ഭാഗം ആറ്
അധ്യായം ഒന്ന്:
മനുഷ്യർ നുരയുന്ന റാസ് കുലൈബ്
ശാലീന എത്തിയിട്ടുണ്ടെന്ന് വാട്സാപ്പിൽ മെസേജ് വന്ന മണിനാദം കേട്ടു. മകൾക്ക് മാത്രമായി അമ്മ മിനിമോളോട് വിനിമയങ്ങൾ ചെയ്യുവാൻ ഒരു സവിശേഷ ശബ്ദം എന്നായിരുന്നു ഒരുതവണ മാത്രം ഓട്ടുമണിയടിക്കുന്ന നാദം എന്റെ ഫോണിൽ സെറ്റ് ചെയ്യുമ്പോൾ അവളുടെ അവകാശവാദം. അതിന്റെ പ്രത്യേക അനുസ്വനം അവസാനിച്ചാലും നേരിയ പ്രകമ്പനം ഇമ്പമുള്ള മുഴക്കമായി എന്റെ കാതുകളിൽ പിന്നെയും നിൽക്കും.
ഇനി കുറേനേരം മാർക്കറ്റ് റോഡുകളുടെ വശങ്ങളിൽ വണ്ടി നിറുത്തിയിടാൻ ഒരു ഇടത്തിന് അവസരം നോക്കി മെല്ലെ മാത്രം നീങ്ങുന്ന വാഹനനിരയുടെ പിന്നിൽ ശാലീന അലയണം. ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴുള്ള ആ അലച്ചിൽ മാത്രമാണ് റാസ് കുലൈബിൽ ശാലീനയ്ക്ക് അപ്രിയമായൊരു കാര്യം. വാരാന്ത്യങ്ങളിൽ ചിലപ്പോൾ റാസ് കുലൈബ് കഴിഞ്ഞ് അകലെ മുനിസിപ്പാലിറ്റിയുടെ വലിയ പൂന്തോട്ടങ്ങളോട് ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വരെ പോയി വണ്ടിനിറുത്തിയിട്ടിട്ട് കുറേദൂരം ഇങ്ങോട്ട് തിരിയെ നടക്കേണ്ടിവരും.
മനാനയിൽ തുറമുഖത്തിലെ വ്യാപാരങ്ങൾ നടക്കുന്ന സൂഖിന്റെ ചുറ്റിനും പണ്ടു മുതൽക്കേ സ്വദേശികളും വിവിധനാടുകളിൽ നിന്നുള്ള പരദേശികളും ഇടതിങ്ങി താമസിച്ചുണ്ടായ നഗരപ്രാന്തമാണ് റാസ് കുലൈബ്. തുറമുഖങ്ങളുടെ സ്വാഭാവികഗുണവും ചിവുമായ സംസ്കാരങ്ങളുടെ മിശ്രണവും സഹജീവനവും മറ്റേയാളിന്റെ ശീലങ്ങളോടും വിശ്വാസങ്ങളോടും സഹിഷ്ണുതയുള്ള മനുഷ്യരുടെ ഇടമായി മനാനയെ എപ്പോഴും നിലനിറുത്തി. മനാനയിൽ നിന്ന് ദൂരത്തിലല്ലാത്ത ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലെ സ്ഥിതി അതല്ലാത്തപ്പോഴും.
പ്രാന്തപ്രദേശത്തെ ഗ്രാമങ്ങളും മനാന നഗരവും രൂപംകൊണ്ട പ്രക്രിയയെക്കുറിച്ച് ധാരാളം കേട്ട് മനസ്സിലാക്കിയത് എമ്മിയെസ് ഓഫീസിൽ ഹാൻസ് പോൾസന്റെ സെക്രട്ടറിയായി ജോലി ചെയ്തപ്പോഴാണ്. അവിടെ എല്ലാ നേരവും ചരിത്രവും മനുഷ്യപരിണാമകഥകളും മധുരം ചേർക്കാത്ത സുലൈമാനിയോടൊപ്പം നിറഞ്ഞ് നിൽക്കുമെന്ന് പറയുമ്പോൾ ഇവിടെ വീട്ടിലുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഡയറക്ടർ ഫിലോസോഫി കമാൽ ഇബ്രാഹിം ഇടയ്ക്കിടെ വന്നിരുന്ന് ഹാൻസ് പോൾസനുമായി സംസാരിക്കുമ്പോൾ വിദ്യാർഥിയെപ്പോലെ കേട്ടിരിക്കാൻ ഞാൻ പ്രകടിപ്പിച്ച ഉത്സാഹം അവർ രണ്ടുപേരും മാനിച്ചു. ഹാൻസ് പോൾസൻ തയ്യാറാക്കുന്ന കുറിപ്പുകളും നോട്ടുകളും ചെറുലേഖനങ്ങളും വൃത്തിയായി ടൈപ്പ് ചെയ്ത് കൊടുക്കുന്ന ജോലി ഞാൻ അങ്ങോട്ട് പറഞ്ഞാണ് ഏറ്റെടുത്തത്.
സൂഖിനുചുറ്റും കടൽക്കല്ല് കൊണ്ട് പണിത ഭവനങ്ങളിൽ വ്യാപാരികളും പണമുള്ളവരും താമസിച്ചു. വീടുകളുടെ കനമുള്ളഭിത്തികൾ തണുപ്പിലും ചൂടിലും നിന്ന് അവരെ ഏറെക്കുറെ രക്ഷിച്ചു. തൊട്ടുവെളിയിലെ വലയത്തിൽ റാസ് കുലൈബിലെ ബരസ്തികളായിരുന്നു. എല്ലാ ദേശങ്ങളിൽ നിന്നും തൊഴിൽതേടി വന്ന് കൂട്ടം ചേർന്നവരുടെ ചരിത്രപരമായ സമ്മിശ്രമുഖച്ഛായയാണ് ബരസ്തികളിലെ മനുഷ്യർക്ക്. പാവപ്പെട്ടവരും തുറമുഖത്ത് പണിയെടുക്കാൻ അകലങ്ങളിൽ നിന്ന് വന്ന അഭയാർഥികളും അവിടെ തിങ്ങിത്താമസിച്ചു. മെടഞ്ഞ പനയോലകൾ കൊണ്ട് ചുവരും കൂരയും മറച്ച ബരസ്തികളിലെ മനുഷ്യർ കാലാവസ്ഥയെ കുടിച്ചിറക്കി അനുഭവിച്ചുതീർത്തു.
മരുപ്രകൃതിയിലെ നിലനിൽപ്പ് സഹനീയമാക്കി എയർകണ്ടീഷണർ മനുഷ്യർക്ക് ശാപമോക്ഷം നൽകിയിട്ടും വൈദ്യുതിക്കമ്പികൾ വലിക്കാൻ കഴിയാത്ത ബരസ്തികൾ ആ തരം രക്ഷയും സാധ്യമാകാതെ ചേരികളായിത്തന്നെ നിലനിന്നു. രാജ്യം എണ്ണപ്പണം കൊണ്ട് സമ്പന്നമാകാൻ ആരംഭിച്ചപ്പോൾ റാസ് കുലൈബിലെ ബരസ്തികൾ നീക്കം ചെയ്തിട്ട് ഗവൺമെൻ്റ് അവിടെ ഇഷ്ടികയിൽ ഇരുനിലകെട്ടിടങ്ങൾ പണികഴിപ്പിച്ചു. അതിസമ്പന്നത വന്ന് നിറഞ്ഞപ്പോൾ പൗരന്മാർക്ക് നഗരത്തിരക്കുകളിൽ നിന്ന് മാറിത്താമസിക്കാനായി പുത്തൻ സൗകര്യങ്ങൾ അനവധിയുള്ള വാസഗൃഹങ്ങളുടെ പാർപ്പിടകേന്ദ്രങ്ങൾ അനേകം ഉണ്ടായി. റാസ് കുലൈബിലെ ഒന്നാംതലമുറ കെട്ടിടങ്ങളിലെ താമസക്കാർ അവിടങ്ങളിലേക്ക് മാറിപ്പോയി. കുടിയേറ്റത്തൊഴിലാളികളും പൗരത്വം ഇല്ലാത്തവരും റാസ് കുലൈബിൽ കാലിയായ ഫ്ളാറ്റുകൾ വാടകക്കെടുത്ത് പാർപ്പുതുടങ്ങി.
അതിലൊന്നിന്റെ ഒന്നാം നിലയിലാണ് ശാലീന വളർന്ന ഈ ഫ്ലാറ്റ്. സ്പോൺസറുടെ നഷ്ടത്തിലോടുന്ന കമ്പനി നടത്താൻ ഊർജ്ജം മുഴുവനും ചെലവിട്ടുകൊണ്ടിരുന്നാൽ തന്റെ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ഋഷികേശന് തോന്നി. അയാൾ അബ്രഹാം ജോസഫിനോട് എമ്മിയെസ് കമ്പനിയിലെ സബ്കോൺട്രാക്ട്റ്റ് ജോലികളുടെ പരിതാപകരമായ സ്ഥിതി വിവരിച്ചുകൊടുത്തു. ബിസിനസ് മാറണമെന്ന ഋഷികേശന്റെ ചിന്തയോട് അദ്ദേഹവും യോജിച്ചു. ഋഷികേശന് അദ്ദേഹം ഉറ്റസുഹൃത്തിനെപ്പോലെ ആയിട്ടുണ്ടായിരുന്നു. കലാപരമായ നിർദ്ദേശങ്ങൾ ആരായാനും വണ്ടിയിലിരുത്തി നാടൻപാട്ടുകൾ പാടിക്കാനും വെറുതേ സംസാരിക്കാനും അബ്രഹാം ജോസഫ് ഋഷികേശനെ തേടി അസമയങ്ങളിൽപോലും ക്യാമ്പിന് വെളിയിലെത്തും.
ആദ്യപടിയായി സ്പോൺസറുടെ ദുമിസ്കാനിലെ ഈന്തപ്പനത്തോട്ടത്തിൽനിന്ന് താമസം മാറണമെന്ന് അബ്രഹാം ജോസഫ് നിർദ്ദേശിച്ചു. രാമചന്ദ്രനും ഋഷികേശനും റാസ് കുലൈബിലെ ഈ ഫ്ലാറ്റിൽ എത്തിപ്പെട്ടത് അങ്ങനെയാണ്. പഴക്കംകൊണ്ട് നരച്ച്തുടങ്ങിയ കർട്ടൻ ശീലകൾ മാറ്റിയാൽ തെരുവിന്റെ അങ്ങേയറ്റം വരെ കാണാം. ശാലീന പ്രത്യക്ഷയാകുന്നത് കാണാൻ ഞാനിവിടെ നോക്കി നിൽക്കാറുണ്ട്. ഒരു കാറിന് പോകാൻ കഷ്ടിച്ച് വീതിയുള്ള തെരുവുകൾ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനവഴികളാണ്. സമാന്തരമായ കുറേ തെരുവുകൾ ഇരുവശത്തു നിന്നും വന്ന് അവയ്ക്ക് കുറുകെ നീണ്ടുപോകുന്ന മാർക്കറ്റ് റോഡിലേക്ക് ചേരുന്നു.
താഴ്ന്ന വരുമാനക്കാർ താമസിക്കുന്ന വീടുകൾ എന്ന് പെട്ടെന്ന് തിരിച്ചറിയുന്ന തരത്തിൽ ജോലിക്കുപ്പായങ്ങളും ധാരാളം അടിവസ്ത്രങ്ങളും കഴുകി വിരിച്ചിട്ടുള്ള പ്ലാസ്റ്റിക് കയറിന്റെ അയകൾ നിറഞ്ഞ ബാൽക്കണികളാണ് ഇവിടുത്തെ തെരുവുകളുടെ ഇരുപുറവും. വീടുകളിലും ചായക്കടകളിലും അടുപ്പുകളിൽ വെന്തു തിളയ്ക്കുന്ന വിവിധ നാടുകളിലെ ഭക്ഷണവിഭവങ്ങളുടെയും മുഷിഞ്ഞ സോക്സുകളുടെയും വിയർപ്പിൽ കുതിർന്ന വസ്ത്രങ്ങളുടെയും കലർന്ന ഗന്ധമാണ് റാസ് കുലൈബിലെ തെരുവുകൾക്ക്. ഈ ഫ്ലാറ്റ് വാടകക്കെടുത്തത് രാമചന്ദ്രനും ഋഷികേശനും വേറെ നാലഞ്ചു പുരുഷന്മാരും ചേർന്നാണ്.
ഞങ്ങൾ ബോംബെയിൽ നിന്ന് വന്നപ്പോൾ സ്കൂൾ കുട്ടിയായ ശാലീനയ്ക്ക് പഠിക്കാൻ സ്വകാര്യത നൽകാനായി അവൾക്കൊരു മുറി കൊടുത്തിട്ട് ഋഷികേശനും രണ്ടു ബാച്ചിലർമാരും മൂന്നാമത്തെ മുറിയിൽ താമസിച്ചു. മറ്റുള്ളവർ വേറെ ഫ്ലാറ്റുകൾ നോക്കിപ്പോയി. സ്ത്രീകൾ കൂടെയുണ്ടെങ്കിൽ താമസക്കാരെ ഫാമിലികൾ എന്നും അല്ലാത്തവരെ ബാച്ചിലേഴ്സ് എന്നും വീട്ടുടമസ്ഥർ വിളിക്കുകയും പിന്നെ എല്ലാവരും അതാവർത്തിക്കുകയും ചെയ്തു. വാടകയും വീട്ടുചെലവുകളും ചേരുമ്പോൾ മിക്കവർക്കും കിട്ടുന്ന ശമ്പളം മുഴുവനും തീർന്നുപോകും. കുടുംബത്തിലും സ്വന്തം ജീവിതത്തിലും ഓരോരോ ലക്ഷ്യങ്ങൾ നിവർത്തിക്കാൻ പ്രതിയെടുത്ത് വന്നവർക്ക് അതിന് വേണ്ടത്ര സമ്പാദ്യം ഇല്ലാതെയാകും. അതിനാൽ വാടക ലാഭിക്കാൻ ഫാമിലികൾ അവരുടെ ഫ്ലാറ്റുകളിൽ വേറെ ഫാമിലികളെയോ ബാചിലേഴ്സിനെയോ താമസിപ്പിച്ചു. അവരവരുടെ മാതൃഭാഷ സംസാരിക്കുന്നവരെ ഫ്ലാറ്റുകളിൽ കൂടിതാമസിക്കാനായി എല്ലാവരും തേടിപ്പിടിച്ചു. ഫ്ലാറ്റുവാസികളുടെ ഇടയിൽ മതങ്ങളുടെയും ജാതികളുടെയും പ്രത്യേകചിങ്ങളും കുലമഹിമകളും അപ്രസക്തമായി. പ്രാദേശികതയുടെ അതിരുകൾക്ക് കുറുകെ പുതിയ സമ്പർക്കങ്ങളും അടുപ്പങ്ങളും രൂപമെടുത്തു. രകതബന്ധങ്ങളെക്കാൾ ദാർഢ്യമുള്ള കൂട്ടുകെട്ടുകളും മിത്രതയും ചിലപ്പോൾ ശത്രുതയും കൂടിപ്പാർക്കുന്നവരിലെ സഹവാസത്തിൽ നിന്നുരുത്തിരിഞ്ഞു. അവർ ഫ്ളാറ്റുകളിലെ പന്തികളിൽ മിശ്രഭോജനം ചെയ്തു.
രാത്രിയിൽ അപായ സൈറൻ മുഴങ്ങുമ്പോൾ അകത്തടച്ചിരിക്കണമെന്ന ശാസന അനുസരിക്കാതെ മിസൈലുകൾ വരുന്നത് കാണാൻ മട്ടുപ്പാവിലേക്ക് ഒച്ചയും ബഹളവുമായി ഓടിക്കയറിയ താമസക്കാരെ നിയന്ത്രിക്കാൻ അടുത്ത തെരുവിൽ പോലീസ് വന്നത് ഞാനും ശാലീനയും ഇവിടെ വന്നുചേർന്ന പാടെയാണ്. ഒന്നാം ഗൾഫ് യുദ്ധത്തിന്റെ പോർക്കളം അറേബ്യ വൻകരയായിരുന്നെങ്കിലും സഖ്യകക്ഷികൾ ദിൽമുനിയയിൽ ആയിടെ പണിപൂർത്തിയാക്കിയ വ്യോമത്താവളത്തിൽ നിന്ന് ബോംബർ വിമാനങ്ങൾ കുവൈറ്റിലെ ഇറാഖി സേനയെ ആക്രമിക്കാൻ പോയിരുന്നു. കൂട്ടനശീകരണ ശേഷിയുള്ള രാസ-ജൈവായുധങ്ങൾ മിസൈലുകളിൽ ഘടിപ്പിച്ച് വിക്ഷേപിക്കാൻ ഇറാഖ് തയ്യാറെടുത്ത് കാത്തിരിക്കുന്നുവെന്ന സഖ്യകഷികളുടെ മാധ്യമ പ്രചാരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി. ജൈവരാസായുധങ്ങൾ കാറ്റിൽ പടർന്ന് നിരപരാധികളായ സാധാരണ മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുകയോ തീരാവ്യാധികളിൽ തകർത്ത് കളയുകയോ ചെയ്യുമെന്ന് സഖ്യകക്ഷി ടെലിവിഷനുകളും റേഡിയോയും പത്രങ്ങളും പ്രവചനങ്ങൾ നടത്തി. അതിനായി അവർ ഒരുവലിയ ചാനൽശൃംഘല തുടങ്ങുകയും എല്ലാ വീടുകളിലെയും ടെലിവിഷനുകളിൽ അതെത്തിക്കുകയും ചെയ്തു.
എങ്ങോട്ടെങ്കിലും പുറപ്പെട്ടുപോകാൻ ഇടമില്ലാത്ത ദിൽമുനിയ ദ്വീപിലെ ജനങ്ങൾ രക്ഷാമാർഗമെന്ന് അവർക്ക് തോന്നിയതെല്ലാം ചെയ്തു. വിനാശകരമായ രാസജൈവധൂളികൾ കാറ്റിലൂടെ വീടിെൻ്റ അകത്തേക്ക് കടക്കാതിരിക്കാനായി ഭിത്തികളിലും വാതിലുകളിലും ജനാലകളിലും വായുകടക്കാൻ സാധ്യതയുള്ള ദ്വാരങ്ങളെല്ലാം അടച്ച് അതിനു മീതെ മാസ്കിംഗ് ടേപ്പ് ഒട്ടിച്ചു. രാജ്യത്ത് മാസ്കിംഗ് ടേപ്പിന് പൂഴ്ത്തിവയ്പ്പും ക്ഷാമവും വിലയുടെ കുതിച്ചു കയറ്റവും ഉണ്ടായി. ചെറിയ കോൾഡ്സ്റ്റോറുകൾ നടത്തിയിരുന്നവർ മാസകിംഗ് ടേപ്പ് വിറ്റ് ധാരാളം പണം സമ്പാദിച്ചു. അപായ സൈറൻ അടിക്കുമ്പോൾ അംഗങ്ങൾക്കെല്ലാം അകത്ത് കയറി സുരക്ഷിതമായി അടച്ചിരിക്കാൻ എല്ലാ ഫ്ലാറ്റുകളിലും വീടുകളിലും വായുകടക്കാത്ത മുറികൾ തയ്യാറാക്കി. ആ മുറിയുടെ ദ്വാരങ്ങളെല്ലാം വായു അൽപവും കടക്കാത്ത വിധം അടച്ചു ഭദ്രമാക്കി. മനുഷ്യരെല്ലാം അകത്തു കയറിക്കഴിയുമ്പോൾ വാതിൽപാളി കട്ടിളയോട് ചേരുന്നിടവും താക്കോൽ ദ്വാരവും ഓരോ തവണയും ടേപ്പൊട്ടിച്ച് പഴുതില്ലാത്തതാക്കാൻ മാസ്കിംഗ് ടേപ്പ് ഭദ്രമുറിക്കുള്ളിൽ കരുതിവച്ചു. ആൾ ക്ലിയർ എന്നർത്ഥമുള്ള മറ്റൊരു ഈണത്തിലെ സൈറൻ കേൾക്കും വരെ എല്ലാവരും മരണത്തെ മുന്നിൽ കണ്ട് പേടിച്ച് ഭദ്രമുറികളുടെ ഉള്ളിൽ അടച്ചിരുന്നു. ജനങ്ങൾ അത്തരം രക്ഷാമാർഗങ്ങൾ ഒരുക്കുന്നതിന്റെ ഇടയിലാണ് റാസ് കുലൈബിലെ താമസക്കാർ ആകാശത്തിലൂടെ മിസൈൽ വരുന്നത് കാണാൻ മട്ടുപ്പാവിലേക്ക് ഓടിക്കയറിയത്. ആവർത്തിച്ചാൽ പിടിച്ചുകൊണ്ടുപോയി ഉള്ളിലിടുമെന്ന് അവരെയും ബാക്കി താമസക്കാരെയും താക്കീത് ചെയ്തിട്ട് പോലീസ് അന്ന് മടങ്ങിപ്പോയി.
രണ്ടു വ്യത്യസ്ത ഈണങ്ങളിലെ സൈറൻ ശബ്ദങ്ങളുടെ അർഥങ്ങൾ സൃഷ്ടിക്കുന്ന വികാര വേലിയേറ്റങ്ങളുടെ തീവ്രതലങ്ങൾ അന്നെന്നെ ആഴത്തിലാണ് ബാധിച്ചത്. അപായ സൈറൻ വന്നിട്ട് ഭദ്രമുറിക്കുള്ളിൽ കയറി അടച്ചിരിക്കുമ്പോൾ തുടക്കത്തിൽ ഫ്ലാറ്റിലുള്ളവരുടെ പെരുമാറ്റം മരണം മുന്നിൽ നിന്ന് തുറിച്ചുനോക്കുംപോലെയായിരുന്നു. അടുത്ത നിമിഷത്തിൽ വന്നുപതിയ്ക്കാവുന്ന ഒരു മിസൈലിൽ എല്ലാം അവസാനിച്ചു പോകാം. ദിൽമുനിയയിൽ ബാക്കിയായ സർവജനങ്ങളും രക്ഷപ്പെടാൻ ഒരനക്കം പോലും നടത്താൻ കെൽപ്പില്ലാത്ത ദുർബലജീവികളായി മാറിയതിൽ ഒരു പരുക്കൻ സമത്വം ഉണ്ടായിരുന്നു. എവിടുന്നോ വന്നുകൂടി ഒരേ മുറിയ്ക്കുള്ളിൽ, അകത്തു കെട്ടിനിൽക്കുന്ന വായു മാത്രം വീണ്ടും ശ്വസിച്ച് കൊണ്ടിരിക്കുന്ന മനുഷ്യർ. കണ്ണുമടച്ച് പ്രാർഥനാനിരതരായിരിക്കുന്ന ഇരകളുടെ ദയനീയത കണ്ണുതുറന്നിരിക്കുന്ന മറ്റൊരു ഇരയായ എനിക്ക് ജീവിതത്തിലെ ഏറ്റവും ബീഭത്സമായ കാഴ്ചയായിരുന്നു. ആൾ ക്ലിയർ സൈറൻ കേൾക്കുമ്പോൾ അവരെല്ലാം ജീവൻ തിരിയെക്കിട്ടിയവരായി മാറുന്നത് പിന്നെയും കൗതുകം ജനിപ്പിക്കുന്ന ചലനങ്ങളിലൂടെയാണ്. ദിവസങ്ങൾ പോയപ്പോൾ സൈറനുകളുടെയും ഭദ്രമുറികളിലെ അടച്ചിരിപ്പിെൻ്റയും ആവർത്തനങ്ങൾ വിരസമായ യാന്ത്രികതയായി. അടച്ചിരിപ്പ് അശ്രദ്ധയോടെ ചെയ്യുന്ന ഒരു അനുഷ്ടാനമായപ്പോഴാണ് ഒരു മിസൈൽ റിഫൈനറിയുടെ സമീപത്ത് കടലിൽ പതിച്ചത്.
ആ സംഭവം ഉണ്ടാക്കിയ മരണ ഭയവും ഉദ്വേഗവും തുടക്കത്തിലെ പിരിമുറുക്കത്തിലേക്ക് വീണ്ടും എല്ലാവരെയും എടുത്തെറിഞ്ഞു. ഭദ്രമുറിയിൽ ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോൾ കൊറിക്കാൻ സാധനങ്ങളും ലഘുഭക്ഷണവും അത്യാവശ്യം മരുന്നുകളും അതിനോടകം എത്തിയിരുന്നു. ആൾ ക്ലിയർ സൈറൻ കാത്തിരിക്കുമ്പോൾ ലഘുഭക്ഷണപ്പാട്ടയിൽ താളം പിടിച്ച് ഋഷികേശൻ പാട്ട് പാടും. അപ്പോൾ അന്തസംഘർഷങ്ങൾ കൊടുമ്പിരിക്കൊണ്ട രാമചന്ദ്രന്റെ മുഖത്ത് അമ്പരപ്പിക്കുന്ന തരം ഗാനവിരക്തിയാണ് തെളിയുക. ദുമിസ്കാനിലെ ഈന്തപ്പനത്തോട്ടത്തിലെ ഉറക്കംവരാത്ത രാത്രികളെ കുറിച്ച് രാമചന്ദ്രൻ എഴുതിയിട്ടുള്ളത് ഞാനോർക്കും. അരികത്ത് പതുങ്ങിയിരിക്കുന്ന പൂച്ചക്കുഞ്ഞ് പോലെയുള്ള കടലിനോട് ചേർന്നിരുന്ന് ഋഷികേശൻ പാടുന്ന പാട്ടുകൾ തെൻ്റ ജീവസ്പന്ദനങ്ങളുടെ താളമാകുന്നു എന്നായിരുന്നു.
മിസൈൽ വന്ന് പതിച്ച് ജൈവരാസ അണുക്കൾ വായുവിൽ കലർന്ന് കാറ്റിൽ പടരുമ്പോൾ രക്ഷനേടാനായി അണിയാവുന്ന ഗ്യാസ് മാസ്കുകൾ വില്പനക്കിറക്കിയിട്ടുണ്ടായിരുന്നു. യൂറോപ്യൻ കമ്പനികൾ നിർമ്മിച്ച മാസ്ക്കുകൾ വിലയേറിയതായതിനാൽ അധികം പേരും അത് വാങ്ങിയില്ല. ഞങ്ങൾ മൂന്നുപേർക്കും വേണ്ടി രാമചന്ദ്രൻ ഗ്യാസ് മാസ്കുകൾ വാങ്ങി. ഗ്യാസ് മാസ്ക് അണിയാഞ്ഞിട്ട് തെരുവിൽ മരിച്ചുവീഴുന്നവരുടെ ശവങ്ങൾക്കിടയിലൂടെ രാമചന്ദ്രനും ഭാര്യയും മകളും നടന്നുപോകുമെന്ന് ഋഷികേശൻ കളിയാക്കും.
ഗ്യാസ്മാസ്ക് ഫിറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന കഴുത ആകൃതിയിലെ ശിരസ്സുകളുമായി മൂന്നുപേരും മൃതദേഹങ്ങൾക്ക് മുകളിലൂടെ കാലുകൾ വലിച്ചുവച്ച് നടക്കുന്നത് ഋഷികേശൻ അഭിനയിച്ചു കാണിക്കും. എല്ലാവരും അതുകണ്ടു പൊട്ടിച്ചിരിക്കുമ്പോൾ ഒപ്പം ചിരിക്കാതെ മുഖം കടുപ്പിച്ച് ഇരിക്കുന്ന രാമചന്ദ്രനെ ശാലീനയും ഞാനും ഭയപ്പെട്ടുനോക്കും. കുടിയേറ്റ തൊഴിലാളികൾ ഭാര്യമാരെയും കുട്ടികളെയും രാസ-ജൈവായുധങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ നാട്ടിലേക്ക് അയച്ച് കൊണ്ടിരിക്കുന്ന യുദ്ധപൂർവ ദിവസങ്ങളിലെ എയർപോർട്ട് തിരക്കിലേക്കാണ് ഞങ്ങൾ വന്നിറങ്ങിയത്. തൊട്ടുമുന്നിൽ വന്നു നിൽക്കുന്ന യുദ്ധത്തിൽ അനുഭവിക്കേണ്ടിവരുന്ന കെടുതികളെയോർത്ത് പരിഭ്രാന്തനായ രാമചന്ദ്രനെയാണ് ഞങ്ങൾ കണ്ടത്. വരാൻ പോകുന്നത് എന്തെന്നറിയാത്തതിൽ പരിഭ്രാന്തനും ചഞ്ചലചിത്തനുമായ പുതിയൊരാൾ. എത്തിച്ചേരാൻ വൈകിയാൽ എമ്മിയെസ് കമ്പനിയിൽ എനിക്ക് തരപ്പെട്ട ജോലി നഷ്ടപ്പെട്ടേക്കാം എന്ന് അബ്രഹാം ജോസഫ് അറിയിച്ചതുകൊണ്ടുമാത്രമാണ് ഞങ്ങളെ അപ്പോൾ കൊണ്ടുവന്നത്. അങ്ങേക്കരയിൽ എന്തെന്നറിയാത്ത യുദ്ധം വരുമ്പോൾ ഒരുനാട്ടിൽ ഒരുമിച്ച് നിൽക്കാം എന്ന എന്റെ നിലപാട് മാനിക്കുവാൻ കഴിയാത്തത്ര കലുഷമായിരുന്നു രാമചന്ദ്രന്റെ മനോനില.
എന്നെ വിവാഹം കഴിച്ചത് കാരണം സ്വന്തം കുടുംബത്തിൽ നിന്നുണ്ടായ തിരസ്കാരത്തെക്കാൾ എന്റെ ചേച്ചി നൽകിയ എൻ.ഒ.സി വരുത്തി വച്ച കഷ്ടതകൾ രാമചന്ദ്രന് സഹിക്കാൻ കഴിഞ്ഞില്ല. സർക്കാരിൽ നല്ല ജോലിയുള്ള ചേച്ചിയും ബിസിനസ് ചെയ്യുന്ന ഭർത്താവും നല്ലനിലയിൽ ജീവിക്കുന്ന വീട്ടിലേക്ക് ഒരു പ്രാവശ്യം മാത്രമേ രാമചന്ദ്രൻ പോയിട്ടുള്ളൂ. താൻ കടന്നുപോകുന്ന അവസ്ഥകൾക്ക് ചീത്തരാശി കളുമായും നല്ലതല്ലാത്ത ഗൃഹനിലകളുടെ സംസർഗ്ഗവുമായും ബന്ധമുണ്ടെന്ന് സംശയിച്ച് പരിഹാരക്രിയകൾക്ക് വെമ്പുകയും വഴിതേടുകയും ചെയ്യുന്നത് എനിക്ക് കാണാമായിരുന്നു.
