ഭാഗം അഞ്ച്
അധ്യായം അഞ്ച്:
അഗ്നിപര്‍വ്വതം പൊട്ടിയൊഴുകിയപ്പോള്‍
വലത്തെ മലയുടെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ബൈബിള്‍ കഥകളുടെ വാങ്മയങ്ങളില്‍ താന്‍ വിഭാവനം ചെയ്തിട്ടുള്ള ദൃശ്യപശ്ചാത്തലത്തിലാണ് എത്തിയിരിക്കുന്നതെന്ന് ശാലീനയ്ക്ക് തോന്നി.
കിടക്കുന്ന സ്ത്രീയുടെ ഉയര്‍ന്ന മാറിടങ്ങള്‍ ആണോയെന്ന് അകലെ നിന്ന് മലകള്‍ രണ്ടിനെയും നോക്കാന്‍ കഴിയാഞ്ഞതിലെ ഇച്ഛാഭംഗം ശാലീനയില്‍ വീണ്ടുമുദിച്ചു. മലയുടെ പല ശിഖരങ്ങളില്‍ കാറ്റ് തട്ടിയുണ്ടാകുന്ന ശബ്ദവും അതിന്റെ മാറ്റൊലികളും ഹുംങ്കാരമായി ഉയരുന്നു. മലകളിലെ നീര്‍ച്ചാലുകളുടെ അനേകം വിന്യാസങ്ങളില്‍ തലേരാത്രിയിലെ മഴയുടെ ബാക്കിയായ വെള്ളം വീണൊഴുകുന്നത് ഇപ്പോഴും മഴ പെയ്യുന്ന ശബ്ദത്തിലാണ്. എങ്ങോട്ട് നടന്നാലും ചവിട്ടുന്നിടത്തെല്ലാം കാലുകള്‍ ചെളിയില്‍ പുതഞ്ഞു പോകുന്നു. കല്ലുകള്‍ ഇളകി ചിതറിക്കിടക്കുന്ന നടവഴിയിലൂടെ രണ്ടുപേരെയും ഒരുമിച്ചു കൊണ്ടുപോയി കിഴുക്കാംതൂക്കായ ചരിവു കടക്കാനാണ് ബഷീര്‍ ആലം ആദ്യം ശ്രമിച്ചത്.
കുറേ ചുവടുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അനുഭവപ്പെട്ട ഞെരുക്കം കാരണം ആ ശ്രമം ഉപേക്ഷിച്ചു. മൂന്നു പേരും ആണുങ്ങള്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷേ ആ ഞെരുക്കത്തിലും അവര്‍ ഒരുമിച്ചു പോകുമായിരുന്നെന്ന് ശാലീന സങ്കല്‍പ്പിച്ചു. തെന്റ ശരീരത്തില്‍ തൊടാതിരിക്കാന്‍ ആ പരിതസ്ഥിതിയിലും ബഷീര്‍ ആലം നടത്തുന്ന തീവ്രയങ്ങള്‍ ശാലീനയില്‍ കൗതുകമുണര്‍ത്തി.
ശാലീനയെയാണ് കിഴുക്കാംതൂക്കായ ചരിവു കടത്തി വഞ്ചിഗുഹയുടെ അണിയത്തെ വാതിലില്‍ ബഷീര്‍ ആലം ആദ്യം എത്തിച്ചത്. അവിടെ ശീതക്കാറ്റ് ചൂളം വിളിക്കുകയും ദേഹമാകെ പുണര്‍ന്ന് പാദങ്ങളില്‍ നിന്ന് ഉച്ചിയോളം ചുഴിയുണ്ടാക്കി പ്രകമ്പനങ്ങളുമായി ചുറ്റിനില്‍ക്കുകയും ചെയ്തു. എന്നിട്ടും ശാലീനയുടെ ഉള്ളിലെ ഭീതിയിലും ജിഞാസയിലും മനസ്സ് ഉണര്‍ന്ന് ത്രസിക്കുന്നു. ദേഹമാസകലം ഉയരുന്ന ഈഷ്മളതയിലും ഉഷ്ണത്തിലും മേല്‍ചുണ്ടില്‍ പൊടിഞ്ഞ വിയര്‍പ്പ് മുത്തു മണികളാവുന്നു. ടോണി അബ്രഹാമുമായി ബഷീര്‍ ആലം വഞ്ചിഗുഹയുടെ വാതിലില്‍ മടങ്ങി എത്തിയപ്പോള്‍ ശാലീന ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അകലെ തളംകെട്ടിയ അഗാധമായ അപാരതയില്‍ തറഞ്ഞുനില്‍ക്കുകയാണ്. താന്‍ എത്രയോ കാലമായി കാണാറുള്ള ഒരു സ്വപനത്തിന്റെ ആവിഷ്‌കാരം തനിയെ നിന്നപ്പോള്‍ അവിടെ നടന്നുവെന്ന് ശാലീന അവരോടു പറയാന്‍ ആഗ്രഹിച്ചു. ഉദയസൂര്യന്റെ സ്വര്‍ണകിരണങ്ങള്‍ ചിതറിവീണ ചക്രവാളത്തോളം പരന്നുകിടക്കുന്ന അപാരമായ വിജനതയില്‍ താന്‍ മാത്രം നില്‍ക്കുന്നതായി എത്രയോ കണ്ടിട്ടുള്ള സ്വപ്നത്തിന്റെ ആവിഷ്‌കാരം.
സ്വപ്നത്തില്‍, ചിലപ്പോള്‍, പശ്ചാത്തലത്തില്‍ ദുഃഖഛവി തുന്നിച്ചേര്‍ത്ത ശബ്ദത്തില്‍ അകലെ നിന്നൊഴുകി വരുന്ന വാങ്കുവിളി ശബ്ദമുണ്ടാവും. ചിലപ്പോള്‍ അത് ഒരമ്മയുടെ മോളേ എന്ന വിലാപമായിരിക്കും. തൊട്ടുമുന്‍പ് കടന്നുപോയ, ഇനിയൊരിക്കലും ഒരിടത്തുവച്ചും തനിക്കു ലഭിക്കില്ലെന്നുറപ്പുള്ള ദൃശ്യാനുഭവത്തിന് ആ പശ്ചാത്തലശബ്ദം ഇല്ലാതെപോയി എന്നൊരു വ്യത്യാസമേയുള്ളൂ.
അകത്തെല്ലാം ഭദ്രമാണോയെന്ന് നോക്കിവരാന്‍ ബഷീര്‍ ആലം വഞ്ചിഗുഹയുടെ ഉള്ളിലേക്ക് പോയപ്പോള്‍ ടോണി അബ്രഹാം ശാലീനയോടു ചേര്‍ന്ന് നിന്നു. ശാലീനയുടെ ഇളംവേര്‍പ്പിന്റെ ഗന്ധത്തില്‍മാദകത്വം തോന്നിയ ടോണി തന്റെ നാസാരന്ധ്രങ്ങളിലേക്ക് ആ ഗന്ധത്തെ വലിച്ച് കയറ്റുന്നുവെന്ന് ശാലീന അറിഞ്ഞു. ശാലീനയുടെ മേല്‍ച്ചുണ്ട് വിയര്‍ക്കുമ്പോള്‍ ഉണരുന്ന നനുത്ത രോമങ്ങള്‍ തന്നില്‍ വികാരവേലിയേറ്റ മുണ്ടാക്കാറുണ്ടെന്ന് ടോണി നേരത്തെ പറഞ്ഞിട്ടുള്ളത് ശാലീനയ്ക്ക് ഓര്‍മ വന്നു.
അവള്‍ തൂവാലയെടുത്ത് മുഖമാകെ അമര്‍ത്തിത്തുടച്ചു. എന്തിനാണ് ഇത്ര ഭയം തന്നെ വന്നു മൂടുന്നതെന്ന് സ്വയം ചോദിച്ചും ആകെ അമ്പരന്നും ഗുഹയുടെ ഉള്ളില്‍ പ്രവേശിക്കുന്ന സമയം മുന്നോട്ടു നീങ്ങിപ്പോകാന്‍ ആഗ്രഹിച്ചും ശാലീന നിന്നു. ഫാദര്‍ ഹെര്‍മനോടൊപ്പം അവിടെ വന്ന യാത്രയില്‍ പറഞ്ഞുകേട്ട പ്രാചീനതയുടെ വിശേഷങ്ങള്‍ ഇട തടവില്ലാതെ ടോണി അബ്രഹാം പറഞ്ഞുകൊണ്ടിരിക്കുന്നു. ആ ശബ്ദവും വാക്കുകളും ദൂരെ നിന്നുള്ള ചിലമ്പിച്ച അവ്യക്തമായ മുഴക്കങ്ങളായാണ് ശാലീനയ്ക്ക് കേള്‍ക്കാനാവുന്നത്.
ഉള്ളിലെല്ലാം നന്നായിരിക്കുന്നുവെന്ന് മടങ്ങിവന്ന ബഷീര്‍ ആലം പറഞ്ഞു. ആദ്യം ടോണിയും പിന്നീട് ശാലീനയെയും അയാള്‍ അകത്ത് കൊണ്ടുപോയി. എന്നിട്ട് പ്രാതലിനുള്ള സാധനങ്ങള്‍ വണ്ടിയില്‍ നിന്ന് കൊണ്ട് വരാനായി അയാള്‍ മല ചുറ്റിയിറങ്ങി.
ഗുഹയുടെ ഉള്ളില്‍ തറയിലും ചുവരുകളിലും മേല്‍ തട്ടിലുമെല്ലാം ഉന്തിനില്‍ക്കുന്ന കല്‍മുനകളില്‍ തട്ടാതെ അമരത്തേക്ക് നടക്കുന്ന ടോണിയുടെ പിന്നാലെ ശാലീനയും ബുദ്ധിമുട്ടി നടന്നു. മനുഷ്യര്‍ ആദ്യം കുടിപാര്‍ത്തിരുന്ന എല്ലാ ഗുഹകളെയും അവള്‍ സങ്കല്‍പ്പിക്കാന്‍ തുടങ്ങി. രൂപം ആര്‍ജ്ജിക്കാതെ ബോധത്തില്‍ കിടന്നിരുന്ന എത്രയോ ചിന്തകള്‍ക്ക് ആകൃതിയുണ്ടാവുന്നതായി ശാലീന മനസ്സിലാക്കി. അമരത്ത് ആകാശത്തേക്കുള്ള കിളിവാതിലിലൂടെ സൂര്യവെളിച്ചവും തണുപ്പുള്ള കാറ്റിന്റെ അലകളും ഉള്ളിലേക്ക് കടന്നുവന്ന് അവരുടെ വിഭ്രാന്തി നിറഞ്ഞ മുഖങ്ങളെ തഴുകി. കാണാവുന്ന ആകാശമപ്പോഴും ചിത്രകാരന്‍ തയ്യാറാക്കിയ ക്യാന്‍വാസിന്റെ ഒരു ചീന്താണ്. സിംഹാസനക്കല്ലിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ടോണിയില്‍ അനുഷ്ടാനങ്ങളുടെ മാന്ത്രികത ആവേശിച്ച ചലനങ്ങള്‍ ഉണ്ടാകുന്നു. അത് ശ്രദ്ധിച്ച ശാലീനയുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി. അപരിചിതമായ ഇടങ്ങളിലേക്ക് പുരുഷന്മാരുടെ ഒപ്പം ഒരിക്കലും തനിയെ പോകരുതെന്ന മിനി മോളുടെ ഉപദേശം വലിയ പ്രകമ്പനങ്ങളായി ശാലീനയുടെ തലയ്ക്കുള്ളില്‍ പെരുമ്പറകൊട്ടി.
സാവധാനമാണ് ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന പൂച്ചെണ്ട് ടോണി അബ്രഹാം പുറത്തെടുത്തത്. അയാളുടെ അമ്മയുടെ വലിയ ശേഖരത്തില്‍ നിന്നെടുത്ത മയില്‍ പീലിയും വീട്ടില്‍ വളര്‍ത്തുന്ന കിളികളുടെ വര്‍ണ്ണച്ചിറകിലെ പല നിറങ്ങളിലെ തൂവലുകളും വീട്ടിലെ പൂന്തോട്ടത്തിലെ പൂക്കളും ഇലകളും ശേഖരിച്ച് വാഴനാരില്‍ കെട്ടിച്ചേര്‍ത്ത് തലേരാത്രിയില്‍ അയാള്‍ ഉണ്ടാക്കിയതാണ് ആ പൂച്ചെണ്ട്. വഞ്ചിഗുഹയില്‍ ഒരുമിച്ചാവുന്ന ഈ നിമിഷത്തിന്റെ ആകാംക്ഷയില്‍ ഉറക്കം വരാതിരുന്നപ്പോള്‍ ഉണ്ടായ ഭാവനയില്‍ തോന്നിയാണ് പൂച്ചെണ്ട് കെട്ടിയത്. അതു പറയുമ്പോള്‍ ടോണിയുടെ ശബ്ദം വിറച്ചത് ശാലീനയെ പിന്നെയും ഭയപ്പെടുത്തി.
‘ശാലീന ഐ ലവ് യൂ, ഡൂ യൂ ലവ് മീ…’
പൊടുന്നനെ കുനിഞ്ഞ് മുട്ടില്‍ നിന്നുകൊണ്ട് അതുപറയുമ്പോള്‍ സമ്മതമാണെന്നല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ തനിക്ക് ശേഷിയില്ലെന്ന ഉന്മാദം കലര്‍ന്ന ശബ്ദം ഒരു ആര്‍ത്തനാദമായാണ് ശാലീന കേട്ടത്. ഒരു നിമിഷം നിശ്ചേഷ്ടയായിപ്പോയ ശാലീനയെ ഭ്രാന്തമായ ശക്തിയോടെ ടോണി അബ്രഹാം ആലിംഗനം ചെയ്തു. ചുണ്ടുകളില്‍ ചുണ്ട് ചേര്‍ത്തമര്‍ത്തി വന്യമായ ആവേശത്തോടെ ചുംബിച്ചു. ഉള്‍ക്കിടിലത്തില്‍ ചകിതയായ ശാലീന ജീവനുവേണ്ടി പിടയുന്ന മൃഗത്തിന്റെ ശക്തിയോടെ ടോണിയെ കുതറി തെറിപ്പിച്ചുകളഞ്ഞിട്ട് പുറത്തേക്ക് കുതിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ശപിച്ചും വലിയ തെറിവാക്കുകള്‍ വിളിച്ചുപറഞ്ഞും ഉറക്കെകരഞ്ഞും ശാലീന രക്ഷപ്പെടാനായി എങ്ങോട്ടെന്നില്ലാതെ ഓടി. പൂച്ചെണ്ട് അവരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു.
മലയുടെ കിഴുക്കാംതൂക്കായ ചരിവില്‍ വഴുതിവീണ് ചരിഞ്ഞ പ്രതലത്തിലൂടെ താഴേക്ക് കുറേ ഉരുണ്ടുപോയിട്ട് കല്ലില്‍ തടഞ്ഞ് ഒരു തടത്തില്‍ കിടക്കുന്ന ശാലീനയെയാണ് ഗുഹയിലേക്ക് തിരികെ വരികയായിരുന്ന ബഷീര്‍ ആലം കണ്ടത്. പ്രാതലുകളും ലൂമിയും മറ്റു പാനീയങ്ങളും അടങ്ങിയ സഞ്ചികള്‍ കയ്യില്‍പേറി വരികയായിരുന്നു. കുട്ടികള്‍ അവരുടെ മാത്രം സ്വകാര്യനിമിഷങ്ങള്‍ കുറേ എടുത്തോട്ടെയെന്ന ചിന്തയില്‍ സാവധാനത്തിലായിരുന്നു അയാളുടെ മടക്കം. രക്ഷക്കായി ഉച്ചത്തില്‍ നിലവിളിക്കുന്ന ശാലീന വീണുകിടക്കുന്നതുകണ്ട ബഷീര്‍ ആലം കയ്യിലുണ്ടായിരുന്നതെല്ലാം വലിച്ചെറിഞ്ഞു. എന്നിട്ടയാള്‍ മലയുടെ ചരിവിലൂടെ അതി ശ്രദ്ധയോടെ പതുക്കെ നീങ്ങി ശാലീനയുടെ അരികിലെത്തി. ശാലീനയ്ക്ക് പിടിക്കാന്‍ ചരിവിലേക്ക് കിടന്നുകൊണ്ട് ബഷീര്‍ ആലം തന്റെ കൈ നീട്ടികൊടുത്തു. അയാളെ വിശ്വസിക്കുകയല്ലാതെ ശാലീനയ്ക്ക് മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.
ജാഗ്രതയോടെ മെല്ലെ മെല്ലെ ചുവടുകള്‍ വയ്പ്പിച്ചു ശാലീനയെ അയാള്‍ നിരപ്പുള്ളിടത്തേക്ക് കൊണ്ടുവന്നു. കൈകാലുകളില്‍ പലയിടങ്ങളില്‍ ഉരഞ്ഞും ചതഞ്ഞും മുറിഞ്ഞും തൊലിപോയും ചോരയൊലിപ്പിക്കുന്ന പെണ്‍കുട്ടിയുമായി ബഷീര്‍ ആലം മനാനയിലെ റാസ്കുലൈബിലേക്ക് വണ്ടിയോടിച്ചു പോയി.
ഏറെനേരം കഴിഞ്ഞ് വഞ്ചിഗുഹയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ടോണി അബ്രഹാം മറ്റൊരാളായി മാറിയിരുന്നു. അപ്പോള്‍ പുറത്ത് പെയ്യുന്ന നല്ല മഴയിലേക്കാണ് അയാള്‍ വന്നത്. ചെളിയില്‍ നിന്ന് ഊരിയെടുക്കാന്‍ പ്രയാസമുള്ള കാലുകളെ വലിച്ചെടുക്കാന്‍ ശ്രമിക്കാതെ അയാള്‍ ആ മണ്ണിലേക്ക് കിടന്നു. ബഷീര്‍ ആലം മടങ്ങി വന്നപ്പോള്‍ വിടര്‍ത്തി ഉയര്‍ത്തിയ ഇരുകൈകളും മണ്ണില്‍ ചേര്‍ത്ത് മഴയില്‍ നനഞ്ഞു കുതിര്‍ന്ന് കൈകള്‍ പോലെ കാലുകളും വിടര്‍ത്തി ചെളിയില്‍ കമഴ്ന്ന് കിടക്കുന്ന ടോണി അബ്രഹാമിനെയാണ് കണ്ടത്. ജ്വരമൂര്‍ച്ഛയില്‍ മരുന്നും ചികിഝകളുമായി വീട്ടിന് പുറത്ത് ഇറങ്ങാതിരുന്ന കുറേദിവസങ്ങള്‍ക്ക് ശേഷം ദില്‍മുനിയ വിട്ടുപോയ ടോണി അബ്രഹാം പിന്നീടൊരിക്കലും മടങ്ങിവന്നില്ല.
(തുടരും)