ചിത്രീകരണം: ദേവപ്രകാശ്​

പൊന്നൊഴുകിവന്ന കാലം

ഭാഗം ആറ്​
അധ്യായം അഞ്ച്​:
തുടക്കത്തിലേക്കുള്ള മടക്കയാത്രകൾ

‘‘എനിക്ക് മതിയായി. ഇനിയീ കോടതിയും കേസുകളുമായി നമുക്ക് നടക്കണ്ട.’’ കാലിയായ ചായക്കപ്പ് മേശപ്പുറത്തേക്ക് വച്ച് എഴുന്നേറ്റപ്പോൾ ശാലീന എന്നെയും ലൈബിയെയും മാറി മാറി നോക്കി.

‘‘ബാക്കി എല്ലാവരും എന്നേ എടുത്ത തീരുമാനം. അച്ഛനുവേണ്ടി കണക്കു തീർക്കാൻ തുനിഞ്ഞ മകളെ തടയെണ്ടെന്നു തോന്നി. പത്തുവർഷമാണ് നമ്മൾ അതിെൻ്റ പിന്നാലെ നടന്നത്.’’

ശാലീനയ്ക്ക് നന്നായറിയാത്ത ഒന്നുമല്ല ഞാൻ പറഞ്ഞത്. ഈ വീട്ടിൽ ഓരോ നിശ്ചിത ഇടവേളകളിൽ അതിന്മേൽ നീണ്ട ചർച്ചകൾ ഉണ്ടാവും. ചർച്ചയ്ക്കൊടുവിൽ പുതിയതീരുമാനം ഒന്നുമില്ലാതെ കേസ്​ കാര്യങ്ങൾ നടന്നുവന്നത് പോലെ തുടരും.

രേഖകളിൽ ആർട്ട് വേൾഡ് കമ്മേഴ്സ്യൽ ലൈസൻസ്​ ഉണ്ടായിരുന്നത് മഹ്ദി അൽ നജ്ജാരിന്റെ പേരിലാണ്. ഷോറൂമുകളുടെയും വർക്ക്ഷോപ്പിന്റെയും വാടകയുടമയും അയാൾ തന്നെ. അയാളുടെ പേരിലുള്ള സ്​ഥാപനം അയാൾ വില്പന നടത്തിയ ഇടപാടിൽ നിയമവിരുദ്ധമായി യാതൊന്നുമില്ല. രാജ്യത്തെ നിയമം തെറ്റിച്ചിട്ടോ ക്രമവിരുദ്ധമായോ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പരമോന്നത കോടതി വരെ സമർപ്പിച്ച അപ്പീലുകൾക്ക് വിധികൾ വന്നിട്ട് രണ്ടുമൂന്ന് വർഷങ്ങളായി. മഹ്ദി അൽ നജ്ജാർ മറ്റു രണ്ടു പേരും ചേർന്ന് തുല്യപങ്കാളിത്തത്തിൽ അവരുടെ നിക്ഷേപത്തിൽ നടത്തുന്ന ബിസിനസാണ് ആർട്ട് വേൾഡ് എന്നും ലാഭവും ബാധ്യതകളും ഉടമസ്​ഥതയും മൂന്നാൾക്കും തുല്യമായിരിക്കുമെന്നും അവരുടെ ഇടയിൽ ഒരു കരാറുണ്ട്. വില്പന നടത്തിക്കിട്ടിയ തുക മഹ്ദി അൽ നജ്ജാർ ഒറ്റയ്ക്ക് എടുത്തപ്പോൾ വഞ്ചന നടന്നുവെന്ന കേസ്​ പിന്നീട് കൊടുത്തത് വിദഗ്ദ്ധ നിയമോപദേശപ്രകാരമാണ്. മൂന്നിൽ രണ്ടു പേർ മരണപ്പെടുകയും മൂന്നാമൻ കോടതിക്കുമുമ്പാകെ ഹാജരാകാതെ വിദേശത്ത് ഒളിവിൽ പാർക്കുന്നുവെന്ന് സംശയിക്കപ്പെടുകയും ചെയ്യുന്നു. കേസിൽ ഇൻ്റർപോളിന്റെ സഹായം തേടണമെന്ന സബ്മിഷൻ ഒപ്പിടാനാണ് ശാലീന ഇന്ന് വക്കീലാഫീസിൽ പോയത്. എന്തെല്ലാം ചിലവും പ്രയത്നവും വേണ്ടി വന്നാലും കേസ്​ നടത്തി വിജയിപ്പിച്ച് അച്​ഛന്റെ പ്രതിച്ഛായ വീണ്ടെടുക്കുമെന്ന പ്രതിയിൽ ശാലീന അയവ് വരുത്തുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. കോടതി വ്യവഹാരങ്ങളിലൂടെ അല്ല അത് സംഭവിക്കേണ്ടതെന്ന് ശാലീന സ്വയം തിരിച്ചറിയുന്ന സമയം വരാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.

‘‘എങ്കിൽ, ഇനി നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങാം?’’ കുറേ നേരമായി പുലർത്തുന്ന മൗനം ഭഞ്ജിച്ച ലൈബി തീരെ ദുർബലമായ ​ശബ്​ദത്തിലാണത് മെല്ലെ പറഞ്ഞത്. ആദ്യത്തെ തവണ അമ്മയെ കാണാൻ അവധിക്കുപോയപ്പോഴുണ്ടായ തിരസകാരത്തിന്റെയും അവമതിയുടെയും അനുഭവങ്ങൾ ലൈബിയുടെ ഉള്ളിൽ കൊടുംകയ്പ്പായി കല്ലിച്ചു കിടക്കുന്നുണ്ടാവും. അതേസമയം, ജനിച്ചു വളർന്ന നാട് അവളെ അങ്ങോട്ട് പിടിച്ചു വലിക്കുന്നുമുണ്ടാവും.

ബോംബെയിൽ വാങ്ങിയ ഫ്ലാറ്റിൽ പാലുകാച്ചി കയറിത്താമസിക്കാൻ ഋഷികേശൻ ഉൾപ്പെടെ അഞ്ചു പേരും ചേർന്നുപോയ ഒരു അവധിക്കാലത്ത് മാത്രമേ ലൈബി പിന്നീട് ഇവിടം വിട്ടു പോയിട്ടുള്ളൂ. ബോംബെയിലെ എയർപോർട്ടിലേക്ക് പോവുകയും തിരുവനന്തപുരത്ത് നിന്ന് മടങ്ങിവരികയും ചെയ്തു. പാലുകാച്ച് കഴിഞ്ഞ് പത്തുദിവസമെടുത്ത് ബോംബെയിൽ നിന്ന് റോഡിലൂടെ യാത്ര ചെയ്താണ് തിരുവനന്തപുരത്ത് എത്തിയത്. ഗോവയിൽ ചെന്ന് വെസ്റ്റ് കോസ്റ്റ് ദേശീയപാത വഴി അറബിക്കടലിന്റെ തീരത്തിലൂടെ മാത്രം സഞ്ചരിച്ചു.

യാത്ര അവരവരുടെ നാടുകളെ കടന്നു പോകുമ്പോൾ ഋഷികേശനും രാമചന്ദ്രനും ഞാനും ആവേശഭരിതരാവുകയും ഉള്ളിൽ നിന്ന് തിരതല്ലി വന്ന കടുത്ത വികാരഭാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. അവൾ വളർന്ന നാടിനെ കടന്ന് പോകുമ്പോൾ ലൈബി കണ്ണുകളടച്ചിരുന്ന് വിതുമ്പിക്കരഞ്ഞു. ശാലീനയ്ക്ക് ആ യാത്ര മുഴുവനായും ഒരു സൗന്ദര്യാനുഭവം മാത്രമായിരുന്നു. പ്രിയപ്പെട്ട പ്രകൃതിദൃശ്യങ്ങളുടെയും ഭൂഭാഗ മനോഹാരിതയുടെയും അതിമനോഹരമായ കാഴ്ചാനുഭവം. വഴിയോരങ്ങൾക്ക് വൃത്തിയില്ലെന്നും ചപ്പുചവറുകൾ ചുറ്റിനും വലിച്ചെറിയുന്നതിന് ആ മനുഷ്യർക്ക് മടിയില്ലാത്തതെന്തെന്നും അവൾ വിമർശിച്ചു കൊണ്ടിരുന്നു. അവരുടെ വൃത്തിസാധ്യതകളുടെ പരമാവധിയിലാണ് ആ മനുഷ്യരെന്നും അക്കാണുന്നതാണ് സ്വാഭാവികമെന്നും എനിക്ക് തോന്നിയ ചിന്ത മറ്റുള്ളവരുടെ ശകാരം വാങ്ങുമെന്ന് തോന്നി ഞാൻ പറയാതിരുന്നു. സ്വന്തം നാട് കടന്നു പോയപ്പോളൊഴികെ യാത്ര മുഴുവനും രാമചന്ദ്രൻ നല്ല പ്രസാദാത്മകത്വം പുലർത്തി. ഭൂമിയിൽ മനോഹരമായ ഒരു പാട് സ്​ഥലങ്ങൾ സന്ദർശിക്കാനുണ്ടെന്നും സാവകാശത്തിൽ കുറെ ചെറിയ അവധികളെടുത്ത് അവിടെല്ലാം പോകണമെന്നും രാമചന്ദ്രൻ ആവർത്തിച്ചു. ബാക്കി നാല് പേരിലും ആ വാക്കുകൾ പ്രതീക്ഷകളും മോഹങ്ങളും പൂവിട്ടുനിറുത്തി. മേൽക്കുമേൽ വളർന്നുകൊണ്ടിരുന്ന ആർട്ട് വേൾഡ് നടത്തുന്നതിന്റെ ഉത്തരവാദിത്തങ്ങൾക്ക് നടുവിൽ അവർ പെട്ടുപോയി. ഉല്ലാസയാത്ര പോകാൻ അവധി എടുക്കാൻ പറ്റിയ അവസരം ഒരിക്കലും അവർക്ക് വന്നുചേർന്നില്ല. യാത്രകൾ പോകാനുള്ള നേരം വരുന്നത് നോക്കിയിരുന്ന ഞങ്ങൾക്ക് മുന്നിലൂടെ ആർട്ട് വേൾഡും രാമചന്ദ്രനും ഋഷികേശനും കാലവും കടന്നുപോയി.

