ചിത്രീകരണം : ശശി ഭാസ്​കരൻ

പൊയിലോത്ത് ഡെർബി

അധ്യായം പതിനഞ്ച് : കളരി

ളമ്പിലാക്കലെ കളരിയിൽ പോലീസ് വന്ന ദിവസം നായിക് ഭാസ്‌കരൻ ആദ്യമായി പീടികമാളിക മുറിയുടെ ഗോവണി കയറി. സതീശനും സഖാക്കളും അമ്പരപ്പോടെ ചോദ്യഭാവത്തിൽ അയാളെ നോക്കിയെങ്കിലും ഭാസ്‌കരൻ ഭാവഭേദമില്ലാതെ തന്റെ വരവിന്റെ ഉദ്ദേശം അറിയിക്കുകയാണുണ്ടായത്.

"ഒരാൾക്ക് പെട്ടന്നങ്ങനെ പാർട്ടിയിൽ ചേരണം എന്ന് പറഞ്ഞാലൊന്നും നടക്കൂല.. ഭാസ്‌ക്കരാ.. നീയാദ്യം ഒരു അനുഭാവി ആയിട്ട് നിക്കണം. പാർട്ടി പരിപാടികളിലും സമരങ്ങളിലും ബരണം. പിന്ന നീ പാർട്ടിക്ക് പറ്റിയ ആളാണെന്ന് തോന്നുമ്പ നെനക്ക് കാന്റിഡേറ്റ് മെമ്പർഷിപ്പ് തരും. ഒരു കൊല്ലക്കാലോ അതിൽ കൂടുതലോ പാർട്ടി ഇന്റെ പ്രവർത്തനം നിരീക്ഷിക്കും. ഇതെല്ലാം കയിഞ്ഞിറ്റാന്ന് നിന്നെ മെമ്പറാക്കണോന്ന് പാർട്ടി തീരുമാനിക്കല്.. ഒരു വീറിന് പാഞ്ഞ് വന്ന് ചേരാനൊന്നും പറ്റൂല..'

ഭാസ്‌കരൻ മിണ്ടാതെ തല താഴ്ത്തി നിന്നു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാരീതികളെ പറ്റി ധാരണയില്ലാത്തതിൽ അയാൾക്കന്നാദ്യമായി കുണ്ഠിതം തോന്നി.

""അതയ്‌ക്കോട്ടെ സതീശാ അന്നെ മെമ്പറാക്കാൻ പാങ്ങ്‌ണ്ടെന്ന് തോന്ന്ന്ന കാലത്ത് ആക്ക്യാ മതി. പക്ഷെ ഇങ്ങള് അനെ കൂടെ കൂട്ടണം.''

""നിന്നെ കൂടെ കൂട്ട്യാല് പാർട്ടിക്കെന്താന്ന് മെച്ചം ? ''

പറങ്ങോടൻ കാലിന്മേല് കാൽ കയറ്റി വച്ച് ചോദിച്ചു. ഭാസ്‌കരൻ കുറച്ചു നേരം ചിന്തിച്ചു. പിന്നെ താഴെ നിർത്തിയിട്ട തന്റെ ജീപ്പിനെ ചൂണ്ടി അയാൾ പറഞ്ഞു.

""ഇത് ഞാനെന്റെ ജീവൻ പോലെ കൊണ്ടു നടക്കണ വണ്ടിയാന്ന്. പിരിഞ്ഞ് പോന്നപ്പം കിട്ടിയതിന്റെ പകുതി പൈശ ഇവന് വേണ്ടിയാന്ന് ചെലവാക്കിയത്. ഈ വണ്ടി എനി മുതൽക്ക് പാർട്ടിക്ക് എടുക്കാ. നിങ്ങക്ക് ഏടെ പോണേലും ഞാൻ കൊണ്ടോവും.''

സതീശനും സഖാക്കളും ഭാസ്‌കരനെയും അവൻ ചൂണ്ടിക്കാണിച്ച സി.ജെ സെവൻ ജീപ്പിനെയും വിശ്വാസം വരാതെ നോക്കി. നിശ്ചയമായും അവന്റെ തലക്കെന്തോ തകരാറ് പറ്റിയാതായി അവർ കരുതി. പക്ഷെ അന്നുമുതൽ നായിക് ഭാസ്‌കരന്റെ ജീപ്പ് പൊയിലോത്തെ പാർട്ടിയുടെ അനൗദ്യോഗിക വാഹനമായി മാറി.

1992 ഡിസംബർ 6 ഉച്ചനേരത്ത് പള്ളി പൊളിച്ച വാർത്ത റേഡിയോയിൽ വരുമ്പോൾ ചായപ്പീടികയിലെ ബെഞ്ചുകൾ ശൂന്യമായിരുന്നു. എളമ്പിലാക്കൽ വക കളരിയിൽ പോലീസ് തൊപ്പികൾ അനങ്ങുന്നത് കണ്ട ജനം മുഴുവൻ ആ സമയം പറമ്പിന് ചുറ്റുമായി തടിച്ചു കൂടിയിരുന്നു. ദേശത്ത് വിരലിലെണ്ണാവുന്ന മുസ്ലീം കുടുംബങ്ങൾ മാത്രമേയുള്ളു. അതു കൊണ്ട് പള്ളി പൊളിച്ച സംഭവം വലിയ ചലനം സൃഷ്ട്ടിക്കില്ലെന്ന് കരുതിയെങ്കിലും പാർട്ടിക്കാർ പൊയിലോത്ത് അങ്ങാടിയിൽ ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പക്ഷെ, ആളൊഴിഞ്ഞ അങ്ങാടിയിൽ പാർട്ടിമെമ്പർമാരും ഉറച്ച അനുയായികളും മാത്രമേ ആ പരിപാടി കാണാനുണ്ടായിരുന്നുള്ളു. ബാക്കിയെല്ലാവരും പൊടിപറപ്പിച്ച് പാഞ്ഞ പോലീസ് ജീപ്പിനെ പിന്തുടർന്ന് എളമ്പിലാക്കൽ കളരിയുടെ പരസരത്തെത്തിയിരുന്നു.

എളമ്പിലാക്കൽ കളരി അർത്ഥവൃത്താകൃതിയിൽ ഭൂമി താഴേക്ക് വെട്ടി പണി കഴിപ്പിച്ച ഒരു നിർമ്മിതിയാണ്. അതിന്റെ പകുതി ഭാഗത്തിന് ഓല മേഞ്ഞ മേൽക്കൂരയുണ്ട്. തുറസ്സായ ശിഷ്ടഭാഗത്താണ് കുറിക്കാരുടെ വക കസർത്ത് നടക്കുന്നത്.സാധാരണ മനുഷ്യരാരും ആ ഭാഗത്തേക്ക് ഗൗനിക്കാറില്ലെങ്കിലും, പതിവില്ലാതെ പോലീസ് ജീപ്പ് ചുരം കയറി ആ ഭാഗത്തേക്ക് ഓടിച്ചു പോയതാണ് പൊയിലോത്തുകാരുടെ ശ്രദ്ധയെ അങ്ങോട്ടാകർഷിച്ചത്. പോലീസുകാർ ഒപ്പം കൊണ്ടു വന്ന കറുത്ത സ്‌നിഫർ ഡോഗ് അതിന്റെ പളുങ്ക് കണ്ണുകളുരുട്ടി ആൾക്കൂട്ടത്തെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഇല്ലിവേലിക്കപ്പുറത്തും സമീപത്തെ മരങ്ങളുടെ ശിഖരങ്ങളിലും നിലയുറപ്പിച്ച ചെറുപ്പക്കാർ രംഗം സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു. മാധവൻ നായരുടെ മൂത്തപുത്രൻ ഒരു തടിക്കസേരയിൽ ഇരിക്കുന്നുണ്ട്. അയാൾക്കരികിലായി മറ്റൊരു കസേരയിൽ ഇരുന്ന പോലീസ് ഇൻസ്‌പെക്ട്ടർ വടക്കോട് ചൂണ്ടി സംസാരിച്ചതെന്താണെന്ന് കാണികൾക്ക് മനസ്സിലായില്ല.

പോലീസ് വെളുത്ത തുണിക്കെട്ടിൽ സൂക്ഷ്മമായി പൊതിഞ്ഞെടുത്ത് കൊണ്ടു പോയ സംഗതി എന്താണെന്നും ദേശക്കാർക്ക് ഗ്രഹിക്കാനായില്ലെങ്കിലും രാത്രിയിൽ ദൂരദർശനിലെ മലയാളം വാർത്ത കേട്ടു കൊണ്ട് ചോറു വാരി വിഴുങ്ങുകയായിരുന്ന നായിക് ഭാസ്‌കരന്റെ തൊണ്ടയിൽ ചോറുരുള വിലങ്ങി പോവുകയും, അയാളുടെ ഭാര്യ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പാഞ്ഞ തക്കത്തിന് ഭാസ്‌കരൻ ചോറുണ്ട കൈപോലും കഴുകാതെ പാർട്ടി ഓഫീസിലേക്ക് വച്ചു പിടിക്കുകയും ചെയ്തിരുന്നു.

എളമ്പിലാക്കലെ കളരിയിൽ പുതിയ വിളക്ക് കാല് പണിയാൻ കുഴിയെടുത്ത കൂട്ടത്തിൽ പാക്കിസ്ഥാൻ മുദ്രയുള്ള ഒരു സെമി ഓടോമാറ്റിക് റൈഫിളും തിരകളും ഉയർന്നു വരികയുണ്ടായി. ഗ്രാമം ദേശീയശ്രദ്ധയാകർഷിച്ച ആ രാത്രിയിൽ ഭാസ്‌കരൻ തന്റെ ബൂർഷ്വാ ബന്ധങ്ങളെല്ലാം എന്നന്നേക്കുമായി അവസാനിപ്പിച്ച് ഒരു കേഡറായി ശിഷ്ടകാലം കഴിയാൻ തീരുമാനിച്ചു. അങ്ങനെ വിചിത്ര സംഗതികൾ പലതും അന്നേ ദിവസം ദേശത്ത് സംഭവിച്ചു കഴിഞ്ഞിരുന്നു. ദേശത്ത് തീവ്രവാദ ശക്തികൾ പ്രവർത്തിക്കുന്നുണ്ട് എന്ന തരത്തിലാണ് കുറിക്കാർ അവരുടെ രാഷ്ട്രീയ ക്യാംപെയിനുകൾ അഴിച്ചു വിട്ടത്. പോലീസിന്റെ അന്വേഷണം എളമ്പിലാക്കലുകാരുടെ സ്വാധീനത്താൽ പൊയിലോത്ത് പശുക്കളെ വളർത്തി ഉപജീവനം കഴിച്ചിരുന്ന മുത്തുറാവുത്തർ എന്ന മാപ്പിളയുടെ പടിക്കൽ ചെന്ന് അവസാനിച്ചു. പണ്ടെങ്ങാണ്ട് എളമ്പിലാക്കലെ തൊടിയിൽ പുല്ലരിയാൻ വന്നു എന്ന കാരണം പറഞ്ഞ് ആ സാധുമാപ്പിളയെ ഗോസായി ദേശത്തു നിന്നു വന്ന തീവ്രവാദവിരുദ്ധ സ്‌ക്വാഡുകാർ ജീപ്പിലെടുത്തിട്ട് കൊണ്ടു പോയി. അലിഗഡിൽ പഠിക്കുന്ന അയാളുടെ മൂത്ത മകനേയും തെളിവെടുപ്പിനായി കൊണ്ടു പോയെന്ന് ഒരു വിവരം നാട്ടിൽ കറങ്ങി നടന്നിരുന്നു. റാവുത്തരുടെ പശുക്കൾ ആരും നോക്കാനില്ലാതെ തൊഴുത്തിൽ കിടന്ന് കരഞ്ഞു വിളിക്കാൻ തുടങ്ങി. പാതിരാത്രിയിൽ വെള്ളവും തീറ്റയും കിട്ടാതെ അമറുന്ന പശുക്കളെ അഴിച്ചു വിടാൻ പോലും ഒരാളും ആ പുരയിടത്തിൽ കയറിയില്ല.

റാവുത്തർ തന്റെ പുരയിടത്തിന് ചുറ്റും ബോംബുകൾ കുഴിച്ചിട്ടിട്ടുണ്ടെന്നൊരു കഥ കൂടി ദേശത്ത് പ്രചാരത്തിൽ വന്നിരുന്നതിനാൽ ഭയചകിതരായ അയൽക്കാർ പശുക്കളുടെ കരച്ചിൽ കേട്ടില്ലെന്ന് നടിച്ചു. ക്രമേണ പശുക്കളുടെ നിലവിളി അടങ്ങി. മരണമടുത്ത ജന്തുക്കളെ മണത്തറിഞ്ഞ കുറുനരികളും കുറുക്കന്മാരും നിറഞ്ഞ വയറുകളും താങ്ങി, നാവുനുണച്ച് ആ പുരയിടത്തിൽ നിന്നിറങ്ങി പോയി. കാലസൂത്രയിൽ നിന്ന് തിരിച്ചു വന്ന സതീശനും സുഗതനും ചോരയും മാംസവും അഴുകി പിടിച്ച തൊഴുത്തും ശൂന്യമായ കയറുകളുമാണ് കാണാൻ കഴിഞ്ഞത് !

അധ്യായം പതിനാറ് : അഘോരി

തൊണ്ണൂറ്റി ഒന്നിൽ സോവിയറ്റ് യൂണിയൻ തകർന്ന പകലിലാണ് മാധവൻ നായർ തീർന്നു പോകുന്നത്. സന്തോഷാധിക്യത്താൽ വന്ന അറ്റാക്കാണ് നായരെ തീർത്തു കളഞ്ഞതെന്ന് പോസ്റ്റ്‌മോട്ടം റിപ്പോട്ട് വ്യക്തമാക്കി. രാത്രിയിലേക്ക് തീരുമാനിച്ച പാർട്ടിക്ക് കാലേക്കൂട്ടി എത്തിയ തറവാട്ടുകാർ നായരുടെ പുലകുളി അടിയന്തിരം കഴിഞ്ഞാണ് തിരിച്ചു പോയത്. സോവിയറ്റ് യൂണിയൻ തകർന്നതറിയാതെ, എളമ്പിലാക്കലെ ജന്മി ഊർദ്ധ്വൻ വലിച്ച കഥയറിയാതെ പറമ്പിലെ എച്ചിലിലകളിൽ നായ്ക്കളും കാക്കകളും കുത്തി മറിഞ്ഞു. അതിന്റടുത്ത കൊല്ലം തൊട്ടാണ് എളമ്പിലാക്കൽ തറവാട്ടുകാർ മാധവൻ നായരുടെ സ്മരണാർത്ഥം സെവൻസ് ടൂർണമെന്റ് സംഘടിപ്പിച്ചു തുടങ്ങിയത്. സോവിയറ്റ് തകർച്ചയുടെ സ്മരണ എക്കാലവും നിലനിൽക്കണമെന്ന് അവർക്ക് വാശിയായിരുന്നു. തൊഴിലാളിവർഗസർവ്വാധിപത്യം എന്ന സ്വപ്നം തുരുമ്പെടുത്തു പോയതിന്റെ ചിരസ്മരണ! അക്കൊല്ലം തന്നെ പാർട്ടി ടീമിനെ ഇറക്കി. ബോൾഷെവിക് പൊയിലോത്ത്!

സോവിയറ്റ് നാടിന്റെ വർണശഭളമായ താളുകൾ പുസ്തകം പൊതിയാൻ കിട്ടാതായതോടെ യൂണിയൻ തകർന്നതായി ദേശം മനസ്സിലാക്കി. അപ്പുമാഷ് കക്ഷത്തിൽ ചുരുട്ടിപിടിച്ചു കൊണ്ടുവന്ന സോവിയറ്റ് നാടിനെ ആർത്തിയോടെ ഘ്രാണിച്ച ഓർമയിൽ ദേശക്കാരുടെ ഉടലാകെ ഉളുത്തു കയറി.

""സോവിയറ്റെന്നൊരു നാടുണ്ടത്രേ.. പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം...''

ഇടവഴി കയറുമ്പോൾ അപ്പുമാഷ് പാടുന്നതു പോലെ തോന്നി ചിലരൊക്കെ ഇല്ലിവേലികൾക്കപ്പുറത്തേക്ക് പാളി നോക്കി.

