""മോൾഡ് ചെയ്യുക എന്ന് പറഞ്ഞാൽ എന്താണ് പ്രവിയേട്ടാ?''
ശുഭ പ്രവീണിനോട് ചോദിച്ചു. താൻ കടന്നുപോകാൻ പോകുന്ന പ്രക്രിയ എന്തായിരിക്കും എന്നറിയാൻ അവൾക്ക് ആകാംക്ഷയുണ്ടായിരുന്നു.""മോൾഡ് എന്ന് പറഞ്ഞാൽ മൂശ.'' അയാൾ വിശദീകരിച്ചുകൊടുത്തു.‘‘മോൾഡ് ചെയ്യുക എന്ന് വെച്ചാൽ രൂപപ്പെടുത്തുക, കരുപ്പിടിപ്പിക്കുക എന്നൊക്കെയാണ് അർത്ഥം.'' യുക്തിവാദി നേതാവായ ഡോ: സാംബശിവൻ ഒരിക്കൽ ഉപയോഗിച്ച പ്രയോഗമാണ് അതെന്ന് പ്രവീണിന് അപ്പോൾ ഓർമ്മയുണ്ടായിരുന്നില്ല.""അപ്പോൾ ഏതാ എന്റെ മൂശ?'' അവൾ ചോദിച്ചു.
അയാൾ ചിരിച്ചു. ""അതൊരു അലങ്കാരപ്രയോഗമല്ലേ? വ്യക്തിത്വം രൂപപ്പെടുത്തുക എന്ന് അർത്ഥം.''""അതുതന്നെ, എന്റെ വ്യക്തിത്വം രൂപപ്പെടുത്താൻ പോകുന്നത് ഏത് മൂശയ്ക്കനുസരിച്ചാണ്?''
പറഞ്ഞിട്ട് കാര്യമില്ല എന്ന് സഹതാപപൂർവം ചിന്തിച്ച് പ്രവീൺ വിഷയം മാറ്റി. വയലറ്റ് സ്വാമിയുടെ അശാസ്ത്രീയമായ ചില വാദങ്ങളെപ്പറ്റി സംസാരിക്കാൻ ഈ അവസരം ഉപയോഗിക്കാം എന്ന് തീരുമാനിച്ചു.""ഭൂമിയിൽ മനുഷ്യവംശം ഉണ്ടായിട്ട് രണ്ടുലക്ഷം വർഷമേ ആയിട്ടുള്ളൂ എന്നാണ് സയൻസ് കണ്ടുപിടിച്ചിരിക്കുന്നത്. അതേ സമയം, ശ്രീരാമൻ ജീവിച്ചിരുന്നത് ഒമ്പതുലക്ഷം വർഷം മുമ്പാണ് എന്നാണ് നിന്റെ സ്വാമി പറയുന്നത്.''""അയ്യോ, എന്റെ പൊന്നല്ലേ!'' ശുഭയുടെ വിടർന്ന കണ്ണിലെ കൃഷ്ണമണികൾ ചില്ലുപാത്രത്തിൽക്കുടുങ്ങിയ മീനുകളെപ്പോലെ പിടഞ്ഞു.""സ്വാമിയെ പിണക്കിയിട്ടുള്ള സയൻസ് നമുക്ക് വേണ്ട, പ്ലീസ്.''
തന്റെ മാമന്മാരിലൊരാൾ വയലറ്റ് സ്വാമിയെ നിന്ദിച്ചിരുന്നു എന്നും വിവാഹം കഴിഞ്ഞ് ഇരുപതുവർഷം ആയിട്ടും അയാൾക്ക് കുട്ടികൾ ഉണ്ടായിട്ടില്ലെന്നും അവൾ പറഞ്ഞു. ""അവിടുത്തെ ശിക്ഷ ഏറ്റുവാങ്ങാനുള്ള ശേഷി എനിക്കില്ല, പ്രവിയേട്ടാ.''""നോ!'' പ്രവീൺ ചൂണ്ടുവിരൽ കുലുക്കി. ""ആൾദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് വ്യക്തിവികാസം എങ്ങനെ സാധ്യമാകും?''""എനിക്ക് ലേശം സമയം തരണം.'' അവളുടെ കണ്ണ് നനഞ്ഞു. ""നല്ല ഒരു ഭാര്യ ആകാൻ ഞാൻ റെഡിയാണ്. പക്ഷേ, ഇത്രയുംകാലം ശീലിച്ചതൊക്കെയൊന്ന് മാറ്റിയെടുക്കാൻ...''.
അയാൾക്ക് പാവം തോന്നി. രണ്ടാഴ്ച സമയം കൊടുക്കാം എന്ന് സമ്മതിച്ചു. ഒരു വ്യവസ്ഥമാത്രം. യുക്തിവേദിയുടെ പ്രതിമാസയോഗം അടുത്താഴ്ച നടക്കും. ശുഭ തന്നോടൊപ്പം യോഗത്തിന് വരണം. മധുവിധുവിന് കന്യാകുമാരിയിൽ പോയതുകാരണം കഴിഞ്ഞമാസവും പങ്കെടുക്കാൻ സാധിച്ചില്ല.""അതിനെന്താ?'' അവൾ ചിരിച്ചു.
അതെ, അയാളും പുഞ്ചിരിച്ചു.
ആദ്യം പങ്കാളിത്തം, പിന്നാലെ വിശ്വാസം.
എന്നാൽ പിറ്റേന്ന് വൈകിട്ട് ശുഭയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. വിവാഹം കഴിഞ്ഞാൽ ഭർത്താവിനെയുംകൊണ്ട് വർക്കലയിലെ ആശ്രമത്തിൽച്ചെന്ന് സ്വാമിയുടെ ദർശനം നടത്തിക്കൊള്ളാം എന്ന് അവൾ നേർന്നിരുന്നുവത്രെ.""അപ്പോൾ ഇതിനാണ് സമയം ചോദിച്ചത് അല്ലേ?'' അയാൾ പൊട്ടിത്തെറിച്ചു. ""എന്നെ കൊണ്ടുപോയി കണ്ട കള്ളസ്വാമിയുടെ മുമ്പിൽ കുമ്പിടുവിക്കാനുള്ള അടവായിരുന്നു.''""പക്ഷേ പ്രവിയേട്ടാ,'' അവളുടെ ശബ്ദം വിറപൂണ്ടു. ""വഴിപാട് നേർന്നിട്ട് നടത്താതിരുന്നാൽ എന്താ സംഭവിക്കുക എന്ന് അറിയുമോ? നല്ല ബുദ്ധിയും ആരോഗ്യവുമുള്ള കുട്ടികൾ വേണ്ടേ നമുക്ക്?''""കുട്ടികൾ, കുട്ടികൾ, കുട്ടികൾ!'' അയാൾ അട്ടഹസിച്ചു. ""ഈ ഒരൊറ്റക്കാര്യത്തിനുവേണ്ടി ആണോ മനുഷ്യൻ ജീവിക്കുന്നത്? കല്യാണം കഴിക്കുക, കുട്ടികളെ ഉണ്ടാക്കുക, അവരെ എത്രയും പെട്ടെന്ന് വളർത്തി വലുതാക്കി, അവരും കുട്ടികളെ ഉണ്ടാക്കി, അങ്ങനെ... എന്തുവന്നാലും ഒരു മൂന്ന് കൊല്ലം കഴിയാതെ നമുക്ക് കുട്ടികളുണ്ടാകുന്ന പ്രശ്‌നമില്ല.''""അയ്യോ!'' തളർന്ന് വീണുപോകുമെന്ന് അവൾക്ക് തോന്നി. ""മൂന്ന് കൊല്ലമോ?''
ഡോ. സാംബശിവന്റേതായി പ്രവീൺ ആദ്യം കേട്ട പ്രസംഗങ്ങളിൽ ഒന്ന് ദാമ്പത്യം എന്ന സ്ഥാപനത്തെക്കുറിച്ചായിരുന്നു. " "‘കല്യാണം കഴിഞ്ഞ് അടുത്ത ആഴ്ചമുതൽ വീട്ടുകാരും നാട്ടുകാരുമെല്ലാം ചോദിച്ചുതുടങ്ങും വിശേഷം ആയില്ലേ, വിശേഷം ആയില്ലേ എന്ന്,'' അന്ന് അദ്ദേഹം പരിഹസിച്ചു.""തമ്മിൽ കഷ്ടിച്ച് അറിയുന്ന രണ്ടുപേരെക്കൊണ്ട് മൂന്നാമതൊരു ജീവിയെ ഉണ്ടാക്കിച്ചെടുത്തുകഴിഞ്ഞാൽ എല്ലാവർക്കും സന്തോഷമായി.'' അത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത മാതൃകാജീവിതമായിരിക്കണം തന്റേതെന്ന് പ്രവീൺ അന്നേ തീരുമാനിച്ചതാണ്.
പ്രവീൺ വർക്കലയിൽ പോയില്ല. ശുഭ തനിച്ച് പൊയ്‌ക്കൊള്ളാമെന്ന് പറഞ്ഞെങ്കിലും അവളും പോയില്ല. ഒറ്റയ്ക്ക് വണ്ടികയറി തൊട്ടടുത്ത ജില്ലവരെ പോലും പോയിട്ടുള്ള ആളല്ല അവൾ. ആൺ അകമ്പടിയില്ലാതെ പുറത്തിറങ്ങാത്ത പെണ്ണുങ്ങളുടെ തലമുറകളോളം നീണ്ട കുടുംബചരിത്രമായിരുന്നു അവളുടേത്.
ശുഭയുടെ വിവാഹത്തെത്തുടർന്നുള്ള മാസങ്ങളിൽ വർക്കലയിലെ ആശ്രമത്തിൽ സ്വാമി മൃത്യുഞ്ജയാനന്ദ അസ്വസ്ഥനായി കാണപ്പെട്ടു. തന്റെ വത്സലഭക്ത ജീവിതപങ്കാളിയോടൊത്ത് തന്നെ വന്ന് കാണുന്നതിൽ വൈകുന്നതിനെക്കുറിച്ചുള്ള വ്യാകുലതയാണ് അതെന്ന് അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള ഭക്തജനങ്ങൾ പോലും മനസ്സിലാക്കിയില്ല.
അല്ലെങ്കിൽത്തന്നെ ഈശ്വരന്റെ മനസ്സറിയാൻ മനുഷ്യന് എങ്ങനെ സാധിക്കും? ഭൂമിയിൽനിന്ന് ഏകദേശം നാല്പതുകോടി പ്രകാശവർഷം ദൂരെ ഒരു ഗ്രഹത്തിൽ വസിച്ചിരുന്ന ഒരുപറ്റം ജീവികൾ ഉൽക്കാവൃഷ്ടിയെത്തുടർന്ന് ചത്തൊടുങ്ങിയത് ഇക്കാലത്താണ്. ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരു ദുരന്തമായിരുന്നു അത്. സ്വാമിയുടെ കരുണാകടാക്ഷം ഒരു നിമിഷത്തേക്ക് പതിഞ്ഞിരുന്നെങ്കിൽ ആ ഗ്രഹത്തിന് സ്വന്തം ഭ്രമണപഥത്തിൽനിന്ന് തെല്ലൊന്ന് വ്യതിചലിക്കാനും ഉൽക്കകളുടെ മാർഗത്തിൽനിന്ന് രക്ഷപ്പെടാനും കഴിയുമായിരുന്നു. എന്നാൽ, ശുഭയെത്തന്നെ പ്രതീക്ഷിച്ച് കഴിഞ്ഞുകൂടിയ അദ്ദേഹത്തിന്റെ ശ്രദ്ധ ആ വിദൂരഗ്രഹത്തിലേക്ക് തിരിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം. ഘോരമായ ആ വംശനാശത്തിന്റെ ഉത്തരവാദിത്തം പ്രവീണിന്റെ പാപങ്ങളുടെ പട്ടികയിൽ ചേർക്കപ്പെടുകയും ചെയ്തു.
പത്ത്
വൈകിട്ട് താൻ വരുമ്പോഴേക്കും ഒരുങ്ങിയിരിക്കണം എന്ന് ശുഭയോട് പറഞ്ഞിട്ടാണ് യുക്തിവേദിയുടെ യോഗത്തിന്റെ ദിവസം പ്രവീൺ ഓഫീസിൽ പോയത്. മന്ത്രവാദികളും ആൾദൈവങ്ങളും സാധാരണ കാണിക്കുന്ന മാജിക്കുകളുടെ രഹസ്യം വെളിപ്പെടുത്തുന്ന ഒരു ലഘുപുസ്തകവും വായിക്കാൻ കൊടുത്തു. വൈകിട്ട് വന്നപ്പോൾ ഒച്ചയുമില്ല, അനക്കവുമില്ല. അഴിഞ്ഞുലഞ്ഞ വേഷവുമായി വന്ന് വാതിൽ തുറന്നിട്ട് ശുഭ വീണ്ടും കിടപ്പുമുറിയിൽപ്പോയി മൂടിപ്പുതച്ചുകിടന്നു. പോകണ്ടേ എന്ന് ചോദിച്ചപ്പോൾ തലവേദനയാണെന്നായിരുന്നു മറുപടി. അവൾക്ക് ഇടയ്ക്ക് ചെന്നിക്കുത്ത് വരാറുണ്ടത്രെ.
പ്രവീണിന് കോപം വന്നു.
വയലറ്റ് സ്വാമിയുടെ ദർശനത്തിന് പോകാതിരുന്നതിന് പകരം വീട്ടുകയാണ് അവൾ എന്ന കാര്യത്തിൽ അയാൾക്ക് സംശയമുണ്ടായിരുന്നില്ല.
വായിൽ വന്നതെല്ലാം പറഞ്ഞു. ""വിശ്വാസമാണ് ദാമ്പത്യത്തിന്റെ അടിത്തറ,'' അയാൾ ഒച്ചവെച്ചു. ""വിശ്വാസവഞ്ചനയാണ് നീ ചെയ്യുന്നത്. ഇങ്ങനെയാണെങ്കിൽ നാളെമുതൽ ഞാനും ദാമ്പത്യത്തിന് തുരങ്കംവെക്കുന്ന പരിപാടികൾ ചെയ്യാൻ പോകുകയാണ്.''
കുറേ പറഞ്ഞുകഴിഞ്ഞപ്പോൾ വരാം എന്ന് പറഞ്ഞ് അവൾ എഴുന്നേറ്റു. മുഖം കഴുകി വേഷം മാറിവന്നിട്ട് "വയ്യ, തലചുറ്റുന്നു' എന്ന് പറഞ്ഞ് അമൃതാഞ്ജൻ പുരട്ടി വീണ്ടും കിടന്നു. തനിക്ക് തോന്നുമ്പോഴേ മടങ്ങൂ എന്നും ചിലപ്പോൾ മടങ്ങിവന്നില്ലെന്നിരിക്കും എന്നും വിളിച്ചുപറഞ്ഞ് പ്രവീൺ ഇറങ്ങിപ്പോയി. വയ്യാത്ത തന്നെ ഒറ്റയ്ക്കിരുത്തി പോകരുതേ എന്ന് അവൾ അപേക്ഷിച്ചത് കേട്ടില്ല.
പോകരുതെന്ന്! പതിവിലും വേഗത്തിൽ സ്‌കൂട്ടറോടിച്ചു പോകുമ്പോൾ അയാൾ രോഷംകൊണ്ടു. യുക്തിവേദിയിൽനിന്ന് തന്നെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ്! ബുദ്ധിശക്തിയിലൊക്കെ പിന്നാക്കമാണെങ്കിലും സൂത്രശാലിതന്നെ. കരുതലോടെ ഇരുന്നില്ലെങ്കിൽ വരുതിക്ക് കൊണ്ടുവന്ന് കട്ടിൽക്കാലിൽ കെട്ടിയിട്ടുകളയും. കാർക്കശ്യത്തോടെ മാത്രമേ ഇനി അവളോട് പെരുമാറൂ എന്ന് തീരുമാനിച്ചു അയാൾ.
അന്ന് ശുഭയ്ക്ക് ശരിക്കും തലവേദനയായിയിരുന്നു എന്ന് അവളും ഭഗവാനും മാത്രമേ അറിഞ്ഞുള്ളൂ. അവളുടെ കുടിലബുദ്ധിയെക്കുറിച്ചുള്ള സംശയത്തിന്റെ മുകളിലാണ് പ്രവീൺ തന്റെ ദാമ്പത്യത്തിന് അടിത്തറപാകിയത്.
ആർ. വി. ടി. എസ്. സ്‌കൂളിൽ അയാളെത്തുമ്പോൾ യോഗം തുടങ്ങിയിരുന്നു. വേദിയിലിരുന്ന ചിത്ര ടീച്ചർ പ്രവീണിനെ നോക്കി "ഭാര്യ എവിടെ?' എന്ന് ആംഗ്യം കാണിച്ചു. അയാൾ "തലവേദന' എന്ന് നടിച്ച് കാണിച്ചു.
യോഗം കഴിഞ്ഞപ്പോൾ ചിത്ര ടീച്ചറും അശോകൻ മാഷും അടുത്തുവന്നു. യുക്തിവേദിയിലെ സീനിയർ അംഗങ്ങളാണ് ആ ദമ്പതികൾ.
""വൈഫിനെ കൊണ്ടുവന്നില്ല, അല്ലേ?'' ഒരു ടീച്ചർക്കുചേർന്ന ശാസനാസ്വരത്തിൽ ആ സ്ത്രീ ചോദിച്ചു. ""നവദമ്പതികൾക്കുള്ള സ്വീകരണവും അജണ്ടയിൽ ഉണ്ടായിരുന്നു.''
മാഷ് തലയാട്ടി.""ഭയങ്കര തലവേദന,'' പ്രവീൺ പറഞ്ഞു. പറയുന്നത് കളവാണെന്ന ബോധ്യം ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ടാവണം, വാക്കുകൾക്ക് ക്ഷമാപണത്തിന്റെ മണമുണ്ടായിരുന്നു.""കണ്ടില്ലേ?'' ടീച്ചർ സദസ്സിരുന്ന സ്ഥലത്തേക്ക് ചൂണ്ടി. ""മുമ്പിൽ ഇരുന്ന ആ രണ്ട് കോളേജ് കുട്ടികളൊഴിച്ച് ഒരു പെൺതരിയില്ല. എല്ലാ മെംബർമാരും കണക്കാണ്. ഭാര്യയെ കൊണ്ടുവരും എന്ന് വീമ്പിളക്കും. കല്യാണം കഴിയുമ്പോൾ പിന്നെ ഓരോ ഒഴിവുകഴിവുകളായി!''""സുഖമില്ലെന്ന് പറഞ്ഞില്ലേ?'' പ്രവീൺ ചൂടായി. ""ടീച്ചറെ ബോധിപ്പിക്കണ്ട കാര്യമൊന്നും എനിക്കില്ല.'' അയാൾ ഇറങ്ങിപ്പോന്നു.
മൈതാനത്തുചെന്ന് കുറേനേരം ഇരുന്നു. ശല്യപ്പെടുത്താൻ ഒരു ഭാര്യപോലും കടന്നുവരാത്ത ആ ബാലികേറാമലയിൽ നൂറുകണക്കിന് പുരുഷന്മാർ തർക്കിച്ചും ചെസ്സ് കളിച്ചും അക്ഷരശ്ലോകം ചൊല്ലിയും ആനന്ദിച്ചു. സിഗരറ്റ് പുകയുടെയും മദ്യത്തിന്റെയും നേർത്ത ഗന്ധങ്ങളുള്ള കാറ്റ് വീശി. പ്രവീൺ അവിടെയിരുന്ന് തന്റെ അവസ്ഥയെപ്പറ്റി കുറേനേരം ആലോചിച്ചു. ഭർത്താവിനെ സ്വാമിഭക്തനാക്കാനുള്ള തന്ത്രങ്ങൾ ശുഭയ്ക്ക് ഉപദേശിച്ചുകൊടുത്തത് അവളുടെ അച്ഛനോ സ്വാമിമാരോ മറ്റോ ആയിരിക്കുമോ എന്ന് സംശയിച്ചു.
കുറേനേരം കഴിഞ്ഞപ്പോൾ വിശന്നു. സ്‌കൂട്ടർ അയാളെയുംകൊണ്ട് ചെന്നുനിന്നത് ആര്യഭവന്റെ മുമ്പിലാണ്. "വെജിറ്റേറിയൻ പോരാ,' അയാൾ ആലോചിച്ചു. "ചിക്കൻതന്നെ കഴിച്ചാലേ ഇന്നത്തെ ദിവസത്തിന് ചേരൂ.'
ആവി പറക്കുന്ന പത്തിരിയും കോഴിക്കറിയും കഴിച്ച് വയറുനിറച്ച് വൈകി വീട്ടിലെത്തി, ഭാര്യ എന്തെങ്കിലും കഴിച്ചോ എന്നുപോലും അന്വേഷിക്കാതെയാണ് അയാൾ കിടന്നുറങ്ങിയത്.
പിറ്റേന്ന് രാവിലെതന്നെ എല്ലാ അസുഖവും മാറി ശുഭ ഉയിർത്തെഴുന്നേറ്റു. പക്ഷേ, പ്രവീൺ വിട്ടുകൊടുത്തില്ല. മുക്കലും മൂളലും ചോദിക്കുന്നതിനുമാത്രം ഉത്തരവും കിടപ്പറയിൽ നിസ്സഹകരണവുമായി അയാൾ ശീതസമരം തുടർന്നു. പ്രിയപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കിയിട്ടും നല്ലവാക്ക് പറഞ്ഞില്ല. അമ്മായിയച്ഛൻ ഫോൺ ചെയ്തപ്പോൾ സംസാരിക്കാതെ ഒഴിഞ്ഞുമാറി. ശുഭ സന്ധ്യയ്ക്ക് വിളക്കുകൊളുത്തുന്ന സമയത്ത് കാലിന്മേൽ കാൽ കയറ്റിവെച്ചിരുന്ന് പുസ്തകം വായിച്ചു. അവൾ നാമം ചൊല്ലുമ്പോൾ വളി വിട്ടു.