ചൈനയിലുണ്ടായ പുതിയ വൈറസ്​ വ്യാധി ലോകത്തിലെ എല്ലാ നാടുകളിലേക്കും പടർന്ന് മനുഷ്യരെ കീഴ്പ്പെടുത്താൻ തുടങ്ങിയെന്നാണ് ഈ ദിവസങ്ങളിലെ വാർത്ത. അങ്ങനെയെങ്കിൽ മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പുകൾ എങ്ങനെ സാധ്യമാവും എന്ന സന്ദേഹം ഞാൻ ഉയർത്തി. ആളിപ്പടരുന്ന വൈറസ്​ രോഗത്തെക്കുറിച്ച് ലൈബി കൂടുതൽ മനസ്സിലാക്കിയിരിക്കുന്നു. അവൾ എല്ലാ നേരവും വാട്സാപ്പും യൂ ട്യൂബും നോക്കിയിരിപ്പാണ്. ഉച്ഛാസവായുവിലൂടെയും കണങ്ങളിലൂടെയും സ്​പർശത്തിലൂടെയും പകരുകയാണ് പുതിയ വൈറസ്​. അത് ബാധിച്ചയാളുടെ ശ്വാസകോശങ്ങളിൽ ചെന്ന് അതിവേഗം കണക്കറ്റ് പെറ്റുപെരുകി ജീവശ്വാസത്തെ തടഞ്ഞ് അയാളെ കൊല്ലുന്നു. മരുന്നും ചികിത്സയും കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ട് വൈറസ്​ ദേഹത്തിനുള്ളിൽ വരാതെ നോക്കണമെന്ന് ലോകാരോഗ്യസംഘടന ഉപദേശിക്കുന്നു. രോഗം പിടിപെട്ട് മരണപ്പെട്ട് പോകാതിരിക്കാൻ അങ്ങനെയൊരു മാർഗ്ഗം മാത്രമേയുള്ളൂ. അത് ഏറെക്കുറെ അസാധ്യമാണെന്ന് ഭയപ്പെടുത്തുന്ന കാര്യങ്ങൾ ലൈബി ഞങ്ങൾക്ക് വിശദമാക്കിത്തരുമ്പോൾ ശാലീന അവളെ അതിശയിച്ചു നോക്കുകയാണ്.

‘‘ ഇതൊക്കെ അറിയാൻ എന്റെ പഠിപ്പു മതി ശാലീനേ... വലിയ ആർക്കിടെക്റ്റ് ആകേണ്ട’, കയ്യിലെ സ്​മാർട്ട് ഫോൺ ഉയർത്തിക്കാട്ടി ലൈബി തുടർന്നു: ‘‘ഇതിൽ വരുന്ന കാര്യങ്ങൾ കാണാനും കേൾക്കാനും സമയമുണ്ടായാൽ മതി. എനിക്കത് ഇഷ്ടംപോലെയുണ്ട്. വൈറസ്​ മഹാവ്യാധി ഇവിടെയും എത്തിയിട്ടുണ്ട്. കാട്ട്തീ പോലെ പടരുകയാണ്.’’
‘‘ഹൊറർ സിനിമയിലെ രംഗങ്ങൾ വാട്സാപ്പിൽ പോസ്​റ്റു ചെയ്​തിട്ട് യൂറോപ്പിലും അമേരിക്കയിലും റോഡരികിൽ മനുഷ്യർ കൂട്ടത്തോടെ മരിച്ചു വീഴുകയാണെന്ന് ജനങ്ങളെ ഭയചകിതരാക്കിയത് ഈ ആഴ്ചയിലാണ് ലൈബി. അതിൽ കാണുന്നതെല്ലാം അങ്ങിനെയങ്ങ് വിശ്വസിക്കേണ്ട.’’

എല്ലാവരും കയ്യിൽ കൊണ്ട് നടക്കുന്ന സ്​മാർട്ട് ഫോണുകളിലൂടെ പുതിയ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങളിൽ ശാലീനയ്ക്ക് വലിയ മതിപ്പില്ലാത്തതിന്റെ കാര്യകാരണങ്ങൾ പറഞ്ഞും ചർച്ച ചെയ്തും അവരുടെ സംഭാഷണങ്ങൾ മുന്നോട്ടു പോയി. വൈകുന്നേരം കൂടെ കൊണ്ടുവന്നിരുന്ന സങ്കട മനസിന്റെ പടം ഉരിഞ്ഞ് കളഞ്ഞ് ലൈബി പ്രസാദവതിയായി. രാത്രിയിലെ ഭക്ഷണം ഓൺ ലൈനായി ഓർഡർ ചെയ്യാൻ ഹോം ഡെലിവറി ചെയ്യുന്ന സൈറ്റുകൾ തുറന്ന് വിഭവങ്ങൾ ആർക്ക് ഏതുവേണമെന്ന ചർച്ചയിലേക്ക് അവർ കടന്നു.

ആഴമുള്ള മുറിവുകൾ പേറുവാൻ പരസ്​പരം താങ്ങായി ഒരുമിച്ച് താണ്ടിയ ഇരുപതു വർഷങ്ങളുടെ ബന്ധദാർഢ്യമാണ്​ അവരുടെ ഇടയിൽ. ശാലീന യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയത് തീരെ മുന്നൊരുക്കങ്ങൾ ഇല്ലാതെയും അന്വേഷണങ്ങൾ നടത്താതെയും ആയിരുന്നു. ഒന്നും ചെയ്യാതിരുന്ന അഞ്ചു വർഷങ്ങളിൽ നഷ്ടപ്പെടുത്തിക്കളഞ്ഞ മുൻപാഠങ്ങളും അറിവും അവൾക്ക് തിരിയെ പിടിക്കാനുണ്ടായിരുന്നു. പ്രായത്തിൽ വളരെ കുറഞ്ഞ, അതിധനികരുടെ മക്കൾ മാത്രമുള്ള ക്ലാസിലെ തലമുറ വിടവും അവൾക്ക് നേരിടേണ്ടി വന്നു. ചെറുപ്പത്തിലെ വെറും മോഹം സാധിക്കാൻ ആർക്കിടെക്റ്റ് കോഴ്സ്​ തിരഞ്ഞെടുത്തിട്ട് കഠിനമായ കോഴ്സ്​ പാഠങ്ങളെയാണ് വിദേശ യൂണിവേഴ്സിറ്റിയിൽ നേരിടേണ്ടിവന്നത്. ശാലീന രാത്രികളിൽ വൈകി ഉണർന്നിരിക്കുമ്പോൾ വീട്ടുജോലികൾ മുഴുവനും ചെയ്തുതീർത്തിട്ട് കൂട്ടിന് ഉണർന്നിരിക്കുന്ന ലൈബി എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആർട്ട് വേൾഡിലെ ഡ്യൂട്ടി കഴിയുമ്പോൾ തന്നെ തളർന്ന് പോകേണ്ടതാണ്. എന്നാലും ശാലീനയ്ക്ക് പിറ്റെന്നുടുക്കാൻ വസ്​ത്രങ്ങൾ തേച്ചുവച്ചിട്ടാവും ലൈബി ചെറിയ ചിത്ര ത്തുന്നലുമായി അരികിൽ ചെന്നിരിക്കുക. ഒരു ചെറുപ്പക്കാരിക്ക് സ്വബോധത്തോടെ ഇരിക്കാൻ പ്രയാസമുണ്ടാക്കുന്ന അളവിൽ ബീഭത്സമായ ആക്ഷേപങ്ങളും തെറി പ്രയോഗങ്ങളും ആംഗ്യങ്ങളും പരിഹാസ വാക്കുകളുമാണ് അവൾ ചുറ്റിനും നിന്നും എല്ലായ്പോഴും നേരിട്ടത്. അവൾക്കുണ്ടെന്ന് മറ്റുള്ളവർ പറയുന്ന വശ്യതയും ആകർഷണീയതയുമാണ് ആക്രമങ്ങളുടെ അളവും വീര്യവും അത്ര മാത്രം വർദ്ധിക്കാൻ കാരണമെന്നും ലൈബി മനസ്സിലാക്കിയിരുന്നു.

മറ്റാരും അറിയാതെ വിവാഹ അഭ്യർത്ഥനയുമായി രക്ഷകവേഷങ്ങൾ, സമീപിക്കുന്നു. ലൈബി അത് നിരസിക്കുമ്പോൾ സദാചാരത്തിന്റെ പ്രചാരകരാവുന്ന അനേകം പേർ ഉൾപ്പെടുന്ന സംഭവങ്ങൾ അക്കാലങ്ങളിൽ ഞങ്ങൾ കണ്ടു. എല്ലാം അവഗണിച്ച് കളഞ്ഞിട്ട് ലൈബി തപസ്സ് പോലെ അനുഷ്ഠിച്ച പരിചരണവും സമർപ്പണവും ഉപകാരസ്​മരണയുടെ തലങ്ങളെയും കടന്നുപോയി. തിരിച്ചൊന്നും കാക്കാതെ ലൈബി പ്രകടിപ്പിച്ച സ്​നേഹവും പാരസ്​പര്യവും എന്റെ മനോനിലക്ക് കൂടി തെളിച്ചമുണ്ടാക്കിയ പാരിതോഷികമായി. രാമചന്ദ്രൻ പോയ ശേഷം ഇവിടെത്തന്നെ കുറെക്കാലം നിൽക്കണമെന്ന കാര്യം അനിവാര്യമാവുകയും അതേസമയം തന്നെ എമ്മിയെസ്​ കമ്പനിയിലെ തൊഴിൽ ജീവിതം പ്രക്ഷുത്മമാവുകയും ചെയ്തപ്പോൾ ലൈബിയുടെ സാന്നിധ്യം എനിക്ക് പറയാനാവാത്ത തരത്തിൽ താങ്ങായിട്ടുണ്ട്.

എപ്പോഴെങ്കിലും സന്നിഗ്ദ്ധതകളെ നേരിടും എന്ന് അന്നാർക്കും സങ്കൽപ്പിക്കുവാൻ ആവാത്ത നിലയിലായിരുന്നു എമ്മിയെസ്​ കമ്പനി. ചെറിയതോതിൽ വിഷയങ്ങൾ ഉയർന്നപ്പോൾ തന്നെ അവ വന്നത് എസ്റ്റിമേറ്റിംഗ് ഡിപ്പാർട്ട്മെൻ്റിലേക്കാണ്. എല്ലാ കോണുകളിൽ നിന്നും ചോദ്യങ്ങൾ ഞങ്ങളുടെ നേർക്ക് വന്നു. കമ്പനിയുടെ നാൾവഴി രേഖകൾ സൂക്ഷിച്ച ഗ്രന്ഥപ്പുര നോക്കി നടത്തിയിരുന്നത് എസ്റ്റിമേറ്റിംഗ് ഡിപ്പാർട്ട്മെൻ്റിലെ അഡ്മിൻ ഹെഡ് ആയ എന്റെ നേതൃത്വത്തിലാണ്. സീനിയർ മാനേജ്മെൻ്റിൽ നിർണ്ണായകമായ ഒരു തലമുറ മാറ്റം കമ്പനിയിൽ സംഭവിച്ചതുകൊണ്ട് യാതൊരു മുൻതീരുമാനത്തെ കുറിച്ചും മറുപടി പറയാൻ മേലെ തട്ടുകളിൽ ആളില്ലാതെ വന്നു. സ്വാഭാവികമായും ആ ചോദ്യങ്ങൾ വന്നത് എന്റെ നേർക്കാണ്. പുതിയ മാനേജ്മെൻ്റ് പരിഭ്രാന്തിയോടെ ഓടി വന്ന് പല കടലാസുകളും ഫയലുകളും ഉടൻ വേണമെന്ന് ചോദിച്ചു നിൽക്കുമ്പോൾ ഒടുക്കമില്ലാതെ ചികഞ്ഞിട്ട് രാത്രിയിൽ വൈകി വാടിത്തളർന്ന് വീട്ടിൽ പോവുക പതിവായി. കമ്പനിയിൽ വളരെ വർഷങ്ങൾ ജോലി ചെയ്ത അനുഭവജ്​ഞാനം ഉണ്ടായിരുന്നയാളാണ് ജോൺ ഫിലിപ്. എന്നിട്ടും അദ്ദേഹം എസ്​റ്റിമേറ്റിങ്​ ഡിപ്പാർട്ട്മെൻറ് ചുമതലക്കാരനായിരിക്കുമ്പോൾ അബ്രഹാം ജോസഫ് കൂടെക്കൂടെ ഉപദേശങ്ങൾ തരുമായിരുന്നു.

എന്തുകൊണ്ട് തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ഞങ്ങൾ രണ്ടു പേരോടും അബ്രഹാം ജോസഫ് പല തവണ വിശദീകരിച്ചിട്ടുണ്ട്. ജോൺ ഫിലിപ് അവയെല്ലാം അക്ഷരാർത്ഥത്തിൽ പാലിക്കുകയും ചെയ്തു. യൂറോപ്പിനെയും അവർ ആവിഷ്കരിക്കുന്ന എന്തിനെയും മഹത്തായതെന്ന് വാഴ്ത്തുകയും അതിലെല്ലാം പുരോഗമനം മാത്രം കാണുകയും ചെയ്യുന്ന ജോൺ ഫിലിപ്പിന്റെ സ്വഭാവത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നില്ല. ഒന്നാം ഗൾഫ് യുദ്ധത്തിനുശേഷം ദിൽമുനിയയിലെ ജനത യൂറോപ്പുകാരെ വല്ലാതെ വെറുക്കുവാൻ തുടങ്ങിയതുകൊണ്ടാവാം ഗവൺമെൻ്റ് ഓഫീസുകളിൽ അവരുടെ എണ്ണം നന്നായി കുറഞ്ഞു. അഡ്വൈസർ അയാളുടെ നാട്ടിൽനിന്ന് കൊണ്ടുവന്ന് ഗവൺമെൻ്റ് ജോലിയിൽ ആക്കിയവരുടെ തലമുറ പെൻഷൻ പറ്റി അവസാനിച്ചിരുന്നു. ആ സ്​ഥാനങ്ങളിൽ ജോലി ചെയ്യാൻ വന്നത് ഇന്ത്യക്കാരും ഫിലിപ്പീൻസുകാരുമാണ്. അക്കാരണം കൊണ്ട് ദിൽമുനിയയിലെ റോഡുകളും ജലവിതരണവും വൈദ്യുതിയും ഇതാ തകരാൻ പോകുന്നുവെന്ന് വിലപിച്ച ശുദ്ധാത്മാവായിരുന്നു ജോൺ ഫിലിപ്പ്. ജീവിതാന്ത്യത്തിലെത്തിയിട്ടും അനവധി കാരണങ്ങളാൽ ജോൺ ഫിലിപ്പിന് യൂറോപ്പ് കാണാൻ കഴിയാതെ പോയി. ഞാൻ ഇവിടെയെത്തുന്നതിന് മുന്നേ തന്നെ എന്റെ ചേച്ചിയും കുടുംബവും ലണ്ടനിലേക്ക് പോയിക്കഴിഞ്ഞു. അവരുടെ സഹപ്രവർത്തകരായിരുന്ന നഴ്സ്​മാരുടെ തലമുറകൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറി പൗരത്വം നേടുന്ന പ്രതിഭാസം നിറുത്തില്ലാതെ തുടരുകയാണ്. അത് പറഞ്ഞ് ഞാൻ കളിയാക്കുമ്പോൾ ജോൺ ഫിലിപ്പിന്റെ മുഖത്ത് തെളിയുന്ന വികാരത്തിന്റെ പേരാണ് ധർമ്മ സങ്കടം എന്നെനിക്ക് തോന്നിയിട്ടുണ്ട്.

ഒ.ഇ.പി എന്നു ചുരുക്കപ്പേരുള്ള ഓയിൽ ഫീൽഡ് എക്സ്​പ്ലോറേഷൻ പ്രൊജക്​റ്റിന്റെ കരാർ കമ്പനിക്കു ലഭിച്ചെന്ന്​ അറിയിപ്പ് വന്നതിനു തൊട്ടു പിന്നാലെയാണ് രോഗബാധിതനായ ജോൺ ഫിലിപ്പ് നാട്ടിലേക്ക് തിരിച്ചുപോയത്. ജബൽ വസത്തിലെ ഓയിൽ ഫീൽഡിൽ മലകളെ ബന്ധിപ്പിക്കുന്ന മലവരമ്പും കുറേ മലകളും തുരന്നും പൊട്ടിച്ചും നീക്കം ചെയ്തിട്ട് തറനിരപ്പാക്കി അവിടെ എണ്ണ പര്യവേക്ഷണ റിഗ്ഗുകൾ സ്​ഥാപിക്കുന്നതാണ് ജോലി. അമ്മാതിരി ജോലികൾ ചെയ്ത് തീർക്കുന്നതിലും ചെലവുകൾ കൃത്യമായി നിർണ്ണയിക്കുന്നതിലും മുൻപരിചയം ആർക്കും ഇല്ലാത്തത് വലിയ കടമ്പയായി. ദൂരെക്കാണുമ്പോൾ ചേടിക്കല്ലായി കാണുന്ന മലകളുടെ അകത്ത് കൂടുതൽ കരിമ്പാറയുണ്ടോയെന്ന് അറിയാത്തതും വിഷയമായി. പൊട്ടിച്ച ചേടിക്കല്ലിന് താഴെ ജാക്ക്ഹാമർ മുട്ടുമ്പോൾ തീപ്പൊരി ചിതറുന്ന കരിങ്കല്ലാണെന്ന്​ ആദിൽ മുസ്​തഫയോട് ആയിടെ ഏതോ ചെറിയ കോൺട്രാക്റ്റർ പറഞ്ഞ വിവരവും അന്തരീക്ഷത്തിലുണ്ടായിരുന്നു. രാജ്യത്തിെൻ്റ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്​റ്റിനു വേണ്ടി ടെണ്ടർ തയ്യാറാക്കുമ്പോൾ ഡിപ്പാർട്ട്മെൻ്റിൽ എല്ലാവരും നന്നായി പണിയെടുത്തു. അബ്രഹാം ജോസഫും ആദിൽ മുസ്​തഫയും സദാനേരവും ഹാജരുള്ളതിനാൽ ആർക്കും ഉഴപ്പാമെന്ന ചിന്തപോലും ഉണ്ടായില്ല. ഒ.ഇ.പി പ്രൊജക്റ്റിനുവേണ്ടി രാപകൽ പണിയെടുത്താണ് തന്റെ ആരോഗ്യം തകർന്നതെന്ന് ജോൺ ഫിലിപ്പ് പോകുമ്പോൾ പരാതിപ്പെട്ടു.

കമ്പനിയുടെ മേലെ തട്ടിൽ മാറ്റങ്ങൾ വരാൻ പോകുന്നുവെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് ജോൺ ഫിലിപ്പ് മടങ്ങിപ്പോകുന്നത്. നേതൃത്വത്തിലെ അനിശ്ചിതത്വ ത്തിനിടയിൽ ആ തസ്​തിക കുറേക്കാലം ഒഴിഞ്ഞു കിടന്നു. ആദിൽ മുസ്​തഫ സി.ഇ.ഒ എന്ന നിലയിൽ ഏറ്റവും ഒടുവിൽ ഒപ്പുവച്ച നിയമനമായിട്ടാവണം റീനാ ഡിക്രൂസ്​ ജോൺ ഫിലിപ് ഒഴിച്ചിട്ട സീറ്റിലേക്ക് വന്നിരുന്നത്. എൻജിനീയറിംഗ് ഉപരിപഠനം അമേരിക്കയിൽ ചെയ്തിട്ട് അവിടെ ജോലി ചെയ്യുകയായിരുന്നു അവർ. അമേരിക്കയിലെ ദേശഭാഷയിൽ സംസാരിക്കുന്നവരെപ്പോലെ നാക്ക് വളച്ചും ചില അക്ഷരങ്ങൾ പകുതി പറഞ്ഞും തൊണ്ടയിൽ വച്ച് അമർത്തിയും അവർ സംസാരിച്ചു. തനിക്കുചുറ്റും എല്ലായ്പ്പോഴും ആകർഷണീയതയും സ്​ത്രൈണവശ്യതയും പ്രസരിപ്പിക്കുന്നതിൽ റീന ഡിക്രൂസ്​ ബോധവതിയായിരുന്നു.

ഏതോ പൊതുചടങ്ങിൽ വച്ച് തീരെ യാദൃച്ഛികമായിട്ടാണ് അബ്രഹാം ജോസഫ് അവരെ കണ്ടുമുട്ടുന്നത്. ദിൽമുനിയയിൽ നാട് കാണാൻ വന്ന റീന ഡിക്രൂസിൽ എമ്മിയെസ്​ കമ്പനിയിൽ ജോലി ചെയ്യണം എന്ന് മോഹമുദിക്കും മട്ടിൽ അവരുടെ ഇടയിലെ സൗഹൃദം വളർന്നു. അബ്രഹാം ജോസഫ് അന്നോളം എമ്മിയെസ്സിലെ പൊതു ഇടങ്ങളിൽ സ്​ത്രീകളോട് പ്രകടിപ്പിച്ചിട്ടുള്ള പക്വമായ ഇടപെടൽ ശൈലിയിൽ മാറ്റങ്ങൾ വരുത്താൻ റീന ഡിക്രൂസിന് കഴിഞ്ഞത് എല്ലാവരുടെയും ശ്രദ്ധയിൽപെട്ടു. റീന ഡിക്രൂസ്​ പലപ്പോഴും ഓഫീസിലേക്ക് വന്നതും മടങ്ങിപ്പോയതും അദ്ദേഹത്തിന്റെ വണ്ടിയിലായിരുന്നു. സെക്രട്ടറിമാരായ രണ്ടോമൂന്നോ സ്​ത്രീകൾ ഒഴികെ പെൺസാന്നിദ്ധ്യം തീരെകുറവായ എമ്മിയെസിൽ ഉയർന്ന തസ്​തികയിലെ ആദ്യ വനിതയായി റീന ഡിക്രൂസ്​. അഴകേറിയ ഒരു ചിത്രശലഭത്തെപ്പോലെ എമ്മിയെസ്​ കമ്പനിയിൽ അവർ പാറിനടന്നു. ലിഫ്റ്റ് ലോബിയിലും ഇടനാഴികളിലും അവർ പരത്തിയ വിയർപ്പും പെർഫ്യൂമും കലർന്ന ഗന്ധം പിടിച്ചെടുക്കാനായി അനേകം പുരുഷന്മാർ രഹസ്യമായും അല്ലാതെയും അവരെ പിൻതുടരുന്നത് പതിവ് കാഴ്ചയായി.

അയഞ്ഞ സഹവർത്തിത്വം എന്ന ജോൺ ഫിലിപ്പിെൻ്റ നയം അപ്പാടെ ഉടച്ചുവാർത്ത റീന ഡിക്രൂസ്​ എസ്റ്റിമേറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൽ എല്ലാറ്റിനുംമേൽ തന്റെ നിയന്ത്രണവും അധികാരവും സ്​ഥാപിച്ചു. അഡ്മിൻ ഹെഡ് എന്ന നിലയിൽ ഞാൻ മേൽനോട്ടം വഹിച്ചിരുന്ന ഡോക്യുമെൻറ്​ കൺേട്രാൾ പൂർണ്ണമായും സ്വന്തം വരുതിയിലാക്കുന്നതിൽ അവർക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നു. വരാൻ പോകുന്ന ഒ.ഇ.പി പ്രൊജക്റ്റ് ടീമിന് കൈമാറാൻ വേണ്ടി രേഖകളും ഫയലുകളും തയ്യാറാക്കിയത് റീന ഡിക്രൂസ്​ നേരിട്ടാണ്. തന്റെ ഭരണപരിഷ്കാരങ്ങളും പുതിയ പെരുമാറ്റച്ചട്ടങ്ങളും അബ്രഹാം ജോസഫിന്റെ അറിവോടെയും അനുമതിയോടെയും ആണെന്ന് റീന ഡിക്രൂസ്​ വിദഗ്ധമായി പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ പൂർണ്ണപിന്തുണയുണ്ടെന്ന് വരുത്തിത്തീർത്തപ്പോൾ റീന ഡിക്രൂസിന് ഡിപ്പാർട്മെൻ്റിൽ എന്തും ചെയ്യാം എന്നായി. എന്റെ ഉത്തരവാദിത്തങ്ങൾ കൂടി റീന ഡിക്രൂസ്​ എറ്റെടുത്തപ്പോൾ ജോലിയിലുണ്ടായ ചെറിയ ഇളവു പോലും വലിയ കാര്യമായാണ് എനിക്ക് അനുഭവപ്പെട്ടത്. അത് ആസ്വദിച്ച് ആഘോഷമായി കുറേക്കാലം കഴിഞ്ഞുപോകണമെന്ന് മനസൊരുക്കി ദിനചര്യയെ മെരുക്കി വരുമ്പോഴേക്കും ആദിൽ മുസ്​തഫ സി.ഇ.ഒ സ്​ഥാനം ഒഴിഞ്ഞു. വിദേശത്തുനിന്നുവന്ന അനിയന് അദ്ദേഹം കമ്പനി നേതൃത്വം കൈമാറി.

എമ്മിയെസ്​ കമ്പനിയിൽ മാറ്റങ്ങളുടെ കാറ്റ് ആഞ്ഞുവീശി. പ്രധാനപ്പെട്ട പദവികളിലെല്ലാം മൻസൂർ മുസ്​തഫ യൂറോപ്പിൽനിന്ന് കൊണ്ടുവന്ന അനുചരവൃന്ദം വന്നു. ഹജ്ജി മുസ്​തഫ ഇബ്രാഹീം ദൈനംദിന കാര്യങ്ങളിൽ ഇടപെടാത്ത ഉടമസ്​ഥൻ മാത്രമാവുകയും വിശ്രമജീവിതം ആരംഭിക്കുകയും ചെയ്തു. ആ ദശാസന്ധിയിലെ അദ്ദേഹത്തിന്റെ തീരുമാനം തകർത്തെറിഞ്ഞത് അബ്രഹാം ജോസഫിന്റെ അന്തസ്സും പദവിയുമാണ്. അബ്രഹാം ജോസഫ് എമ്മിയെസ്സിൽ കയ്യാളിയിരുന്ന അങ്ങേയറ്റം സവിശേഷമായ സ്​ഥാനവും ആരും ചോദിക്കാനില്ലെന്ന സ്​ഥിതിയും സഹിക്കാൻ വയ്യാതെ ശ്വാസംമുട്ടി കഴിഞ്ഞിരുന്നവർ സംഘം ചേർന്നു. അബ്രഹാം ജോസഫിനെ അത്ര പഥ്യമല്ലാതിരുന്ന മൻസൂർ മുസ്​തഫയ്ക്ക് അദ്ദേഹത്തോട് വെറുപ്പുണ്ടാവാൻ തക്ക കാര്യങ്ങൾ അവർ ബോദ്ധ്യപ്പെടുത്തി. അതോടെ അബ്രഹാം ജോസഫ് കമ്പനിയിൽ അവഗണനകൾ അനുഭവിക്കാൻ ആരംഭിച്ചു. അദ്ദേഹത്തെ അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യാതെ പുതിയ മാനെജ്മെൻറ്​ ഒ.ഇ.പി പ്രൊജക്​റ്റ്​ ടീമിനെ സജ്ജമാക്കി. അദ്ദേഹത്തിന്റെ പങ്കാളിത്തം ഇല്ലാതെ കരാർ ജോലികളുടെ ചക്രങ്ങൾ ചലിപ്പിച്ചു തുടങ്ങുവാൻ ​പ്രൊജക്​റ്റ്​ ടീമിന് മാനെജ്മെൻ്റ് നിർദ്ദേശം നൽകി.

ആ മുഹൂർത്തത്തിലാണ് പശ്ചിമേഷ്യയിൽ എല്ലായിടത്തും പടർന്ന മുല്ലപ്പൂ വിപ്ലവം ദിൽ മുനിയയിലും എത്തിയത്. അത്രമേൽ നിർണ്ണായകമായ കാലസന്ധിയെ കമ്പനി അഭിമുഖീകരിക്കുമ്പോൾ പരിണിതപ്രജ്​ഞനായ അബ്രഹാം ജോസഫിനെ മാനെജ്മെൻറ്​ തിരസ്​കരിച്ചു. പ്രക്ഷുബ്​ധമായ ആ ദിവസങ്ങളിൽ യാതൊരു കാര്യവും എങ്ങനെയാണ് വേണ്ടതെന്നു ആരും അബ്രഹാം ജോസഫിനോട് ഒരു വാക്കും ചോദിച്ചില്ല. നിശ്ശബ്​ദമായ ആ തള്ളിപ്പറയൽ അദ്ദേഹത്തിന്റെ ആത്മാഭിമാനത്തെ പിടിച്ചുലച്ചു. താൻ കൂടി പടുത്തുയർത്തിയ എമ്മിയെസ്​ കമ്പനിയിൽ തനിക്കു വന്നു ഭവിക്കുമെന്നു സങ്കൽപ്പിക്കുക പോലും ചെയ്തിട്ടില്ലാത്ത നിഷ്കാസനത്തിന്റെ ആദ്യാനുഭവങ്ങൾ അദ്ദേഹത്തിൻറെ വീര്യം കെടുത്തി. അതെല്ലാം എന്നോട് പറഞ്ഞ ശബ്്ദത്തിലെ നിർവികാരതയിൽ നിന്നു നഷ്ട ബോധത്തിൻറെ ആഴം എനിക്ക് മനസ്സിലായി.

ഹാൻസ്​ പോൾസനെ കമ്പനിയിൽ നിന്നു പറഞ്ഞയക്കാൻ സാഹചര്യമൊരുക്കിയെന്നാരോപിച്ച്​ വർഷങ്ങൾക്കു മുൻപ് ഡയറക്ടർ ഫിലോസോഫി എന്റെ മുന്നിൽ വച്ചു കലഹിച്ചത് എനിക്ക് ഓർമ വന്നു. അന്നും അബ്രഹാം ജോസഫിന് ഇതേ ശബ്​ദവും ഭാവവും ആയിരുന്നു. ഹാൻസ്​ പോൾസന്റെ അപകടകരമായ രഹസ്യജീവിതം അവസാനിപ്പിക്കാൻ മുസ്​തഫ ഇബ്രാഹിമിനോട് സഹായം അഭ്യർഥിക്കുകയാണ് സത്യത്തിൽ അബ്രഹാം ജോസഫ് ചെയ്തത്. ഹജ്ജി അത്രമേൽ പ്രകോപിതനാകുമെന്നും പൊട്ടിത്തെറിച്ച്​ നടപടികൾ എടുക്കുമെന്നും വിചാരിച്ചില്ല. ആരോടെങ്കിലുമൊന്നു മനസ്സ് തുറന്നു ഉള്ളു വെളിവാക്കണമെന്ന വ്യഗ്രതയായിരുന്നു അന്നെന്നോട് സംസാരിക്കുമ്പോൾ. കയ്യിൽ നിന്നൊരു ചില്ലുപാത്രം വീണുടയുന്നതുപോലെ ഒരു അപകടമാണ് സംഭവിച്ചതെന്ന കുറ്റസമ്മതത്തേക്കാൾ എന്നെ സ്​പർശിച്ചത് മറ്റൊന്നാണ്. ഗൗരവമുള്ള ഒരു എൻജിനീയറിംഗ് സമസ്യ ഉയർന്നു വന്നാൽ പരിഹാരത്തിനായി ഇനി ഞാൻ ആരെത്തേടിപ്പോകുമെന്നു അദ്ദേഹം നടത്തിയ ആത്മഗതമായിരുന്നു അത്. അപ്രിയ കാലത്തെ കടന്നുപോകാൻ അബ്രഹാം ജോസഫ് ഒരു വഴി കണ്ടു പിടിച്ചു. നാട്ടിൽ തുടങ്ങി വച്ചിരിക്കുന്ന നിക്ഷേപങ്ങളും ബിസിനസ്സുകളും നോക്കാനും ശ്രദ്ധിക്കാനും ഇടപെടാനുമായി അദ്ദേഹം ഇടയ്ക്കിടെ നാട്ടിലേക്ക് പോയിവരാൻ തുടങ്ങി.

മലകളെയും മലവരമ്പിനെയും വിച്ഛേദിച്ച്​ നീക്കം ചെയ്ത് ജബൽ വസാത്ത് പ്രദേശത്തെ ആകെയും സമതലമാക്കി മാറ്റുക. ഭൂഗർഭത്തിൽ നിന്ന് എണ്ണയുടെ അവസാന കണികയും ഊറ്റിയെടുക്കാൻ പാകത്തിന് അവിടമാകെ ഓയിൽ വെല്ലുകൾ സ്​ഥാപിക്കുക. നിലവിലുള്ളതിനേക്കാൾ പല മടങ്ങ് വർദ്ധിക്കുന്ന ഓയിൽ വെല്ലുകളെ ബന്ധിപ്പിക്കുന്ന എണ്ണക്കുഴലുകൾ സ്​ഥാപിച്ച്​ റിഫൈനറിയിൽ എത്തിക്കുക. ഇത്രയുമാണ് ഒ ഇ പി പ്രൊജക്​റ്റിന്റെ പ്രത്യക്ഷത്തിലെ ഘട്ടങ്ങൾ. മലകളെ നീക്കം ചെയ്ത് ജബൽ വസാത്തിനെ സമതലമാക്കുന്നതാണ് ഏറ്റവും വലിയ ജോലി. റോക്ക് 'ബ്രേക്കർ മെഷീനുകൾ ഉപയോഗിച്ച് പാറ പൊട്ടിച്ച് നീക്കം ചെയ്യാനാണെങ്കിൽ ആ ജോലി പൂർത്തിയാക്കാൻ അനേകം വർഷങ്ങൾ വേണ്ടി വരും. വെടിമരുന്നും അനുബന്ധ വസ്​തുക്കളും ഉപയോഗിച്ച് സ്​ഫോടനങ്ങൾ നടത്തി മലയുടെ ചെറുഖണ്ഡങ്ങളെ നീക്കം ചെയ്യുകയാണെങ്കിൽ രണ്ടു മൂന്ന് വർഷങ്ങൾ കൊണ്ട് സമതലപ്പെടുത്തുന്ന ജോലി ചെയ്തുതീർക്കാം. സമതലങ്ങൾ രൂപപ്പെട്ടുവരുന്ന മുറയ്ക്ക് എണ്ണ പര്യവേക്ഷണ റിഗ്ഗുകളുടെയും ഓയിൽ വെല്ലുകളുടെയും ജോലികൾ പിന്നാലെ ചെയ്തു പോകാം. അങ്ങനെയാണ് അഞ്ചു വർഷങ്ങളിൽ ഒ ഇ പി പ്രൊജക്​റ്റ്​ പൂർത്തിയാക്കാമെന്ന് അബ്രഹാം ജോസഫും ആദിൽ മുസ്​തഫയും വിഭാവനം ചെയ്തത്.

ദിൽമുനിയയിലെ ഒരേയൊരു പാറമട ഗവൺമെൻ്റിൽ നിന്ന് പാട്ടത്തിനെടുത്ത് നടത്തുന്ന കമ്പനിയാണ് കിംങ്ഡംറോക്ക്. വെടിമരുന്നും സ്​ഫോടക വസ്​തുക്കളും ഉപയോഗിക്കാൻ രാജ്യത്ത് കിംങ്ഡം റോക്കിനല്ലാതെ മറ്റാർക്കും അനുവാദമില്ല. ആ നിയമത്തിന്റെ ഏറ്റവും നിസ്സാരമായ ലംഘനം പോലും ഒരാളെ ജയിലിലെത്തിക്കും. സ്​ഫോടക വസ്​തുക്കൾ ഉപയോഗിക്കുമ്പോൾ കിംങ്ഡം റോക്കിന്റെ ഓരോ പ്രവൃത്തിയുടെ മേലും സർക്കാരിന്റെ മേൽനോട്ടവും നിയന്ത്രണവും ഉണ്ടാവണമെന്നത് ലൈസൻസിൽ പറഞ്ഞിട്ടുള്ള കർശനമായ ഉപാധിയാണ്.

ടെണ്ടർ സമർപ്പിക്കുന്നതിന് മുന്നോടിയായി മാസങ്ങൾ നീണ്ടുനിന്ന ചർച്ചകളാണ് കിംങ്ഡം റോക്കുമായി നടന്നത്. സ്​ഫോടനങ്ങൾ നടത്തി മലകൾ നീക്കം ചെയ്യാൻ കിംങ്ഡം റോക്ക് എമ്മിയെസ്സിന്റെ സബ്കോൺട്രാക്ടർ ആയി ജോലി ചെയ്യുന്നതിന്റെ നിരക്കുകളും നിബന്ധനകളും തീർച്ചപ്പെടുത്താനായിരുന്നു ചർച്ചകളും മീറ്റിംഗുകളും. ചുരുക്കെഴുത്തായി മിനിട്സ്​ എഴുതാൻ ആ മീറ്റിങ്ങുകളിലിരുന്നപ്പോൾ എന്റെ മുന്നിൽ തുറന്നുവന്നത് കരാർ ജോലികളുടെ മണ്ഡലത്തിലെ പുതിയ ഉത്സവസ്​ഥലികളായിരുന്നു. ആദിൽ മുസ്​തഫയും അബ്രഹാം ജോസഫും പുറത്തെടുത്ത വിലപേശൽ ചാതുരിയുടെ മികവ് കണ്ട് ഞാൻ കണ്ണ് തുറന്നിരുന്നുപോയിട്ടുണ്ട്. കിംങ്ഡം റോക്ക് തുടക്കത്തിൽ ആവശ്യപ്പെട്ട നിരക്കിന്റെ നാലിലൊന്ന് ചെറിയ നിരക്കിലാണ് ഒടുവിൽ തീർച്ചപ്പെടുത്തിയ നിരക്ക് നിർദ്ദേശം അവർ ഒപ്പിട്ടു നൽകിയത്. ജബൽ വസാത്തിലെ മലകളെല്ലാം നിരപ്പാക്കി സമതലമുണ്ടാക്കുന്ന മൂന്നു വർഷങ്ങൾ കഴിയുമ്പോഴേക്കും കിംങ്ഡം റോക്കിന് ലഭിക്കാൻ പോകുന്ന ഭീമമായ തുക അവരെ ബോധ്യപ്പെടുത്തി. അക്കാരണം കൊണ്ട് കുറഞ്ഞ നിരക്കുകൾ അവരെ സമ്മതിപ്പിച്ച ചർച്ചകൾ അപാരമായ സർഗാത്മകത നിറഞ്ഞവയായിരുന്നു. അങ്ങനെ കുറച്ചു സമ്മതിപ്പിച്ച നിരക്കിന്മേൽ കണക്കുകൂട്ടിയുണ്ടാക്കിയ ടെണ്ടർ തുക ആയതിനാലാണ് ആഗോള കമ്പനികളോട് മത്സരിച്ചിട്ടും എമ്മിയെസിന്​ പ്രൊജക്റ്റ് കിട്ടിയത്.

സമർപ്പിക്കാനായി ടെണ്ടർ എഴുതി തയ്യാറാക്കവേ ഹജ്ജി മുസ്​തഫ ഇബ്രാഹീമുമായി അവരുടെ രഹസ്യഇടത്തിൽ പോകാൻ അബ്രഹാം ജോസഫ് ആഗ്രഹിച്ചു. മുസ്​തഫ ഇബ്രാഹീം ചികിത്സയിലായിരുന്നതിനാൽ അത് കഴിയാതെ പോയി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ ടെണ്ടർ നിശ്ചയിക്കാൻ രഹസ്യ ഇടത്തിൽ പോകാൻ കഴിഞ്ഞില്ലല്ലോയെന്നു അബ്രഹാം ജോസഫ് വ്യാകുലപ്പെട്ടത് വർഷങ്ങൾക്കുശേഷം എന്റെ ഓർമ്മയിൽ എപ്പോഴും തെളിയുന്നൊരു ചിത്രമായി. ഹജ്ജി മുസ്​തഫ ഇബ്രാഹീമുമായി അവരുടെ രഹസ്യയിടത്തിൽ പോയിട്ടല്ലാതെ ദിൽമുനിയയിലും നാട്ടിലും അബ്രഹാം ജോസഫ് ചെയ്ത അനേകം ബിസിനസ്സുകൾ അദ്ദേഹത്തിന്റെ സമ്പത്തെല്ലാം ഒഴുക്കിക്കളയുകയാണുണ്ടായതെന്ന് മനസിലാക്കിയപ്പോൾ എന്റെ ഓർമ്മയിലെ ആ ചിത്രം ഒരു മഹാ അതിശയത്തിന്റെ പരിവേഷം പൂണ്ടു.

ജോലികൾ ആരംഭിക്കുന്നതിന്റെ ആദ്യഘട്ടമായി സബ്കോൺട്രാക്റ്റ് എഗ്രിമെൻ്റുകൾ എഴുതാൻ ആരംഭിച്ച പ്രൊജക്​റ്റ്​ ടീം ആദ്യത്തെ മീറ്റിംഗ് വച്ചത് കിംങ്ഡം റോക്കുമായാണ്. അവർ ആദ്യം ആവശ്യപ്പെട്ട നാലിരട്ടി വലിയ സംഖ്യ മാത്രമേ അവർ സമ്മതിച്ചിട്ടുള്ളൂവെന്ന് കിംങ്ഡം റോക്ക് വാദിച്ചു. ആ നിരക്കിലാണെങ്കിൽ മാത്രമേ അവർ ജോലി എടുക്കുന്നുള്ളൂവെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. സ്​ഫോടക വസ്​തുക്കളുപയോഗിച്ച് പാറ പൊട്ടിക്കുവാൻ കിംങ്ഡം റോക്കായ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ലെന്ന യാഥാർത്ഥ്യം എമ്മിയെസ്​ കമ്പനിയുടെ മുന്നിൽ വിനാശകരമായ ഒരു ഭീഷണിയായി ഉയർന്നുവന്നു. ഒ ഇ പി പ്രൊജക്റ്റ് ടീമിൽ പുതിയതായി വന്ന ഉന്നതന്മാർ ഡിപ്പാർട്ട്മെൻ്റിൽ വന്ന് ടെണ്ടർ ഫയലുകൾ തിരയുകയും മറിച്ചുനോക്കുകയും കുറിപ്പുകൾ എടുക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ എന്തോ എവിടെയോ താളംപിഴയ്ക്കുന്നുവെന്ന് എനിക്ക് തോന്നി. കമ്പനിയിൽ ആറു മാസങ്ങൾ പോലും തികയും മുന്നേ റീന ഡിക്രൂസ്​ രാജിവച്ചുപോയതു കൊണ്ട് ഡോക്യുമെൻ്റ് കൺേട്രാൾ വീണ്ടും എന്റെ ചുമതലയിൽ വന്നിരുന്നു. അബ്രഹാം ജോസഫിന്റെ വ്യകതിപ്രഭാവത്തിൽ ആകൃഷ്ടയായി അദ്ദേഹത്തെപ്പോലെ ജേതാവായ ഒരാളിനുകീഴിൽ ജോലി ചെയ്യാനാണ് താൻ തയ്യാറായതെന്നും കമ്പനിയിൽ പൊടുന്നനെയുണ്ടായ നേതൃമാറ്റത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ച് ഇവിടെ ചടഞ്ഞുകൂടേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് റീന ഡിക്രൂസ്​ രാജിക്ക് കാരണം പറഞ്ഞത്. നാട്ടിലായിരുന്ന അബ്രാം ജോസഫിനോട് അവർ ടെലിഫോണിൽ വിളിച്ചു പറയുകയോ ഒരു സന്ദേശമെങ്കിലും അയക്കുകയോ ചെയ്തില്ല. സംഭവങ്ങളുടെ ചേർച്ചയില്ലായ്മയിൽ എനിക്ക് ആദ്യം തോന്നിയ പന്തികേട് ഭയമായി രൂപമെടുത്തു തുടങ്ങി.

നാട്ടിലെ പല തരം ബിസിനസ്സുകളിൽ നിക്ഷേപിച്ചിട്ടുള്ള പണം വളരുന്നില്ല. ആദായം കിട്ടുന്നില്ലെന്നു മാത്രമല്ല എല്ലായിടത്തും കുറവുകൾ വരുന്നുമുണ്ട്. കുറച്ചു ദിവസങ്ങൾ കൊണ്ട് അതിന്റെ കാരണങ്ങൾ കണ്ടു പിടിച്ചു പ്രതി വിധികൾ നടപ്പാക്കുമെന്ന നിശ്ചയത്തോടെയാണ് അബ്രഹാം ജോസഫ് നാട്ടിലേക്ക് പോയത്. അവിടെ ചെന്നിട്ട്​ നിരവധി പ്രതിസന്ധികളെ അദ്ദേഹം നേരിടുകയും മടക്കയാത്രയുടെ ടിക്കറ്റ് പല തവണകൾ തീയതി നീട്ടാൻ ഓഫീസിലേക്ക് ആവശ്യപ്പെടുകയും ചെയ്തു. കിങ്ങ്ഡം റോക്കിന്റെ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യണമെന്നു കമ്പനിയിൽ നിന്ന്​ അറിയിപ്പ് കിട്ടിയപ്പോൾ അബ്രഹാം ജോസഫ് മടങ്ങിവന്നു. നേരെ ഡിപ്പാർട്ട്മെൻ്റിലെക്കു വന്ന്​ കിങ്ങ്ഡം റോക്കുമായുള്ള എഴുത്തിടപാടുകളുടെ ഫയലിംഗ് കാബിനറ്റിനെ സമീപിച്ചു. ഫയലുകൾ തുറന്നു പേജുകൾ മറിക്കുകയും പരിഭ്രാന്തിയോടെ വീണ്ടും വീണ്ടും മറിക്കുകയും ചെയ്ത് അബ്രഹാം ജോസഫ് വിവശനായി.

‘‘വേറെ ആരെങ്കിലും ഈ ക്യാബിനറ്റ് തുറന്നോ? ഫയലുകൾ എടുത്തോ?’’, അദ്ദേഹം ചകിതനായി എന്നോട് ചോദിച്ചു.
ഡോക്കുമെൻ്റ് കൺേട്രാൾ റീന ഡിക്രൂസ്​ നേരിട്ടാണ് ചെയ്തിരുന്നതെന്നും ഒ ഇ പി പ്രൊജക്റ്റ് ടീമിന് നൽകാൻ ഡോക്യുമെൻ്റ്സ്​ തയ്യാറാക്കുമ്പോൾ എന്നെ പൂർണ്ണമായും മാറ്റിനിറുത്തിയിരുന്നെന്നും ഞാൻ വിശദീകരിച്ചു.
ഫയലുകൾ വീണ്ടും ഒരു തവണ കൂടി മറിച്ച് നോക്കി അദ്ദേഹം മേശപ്പുറത്തേക്ക് മുഖം താഴ്ത്തി തളർന്നിരുന്നു. എയർ കണ്ടീഷനറിന്റെ വലിയ തണുപ്പുണ്ടായിട്ടും വിയർത്തു കുളിച്ച അബ്രഹാം ജോസഫിന്റെ തലച്ചോറിൽ ആഘാതങ്ങൾ സംഭവിക്കുന്നുണ്ട്. കാരണം അവയുടെ പ്രതിഫലനങ്ങളായി മുഖത്തും കൈകളിലും പ്രകടമായിരുന്നു. ശരീരപേശികൾ നിയന്ത്രണാതീതമായി തുടിയ്ക്കുന്നുണ്ടായിരുന്നു. കുടിക്കാൻ വെള്ളമെടുത്തു കൊടുത്തിട്ട് ഞാൻ അദ്ദേഹത്തിന്റെ അരികിൽ നിന്നു. ദിൽമുനിയയെ കീഴടക്കിയ യാഗാശ്വത്തിന്റെ കുതികാലുകൾ ഇടറി മുടന്തിയ നിമിഷമാണ് അതെന്നോ പതനത്തിന്റെ തുടക്കമായെന്നോ അന്നെനിക്ക് വിചാരിക്കാനാവുമായിരുന്നില്ല.

കിംങ്ഡം റോക്കിന്റെ മാരകമായ പ്രഹരം മസ്​തകത്തിൽ തന്നെ ഏറ്റിട്ട് ചെന്നുപതിച്ച അഗാധമായ ചുഴികളിൽ നിന്നും മലരികളിൽ നിന്നും പുറത്തുകടക്കാൻ കമ്പനിയുടെ പുതിയ നേതൃത്വത്തിനും മാനേജ്മെൻ്റിനും കഴിഞ്ഞില്ല. ഏതെല്ലാമോ വിഭിന്നങ്ങളായ സമ്മർദ്ദങ്ങളിൽപെട്ട് ഉഴലുകയാണ് മൻസൂർ മുസ്​തഫ എന്ന് ചുറ്റിനുമുള്ള എല്ലാവർക്കും മനസ്സിലായി. എമ്മിയെസിൽ പണ്ട് മുതൽക്കെയുള്ളവരാണ് ധർമ്മസങ്കടത്തിൽ പെട്ടത്. അവർ ഒന്നും ചെയ്യാനില്ലാത്ത നിസ്സഹായാവസ്​ഥയിലായി. നിയന്ത്രണം വിട്ട് കരകാണാക്കടലിലൂടെ എങ്ങോട്ടോ പോകുന്ന പായ്​വഞ്ചിയായി മാറി പൊടുന്നനെ എമ്മിയെസ്​ കമ്പനി. നാഥനില്ലാത്ത പായ്​വഞ്ചി അതിവേഗം നീങ്ങിത്തുടങ്ങി.

‘‘ചതിയന്മാരാണ് കിംങ്ഡം റോക്ക്. അവരെ നിയന്ത്രിക്കുന്ന ഗവൺമെൻ്റും ഇതിന്റെ പിന്നിലുണ്ട്. ഇനി അവരോട് കെഞ്ചാൻ പോകുന്നില്ല. നമ്മൾ റോക്ക് ​ബ്രേക്കർ മെഷീനുകൾ കൊണ്ട് പാറപൊട്ടിക്കും. മലകൾ തുരക്കും.’’ - ഒരു ദിവസം മൻസൂർ മുസ്​തഫ ഇങ്ങിനെ പ്രഖ്യാപിച്ചത് ആരുടെ ഉപദേശം കൊണ്ടാണെന്ന് ആർക്കും അറിയില്ല. ദിൽമുനിയയിൽ കിട്ടാവുന്ന എല്ലാ റോക്ക് ബ്രേക്കറുകളും കമ്പനി വാടകക്കെടുത്തു. അയൽരാജ്യങ്ങളിൽ നിന്ന് റോക്ക് ബ്രേക്കറുകൾ പത്തേമാരികളിൽ കൊണ്ടുവന്നു. ആദിൽ മുസ്​തഫ ഏർപ്പാടുകൾ ചെയ്തുവച്ചിരുന്ന ബാങ്കുകളിൽ നിന്നുള്ള ധനവായ്പകൾ മുഴുവനും എടുത്തു. ഈ വിധം പ്രവൃത്തികൾക്ക് ആവശ്യമായതിന്റെ ബാക്കി ഫണ്ടുകൾ റോക്ക് ബ്രേക്കറുകൾ ഇറക്കുമതി ചെയ്യാൻ ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും അയച്ചുകൊടുത്തു. പ്രവർത്തിക്കുന്നതും കേടുപാടുകൾ വന്നതും അറ്റകുറ്റപ്പണികളിൽ ആയതുമായ റോക്ക് ബ്രേക്കർ മെഷീനുകൾ കൊണ്ട് ജബൽ വസാത്ത് നിറഞ്ഞു.

ആ യന്ത്രങ്ങളെല്ലാം പണിയെടുത്തിട്ടും ജോലിയിൽ കാണാവുന്ന പുരോഗതി ഉണ്ടായില്ല. തന്മൂലം ബില്ലുകൾ കിട്ടാതെയായി. ശമ്പളം കൊടുക്കാനും ചെലവുകൾ നടത്താനും തിരിച്ചടവുകൾ നടത്തി വന്നിരുന്ന ബാങ്ക് ഓവർ ഡ്രാഫ്റ്റുകൾ അടയ്ക്കാനും കമ്പനിയുടെ വലിയ നിക്ഷേപങ്ങളും ആസ്​തികളും എടുത്ത് ചെലവാക്കുകയല്ലാതെ വേറെ മാർഗങ്ങളില്ലെന്നുവന്നു. റോക്ക് ബ്രേക്കർ മെഷീനുകൾക്കുവേണ്ടി നിക്ഷേപിച്ച അതിഭീമമായ തുകകൾ ഫലവത്തായ യാതൊന്നും തിരിച്ചു കിട്ടാതെ കളഞ്ഞുപോയതുപോലെയായി. രണ്ടുമൂന്ന് വർഷങ്ങൾ വരുമാനമൊന്നുമില്ലാതെ കമ്പനിയിൽ ആയിരക്കണക്കിനു പേർക്ക് ശമ്പളം കൊടുത്തുകൊണ്ടിരുന്നപ്പോൾ മഹാആസ്​തികൾ ഒന്നൊന്നായി തീർന്നുപോയി. മൂന്നു വർഷം തികഞ്ഞപ്പോൾ പ്രൊജക്റ്റിനു വേണ്ടി ഫണ്ടുകൾ കടമെടുത്ത ധനകാര്യ സ്​ഥാപനങ്ങൾ തിരിച്ചടവ് മുടക്കിയതിന്റെ പേരിൽ ദിൽമുനിയയിലും അന്താരാഷ്ട്ര കോടതികളിലും നിയമനടപടികൾ ആരംഭിച്ചു. പിന്നെയും മൂന്നു വർഷങ്ങൾ ഏന്തിയും വലിഞ്ഞുമിഴഞ്ഞും നീങ്ങിയശേഷം കമ്പനി പാപ്പരായതായി കോടതി വിധികൾ വന്നു. യാത്രാ വിലക്കുണ്ടായി ഇവിടെ അടിഞ്ഞു പോകുന്നതിനു മുന്നേ മൻസൂർ മുസ്​തഫ നാടുവിട്ടു. ദിൽമുനിയ വിട്ടു പോകുന്നതിന് മുന്നേ ചേട്ടൻ ആദിൽ മുസ്​തഫയെ കണ്ട് മാപ്പ് പറഞ്ഞുവെന്ന് കിംവദന്തികൾ കേട്ടു. പാപ്പർ നടപടികൾ പൂർത്തിയാക്കാൻ കോടതി നിയോഗിച്ച റിസീവർ കണക്കെടുപ്പുകൾക്ക് വന്നപ്പോൾ ആദിൽ മുസ്​തഫ വീണ്ടും എമ്മിയെസിനെ പ്രതിനിധീകരിച്ചു. കമ്പനിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാനൊരുങ്ങിവന്ന പുത്രന്റെ ഭാവങ്ങളും ചേഷ്ടകളും ആയിരുന്നു അദ്ദേഹത്തിന്. കിംങ്ഡം റോക്കിന്റെ ഫയലുകൾക്കുമുന്നിൽ തളർന്നിരുന്ന നാൾ മുതൽ മെല്ലെ മോശമാകുന്ന ആരോഗ്യസ്​ഥിതിയുമായി പിടിച്ചുനിന്നെങ്കിലും കൺമുന്നിൽ സംഭവിക്കുന്ന എമ്മിയെസ്​ കമ്പനിയുടെ ഒടുക്കം കാണാൻ ശക്തിയില്ലാതെ അബ്രഹാം ജോസഫ് മടങ്ങിപ്പോയി. ആദിൽ മുസ്​തഫ തനിച്ചാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയത്.

ഉത്സവപിറ്റേന്നാളത്തെ അമ്പലപ്പറമ്പ് പോലെയായ എമ്മിയെസ്​ കമ്പനിയിൽ റിസീവറുടെ ഉദ്യോഗസ്​ഥ സംഘം കണക്കെടുപ്പിന് വന്നപ്പോൾ ആദിൽ മുസ്​തഫയുടെ കൂടെ ഒരു സംഘം ഇല്ലായിരുന്നു. ഡയറക്ടർ ഫിലോസോഫി കമാൽ ഇബ്രാഹീമും അദ്ദേഹത്തിന്റെ മകനും ബഷീർ ആലവും മാത്രം. എസ്റ്റിമേട്ടിംഗ് ഡിപ്പാർട്ട്മെൻ്റിലെ ഫയലുകളും രേഖകളും നോക്കുവാൻ സഹായിക്കണമെന്ന ആദിൽ മുസ്​തഫയുടെ ആവശ്യം ബഷീർ ആലമാണ് വന്നറിയിച്ചത്. ഒടുവിലെ രണ്ടു മൂന്ന് വർഷങ്ങളിലെ കുടിശ്ശികയായ ശമ്പളവും എമ്മിയെസ്സിൽ ഞാൻ ജോലി ചെയ്ത ഇരുപത്തിയെട്ട് വർഷങ്ങളിലെ സർവീസ്​ വേതന ആനുകൂല്യങ്ങളും കിട്ടുമെന്ന് പ്രതീക്ഷയില്ല. ഞാൻ പോയത് പ്രതിഫലം പ്രതീക്ഷിച്ചുമല്ല. ഒരു മഹാസാമ്രാജ്യത്തിന്​ അന്ത്യോപചാരങ്ങൾ അർപ്പിച്ച് അതിനെ നിത്യനിദ്രയിലേക്ക് അയക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്ന കൗതുകമാണ് എന്നെ നയിച്ചത്. എമ്മിയെസ്​ കമ്പനിയുടെ ബാക്കിയുള്ള ആസ്​തികളുടെ കണക്കെടുപ്പ് നടത്താൻ സംഘം ജബൽ വസാത്തിലേക്ക് പോയപ്പോൾ ഞാനും ആദിൽ മുസ്​തഫയെ അനുഗമിച്ചു. അവിടെ ഒ.ഇ.പി പ്രൊജക്റ്റ് നടപ്പിലാക്കുന്നതിൽ എമ്മിയെസ്​ കമ്പനി വരുത്തി വച്ച കാലതാമസം പരിഹരിക്കാൻ പല നടപടികളും എടുത്തിരിക്കുന്നു. ജോലി ഏറ്റെടുത്ത പുതിയ കമ്പനി രാവും പകലും ജോലി ചെയ്യുന്നു. സ്​ഫോടനങ്ങൾ നടത്തി പാറ പൊട്ടിക്കുവാൻ കിംങ്ഡം റോക്കിൽ പല ടീമുകളെ നിയോഗിച്ച്​ ഒരേ സമയം മല തുരക്കലുമായി മുന്നേറുകയാണ്. ഇരട്ടി ജോലിക്കാരും ഉപകരണങ്ങളും രണ്ടു ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതുകൊണ്ട് ജബൽ വസാത്തിൽ യന്ത്രങ്ങളുടെ ശബ്​ദം നിലയ്ക്കുന്നില്ല.

അവിടെത്തന്നെ സജ്ജീകരിച്ചിട്ടുള്ള പോർട്ടാക്യാബിൻ ക്യാമ്പുകളും താത്കാലികമായി ഉയർന്നു വന്ന കടകളും ഹോട്ടലുകളും ചേർന്നുണ്ടായ ചെറുനഗരം ആരവം ഉയർത്തുന്നു. കുറേക്കൂടി തെക്കാണ് ദൂരെ നാടുകളിൽ നിന്ന് രക്ഷപ്പെട്ടോടി വന്ന അടിമകളായ അഭയാർഥികൾ കടലിലൂടെ വന്നിറങ്ങിയ മുനമ്പ്. മുനമ്പിനോടടുത്ത് വലിയ പരപ്പിൽ എമ്മിയെസ്​ കമ്പനിയുടെ നൂറുകണക്കിന് റോക്ക് ബ്രേക്കർ മെഷീനുകൾ കൂട്ടിയിട്ടിരിക്കുന്നു.

ഒരെണ്ണത്തിന് രണ്ടു ലക്ഷം ഡോളറെന്ന നിരക്കിൽ വില കൊടുത്തു വാങ്ങിയ മെഷീനുകളാണ്. അത്രയധികം മെഷീനുകളുടെ വില നിശ്ചയിക്കുമ്പോൾ വൻതുകയാകുമെങ്കിലും ബാധ്യതകൾ അതിലും എത്രയോ മടങ്ങ് കൂടുതലായതുകൊണ്ട് റോക്ക് ബ്രേക്കർ വനം കണ്ടിട്ട് ആശ്വാസം കൊ​ള്ളേണ്ടതില്ലെന്ന് കമാൽ ഇബ്രാഹിം തികഞ്ഞ നിസ്സംഗതയോടെ പറഞ്ഞു. ആഡിറ്റർമാർ മെഷീനുകളുടെ എണ്ണമെടുത്തപ്പോൾ എമ്മിയെസ്​ കമ്പനി കൊടുത്ത ലിസ്റ്റിൽ കാണിച്ചിട്ടുള്ളതിനേക്കാൾ അഞ്ചു മെഷീനുകൾ കുറവായി കണ്ടു. അവരുടെ ഒപ്പം എണ്ണാൻ പോയ ബഷീർ ആലവും കമാൽ ഇബ്രാഹീമിന്റെ മകനും അത് സമ്മതിച്ചില്ല. കമ്പനി കൊടുത്ത പട്ടിക ശരി തന്നെ ആണെന്ന് അവർ തർക്കിച്ചു.
‘‘സമ്മതിച്ചു കൊടുത്തേക്കൂ’’, ആദിൽ മുസ്​തഫ പറഞ്ഞു.
‘‘ അഞ്ചു മെഷീൻ എന്ത്? അത് എന്ത് വ്യത്യാസം വരുത്താനാണ്? അതിനേക്കാൾ എത്രയോ ആയിരം മടങ്ങാണ് പൊയ്പോയത്?’’ വികാരരഹിതമായ ശബ്​ദത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ആദിൽ മുസ്​തഫയെ ഓരോ തവണയും പുതിയ മനുഷ്യനായാണ് എനിക്ക് അനുഭവപ്പെടുന്നത്. ബഷീർ ആലം വന്ന് വിളിച്ച്​ ആദ്യം പോയപ്പോൾ എസ്റ്റിമേറ്റിംഗ് ഡിപ്പാർട്ട്മെൻ്റിലെ ഫയലുകളിൽ നിന്ന് കിംങ്ഡം റോക്ക് വിഷയത്തിലെ കുറേ രേഖകൾ വക്കീലിന് കൊടുക്കാൻ തയ്യാറാക്കുകയായിരുന്നു എന്റെ ദൗത്യം. കിങ്ങ്ഡം റോക്ക് തുടക്കത്തിൽ ആവശ്യപ്പെട്ട വലിയ നിരക്ക് ചർച്ചകളിലൂടെ നാലിലൊന്നായി കുറച്ചെന്നും ഒടുവിൽ നിജപ്പെടുത്തിയത് ആ കുറഞ്ഞ നിരക്കാണെന്നുമാണ്​ തെളിയിക്കേണ്ടത്. അതിനാവശ്യമായ രേഖകൾ കൃത്യമായി ഫയലിൽ ഉണ്ടായിരുന്നതുമാണ്. പക്ഷേ ഇപ്പോൾ ഫയലിൽ നോക്കുമ്പോൾ കിങ്ങ്ഡം റോക്ക് സമ്മതിച്ച്​ ഒപ്പിട്ട എഗ്രിമെൻ്റിൽ ആദ്യം ആവശ്യപ്പെട്ട നാലിരട്ടി കൂടുതലായ റേറ്റ് മാത്രമേയുള്ളൂ. അവരുടെ കുറഞ്ഞ റേറ്റ് പ്രകാരം എമ്മിയെസ്​ കമ്പനി കോൺട്രാക്​റ്റ്​ എടുത്തശേഷം അവർ റേറ്റ് നാലിരട്ടി വർദ്ധിപ്പിച്ചു എന്ന സത്യത്തിനു തെളിവായി ഒന്നും ഫയലിലില്ല. കിങ്ങ്ഡം റോക്കിനനുകൂലമായ വിധത്തിൽ എല്ലാ രേഖകളും മാറ്റിയിട്ടുണ്ട്.

എമ്മിയെസ്സിനെ കെണിയിൽ പെടുത്തി ഇല്ലാതാക്കാൻ മർമ്മം നോക്കി ഏൽപ്പിച്ച പ്രഹരം കിങ്ഡം റോക്കിന്റെ ബോധപൂർവമായ നടപടിയായിരുന്നു. ഫയൽ രേഖകളിൽ തിരിമറികൾ നടത്താൻ മാത്രമാണ് റീന ഡിക്രൂസ്​ കമ്പനിയിൽ വന്നതെന്ന് എനിക്ക് വ്യക്തമായി. മിനിട്ട്സ്​ എഴുതാൻ വേണ്ടി കിംങ്ഡം റോക്കുമായുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുത്തിട്ടുള്ള എന്റെ പക്കൽ ഷോർട്ട് ഹാൻഡിൽ ഞാനെഴുതിയിട്ടുള്ള നോട്ട്ബുക്കുണ്ട്. അതിൽ തിരുത്താത്ത റേറ്റുകൾ ഞാൻ എഴുതിയിട്ടുണ്ട്. കിംങ്ഡം റോക്കിൽ ഒപ്പ് വച്ച സമ്മതിപത്രം ഇല്ലെങ്കിലും എന്റെ ബുക്ക് വക്കീൽമാരെ കാണിച്ചാൽ തെളിവായി ഹാജരാക്കാൻ കഴിയുമോ എന്ന് ഞാൻ ആദിൽ മുസ്​തഫയോട് ചോദിച്ചു.

‘‘അവർ ഉദ്ദേശിച്ചതെല്ലാം നടന്നുകഴിഞ്ഞില്ലേ? നോട്ട് ബുക്കിന്റെ തെളിവൊന്നും ആരും അംഗീകരിച്ചു തരില്ല. നമ്മളിനി തെളിയിച്ചാലും ഒന്നും സംഭവിക്കാനില്ല. അന്ന്​ കിംങ്ഡം റോക്ക് ചതിച്ചു കാലുമാറുമ്പോൾ നമുക്ക് വാദിക്കാൻ ഒന്നുമില്ലാതാക്കുവാൻ മാത്രമായിരുന്നു ഫയലിലെ തിരിമറി. ഒറിജിനൽ കൊണ്ടുപോയി മാറ്റങ്ങൾ വരുത്തി ഇവിടെ വയ്ക്കാനാണ് റീന ഡിക്രൂസ്​ എമ്മിയെസ്സിൽ ജോലിക്ക് വന്നത്. ആ സ്​ത്രീയുടെ വലയിൽ അബ്രഹാം ജോസഫ് വീണുപോയതുകൊണ്ടാണ് കമ്പനിക്ക് ചതി നേരിടാൻ കഴിയാതെ പോയതെന്ന് അയാൾ കരുതുന്നു. അബ്രഹാം ജോസഫും മൻസൂറും ഞാനും എല്ലാം വളരെ ചെറിയ ഇരകൾ മാത്രം. എത്രയോ വലിയ ശക്തികൾ തമ്മിലെ യുദ്ധമാണ് ഇവിടെ നടന്നത്’’

പിന്നീട് വളരെ നാൾ ചിന്തിച്ചും ഡയറക്ടർ ഫിലോസോഫിയോട് ഏറെ നേരം ഫോണിൽ സംസാരിച്ചുമാണ് ആദിൽ മുസ്​തഫ പറഞ്ഞതിന്റെ അർത്ഥവും വ്യാപ്തിയും ഞാൻ മനസ്സിലാക്കിയത്. ജബൽ വസാത്തിൽ നിന്ന്​ മടങ്ങിയ യാത്ര നഹദൈൻ മലകളെ പിന്നിടുമ്പോൾ, അവയുടെ അടിയിൽ മാത്രം എണ്ണയില്ലെന്ന ഒ ഇ പി ജിയോളോജിസ്റ്റുകളുടെ വിജ്​ഞാപനമായിരുന്നു സംഭാഷണവിഷയം.

അതല്ല വാസ്​തവമെന്നും കാരണം മറ്റെന്തോ ആണെന്നും കമാൽ ഇബ്രാഹിം ഉറച്ച് വിശ്വസിക്കുന്നു. ആ പ്രദേശത്തുണ്ടായിരുന്ന ചെറുതും വലുതുമായ മലകളെയെല്ലാം തകർത്ത്​ നീക്കം ചെയ്ത് അവിടം സമനിരപ്പാക്കിയതിലെ ഭൗതികത എന്റെ കാഴ്ച്ചയെ മടുപ്പിച്ചു. ജബൽ വസാത്തിൽ ഓയിൽ ഫീൽഡിനോട് ചേർന്ന് നേരത്തെയുണ്ടായിരുന്ന ഭൂമി അവിടവിടെ നിമ്നോന്നതികൾ നിറഞ്ഞതായിരുന്നു. മരച്ചുവടിന്റെ വിസ്​തൃതിയിലും മുട്ടോളം മാത്രം ഉയരത്തിലും ധാരാളം ചരൽക്കുന്നുകൾ ചിതറിക്കിടന്നിരുന്നു. ജലവിതാന വലയങ്ങളും ഭൂചരിവുകളും ചരൽതിട്ടകളും ഊടും പാവുമായി നെയ്ത ഭൂപരപ്പിന്റെ മേൽവസ്​ത്രമുണ്ടായിരുന്നു. അതൊക്കെയും ചെത്തിമിനുക്കി ചതുര വടിവിലാക്കി അടിച്ചുറപ്പിച്ച ദൃശ്യം എന്നെ അസ്വസ്​ഥയാക്കി.

അനന്തതവരെ വ്യാപിച്ചുകിടക്കുന്ന ആ പരപ്പിൽ നഹദൈൻ മലകൾ ഭീമാകാരങ്ങളായ രണ്ട് ചുടല ഭൂതങ്ങളെപ്പോലെ നിന്നു. അവയുടെ ശൃംഗങ്ങളിലും താഴേക്കുള്ള കുതിപ്പിൽ തെറിച്ചിരിക്കുന്ന ശിലാപാളികളിലും പതിയ്ക്കുന്ന ഉഗ്രസൂര്യ കിരണങ്ങൾ ആ ചുടലഭൂതങ്ങൾക്ക് തീനാവുകൾ നൽകുന്നു. ചർച്ചകൾ ശ്രദ്ധിച്ച് വണ്ടിയോടിക്കുന്ന ബഷീർ ആലത്തിന്റെ മനസ്സിൽ എന്താവുമെന്ന് സങ്കല്പിക്കുവാൻ ഞാൻ ശ്രമിച്ചു. നഹദൈൻ മലകളുടെ ഉള്ളിലുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ശക്തിയുടെ എത്രയെത്ര ഭാവങ്ങൾ അനേകം തലങ്ങളിലായി ബഷീർ ആലത്തെ സ്​പർശിച്ചു പോയിരിക്കുന്നു.

(തുടരും)

Comments