ദേശത്ത് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കപ്പെട്ടത് ആന്നാദ്യമായിട്ടായിരുന്നു. കണ്ണൂര് കളി കാണാൻ പോകുന്ന പതിവുള്ളവർ നന്നേ ചുരുക്കമായിരുന്നെങ്കിലും പുഞ്ചപ്പാടത്ത് പന്തുരുളുന്നത് കാണാൻ ആളുകൂടി. ആദ്യ ടൂർണമെന്റിന് ഇറങ്ങിയ ബോൾഷെവിക് പൊയിലോത്ത് പക്ഷെ എളമ്പിലാക്കലുകാരുടെ സംഘധ്വനിയോട് ആദ്യ റൗണ്ടിൽ തന്നെ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

എം.മാധവൻ നായർ സ്മാരക എവർ റോളിംഗ് ട്രോഫിക്ക് വേണ്ടി എളമ്പിലാക്കൽ പാടത്ത് സംഘടിപ്പിച്ചു പോരുന്ന ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇന്നേവരെ ബോൾഷെവിക് പൊയിലോത്ത് കപ്പെടുത്തിട്ടില്ല. കഴിഞ്ഞ പത്തിരുപതു വർഷങ്ങളായിട്ട് അത് നടന്നു വരുന്നുണ്ട്. ആ വർഷങ്ങളിലത്രയും പാർട്ടിക്കാര് പിരിവിട്ട് ടീമിനെ ഇറക്കിയിരുന്നു. പക്ഷെ മാധവൻ നായര് പിടി തന്നില്ല. എളമ്പിലാക്കലെ ഷോക്കേസ് വിട്ട് ആ ട്രോഫിക്ക് എങ്ങോട്ടും സഞ്ചരിക്കേണ്ടതായും വന്നില്ല. ട്രോഫി പക്ഷെ ആരെയും മോഹിപ്പിക്കുന്നതായിരുന്നു. പോളീഷ് ചെയ്തു മിനുക്കിയ കരിവീട്ടിസ്റ്റാന്റിൽ അമ്പത് ഇതളുകളുള്ള, വെള്ളിയിൽ തീർത്ത താമരയുടെ മാതൃക. അടിയിൽ എളമ്പിലാക്കൽ മാധവൻ നായർ എവർ റോളിംഗ് ട്രോഫി എന്ന് സ്വർണലിപികളിൽ ആലേഖനം ചെയ്തിരിക്കുന്നു. ട്രോഫിയുടെ ഖ്യാതി മലബാറും പിന്നിട്ട് പുറത്തു പോയെങ്കിലും കപ്പിന് ഒരു കാലത്തും എളമ്പിലാക്കൽ വക പറമ്പുകളുടെ അതിരുകൾ താണ്ടേണ്ടി വന്നില്ല.

കാർത്തിക ഞാറ്റുവേലക്ക് ഫൈനൽ കാണാൻ മാത്രം തറവാട് വിട്ടിറങ്ങിയ ട്രോഫി പോയപോലെ തന്നെ തിരിച്ചു വന്നു. സതീശനും പാർട്ടിയും മാധവൻ നായരെ വേട്ടയാടാൻ തുടങ്ങിയ കാലം തൊട്ട് എളമ്പിലാക്കലുകാർ പുറത്തു നിന്ന് കളിക്കാരെ ഇറക്കുന്നുണ്ട്. എഫ് സി കൊച്ചിന്റെയും മോഹൻബഗാന്റെയും കളിക്കാർ എളമ്പിലാക്കലെ പാടത്ത് പൊടിപറപ്പിച്ച് പാഞ്ഞതോടെ ദേശത്തിന്റെ സപ്തനാഡികളിലും ഫുട്‌ബോൾജ്വരം പടർന്നു കയറാൻ തുടങ്ങി. ടൂർണമെന്റ് കഴിഞ്ഞിട്ടും ഇടവപ്പാതി എറിഞ്ഞു പെയ്യും വരെ പാടം അവർ വിട്ടു കൊടുത്തതേയില്ല. ചുറ്റിലും പൊടിപ്പൂട്ട് നടക്കുന്ന നേരത്ത് നടുപ്പാടം മാത്രം ദേശക്കാരുടെ ചവിട്ടു കൊണ്ട് പതം വച്ചു.
മാളികയുടെ ഉയരത്തിൽ നിന്നു നോക്കിയാൽ പൊയിലോത്ത് ദേശവും അതിനെ കവച്ചൊഴുകുന്ന തോടും ഒട്ടുമുക്കാലും കാണാമായിരുന്നു. ചേന്നൻകുന്നിന്റെ അടിവാരം തൊടുന്ന വയലുകളിലേക്ക് കണ്ണുനട്ട് സായാഹ്നങ്ങളിൽ സതീശനും കൂട്ടാളികളും അവിടെയിരുന്നു.