ചിത്ര ടീച്ചറോടുള്ള അനിഷ്ടം കാരണം അടുത്ത പ്രതിമാസയോഗത്തിന് പോകില്ല എന്ന് പ്രവീൺ തീരുമാനിച്ചു. അശോകൻ മാസ്റ്റർ ഫോൺ വിളിച്ചപ്പോൾ എടുത്തതുമില്ല. മാതൃകാദമ്പതികൾ വന്നിരിക്കുന്നു! ബാക്കിയുള്ളവരെയൊക്കെ പരിഹസിക്കാൻ അധികാരമുണ്ടെന്ന വിചാരം മാറട്ടെ.
പ്രതിഷേധസമരം മൂന്നാംദിവസം ശുഭ കീഴടങ്ങി. താൻ നിരീശ്വരവാദിയാകാൻ ഒരുക്കമാണെന്നും വേണ്ടതെല്ലാം പറഞ്ഞുതരണം എന്നും അവൾ പറഞ്ഞു. ""പ്രവിയേട്ടൻ എന്നോട് മിണ്ടാതെ നടക്കുന്നതുമാത്രം സഹിക്കാൻവയ്യ.'' അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.""സാരമില്ല,'' ഉള്ളിൽ പടരുന്ന സന്തോഷവും സമാധാനവും മറച്ചുവെച്ച് അയാൾ അവളുടെ കണ്ണുതുടച്ചു. ""പിന്നെ, യുക്തിചിന്ത എന്ന് പറഞ്ഞാൽ മറ്റൊരാൾ സ്പൂൺഫീഡ് ചെയ്തുതരേണ്ട സാധനമല്ല. സ്വന്തം ബുദ്ധിയുപയോഗിച്ച് ചിന്തിച്ചും വസ്തുനിഷ്ഠമായ തെളിവുകൾ പരിശോധിച്ചും നമ്മൾ സ്വയം മൂർച്ചപ്പെടുത്തിയെടുക്കേണ്ട ചിന്താപദ്ധതിയാണ്. അതിനുള്ള പരിശീലനം കുട്ടിയ്ക്ക് കിട്ടിയിട്ടില്ല എന്ന് എനിക്കറിയാം. അക്കാര്യത്തിൽ സഹായിക്കാൻ ഞാൻ തയ്യാറാണ്.''""എനിക്ക് ബുദ്ധിയൊക്കെ കുറവാണ്, പ്രവിയേട്ടാ.'' അവൾ പിന്നെയും കരഞ്ഞു. ""എന്നെക്കൊണ്ട് കഴിയുമോ ഇതൊക്കെ?''""കഴിയും കുട്ടീ,'' അയാൾ സമാധാനിപ്പിച്ചു. ""ചിന്തിക്കാനുള്ള ശേഷി എല്ലാ മനുഷ്യനുമുണ്ടെന്ന് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്.''""എന്റെ പൊന്നിൻകുടം പറഞ്ഞാൽ മതി. എനിക്ക് കഴിയും.'' ഉപ്പുരസമുള്ള ചുണ്ടുകൊണ്ട് അവൾ അയാളെ ഇറുക്കെ ചുംബിച്ചു.
പതിനൊന്ന്
ഡോ. സാംബശിവൻ കുട്ടികൾക്കുവേണ്ടി എഴുതിയ "മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിച്ചു' എന്ന പുസ്തകം വാങ്ങിക്കൊടുത്താണ് പ്രവീൺ ശുഭയുടെ വിദ്യാരംഭം നടത്തിയത്. കാട്ടുതീയിനെയും കൊടുങ്കാറ്റിനെയും ഇടിമിന്നലിനെയും ഭയന്ന ആദിമമനുഷ്യൻ ദൈവസങ്കല്പത്തിൽ അഭയം തേടിയതിനെപ്പറ്റി ആ ചിത്രപുസ്തകത്തിൽ വിശദീകരിച്ചിരുന്നു. അവൾ അത് വായിച്ച് മനസ്സിലാക്കുകയും അയാളുടെ ചോദ്യങ്ങൾക്ക് തെറ്റാതെ ഉത്തരം പറയുകയും ചെയ്തു.
"അടുത്ത ദൈവം ആരായിരിക്കും?' എന്ന പുസ്തകമായിരുന്നു രണ്ടാമത്തേത്. അധികാരിവർഗം സമൂഹത്തെ നിലയ്ക്കുനിർത്താൻവേണ്ടി ദൈവസങ്കല്പത്തെ ഉപയോഗിച്ചതിന്റെ ചരിത്രമായിരുന്നു അത്. മൃഗങ്ങളും പിതൃക്കളും രാജാക്കന്മാരും ആരാധിക്കപ്പെട്ടിരുന്ന കാലത്തുനിന്ന് സിനിമാതാരങ്ങൾക്കും മാജിക്കുകാർക്കും രാഷ്ട്രീയനേതാക്കൾക്കും ക്ഷേത്രങ്ങളുയരുന്ന വർത്തമാനത്തിലേക്കുള്ള പരിണാമത്തെപ്പറ്റി അതിൽ വിശദീകരിച്ചിരുന്നു.
പുസ്തകം ശുഭയെ പിടിച്ചുലച്ചു. ഭയവും അസ്വസ്ഥതയും കാരണം കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ രാത്രികൾ കഴിച്ചുകൂട്ടി.
""സാരമില്ല,'' പ്രവീൺ അവളെ ആശ്വസിപ്പിച്ചു. ""ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഞാനിത് വായിക്കുന്നത്. അന്ന് എനിക്കും പേടി തോന്നി. എട്ടാംക്ലാസ് ആയപ്പോഴേക്കും അതൊക്കെ മാറി.''""ഇത്രയും ധൈര്യമുള്ള ഏട്ടന് ഒരു കൊല്ലമോ?'' ശുഭ വിറച്ചുപോയി. ""എങ്കിൽ എനിക്ക് അഞ്ച് കൊല്ലമെങ്കിലും എടുക്കും.''
അയാൾ ഔദാര്യപൂർവം പുഞ്ചിരിച്ചു.
ഈ സംഭാഷണം നടന്ന് കൃത്യം ഒരു വർഷം തികയുന്ന ദിവസം ഡോ: സാംബശിവൻ മരിക്കുമെന്ന് പ്രവീൺ അറിഞ്ഞില്ല. അദ്ദേഹത്തിന്റെ തുരുമ്പിച്ച ആത്മാവ് മറ്റ് ഏത് പാപിയുടേതും പോലെതന്നെ മൃത്യുഞ്ജയലോകത്തിലേക്ക് പതിക്കും. തന്റെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും വാരിവിതറിയ വശ്യവും കുടിലവുമായ അസത്യവാക്കുകളോരോന്നിന്റെയും അക്ഷരങ്ങളെണ്ണി പ്രഹരമേല്പിക്കാൻ പാതാളത്തിലെ ഉലയും കൊടിലും കാത്തിരുന്നു.
ശുഭയുടെ വിദ്യാഭ്യാസം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് ഒരു രാത്രി പ്രവീൺ എന്തോ സ്വപ്നംകണ്ട് ഞെട്ടിയുണർന്ന് നോക്കുമ്പോൾ കിടക്കയിൽ ശുഭയില്ല. ചുറ്റും ഇരുട്ട്. ബാത്ത്‌റൂമിലും ആരുമില്ല. ആദ്യം പരിഭ്രമവും പിന്നെ സംശയവുമായി. ശുഭയുടെ പേരുവിളിക്കാൻ തുടങ്ങിയിട്ട് പിന്നെ വേണ്ടെന്നുവെച്ചു. ലൈറ്റിടാതെ, ശബ്ദമുണ്ടാക്കാതെ, ഇരുട്ടിൽ തപ്പിത്തടഞ്ഞ് അയാൾ ഡ്രോയിങ്ങ് റൂമിലും പിന്നെ അടുക്കളയിലുമെത്തി. പുറത്തേക്കുള്ള വാതിലൊന്നും തുറന്നിട്ടില്ല. ഇനി എവിടെപ്പോയി നോക്കുമെന്ന് അന്ധാളിച്ചുനില്ക്കുമ്പോഴാണ് സ്റ്റോർമുറിക്കകത്ത് എന്തോ അനക്കം കേട്ടത്. തുറന്നുനോക്കിയപ്പോൾ, മസാലപ്പൊടിയുടെ മണമുള്ള ഇടുക്കുമുറിക്കകത്ത്, വയലറ്റ് ബൾബിട്ട സ്വാമിയുടെ ചിത്രത്തിനുതാഴെ, തറയിൽ കിടന്നുറങ്ങുന്നു ശുഭ. ആസ്‌ബെസ്റ്റോസ് വാതിലിന്റെ ഞരക്കം കേട്ട് ഞെട്ടിയുണർന്ന്, ഉറക്കം തെളിയാത്ത കണ്ണുകൊണ്ട് സ്വാമിയെയും പ്രവീണിനെയും മാറിമാറി നോക്കി അവൾ.""സോറി പ്രവിയേട്ടാ,'' അവൾ പുലമ്പി. ""പേടി സഹിക്കാൻ വയ്യാഞ്ഞിട്ടാ.''
പന്ത്രണ്ട്
പുസ്തകങ്ങളിലും ലഘുലേഖകളിലുംകൂടി കടന്നുപോയ ശുഭയ്ക്ക് മെല്ലെയാണെങ്കിലും മാറ്റങ്ങളുണ്ടാകാൻ തുടങ്ങി. വിളക്കുകൊളുത്തലും സന്ധ്യാനാമം ചൊല്ലലും ആദ്യം നിന്നു. പിന്നെ രാഹുകാലം നോക്കലും യാത്ര പുറപ്പെടും മുമ്പ് വയലറ്റ് കുടുക്കയിൽ നാണയം നിക്ഷേപിക്കലും വേണ്ടെന്നായി. കൈത്തണ്ടയിലും അരക്കെട്ടിലും ജപിച്ചുകെട്ടിയ വയലറ്റ് നിറമുള്ള ചരടുകൾ അപ്രത്യക്ഷമായി.
സ്വാമിയുടെ ഭക്തന്മാർ എഴുതാൻ വയലറ്റ് മഷി മാത്രമേ ഉപയോഗിക്കാവൂ എന്ന് നിയമമുണ്ടായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുന്ന സമയംതൊട്ട് ശുഭ അത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തുപോന്നു. എന്നാൽ, യുക്തിപഠനം നടക്കുന്ന കാലത്ത് ഒരു ദിവസം നോട്ട് എഴുതാൻ ഇരുന്നപ്പോൾ ടീപ്പോയിൽ പ്രവീണിന്റെ കറുപ്പുപേന കിടക്കുന്നത് അവൾ കണ്ടു. കൈയിലിരുന്ന പേന താഴെവെച്ച്, നെഞ്ചിടിപ്പോടെ, അവൾ അതെടുത്തു. എഴുതിക്കൊണ്ടിരുന്ന വരിയുടെ അവസാനത്തിൽ വെച്ച് കടലാസിൽ അമർത്തി. ഒരു കറുത്ത കുത്ത്. കുറച്ചുനേരം അതിന്റെ ചന്തം നോക്കിയിരുന്നിട്ട് അ എന്ന് എഴുതി. വലിയ ബുദ്ധിമുട്ടുണ്ടാകുന്നില്ല എന്ന് കണ്ടപ്പോൾ പേജിൽ കുറുകെ ഒരു വര വരച്ചു. പിന്നെ, അതിനു താഴെത്തുടങ്ങി, നിറുത്താതെ എഴുതി.
അതതുദിവസത്തെ സത്യാന്വേഷണപരീക്ഷണങ്ങളുടെ പുരോഗതി ശുഭ പ്രവീണിനെ അറിയിച്ചുകൊണ്ടിരുന്നു. അയാൾ എല്ലാം മൂളിക്കേട്ട് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുത്തു. സംശയങ്ങൾ പരിഹരിച്ചു.
ഒരു ദിവസം വൈകിട്ട് പ്രവീൺ വന്നപ്പോൾ ഒന്നും പറയാതെ ഒരു പ്ലാസ്റ്റിക്ക് കൂട് ശുഭയെ ഏല്പിച്ചു. തുറന്നുനോക്കിയ അവൾ നടുങ്ങിപ്പോയി. പൊറോട്ടയും മുട്ടക്കറിയും! ഭാഗീരഥീദേവിയുടെ വാഹനമായ കോഴിയുടെ മുട്ടയോ ഇറച്ചിയോ തിന്നരുതെന്ന് സ്വാമി പറഞ്ഞ് മനസ്സിൽ പതിഞ്ഞുപോയതാണ്. കഴിക്കാനിരുന്നിട്ടും അവൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. പ്രപഞ്ചംതന്നെ അണ്ഡാകാരമായത് യാദൃച്ഛികമല്ലെന്നും അത് ദേവിയുടെ കോഴിയിട്ട മുട്ടയാണെന്നുമുള്ള സ്വാമിയുടെ വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഏറെ പണിപ്പെട്ട്, ചാറുമാത്രം തൊട്ടുകൂട്ടി പൊറോട്ട തിന്നുതീർത്തു.
പാഴ്‌സലുകൾ പിന്നെയും വന്നു. വീട്ടിൽ തന്തൂരി ചിക്കന്റെയും തലശ്ശേരി ബിരിയാണിയുടെയും വാസന പരന്നു. മൂന്നാമത്തെത്തവണ ആയതോടെ ഇറച്ചി രുചിച്ചുനോക്കാം എന്ന അവസ്ഥയിലായി ശുഭ. ലേശം എനിക്കും തരണേ എന്ന് കളി പറഞ്ഞു പ്രവീൺ. കോഴിയിറച്ചി പാചകം ചെയ്തുതുടങ്ങാൻ അവൾക്ക് വൈകാതെ കഴിയും എന്ന് പ്രോത്സാഹിപ്പിച്ചു.
ഒരു ദിവസം ശുഭ കുളിക്കുന്ന സമയത്ത് അയാൾ അവളുടെ നോട്ട്ബുക്കെടുത്ത് മറിച്ചുനോക്കി. ഒറ്റവരയിട്ട താളുകളിൽ, ആദ്യം വയലറ്റും പിന്നെ കറുപ്പും നിറമുള്ള വൃത്തിയുള്ള ഉരുണ്ട കൈപ്പടയിൽ എഴുതി നിറച്ചിരിക്കുകയാണ്. "പൗരോഹിത്യഭരണം എന്നാൽ എന്ത്?' "പ്രപഞ്ചം ഉണ്ടായതെങ്ങനെ?' "മതവിശ്വാസവും സത്സ്വഭാവവും തമ്മിൽ ബന്ധമുണ്ടോ?' "സ്‌കൂളുകളിൽ പ്രാർത്ഥന ചൊല്ലുന്നതും മതപഠനം നടത്തുന്നതും ശരിയാണോ?' എന്നിങ്ങനെ ചോദ്യങ്ങളും അവയ്ക്കുതാഴെ ദീർഘമായ ഉത്തരങ്ങളും. അയാൾ പ്രതീക്ഷിച്ചതിലും കുറവ് തെറ്റുകളേ അവൾ വരുത്തിയിരുന്നുള്ളൂ. സ്വയം മാറാനുള്ള അവളുടെ സന്നദ്ധതയെക്കുറിച്ചോർത്ത് അയാൾക്ക് തൃപ്തി തോന്നി.
വൈകാതെ ഒരു ദിവസം ഡോ: സാംബശിവന്റെ "കാളകൂടത്തിന്റെ നിറം' എന്ന പ്രസിദ്ധമായ പുസ്തകം പ്രവീൺ ശുഭയ്ക്ക് കൊടുത്തു.
ചെറുപ്പക്കാരനായ വയലറ്റ് സ്വാമി ബീഡി വലിക്കുന്ന ചിത്രമുള്ള പുറംതാളിൽ ""മൃത്യുഞ്ജയാനന്ദയുടെ ചരിത്രവും ഇടപാടുകളും: ഞെട്ടിക്കുന്ന രഹസ്യങ്ങൾ'' എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു. ഇന്നത്തെ മൃത്യുഞ്ജയാനന്ദ ഉണ്ടാകുന്നതിന് വളരെ മുമ്പ്, വർക്കലയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഭഗീരഥൻ എന്ന നിരക്ഷരനായ മനുഷ്യനിലാണ് പുസ്തകം തുടങ്ങിയത്. ഓട്ടം കഴിഞ്ഞ് വിശ്രമിക്കുന്ന വണ്ടികൾ കഴുകിക്കൊടുത്ത് അതിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കുന്ന കാലത്ത് ഇയാൾ എവിടെനിന്നോ ജൻഷ്യൻ വയലറ്റ് എന്ന രാസവസ്തുവിന്റെ പ്രയോഗത്തെപ്പറ്റി മനസ്സിലാക്കി. വളംകടി, ചൊറി, ചുണങ്ങ്, പൊള്ളൽ മുതലായവ ബാധിച്ച കർഷകത്തൊഴിലാളികളെ ജൻഷ്യൻ വയലറ്റ് ഉപയോഗിച്ച് ചികിത്സിച്ച ഇയാളെ അക്കാലത്തൊന്നും ആരും സിദ്ധനായി കണ്ടിരുന്നില്ല. തന്റെ ഒറ്റമൂലി ചികിത്സ ഫലിക്കുന്നു എന്ന് കണ്ട ഭഗീരഥൻ വൈകാതെ പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിച്ചുള്ള ചികിത്സയും തുടങ്ങി. വയലറ്റ് നിറം ദിവ്യമാണെന്നും രോഗത്തെ മാത്രമല്ല, മരണത്തെപ്പോലും തടയാൻ അതിന് കഴിയും എന്നും വാദമായി. മുടി നീട്ടി, വയലറ്റ് നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചു നടക്കാൻ തുടങ്ങിയ അയാൾക്ക് പതിഞ്ഞ പരിഹാസപ്പേരായിരുന്നു "വയലറ്റ് സ്വാമി' എന്നത്.
സ്വീഡനിൽനിന്ന് കേരളംകാണാനെത്തിയ ഒരു വിദേശി വർക്കലയിലെ ഹോട്ടലിൽനിന്ന് സൈക്കിൾ ചവിട്ടാനിറങ്ങിയതും സോഡ കുടിക്കാൻ നിർത്തിയ പെട്ടിക്കടയിൽവെച്ച് "സ്വാമി'യെ കണ്ടുമുട്ടിയതുമാണ് വലിയൊരു വഴിത്തിരിവായത്. ആദ്യം യൂറോപ്പിൽനിന്നും പിന്നീട് അമേരിക്കയിൽനിന്നും ശിഷ്യഗണങ്ങളുടെ പ്രവാഹമായി. ഭഗീരഥൻ മൃത്യുഞ്ജയാനന്ദയായി. മന്ത്രിമാരും ഐ.എ.എസ്സുകാരും അനുയായികളായി. ആശ്രമം ഒരു ആഢംബര റിസോർട്ടായി. സ്വർണംപൂശിയ കാറും രത്‌നം പതിച്ച കിരീടവും വന്നു. കാലുതടവാൻ മദാമ്മമാരും വാതിലുകാക്കാൻ സുരക്ഷാസേനയും ലോകമെമ്പാടും ക്ഷേത്രങ്ങളുമുണ്ടായി. വയലറ്റ് നിറത്തിന്റെ അതിഭൗതികമായ ഗുണവിശേഷങ്ങളെപ്പറ്റി ശാസ്ത്രജ്ഞന്മാർ ഗവേഷണം നടത്തി. വയലറ്റ് ചാനലും വയലറ്റ് സ്‌കൂളുകളും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വയലറ്റ് മെഡിസിനും ഉണ്ടായി.
വയലറ്റ് മരുന്നുകൊണ്ടുമാത്രം എല്ലാ രോഗങ്ങളും സുഖപ്പെടും എന്ന് ഒരു വശത്തുകൂടി പ്രചരിപ്പിക്കുകയും മറുവശത്ത് പണക്കാർക്കുവേണ്ടി പഞ്ചനക്ഷത്ര ആശുപത്രി നടത്തുകയും ചെയ്യുന്നതിനെക്കുറിച്ചും, സ്വാമിക്കെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ട പൊലീസുദ്യോഗസ്ഥന്മാരും ജഡ്ജിമാരും അയാളുടെ മുമ്പിൽ നമസ്‌കരിച്ച് കിടക്കുന്നതിനെക്കുറിച്ചും ഒക്കെ പരിഹസിക്കുന്ന ഭാഗം എത്തുമ്പോൾ സാംബന്റെ വാക്കുകൾക്ക് മൂർച്ചയേറി. ആശ്രമത്തിൽ നടന്നിട്ടുള്ള അസ്വാഭാവികമരണങ്ങളുടെ പരമ്പര, തേഞ്ഞുമാഞ്ഞുപോയ അന്വേഷണങ്ങൾ, അവിടെ എത്തുന്ന വിദേശികൾക്ക് ചാരസംഘടനകളുമായുള്ള ബന്ധങ്ങൾ, വിദേശത്തുനിന്ന് പ്രവഹിക്കുന്ന കണക്കറ്റ കള്ളപ്പണം, പതിനായിരം ഉറുപ്പിക ശമ്പളം വാങ്ങിയിട്ട് പതിനയ്യായിരം പറ്റിയതായി എഴുതിക്കൊടുക്കേണ്ടിവരുന്ന അധ്യാപകരുള്ള സ്‌കൂളുകൾ: സാംബശിവന്റെ ഇത്തരത്തിലുള്ള അസംഖ്യം ആരോപണങ്ങൾക്ക് ഒരു കാലത്തും മറുപടി കിട്ടിയിട്ടില്ലെന്ന് പ്രവീൺ ശുഭയോട് പറഞ്ഞു. പകരം കിട്ടിയത് ടെലിഫോൺ ഭീഷണികളും വധശ്രമങ്ങളുമാണ്.
പ്രവീണിന്റെ അവസാനപരീക്ഷയിലും ശുഭ വിജയിച്ചു. രണ്ടുദിവസംകൊണ്ട് അവൾ ആ പുസ്തകം തീർത്തു. പരിഹാസം നിറഞ്ഞ ഭാഗങ്ങൾ വായിക്കുമ്പോൾ അവൾ കുലുങ്ങിച്ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു.
സ്റ്റോർ മുറിയിൽ വയലറ്റ് സ്വാമിയുടെ ഫോട്ടോയ്ക്കുമുമ്പിൽ എല്ലാ സമയവും തെളിഞ്ഞുകിടന്ന ബൾബ് അണഞ്ഞിരിക്കുന്നതും ശുഭയുടെ താലിമാലയിൽ തൂക്കിയ സ്വാമിയുടെ ലോക്കറ്റ് അപ്രത്യക്ഷമായിരിക്കുന്നതും പ്രവീൺ ആനന്ദത്തോടെ കണ്ടു. "മൃത്യുഞ്ജയം' മാസികയുടെ പുതിയ ലക്കം പൊതിയഴിക്കാതെ ടീപ്പോയിൽ കിടന്നു.
സന്ധ്യയ്ക്ക് കുളികഴിഞ്ഞ് അത്താഴത്തിനുമുമ്പ് അല്പം വായിക്കുന്നത് പ്രവീണിന്റെ ശീലമായിരുന്നു. എന്നാൽ, താൻ വായിക്കാനിരിക്കുന്ന സമയത്ത് അടുത്ത കസേരയിൽ മറ്റൊരു പുസ്തകവുമായി ശുഭയും വന്നിരിക്കാൻ തുടങ്ങിയതോടെ അയാൾ അവ്യക്തമായ ഒരു അസ്വസ്ഥത അനുഭവിക്കാൻ തുടങ്ങി. അടുക്കളയിൽ ബാക്കിയിരിക്കുന്ന എന്തെങ്കിലും ജോലിയിലേക്ക് അവളെ പറഞ്ഞയക്കാൻ താനറിയാതെതന്നെ അയാൾ ശ്രമിച്ചു.
അച്ഛൻ ഉമ്മറത്തെ കസേരയിൽ ഇരിക്കുമ്പോൾ അമ്മ തറയിലല്ലാതെ ഇരിക്കുന്നത് കണ്ടിട്ടില്ല എന്നത് അയാൾക്ക് അപ്പോൾ ഓർമ്മയുണ്ടായിരുന്നില്ല.
പതിമൂന്ന്
യുക്തിവേദിയുടെ അടുത്ത യോഗത്തിൽ പ്രവീണും ശുഭയും ഒന്നിച്ചാണ് പോയത്. ചിത്ര ടീച്ചർ ദൂരെനിന്നുതന്നെ കണ്ട് ഓടിവന്നു. ഭർത്താവിന്റെ വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന നവവധുവിനെ നാത്തൂനെന്നപോലെ ശുഭയെ താടിയ്ക്കുപിടിച്ച് ലാളിച്ച് കൂട്ടിക്കൊണ്ടുപോയി.
ടീച്ചർ അവരെ ഒരേ ബെഞ്ചിൽ അടുത്തടുത്ത് ഇരുത്തിയിട്ട് പോയി. ""നല്ല സ്ത്രീ, അല്ലേ?'' ശുഭ പ്രവീണിനോട് ചോദിച്ചു. അയാൾ തലയാട്ടി. ലേശം തലക്കനം കൂടുതലുണ്ട് എന്ന കാര്യം പിന്നീട് സൗകര്യംപോലെ പറഞ്ഞുകൊടുക്കണം എന്ന് മനസ്സിൽ കുറിച്ചു.
"നഷ്ടപ്പെട്ടുപോകുന്ന നവോത്ഥാനമൂല്യങ്ങൾ' എന്നതായിരുന്നു ആ മാസത്തെ വിഷയം. പോസ്റ്റ് മാസ്റ്റർ ഇബ്രാഹിം കുട്ടിസ്സാറാണ് പ്രബന്ധം അവതരിപ്പിച്ചത്. ചർച്ചയുടെ സമയത്ത് ചിത്ര ടീച്ചർ കേരളീയ നവോത്ഥാനത്തിലെ പുരുഷാധിപത്യത്തെക്കുറിച്ചും ജാതീയതയെക്കുറിച്ചും പറഞ്ഞു. ചരിത്രബോധമില്ലാത്ത പ്രസ്താവനയാണ് അതെന്ന് പ്രവീൺ എതിർത്തു. അവർ തമ്മിലുള്ള വാഗ്വാദം നീണ്ടുപോയപ്പോൾ മറ്റുള്ളവരും സംസാരിക്കട്ടെ എന്ന് പറഞ്ഞ് അധ്യക്ഷൻ അശോകൻ മാസ്റ്റർ വിലക്കി. പറയാൻ ഒന്നുമില്ലാത്ത ചില അംഗങ്ങൾ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു. എല്ലാമാസവും കേൾക്കുന്ന അവരുടെ വായ്ത്താരി അവസാനിക്കാതെ വന്നപ്പോൾ പിന്നെയും മാസ്റ്റർ ഇടപെട്ടു. സദസ്സിലുള്ള എല്ലാവരും നിർബന്ധമായും ചർച്ചയിൽ പങ്കെടുത്തിരിക്കണം എന്ന് പറഞ്ഞ് അദ്ദേഹം ചുറ്റും നോക്കി. അതുവരെ സംസാരിക്കാത്തതായി ശുഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാഷുടെയും ടീച്ചറുടെയും കണ്ണ് ശുഭയിൽ തറയുന്നത് പ്രവീൺ ശ്രദ്ധിച്ചു.
""ശുഭ പറയട്ടെ,'' ചിത്ര ടീച്ചർ പറഞ്ഞു.""ഏയ്, ഞാനെന്ത് പറയാനാ?'' കുണുങ്ങിച്ചിരിച്ച് ശുഭ ഒഴിഞ്ഞുമാറി.""ഇവൾ ഇതൊക്കെ കേട്ട് മനസ്സിലാക്കാൻ വന്നതാ,'' പ്രവീണും പിന്തുണകൊടുത്തു.""എന്നാൽപ്പിന്നെ...'' അശോകൻ മാഷ് ഭാര്യയെ നോക്കി.
രക്ഷപെട്ടു എന്ന് സമാധാനിച്ചു പ്രവീൺ.""ഇല്ലില്ല,'' ടീച്ചർ സമ്മതിച്ചില്ല. ""ആ കുട്ടി പറയട്ടെ; ഞങ്ങൾക്ക് കേൾക്കണം.''
നിർബന്ധം തുടർന്നപ്പോൾ ശുഭ എഴുന്നേറ്റുനിന്നു. ഇരുന്നിട്ട് പറഞ്ഞാൽ മതി എന്ന് അധ്യക്ഷൻ പറഞ്ഞിട്ടും അവൾ ഇരുന്നില്ല.
സദസ്സ് നിശ്ശബ്ദമായി. പ്രവീണിന്റെ ഹൃദയം ഉറക്കെ മിടിക്കാൻ തുടങ്ങി. എന്ത് വിഡ്ഢിത്തമാണ് ഇവൾ പറയാൻ പോകുന്നത്? വിയർപ്പ് ആവിയായി ശരീരത്തെ പൊതിയുന്നത് അയാൾ അറിഞ്ഞു. പൂർവവിദ്യാർത്ഥിസംഘടനയുടെ പേരെഴുതിയ സീലിങ്ങ് ഫാൻ കറങ്ങുന്ന ഞരക്കം മാത്രം നിശ്ശബ്ദതയിൽ മുഴങ്ങിക്കേട്ടു. തന്നെ നാണംകെടുത്താൻ വേണ്ടി ചിത്ര ടീച്ചർ ചെയ്തതാണ് ഇത് എന്ന് അയാൾ പല്ലിറുമ്മി. ശുഭയെ നോക്കാതിരിക്കാൻവേണ്ടി കുനിഞ്ഞിരുന്നിട്ടും അയാളുടെ മനസ്സിൽ അവളുടെ മുഖം തെളിഞ്ഞുകണ്ടു. സ്‌കൂളിൽ ഉത്തരം പറയാൻ എഴുന്നേറ്റുനില്ക്കുന്ന കുട്ടിയുടെ ഭാവത്തിൽ ഉമിനീരിറക്കുന്നു. വിളറിയ ചിരി ചിരിക്കുന്നു.
""പിന്നെ...'' ശുഭ പറയാൻ തുടങ്ങി. ""ശ്രീനാരായണഗുരു നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടാവും. പക്ഷേ, മൂപ്പര് ഒരു സന്യാസിയായിരുന്നു. അമ്പലങ്ങൾ ഉണ്ടാക്കുകയും പ്രതിഷ്ഠ നടത്തുകയും ഒക്കെ ചെയ്ത ആള്. ഈശ്വരൻ ഇല്ലെന്ന് വിശ്വസിക്കുന്ന നമ്മൾ അങ്ങനെ ഒരാളെ ബഹുമാനിക്കേണ്ട കാര്യമുണ്ടോ?''
ആദ്യത്തെ പരിഭ്രമം മാറിയപ്പോൾ പ്രവീണിന് അവൾ പറയുന്ന കാര്യങ്ങൾ മനസ്സിലാകാൻ തുടങ്ങി. അയാൾ നിഷേധസൂചകമായി തലകുലുക്കി.
"ഗുരു എഴുതിയതാണ്' എന്ന് പറഞ്ഞ് ശുഭ ഒരു ശ്ലോകം മുഴുവൻ ചൊല്ലി. സദസ്സിൽ എല്ലാവരും തലയുയർത്തി അവളെ നോക്കി. ""പുരുഷനെ നശിപ്പിക്കാൻവേണ്ടി പുറപ്പെട്ടിരിക്കുന്ന ഒരു ശത്രുവായിട്ടാണ് സ്ത്രീയെ ഇവിടെ വർണ്ണിച്ചിരിക്കുന്നത്.'' അവൾ ടീച്ചറുടെ നേരെ കൈചൂണ്ടി. ""ടീച്ചർ പറഞ്ഞതുപോലെ ഇത് വിവേചനമല്ലേ? അതു കഴിഞ്ഞ്, ആക്രമിക്കാൻ വരുന്ന മൃഗമായിട്ട്...''
പ്രവീൺ പിന്നെയും വിയർത്തു. അടുത്ത ശ്ലോകത്തിലോ മറ്റോ മുല എന്ന വാക്ക് ഉണ്ട് എന്ന് അയാൾക്ക് ഓർമ്മയുണ്ട്. ഇവൾ അതും ചൊല്ലാനുള്ള പുറപ്പാടാണോ?""അല്ലല്ല,'' അയാൾ വേഗം ഇടയ്ക്കുകയറി പറഞ്ഞു. ""ഗുരു അങ്ങനെ പറയുന്ന കാലത്ത് വിപ്ലവകരമായിട്ടുള്ള കാര്യമാണ് അത്.''""ആ കുട്ടിയ്ക്ക് സംസാരിക്കാൻ സമയം കൊടുക്കൂ,'' ടീച്ചർ പറഞ്ഞു. ""അത് പറഞ്ഞുകഴിഞ്ഞിട്ടില്ല.''
ശുഭ ചിരിച്ചു.
""പറഞ്ഞോട്ടെ,'' പ്രവീൺ പ്രതിരോധിച്ചു. ""ഞാനൊന്നും പറഞ്ഞില്ല. പറഞ്ഞോട്ടെ, പറഞ്ഞോട്ടെ.'' ടീച്ചർ ശുഭയെ തനിക്കെതിരെ കരുവാക്കുകയാണെന്ന് ആലോചിച്ചപ്പോൾ അയാളുടെ രക്തം ചൂടുപിടിച്ചു.""കുട്ടി പറയൂ,'' ടീച്ചർ പറഞ്ഞു. ""ഓരോരുത്തർക്കും മുമ്മൂന്ന് മിനിറ്റ് ഉണ്ട്.''
ശുഭ അല്പനേരം ആലോചിച്ചുനിന്നു. ""അത്രേയുള്ളൂ,'' ഒടുക്കം അവൾ വീണ്ടും ചിരിച്ചു. ""ഞാൻ പറയാൻ വന്നത് മറന്നുപോയി.''""കണ്ടില്ലേ?'' അധ്യക്ഷനും ഭർത്താവുമായ അശോകൻ മാസ്റ്ററെ നോക്കി ടീച്ചർ. ""ആ കുട്ടിയുടെ ഫ്‌ലോ കളഞ്ഞു.''""അല്ലല്ല,'' ശുഭ പ്രവീണിന്റെ രക്ഷയ്‌ക്കെത്തി. ""ഏട്ടൻ കാരണമല്ല.'' അവൾ ഇരുന്നു.
ഏട്ടൻ! ടീച്ചറുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി ഊറുന്നത് അയാൾ കണ്ടു.""എന്നാൽ ഞാൻ പറയാം,'' ടീച്ചർ ഏറ്റെടുത്തു. ഗുരുവിനെയും മറ്റ് നവോത്ഥാനനായകന്മാരെയും സ്ത്രീവിരുദ്ധരായി ചിത്രീകരിക്കാൻ വേണ്ടി വായിൽത്തോന്നിയ ന്യായമെല്ലാം വാരിവിളമ്പി. ശുഭ പറഞ്ഞത് താൻ വ്യാഖ്യാനിക്കുകമാത്രമാണ് ചെയ്യുന്നത് എന്ന് തോന്നിപ്പിക്കാൻ വേണ്ടി ഇടയ്ക്കിടയ്ക്ക് "ഈ കുട്ടി പറഞ്ഞതുപോലെ' എന്ന് പറയുകയും ചെയ്തു.
കോപം അമർത്താൻവേണ്ടി പ്രവീൺ വായ് പൂട്ടി, പല്ല് അമർത്തിക്കടിച്ച് ഇരുന്നു.
""ഇനി പ്രവീൺ പറയൂ,'' അവസാനം ടീച്ചർ പറഞ്ഞു.
വാസ്തവത്തിൽ ആയമ്മ എന്തൊക്കെയാണ് പറഞ്ഞതെന്നോ തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് എന്താണെന്നോ പ്രവീൺ മറന്നുകഴിഞ്ഞിരുന്നു. അയാൾ വായതുറക്കാതെതന്നെ തല വിലങ്ങനെ കുലുക്കി.
തിരുവനന്തപുരത്തുള്ള സ്ത്രീവാദിയായ ഏതോ പ്രൊഫസർ എഴുതിയ ഒരു പുസ്തകത്തിന്റെ പേര് എഴുതിക്കൊടുത്താണ് ചിത്ര ടീച്ചർ ശുഭയെ യാത്രയാക്കിയത്. അടുത്തമാസം അത് വായിച്ച് വരണമത്രെ. ചർച്ചയുണ്ടാകും.
മടങ്ങിപ്പോരുന്ന സമയത്തും വീട്ടിലെത്തിക്കഴിഞ്ഞും പ്രവീൺ പൊതുവെ നിശ്ശബ്ദനായിരുന്നു. സദസ്സിൽ ശുഭ സംസാരിച്ചതിനെക്കുറിച്ചായിരുന്നു അയാളുടെ ചിന്ത മുഴുവനും. വാദങ്ങളുടെ ശരിയും തെറ്റും എന്തായാലും അവൾ ചിന്താപരമായി വലിയ പുരോഗതി നേടിയിരിക്കുന്നു എന്നതിൽ സംശയമില്ല. താൻ യുക്തിവേദിയുടെ യോഗങ്ങളിൽ പോയിത്തുടങ്ങിയ കാലത്ത് ആറു മാസമെങ്കിലും കഴിഞ്ഞിട്ടാണ് ചർച്ചയിൽ വായ തുറന്നതുതന്നെ.
ടീച്ചറുടെ ഭാഗം ചേർന്ന് ശുഭ തനിക്കെതിരെ സംസാരിച്ചത് ശരിയായില്ല എന്ന് അയാൾക്ക് അഭിപ്രായമുണ്ടായിരുന്നെങ്കിലും അങ്ങനെ പറയുന്നത് മോശമാണ് എന്ന് തോന്നി. സത്യത്തിന്റെയും യുക്തിയുടെയും പക്ഷത്ത് നില്ക്കണം എന്ന് എപ്പോഴും പറഞ്ഞിട്ട് ഇപ്പോൾ ഭർത്താവിനുവേണ്ടി സ്വന്തം അഭിപ്രായം മാറ്റിപ്പറയണം എന്ന് പറയാമോ?
ഒന്നുമാത്രം പറയാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല: ""പൊതുസ്ഥലത്തുവെച്ച് എന്നെ ഏട്ടൻ എന്ന് വിളിക്കരുത്. പ്രവീൺ എന്ന് പറഞ്ഞാൽ മതി.''
അത്താഴം വിളമ്പിക്കൊണ്ടുനിന്ന ശുഭ വായ പൊളിച്ചുപോയി. ""പേര് വിളിക്കാനോ?''
""ഏട്ടൻ എന്ന് കേൾക്കുമ്പോൾത്തന്നെ ഏതോ ഗ്രാമീണകന്യകയുടെ ഓർമ്മവരുന്നു. ചന്ദനക്കുറിയും തുളസിക്കതിരും ഒക്കെയായിട്ട് സിനിമയിൽ കാണിക്കുന്ന... ഞാനൊരു പഴഞ്ചനാണെന്ന് വിചാരിക്കില്ലേ എല്ലാവരും?''""അച്ഛൻ കേട്ടാൽ കൊന്നുകളയും എന്നെ.''
""അച്ഛന്റെയും മറ്റും മുമ്പിൽവെച്ചല്ല,'' പ്രവീൺ വിശദീകരിച്ചു. ""കൂട്ടുകാരുടെ കാര്യമാണ് ഞാൻ പറഞ്ഞത്.''""വീട്ടിൽ ഏട്ടൻതന്നെ, അല്ലേ?'' അവളുടെ ചിരിയിൽ ആശ്വാസം നിറഞ്ഞുനിന്നു.
പതിനാല്
ദൈവങ്ങളെയും ആൾദൈവങ്ങളെയും പരിഹസിക്കുന്ന ട്രോളുകൾ മൊബൈലിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ കാലമായിരുന്നു അത്. പ്രവീണും ശുഭയും തങ്ങൾക്ക് കിട്ടുന്ന അത്തരം ഫലിതങ്ങൾ പങ്കുവെച്ച് രസിച്ചു. അവർ ഒന്നിച്ച് യുക്തിവേദിയുടെ യോഗത്തിൽ പോയി, ചർച്ചയിൽ പങ്കെടുത്തു. യോഗം കഴിഞ്ഞ്, പിന്നിൽനിന്ന് പുണർന്നിരിക്കുന്ന ശുഭയുമായി സ്‌കൂട്ടറിൽ മടങ്ങുന്ന പാലപ്പൂമണമുള്ള സായാഹ്നങ്ങളിൽ "തോളൊടുതോൾ ഒത്തുചേർന്ന് വാളുയർത്താൻതന്നെ' എന്ന വരികൾ പ്രവീണിന്റെ ചുണ്ടിൽ തത്തിക്കളിച്ചു.
ഒരു ഞായാറാഴ്ച ഉച്ചയ്ക്ക് സ്‌നേഹിച്ചുകിടക്കുന്ന സമയത്താണ് ശുഭയുടെ മാലയിൽ താലി കാണാനില്ല എന്ന് പ്രവീൺ ശ്രദ്ധിച്ചത്.
‘‘ഞാൻ അത് ഊരിവെച്ചു,'' അവൾ പറഞ്ഞു. ""കഴിഞ്ഞ ദിവസം ടീച്ചർ സംസാരിച്ചപ്പോൾ...''‘‘ചിത്ര ടീച്ചറോ?''‘‘ഉം. ടീച്ചർ പറഞ്ഞു-''""ടീച്ചർ നിന്നെ വിളിക്കാറുണ്ടോ?''
‘‘ഒന്നുരണ്ടുതവണ വിളിച്ചിരുന്നു. എന്തേ?''
‘‘ഒന്നുമില്ല. എന്നിട്ട് ആയമ്മ എന്ത് പറഞ്ഞു?''‘‘ആര്യന്മാര് ഇന്ത്യയിൽ വന്ന സമയത്തേയ്... നമ്മുടെ പെണ്ണുങ്ങളെ പിടിച്ച് കൊണ്ടുപോകുമായിരുന്നു. ഒരാൾ പിടിച്ചെടുത്ത പെണ്ണിനെ വേറെയാരും കൈയേറാതിരിക്കാൻ വേണ്ടി കഴുത്തിൽ കെട്ടിത്തൂക്കിയ തകിടാണത്രെ പിന്നെ താലിയായത്.''‘‘ഞാനെങ്ങും കേട്ടിട്ടില്ല.''
‘‘പുസ്തകത്തിന്റെ പേരും പറഞ്ഞു ടീച്ചർ. പ്രവിയേട്ടാ, അല്ലെങ്കിൽത്തന്നെ ഒരു തരി പൊന്നിലാണോ സ്‌നേഹം ഇരിക്കുന്നത്?''
പ്രവീൺ ഒന്നും മിണ്ടിയില്ല. "ഉറക്കം വരുന്നു' എന്ന് പറഞ്ഞ് അയാൾ തിരിഞ്ഞുകിടന്നു.‘‘താലി അഴിച്ചുവെച്ചത് ഏട്ടന് ഇഷ്ടമായില്ല, അല്ലേ?'' അല്പനേരത്തെ മൗനത്തിനുശേഷം അവൾ ചോദിച്ചു.‘‘ഏയ്,'' അയാൾ ചിരിക്കാൻ ശ്രമിച്ചു. ""എനിക്കെന്ത് താലി? ലോകത്തുള്ള ആചാരമെല്ലാം അനാചാരമാണെന്ന് വിശ്വസിക്കുന്ന എനിക്കല്ലേ താലി!''
പിറ്റേന്ന് തിങ്കളാഴ്ചയായിരുന്നു. അത്താഴത്തിന് ശുഭ ഒന്നും മിണ്ടാതെ കഞ്ഞി വിളമ്പി കഴിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴാണ് പ്രവീൺ ശ്രദ്ധിച്ചത്.‘‘ഇന്ന് തിങ്കളാഴ്ചയല്ലേ?'' അയാൾ അത്ഭുതപ്പെട്ടു. ""നീ നോയമ്പ് മറന്നോ?''
മത്താപ്പ് കത്തിച്ചതുപോലെ അവൾ ചിരിച്ചു. ""അതും നിറുത്തി പ്രവിയേട്ടാ.'' പരീക്ഷ ജയിച്ച കുട്ടിയുടെ സന്തോഷമായിരുന്നു അവൾക്ക്.
ആ സന്തോഷം പങ്കുവെക്കാൻ പ്രവീണിന് കഴിഞ്ഞില്ല. അയാൾക്ക് രാത്രിയിൽ ഉറക്കം വരാൻ ബുദ്ധിമുട്ടുണ്ടായി. അയാളുടെ അമ്മ മുപ്പതുവർഷത്തെ വിവാഹജീവിതത്തിനിടയിൽ ഒരിക്കലും തിങ്കളാഴ്ചനോയമ്പ് മുടക്കിയിട്ടില്ല. അച്ഛൻ അവിശ്വാസിയാണെങ്കിലും മൂപ്പരുടെ ആരോഗ്യത്തിനും ആയുസ്സിനും കാരണം തന്റെ വിശ്വാസമാണെന്ന് അവർ എപ്പോഴും പറയാറുമുണ്ട്.
നോയമ്പ് ഉപേക്ഷിച്ചതോടെ തന്നെക്കുറിച്ച് ശുഭയ്ക്കുണ്ടായിരുന്ന കരുതലും ഇല്ലാതായി എന്ന് പ്രവീണിന് തോന്നി. താലിയും പൊട്ടിച്ച് കളഞ്ഞിരിക്കുന്നു. ഓരോരോ വിശ്വാസത്തിൽനിന്നായി മോചനം നേടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നത് സത്യംതന്നെ. എന്നാൽ, മറ്റെല്ലാം കഴിഞ്ഞിട്ട് വേണമായിരുന്നു തിങ്കളാഴ്ചനോയമ്പിൽ കൈവെയ്ക്കാൻ. പക്ഷേ, അന്ധവിശ്വാസങ്ങൾക്ക് വലിപ്പച്ചെറുപ്പം കല്പിക്കാൻ ആവശ്യപ്പെട്ടാൽ അവൾക്ക് ആകെ ആശയക്കുഴപ്പമാകുകയില്ലേ? തനിക്ക് നൊന്തെന്ന സത്യം തുറന്ന് പറയുന്നതും ശരിയല്ല. വ്രതത്തിലൊക്കെ വിശ്വസിക്കുന്ന വിഡ്ഢിയാണെന്ന് അവൾ കരുതിയാലോ? ഭർത്താവിന്റെ വിഷമത്തിനാണോ യുക്തിചിന്തയ്ക്കാണോ ഒരു സത്യാന്വേഷി പ്രാധാന്യം കല്പിക്കേണ്ടത്?
ശുഭ ഉറക്കത്തിൽ തിരിഞ്ഞുകിടന്നു. യുക്തിവാദത്തിലേക്ക് മാറിക്കൊണ്ടിരുന്ന സമയത്ത് അവൾക്കായിരുന്നു ഉറക്കക്കുറവ്. അത് എത്രപെട്ടെന്ന് ഭേദപ്പെട്ടു എന്നാലോചിച്ചപ്പോൾ പ്രവീണിന് അസൂയ തോന്നി. സ്വല്പം ബുദ്ധി കുറവായിരുന്നെങ്കിൽ തനിക്കും അവളെപ്പോലെ എന്തിലും ഉറച്ച് വിശ്വസിക്കാൻ കഴിഞ്ഞേനെ. വർഷങ്ങളോളം യുക്തിചിന്ത പരിശീലിച്ചിട്ടും മനസ്സിന്റെ ചാഞ്ചാട്ടങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലല്ലോ.
പതിനഞ്ച്
പിറ്റേന്ന് പ്രവീൺ ഓഫീസിൽ പോയിക്കഴിഞ്ഞ് ശുഭ വീട്ടുജോലികളിൽ മുഴുകിയിരിക്കുന്ന സമയത്ത് എവിടെനിന്നോ ഒരു കുട്ടിയുടെ അലമുറ കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോൾ എതിരെയുള്ള വീട്ടിൽ ആള് കൂടുന്നുണ്ട്. അങ്ങോട്ട് പോകുന്ന അയൽക്കാരികളിൽ ഒരാൾ പറഞ്ഞു മാളുവമ്മ മരിച്ചു എന്ന്.
ശുഭ നടുക്കത്തോടെ അകത്ത് കയറി വാതിൽ കൊട്ടിയടച്ച് ഇരുന്നു. ഈ വീട്ടിൽ താമസമാക്കിയ ദിവസംതന്നെ വന്ന് പരിചയം സ്ഥാപിച്ച ആളാണ് മാളുവമ്മ എന്ന വൃദ്ധ. വീട്ടുജോലികൾ ചെയ്യാൻ മകളും മരുമകളുമൊക്കെ ഉള്ളതുകൊണ്ട് പേരക്കുട്ടിയെ നോക്കുന്ന പണിയേ ഉള്ളൂ. കുട്ടിയെയുംകൊണ്ട് അയൽവീടുകളിൽ കയറിയിറങ്ങി നടക്കും. വാർത്തകൾ പരത്തും. ശുഭയുടെ വീട്ടിലും വരും. കുടുംബകാര്യങ്ങളെല്ലാം വിശദമായി അറിയണം. ആജ്ഞയുടെ സ്വഭാവമുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും തരും. അടുക്കളയിൽ കയറി പാത്രങ്ങളുടെ മൂടി മാറ്റി നോക്കും. പ്രവീണിനോട് പറഞ്ഞപ്പോൾ ഒഴിവാക്കാൻ പറഞ്ഞു. വാതിലിൽ മുട്ടുമ്പോൾ താക്കോൽപ്പഴുതിലൂടെ നോക്കിയിട്ട് തുറക്കാതിരിക്കണമെന്ന്. ശുഭയ്ക്ക് അതിന് മനസ്സുവന്നില്ല. അമ്മമ്മയുടെ പ്രായമുള്ള സ്ത്രീയാണ്. പിന്നെ, ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആകെ കിട്ടുന്ന ആളും.
തലേന്ന് വൈകിട്ടും ആയമ്മ വന്നിരുന്നു എന്ന് ഓർത്തപ്പോൾ ശുഭയ്ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. പതിവില്ലാത്ത ഒരുതരം തെളിച്ചമുണ്ടായിരുന്നു ആ മുഖത്ത്. ക്ഷീണമുണ്ടെന്ന് പരാതിപ്പെട്ട്, വിശേഷങ്ങളൊക്കെ വേഗം പറഞ്ഞുതീർത്ത് പോയതാണ്.
വിവരമറിയിക്കാൻ ശുഭ പ്രവീണിനെ വിളിച്ചു. അയാൾ ഫോൺ എടുത്തില്ല. ശുഭ കരയാൻ തുടങ്ങി. കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ വീണ്ടും വിളിച്ചു. അപ്പോഴും എടുത്തില്ല. അവൾക്ക് ആരോടെങ്കിലും ഒന്ന് സംസാരിക്കണമെന്ന് തോന്നി. സ്വാമിയെ വിശ്വസിച്ചിരുന്ന കാലത്ത് എന്തെങ്കിലും വിഷമമുണ്ടായാൽ ആ ഫോട്ടോയ്ക്കുമുമ്പിൽ പോയിനിന്ന് സംസാരിച്ചിരുന്നു.
ശൂന്യമായ മുറിയുടെ നടുവിൽ അവൾ ഇരുന്നു. ഇവിടെ, ഇപ്പോഴും കെട്ടിനിൽക്കുന്ന ഈ വായു വകഞ്ഞുമാറ്റി ഇന്നലെ കയറിവന്ന മാളുവമ്മ എന്ന ശരീരം ഇനി ഇങ്ങോട്ട് വരില്ല. ആ ശരീരത്തെ ചലിപ്പിച്ചുകൊണ്ട് അതിനകത്ത് കുടികൊണ്ടിരുന്ന ജീവൻ എങ്ങോട്ട് പോയി? അത് അനുഭവിച്ച സംഭവങ്ങളുടെ ഓർമ്മകൾ, രൂപീകരിച്ച അഭിപ്രായങ്ങൾ, ശേഖരിച്ച് തരംതിരിച്ച് സൂക്ഷിച്ച വാർത്തകൾ എല്ലാം കൂടെ കൊണ്ടുപോയി.
മരണം കഴിയുമ്പോൾ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്നതിനെപ്പറ്റി ഡോക്ടർ സാംബശിവൻ എന്തെങ്കിലും പറഞ്ഞിരിക്കും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. പുസ്തകങ്ങൾ വെച്ച ഷെൽഫിനടുത്തേക്ക് നടക്കുമ്പോൾ ഫോണടിച്ചു.""എന്താ?'' പ്രവീൺ ചോദിച്ചു. ""ഞാൻ ഓഫീസറുടെ റൂമിൽ നിൽക്കുകയായിരുന്നു.''
ഓഫീസിലിരിക്കുമ്പോൾ തുടർച്ചയായിട്ട് വിളിക്കരുതെന്നും ഒരൊറ്റ മിസ്ഡ് കോൾ ഇടുകയേ ചെയ്യാവൂ എന്നും അയാൾ പറഞ്ഞിരുന്നത് അവൾക്ക് ഓർമ്മവന്നു.
""സോറി പ്രവിയേട്ടാ,'' അവൾ പിന്നെയും കരയാൻ തുടങ്ങി. ""മാളുവമ്മ മരിച്ചു.''""ആര്?''
""നമ്മുടെ ഓപ്പോസിറ്റ് വീട്ടിലെ...''""ഓ, ആയമ്മയോ?'' അയാൾ ചോദിച്ചു. ""നീ കരയാതിരിക്ക്.''
തലേന്ന് വൈകിട്ട് വന്ന വിവരം പറഞ്ഞ് അവൾ ഏങ്ങലടിച്ചു. ""മരിക്കാൻ പേടിയാണെന്ന് എപ്പോഴും പറയുമായിരുന്നു. പാവം.''‘‘സാരമില്ല,'' അയാൾ പറഞ്ഞു, ""പത്തറുപത്തഞ്ച് വയസ്സുണ്ടായിരുന്നില്ലേ?''‘‘എഴുപത്തെട്ട്...'' കരച്ചിലിനിടയിൽ ശുഭ പറഞ്ഞു. ‘‘അതല്ല, പ്രവിയേട്ടാ. ഒരു കുഴപ്പവുമില്ലാതിരുന്നയാൾ...''‘‘ഞാൻ ഊണ് കഴിക്കുമ്പോൾ വിളിക്കാം,'' പ്രവീൺ ഫോൺ വെച്ചു.
ശുഭ പുറത്തേക്കുള്ള വാതിൽ ചെറുതായി തുറന്ന് അടുത്തവീട്ടിലേക്ക് നോക്കിനിന്നു. ആൾ കൂടിയിരിക്കുന്നു. വഴിവക്കിലും മുറ്റത്തും പല കൂട്ടങ്ങളായി കൂടിനിന്ന് സംസാരിക്കുന്നു. ആർക്കും വലിയ സങ്കടമൊന്നും കാണുന്നില്ല. ചിലരൊക്കെ ചിരിക്കുന്നുമുണ്ട്.
അടുക്കളയിൽ ബാക്കിവെച്ചിരുന്ന ജോലികൾ തീർത്ത് പിന്നെയും വന്ന് അനങ്ങാതിരുന്നു. മരിച്ച വീട്ടിൽ പോകേണ്ടത് മര്യാദയാണെന്ന് അറിയാം. പക്ഷേ, ജീവനില്ലാത്ത ആ ശരീരം കാണാനുള്ള ശക്തിയുണ്ടാകുമെന്ന് തോന്നുന്നില്ല.
ഉച്ചയ്ക്ക് ഊണ് കഴിച്ചില്ല. ഒരു വലിയ ഗ്ലാസ് സംഭാരം ഉണ്ടാക്കി അതുമാത്രം കുടിച്ചു. പ്രവീൺ വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിളിച്ചില്ല. ജോലിത്തിരക്കായിരിക്കും.
ശ്മശാനത്തിലേക്ക് കൊണ്ടുപോകാനുള്ള ആംബുലൻസ് വന്നപ്പോൾ കുറച്ചുപേരുടെ കരച്ചിൽ കേട്ടു. പേരക്കുട്ടി മാത്രം ഏറെനേരം നിറുത്താതെ ഉറക്കെക്കരഞ്ഞു.
ശുഭ കിടക്കയിൽ ചെന്നുകിടന്ന് പിന്നെയും കുറേ കരഞ്ഞു. പ്രവീൺ വന്ന് ജീവിതത്തിന്റെയും മരണത്തിന്റെയും തത്വങ്ങൾ ഉപദേശിച്ച് തരുമെന്നും അപ്പോഴേ തന്റെ കരച്ചിൽ മാറൂ എന്നും അവൾക്ക് തോന്നി.
ഒന്ന് മയങ്ങിയിരിക്കണം. അടുക്കളയിൽനിന്ന് എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. ശുഭ കാതോർത്തു. ചോറുകലത്തിന്റെ മൂടി നിരങ്ങുന്ന ശബ്ദം. അവളുടെ നെഞ്ച് പിടയാൻ തുടങ്ങി. കറിയുടെ മൂടി, തോരന്റെ മൂടി... ഓരോ ശബ്ദവും അവൾ തിരിച്ചറിഞ്ഞു.
ചാടിയെഴുന്നേറ്റ് ഫോണെടുത്തു. കിടപ്പുമുറിയിൽനിന്ന് പുറത്തിറങ്ങാനുള്ള ധൈര്യം വരുന്നില്ല. വേഗം പ്രവീണിനെ വിളിച്ചു. അയാൾ ഫോൺ എടുത്തില്ല.
പെട്ടെന്ന് ഓർമ്മവന്നത് അച്ഛനെയാണ്. ‘‘എന്താ മോളേ?'' എന്ന ശബ്ദം കേട്ടപ്പോൾത്തന്നെ പകുതി സമാധാനമായി. ഉച്ചമയക്കത്തിൽനിന്ന് ഉണർത്തിയതിന് വഴക്കൊന്നും പറഞ്ഞില്ല. കുറേ കരച്ചിലും കുറേ വിറയലുമായി ശുഭ കാര്യമെല്ലാം പറഞ്ഞ് ധരിപ്പിച്ചു.
‘‘ഏയ്,'' അച്ഛൻ ഉറപ്പിച്ച് പറഞ്ഞു. ‘‘അത് വല്ല പൂച്ചയും ആയിരിക്കും.''
ഇവിടെ പൂച്ചയൊന്നും ഇല്ലെന്നും വാതിലും ജനലുമെല്ലാം അടച്ചിരിക്കുകയാണെന്നും അവൾ വാദിച്ചു.‘‘എങ്കിൽ എലിയായിരിക്കും.''
‘‘എലിയും ഇല്ല.''
‘‘മോളൊരു കാര്യം ചെയ്യ്,'' അദ്ദേഹം നിർദ്ദേശിച്ചു. ‘‘അച്ഛൻ ഫോണിലില്ലേ? അടുക്കളവരെ ഒന്ന് പോയി നോക്ക്.''
ഫോൺ കാതോടുചേർത്ത് ഇറുകെപ്പിടിച്ചുകൊണ്ടുതന്നെ ശുഭ നെഞ്ചിടിപ്പോടെ അടുക്കളയിലേക്ക് നടന്നു. ഒച്ചയുണ്ടാക്കാതെ ചെന്ന് ലൈറ്റിട്ട് നോക്കി. പാത്രമെല്ലാം ഭദ്രമായിത്തന്നെ ഇരിക്കുന്നു.‘‘അച്ഛൻ പറഞ്ഞില്ലേ?'' സിഗററ്റിന്റെ പുകയൂതിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘‘നീ ഉറക്കത്തിൽ സ്വപ്നം വല്ലതും കണ്ടതായിരിക്കും.''‘‘പേടിയാകുന്നു അച്ഛാ,'' സ്വീകരണമുറിയിൽ തലേന്ന് മാളുവമ്മ ഇരുന്ന സ്ഥലത്തേക്ക് നോക്കിയിട്ട് ശുഭ പറഞ്ഞു. ""ആയമ്മ ഇവിടെത്തന്നെ ഉള്ളതുപോലെ.''
‘‘അയ്യേ,'' അച്ഛൻ ചിരിച്ചു. ""പ്രേതവും പിശാചും ഒന്നും ഇല്ലെന്ന് മോൾക്ക് അറിഞ്ഞുകൂടേ?''
അവർ നീണ്ട ഒരു ചർച്ചയിൽ ഏർപ്പെട്ടു. ചെറുപ്പംമുതൽ കേട്ടിട്ടുള്ള പല പ്രേതകഥകളെപ്പറ്റി അവൾ പറഞ്ഞു. അതിൽ പലതും അച്ഛനും അമ്മയുംതന്നെ പറഞ്ഞിട്ടുള്ളതല്ലേ എന്ന് ചോദിച്ചു. അതൊക്കെ തമാശയ്ക്ക് പറഞ്ഞതാണെന്നും അല്ലെങ്കിൽ ഓരോരുത്തരുടെ തോന്നലുകൾ ആയിരിക്കും എന്നും അച്ഛൻ ന്യായീകരിച്ചു. മരണശേഷം ആത്മാവിന് ഭൂമിയിൽ നിൽക്കാൻ കഴിയില്ലെന്നും ഒട്ടും വൈകാതെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ പൊയ്ക്കളയുമെന്നും സ്വാമി പറഞ്ഞിട്ടുള്ളത് അദ്ദേഹം ഓർമ്മപ്പെടുത്തി. സ്വാമിയുമായി താൻ അകൽച്ചയിലാണെന്ന വസ്തുത ശുഭ പറഞ്ഞില്ല. എന്തായാലും കുറേ സംസാരിച്ചുകഴിഞ്ഞപ്പോൾ ആശ്വാസം തോന്നി. കണ്ടിട്ട് എത്ര നാളായെന്നും വൈകാതെ ഒരു ദിവസം ചെല്ലണമെന്നും പറഞ്ഞ് അച്ഛൻ ഫോൺ വെച്ചു.
ചായ കുടിച്ചിട്ട് അയൽവീട്ടിലെ കാര്യങ്ങൾ അറിയാൻ ശുഭ പുറത്തിറങ്ങി നോക്കി. അവിടെയെങ്ങും ആരെയും കാണാനില്ല. ശ്മശാനം ഏറെ ദൂരെയാണെങ്കിലും അന്തരീക്ഷത്തിൽ മാംസം കരിഞ്ഞ ഗന്ധം പരന്നിരിക്കുന്നതുപോലെ തോന്നി.
തിരികെ വീട്ടിനകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ശുഭ നടുങ്ങിപ്പോയി. സോഫയിൽ ആരോ ഇരിക്കുന്നതുപോലെ.
ചാടി പുറത്തിറങ്ങി വാതിലടച്ചു. ശരീരം ആകെ വിറയ്ക്കുകയാണ്.
ഇനി അച്ഛനെയോ പ്രവീണിനെയോ വിളിക്കാൻ വയ്യെന്ന് അവൾ തീരുമാനിച്ചു. വരാന്തയിൽ കിടന്ന പ്ലാസ്റ്റിക്ക് കസേരയിൽ ഇരുന്നു.
പതിവിലും വൈകി പ്രവീൺ എത്തുമ്പോഴും അവൾ കൂനിക്കൂടി അവിടെത്തന്നെ ഇരിപ്പായിരുന്നു.""നീയെന്താ അകത്ത് ലൈറ്റൊന്നും ഇടാത്തത്?'' അയാൾ ചോദിച്ചു.
അവൾ നടന്നതെല്ലാം പറഞ്ഞു. ""പ്രവിയേട്ടാ,'' അവൾ അയാളുടെ കൈയിൽ പിടിച്ചു. ""ആത്മാവ്... പ്രേതം... ഇല്ലല്ലോ അല്ലേ?''""ആർക്കറിയാം!'' എന്തോ കൗതുകം കാണുന്നതുപോലെ അയാൾ അവളെ നോക്കി ചിരിച്ചു. ""ഇതൊക്കെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ആത്മാവ് ഉണ്ടാകാൻ സാധ്യതയില്ല എന്നല്ലേ സയൻസിന് പറയാൻ പറ്റൂ. മനുഷ്യൻ കണ്ടുപിടിച്ചിട്ടില്ലാത്ത എന്തൊക്കെ കാര്യങ്ങൾ... എന്തൊക്കെ ഡയമെൻഷൻസ്... ഈ പ്രപഞ്ചത്തിലുണ്ട്!''
ശുഭ ചിരിച്ചു. ഭയത്തിന്റെ നിഴൽവീണ ഒരു ചിരിയായിരുന്നു അത്. ""പ്രവിയേട്ടൻ കളി പറയുകയാണ്. അല്ലേ?''""അല്ല,'' അയാൾ ചിരിച്ചില്ല. ""എന്റെ അഭിപ്രായം പറഞ്ഞതാണ്. ഇതിനെക്കുറിച്ചൊക്കെ ഞാൻ ചിന്തിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. നീ പോയി ചായയെടുക്ക്''""പ്രവിയേട്ടനും വരൂ,'' അവൾ വീട്ടിൽ കയറാൻ മടിച്ചുനിന്നു.
ചായയുമായി വന്നപ്പോൾ ശുഭ അയൽവീട്ടിൽ പോകാതിരുന്ന വിവരം പറഞ്ഞു. അയാളോട് പോകണമെന്ന് അപേക്ഷിച്ചു.""മരണവീട്ടിൽ ഞാൻ പോകാറില്ല,'' അയാൾ പറഞ്ഞു. ""എനിക്ക് ആ അന്തരീക്ഷം ഒട്ടും ഇഷ്ടമല്ല. ദൈവത്തിന്റെയും സ്വർഗത്തിന്റെയുമൊക്കെ കഥകൾ പറയുന്നത് കേൾക്കണം. എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ പിണക്കമാകും. മനുഷ്യന്റെ മനസ്സ് ദുർബലമാകുന്ന സമയത്ത് പിടിമുറുക്കാൻ മതങ്ങൾ ചാടിവീഴുന്നതാണെന്നാണ് ഞാൻ പറയാറ്.''▮
(തുടരും)