ചിത്രീകരണം: സൂരജ കെ.എസ്‌

നായിന്റെ മോൻ

ർ.വി.ടി.എസ്. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന യുക്തിവേദിയുടെ പ്രതിമാസയോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രവീൺ കുമാർ എന്ന യുവാവ്. അന്ധവിശ്വാസങ്ങൾക്ക് ചൂട്ടുപിടിക്കുന്ന സർക്കാർ നടപടികളെക്കുറിച്ച് ഉണ്ടായ ചർച്ചയിൽ കേട്ട അപകടകരമായ കാര്യങ്ങളെക്കുറിച്ചുള്ള വിചാരം നിമിത്തം വീട്ടിലേക്ക് രണ്ടുകിലോ സവാള ഉള്ളിയും ഒരുകിലോ പഞ്ചസാരയും വാങ്ങാനുണ്ടെന്ന കാര്യം പൂർണ്ണമായും മറന്നിരുന്നു അയാൾ.

റോഡിന്റെ ഓരം ചേർന്ന് മിതമായ വേഗത്തിൽ സഞ്ചരിച്ചുവന്ന പ്രവീണിന്റെ സ്‌കൂട്ടർ വഴിവക്കത്തുള്ള ഭാഗീരഥീക്ഷേത്രത്തെ സമീപിച്ചു.
ഏതാനും വർഷം മുമ്പുവരെ പുറമ്പോക്കുഭൂമിയായിരുന്നു ഈ ക്ഷേത്രം നിൽക്കുന്ന സ്ഥലം. കല്ലും കുപ്പയും നിറഞ്ഞ്, കാട്ടുചെടികൾ വളർന്ന് നിന്ന ത്രികോണാകൃതിയിലുള്ള ഒരു കഷണം ഭൂമി. ആ ത്രികോണത്തിന്റെ മൂലകളിലൊന്നിൽ ഒരു അരയാൽ വൃക്ഷം നിന്നിരുന്നു എന്നല്ലാതെ ഒരു ദിവ്യത്വവും ആ സ്ഥലത്തിന് ആരും കല്പിച്ചിരുന്നില്ല.

എന്നാൽ ഒരു സുപ്രഭാതത്തിൽ മരത്തിന്റെ ചുവട്ടിൽ ഒരു ദേവീവിഗ്രഹം പ്രത്യക്ഷപ്പെട്ടു.

വയലറ്റ് സ്വാമി എന്ന പേരിൽ അറിയപ്പെടുന്ന ഒരു ആൾ‌ദൈവത്തിന്റെ സംഘടന വിഗ്രഹത്തിന്റെ സംരക്ഷണത്തിനായി രംഗത്തെത്തി. ഉളിയുടെ പാട് മാഞ്ഞിട്ടില്ലാത്ത കൽപ്രതിമ സ്വയംഭു ആണെന്നായിരുന്നു അവരുടെ വാദം. തറ കെട്ടി, വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. വൈകാതെ അവിടെ ചെറിയൊരു അമ്പലമുണ്ടായിത്തീർന്നു. പിന്നെ, നടപ്പന്തലും തിടപ്പള്ളിയും മതിൽ‌ക്കെട്ടും ഗോപുരവും വഴിപാട് കൗണ്ടറും ഒക്കെയായി വളർന്ന്, ഫുട്പാത്തും കവിഞ്ഞ്, ഒടുക്കം വഴിയിലേക്കിറങ്ങി നില്ക്കുകയാണ് ഇപ്പോൾ ക്ഷേത്രം.

വെളുത്ത അരിയിൽ റെഡ് ഓക്‌സൈഡ് ചേർത്ത് ചുവപ്പുനിറമാക്കി വിറ്റ് ശതകോടീശ്വരനായിത്തീർന്ന അങ്കമാലിക്കാരനായ ഒരു മുതലാളിയാണ് ക്ഷേത്രനിർമ്മാണത്തിന് പണം കൊടുത്തത് എന്ന് കേട്ടിരുന്നു. കൈയേറ്റത്തിന്റെയും അഴിമതിയുടെയും പ്രത്യക്ഷ ഉദാഹരണമായ ഈ സ്ഥാപനത്തിൽ ആരാധിക്കാൻ തന്റെ ഭാര്യ ശുഭയെപ്പോലുള്ള വിഡ്ഢികൾ എത്തുന്നല്ലോ എന്ന് ചിന്തിച്ചപ്പോൾ പ്രവീണിന് അമർഷം തോന്നി.

വയലറ്റ് സ്വാമി എന്ന മൃത്യുഞ്ജയാനന്ദയെക്കുറിച്ച് നാട്ടിൽ പ്രചരിച്ചിരുന്ന കള്ളപ്പണക്കഥകളെല്ലാം പറഞ്ഞുകൊടുത്തിട്ടും അവൾ ഒരിക്കലും സ്വാമിയുടെ വിശ്വാസത്തിൽനിന്നും വ്യതിചലിക്കാൻ തയ്യാറായില്ല."ആൾദൈവം' എന്നും "കുറ്റവാളി' എന്നും "മാനസികരോഗി' എന്നും മാറിമാറി വിളിച്ച് തൊണ്ടയിലെ വെള്ളം വറ്റിച്ചതുമാത്രം മിച്ചം. യുക്തിവേദിയുടെ യോഗങ്ങളിൽ സദസ്സിനെ പിടിച്ചുലച്ചിരുന്ന തന്റെ വാദശരങ്ങൾ അവളുടെ വിശ്വാസത്തിന്റെ കരുത്തിനുമുമ്പിൽ എന്നും നിഷ്പ്രഭമായിരുന്നിട്ടേയുള്ളൂ എന്നതാണ് സത്യം.

അമ്പലത്തിനുമുമ്പിൽ നായ്ക്കളുടെയും മനുഷ്യരുടെയും ഒരു കൂട്ടം കണ്ടപ്പോൾ ഇന്ന് വ്യാഴാഴ്ചയാണല്ലോ എന്ന് പ്രവീൺ ഓർത്തു.
വയലറ്റ് സ്വാമിയുടെ ഭക്തന്മാർ തെരുവുനായ്ക്കൾക്ക് അന്നദാനം നടത്തുന്ന ദിവസമാണ് വ്യാഴാഴ്ച. മനുഷ്യരെ ആക്രമിക്കുകയും രാത്രികാലങ്ങളിൽ ബഹളമുണ്ടാക്കുകയും രോഗം പരത്തുകയും ചെയ്യുന്ന നായ്ക്കളെ കൊന്നൊടുക്കുകയും വരിയുടയ്ക്കുകയും ചെയ്യേണ്ടതിനുപകരം അവയ്ക്ക് ചോറും കറിയും പായസവും വിളമ്പുന്ന മന്ദബുദ്ധികൾ! നായൂട്ടിനെതിരെ നടപടിവേണം എന്ന് യുക്തിവേദിയും ചില സ്വതന്ത്രബുദ്ധിജീവികളും നഗരസഭയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. വളർത്തുനായയെ കണ്ടാൽപോലും പേടിച്ചോടുന്ന ശുഭ വ്യാഴാഴ്ച ദിവസങ്ങളിൽ അമ്പലത്തിൽ പോകാതിരുന്നതല്ലാതെ ഭക്തജനങ്ങളുടെ "ജീവകാരുണ്യ'പ്രവർത്തനങ്ങൾ തെറ്റാണെന്ന് സമ്മതിക്കാൻ ഒരിക്കലും തയ്യാറായില്ല.

അമിതമായി തുള്ളിനീലം മുക്കിയ വെള്ളവസ്ത്രം ധരിച്ച കുറേ ഭക്തന്മാർ അമ്പലനടയുടെ ഒരു വശത്തായി കൂടിനിന്നിരുന്നു.
നിവേദ്യത്തിന് മുന്നോടിയായി കർപ്പൂരദീപം കൊളുത്തി, കൈമണികൊട്ടി, ഭജന പാടുകയായിരുന്നു അവർ. അക്ഷമരായ നായ്ക്കൾ നിരത്തിയിട്ടിരുന്ന നാക്കിലകൾക്കുപിന്നിൽ ഭക്ഷണം കാത്ത് കുത്തിയിരുന്നു. വയലറ്റ് നിറമുള്ള പുക അന്തരീക്ഷത്തിൽ തങ്ങിനിന്നു.
ദീപാരാധന നടന്നുകൊണ്ടിരിക്കുമ്പോൾ എന്തുകൊണ്ടോ ഒരു നായ കൂട്ടത്തിൽനിന്നും വേർപിരിഞ്ഞ് റോഡിനുകുറുകെ ഓടി. തന്റെ മുമ്പിലേക്ക് ചാടിയ നായയെ ഒഴിവാക്കാൻവേണ്ടി പ്രവീൺ വലതുവശത്തേക്ക് സ്‌കൂട്ടർ വെട്ടിച്ചു.""നായിന്റെ മോനേ!'' അയാൾ അറിയാതെ വിളിച്ചുപോയി.

അതേ സമയത്ത് അത്യന്തം ക്ഷോഭത്തോടെ പിറകിൽനിന്ന് വന്നുകൊണ്ടിരുന്ന "അഞ്ജു-ചിഞ്ചു' എന്ന് പേരായ ഒരു ടിപ്പർ ലോറി പ്രവീണിന്റെ സ്‌കൂട്ടറിൽ വന്നിടിച്ചു. അയാൾ വാഹനത്തിൽനിന്ന് വേർപെട്ട്, വായുവിലേക്ക് ഉയർന്ന്, എതിർദിശയിലേക്കുപോകുന്ന വാഹനങ്ങളുടെ മാർഗത്തിൽ ചെന്നുവീണു. സ്ട്രാപ്പ് കെട്ടാതെ തലയിൽ വെച്ചിരുന്ന ഹെല്‌മെറ്റ് ആ വായുസഞ്ചാരത്തിനിടയ്‌ക്കെപ്പൊഴോ പൊഴിഞ്ഞുപോയിരുന്നു.

"നായിന്റെ മോൻ' എന്ന വാക്കുകൾ ഉച്ചരിച്ചുതീരുന്നതിനുമുമ്പ് ഉലയുന്ന വസ്ത്രങ്ങളുമായി ഒരു നോക്കുകുത്തിപോലെ അയാൾ തറയിൽ മുഖമടിച്ചുവീണു.

ഓടിക്കൊണ്ടിരുന്ന ഒരു ടൊയോട്ടാ ക്വാളിസിന്റെ മുമ്പിലേക്കാണ് പ്രവീൺ ചെന്ന് വീണത്. തന്റെ ചക്രം ഒരു മനുഷ്യന്റെ തലയ്ക്കുമുകളിലൂടെ കയറിയിറങ്ങിയ വിവരം പോലും അറിയാതെ ആ വാഹനം അതിന്റെ വഴിക്ക് പോയി.

തലയില്ലാത്ത തന്റെ ശരീരം എഴുന്നേൽക്കാൻ ശ്രമിക്കുന്നതും പരാജയപ്പെട്ട് റോഡിലേക്കുതന്നെ വീഴുന്നതും കാണാൻ തനിക്ക് കഴിയുന്നത് എന്തുകൊണ്ടാണ് എന്ന് പ്രവീണിന് മനസ്സിലായില്ല.
സ്വന്തം ശരീരം മാത്രമല്ല, തന്റെ ചിതറിയ തലച്ചോറിന്റെ തരികൾ കൊത്താൻ വേണ്ടി റോഡിലേക്ക് പറന്നിറങ്ങിയ കാക്കയെയും, വഴിയരികിൽനിന്ന് ഉറ്റുനോക്കുന്ന മനുഷ്യരുടെ മുഖത്തെ അറപ്പും ഭയവും ജിജ്ഞാസയും, ഭാഗീരഥീക്ഷേത്രത്തിനു മുമ്പിലെ അരയാലിന്റെ കൊമ്പത്ത് കഴിഞ്ഞ ഭരണിക്ക് കെട്ടിത്തൂക്കിയ വയലറ്റ് ചേലകളും, ഗോപുരത്തിനുമുകളിൽ ഉയർത്തിയ വയലറ്റ് കൊടിയും, ക്ഷേത്രമതിലിൽ പിടിപ്പിച്ച ഫ്ളക്സ് ബോർഡിൽ അച്ചടിച്ച വയലറ്റ് ളോഹ ധരിച്ച സ്വാമിയുടെ ചിത്രവും, ഭാഗവതസപ്താഹയജ്ഞത്തിന്റെ വിളംബരവും, വീണുകിടക്കുന്ന മനുഷ്യനെ ഒഴിവാക്കി മുമ്പോട്ടുപോകാൻ വെമ്പുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളുമെല്ലാം അയാൾക്ക് ഒരേസമയം കാണാൻ കഴിഞ്ഞു.

തന്റെ മരണാനന്തരജീവിതം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു എന്ന വസ്തുത മനസ്സിലാക്കാൻ പ്രവീണിന് കുറച്ച് സമയമെടുത്തു.

ആത്മാവ് എന്നൊരു സാധനം ഇല്ല എന്നും ജീവിതം മരണത്തോടെ അവസാനിക്കുന്നു എന്നും ഉറച്ച് വിശ്വസിച്ചിരുന്ന ഒരു യുക്തിവാദിയായിരുന്നല്ലോ അയാൾ.

മരണം സംഭവിച്ച നിമിഷത്തിൽ ആത്മാവ് മൂലാധാരത്തിൽനിന്നും ഉയർന്ന്, നാഭിയിലൂടെയും ഹൃദയത്തിലൂടെയും സഞ്ചരിച്ച്, അറ്റുപോയ തലയുടെ സ്ഥാനത്തുകൂടി ശരീരത്തിൽനിന്നും പുറത്തുകടന്നു എന്നും ഇരുപത്തൊന്ന് ഗ്രാം ഭാരവും ചെറുവിരലിന്റെ വലിപ്പവും ചെറിയൊരു തുരുമ്പുകട്ടയുടെ രൂപവുമാണ് തനിക്ക് ഇപ്പോൾ ഉള്ളതെന്നും അംഗീകരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.

താൻ മരിച്ചിട്ടില്ല എന്ന ധാരണയോടെ അയാൾ റോഡിൽ വീണുകിടക്കുന്ന സ്‌കൂട്ടറിനടുത്തേക്ക് ചെന്നു. എന്നാൽ, വണ്ടി എടുത്തുയർത്താൻ ആവശ്യമായ കൈകളോ ശരീരമോ തനിക്ക് ഇല്ല എന്നും താൻ യാതൊരു ആലംബവുമില്ലാതെ വായുവിൽ തങ്ങിനിൽക്കുകയാണ് എന്നും അയാൾ കണ്ടു. അത് മനസ്സിലാക്കിയ നിമിഷം പ്രവീണിന്റെ ആത്മാവ് പിടിവിട്ടതുപോലെ നിലത്തടിച്ച് വീണു.

മരണാനന്തരം മനുഷ്യന്റെ ബോധം അവശേഷിക്കുന്നു എന്ന് ഇംഗ്ലണ്ടിലെ ചില ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചതായുള്ള ഒരു വാർത്ത വാട്‌സാപ്പ് വഴി ലഭിച്ചത് പ്രവീൺ ഓർമിച്ചു.
തികച്ചും സാങ്കല്പികവും അശാസ്ത്രീയവുമാണെന്ന് ഉറപ്പുണ്ടായിട്ടും അയാൾ ആ ലേഖനം മുഴുവൻ വായിക്കുകയും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി ചിന്തിക്കുകയും ചെയ്തിരുന്നു. യുക്തിവേദിയിലെ ഒരാളോടും അതെപ്പറ്റി സംസാരിക്കാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നു എന്ന് ഇപ്പോൾ അയാൾക്ക് ഓർമ്മവന്നു. ആത്മാവ് ഉണ്ടെന്നുള്ള വസ്തുത സ്വന്തം അനുഭവത്തിൽനിന്ന് തെളിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് യുക്തിബോധമുപയോഗിച്ച് ഇനിയും ആ അറിവിനെ ചെറുത്തുനിൽക്കുന്നത് ശരിയായിരിക്കുമോ എന്ന് പ്രവീൺ ആലോചിച്ചു.

തലയ്ക്ക് പരിക്കേറ്റ മനുഷ്യർക്ക് ഉണ്ടാകാറുള്ളതുപോലെയുള്ള ഒരു മിഥ്യാദർശനമായിക്കൂടേ താൻ അനുഭവിക്കുന്നത്?

എന്നാൽ, ചുറ്റും പരന്ന സ്വന്തം ചോരയുടെ രൂക്ഷമായ ഗന്ധത്തെ അവഗണിച്ചുകൊണ്ട് അത്തരമൊരു ചിന്തയിൽ മുഴുകുക എളുപ്പമായിരുന്നില്ല. കറുപ്പുകലർന്ന ചുവപ്പുനിറത്തോടെ പൊടിയിൽക്കൂടി ഒഴുകിപ്പരന്ന ചോര അയാളുടെ ആത്മാവിനെ കടന്ന് ഒരു വിലാപഗീതം പോലെ വഴിയോരത്തേക്ക് ഒഴുകിപ്പോയി. മണംപിടിച്ചെത്തിയ ഒരു ഉറുമ്പ് അടുത്തുചെന്ന് അത് രുചിച്ചുനോക്കി. രണ്ടും മൂന്നുമായി വന്നുകൂടിയ ചുവന്ന ഉറുമ്പുകളുടെ സംഘം ഏറെ വൈകാതെ നീണ്ട ഒരു നിരയായി രൂപാന്തരം പ്രാപിച്ചു. വെളിച്ചം വാർന്നുപോയി കരിനീലിച്ചുകഴിഞ്ഞ ആകാശവും നോക്കി പ്രവീൺ നിലത്ത് ചുരുണ്ടുകൂടി കിടന്നു.

ആ കിടപ്പിൽ അയാൾക്ക് സവാള ഉള്ളിയും പഞ്ചസാരയും ഓർമവന്നു. ആറുമാസം ഗർഭിണിയായ ഭാര്യ ശുഭയെ ഓർമ്മവന്നു. അവൾക്ക് പലചരക്ക് എത്തിച്ചുകൊടുക്കാനായി ജീവൻ പണയംവെച്ച് താൻ പുറത്തുപോയപ്പോഴും അവൾ സുരക്ഷിതയായി വീട്ടിൽ ഇരിക്കുകയാണല്ലോ എന്ന് ആലോചിച്ചപ്പോൾ അയാൾക്ക് അടക്കാനാവാത്ത കോപം ഉണ്ടായി.

"വയലറ്റ് ചാനലിൽ' തന്റെ സർവസ്വവുമായ ആ ആൾദൈവത്തിന്റെ ഭജനയോ പ്രഭാഷണമോ കണ്ട് കണ്ണുനീർ വാർക്കുകയായിരിക്കും അവളിപ്പോൾ. വൈകാതെതന്നെ അവളുടെ കണ്ണിൽനിന്ന് ശരിയായ കണ്ണുനീർ ഒഴുകാൻ തുടങ്ങും എന്ന് അയാൾക്ക് അമർഷത്തോടെ ചിന്തിച്ചു.

രണ്ട്

ഡീസലിന്റെയും പൊടിയുടെയും മണമുള്ള റോഡിൽ നിസ്സഹായനായി കിടക്കുമ്പോൾ പ്രവീൺ കുമാറിന് ഒരു കാര്യം മനസ്സിലായി. തുരുമ്പുകട്ടയുടെ രൂപത്തിലുള്ള തന്റെ ആത്മാവ് റോഡിലെ ഇരുണ്ട ടാറിനുള്ളിലേക്ക് വെള്ളത്തിലേക്കെന്നപോലെ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്. കാറ്റിന്റെയും വാഹനങ്ങളുടെയും ലൗഡ്‌സ്പീക്കറിന്റെയും ഇരമ്പം നിശ്ശബ്ദമായി. ചുറ്റും ഇരുട്ട് നിറഞ്ഞു.

കരിങ്കല്ലിന്റെയും മണ്ണിന്റെയും അടരുകൾ ഭേദിച്ച് താണുതാണുപോകുമ്പോൾ അയാൾക്ക് മനംപുരട്ടി. കടുത്ത ശ്വാസംമുട്ടലും നെഞ്ചിടിപ്പും ഉണ്ടായി. തനിക്ക് ശരീരം ഇല്ല എന്നും അതുകൊണ്ട് ഈ ശാരീരികാസ്വാസ്ഥ്യങ്ങളൊന്നും ഉണ്ടാകാൻ കഴിയില്ല എന്നും സ്വയം വിശ്വസിപ്പിക്കാൻ അയാൾ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. വെപ്രാളം കൂടിക്കൂടിവന്നു. കുട്ടിക്കാലത്ത് ഉത്സവസ്ഥലത്തുവെച്ച് ചക്രഊഞ്ഞാലിൽ കയറിയപ്പോൾ പ്രാണൻ പറിഞ്ഞുപോകുന്നതുപോലെ അനുഭവപ്പെട്ടതും പേടിച്ച് രാമരാമ ജപിച്ചുകൊണ്ടിരുന്നതും അയാൾ ഓർമിച്ചു. പ്രാർത്ഥിക്കാൻ ഒരു ദൈവംപോലുമില്ലാതെ ഇതാ അനാഥമായി വീഴുകയാണ് തന്റെ ജീവൻ.

തലകറക്കത്തിനിടയിൽ ഏതൊക്കെയോ ഓർമകളും വിചാരങ്ങളും മനസ്സിൽക്കൂടി കടന്നുപോയി.
ഇപ്പോഴും ജീവനോടെ ഇരിക്കുന്ന അമ്മയുടെയും അച്ഛന്റെയും മുഖങ്ങളും ചെറുപ്പത്തിൽ തന്റെ വീട്ടുമുറ്റത്ത് വളർന്നിരുന്ന പാഷൻ ഫ്രൂട്ടിന്റെ രുചിയും ഓഫീസിലെ കമ്പ്യൂട്ടറിന്റെ അഴുക്കുപിടിച്ച കീബോർഡും യുക്തിവേദിയുടെ ചർച്ചയിൽ ഉയർന്നുകേട്ട വാദമുഖങ്ങളും അയാൾ മാറിമാറി ഓർത്തു.
വയലറ്റ് സ്വാമിയുടെ ഭസ്മത്തിന്റെ ഗന്ധം എന്നും ശുഭയെ ചൂഴ്ന്നുനിന്നിരുന്നു. രാത്രിയിൽ കുളികഴിഞ്ഞ് പുതിയ നൈറ്റിയിട്ട് കിടക്കാൻ വരുന്ന അവളുടെ സുഗന്ധം ഓർമ്മ വന്നപ്പോൾ മനംപുരട്ടലിന് സ്വല്പം ശമനമുണ്ടായി. ഗർഭിണിയായ ഭാര്യയ്ക്ക് പച്ചക്കറിയും പലചരക്കും എത്തിക്കുന്നതിന് ഇനി ആരുണ്ട് എന്നാലോചിച്ച് അയാൾ നീറി. ജനിക്കാനിരിക്കുന്ന തന്റെ കുട്ടി എവിടെ, എങ്ങനെ വളരും? അവന് രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും യുക്തിചിന്തയും പഠിപ്പിച്ചുകൊടുക്കുന്നത് ആരായിരിക്കും? തണുത്തിരുണ്ട കടലിനടിയിലേക്ക് വീഴുന്ന കല്ലുപോലെ അയാളുടെ ആത്മാവ് ഭൂഗർഭത്തിലേക്ക് താണു.

ചുറ്റും കട്ടപിടിച്ച ഇരുട്ട്. മണ്ണിലൂടെ താണുപോകുന്നതായി അറിയുന്നുണ്ടെങ്കിലും എങ്ങോട്ടാണ് പോകുന്നതെന്ന് ഒരു ധാരണയും കിട്ടുന്നില്ല. മരണശേഷം ആത്മാക്കൾ ഭൂമിക്കടിയിലെ പാതാളലോകത്തേക്ക് പോകും എന്നും മറ്റുമുള്ള പ്രാകൃതവിശ്വാസങ്ങൾ പല മതത്തിലും നിലവിലുണ്ട്. എന്നാൽ, പാറകൾ ഉരുകിത്തിളയ്ക്കുന്ന കൊടുംചൂടുള്ള ഭൂകേന്ദ്രത്തിലേക്കാണല്ലോ താൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന ശാസ്ത്രീയചിന്തയാണ് പ്രവീണിന്റെ പിടയുന്ന ബോധത്തിൽ ഏറെ വ്യാകുലതസൃഷ്ടിച്ചത്.

ഏകദേശം രണ്ടുമണിക്കൂർ പോലെ അനുഭവപ്പെട്ട സമയം മുഴുവൻ അയാൾ ആധാരമറ്റ ആ പതനത്തിൽ ഏർപ്പെട്ടു.
വീട്ടിലെ സ്വീകരണമുറിയിൽ തൂക്കിയ ക്ലോക്കിൽ ഇപ്പോൾ ഒമ്പതുമണിയായിട്ടുണ്ടാകും എന്നും തലയില്ലാത്ത തന്റെ ജഡം ഏതെങ്കിലും സർക്കാരാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം കാത്ത് കിടക്കുകയായിരിക്കും എന്നും ചിന്തിച്ചുകൊണ്ട് താണുതാണുപോകുമ്പോൾ കൈമണിയുടെയും ഭജനയുടെയും നേർത്ത ശബ്ദം കേൾക്കാൻ തുടങ്ങി. ഭാഗീരഥീക്ഷേത്രത്തിലെ ബഹളംപോലെ തോന്നിച്ചു അത്. താൻ മരണസ്ഥലത്തേക്കുതന്നെ മടങ്ങിപ്പോകുകയാണോ എന്ന് അയാൾ സംശയിച്ചു. ഇരുട്ടിന്റെ അടിത്തട്ടിലെവിടെയോ ഒരു വെളിച്ചം കാണുന്നുണ്ട്. ആ വെളിച്ചത്തിനുനേർക്കാണ് താൻ താണുകൊണ്ടിരിക്കുകയാണ് എന്ന് അയാൾ മനസ്സിലാക്കി.

പത്തുപതിനഞ്ച് മിനിറ്റുകൂടി വീണുകഴിഞ്ഞപ്പോൾ പ്രവീൺ ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ഉറവിടത്തിൽ എത്തിച്ചേർന്നു. ഇരുട്ടിനുനടുക്ക് തുറസ്സായ ഒരു പ്രദേശവും അതിൽ ഒരു ഭാഗത്തായി ധാരാളം ലൈറ്റുകളിട്ട കൂറ്റൻ കെട്ടിടവും കാണപ്പെട്ടു. പരസ്പരം ഘടിപ്പിച്ച, ആസ്‌ബെസ്റ്റോസ് ഷീറ്റിട്ട ഹാളുകൾ കണ്ടപ്പോൾ തന്റെ വിവാഹം നടന്ന കല്യാണമണ്ഡപമാണ് അയാൾക്ക് ഓർമ്മവന്നത്. എങ്ങും പരന്നൊഴുകുന്ന വെളിച്ചം. ഉച്ചഭാഷിണികളിലൂടെ മുഴങ്ങുന്ന പാട്ട്.

കെട്ടിടത്തിന്റെ മുറ്റത്ത് നൂറോ നൂറ്റിയിരുപതോ അടി ഉയരത്തിൽ ഒരു കൂറ്റൻ പ്രതിമ നിന്നിരുന്നു. അടുത്തെത്തിയപ്പോൾ പ്രവീൺ അമ്പരന്നു. അത് വയലറ്റ് സ്വാമി എന്ന മൃത്യുഞ്ജയാനന്ദയുടെ പ്രതിമയായിരുന്നു.

പ്രതിമയ്ക്കു മുമ്പിൽക്കൂടി താഴോട്ട് വീഴുന്ന സമയത്ത് പ്രവീണിന് അതിന്റെ വിശദമായ ദർശനം കിട്ടി. മുടി നീട്ടിയ സ്വാമിയുടെ രൂപം കാണുമ്പോൾ മണിയൻപിള്ള രാജു ഏതോ സിനിമയിൽ ഭാഗവതരായി വേഷംകെട്ടിയത് ഓർമവരുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നത് അയാൾ ഓർത്തു. പ്രതിമയുടെ ക്ലീൻഷേവ് ചെയ്ത ഊത്തക്കവിളുകൾ സ്‌പോട്ട്‌ലൈറ്റുകളുടെ വെളിച്ചത്തിൽ മിന്നിത്തിളങ്ങി. തലയിൽ മയിൽപ്പീലിക്കിരീടം വെച്ച്, വയലറ്റ് പട്ടും വയലറ്റ് ഉത്തരീയവും ചാർത്തി നില്ക്കുന്ന പ്രതിമയുടെ കഴുത്തിൽനിന്ന് അരളിപ്പൂക്കൾ കോർത്ത ഒരു മാല പാദം വരെ നീണ്ടുകിടന്നു.

ശുഭയുടെ യുക്തിഹീനമായ വാദഗതികളും വിശ്വാസങ്ങളും അയാൾ ഓർമിച്ചു. പ്രപഞ്ചം സൃഷ്ടിച്ച്, രക്ഷിച്ച്, സംഹരിക്കുന്ന ഒരു ദൈവമുണ്ടെന്ന് മാത്രമല്ല ആ ദൈവം വയലറ്റ് സ്വാമിയാണെന്നും അവൾ പറഞ്ഞിരുന്നു. മറ്റു ദൈവങ്ങൾക്ക് നല്കുന്ന പ്രാർത്ഥനകളും വഴിപാടുകളുമെല്ലാം വാസ്തവത്തിൽ അവളുടെ സ്വാമിക്കാണത്രെ കിട്ടുന്നത്. പ്രാർത്ഥനകൾ നടപ്പിലാക്കുന്നതും ചീത്തയാളുകൾക്ക് ശിക്ഷവിധിക്കുന്നതും അയാൾതന്നെ. ഭൂമിയിലെ ജീവിതം കഴിയുമ്പോൾ ഭക്തന്മാർ ഭഗവാന്റെ പാദങ്ങളിൽ ചെന്നുചേരുന്നു. പാപികൾ നരകത്തിൽ തള്ളപ്പെടുന്നു.
ശുഭയ്ക്ക് ആധുനികശാസ്ത്രത്തിന്റെ അറിവുകൾ പകർന്നുകൊടുക്കാൻ അയാൾ പലപ്പോഴും ശ്രമിച്ചിരുന്നു.

പ്രപഞ്ചോല്പത്തിയെക്കുറിച്ചും ജീവപരിണാമത്തെക്കുറിച്ചും മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും ദിവസംതോറും വെളിപ്പെട്ടുകൊണ്ടിരിക്കുന്ന രഹസ്യങ്ങൾ വായിച്ച് മനസ്സിലാക്കി അവൾക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമാക്കി പറഞ്ഞുകൊടുക്കാൻ നോക്കി. ഇല്ലാദൈവങ്ങളെ ഭജിച്ചാൽ പോലും ആൾദൈവങ്ങളെ ഭജിക്കരുത് എന്ന് പറഞ്ഞു. എല്ലാം വെറുതെ.

ഏതോ കാന്തികശക്തിയുടെ ആകർഷണത്താലെന്നപോലെ തന്നെപ്പോലെ നൂറുകണക്കിന് ആത്മാക്കൾ എല്ലാ ദിക്കുകളിൽനിന്നും അതിവേഗം ആ കെട്ടിടത്തെ സമീപിക്കുന്നത് പ്രവീൺ കണ്ടു. ഏറെക്കുറെ ഒരേ ആകൃതിയും വലിപ്പവുമുള്ള തുരുമ്പുകട്ടകളായിരുന്നു അവയെല്ലാം. അയാളും അവയോടൊപ്പം സഞ്ചരിച്ച്, കെട്ടിടത്തിനുമുകളിൽ പുകക്കുഴൽ പോലെ സ്ഥാപിച്ചിരുന്ന ഭീമാകാരമായ ചോർപ്പിലൂടെ കടന്ന്, ഉള്ളിൽ ആത്മാക്കളുടെ ഒരു കൂമ്പാരത്തിലേക്ക് ചെന്നുവീണു.

ആ കിടപ്പിൽ, തനിക്കരികിൽ ഒരു മനുഷ്യരൂപം നിൽക്കുന്നത് പ്രവീൺ കണ്ടു. വയലറ്റ് മുണ്ടുടുത്ത്, വയലറ്റ് മുണ്ട് ചുമലിലിട്ട്, വയലറ്റ് ഭസ്മംകൊണ്ട് കുറിയിട്ട ഒരു കഷണ്ടിക്കാരനായിരുന്നു അത്. മേൽമുണ്ടിന്റെ കരയിന്മേൽ "മൃത്യുഞ്ജയ, സർവംജയ' എന്ന് ദേവനാഗരിയിൽ എഴുതിയിരുന്നു. അയാളുടെ കഴുത്തിൽനിന്നും കറുത്ത മുത്തിന്റെ ഒരു മാലയും വയലറ്റ് നാടയിൽ തൂക്കിയ ബാഡ്ജും തൂങ്ങിക്കിടന്നു. തന്റെ മുമ്പിൽ വന്നുവീഴുന്നതിൽനിന്ന് ഓരോ ആത്മാവിനെ പെറുക്കിയെടുത്ത്, പ്ലാസ്റ്റിക്ക് ഭരണിയിൽ അടച്ച്, ലേബലൊട്ടിച്ച്, ഒരു കൺവേയർ ബെൽറ്റിലേക്ക് വെയ്ക്കുകയായിരുന്നു അയാൾ. ചുറ്റും മുഴങ്ങിക്കൊണ്ടിരുന്ന ഭജനപ്പാട്ടിന്റെ താളത്തിനനുസരിച്ച് തലയാട്ടിക്കൊണ്ടിരുന്നു എങ്കിലും ജോലി കാര്യക്ഷമമായിരുന്നു.

വൈകാതെ പ്രവീണിന്റെ ഊഴം വന്നു. തെളിമ മങ്ങിയ ഒരു പ്ലാസ്റ്റിക്ക് ഭരണിക്കകത്ത് അടയ്ക്കപ്പെട്ടതോടെ കൺവേയർ ബെൽറ്റിലൂടെയുള്ള സഞ്ചാരം ആരംഭിച്ചു. ഭരണിക്കുമേൽ പതിച്ചിരുന്ന ലേബലിൽ വലിയൊരു ബാർകോഡിനുതാഴെ എന്തോ എഴുതിയിരുന്നു. പിറകിൽനിന്നുള്ള വായന ശ്രമകരമായിരുന്നെങ്കിലും അല്പനേരത്തിനുശേഷം അയാൾ അത് വായിച്ചെടുത്തു. തന്റെ മുഴുവൻ പേരും ഒപ്പം ഒരു തീയതിയും. ജനനത്തീയതിയല്ലല്ലോ എന്ന് പിന്നെയും ആലോചിച്ചപ്പോൾ ഒരു നടുക്കത്തോടെ അയാൾ തിരിച്ചറിഞ്ഞു: ഇന്നത്തെ തീയതി, തന്റെ മരണത്തീയതിയാണത്. ജനനത്തീയതി എന്ന പരമപ്രധാനമായ അക്കങ്ങളുടെ പ്രസക്തി ഇതോടെ അവസാനിച്ചിരിക്കുന്നു.

മൂന്ന്

ത്മാക്കളെ അടക്കം ചെയ്ത നൂറുകണക്കിന് ഭരണികൾ കൺവേയർ ബെൽറ്റുകളിൽ നീങ്ങിക്കൊണ്ടിരുന്നു. ആസ്‌ബെസ്റ്റോസ് മേൽക്കൂരയ്ക്കുതാഴെ പ്രകാശിച്ചുനിൽക്കുന്ന വെള്ളയും വയലറ്റ് നിറത്തമുള്ള അസംഖ്യം ട്യൂബ് ലൈറ്റുകൾ. ഇരുമ്പിന്റെ കഴുക്കോലുകളിൽനിന്നും തൂങ്ങിക്കിടക്കുന്ന വയലറ്റ്‌നിറത്തിലുള്ള തോരണങ്ങൾ.

ഉച്ചഭാഷിണികളിലൂടെ മുഴങ്ങുന്ന "മൃത്യുഞ്ജയാ, സർവംജയാ', "അമ്മേ, ദേവീ, ഭാഗീരഥീ' തുടങ്ങിയ കീർത്തനങ്ങൾ.

ആകെപ്പാടെ, ഫാക്ടറിയോ അമ്പലമോ എന്ന് പറയാൻ കഴിയാത്ത അന്തരീക്ഷം. എല്ലാറ്റിനും മേൽ വ്യാപിച്ചുനിൽക്കുന്ന വയലറ്റ് ഭസ്മത്തിന്റെ വാസന.

ചുവരുകളിൽ നിറഞ്ഞുനിന്ന കൂറ്റൻ ടീവി സ്‌ക്രീനുകളിൽ വയലറ്റ് സ്വാമിയുടെ മാഹാത്മ്യം കാണിക്കുന്ന പലതരം ദൃശ്യങ്ങൾ പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. ശുഭയുടെ പ്രിയപ്പെട്ട "വയലറ്റ് ചാനലിൽ' കാണുന്നതുപോലെയുള്ള കാഴ്ചകൾ: സ്വാമിയുടെ കുളി, ഭക്ഷണം, കോണകം മാത്രം ധരിച്ചുള്ള യോഗാഭ്യാസം, പ്രഭാഷണങ്ങൾ, ലോകപര്യടനങ്ങൾ, വർക്കലയിലെ ആശ്രമത്തിൽ ദർശനം കിട്ടാനായി തടിച്ചുകൂടിയിരിക്കുന്ന ജനലക്ഷങ്ങൾ, സ്വാമിയുടെ പാദത്തിൽ തൊഴുതുകിടക്കുന്ന വിദേശികളുടെ കണ്ണീരൊഴുകുന്ന മുഖങ്ങൾ, രണ്ടുകാലും തളർന്ന ചൈനാക്കാരനെ സൗഖ്യമാക്കുന്ന പ്രസിദ്ധമായ രംഗം. ക്യാമറയിൽ പെടുംവിധം സ്വാമിയുടെ പിന്നിൽ ചേർന്നുനിൽക്കുന്ന വർഗീയരാഷ്ട്രീയത്തിന്റെ നേതാക്കന്മാരും അരിയിൽ മായം കലർത്തുന്ന വ്യവസായിയും. ചാനലിലേതുപോലെതന്നെയുള്ള കണ്ണിൽക്കുത്തുന്ന ലൈറ്റിങ്ങും മോശപ്പെട്ട ക്യാമറാ ചലനങ്ങളും.

വയലറ്റ് സ്വാമി ഒരു സിംഹാസനത്തിൽ ഇരിക്കുകയാണ്.
അയാളോട് ചേർന്ന്, പട്ടുവസ്ത്രം ധരിച്ച് സ്വർണ്ണക്കിരീടം വെച്ച ഒരു ചെറുപ്പക്കാരിയും ഉണ്ട്.
ടിവിയിൽ ശ്രദ്ധിച്ചുനോക്കാൻ തുടങ്ങിയതോടെ പ്രവീൺ ഒരു കാര്യം ശ്രദ്ധിച്ചു. സ്വാമിയുടെ കാൽക്കൽ കിടക്കുന്ന ആളുകൾ സാധാരണക്കാരല്ല.
ഒബാമ, സ്റ്റാലിൻ, ബാങ് കി മൂൺ, സദ്ദാം ഹുസൈൻ തുടങ്ങി വിവിധകാലത്തെ ലോകനേതാക്കൾ, വിവേകാനന്ദൻ, ശങ്കരാചാര്യർ, ദലൈ ലാമാ തുടങ്ങിയ ആത്മീയഗുരുക്കന്മാർ, ഐൻസ്റ്റീൻ, ഡാർവിൻ, സ്റ്റീഫൻ ഹോക്കിങ്‌സ് തുടങ്ങിയ ശാസ്ത്രജ്ഞന്മാർ, കെ. ആർ. നാരായണൻ, അബ്ദുൾ കലാം തുടങ്ങിയ രാഷ്ട്രപതിമാർ, ടാഗോർ, മാർകേസ്, ഡോക്കിൻസ് തുടങ്ങിയ എഴുത്തുകാർ, ഹിച്ച്‌കോക്ക്, അമിതാഭ് ബച്ചൻ, സത്യജിത്ത് റായ് തുടങ്ങിയ സിനിമാക്കാർ ഇങ്ങനെ പലരെയും തിരിച്ചറിയാൻ കഴിഞ്ഞു.

പരിചയമില്ലാത്ത അനേകംപേർ വേറെയും ഉണ്ടായിരുന്നു. കായികതാരങ്ങളും സംഗീതജ്ഞരും യൂണിഫോമണിഞ്ഞ സൈനികമേധാവികളും വിചിത്രമായ ആകൃതിയുള്ള അന്യഗ്രഹജീവികളും തൊഴുതുമടങ്ങി. ശ്രീകൃഷ്ണൻ യേശുക്രിസ്തു, ഗണപതി, പറശ്ശിനിക്കടവ് മുത്തപ്പൻ, തുടങ്ങിയ ദൈവങ്ങൾ സാധാരണ മനുഷ്യരെപ്പോലെ ഭജനപാടുകയും ക്യാമറയ്ക്കുവേണ്ടി പുഞ്ചിരിക്കുകയും ചെയ്തു. അപ്പോൾ, സ്വാമിയുടെ കൂടെ ഇരിക്കുന്ന സുന്ദരിയെ പ്രവീൺ തിരിച്ചറിഞ്ഞു. ഭാര്യയുടെ പൂജാമുറിയിലെ ചിത്രത്തിൽ കണ്ടിട്ടുള്ള, വഴിവക്കത്തെ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ഭാഗീരഥീദേവി.

ടീവിയിലെ മറ്റു ചില ദൃശ്യങ്ങൾ വയലറ്റ് സ്വാമിയുടെ അതിമാനുഷശക്തികളുടേതായിരുന്നു. സ്വാമി കണ്ണ് അടയ്ക്കുമ്പോൾ രാത്രിയാകുന്നു, കണ്ണ് തുറക്കുമ്പോൾ സൂര്യൻ ഉദിക്കുന്നു. പുഞ്ചിരിക്കുമ്പോൾ വസന്തവും കോപിക്കുമ്പോൾ പ്രകൃതിക്ഷോഭങ്ങളും സംഭവിക്കുന്നു. സുനാമിയിലും പ്രളയത്തിലും ഭൂകമ്പത്തിലും പെട്ട് മനുഷ്യർ ഈയാംപാറ്റകളെപ്പോലെ ചത്തൊടുങ്ങുന്നു.

സ്വാമി കൈ ഞൊടിക്കുമ്പോൾ യുദ്ധവും ക്ഷാമവും ഉണ്ടാകുന്നു. സ്വാമി മണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിച്ച് തലയിൽ ജാതകം എഴുതുന്നു. കുരുത്തോലകൊണ്ട് പക്ഷിയെ സൃഷ്ടിച്ച് ജീവൻ കൊടുത്ത് ആകാശത്തിലേക്ക് പറത്തിവിടുന്നു. ഒടുക്കം, സ്വാമി കൈയടിക്കുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മഹാസ്‌ഫോടനം നടക്കുന്ന ദൃശ്യം വന്നപ്പോൾ പ്രവീണിന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പ്രപഞ്ചോത്പത്തിയുടെ സമയത്ത് ക്യാമറ എവിടുന്ന്? ഇതെല്ലാം കമ്പ്യൂട്ടർ ആനിമേഷൻതന്നെ.

എന്നാൽ, ആ ചിരി പെട്ടെന്നുതന്നെ ആവിയായിപ്പോയി. നാഡീവ്യൂഹമോ തലച്ചോറോ ഇല്ലാത്ത തനിക്ക് ഇതൊക്കെ ചിന്തിക്കാൻ കഴിയുന്നു എന്നതിലെ യുക്തിഭംഗത്തെക്കാൾ മേലെയാണോ ഈ ദൃശ്യങ്ങളുടെ അയുക്തികത?

യുക്തിചിന്തയ്ക്ക് ഏറ്റ ആഘാതത്തിൽനിന്ന് മോചനം നേടിയിരുന്നില്ലെങ്കിലും തനിക്കുചുറ്റും നടക്കുന്നതെന്ത് എന്ന് മനസ്സിലാക്കുന്നതിനും അതിന് ശാസ്ത്രീയവും സൈദ്ധാന്തികവുമായ വ്യാഖ്യാനം ചമയ്ക്കുന്നതിനും പ്രവീണിന്റെ ബുദ്ധി തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നു. മുൻധാരണകൾ തെറ്റെന്ന് തെളിയുമ്പോൾ സ്വയം തിരുത്തുന്നതിന് ഒരു കാലത്തും മടി കാണിച്ചിട്ടുള്ളയാളല്ല താൻ. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള തന്റെ അറിവുകൾ യുക്തിവേദിയുടെ അടുത്തമാസത്തെ യോഗത്തിൽ തീർച്ചയായും അവതരിപ്പിക്കണം എന്ന് അയാൾ ഒരു നിമിഷം ചിന്തിച്ചുപോയി. എന്നാൽ, മരിച്ചുപോയ താൻ ഇനിയൊരിക്കലും ഒരു യോഗത്തിലും പങ്കെടുക്കില്ല എന്ന് ഓർമ വന്നപ്പോൾ വിഷാദമായി. താൻ നേരിട്ടുകണ്ട സത്യങ്ങൾ മനുഷ്യവർഗത്തിന്റെ മുമ്പിൽ അവതരിപ്പിക്കാൻ ഒരവസരം കിട്ടുകയില്ല. പരേതരുടെ അനുഭവജ്ഞാനത്തിന്റെ പങ്കുപറ്റാതെവേണം ജീവനുള്ളവർ ജീവിക്കാൻ എന്ന അനാദിയായ നിയമം തന്റെമേലും പ്രയോഗിക്കുകയാണ് പ്രകൃതി. പ്രകൃതി അല്ലെങ്കിൽ ദൈവം... അതോ സ്വാമി മൃത്യുഞ്ജയാനന്ദയോ?

നേരേ മറിച്ച്, താൻ ഉയിർത്തെഴുന്നേറ്റ് ചെന്നാൽപ്പോലും തന്റെ കാഴ്ചകൾ സത്യമാണെന്ന് സമ്മതിക്കാൻ യുക്തിവേദിയിലെ അംഗങ്ങൾ തയ്യാറാകണമെന്നില്ല. ഏതോ തരം മാനസികവിഭ്രാന്തിയായിരുന്നു തന്റേതെന്ന് വാദിച്ച് സമർത്ഥിപ്പിക്കാൻ കഴിവുള്ള ചിത്ര ടീച്ചറെപ്പോലുള്ളവരാണ് അവിടെയിരിക്കുന്നത്. തന്റേത് ശരിക്കും ഒരു മാനസികവിഭ്രാന്തി ആയിരുന്നെങ്കിൽ എന്ന് അയാൾ ആശിച്ചു. താൻ തോറ്റാലും സാരമില്ല. തന്നെ താനാക്കിയ യുക്തിവാദം ജയിച്ചാൽ മതിയായിരുന്നു.

നാല്

ടയ്ക്ക് നിശ്ചലമായിക്കിടന്നും ഇടയ്ക്ക് ചലനംവെച്ചും പ്ലാസ്റ്റിക്ക് ഭരണികളുടെ നിര സാവധാനം മുന്നേറി. ടീവി സ്‌ക്രീനുകളിൽ ദേവനാഗരിയിൽ എഴുതിയ "നാരായണ', "ഓം ദേവീ ഭാഗീരഥീ', "മൃത്യുഞ്ജയ, സർവംജയ' തുടങ്ങിയ നാമങ്ങളും വയലറ്റ് സ്വാമിയുടെ ചിത്രങ്ങളും തെളിഞ്ഞുമറഞ്ഞു. നാമസങ്കീർത്തനവും വാദ്യമേളവും ആവർത്തിച്ചു.

തന്റെ സമീപത്ത് നീങ്ങിക്കൊണ്ടിരിക്കുന്ന ഭരണികളിൽ ഒട്ടിച്ച ലേബലുകൾ വായിക്കാൻ പ്രവീൺ ശ്രമിച്ചു. പിറകിലുള്ള ഭരണിയിൽ നീലാഞ്ജനാ ബാനർജി എന്നും മുമ്പിലത്തേതിൽ കുര്യൻ തോമസ് എന്നും അയാൾ കണ്ടു. രണ്ടാമത്തെ പേര് വായിച്ചതോടെ അയാൾ ആകെ അസ്വസ്ഥനായി. തങ്ങളുടെ മതത്തിൽ പെട്ട ആത്മാക്കൾ മാത്രം കടന്നുചെല്ലുന്ന പരലോകങ്ങളാണല്ലോ എല്ലാ വിശ്വാസികളുടെയും സങ്കല്പത്തിലുള്ളത്. എന്നാൽ ഇവിടെ, ഹിന്ദുവായി ജനിക്കുകയും നിരീശ്വരവാദിയായി ജീവിക്കുകയും ചെയ്ത താൻ ഹിന്ദു-ക്രിസ്ത്യൻ പേരുകളുള്ള രണ്ടുപേരോടൊപ്പം ഒരേ നടപടിക്രമങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. എന്താണ് ഇതിന്റെയൊക്കെ അർത്ഥം?
വയലറ്റ് സ്വാമിയിൽ വിശ്വസിക്കാത്ത എല്ലാവരും ഒരേ നരകത്തിൽ പോകും എന്നാണ് ശുഭ പറഞ്ഞിരുന്നത്.

""ഭൂമിക്കടിയിൽ അയ്യായിരം കിലോമീറ്റർ ദൂരത്തിലാണ് പരലോകം,'' അവൾ പറഞ്ഞിരുന്നു. ""ബെസ്റ്റ്!'' താൻ പരിഹസിക്കും. ""അപ്പോൾ, ഉരുകിയ ലോഹത്തിനകത്താണ് നരകം ഉണ്ടാക്കിയിരിക്കുന്നത്.''""കഴിഞ്ഞ ദിവസവും ചാനലിൽ പറഞ്ഞിരുന്നു.'' ""ക്ലീനർ ഭഗീരഥൻ പരലോകം കണ്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നോ?'' പരിഹാസത്തിന് ആവശ്യമുള്ളപ്പോഴൊക്കെ ഉപകരിച്ചിട്ടുണ്ട് സ്വാമിയുടെ പൂർവാശ്രമത്തിലെ പേരും തൊഴിലും.""അകക്കണ്ണുകൊണ്ട് സ്വാമി കാണാത്തതായിട്ട് ഈരേഴ് പതിന്നാല് ലോകത്തിലും ഒന്നുമില്ല, പ്രവിയേട്ടാ.'' അവൾ പറഞ്ഞിരുന്നു.

പരലോകത്തെപ്പറ്റിയുള്ള പ്രാചീനവും നവീനവുമായ അനേകം വിശ്വാസങ്ങളെക്കുറിച്ച് വായിച്ചുമനസ്സിലാക്കിയിട്ടുണ്ട് പ്രവീൺ. അത്തരം പുസ്തകങ്ങളിൽ കണ്ടിട്ടുള്ള ഒരുതരം വർണ്ണനകളുമായും പൊരുത്തമുള്ള ലോകമല്ല ഇപ്പോൾ മുമ്പിൽ കാണുന്നത്. പറക്കുന്ന മാലാഖമാരോ കൊമ്പുള്ള യമദൂതന്മാരോ നീറുന്ന തീക്കുണ്ഡങ്ങളോ എങ്ങും കാണാനില്ല. വെള്ളച്ചുമരുള്ള ഒരു ഫാക്ടറിക്കെട്ടിടത്തിനകത്ത് കോലാഹലങ്ങളൊന്നുമില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്ന കുറേ കൺവേയർ ബെൽറ്റുകൾ മാത്രം.
ലോകാരംഭം മുതൽക്കുള്ള പ്രവാചകന്മാരും ദാർശനികരും കവികളും സ്വർഗനരകങ്ങളെപ്പറ്റി എന്തെല്ലാം പറഞ്ഞുപിടിപ്പിച്ചിരിക്കുന്നു. അതെല്ലാം സാങ്കല്പികമാണെന്ന കാര്യത്തിൽ പ്രവീണിന് യാതൊരു സംശയവുമുണ്ടായിരുന്നില്ല. എന്നാൽ, അവരുടെയൊന്നും ബുദ്ധിയുടെയും പ്രതിഭയുടെയും നൂറിലൊന്നുപോലുമില്ലാത്ത തന്റെ ഭാര്യയുടെ ബാലിശമായ വിശ്വാസങ്ങളായിരിക്കാം സത്യം എന്ന് വന്നപ്പോൾ അയാൾ അമ്പരക്കുകതന്നെ ചെയ്തു.

മരണശേഷം എന്ത് എന്ന കാര്യത്തിൽ മതങ്ങൾ തമ്മിൽ ഏറെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും എല്ലാവർക്കും യോജിപ്പുള്ള കാര്യം ഒരു വിചാരണ നടക്കും എന്നുള്ളതാണ്. ജീവിച്ചിരുന്ന കാലത്ത് ചെയ്തുകൂട്ടിയ പ്രവൃത്തികളുടെ ഒരു കണക്കെടുപ്പ്. അങ്ങനെ ഒന്നുണ്ടെങ്കിൽ തനിക്ക് ഒന്നും ഭയക്കാനില്ലെന്ന് പ്രവീൺ അഭിമാനിച്ചു. വിശ്വാസമല്ല, പ്രവൃത്തിയാണ് പുണ്യപാപങ്ങളുടെ മാനദണ്ഡമെന്നും അങ്ങനെ നോക്കിയാൽ ലോകത്തെ ഏറ്റവും പുണ്യശാലികളിൽ ഒരാളാണ് താനെന്നും അയാൾ എന്നും പറഞ്ഞിരുന്നു. ഗുരുദേവനെപ്പോലുള്ള ആത്മീയവാദികളും അതുതന്നെയല്ലേ പറഞ്ഞിരിക്കുന്നത്? ദൈവത്തിന്റെ പേരും പറഞ്ഞ് നടക്കുന്ന ആളുകൾ എന്തൊക്കെ വൃത്തികേടുകളാണ് ദിവസവും കാണിച്ചുകൂട്ടുന്നത്. പരസ്പരസ്പർദ്ധ പ്രചരിപ്പിക്കുന്നവരും അധികാരദുർവിനിയോഗം ചെയ്യുന്നവരും സുഖലോലുപന്മാരുമായ മതനേതാക്കൾ. പൊതുസ്വത്ത് കൈയേറുന്നവരുടെയും നികുതിവെട്ടിപ്പ് നടത്തുന്നവരുടെയും കൈക്കൂലിയും അഴിമതിയും പൂഴ്ത്തിവെയ്പ്പും ശീലമാക്കിയവരുടെയും പണംകൊണ്ട് ഓടുന്ന മതസംഘടനകൾ.

തന്റെ ഓഫീസിലെ ശിവരാമകൃഷ്ണനെ പ്രവീൺ ഓർത്തു. പേരിൽത്തന്നെ മൂന്ന് ദൈവങ്ങളും കഴുത്തിൽത്തൂക്കിയ ലോക്കറ്റുകളിലും തകിടുകളിലുമായി പിന്നെയും കുറേയെണ്ണങ്ങളും ഉണ്ടെങ്കിലും വ്യഭിചാരമാണ് ഇഷ്ടവിനോദം. താനോ? പരസ്ത്രീകളുടെ ശരീരം സ്പർശിച്ചിട്ടില്ല, കടം വാങ്ങിയാൽ തിരിച്ചുകൊടുക്കാതിരുന്നിട്ടില്ല, സഹപ്രവർത്തകരിൽനിന്ന് സമ്മർദ്ദമുണ്ടായിട്ടും കൈക്കൂലി വാങ്ങിയില്ല, ഓഫീസ് സമയത്ത് സൈഡ് ബിസിനസ്സിന് പോയില്ല, സ്ത്രീധനം വാങ്ങിയില്ല, മദ്യമോ ലഹരിപദാർത്ഥങ്ങളോ ഉപയോഗിച്ചില്ല, ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുകയോ ചെയ്തില്ല. ചതിയും കൊലപാതകവും വ്യഭിചാരവും ചെയ്തില്ല.

അറിവാണ് ദൈവമെങ്കിൽ വിശ്രമമില്ലാത്ത ഒരു തപസ്സായിരുന്നു തന്റെ ജീവിതം. പരീക്ഷണനിരീക്ഷണങ്ങളിലൂടെ തനിക്കുചുറ്റുമുള്ള പ്രപഞ്ചത്തെ മനസ്സിലാക്കുകയും നേരിട്ട് ഉണ്ടാക്കിയെടുക്കാൻ കഴിയാത്ത അറിവുകളെ പുസ്തകങ്ങളിൽനിന്ന് ആർജിക്കുകയും ചെയ്തു. സമാഹരിച്ച ജ്ഞാനത്തെ വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും വിമർശിക്കാനും നിരന്തരം ശ്രമിച്ചു. യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നതിനായി അധ്വാനിച്ചു. യുക്തിവേദിയുടെ പ്രവർത്തനങ്ങൾക്കുവേണ്ടി താൻ ചെലവഴിച്ചിട്ടുള്ള അത്രയും മണിക്കൂറുകൾ ജില്ലയിലെന്നല്ല കേരളത്തിൽത്തന്നെ ആരും ചെലവഴിച്ചിട്ടുണ്ടാകില്ല. തന്നെപ്പോലൊരാളുടെ വിചാരണ ഇവിടുത്തെ നീതിന്യായസംവിധാനത്തെ സംബന്ധിച്ചേടത്തോളം ഒരു പക്ഷേ പുതിയൊരു അനുഭവമായിരിക്കും എന്ന് പ്രവീൺ ചിന്തിച്ചു.

ആ സമയത്ത്, പ്രവീണിന്റെ ആത്മാവ് അടക്കംചെയ്തിരുന്ന ഭരണിയ്ക്കുമുമ്പിൽ ഒരു കിളിവാതിൽ തുറന്നുവന്നു. കൺവേയർ ബെൽറ്റ് അയാളെയുംകൊണ്ട് അകത്ത് പ്രവേശിച്ചു.

അഞ്ച്

പ്രവീണിന്റെ വീട്ടിലെ സ്റ്റോർമുറിയോളം മാത്രം വലിപ്പമുള്ള ഒരു ഇടുങ്ങിയ അറയായിരുന്നു അത്. വായുവിന് അശോകാ പാക്കിന്റെ സുഗന്ധമുണ്ടായിരുന്നു. ലാമിനേറ്റ് ചെയ്ത്, പൂമാലയിട്ട വയലറ്റ് സ്വാമിയുടെ വലിയൊരുചിത്രം ചുവരിൽ തൂങ്ങി. വയലറ്റ് മുണ്ട് പുതച്ച്, ഭസ്മക്കുറിയിട്ട രണ്ട് തടിച്ചമനുഷ്യർ ചുവന്ന പ്ലാസ്റ്റിക്ക് കസേരകളിൽ ഇരുന്നു. അതിൽ ഇരുണ്ടനിറമുള്ള ആൾ കൺവേയർ ബെൽറ്റിൽനിന്നും പ്രവീണിന്റെ ഭരണിയെടുത്ത് മേശപ്പുറത്തെ ത്രാസിൽ വെച്ചിട്ട് കമ്പ്യൂട്ടറിൽ എന്തോ ടൈപ്പ് ചെയ്യാൻ തുടങ്ങി.

വെളുത്ത തൊലിയും ചെവിക്കുറ്റിയിൽ ചെത്തിപ്പൂവുമുള്ള മറ്റേയാൾ പ്രവീണിന്റെ നേരെ ഒന്ന് നോക്കുകപോലും ചെയ്യാതെ വിരസഭാവത്തിൽ എന്തോ ചവച്ചുകൊണ്ട് ഇരുന്നു. അയാളുടെ മേൽമുണ്ടിന് വീതിയുള്ള മഞ്ഞക്കര ഉണ്ടായിരുന്നു. ഇയാൾ ന്യായാധിപനും മറ്റേത് ഗുമസ്തനും ആയിരിക്കും, പ്രവീൺ വിചാരിച്ചു. ഇവർ മനുഷ്യർതന്നെ ആയിരിക്കുമോ അതോ മറ്റേതെങ്കിലും ജീവികളോ?
ഗുമസ്തൻ കമ്പ്യൂട്ടർ സ്‌ക്രീനിൽ സൂക്ഷിച്ചുനോക്കി എന്തോ പിറുപിറുത്തു.

തന്നെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങളായിരിക്കുമോ അയാൾ പഠിക്കുന്നത് എന്ന് പ്രവീൺ ചിന്തിക്കുമ്പോഴേക്ക് അയാളുടെ ശബ്ദമുയർന്നു. പിറുപിറുപ്പ് അതിവേഗത്തിലുള്ള വായനയായി പരിണമിച്ചു. ഭാഷ മലയാളമാണെന്ന് ആദ്യം തോന്നിയെങ്കിലും കൂടുതൽ ശ്രദ്ധിച്ചപ്പോൾ സംസ്‌കൃതമാണെന്ന് മനസ്സിലായി. മതഗ്രന്ഥങ്ങളെ വിമർശിക്കാൻ വേണ്ടി സംസ്‌കൃതം പഠിക്കാൻ പ്രവീൺ പലതവണ ശ്രമിച്ചിരുന്നെങ്കിലും ഓരോ തിരക്കുകൾ നിമിത്തം മുടങ്ങിപ്പോവുകയാണ് ഉണ്ടായത്. മരണാനന്തരജീവിതത്തിൽ ആവശ്യമായിവരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എത്ര കഷ്ടപ്പെട്ടും ആ ഭാഷകൂടി വശമാക്കിയേനെ എന്ന് അയാൾ പശ്ചാത്തപിച്ചു.

ഈണത്തിലുള്ള വായനയിൽനിന്ന് "നാസ്തിക', "ധർമ്മദ്വേഷി', "അസഭ്യവാക്ക്', "പാപി' തുടങ്ങിയ വാക്കുകൾ വേർതിരിച്ചെടുക്കാൻ പ്രവീണിന് കഴിഞ്ഞു.
തന്റെ കുറ്റപത്രമാണ് വായിക്കപ്പെടുന്നത് എന്ന് അതോടെ വ്യക്തമായി.
തനിക്ക് മനസ്സിലാകാത്ത ഭാഷയിലാണ് തന്റെ മരണാനന്തര വിചാരണനടക്കുന്നത് എന്ന് ആലോചിച്ചപ്പോൾ അയാൾക്ക് അമർഷം തോന്നി. പരേതാത്മാക്കൾക്കും ഉണ്ടായിരിക്കില്ലേ ചില മനുഷ്യാവകാശങ്ങളൊക്കെ?

ഇടയ്ക്ക് "കുക്കുടഭുക്ക്' എന്ന വാക്കും കേട്ടു. ഭാഗീരഥീദേവിയുടെ വാഹനമായതുകൊണ്ട് കോഴിയെ കൊന്നുതിന്നുന്നത് കൊടുംപാതകമാണെന്ന് ശുഭ പറഞ്ഞിരുന്നത് പ്രവീണിന് ഓർമ്മവന്നു. ചിക്കൻ ബിരിയാണിയും ചിക്കൻ സിക്സ്റ്റിഫൈവും നാടൻ കോഴിക്കറിയും പൊരിച്ച കോഴിയുമെല്ലാം ജീവനായിരുന്നു അയാൾക്ക്. എന്നാൽ, നാവിൽ വെള്ളമൂറുന്ന ആ രുചിവൈവിധ്യങ്ങളെക്കാളും എണ്ണയിൽ പൊരിഞ്ഞ മസാലകളുടെ സുഗന്ധത്തെക്കാളും ഏറെ അയാളെ ഹരം പിടിപ്പിച്ചിരുന്നത് ഭാര്യയുടെ അലോസരമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടുതന്നെ, ബ്രോയ്‌ലർ കോഴിയിലെ രാസവസ്തുക്കളെക്കുറിച്ചുള്ള വാർത്തകൾ വായിച്ചിട്ടും അയാൾ ശീലം മാറ്റിയില്ല.

കോഴിയിറച്ചിയും കോഴിമുട്ടയും ഭക്ഷിക്കുന്നവർക്ക് പരലോകത്തിൽ നേരിടേണ്ടിവരുന്ന ഭീകരമായ ശിക്ഷകളെക്കുറിച്ച് ശുഭ പറഞ്ഞിരുന്നു. ശരീരം കീറിമുറിച്ച്, ഉപ്പും മുളകും പുരട്ടി, ആളുന്ന തീയിനുമുകളിൽ, തിളയ്ക്കുന്ന എണ്ണയിൽക്കിടന്ന് പൊരിയേണ്ടിവരുമെന്ന് അവൾ പറഞ്ഞിരുന്നത് സത്യമായിരിക്കുമോ?

മാത്രവുമല്ല, ഇതിപ്പോൾ സത്യമാണെന്നുവന്നാൽ, അവൾ പറഞ്ഞിരുന്ന എന്തൊക്കെ കുണ്ടാമണ്ടികളായിരിക്കും സത്യമാണെന്ന് ഇനി തെളിയാൻ പോകുന്നത്? ചൊവ്വാഴ്ച ദിവസം ഷേവ് ചെയ്യുക, രാഹുകാലത്തിൽ യാത്രപുറപ്പെടുക, ത്രിസന്ധ്യയ്ക്ക് ഭക്ഷണം കഴിക്കുക, ദൈവങ്ങളെയും ആൾദൈവങ്ങളെയും പരിഹസിക്കുക, ഇടതുമുന്നണിക്ക് വോട്ട് ചെയ്യുക തുടങ്ങി അവൾ വിലക്കിയിരുന്നത് എന്തൊക്കെയാണ് താൻ നിർബന്ധപൂർവം അനുഷ്ഠിച്ചുപോന്നത്! സ്‌കൂട്ടർ വാങ്ങിയ കാലത്ത് പൂജ ചെയ്യിക്കാതിരുന്നതുകൊണ്ടായിരിക്കുമോ അപകടം സംഭവിച്ചത്? തനിക്ക് കണ്ടകശ്ശനിയാണെന്നും പരിഹാരകർമ്മങ്ങൾ ചെയ്യണമെന്നും അവൾ പറഞ്ഞിരുന്നില്ലേ?

മുമ്പോട്ടും പിമ്പോട്ടും തലയാട്ടിക്കൊണ്ട് വായനതുടരുകയായിരുന്നു ഗുമസ്തൻ. മുപ്പത്തിയൊന്ന് വർഷത്തെ ജീവിതംകൊണ്ട് താൻ ചെയ്തുകൂട്ടിയ പാപങ്ങൾ ഇത്രനേരം വായിച്ചിട്ടും തീർന്നില്ലേ എന്ന് പ്രവീൺ അത്ഭുതപ്പെട്ടു. സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിഷ്‌കർഷ പുലർത്തിയിരുന്ന തന്നെപ്പോലൊരാളുടെ സൽക്കർമ്മങ്ങളൊന്നും ഇവർ രേഖപ്പെടുത്തിയിട്ടുണ്ടാവില്ലേ? "യുക്തിജാഥ'യ്ക്കുള്ള സ്വീകരണത്തിനുവേണ്ടി വർഷാവർഷം ഉറക്കമിളച്ചതും സ്‌കൂൾക്കുട്ടികളിൽ യുക്തിചിന്തയുടെ വെളിച്ചം എത്തിക്കുന്നതിനുവേണ്ടി ക്വിസ്സ് നടത്തിയിരുന്നതും എല്ലാം "നാസ്തികവാദം' എന്ന പേരിൽ പാപങ്ങളുടെ പട്ടികയിലേക്ക് തള്ളിപ്പോകുമോ? ഇവരുടെ ദൈവത്തിൽ വിശ്വസിച്ചില്ല എന്നതിന്റെ പേരിൽ ഒരാളെ പാപിയാക്കുന്നതിൽ എന്ത് ന്യായമാണുള്ളത്?

ഇവിടെ പുണ്യമായി കണക്കാക്കാൻ സാധ്യതയുള്ള എന്തെങ്കിലും കാര്യം താൻ ചെയ്തിരിക്കുമോ എന്നായി പ്രവീണിന്റെ ചിന്ത. ആശ്രമത്തിലേക്കും ക്ഷേത്രത്തിലേക്കും സംഭാവന കൊടുത്തിരുന്നത് ശുഭയാണെങ്കിലും അവൾക്ക് സ്വന്തമായി വരുമാനമൊന്നും ഉണ്ടായിരുന്നില്ലല്ലോ. അഗതികൾക്കും നായ്ക്കൾക്കും അന്നദാനം നടത്താൻ ചെലവായത് താൻ ജോലിചെയ്ത് സമ്പാദിച്ചുകൊണ്ടുവന്ന പണമല്ലേ? ഇതൊക്കെ വിശദീകരിക്കാൻ തനിക്കൊരു അവസരം കിട്ടുമോ? കിട്ടിയാൽത്തന്നെ സംസ്‌കൃതത്തിൽ എങ്ങനെ പറഞ്ഞ് ഫലിപ്പിക്കും?

വായന അവസാനിപ്പിച്ച് ജോലിക്കാർ തമ്മിൽ നോക്കി. ന്യായാധിപൻ എന്തോ ചോദിച്ചു. ഗുമസ്തൻ കമ്പ്യൂട്ടറിൽ നോക്കി "നായിന്റെ മോൻ' എന്ന് വ്യക്തമായ മലയാളത്തിൽ വായിച്ചു. മറ്റേയാൾ തലയാട്ടി. മരണത്തിനുമുമ്പ് താൻ അവസാനമായി പറഞ്ഞ വാക്കുകളാണല്ലോ അവ എന്ന് പ്രവീൺ ഓർത്തു. ചീത്തവാക്കുകൾ പറയരുത് എന്ന് ശുഭ എപ്പോഴും പറഞ്ഞിരുന്നു. മരണസമയത്ത് ഭഗവാന്റെ തിരുനാമങ്ങൾ ഉച്ചരിച്ചെങ്കിലേ അവിടുത്തെ തൃപ്പാദങ്ങളിൽ ചെന്നുചേരൂ. ആ നേരത്ത് അത് നാക്കിൽ വരണമെങ്കിൽ ആരോഗ്യവും ചെറുപ്പവും ഉള്ളപ്പോഴേ ചൊല്ലിപ്പഠിക്കണം: ഇതായിരുന്നു അവളുടെ സിദ്ധാന്തം. എന്നാൽ, തെറിവാക്ക് എന്ന് പറയുന്നത് ഒരു രാഷ്ട്രീയപ്രവർത്തനം ആണെന്നും അതിന് അതിന്റേതായ മൂല്യവും സാംഗത്യവും ഉണ്ടെന്നും വാദിച്ച് സമർത്ഥിക്കുകയാണ് താൻ ചെയ്തിരുന്നത്.

വിചാരണ അവസാനിച്ച സ്ഥിതിക്ക് തനിക്ക് പറയാനുള്ളത് പറയാൻ അവസരം കിട്ടും എന്ന് പ്രവീൺ കരുതി. എന്നാൽ, ജോലിക്കാരൻ അയാളുടെ ആത്മാവിനെ അടക്കം ചെയ്തിരുന്ന പ്ലാസ്റ്റിക്ക് ഭരണിയെടുത്ത് കൺവേയർബെല്റ്റിൽ വെച്ച് ഒരു വലിയ പച്ചബട്ടൻ അമർത്തി. ബെൽറ്റ് മുന്നോട്ടുനീങ്ങാൻ തുടങ്ങി.

പ്രതിഷേധവാക്കുകൾ ഉച്ചരിച്ചുകൊണ്ട് കുതറിച്ചാടാൻ പ്രവീൺ ഒരു ശ്രമം നടത്തി. നാവോ കൈകളോ ഇല്ലാത്ത വെറുമൊരു തുരുമ്പുകട്ടയായ തന്റെ ആത്മാവുപയോഗിച്ച് എന്തുചെയ്യാൻ കഴിയും എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും അയാൾ സർവശക്തിയുമുപയോഗിച്ച് "തിങ്കളാഴ്ചനോയമ്പ്', "ഏകാദശി' എന്നൊക്കെ ഉറക്കെ വിളിച്ചുപറഞ്ഞു. തന്റെ ഭാര്യ അനുഷ്ഠിച്ചിരുന്ന പുണ്യകർമ്മങ്ങൾ തനിക്കുവേണ്ടിക്കൂടിയാണ് എന്നല്ലേ അവൾ പറഞ്ഞിരുന്നത്?

ബെൽറ്റ് നിന്നു. ന്യായാധിപനെപ്പോലുള്ളയാൾ പ്രവീണിനെ സൂക്ഷിച്ചുനോക്കി, ആദ്യമായി. കറുത്ത ഫ്രെയ്മുള്ള കണ്ണടച്ചില്ലിനകത്ത് അനക്കമറ്റുകിടന്നിരുന്ന അയാളുടെ കണ്ണുകൾ പൊടുന്നനെ ജീവൻ വെച്ചത് കണ്ടപ്പോൾ പ്രവീണിന്റെയുള്ളിൽ പ്രത്യാശ ഉണർന്നു.

ന്യായാധിപൻ ഗുമസ്തനോട് എന്തോ ചോദിച്ചു. അയാൾ കമ്പ്യൂട്ടറിൽ പരതിയിട്ട് "ശുഭാ പ്രവീൺ' എന്ന് പറഞ്ഞു. മറ്റേയാളുടെ മുഖത്തെ ചോദ്യഭാവം കണ്ടിട്ട് പിന്നെയും നോക്കി, ശുഭയുടെ വിലാസം വായിച്ചു. ദീർഘകാലം ജീവിക്കാൻ വേണ്ടി താൻ തെരഞ്ഞെടുത്ത വീടിന്റെ വിലാസം. മാസം തോറും താൻ കൃത്യമായി വാടകയും വൈദ്യുതിചാർജും വെള്ളക്കരവും കൊടുക്കുന്ന വീടിന്റെ വിലാസം.
ഒന്നാമൻ വീണ്ടും താടി ചൊറിഞ്ഞു. മുമ്പത്തേതുപോലെ നിസ്സംഗമായിരുന്നില്ല അയാളുടെ ഭാവം എന്ന് പ്രവീൺ ആശ്വാസത്തോടെ ശ്രദ്ധിച്ചു. കമ്പ്യൂട്ടറിനുനേർക്ക് ചൂണ്ടിയിട്ട് അയാൾ പിന്നെയും എന്തോ പിറുപിറുത്തു. രണ്ടാമത്തേയാൾ അതിവേഗം ടൈപ്പ് ചെയ്യുകയും വായിച്ചുകേൾപ്പിക്കുകയും ചെയ്തു. "ധർമ്മപത്‌നി', "ഭഗവദ്ഭക്ത' എന്നീ വാക്കുകൾ മാത്രമേ പ്രവീണിന് മനസ്സിലായുള്ളൂ. ഒന്നാമൻ സമ്മതഭാവത്തിൽ തലയാട്ടി. പച്ചബട്ടൻ അമർന്നു. കൺവേയർ ബെൽറ്റ് മുന്നോട്ടുനീങ്ങി. ശിക്ഷാവിധികളിൽ ഇളവുലഭിച്ചിട്ടുണ്ടാവും എന്ന് പ്രവീൺ ഊഹിച്ചു. ഇല്ലെങ്കിൽത്തന്നെ എന്തുചെയ്യാൻ കഴിയും?

ആറ്

വീണ്ടും കിളിവാതിൽ, വീണ്ടും വെളിച്ചം, മറ്റൊരു ഫാക്ടറിമുറി. മുമ്പത്തേതിന് വിപരീതമായി കോലാഹലം നിറഞ്ഞ വലിയൊരു മുറിയായിരുന്നു അത്. എന്തൊക്കെയോ യന്ത്രങ്ങളുടെ ഇരമ്പങ്ങൾക്കൊപ്പം മനുഷ്യരുടെ ഉച്ചത്തിലുള്ള സംസാരവും കൂടിക്കലർന്ന് അവിടെയെല്ലാം മുഴങ്ങി. വയലറ്റ് മുണ്ടും മേൽമുണ്ടും ധരിച്ച ധാരാളം ജോലിക്കാർ കൺവെയർ ബെൽറ്റുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും നടന്നു. വായുവിൽ പുകയുടെയും ഗന്ധകത്തിന്റെയും മണം തങ്ങിനിന്നു.
പ്രവീണിനൊപ്പം നീങ്ങിയിരുന്ന ആത്മാക്കളുടെ ഭരണികളിൽ ചിലത് "വ്യഭിചാരി', "പിതൃഘാതി' എന്നൊക്കെ അടയാളപ്പെടുത്തിയ വഴികളിലേക്ക് തിരിഞ്ഞുപോയി. അവിടങ്ങളിൽനിന്ന് ഉരുകിയ ലോഹത്തിന്റെ ചുവപ്പുനിറവും ദീനരോദനങ്ങളും പുറപ്പെട്ടു. കളവ്, കൊലപാതകം, ഗുരുനിന്ദ തുടങ്ങി കാലങ്ങളായി പ്രചാരത്തിലുള്ള പാപങ്ങളോടൊപ്പം കമ്യൂണിസം, സ്വത്വവാദം, സ്വവർഗരതി തുടങ്ങിയ ആധുനികപാപങ്ങളും ബോർഡുകളിൽ എഴുതിയിരുന്നു.

"അപമിശ്രണം' എന്ന വാക്കിന് മായം ചേർക്കൽ എന്നായിരിക്കണം അർത്ഥം എന്ന് അയാൾ ഊഹിച്ചു. "നാസ്തികഃ' എന്ന ബോർഡ് കണ്ടപ്പോൾ തന്റെ ശിക്ഷ തുടങ്ങാൻ പോവുകയാണ് എന്ന് പ്രവീൺ കരുതി.

എന്നാൽ, അതും കഴിഞ്ഞ് അയാളുടെ ആത്മാവ് മുന്നോട്ടുതന്നെ പോയി. ശുഭയുടെ പുണ്യം കാരണം തനിക്ക് ഇളവ് ലഭിച്ചിരിക്കുന്നു എന്ന് അയാൾക്ക് ഉറപ്പായി.

"കുക്കുടഭുക്ക്', "അസഭ്യവാക്ക്' തുടങ്ങിയ ബോർഡുകളും തന്നെ കടന്നുപോകുന്നത് അയാൾ നിസ്സംഗതയോടെ നോക്കിയിരുന്നു. ജീവിതകാലം മുഴുവൻ പഠിച്ചും നിരീക്ഷിച്ചും ചിന്തിച്ചും താൻ ആർജ്ജിച്ച ജ്ഞാനസമ്പാദ്യമല്ല, തന്റെ സൈദ്ധാന്തികശാഠ്യങ്ങളുടെ കർശനനിയന്ത്രണങ്ങൾക്കകത്ത് കഴിഞ്ഞുകൊണ്ട് അല്പബുദ്ധിയായ ഭാര്യ അനുഷ്ഠിച്ച ഏതാനും സൽക്കർമ്മങ്ങളാണ് തനിക്ക് രക്ഷാകവചമായിത്തീർന്നിരിക്കുന്നത് എന്ന് അയാൾ തിരിച്ചറിഞ്ഞു.
പ്രവീൺ കൺവേയർ ബെൽറ്റിന്മേൽ തളർന്നുകിടന്നു. അയാൾ ശുഭയെ ഓർമ്മിച്ചു. അവളോടുള്ള സ്‌നേഹവും കൃതജ്ഞതയും അയാളുടെ ആത്മാവിൽ നിറഞ്ഞുതുളുമ്പി. ഭക്തിയിൽനിന്നും വിശ്വാസത്തിൽനിന്നും അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനുള്ള ശിക്ഷകളെങ്കിലും തനിക്ക് ലഭിച്ചെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു.

അപ്പോൾ, "കുപതി' എന്നെഴുതിയ ഒരു ബോർഡ് അയാളെ സമീപിച്ചു. ആ വാക്കിന്റെ അർത്ഥം ചീത്ത ഭർത്താവ് എന്നാണ് എന്ന് അയാൾക്ക് മനസ്സിലായി. ആ ബോർഡിനുനേരെ അയാളുടെ ആത്മാവ് ഒഴുകിച്ചെന്നു. വയലറ്റ് വസ്ത്രം ധരിച്ച ഒരു ജോലിക്കാരൻ അയാളുടെ പ്ലാസ്റ്റിക്ക് ഭരണിയെടുത്ത് തുറന്ന്, ഒരു ഇരുമ്പു ബക്കറ്റിലേക്ക് കുടഞ്ഞു. അതിൽ ചീത്ത ഭർത്താക്കന്മാരുടെ ആത്മാക്കൾ വന്നുവീണുകൊണ്ടിരുന്നു. പ്രവീണിന്റെ മുകളിലും താഴെയും നാലുപാടും തുരുമ്പുപിടിച്ച് ദ്രവിച്ച ആത്മാക്കൾ ഞെരിഞ്ഞമർന്നു. ബക്കറ്റ് നിറഞ്ഞപ്പോൾ ജോലിക്കാരൻ അത് തൂക്കിയെടുത്ത് ആളിക്കത്തുന്ന ഒരു ഉലയ്ക്കകത്തേക്ക് ചൊരിഞ്ഞു.

വേദന.
പ്രവീണിന്റെ ആത്മാവ് അതിനെ ശിഥിലപ്പെടുത്തുന്ന ഒരു വേദനയായി പരിണമിച്ചു. തന്മാത്രകളിൽനിന്ന് തന്മാത്രകൾ വേർപെടുന്നതിന്റെ വേദന. ബോധത്തിൽനിന്ന് കാലം വേർപെടുന്നതിന്റെ വേദന. കടുംചുവപ്പ് നിറമുള്ള നീറുന്ന വേദന. യുക്തിയും ചിന്തയും ഓർമ്മയും കാര്യകാരണബന്ധവും ഉരുകിയൊലിച്ചു. തുരുമ്പിന്റെ തരികൾ ആളിക്കത്തി. അയാൾ അലറിവിളിച്ചു.

തീക്കുണ്ഡത്തിൽ കിടന്ന അസംഖ്യം ആത്മാക്കളുടെ ദീനരോദനങ്ങൾ കൂടിക്കലർന്ന് കത്തിപ്പടർന്നു.

തിളച്ചുമറിയുന്ന പ്രവീണിനെ ദോശമാവുപോലെ കോരിയെടുത്ത് ജോലിക്കാരൻ അടികല്ലിൽ ഒഴിച്ചു. യന്ത്രങ്ങളുടെ മൂർച്ചകളും ഭാരങ്ങളും ഇരമ്പങ്ങളും അയാൾക്കുമേൽ നൃത്തമാടി. അടിക്കുന്ന, മുറിയ്ക്കുന്ന, അരിയുന്ന യന്ത്രങ്ങൾ. തുളയ്ക്കുന്ന, ചതയ്ക്കുന്ന, വേവിക്കുന്ന യന്ത്രങ്ങൾ. ഓരോ ശിക്ഷകൾക്കും മുൻശിക്ഷകളുടെ പതിന്മടങ്ങ് വേദന. അയാൾ ഒരു അവസാനമില്ലാത്ത നിലവിളിയായിമാറി വേദനയിലൂടെ സഞ്ചരിച്ചു. സ്വന്തം അലർച്ചയും തേങ്ങലും മോങ്ങലും ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന മിമിക്രിപോലെ സ്വയം കേട്ടു.
നീണ്ടുനീണ്ടുപോയ പീഡനങ്ങൾക്കവസാനം എന്നോ ഒരിക്കൽ എല്ലാം നിശ്ശബ്ദമായി. ഉരുകിയുറച്ച്, കത്തിയൊതുങ്ങിയ തന്റെ ആത്മാവ് തണുപ്പും ഇരുട്ടുമുള്ള ഒരുതരം ചതുപ്പിൽ വീണിരിക്കുകയാണ് എന്ന് പ്രവീൺ മനസ്സിലാക്കി.
ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റിയുള്ള വ്യാകുലത അയാളിൽ അസ്തമിച്ചുകഴിഞ്ഞിരുന്നു. അനന്തകാലം വരെ താൻ ഈ അന്ധകാരത്തിൽ ഉഴലാൻ പോവുകയായിരിക്കുമോ? ഒരു കെട്ട വിത്തുപോലെ അഴുകിയഴുകി ഇല്ലാതായിത്തീരുമോ? അറിയില്ല. അറിഞ്ഞിട്ട് എന്തുചെയ്യാൻ? ജീവിച്ചിരുന്ന കാലത്ത് ചെയ്തിരുന്ന കാര്യങ്ങൾ തന്റെ വിധി നിർണയിച്ചുകഴിഞ്ഞിരിക്കുന്നു. ബുദ്ധിയും ശരീരശേഷിയും വിവേകവുമുണ്ടായിരുന്ന ആ വർഷങ്ങളിൽ താൻ ചെയ്തതെന്താണ്? ജീവശാസ്ത്രത്തെയും സാമൂഹ്യശാസ്ത്രത്തെയുംകുറിച്ചുള്ള ഉപയോഗശൂന്യമായ സിദ്ധാന്തങ്ങൾ പഠിച്ച്, ഈശ്വരന്റെ അപാരമായ സ്‌നേഹത്തെ അവഗണിച്ചു. എല്ലാ യാഥാർഥ്യത്തിന്റെയും പൊരുളായ ഭഗവാൻ മൃത്യുഞ്ജയാനന്ദയെ ഉപേക്ഷിച്ച് ഭൗതികയാഥാർഥ്യങ്ങളുടെ പൊരുളന്വേഷിച്ച് ഉഴറി. അദ്ദേഹത്തിന്റെ അമൃതവചനങ്ങളെ അവഹേളിച്ചു, തനിക്കുവേണ്ടി അവിടുന്ന് അയച്ചുതന്ന ഗുരുനാഥയായ ശുഭയെ അവമതിച്ചു.

ഏഴ്

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ടിവിഭ്രാന്തനായിരുന്നു പ്രവീൺ. പുണ്യപുരാണ-ഭക്തി-മാന്ത്രിക-യക്ഷി സീരിയലുകൾ കണ്ട് മയങ്ങി, എല്ലാ സമയവും അവയെപ്പറ്റി ചിന്തിച്ചും സംസാരിച്ചും നടക്കും. രാവിലെ അമ്പലത്തിൽ പോകും. വൈകിട്ട് സീരിയൽ തുടങ്ങുന്നതിനുമുമ്പ് സന്ധ്യാനാമം. രാത്രിയായാൽ പുറത്തിറങ്ങില്ല, ഇരുട്ടുമുറിയിൽ കയറില്ല, ഒറ്റയ്ക്ക് കിടക്കില്ല, എല്ലാറ്റിനും പുറമേ പഠിപ്പിൽ ശ്രദ്ധക്കുറവും.

ഒരു ദിവസം സഹികെട്ട് ടീവി ഓഫാക്കിയിട്ട് അച്ഛൻ അവനെ കുറേ ഉപദേശിച്ചു. ""എടാ, ഈ വിഡ്ഢിപ്പെട്ടിക്കുപുറത്ത് എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് നീ അറിയുന്നുണ്ടോ? സയൻസ് കുതിച്ചുകയറുകയാണ്. യൂറോപ്പിലും അമേരിക്കയിലും രക്ഷയില്ലാതെ ദൈവവും പിശാചുമൊക്കെ ഇന്ത്യയിലേക്കും അറേബ്യയിലേക്കുമൊക്കെ ഓടിപ്പോന്നിരിക്കുകയാണ്. നീ വലുതാകുന്ന സമയത്തേക്ക് ഇവിടെയും മുഴുവൻ യുക്തിവാദമായിക്കഴിയും. ഭാഗവതം കേട്ടിരിക്കുന്ന സമയംകൊണ്ട് മനുഷ്യർ കണ്ടുപിടുത്തങ്ങൾ നടത്തും. അമ്പലത്തിൽ പോകുന്നതിനു പകരം സന്ധ്യയ്ക്ക് മ്യൂസിയത്തിലും സ്റ്റേഡിയത്തിലും അക്കാഡമിയിലും പോകാൻ തുടങ്ങും.''
ഡോക്ടർ സാംബശിവൻ എന്ന യുക്തിവാദിലേഖകനെപ്പറ്റി അച്ഛൻ പ്രവീണിനോട് പറഞ്ഞു. ഗ്രാമീണവായനശാലയിൽ പോയി അദ്ദേഹത്തിന്റെ കൃതികൾ എടുത്ത് വായിക്കാനും പ്രബുദ്ധതനേടാനും നിർദ്ദേശിച്ചു.

പുസ്തകമെടുക്കാൻ വേണ്ടി വായനശാലയിലേക്ക് പോകുമ്പോൾ വഴിയിൽവെച്ച് ഒരു ഭ്രാന്തൻ പ്രവീണിനെ പേടിപ്പിച്ച് ഓടിച്ചു. വേഷം മാറിവന്ന ഭഗവാൻ മൃത്യുഞ്ജയാനന്ദയാണ് അതെന്നും യുക്തിമാർഗത്തിൽനിന്ന് പ്രവീണിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹമെന്നും അവൻ മനസ്സിലാക്കിയില്ല.
സ്വാമിയുടെ ശ്രമം വിജയിച്ചില്ല. പ്രവീൺ വായനശാലയിൽ പോകുകയും ഡോ: സാംബശിവന്റെയും മറ്റ് യുക്തിവാദികളുടെയും കൃതികൾ വായിക്കുകയും യുക്തിചിന്തയിലേക്ക് തിരിയുകയും ചെയ്തു.

ഇരുപത്തിനാലാം വയസ്സിൽ സർക്കാർ ജോലിയുമായി നഗരത്തിലെത്തിയതോടെ, പ്രവീൺ യുക്തിവേദിയിൽ അംഗമായി. ചെന്നായ്ക്കൾ വളർത്തിയ മനുഷ്യക്കുട്ടി നാഗരികതയിലേക്ക് മടങ്ങിയെത്തുന്നതുപോലുള്ള വികാരങ്ങളോടെയാണ് അയാൾ സംഘടനയിലേക്ക് കടന്നുചെന്നത്. അവരുടെ സമ്മേളനത്തിൽവെച്ച് ആദ്യമായി അയാൾ ഡോ: സാംബശിവനെ നേരിൽ കണ്ടു. സാംബൻ, സാംബൻ എന്ന് മന്ത്രിച്ചുകൊണ്ട് യുക്തിവാദികൾ അദ്ദേഹത്തിനുചുറ്റും തടിച്ചുകൂടുന്നത് കണ്ടു. അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ആ ചെറുപ്പക്കാരന്റെ വൈദ്യുതപ്രവാഹം പോലെയുള്ള പ്രസംഗം കേട്ടു.

""കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും മനപരിവർത്തനത്തിനുള്ള ഉത്തരവാദിത്തം നമ്മൾ യുക്തിവാദികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്,'' അന്ന് സാംബശിവൻ പറഞ്ഞു. ""അജ്ഞതയിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും നമ്മൾ അവരെ മോചിപ്പിച്ച്, യുക്തിബോധത്തിന്റെയും ശാസ്ത്രചിന്തയുടെയും വഴിയിലേക്ക് കൊണ്ടുവരണം.''
പണ്ടേ അവിശ്വാസിയായ അച്ഛനെയൊഴികെ ഒരാളെയും ജീവിതത്തിൽ അന്നുവരെ സ്വാധീനിക്കാൻ പ്രവീണിന് കഴിഞ്ഞിരുന്നില്ല. എങ്കിലും, ഭാവിയിൽ ഒരു ഗൃഹനായകനാകുന്ന കാലത്ത് ഭാര്യയെയും കുട്ടികളെയും അവിശ്വാസികളാക്കിയേ അടങ്ങൂ എന്ന് അന്നുതന്നെ അയാൾ തീരുമാനിച്ചു.

എന്നാൽ, പെണ്ണുകാണാൻ ചെന്ന വീട്ടിൽ അയാളെ എതിരേറ്റത് അനുഗ്രഹം ചൊരിഞ്ഞ് കൈയുയർത്തിനിന്ന സ്വാമി മൃത്യുഞ്ജയാനന്ദയുടെ ചിത്രമായിരുന്നു. എന്നിട്ടും, ശുഭയുടെ മട്ടും മാതിരിയും ഇഷ്ടപ്പെട്ടതോടെ കല്യാണം അങ്ങ് തീരുമാനിച്ചു. ""എടാ വയലറ്റേ,'' ആരും കാണാതെ സ്വാമിയുടെനേരെ വിരൽചൂണ്ടി അയാൾ നിശ്ശബ്ദം പറഞ്ഞു. ""കല്യാണം കഴിയട്ടെ, കാണിച്ചുതരാം''.
വിവാഹം അമ്പലത്തിൽവെച്ച് ആയിരിക്കരുത് എന്ന ഒരു നിബന്ധനയേ പ്രവീണിന് ഉണ്ടായിരുന്നുള്ളൂ. അമ്മായിയച്ഛൻ സമ്മതിക്കുകയും ചെയ്തതാണ്. പക്ഷേ, കല്യാണദിവസം മണ്ഡപത്തിലെത്തിയപ്പോൾ മുഖത്ത് അടി കിട്ടിയതുപോലെയാണ് പ്രവീണിന് തോന്നിയത്. വേദിയുടെ നടുക്ക്, വാടാർമല്ലിയുടെയും ജമന്തിയുടെയും കട്ടിമാല ചാർത്തിയ ആൾവലിപ്പമുള്ള ഫോട്ടോയിൽ അതാ നിൽക്കുന്നു വയലറ്റ് സ്വാമി.

കതിർമണ്ഡപത്തിനുമുമ്പിൽ വെച്ച ധൂപക്കുറ്റിയിൽനിന്നും വയലറ്റ് നിറമുള്ള ഒരുതരം പുക അന്തരീക്ഷത്തിൽ പടർന്നുകയറി. ""ഇത് ആ സ്വാമിയുടെ സാധനമാണ്,'' ഒഴിഞ്ഞ കൂടുകൾ നിലത്തുനിന്നും പെറുക്കി പരിശോധിച്ചിട്ട് സുഹൃത്തായ അശോകൻ മാഷ് പ്രവീണിനോട് പറഞ്ഞു. ""അയാളുടെ ആശ്രമത്തിൽ പായ്ക്ക് ചെയ്തത്. സാധാരണ അഷ്ടഗന്ധത്തിന്റെ നാലിരട്ടി വിലയും.''""നിറം വരുത്താൻവേണ്ടി എന്തൊക്കെ രാസവസ്തുക്കളാണ് ചേർത്തിരിക്കുന്നതെന്ന് ആർക്കറിയാം?'' മാഷ്ടെ ഭാര്യ ചിത്ര ടീച്ചർ പാക്കറ്റ് വാങ്ങി വാസനിച്ചുനോക്കി.
കണക്കിലേറെ തുള്ളിനീലം മുക്കിയ വെള്ളജുബ്ബ ധരിച്ച കുറെപ്പേർ അങ്ങിങ്ങായി ഓടിനടക്കുന്നത് യുക്തിവാദിസുഹൃത്തുക്കൾ ചൂണ്ടിക്കാട്ടി. സ്വാമിയുടെ ആളുകളാണ്.

""സാരമില്ല,'' പ്രവീൺ കണ്ണിറുക്കിക്കാണിച്ചു. ""കല്യാണസമയത്ത് കച്ചറയുണ്ടാക്കുന്നത് ശരിയല്ല. പക്ഷേ, നാളെയെന്നൊരു ദിവസമുണ്ടെങ്കിൽ...'' അയാൾ ചിരിച്ചു.

താലികെട്ടാനുള്ള സമയമായപ്പോൾ തലമൂത്ത ഒരു വെള്ളയുടുപ്പുകാരൻ സ്വാമിയുടെ ചിത്രത്തിനരികിലേക്ക് പോയി. അയാൾ കൈയുയർത്തിയപ്പോൾ അമ്മായിയച്ഛൻ ഓടിച്ചെന്ന് തകിലും നാദസ്വരവും നിശ്ശബ്ദമാക്കി. മൂപ്പൻ ഫോട്ടോയിൽ ദീപാരാധന നടത്തി. സ്വാമിയുടെ സ്വർണമെതിയടിയിട്ട പാദങ്ങളിൽ താലി തൊടുവിച്ച് "മൃത്യുഞ്ജയാ, സർവംജയാ' എന്ന് തുടങ്ങുന്ന ഒരു പാട്ട് പാടാൻ തുടങ്ങി. എല്ലാ ഭക്തജനങ്ങളും കൈയടിച്ച് അത് ഏറ്റുപാടി. ചിത്ര ടീച്ചറിന്റെ ചുണ്ടിലെ പുച്ഛം പുരണ്ട പുഞ്ചിരികണ്ടപ്പോൾ തൊലിയുരിഞ്ഞുപോകുന്നതുപോലെതോന്നി പ്രവീണിന്.

എട്ട്

ധുവിധു കഴിഞ്ഞ് ജോലിക്ക് പോയിത്തുടങ്ങിയ ദിവസങ്ങളിൽ പ്രവീൺ വൈകിയേ വീട്ടിലെത്തിയുള്ളൂ. നഗരത്തിൽ വാടകവീട് അന്വേഷിക്കലായിരുന്നു പരിപാടി. എന്നും അമ്പത് കിലോമീറ്റർ യാത്ര ക്ലേശമെന്ന് പറയാൻ കഴിയില്ലെങ്കിലും അയാൾക്ക് നഗരജീവിതമായിരുന്നു ഇഷ്ടം. വീട് ചെറുതായാലും വൃത്തി വേണം. ചിന്തയ്ക്കും ചർച്ചയ്ക്കും സ്വതന്ത്രമായി പ്രവഹിക്കാൻ കഴിയുന്ന, ധാരാളം വെളിച്ചമുള്ള, തുറന്ന സ്വീകരണമുറി വേണം.

""നമ്മുടെ വീട്ടിൽ പൂജാമുറി ഉണ്ടായിരിക്കുകയില്ല,'' അയാൾ ശുഭയോട് പറഞ്ഞു. ""പകരം, നല്ലൊരു ലൈബ്രറി ഉണ്ടാക്കണം. ചുമരിൽ ഭൂപടങ്ങൾ തൂക്കണം. ഗാലക്‌സിയുടെ അങ്ങേയറ്റം വരെ കാണാൻ കഴിയുന്ന ടെലിസ്‌കോപ്പും കറന്റ് പാഴാക്കാത്ത വീട്ടുപകരണങ്ങളും വേണം.''
പുതിയ വീട്ടിൽ താമസമാക്കിയപ്പോൾ ഗൃഹപ്രവേശച്ചടങ്ങ് നടത്തണ്ടേ എന്ന് അവൾ ചോദിച്ചെങ്കിലും അതിന്റെയൊന്നും ആവശ്യമില്ല എന്ന് അയാൾ പറഞ്ഞു. പിറ്റേദിവസം അയാൾ ഓഫീസിൽ പോയിക്കഴിഞ്ഞ് പെട്ടികൾ തുറന്ന് സാധനങ്ങൾ അടുക്കുമ്പോഴാണ് അവൾ സ്വാമി മൃത്യുഞ്ജയാനന്ദയുടെ ചിത്രം കണ്ടത്. തന്റെ പ്രിയപ്പെട്ട അമ്മായി വിവാഹസമ്മാനമായി തന്ന, ഫ്രെയിം ചെയ്ത വലിയ ഫോട്ടോ. ചെറിയ വെള്ളിവിളക്ക് കൊളുത്തി, ചന്ദനത്തിരി പുകച്ച്, ഗൃഹപ്രവേശം എന്ന് സങ്കല്പിച്ച് ചെറിയൊരു പൂജ നടത്തി അവൾ. അതിനുശേഷം ഡ്രോയിങ്ങ് റൂമിന്റെ ചുവരിൽ ആണിയടിച്ച് ഫോട്ടോ സ്ഥാപിച്ച് നമസ്‌കരിച്ചു.

വൈകിട്ട് പ്രവീൺ കയറിവന്നതുതന്നെ ഫോട്ടോയ്ക്കുനേരെ വിരൽചൂണ്ടിക്കൊണ്ടാണ്. ""കയറിവരുന്നിടത്ത് ഇത് വെക്കാൻ പാടില്ല,'' അയാൾ ആവശ്യപ്പെട്ടു. ""വേറെ എവിടേക്കെങ്കിലും മാറ്റണം.''
ശുഭ അമ്പരന്നുനിന്നു. ""ഞങ്ങളുടെ കുടുംബം സ്വാമിയുടെ ആളുകളാണെന്ന് അറിഞ്ഞിട്ടല്ലേ എന്നെ കല്യാണം കഴിച്ചത്?''""ഡോക്ടർമാരുടെ കുടുംബം എന്നൊക്കെ പറയുന്നതുപോലെയാണല്ലോ,'' അയാൾ പരിഹസിച്ചു.""എനിക്ക് ഡോക്ടറാകാനുള്ള ബുദ്ധിയുണ്ടെങ്കിൽ അച്ഛൻ തീർച്ചയായിട്ടും പഠിപ്പിച്ചേനെ.'' അവളുടെ ചുണ്ടുകൾ വിറച്ചു. ""അതില്ലാത്തതുകൊണ്ട് കുറേ നല്ലകാര്യങ്ങൾ പഠിപ്പിച്ചുവിട്ടു.''""ആൾദൈവത്തെ ഭജിക്കാൻ അച്ഛൻ പഠിപ്പിച്ചു, മകൾ അനുസരിക്കുന്നു, അല്ലേ?''""അതെ, അങ്ങനെയല്ലേ വേണ്ടത്? ഞാൻ പഠിച്ചിരിക്കുന്നത് അനുസരണയാണ് ഏറ്റവും...''""അപ്പോൾ ഭർത്താവിന്റെ ഇഷ്ടമോ?'' പറഞ്ഞുവന്നത് പൂർത്തിയാക്കാൻ അയാൾ സമ്മതിച്ചില്ല. ""അതൊരു പ്രശ്‌നമല്ല?''
""എന്ന് ഞാൻ പറഞ്ഞോ?'' അവൾ ചോദിച്ചു. ""ഒരേ ഇഷ്ടമുള്ള ആളെ കണ്ടുപിടിച്ച് കല്യാണം കഴിക്കാമായിരുന്നില്ലേ എന്നല്ലേ ചോദിച്ചുള്ളൂ?''""എങ്ങനെയുള്ള ആളെക്കിട്ടിയാലും വേണ്ടവിധത്തിൽ മോൾഡ് ചെയ്യാൻ കഴിയുമെന്ന് എനിക്ക് അറിയുമായിരുന്നു. അത്രേയുള്ളൂ,'' അയാൾ ഷർട്ട് മാറ്റാൻ പോയി.

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പ്രവീണിന്റെ നെഞ്ച് തലോടിക്കൊണ്ട് ശുഭ പറഞ്ഞു: ""അനുസരണയില്ലാതെ ഞാൻ ഒന്നും ചെയ്യുകയില്ല, കേട്ടോ?''
അയാൾ ഒന്നും മിണ്ടിയില്ല.""അച്ഛൻ പറഞ്ഞിട്ടുണ്ട്, പെണ്ണിന് കല്യാണത്തിനുമുമ്പുവരെ അച്ഛനാണ് ദൈവമെന്ന്. കല്യാണം കഴിഞ്ഞാൽ ഭർത്താവും.''
ബെസ്റ്റ് അച്ഛൻ! പ്രവീൺ മനസ്സിൽ കരുതി. പെണ്ണിന് പുരുഷൻ ദൈവം. രണ്ടായിരം കൊല്ലം മുമ്പ് മനുസ്മൃതി പറഞ്ഞതുതന്നെ ഇന്നും മകളെ പറഞ്ഞുപഠിപ്പിച്ചിരിക്കുന്നു. അയാളും അയാളുടെ സ്വാമിയും!

പക്ഷേ പുറമേയ്ക്ക് ഒന്നും പറഞ്ഞില്ല. നാശനഷ്ടങ്ങളില്ലാതെ ഒന്നാം ദാമ്പത്യയുദ്ധം ജയിച്ചതിന്റെ ആശ്വാസത്തിലായിരുന്നു അയാൾ. പിറ്റേന്ന് നോക്കുമ്പോൾ സ്വാമിയുടെ ഫോട്ടോ കിടപ്പുമുറിയിലേക്ക് മാറിയിരിക്കുന്നു. കൂട്ടുകാരോ മറ്റോ വീട്ടിൽ വന്നാൽ കണ്ണിൽ പെടില്ലല്ലോ എന്നാലോചിച്ച് അയാൾ സമാധാനിച്ചു.
എന്നാൽ, കിടപ്പറയിലെ ഫോട്ടോ അപ്രതീക്ഷിതമായ മറ്റ് ചില ബുദ്ധിമുട്ടുകൾക്ക് വഴിതെളിച്ചു. സ്‌നേഹയുദ്ധം കഴിഞ്ഞ്, ശുഭയുടെ ശരീരത്തിൽനിന്ന് വഴുതി, മലർന്നുവീഴുന്നസമയത്ത് പ്രവീണിന്റെ കണ്ണിന് നേരെ മുമ്പിൽ സ്വാമിയുടെ രൂപം പ്രത്യക്ഷമായി. "നിന്റെയൊക്കെ ക്ഷുദ്രമായ സുഖങ്ങളും അതിനുവേണ്ടിയുള്ള പരാക്രമങ്ങളും!' പുച്ഛം കലർന്ന ഒരു പുഞ്ചിരി ആ മുഖത്ത് തങ്ങിനിന്നു.""ഓ...'' പ്രവീൺ തലയ്ക്കടിച്ചു. ""എവിടെയെങ്കിലും കൊണ്ടുപോയി കളയാമോ ഈ സാധനം?''

അടുത്ത ദിവസംതന്നെ ശുഭ പിന്നെയും ഫോട്ടോ മാറ്റി. പ്രവീണിന്റെ കണ്ണിൽ പെടാത്ത സ്ഥലംനോക്കി നടന്ന അവൾ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ മുറി മതി എന്ന് ഒടുക്കം തീരുമാനിച്ചു. വയലറ്റ് നിറമുള്ള സീറോ വാട്ട് ബൾബ് ഇട്ടുകൊടുത്ത് അറയിലെ ഇരുട്ടകറ്റി.

സർവവ്യാപിയായ ഭഗവാൻ മൃത്യുഞ്ജയാനന്ദയെ കുടിയിറക്കിവിട്ട തന്റെ കിടപ്പറയിൽ പ്രവീൺ കുമാർ ആനന്ദത്തോടെ ഇണചേരുകയും ആശ്വാസത്തോടെ ഉറങ്ങുകയും ചെയ്തു. എന്നും ഉറങ്ങുന്നതിനുമുമ്പുള്ള സമയത്ത് ശുഭ അയാൾക്കുനേരെ തിരിഞ്ഞുകിടന്ന്, അയാളുടെ മേൽ കാൽ കയറ്റിവെച്ച്, നെഞ്ച് തലോടിക്കൊടുത്തു. അവളുടെ വിരലുകൾ ചലിക്കുന്നത് തന്റെ ഹൃദയത്തിന് നേരെ മുകളിലാണെന്ന വസ്തുത അയാൾ ശ്രദ്ധിച്ചതേയില്ല. ദൈവവിശ്വാസത്തിന്റെ തുടിപ്പുകൾ തന്റെ ഹൃദയത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള ശ്രമത്തിൽ ആ വിരലുകൾ ചലിപ്പിച്ചത് സ്വാമിയുടെ അപാരമായ സ്‌നേഹമാണെന്നും അറിഞ്ഞില്ല. ഭർത്താവിന്റെ നെഞ്ച് തടവിക്കൊടുക്കുന്നത് ഏതൊരു ഭാര്യയുടെയും കർത്തവ്യമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതുപോലെ മറ്റ് കാര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ട് അയാൾ മലർന്നുകിടന്നു. നാട്ടിൽ പ്രചാരം നേടുന്ന വ്യാജചികിത്സകളെക്കുറിച്ചും ലോകമെമ്പാടും ആളിപ്പടരുന്ന മതപുനരുത്ഥാനവാദത്തെക്കുറിച്ചും ആമസോൺ മഴക്കാടുകളുടെ നാശത്തെക്കുറിച്ചും രോഷംകൊണ്ടു.▮

(തുടരും)


രാജേഷ് ആർ. വർമ്മ

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. അമേരിക്കയിലെ ഒറിഗണിലുള്ള പോർട്ട്‌ലൻഡിൽ താമസിക്കുന്നു. കാമകൂടോപനിഷത്ത് (കഥ), ചുവന്ന ബാഡ്ജ് (നോവൽ) എന്നിവ കൃതികൾ. അമേരിക്കയിലെ ഷാർലെറ്റിലുള്ള ക്വീൻസ് സർവകലാശാലയിൽ നിന്ന് സാഹിത്യരചനയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

Comments