യുദ്ധം കഴിഞ്ഞപ്പോൾ ദിൽമുനിയയിൽ സാമ്പത്തിക ഉണർവിന് വഴിയൊരുക്കിയ ചലനങ്ങളാണ് ലോകരാഷ്ട്രീയത്തിൽ സംഭവിച്ചത്. പാശ്ചാത്യനാടുകളിലെ ബാങ്കുകളിലെ നിക്ഷേപങ്ങൾ മരവിപ്പിക്കപ്പെടാം എന്ന യുദ്ധകാല അനുഭവത്തിൽ നിന്ന് പാഠം പഠിച്ച എണ്ണ സമ്പന്നർ അവരവരുടെ നാടുകളിൽ തന്നെ നിക്ഷേപങ്ങൾ ചെയ്യാൻ ആരംഭിച്ചു. അങ്ങനെയുണ്ടായ അനേകം കരാർ ജോലികളിൽ കൂടുതൽ പങ്കും എമ്മിയെസ് കമ്പനി തന്നെ നേടി. എമ്മിയെസ് കമ്പനിയുടെ മാൻപവർ ആവശ്യങ്ങൾ അടിയന്തിര സ്വഭാവത്തിൽ വർദ്ധിച്ചു. എമ്മിയെസ് കമ്പനിക്ക് വേണ്ടിയുള്ള മാൻപവർ സപ്ലൈയിലും റിക്രൂട്ട്മെൻ്റിലും കണ്ണുവച്ച് നടന്നിരുന്ന സ്പോൺസർ ഋഷികേശനെയും രാമചന്ദ്രനെയും സമീപിക്കാൻ ആരംഭിച്ചു. അയാൾക്ക് അബ്രഹാം ജോസഫിലേക്കുള്ള വാതിലായിരുന്നു അവർ. എമ്മിയെസ് കമ്പനിയുടെ മാൻപവർ ആവശ്യങ്ങളുടെ ഒരു ചെറിയ ഭാഗം സ്പോൻസറുടെ കമ്പനി സപ്ലൈ ചെയ്യാൻ അനുമതി നേടിക്കൊടുക്കുമ്പോൾ അബ്രഹാം ജോസഫിന്റെ ലക്ഷ്യം ഋഷികേശന്റെയും രാമചന്ദ്രന്റെയും പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരുന്നു.
സ്പോൺസർക്ക് വേണ്ടി ഹജ്ജി മുസ്തഫ ഇബ്രാഹിമിനോട് ശുപാർശ ചെയ്ത അബ്രഹാം ജോസഫിനെ തന്നെയാണ് സ്പോൺസറുടെ മേൽ ഒരു കണ്ണുവയ്ക്കാൻ ഹജ്ജി ചുമതലപ്പെടുത്തിയത്. അബ്രഹാം ജോസഫ് എന്തെങ്കിലും വീഴ്ചയുടെ റിപ്പോർട്ട് നൽകിയാൽ എല്ലാം ആ നിമിഷം നിലയ്ക്കുമെന്ന് ഹജ്ജി സ്പോൺസറോട് നേരിട്ട് പറയുകയും ചെയ്തു. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി കമ്പനിയിൽ എത്തുന്ന പണവുമെടുത്ത് ഏറ്റവും പുതിയ ഭാര്യയുടെ ഒപ്പം വിദേശത്തേക്ക് യാത്രപോകാൻ സ്പോൺസർക്ക് കഴിയാതെയായി. റിക്രൂട്ട്മെൻ്റ് കാര്യങ്ങൾക്ക് വിദേശത്ത് നിന്നുള്ള ഏജൻ്റുമാരെ സ്വീകരിക്കാൻ ദുമിസ്കാനിലെ തകരഷെഡ് മതിയാവില്ലെന്ന് അബ്രഹാം ജോസഫ് നിർദ്ദേശിച്ചു. യോഗ്യതയും പഠിപ്പും കഴിവുമുള്ള ഒരാൾ സ്പോൺസറുടെ ഭാഗത്ത് നിന്നും ഓഫീസ് നിയന്ത്രിക്കാൻ ഉണ്ടാവണമെന്ന് ഋഷികേശനും രാമചന്ദ്രനും മാൻപവർ സപ്ലൈ ചുമതലകൾ ഏൽപ്പിച്ച് കൊടുക്കണമെന്നും അവരെക്കൂടി ഉൾപ്പെടുത്തി വരുമാനം പങ്കിടണമെന്നും ആയിരുന്നു മറ്റൊരുപാധി. ഗത്യന്തരം ഇല്ലാതായിപ്പോയ സ്പോൺസർ ആ നിർദ്ദേശങ്ങൾ പ്രകാരം മനാനയിൽ ഓഫീസ് തുറന്നു. ദിൽമുനിയ പോളിടെക്നിക്കിൽ ബിസിനസ് മാനേജ്മെൻറ് ഡിപ്ലോമ എടുത്ത മകൾ സൈനബിനെ ഓഫീസിെൻ്റ മേൽനോട്ട ചുമതല ഏൽപ്പിച്ചു.
മനാനയിലെ ഓഫീസ് ഉത്ഘാടനത്തിന് ഞാനും പോയിരുന്നു. സ്പോൺസറുടെ ആദ്യഭാര്യയിലെ മകളായ സൈനബ് അൽ നജ്ജാറിനെ പരിചയപ്പെടുകയും ചെയ്തു. സൈനബിന്റെ ചലനങ്ങളിൽ തികഞ്ഞ ആതമവിശ്വാസം പ്രകടമായിരുന്നു. സ്വന്തമായി ബിസിനസ് ചെയ്ത് വിജയിപ്പിച്ച് എല്ലാവരെയും കാട്ടിക്കൊടുക്കണമെന്ന ദൃഡനിശ്ചയമെടുത്തതിന്റെ ഉത്സാഹം കാണാമായിരുന്നു.
ഓഫീസിന്റെ മേൽനോട്ട ചുമതല സ്പോൺസർ ഏൽപ്പിച്ചതിൽ സൈനബിന് ഒരു പടിമേലേക്ക് കയറിയ ആഹ്ളാദമുണ്ടായിരുന്നു. കുറേനാൾ അടുത്തിടപെട്ട് കഴിഞ്ഞപ്പോഴേക്കും അബ്രഹാം ജോസഫ് സ്പോൺസർക്കും മറുപേര് വച്ചു. അർബാബ് എന്നായിരുന്നു അത്. യജമാനൻ, ഉടമസ്ഥൻ എന്നെല്ലാം അർഥം വരുന്ന ആ അറബിവാക്കിലെ പരിഹാസം അയാളെ അറിയുന്നവർക്കെല്ലാം ഇഷ്ടപ്പെടുകയും പിന്നീട് എല്ലാവർക്കും സ്പോൺസറുടെ പേര് അർബാബ് എന്നാവുകയും ചെയ്തു. സൈനബ് അർബാബിന്റെ മകൾ തന്നെയാണോയെന്ന് സംശയം പറയുന്ന ചർച്ചകളായിരുന്നു ആയിടെ കുറേനാൾ രാത്രികളിൽ വീട്ടിൽ. സൈനബ് മറ്റുള്ളവരോട് ആർദ്രതയും മനസ്സലിവും കാട്ടുകയും സമഭാവത്തിൽ പെരുമാറുകയും ചെയ്തു. ഇടപാടുകളിൽ കണിശക്കാരി ആയിരിക്കുമ്പോഴും സൈനബ് മുഖത്തെ പുഞ്ചിരി മായ്ച്ചില്ല. വിരൽത്തുമ്പ് വരെയും പക്വതയും പ്രൗഢിയും പുലർത്തി അർബാബിന്റെ എല്ലാ സ്വഭാവരീതികളുടെയും വിപരീതത്തിലാണ് താനെന്ന് ബോധപൂർവം സൈനബ് സ്ഥാപിക്കുന്നതായി എല്ലാവർക്കും തോന്നി.
രാമചന്ദ്രനും ഋഷികേശനുമായി വരുമാനം പങ്കിടാമെന്ന് അർബാബ് സമ്മതിച്ചെങ്കിലും അവർക്ക് പ്രതീക്ഷ കുറവായിരുന്നു. സൈനബിന്റെ പുതിയ നേതൃത്വത്തിൽ കൃത്യമായ തൊഴിൽ വിഭജനം ഉണ്ടായി. ഓഫീസും കണക്കും റിക്രൂട്ട്മെൻ്റ് ഇടപാടുകളും രാമചന്ദ്രനും ലേബർ സപ്ലൈയുടെ എല്ലാ ഓപ്പറേഷനും പുതിയതായി എത്തിച്ചേരുന്നവരുടെ കാര്യങ്ങളും ഋഷികേശനും നോക്കണം. സൈനബിന്റെ പരിഷ്കൃതമായ നേതൃത്വത്തിൽ ആണുങ്ങൾ രണ്ടുപേരും നല്ല ആവേശത്തിലായി. അറബിയിലും ഹിന്ദിയിലും നല്ലതുപോലെ സംസാരിക്കാൻ ശീലിച്ച ഋഷികേശന് എഴുതിയ കടലാസുകൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ മാത്രമേ പരസഹായം വേണ്ടി വന്നുള്ളൂ. റിക്രൂട്ട്മെൻ്റ് വിഷയങ്ങളിൽ ശ്വാസം പിടിച്ചിരിക്കുന്ന ഓഫീസ് മാനേജരായിത്തീർന്ന രാമചന്ദ്രന്റെ മാറിമാറി വരുന്ന ഭാവനിലകൾ സൗമ്യമാകാൻ കാത്തിരിക്കുന്ന പതിവ് ഋഷികേശൻ അവസാനിപ്പിച്ചു. തന്നിലും ഒതുങ്ങാത്ത എഴുത്തുകുത്ത് ആവശ്യം വന്നാൽ സൈനബ് ഋഷികേശനെ നേരെ എമ്മിയെസ് ഓഫീസിലേക്ക് പറഞ്ഞയച്ചു.
എയർപോർട്ടിൽ പുതിയതായെത്തുന്ന തൊഴിലാളികളെ കൂട്ടിക്കൊണ്ടുവരാനും മെഡിക്കൽ പരിശോധനകൾക്ക് കൊണ്ടുപോകാനും വണ്ടിയോടിച്ച് പറന്ന് നടക്കുമ്പോൾ ഋഷികേശന് തുളുമ്പുന്ന ഊർജ്ജമാണ്. ദിൽമുനിയയിലേക്ക് തൊഴിലാളികൾ വന്നിറങ്ങുമ്പോൾ എയർപോർട്ടിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി അവരെ വെളിയിൽ കൊണ്ടുവരുന്നതിൽ ഋഷികേശൻ അതിശയകരമായ അനായാസതയാണ് നേടിയെടുത്തത്. ആരെങ്കിലും നാട്ടിൽ നിന്ന് വരുമ്പോൾ അവരുടെ ബന്ധുക്കൾ എയർപോർട്ടിലെ സഹായങ്ങൾക്ക് ഋഷികേശനെ തേടിച്ചെല്ലുന്ന സ്ഥിതി വന്നു. ആശുപത്രിയിലേക്കും എയർപോർട്ടിലേക്കും കറണ്ടാപ്പീസ് തുടങ്ങി സർക്കാർ ഓഫീസുകളിലേക്കും റാസ് കുലൈബിലെ വണ്ടിയില്ലാത്ത അനേകം പരിചയക്കാരുടെ അത്യാവശ്യയാത്രകൾ നടത്താനും അയാൾ സമയം കണ്ടെത്തി. തന്റെ പണികൾ എല്ലാം തീർത്തിട്ട് മലയാളി സമാജത്തിലും പോയിട്ടാവും രാത്രിയിൽ ഏറെ വൈകി വീട്ടിലെത്തുക.
വിശ്രമമില്ലാതെ നാട് നീളെ അലഞ്ഞു നടക്കുന്നതിന് രാമചന്ദ്രൻ ശകാരിക്കുമ്പോൾ ഋഷികേശൻ മറുപടിയൊന്നും പറയാതെ പുഞ്ചിരിച്ചു നിൽക്കും. ചെക്കുകൾ എഴുതിക്കൊടുക്കാൻ കഴിയുന്ന ബാങ്ക് അക്കൗണ്ട് സ്വന്തം പേരിൽ തുടങ്ങിയപ്പോൾ കാലക്കേടും ജാതകദോഷങ്ങളും തന്റെ പ്രതീക്ഷകളിൽ വീഴ്ത്തിയ കരിനിഴൽ ശങ്ക രാമചന്ദ്രനെ വിട്ടൊഴിയാൻ തുടങ്ങി. ലേബർ സപ്ലൈയും മാൻപവർ റിക്രൂട്ട്മെൻ്റും നടത്തി കിട്ടുന്ന പണത്തിെൻ്റ വിഹിതം അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ഏർപ്പാട് സൈനബ് ഉറപ്പാക്കിയപ്പോൾ അന്തരീക്ഷം പ്രസന്നമാകാൻ തുടങ്ങി. പ്രാർത്ഥന കൊണ്ടുള്ള സദ്ഫലങ്ങൾ വരുന്നത് കണ്ടില്ലേയെന്ന് പ്രബോധന ശബ്ദത്തിൽ രാമചന്ദ്രൻ ശാലീനയോട് ഇടയ്ക്കിടെ ചോദിക്കും. വർഷങ്ങളായി തന്നെ പൊതിഞ്ഞുനിന്ന കൂരിരുളിന് കാഠിന്യം കുറയുന്നുവെന്നും ദൂരെതെളിയുന്ന ആശയുടെ വെളിച്ചം വേഗത്തിൽ അടുക്കുന്നുവെന്നും നമ്മുടെ കാലം വരവായെന്നും സഫിയത്തിനുള്ള കത്തിൽ എഴുതാൻ ഋഷികേശൻ പറഞ്ഞു തന്നു.
ഞാൻ വന്ന് ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ആ കത്തെഴുത്ത് എന്നിലേക്ക് വന്നു ചേർന്നത് ഞാൻ ബോധപൂർവം രാമചന്ദ്രനിൽ നിന്ന് അത് പിടിച്ചെടുത്തത് കൊണ്ടാണ്. മനോഭാവങ്ങളിൽ എന്തെല്ലാം മാറ്റമുണ്ടായാലും എത്ര പരുക്കനായാലും സഫിയത്തിനുള്ള കത്തുകൾ എഴുതാൻ രാമചന്ദ്രന് എപ്പോഴും ഇഷ്ടമായിരുന്നു. പക്ഷേ എനിക്ക് ആ കത്തുകളിലെ വാക്കുകൾ കേട്ടെഴുതുകയെങ്കിലും വേണമായിരുന്നു. പിടിച്ചെടുത്ത ആ കത്തെഴുത്ത് എന്നെയന്ന് നിലനിൽക്കാനാണ് സഹായിച്ചതെന്ന് ഇപ്പോൾ ഞാനോർക്കുന്നു. മറ്റൊന്നും രാമചന്ദ്രനിൽ നിന്ന് പിടിച്ചെടുക്കാൻ ഒരുവിധ ശ്രമവും എന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും.
റാസ് കുലൈബിന്റെ ജനസാന്ദ്രതയും ഒരുനൂറ് ഗന്ധങ്ങൾ കലർന്ന് ഒന്നായ തെരുവുകളുടെ മണവും നന്നായനുഭവിക്കാൻ യുദ്ധം കഴിഞ്ഞ് നാലഞ്ചു മാസങ്ങൾ വേണ്ടിവന്നു. ജീവൻ രക്ഷിക്കാൻ ഓടിപ്പോയവർക്ക് ജീവിച്ചിരിക്കാൻ ഭക്ഷണത്തിന് വഴി നോക്കി ഇവിടേയ്ക്ക് തന്നെ മടങ്ങിവരേണ്ടി വന്നു. നാട്ടിൽ വീടുകളെ അലങ്കരിക്കുന്ന അകസാമാനങ്ങൾ തടിയല്ലാത്ത സാധനങ്ങളിൽ നിന്നായപ്പോൾ ഋഷികേശന്റെ ബന്ധുക്കളിൽ തൊഴിൽരഹിതരായിപ്പോകുന്നവരുടെ എണ്ണം പിന്നെയും കൂടുതലായി. റിക്രൂട്ട്മെൻ്റ് നടത്താനുള്ള അവസരവും സാധ്യതകളും ഉപയോഗിച്ച് കുറേ അധികം ബന്ധുക്കളെയും അകന്ന ചാർച്ചക്കാരെയും കൺസ്ട്രക്ഷൻ സൈറ്റുകളിലെ പണിക്കാരായി അയാൾ കൊണ്ടുവന്നു.
സ്വന്തം വീട്ടുകാരോടുള്ള ശീതയുദ്ധത്തിൽ വിജയിക്കാനുള്ള അടവിന്റെ ഭാഗമായി അമ്മയുടെയും അച്ഛന്റെയും തറവാടുകളിലെ പുരുഷന്മാരെ രാമചന്ദ്രനും കൊണ്ടുവന്നു. അവരിൽ കുറേയധികം പേർ റാസ് കുലൈബിലാണ് താമസം. വീട്ടിൽ വിരുന്നിന് വരുന്ന ബന്ധുക്കളും നാട്ടുകാരും ഒത്തു ചേർന്നുള്ള അത്താഴശേഷം ഋഷികേശൻ ഈ തീൻമേശയിൽ താളംപിടിച്ച് പാടും. ആ നാടൻ പാട്ടുകളോട് മത്സരിക്കാനായി താൻ പണ്ടെഴുതിയ ചില കവിതകൾ രാമചന്ദ്രൻ നീട്ടി ചൊല്ലുന്ന വ്യാഴാഴ്ച രാത്രികൾ കുറെയുണ്ടായി. കെട്ടിടത്തിന്റെ പഴയ നിർമ്മിതി കാരണം പുറത്ത് എത്തുന്ന ബഹളം കേട്ട് മുന്നിലെ കെട്ടിടത്തിൽ താമസിക്കുന്ന ഗോവക്കാരൻ കലഹത്തിന് വരും. പാട്ടുകൾ പാടിയും നാട്ടുവിശേഷങ്ങൾ പറഞ്ഞും ചൂടുപിടിച്ച രാഷ്ട്രീയസംവാദങ്ങളിൽ അലറിയും കൂകിവിളിച്ചും വെള്ളിയാഴ്ച പുലരുവോളവും നീണ്ടുപോകുന്ന രാത്രികളുടെ കാലം പെട്ടെന്നാണ് കടന്നുപോയത്. അകത്തേക്കും പുറത്തേക്കും ശബ്ദങ്ങളുടെ സഞ്ചാരം ഇപ്പോൾ കൂടുതലാണ്.
പക്ഷേ ഈ ഫ്ലാറ്റിൽ ഇപ്പോൾ കെട്ടിക്കിടക്കുന്ന മഹാമൗനം പുറത്തേക്ക് പോകുന്നില്ല. പുറത്തെ അതിജീവനയത്നങ്ങളുടെ പിടച്ചിൽ ശബ്ദങ്ങൾ സദാ അകത്ത് വരുന്നുണ്ട്. ജോലി കഴിഞ്ഞ് റാസ് കുലൈബിലേക്ക് മടങ്ങി വരുന്നവരെ വിട്ടിട്ട് പോകുന്ന വണ്ടികൾ നിറുത്തുന്ന ശബ്ദങ്ങളാണ് വൈകുന്നേരം ആറര മണി മുതൽ എട്ടു മണിവരെ. അല്ലെങ്കിൽ സ്വന്തം വണ്ടിയൊന്ന് നിറുത്തിയിടാൻ ഇഞ്ചിഞ്ചായി മാർക്കറ്റ് റോഡിൽ നീങ്ങുന്ന വാഹനങ്ങളുടെ ഞരക്കങ്ങൾ. പിന്നെയൊരുമണിക്കൂർ നേരം ഭക്ഷണം കഴിഞ്ഞ് ഹോട്ടലിൽ നിന്ന് പോകുന്നവരുടെയോ കോൾഡ്സ്റ്റോറിൽ നിന്ന് പാചകത്തിന് സാധനങ്ങൾ വാങ്ങിപ്പോകുന്നവരു ടെയോ ധൃതിപിടിച്ച നടപ്പിന്റെ അനക്കങ്ങളാണ്. അപൂർവ്വം ചിലപ്പോൾ മക്കളെയും കൂട്ടി അവരുടെ പ്രൊജക്റ്റ് വർക്കിനുള്ള സാധനങ്ങൾ വാങ്ങാൻ കടകൾ തേടിപ്പോകുന്നവരോട് തങ്ങൾക്കു വേണ്ടത് എന്തെന്ന് കുട്ടികൾ പറഞ്ഞു കൊടുക്കുന്ന ശബ്ദം കേൾക്കും. മണി ഒമ്പതാകും മുന്നേ പിറ്റെന്നാൾ ജോലിക്ക് പോകാനായി എല്ലാവരും ഉറങ്ങും.
തെരുവുവിളക്കുകൾ നാലുപാടേക്കും ഒഴുക്കി വിടുന്ന വെളിച്ചത്തിന്റെ മഹാപ്രളയത്തിൽ മൗനം തളംകെട്ടും.
പടിഞ്ഞാറേക്ക് സമാന്തരമായ ഏഴെട്ട് മാർക്കറ്റ് റോഡുകൾക്ക് അപ്പുറത്തുള്ള മനാന സെക്ടർ വൺ ആ നേരത്ത് ഉണർന്നു വരികയാവും. ധനസമൃദ്ധിയുടെ ആനന്ദവഴികൾ അന്വേഷിക്കുന്നവർക്ക് ദിവസം പുലരുന്നത് അപ്പോഴാണ്. അവിടെ ആഡംബര അപ്പാർട്ട്മെൻ്റുകളും നക്ഷത്രാങ്കിത ഹോട്ടലുകളും റിസോർട്ടുകളും അടിമുതൽ മുടിവരെ കറുത്ത ചില്ലുകൊണ്ട് പൊതിഞ്ഞ, അനവധി നിലകളിൽ പണിത, കെട്ടിടവിസ്മയങ്ങളുമാണ്. ധനോന്മത്തർക്ക് മദിച്ചു തിമർക്കാൻ ഒരുക്കങ്ങൾ ചെയ്യുന്ന സേവകജോലിക്കാർ ആ നേരം പണി ആരംഭിക്കുകയാവും, ഇന്ത്യാക്കാരും ഫിലിപിനോകളും ആഫ്രിക്കക്കാരും ആണും പെണ്ണും.
ഒരായുഷ്കാലം മുഴുവനും ഉന്തിനടന്ന ക്ലേശങ്ങളുടെയും വേദനകളുടെയും മുറിപ്പാടുകൾ ഉള്ള അവരുടെ ദേഹങ്ങൾക്ക് മീതെ കോട്ടുകളും നല്ല പെർഫ്യൂമുകളും അണിഞ്ഞു വേണം അവർ ജോലിക്ക് ചെല്ലാൻ. അവിടങ്ങളിലെ മാനേജർ, ഡ്രൈവർ, സെക്യൂരിറ്റി ഉദ്യോഗങ്ങൾക്ക് ഇപ്പോൾ ദിൽമുനിയ പൗരന്മാരും പോകാൻ തുടങ്ങിയിട്ടുണ്ട്. അലങ്കാര ബഹുലമായ ഇരിപ്പിടങ്ങളും തീൻമേശകളും അസുലഭമായ തീറ്റിപ്പണ്ടങ്ങളും വിലയേറിയ മദ്യവിഭവങ്ങളും നൃത്തമേടകളും തയ്യാറാക്കി അവർ രാവിരുന്നുകൾക്ക് ഉദ്യാനങ്ങൾ ഒരുക്കുന്നു. അത്യാനന്ദ നിർവൃതി തേടുന്ന രാസലഹരിയുടെ ആഭിചാരക്രിയകൾ ഗംഭീരമായ മുഴക്കങ്ങൾ ഉയർത്തും. ശബ്ദഘോഷങ്ങൾ ആധുനികമായ ചുവരുകളെയും ഭേദിച്ച് കടൽത്തീരത്തെ ജലസന്ധിക്ക് മീതെയുള്ള മേഘങ്ങളിൽ പോയി ലയിക്കും. പുലരും വരെ നീണ്ടുനിൽക്കുന്ന ധ്വനിഘോഷങ്ങളുടെ പേരിൽ ആരും കലഹിക്കാനോ എവിടെങ്കിലും പരാതിപ്പെടാനോ ധൈര്യപ്പെടില്ല.
റാസ് കുലൈബിൽ അടുത്തടുത്തുള്ള പല പള്ളികളിൽ നിന്ന് സെക്കൻ്റുകളുടെ വ്യത്യാസത്തിൽ ഉയർന്നുകേൾക്കുന്ന സുബഹി ബാങ്ക് കേട്ട് പതിവ് പോലെ ഞാൻ ഉണർന്നെഴുന്നേൽക്കും. താഴെ മാർക്കറ്റ് റോഡിൽ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞു പോകുന്ന ഹോട്ടൽ ജോലിക്കാരുടെ പാദപതന ശബ്ദങ്ങൾ അകത്തുകേൾക്കും. കോട്ടിന്റെ കീശകളിൽ എണ്ണിത്തിട്ടപ്പെടുത്താതെ ഇട്ടിട്ടുള്ള ടിപ്പിന്റെ പൊതികളിൽ കൈകൾ ചേർത്തമർത്തിയാണ് തങ്ങളുടെ കുടുസ്സുമുറികളിലെ പകലുറക്കത്തിലേക്ക് ജോലിത്തളർച്ചയോടെ അവർ നടന്നു പോകുന്നത്.
അതേസമയത്ത് സെക്ടർ വണ്ണിൽ നിന്ന് പുറപ്പെടുന്ന കുറേ മിനി ബസുകൾ പടിഞ്ഞാറേ മനാനയിലെ പഴയ സൈനിക കെട്ടിടത്തിന് മുന്നിലെ സിഗ്നലിൽ വിളക്കുകൾ പച്ചയായാലും നിറുത്തിയിടും. എതിർവശത്ത് നിന്നും നീങ്ങുന്ന അനേകം വലിയ ബസ്സുകൾ റോഡ് ബ്ലോക്ക് ചെയ്യുന്നത് കൊണ്ടാണ് മിനിബസുകൾക്ക് പോകാനാവാത്തത്. ഹോട്ടൽ നർത്തകികളെ പകലുകളിൽ പൂട്ടിയിടാറുള്ള കെട്ടിടങ്ങളിലേക്ക് ഡ്രോപ്പ് ചെയ്യാൻ പോകുന്നവയാണ് മിനി ബസുകൾ. നർത്തകികളുടെ മുഖങ്ങളിൽ നിന്ന് കട്ടിമേക്കപ്പിന്റെ ചായങ്ങൾ ഒലിച്ചിറങ്ങി വിയർപ്പിൽ കുതിർന്ന് കുഴമ്പുപോലെ ആയിട്ടുണ്ടാവും. കേശാലങ്കാരത്തിനുള്ള മിന്നുന്ന പൊട്ടുകൾ ചടുല നൃത്തത്തിൽ ദേഹമാകെ പൊട്ടിവീണ് അവരുടെ ശരീരങ്ങളിൽ അവിടവിടെ നിന്ന് പ്രതിഫലന രശ്മികൾ ചിതറും. വേഷം യഥാസ്ഥാനങ്ങളിൽ തന്നെ പിടിപ്പിച്ചിരുത്തുന്ന പിന്നുകൾ ഊരിയെറിഞ്ഞതിനാൽ ഉലഞ്ഞുപോയ വസ്ത്രങ്ങൾ സ്ഥാനം മറിഞ്ഞ് കിടക്കുന്നത് അവർ ശ്രദ്ധിക്കുക പോലുമില്ല.
മുറുക്കിയ കമ്പികളുടെ ദ്രുതതാളത്തിൽ നാലഞ്ചു മണിക്കൂർ ഉറഞ്ഞാടിയ ശരീരത്തിലെ പേശികൾ വേദനിച്ചിട്ട് അവർ കൈകാലുകൾ തിരുമ്മി ശൂന്യമായ ദൃഷ്ടികളോടെ മിനി ബസുകളിൽ ഇരിക്കും. പഴയ സൈനിക കെട്ടിടത്തിന് എതിർവശത്തെ തെരുവിനിരുപുറവുമുള്ള പൊളിഞ്ഞുവീഴാറായ അനേകം കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന നൂറുകണക്കിന് കൺസ്ട്രക്ഷൻ ജോലിക്കാർ അവിടെയെല്ലാം ചിതറിയോടുന്നുണ്ടാവും. അവരുടെയെല്ലാം സൈറ്റുകളിലേക്ക് കൊണ്ടുപോകാൻ വരുന്ന വിവിധ മാൻപവർ സ്പ്ലൈക്കാരുടെ മിനി ബസുകളും വലിയ ബസുകളുമാണ് റോഡ് ബ്ലോക്ക് ആക്കുന്നത്.
കൈയിൽ ചോറ്റുപാത്രങ്ങളുമായി തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചത്തിൽ തന്റെ മാൻപവർ സപ്ലൈയുടെ വണ്ടി നോക്കി ഓടുന്നവരാണ് റോഡിനുനടുവിൽ. തങ്ങൾക്കു പോകേണ്ട സൈറ്റിലേക്കുള്ള വണ്ടി കണ്ടുപിടിച്ച് അവിടേക്ക് ചങ്ങാതിമാരെ ഉച്ചത്തിൽ വിളിച്ചു വരുത്തുന്ന ചുറുചുറുക്കുള്ള ബംഗ്ലാദേശി യുവാക്കൾ സിഗ്നൽ ജംങ്ഷൻ നിറഞ്ഞ് നിൽക്കും.
(തുടരും)