വിമോചനത്തിന്റെ അടയാളവും മാര്‍ഗവും വഴിയുമായ കമ്പനി കാറിനെ സ്വന്തം സന്തതിയെപ്പോലെ നോക്കുന്നതും പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും. അകത്തോ പുറത്തോ ഒരു പൊടിയോ അഴുക്കോ പറ്റുന്നത് സഹിക്കാന്‍ കഴിയാത്തതുകൊണ്ട് എപ്പോഴും വണ്ടിയെ തൂത്തുതുടച്ച് വൃത്തിയാക്കിക്കൊണ്ടിരിക്കും.
ശാലീന രാജേന്ദ്രനെയും കൂട്ടി നഹദൈനിലേക്ക് യാത്ര ചെയ്യണമോ വേണ്ടേയെന്ന് ഏറെ നാളായി മനസ്സില്‍ നടക്കുന്ന സംഘര്‍ഷത്തിന് അയാള്‍ക്ക് ഉത്തരം ഇപ്പോഴും വ്യകതമായി കിട്ടിയിട്ടില്ല. ഹാന്‍സ് പോള്‍സന്‍ സാബിന്റെ അനിയന്‍ ബിഷപ്പ് ഹെര്‍മന്‍ വന്നുപോയിട്ട് ഒരു വര്‍ഷം തികയാറാകുന്നു. അന്ന് നഹദൈനിലെ വഞ്ചിഗുഹയില്‍ നിന്ന് തിരികെയെത്തിയതുമുതല്‍ ടോണി അബ്രഹാം ഈ യാത്ര ആവശ്യപ്പെടുന്നു. മറ്റൊരു കാര്യത്തിനുവേണ്ടിയും അയാള്‍ക്ക് ബഷീര്‍ ആലത്തെ ഇത്രമാത്രം നിര്‍ബന്ധിക്കേണ്ടി വന്നിട്ടില്ല. പിന്നീടൊരിക്കലാകാമെന്ന് പറഞ്ഞു. സാഹചര്യം ഒരുങ്ങട്ടെയെന്നും സമയംവരട്ടെയെന്നും പറഞ്ഞു. ഓയില്‍ ഫീല്‍ഡില്‍ ഡസര്‍ട്ട് ക്യാമ്പിന്റെ ആള്‍പ്പെരുപ്പമാണെന്നും കമ്പനിയിലെ ആരെങ്കിലും അവിടെ വച്ച് കണ്ടാല്‍ കുഴപ്പമാകുമെന്നും പറഞ്ഞു നോക്കി.
ശാലീന രാജേന്ദ്രന്റെ അമ്മ ഹാന്‍സ് പോള്‍സന്റെ സെക്രട്ടറിയായതിനാല്‍ ഓഫീസില്‍ ശാലീനയെ തിരിച്ചറിയുന്നവര്‍ ധാരാളമുണ്ടാവും. ആരെങ്കിലും യാത്രയില്‍ എവിടെയങ്കിലും വച്ച് ബഷീര്‍ ആലത്തിന്റെ കാറില്‍ ശാലീന രാജേന്ദ്രനെ കണ്ടാല്‍ അത് വലിയ പ്രശ്‌നമാകുമെന്ന് പറഞ്ഞ് കുറേനാള്‍ തടഞ്ഞു നിർത്തി. പിന്നീട് അവസരമായെന്നുപറഞ്ഞ് ടോണി അബ്രഹാം സമീപിച്ച വെള്ളിയാഴ്ചകളില്‍ അബ്രഹാം ജോസഫ് ഏല്‍പ്പിച്ച ജോലികളെ മറയാക്കി. ചിലപ്പോള്‍ ജബല്‍ വസാത്തിലേക്ക് പോകാന്‍ പറ്റിയ കാലാവസ്ഥയല്ലെന്ന് പറഞ്ഞു. ഓരോ ഒഴിവുകഴിവും, അത് നുണയായതിനാല്‍, പറഞ്ഞുകഴിയുമ്പോള്‍ ബഷീര്‍ ആലത്തെ വേദനിപ്പിച്ചു . ഇങ്ങനെ ഒരായിരം ഒഴിവാക്കല്‍ കാരണങ്ങള്‍ പറഞ്ഞിട്ടും ടോണി അബ്രഹാം വീണ്ടും തന്നെത്തന്നെ സമീപിക്കുന്നത് ബഷീര്‍ ആലത്തിന് ഉള്ളില്‍ ഇഷ്ടമാവുകയും കൗമാരക്കാരനായ അയാളുടെ സ്ഥൈര്യത്തോട് ആദരവ് തോന്നുകയും ചെയ്തു.
നഹദൈനിലെ വഞ്ചിഗുഹയിലേക്ക് അവര്‍ക്ക് ഒരുമിച്ച് തീര്‍ഥയാത്ര ചെയ്യണമെന്ന സങ്കല്പത്തിന്റെ സൗന്ദര്യം നന്നായി ഇഷ്ടപ്പെട്ടതിനാല്‍ ശാലീന രാജേന്ദ്രനോട് ഒരുമിച്ച് അവിടെ പോകരുതെന്ന് ഉപദേശിക്കാന്‍ ബഷീര്‍ ആലത്തിന് തോന്നിയില്ല. പന്ത്രണ്ടാം ക്ലാസിലാണ് അതുകൊണ്ട് പരീക്ഷക്ക് നന്നായി പഠിച്ചൊരുങ്ങുന്നതാണ് ആദ്യത്തെ കാര്യമെന്ന തന്റെ വാദത്തിനുമുന്നില്‍ യാത്രക്കുതിപ്പ് ശമിച്ചെങ്കിലും ഉള്ളില്‍ തിളക്കുന്നുണ്ടെന്ന് ബഷീര്‍ ആലത്തിനു കാണാമായിരുന്നു. രണ്ടാഴ്ച മുമ്പൊരു ദിവസം അവരുടെ അവസാന പരീക്ഷ എഴുതിത്തീര്‍ത്ത വൈകുന്നേരം ഒറ്റ വഴി പ്രശ്‌നോത്തരിയുമായി ടോണി അബ്രഹാം വന്നു. അടുത്തതിനും അടുത്ത വെള്ളിയാഴ്ച ഒരു സ്ട്രീമിന് അവസാന പരീക്ഷയുണ്ട്. അതാണ് ആ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറിയുടെ അവസാന പരീക്ഷ. ആ സ്ട്രീമിലെ കൂട്ടുകാരെ കണ്ട് യാത്ര പറയാന്‍ സ്കൂളില്‍ പോകാന്‍ ശാലീന രാമചന്ദ്രനെ അമ്മ അനുവദിച്ചേക്കും. യൂനിഫോമണിഞ്ഞ് അതിരാവിലെ സകൂള്‍ബസ് വരുന്ന സമയത്ത് ബസ്സ്റ്റോപ്പിലെത്തുമ്പോള്‍ അവിടുത്തെ ജനബാഹുല്യം രൂപപ്പെട്ട് വരുന്നതേയുണ്ടാകൂ. അധികമാരുടെയും ശ്രദ്ധയില്‍പെടാതെ ബസ് സ്റ്റോപ്പില്‍ നിന്ന് ഇത്തിരി മുന്നില്‍ നിന്ന് ശാലീനക്ക് ബഷീര്‍ ആലത്തിന്റെ കാറില്‍ കയറാം. അന്നത്തെ പരീക്ഷ കൂടി കഴിയുമ്പോള്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ വര്‍ഷം അവസാനിക്കും. അതിനുശേഷം ഏതേതു ലോകങ്ങളിലാണ് ഓരോരുത്തരും എത്തിപ്പെടുക എന്നറിയില്ല. ആ ദിവസവും കടന്നുപോയാല്‍ നഹദൈനിലേക്ക് ഒരുമിച്ചുള്ള യാത്രക്ക് പിന്നീടൊരിക്കലും അവസരമുണ്ടാവില്ല. അതിനാല്‍ ആ വെള്ളിയാഴ്ച പുലര്‍കാലേ നമ്മള്‍ നഹദൈനിലേക്ക് യാത്ര പോകുന്നുവെന്ന് ടോണി അബ്രഹാം ഉച്ചത്തില്‍ വിളിച്ചു കൂവി.
എനിക്ക് സാധിക്കില്ലെന്ന് കണ്ണുമടച്ചു പറയുക എന്ന ഒരു വഴിയല്ലാതെ മറ്റൊന്നും ബഷീര്‍ ആലത്തിനു മുന്നില്‍ ഇല്ലാതാവും വിധം പഴുതടച്ച നീക്കമായിരുന്നു ടോണി അബ്രഹാമിന്റെത്. അതുവരെയും ബഷീര്‍ ആലം നിയന്ത്രിച്ചിരുന്ന കളിക്കളം ടോണി അബ്രഹാം ആ നീക്കത്തിലൂടെ തന്റെ വരുതിയിലാക്കി. സി.ബി.എസ്. ഇ ബോര്‍ഡിന്റെ പരീക്ഷ ഇന്ത്യയിലെ പ്രവൃത്തിദിനങ്ങളില്‍ രാവിലെ പത്ത് മണിക്കാരംഭിക്കും. വിദേശങ്ങളില്‍ അവധിദിനമായാലോ അവിടുത്തെ സമയം രാത്രിയായാലോ ഒന്നും പരീക്ഷ തുടങ്ങുന്ന സമയത്തിന് വ്യത്യാസമുണ്ടാവില്ല. അതുകൊണ്ട് ദില്‍മുനിയയിലെ അവധി ദിവസമായ വെള്ളിയാഴ്ച അതിരാവിലെ പരീക്ഷയുണ്ടാവും. തങ്ങളുടെ പരീക്ഷകള്‍ എല്ലാം കഴിഞ്ഞ് രണ്ടാഴ്ചയാവുമ്പോള്‍ ബഷീര്‍ ആലത്തിന് ജോലിക്ക് പോകേണ്ടാത്ത വെള്ളിയാഴ്ച ദിവസം പിന്നെയും ഒരു ബോര്‍ഡ് പരീക്ഷ കൂടിയുണ്ടാവുന്നു. അന്ന് സ്കൂളില്‍ പോകാന്‍ ശാലീനക്ക് അനുമതി ലഭിച്ചേക്കാവുന്ന മാനസിക കാലാവസ്ഥയില്‍ അവളുടെ അമ്മ എത്തുന്നു. അന്നാണെങ്കില്‍ അറിയാത്തിടങ്ങളിലേക്ക് ഒരുമിച്ച് പോകാന്‍ കൂടെ വരാമെന്ന് ശാലീന രാമചന്ദ്രന്‍ സമ്മതിക്കുന്നു. ഈ മൂന്നു കാര്യങ്ങളും വെറുതെ ചേര്‍ന്ന് വന്നതല്ലെന്നും അതില്‍ ദൈവത്തിന്റെ ഇടപെടലുണ്ടെന്നും ടോണി അബ്രഹാമിന്റെ കണ്ടെത്തല്‍ ബഷീര്‍ ആലത്തിന് യോജിക്കാന്‍ തോന്നി.
പിന്നീട് എല്ലാ ദിവസവും ടോണി അബ്രഹാം മാനേജ്‌മെന്റ് ഫ്ലോറില്‍ ഡയറക്ടര്‍ ഫിലോസോഫിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ സംഭാഷണം കേള്‍ക്കുകയായിരുന്നു. കമാല്‍ മുസ്തഫ കട്ടികടുംചായ മധുരമില്ലാതെ കുടിക്കുമ്പോള്‍ ടോണി അബ്രഹാം ലൂമി കുടിച്ചാഘോഷിച്ചു. ചായയും ലൂമിയുമായി ബഷീര്‍ ആലം ചെല്ലുമ്പോള്‍ യാത്രയെ ധ്വനിപ്പിക്കുന്ന ആംഗ്യങ്ങളോടെ തയ്യാറാണല്ലോയെന്നു കണ്ണിറുക്കി തലയാട്ടി. ഓഫീസ് കഴിയുമ്പോള്‍ ബഷീര്‍ ആലത്തെയും കൂട്ടി സൂഖില്‍ പോയി. ശുദ്ധജലം ലഭിക്കുന്ന ഉറവകളോട് ചേര്‍ന്ന് ദില്‍മുനിയയില്‍ പനകളും മറ്റു വൃക്ഷങ്ങളും വനം പോലെ വളര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോയി. യാത്ര ചെയ്യുമ്പോള്‍ മുഴുവന്‍ വെള്ളിയാഴ്ചത്തെ നഹദൈന്‍ സഞ്ചാരത്തിന്റെ കാര്യപരിപാടി മിനിട്ടുകള്‍ തോറും എന്തു സംഭവിക്കണം എന്ന് ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ ബഷീര്‍ ആലത്തിന് ഒന്നും പറയേണ്ടി വരാത്തവിധം അയാള്‍ എല്ലാ വിപരീതങ്ങളെയും കണക്കിലെടുക്കുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. വണ്ടിയുടെ പുറത്ത് ആകെ ചെളിയും അഴുക്കും പിടിച്ചിട്ട് ബഷീര്‍ ആലത്തിന്റെ കാറ് ആരും പ്രതീക്ഷിക്കുകയില്ല, അഥവാ കണ്ടാലും അത് മറ്റാരോ ആണെന്ന് കരുതും. അതുകൊണ്ട് പതിവുപോലെ കാറ് തുടച്ച് പുറം മിനുക്കരുതെന്നും പുറത്തുമുഴുവന്‍ അഴുക്കുണ്ടായിരിക്കണം എന്നും ടോണി അബ്രഹാമിന്റെ സൂക്ഷ്മപരിപാടിയിലെ നിര്‍ദ്ദേശം ബഷീര്‍ ആലം അനുസരിച്ചത് പൂര്‍ണ്ണമനസ്സോടെയായിരുന്നില്ല.
ടോണി അബ്രഹാമിന്റെ കുടുംബം രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പൊരു ദിവസം മലയാളി സമാജത്തില്‍ നാടകത്തിനു പോയത് വളരെ യാദൃച്ഛികമായിട്ടാണ്.
ദില്‍മുനിയയിലെ എല്ലാ സംഘടനകള്‍ക്കും എമ്മിയെസ് കമ്പനിയുടെ ജോലിക്കാരെയും സാധനസാമഗ്രികളും അബ്രഹാം ജോസഫ് വിട്ടുകൊടുക്കാറുണ്ട്. പലതരത്തിലെ നിര്‍മ്മാണങ്ങളും ചെയ്തു കൊടുക്കും. എല്ലായിടങ്ങളില്‍ നിന്നും തികഞ്ഞ ആദരവും നല്ലവാക്കുകളും തിരിയെ കിട്ടാറുമുണ്ട്. ഉയര്‍ന്ന പദവികളില്‍ എത്തിച്ചേര്‍ന്ന ഇന്ത്യാക്കാര്‍ അനേകം കമ്പനികളിലുണ്ടെങ്കിലും അവരിലാര്‍ക്കും അത്തരത്തില്‍ പ്രയോഗിക്കാന്‍ കഴിയാത്ത സ്വാതന്ത്ര്യമാണ് അബ്രഹാം ജോസഫിനുള്ളതെന്ന് എല്ലാവരും ബഹുമാനത്തോടെ പറയും. എല്ലായിടങ്ങളില്‍ നിന്നും അവരുടെ പ്രോഗ്രാമുകള്‍ക്ക് ക്ഷണം അയക്കും. അബ്രഹാം ജോസഫ് ചടങ്ങിനു ചെന്നാല്‍ മുന്‍നിരയില്‍ നല്ല പ്രാധാന്യത്തോടെ ഇരിപ്പിടവും കൊടുക്കും. പരിപാടികള്‍ക്ക് വല്ലപ്പോഴും അബ്രഹാം ജോസഫ് തനിയെ പോയെന്ന് വരാമെങ്കിലും കുടുംബം മുഴുവനും ഒരുമിച്ച് പോയഅവസരങ്ങള്‍ അപൂര്‍വമാണ്. നാടകങ്ങളോട് നല്ലപ്രിയമുള്ള അബ്രഹാം ജോസഫ് ചെറുപ്പത്തില്‍ ത്രിമൂര്‍ത്തികള്‍ കൂട്ടുകാര്‍ നാടകം അവതരിപ്പിച്ചതും മൂന്നു പേരും അഭിനയിച്ചതും മക്കളോട് പറഞ്ഞിട്ടുണ്ട്. റെയിഞ്ച്‌റോവറിലെ കാസറ്റ് പ്ലെയറില്‍ ചിലപ്പോള്‍ കെ.പി.എ.സി നാടകഗാനങ്ങളിട്ട് കേള്‍പ്പിക്കും. എല്ലാ മലയാളി വീടുകളിലും സംഭവിക്കുന്ന തലമുറപ്പിണക്കത്തിലാവും അതവസാനിക്കുക. കാസറ്റ്‌പ്ലെയറില്‍ നിന്ന് പാട്ട് കേള്‍ക്കുമ്പോള്‍ വേറെ എന്തിലെങ്കിലും ശ്രദ്ധയൂന്നി കുട്ടികള്‍ കണ്ണുകളടച്ചു മിണ്ടാതിരിക്കും. തങ്ങളുടെ അഭിമാനകരമായ കലാപൈതൃകത്തില്‍ നിന്ന് ഇത്തിരി വരും തലമുറക്ക് പകര്‍ന്നു കൊടുക്കുന്നതിന്റെ ആത്മഹർഷവുമായി അച്ഛന്‍മാര്‍ പാട്ടിന് താളംപിടിച്ചു തലയാട്ടും. കെ.പി.എ.സിയുടെ നാടകങ്ങളും പാട്ടുകളും വളരെ നല്ലതാണെങ്കിലും അവരുടെ രാഷ്ട്രീയം അത്ര അഭികാമ്യമല്ലെന്ന് മക്കള്‍ക്ക് പ്രത്യേകം പറഞ്ഞു കൊടുക്കാന്‍ അബ്രഹാം ജോസഫ് മറക്കാറില്ല.
പള്ളിയില്‍ പോകുന്നതല്ലാതെ മറ്റെവിടെയും പോകുന്നതില്‍ താത്പര്യമില്ലാത്ത അമ്മ നാടകം കാണാന്‍ പോകാമെന്ന് സമ്മതിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും ഒരുമിച്ചു പോയതും മുന്‍നിരയിലിരുന്ന് നാടകം കണ്ടതും. ഹാന്‍സ് പോൾസന്റെ സെക്രട്ടറി മിനി മോള്‍ പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നും അവരുടെ മകളാണ് നായികയായി അഭിനയിക്കുന്നതെന്നും അബ്രഹാം ജോസഫ് വണ്ടിയില്‍ വച്ചുപറഞ്ഞിരുന്നു. ടോണി അബ്രഹാമിന്റെ കൂട്ടുകാരി പ്രിയ മേനോന്‍ അച്ഛനമ്മമാരോടൊപ്പം ആ നിരയില്‍ തന്നെയുണ്ടായിരുന്നു. പ്രിയ മേനോന്റെ അച്ഛന്‍ ഹംരിയ രവികുമാര്‍ മലയാളി സമാജത്തിന്റെ ഭാരവാഹിയാണ്. എന്നാലും പ്രിയയുടെ അച്ഛന് കുടുംബമാണ് ആദ്യം, കുടുംബമാണ് എല്ലാം. അച്ഛനും അമ്മയും ചേര്‍ന്ന് ജീവിതത്തെത്തന്നെ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നതെങ്ങനെയെന്ന പരീക്ഷണത്തിലാണെന്ന് പ്രിയ മേനോന്‍ പറയും. തന്റെ ക്ലാസില്‍ തന്നെയുള്ള കുട്ടിയാണ് നായികയെന്ന് അറിഞ്ഞല്ല ടോണി അബ്രഹാം നാടകത്തിന് പോയത് .
ഹായ് എന്നതിലപ്പുറം ഒരു വാക്കും പരസ്പരം സംസാരിച്ചിട്ടില്ലാത്ത ശാലീന രാമചന്ദ്രന്‍ സ്റ്റേജില്‍ വന്നു നിന്ന് പല ജീവിതങ്ങളുടെ ആദ്യന്തങ്ങള്‍ ചുരുളഴിക്കുന്നതില്‍ ഭാഗമാവുന്നു. തുടക്കത്തില്‍ കൗതുകത്തോടെയും പിന്നെ അതില്‍ ലയിച്ചുചേര്‍ന്ന് മുഴുകിയുമാണ് ടോണി അബ്രഹാം ഇരുന്നു നാടകം കണ്ടത്.
മേക്കപ്പു ചെയ്ത് കൂടുതല്‍ ഭംഗിയും നിറവും വരുത്തിയ മുഖത്ത് വലിയ ചുവന്ന പൊട്ടുമായി രംഗവേദിയില്‍ വന്ന് ഉരുവിടുന്ന നാടക സംഭാഷണങ്ങള്‍ തന്നോട് നേരിട്ട് പറയുന്നതായി ടോണി അബ്രഹാമിന് അനുഭവപ്പെട്ടു തുടങ്ങി. അപ്പോള്‍ നാടകം കഥയിലെ പിരിമുറുക്കത്തിലേക്ക് പ്രവേശിച്ചിരുന്നു. പ്രണയ സാക്ഷാത്കാരത്തിനായി സകല സൗഭാഗ്യങ്ങളും ത്യജിക്കുന്ന നായികയായി നാടകാന്ത്യത്തില്‍ ശാലീന ജ്വലിച്ചു നിന്നു. അവള്‍ കാതരയായി ഉരുവിട്ട പ്രണയ മന്ത്രങ്ങള്‍ ടോണി അബ്രഹാമിന്റെ ആത്മാവിനുള്ളിലേക്ക് കയറിപ്പോയി. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി അതവിടെ കൂടുവച്ചു പാര്‍ക്കുന്നു . ഓരോ ജീവകോശങ്ങളിലേക്കും പടര്‍ന്നു കയറുന്നു . തുടക്കം മുതല്‍ ഒടുക്കം വരെ ഇരുന്ന് ശ്രദ്ധിച്ച ഒരേയൊരു നാടകത്തിലെ നായകനെയോ മറ്റു കഥാപാത്രങ്ങളെയോ അയാള്‍ ഓര്‍ക്കുന്നില്ല. നാടകപ്പിറ്റേന്ന് ശനിയാഴ്ച ക്ലാസില്‍ വരാതിരുന്ന ശാലീന രാമചന്ദ്രന്‍ ഞായറാഴ്ച ക്ലാസിലേക്ക് വന്നപാടെ ടോണി അബ്രഹാം ചെന്ന് അരികത്തൊരു കസേരയില്‍ ഇരുന്നു.
എത്രയോ കാലമായി സംഭവിച്ചുകൊണ്ടിരുന്ന ഒരു സംഭാഷണം അല്‍പവിരാമത്തിനുശേഷം തുടരും പോലെ അയാള്‍ സംസാരിക്കുകയും പിന്നീട് എപ്പോഴും അവര്‍ സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്തു.
(തുടരും)