ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം അഞ്ച്
അധ്യായം നാല്​​:
മരുമണ്ണിലെ ഇരുളും വെളിച്ചവും

വ്വല്‍ ടൗണ്‍ഷിപ്പിന്റെ കവാടം കഴിഞ്ഞ് വണ്ടി മുന്നോട്ടു പോയപ്പോഴാണ് അകത്തുള്ള മൂന്നുപേരും ഉണര്‍ന്നത്. വണ്ടിക്കുള്ളില്‍ തിങ്ങിനിറഞ്ഞ ശ്വാസംമുട്ടിക്കുന്ന മൗനത്തില്‍ അവര്‍ മൂന്നുപേരും അവരവരുടെ മനോരാജ്യങ്ങളില്‍ മുഴുകിയിരിപ്പായിരുന്നു. ടൗണ്‍ഷിപ്പിന്റെ കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള വലിയ കമാനത്തില്‍ പേരും സ്ഥാപിച്ച വര്‍ഷവും വലിയ കറുത്ത അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു. രാജാവിന്റെയും പ്രധാനമന്ത്രിയുടെയും കിരീടാവകാശിയുടെയും ഫോട്ടോകള്‍ ദില്‍മുനിയയില്‍ എല്ലായിടങ്ങളിലും കാണാം. ഏത് ഓഫീസിലേക്ക് കയറിച്ചെല്ലുംമ്പോഴും ആ ചിത്രങ്ങളാണ് ആദ്യം കണ്ണില്‍ പതിയുക. ടൗണ്‍ഷിപ്പിന്റെ കവാടത്തില്‍ മൂന്നുപേരുടെയും മുഴുനീള ചിത്രങ്ങളുടെ പടുകൂറ്റന്‍ പോര്‍ട്രെയ്​റ്റ്​ പെയിന്റിംഗങുകളാണ്. നന്നായി വെട്ടിയൊരുക്കിയ പൂച്ചെടികള്‍ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പൂന്തോട്ടമാണ് ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍. കല്‍ക്കെട്ടുകള്‍ കരിംപാറയിലെ നിര്‍മ്മിതികളാണെങ്കില്‍ ഗംഭീര സൗന്ദര്യവും ശക്തിയും ധ്വനിപ്പിച്ച്​ പ്രൗഡിയോടെയാവും നില്‍ക്കുക.

ദ്വീപില്‍ ലഭിക്കുന്ന പാറ മുഴുവനും വെളുത്ത ചേടിക്കല്ലുകളായതുകൊണ്ട് ഇവിടുത്തെ കല്‍ക്കെട്ടുകളെല്ലാം ഗാംഭീര്യം കുറഞ്ഞ് വിളറിയ നിറത്തില്‍ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയതുപോലെ കാണപ്പെടും. ടൗണ്‍ഷിപ്പിന്റെ പ്രവേശന കവാടത്തിന്റെ അരമതിലും കല്‍തൂണുകളും ഇറക്കുമതി ചെയ്ത കരിങ്കല്ലില്‍ പണിത് രാജപ്രൗഡി നല്‍കിയത് ആയിടെയാണ്. യൂറോപ്പുകാര്‍ക്ക് മാത്രം താമസിക്കുവാന്‍ വേണ്ടിയെന്ന് വിഭാവനം ചെയ്ത ടൗണ്‍ഷിപ്പില്‍ ഇപ്പോള്‍ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അറബികളും ഇന്ത്യാക്കാരും കലര്‍ന്ന് താമസിക്കുന്നു. കവാടം പിന്നിട്ട് ജബല്‍ വസാത്തിലേക്കുള്ള റോഡിലൂടെ ബഷീര്‍ ആലത്തിന്റെ കാര്‍ മുന്നോട്ടു പോയപ്പോള്‍ പുറംകാഴ്ചകളിലേക്ക് ശ്രദ്ധിച്ചിരുന്ന ശാലീന ആ യാത്രയിലെ ആദ്യത്തെ ശബ്​ദമുതിര്‍ത്തു മറ്റുരണ്ടു പേരെയും ഉണര്‍ത്തി.

‘‘ഇലക്ട്രിക് പോസ്റ്റുകളിലെ താജ്മഹല്‍ കാണണം. അതു കണ്ടിട്ട് മുന്നോട്ടു പോകാം.’’

ബിഷപ്പ് ഹെര്‍മന്‍ പോള്‍സെന്റ സന്ദര്‍ശനവും അദ്ദേഹത്തോടൊപ്പം ജബല്‍ വസാത്തിലേക്ക് പോയ യാത്രയും ശാലീനയ്ക്ക് വിവരിച്ച് കൊടുത്തത് തികഞ്ഞ ആവേശത്തോടെയായിരുന്നു. വൈദ്യതിതൂണുകളിലെ പ്രണയപ്രഖ്യാപനം ഒരു കവിത പോലെയാണ് ടോണി അബ്രഹാം വര്‍ണ്ണിച്ചത്. പിന്നീടും ബഷീര്‍ ആലത്തെയും കൂട്ടി ടൗണ്‍ഷിപ്പിലേക്ക് അയാള്‍ പലയാത്രകള്‍ ചെയ്തുവെന്നും ടൗണ്‍ഷിപ്പിനു ചുറ്റും പ്രദക്ഷിണം ചെയ്ത് വൈദ്യതിതൂണുകളെ തൊഴുതു മടങ്ങിയെന്നും ശാലീനക്കറിയാം. അതവളെ പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്തു. ഒരു തവണ അവ്വല്‍ ടൗണ്‍ഷിപ്പില്‍ പോയി അതുകണ്ടിട്ട് ടോണിയുടെ ഭാവന യാഥാര്‍ത്ഥ്യങ്ങളില്‍ നിറംചാര്‍ത്തുന്നതിന്റെ അളവെത്രയെന്ന് നോക്കണമെന്നും അവള്‍ നിശ്ചയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷമായി ആ യാത്ര അമ്മയോട് ആവശ്യപ്പെട്ടാല്‍ ഒരു വെള്ളിയാഴ്ച സമയം കണ്ടെത്തി അമ്മ കൊണ്ടുപോകും. കാണുമ്പോള്‍ ഒപ്പമുള്ളത് ആരാണെന്നത് ഓരോ കാഴ്ചാ നുഭവത്തിന്റെയും ആഴവും മാനങ്ങളും നിശ്ചയിക്കും.

‘‘വൈദ്യുതിതൂണുകളിലെ ചിത്രാക്ഷരങ്ങള്‍ പ്രണയം വിളിച്ച് പറയുന്നുവെന്നല്ലേ ടോണി പലകുറി പറഞ്ഞത്. ടോണിയോടൊപ്പം അത് കാണാനാണ് ഈ സാഹസത്തിനിറങ്ങിയത്.’’
ശാലീന ഓര്‍മ്മിപ്പിച്ചു.
‘‘അതെയതെ, മജ്‌നു സാറയ്ക്കായി ലോക സമക്ഷം വരച്ച പ്രേമലേഖനങ്ങള്‍.’’

ടോണി വീണ്ടും അവയെ വര്‍ണ്ണിച്ചു. അയാളുടെ വര്‍ണ്ണനകള്‍ ശാലീനയുടെ ഉള്ളില്‍ തറച്ചുപോയിരുന്നു.

‘‘സോറി, ടോണിയുടെ പരിപാടിയില്‍ അതുണ്ടായിരുന്നതാണ്. ഞാന്‍ എന്തെല്ലാമോ ചിന്തിച്ച് ഇരുന്ന് വണ്ടി മുന്നോട്ടു പോയി.’’

ഖേദം പ്രകടിപ്പിച്ചു കൊണ്ട് ബഷീര്‍ ആലം കവാടത്തിലേക്ക് കാര്‍ തിരിച്ചുവിട്ടു. പിന്നെയവരുടെ വണ്ടി അവ്വല്‍ ടൗണ്‍ഷിപ്പിന് ചുറ്റുമുള്ള വൈദ്യുതിതൂണുകളുടെ മുന്നിലൂടെ പലവട്ടം ചുറ്റി. കാര്‍ ജബല്‍ വസാത്തിലേക്കുള്ള റോഡിലൂടെ ഓയില്‍ ഫീല്‍ഡിലേക്ക് കടന്ന് മുന്നോട്ടു നീങ്ങിയപ്പോള്‍ വിസ്തൃതമാകുന്ന ആകാശത്തിന്റെ മേലാപ്പ് കാറിനെയും ചേര്‍ത്ത് കുടപിടിക്കുന്ന പ്രതീതി ഉണ്ടാവുകയും ടോണി അബ്രഹാം പിന്നിലെ സീറ്റിലേക്ക് തിരിഞ്ഞ് ശാലീനയെ നോക്കുകയും ചെയ്തു. ശാലീനയുടെ കവിളുകളില്‍ അപ്പോഴും സാറയെയും മജ്‌നുവിനെയും ഭാവന ചെയ്യുന്നതിന്റെ നിറം പകര്‍ന്നിരിക്കുന്നു.

‘‘ആ അക്ഷരങ്ങള്‍ വരച്ചിട്ടു എത്ര കാലമായെന്ന് ഊഹിക്കാന്‍ കഴിയുമോ?’’, ശാലീന ചോദിച്ചു.
‘‘ടൗണ്‍ഷിപ് ഉണ്ടായിട്ട് അറുപതു വര്‍ഷങ്ങളായി’’, ടോണി അബ്രഹാം പറഞ്ഞു. ‘‘പക്ഷേ ഇപ്പോഴുള്ള തൂണുകള്‍ ഇടയ്‌ക്കെപ്പോഴെങ്കിലും മാറ്റിയിട്ടതോ മറ്റോ…’’

‘‘ഈ തൂണുകള്‍ ഇടുമ്പോള്‍ ഞാനിവിടെ ലേബര്‍ ആയിരുന്നു. ഈ റോഡു പുതുക്കിപ്പണിതത് എമ്മിയെസ് കമ്പനിയാണ്.’’

ബഷീര്‍ ആലം ഉപയോഗിക്കുന്ന പഷ്തുവും ഹിന്ദിയും ഇടയ്ക്കിടെ ഇംഗ്ലീഷ് വാക്കുകളും കലര്‍ത്തിയ ഭാഷ ധാരാളം ഈഹങ്ങള്‍ കൂടി നടത്തി അര്‍ഥം മനസ്സിലാക്കേണ്ടത് ആയതുകൊണ്ട് ശാലീന കാതുകൂര്‍പ്പിച്ച് കേള്‍ക്കാന്‍ സീറ്റില്‍ മാറിയിരുന്നു.

‘‘എന്റെ ഗാംങ് ഒത്തിരി ജാക്ക് ഹാമ്മര്‍ അടിച്ചതാണ് ഇവിടെ. അന്നൊക്കെ വര്‍ക്ക് സൈറ്റുകളില്‍ കന്ത്രാസ് എന്നൊരിടപാടുണ്ട്. ഓരോ ഗാംങിനും ഒരളവു കാട്ടിയിട്ട് ഇത്ര കുഴിക്കണമെന്നോ, മണ്ണിട്ട് മൂടണമെന്നോ, ഇത്ര സാധനം മാറ്റണമെന്നോ ഒരു ദിവസത്തെ ജോലി കാണിച്ചു കൊടുക്കും. അത്രയും ജോലി തീര്‍ക്കുന്നതാണ് അന്നത്തെ ഡ്യൂട്ടി. ചിലപ്പോള്‍ ഡ്യൂട്ടിയും ഇത്ര മണിക്കൂര്‍ ഓവര്‍ ടൈമും ചേര്‍ത്ത് ജോലിയളവു പറയും. നേരത്തെ ചെയ്തു തീര്‍ത്താല്‍ നേരത്തെ പോകാം. രാവിലെ ഏഴുമണിക്ക് പണി തുടങ്ങിയാല്‍ ഞങ്ങള്‍ പത്തുമണിക്ക് മുന്നേ കന്ത്രാസ്? പണി തീര്‍ത്തിട്ട് തിരിച്ചുപോകും. എന്നിട്ട് ഞാന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിന് വെളിയില്‍ പോയി കാത്തിരിക്കും. വേറെ ഒരുപാട് ജോലികള്‍ ചെയ്തു രൊക്കം കാശ് വാങ്ങും.’’

‘‘ആ കാശൊക്കെ എന്തു ചെയ്തു?’’ ശാലീന.
‘‘ഡ്രൈവിങ്​ പഠിക്കാന്‍ ഒരുപാട് കാശ് വേണ്ടേ? ലേബര്‍ ശമ്പളം കൊണ്ട് തികയില്ലല്ലോ.’’
ബഷീര്‍ ആലം തന്റെ ഓര്‍മ്മയില്‍ വീണ്ടും ചികഞ്ഞു പരതിയിട്ടു പറഞ്ഞു, ‘‘ഈ തൂണുകള്‍ ഇട്ടിട്ട് ഇരുപതു വര്‍ഷം ആയിട്ടുണ്ടാവും.’’
‘‘കോണ്‍ട്രാക്റ്റ് എന്ന വാക്കിന്റെ അറബി ഭാഷയിലെയും വര്‍ക്ക്‌സൈറ്റുകളിലെയും പ്രയോഗ രൂപം ആവും കന്ത്രാസ്’’, ടോണി അബ്രഹാം കൂട്ടിച്ചേര്‍ത്തു .

തൂണുകള്‍ വന്നിട്ട് ഇരുപതു വര്‍ഷങ്ങളെ ആയിട്ടുള്ളുവെങ്കില്‍ അവര്‍ രണ്ടുപേരുമോ അവരില്‍ ഒരാളോ ടൗണ്‍ഷിപ്പിനുള്ളില്‍ ഉണ്ടാവാനും സാധ്യതയുണ്ട് .സാറയും മജ്‌നുവും രണ്ടുപേരും ഒരുമിച്ചോ ഒറ്റയ്‌ക്കൊറ്റയ്‌ക്കോ ഇപ്പോഴും ടൗണ്‍ഷിപ്പിനുള്ളില്‍ ഉണ്ടോ, അവര്‍ എന്നെങ്കിലും ഒന്നുചേര്‍ന്ന് കഴിഞ്ഞിരുന്നോ, എന്നു ഭാവന ചെയ്തിട്ട് മനസ്സില്‍ കരുതി വയ്ക്കാമെന്നും മടങ്ങിപ്പോകുമ്പോള്‍ പ്രവേശന കവാടത്തില്‍ വച്ച് ഓരോരുത്തരുടെയും നിഗമനങ്ങള്‍ വെളിപ്പെടുത്തണം എന്നും ടോണി അബ്രഹാം നിര്‍ദ്ദേശിച്ചു. ശാലീനയ്ക്ക് അതിഷ്ടപ്പെടുകയും സമ്മതിക്കുകയും ചെയ്തു.

വെള്ളിയാഴ്ച പ്രഭാതത്തിലെ ആറരമണി നേരത്ത് ഡസേര്‍ട്ട്ക്യാമ്പുകാരുടെ നഗരം ഗാഢമായ ഉറക്കത്തില്‍ ആയിരിക്കും. കണ്ണുപൂട്ടാതെ ആഘോഷത്തിമര്‍പ്പില്‍ മുങ്ങുന്ന വ്യാഴാഴ്ചയിലെ രാത്രി അതിന് തൊട്ടുമുന്നേ മാത്രമേ അവസാനിച്ചിട്ടുണ്ടാവുകയുള്ളൂ. ഓയില്‍ ഫീല്‍ഡില്‍ അപ്പോള്‍ ഉണര്‍ന്നിരിക്കുന്ന മനുഷ്യര്‍ വളരെ കുറവായിരിക്കുമെന്നുള്ള കണക്കുകൂട്ടലാണ് ആ നേരത്തെ യാത്രക്ക്​ ധൈര്യം നല്‍കിയത്. മാര്‍ച്ച് മാസത്തിലെ ആദ്യ ആഴ്ചയായതുകൊണ്ട് തണുപ്പുകാലം മടങ്ങിപ്പോകുമ്പോള്‍ ആകാശത്തു വിടരുന്ന അധികതെളിച്ചത്തെ മഴമേഘങ്ങള്‍ പൊതിയുന്നു. തലേദിവസം പെയ്ത മഴയില്‍ കഴുകി വെടിപ്പാക്കിയ അന്തരീക്ഷം പൊടിപടലങ്ങളുടെ കലര്‍പ്പും കലക്കവും ഒട്ടും ഇല്ലാതെ ആവര്‍ത്തിച്ചു പെയ്യുന്ന മഴയില്‍ വൃത്തിയാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

സുഷിരങ്ങളോ കുഴികളോ ഇല്ലാതെ കണ്ണാടിയുടെ പ്രതലം പോലെ മിനുസത്തില്‍ ടാറിട്ട തിളങ്ങുന്ന റോഡുകളാണ് ദ്വീപില്‍. വാഹനവരികള്‍ ക്ലിപതപ്പെടുത്തുവാന്‍ കട്ടി പെയിന്റില്‍ വരച്ച വെളുത്തു വീതിയുള്ള രേഖകള്‍ നാടപോലെ തുടര്‍ച്ചയായി നീണ്ടുപോകും. അവിടവിടെ ഇഡ്ഡലി ആകൃതിയിലെ അലങ്കാരങ്ങള്‍ ഉണ്ടാവും. മഞ്ഞയും കറുപ്പും നിറങ്ങള്‍ ചാര്‍ത്തിയിട്ടുള്ള നീളന്‍ കോണ്‍ക്രീറ്റ്കല്ലില്‍ പണിചെയ്ത തിട്ടകളും വരമ്പുകളും അതിരുകളില്‍ ലോഹവേലികളും ഉള്ള റോഡുകള്‍ സവിശേഷമായ നിര്‍മ്മാണശൈലിയിലെ വര്‍ണ്ണശബളമായ കലാവസ്തുക്കളാണ്. പക്ഷേ ഓയില്‍ഫീല്‍ഡിലെ റോഡുകള്‍ അത്തരം സൗന്ദര്യം പേറുന്നതല്ല. തരിശുഭൂമിപ്പരപ്പിനു മേലെക്കൂടി ആ പാതകള്‍ വളഞ്ഞും പുളഞ്ഞും പോകുന്നു. ഓയില്‍ വെല്ലുകളെയും കുഴലുകളെയും പമ്പിംഗ് സ്റ്റെഷനുകളെയും അതിന്റെ അനുസാരികളെയും സമീപിക്കാന്‍ ആണ് ആ റോഡുകള്‍. പൊങ്ങിയും താണും പോകുന്ന ടാറിട്ട വഴികള്‍. ഭൂമിയുടെ നിമ്‌നോന്നതങ്ങള്‍ ചെത്തി നിരപ്പിലാക്കാതെ റോഡിന്റെ തറ ഉണ്ടായിരിക്കുന്ന അവസ്?ഥയില്‍ തന്നെ അതിന് മേലെ ടാര്‍ ഇട്ടിരിക്കുന്നതിനാല്‍ ഉലഞ്ഞും ചെറിയ കുഴികളില്‍ വീണുമാണ് വണ്ടി ചെറിയ കയറ്റിറക്കങ്ങളിലൂടെ നീങ്ങുന്നത്.

ആളനക്കവും വാഹനശബ്​ദങ്ങളും കുറഞ്ഞ നേരം നോക്കി കല്ലുകളുടെ പൊത്തില്‍ നിന്ന് പുറത്തുവരുന്ന ജീവികള്‍ റോഡ് മുറിച്ച് അങ്ങുമിങ്ങും ഓടുന്നുണ്ട്. ആ ജീവികള്‍ക്ക് അപകടം പറ്റാതിരിക്കാന്‍ ശ്രദ്ധിച്ച് ബഷീര്‍ ആലം കാറിന്റെ വേഗത ഇടയ്ക്കിടെ കുറയ്ക്കുകയും ബ്രേക്കിടുകയും ചെയ്യുന്നുണ്ട്. പല്ലിവര്‍ഗ്ഗത്തിലെ മുഴുപ്പുള്ള ജന്തുക്കളും ഭീമന്‍ ഓന്തുകളും ദ്വീപിലെ മറ്റിടങ്ങളില്‍ അപരിചിതമായ വേറെ ജീവികളും റോഡ് ഉപയോഗിക്കുന്നുണ്ട്.

‘‘എണ്ണയ്ക്കു മുന്‍പ് ഇവിടമായിരുന്നു രാജാവും കൂട്ടുകാരും പിന്നെ അഡ്വൈസറും മൃഗയാ വിനോദങ്ങള്‍ക്കും നായാട്ടിനും വന്നിരുന്ന സ്ഥലം. അവര്‍ മുയലിനെയും മാന്‍പേടകളെയും ഗസാല കളെയും വീഴ്ത്തുമായിരുന്നുവേത്ര, ഡയറക്ടര്‍ ഫിലോസോഫി പറഞ്ഞതാണ്’’, ടോണി അബ്രഹാം പറയുന്നത് അകലെ നിന്നെന്നപോലെ ആണ് ശാലീന കേള്‍ക്കുന്നത്.

ശാലീന ജീവിതത്തില്‍ ആദ്യമായാണ് ഇത്രയേറെ വ്യതിരിക്തമായ മറ്റൊരു പ്രകൃതിയിലൂടെ അസാധാരണമായ യാത്ര ചെയ്യുന്നത്. എന്നും ഉറങ്ങുന്ന വീട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ സഞ്ചരിച്ച് ഈ സ്ഥലത്ത് എത്തിച്ചേരാമെങ്കിലും ഇവിടെ വരാതെയും ഇങ്ങനെയെല്ലാം ഉണ്ടെന്ന് അറിയാതെയും വര്‍ഷങ്ങള്‍ കഴിഞ്ഞു. ജീവിതങ്ങള്‍ ചലിക്കുന്ന പരിമിതവൃത്തങ്ങളെ കുറിച്ച് ശാലീനയ്ക്ക് തോന്നിയ അമ്പരപ്പ് അതേ നിമിഷം തന്നെ പരിമിതവൃത്തങ്ങളില്‍ മാത്രം ചലിക്കാന്‍ വിധിക്കപ്പെട്ട ജീവിതങ്ങളോടായി. ശാലീന അത് വണ്ടിയില്‍ സംസാരിക്കാന്‍ ശ്രമിച്ചു. അക്കാര്യത്തില്‍മൂന്നുപേരുടെയും പരിേപ്രക്ഷ്യങ്ങള്‍ തികച്ചും വിഭിന്നങ്ങള്‍ ആയതിനാല്‍ ശാലീനയ്ക്ക് തെന്റ മനസ്സിലുള്ളത് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.

വണ്ടിയുടെ മുന്നിലെ ചില്ലിലേക്ക് ആഹ്ലാദത്തോടെ ശാലീന കൈചൂണ്ടിയ ദിശയില്‍ മറ്റു രണ്ടു പേരും നോക്കി. ചക്രവാളസീമയിലെ ചുവന്ന വലിയ പൊട്ടിന് മേലെയുള്ള കടും നീലയിലേക്ക് നിരവധി വിന്യാസങ്ങളിലെ വെളുപ്പിന്റെ പഞ്ഞിക്കെട്ടുകള്‍ പടര്‍ന്നു കയറുന്നു. അതിനു മേലെയായി സ്വര്‍ണ്ണ നിറം മുതല്‍ ചാര നിറം വരെയുള്ള വര്‍ണ്ണ വ്യതിയാന േശ്രണികളില്‍ ഓരോ നിറഭേദത്തിലും അനവധി ബ്രഷ് സ്​ട്രോക്കുകള്‍. ഒന്നിന് ശേഷം ഒന്നായിട്ടും വെള്ളി നൂലുകളാല്‍ അതിരിട്ടുമാണ് ബ്രഷ്സ്‌ സ്​ട്രോക്കുകള്‍ ഓരോന്നും.

പശ്ചാത്തലത്തിലുള്ള കടുംനീലയുടെ വീതികൂടിയ നാടകളാണ് ചിത്രത്തെ നിറച്ച് പൂര്‍ണ്ണമാക്കുന്നത്. ചിത്രകാരന്‍ തന്റെ ക്യാന്‍വാസില്‍ പശ്ചാത്തലം ഒരുക്കി രചനയുടെ പ്രമേയത്തിലേക്ക് കടക്കാന്‍ തുടങ്ങുന്ന നിമിഷം പോലെ ആകാശമിരിക്കുന്നു. ചുവട്ടില്‍ അതിനുകുറുകെ പറന്ന് അസംഖ്യം ജ്യാമതീയ ആകൃതികള്‍ രചിക്കുന്ന പക്ഷികള്‍. തണുപ്പുകാലം കഴിഞ്ഞപ്പോള്‍ മടക്കയാത്രയ്‌ക്കൊരുങ്ങുന്ന ദേശാടനക്കിളികളുടെ പറ്റങ്ങളാണ്. ചിറകു വിടര്‍ത്തിയ പക്ഷികളുടെ പറ്റം ആകാശത്ത് പറന്നുണ്ടാക്കിയ പട്ടത്തിന്റെ വാലറ്റം താഴേക്ക് വരുന്നു. അകലെയുള്ള ഒരു ദീപസ്തംഭത്തിന്റെ കെടാവിളക്കില്‍ നിന്ന് നാലുപാടേക്കും ജ്വലിച്ചുകത്തുന്ന നാളത്തിന്റെ നേര്‍ക്കാണ് പക്ഷിപ്പട്ടത്തിന്റെ വാല്‍ വന്ന് തൊടാനായുന്നത്. ദീപസ്തംഭത്തിന്റെ ചുവട്ടിലുള്ള ഒരു പിക്കപ്പുവണ്ടിയും നീലനിറത്തിലെ ജോലിക്കുപ്പായം അണിഞ്ഞ നാലഞ്ചു ജോലിക്കാരും മാത്രമാണ് അനന്തമായ വിജനതയെ ഭജ്​ഞിക്കുന്നത്. അക്കാഴ്ചയിലേക്കാണ് ശാലീന കൈ ചൂണ്ടിയത്. നീട്ടിയ വിരല്‍ തുമ്പില്‍ ബഷീര്‍ ആലം കാണാതെ ടോണി അബ്രഹാം ഒന്നു തൊട്ടപ്പോള്‍ പൊള്ളിയത് പോലെയാണു ശാലീന കൈ പിന്‍വലിച്ചത്.

തമിഴ് നാട്ടിലെ ക്ഷേത്ര ഗോപുരങ്ങളുടെ ആകൃതിയുള്ള, മഞ്ഞ കലര്‍ന്ന വെളിച്ചം നാലുപാടും പ്രസരിപ്പിച്ചു നില്‍ക്കുന്ന, ഒരു ദീപക്കാഴ്ച്ചയെ വണ്ടി കടന്നുപോയി. അതിനെ ഓയില്‍ഫീല്‍ഡിലെ കംപ്രസ്സര്‍ സ്റ്റേഷന്‍ എന്നാണ് ടോണി അബ്രഹാം വിളിച്ചത്. നല്ല വീതിയും ഉയരവുമുള്ള ഗോപുരം നിറയെ വിളക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു. തൂണുകളിലും കമ്പികളിലും മേടകളിലും സ്തംഭങ്ങളിലും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങളിലും വിളക്കുകള്‍. ഏണികളിലും ലോഹഗോപുരങ്ങളിലും മുഖപ്പുകളിലും ത്രികോണ മേല്‍ക്കൂരകളിലും വിളക്കുകളുണ്ട്.

‘‘എന്തിനാണ് ഇത്രയും വെളിച്ചം. അതും പണക്കൊഴുപ്പിന്റെ മുഖ മുദ്രയാണോ?’’
ശാലീന ചോദിച്ചു.

‘‘അല്ല, ഏതു നേരവും ഏതിടവും നല്ല വെട്ടത്തില്‍ കണ്ടു വാല്‍വുകളെയും പൈപ്പുകളെയും എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ കഴിയണം. അതിനാണ് വെളിച്ചത്തിന്റെ പ്രളയം തുറന്നു വിട്ടിരിക്കുന്നത്. സൂര്യവെളിച്ചം നന്നായി പരന്നിട്ടെ സഹസ്രദീപങ്ങള്‍ കെടുത്തുകയുള്ളൂ.’’

ഒരുമിച്ച് ജബല്‍ വസാത്തിലേക്ക് വരുമ്പോള്‍ ശാലീനയ്ക്ക് പറഞ്ഞു കൊടുക്കാന്‍ വേണ്ടി ജോണ്‍ ഫിലിപ്പ് അങ്കിളിനോട് ഇതെല്ലാം ചോദിച്ചു മനസ്സിലാക്കി വച്ചത് നന്നായെന്ന് ടോണി അബ്രഹാമിന് തോന്നി.

ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ദീപസ്തംഭങ്ങളില്‍ മുനിഞ്ഞു കത്തുകയും ഇടയ്ക്കിടെ വലിയനാളം ആവുകയും ചെയ്യുന്നതു കംപ്രസർ സ്റ്റേഷന്റെ കെടാവിളക്കുകളാണ്. ഭൂഭാഗ ദൃശ്യത്തിന് അധികഭംഗി പകരുന്ന കെടാവിളക്കുകള്‍എന്തിനാണെന്നും ടോണി അബ്രഹാം വിശദീകരിച്ചു. റിപ്പെയര്‍ ജോലികള്‍ വേണ്ടി വരുമ്പോള്‍ എണ്ണക്കുഴലുകളിലെ ഒഴുക്ക് നിയന്ത്രിക്കേണ്ടി വരും. എണ്ണലായനിയും വാതകങ്ങളും ആകാശത്തേക്ക് കത്തിച്ചുവിട്ട് എരിച്ചു കളഞ്ഞിട്ടാണ് അപ്പോള്‍ രൂപപ്പെടുന്ന അധിക പ്രെഷര്‍ നിയന്ത്രിക്കുന്നത്. കൂടുതല്‍ എണ്ണയും വാതകവും എരിയുമ്പോഴാണ് കെടാവിളക്കിന്റെ ദീപനാളങ്ങള്‍ ശകതിയായി ജ്വലിക്കുന്നത്.

ആപാദചൂഢം ത്രസിപ്പിക്കുന്ന ആകാശക്കാഴ്ചയില്‍ശാലീന ആഴ്ന്നുപോയിരുന്നു. കണ്ണില്‍ നിന്നു മറയുവോളവും ദീപക്കാഴ്ച്ചകളെ അവള്‍ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. മനസ്സും ശരീരവും ഉണര്‍ന്നുതരിച്ച് കാറിലിരുന്നു കടന്നുപോയ സ്ഥലങ്ങളെയും സ്തംഭങ്ങളെയും തിരിഞ്ഞുനോക്കുന്നതിനിടയില്‍ നഹദൈന്‍ മലകളെ സമീപിക്കുമ്പോഴുള്ള കാഴ്ചകളുടെ അനുപാതങ്ങള്‍ ശാലീനയ്ക്ക് നഷ്ടപ്പെട്ടു. മലര്‍ന്നു കിടക്കുന്ന സ്ത്രീയുടെ മാറിടങ്ങളായി ആ മലകള്‍ ദൂരെ നിന്ന് കാണാനാവുമോയെന്ന് പരീക്ഷിക്കണമെന്ന് യാത്ര ഉറപ്പിച്ചപ്പോള്‍ ശാലീന നിശ്ചയിച്ചിരുന്നെങ്കിലും അവസരം കിട്ടാതെ പോയി.

നഹദൈന്‍ മലകളുടെ നടുവിലെ പരപ്പില്‍ കാര്‍ നിറുത്തി അവര്‍ മൂന്നുപേരും പുറത്തിറങ്ങി. വഞ്ചിഗുഹയിലേക്ക് പോകാന്‍ മൂന്നുപേരും അവരവരുടെ കാരണങ്ങളാല്‍ മടിച്ചു. അത്ര പ്രസകതമല്ലാത്ത ഓരോന്നു ചോദിച്ചും പറഞ്ഞും അവര്‍ അകത്തേക്ക് പോകുന്നതിന്റെ ആരംഭം വൈകിച്ചു. അപരിചിത ഇടങ്ങളിലേക്ക് പുരുഷന്മാരുടെ ഒപ്പം ഒരിക്കലും തനിയെ പോകരുതെന്ന് ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ ശാലീനയെ അമ്മ ഉപദേശിക്കുന്നുണ്ട്. ബോംബെയില്‍ ശാലീനയും അമ്മയും മാത്രം താമസിച്ച മൂന്നു വര്‍ഷങ്ങളില്‍ അത് പരിഭ്രാന്തിയുടെ കൂടി ചിഹ്​നമായിരുന്നു.

ഏത് പാതിരയ്ക്കും സ്ത്രീകള്‍ക്ക് സുരക്ഷിതമായി എവിടെയും പോകാവുന്ന ദില്‍മുനിയയില്‍ എത്തിക്കഴിഞ്ഞിട്ടും മിനി മോള്‍ ശാലീനയോടു ഉപദേശം ആവര്‍ത്തിച്ചു. അത് നിഷേധിക്കേണ്ട ആവശ്യം ഉണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അതിനെ മറികടക്കുന്ന ഒന്നും ഒരു നിമിഷവും ഇന്നേ വരെ സംഭവിച്ചിട്ടില്ല. മറച്ചുവയ്ക്കാന്‍ ഒന്നും ഇല്ലാത്തതുകൊണ്ട് സംഭവിക്കുന്നതെല്ലാം ശാലീന അമ്മയോട് പറയാറുമുണ്ട്. ഇപ്പോള്‍ ഇതാ മറ്റൊരു മനുഷ്യജീവിയുടെയും സാന്നിധ്യം ഇല്ലാത്ത വിദൂരമായ ഒരിടത്ത് ഒരു മലയുടെ ഉള്ളില്‍ അയേതയുടെയും അതീന്ദ്രിയതയുടെയും അനേകം ആഖ്യാനങ്ങള്‍ കുടിയിരിക്കുന്ന ഗുഹക്കുള്ളിലേക്ക് കടക്കാന്‍ പോകുന്നു. അപരിചിതനും ആജാനബാഹുവുമായ ഒരു പത്താനും പക്വത എത്തിയെന്ന് തനിക്ക് ഇതുവരെയും ബോദ്ധ്യം വരാത്ത ഒരു നവയുവാവുമാണ് ഒപ്പം. ഗുഹാപ്രവേശം കഴിയുന്നത്രയും വൈകിക്കാനോ അല്ലെങ്കില്‍ ഉള്ളിലേക്ക് കടക്കാതെ മടങ്ങിപ്പോകാനോ ശാലീന തീവ്രമായി ആഗ്രഹിച്ചു.

ടോണി അബ്രഹാമിന് തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ മുഹൂര്‍ത്തത്തിലേക്കുള്ള പ്രവേശമാണ്. പുലര്‍ത്തിവന്നിരുന്ന ഉദ്ദേശ്യലക്ഷ്യങ്ങളെ ആകെ തകിടം മറിച്ചു തന്റെ ജീവിതഗതിയെത്തന്നെ മാറ്റി ഒഴുക്കിയ മഹാപ്രവാഹത്തിന്റെ അര്‍ഥം നിര്‍വചിക്കാന്‍ പോകുന്ന നിമിഷമാണ്. സ്വന്തം ഹൃദയമിടിപ്പ് പോലെ ആയിത്തീര്‍ന്ന ഒരു പ്രിയകാമനയെ രണ്ടു മൂന്നു വര്‍ഷമായി കണ്ണു ചിമ്മാതെ പേറി നടക്കുന്നു. ആ ഹൃദയ രഹസ്യം വെളിപ്പെടുത്തി പരസ്പരബന്ധത്തിനു പുതിയൊരു തലം പ്രദാനം ചെയ്യേണ്ട മുഹൂര്‍ത്തത്തിലേക്കാണ് പ്രവേശം. നേരിടുവാനുള്ള ധൈര്യം ചോര്‍ന്നു പോകുന്ന തിനാല്‍ ആ സന്ദര്‍ഭത്തെ നീട്ടിവയ്ക്കാനായി തള്ളിനീക്കുകയാണയാള്‍.

ബഷീര്‍ ആലത്തിന് തന്റെ ജീവിതം മരിക്കുവോളം ഇന്നത്തെ നിലയില്‍ തന്നെ തുടരണമെന്നാണ് ആഗ്രഹം. നിലനില്‍പ്പിന് കോട്ടം സംഭവിക്കുന്ന എന്തെങ്കിലും ഉണ്ടാകരുതെന്ന ഭയം കൊണ്ടാണ് ഈ യാത്ര സംഭവിക്കാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചത്. അബ്രഹാം ജോസഫ് എല്ലാം അറിയും. സൈറ്റുകളിലും തൊഴിലാളികളുടെ ഇടയിലും സംഭവിക്കുന്ന ഇലയനക്കം പോലും തന്റെയടുത്ത് എത്തിക്കാന്‍ ഏര്‍പ്പാടുകള്‍ നിലവിലുണ്ട്. അദ്ദേഹം സ്ഥാപിച്ചിട്ടുള്ള ചാരശൃംഘലയുടെ വ്യാപ്തിയും ശേഷിയും നന്നായറിയുന്ന ബഷീര്‍ ആലം അണുവിടപോലും അപ്രിയമുണ്ടാകുന്ന ഒന്നും തന്നില്‍നിന്ന് വന്നു പോകാതിരിക്കാന്‍ കടുത്ത സൂക്ഷ്മത പുലര്‍ത്തിയാണ് ഓരോ ചുവടും വയ്ക്കുന്നത്. എന്നിട്ടും അടുത്തിടെ പിടിക്കപ്പെടുകയും അദ്ദേഹം നീരസത്തോടെ സംസാരിക്കുകയും ചെയ്ത ഒരവസരമുണ്ടായി.

ടോണി അബ്രഹാമിന്റെ ആഗ്രഹം സാധിക്കുവാനായി ഏര്‍പ്പെട്ട ഒരു രാത്രി സാഹസം അദ്ദേഹം അറിഞ്ഞു. ഇനി ഒരിക്കലും ടോണിയെ അങ്ങനെ ഒരിടത്തും കൊണ്ട് പോകരുതെന്ന് താക്കീത് ലഭിച്ചിരിക്കുകയാണ്. മറിച്ച് സംഭവിച്ചാല്‍ എല്ലാ കറക്കങ്ങളും കയ്യിലുള്ള കാറും അതോടെ അവസാനിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാം അവസാനിച്ച് പോകുമോയെന്ന് ബഷീര്‍ ആലം ഭയപ്പെടുന്നുണ്ട്. എന്നിട്ടും ടോണി അബ്രഹാമിന്റെ അഭിനിവേശ തീവ്രതയോട് അയാള്‍ക്ക് പ്രിയം തോന്നി. പ്രണയം പറയാന്‍ തിരഞ്ഞെടുത്ത ഇടവും വഴിയും രീതിയും ഇഷ്ടപ്പെട്ടു. എന്തും വരട്ടെയെന്ന് നിശ്ചയിച്ചാണ് ബഷീര്‍ ആലം ഈ യാത്രയ്ക്ക് പുറപ്പെട്ടത്. നിര്‍ണ്ണായക വേളയെ വൈകി അഭിമുഖീകരിക്കാനുള്ള സഹജവികാരം അയാളെ ഗുഹാപ്രവേശത്തില്‍ നിന്ന് തടയുന്നുണ്ട്.

അബ്രഹാം ജോസഫിന്റെ വീട്ടിലെ കുക്ക് ഗോപീ ദാസന്‍ നാട്ടിലെ തന്റെ അവധി പകുതിയ്ക്ക് നിറുത്തി ഒരു ദിവസം പെട്ടെന്ന് തിരിച്ചു വന്നു. കാഴ്ചയിലും സ്വഭാവത്തിലും കേടുപാടുകളോടെയാണ് അയാള്‍ വന്നത്. അയാള്‍ക്ക്‌ പ്രേതബാധയുണ്ടായിരിക്കുന്നു എന്നാണ് അബ്രഹാം ജോസഫിന്റെ ഭാര്യ ലീല അബ്രഹാം അതിനെക്കുറിച്ച് പറഞ്ഞത്. പ്രേതങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ ആണെന്ന വ്യത്യാസമേ ഗോപീ ദാസന്റെ പാഠഭേദത്തില്‍ ഉള്ളൂ. ഒരു ദിവസം രാത്രിയില്‍ ഗോപീദാസന്റെ ഭാര്യയുടെ കാമുകനും അയാളുടെ ഗുണ്ടകളും ആയുധം കാട്ടി ഗോപീ ദാസനെ ഭയപ്പെടുത്തി. പത്തുവര്‍ഷം ഗോപീദാസന്‍ ദില്‍മുനിയയില്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം ഭാര്യയുടെതാണെന്നു അവര്‍ തയ്യാറാക്കിയ മുദ്രപ്പത്രത്തില്‍ കയ്യൊപ്പും വിരലടയാളവും വാങ്ങി. അവര്‍ പറയുന്നത് അനുസരിക്കുന്നില്ലെങ്കില്‍ അഞ്ചു വയസ്സുള്ള മോളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ ഭാര്യയും അവര്‍ക്കൊപ്പം ആയിരുന്നെന്ന് പറഞ്ഞ് അയാള്‍ പൊട്ടിക്കരഞ്ഞു. എല്ലാം കഴിഞ്ഞ് അവര്‍ ഭാര്യയെും കൂട്ടി പോകുമ്പോള്‍ മകളെ ഗോപീ ദാസന് എറിഞ്ഞു കൊടുക്കുകയും ചെയ്തു.

അബ്രഹാം ജോസഫിന്റെ ഭവനത്തിന്റെ അടുക്കളയില്‍ പിന്നീടുള്ള ദിവസങ്ങളില്‍ പാചകത്തിനിടയില്‍ ഗോപീദാസന്‍ ക്ഷോഭിക്കുകയും അലറി വിളിക്കുകയും ചിലപ്പോള്‍ ഉറക്കെകരഞ്ഞു ശപിക്കുകയും ചെയ്യുന്നത് പതിവായി. അടുപ്പില്‍ തീയുണ്ടെന്ന് ഓര്‍ക്കാതെ ചിന്തകളില്‍ പെട്ടിരിക്കുകയും മോളെ വിളിച്ച് കരഞ്ഞ് പുറത്തേക്ക് ഓടുകയും ചെയ്യുന്നത് ആവര്‍ത്തിച്ചു . ഗോപീദാസനെ പ്രൊജക്റ്റ് സൈറ്റിലെ അയാളുടെ പഴയ ജോലിയിലേക്ക് പറഞ്ഞയച്ചത് ആ വീട്ടില്‍ എല്ലാവരെയും സങ്കടപ്പെടുത്തി. അടുക്കള ജോലികള്‍ക്ക് ഒരാള്‍ കൂടി അത്യാവശ്യമാവുകയും ചെയ്തു.

വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ ചെല്ലുമ്പോള്‍ ചില സ്ത്രീകള്‍ ലീല അബ്രഹാമിനെ സമീപിച്ച് ജോലിയും പല തരം വേറെ സഹായങ്ങളും ചോദിക്കും. വീട്ടുപണിയ്ക്ക് എവിടെങ്കിലും ഒഴിവുണ്ടെങ്കില്‍ അറിയിക്കണം എന്നു പറഞ്ഞിരുന്ന സ്ത്രീയെ വീണ്ടും പള്ളിയില്‍ കണ്ടപ്പോള്‍ തന്റെ വീട്ടില്‍ അടുക്കള ജോലിക്ക് വരാമോയെന്ന് ലീല അബ്രഹാം അന്വേഷിച്ചു. മുറിയില്‍ ഒപ്പം താമസിക്കുന്ന കൂട്ടുകാരിക്കാണ് ഒരു ജോലി അപ്പോള്‍ അത്യാവശ്യമെന്നും അവള്‍ക്ക് ജോലി കൊടുക്കണമെന്നും ആ സ്?ത്രീ അപേക്ഷിച്ചു. അങ്ങനെ മലബാര്‍ പാചകത്തില്‍ മിടുക്കിയായ ഖദീജ അബ്രഹാം ജോസഫിന്റെ വീട്ടിലെ അടുക്കളയിലെത്തി. ഖദീജ ആ വീട്ടിലെ തിരുവിതാംകൂര്‍ രുചികളെ അട്ടിമറിച്ചു മലബാര്‍ രുചികള്‍ സ്ഥാപിച്ചു. അതിവിശിഷ്ടമായ ബിരിയാണിയും മുട്ടയില്‍ നിന്ന് പതിനെട്ടു വിഭവങ്ങളും ഉണ്ടാക്കി ഖദീജ ആ വീട്ടുകാരെ കീഴടക്കി. മനാനയില്‍ പള്ളിയുടെ പരിസരത്ത് കൂട്ടുകാരോടൊപ്പമുള്ള താമസം തുടരാന്‍ അനുവദിക്കണമെന്ന ഖദീജയുടെ ആവശ്യം ലീല അബ്രഹാം സമ്മതിച്ചു. ഖദീജയെ ഉമ് അല്‍ ജസ്രയിലെ വീട്ടിലേക്കും തിരിച്ചും മിക്കപ്പോഴും ബഷീര്‍ ആലം എടുക്കുകയും തിരിച്ചു വിടുകയും ചെയ്തു.

നട്ടുച്ചനേരത്തും അന്തരീക്ഷത്തിലെ ആവിയും വേവും അസഹ്യമാകുമ്പോഴും ചൂടുംതണുപ്പും കാറ്റും മഴയും അധികരിക്കുന്ന ദിവസങ്ങളിലും ജനവാസസ്ഥലങ്ങളിലെ തെരുവുകള്‍ ആളൊഴിഞ്ഞ് ശൂന്യമാകും. റോഡുകളിലൂടെ നിരനിരയായി വാഹനങ്ങള്‍ നീങ്ങുമെങ്കിലും കാല്‍നടക്കാര്‍ തീരെ കുറയും. സിഗ്‌നല്‍ വിളക്കുകള്‍ ചുവക്കുമ്പോള്‍ റോഡു മുറിച്ചു കടന്ന് ഓരോരോ വീടുകളിലേക്ക് ജോലി ചെയ്യാന്‍ കുടപിടിച്ചു നടന്നു പോകുന്ന വീട്ടു വേലക്കാരികള്‍ മാത്രമാവും ആനേരങ്ങളില്‍ തെരുവുകളില്‍ ഉണ്ടാവുക. ക്ലേശങ്ങളുടെയും സഹനങ്ങളുടെയും ചര്‍മ്മച്ചുളിവുകള്‍ മറച്ചുകൊണ്ട് അവരിലെ എല്ലാ മതക്കാരും അബായകള്‍ ധരിച്ചു നടക്കുന്നു. കുറഞ്ഞ വാടകയ്ക്ക് കിട്ടുന്ന മുറികളില്‍ അവര്‍ സംഘം ചേര്‍ന്നു താമസിക്കുന്നു. ഖദീജ യാത്രകളില്‍ വണ്ടിയിലിരിക്കുമ്പോള്‍ അവരെക്കുറിച്ച് പറയും. കൂടുതല്‍ പേരും വിവാഹങ്ങളിലോ പ്രണയങ്ങളിലോ ചതിക്കപ്പെട്ടവര്‍ ആണ്. എന്തും സഹിച്ചും അതിജീവിക്കുമെന്നും കുഞ്ഞുങ്ങളെ വളര്‍ത്തുമെന്നും ചില പുരുഷന്മാരോടും സമൂഹത്തോടുമുള്ള വെല്ലുവിളികളാണ് റോഡിലൂടെ ശരീരങ്ങളായി നടന്നു പോകുന്നതെന്നാണ് ഖദീജയുടെ വ്യാഖ്യാനം. തീപോലെ ചൂട് വമിപ്പിക്കുന്ന സൂര്യന് കീഴെ റോഡില്‍ മറ്റാരും ഇല്ലാതിരിക്കെ കുടയുംചൂടി നടന്നു പോകുന്ന സ്?ത്രീ രൂപങ്ങളെ ചൂണ്ടിയാണ് ഖദീജ ഇതെല്ലാം പറഞ്ഞ് ചിരിക്കുക.

വന്നിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഖദീജ ഒരിക്കലും നാട്ടില്‍ പോയിട്ടില്ല. മകളുടെ വിവാഹത്തിനും പോയില്ല. തെക്ക് ദേശത്ത് നിന്ന് നാടുവിട്ട് വന്നൊരാള്‍ ആണ് പതിനെട്ടു തികഞ്ഞ ഖദീജയെ നിക്കാഹു കഴിച്ചത്. ഉമ്മയുടെ ഗതികേട് കൊണ്ടാണ് ഈരും പേരും ഇല്ലാത്ത അയാളെ പുരയില്‍ പുതിയാപ്ലയായി കൂട്ടിയത്. മകള്‍ ജനിച്ച് അഞ്ച് വയസ്സായപ്പോള്‍ അയാള്‍ ഖദീജയെ ഉപേക്ഷിച്ചു തെക്കോട്ട് മടങ്ങി. അയല്‍ വീടുകളില്‍ അടുക്കള ജോലികള്‍ ചെയ്താണ് ഖദീജയും ഉമ്മയും അവരുടെ ദാരിദ്ര്യത്തെ നേരിട്ടത്. മകള്‍ക്ക് പത്ത് വയസ്സായപ്പോള്‍ അവള്‍ക്ക് എങ്ങിനെയും വിദ്യാഭ്യാസം കൊടുത്ത് രക്ഷിക്കണമെന്ന് ഖദീജ ഉറപ്പിച്ചു. പറയാനാവാത്ത യാതനകള്‍ക്കൊടുവില്‍ ദില്‍മുനിയയില്‍ എത്തിപ്പെട്ടു. മനാന സൂഖിലെ ഗുജറാത്തി വ്യാപാരിയുടെ വൃദ്ധമാതാപിതാക്കളെ പരിപാലിക്കുന്ന ജോലി കിട്ടി. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മുറി വാടക കഴിച്ചുള്ളത് മുഴുവനും ഉമ്മയ്ക്ക് അയച്ചുകൊടുത്ത ഏഴു വര്‍ഷങ്ങളിലും ഖദീജ നാട്ടില്‍ പോയില്ല. അതി രാവിലെ എന്നും ഗുജറാത്തി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കണ്ടും ശ്രദ്ധിച്ചും ഒരാള്‍ പതിവായി കാറില്‍ ലിഫ്റ്റ് കൊടുത്തു തുടങ്ങി. പിന്നീടെപ്പോഴും അയാള്‍ കൊണ്ട് പോവുകയും തിരിയെ കൊണ്ട് വരികയും ചെയ്തു. സൗഹൃദം ഗാഢമായി വളര്‍ന്നു. പെര്‍മിറ്റില്ലാതെ തെന്റ വണ്ടി ടാക്‌സിയായി ഓടിച്ചു കാശുണ്ടാക്കുന്ന അയാള്‍ അടുത്ത നാട്ടുകാരനാണ്. കല്യാണം കഴിക്കാമെന്നവര്‍ നിശ്ചയിച്ചു . അയാളുടെ മുറിയിലേക്ക് താമസം മാറുന്നതിന് ഒരു സങ്കോചവും ഖദീജയ്ക്ക് തോന്നാത്ത വിധം അയാള്‍ സ്നേഹവും കരുതലും തൂവി.

നാട്ടില്‍ ചെന്ന് രണ്ടുവീട്ടിലും പറഞ്ഞറിയിച്ച് നിക്കാഹിന് ഒരുക്കങ്ങള്‍ നടത്താന്‍ ആ മനുഷ്യന്‍ ആദ്യം പോയി. മകള്‍ക്ക് വേണ്ടി വാങ്ങിക്കരുതിയിരുന്ന വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും അയാളുടെ പക്കല്‍ കൊടുത്തുവിട്ടു. നാട്ടില്‍ നിന്ന് വന്ന ഉമ്മയുടെ കത്തില്‍ വസ്ത്രങ്ങള്‍ കൊടുത്തുവിട്ട ചങ്ങാതിയെ ബന്ധുക്കള്‍ക്കെല്ലാം ഇഷ്ടമായെന്ന് ഉണ്ടായിരുന്നു. ഖദീജയുടെ മകളെ നിക്കാഹു കഴിക്കാന്‍ അയാള്‍ പ്രകടിപ്പിച്ച താത്പര്യം അവിടെ എല്ലാവര്‍ക്കും സമ്മതമായെന്നും എഴുതിയിരുന്നു. കുറച്ച് പ്രായവ്യത്യാസം ഉണ്ടെങ്കിലും അത്രയും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കൊണ്ടു കൊടുത്തതു കാരണം മോള്‍ക്കും അയാളെ ഏറെ പിടിച്ചിരിക്കുന്നുവെന്നും അവര്‍ വേഗം തന്നെ നല്ല അടുപ്പക്കാരായെന്നും ഉമ്മ കത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

‘‘നിങ്ങള്‍ തമ്മിലെ വിവാഹത്തിനു ഒരുങ്ങാനാണ് അയാള്‍ നാട്ടിലേക്ക് ചെല്ലുന്നതെന്ന് വീട്ടില്‍ അറിയിച്ചിരുന്നില്ലേ?’’, അന്ന് യാദൃച്ഛികമായി കാറില്‍ ഉണ്ടായിരുന്ന ടോണി അബ്രഹാം ഇടപെട്ടു.

‘‘മോള്‍ക്ക് ചില സൂചനകള്‍ കൊടുത്തിരുന്നു. അവള്‍ അതങ്ങനെ മനസ്സിലക്കിയില്ലെന്ന് കരുതാനാണ് എനിക്കിഷ്ടം’’, ഖദീജ പൊട്ടിച്ചിരിച്ചു.

തന്റെ വീട്ടില്‍ ഒരുമിച്ചു താമസിക്കുന്ന സ്ത്രീകള്‍ പരിക്ക് പറ്റിയ പോരാളികള്‍ ആണെന്ന് ഖദീജ സങ്കല്‍പ്പിക്കുന്നു. സ്വാധീനം കുറഞ്ഞ കാലും വലിച്ച് അനേകം വീടുകളിലേക്ക് വെയിലത്തും മഴയത്തും രാത്രി വൈകുവോളം നടക്കുന്ന കൂട്ടുകാരിയെ ഒരു ദിവസം വഴിയില്‍ ചൂണ്ടിക്കാട്ടി. ഒരിക്കലും പണിക്കു പോകാത്ത ഭര്‍ത്താവിനെയും കോളേജില്‍ പഠിക്കുന്ന രണ്ടു മക്കളെയും നാട്ടില്‍ പോറ്റാന്‍ വേണ്ടിയാണ് ആ മുടന്തി നടപ്പ്. അയക്കുന്ന കാശില്‍കൂടുതലും കുടിച്ചു തീര്‍ക്കുന്ന ഭര്‍ത്താവ് മരണപ്പെട്ടെന്ന് നാട്ടില്‍നിന്ന് അറിയിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ ആശ്വാസം പറഞ്ഞു തീര്‍ക്കാന്‍ ആവില്ലെന്നാണ് ഖദീജ കരുതുന്നത്. ദില്‍മുനിയയില്‍ നിന്ന് ഒരിക്കലും മടങ്ങിപ്പോകാ തിരുന്നാലും കൂടെത്താമാസിക്കുന്ന കൂട്ടുകാരികള്‍ പരസ്പരം താങ്ങാകുമെന്ന അവളുടെ വിശ്വാസത്തെ വണ്ടിയിലുള്ളവര്‍ നിസ്സംഗമായി വിട്ടു. അത് അവളെ തന്റെ ഭാഗം വാദിക്കുവാന്‍ പ്രേരിപ്പിച്ചു. അവരുടെ മുറിയില്‍ താമസിക്കുന്ന ശാന്തിയെന്ന കൂട്ടുകാരി ജംഗിള്‍ ബാറില്‍ ജോലി ചെയ്ത് ധാരാളം കാശുണ്ടാക്കി എല്ലാവര്‍ക്കും വേണ്ടി ചെലവിടുന്ന കാര്യം ഖദീജ ഉദാഹരണമായി അവതരിപ്പിച്ചു. ജംഗിള്‍ ബാറിലെ പെണ്‍കുട്ടികള്‍ക്ക് ശമ്പളം ഇല്ലെന്നും കിട്ടുന്ന ടിപ്പ്തുകയുടെ ഒരുഭാഗം അതിന്റെ നടത്തിപ്പുകാര്‍ക്ക് അങ്ങോട്ട് കൊടുക്കണമെന്നുമുള്ള വിവരണങ്ങള്‍ ടോണി അബ്രഹാമിന്റെ ജിഞാസയെ ഉയര്‍ത്തി.

‘‘അങ്ങനെയൊക്കെ പ്രത്യേകതകളുമായി ജംഗിള്‍ ബാര്‍ എന്നു പേരുള്ളൊരു സ്ഥലമുണ്ടെന്ന് കേട്ടിട്ടും നമ്മള്‍ അവിടം കാണാതിരിക്കുകയോ?’’ വണ്ടിയില്‍ മറ്റാരുമില്ലാത്തപ്പോള്‍ ടോണി അബ്രഹാം ചോദ്യം ആവര്‍ത്തിക്കും.

ഒരു വ്യാഴാഴ്ച രാത്രിയില്‍ ഖദീജയുടെ താമസസ്ഥലത്തിനടുത്ത് വണ്ടിയില്‍ കാത്തിരുന്നു. ശാന്തിയെ പിക്ക് ചെയ്യുന്ന മിനി ബസിന്റെ പിന്നാലെ അവരും വണ്ടി വിട്ടു. ജംഗിള്‍ ബാര്‍ ഉള്ളതെന്ന് അവര്‍ ഈഹിച്ച കെട്ടിടത്തിനുപിന്നില്‍ മിനി ബസ് നിറുത്തി. കെട്ടിടത്തിന് പിന്നിലെ ഇരുമ്പ് കോണിയിലൂടെയാണ് അകത്തേക്കുള്ള വഴി. വിളക്കുകള്‍ അണച്ച് മനപ്പൂര്‍വം ഉണ്ടാക്കിയ ഇരുട്ട് ചെറിയ പ്രകാശം മാത്രം കോണിപ്പടിയില്‍ അവശേഷിപ്പിച്ച് അവിടെ പരന്നിട്ടുണ്ട്. അപകടമുണ്ടായ സ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടുന്നത് പോലെ കുറേപ്പേര്‍ കോണിപ്പടി കയറിപ്പോകുന്നുണ്ട്. തങ്ങളെ ആരും കാണാതിരിക്കട്ടെയെന്നു അസാധാരണ വേഗത്തിലും ഉദ്വേഗത്തിലുമാണ് അവര്‍. ക്ലേശങ്ങള്‍ സഹിച്ച്​ കല്ലിച്ച മുഖഭാവങ്ങള്‍ക്ക് മേലെ കനത്തില്‍ പൌഡര്‍ പൂശിയിട്ടുള്ള മനുഷ്യര്‍. വിലക്കുറവുള്ള തുണിത്തരങ്ങള്‍ അലക്കിത്തേച്ചു മടക്കുമ്പോഴുണ്ടാകുന്ന അടയാളങ്ങള്‍ മുഴച്ചുനില്‍ക്കുന്ന പഴയ ഫാഷനിലെ വസ്ത്രങ്ങള്‍ അണിഞ്ഞവര്‍. ടോണി അബ്രഹാമും ഒപ്പം ബഷീര്‍ ആലവും ആളൊഴുക്കില്‍ കലര്‍ന്ന് വേഗത്തില്‍ ഉള്ളിലെത്തി.

ഒരുപാട് പേര്‍ സംസാരിക്കുന്നതിന്റെ ചിതറിയ ഒച്ച ഒരുമിച്ച് ചേര്‍ന്ന് ഒന്നായിട്ട് അവ്യകതമായ ശബ്​ദങ്ങളുടെ ഇരമ്പമാണ് അവിടെ. ഉള്ളില്‍ കനത്തഇരുട്ട്. കട്ടിപ്പുക ആ വലിയ ഹാളില്‍ താഴ്ന്നിറങ്ങി വന്ന മേഘങ്ങള്‍ പോലെ തങ്ങിനില്‍ക്കുന്നുണ്ട്. ചാന്തുപൂശുകയും പെയിന്റടിക്കുകയും ചെയ്തിട്ടില്ലാത്ത ചുമരില്‍ അങ്ങിങ്ങായി പിടിപ്പിച്ചിട്ടുള്ള എമര്‍ജന്‍സി ലാമ്പുകളുടെ വെളിച്ചം മുനിഞ്ഞു കത്തുന്നു. എല്ലാവരും കത്തിച്ച് കയ്യില്‍ വച്ചിട്ടുള്ള സിഗരറ്റിന്റെ അറ്റത്തെ തീയുടെ വെട്ടം പന്തങ്ങള്‍ പോലെ. ചെറിയ പ്ലാസ്റ്റിക് മേശയുടെ ചുറ്റിനും രണ്ടോ മൂന്നോ പേര്‍ വീതമുള്ള ഒരുനിര മേശകളുടെ അടുത്തേക്കാണ് ചെന്നെത്തിയത്. വെളിയില്‍ നിന്ന് ഓടിക്കയറി വരുന്നവര്‍ ഒഴിഞ്ഞ മേശകളിലേക്ക് പോകുന്നത് കണ്ണു കുറേ തെളിഞ്ഞപ്പോള്‍ അവര്‍ അവ്യകതമായി കണ്ടു. മേശപ്പുറങ്ങളില്‍ തുറന്ന ബിയര്‍ ക്യാനുകളും ഗ്ലാസുകളും ചെറിയ പ്ലാസ്റ്റിക് പ്ലേറ്റുകളുമാണ്. മേശയ്ക്കു ചുറ്റിനും ആളുകള്‍ നില്‍ക്കുകയും ഇരിക്കയും ചെയ്യുന്നു. വലിയ ഹാളിന്റെ എല്ലാ അറ്റങ്ങള്‍ വരെയും ആളുകളും മേശകളും ഉണ്ട്്. കനത്തില്‍ ലിപ്‌സ്റ്റിക്ക് പുരട്ടി മിനിസ്കര്‍ട്ടും സ്റ്റോക്കിങ്ങ്‌സും ധരിച്ച പെണ്‍കുട്ടികള്‍ ബിയര്‍കാനുകളും ഗ്ലാസില്‍ ഒഴിച്ച മദ്യവും വച്ച ട്രേകളുമായി മേശകളുടെ അടുത്തേക്കും അകലേക്കും നടക്കുന്നതിന്റെ ആളനക്കങ്ങളും നിഴല്‍സഞ്ചാരങ്ങളും കണ്‍മുന്നില്‍ വ്യകതത നേടിവരുന്നു. ചുരുട്ടിയെറിഞ്ഞ ടിഷ്യൂ പേപ്പറുകള്‍ ചിതറിപ്പരന്ന് വെള്ളയും റോസും നിറത്തിലെ പട്ടു വിരിച്ച തറയിലൂടെയാണ് നടക്കുന്നതെന്ന് കാലില്‍ തടഞ്ഞപ്പോള്‍ അവര്‍ മനസ്സിലാക്കി. തപ്പിത്തടഞ്ഞ് പോയി ഒരു മേശയ്ക്കു മുന്നില്‍ ഇരിക്കാന്‍ ടോണി അബ്രഹാം മുന്‍കയ്യെടുത്തു.

കുറച്ചപ്പുറത്തൊരു മേശയില്‍ കഴിക്കാനൊന്നും മുന്നില്‍ ഇല്ലാതെ ചുറ്റുപാടുകള്‍ നിരീക്ഷിച്ച് തനിച്ചിരിക്കുന്നയാള്‍ മേല്‍നോട്ടക്കാരില്‍ ഒരാള്‍ ആവുമെന്ന് ബഷീര്‍ ആലവും മലയാളിയാണെന്ന് ടോണി അബ്രഹാമും പരസ്പരം ഊഹങ്ങള്‍ പങ്കുവച്ച് പരിഭ്രാന്തിയടക്കാന്‍ ശ്രമിച്ചു. അവരുടെ മേശയെ സമീപിച്ച യുവതി ഇന്നലെപ്പിരിഞ്ഞു പോയ പ്രിയപ്പെട്ടവനോടെന്ന പോലെ ഹസ്തദാനത്തിന് കൈനീട്ടി. വിലാസവതിയായി കൊഞ്ചിക്കൊണ്ടു നീട്ടിയ കയ്യുമായി എന്തു വേണമെന്ന് ചോദിച്ചത് മലയാളികളുടെ ഉച്ചാരണശൈലിയിലെ ഹിന്ദിയില്‍ ആണ്. ഭയവും കുറ്റബോധവും പരിചയമില്ലായ്മയും ചേര്‍ന്ന് സമനില ചോര്‍ന്ന ബഷീര്‍ ആലത്തിന്റെ മറുപടി ഒരു ചിതറിയ വിക്കല്‍ ശബ്​ദം മാത്രമായി. ടോണി അബ്രഹാം യുവതിയുടെ കൈപിടിച്ചു കുലുക്കിക്കൊണ്ട് രണ്ടു ബിയര്‍ ഓര്‍ഡര്‍ ചെയ്തത് അയാളെ അതിശയിപ്പിച്ചു. ഏതു ബിയറെന്നും കൊറിക്കാന്‍ ഒപ്പമെന്തെന്നും ആദ്യക്കാരല്ലേയെന്നും ഏതു കമ്പനിയിലാണ് ജോലിയെന്നും ചുള്ളന്‍ മലയാളി ചെറുക്കനെ എങ്ങിനെ കിട്ടിയെന്നും കൊഞ്ചല്‍ മൊഴികള്‍ ബഷീര്‍ ആലത്തിന്റെ സംഭ്രമം ഉയര്‍ത്തി . രണ്ടു പേര്‍ക്കും നടുവില്‍ ആയിരുന്ന യുവതി മറുപടി തേടി രാഗലോലമായി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ട് മുന്നോട്ടു അല്പം ആഞ്ഞ് രണ്ടുകൈകളും നീട്ടി രണ്ടു പേരെയും ഒരുമിച്ചു തഴുകി.

ബഷീര്‍ ആലത്തിന്റെ കാഴ്ച കൂടുതല്‍ തെളിഞ്ഞു വന്നു. മുന്നിലെ മേശയില്‍ ഓര്‍ഡര്‍ എടുത്ത് നില്‍ക്കുന്ന യുവതിയുടെ ശരീരത്തിന്റെ മുന്നിലും പിന്നിലും എല്ലാമായി പലയിടങ്ങളില്‍ പല കൈകള്‍ ഇഴയുന്നത് അയാള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. അയാള്‍ ചകിതനായി ചുറ്റും നോക്കി. ചില മേശകളിലെ ബെയറര്‍ പെണ്‍കുട്ടികളുടെ കൈകളും അതിവേഗം ചലിക്കുന്നത് കാണാം. ചുരുട്ടിയ ടിഷ്യു പേപ്പറുകള്‍ മേശകളില്‍ നിന്ന് അസ്ത്രങ്ങള്‍ പോലെ വലിച്ചെറിയപ്പെടുന്നു. ബഷീര്‍ആലം കസേരയില്‍ നിന്ന് ചാടിപ്പിടഞ്ഞ് എഴുന്നേല്‍ക്കുകയും ടോണി അബ്രഹാമിനെ എഴുന്നേല്‍പ്പി ക്കുകയും ചെയ്തു. അയാള്‍ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയ നോട്ട് ബെയറര്‍ യുവതിയുടെ കയ്യിലേക്ക് തിരുകി പുറത്തേക്ക് നടക്കാനാഞ്ഞു. ചുരുട്ടി എറിയപ്പെടുന്ന ടിഷ്യൂ പേപ്പറുകള്‍ക്കിടയിലൂടെ ടോണി അബ്രഹാമിന്റെ കൈപിടിച്ച് അയാള്‍ പുറത്ത് കടന്നു.

ഭയപ്പെട്ടത് പോലെ പിറ്റേന്ന് തന്നെ അബ്രഹാം ജോസഫ് തന്റെ ഓഫീസ് മുറിയിലേക്ക് ബഷീര്‍ ആലത്തെ വിളിച്ചു. കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ബഷീര്‍ ആലം മാലാഖ അല്ലല്ലോയെന്ന് പരിഹസിച്ചു. ടോണിയുമായി ഇനിയെന്തെങ്കിലും വികൃതിത്തരങ്ങള്‍ ഇത് പോലെ ഉണ്ടായാല്‍ അന്നായിരിക്കും അയാളുടെ ദില്‍മുനിയയിലെ അവസാനദിവസമെന്ന് കൃത്യമായ വാക്കുകളില്‍ താക്കീത് ചെയ്തിട്ട് വിട്ടു. ടോണി അബ്രഹാം നിര്‍ബന്ധിക്കുമ്പോള്‍ തനിക്ക് നിഷേധിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് പറയാനാവാതെ ബഷീര്‍ ആലം കുറ്റമെല്ലാം ഏറ്റ് അപരാധിയായി നിന്നിട്ടാണ് മടങ്ങിയത്. എന്നിട്ടും ടോണി അബ്രഹാം ആവശ്യപ്പെടുന്ന സാഹസങ്ങള്‍ എന്തും അനന്തരഫലം എന്താവുമെന്നോര്‍ക്കാതെ ചെയ്യാന്‍ താന്‍ പുറപ്പെടുന്നു. നഹദൈനിലെക്കുള്ള യാത്രയ്ക്ക് മുതിര്‍ന്ന തന്നെത്തന്നെ മനസ്സിലാകാതെയാണ് ബഷീര്‍ ആലം അവിടെ നില്‍ക്കുന്നത്.

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments