ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം ആറ്​
അധ്യായം ആറ്​​:
അശനിപാതമായ ഹിമയുഗം

യര്‍ സെക്കൻററി കഴിഞ്ഞ് ശാലീന ആഘോഷിക്കാതിരുന്ന ആദ്യ പിറന്നാള്‍ ദിവസമാണ് ബഷീര്‍ ആലം ഓഫീസില്‍ നിന്ന് മടങ്ങുന്ന എന്നോടൊപ്പം ആദ്യം വീട്ടില്‍ വന്നത്. പിന്നീട് എല്ലാ പിറന്നാളുകള്‍ക്കും വിശേഷദിവസങ്ങളിലും കുഞ്ഞുസമ്മാനങ്ങളുമായി ശാലീനയെ കാണാന്‍ അയാള്‍ വന്നു.

അബനും ഋഷികേശന്‍ അങ്കിളും ആര്‍ട്ട് വേള്‍ഡിന്റെ തിരക്കുകളിലാണെങ്കില്‍ ശാലീനയ്ക്കും പിന്നീട് ലൈബിയ്ക്കും അവരുടെ യാത്രകള്‍ക്ക് വിശ്വാസമുള്ള ഒരാള്‍ ബഷീര്‍ ആലമായി മാറിയത് വളരെ പെട്ടെന്നാണ്. നല്ല മലയാളി രുചിയുടെ സ്ഥലങ്ങളിലേക്ക് ബഷീര്‍ ആലം ഞങ്ങളെ കൊണ്ടുപോവുകയോ അവിടുന്ന് ഭക്ഷണം വാങ്ങിവരികയോ ചെയ്തു. ഉള്ളില്‍ ചൂടുസമൂസ വച്ച് ചുരുട്ടിയ ചൂടുള്ള പൊറോട്ട, ഖുബ്ബൂസിനു കറിയായി ദില്‍മുനിയയിലെ ഹല്‍വ, ചൂളയില്‍ നിന്ന് പുറത്തേക്കെടുക്കുന്ന മാത്രയിലെ ഖുബ്ബൂസില്‍ വെണ്ണ പുരട്ടിയത്, കട്ടിമോരും കട്ടി കൂടിയ മാമ്പഴച്ചാറും സമം ചേര്‍ത്ത് കലര്‍ത്തിയത് എന്നിങ്ങനെ രുചിയുടെ ഉന്മാദങ്ങള്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ബഷീര്‍ ആലം മനസ്സ് വച്ച് നടന്നു. കൊല്ലം തോറും ഡെസേര്‍ട്ട് ക്യാമ്പ് സീസണ്‍ ആകുമ്പോള്‍ ഞങ്ങളെ പിക്‌നിക്കിന് കൊണ്ടുപോകാന്‍ ബഷീര്‍ ആലം മുന്‍കൈ എടുക്കും. ഞങ്ങള്‍ എല്ലാവരും നഹദൈന്‍ മലകളുടെ പരിസരങ്ങളില്‍ ചുറ്റിത്തിരിയുമ്പോള്‍ ശാലീന കൂട്ടത്തില്‍ കൂടാതെ വണ്ടിയില്‍ പോയിരിക്കും. അകത്തെ വഞ്ചിഗുഹയില്‍ പോകാന്‍ബഷീര്‍ ആലം ക്ഷണിക്കുമെങ്കിലും ഞങ്ങള്‍ സാഹസത്തിന് മുതിരാതെ മടങ്ങും.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ടോണി അബ്രഹാം ദില്‍മുനിയയില്‍ വരുന്നുവെന്നറിഞ്ഞപ്പോള്‍ ബഷീര്‍ ആലം ഏറെ ആഹ്‌ളാദഭരിതനായി. യാത്ര ഉറപ്പിച്ചപ്പോള്‍ തന്നെ എന്നെ ടെലിഫോണില്‍ വിളിച്ചറിയിച്ചു. ബഷീര്‍ ആലത്തിന് ടോണിയുടെ സന്ദര്‍ശനത്തിനുമേല്‍ പിന്നെയും ആഗ്രഹങ്ങളുണ്ടെന്ന് എനിക്ക് സൂചനകള്‍ തന്നു. ടോണി അബ്രഹാം എത്തിയിട്ട് ഒരു മാസത്തിലധികം കഴിഞ്ഞുപോയിരിക്കുന്നു.

ജീവിതത്തില്‍നിന്ന് നഷ്ടപ്പെട്ടുപോയ ഒരു കാലഘട്ടത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് പോലെ ടോണി ദില്‍മുനിയയില്‍ ഓരോരിടങ്ങളിലേക്ക് ദിവസവും യാത്ര ചെയ്യുകയാണ്. മിക്ക ദിവസവും ബഷീര്‍ ആലം എന്നെ ടെലിഫോണില്‍ വിളിക്കും. അന്ന് പോയ സ്ഥലങ്ങളും ഉണ്ടായ സംഭവങ്ങളും വിവരിക്കും. കാലുകളില്‍ മൃദുവായി വന്ന് തഴുകുന്ന വെള്ളത്തില്‍നീലാകാശമേലാപ്പിന് കീഴില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇന്ന് വാട്‌സാപ്പില്‍ അയച്ചുതന്നത്. കടലിനെ അകലേയ്ക്ക് കൊണ്ടുപോയി ഉണ്ടാക്കുന്ന പുതിയ കരയിലുയരുന്ന ഭവനസമുച്ചയ വനത്തിന്റെ അപ്പുറത്തെ തീരത്താണ് അവര്‍ നില്‍ക്കുന്നത്. അകലേയ്ക്ക് പോകുന്ന കിഴക്കേ കടല്‍ത്തീരത്ത്. അടഞ്ഞ അദ്ധ്യായങ്ങള്‍ തുറക്കാനോ അതിലേക്ക് പിന്തിരിഞ്ഞുനോക്കാനോ ശാലീന താത്പര്യപ്പെടുന്നില്ല. ഞാനും ലൈബിയും ഈ വീട്ടില്‍ അത് പതിവു സംഭാഷണവിഷയമാക്കിയത് തനിക്കിഷ്ടപ്പെടുന്നില്ലെന്ന് ശാലീന പറഞ്ഞപ്പോഴാണ് ഞങ്ങള്‍ നിറുത്തിയത്.

ടോണി അബ്രഹാമിനെ ഈ വീട്ടിലേക്ക് ക്ഷണിക്കുന്നത് വെറും ഭവനസന്ദര്‍ശനം മാത്രമായി അവസാനിക്കുകയില്ലെന്ന് ശാലീന കരുതുന്നു. അതിനുള്ള മനോബലം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നാണ് തന്നെക്കുറിച്ച് അവളുടെ വിലയിരുത്തല്‍. തനിച്ചായിപ്പോയ രണ്ടു സ്ത്രീകളെ പരീക്ഷണം നടത്തി വേദനിപ്പിക്കാന്‍ താനില്ലെന്ന നിലപാടില്‍ ശാലീന ഉറച്ചുനിന്നു. അത് പറയുമ്പോള്‍അവളുടെ കണ്ണുകള്‍ വരണ്ടാതായിരുന്നില്ല, അവ ആര്‍ദ്രതയുടെ കടലുകളെ പേറിയിരുന്നു. തെന്റ ജീവിതത്തിലേക്ക് ആരെയും ക്ഷണിക്കുകയില്ലെന്ന് കൗമാരത്തില്‍ അവള്‍ നിശ്ചയം എടുത്തത് ചവിട്ടിത്തേയ്ക്കപ്പെടുന്ന ഒരു പ്രണയബന്ധത്തെ കണ്ടുകൊണ്ടിരിക്കുന്ന വേദനയില്‍ നിന്നാണ്. അതേ വികാരത്തോടെയാണ് ടോണി അബ്രഹാമിനെ ശാലീന വീട്ടിലേക്ക് ക്ഷണിക്കാതിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാനായി.

ശാലീനയും ലൈബിയും ടെലിവിഷന്റെ മുന്നിലേക്ക് ഓടിവന്ന് ഓണ്‍ ചെയ്യുകയും ശബ്​ദം കൂട്ടുകയും ചെയ്യുന്ന ബഹളങ്ങളില്‍ എന്റെ ചിന്തയുടെ ഒഴുക്ക് മുറിഞ്ഞു. അവരുടേയും എന്റെയും ഫോണുകളിലേക്ക് ധാരാളം മെസേജുകള്‍ വരുന്നതിന്റെ അലേര്‍ട്ട് ശബ്​ദങ്ങള്‍ മുഴങ്ങുന്നു.

ടെലിവിഷനില്‍ നൂറ്റാണ്ടിന്റെ മഹാമാരിയായി രൂപമെടുക്കുന്ന വൈറസ് വ്യാപനത്തിന്റെ വാര്‍ത്തകളാണ്. മനുഷ്യബന്ധങ്ങളിലൂടെ വൈറസ് പകര്‍ന്ന് വ്യാധി പടര്‍ന്ന് ലോകത്തിലുള്ള മനുഷ്യരെല്ലാം മരണപ്പെട്ട് പോകാതിരിക്കാന്‍ അടിയന്തിരമായ പരിഹാരവഴികള്‍ തേടുകയാണ് രാജ്യങ്ങള്‍ ഓരോന്നും. മരുന്ന് കണ്ടുപിടിക്കുംവരെ മഹാമാരി പടര്‍ന്ന് ജനങ്ങള്‍ ചത്തൊടുങ്ങിപ്പോകുന്നത് സംഭവിക്കാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും അവരവരുടെ ശൈലിയിലെ മുന്‍കരുതലുകള്‍ എടുക്കുന്നു. വികസിത രാജ്യമാണോ സമ്പന്ന രാജ്യമാണോ എന്നതെല്ലാം അപ്രസകതമാകുന്നു. വൈറസിന് പകരാന്‍ കഴിയാത്തവിധം മനുഷ്യര്‍ തമ്മിലെ സമ്പര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയും അവര്‍ക്കിടയില്‍ അകലം സൃഷ്ടിക്കുകയുമാണ് അടിയന്തരമായി നടപ്പിലാക്കാവുന്ന ഒരു മാര്‍ഗ്ഗമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ഉറപ്പിക്കുന്നു.

ഭൂമിയിലെ രാജ്യങ്ങള്‍ ഓരോന്നും അവരുടെ രാജ്യം ഉള്ളില്‍ അടച്ചിടുന്നുവെന്ന് പ്രഖ്യാപിക്കുന്നു. അതിര്‍ത്തികള്‍ അടയ്ക്കുന്നു. കരയിലെയും കടലിലെയും സഞ്ചാരങ്ങള്‍ നിറുത്തിവയ്ക്കുന്നു. വൈറസ്​ ബധിച്ച യാനപാത്രങ്ങളില്‍ കടലില്‍ ഉള്ളവര്‍ തീരത്തേക്ക് വരാതിരിക്കാന്‍ ആവശ്യപ്പെടുന്നു. ട്രെയിനുകളും ബസ്സുകളും കാറുകളും മോട്ടോര്‍ സൈക്കിളുകളും എല്ലാം നിശ്ചലമാക്കി നിർത്തിയിടുന്നു. പണിശാലകളിലേക്കും കമ്പോള ങ്ങളിലേക്കും പോകാന്‍ ആരും അവരവരുടെ വാതിലിന് വെളിയിലേക്ക് ഇറങ്ങരുതെന്ന് കര്‍ശനമായ ഉത്തരവുകള്‍ നല്‍കുന്നു. സ്കൂളുകളും കോളേജുകളും ആരാധനാലയങ്ങളും ഉള്‍പ്പെടെ മനുഷ്യര്‍ കൂടിച്ചേരുന്ന എല്ലാ സ്ഥലങ്ങളും അടച്ചുപൂട്ടുന്നു. ജനങ്ങള്‍ സമ്പര്‍ക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തെരുവുകളില്‍ നിയമപാലകരെ വിന്യസിക്കാന്‍ തയ്യാറെടുക്കുന്നു. ആകാശയാത്രകള്‍നിറുത്തിവച്ചതായി പ്രഖ്യാപനങ്ങള്‍ വരുന്നു. രാജ്യാന്തര ആകാശയാത്രാവഴികളും എയര്‍പോര്‍ട്ടുകളും അടയ്ക്കാന്‍ തീരുമാനിക്കുന്നു. ദില്‍മുനിയയിലെയും അയല്‍രാജ്യങ്ങളിലെയും ഉള്‍പ്പെടെ അനേകം ഭരണാധികാരികളുടെ മുഖങ്ങള്‍ ടെലിവിഷനില്‍ മിന്നിമറയുന്നു.

കൂട്ടമരണക്കണക്കുകളും ആശയക്കുഴപ്പത്തിലായ ചില രാഷ്ട്രനേതാക്കളുടെ പ്രത്യേക തരം അടിയന്തര നടപടികളും ടെലിവിഷനിലെ വാര്‍ത്ത ആവുന്നുണ്ട്. അടുത്ത നിമിഷത്തില്‍ മരണപ്പെട്ടു പോയേക്കുമോയെന്ന് ഭീതി ജനിപ്പിക്കുന്ന തരത്തിലെ വിനാശവാര്‍ത്തകള്‍ അറിയിക്കുമ്പോഴും ചാനലുകളുടെ അവതരണത്തിലെ വര്‍ണ്ണപ്പൊലിമയും ശബ്​ദഭംഗിയും സൗന്ദര്യവും നോക്കിക്കൊണ്ട് പുലരുവോളം ഞങ്ങള്‍ ടെലിവിഷന് മുന്നിലിരുന്നു. അപ്പോള്‍ ഫെബ്രുവരി അതിന്റെ ഇളംകുളിരില്‍ ദില്‍മുനിയയെ പുതപ്പിക്കുകയായിരുന്നു. യന്ത്രങ്ങളും വാഹനങ്ങളും എല്ലാം നിലച്ച നിശ്ശബ്​ദത പരന്നു. ജനാലയ്ക്കല്‍ വന്നിരുന്ന പ്രാവുകളുടെ കുറുകലിന് കൈവന്ന രാഗഭാവം ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. ആര്‍ക്കും എവിടെയും പോകേണ്ടതില്ലാത്ത, എങ്ങോട്ടും പോകാനാവാത്ത കാലത്തിന്റെ നിഴലും തണുപ്പും ദില്‍മുനിയയില്‍ പടരുന്നത് നോക്കി ഞങ്ങളിരുന്നു. അധികം ദൂരെയല്ലാതെ ഇതുപോലൊരു സ്ഥിതിയില്‍ അനന്തതയിലേക്ക് പൊയ്‌പോയ തന്റെ മടക്കയാത്രയെ സങ്കല്‍പിച്ച് ടോണി അബ്രഹാമും ഇരിക്കുന്നുണ്ടാവും.
(അവസാനിച്ചു)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments