ചിത്രീകരണം : ശശി ഭാസ്​കരൻ

പൊയിലോത്ത് ഡെർബി

അധ്യായം 13: കമ്മ്യൂൺ

കാര്യസ്ഥൻ നെറ്റിയിലെ വിയർപ്പ് പലയാവർത്തി വടിച്ചെറിഞ്ഞ് എളമ്പിലാക്കലെ തറവാട് ലക്ഷ്യമാക്കി നടന്നു. തലയിലെന്തെങ്കിലും ആശങ്ക മുളപൊട്ടിയാൽ അയാൾ പിന്നെ അങ്ങനെയാണ്. മേലാകെ ഒരു പരവേശം കയറും. ശരീരം മുഴുവൻ വിയർത്ത് കൊട്ടും. മലയിറങ്ങി വരുന്ന വയനാടൻ കാറ്റിനുപോലും അയാളെ തണുപ്പിക്കാനാവില്ല. കാര്യസ്ഥൻ നടത്തത്തിന്റെ വേഗത കൂട്ടി. പടിപ്പുര കടക്കുമ്പോൾ അയാൾ വല്ലാതെ അണച്ചിരുന്നു.
ചാരുകസേരയിൽ കണ്ണടച്ചു കിടക്കുകയായിരുന്ന ജന്മിയുടെ ചെവിട്ടിൽ അയാൾ അടക്കം പറഞ്ഞു, ‘കോട്ടയത്ത്ന്ന് ബന്ന ചേട്ടൻ പണിയന്മാരെ കൊണ്ട് ചുരം വെട്ടി വീതി കൂട്ട്ന്ന്. ലോറി കയറ്റാമ്പോണെന്നാ... കേൾക്ക്ന്ന്.'
‘നീ കണ്ടോ...?'
‘ആ വല്ല്യ പിക്കാസും കുഴിയാറയും ഒക്കെണ്ട് '
ജന്മി ഒരു ദീർഘനിശ്വാസം വിട്ട് കസേരയിലേക്ക് തന്നെ ചാഞ്ഞു.

തോമസ് ഇട്ടിയവരയും പണിയരും തൊണ്ണൂറ്റിരണ്ട് പകലും രാത്രിയും കരിമ്പാറകളോടും മരവേരുകളോടും മല്ലിടുകയായിരുന്നു. മനുഷ്യരുടെ പരിചിതമല്ലാത്ത ഇടപെടലുകൾക്കുമുന്നിൽ പരിഭ്രമിച്ചുപാഞ്ഞ വിഷജീവികൾ മൂന്നുപേരുടെ ജീവനെടുത്തു. ആവേശം കയറിയ മനുഷ്യർ പക്ഷെ പിൻമാറാൻ കൂട്ടാക്കിയില്ല. അവർ മണ്ണിനോടും പാറക്കല്ലുകളോടും ഇരുമ്പിന്റെ ഭാഷയിൽ തർക്കിച്ചുകൊണ്ടിരുന്നു. തൊണ്ണൂറ്റിരണ്ടാമത്തെ പകലിൽ പ്രകൃതി മനുഷ്യർക്ക് കീഴടങ്ങി. ചുരം തെളിച്ചെടുത്ത ആ കഥ പക്ഷെ ചരിത്രം ചെവിക്കൊണ്ടില്ല. കോട്ടയത്ത് നിന്നുവന്ന ചേട്ടൻ ബ്രിട്ടീഷ് രൂപ കൈക്കൂലി കൊടുക്കുന്നുണ്ടെന്നുകേട്ട് അടിവാരത്തുനിന്ന് പുലയരും തീയന്മാരും കയറി വന്നുതുടങ്ങിയപ്പോൾ അമ്പത് പേരുണ്ടായിരുന്നവർ താഴേക്ക് നിരത്ത് വെട്ടിയെത്തുമ്പോൾ അഞ്ഞൂറായി. തൊണ്ണൂറ്റിരണ്ടാമത്തെ ദിവസം പൊയിലോത്തെ കവലയിലേയ്ക്ക് തോമസ് ഇട്ടിയവര ഒരു പഴയ ആർമി ഔട്ട് ട്രക്ക് ഓടിച്ചുകയറ്റി. പൊയിലോത്തുകാർ ചുരം വെട്ടിതെളിച്ചുവന്ന നാടൻ സായിപ്പിനെ ഹർഷാരവങ്ങളോടെ വരവേറ്റു. എളമ്പിലാക്കലുകാർ തീറുകൊടുത്ത സ്ഥലത്ത് അപ്പക്കാടുകൾ വെട്ടിതെളിച്ച് പീടിക എടുപ്പുകൾക്കായുള്ള പണി അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞിരുന്നു.

തോമസിന് കാപ്പി പിടിപ്പിക്കാനുള്ള പദ്ധതിയില്ലെന്ന് അധികം വൈകാതെ തന്നെ ജന്മിക്ക് മനസ്സിലായി. തോമസും പണിയന്മാരായ സഖാക്കളും കൂടി രണ്ടുമലകളെയും തട്ടുതട്ടാക്കി വെട്ടി ശരിപ്പെടുത്തിയെടുത്തു. കാപ്പിച്ചെടികൾ കൊണ്ട് അതിരുവച്ച്, അവർ തട്ടുകൾ പൂട്ടിമറിച്ചു. തുലാമഴ കഴിഞ്ഞപ്പോഴാണ് വിതച്ചത്. തോമസിന്റെ കണ്ടത്തിലെ പണിയർ മേൽക്കുപ്പായവും കാൽസ്രായിയും ധരിച്ച് കണ്ടത്തിൽ പണിയുന്നു എന്നു കേട്ടതോടെ ജന്മിയുടെ സമനില തെറ്റി. അയാൾക്കുവേണ്ടി ചാരവൃത്തി ഏറ്റെടുത്തവർ വരെ കൂറുമാറി തോമസിന്റെ സംഘത്തിൽ ചേർന്നു.

പോകെപ്പോകെ ജന്മിക്ക് ചാരുകസേരയിൽ ഇരിപ്പുറയ്ക്കാതെയായി.
എന്നാൽ ഈ രണ്ട് വ്യത്യസ്ത സംഘങ്ങൾക്കിടയിലെ സംഘട്ടനം ആരംഭിക്കുന്നത് പിന്നെയും ഒരു കൊയ്ത്തുകാലം കഴിഞ്ഞാണ്. തോമസും സഖാക്കളും വിതച്ച വിത്തുകൾ കതിരിട്ടതോടെ മലയിറങ്ങി വന്ന കാറ്റിൽ പരിചിതമല്ലാത്തൊരു സുഗന്ധം നിറഞ്ഞു.
പൊയിലോത്തുകാർ ഊർപ്പടക്കി ശ്വസിച്ചു.
തോമസ് ഇട്ടിയവരയുടെ കണ്ടത്തിൽ വിളഞ്ഞ സുഗന്ധനെല്ലിന് കോഴിക്കോടൻ മാർക്കറ്റിൽ ക്വിന്റലിന് നൂറു ബ്രിട്ടീഷ് രൂപയായിരുന്നു വില. കൊയ്ത്തുകഴിഞ്ഞ് മേൽക്കുപ്പായത്തിന്റെ കീശയിൽ ബ്രിട്ടീഷ് രാജ്ഞിയുടെ തലയുള്ള രൂപയുമായി പൊയിലോത്തെ കവലയിലിറങ്ങിയ ഒരു പണിയൻ, നായന്മാര് പലചരക്ക് വാങ്ങുന്ന പീടികയിൽ കയറി ഒരുകെട്ട് ബീഡി ആവശ്യപ്പെട്ടു. ഉപ്പു ചോദിക്കുന്ന ചണ്ഡാളനെ കൊന്ന് ഉപ്പിലിട്ടു വെക്കണമെന്നാണ്. ചായപ്പീടികയിലും നിരത്തിലും നിന്ന വാല്ല്യക്കാരും ചില തലമുതിർന്ന ശൂദ്രരും ചേർന്ന് പണിയനെ തല്ലി ജീവച്ഛവമാക്കി. പെലയരെയും പണിയരെയും നന്നാക്കാനിറങ്ങിയവൻ സായിപ്പായാലും നസ്രാണിയായാലും വെട്ടി കൊല്ലിയിലെറിയുമെന്ന് ഭീഷണി മുഴക്കിയിട്ടാണ് സംഘം കവലപിരിഞ്ഞുപോയത്.

പിറ്റേന്ന് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടുപോയ തോമസ് ഇട്ടിയവര നാലഞ്ച് കൊല്ലപണിക്കാരുമായി തിരിച്ചു വന്നു. അവർ തോമസിന്റെ പുതിയ കമ്മ്യൂണിനകത്തെ വിശിഷ്ടാതിഥികളായി പൊറുതി തുടങ്ങി. താമസസ്ഥലത്തിനടുത്തായി വൈകാതെ അവരുടെ വകയായി ഒരാലയും പൊങ്ങി. ഇട്ടിയവരയുടെ തുകൽബാഗിനുള്ളിലെ കടലാസുകളിൽ കണ്ട ചില സ്‌കെച്ചുകൾക്കൊപ്പിച്ച് കൊല്ലന്മാർ ഇരുമ്പ് മുറിച്ച് അടിച്ചുപരത്തി വിളക്കി. പണിക്കുറ തീർത്ത പതിനാറ് ഇരട്ടക്കുഴലുകൾ തോമസിന്റെ ഏറുമാടത്തിലെ മരപ്പെട്ടിക്കുള്ളിൽ ഭദ്രമാക്കിയതിനുശേഷമാണ് കൊല്ലന്മാർ ചുരമിറങ്ങിപ്പോയത്. രാത്രിയിൽ മലമടക്കുകളിൽ വെടിയൊച്ചകൾ മാറ്റൊലി കൊണ്ടതോടെ രക്തതിളപ്പുള്ള നായന്മാരൊക്ക അടങ്ങി.
പക്ഷെ എളമ്പിലാക്കലെ ജന്മി മാത്രം പിന്തിരിയാൻ കൂട്ടാക്കിയില്ല.

തോമസിന്റെ കമ്മ്യൂണിൽ നാട്ടിലെയോ കാട്ടിലെയോ നിയമങ്ങൾക്ക് സാധുതയില്ലായിരുന്നു.
പുറത്തേയ്ക്കുള്ള ചരക്ക് വിനിമയങ്ങൾക്ക് മാത്രം അവർ ബ്രിട്ടീഷ് കറൻസിയെ ആശ്രയിച്ചു. ഒഴിവുസമയങ്ങളിൽ അയാൾ പണിയരെ കോണെഴുത്തും കണക്കും പഠിപ്പിച്ചു. ആ കാലാവസ്ഥയിൽ വളരുന്ന എല്ലാത്തരം വിളകളെപ്പറ്റിയും കാടിന്റെ തനതു കൃഷികളെ പറ്റിയും അയാൾ വലിയൊരു പുസ്തകം തന്നെ എഴുതിയുണ്ടാക്കി. രാവിലെ മുതൽ പണിയെടുക്കാൻ ആവതുള്ള എല്ലാവരും കണ്ടങ്ങളിലിറങ്ങി. ഊഴം വച്ച് ഓരോ സംഘങ്ങളായി അവർ അടുക്കളയിലും പണിയെടുത്തു. ഒരുമിച്ചുണ്ട് ഉറങ്ങാനായി മാത്രം കുടുംബങ്ങളായി മാറി. എല്ലാവരെയും എല്ലാ പണികളിലും വിദഗ്ധരാക്കുക എന്നതായിരുന്നു തോമസിന്റെ ലക്ഷ്യം. അതുപക്ഷെ ഒരു പരിധിക്കപ്പുറം വിജയിച്ചില്ല. ഉച്ചയോടെ എല്ലാവരും പണികളെല്ലാം കഴിഞ്ഞ് സ്വതന്ത്രരാവുന്ന മട്ടിലായിരുന്നു കമ്മ്യൂണിലെ ഉത്പാദനപ്രക്രിയയുടെ പാറ്റേൺ. സംതൃപ്തിയുടെ ചടുലതാളങ്ങളും പാട്ടും ഉച്ചതിരിഞ്ഞ നേരങ്ങളിൽ മലഞ്ചെരിവുകളെ ശബ്ദമുഖരിതമാക്കി.

കൈയ്യാളുകളുടെ മെയ്ക്കരുത്തുവച്ച് തോമസിനെ തീർക്കാമെന്ന തോന്നൽ അസ്ഥാനത്താണെന്ന് എളമ്പിലാക്കലെ ജന്മിക്ക് ആദ്യ രണ്ട് ശ്രമങ്ങൾ പാളിയതോടെ തന്നെ ബോധ്യമായി. തോമസ് ഇട്ടിയവരയുടെ തലയറുക്കാൻ പോയ ഒരു സംഘത്തിൽ നാലുപേരുടെ ശവം തോട്ടിലൂടെ ഒലിച്ചുവരികയാണുണ്ടായത്. അവർക്കുപിന്നാലെ പോയവർ പിന്നീടൊരിക്കലും തിരിച്ചുവന്നതുമില്ല. അതോടെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായം തേടാൻ ജന്മി നിർബന്ധിതനായി. ബ്രിട്ടീഷ് കളക്റ്റർ തോമസ് ഇട്ടിയവരയെ കുറച്ചുമുമ്പേ തന്നെ നോട്ടമിട്ടിരുന്നു. അവിടെ അന്വേഷണത്തിനുപോയ കച്ചേരി ഗുമസ്തന്മാർ ആദിവാസികളെ പറ്റിച്ച് പുത്തനുണ്ടാക്കുന്ന ഒരു കോട്ടയംകാരൻ ചേട്ടൻ എന്ന് തുടരെത്തുടരെ റിപ്പോർട്ട് എഴുതിയത് അയാൾ മുഖവിലക്കെടുത്തില്ല.

ആ സമയത്താണ് സങ്കടഹർജിയുമായി എളമ്പിലാക്കലെ ജന്മി കച്ചേരിപടിക്കലെത്തുന്നത്.‘‘സർവാദരണീയായ എലിസബത്ത് രാജ്ഞിയുടെ പ്രതിപുരുഷനും ബ്രിട്ടീഷ് മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലാ വരണാധികാരിയുമായ കളക്റ്റർ ടി.ബി. റസ്സൽ സായിപ്പ് മുമ്പാകെ വയനാട് താലൂക്ക് പൊയിലോത്ത് അംശം ദേശത്ത് വസിക്കുന്ന എളമ്പിലാക്കൽ വാസുദേവൻ നായർ മകൻ ശിവരാമൻ നായർ ബോധിപ്പിക്കുന്ന സങ്കട ഹർജി. 1946 മിഥുനമാസം പത്താം തീയതി ഈയുള്ളവന്റെ വാസസ്ഥലത്ത് ശ്രീമാൻ തോമസ് ഇട്ടിയവര എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ വരികയും ഈയുള്ളവൻ കൈവശം വച്ച് നികുതി ഒടുക്കി നിരാക്ഷേപം അടക്കി അനുഭവിച്ചുവരുന്നതുമായ രണ്ട് മലകൾക്ക് വില പറയുകയും ഉണ്ടായി. ഇതിൻപ്രകാരം ടിയാനിൽ നിന്നും ഇരുപത്തയ്യായിരം ബ്രിട്ടീഷ് രൂപ റൊക്കം പ്രതിഫലം കൈപ്പറ്റുകയും ഇരുട്ടി രജിസ്​ട്രാറാപ്പീസിൽ വച്ച് ആധാരം രജിസ്റ്റർ ചെയ്ത് നൽകുകയുമുണ്ടായതായി സമക്ഷത്തിങ്കൽ അറിവിലേക്കായി ബോധിപ്പിക്കുന്നു. എന്നാൽ മേൽപ്പടിയാൻ കാപ്പി കൃഷി നടത്തുന്നതിലേയ്ക്കായി എന്ന വ്യാജം പറഞ്ഞ് വാങ്ങിച്ചെടുത്ത ഭൂമിയിലേക്ക്, സർക്കാർ അറിവോ സമ്മതമോ കൂടാതെ ചുരംറോഡ് തെളിച്ചെടുക്കുകയും ആദിവാസികളെയും മറ്റ് അയിത്തജാതിക്കാരെയും കൂട്ടി ബ്രിട്ടീഷ് ഭരണത്തിനെതിരായി സായുധകലാപം നടത്താൻ ഒരുമ്പെടുന്നതുമായി അറിവുകിട്ടിയിട്ടുണ്ട്. ഹർജിക്കാരന്റെ നാല് വാല്യക്കാർക്ക് മേൽപ്പറഞ്ഞ രാജ്യദ്രോഹികളിൽ നിന്നും ജീവഹാനി സംഭവിക്കുകയും തൽഫലമായി ദേശത്ത് അരാജകത്വം നിലനിൽക്കുകയുമാണ്. ടി കലാപകാരികളെ ഭയന്ന് പണിക്കാർ പ്രവൃത്തി എടുക്കാൻ പാടത്തിറങ്ങാൻ കൂട്ടാക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. ഇതിനാൽ ഹർജിക്കാരനും കുടുംബവും വളരെയധികം സങ്കടത്തിലും ഭയത്തിലുമാണ് കഴിഞ്ഞുകൂടുന്നത്. സമക്ഷത്തിങ്കൽ ദയവുണ്ടായി ടി കലാപകാരികളെ അമർച്ചചെയ്ത് ദേശത്ത് സമാധാനം പുനഃസ്ഥാപിച്ചുതരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. എന്ന് വിനീതവിധേയൻ എം. ശിവരാമൻ നായർ. ഒപ്പ്.''

രണ്ടുനാൾ കഴിഞ്ഞ് 1946 ഡിസംബർ രണ്ടാം തീയതിയാണ് ബ്രിട്ടീഷ് പോലീസ് കമ്മ്യൂണിനകത്തു പ്രവേശിക്കുന്നത്. കോഴിക്കോട് ഡിവൈ.എസ്.പി. രമാകാന്തൻ അയങ്കാറിന്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ പതിനാറ് നാടൻ തോക്കുകളും മാർക്‌സിസ്റ്റ് സാഹിത്യങ്ങളും കണ്ടുകെട്ടി. തോമസ് ഇട്ടിയവരയെ രാജ്യദ്രോഹകുറ്റം ആരോപിച്ച് ട്രയലിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. പ്രായവും മുമ്പ് ബ്രിട്ടീഷ് ആർമിയിൽ അംഗമായിരുന്നതും പരിഗണിച്ച് പത്തുവർഷം തടവാണ് ബ്രിട്ടീഷ് കോടതി വിധിച്ചത്. തോമസ് മേൽക്കോടതിയിൽ ഹർജി കൊടുക്കാനൊന്നും ഒരുമ്പെട്ടില്ല. പത്തുവർഷം തന്റെ പ്രത്യയശാസ്ത്ര പ്രയോഗങ്ങളുടെ സ്മരണകളിൽ അഭിരമിച്ചുകൊണ്ട് അയാൾ കണ്ണൂർ സെൻട്രൽ ജയിലിന്റെ അഴികളെണ്ണി. പിന്നീട് അമ്പത്തേഴിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് ഗവൺമെൻറ്​ അധികാരത്തിൽ വന്നപ്പോൾ രാഷ്ട്രീയതടവുകാരെ വിട്ടയച്ച കൂട്ടത്തിൽ തോമസ് ഇട്ടിയവരയും മോചിപ്പിക്കപ്പെട്ടു. പക്ഷെ ആ ദശാബ്ദത്തിനിടയിൽ പൊയിലോത്തെ പീഠഭൂമികയിൽ തോമസ് ഇട്ടിയവര കെട്ടിപ്പടുത്ത കമ്മ്യൂൺ നാമാവശേഷമായി കഴിഞ്ഞിരുന്നു. പടിഞ്ഞാറോട്ട് അയാളും സഖാക്കളും തെളിച്ചുകയറ്റിയ കാട് വർധിതവീര്യത്തോടെ തിരിച്ചുവന്നു. ചുരം റോഡ് ഉരുളുപൊട്ടി പലയിടത്തും ഇടിഞ്ഞ് ഉപയോഗശൂന്യമായി.

സഖാവ് തോമസ് ഇട്ടിയവര പരാജയപ്പെട്ട വിശുദ്ധനെ പോലെ മലമണ്ടയിൽ നിന്നു. വയനാടൻ കാറ്റ് പാഴായിപ്പോയ ഒരു മുദ്രാവാക്യം പോലെ അയാളുടെ ചെവികളിൽ വന്നലച്ചു.
പിന്നെ നിന്നില്ല. അയാൾ പതുക്കെ തിരിച്ചു നടന്നു.
താഴെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാകമ്മിറ്റി ഓഫീസിലേയ്ക്ക്, പിന്നെ കുടകിലേക്ക്.

അധ്യായം 14: ചാഴി

തീശന് ചാഴി സുധീഷിനെ കിട്ടുന്ന കാലഘട്ടം കൃത്യമായി ഓർമയില്ല.
ഏതോ മകരത്തിൽ ഒരു പുലർച്ച നേരത്ത് പൊയിലോത്തെ തോട്ടിൻകരയോട് ചേർന്ന് വളർന്നുനിന്ന കൈതകുണ്ടയിൽ നിന്ന് അവനെ കണ്ടുകിട്ടുകയായിരുന്നു. അന്നവനൊരു പതിമൂന്ന് വയസ്സുണ്ടാവണം. അവന്റെ കൈയും കാലും ആരോ തച്ചൊടിച്ചിരുന്നു. വാരിയെല്ലുകൾ നുറുങ്ങിപ്പോയിരുന്നു.

എളമ്പിലാക്കൽ വക പാടത്ത് നെല്ല് കതിരുവച്ചാൽ പിന്നെ രാത്രിയിലും കാവൽക്കാരുണ്ടാവും. കാടിറങ്ങിവരുന്ന വന്യമൃഗങ്ങളെയും പയ്ച്ച് അളമുട്ടി നെല്ല് കക്കാനിറങ്ങുന്നവരെയും പിടിക്കാൻ വരമ്പിൽ കെട്ടിയുണ്ടാക്കിയ കാവൽപ്പുരകളിൽ അവർ ഉറക്കമിളയ്ക്കും. എന്നാൽ രാത്രിഞ്ചരനായ ഒരു കള്ളൻ മാത്രം അവരെ നിരന്തരം പറ്റിച്ചുകൊണ്ടിരുന്നു. എത്ര കൂർപ്പിച്ചുനോക്കിയാലും ഒരനക്കം പോലുമില്ലാത്ത പാടത്ത്, പുലർച്ച നേരത്ത് ചെന്നുനോക്കിയാൽ ഒരാൾക്ക് നീണ്ടുനിവർന്ന് കിടക്കാൻ പാകം സ്ഥലത്തെ നെല്ല് അരിഞ്ഞു കൊണ്ടുപോയതായി കാണാം. സാധാരണ ആൾപ്പൊക്കത്തിൽ വളരുന്ന നെല്‌ചെടികൾക്കിടയിൽ അങ്ങനെ വലിയ വിടവുകൾ രൂപപ്പെടുന്നത് മാധവൻ നായർക്ക് രതിസഞ്ചാരമിളകുമ്പോൾ മാത്രമാണ്!
അയാളുടെ വിചിത്രമായ ലൈംഗീകാഭിലാഷങ്ങളെക്കുറിച്ച് ദേശക്കാർ ഒരു ഞെട്ടലോടെയല്ലാതെ ഓർക്കാറില്ല. അയാളുടെ കാരണവന്മാർ തുടങ്ങിവച്ചത് അയാളും വിചിത്രമായി തുടർന്നുപോന്നു എന്നു കരുതാനേ അവർക്ക് പാങ്ങുണ്ടായിരുന്നുള്ളൂ. അങ്ങനെയുള്ള ദിവസങ്ങളിൽ കൊയ്യാൻ പാകമായ ഏതെങ്കിലും പാടത്തിന്റെ നടുക്ക്, അയാളുടെ പണിക്കാർ നെല്ല് കൊയ്തുകയറ്റി ഒരു വലിയ വിടവ് സൃഷ്ട്ടിക്കും. ചുറ്റിലുംനിന്ന് നോക്കിയാൽ അങ്ങനെയൊരു വിടവ് ആ നടുപ്പാടത്തുണ്ടെന്ന് ആർക്കും മനസ്സിലാവുകയില്ല. കാവൽപ്പുരയിലെ കട്ടിൽ തുടച്ചു വെടിപ്പാക്കി, പണിക്കാരാരെങ്കിലും ചേർന്ന് ചുമന്നുകൊണ്ടുവന്ന്, കൊയ്തു വൃത്തിയാക്കിയ വിടവിൽ സ്ഥാപിക്കും.
അതുപോലെ തന്നെ കതിരിട്ട് കല്യാണം കാത്തുനിൽക്കുന്ന ഏതെങ്കിലും സാധു പെണ്ണിനെ അയാളുടെ കിങ്കരന്മാർ അവളുടെ പുരയിൽ അതിക്രമിച്ചുകയറി പിടിച്ചുകൊണ്ടുവരും. കൊയ്യാറായ നെല്ലിന്റെ ചൂടിൽ വിയർത്തുകിടക്കുന്ന ജന്മിയുടെ രതിസഹാസങ്ങൾ അവസാനിക്കുക ചിലപ്പോൾ പുലർച്ചയ്ക്കോ മറ്റോ ആയിരിക്കും. കൂർക്കം വലിച്ചുറങ്ങുന്ന അയാളെ കട്ടിലോടെ താങ്ങിയെടുത്ത് കാവൽക്കാർ എളമ്പിലാക്കലെ അറയിൽ കൊണ്ടുപോയി കിടത്തും. ഒരിക്കൽ മാധവൻ നായർക്ക് വേണ്ടി പെണ്ണുപിടിക്കാൻ പോയ കിങ്കരന്മാർ മേലാകെ ചോരയൊലിപ്പിച്ചുകൊണ്ടാണ് തിരിച്ചുവന്നത്. ചുറ്റിലും പൊങ്ങിനിൽക്കുന്ന കതിരുകളിൽ കാറ്റ് നുഴഞ്ഞുകയറി ചില അപശബ്ദങ്ങളുണ്ടാക്കി. എളമ്പിലാക്കലെ ജന്മി അമർഷത്തോടെ പല്ലുഞെരിച്ച് കുപ്പായം എടുത്തിട്ടു. ‘ഓറെല്ലം അത്രക്കായല്ലേ...' എന്ന് പുലമ്പിക്കൊണ്ട് അയാൾ തറവാട്ടിലേയ്ക്ക് നടന്നു.

എന്നാൽ ഈ വിടവുകൾ ആരോ നെല്ല് കക്കുന്നതിന്റെ ലക്ഷണമാണെന്ന് മനസ്സിലാക്കാൻ കാവൽക്കാർക്ക് അധികം തലപുകയ്ക്കേണ്ടിവന്നില്ല.
നെല്ലിൽ വലിഞ്ഞു കയറി ആക്രമണം നടത്തുന്ന വിനാശകാരിയായ ഷഡ്പദത്തിന്റെ പേര് അവരാ കള്ളന് ചാർത്തിക്കൊടുത്തു.
ചാഴി! അവനെ പിടിക്കാൻ അവർ കൂടുതൽ ജാഗരൂഗരായി കാവലിരുന്നെങ്കിലും പലകാലങ്ങളിലായി ഒരു കണ്ടത്തിന്റെ പകുതിയോളം നെല്ല് എളമ്പിലാക്കലുകാർക്ക് നഷ്ടം വന്നു. ഒരുവട്ടം കാറ്റുപോലെ ഒരുത്തൻ പാടത്ത് നിന്ന് കേറിപ്പോകുന്നത് കാവലിനുനിന്ന ഒരു പണിക്കാരൻ കണ്ടു. കർക്കിടകത്തിൽ പയ്ച്ചു ചത്ത ഒരു പുലയന്റെ പ്രേതമാണ് ഈ ഉപദ്രവം സൃഷ്ടിക്കുന്നത് എന്നൊരു സംസാരം ആയിടക്ക് ദേശത്ത് സജീവമായിരുന്നു. മാധവൻ നായർ അത് വിശ്വസിച്ചില്ലെന്ന് മാത്രമല്ല അയാൾ സമാന്തരമായി മറ്റൊരന്വേഷണം നടത്തുകയും ചെയ്തു.

ദേശത്തെ വാരിയെല്ല് തൂർന്നുപോയ പുലയന്മാരെ നിരീക്ഷിക്കാൻ അയാൾ ആളെ വച്ചു. ആരുടെ കുടിയിലാണ് പതിവിലധികം അടുപ്പ് കത്തുന്നത്. എവിടെയൊക്കെയാണ് കുടുതൽ നേരം ഉരലിൽ ഉലക്ക വീഴുന്നത്. അങ്ങനെ കണക്കിലധികം നെല്ലുള്ള ഇടങ്ങളിൽ പ്രതീക്ഷിക്കാവുന്ന പ്രതിഭാസങ്ങൾ തിരഞ്ഞ് അയാളുടെ ചാരന്മാർ ദേശത്തെ ഇടവഴികളിലൂടെ നടന്നു. പക്ഷെ, അത്തരം അന്വേഷണങ്ങളൊന്നും ചാഴി എന്ന കോഡു നാമത്തിൽ അറിയപ്പെടുന്ന കള്ളന്റെ പരിസരത്തൊന്നും എത്തിയില്ല.
നെല്ല് കക്കുന്ന പുലയന്റെ പ്രേതത്തെ ആവാഹിക്കാൻ വന്ന മന്ത്രവാദികൾക്കും ഉപദ്രവം നിർത്താനായില്ല എന്നുമാത്രമല്ല അതിന്റെ തീവ്രത കൂടുകയും ചെയ്തു.
ചുരം കയറി വന്ന പോലീസുകാരും നിരാശരായി മടങ്ങി.

ചേന്നൻകുന്നിന്റെ പടിഞ്ഞാറെ ചെരിവിൽ പറങ്കിമാങ്കൂട്ടത്തിനിടയിലേയ്ക്ക് മയിലുകൾ പതിവായി പറന്നിറങ്ങുന്നത് കണ്ട് പന്തികേട് തോന്നിയ കാര്യസ്ഥന്മാരാണ് മാധവൻ നായരോട് വിവരം പറയുന്നത്.
ഉടനെ തന്നെ പച്ചമട്ടല് വെട്ടി അങ്ങോട്ട് പൊയ്‌ക്കോളാൻ അയാൾ കൈയാളുകൾക്ക് നിർദേശം കൊടുത്തു.
നട്ടുച്ചനേരത്ത് ഒരുത്തൻ വിജനമായ പറങ്കിക്കാടിനുനടുക്കിരുന്ന് മയിലുകൾക്ക് നെല്ലിട്ടുകൊടുക്കുന്നു! പറങ്കിമാവിന്റെ കൊമ്പിലൊക്കെ വൈക്കോൽചുരുട്ടുകൾ കെട്ടിവച്ചിട്ടുണ്ട്. മയിലുകളിൽ ചിലത് ആളുകളുടെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ പറന്നു രക്ഷപ്പെട്ടു.
അവന് പക്ഷെ അനക്കമൊന്നും ഉണ്ടായില്ല.
അവരവന്റെ പിന്നിലൂടെ ചെന്ന് വളഞ്ഞു. പച്ചമട്ടലുകൊണ്ട് അടിച്ച് പുറംപൊളിച്ച് രണ്ടു കാലും കൈയ്യും പിരിച്ചൊടിച്ച് തോട്ടിൽ കൊണ്ടിട്ടു. പിന്നെയും നിന്ന് കൊത്തിപ്പെറുക്കിയ മയിലുകളെ മട്ടലുവീശി ഓടിച്ചുവിട്ട്, പറങ്കിക്കൊമ്പുകളിലെ വൈക്കോൽ ചുരുട്ടുകൾ അഴിച്ചെടുത്തു. എളമ്പിലാക്കാലെ കളപ്പുരയിൽ അത് കൂട്ടിയിട്ടപ്പോൾ 50 ക്വിന്റലിൽ കുറയാത്ത ജീരകശാല നെല്ലിന്റെ നഷ്ടം പറ്റി എന്നാണ് കാര്യസ്ഥന്മാർ കണക്കാക്കിയത്.
അടുത്ത മഴയ്ക്ക് ചേന്നൻകുന്നിൽ പടുമുള പൊന്തിയ നെല്ല് കരുത്തോടെ വളർന്നു. തണ്ടാസ്‌ കണ്ടത്തിലെ ജീർണിച്ച മനുഷ്യമലം വലിച്ചെടുത്ത് അവ കതിരിട്ട് സുഗന്ധം പൊഴിച്ചു. പാർട്ടിക്കാർ അത് കൊയ്‌തെടുത്ത് കുത്തി അവിലാക്കി ഈവനിങേ ക്ലാസിലെ കുട്ടികൾക്ക് വിളമ്പി.
​ചാഴി സുധീഷ് മാത്രം എത്ര നിർബന്ധിച്ചിട്ടും അത് തിന്നാൻ കൂട്ടാക്കിയില്ല. ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments