ചിത്രീകരണം : ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം ആറ്​
അധ്യായം രണ്ട്​​:
ഒരു പ്രതിഭാശാലിയുടെ ഭാവനാവിഷ്കാരങ്ങൾ

മാൻപവർ സപ്ലൈ സാവകാശത്തിൽ അവസാനിപ്പിക്കണമെന്നും വേറെ ബിസിനസ്​ എന്തെങ്കിലും കണ്ടുപിടിച്ച് ആരംഭിക്കണമെന്നും ചിന്ത ഉദിച്ചത് സൈനബിൽ ആണ്.

ഋഷികേശനെയും രാമചന്ദ്രനെയും പിടിച്ചിരുത്തി സൈനബ് സംസാരിക്കും. നാടുംവീടും വിട്ടുവന്നിട്ട് അതീവ പ്രാകൃതമായ പരിതസ്​ഥിതിയിൽ ജീവിക്കാനും എന്തു ജോലിയും ചെയ്യാനും തയ്യാറാവുന്നവരുടെ അവസ്​ഥ ആലോചിക്കാൻ സൈനബ് ആവശ്യപ്പെടും. അവരുടെ ഗതികേടിനെ മുതലെടുത്ത് മനുഷ്യരെ കൂട്ടിക്കൊടുത്ത് പണം ഉണ്ടാക്കുന്നത് തന്റെ മനസ്സ് മടുപ്പിക്കുന്നുവെന്ന് സൈനബ് പറയും.

മാൻപവർ സപ്ലൈ തുടങ്ങി ചിലമാസങ്ങൾ കഴിഞ്ഞപ്പോൾ മുതൽക്കേ സൈനബിൽ ആ ചിന്ത ഉദിച്ചിരുന്നു. ഈ ബിസിനസ്​ പാപമാണെന്ന് താൻ പറയുന്നത് മനസ്സിലാക്കാൻ വേണ്ടത്ര അനുകമ്പയോ സഹാനുഭൂതിയോ തന്റെ ബാബക്കില്ലാത്തതുകൊണ്ടാണ് നിങ്ങളോട് ആവശ്യപ്പെടുന്നതെന്ന് സൈനബ് അവരോട് ആവർത്തിച്ചു. ചിലപ്പോൾ എമ്മിയെസ്​ ഓഫീസിൽ വച്ച് ഞാൻ സൈനബിനെ കണ്ടുമുട്ടുമ്പോൾ എന്നോടും അതായി സംഭാഷണ വിഷയം. കിട്ടിത്തുടങ്ങിയ നല്ലവരുമാനം ഈ തിന്മയിലേക്ക് തളച്ചിടുന്നതിന് മുന്നേ വേറെവഴികൾ കണ്ടെത്താൻ രാമചന്ദ്രനേയും ഋഷികേശനെയും പ്രേരിപ്പിക്കണം എന്ന് സൈനബ് കാണുമ്പോഴെല്ലാം പറയാൻ തുടങ്ങി.

ദുമിസ്​കാനിലെ ഈന്തപ്പനത്തോട്ടത്തിൽ അർബാബിന്റെ ക്യാമ്പിൽ കക്കൂസും കുളിമുറിയും മെസ്​ഹാളും വേണ്ടുവോളം ഉണ്ടായി. എത്തിച്ചേരുന്ന തൊഴിലാളികൾക്ക് താമസിക്കാൻ കൂടുതൽ ക്യാമ്പ് മുറികൾ ഉണ്ടാക്കിയത് ഋഷികേശന്റെ മേൽനോട്ടത്തിലാണ്. ഈന്തപ്പനത്തോട്ടത്തിലെ ജോലികൾ നടക്കുമ്പോൾ ഋഷികേശൻ കടൽത്തീരത്ത് നിന്ന് നല്ല വലിപ്പമുള്ള ചിപ്പിക്കൂടുകളും കടൽ ശംഖുകളും കടൽക്കല്ലുകളും മീനെല്ലുകളും ധാരാളം പെറുക്കിക്കൂട്ടി. പിന്നീട് അതെല്ലാം ഉപയോഗിച്ച് അയാൾ കലാവസ്​തുക്കൾ ഉണ്ടാക്കി മരത്തിന്റെ പീഠങ്ങളിൽ ഉറപ്പിച്ചു. അതുകാണാനിടയായ സൈനബ് അതിമനോഹരം എന്ന് പ്രശംസിക്കുകയും അവ ഉപയോഗിച്ച് പുതിയ ഓഫീസ്​ അലങ്കരിക്കാൻ ഋഷികേശനോട് ആവശ്യപ്പെടുകയും ചെയ്തു. ഋഷികേശന്റെ കലാവിരുതും കരകൗശലശേഷിയും സൈനബിനെ വശീകരിച്ചു. ദുമിസ്​കാനിലെ തോട്ടത്തിൽ തുരുമ്പെടുക്കാൻ തുടങ്ങിയ അർബാബിന്റെ കാർപ്പെൻ്ററി വർക്ക്ഷോപ്പ് സൈനബ് നന്നാക്കുകയും പ്രവർത്തികൾക്ക് സജ്ജമാക്കുകയും ചെയ്തു. അവിടെ മരത്തിൽ ഭംഗിയുള്ള ഉരുപ്പടികളും കലാവസ്​തുക്കളും ഉണ്ടാക്കാൻ ഋഷികേശനെ പ്രേരിപ്പിച്ചു. ഋഷികേശൻ ചെയ്തെടുത്ത കലാവസ്​തുക്കൾ വച്ച് അലങ്കരിച്ച ഓഫീസ്​ ഒരു ആർട്ട് എമ്പോറിയം പോലെ കാണപ്പെടുന്നതായി. ഒരിക്കൽ ഓഫീസിൽ ചെന്നപ്പോൾ ഋഷികേശൻ കൊത്തിയുണ്ടാക്കിയ കലാവസ്​തുക്കളുടെ അലങ്കാരങ്ങൾ കണ്ട അബ്രഹാം ജോസഫാണ് ആ ഓഫീസിന്റെ ധർമ്മത്തിൽ അവിടെക്കണ്ട അലങ്കാരധാരാളിത്തത്തിന്റെ ചേരായ്ക ഉന്നയിച്ചത്. അതിൽ കൂടുതലും അവിടുന്ന് മാറ്റുകയാണ് ഉചിതമെന്നും തന്റെ വീട്ടിൽ ഇനിയുമൊരുപാട് സ്​ഥലം ബാക്കിയുണ്ടെന്നും അദ്ദേഹം തമാശ പറഞ്ഞു.

ആ സംഭാഷണത്തിൽ നിന്ന് ഉത്തേജനം കൊണ്ടാണ് സൈനബിന് പുതിയ ബിസിനസ്​ സങ്കൽപത്തിന്റെ ആശയം ഉരുത്തിരിഞ്ഞ് കിട്ടിയത്. ഋഷികേശന്റെ ഡിസൈനുകളിൽ തടിയിൽ കൊത്തുപണികൾ ചെയ്തെടുക്കുന്ന അലങ്കാരരൂപങ്ങളും വീട്ടകങ്ങളെ സൗന്ദര്യപ്പെടുത്തുന്ന വസ്​തുക്കളും ഫർണിച്ചറുകളുമായി കലാവിഷ്കാരങ്ങളെ ഉണ്ടാക്കിവിൽക്കുന്ന ഒരു ബിസിനസിന്റെ നഖചിത്രവുമായാണ് പിറ്റേന്ന് സൈനബ് ഓഫീസിൽ വന്നത്. വീട്ടകങ്ങളിലെ ഫർണിച്ചറുകളും അലങ്കാരങ്ങളും പാരമ്പര്യ അറബിരീതികളിൽ നിന്ന് മാറി യൂറോപ്പുകാരെപ്പോലെ ആവുന്ന പുതിയ പ്രവണത പരക്കുകയാണ്. വാങ്ങൽശേഷി കൂടുതലുള്ള ദിൽമുനിയക്കാരുടെ കമ്പോളം അതിലൂടെ തുറന്നുകിട്ടുന്നു.

അനന്യമായ പ്രതിഭയുമായി ഒപ്പമുള്ള ഡിസൈനർ ഋഷികേശൻ, കൺസ്​ട്രക്ഷൻ കമ്പനികളിൽ കോൺക്രീറ്റ് തട്ടടിച്ച് കഴിയുന്ന ഋഷികേശന്റെ ബന്ധുക്കളായ ധാരാളം കരകൗശല ജോലി വിദഗ്ധർ, ബിസിനസിന്റെ സാമ്പത്തിക വശങ്ങൾ നോക്കാൻ കർക്കശക്കാരനായ രാമചന്ദ്രൻ. നല്ല വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ലേബർ സപ്ലൈ ഉപേക്ഷിച്ചിട്ട് കലാവസ്​തു കച്ചവടം തുടങ്ങുന്നതിലെ നൈതികതയിൽ നിന്നുണ്ടാകുന്ന അഭിമാനവും ഊർജ്ജവും, ഋഷികേശനും രാമചന്ദ്രനും യോജിക്കുകയല്ലാതെ മറ്റു മാർഗം ഒന്നുമില്ലാത്ത വിധത്തിലാണ് സൈനബ് അതവതരിപ്പിച്ചത്.

തങ്ങളുടെ പൂർവ പരമ്പരയും മരപ്പണി ചെയ്യുന്നവർ ആയിരുന്നെന്നും ഋഷികേശൻ ആചാരി എന്ന പോലെ തന്നെയാണ് സൈനബ് അൽ നജ്ജാർ എന്നും സൈനബ് പറഞ്ഞു. മഹ്ദി അൽ നജ്ജാർ എന്ന അർബാബും സഹോദരന്മാരും ദുമിസ്​കാനിലെ ഈന്തപ്പനത്തോട്ടത്തിൽ അടഞ്ഞുകിടക്കുന്ന വർക്ക്ഷോപ്പിൽ നേരത്തേ മരപ്പണികൾ ചെയ്തിരുന്നെന്ന് സൈനബ് വെളിപ്പെടുത്തിയത് അറിഞ്ഞപ്പോൾ അർബാബ് കോപിച്ചു. ലേബർ സപ്ലൈ പോലെ അദ്ധ്വാനിക്കാതെ പെട്ടെന്ന് ധാരാളം പണം വരുന്ന ബിസിനസ്​ എന്തിന് ഉപേക്ഷിക്കണം എന്നായിരുന്നു അർബാബ്. മകൾ പറയുന്ന മനുഷ്യത്വം അർബാബിന് തീരെ ദഹിച്ചില്ല. അയാൾ പുതിയ ബിസിനസ്​ നിർദ്ദേശം തിരസ്​കരിച്ചു.

പുതിയ ബിസിനസ്​ പച്ചപിടിക്കുമ്പോൾ വരുമാനം കൂടുതലായിരിക്കുമെന്നും അത് ശരിയായി വരും വരെ ലേബർ സപ്ലൈ നിലനിറുത്തുമെന്നും വാക്ക് കൊടുത്താണ് അർബാബിനെ അനുനയിപ്പിച്ചത്. ദീർഘകാലത്തേക്കാണ് ഈന്തപ്പനത്തോട്ടത്തിന്റെ പാട്ടം. അതുകൊണ്ട് അവിടെ ഇനിയും വർക്ക് ഷോപ്പുകൾ അർബാബ് ഉണ്ടാക്കും. തന്റെ പേരിൽ പുതുക്കിയ കമ്മേഴ്സ്യൽ ലൈസൻസിൽ ഷോറൂം വ്യാപാരം കൂടി ചേർത്ത് ലൈസൻസ്​ ഭേദഗതി ചെയ്യും. അതിന് നഗരത്തിൽ ഷോറൂം വാടകയ്ക്ക് എടുക്കും. ആവശ്യമുള്ള അത്രയും ജോലിക്കാർക്ക് വിസ നൽകും. മറ്റൊരുതരം നിക്ഷേപവും അർബാബ് ചെയ്യില്ല. മൂന്നിലൊന്ന് ലാഭവിഹിതം കിട്ടണം. അതായിരുന്നു അർബാബിന്റെ വ്യവസ്​ഥ. ബിസിനസ്​ നടത്തിപ്പിന്റെ മുഴുവൻ ഉത്തരവാദിത്വവും വഹിക്കാൻ വേണ്ടത്ര ഭാരിച്ച അദ്ധ്വാനത്തിന് തയ്യാറായിരുന്നെങ്കിലും മുതൽമുടക്ക് മുഴുവനും അവർതന്നെ കണ്ടെത്തണമെന്ന നിബന്ധന ഋഷികേശനെയും രാമചന്ദ്രനെയും ഭയപ്പെടുത്തി. ഉപദേശം തേടി അബ്രഹാം ജോസഫിനെയാണ് അവർ സമീപിച്ചത്.

‘‘കമ്മേഴ്സ്യൽ ലൈസൻസും സ്​പോൺസർക്ക് കൊടുക്കേണ്ട തുകയുമാണ് ദിൽമുനിയയിലെ കീഴ്​വഴക്കങ്ങൾ പ്രകാരം ബിസിനസ്​ തുടങ്ങാൻ ഇറങ്ങുന്ന ആളിന്റെ ഏറ്റവും വലിയ ചെലവുകൾ. വർക്ക്ഷോപ്പുകളും ഷോറൂമും നല്ല മുതൽമുടക്ക് വേണ്ടി വരുന്ന ഇനങ്ങളാണ്. അത് അയാൾ വഹിക്കാമെന്ന് പറയുന്നത് മോശമല്ലാത്ത വ്യവസ്​ഥയാണ്. അർബാബിനെ വിശ്വസിക്കുന്നതിൽ അപകടമുണ്ട്. പക്ഷേ അത്തരം അപകടങ്ങൾ ഇല്ലാതെ ബിസിനസ്​ ചെയ്യാൻ ഇവിടെ ആർക്കും അവസരം കിട്ടാറില്ല. അതായിരുന്നു അബ്രഹാം ജോസഫ് നൽകിയ ഉപദേശം.

കുറേ രാത്രികളിൽ ഈ വീട്ടിൽ വിളക്കുകൾ അണയ്ക്കാതിരുന്ന് ഞങ്ങൾ ഗുണദോഷങ്ങൾ വിശകലനം ചെയ്തു. വേണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനാവാതെ നേരം വെളുപ്പിച്ചു. ലേബർ സപ്ലൈ ചെയ്തുണ്ടാക്കുന്ന പണവും അത് നൽകുന്ന ഐശ്വര്യങ്ങളും നല്ലതല്ലെന്ന സൈനബിന്റെ നിലപാടിൽ ചേർന്ന ഋഷികേശനെ ഞാനും പിന്തുണച്ചപ്പോൾ പുതിയ ബിസിനസ്സുമായി മുന്നോട്ടു പോകാം എന്ന തീരുമാനമുണ്ടായി. അർബാബ് അല്ല, സൈനബ് ആണ് സ്​പോൺസറുടെ ആളായി നിന്ന് കാര്യങ്ങൾ ചെയ്യുന്നത്. കൃത്യമായ കണക്കുകൾ പ്രകാരം ഓരോരോത്തരുടെയും വീതങ്ങളും പണിക്കാർക്ക് ശമ്പളവും കൊടുക്കുന്നുണ്ട്. സൈനബ് അങ്ങിനെ തന്നെ തുടരും എന്ന് വിശ്വസിക്കാൻ എല്ലാവർക്കും തോന്നി.

പുതിയ ബിസിനസ്​ ഓടുന്ന പാകമെത്താൻ ഒന്നുരണ്ടു വർഷങ്ങൾ വേണ്ടി വരും. രണ്ടു വർഷം ലേബർ സപ്ലൈ ചെയ്തുണ്ടാക്കുന്ന പണം മതിയാകും ബിസിനസ്സിനെന്ന് അബ്രഹാം ജോസഫും ഉപദേശിച്ചു. ഏറെ ചിന്തിച്ചും ഹാൻസ്​ പോൾസന്റെ സഹായം തേടിയുമാണ് സ്​ഥാപനത്തിന് ആർട്ട് വേൾഡ് എന്ന് സൈനബ് പേര് നൽകിയത്.

ഋഷികേശന്റെ ഭാവനയിലും പ്രതിഭയിലും വിരിഞ്ഞുണ്ടാകുന്ന കലാപരമായ ആവിഷ്കാരങ്ങൾ വാങ്ങി സ്വന്തമാക്കാൻ ദിൽമുനിയ ആകെ ഓടിയെത്തുമെന്ന സൈനബിന്റെ അതിമനോഹരമായ സ്വപ്നത്തെ ഏറ്റെടുത്ത് ആദരിക്കുവാൻ ഞാനും തുടങ്ങിയിരുന്നു. ഫ്ലാറ്റിലെ എന്റെ യാന്ത്രികമായ ജീവിതത്തിന്റെ വിരസതയും മുഷിപ്പും കുറച്ചെടുത്തത് ഋഷികേശന്റെ സാന്നിധ്യം പ്രസരിപ്പിച്ച സഹൃദയത്വമാണ്. അക്കാലത്ത് സൈനബിന്റെ ചിന്തകളും ചുറ്റിയിരുന്നത് ഋഷികേശനെ കേന്ദ്രീകരിച്ചായിരുന്നെന്ന് പിന്നീടൊരിക്കൽ പറഞ്ഞപ്പോൾ ശാലീന ചോദിച്ചു, ‘‘അമ്മയ്ക്കും അങ്കിളിനെ വളരെ ഇഷ്ടമായിരുന്നില്ലേ?’’
‘‘പക്ഷേ ആരുടേയും ഇഷ്ടങ്ങൾ അയാൾ അറിഞ്ഞില്ല. എല്ലാവരോടും അയാൾ അയാളായി മാത്രം പെരുമാറി. ഓരോരുത്തരും തിരിച്ചെങ്ങിനെയെന്ന് അയാൾ അറിഞ്ഞതേയില്ല. ഒരേയൊരാളിൽ തറച്ച ഏകാഗ്രതയിലായിരുന്നു ഋഷികേശന്റെ മനോവ്യാപാരങ്ങൾ മുഴുവനും. അതൊരുതരം ഭ്രാന്തായിരുന്നു. അസാധാരണമായ ഭ്രാന്ത്.’’
തുടർന്നൊന്നും പറയാതെ എന്റെ കൈകവർന്ന് മെല്ലെ തലോടി ചിന്തകളിലാഴ്ന്ന് ശാലീന മിണ്ടാതിരുന്നപ്പോൾ എന്തെന്ത് തിരയിളക്കങ്ങൾ ആവും അവളുടെ ഉള്ളിലെന്ന് ഞാനൂഹിച്ചു.

ഋഷികേശന്റെ നിഗൂഡമായ തപസ്സിനറുതി വരുത്താനാണ് ഞങ്ങൾ നാട്ടിലേക്ക് പോയത്. ആർട്ട് വേൾഡ് സ്​ഥാപിക്കുന്ന ജോലികളുടെ അനിശ്ചിതത്വങ്ങളിലേക്ക് കൂപ്പുകുത്തുന്നതിന് മുന്നേ സഫിയത്തിനെ കൂട്ടിക്കൊണ്ടുവരാനുള്ള ഋഷികേശന്റെ യാത്ര സംഭവിക്കണമെന്ന് തീരുമാനിച്ചത് ഞാനാണ്. ഋഷികേശന്റെ വീട്ടിന് പിന്നിലെ പുഴയുടെ മറ്റേക്കരയിൽ ഞാനും രാമചന്ദ്രനും അയാളോടൊപ്പം സഫിയത്തിനെ കാത്തുനിന്ന രാത്രി മായാതെ ഇപ്പോഴും കുന്നിലുണ്ട്. രാത്രിയിൽ മൂന്നുമണി നേരമാകുമ്പോൾ ഇറങ്ങി വരണം എന്നാണ് അറിയിച്ചിരുന്നത്.

ഞങ്ങൾ പോയ വാഹനം കുന്നിൻമുകളിലെ ടാറിട്ട നാട്ടുവഴിയുടെ ഓരത്ത് നിറുത്തിയിട്ടു. ഇരുവശത്ത് നിന്നും വളർന്നു പരസ്​പരം പിണയാറായ കൈതകൾ അതിരിട്ട ഇടുക്കുവഴിയിലൂടെ പുഴക്കടവിലേക്ക് ഞങ്ങൾ കുന്നിറങ്ങി. താഴെ കടവത്ത് എത്തിയപ്പോൾ അവിടെ കൂരിരുളിൽ മറഞ്ഞിരിക്കുന്ന കൽക്കെട്ടിനുമുകളിൽ ഞങ്ങൾ നിന്നു. പുഴയ്ക്ക് വീതി കുറഞ്ഞ് ഒരു തോടുപോലെ ആയിടത്താണ് കടവും വഞ്ചികൾക്ക് അടുക്കാൻ വേണ്ടിയുള്ള കൽക്കെട്ടും. കടവിനക്കരെ മറ്റേക്കുന്നിെൻ്റ മുകളിൽ എത്തുന്നിടത്താണ് ഋഷികേശെൻ്റയും സഫിയത്തിന്റെയും അടുത്തടുത്തുള്ള വീടുകൾ. അക്കരെ നാലഞ്ചു വീടുകളുടെ ഓരം ചേർന്ന് ഓല കെട്ടിയ വേലിയുടെ വശത്തെ നടവഴിയിലൂടെ മുകളിലേക്ക് കയറിപ്പോകണം. ആ വഴിയിലൂടെ ഇറങ്ങിവരുന്ന സഫിയത്തിനെയാണ് ഞങ്ങൾ കാത്ത് നിൽക്കുന്നത്. നിധിപോലെ ഒളിപ്പിച്ചുവച്ചിട്ടുള്ള കത്തുകൾ ഉടുത്ത് മാറാനുള്ള വസ്​ത്രത്തിൽ പൊതിഞ്ഞ കെട്ടുമായി കുന്നിറങ്ങി കടവത്തുവന്ന് നീന്തി ഇക്കരെ നിൽക്കുന്ന ഞങ്ങളുടെ ഒപ്പം ചേരണമെന്നാണ് അറിയിച്ചിട്ടുള്ളത്. ആൺകൂട്ടങ്ങളിലും പെൺകൂട്ടങ്ങളിലുമായി വെവ്വേറെ ആയിരുന്നെങ്കിലും അവർ ഒരുപാട് നീന്തി മുറിച്ച് കടന്ന പുഴയാണ്. തുണിപ്പൊതി നനയാതെ പിടിച്ച് സഫിയത്ത് നീന്തിയിക്കരെ വരുമെന്ന് ഋഷികേശന് നല്ല ഉറപ്പാണ്. വാപ്പ സുബഹി നിസ്​കരിക്കാൻ എഴുന്നേൽക്കുന്നതിന് മുന്നേ വീട്ടിൽ നിന്നിറങ്ങണമെന്നു മാത്രം. അതുകൊണ്ടാണ് മൂന്നുമണി നേരം തീരുമാനിച്ചത്. അവിടെപ്പോയി കുറേനേരം നിൽക്കണം എന്ന് കൊതിവരുവോളം ഋഷികേശൻ വർണിച്ച് ഭ്രമിപ്പിച്ചിട്ടുള്ള അവരുടെ കുന്നിൻചരുവിലെ പുഴക്കടവിലാണ് നിൽക്കുന്നത്. കുളിര് പകരുന്ന ഇളം കാറ്റുമുണ്ട്. എന്നാലിപ്പോൾ നിറഞ്ഞ സംഭ്രമത്തിൽ ചൂട്പിടിച്ച് എന്റെ നെറ്റിത്തടത്തിൽ നിന്ന് വിയർപ്പുമണികൾ ഒഴുകി വീഴുന്നു. വീടിന് അക്കരെയുള്ള നാട്ടിലെ ഇടവഴിയിലായതിനാൽ ഋഷികേശന് പോലും പരിചയക്കുറവുള്ള സ്​ഥലത്താണ് ഞങ്ങൾ. ഒളിച്ചോടാൻ വരുന്ന സഫിയത്തിനെയും കാത്ത് അറിയാത്ത നാട്ടിൽ അകമെല്ലാം വിറകൊണ്ട് നിൽക്കുന്ന അവസ്​ഥയുടെ തരിപ്പുപോലുമില്ലാതെ ശബ്​ദമുണ്ടാക്കാതെ രാമചന്ദ്രൻ ഒപ്പമുണ്ട്. സ്വന്തം വീട്ടിലേക്ക് മകളുമൊത്ത് നടത്തിയ മടങ്ങിപ്പോക്ക് യാത്രയുടെ പരാജയമുണ്ടാക്കിയ ഞെട്ടലും മരവിപ്പും ദിവസങ്ങൾ കഴിഞ്ഞിട്ടും രാമചന്ദ്രനെ വിട്ടുപോയിട്ടില്ല.

നേരം പുലരുന്നതിന്റെ അടയാളങ്ങൾ തെളിഞ്ഞിട്ടും ബാങ്ക് വിളിയുടെയും അമ്പലത്തിലെ പാട്ടിന്റെയും ശബ്​ദങ്ങൾ വന്ന് പുലർകാലമഞ്ഞിൽ കലർന്നിട്ടും എത്തിച്ചേരാതിരുന്ന സഫിയത്തിനെയും പ്രതീക്ഷിച്ച് ഞങ്ങൾ പിന്നെയും അവിടെ നിന്നു. വിശ്വാസത്തകർച്ചയിൽ ഋഷികേശൻ പൊട്ടിത്തെറിച്ച് പോകുമോ എന്ന് ഞാൻ ഭയപ്പെട്ടു. സന്ദേഹങ്ങൾ എതുമില്ലാത്ത അചഞ്ചലമായ ഉൾബോദ്ധ്യം ഋഷികേശനിൽ ഒരു പൊടിപോലും അയഞ്ഞുകണ്ടില്ല. അപരിചിതരായ രണ്ടു പുരുഷന്മാരെ ഒരു സ്​ത്രീയുടെ ഒപ്പം ആ നേരത്ത് കണ്ടിട്ട് ആരെന്നും എന്തെന്നും അന്വേഷിക്കാൻ അടുത്തേക്ക് വരുന്നവരുടെ എണ്ണം കൂടാൻ തുടങ്ങി. പിന്നെയും അവിടെ തുടരാനാവില്ലെന്ന് തോന്നിയപ്പോൾ ഞങ്ങൾ അവിടുന്ന് തിരിച്ചു പോയി.

രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവധിക്കു വന്ന പേർഷ്യാക്കാരനായി ഋഷികേശൻ വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ സ്​നേഹസ്വീകരണങ്ങളുടെ അതിബഹളമായിരുന്നു. ജോലിയില്ലാതെ ദുരിതം അനുഭവിച്ചിരുന്ന ബന്ധുക്കളെയും നാട്ടുകാരെയും പേർഷ്യയിൽ കൊണ്ടുപോയ ഋഷികേശന് അപ്പോൾ നാട്ടിൽ രക്ഷകവേഷമായിരുന്നു. ആളെത്തിയിട്ടുണ്ടെന്ന് വാർത്ത നാട്ടിൽ പരന്നിട്ട് വിസ കിട്ടുമോ എന്നറിയാൻ അനവധി ആളുകൾ കാണാൻ ചെന്നു. അവരുടെ അതിവിനയത്തിനും ആദരവിനും അപേക്ഷകൾക്കും നടുവിൽ ഋഷികേശൻ അന്യഗ്രഹജീവിയെപ്പോലെ ഇരുന്നു. തൊണ്ടയിൽ കെട്ടിക്കിടക്കുന്നൊരു പൊട്ടിക്കരച്ചിലുമായി പെങ്ങൾ ആൾ ബഹളങ്ങളിൽ നിന്ന് മാറി നടന്നു. വീട്ടിൽ ആഘോഷങ്ങളുടെ കോലാഹലങ്ങൾ ഇരമ്പുമ്പോഴും പെങ്ങൾ അതിലൊന്നും പങ്കെടുത്തിരുന്നില്ല.

വളരെ പണിപ്പെട്ടാണ് നെഞ്ചിലെ ഭാരമിറക്കി വയ്ക്കാൻ പെങ്ങൾക്ക് ഋഷികേശനെ തനിച്ച് കിട്ടിയത്. ഒളിച്ചോടനൈാരുങ്ങിയ രാത്രിയിൽ താനറിയാതെ തുളുമ്പിപ്പോയ വൈകാരികതയും സ്​നേഹവായ്പും വീട്ടിൽ മുഴച്ചുനിന്നിരിക്കാം എന്ന് സഫിയത്ത് കരുതുന്നു. പകലത്തെ പണിക്ഷീണവുമായി സുബഹി ബാങ്ക്​ കേൾക്കുവോളവും ബോധമില്ലാതുറങ്ങുന്ന ബാപ്പ അന്ന് രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട് കിടന്നത് സഫിയത്തിന് എന്താവും പറ്റിയതെന്ന് അമ്പരന്നാവാം.

അനുമതിയും മാപ്പും അപേക്ഷിച്ച് കണ്ണുനീർ തൂവിക്കൊണ്ട് ബാപ്പയുടെ പാദങ്ങളിൽ തൊടാതെ തൊട്ടാണ് സഫിയത്ത് തുണിപ്പൊതിയുമായി വാതിൽ തുറന്നിറങ്ങിയത്​. ബാപ്പ മോളെ തടഞ്ഞ് നിറുത്തി. തുണിപ്പൊതിയിൽ നിന്ന് രാമചന്ദ്രന്റെയും എന്റെയും കയ്യക്ഷരങ്ങളിലെ കത്തുകൾ വായിച്ചു. ബാപ്പ മോളോട് ഒന്നും പറഞ്ഞില്ല. വരൻ പ്രായംചെന്ന രണ്ടാംകെട്ടുകാരനും രോഗിയും ആയതുകൊണ്ട് ആയിടെ വേണ്ടെന്ന് വച്ച ആലോചനയ്ക്ക് സമ്മതമാണെന്ന് ബ്രോക്കറെ അറിയിച്ചു. ഇനിയൊരിക്കലും സഫിയത്തിനെ കാണാൻ പോലും കഴിയില്ലെന്ന അറിവിൽ ഋഷികേശൻ കണ്ണുപൊട്ടനായിപ്പോയി. തന്നെകണ്ട് ജീവിതം കരുപ്പിടിപ്പിക്കുവാൻ കാത്തുനിൽകുന്ന അനവധി ആളുകളുടെ മുന്നിൽ ആരെയും കാണാതിരുന്നു.

ഋഷികേശന്റെ പെങ്ങൾ അയച്ച കത്തിലെ സഫിയത്തിന്റെ വാക്കുകളാണ് അപ്പോൾത്തന്നെ പോകണമെന്ന് തീരുമാനമെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ജീവിക്കാൻ നാലഞ്ച് വർഷത്തെ സമ്പാദ്യം മതിയാവില്ലേ എന്നവൾ ചോദിക്കുന്നു. വീട്ടുകാരുടെ കയ്യിൽ കാശില്ലാത്തതുകൊണ്ട് നടക്കാൻ വൈകുന്ന തന്റെ നിക്കാഹ് എപ്പോൾ വേണമെങ്കിലും സംഭവിക്കുമല്ലോ എന്ന് അവൾ ഭയപ്പെടുന്നു. പാവപ്പെട്ടവരായതുകൊണ്ട് വീട്ടു ജോലിക്കാരിയാക്കാൻ വേണ്ടിയുള്ള കല്യാണാലോചനകൾ പലതു വരുന്നുണ്ട്. അതിന് അധികം കാശ് വേണ്ടാത്തതുകൊണ്ട് എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാം, പെങ്ങൾ എഴുതി.

ആർട്ട് വേൾഡ് സ്​ഥാപിക്കാനാവശ്യമായ അധിക ജോലികളുമായി നിന്നുതിരിയാനിടയില്ലാതെ നടക്കുകയാണ് പുരുഷന്മാർ രണ്ടുപേരും. അവരുടെ സാന്നിധ്യം ദിൽമുനിയയിൽ അനിവാര്യമാണെന്നും അവധിയും യാത്രയും നീട്ടിവയ്ക്കണമെന്നും അവർ ശഠിച്ചു. ശാലീന ഹയർസെക്കണ്ടറി ക്ലാസിലേക്ക് കടക്കുന്നതിന് മുമ്പായി മുത്തശ്ശിയുടെ അനുഗ്രഹം തേടുന്നത് എന്റെ ആശയമായിരുന്നു. അനുഗ്രഹം വാങ്ങാനെന്ന പേരിൽ അച്ഛനും മകളും രാമചന്ദ്രന്റെ വീട്ടിൽ പോകുന്നതും അവർ രഞ്ജിപ്പാകുന്നതും ഞാൻ കിനാവ് കണ്ടു.

ഒരേ മുറിയിൽ ഒരുമിച്ചു താമസിക്കുമ്പോഴും മെല്ലെമെല്ലെ ഓളങ്ങളിൽ പെട്ടിട്ടെന്ന പോലെ യാത്രാമൊഴിയൊന്നും പറയാതെ അകന്നു പോകുന്ന രാമചന്ദ്രനെ തിരിച്ചുപിടിക്കാൻ കുടുംബത്തെക്കുള്ള അയാളുടെ മടക്കം സഹായിക്കും എന്നെനിക്ക് തോന്നി. ഒരാളെ മാത്രം കരുതിയും കാത്തും ദീർഘകാലം കഴിഞ്ഞതിന്റെ കെട്ടുപാടുകൾ ഒന്നൊന്നായി അയഞ്ഞു പോകുന്നത് എന്നെ വേദനിപ്പിച്ചു. എനിക്കുണ്ടെന്ന് കണ്ടുമുട്ടിയ കാലം മുതൽ ഞങ്ങൾ പരസ്​പരം സമ്മതിച്ചിരുന്നതാണ് അധിക തന്റേടം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത അശരണയായ ഒരു സ്​ത്രീയുടെ കൈവിട്ട കളികളാണ് അതെന്ന് രാമചന്ദ്രൻ പിറുപിറുത്തപ്പോൾ ഞാൻ കാലുറപ്പിച്ചിരിയ്ക്കുന്ന നിലം ഉലയുന്നത് എനിക്ക് കൂടുതൽ അനുഭവപ്പെട്ടു. പൂർണ്ണമായ പരാജയങ്ങളുണ്ടായത് എനിക്കാണെന്ന് ആരും അറിഞ്ഞില്ല.

സഫിയത്തിന്റെ അദ്ധ്യായം അവസാനിച്ചതോടെ ആർട്ട് വേൾഡ് തീർന്നുവെന്ന് ഞാനും രാമചന്ദ്രനും കരുതി. സംഭവിച്ചത് മറിച്ചായിരുന്നു. ഋഷികേശന്റെ അപാരമായ പ്രണയോർജത്തിന് പാത്രമായി സഫിയത്തിന്റെ സ്​ഥാനത്ത് ആർട് വേൾഡ് വന്നു. അയാളിലെ രക്ഷകവേഷം കത്തിജ്ജ്വലിച്ചു. സ്വന്തം ബന്ധുമിത്രാദികളും അകന്ന ചാർച്ചക്കാരും സമപ്രായക്കാരും കൂടെ കളിച്ചവരുമെല്ലാം ദിൽമുനിയയിൽ എത്താൻ അയാൾ വഴിയൊരുക്കി. അവരിൽ നിന്ന് കരവിരുതും കലാബോധവുമുള്ളവർ ആർട്ട് വേൾഡലെ ജോലിക്കാരായി.

മുഷിഞ്ഞ ലുങ്കിയും തുളകൾ വീണ ബനിയനും ഉപേക്ഷിച്ച് നല്ല നീലനിറത്തിലെ പണിക്കുപ്പായങ്ങൾ ധരിച്ച് അവർ ഫർണിച്ചറുകളും കലാവസ്​തുക്കളും പണിതെടുക്കുന്നത് കാണാൻ അയാൾ രാവുംപകലും അദ്ധ്വാനിച്ചു. മരവും തടിയും മുറിയ്ക്കാനും ചിന്തേരിടാനും ഉറപ്പിക്കാനും കറണ്ടിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പിടിപ്പിച്ച് വർക്ക്ഷോപ്പിനെ ആധുനികമായ ഫാക്റ്ററി നിലവാരത്തിലെത്തിച്ചു. ദ്വീപിലെ മറ്റേതൊരു ഷോറൂമിനും കിടപിടിക്കുന്ന സജ്ജീകരണങ്ങളുള്ള ഷോറൂം തയ്യാറായി. സൈനബും രാമചന്ദ്രനും അയാളുടെ ഒപ്പം നിന്നു. കയ്യിലുള്ള കാശിന് ചേരുന്ന ആർട്ട് വേൾഡ് പോരേയെന്ന എന്റെ ചോദ്യം അവഗണിച്ച് കളയുവനോളം ലഹരി ഋഷികേശനുണ്ടായിരുന്നു. മറ്റു രണ്ടുപേരും അയാളെ കണ്ണടച്ച്​ പിൻപറ്റുകയായിരുന്നു. ആവശ്യത്തിന് പണമുണ്ടാക്കുന്ന ഉത്തരവാദിത്തം രാമചന്ദ്രനിൽ പിന്നെയും സമ്മർദ്ദങ്ങളുണ്ടാക്കി.

എല്ലാ നേരവും ഫോണിലൂടെ ആരോടെങ്കിലും പണം ചോദിക്കുന്നതും തിരിയെ എത്തിച്ച് കൊടുക്കുന്നതും വീട്ടിലെ മുഖ്യ ശബ്​ദങ്ങളായി. ദിൽമുനിയ സെൻട്രൽ മാർക്കറ്റിലെ നൂറുകണക്കിന് പച്ചക്കറി, പഴം സ്റ്റാളുകളിൽ കൂടുതലും സ്വദേശികളുടെ പേരിൽ മലയാളികൾ നടത്തുന്നതാണ്. നാട്ടിലുണ്ടാക്കുന്ന കണക്കിൽപെടുത്താൻ കഴിയാത്ത അഴിമതിപ്പണം വെളിപ്പിച്ചെടുക്കാൻ രാഷ്ട്രീയക്കാർ അവരുടെ ബിനാമികളെ വച്ച് നടത്തുന്ന സ്റ്റാളുകൾ അവിടെ ഏറെയുണ്ട്. വലിയ തോതിൽ നികുതി വെട്ടിക്കുന്നവരായ നാട്ടിലുള്ള ബിസിനസ്​കാർക്കും റിയൽഎസ്റ്റേറ്റ് കച്ചവടക്കാർക്കും സെൻട്രൽ മാർക്കറ്റിൽ ബിനാമികളും സ്​റ്റാളുകളുമുണ്ട്. ഇവിടെ വ്യാപാരത്തിനും ബിസിനസ്സിനും യാതൊരു നികുതിയും ഇല്ലാതിരുന്നതിനാൽ വിറ്റുവരവ് എഴുതി കണക്കുപുസ്​തകം സൂക്ഷിക്കേണ്ടതില്ല. എവിടെയും കാണിച്ച് ബോദ്ധ്യപ്പെടുത്തേണ്ടതുമില്ല. ഏതു തുകയും ലാഭമാകാം. എത്ര വലിയ ലാഭവും യാതൊരു കണക്കെടുപ്പും ബാധകമല്ലാത്ത നല്ല വിദേശസമ്പാദ്യപണമായി നാട്ടിലേക്ക് പോകും. എല്ലാ കള്ളപ്പണവും വെളുപ്പിച്ച നികുതിയില്ലാത്ത വിദേശപ്പണമായി മാറും. പലതരം ചിട്ടികളും ദിവസപ്പലിശപ്പിരിവുമായി പണവിനിമയങ്ങളുടെ കുഴഞ്ഞു മറിഞ്ഞ കൊടുക്കൽ വാങ്ങൽ ഭാഷ എല്ലാനേരവും സെൻട്രൽ മാർക്കറ്റിലെ പഴം, പച്ചക്കറി, സ്റ്റാളുകളുടെ മുകളിൽ ചുറ്റുന്നുണ്ടാവും. രാമചന്ദ്രൻ അതിലും കണ്ണി ചേർന്നു.

സൈനബ് വിഭാവന ചെയ്തത് പോലെ ഋഷികേശന്റെ കലാപരമായ ആവിഷ്കാരങ്ങൾ ദ്വീപിലെ ഭവനങ്ങളെ ഭംഗിപ്പെടുത്തി. വലിയ കൂട്ടുകുടുംബങ്ങളായി മക്കളെല്ലാം ഒരു വീട്ടിലെന്ന താമസവ്യവസ്​ഥയിൽനിന്ന് വിട്ടുമാറി വിവാഹശേഷം തങ്ങളുടെ മാത്രം വീടുണ്ടാക്കുന്ന ഇണകൾ വർധിച്ച് വരുന്ന കാലം. സ്വന്തം വീടുണ്ടാക്കി താമസം തുടങ്ങുന്ന സ്വദേശികളും വാടകവീടുകൾ ഒരുക്കുന്ന വിദേശികളും ആർട്ട് വേൾഡ് ഷോറൂം സന്ദർശിച്ചു. ഓപ്പറേഷൻസ്​ മാനേജർ ആയ ഋഷികേശനും കോട്ടും സ്യൂട്ടും പെർഫ്യൂമും അണിഞ്ഞു. പെങ്ങളെ വിവാഹം ചെയ്ത് കൊടുത്ത സർക്കാരുദ്യോഗസ്​ഥൻ അവധിയെടുത്ത് വന്ന് ഷോറൂം മാനേജരായി. വരുമാനമുണ്ടായി തുടങ്ങിയപ്പോൾ അതിൽ ഒരു ഭാഗം മാറ്റിവയ്ക്കണമെന്നും കിട്ടുന്നത് മുഴുവനും ആർട്ട് വേൾഡിൽ വീണ്ടും നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ലെന്നുമുള്ള എന്റെ അഭിപ്രായത്തെ ഋഷികേശനും രാമചന്ദ്രനും മാനിച്ചില്ല. വലിയ ചക്രവാളങ്ങൾ സ്വപ്നം കാണാൻ പാങ്ങില്ലാത്ത മലയാളി സ്​ത്രീയുടെ മനച്ചുരുക്കം ആണെന്ന് അവർ ചിരിച്ചുതള്ളി.

അതേസമയം നല്ലൊരു ഹൗസിംഗ് കോമ്പൗണ്ടിലേക്ക് വീട് മാറി കുറച്ചു കൂടി സൗകര്യങ്ങളോടെ താമസിക്കാൻ പാങ്ങുണ്ടായിട്ടും അവർ തയ്യാറായില്ല. ഐശ്വര്യങ്ങൾ കൊണ്ടുവന്ന ഈ വീടിന്റെ രാശിയിൽനിന്ന് മാറിയാൽ ഐശ്വര്യ ദേവത ഇറങ്ങിപ്പോകുമോ എന്നവർ ഭയപ്പെട്ടു. പകരമായി വീടിനുചേരാത്ത വിധം രാജകീയത തോന്നുന്ന തടി ഫർണിച്ചറുകൾ ചെയ്ത് വീടിന്റെ അകം നിറച്ചു. രണ്ടുപേരും അവരവരുടെ നാടുകളിലെ പുണ്യസ്​ഥലങ്ങളിൽ നേർച്ചകളും വഴിപാടുകളും ധാരാളമായി ചെയ്യുകയും സംഭാവനകൾ കൊടുക്കുകയും ചെയ്തു. രാശി നന്നായാലും ദിവ്യാനുഗ്രഹങ്ങൾ ഉണ്ടായാലും ദിൽമുനിയയിൽ രക്ഷപ്പെട്ട് ധനികനാകുമെന്ന പൊതുബോധം വളർന്നു വന്നു. ഭാഗ്യം അന്വേഷിക്കുന്ന എല്ലാവരും അവരവരുടെ മതത്തിന്റെയും ജാതിയുടെയും കുടുംബത്തിന്റെയും പുണ്യസ്​ഥലങ്ങളിലേക്ക് അതിനുവേണ്ടിയുള്ള സംഭാവനകൾ ധാരാളമായി ചെയ്തു. ആയിടങ്ങൾ എല്ലാം നാട്ടിൽ തഴച്ചു വളർന്നു.

രണ്ടാം നിലയിൽ ഈ ഫ്ലാറ്റിന് നേരെമുകളിലുള്ള ഫ്ലാറ്റെടുത്ത്​ ഋഷികേശൻ വീട് മാറി തനിച്ചു താമസിക്കാൻ തുടങ്ങി. നാട്ടിലെ അവധി കഴിഞ്ഞെത്തിയ ശേഷം അയാൾ ആണ്ടു പോയ മദ്യപാനത്തിനും അനുബന്ധകാര്യങ്ങൾക്കും ആവശ്യത്തിന് സ്വകാര്യതയ്ക്ക് വേണ്ടിയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. എന്നാലും കുടംപുളിയിട്ടുവറ്റിച്ച് കറിവയ്ക്കാൻ ഇഷ്ടപ്പെട്ട മീനുകളും വാങ്ങി അയാൾ ഇങ്ങോട്ടാണ് വരിക. തേങ്ങ വറുത്തരച്ച് കൊഞ്ച് തീയൽ വയ്ക്കാനും പലതരം പ്രഥമനുണ്ടാക്കാനും ഞാൻ പഠിച്ചത് അതെല്ലാം അയാൾക്ക് ഇഷ്ടമായത് കൊണ്ടാണ്.

പെങ്ങൾ എത്തിച്ചേർന്നപ്പോൾ നല്ല അവിയലും സാമ്പാറും വയ്ക്കാൻ എന്നെ പഠിപ്പിക്കാൻ അയാൾ പെങ്ങളോട് ശുപാർശ ചെയ്തു. രാമചന്ദ്രൻ അപ്പോഴേക്കും വെളുത്തുള്ളി കൂടി ഉപേക്ഷിച്ച സസ്യാഹാരി ആയി മാറിയതിനാൽ വീട്ടിൽ രണ്ടുതരം പാചകങ്ങൾ വേണ്ടി വന്നു. ഒരേ കട്ടിലിൽ കിടക്കുമ്പോൾ കെട്ടിപ്പിടിക്കാനായി നീണ്ടു ചെന്ന കൈകളിൽ കൂട്ടുകെട്ടിന്റെ മിത്രതയും ദാർഢ്യവുമല്ല വെളുത്തുള്ളി ഉദ്ദീപിപ്പിക്കുന്ന കാമവികാരമാണ് രാമചന്ദ്രന് കാണാൻ കഴിഞ്ഞത്. മുമ്പത്തെപ്പോലെ അബോധത്തിൽ അയാളുടെ ദേഹത്തേക്ക് ആശ്രയം തേടി ചെല്ലുന്ന എന്റെ കാലുകൾക്ക് അമിതഭാരം തോന്നിയ രാമചന്ദ്രൻ അത്തരം അശ്ലീലങ്ങൾ നിറുത്തണമെന്ന് ഉറക്കമുണർന്ന് ആവശ്യപ്പെട്ടു.

നാലഞ്ച് അവധി ദിവസങ്ങൾ ഒരുമിച്ച് വന്ന് ബാങ്ക് അടവ് ആകുന്നതിന് ഒരു ദിവസം മുന്നേയുള്ള ഒരു രാത്രി. മലേഷ്യയിലെ തടിക്കമ്പനിയിലേക്ക് ബാങ്ക് വഴി അയക്കാൻ പണം ഉണ്ടാക്കുന്ന ശ്രമങ്ങൾ വീട്ടിൽ കൊടുമ്പിരിക്കൊള്ളുന്നു. ഋഷികേശന്റെ അളിയനും പെങ്ങളുമെല്ലാം വന്നിരിപ്പുണ്ട്. പണം ചെന്നിട്ട് മാത്രമേ മലേഷ്യയിലെ പോർട്ടിൽ നിന്ന് മരം കപ്പലിൽ കയറ്റുകയുള്ളൂ. വൈകിയാൽ ആർട്ട്​ വേൾഡിൽ തടിക്ഷാമം വരും. അതുകൊണ്ട് എങ്ങനെയും പണം അയപ്പിക്കുവാൻ ഋഷികേശനും പണിയെടുക്കുന്നുണ്ട്.

ബാങ്കുകളിലും ഗവൺമെൻ്റ് ഓഫീസുകളിലും ഭൂരിപക്ഷം ജോലിക്കാരും സ്വദേശികളായതുകൊണ്ട് വർഷം മുഴുവനും അവർക്ക് ഓരോ പേരുകളിൽ ധാരാളം അവധി ദിവസങ്ങളുണ്ട്. കുടിയേറ്റത്തൊഴിലാളികൾ നിറഞ്ഞിരിക്കുന്ന സ്വകാര്യ മേഖലയിൽ എല്ലാ ദിവസവും രാവും പകലും ജോലിയുണ്ടാവും. അവയ്ക്കിടയിലെ പൊരുത്തമില്ലായ്മയുടെ ദോഷഫലങ്ങൾക്ക് പരിഹാരജോലികൾ ചെയ്യേണ്ടതും സ്വകാര്യ മേഖലയാണ്. അവധികൾ മുൻകൂട്ടികണ്ട് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ മുൻകരുതലുകൾ എടുക്കും. അത്തരത്തിൽ ഒന്നാണ് ബാങ്ക് അടച്ച് പോകുന്നതിന് മുന്നേയുള്ള പണമടപ്പ്.

നാലുപാട് നിന്നും എല്ലാവർക്കും അവധി മുൻകണ്ട ആവശ്യങ്ങൾ ഉയരുന്നതിനാൽ സാധാരണ വഴികളിലൊന്നും രാമചന്ദ്രന് പണം കിട്ടിയില്ല. ഒടുവിൽ പലിശഭീമൻ എന്നറിയപ്പെടുന്ന ബേസിലിനെ അവർ ഫോണിൽ വിളിച്ചു. അയാളുടെ വ്യവസ്​ഥകൾ രാമചന്ദ്രൻ അംഗീകരിക്കുന്ന ഘട്ടം എത്തിയപ്പോൾ ഞാൻ ഇടപെട്ടു. കാരണം ബേസിലിനോട് പണം പലിശക്കെടുത്തവരുടെ സ്​ഥാപനങ്ങൾ അയാളുടെ കയ്യിൽ എത്തിച്ചേരുന്നതായാണ് കേട്ടിട്ടുള്ളത്. എന്റെ കൈവശം ഫോർമാൻ ബാബു സൂക്ഷിക്കാൻ തന്ന പണമുണ്ടെന്നും കുറച്ച് ദിവസത്തേക്ക് ഞാനത് കടമായി കൊടുക്കാമെന്നും എനിക്ക് പറയേണ്ടി വന്നു.

സഹായങ്ങൾ എന്തെങ്കിലും ആവശ്യം വരുമ്പോൾ ക്യാമ്പിലെ തൊഴിലാളികൾ ഫോർമാൻ എന്ന് വിളിച്ച് ഓടിച്ചെല്ലുന്നതുകൊണ്ടാണ് അനേകം ഫോർമാന്മാരുള്ള എമ്മിയെസ്​ ഗ്രൂപ്പിലെ ഒരാൾ മാത്രം ഫോർമാൻ ബാബു ആയത്. അപകടം പറ്റുന്നവരെയും വലിയ വ്യാധികൾ പിടിപെടുന്നവരെയും കൊണ്ട് പതിവായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകാറുള്ളത് അയാളാണ്. അങ്ങനെ അയാൾക്കുണ്ടായ പരിചയവും ബന്ധങ്ങളും കാരണം ക്യാമ്പിൽ ആർക്കെങ്കിലും ആശുപത്രിയിൽ പോകേണ്ടിവരുമ്പോൾ അവർ ബാബുവിനെ തേടിച്ചെന്നു. തനിക്കുള്ള അസുഖം എവിടെ എന്തായാണ് അനുഭവപ്പെടുന്നതെന്ന് ഡോക്റ്റർമാരോട് പറയാൻ ഭാഷയില്ലാത്ത രോഗികൾ പരുക്കൻ ഹിന്ദിയിലും മലയാളത്തിലും തമിഴിലും അത് ബാബുവിനോട് പറഞ്ഞു. ബാബു ഡോക്ടർമാരോട് അതെങ്ങിനെയെങ്കിലും പറഞ്ഞൊപ്പിച്ചു. മൃതദേഹങ്ങൾ എംബാം ചെയ്തു പെട്ടിയിലടച്ച് നാട്ടിലേക്ക് അയക്കാൻ തയ്യാറാക്കുന്ന മോർച്ചറി ഉദ്യോഗസ്​ഥരെ സഹായിക്കാനും ബാബു പോകും. വിമാനത്തിൽ നിറയ്ക്കാൻ കാർഗോ ടെർമിനലിൽ വച്ചിട്ടുള്ള അനേകം കാർഗോകളിൽ ഒന്നായി ശവപ്പെട്ടിയും വച്ചിട്ടുണ്ടാവും. ലോഡിംഗ് കാരിയർ വന്ന് അതെടുക്കും വരെ ബാബു ശവപ്പെട്ടിയുടെ അരികിൽ കൂട്ടുനിൽക്കും. എമ്മിയെസ്​ ഗ്രൂപ്പിൽ ജോലി കിട്ടി വന്നിട്ട് പത്തിരുപത് വർഷങ്ങളായെങ്കിലും നാട്ടിൽ ഗൾഫ്കാരന്റെ പത്രാസ്​ കാട്ടുന്ന വലിയ വീടും കാറുകളും ബാബുവിനില്ല. ജോലിയുടേതല്ലാത്ത കാര്യങ്ങൾക്കുവേണ്ടി ഹാൻസ്​ പോൾസനെ കാണാൻ പതിവായി ഓഫീസിൽ വരാറുള്ള ഫോർമാൻ ബാബുവിനെ എനിക്കും നല്ലപരിചയമാണ്.

ഫോർമാൻ ബാബു അയാളുടെ നാട്ടിൽ നിന്ന് എമ്മിയെസ്​ കമ്പനിയിൽ കൊണ്ടുവന്ന ഒരു മേസൻ പണിക്കാരൻ കമ്പനിയിൽ നിന്ന് ചാടി നിൽക്കുകയായിരുന്നു. അറബിവീടുകളിലെ ചെറിയ മേസൻ ജോലികൾ ചെയ്ത് വെളിയിൽ ഒളിച്ച് താമസിക്കുകയായിരുന്നു അയാൾ. വിവാഹം കഴിക്കാൻ വേണ്ടി അവധിക്ക് നാട്ടിൽ പോയി മടങ്ങി വന്ന് നാലഞ്ചു മാസം കഴിഞ്ഞപ്പോഴാണ് അയാൾ കമ്പനി ചാടിയത്. ഗർഭിണിയായ ഭാര്യ അവളുടെ വീട്ടിലേക്ക് പോയിത്താമസിച്ചുകൊണ്ട് ധാരാളം സാധനങ്ങൾ വേണമെന്ന് അയാളോട് ആവശ്യപ്പെടാൻ തുടങ്ങി. ഗർഭശുശ്രൂഷയ്ക്കുള്ള ആശുപത്രിയാത്രകൾ ടാക്സികളിലാവുകയും ഗർഭകാല ഭക്ഷണക്രമങ്ങൾ വിലയേറിയതാവുകയും ചെയ്തു.

അച്ഛനും അമ്മയുമുള്ള സ്വന്തം വീട്ടിലെ ചെലവുകൾ നടത്താനും അയാളുടെ വരുമാനം മാത്രമേയുള്ളൂ. രണ്ടിടത്തെയും കൂടി ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ അയാൾക്ക് ഫോർമാൻ ബാബുവും കടം കൊടുത്തിട്ടുണ്ട്. സ്വന്തം വീട്ടിൽ നിന്നും ഭാര്യ വീട്ടിൽ നിന്നും മത്സരിച്ച് വരുന്ന ആവശ്യങ്ങളുടെ സമ്മർദ്ദം താങ്ങാനാവാതെ അയാൾ സങ്കടം പറഞ്ഞ് ബാബുവിനെ തേടിച്ചെന്നു. താൻ കമ്പനി ചാടി വെളിയിൽ പോയി അധിക ജോലികൾ ചെയ്യാൻ പോവുകയാണെന്നും വേറെ വഴിയൊന്നും മുന്നിലില്ലെന്നും മേസൻ പറഞ്ഞപ്പോൾ ഫോർമാൻ ബാബു അയാൾക്ക് മൗനസമ്മതം നൽകുകയും ചെയ്തു. ഒരു അറബിവീടിന്റെ മട്ടുപ്പാവിൽ പണി ചെയ്തു കൊണ്ടിരിക്കെ നിലതെറ്റി താഴെ പതിച്ച ആ ചെറുപ്പക്കാരൻ ഒരാഴ്ചയോളം കോമയിൽ കിടന്നിട്ട് മരണപ്പെട്ടുപോയി.

മേസന് അപകടം പിണഞ്ഞതല്ല, അയാൾ മനഃപ്പൂർവം താഴേയ്ക്ക് എടുത്തു ചാടിയതു താൻ കണ്ടതാണെന്ന് കയ്യാളായി ഒപ്പം ജോലി ചെയ്തിരുന്ന ബംഗ്ലാദേശി പയ്യൻ ഫോർമാൻ ബാബുവിനെ അറിയിച്ചിരുന്നു. അതാരോടും പറയാതിരിക്കാൻ ബംഗ്ലാദേശി പയ്യനെ താൻ ചട്ടം കെട്ടിയിട്ടുണ്ടെന്നു ഫോർമാൻ ബാബു ഓഫീസിൽ വന്നപ്പോൾ പറഞ്ഞു. ഫോർമാൻ ബാബു മുൻകയ്യെടുത്ത് കുടുംബ സഹായഫണ്ട് പിരിവ് നടത്തുകയും ഒരു വലിയ തുക വന്നു ചേരുകയും ചെയ്തു. അയാൾ ജോലി ചെയ്തിരുന്ന അറബിവീട്ടുകാരും അവരുടെ കുടുംബക്കാരും അയൽക്കാരും നല്ല തുക സംഭാവന ചെയ്തു. അവരവരുടെ ഗതിയോർത്ത് തൊഴിലാളികൾ പ്രതികരിക്കുന്നത് കൊണ്ടാവാം, ദിൽമുനിയയിൽ മരിച്ചിട്ട് പിരിക്കുമ്പോൾ കിട്ടുന്ന സംഖ്യ വലുതായിരിക്കും. ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്ന തൊഴിലാളികളെ മരിച്ചുകളയാൻ പ്രേരിപ്പിക്കുമെന്നത് കൊണ്ട് ആ പ്രവണത അത്ര നല്ലതല്ലെന്ന് ഹാൻസ്​ പോൾസൻ അക്കാലത്ത് ഫോർമാൻ ബാബുവിനോടു പറഞ്ഞിട്ടുണ്ട്. നല്ല തുക ശേഖരിക്കാൻ കഴിഞ്ഞ വിവരം ഫോർമാൻ ബാബു നാട്ടിലേക്ക് അറിയിച്ചത് വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന ചാരിതാർത്ഥ്യത്തോടെയാണ്.

അപ്പോഴേക്കും ദിൽമുനിയയിൽ നിന്ന് ഫോണിലൂടെ നാട്ടിലേക്ക് സംസാരിക്കാൻ വഴിയൊരുങ്ങിയിരുന്നു. കിട്ടിയതിൽ ഒരു പൈസയും അവൾക്ക് കൊടുക്കരുതെന്നും അവളുണ്ടാക്കിയ മനോവിഷമത്തിലാണ് കുടുംബത്തിന്റെ കഞ്ഞിക്ക് വഴിതേടിയിരുന്ന മകന് അപമൃത്യു ഉണ്ടായതെന്നും അമ്മയുടെ ഫോൺ കാൾ ഫോർമാൻ ബാബുവിന് വന്നു. പിന്നാലെ പെൺവീട്ടുകാരുടെ വിളിയും വന്നു. വീട്ടുകാരുടെ ഒടുക്കത്തെ ആർത്തിയാണ് അവനെ തള്ളിയിട്ട് കൊന്നതെന്നായിരുന്നു ആ വിളിയിൽ. കറവപ്പശുവായി വച്ചിരുന്ന മകൻ അവന്റെ കുഞ്ഞിന് ചെലവിന് കൊടുത്തത് പിടിക്കാഞ്ഞ അമ്മയാണ് കൊലപാതകിയെന്നും. ചെറുപ്രായത്തിൽ വിധവയായിപ്പോയ ഭാര്യക്കും കുഞ്ഞിനും മാത്രം അർഹിക്കുന്നതാണ് കിട്ടിയ കാശ്. അതിലൊരു ചില്ലിക്കാശും മറ്റാർക്കും കൊടുക്കരുതെന്ന് അവരും ശഠിച്ചു.

രണ്ടു കൂട്ടർക്കും തുല്യമായി വീതിക്കാമെന്ന് ഫോർമാൻ ബാബു നിർദ്ദേശം മുന്നോട്ടു വച്ചു. നാട്ടിൽ വരുമ്പോൾ രണ്ടുകാലിൽ നടക്കാൻ ആഗ്രഹമില്ലേയെന്നാണ് ഭാര്യയുടെ വീട്ടുകാർ ചോദിച്ചത്. മകന്റെചോരക്കാശ് കൊണ്ട് അവൾ വേറെ കെട്ടിസുഖിക്കാൻ വഴിയൊരുക്കിയാൽ ബാബുവിന്റെ വീട്ടുപടിക്കൽ സത്യാഗ്രഹം കിടക്കുമെന്ന് അമ്മയും കുടുംബവും ഭീഷണിപ്പെടുത്തി. അങ്ങനെ അനിശ്ചിതത്വം മുന്നോട്ട് പോയപ്പോൾ പണം സൂക്ഷിക്കുന്നത് ഫോർമാൻ ബാബുവിന് ഒരു പ്രശ്നമായി. ക്യാമ്പിലെ അടച്ച് പൂട്ടില്ലാത്ത മുറിയിൽ വലിയതുക സൂക്ഷിക്കാൻ ഭയന്ന ഫോർമാൻ ബാബു സഹായം തേടി ഹാൻസ്​ പോൾസനെ കാണാൻ വന്നപ്പോൾ,
‘‘മിനിമോളുടെ കയ്യിൽ കൊടുത്തേക്കൂ, തീരുമാനമാകും വരെ വീട്ടിൽ വച്ചേക്കും’’ എന്നു ഹാൻസ്​ പോൾസൻ നിർദ്ദേശിച്ചു.

ഏകദേശം ആറുമാസം കടന്നുപോയിട്ടും ഏതു നിമിഷവും സംഭവിക്കാവുന്ന ഒത്തുതീർപ്പ് വ്യവസ്​ഥയും കാത്ത് ആ പണം എന്റെ അലമാരയിലെ തുണികൾക്കിടയിലിരുന്നു.

ഞാനത് വെളിപ്പെടുത്തിയ നിമിഷം പോലൊന്ന് ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിൽ അതിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ചെറുതും വലുതുമായ സംഖ്യകൾക്ക് വേണ്ടി വെജിറ്റബിൾ മാർക്കറ്റിലെ ദിവസച്ചിട്ടിക്കാരോടും പലിശക്കാരോടും ആർട്ട് വേൾഡിലെ തൊഴിലാളികളോടു തന്നെയും കെഞ്ചി കടം വാങ്ങുന്നതിെൻ്റ ശബ്​ദങ്ങൾ ആ വീട്ടിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും എന്റെ പക്കലുണ്ടായിരുന്ന പണം ഞാൻ കൊടുത്തില്ലല്ലോ എന്ന് ഞാനൊഴികെ അവിടെ എല്ലാവരും അപ്പോൾ വാപൊളിച്ചു. മനസ്സിൽ ഞാൻ എത്ര മാത്രം അന്യയാണെന്ന് അതിൽ അളന്ന രാമചന്ദ്രന്റെ മനം കടുത്തു. എന്തായാലും ആ പണം ഇനി വേണ്ടെന്ന രാമചന്ദ്രെൻ്റ പ്രഖ്യാപനത്തെ ഋഷികേശൻ ഇടപെട്ട് തിരുത്തി. അവധി കഴിഞ്ഞ് ഒരാഴ്ച്ച കഴിയുമ്പോൾ തിരിച്ചുതരാമെന്ന് വാക്ക് പറഞ്ഞ് അയാൾ ആ പണം വാങ്ങി. പിന്നെയും ആറു മാസം കഴിഞ്ഞാണ് ഫോർമാൻ ബാബുവിന്റെ വെക്കേഷൻ വന്നത്. അയാളുടെ വീട്ടുകാർ സ്​ഥലത്തെ എം എൽ എയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഉൾപ്പെടുത്തി മദ്ധ്യസ്​ഥത ഉണ്ടാക്കി. അമ്മയ്ക്കും കുഞ്ഞിനും ഭാര്യക്കുമായി സംഖ്യ കൃത്യം മൂന്നായി ഭാഗിക്കും. കുഞ്ഞിന്റെ മൂന്നിലൊന്ന് ഭാഗം വളർന്നിട്ട് മാത്രം എടുക്കാവുന്ന നിക്ഷേപമാക്കും. എക്സ്​ചേഞ്ചിൽ പോയി ഇന്ത്യൻ രൂപയാക്കാൻ പണം എടുക്കാൻ ഫോർമാൻ ബാബു വെള്ളിയാഴ്ച വീട്ടിൽ വരുമെന്ന് പറഞ്ഞ തിങ്കൾ രാത്രി മുതൽ എനിക്കുറക്കം വന്നില്ല. വെള്ളിയാഴ്ച ഞാനും അതിശയിച്ചു പോയി. ഫോർമാൻ ബാബു വരുമ്പോൾ കൊടുക്കാനായി ആ സംഖ്യയും ന്യായമായ പലിശയും ആർട്ട് വേൾഡ് തൊഴിലാളികളുടെ സംഭാവനയും വീട്ടിലെത്തി. ഫോർമാൻ ബാബുവിന് നാട്ടിലേക്ക് കൊണ്ടു പോകാൻ തടിയിൽ ചെയ്ത ഒരു മുത്തുച്ചിപ്പിയുടെ ശില്പവും ആർട്ട് വേൾഡ് ഓഫീസിൽ നിന്ന് കൊടുത്തയച്ചു. എനിക്ക് ആർട്ട് വേൾഡുമായി ഒരു ബന്ധവും ഇല്ലെന്നും ഞാൻ അവിടുത്തെ ആരുമല്ലെന്നും പ്രതീകാത്മകമായി നടന്ന ആ പ്രഖ്യാപനം എന്റെയും അകം തൊട്ടു.

(തുടരും)

Comments