അപ്പു മാസ്റ്ററുടെ ഘാതകർ പലകാലങ്ങളിലായി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷരായെങ്കിലും ഒരാൾ മാത്രം പിടികിട്ടാപ്പുള്ളിയായി ബോൾഷെവിക്കുകളെ വെട്ടിച്ചു കടന്നു കളഞ്ഞു. ചെല്ലന്റെ മോൻ ഗിരീശൻ. അവനെയും അപ്പുമാസ്റ്റർ പഠിപ്പിച്ചിട്ടുള്ളതാണ്. സ്‌ക്കൂളു വിട്ടതിൽ പിന്നെ അവൻ എളമ്പിലാക്കലുകാരുടെ ലോറികളിൽ കള്ളത്തടി കടത്താൻ മലകളിലേക്ക് കൂട്ടുപോയി. കണ്ണൂരിൽ നിന്ന് കുറിക്കാരിറങ്ങിയപ്പോൾ ആദ്യം അവരുടെ വാലായതും അവനാണ്. നീളൻകുറി വരച്ച് നടക്കാൻ തുടങ്ങിയ കാലം തൊട്ട് ഇരുട്ടത്തല്ലാതെ അവനെ കണ്ടവർ ചുരുക്കമായിരിക്കും. റിമാന്റ് കാലാവധി കഴിഞ്ഞ് ജ്യാമത്തിലിറങ്ങിയ ഗിരീശൻ പിന്നെ പൊയിലോത്തേക്ക് തിരിച്ചു വന്നില്ല. അവൻ വടക്കോട്ട് എങ്ങോട്ടോ കടന്നു കളഞ്ഞതായി ഒരു വിവരമാണ് പാർട്ടിക്ക് കിട്ടിയത്. കൊൽക്കത്തയിൽ ബി.എസ്.എൻ.എലിൽ പണിയുള്ള ലെനിൻരാജ് ലീവിനു വന്നപ്പോൾ പറഞ്ഞ സംശയമാണ് അവനെ കുറിച്ച് അവസാനമായി കിട്ടിയ സൂചന. ദുർഗാപൂജക്ക് കാളിഘട്ടിൽ രഥം വലിച്ചു നടന്നവരിൽ ഒരുത്തന് ഗിരീശന്റെ ഛായ തോന്നിയതായി മിലിട്രി വാങ്ങാൻ വന്ന നേരത്ത് ഭാസ്‌കരനോട് അവൻ സ്വകാര്യം പറഞ്ഞു. പിറ്റേന്ന് തന്നെ സതീശനും ചാഴിയും അങ്ങോട്ട് വണ്ടി കയറി.

കാളിഘട്ടിലേക്ക് ശവങ്ങൾ ചുമന്ന് കൊണ്ടു പോകുന്ന കാളവണ്ടിയെ അനുഗമിച്ച ഭസ്മവിഭൂഷിതനായ സന്ന്യാസിയെ തെരുവിന്റെ ഇരുണ്ട മൂലയിൽ പതുങ്ങി നിന്ന ചാഴി സുധീഷ് ഉന്നം വച്ചു. നാല് ദിവസമായി അവരിരുവരും അവന്റെ പിന്നാലെയുണ്ട്. കൊൽക്കത്തയിൽ ചെന്ന് ഒരു മാസത്തെ തിരച്ചിലിനൊടുക്കമാണ് അവർക്കവനെ കണ്ടെത്താൻ കഴിഞ്ഞത്. കാളിഘട്ടിലെ മനുഷ്യരും വേശ്യകളും വെച്ചുവാണിഭക്കാരും തിങ്ങി നിറഞ്ഞ ഖല്ലികളിൽ അവനെ അന്വേഷിച്ചു നടക്കുന്നത് തന്നെ ശ്രമകരമായ ഒരു ജോലിയായിരുന്നു. അവന്റെ അതേ ശരീരപ്രകൃതിയുള്ള എത്രയോ മനുഷ്യരെ ഓരോ തവണയും ചൂണ്ടിക്കാണിക്കാൻ ബംഗാളികൾക്ക് കഴിഞ്ഞിരുന്നു എന്നതാണ് സതീശനെ വലച്ചത്. പ്രക്ഷുബ്ദമായ ഹൂഗ്ലി നദി പോലെ ജനങ്ങളൊഴുകുന്ന ഇടുങ്ങിയ തെരുവുകളിലേക്ക് ചാഴിയും ട്രാൻസിസ്റ്ററും ഊളിയിട്ടു. മനുഷ്യരുടെ ഒഴുക്കിൽ പെട്ട് അവർക്ക് ശ്വാസം മുട്ടി. ഇടക്ക് ഒരാഴ്ച്ചക്കാലം വഴി തെറ്റി അവർ പരസ്പരം അന്വേഷിച്ചു നടന്നു! വീണ്ടും കൂട്ടിമുട്ടുമ്പോൾ അവരിരുവരും വിശപ്പും ദാഹവും മൂലം പരവശരായിരുന്നു.

""പോവാ.. സതീശാട്ടാ.. ഓനീടെല്ലെന്നാ തോന്ന്ന്നത്. ഓനീടന്ന് പോയിറ്റിണ്ട്''

ചാഴി ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
സതീശൻ പെട്ടന്ന് ചാഴിയെ പിടിച്ചു വലിച്ച് അടുത്തു കണ്ട ഇടവഴിയിലേക്ക് പതുങ്ങി.

""നോക്കെടാ..''

ട്രാൻസിസ്റ്റർ ഇരുട്ടിലേക്ക് ചൂണ്ടി.

ആർപ്പുവിളികളുമായി കടന്നു പോകുന്ന ശവമഞ്ചത്തിനു പിന്നിൽ ചരസ്സും വലിച്ചു നീങ്ങുന്ന മെലിഞ്ഞ് ദീർഘകായനായൊരു സന്ന്യാസിയുടെ നേർക്കാണ് സതീശൻ വിരൽ ചൂണ്ടിയത്. അയാളുടെ മുഷിഞ്ഞു നിറം മങ്ങിയ ലങ്കോണ്ടിയുടെ ഒരറ്റത്ത് നിന്ന് ഒരു കയർ നിലത്തേക്ക് ഞാന്നു കിടന്നു. അയാൾ നടക്കുന്ന താളത്തിനൊത്ത് അതിൽ കെട്ടിതൂക്കിയ മണി കിലുങ്ങി.ചാഴി അരയിലെ ഉറുമിപ്പിടിയിൽ കൈവച്ചപ്പോൾ സതീശൻ കണ്ണുകാണിച്ച് അവനെ വിലക്കി.

""മിണ്ടാണ്ട് കൂടെ ബാ''

സതീശൻ സന്ന്യാസി പോയതിന്റെ എതിർദിശയിൽ നടന്നു.

""എന്താന്ന് സതീശാട്ടാ.. ഓനെയിപ്പ തീർക്കറോ..?''

സതീശൻ ഒന്നും മിണ്ടാതെ നടപ്പ് തുടർന്നു. ചാഴി നിരാശയോടെ തലവെട്ടിച്ച് സന്ന്യാസി പോയ വഴിക്ക് നോക്കി പിന്നെ സതീശന്റെ ഒപ്പമെത്താൻ ഓടി.

""ഓനെ ഒറ്റയടിക്ക് തീർക്കാൻ നോക്ക്യാ ചെലപ്പ നമക്കീട്ന്ന് പോമ്പറ്റൂല സുധീഷേ.. ഓനീടെ ഒറ്റക്കാണോ ഓന്റെ കൂട്ടര് ഏത് തരക്കാരാന്നൊക്കെ നോക്കണം. ഓനെ പണിഞ്ഞിറ്റെ മ്മളീടന്ന് പോവു..''

പാർട്ടി ഓഫീസിലെ കയറ്റുകട്ടിൽ ഞെങ്ങി ഞെരുങ്ങി ഉറക്കം പിടിക്കും മുമ്പ് സതീശൻ അടഞ്ഞ സ്വരത്തിൽ ചാഴിയുടെ ചെവിട്ടിൽ പിറുപിറുത്തു. പിറ്റേന്ന് മുതൽ സതീശനും ചാഴിയും സന്ന്യാസിയെ പിന്തുടർന്ന് തുടങ്ങി. വിചാരിച്ചതിന് വിപരീതമായി അവൻ അവിടെ ഒറ്റക്കാണെന്ന് സതീശന് എളുപ്പം മനസ്സിലായി. അവന്റെ ബംഗാളിജീവിതം വിചിത്രമായിരുന്നു. മേലാകസലം വിഭൂതി പൂശി ജഡാധാരിയായ ഗിരീശൻ കാളിഘട്ടിലേക്കെത്തുന്ന ഓരോ ശവത്തിനെയും അനുഗമിച്ചു. ശവത്തെ ചിതയിലേക്കെടുക്കുമ്പോൾ അതിന്റെ മുകളിൽ നിന്ന് എടുത്തു മാറ്റുന്ന ചെണ്ടുമല്ലി മാലകൾ തലയിൽ ചുറ്റി, പരേതന്റെ ബന്ധുക്കൾ കൊടുക്കുന്ന ദക്ഷിണ വാങ്ങി, ബംഗാളിയും സംസ്‌കൃതവും കലർന്ന ഭാഷയിൽ എന്തൊക്കെയോ ചൊല്ലിപറഞ്ഞ് അവൻ ഗംഗയുടെ കൈവഴിക്കരികിലൂടെ അലഞ്ഞുനടന്നു. പാതിരാത്രിയിൽ ആളൊഴിഞ്ഞ ശ്മാശനത്തിലിരുന്ന് ചരസ്സ് സേവിച്ചു. മലബാറിലെ മലഞ്ചെരിവിൽ നിന്ന് പുറപ്പെട്ടു പോയി ഒളിവുജീവിതം നയിക്കുന്ന ഒരു കൊലപാതകിക്ക് ഒട്ടും ചേരാത്ത ആ പരിവേഷം സതീശനെ വിറളി പിടിപ്പിച്ചു. എങ്കിലും അടുത്ത ദിവസം പണി കഴിച്ച് നാട്ടിലേക്ക് തിരിക്കണമെന്ന് അവർ തീരുമാനിച്ചു.

ചാഴി അരയിൽ നിന്ന് ഉറുമി ഊരി ഒന്ന് കുടഞ്ഞു. ഗംഗയുടെ ഉപരിതലത്തിൽ അപ്പോൾ നിലാവൊന്ന് വിറച്ചു. പരിസരം ഒരു കൊലപാതകത്തിന് അനുയോജ്യമാവണ്ണം വിജനമായിരുന്നു. പിന്നിൽ കാൽപെരുമാറ്റം കേട്ടപ്പോൾ സന്ന്യാസി ധ്യാനം വിട്ടുണർന്നു. അയാൾ ഒരു സ്വപ്നത്തിലെന്നവണ്ണം സംസാരിക്കാൻ തുടങ്ങി.

""നിങ്ങളീടെ എന്നെ തെരഞ്ഞ് ബരുന്ന് എനക്കറിയാപ്പാ.. ഞാനിത്രകാലം നിന്നെ പ്രതീഷിച്ചാന്ന് സതീശാ ഇര്‌ന്നേ.. നിന്നെ ജപിച്ചിര്ന്ന് കാലം പോയത് തിരിഞ്ഞ്ല്ല.''

ഗിരീശനു പിന്നിൽ നിന്ന സതീശൻ ഒന്നു ഞെട്ടി. അയാളവരെ കാണാൻ ഒരു സാധ്യതയുമില്ലായിരുന്നു !

""മിണ്ടല്ലെടാ.. നായിന്റെ മോനേ..''

ചാഴി ഒറ്റചവിട്ടിന് സന്ന്യാസിയെ പടികെട്ടിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. ഗിരീശൻ പട്ടിക്കെട്ടിൽ നിന്ന് കെട്ടിമറിഞ്ഞ് താഴേക്ക് പതിച്ചു. വീണിടത്ത് കിടന്ന് അവൻ അലറി ചിരിക്കാൻ തുടങ്ങി.

""സതീശാ.. നിനക്കെന്നെ കൊല്ലാനാവൂലാ.. ഞാൻ പണ്ടേ ചത്തില്ലേപ്പാ... ഞാൻ വെറും ഒരു വാളല്ലേ.. തുരുമ്പിച്ച് മൂർച്ച പോയ പിട്യെളകിയ വാള്.. എട്ത്ത് പെരുമാറിയവര് ബരെ എന്ന മറന്ന്. ന്നാലും ഇയ് വന്നല്ലോ. എനിക്കത് മതി''

സന്ന്യാസി നിലത്ത് കിടന്നുരുണ്ട് പിന്നെയും ചിരിച്ചു. കെട്ടടങ്ങിയ ചിതകളൊക്കെ അപ്പോൾ ചുവന്ന കനലുകൾ ഇളക്കി അവന്റെ കൂടെ ചിരിക്കാൻ തുടങ്ങി. ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments