ഭാഗം അഞ്ച്
അധ്യായം മൂന്ന്:
സ്പോണ്‍സര്‍
ജോലി സ്ഥലത്തേക്ക് പോകുന്ന ചെറിയ പിക്കപ്പുവണ്ടി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ പിക്കപ്പിന്റെ പിന്നിലെ തുറന്ന ബോഡിയില്‍ പിടിപ്പിച്ച ബഞ്ചിലിരുന്ന ഒരു തൊഴിലാളിയുടെ കീഴ്ത്താടിയിലൂടെ അവിടെ കിടന്ന ഒരു കൂന്താലിയുടെ മുന ഇടിച്ചുകയറി. താടിയില്‍ കൊരുത്തിരിക്കുന്ന കൂന്താലിമുനയിലൂടെ ചോര ഒഴുകി വീണുതുടങ്ങി. അയാളുടെ അടുത്തിരുന്ന ജോലിക്കാരുടെ മേലേക്കും ചോര തെറിച്ചു. അവര്‍ ഭയന്ന് നിലവിളിച്ചു എഴുന്നേറ്റുനിന്ന് വണ്ടി നിറുത്താന്‍ വിളിച്ചു കൂവി.
ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ പിന്നിലെ ബോഡിയില്‍ ഒരിടത്തും പിടിയ്ക്കാനില്ലാതെ ആളുകള്‍ നില്‍ക്കുമ്പോള്‍ അവരും പിക്കപ്പില്‍ കിടക്കുന്ന കമ്പിപ്പാരയിലേക്കോ മറ്റോ വീഴാനും അപകടമുണ്ടാവാനുമുള്ള സാധ്യതയുണ്ട്. അതോര്‍ത്ത് വണ്ടിയുടെ പിന്നില്‍ ബാക്കിയുള്ളവരും കരച്ചിലും ബഹളവും ഉണ്ടാക്കുന്നുണ്ട്. വണ്ടിയോടിക്കുന്നത് കമ്പനിയുടെ സ്പോണ്‍സര്‍ തന്നെയാണ്. അത്ര ബഹളം ഉണ്ടായിട്ടും ഡ്രൈവര്‍ സീറ്റിനു പിന്നിലെ കണ്ണാടിയില്‍ കൂടി അതെല്ലാം കണ്ടിട്ടും വണ്ടി നിറുത്താതെ ഓടിച്ചുപോയ കിരാതനാണ് രാമചന്ദ്രെന്റ സ്പോണ്‍സര്‍. ഗത്യന്തരമില്ലാതെ പണിക്കാര്‍ തന്നെ മുറിവേറ്റയാളിന്റെ താടിയില്‍ നിന്ന് കൂന്താലി വലിച്ചൂരി ആരുടെയോ തോളില്‍ കിടന്ന തോര്‍ത്ത് മുറിവില്‍ വച്ച് അമര്‍ത്തിപ്പിടിച്ചു.
ഇവനൊന്നും അഷൂറ കാണാഞ്ഞിട്ടാണ് ചെറുചോരപ്പാട് കണ്ടപ്പോഴുള്ള വിറളി പിടിക്കലെന്ന് ഡ്രൈവര്‍ സീറ്റിനടുത്തു പേടിച്ചിരിക്കുന്ന തൊഴിലാളിയോട് അന്ന് സ്പോണ്‍സര്‍ പറഞ്ഞു. ഹിജറ കലണ്ടറിലെ ആദ്യമാസമായ മുഹറത്തിന്റെ പത്താം തീയതിയില്‍ ദ്വീപിലെ ഷിയാ പുരുഷന്മാര്‍ മനാനയില്‍ ഒത്തുചേര്‍ന്ന് നടത്തുന്ന പടുകൂറ്റന്‍ ഘോഷയാത്രയും പ്രകടനവുമാണ് അഷൂറ. ഒരു നട്ടുച്ചയ്ക്ക് ആയിരക്കണക്കിനാളുകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു ആഭിചാരക്രിയയുടെ നാടകീയതയും പകിട്ടുമാണ് പ്രദര്‍ശനപരതയും കാഴ്ച പ്രാധാന്യവുമേറിയ ഘോഷയാത്രയ്ക്ക്. എല്ലാവരും കറുത്തവസ്ത്രങ്ങള്‍ അണിഞ്ഞിട്ടുണ്ടാവും. അവരെല്ലാവരും ഒരേ താളത്തില്‍ അവരുടെ നെഞ്ചത്ത് ആഞ്ഞടിച്ച് മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലിയാണ് ഘോഷയാത്ര മുന്നോട്ടു നീങ്ങുക. വലിയ വാളുകള്‍ കൊണ്ട് അവര്‍ സ്വന്തം ശിരസ്സുകളിലേക്ക് ആഞ്ഞാഞ്ഞു വെട്ടി ചോരയൊലിപ്പിച്ചാണ് പ്രകടനം നടത്തുന്നത്. വലിയ ഇരുമ്പു ചങ്ങലകള്‍ കൊണ്ട് അവര്‍ തലയിലും പുറത്തും ക്രൂരമായി ആഞ്ഞടിക്കും. ദേഹങ്ങളില്‍ നിന്ന് ഒഴുകിവീഴുന്ന ചോര ഘോഷയാത്ര നീങ്ങിപ്പോയ റോഡിലെ ടാറിന്റെ കറുപ്പില്‍ നിറയെ രക്തപുഷ്പങ്ങളായി ശേഷിക്കും. പതിനാല് നൂറ്റാണ്ടുകള്‍ക്കുമുമ്പ് നടന്ന ഒരു യുദ്ധപരാജയത്തിന്റെ ഓര്‍മ്മപ്പെരുന്നാളിലെ വിലാപയാത്രാനേര്‍ച്ചയാണ് അഷൂറ ആഘോഷം.
എമ്മിയെസ് കമ്പനിയുടമ മുസ്തഫാ ഇബ്രാഹിമിന്റെ ഒരു അകന്ന ബന്ധുവും അതേ ഗ്രാമക്കാരനുമാണ് സ്പോണ്‍സര്‍. മുസ്തഫ ഇബ്രാഹിമിന്റെ വളര്‍ച്ചയും ഉജ്ജ്വല വിജയവും കണ്ട് പ്രചോദനവും ആവേശവും കൊണ്ടിട്ട് ബിസിനസ് ചെയ്യാന്‍ ഇറങ്ങിത്തിരിച്ച കമ്പനി ഉടമകളായ അനവധി സംരംഭകര്‍ ആ ഗ്രാമത്തില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിയും മാന്‍പവര്‍ സപ്ലൈ ചെയ്തും ധനികരാകാന്‍ ശ്രമിക്കുന്ന അവരൊക്കെ ഗ്രാമത്തില്‍ നിന്ന് മുസ്തഫ ഇബ്രാഹീമിനെ തേടി എമ്മിയെസ് കമ്പനി ഓഫീസില്‍ എപ്പോഴും എത്തും. തന്റെ വന്‍കിട പ്രൊജക്റ്റുകളില്‍ ചെറിയ സബ് കോണ്‍ട്രാക്റ്റ് ജോലികളും മാന്‍പവര്‍ റിക്രൂട്ട്‌മെന്റുകളും നിര്‍മ്മാണ സാധനങ്ങളുടെ സപ്ലൈയും എല്ലാമായി മുസ്തഫ ഇബ്രാഹീം അവര്‍ക്കെല്ലാം കഴിഞ്ഞുപോകാന്‍ ബിസിനസും ജോലികളും കൊടുക്കും. എമ്മിയെസ് ഓഫീസില്‍ നിത്യവും പോയി പാട് കിടക്കുന്ന ഒരാളാണ് രാമചന്ദ്രന്റെ സ്പോൺസർ.
സബ് കോണ്‍ട്രാക്റ്റ് ജോലികള്‍ ചെയ്തു തീര്‍ത്ത് എമ്മിയെസ് കമ്പനിയില്‍ നിന്ന് ബില്ല് പാസായി കിട്ടുന്ന പണം സ്പോണ്‍സര്‍ എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കും അറിയില്ല. ആറുമാസത്തെ ശമ്പളം എങ്കിലും ജോലിക്കാര്‍ക്ക് എപ്പോഴും കുടിശ്ശികയായിരിക്കും. കമ്പനി ലൈസന്‍സ് രജിസ്ട്രേഷന് സമയമാകുമ്പോള്‍ ഫീസടച്ച് ലൈസന്‍സ് പുതുക്കുകയില്ല. പണച്ചെലവുള്ളതു കൊണ്ട് ജോലിക്കാര്‍ക്ക് താമസരേഖകള്‍ പതിപ്പിച്ചു കൊടുക്കില്ല. അവരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ പണമടക്കുകയില്ല. അത്തരമൊരു സംവിധാനത്തിന്റെ അക്കൗണ്ടന്റും ഓഫീസ് മാനേജരുമായാണ് രാമചന്ദ്രന്‍ എത്തിയത്.
ദ്വീപിലെ ഉള്‍നാടന്‍ കടല്‍ത്തീര ഗ്രാമമായ ദുമിസ്കാനില്‍ ഒരു ഈന്തപ്പനത്തോട്ടത്തിന്റെ ഒരുഭാഗം സ്പോണ്‍സര്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. അവിടെ തകരം കൊണ്ടുണ്ടാക്കിയ ഷെഡില്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെ 25 പേര്‍ കഴിയുന്നതാണ് കമ്പനി ക്യാമ്പ്. ആ ഷെഡില്‍ തന്നെ തകരപ്പാളികള്‍ കൊണ്ട് വേര്‍തിരിച്ച് മറച്ച ഒരു മുറിയാണ് ഓഫീസ്. പണ്ടെപ്പോഴോ പ്രവര്‍ത്തിച്ചിരുന്നതിന്റെ അടയാളങ്ങള്‍ ബാക്കി കാണാവുന്ന കാര്‍പ്പെന്ററി വര്‍ക്ക്‌ഷോപ്പും ഉപകരണങ്ങളും പണിമേശകളും ഉപേക്ഷിച്ച നിലയില്‍ താമസഷെഡിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ഈന്തപ്പനത്തോട്ടം അവസാനിക്കുന്നത് കടല്‍ത്തീരത്താണ്. എയര്‍പോര്‍ട്ടില്‍ നിന്ന് സ്പോണ്‍സര്‍ തന്നെ ഓടിച്ച പിക്കപ്പില്‍ ക്യാമ്പിലെത്തി അവിടുത്തെ സ്ഥിതി കണ്ട രാമചന്ദ്രന് അയാളുടെ ബോധം പോകാതിരിക്കാന്‍ നന്നായി പണിപ്പെടേണ്ടിവന്നു. ഇംഗ്ലീഷിലെയും ഹിന്ദിയിലെയും അറബിയിലെയും ചില വാക്കുകള്‍ വ്യാകരണമില്ലാതെ ചേര്‍ത്തുണ്ടാക്കിയ പ്രത്യേക ഭാഷ നിറുത്തില്ലാതെ ഉച്ചത്തില്‍ പറയുന്ന സ്പോണ്‍സറോട് സംസാരിക്കാന്‍ രാമചന്ദ്രനായില്ല. മനാനയില്‍ ബന്ധുക്കളുണ്ടെന്നും അവരുടെ കൂടെ താമസിച്ച് ജോലിക്ക് വരാമെന്നും രാമചന്ദ്രന്‍ പറയാന്‍ ശ്രമിച്ചു. സ്വന്തം വണ്ടിയില്ലാത്തവര്‍ക്ക് അത് സാധ്യമാവില്ലെന്നും കമ്പനി ക്യാമ്പില്‍തന്നെ താമസിക്കണമെന്നും സ്പോൺസർ പറയുന്നതായി മുറിയില്‍ മുന്നേ ഉണ്ടായിരുന്ന ഋഷികേശന്‍ ആചാരി തര്‍ജ്ജമ ചെയ്തുകൊടുത്തു. ക്യാമ്പില്‍ അവര്‍ വെളുപ്പിനെ എഴുന്നേറ്റ് കടല്‍ത്തീരത്തെ ഈന്തപ്പനകള്‍ക്കിടയിലേക്ക് പോയി വെളിക്കിരിക്കുകയും കടല്‍വെള്ളം ഒഴുകുന്ന പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് ഷെഡിനു വെളിയില്‍ നിന്ന് കുളിക്കുകയും ചെയ്തു. പറമ്പില്‍ കുന്തിച്ചിരുന്ന് വെളിക്കിരിക്കാന്‍ അങ്ങനെ ഒരിക്കല്‍പോലും ചെയ്യേണ്ടി വന്നിട്ടില്ലാത്ത രാമചന്ദ്രന് കഴിഞ്ഞില്ല. തനിക്കു തിരിച്ച് പോകണം എന്ന് രാമചന്ദ്രന്‍ ആവര്‍ത്തിച്ചത് സ്?പോണ്‍സര്‍ കേട്ടതായിപ്പോലും ഭാവിച്ചില്ല.
തന്റെ വിസയില്‍ കമ്പനിയില്‍ വരുന്നവര്‍ ഗത്യന്തരമില്ലാതെ അവിടെ നിന്നോടിപ്പോയി വേറെ എവിടെയെങ്കിലും ജോലി ചെയ്ത് ഒളിച്ചു താമസിക്കണം എന്നാണ് സ്പോണ്‍സര്‍ ആഗ്രഹിക്കുന്നത്. അങ്ങിനെ അനുവാദമില്ലാതെ കമ്പനി വിട്ടുപോയി വേറെ ജോലി ചെയ്യുന്നതിന് ‘ചാടി നില്‍ക്കുന്നു’ എന്നൊരു പ്രയോഗം കൊണ്ടാണ് ധ്വനിപ്പിക്കുന്നത്. ചാടി നില്‍ക്കുമ്പോള്‍ നിയമവിരുദ്ധ ജീവിതം ജീവിക്കേണ്ടിവരുമെങ്കിലും നല്ല ശമ്പളം കിട്ടുന്നിടത്ത് ജോലി കണ്ടുപിടിച്ചു ചെയ്യാം. സ്വന്തമായി ചെറിയ തൊഴിലോ കച്ചവടമോ ചെയ്ത് വരുമാനമുണ്ടാക്കാം. അത്തരം ധാരാളം പേര്‍ ഉള്ളതിനാല്‍ ‘ചാടി നില്‍ക്കുന്ന’ എന്ന പ്രയോഗം തൊഴിലാളികളുടെ സംഭാഷണങ്ങളില്‍ എപ്പോഴും കേള്‍ക്കാം. ചാടിനിന്നശേഷം അതി ധനികരായവരെക്കുറിച്ച് ഐതിഹ്യങ്ങള്‍ പോലും വാമൊഴിക്കഥകളില്‍ അനേകമുണ്ട്. കമ്പനിയില്‍ നിന്ന് ചാടിപ്പോയവരുടെ പേരുവിവരങ്ങള്‍ തൊഴില്‍ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത്രയും എന്‍.ജ.സികള്‍ കമ്പനിക്കു വീണ്ടും അനുവദിക്കപ്പെടും. സ്പോണ്‍സര്‍ക്ക് അതും വിറ്റ് കാശാക്കാം. ഇമിഗ്രേഷന്‍ ഓഫീസില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന ഒരാള്‍ സ്പോണ്‍സറുടെ ചങ്ങാതിയാണ്. കമ്പ്യൂട്ടര്‍വത്കരണം ആരംഭിക്കുന്നതിനുമുന്നേ എൻ.ഒ.സിയും വിസയും എല്ലാം കടലാസില്‍ ആയിരുന്നപ്പോള്‍ അവര്‍ രണ്ടുംകൂടി അതിന്റെ സാധ്യതകള്‍ ധാരാളം വിനിയോഗിച്ചിട്ടുണ്ടെന്നും അവരുടെ ഇടയില്‍ പങ്കുകച്ചവടം ഉണ്ടെന്നുമാണ് ഋഷികേശന്‍ ആചാരി മനസ്സിലാക്കിയിട്ടുള്ളത്. സ്പോണ്‍സര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ചങ്ങാതി ചിലതൊക്കെ രേഖകളില്‍ വീണ്ടും എഴുതിച്ചേര്‍ക്കും. പൂജ്യം എന്നെഴുതാന്‍ അറബിയില്‍ ഒരു കുത്തിട്ടാല്‍ മതി. പത്തുപേര്‍ക്കുള്ള ഗ്രൂപ്പ് എന്‍.ഒ.സി അവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു കുത്തുകൂടി ഇട്ടിട്ട് നൂറുപേര്‍ക്കുള്ള താക്കി മാറ്റിയ സംഭവങ്ങള്‍ ഋഷികേശന്‍ ആചാരി കേട്ടിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളിക്ക് നാട്ടില്‍ അവധിക്കോ അവസാനിപ്പിച്ചോ പോകാനും സ്പോണ്‍സര്‍ ആണ് അപേക്ഷിക്കേണ്ടത്. ചാടിനില്‍ക്കുന്നവര്‍ കുറെ കൊല്ലങ്ങള്‍ കഴിഞ്ഞിട്ടോ നാട്ടില്‍ വേണ്ടപ്പെട്ടവര്‍ മരണപ്പെടുമ്പോഴോ മക്കളുടെ വിവാഹത്തിനോ പലപ്പോഴും സ്വന്തം വിവാഹത്തിനോ ആരോഗ്യം അപ്പാടെ തകര്‍ന്നിട്ടോ നാട്ടില്‍ പോകാതെവയ്യെന്നുവരുമ്പോള്‍ അനുമതിയ്ക്ക് സ്പോണ്‍സറെ തേടി വരേണ്ടി വരും. അവരുടെ ആവശ്യത്തിന്റെ ഗൗരവം അനുസരിച്ച് വലിയ തുകകള്‍ വിലപേശി വാങ്ങിയിട്ടേ സ്പോണ്‍സര്‍ അനുമതി നല്‍കാറുള്ളൂ. വന്നിറങ്ങുമ്പോള്‍ വാങ്ങിവയ്ക്കുന്ന തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ അവര്‍ക്ക് തിരിച്ചുകൊടുക്കുന്നത് പണമിടപാടുകളെല്ലാം പൂര്‍ത്തിയാക്കിക്കഴിയുമ്പോഴാണ്. ദില്‍മുനിയയില്‍ കുടിയേറ്റ തൊഴിലാളിക്ക് ജോലി മാറാന്‍ സ്പോണ്‍സര്‍ റിലീസ് ലെറ്റര്‍ കൊടുക്കണം. രാമചന്ദ്രന്‍ എവിടെ ജോലി കണ്ടെത്തിയാലും സ്പോണ്‍സറുടെ റിലീസ് ലെറ്റര്‍ ഇല്ലാതെ ആ ജോലിയില്‍ പ്രവേശിക്കാനാവില്ല. ആര്‍ക്കും ഒരിക്കലും റിലീസ് കൊടുത്ത ചരിത്രമില്ലാത്ത ആളാണ് സ്പോണ്‍സര്‍. താന്‍ ഈ നരകക്കുണ്ടില്‍ പെട്ടുപോയി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മരവിച്ചുപോയ ശരീരവും മനസ്സുമായി കരയാന്‍ പോലും ആകാതെ അയാള്‍ ഋഷികേശന്‍ ആചാരിക്ക് മുന്നില്‍ സ്തംഭിച്ചിരുന്നു.
ഇവിടെ എത്തുന്നവരില്‍ കൂടുതല്‍പേരും അത്തരത്തില്‍ ഭാഗ്യത്തിന്റെ ഇരകളാണെന്ന് പറഞ്ഞാണ് ഋഷികേശന്‍ ആചാരി സമാധാനിപ്പിക്കാന്‍ ശ്രമിച്ചത്. വന്നുപെട്ട ഇടത്തിന്റെ സ്വഭാവം ഒരാളുടെ ഭാവിയെ അടിമുടി ബാധിക്കുന്ന ഭാഗ്യപരീക്ഷണമാണ് ഓരോ കുടിയേറ്റതൊഴിലാളിയുടേതും. മാന്യമായ തൊഴില്‍വ്യവസ്ഥകള്‍ പാലിക്കുകയും കമ്പനി ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെയ്യണമെന്ന് നയങ്ങളുള്ള പരിഷ്‌കൃതരായ ഉടമസ്ഥന്മാര്‍ നടത്തുന്ന വലിയ കമ്പനികളും താന്‍ മനാനയില്‍ കണ്ടിട്ടുണ്ടെന്ന് ഋഷികേശന്‍ ആചാരി അയാളോട് പറഞ്ഞു. സ്പോണ്‍സറുമായി ഇടപാടുകളുള്ള ഒരു മലയാളി ഡ്രൈവര്‍ക്ക് പണം കൊടുത്താണ് മിനി മോളുടെ ചേച്ചി രാമചന്ദ്രന് വേണ്ടി എൻ.ഒ.സി വാങ്ങിയത്.
‘‘ഇനി ഒന്നും ചെയ്യാനില്ല. പൊരുതി രക്ഷപ്പെടാന്‍ കഴിയുമോയെന്ന് നമുക്ക് നോക്കാം’’, തന്നെക്കാള്‍ പ്രായത്തിനിളയ ഋഷികേശന്‍ ആചാരി അയാളുടെ ദേഹത്തോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത അഭയസ്പര്‍ശമായാണ് രാമചന്ദ്രന് തോന്നിയത്.
വീടുകളുടെ മേല്‍ക്കൂരപണിയാനും തടിയില്‍ കൊത്തുപണികള്‍ ചെയ്യാനും പ്രഗത്ഭനായ ഋഷികേശന്‍ കാര്‍പെന്റര്‍ വിസയിലാണ് കമ്പനിയില്‍ വന്നത്. തടിയില്‍ മേല്‍ക്കൂരകള്‍ ചെയ്യുന്നതിന് പേരുകേട്ട വലിയ ആശാരിമാര്‍ ഉണ്ടായിരുന്ന കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. മരത്തില്‍ നിന്ന് കലാസൃഷ്ടികള്‍ ചെയ്‌തെടുക്കുന്നതില്‍ കുടുംബക്കാര്‍ കാട്ടിയ കരവിരുത് ഒരു പടികൂടി മുന്നോട്ടു നില്‍ക്കുന്ന പ്രകടനമായിരുന്നു ബാല്യത്തില്‍ തന്നെ ഋഷികേശന്റേത്.
ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഋഷികേശന്‍ വീട്ടിലെ മുതിര്‍ന്നവര്‍ക്കൊപ്പം മരപ്പണികളില്‍ പങ്കെടുക്കുന്നതാണ് നല്ലതെന്ന് എല്ലാവര്‍ക്കും തോന്നുംവിധം മികച്ച കൈവേലകള്‍ ചെയ്തു തുടങ്ങി. എത്രയും വേഗത്തില്‍ ഉളികളും ഉപകരണങ്ങളും വരുതിയിലാക്കി തടിയില്‍ കലാരൂപങ്ങള്‍ കൊത്തിയെടുക്കാന്‍ വെമ്പി നടന്ന കുഞ്ഞ് ഋഷികേശന് പണിയിടങ്ങള്‍ സ്കൂളായി. നാലാം ക്ലാസ്സിനപ്പുറം ഋഷികേശന്‍ സ്കൂളില്‍ പോയില്ല. ആരുടെയെങ്കിലും ശ്രദ്ധയില്‍ അതുപെട്ടിട്ട് ഋഷികേശനെ സ്കൂളില്‍ പറഞ്ഞയക്കാന്‍ തോന്നാത്തവിധം കൊത്തുപണികളില്‍ വ്യാപൃതനായിരുന്നുവെന്നാണ് അയാള്‍ പറയുന്നത്.
കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റ് ആയി മാറി മരത്തടിയുടെ മേല്‍ക്കൂരകള്‍ ആവശ്യമില്ലാതെ വന്നപ്പോള്‍ പണിയവസരം കുറഞ്ഞെങ്കിലും ഋഷികേശനെ പ്പോലെ ശില്പവൈദഗ്ധ്യമുള്ളയാള്‍ക്ക് നാട്ടില്‍ ജോലിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. പക്ഷേ ആരോടും പറയാനാവാത്ത ഒരു ലക്ഷ്യം നേടാന്‍ പെട്ടെന്ന് പണം സമ്പാദിക്കാനാണ് ഋഷികേശന്‍ വന്നത്. ധാരാളം അംഗങ്ങളുള്ള വീട്ടില്‍ പിറന്ന ഋഷികേശനും മൂന്നു വയസ്സിനിളയ പെങ്ങള്‍ക്കും കളിക്കാന്‍ അയലത്ത് വീട്ടില്‍ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. കൂട്ടുകാരി സഫിയത്തിനെ ഋഷികേശന് പിരിയാന്‍ വയ്യതെയായിപ്പോയി. അങ്ങനെയാണെന്ന് ആരെങ്കിലും അറിയുന്നത് പോലും അപകടമാണ്. വിവാഹംകഴിച്ച് നാട്ടില്‍, ഗ്രാമത്തില്‍ ജീവിക്കുന്നത് ചിന്തിക്കാന്‍പോലും ആവില്ല. സഫിയത്തുമായി എവിടേയ്‌ക്കെങ്കിലും പുറപ്പെട്ടുപോകാന്‍ വേഗത്തില്‍ കുറെ പണം സമ്പാദിക്കാനാണ് ഋഷികേശന്‍ വന്നിരിക്കുന്നത്. കലാകാരനും ശില്പിയുമായ ഋഷികേശന്‍ ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും പ്രണയത്തിലായിരുന്നു. ഉള്ളില്‍ പ്രണയം തീപോലെ കത്തി നില്‍ക്കുന്നതിനാല്‍ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തിലെ പ്രതിബന്ധങ്ങള്‍ക്ക് അയാളെ തടഞ്ഞു നിറുത്താനാവില്ല.
എമ്മിയെസ് കമ്പനിയുടെ പ്രൊജക്റ്റ് സൈറ്റുകളിലെ ചെറിയ സബ്‌കോണ്‍ട്രാക്റ്റ് ജോലികള്‍ക്കുവേണ്ടി കോണ്‍ക്രീറ്റ് ചെയ്യാന്‍ തയ്യാറാക്കുന്ന മരത്തട്ടുകള്‍ അടിച്ചും പലകകളില്‍ ആണികള്‍ തറച്ചും ഇളക്കിയും ശില്പി നാളുകള്‍ കഴിച്ചു. ശമ്പളം ആറുമാസം കഴിഞ്ഞ് വീണ്ടും കുടിശ്ശിക ആയപ്പോള്‍ ഋഷികേശന് ക്ഷമ നശിച്ചു. തടിയില്‍ കൊത്തുപണി ചെയ്യുന്നത് ഉള്‍പ്പെടെ ധാരാളം നല്ല ജോലികള്‍ നല്ല ശമ്പളത്തോടെ കിട്ടാവുന്ന സ്ഥലങ്ങള്‍ അയാള്‍ തേടിപ്പിടിച്ചിട്ടുണ്ട്. പക്ഷേ ഒരിടത്തും പോകാന്‍ സ്പോണ്‍സര്‍ അനുവദിക്കില്ല. വേറെ ജോലി കണ്ടു പിടിച്ചിട്ടു മുമ്പും പണിക്കാര്‍ റിലീസ് ചോദിച്ചിട്ടുണ്ട്. മറ്റു ജോലികള്‍ തേടിയ കുറ്റത്തിന് അവര്‍ക്ക് സ്പോണ്‍സര്‍ കഠിന ശിക്ഷകളാണ് നല്‍കിയത്. ആരും അതിനു തുനിയാതിരിക്കാന്‍ ഭീതിദമായ അന്തരീക്ഷമാണ് കമ്പനിയില്‍ സ്പോണ്‍സര്‍ നില നിറുത്തിയിരിക്കുന്നത്. ഉടമയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അടിമയോടെന്നപോലെ സ്പോണ്‍സരും അയാളുടെ കിങ്കരന്മാരും പെരുമാറും.
ശമ്പളക്കുടിശ്ശികയും ക്യാമ്പിലെ പരിതാപകരമായ അവസ്ഥയും തൊഴില്‍ മന്ത്രാലയത്തിലെ ഗ്രീവന്‍സസ് സെല്ലില്‍ പരാതിപ്പെടാന്‍ ഋഷികേശന്‍ തീരുമാനിച്ചു. വെറുതെ കുഴപ്പങ്ങള്‍ വരുത്തി വയ്ക്കണ്ട കുറേക്കൂടി ക്ഷമിച്ചു കാത്തിരിക്കാം എന്നാണു മറ്റുള്ളവര്‍ പറഞ്ഞത്. ഭയം അവരെ അത്ര മേല്‍ ഗ്രസിച്ചിരുന്നു. മനാനയില്‍ പലരെയും പോയിക്കണ്ടും സംസാരിച്ചും ഉണ്ടാക്കിയ ബന്ധത്തില്‍ നിന്ന് ഒരാള്‍ ഋഷികേശന് ലേബര്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകാന്‍ ഒരു തീയതിയും സമയവും എടുത്തു കൊടുത്തു. ജോലിക്കാര്‍ എല്ലാവരും ഒപ്പിട്ട ഒരു പരാതിയുണ്ടെങ്കില്‍ ഗുണമുണ്ടാകുമെന്ന ഉപദേശപ്രകാരം ഒപ്പ് വാങ്ങാന്‍ ചെന്ന ഋഷികേശന്റെ മുന്നില്‍ പെടാതെ ക്യാമ്പില്‍ മറ്റ് പണിക്കാര്‍ ഓടിമറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞ് ആ ദിവസം പണിയ്ക്കിറങ്ങാതെ അവധിയെടുത്ത ഋഷികേശന്‍ ദുമിസ്കാനില്‍ നിന്ന് മൂന്നു ബസ്സുകള്‍ മാറിക്കയറി വിയര്‍ത്തുവെന്ത് ലേബര്‍ ഓഫീസറുടെ മുന്നില്‍ എത്തിയപ്പോള്‍ സ്പോണ്‍സറും രണ്ടു ചങ്ങാതിമാരും അവിടെയുണ്ട്.
ക്യാമ്പില്‍ ഒപ്പ് വാങ്ങാന്‍ നടന്നതിന്റെ അപകടം അപ്പോഴാണ് ഋഷികേശന്‍ തിരിച്ചറിഞ്ഞത്. ഇംഗ്ലീഷും ഹിന്ദിയും അറബിയും മലയാളവും ചേര്‍ത്ത് നാല് ഭാഷകളിലെ വാക്കുകള്‍ വ്യാകരണമില്ലാതെ കലര്‍ത്തി തപ്പിത്തടഞ്ഞ് ഋഷികേശന്‍ ഒരുവിധത്തില്‍ തന്റെ പരാതി പറഞ്ഞു ബോധിപ്പിച്ചു. സ്പോണ്‍സറുടെ മറുവാദം അറബി ഭാഷയിലെ അനര്‍ഗ്ഗളമായ സംഭാഷണ പ്രവാഹം ആയിരുന്നു. അതിന്റെ ശബ്ദഭംഗിയും ആരോഹണവും അവരോഹണവും സംസാരത്തിനിടയിലെ അദ്ദേഹത്തിന്റെ ശരീരചലനങ്ങളും ഋഷികേശനും കേട്ടിരുന്നുപോയി. സംഭാഷണ ചതുരരായ അറബികളുടെ സ്വാഭാവികതയായ കൈകള്‍ വിടര്‍ത്തി വീശിയുള്ള ആംഗ്യങ്ങളുടെയും മുഖഭാവങ്ങളുടെയും ആകെ ശരീരത്തിന്റെ ആന്ദോളനങ്ങളുടെയും താളംമുറ്റിയ ആകര്‍ഷണീയത നിറഞ്ഞ ഒരു പ്രകടനമായിരുന്നു അത്.
കമ്പനിയുമായി ഋഷികേശനുള്ള തൊഴില്‍കരാറില്‍ താമസസൗകര്യം കൊടുക്കാം എന്ന് മാത്രമേ പറയുന്നുള്ളൂ. അത് എവ്വിധമായിരിക്കണമെന്ന് വിശദീകരിച്ചിട്ടില്ല. ഇപ്പോള്‍ താമസ സൗകര്യമുള്ള സ്ഥിതിയ്ക്ക് അക്കാര്യത്തില്‍ കരാര്‍ ലംഘനം ഉണ്ടായിട്ടില്ല. താമസിക്കാന്‍ ക്യാമ്പും മുടക്കം വരുന്നെങ്കിലും ശമ്പളവും ഉള്ളതിനാല്‍ കോണ്‍ട്രാക്റ്റ് പ്രകാരമാണ് ഇപ്പോള്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. അതില്‍ ലംഘനം ഉണ്ടാകുമ്പോള്‍ പരാതി കൊടുത്താല്‍ പരിഹരിക്കാമെന്ന് ഋഷികേശനെ ഓഫീസര്‍ ഉപദേശിച്ച് പറഞ്ഞു വിട്ടു. തിരികെ പോകാന്‍ ലേബര്‍ മന്ത്രാലയത്തിന് വെളിയില്‍ അകലെയായുള്ള ബസ് സ്റ്റോപ്പില്‍ വിയര്‍ത്തു കുളിച്ചുനിന്ന ഋഷികേശനെ സ്പോണ്‍സറും ചങ്ങാതിമാരും തേടിച്ചെന്ന് പിടിച്ചു. ബസ്സില്‍ പൊയ്‌ക്കോളാമെന്ന അയാളുടെ അപേക്ഷയെ കണക്കിലെടുക്കാതെ അവര്‍ ബലമായി പിടിച്ച് അവരുടെ പിക്കപ്പിന്റെ പിന്നിലെ തുറന്ന ബോഡിയിലിരുത്തി. വണ്ടി കുറേ മുന്നോട്ടുപോയി ആളില്ലാത്തിടം എത്തിയപ്പോള്‍ വണ്ടി നിർത്തി ഇറങ്ങിചെന്ന് അവര്‍ അയാളുടെ കാലുകള്‍ പിക്കപ്പില്‍ ചേര്‍ത്ത് കെട്ടുകയും ഇറങ്ങി ഓടി അപകടം വരുത്താതിരിക്കാനാണെന്ന് പറയുകയും ചെയ്തു. ക്യാമ്പിലെത്തി അവിടെയുള്ള താമസക്കാരെ മുഴുവന്‍ വിളിച്ചു നിർത്തി അവരെല്ലാം കാണ്‍കെ പിക്കപ്പില്‍ കെട്ടിയിട്ട കാലുകള്‍ അഴിച്ച് അയാളെ ഇറങ്ങാന്‍ അനുവദിക്കുമ്പോള്‍ മുഖമടച്ച് ഒരടിയും കൊടുത്തു. രണ്ടുമൂന്നു ദിവസം അകത്തു തന്നെയിരുന്നാല്‍ ഋഷികേശന്റെ ബുദ്ധി നേരെയാവുമെന്ന് തോന്നിയ സ്പോണ്‍സര്‍ അത് ഒരനുചരനോട് വിളിച്ചു പറഞ്ഞു. അയാളെ ക്യാമ്പിലെ വെളിച്ചമില്ലാത്ത ഒരു മുറിയിലിട്ട് പൂട്ടുമ്പോള്‍ സ്പോണ്‍സറും ചങ്ങാതിമാരും തമാശകള്‍ പറയുകയും ആര്‍ത്തു ചിരിക്കുകയും ചെയ്തു. ക്യാമ്പിലെ അന്തേ വാസികള്‍ പേടിച്ച് മരവിച്ചു പോയ മുഖങ്ങളുമായി വെറുതെ നോക്കിനിന്നു.
ഋഷികേശ് ഇരുള്‍മുറിയില്‍ ബന്ധനത്തിലായിരുന്ന മൂന്നു ദിവസങ്ങളിലും ക്യാമ്പില്‍ ആര്‍ക്കും ഭക്ഷണം ഇറങ്ങിയില്ല. ഖുബ്ബൂസും വലിയ പയര്‍ പുഴുങ്ങി ഉപ്പിട്ടതും ഗവണ്‍മെന്റ് സബ്‌സിഡിയുള്ളതുകൊണ്ട് ഖുബ്ബൂസ് കടയില്‍ നിന്ന് സൗജന്യമെന്ന് പറയാവുന്നത്ര തീരെ ചെറിയ വിലയ്ക്ക് കിട്ടും. അതാണ് ക്യാമ്പില്‍ കൂടുതല്‍ പേരുടെയും പതിവ് ഭക്ഷണം. കുറഞ്ഞ വിലയ്ക്കുതന്നെ കിട്ടുന്ന തൈരാണ് അവരുടെ ആഡംബരം. അടുത്തുള്ള കോഴി ഫാമിലെ പണിക്കാര്‍ ഇടയ്‌ക്കൊക്കെ ഒന്നൊ രണ്ടോ കോഴിയെ ക്യാമ്പിലുള്ളവര്‍ക്ക് സൗജന്യമായി കൊടുക്കും. അതിനെ അറക്കുന്നത് മുതല്‍ പപ്പും പൂടയും മാറ്റി കറിവയ്ക്കുന്നതുവരെ ക്യാമ്പില്‍ ആഘോഷമാണ്. അപ്പോള്‍ അവര്‍ തകരപ്പാട്ടമുറികള്‍ക്കു വെളിയില്‍ ഈന്തപ്പനകള്‍ വളര്‍ന്നു നില്‍ക്കുന്ന മുറ്റത്തേക്കിറങ്ങും. വേനല്‍ക്കാലം വന്ന് പനകളില്‍ കുലകള്‍ പഴുക്കുമ്പോള്‍ ഇഷ്ടം പോലെ ഈന്തപ്പഴം പറിച്ചു കഴിക്കാം. പക്ഷേ അക്കാലത്ത് തോട്ടത്തില്‍ ഈച്ചകള്‍ വന്നു നിറയുന്നതുകൊണ്ട് വായതുറക്കുന്നത് പോലും വളരെ സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ ഈച്ചകള്‍ ധാരാളം അകത്തു പോകും.
എല്ലാവരും സൈറ്റുകളിലേക്ക് ജോലിക്ക് പോയിക്കഴിഞ്ഞിട്ടാണ് സ്പോണ്‍സറുടെ അനുചരന്‍വന്നു ഇരുള്‍മുറി തുറന്ന് ഋഷികേശനെ വെളിക്കിരിക്കാന്‍ കടല്‍ക്കരയിലേക്ക് കൊണ്ടുപോകുന്നത്. മൂന്നാം നാള്‍ ബന്ധനത്തില്‍ നിന്ന് പുറത്തുവന്ന ഋഷികേശനെ കണ്ട ക്യാമ്പ് വാസികളാണ് ഞെട്ടിയത്. അയാളുടെ ഉത്സാഹത്തിനോ ചുറുചുറുക്കിനോ കുറവൊന്നും വന്നിരുന്നില്ല. ഭക്ഷണവും വെളിച്ചവും ഇല്ലാഞ്ഞത് കൊണ്ട് സംഭവിക്കുന്ന ചെറിയ ഓജസ് കുറവ് മാത്രമേയുള്ളൂ.
കണ്ടുനില്‍ക്കുന്നവര്‍ക്ക് മനസ്സിലാവാത്ത വൈകാരിക സമുദ്രമാണ് അയാളുടെ ഉള്ളില്‍ തിര തല്ലുന്നത്. എത്രയും വേഗം പണമുണ്ടാക്കി തിരിയെ ചെന്നിട്ടുവേണം അയാള്‍ക്ക് ജീവന്റെ മറ്റേ പകുതിയോട് ഒന്നുചേരാന്‍. അയാള്‍ ഇരുള്‍മുറിയില്‍ സഫിയത്തിനോടൊപ്പമായിരുന്നുവെന്ന് ക്യാമ്പിലെ അന്തേവാസികള്‍ക്ക് അറിയില്ലല്ലോ. രാമചന്ദ്രന്‍ റൂമില്‍ എത്തിയത് തന്റെ പ്രാര്‍ഥന ദൈവം കേട്ടതുകൊണ്ടാണെന്ന് ഋഷികേശന്‍ പറയും. കാരണം തനിക്ക് വരുന്ന കത്തുകള്‍ വായിക്കാനും കത്തെഴുതാനും അയാള്‍ക്ക് സഹായം വേണം. അതിനായി അയാള്‍ കണ്ടുപിടിച്ച ആളുകളുടെ സഹൃദയത്വത്തില്‍ തൃപ്തി പോരാതെ വലിച്ചു നീട്ടി പോവുകയായിരുന്നു അയാള്‍. അയാള്‍ക്ക് വരുന്ന കത്തുകള്‍ വായിച്ചു കൊടുക്കുകയും അയാള്‍ക്കുവേണ്ടി കത്തുകള്‍ എഴുതുകയും ചെയ്യുന്ന കര്‍ത്തവ്യം രാമചന്ദ്രന്‍ സന്തോഷത്തോടെ ഏറ്റെടുത്തു.
സഫിയത്തിന് നേരിട്ട് കത്തെഴുതിയാല്‍ എല്ലാം ഒരുമിച്ച് അവസാനിച്ചു പോകുമെന്ന് ഭയന്ന് ഋഷികേശന്‍ പെങ്ങള്‍ക്കാണ് കത്തയക്കുക. പെങ്ങള്‍ കത്ത് കൂട്ടുകാരിക്ക് കൈമാറും. ഈന്തപ്പനത്തോട്ടത്തില്‍ പനംപട്ടകള്‍ക്ക് കാറ്റ് പിടിച്ച് ഇരമ്പുന്ന രാത്രികളില്‍ ഋഷികേശന്റെ കത്തുകള്‍ കേട്ടെഴുതുമ്പോള്‍ ദേഹമാകെ തരിച്ചു പോയിട്ട് രാമചന്ദ്രന് എഴുത്ത് നിറുത്തേണ്ടി വന്നിട്ടുണ്ട്. പ്രണയത്തിന്റെ അപൂര്‍വ നക്ഷത്രങ്ങളില്‍ നിന്നുള്ള രശ്മികള്‍ വന്നുപതിച്ചിട്ട് രാമചന്ദ്രെന്റ ഹൃദയത്തിലും സ്നേഹനിലാവ് പടരും. അവിടെയിരിപ്പുള്ള സഫിയത്തിനോട് ഋഷികേശന്‍ നേരിട്ട് സംസാരിക്കുകയാണെന്നും തെന്റ സാന്നിധ്യം അയാള്‍ വിസ്മരിച്ചിരിക്കുകയാണെന്നും രാമചന്ദ്രന് തോന്നും.
അവര്‍ രണ്ടു പേരുടെയും സ്വകാര്യതയെ പുലര്‍ത്താന്‍ അവിടുന്ന് മാറുന്നതാണ് ഔചിത്യമെങ്കിലും കേട്ടെഴുതാനായി അവിടെ ഇരിക്കാതെ വയ്യെന്ന ധര്‍മ്മസങ്കടത്തില്‍ രാമചന്ദ്രന്‍ പതിയ്ക്കും. താന്‍ പണ്ട് കോളേജില്‍ വച്ച് എഴുതിയതൊന്നും കവിത ആയിരുന്നില്ലെന്നും ഇപ്പോള്‍ താന്‍ കവിതകള്‍ കേട്ടെഴുതുന്നുവെന്നും രാമചന്ദ്രന്‍ മിനിമോള്‍ക്കെഴുതിയ കത്തുകളില്‍ കുറിച്ചു. ഇവിടെ എല്ലാം ഭദ്രമാണെന്നും ആവശ്യത്തിനുള്ള പണം അതിവേഗം സംഭരിക്കപ്പെടുന്നുണ്ടെന്നും സഫിയത്തിനുള്ള കത്തില്‍ എഴുതാന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ രാമചന്ദ്രന്‍ സന്ദേഹിയായി തല ഉയര്‍ത്തിനോക്കും. ഋഷികേശന്റെ കണ്ണുകളില്‍ സംശയത്തിന്റെ തരിമ്പു പോലും ഉണ്ടാവില്ല.
നിലാവ് പെയ്യുന്ന രാത്രികളില്‍ ഈന്തപ്പനത്തോട്ടത്തിന്റെ അങ്ങേക്കര വരെ നടന്ന് അവര്‍ കടല്‍ത്തീരത്ത് പോയിരിക്കും. നിറയെ അക്ഷരത്തെറ്റും വടിവില്ലാത്ത കയ്യക്ഷരവുമായി സഫിയത്ത് വല്ലപ്പോഴും എഴുതുന്ന കത്തുകള്‍ പെങ്ങള്‍ വഴി അയച്ചു കിട്ടുമ്പോള്‍ അവിടെ വച്ചു വായിക്കാനാണ് ഋഷികേശന് ഏറ്റവും ഇഷ്ടം.
അവര്‍ താമസിക്കുന്ന ക്യാമ്പുള്ള ഈന്തപ്പനത്തോട്ടത്തിലാണ് മുമ്പ് ദുമിസ്കാനിലെ മുഴുവന്‍ ജനങ്ങളും താമസിച്ചിരുന്ന പനയോലക്കുടിലുകലുണ്ടായിരുന്നത്. ഈന്തപ്പനത്തോട്ടത്തിന്റെ വെളിമ്പറമ്പില്‍ പുതിയ നിര്‍മ്മാണശൈലിയിലെ ആധുനിക ഭവനങ്ങള്‍ പണിത് ദുമിസ്കാന്‍ നിവാസികള്‍ വീടുമാറിയപ്പോള്‍തോട്ടം പല വിസ്തീര്‍ണങ്ങളില്‍ പകുത്ത് ഓരോരുത്തര്‍ പാട്ടത്തിനെടുത്തു. അന്യനാട്ടുകാരനായ സ്പോണ്‍സര്‍ അയാളുടെ കാര്‍പെന്ററി വര്‍ക്ക്‌ഷോപ്പ് നടത്താനാണ് പ്ലോട്ട് പാട്ടത്തിന് എടുത്തത്. സ്പോണ്‍സറും അയാളുടെ കുടുംബക്കാരും പണിയെടുക്കുന്നതായിരുന്നു വര്‍ക്കുഷോപ്പെന്ന് നാട്ടുകാര്‍ പറഞ്ഞ് ക്യാമ്പിലുള്ളവര്‍ക്ക് അറിയാം. ചെറിയ കമ്പനികള്‍ നടത്തുന്ന ദുമിസ്കാന്‍കാര്‍ അവരുടെ സ്റ്റോര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് ചില പ്ലോട്ടുകള്‍. തക്കാളിയും സലാഡില്‍ ചേര്‍ക്കുന്ന ഇലകളും കാബേജും കോളി ഫ്ലവറും കൃഷി ചെയ്യുന്ന പ്ലോട്ടുകളും ഉണ്ട്.
പുതിയ വീടുകള്‍ കഴിഞ്ഞാണ് ദുമിസ്കാന്‍ ചന്തയും കടകളും. വലിയ മഴ പെയ്യുമ്പോള്‍ തോട്ടത്തില്‍ നിന്ന് ദുമിസ്കാന്‍ ചന്ത വരെയുള്ള നാട്ടു വഴിയിലെ ചെളിയും മണ്ണും മഴവെള്ളം വീണ് കുഴഞ്ഞ് ചെളിയുടെ ലായനി നിറഞ്ഞ ഒരു തോടു പോലെയാവും. ക്യാമ്പിലുള്ളവര്‍ക്ക് ദുമിസ്കാന്‍ ചന്തയിലെ ഖുബ്ബൂസ് കടയില്‍ പോയി അവരുടെ നിത്യഭക്ഷണം വാങ്ങാന്‍ അപ്പോള്‍ സാധ്യമാകാതെ വരും. കാരണം ചെളിത്തോടായ വഴിയില്‍ ഒരു കാല്‍ചെളിയില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍ മറ്റേ കാല്‍ ചെളിയില്‍ താഴ്ന്നു പോകുമെന്നതിനാല്‍ ഖുബ്ബൂസ് കടയിലേക്ക് പോകാന്‍ അവര്‍ക്ക് കഴിയാറില്ല.
കുടിവെള്ളത്തിനോ കക്കൂസ് കാര്യങ്ങള്‍ക്കോ സൗകര്യമില്ലാത്ത ഈന്തപ്പനത്തോട്ടത്തിലെ പ്ലോട്ടില്‍ ജോലിക്കാര്‍ക്ക് താമസിക്കാന്‍ തകരത്തകിട് കൊണ്ട് ക്യാമ്പ് ഏര്‍പ്പാടാക്കാനുള്ള ഹൃദയ ശൂന്യത സ്പോണ്‍സര്‍ക്ക് മാത്രമേ ഉണ്ടാവൂ എന്ന് പുതിയ വീടുകളില്‍ താമസിക്കുന്ന ദുമിസ്കാനിലെ അറബികള്‍ ക്യാമ്പിലുള്ളവരെ കാണുമ്പോള്‍ പറയും. തങ്ങളുടെ അനവധി മുന്‍തലമുറകളിലെ പിതൃക്കളുടെ റൂഹുകളും ദുമിസ്കാനു കാവലായി നിന്ന ജിന്നുകളും ഇപ്പോഴും കുടിയിരിക്കുന്നത് ഈന്തപ്പനത്തോട്ടത്തിലാണെന്നും രാത്രികളില്‍ അവര്‍ അവരുടെ കുടിലുകള്‍ തേടി വരുമെന്നും പറഞ്ഞ് ക്യാമ്പ്വാസികളെ ഭയപ്പെടുത്താന്‍ ദുമിസ്കാന്‍കാര്‍ ശ്രമിക്കും.
സന്ധ്യ കഴിയുമ്പോള്‍ തന്നെ ക്യാമ്പിലുള്ളവര്‍ മുറികള്‍ക്കുള്ളില്‍ കയറി കതകടയ്ക്കും. അവര്‍ പരേതാത്മാക്കളെയും ജിന്നുകളെയും ഭയപ്പെട്ടിരുന്നു. വേഗം ഉറങ്ങാമെന്നും ഉറക്കത്തില്‍ നല്ല സ്വപ്നങ്ങള്‍ കാണാമെന്നും അവര്‍ വെറുതെ കൊതിയ്ക്കും. കൊടുങ്കാറ്റിലും ചുഴികളിലും ഉലഞ്ഞ് അന്തമില്ലാതെ ഒഴുകുന്ന തങ്ങളുടെ ജീവിതങ്ങള്‍ സ്വബതയില്‍ നങ്കൂരമിട്ടിരിക്കുന്നതായുള്ള സ്വപ്നങ്ങളെയാണ് അവര്‍ ഉറക്കമില്ലാതെ കാത്തു കിടക്കാറ്. ജോലി കഴിഞ്ഞുവന്ന ശേഷം എവിടൊക്കെയോ അലയാന്‍ പോയിട്ട് മടങ്ങി വരുന്ന ഋഷികേശന്റെ കൂസലില്ലായ്മയും അവരെ ഭയപ്പെടുത്താറുണ്ട്. കത്തെഴുതാനിരിക്കുന്ന ദിവസങ്ങളില്‍ രചന പൂര്‍ത്തിയാവുമ്പോള്‍ ഉറക്കം പൂർണമായും നഷ്ടപ്പെടുന്ന ഋഷികേശനും രാമചന്ദ്രനും മുറിയ്ക്ക് പുറത്തിറങ്ങി തോട്ടത്തിന്റെ അറ്റത്തെ കടല്‍ക്കരയിലേക്ക് നടക്കും. കുഞ്ഞോളങ്ങള്‍ കരയോട് മൃദുമന്ത്രണങ്ങള്‍ ചെയ്യുന്ന ജലത്തില്‍ കൈകാലുകള്‍ തൊട്ട് ഋഷികേശന്‍ ഇരിക്കും. ഇപ്പോള്‍ എനിക്ക് വേണ്ടപ്പെട്ടൊരാള്‍ നമ്മുടെ കടല്‍ത്തീരത്തെ ജലം തൊട്ടിരുന്നെങ്കില്‍ രണ്ടാളും പരസ്പരം ബന്ധിതരാകുമല്ലോയെന്ന് അയാള്‍ മോഹം പ്രകടിപ്പിക്കും. നിശ്ശബ്ദയായ കടലിന്റെ തീരത്തെ മണ്ണിലിരിന്ന് രാമചന്ദ്രന്റെ വിരഹവും വ്യഥകളും മുഴുവന്‍ ഋഷികേശന്‍ തന്റെ താളം മുറുകിയ നാടന്‍ പാട്ടുകള്‍ കൊണ്ട് ഒപ്പിയെടുക്കും. മിക്കപ്പോഴും പുലരുമ്പോഴാകും അവര്‍ തിരിയെ മുറിയിലെത്തുക.
മിനിമോളുടെ ചേച്ചി താമസിക്കുന്ന മനാനയിലെ വീട്ടില്‍ ഒരു വെള്ളിയാഴ്ച അവരൊരുമിച്ച് പോയി. മാസം തികയുമ്പോള്‍ നല്ല തുക ഗവണ്‍മെൻറ് ശമ്പളമായി വാങ്ങുന്ന ചേച്ചിയെ അവരുടെ ഭര്‍ത്താവും വീട്ടില്‍ മറ്റുള്ളവരും നന്നായി ആദരിക്കുന്നതായാണ് കണ്ടത്. തികഞ്ഞ ആജഞാശക്തി ധ്വനിക്കുന്ന സ്വരത്തില്‍ കാര്യമാത്ര പ്രസക്തമായ ഭാഷയില്‍ കുശലം പറഞ്ഞിട്ട് ചേച്ചി ഉറങ്ങാന്‍ പോയി. ഉണ്ടിട്ടേ പോകാവൂ എന്നു അതിഥികളെ നിര്‍ബന്ധിക്കുകയും ചെയ്തു. നൈറ്റ് ഡ്യൂട്ടിയായതുകൊണ്ട് പകല്‍ നന്നായുറങ്ങിയില്ലെങ്കിലുണ്ടാവുന്ന ക്ഷീണം ചേച്ചിയുടെ ജോലിയെ ബാധിക്കുമെന്ന് ചേച്ചിയുടെ ഭര്‍ത്താവ് വിശദീകരിച്ചു. ചേച്ചിയുടെ ഭര്‍ത്താവും മലയാളിയായ പാര്‍ട്ട് ടൈം സെര്‍വന്റും കൂടി അവര്‍ക്ക് നല്ല ഉച്ചയൂണ് വിളമ്പി. നാളുകള്‍ക്കു ശേഷമാണ് മീന്‍ കറിയും പൊരിച്ചമീനും അവിയലും മോര്കറിയും അച്ചാറും കൂട്ടി മട്ടയരിച്ചോറിന്റെ ഊണ് കഴിച്ചത്. സ്വര്‍ഗം കിട്ടിയ സന്തോഷം ഉണ്ടാകേണ്ടതായിട്ടും രാമചന്ദ്രന് എന്തോ ഭാഷ മനസ്സിലാകാത്തവരുടെ ഇടയില്‍ ചെന്ന പ്രതീതിയായിരുന്നു. ഈ ചേച്ചി വീട്ടിലെത്തിയിട്ട് അവരുടെ സാരി ഉടുത്തുവരാന്‍ കാത്തിരുന്നായിരുന്നല്ലോ മിനി മോള്‍ അന്നു വൈകിയതെന്ന് അയാള്‍ പിന്നെയും പിന്നെയും ഓര്‍ത്തു. രാമചന്ദ്രന്‍ വന്നുചേര്‍ന്ന ഇടം ഇത്തിരി സൗകര്യങ്ങള്‍ കുറഞ്ഞതാണെങ്കിലും ബിസിനസ് ചെയ്ത് കമ്പനിയെ വളര്‍ത്തി പിടിച്ചുകയറണമെന്ന് ചേച്ചിയുടെ ഭര്‍ത്താവ് ഉപദേശിച്ചു. കുറെക്കാലത്തെ ചേച്ചിയുടെ ശമ്പളത്തിന്റെ നീക്കിബാക്കിയും പിന്നെ കടം വാങ്ങിയുമാണ് അയാള്‍ ബിസിനസ് തുടങ്ങിയത്. സ്വദേശിയായ സ്പോണ്‍സറെ കണ്ടുപിടിക്കാനും ലൈസന്‍സിനും ലേബര്‍ അക്കോമഡേഷനും അനുബന്ധ നടപടികള്‍ക്കും വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. രാമചന്ദ്രനും ഋഷികേശനും അതിനൊന്നും അലയണ്ടല്ലോയെന്നും കുടിശ്ശികയായ ഫീസുകള്‍ അടച്ചുതീര്‍ത്ത് നേരെയാക്കിയാല്‍ മതിയല്ലോയെന്നും അയാള്‍ ആശ്വസിച്ചു. താന്‍ വീണുകിടക്കുന്ന അത്യഗാധമായ ഗര്‍ത്തത്തെ അല്‍പവും മനസിലാക്കാതെയുള്ള ബിസിനസ് മാനേജ്‌മെന്റ് ക്ലാസുകള്‍ കേള്‍ക്കേണ്ടി വരുമെന്നുള്ളതുകൊണ്ട് രാമചന്ദ്രന്‍ ചേച്ചിയുടെ വീട്ടിലേക്ക് പിന്നീട് പോയില്ല.
ഋഷികേശനെ അയാളുടെ ആവേശങ്ങളില്‍ പിന്തുടര്‍ന്നും അയാളുടെ അനുയായിയെപ്പോലെ അനുസരിച്ചും നടന്നിട്ട് രാമചന്ദ്രനും മനാനയില്‍ പരിചയങ്ങളും ബന്ധങ്ങളുമുണ്ടായി. അതിനിടയില്‍എങ്ങനെയൊക്കെയോ കൈമറിഞ്ഞ് അവര്‍ കൃഷ്ണഭക്തസംഘത്തിന്റെ പ്രാര്‍ഥനാകൂട്ടത്തിലും പോയിരുന്നു. ഖുബ്ബൂസും പയറ് വേവിച്ചതും തൈരുമെന്ന ഭക്ഷണക്രമത്തില്‍ നിന്ന് കൃഷ്ണഭക്ത സംഘം പ്രസാദം എന്ന് വിളിക്കുന്ന വെജിറ്റേറിയന്‍ കറികളും ചോറും പായസവുമെന്ന മാറ്റം രണ്ടുപേരുടെയും ആഡംബരവും സമൃദ്ധിയുമായി. തന്റെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ ഇടത്താവളങ്ങള്‍ മാത്രമായ ആ സ്ഥലങ്ങളെ പെട്ടെന്നുപേക്ഷിച്ച് ഋഷികേശന്‍ മുന്നോട്ടു പോയപ്പോള്‍ രാമചന്ദ്രന്‍ ചിലയിടങ്ങളില്‍ അടിഞ്ഞ് പോയെന്നാണ് അമ്മയുടെ അനുമാനമെന്ന് ശാലീന കഥ പറയുമ്പോള്‍ ടോണി അബ്രഹാമിനോട് പറഞ്ഞു.
മനുഷ്യരെ കണ്ടുമുട്ടി സംസാരിക്കാനും മുട്ടുവാന്‍ വാതിലുകള്‍ കണ്ടെത്താനും ഋഷികേശന്‍ ശ്രദ്ധിച്ചപ്പോള്‍ രാമചന്ദ്രന് ചില പടവുകളില്‍ നിന്ന് മുന്നോട്ടുനീങ്ങാനാവാതെ വന്നു. പിന്നെയും ഒരുവര്‍ഷം നിരന്തരമായി പരിശ്രമിച്ചും പരിചയങ്ങളുടെ ചങ്ങലകള്‍ തൊടുത്തുണ്ടാക്കിയ തുടര്‍ച്ചയിലൂടെയുമാണ് അവര്‍ അബ്രഹാം ജോസഫില്‍ എത്തിയത്. മലയാളി സമാജത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരു നാടകത്തിന് വേദിയില്‍ രംഗപടം ചെയ്തു നല്‍കുന്ന കലാകാരന്മാരെ ഋഷികേശന്‍ പരിചയപ്പെട്ടത് അകന്ന ബന്ധുക്കളെന്ന നിലയിലാണ്. രംഗപടവും സ്റ്റേജില്‍ ആവശ്യമുള്ള എല്ലാ കൗതുക വസ്തുക്കളും ഋഷികേശന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കി എന്നിടത്താണ് യാദൃച്ഛികമായ ആ പരിചയപ്പെടല്‍ അവസാനിച്ചത്. നാടകം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ വേദിയില്‍ കയറിയ ഭാരവാഹികള്‍ സദസ്സിലുണ്ടായിരുന്ന അബ്രഹാം ജോസഫിനെയും ക്ഷണിച്ചു. ഋഷികേശന്‍ സൃഷ്ടിച്ച കലാവസ്തുക്കളെ അബ്രഹാം ജോസഫ് എടുത്തു പറയുകയും അയാളെ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു. എമ്മിയെസ് കമ്പനിയുടെ സൈറ്റില്‍ സബ്‌കോണ്‍ട്രാക്റ്റ് ജോലികള്‍ ചെയ്യുന്ന ഒരു ചെറിയ കമ്പനിയില്‍ പണിയെടുക്കുന്ന കാര്‍പെന്ററാണ് താനെന്ന് ഋഷികേശന്‍ സ്വയം പരിചയപ്പെടുത്തുകയും അബ്രഹാം ജോസഫ് കമ്പനിയുടെയും സ്പോണ്‍സറുടെയും പേര് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
അടുത്തൊരു ദിവസം ഋഷികേശന്‍ സൈറ്റില്‍ നില്‍ക്കുമ്പോള്‍ പ്രൊജക്റ്റ് മാനേജര്‍ ഓടിക്കുന്ന ജീപ്പ് അടുത്ത് വന്നു നിന്നു. ജീപ്പിന്റെ ചില്ലുജാലകം താഴ്ത്തി ഋഷികേശനോട് വണ്ടിയില്‍ കയറാന്‍ അബ്രഹാം ജോസഫ് ആവശ്യപ്പെട്ടു.
മുഷിഞ്ഞ വസ്ത്രങ്ങളുടെയും വിയര്‍പ്പു മണത്തിന്റെയും സങ്കോചത്തില്‍ അറച്ചുപോയ ഋഷികേശന്‍ വണ്ടിയില്‍ കയറാന്‍ വൈകി.
‘‘അതൊന്നും സാരമില്ല. ഇത് നമ്മുടെ ജീവിതങ്ങളുടെ കാഴ്ചയും മണവുമാണ്.’’
അബ്രഹാം ജോസഫ് കൈ പുറത്തേക്കിട്ട് അയാളെ തൊട്ടു വണ്ടിക്കുള്ളില്‍ കയറ്റി.
ഋഷികേശനെ അബ്രഹാം ജോസഫ് തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. സമൃദ്ധി നിറഞ്ഞു തുളുമ്പുന്ന ആ വീടന്തരീക്ഷത്തില്‍ ഒരു ഇന്ത്യാക്കാരന് ഇത്ര സൗഭാഗ്യങ്ങളോ എന്നു ചിന്തിച്ചുനിന്ന ഋഷികേശനോട് അബ്രഹാം ജോസഫ് അയാളെ വീട്ടില്‍ കൊണ്ട് വന്നത് എന്തിനെന്ന് വിശദമാക്കി. ആ വീട്ടിന്റെ അകവും പുറവും ലാവണ്യപ്പെടുത്താന്‍ സുന്ദരവസ്തുക്കള്‍ പ്രതിഷ്ഠിക്കുന്ന ഒരു ഡിസൈന്‍ ചെയ്യണം. അലങ്കരിക്കാന്‍ വയ്ക്കുന്നതൊന്നും കടയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന അനേകങ്ങളില്‍ ഒന്നായ ഉത്പന്നങ്ങളാകരുത്. ഹജ്ജി മുസ്തഫ ഇബ്രഹിം ആ വീട് പണിയിക്കുമ്പോള്‍ ഇന്റീരിയര്‍ഡിസൈനറും ലാന്‍ഡ് സ്കേപ് ആര്‍ക്കിടെക്ടും അവരുടെ ജോലികള്‍ ചെയ്തു തീര്‍ത്തിട്ടുണ്ട്. എന്നാല്‍ അബ്രഹാം ജോസഫ് ആഗ്രഹിക്കുന്നത് എല്ലായിടത്തും കാണുന്നതല്ലാത്ത മൗലികമായ ആവിഷ്‌കാരങ്ങളാണെന്ന് ഋഷികേശന് മനസ്സിലായി. എമ്മിയെസ് കമ്പനിയുടെ വര്‍ക്ക്‌ഷോപ്പുകളിലേക്കും തടിയുടെ യാര്‍ഡിലേക്കുമെല്ലാം ഋഷികേശന് സര്‍വതന്ത്ര സ്വാതന്ത്ര്യം കിട്ടിയ കുറേമാസങ്ങള്‍ അയാള്‍ രാപകല്‍ വിശ്രമമില്ലാതെ പണികള്‍ ചെയ്തു. എമ്മിയെസ് കമ്പനിയുടെ വര്‍ക്ക്‌ഷോപ്പിലെ ജോലിക്കാരെ കയ്യാളുകളായി കൂടെനിറുത്തി. വീടിനകത്ത് അവിടവിടെ തടിയില്‍ കൊത്തുപണി ചെയ്‌തെടുത്ത ശില്പങ്ങള്‍, വലിയ മജ്?ലിസിന്റെ മൂലകളില്‍ തടിയില്‍ പലനിലകളില്‍ ചെയ്ത വലിയ പീഠങ്ങള്‍ക്ക് മുകളില്‍ മരത്തില്‍ പണിത പൂപ്പാത്രങ്ങള്‍. മുറ്റത്തെ പൂന്തോട്ടത്തില്‍ ഭീമന്‍ കിളിക്കൂടുകള്‍, തടിയില്‍ചെയ്ത ഉയരംകൂടിയ സ്തൂപങ്ങള്‍, കമാനങ്ങള്‍, വള്ളിച്ചെടികള്‍ക്ക് പടര്‍ന്നുകയറാന്‍ ഗോപുരങ്ങള്‍, നടവഴിയിലെ തടിയൂഞ്ഞാലുകള്‍. നടവഴിക്ക് മുകളിലൂടെ വള്ളിക്കുടില്‍ പടര്‍ത്താന്‍ തടിയില്‍ ചെയ്ത മുഖപ്പ്, അതില്‍ അവിടവിടെ ഇരിക്കാന്‍ പീഠങ്ങള്‍, വശങ്ങളില്‍ അരണ്ടവെളിച്ചം തൂകുന്ന വിളക്കുകളെ ഒളിപ്പിച്ച് മുട്ടൊപ്പം നില്‍ക്കുന്ന പൂമൊട്ടിന്റെ ആകൃതിയിലെ വിളക്ക്കാലുകള്‍. അബ്രഹാം ജോസഫിന്റെ വീട് അത്തരത്തിലെ മറ്റൊന്ന് അന്നാട്ടില്‍ ഇല്ലാത്ത തരത്തില്‍ പുതിയതായി.
വീട്ടില്‍ പണികള്‍ നടക്കുമ്പോള്‍ അബ്രഹാം ജോസഫ് ജോലിക്കാരുടെ ഒപ്പം ചെന്നിരുന്ന് പുരോഗതിയുടെ ഓരോഘട്ടവും നേരിട്ട് കാണും. ഋഷികേശന്‍ പണികള്‍ ചെയ്യിച്ചെടുക്കുന്നതിലെ സംഘാടന മികവ് അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടു. സാധനങ്ങളും ഉപകരണങ്ങളും ജോലിക്കാരും കൃത്യമായി എത്തിച്ചേര്‍ന്നു കാര്യങ്ങള്‍ സംഭവിക്കുന്ന് എന്നു ഉറപ്പു വരുത്തുന്നതിലെ ഏകാഗ്രതയും ജാഗ്രതയും മുന്‍കരുതലുകളും കണ്ട് അബ്രഹാം ജോസഫ് വിസ്മയിച്ചു പോയി. ഋഷികേശനോട് കൂടുതല്‍ സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ ഒരു സാധാരണ കാര്‍പെന്ററുടേതല്ലാത്ത ഒരു സവിശേഷ ഊര്‍ജ്ജം അയാളെ നിയന്ത്രിച്ചു നയിക്കുന്നുണ്ടെന്ന് അബ്രഹാം ജോസഫിന് മനസ്സിലായി.
വൈകുന്ന രാത്രികളില്‍ ഋഷികേശനെ ദുമിസ്കാനിലെ ക്യാമ്പില്‍ വിടാന്‍ ഡ്രൈവര്‍മാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.ഡ്രൈവര്‍ വരാന്‍ വൈകിയ ഒരു രാത്രിയില്‍ ഋഷികേശനെ ക്യാമ്പില്‍ വിടാന്‍ പോയ അബ്രഹാം ജോസഫിനോട് ക്യാമ്പിന്റെയും കമ്പനിയുടെയും പട്ടിണിയുടെയും സ്പോണ്‍സറുടെയും സത്യസ്ഥിതികള്‍ ഋഷികേശന്‍ വിശദീകരിച്ചു. കേട്ടത് വിശ്വസിക്കാന്‍ കഴിയാതെ അബ്രഹാം ജോസഫ് ക്യാമ്പില്‍ ഇറങ്ങി അവിടമാകെ ചുറ്റി നടന്നുകണ്ട് ഉറപ്പിച്ചു.
പിറ്റേന്ന് വെളുത്തപ്പോള്‍ ക്യാമ്പില്‍ എല്ലാവര്‍ക്കും കുറേ ദിവസം ഭക്ഷണം കഴിക്കാന്‍ വേണ്ട അരിയും പച്ചക്കറികളും ഫ്രോസന്‍ ചിക്കനുമായി അബ്രഹാം ജോസഫ് ഏര്‍പ്പാടാക്കിയ വണ്ടികള്‍ ക്യാമ്പിലെത്തി. വൈകുന്നേരം അബ്രഹാം ജോസഫ് ക്യാമ്പില്‍ നേരിട്ട് എത്തി. അവിടുള്ളവരോട് അദ്ദേഹം അപാരമായ കനിവ് കാട്ടുകയും ഇത്തരം പ്രതിസന്ധികളെ നേരിട്ടവര്‍ മാത്രമാണ് ദില്‍മുനിയയില്‍ അതിജീവിച്ചവര്‍ എന്ന് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. എമ്മിയെസ് കമ്പനിയുടെ ഉടമസ്ഥനായ ഹജ്ജി മുസ്തഫ ഇബ്രാഹിമിനെ ഇടപെടുത്തി പരിഹാരമുണ്ടാക്കാമെന്ന് ക്യാമ്പിലുള്ളവരെ അബ്രഹാം ജോസഫ് ആശ്വസിപ്പിച്ചു.
മുസ്തഫ ഇബ്രാഹിമിന്റെ ഓഫീസിലെ കണ്ണഞ്ചിപ്പിക്കുന്ന ആഡംബരങ്ങള്‍ക്കു നടുവില്‍ വീട്ടിത്തടിയില്‍ ചെയ്ത വലിയ മേശയ്ക്കരികിലാണ് ഋഷികേശനും രാമചന്ദ്രനും. പിന്നെയും പിന്നെയും പതുങ്ങിയിട്ട് ഇരുന്നയാളെ തന്റെ മൃദുലത കൊണ്ട് സ്വീകരിക്കുകയും തല ചാരുന്നിടത്ത് തലയണപോലുള്ള കുഷ്യനെ തള്ളിപ്പിടിക്കുകയും ചെയ്തിട്ടുള്ള കസേരയിലിരുന്നപ്പോള്‍ സ്വപ്നമോ സത്യമോ എന്നു ഋഷികേശന്‍ സംശയിച്ചു. അബ്രഹാം ജോസഫിന്റെ സ്വാധീനത്തിന്റെ വലിപ്പവും അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും അമ്പരപ്പിച്ചു. മേശയുടെ തലയ്ക്കല്‍ കണ്ട വലിപ്പം കൂടിയ മനുഷ്യന്‍ മുസ്തഫ ഇബ്രാഹിം ആണെന്ന് ഊഹിച്ചു. അരികത്തുതന്നെ അബ്രഹാം ജോസഫും ഇരിയ്ക്കുന്നുണ്ട്. സ്പോണ്‍സര്‍ തനിച്ചാണ് വന്നിരിക്കുന്നത്. രാമചന്ദ്രനും ഋഷികേശനും തങ്ങളുടെ ഭാവി ഇതള്‍ വിരിയുന്നതെങ്ങിനെയാവും എന്ന് മിടിപ്പ് അത്യധികം വര്‍ദ്ധിച്ച ഹൃദയങ്ങളു മായിട്ടാണ് അവിടെ ഇരിക്കുന്നത്. കസേരകളില്‍ തങ്ങള്‍ അല്‍പവും അമര്‍ന്നു പോകാതിരിക്കാന്‍ പണിപ്പെട്ടുകൊണ്ട് അവര്‍ ഇരുന്നു.
ജോലിവേഷത്തിലല്ലാതെ വൃത്തിയായി വരാനായി അബ്രഹാം ജോസഫ് വാഹനം ഏര്‍പ്പാട് ചെയ്യുക കൂടിയുണ്ടായി. ദീര്‍ഘകാലം കൊണ്ട് ഹജ്ജി മുസ്തഫ ഇബ്രാഹിം ആര്‍ജ്ജിച്ച അനുഭവ സമ്പത്തിന്റെ പ്രത്യക്ഷമായിരുന്നു അദ്ദേഹത്തിന്റെ നാടകീയത നിറഞ്ഞ വിഷയാവതരണവും മേല്‍ക്കുമേല്‍ നടത്തിയ അപഗ്രഥനങ്ങളും. നടത്തിക്കൊണ്ടിരിക്കുന്ന സബ് കോണ്‍ട്രാക്റ്റ് ബിസിനസ് കൊണ്ട് പ്രയോജനമില്ലെന്നും പത്തിരുപത്തഞ്ചു കുടുംബങ്ങളുടെ ഭക്ഷണക്കാര്യങ്ങള്‍ നടന്നുപോകുമല്ലോയെന്നോര്‍ത്ത് താന്‍ കഷ്ടപ്പെടുകയാണെന്നും സ്പോണ്‍സര്‍ വികാരാധീനനായി. സ്പോണ്‍സറുടെ അഭിനയ മികവു ഋഷികേശന്‍ അതിശയത്തോടെ കണ്ടിരുന്നു. ഏറെക്കാലം അങ്ങനെ പോകാനാവില്ലെന്ന് പറഞ്ഞ് ഹജ്ജി മുസ്തഫാ ഇബ്രാഹിം ഇടപെട്ടു. സ്പോണ്‍സര്‍ക്ക് അയാളുടെ ചെലവുകള്‍ നടത്താന്‍ പണം വേണമെന്ന് വാദിച്ചുകൊണ്ട് പ്രതിമാസം സ്പോണ്‍സര്‍ക്ക് നല്‍കേണ്ടതുക ഹജ്ജി നിശ്ചയിച്ചു. ചെറിയ വിലപേശലുകള്‍ക്കൊടുവില്‍ ഒരു സംഖ്യ ഉറപ്പിച്ചു. കമ്പനിയുടെ വരവുചെലവുകള്‍ കൈകാര്യം ചെയ്യുന്നതും കണക്കു എഴുതി സൂക്ഷിക്കുന്നതും രാമചന്ദ്രന്റെ ഉത്തരവാദിത്തമാക്കി. സബ് കോണ്‍ട്രാക്റ്റ് ജോലികള്‍ സമയത്തിനുള്ളിലും ഗുണനിലവാരത്തിലും ചെയ്ത് പൂര്‍ത്തിയാക്കുന്ന ചുമതല ഋഷികേശനെ ഏല്‍പ്പിച്ചു. കമ്പനി നന്നായി ഓടിത്തുടങ്ങും വരെ നിശ്ചയിച്ച തുകയ്ക്ക് മേല്‍ യാതൊന്നും സ്പോണ്‍സര്‍ക്ക് ലഭിക്കില്ലെന്ന് ഹജ്ജി മുസ്തഫ ഇബ്രാഹീം പറഞ്ഞുറപ്പിക്കുന്നുണ്ടായിരുന്നു.
‘അള്ളാ ഖരീം’ അദ്ദേഹം നിരന്തരം ആവര്‍ത്തിച്ചു. അള്ളാഹു മഹാമനസ്കനായതിനാല്‍ എല്ലാം ശരിയാവുമെന്ന് മുസ്തഫ ഇബ്രാഹിം ആശംസിച്ചു. സ്പോണ്‍സറുടെ കമ്പനിയില്‍ എല്ലാം നേരെയാകുന്നതുവരെ അവര്‍ക്ക് വേണ്ടത്ര സബ്‌കോണ്‍ട്രാക്റ്റ് ജോലികളുണ്ടാവുമെന്ന് ഉറപ്പു വരുത്താന്‍ അദ്ദേഹം അബ്രഹാം ജോസഫിന് നിര്‍ദ്ദേശം നല്‍കി. താനും തുടക്കത്തില്‍ വളരെ കഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ എവിടെയെത്തി എന്നുകാണുന്നില്ലേയെന്ന് അദ്ദേഹം സ്പോണ്‍സറോട് ചോദിച്ചു. അവരുടെ ഗ്രാമത്തില്‍ മുസ്തഫ ഇബ്രാഹിം ആകാന്‍ ഇറങ്ങിപ്പുറപ്പെട്ട അനേകരില്‍ ഒരാളായ സ്പോണ്‍സര്‍ ആ പ്രലോഭനത്തില്‍ കുറേ നേരമെങ്കിലും അകപ്പെട്ടു. മുസ്തഫ ഇബ്രാഹിമിനെ നിഷേധിക്കാന്‍ കെല്‍പ്പില്ലാത്തതും അബ്രഹാം ജോസഫ് മറുപക്ഷം ചേര്‍ന്നിരിക്കുന്നതിനാല്‍ ചെറിയ അടവുകളൊന്നും ഏല്‍ക്കുകയില്ലെന്ന് നല്ല ബോധ്യമുള്ളതും സ്പോണ്‍സറെ മൗനസമ്മതത്തിന് മെരുക്കി. അനേകം വര്‍ഷങ്ങളില്‍ കഠിന പരിശ്രമം ചെയ്താല്‍ ചിലപ്പോള്‍ ശരിയായേക്കാമെന്നത് വിദൂരസാധ്യത മാത്രമായിട്ടാണ് രാമചന്ദ്രന് തോന്നിയത്. അതുകൊണ്ട് ഒത്തുതീര്‍പ്പില്‍ വിഭാവനം ചെയ്യപ്പെട്ട കമ്പനിയുടെ നല്ലഭാവി രാമചന്ദ്രന്റെ കാഴ്ചയില്‍ അത്ര ശുഭകരമായിരുന്നില്ല. ഋഷികേശന് അതങ്ങനെയല്ല. കൂരിരുള്‍ മാത്രമുണ്ടായിരുന്ന തങ്ങളുടെ നാളെകളുടെ അരികില്‍ മെല്ലെത്തെളിയുന്ന വെള്ളിവെളിച്ചമാണ്. കമ്പനിയുടെ വരുമാനം മുഴുവനും തന്നിഷ്ടം പോലെ ചെലവഴിക്കുന്ന രീതി അവസാനിപ്പിക്കാനുണ്ടായ തീരുമാനം തങ്ങളുടെ വന്‍ വിജയമാണെന്ന് അയാള്‍ വാദിച്ചു. നാട്ടില്‍ പലയിടങ്ങളിലായി 25 കുടുംബങ്ങളുടെ ഭാവിയാണ് തങ്ങള്‍ ഉറപ്പു വരുത്തിയതെന്നുകണ്ട് നന്മ ചെയ്യുന്നതില്‍ സന്തോഷിക്കാന്‍ അയാള്‍ രാമചന്ദ്രനോട് ആവശ്യപ്പെട്ടു.
വരുമാനം മുഴുവനും എടുത്തു കൊണ്ടുപോകാനുള്ള അധികാരം നഷ്ടപ്പെട്ടതോടെ സ്പോണ്‍സര്‍ ഉദാസീനനായി. എന്നാല്‍ നിശ്ചയിച്ച മാസത്തുകയ്ക്ക് താമസമോ ചെറിയ കുറവോ ഉണ്ടായാല്‍ അയാള്‍ പ്രകോപിതനാവുകയും ചെയ്തു. എമ്മിയെസ് കമ്പനിയുടെ സബ്‌കോണ്‍ട്രാക്റ്റ് ജോലികളില്‍ സ്പോൺസർക്ക് നന്നേ താത്പര്യം കുറഞ്ഞു. എപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അവരുടെ മാന്‍പവര്‍ റിക്രൂറ്റ്‌മെന്റില്‍ അയാള്‍ കണ്ണുവയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. അബ്രഹാം ജോസഫുമായി എങ്ങനെയാണ് ബന്ധമുണ്ടാക്കിയതെന്ന് അറിയാന്‍കുറേ ശ്രമിച്ചു നടക്കാതിരുന്നപ്പോള്‍ അതു ഋഷികേശന്‍ പ്രൊജക്റ്റ് സൈറ്റില്‍ വച്ച് സാധിച്ചെടുത്ത ബന്ധമാണെന്ന് സ്പോണ്‍സര്‍ സ്വന്തമായ ഒരു നിഗമനത്തില്‍ എത്തി. മാന്‍പവര്‍ റിക്രൂട്ട്‌മെന്റിന്റെ ഒരു ചെറിയ ഭാഗം നേടിയെടുക്കാന്‍അബ്രഹാം ജോസഫിലൂടെ ശ്രമിക്കാന്‍ ആവശ്യപെട്ട് സ്പോണ്‍സര്‍ ഋഷികേശനെ ശല്യം ചെയ്യാനാരംഭിച്ചു. സ്പോണ്‍സര്‍ തന്റെ പിന്നാലെ വരുന്നതില്‍ ഋഷികേശന് ഉള്ളില്‍ ആഹ്ലാദമായിരുന്നു. രാമചന്ദ്രനും ഋഷികേശനും സ്വന്തം കാര്യങ്ങളെല്ലാം മാറ്റിവച്ചിട്ട് അവരുടെ പുതിയ ഉത്തരവാദിത്തങ്ങളില്‍ രാവും പകലും വിശ്രമമില്ലാതെ ജോലി ചെയ്തു. സ്പോണ്‍സറുടെ ഭരണത്തില്‍ ക്യാമ്പില്‍ കൃമികീടങ്ങളെപ്പോലെ അനുസരിച്ചും ഭയന്നും മാത്രം കഴിഞ്ഞിരുന്ന ജോലിക്കാരുടെ നിലപാട് രണ്ടുപേര്‍ക്കും മനുഷ്യരിലുള്ള വിശ്വാസത്തെ ഉലയ്ക്കുന്നതായിരുന്നു. അവരില്‍ കൂടുതല്‍ പേരും രാത്രികളില്‍ വെളിയില്‍ വേറെ ജോലികള്‍ ചെയ്ത് കാശുണ്ടാക്കാന്‍ പോകും. പകലുകളില്‍ ലേബര്‍ കാര്‍ഡില്‍ ഹാജര്‍ വച്ചിട്ട് എവിടെങ്കിലും മറഞ്ഞ് കിടന്നുറങ്ങുകയോ തളര്‍ന്ന് കിറുങ്ങി നടക്കുയോ ചെയ്യും. ജോലികള്‍ ശരിയായി പൂര്‍ത്തിയാക്കാത്തതിന് പ്രൊജക്റ്റ് മാനേജരുടെ ശകാരങ്ങളും ശാസനയും കമ്പനിക്കും ഋഷികേശനും വാങ്ങിക്കൊടുക്കും. രാമചന്ദ്രനെയും ഋഷികേശനെയും അവര്‍ തങ്ങളുടെ മുതലാളിമാരായി കണ്ടുതുടങ്ങി. അറബിയായ സ്പോൺസറുടെ ഭരണത്തിലായിരുന്നപ്പോള്‍ അവര്‍ പേടിച്ചു വിറച്ചുനിന്നു. ഭക്ഷണം കഴിക്കാനായി ശമ്പളം ചോദിക്കാന്‍ പോലും ഭയപ്പെട്ടു. രാമചന്ദ്രനും ഋഷികേശനും തലപ്പത്ത് വന്നപ്പോള്‍ അവര്‍ക്ക് അവകാശങ്ങളെ കുറിച്ച് ബോധം വന്നു. അതെല്ലാം നിര്‍വഹിച്ചു കൊടുക്കുന്നതില്‍ കാലതാമസമുണ്ടെന്നു മനസ്സിലായി. അത് ചോദിക്കാനും ഒച്ച ഉയര്‍ത്താനും ശബ്ദവും ധൈര്യവും ഉണ്ടായി. അറബിയായ സ്പോണ്‍സറോട് ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടിരുന്ന അവകാശങ്ങള്‍ നടത്തിക്കൊടുക്കു ന്നതില്‍ വീഴ്ചകള്‍ എന്തു കൊണ്ടെന്ന് ചോദ്യം ചെയ്യാന്‍ തുടങ്ങി.
മൂലധനമില്ലാതെ ആരംഭിച്ച ബിസിനസിന് ധാരാളം കടബാധ്യതകള്‍ കൂടി നിറവേറാനുണ്ടായിരുന്നു. ചെന്നുപെടാവുന്ന എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിക്കുകയും രാമചന്ദ്രനും ഋഷികേശനും തങ്ങളുടെ തെറ്റും കുറ്റവും മൂലം സംഭവിച്ചതെന്ന പോലെ കുഴപ്പങ്ങളെയെല്ലാം നെഞ്ചേറ്റുകയും ചെയ്തു. ഇടപാടുകാര്‍ക്കുമുന്നില്‍ കൊടുക്കാനുള്ളവനായി നിന്ന് തെന്റ നട്ടെല്ല് വളഞ്ഞുപോയെന്ന് രാമചന്ദ്രന്‍ പറയും. അവര്‍ക്ക് കടല്‍ത്തീരത്തേക്ക് പോകാന്‍ കൂടി സമയം കിട്ടാതായി. ഏതെങ്കിലും ജോലി കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാതിരുന്നാലോ ഗുണനിലവാരത്തില്‍ എന്തെങ്കിലും ന്യൂനത ഉണ്ടായാലോ എമ്മിയെസിലെ ഉത്തരവാദപ്പെട്ടവര്‍ക്ക് ആ മുള്‍ക്കിരീടം വന്നവഴി അറിയാമെന്നതിന്റെ ഇളവ് ഋഷികേശനോ രാമചന്ദ്രനോ കിട്ടിയില്ല. കണ്ണെത്തുന്ന ഒരിടത്തും രക്ഷയുടെ അടയാളങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരിക്കുമ്പോഴും ഋഷികേശന്റെ അയുക്തികമായ ശുഭാപ്തി വിശ്വാസം ഭ്രാന്തമായ ഊര്‍ജ്ജത്തോടെ രാമചന്ദ്രനെയും മറ്റെല്ലാവരെയും മുന്നോട്ടു വലിച്ചു. തന്നാല്‍ കഴിയുന്നതെല്ലാം ചെയ്ത് അബ്രഹാം ജോസഫ് അവര്‍ക്ക് തുണയായി. അങ്ങനെ ഒരാള്‍ മാത്രമേ ഉണ്ടായുള്ളൂ.
പിരിഞ്ഞിരിക്കാന്‍ കഴിയാതെയും സഹായത്തിനാരുമില്ലാതെയും ബോംബെയില്‍ പെട്ടിരിക്കുന്ന തന്റെ കുടുംബത്തെ കുറിച്ച് രാമചന്ദ്രന്‍ അബ്രഹാം ജോസഫിനോട് പറഞ്ഞു. തങ്ങളുടെ കമ്പനി കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടു ഭാര്യയേയും മകളെയും കൊണ്ട് വരാന്‍ രാമചന്ദ്രന്‍ കാത്തിരുന്നാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് ഋഷികേശനു ബോദ്ധ്യമായിരുന്നു. അയാള്‍ അബ്രഹാം ജോസഫിനെ അക്കാര്യത്തിനു വേണ്ടി സമീപിച്ചു. അങ്ങനെയാണ് മിനി മോള്‍ക്ക് എമ്മിയെസ് കമ്പനിയില്‍ സെക്രട്ടറി ആയി വിസ കിട്ടിയത്. ഭക്ഷണത്തിനും വാടകയ്ക്കും മിനി മോളുടെ ജോലിയും ശമ്പളവും തുണയായി. കുട്ടിയായ ശാലീന മിനുവും ജ്യൂസും ധാരാളം കഴിച്ചു തുടങ്ങിയത് അങ്ങനെയാണ്. കുടുംബത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിട്ടും ശാലീനയ്ക്ക് മിനുവും ജ്യൂസും ഇഷ്ടഭക്ഷണ വിഭവമായി തുടരുകയും ചെയ്തു.
മൂന്നു വര്‍ഷക്കാലം രണ്ടിടത്തായി പിരിഞ്ഞു താമസിച്ചപ്പോഴുണ്ടായ വൈകാരികമായ നഷ്ടങ്ങള്‍തിരിച്ചുപിടിക്കാനാണ് മിനി മോള്‍ ബോംബെയില്‍ നിന്നു വന്നത്. അവിടെ അവര്‍ മൂന്നുപേരും ഒരു അച്ഛന്‍, ഒരമ്മ, ഒരു മകള്‍ എന്നിങ്ങനെ ഒന്നു മാത്രമുള്ളവരുടെ ഒരു കൂട്ടിലായിരുന്നു. മറ്റാരും തന്നെയില്ലാത്ത ആ കൂട്ടില്‍ നിന്ന് അതിലൊരാള്‍ അകലേക്ക് പറന്നുപോയി. അയാളെ തിരിയെ പിടിച്ചു കൂട് പണ്ടത്തെപ്പോലെ സ്?നേഹോര്‍ജ്ജം നിറഞ്ഞതാക്കാന്‍ വെമ്പി കാത്തിരിക്കുകയായിരുന്നു. ദില്‍മുനിയ യുദ്ധഭൂമിയാകാന്‍ പോവുന്നതിനാല്‍ അങ്ങോട്ട് പോകുന്നത് ആശാസ്യമല്ലെന്ന ഉപദേശങ്ങളെ അവഗണിച്ചാണ് മിനി മോള്‍ വന്നത്.
പക്ഷേ രാമചന്ദ്രന് അയാളെത്തന്നെ നഷ്ടപ്പെട്ട് പോയിരിക്കുന്നെന്ന് കണ്ടത് മിനിമോളെ വല്ലാതെ വേദനിപ്പിച്ചു. ഒരിക്കല്‍ കവിയായിരുന്ന രാമചന്ദ്രന്‍ അയാളില്‍ നിന്നിറങ്ങിപ്പോയിട്ട് മറ്റൊരാള്‍ അയാളിലേക്ക് വന്നുകയറിയതായി മിനി മോള്‍ക്ക് അനുഭവപ്പെട്ടു. പുതിയ ആളിന് തൊലിക്കട്ടി വളരെ കൂടുതലാണ്. മനുഷ്യപ്പറ്റ് തീരെ കുറവാണ്. മറ്റുള്ളവരെല്ലാം കബളിപ്പിക്കുന്നവരും കള്ളന്മാരും ആണെന്നാണ് അയാളുടെ വിശ്വാസം. എല്ലായിടങ്ങളിലും ചെലവുകള്‍ക്ക് പിശുക്കിയും വിലപേശിയും മറ്റുള്ളവരെല്ലാം നമ്മുടെ പണം തട്ടിയെടുക്കാനാണ് നില്‍ക്കുന്നതെന്നു പറഞ്ഞും തങ്ങള്‍ ഒരുമിച്ചാകുന്ന എല്ലാ അവസരങ്ങളെയും രാമചന്ദ്രന്‍ അകാരണമായി ചെളി വാരിയെറിയുന്നതായി മിനി മോള്‍ക്ക് തോന്നി.
ചെറുപ്പത്തില്‍ അനുഭവിച്ച് നല്ലപരിചയമുള്ള ദാരിദ്ര്യവും ഇല്ലായ്മകളും വീണ്ടും എത്രയെങ്കിലും അനുഭവിക്കാന്‍ മിനി മോള്‍ ഒരുക്കമായിരുന്നു. പകരം ബോംബെയില്‍ ഒപ്പം കഴിഞ്ഞ രാമചന്ദ്രനെയും തങ്ങള്‍ പുലര്‍ത്തിവന്ന പ്രണയവും മടക്കിക്കിട്ടിയാല്‍ മതിയെന്ന് മിനി മോള്‍ പലതവണ ആവശ്യപ്പെട്ടു. കമ്പനിയുടെ ദിവസങ്ങള്‍ കടന്നു പോകുന്നതിന്റെ കെടുതികളില്‍ ഞെരിഞ്ഞരയുകയാണ് താനെന്ന് വിശ്വസിച്ച രാമചന്ദ്രന് നാട്ടില്‍ നിന്നെത്തിയ മിനി മോള്‍ പറയുന്നത് എന്താണെന്നുപോലും മനസിലായില്ല. വീട്ടില്‍ ഋഷികേശന്‍ ഒപ്പമുള്ളതാണ് മിനി മോള്‍ക്കും ശാലീനയ്ക്കും നേരിയ ആശ്വാസം പകരുന്നകാര്യം. രാമചന്ദ്രന്റെ പെരുമാറ്റത്തിലും വ്യകതിത്വത്തിലും വരുന്ന പരിണാമങ്ങള്‍ തന്റെ വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങുന്നില്ലെന്നാണ് ഋഷികേശന്റെ അഭിപ്രായം. വീട്ടില്‍ നനഞ്ഞു കെട്ടുപോകാന്‍ തുടങ്ങുന്ന സുന്ദരനിമിഷങ്ങളെ ജീവനോടെ നിറുത്താന്‍ ഋഷികേശന്‍ നടത്തുന്ന വൃഥാശ്രമങ്ങള്‍ക്കും ഭംഗിയുണ്ടെന്ന് ശാലീനയ്ക്ക് തോന്നിയിട്ടുണ്ട്.
കമ്പനിയുടെ സ്ഥിതി നന്നായിട്ട് അച്ഛന്‍ പണക്കാരനാകുന്ന പാതയിലാണെങ്കിലും തങ്ങളില്‍ നിന്ന് ഏറെ അകലെയാണെന്ന ശാലീനയുടെ നിഗമനങ്ങള്‍ അവള്‍ ടോണി അബ്രഹാമിനോട് ചര്‍ച്ച ചെയ്യും. സഹൃദയത്വം മുഴുവനും കൊഴിഞ്ഞു പോയി ഇപ്പോള്‍ കാണുന്ന അച്ഛനെയാണ് കോളേജില്‍ കണ്ടുമുട്ടിയതെങ്കില്‍ താന്‍ തിരിഞ്ഞു നോക്കുക പോലുമില്ലായിരുന്നെന്ന് മിനി മോള്‍ പറഞ്ഞതും അവള്‍ ഗൗരവമായെടുത്തു.
ഒറ്റയ്‌ക്കൊറ്റയ്ക്കു നല്ല മനുഷ്യരായ അമ്മയ്ക്കും അച്ഛനും അവര്‍ സ്വന്തമായി തിരഞ്ഞെടുത്ത ഇണകളുമായി ദാമ്പത്യത്തില്‍ നന്നായിപ്പോകാന്‍ കഴിയാത്തത് എന്തെന്ന് തന്റെയുള്ളില്‍ കൊണ്ടു നടക്കുന്ന സമസ്യയാണ് മിക്കപ്പോഴും ശാലീനയുടെ സംഭാഷണവിഷയം. അവളുടെ വര്‍ത്തമാനകാലത്തിന്റെ ആഹ്ലാദങ്ങള്‍ എല്ലാം തല്ലിക്കെടുത്തുന്നത് വീട്ടകത്തെ അന്തരീക്ഷമാണ്. ദാമ്പത്യം വ്യകതികളുടേതുമാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂടി ആണെന്നൊക്കെ ചുറ്റിനും നിന്ന് കേള്‍ക്കുന്നചൊല്ലുകള്‍ ശാലീനയെ തൃപ്തി പ്പെടുത്തുന്നില്ല. പരസ്പരം അഗാധമായി ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇണകള്‍ ദാമ്പത്യത്തില്‍ പ്രവേശിക്കുമ്പോള്‍ മിക്കപ്പോഴും അന്യോന്യമുള്ള ആര്‍ദ്രതയുടെ അന്ത്യമാണ് സംഭവിക്കുന്നത്. എന്നാലും വിവാഹത്തിലാണ് പ്രണയം സഫലമാകുന്നതെന്ന ബോധം മനുഷ്യരില്‍ എങ്ങനെ ഉണ്ടായെന്ന് ശാലീന ചോദിക്കും.
‘‘വിവാഹിതരാകുമ്പോള്‍ പ്രണയം ചതഞ്ഞരഞ്ഞു പോകും. ജീവിതത്തിലുടനീളം ബാധ്യതയാകുന്ന മറ്റൊരു പാരസ്പര്യമാണ് വിവാഹമെന്ന ഏര്‍പ്പാടില്‍ പിന്നീട് സംഭവിക്കുക. അതില്‍ പങ്കെടുക്കാതിരിക്കണമെന്നാണ് ഞാന്‍ വീട്ടില്‍ നിന്ന് പഠിച്ചത്.’’
ഒരു തര്‍ക്കത്തിനൊടുവില്‍ ശാലീന തന്റെ ബോധ്യവും നിലപാടും വ്യക്തമാക്കി. ടോണി അബ്രഹാം അതുകേട്ട് നിശ്ശബ്ദനായിപ്പോയശേഷം ആ വിഷയം അവര്‍ സംസാരിക്കാതെയായി.
(തുടരും)