ചിത്രീകരണം: സൂരജ കെ.എസ്

നായിന്റെ മോൻ

പതിനാറ്

ശുഭയുടെ പെട്ടെന്നുള്ള പതർച്ച കണ്ട് പ്രവീണിന് ഹരമായി. ഇത്രയേ ഉള്ളൂ പെണ്ണിന്റെ ചങ്കൂറ്റം.
അയാൾ പുസ്തകം വായിച്ചിരിക്കുമ്പോൾ അവൾ പിന്നെയും വന്നു. ""അച്ഛൻ പറഞ്ഞല്ലോ.''""എന്ത്?'' അയാൾ ചോദിച്ചു.""ഭൂതവും പ്രേതവുമൊന്നും ഇല്ലെന്ന്. നമ്മുടെ ഓരോ തോന്നലാണെന്ന്.'' ""നീ അതിനിടയ്ക്ക് അച്ഛനെയും വിളിച്ചോ?'' അയാൾ ചിരിക്കാൻ ശ്രമിച്ചു.""ഉച്ചയ്ക്ക് ഏട്ടനെ വിളിച്ചിട്ട് എടുത്തില്ലല്ലോ. അപ്പോൾ ഞാൻ അച്ഛനെ വിളിച്ചു.'' ""അച്ഛൻ പറയുന്നതാണ് ഇപ്പോഴും നിനക്ക് വേദവാക്യം, അല്ലേ?'' അയാൾക്ക് കോപം വരാൻ തുടങ്ങി.""അതെ പ്രവിയേട്ടാ, ചെറുപ്പം മുതലേ അങ്ങനെയാ എനിക്ക്. അച്ഛൻ പറഞ്ഞാൽ ഒരു സമാധാനമാണ്.''""എന്നിട്ട് നീ താലി അഴിച്ചുവെച്ചത് അച്ഛനോട് ചോദിച്ചിട്ടാണോ?'' പെട്ടെന്ന് അയാളുടെ വായിൽ വന്നത് അതാണ്. ചോദ്യം ആവശ്യത്തിലേറെ പരുഷമായിപ്പോയോ എന്ന് ചോദിച്ചയുടനെ ശങ്കിക്കുകയും ചെയ്തു.""താലി?'' ശുഭ പിറുപിറുത്തു. അവളുടെ കൈ മാലയിൽ പരതിനടന്നു. താലിയഴിച്ച് കളഞ്ഞകാര്യം അവൾതന്നെ മറന്നിരുന്നപോലെ.
നല്ല തന്ത! പ്രവീൺ വിചാരിച്ചു. മകളെ അനാവശ്യമായ വിശ്വാസങ്ങളെല്ലാം പഠിപ്പിച്ചുവിട്ടിട്ട് ഇപ്പോൾ പേടിയാണെന്ന് കണ്ടപ്പോൾ സമാധാനിപ്പിക്കാൻവേണ്ടി അതൊക്കെ വെറുതെയാണെന്ന് പറയുന്നു. ഒരാവശ്യം വന്നാൽ ദൈവം ഇല്ലെന്ന് പറയാനും മടിക്കില്ല.""നിന്റെ അച്ഛൻ കള്ളനാണ്,'' പ്രവീൺ പറഞ്ഞു. ""കല്യാണത്തിന് മതപരമായ ചടങ്ങുകളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പുതന്നിട്ട് വയലറ്റിന്റെ ഭജന നടത്തി മനുഷ്യനെ നാണംകെടുത്തിയ ആളാണ്.''
ശുഭ അതൊന്നും കേട്ടതായി തോന്നിയില്ല. അവൾ ആഭരണപ്പെട്ടിയിൽ താലി തെരയുകയായിരുന്നു.

അത്താഴം കഴിക്കാനിരിക്കുമ്പോൾ അവളുടെ കഴുത്തിൽ താലി ശ്രദ്ധിച്ചു പ്രവീൺ. സംസാരിക്കാൻ തുടങ്ങിയതോടെ മാളുവമ്മ വീണ്ടും വിഷയമായി. ""വീട്ടിനകത്ത് ഇടയ്ക്കിടയ്ക്ക് തള്ളിക്കയറി വരുന്നതിനൊക്കെ ഞാൻ ഓർക്കാതെങ്ങാനും ആയമ്മയെ പിരാകിയിട്ടുണ്ടാകുമോ എന്തോ! ഇത്ര പെട്ടെന്ന്...'' പിന്നെ പ്രവീണിനെ നോക്കി ചോദിച്ചു. ""പ്രാക്ക് എന്നൊന്നും പറഞ്ഞ് ഒരു സാധനം ഇല്ലല്ലോ.'' ""ഉം,'' അയാൾ മൂളിയതേയുള്ളൂ.""ഇല്ല എന്ന് പറയില്ലേ പ്രവിയേട്ടൻ?'' അവൾ ദയനീയമായി ചോദിച്ചു.""ഞാനെങ്ങനെ പറയാനാ, ശുഭേ?'' അയാൾ ക്ഷോഭിച്ചു. ""ഇല്ല എന്ന് ഉറപ്പുള്ള കാര്യങ്ങളല്ലേ ഇല്ലെന്ന് പറയാനൊക്കൂ.''
രാത്രി വിളക്കണച്ചുകഴിഞ്ഞപ്പോൾ അവൾ ദീർഘനിശ്വാസംവിട്ട് ഉറങ്ങാതെ കിടക്കുന്നത് പ്രവീൺ ശ്രദ്ധിച്ചു. തലേദിവസം ശരിക്ക് ഉറക്കം കിട്ടാത്തതുകൊണ്ട് അയാൾ വേഗം ഉറങ്ങിപ്പോയി.""പ്രവിയേട്ടാ...'' അവൾ വിളിച്ചു.""ഉം?'' അയാൾ ഞെട്ടിയുണർന്നു. നേരം വെളുത്തു എന്നാണ് വിചാരിച്ചത്. ക്ലോക്കിൽ നോക്കിയപ്പോൾ പത്തര. ""എന്താ?''"എന്തോ ഒച്ച...' അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.""നിന്നെക്കൊണ്ട് തോറ്റു,'' അയാൾ മൊബൈലിലെ ടോർച്ച് കത്തിച്ച് എഴുന്നേറ്റു. തൊട്ടുപിറകേ അവളും ഉണ്ടായിരുന്നു. വീട് മുഴുവൻ നടന്ന് ലൈറ്റിട്ട് നോക്കി. ""ഇവിടെങ്ങും ഒന്നുമില്ല.''
പിന്നെയും അവിശ്വാസത്തോടെ ചുറ്റും നോക്കിനിൽക്കുന്ന ശുഭയെക്കണ്ട് അയാൾ പറഞ്ഞു, ""വന്ന് കിടക്ക്''.
വീണ്ടും ഒന്ന് ഉറങ്ങിയതാണ് പ്രവീൺ.""ഏട്ടാ,'' ശുഭ വിളിച്ചു. ""നോക്കൂ. ഭസ്മത്തിന്റെ വാസന വരുന്നുണ്ടോ?''""എന്റെ ശുഭേ...'' അയാൾ പല്ലിറുമ്മിക്കൊണ്ട് ചാടിയെഴുന്നേറ്റ് കിടക്കയിൽ ഇരുന്നു. ""എന്താ ഇത്?'' ""എന്റെ പൊന്നേ... എനിക്ക് പേടിയായിട്ട് വയ്യ.'' ""ഓരോരുത്തർക്ക് ഓരോ ശേഷിയുണ്ട്, കുട്ടീ. അത് മനസ്സിലാക്കി അതിനനുസരിച്ചുള്ള കാര്യങ്ങളേ ശ്രമിക്കാവൂ. ചിലതരം ആഹാരം ദഹിപ്പിക്കാൻ ചിലരുടെ ശരീരത്തിന് കഴിവില്ല എന്ന് പറയുന്നതുപോലെ ബുദ്ധിക്കും മനസ്സിനുമൊക്കെ പരിമിതികളുണ്ട്. ഇത്രയും നാൾ ചെയ്തിരുന്ന തിങ്കളാഴ്ചനോയമ്പും സന്ധ്യാനാമവുമൊക്കെ വേണ്ടെന്നുവെച്ചാൽ ചിലരുടെ മനസ്സിന് അത് താങ്ങാനുള്ള കരുത്തുണ്ടായിരിക്കുകയില്ല. യുക്തിചിന്തയും ശാസ്ത്രബോധവുമൊക്കെ എല്ലാവർക്കും പറഞ്ഞിട്ടുള്ളതല്ല.''""അല്ല. അല്ലേ?'' ഇരുട്ടിലേക്ക് തുറിച്ച അവളുടെ കണ്ണുകൾ തിളങ്ങി. ""മോൾഡ് ചെയ്യണം എന്ന് പ്രവിയേട്ടൻ പറഞ്ഞപ്പോൾ ആഗ്രഹംകൊണ്ട്...''""ഓഹോ, അപ്പോൾ എന്റെ കുറ്റമാണല്ലേ? ചിത്ര ടീച്ചർ പറഞ്ഞതും കണ്ട ഫെമിനിസ്റ്റുകൾ എഴുതിവെച്ചതുമെല്ലാം അനുസരിച്ചത് ഞാൻ പറഞ്ഞിട്ടാണല്ലേ?''
""സത്യം,'' അവൾ പിറുപിറുത്തു. ""പാടില്ലായിരുന്നു.''""ഞാൻ കിടക്കുകയാണ്,'' പ്രവീൺ പറഞ്ഞു. ""ദയവുചെയ്ത് ഇനി വിളിച്ചുണർത്തരുത്. നാളെ ഓഫീസിൽ പോകാനുള്ളതാണ്.'' അയാൾ തിരിഞ്ഞുകിടന്നു.

നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും ക്ഷോഭം കാരണം പ്രവീൺ ഉറങ്ങിയില്ല. ശുഭ അനക്കമറ്റ് കിടക്കയിൽത്തന്നെ ഇരിക്കുകയാണെന്ന് അയാൾ അറിഞ്ഞു. കുറെനേരം കഴിഞ്ഞ് അവൾ എഴുന്നേറ്റ് പോകുന്നതും കുളിമുറിയിൽ വെള്ളം വീഴുന്നതും സ്റ്റോർമുറിയുടെ ഞരങ്ങുന്ന വാതിൽ തുറന്ന് അകത്ത് പോകുന്നതും ഏറെനേരം കഴിഞ്ഞുമാത്രം പുറത്തുവരുന്നതുമെല്ലാം അറിഞ്ഞ് ഉണർന്നുകിടന്നു. സ്വാമിയോട് മാപ്പുചോദിച്ചിട്ട് വരികയാണ്. സ്വീകരണമുറിയിൽനിന്ന് താളത്തിലുള്ള പിറുപിറുപ്പുകൾ ഉയർന്നപ്പോൾ നാമം ചൊല്ലലിന്റെ കുടിശ്ശിക തീർക്കുകയാണെന്ന് മനസ്സിലായി. ഇവളുടെ കാര്യം മുഴുവൻ ഭയങ്കര തമാശയാണെന്ന് ആലോചിച്ച് കിടക്കുമ്പോൾ ഉറക്കം വന്നു.

"തമാശ!' അയാൾ ഉറക്കത്തിൽ പറഞ്ഞു.
പുഞ്ചിരിക്കാൻ ശ്രമിച്ചപ്പോൾ മുഖം പിളർന്നുപോകുന്നതുപോലെ വേദനിച്ചത് സ്വപ്നമായിരിക്കണം എന്ന് വിശ്വസിച്ചു.
ആ സമയത്ത്, വിദേശപര്യടനത്തിലായിരുന്ന സ്വാമി മൃത്യുഞ്ജയാനന്ദ മോൺട്രിയോൾ സർവകലാശാലയിൽ ഒരു പ്രഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പറഞ്ഞുകൊണ്ടുവന്ന വാചകം പകുതിയിൽവെച്ച് നിർത്തി, അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. പിന്നെ, ഒന്നും സംഭവിക്കാത്തതുപോലെ തുടർന്നു. ആ ചിരിയുടെ പൊരുളെന്തെന്ന് അവിടെക്കൂടിയിരുന്ന ആരും ചിന്തിക്കുകയോ ചിന്തിച്ചവർതന്നെ മനസ്സിലാക്കുകയോ ചെയ്തില്ല. ശുഭയുടെ ജീവിതം തമാശയാണെന്ന് കരുതിയ പ്രവീണിനെച്ചൊല്ലിയുള്ളതായിരുന്നു ആ ചിരി. ഏറെ വൈകാതെ പറഞ്ഞുതീരാൻ പോകുന്ന, ആരും ചിരിക്കാനില്ലാത്ത, ഭയങ്കരവും ദയനീയവുമായ ഒരു തമാശയായിരുന്നല്ലോ ആ യുവാവിന്റെ ജീവിതം.
അന്ന് അടുക്കളയിൽ മുട്ടിത്തിരിഞ്ഞത് മാളുവമ്മയുടെ ആത്മാവുതന്നെ ആയിരുന്നു എന്നും ഒരാളും മനസ്സിലാക്കിയില്ല. അവിശ്വാസത്തിലേക്ക് വഴുതിവീണുകൊണ്ടിരുന്ന ശുഭയെ തന്നിലേക്ക് മടക്കിക്കൊണ്ടുവരാൻവേണ്ടി, അജ്ഞതയിൽ മുഴുകിജീവിക്കുന്ന പ്രവീണിന് മരണാനന്തരജീവിതത്തെപ്പറ്റി ചെറിയൊരു സൂചന നൽകാൻവേണ്ടി, ഭഗവാന്റെ ആജ്ഞയനുസരിച്ച് ഇഹലോകത്ത് അല്പനേരം തങ്ങിയതായിരുന്നു ആ ജീവാത്മാവ്.

പതിനേഴ്

രുട്ട് കണ്ട് ഭയന്ന കുട്ടി അമ്മയെ ഇറുകെപ്പിടിക്കുന്നതുപോലെ ശുഭ പൂർവാധികം ശക്തിയോടെ ഭക്തിമാർഗത്തിന്മേൽ പിടിമുറുക്കി. നെറ്റിയിൽ വയലറ്റ് ഭസ്മത്തിന്റെ കുറിയും താലിമാലയിൽ സ്വാമിയുടെ ലോക്കറ്റും അരക്കെട്ടിലെ ചരടും മടങ്ങിയെത്തി. തിങ്കളാഴ്ചയ്ക്ക് പുറമേ ഷഷ്ഠിയും വ്യാഴാഴ്ചയും വാവും പ്രദോഷവും ഏകാദശിയും നോയമ്പുകളായി. വീടിന് ഭസ്മത്തിന്റെയും ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും വാസനയായി. സന്ധ്യാനാമം സാധാരണദിവസം മുക്കാൽ മണിക്കൂറും വിശേഷദിവസങ്ങളിൽ ഒരുമണിക്കൂറുമായി നീണ്ടു. സന്ധ്യയ്ക്ക് പ്രവീൺ കയറിവരുമ്പോൾ, കൊളുത്തിവെച്ച നിലവിളക്കിന്റെ പ്രകാശംപരന്ന വീടുകാണാൻ ഒരു ഐശ്വര്യമൊക്കെ തോന്നിയെങ്കിലും അയാൾ അത് പുറത്ത് പറഞ്ഞില്ല.

""എന്താ ശുഭയെ കൊണ്ടുവരാത്തത്?'' യുക്തിവേദിയുടെ യോഗത്തിൽ ചിത്ര ടീച്ചർ പ്രവീണിനോട് ചോദിച്ചു.

""അതെന്താ ടീച്ചറേ, ആണുങ്ങളാണോ പെണ്ണുങ്ങളെ കൊണ്ടുവരണ്ടത്?'' പ്രവീൺ ചുണ്ട് കോട്ടി ചിരിച്ചു. ""ഭാര്യയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കേണ്ടത് ഭർത്താവാണോ?''""വിളിച്ചിട്ട് ആ കുട്ടി ഫോണെടുക്കുന്നുപോലുമില്ലല്ലോ?'' ""അവളിപ്പോൾ ഭക്തിമാർഗ്ഗത്തിലാ,'' ക്രൂരമായ സംതൃപ്തിയോടെ അയാൾ പറഞ്ഞു.""ഭക്തിയോ?'' മരണവാർത്ത കേട്ടതുപോലെ ടീച്ചർ നടുങ്ങി.""അതേന്നെയ്, അവൾക്കിങ്ങനെ ഓരോ കാലത്ത് ഓരോ ഉപദേഷ്ടാക്കളെ കിട്ടും,'' അവരെ കുത്താൻ കിട്ടിയ അവസരം അയാൾ പാഴാക്കിയില്ല. ""അവര് പറയുന്നതാണ് പിന്നെ വേദവാക്യം.''

തെരുവുനായ്ക്കൾക്ക് അന്നദാനമുള്ള വ്യാഴാഴ്ചകൾ ഒഴിച്ച് മറ്റെല്ലാ ദിവസവും ശുഭ സ്വാമിയുടെ അമ്പലത്തിൽ പോയി. ഭക്തസംഘത്തിന്റെ പ്രവർത്തനങ്ങളിലും അവൾ സജീവമായി. അഗതികൾക്ക് അന്നദാനം, വസ്ത്രദാനം, പൊതുവഴി വൃത്തിയാക്കൽ, മതപഠനം തുടങ്ങി അനേകം പരിപാടികൾ അവർ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

പ്രവീൺ വീട്ടിലുള്ളപ്പോഴെങ്ങാനും ഭക്തസംഘക്കാരുടെ ഫോൺ വന്നാൽ അയാൾ കാതോർത്തിരിക്കും. സ്വാമിയുടെ അത്ഭുതപ്രവൃത്തികൾ, ഉപദേശങ്ങൾ, തത്വങ്ങൾ തുടങ്ങി വീണുകിട്ടുന്നതെല്ലാം പെറുക്കിയെടുക്കും. തരം കിട്ടുമ്പോൾ എടുത്ത് പ്രയോഗിക്കാമല്ലോ. ഒരു ഭക്തയുടെ സ്വർണ്ണം കളവുപോയത് വേലക്കാരിയുടെ സഞ്ചിയിലുണ്ട് എന്ന് സ്വാമി സ്വപ്നത്തിൽ വന്ന് അറിയിച്ച സംഭവം കുറേ ദിവസത്തെ ചർച്ചാവിഷയമായിരുന്നു. വീട്ടമ്മയ്ക്കുപകരം വേലക്കാരിയായിരുന്നു ഭക്തയെങ്കിൽ പിടിക്കപ്പെടുമായിരുന്നില്ല എന്ന് പ്രവീൺ പരിഹസിച്ചു. ഭർത്താവിന് കൃത്യസമയത്ത് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാത്ത ഭാര്യമാർക്ക് ദഹനേന്ദ്രിയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകും എന്ന സ്വാമിയുടെ ഉപദേശവും ഭൂമിക്കടിയിൽ നാലായിരം കിലോമീറ്റർ ആഴത്തിലാണ് പരലോകം സ്ഥിതിചെയ്യുന്നത് എന്ന വെളിപാടുമൊക്കെ അയാളുടെ നാക്കിന്റെ മൂർച്ചയ്ക്ക് വിധേയമായി.

ഏതെങ്കിലും മുറിയിൽ ലൈറ്റ് ഓണായി കിടക്കുന്നതുകണ്ടാൽ അയാൾ തുടങ്ങും: ""നമുക്ക് കുറച്ച് സീറോ വാട്ട് ബൾബ് വാങ്ങിയാലോ?'' ""സീറോ വാട്ടോ?'' ആദ്യത്തെത്തവണ അവൾ അമ്പരന്നു.""അതെ. വയലറ്റ് കളറിൽ.'' അയാൾ പരിഹാസം മറച്ചുവെച്ച് ഗൗരവത്തിൽ വിശദീകരിച്ചു. ""കറന്റ് കുറച്ച് മതി. എപ്പോഴും ഓൺ ചെയ്ത് ഇട്ടാലും വലിയ ചെലവ് വരില്ല. പോരെങ്കിൽ സഹസ്രാരചക്രത്തിന്റെ അതേ നിറമായതുകൊണ്ട് തലയുടെ മുകൾഭാഗത്ത് വെളിച്ചം വീഴുമ്പോൾ യോഗശക്തി ഉണർന്നുവരികയും ചെയ്യും. നിനക്കറിയില്ലേ?'' അയാൾക്ക് ചിരി പൊട്ടി. ""കഴിഞ്ഞദിവസം നിന്റെ സ്വാമി പറഞ്ഞതായിട്ട് ആ മാസികയിൽ ഉണ്ടായിരുന്നല്ലോ.''""എനിക്ക് സയൻസൊന്നും അറിയില്ല പ്രവിയേട്ടാ,'' ശുഭ പറയും. ""സ്വാമി പറഞ്ഞുതന്ന അറിവുകളേ ഉള്ളൂ. പ്രവിയേട്ടന് നല്ല ധൈര്യമുള്ളതുകൊണ്ട് കളിയാക്കാം.''

സ്വാമി മൃത്യുഞ്ജയാനന്ദയ്ക്ക് ശാസ്ത്രം അറിയില്ല എന്നും തനിക്ക് അറിയും എന്നുമുള്ള പ്രവീണിന്റെ ധാരണയ്ക്ക് ഏതാനും വർഷങ്ങൾകൂടി ആയുസ്സുണ്ടായിരുന്നു. വിരലോളം പോന്ന തുരുമ്പുകട്ടയുടെ രൂപത്തിൽ ഭൂമിയുടെ ഉപരിതലത്തിൽനിന്ന് പുറപ്പെട്ട്, മണ്ണിന്റെ അടരുകൾ വകഞ്ഞുമാറ്റി, മണിക്കൂറിൽ ആയിരം കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് മൃത്യുഞ്ജയലോകത്തിലെത്തുന്ന ആ ദിവസം മാത്രമല്ലേ സ്വാമിയുടെ കണക്കിന്റെ കൃത്യത മനസ്സിലാക്കാൻ അയാൾക്ക് കഴിയൂ.
ഭക്തസംഘത്തിന്റെ മീറ്റിങ്ങുകൾ നടത്താൻ തന്റെ വീട് ഉപയോഗിക്കാൻ പാടില്ല എന്ന് പ്രവീൺ കർശനമായി വിലക്കി. സേവനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള യോഗങ്ങളാണ് നടക്കുന്നതെന്ന് ശുഭ വാദിച്ചെങ്കിലും ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവരുടെയും അണക്കെട്ടിൽനിന്ന് മണലൂറ്റ് നടത്തുന്നവരുടെയും പാറമടയുടെ പേരിൽ പരിസ്ഥിതി നശിപ്പിക്കുന്നവരുടെയും ഭാര്യമാർ തന്റെ വീട്ടിൽ വരുന്നത് ഇഷ്ടമല്ല എന്ന് അയാൾ തീർത്തുപറഞ്ഞു.
ഭക്തസംഘത്തിന്റെ കൺവീനറായി കണ്ണൻ എന്ന് പേരുള്ള സുമുഖനായ ഒരു യുവാവുണ്ടായിരുന്നു. തന്റെ വീട്ടിൽ അയാൾ കയറാൻ പാടില്ല എന്ന് പ്രവീൺ ശുഭയോട് പ്രത്യേകം നിഷ്‌കർഷിച്ചു. ഇംഗ്ലീഷ് അധ്യാപകനായ അയാളുടെ യുജിസി ശമ്പളത്തെയും വെളുത്ത സ്‌കോഡാ കാറിനെയും പാലുപോലുള്ള മുഖത്തെ കറുത്ത താടിരോമങ്ങളെയും പരിഹസിച്ച് സംസാരിക്കാൻ കിട്ടുന്ന ഒരവസരവും പ്രവീൺ പാഴാക്കിയില്ല. കണ്ണന്റെ ചിരി വയലറ്റ് സ്വാമിയുടേതുപോലെതന്നെ ആയതുകൊണ്ട് അയാളുടെ അമ്മയുടെ സ്വഭാവശുദ്ധി സംശയാസ്പദമാണെന്ന് പ്രവീൺ ആരോപിച്ചു. പഴയ നാട്ടുരാജാവിന്റെ ഉടമസ്ഥതയിലുള്ള കോളേജിൽ കോഴ കൊടുക്കാതെ ജോലികിട്ടുകയില്ലെന്നും അത്തരക്കാർക്ക് എന്ത് ധാർമ്മികതയാണ് പ്രചരിപ്പിക്കാൻ കഴിയുന്നതെന്നും വാദിച്ചു. ""വെറും സർക്കാർ ഗുമസ്തനായ നമ്മളൊക്കെ എത്രയോ ഭേദം!'' അയാൾ പറഞ്ഞു.

വീട്ടമ്മമാരെക്കൊണ്ട് നിറഞ്ഞ ഭക്തസംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്ന കണ്ണൻ അവിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ പ്രവീൺ രോഷം കൊണ്ടു. ""എന്തിനാ കല്യാണം കഴിക്കുന്നത്? വെറൈറ്റി ചരക്കുകളുടെ കൂടെയല്ലേ തിക്കിത്തിരക്കുന്നത്?''"ചരക്ക്' എന്ന വാക്ക് ഭർത്താവിന്റെ വായിൽനിന്ന് കേട്ട് ശുഭ നടുങ്ങി. ""മൃത്യുഞ്ജയാ, സർവംജയാ.'' അവൾ നാമം ജപിക്കാൻ തുടങ്ങി. ""എന്തൊക്കെയാണ് ഈ പറയുന്നത്?''""മൃത്യുഞ്ജയൻ!'' പ്രവീൺ കാത് പൊത്തി. ""ആ കള്ളസ്വാമിയുടെ പേര് എന്നോട് പറയരുതെന്ന് പറഞ്ഞിട്ടില്ലേ?''""ചീത്തവാക്കുകൾ പറഞ്ഞാലും ഭഗവാന്റെ നാമം പറയാൻ പാടില്ല?'' അവൾ വേദനയോടെയും അത്ഭുതത്തോടെയും അയാളെനോക്കി നിന്നുപോയി.

കല്യാണം കഴിഞ്ഞാൽ വൈകാതെ ഭഗവാൻ അനുഗ്രഹിച്ച് ഗർഭമാകുമെന്നായിരുന്നു ശുഭയുടെ വിശ്വാസം. കുട്ടിയുണ്ടാകണം എന്ന ആഗ്രഹംകൊണ്ട് മാത്രമാണ് കല്യാണം കഴിച്ചതെന്നും അല്ലെങ്കിൽ ആശ്രമത്തിൽച്ചേർന്ന് സന്യാസിനിയായേനെ എന്നും അവൾ പറഞ്ഞിരുന്നു. സഹോദരിമാരുടെയും ബന്ധുക്കളുടെയും കുട്ടികളെ കുളിപ്പിക്കുക, കണ്ണെഴുതിക്കുക, ഉറക്കുക തുടങ്ങി എല്ലാ കാര്യങ്ങളിലും സഹകരിച്ചിട്ടുള്ള അവൾ ശിശുവിഷയത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരു പണ്ഡിതയായിരുന്നു. കോളേജിൽ പഠിച്ചിട്ടില്ലെങ്കിലും അവൾക്ക് "ചൈൽഡ് ഡെവലപ്പ്‌മെന്റിൽ' പോസ്റ്റ്-ഗ്രാജ്വേഷനാണെന്ന് പ്രവീൺ പരിഹസിച്ചു. കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ കുപ്പായങ്ങൾ, കളിപ്പാട്ടങ്ങൾ, വ്യായാമങ്ങൾ ഇവയെപ്പറ്റിയൊക്കെ സംസാരിക്കാൻ അവൾക്ക് വലിയ താല്പര്യമായിരുന്നു.
ആദ്യത്തെ കുട്ടി മൂന്നുകൊല്ലം കഴിഞ്ഞ് മതി എന്ന് പ്രവീൺ പ്രഖ്യാപിച്ചതോടെ ഒരുതരം സ്തംഭനാവസ്ഥയിലായി അവൾ. "വിശേഷം എന്തെങ്കിലും?' എന്ന് ചോദിക്കുന്ന ബന്ധുക്കളുടെ ഉപദേശങ്ങളും എരിതീയിൽ എണ്ണപോലെ വന്ന് വീണുകൊണ്ടിരുന്നു.

ഭക്തസംഘത്തിന്റെ പരിപാടികൾക്ക് നടന്നാലും വീട്ടുകാര്യങ്ങൾക്ക് കുറവ് വരരുത് എന്ന് പ്രവീൺ നിഷ്‌കർഷിച്ചിരുന്നു. അവൾ അത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. എവിടൊക്കെ പോയാലും അയാൾ ഓഫീസിൽനിന്ന് എത്തുമ്പോൾ ചായ വിളമ്പാൻ വീട്ടിലുണ്ടാകും. അതുകഴിഞ്ഞ്, അയാളുടെ അനുവാദം വാങ്ങിയിട്ടേ അമ്പലത്തിൽപ്പോലും പോകുകയുള്ളൂ.
എന്നാൽ, വിവാഹത്തിന്റെ ഒന്നാം വാർഷികത്തോട് അടുപ്പിച്ച് അതിൽ മാറ്റം വരാൻ തുടങ്ങി എന്ന് അയാൾ ആരോപിച്ചു. ഭക്തസംഘത്തിന്റെ പ്രവർത്തനത്തിൽ അവൾ കൂടുതൽ മുഴുകുന്നുണ്ട്. "പ്രവിയേട്ടൻ ഒരാളുടെ കാര്യമല്ലേ എനിക്ക് നോക്കാനുള്ളൂ' എന്നായിരുന്നു ശുഭയുടെ വിശദീകരണം. കുട്ടി ഇല്ലല്ലോ എന്നാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് നേരെ പറഞ്ഞാൽ പോരേ എന്നും വളച്ചുകെട്ടി സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും പറഞ്ഞ് അയാൾ അതും ഒരു ബഹളമാക്കി.

ശുഭയെപ്പോലെ സമർപ്പണബുദ്ധിയും ഉത്സാഹവുമൊക്കെയുള്ള കുറേ പ്രവർത്തകർ യുക്തിവേദിയ്ക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് അക്കാലത്ത് പ്രവീൺ ഉള്ളാലെ ആഗ്രഹിച്ചിരുന്നു. മതം ഒരു മയക്കുമരുന്നാണല്ലോ എന്നും അതിനോളം ലഹരി സത്യാന്വേഷണത്തിന് ഉണ്ടാകില്ലല്ലോ എന്നും വിചാരിച്ചാണ് അയാൾ സമാധാനിച്ചത്.

പതിനെട്ട്

സ്വാമി മൃത്യുഞ്ജയാനന്ദയുടെ ഇപ്പോഴത്തെ ശരീരത്തിന് എഴുപത് വയസ്സ് തികയുന്ന കാലം വന്നു. ലോകമെമ്പാടുമുള്ള ഭക്തജനകോടികളുടെ ആഭിമുഖ്യത്തിൽ "മഹാമൃത്യുഞ്ജയം' എന്ന പേരിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സപ്തതി ആഘോഷമാണ് ആസൂത്രണം ചെയ്യപ്പെട്ടത്. ഭക്തിഗാനമേള, പ്രഭാഷണപരമ്പര, അന്നദാനം, ഘോഷയാത്ര തുടങ്ങിയ ധാരാളം പരിപാടികളുമായി ശുഭയുടെ നഗരവും ആഘോഷത്തിനൊരുങ്ങി. ഭക്തസംഘത്തിലെ മറ്റെല്ലാ അംഗങ്ങളെയുംപോലെ അവളും പല ചുമതലകളായി ഓടിനടന്നു.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും സിനിമാതാരങ്ങളുടെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും ആശംസകളുമായി പത്രങ്ങൾ പ്രത്യേകസപ്ലിമെന്റുകൾ പുറത്തിറക്കി. വഴിവക്കിലെ മതിലുകളിൽ വയലറ്റ് പോസ്റ്ററുകളും വിളക്കുകാലുകളിൽ വയലറ്റ് ബാനറുകളും നിറഞ്ഞു. പരിസ്ഥിതിയെ മലിനീകരിക്കുന്നു എന്ന് പറഞ്ഞ് പ്രവീൺ സ്വാമിയെ പ്രാകി.
സപ്തതിവാരം മൂന്നാം ദിവസം വൈകിട്ട് പ്രവീൺ ഓഫീസിൽനിന്ന് എത്തിയപ്പോൾ ശുഭ വീട്ടിലുണ്ടായിരുന്നില്ല. ഫ്‌ലാസ്‌കിൽ വെച്ച ചായ കുടിച്ച്, മുഷിഞ്ഞ്, അയാൾ ഇരുന്നു. അത്താഴത്തിന് തൊട്ടുമുമ്പ് അവൾ കയറിവന്നു. പ്രവീണിന് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണവും വൈകിയതിന് വിശദീകരണങ്ങളും ഒക്കെ അറിയിച്ചു.

എന്നാൽ, പിറ്റേന്നും അവൾ വൈകി.""നാളെ ഞാൻ വൈകില്ല,'' അവൾ പ്രവീണിന് ഉറപ്പുകൊടുത്തു.""നന്നായി,'' അയാൾ മുറുമുറുത്തു. ""എന്റെ ക്ഷമയ്ക്കും ഒരു പരിധിയൊക്കെയുണ്ട്.''
സപ്തതി ആഘോഷങ്ങളുടെ സമാപനദിവസമായിരുന്നു പിറ്റേന്ന്. ഘോഷയാത്രയും പൊതുസമ്മേളനവും ഉണ്ട്. പ്രവീൺ ഓഫീസിൽനിന്ന് വരുന്ന വഴിയിലെല്ലാം അമിതമായി തുള്ളിനീലം മുക്കിയ വേഷം ധരിച്ച കാൽനടക്കാരുടെയും വയലറ്റ് കൊടിവെച്ച വാഹനങ്ങളുടെയും തിരക്കായിരുന്നു.
ഒരു വിധത്തിൽ ബ്ലോക്ക് കടന്നുകിട്ടിയപ്പോൾ സ്വല്പം വേഗത്തിൽ ഓടിച്ചുവരികയായിരുന്നു അയാൾ. ഒരു വളവ് തിരിഞ്ഞതും റോഡിന്റെ നടുക്ക് ഒരു ആണും പെണ്ണും. സഡൻ ബ്രെയ്ക്കിട്ടിരുന്നില്ലെങ്കിൽ ചെന്ന് മുട്ടിയേനെ. ഒരു വെള്ള ജുബ്ബക്കാരനും ശുഭയുടെ രൂപസാമ്യമുള്ള പെണ്ണും. റോഡിൽ ടയർ ഉരഞ്ഞുനിന്ന ശബ്ദം കേട്ട് എന്തോ അത്ഭുതം കാണുന്നതുപോലെ രണ്ടുപേരും തിരിഞ്ഞുനോക്കി.
എന്നിട്ട്, ഇപ്പോൾ അപകടം നടന്നേനെ എന്ന ഭാവമില്ലാതെ മുട്ടിയുരുമ്മി ചിരിച്ച്, റോഡ് മുറിച്ച് നടന്നുപോയി. പ്രവീൺ ഒന്ന് രൂക്ഷമായി നോക്കി.""നായിന്റെ മോള്!'' സ്‌കൂട്ടർ ദൂരെയെത്തിക്കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു. ""ഘോഷയാത്രയ്‌ക്കെന്നും പറഞ്ഞ് ഇറങ്ങിയിരിക്കുന്നു, രാസക്രീഡയ്ക്ക്!''
വീട്ടിലെത്തിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. അവിടെ ശുഭയുമില്ല, ചായയുമില്ല, അത്താഴത്തിന് ഒന്നും ഉണ്ടാക്കിവെച്ചിട്ടുമില്ല. ഫോൺ വിളിച്ചുനോക്കിയപ്പോൾ "പരിധിക്ക് പുറത്താണ്'!""അതെ. ഇത്തവണ പരിധിക്ക് പുറത്തുതന്നെയാണ്,'' അയാൾ ഉറക്കെപ്പറഞ്ഞു. ""വല്ല സ്വാമീടെ മോനും കാര്യം സാധിച്ചിട്ട് വകവരുത്തിക്കളഞ്ഞോ എന്ന് എങ്ങനെയറിയും?'' ഉടൻതന്നെ വീട്ടിലെത്തണം എന്ന് ഒരു എസ്. എം. എസ്. അയച്ചു.
അരമണിക്കൂർ കഴിഞ്ഞിട്ടും മറുപടി കിട്ടാത്തപ്പോൾ അയാൾക്ക് സഹികെട്ടു. കട്ടിലിനടിയിൽനിന്ന് ശുഭയുടെ പെട്ടി വലിച്ചെടുത്തു. എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് ഒരു ചുഴലിക്കാറ്റുപോലെ വീട്ടിൽ അങ്ങുമിങ്ങും പാഞ്ഞുനടന്ന് അവളുടെ സാരിയും ചുരിദാറുമെല്ലാമെടുത്ത് പെട്ടിയിൽ കുത്തിനിറച്ചു. അലമാരയിൽ വലിച്ചുവാരിയിട്ടിരുന്ന മാലയും വളയും പെർഫ്യൂമും പിന്നെ പേരറിയാത്ത അനേകം സാധനങ്ങളുമെല്ലാം പ്ലാസ്റ്റിക് കൂടുകളിലാക്കി പെട്ടിയിൽത്തിരുകി സ്വീകരണമുറിയുടെ നടുവിൽ കൊണ്ടുവന്ന് വെച്ചു.

ഒമ്പതുമണിയാകാറായപ്പോൾ ഒരു ഓട്ടോറിക്ഷ വന്നുനിന്നു.
ഭക്തജനങ്ങളുടെ കലമ്പൽ ഉയർന്നു. പ്രവീൺ അനങ്ങിയില്ല.
ശുഭ വാതിലിൽ മുട്ടിവിളിച്ചപ്പോൾ മൂന്നാമത്തെ വിളിക്കേ അയാൾ എഴുന്നേറ്റ് ചെന്നുള്ളൂ. കതകിൽ ഒട്ടിച്ചിരുന്ന ഒരു കടലാസുകഷണവും പറിച്ചെടുത്തുകൊണ്ടാണ് അവൾ അകത്തേക്ക് വന്നത്.""ഇത് കണ്ടില്ലേ?'' അവൾ ചോദിച്ചു.""എന്താ ഇത്?'' അയാൾ അത് വാങ്ങി നോക്കിയില്ല.""ഞാൻ വരാൻ വൈകുമെന്നും പുറത്തുനിന്ന് ഭക്ഷണം കഴിക്കണമെന്നും എഴുതിവെച്ചിരുന്നത് കണ്ടില്ലേ?''""ഇല്ല,'' അയാൾ ഗൗരവം വിടാതെ പറഞ്ഞു.""ഞാൻ വിളിച്ചിട്ട് പ്രവിയേട്ടൻ എടുത്തില്ല.'' ""ജോലിചെയ്യുന്ന സമയത്ത് ഞാൻ ഫോൺ എടുക്കാറില്ലെന്ന് അറിയില്ലേ?''""അപ്പോൾ എനിക്കൊന്നും വാങ്ങിയിട്ടില്ല?'' സാരിയിൽ കുത്തിയ പിൻ അഴിച്ചെടുത്തുകൊണ്ട് അകത്തേക്ക് നടക്കുമ്പോൾ അവൾ ചിണുങ്ങി. ""വിശന്നിട്ട് വയ്യ.''""നിൽക്ക്!'' അയാൾ ശബ്ദമുയർത്തി. ""ഒരു കീറ് കടലാസിൽ എന്തെങ്കിലും എഴുതി വാതിലിൽ ഒട്ടിച്ചിട്ടുപോയാൽ നിന്റെ ഉത്തരവാദിത്തം കഴിഞ്ഞോ?''
അവൾ തിരിഞ്ഞുനിന്നു. അവളുടെ മുഖത്തുനിന്ന് ആഘോഷത്തിന്റെ ലഹരി വാർന്നിറങ്ങി ഇരുട്ട് പടർന്നുകയറുന്നത് അയാൾ കണ്ടു. എന്തോ പറയാൻ തുടങ്ങുമ്പോഴാണ് മുറിയുടെ നടുവിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പെട്ടി കണ്ണിൽ പെട്ടത്. ""ഇതെന്താ ഇവിടെയിരിക്കുന്നത്?'' അവൾ ചോദിച്ചു.""നിന്റെ വീട്ടിൽവരെ ഒന്ന് പോകണ്ട ആവശ്യമുണ്ട്,'' അയാൾ പറഞ്ഞു. ""അഹങ്കാരം കുറയുമ്പോൾ വന്നാൽ മതി.''""ഇതാണ് എന്റെ വീട്.'' പ്രതിമ പോലെ അനക്കമറ്റ് നിൽക്കുകയായിരുന്നു ശുഭ. അവളുടെ കവിളിൽക്കൂടി കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി.""തോന്നിയതുപോലെ നടന്നിട്ട് തോന്നിയ സമയത്ത് കയറിവരാനുള്ള സ്ഥലമല്ല എന്റെ വീട്,'' അയാൾ ആക്രോശിച്ചു.""ഇത് എന്റെയും വീടാണ്,'' അവൾ ആവർത്തിച്ചു.""ഇവിടെ വാടക കൊടുക്കുന്നത് ഞാനാണ്,'' അയാൾ ചിരിച്ചു. നാടകത്തിലേതുപോലുള്ള ചിരി.
അവൾ നിന്ന നില്പിൽനിന്ന് അനങ്ങിയില്ല. മുഖം വികൃതമാക്കിക്കൊണ്ട് കരയുകമാത്രം ചെയ്തു.""ഞാൻ താജിനെ വിളിക്കാൻ പോവുകയാണ്,'' അയാൾ പറഞ്ഞു. ""അയാൾ വന്നാലുടൻ നമ്മൾ പോകും.''
ടാക്‌സിക്കാരൻ താജുദ്ദീൻ ഫോണെടുത്തിട്ട് അത്താഴം കഴിക്കുകയാണെന്ന് പറഞ്ഞു. അരമണിക്കൂറിനുള്ളിൽ വരും.
അവൾ കിടപ്പുമുറിയിലേക്ക് പോകാൻ തിരിഞ്ഞു.
""എങ്ങോട്ടാ?'' അയാൾ ചോദിച്ചു. ""ബാത്ത്‌റൂമിലോ മറ്റോ പോകണോ?''
വേണ്ടെന്ന് തലകുലുക്കി അവൾ.""എന്നാൽ ഇനി അങ്ങോട്ട് കയറണ്ട. എല്ലാം ഇതിനകത്തുണ്ട്.'' അയാൾ പെട്ടിക്കുനേരെ ചൂണ്ടി.
അവൾ നടന്നുചെന്ന് പെട്ടിയുടെ മുകളിൽ ഇരിപ്പുറപ്പിച്ചു. കരച്ചിലിന്റെ അമർത്തിയ ശബ്ദം മാത്രം ഇടയ്ക്കിടയ്ക്ക് പൊട്ടിയൊഴുകി. അയാൾ സോഫയിലിരുന്ന് പുസ്തകം വായിക്കാൻ തുടങ്ങി. താജ് വരുന്നതുവരെ രണ്ടുപേരും അനങ്ങിയില്ല.

പത്തൊമ്പത്

പ്രവീൺ ഡ്രൈവറോടൊപ്പം മുൻസീറ്റിലാണ് ഇരുന്നത്. ശുഭ തനിച്ച് പിന്നിലും. നിറുത്താതെ സംസാരിക്കുന്ന സ്വഭാവക്കാരനായ താജുദ്ദീൻ അന്തരീക്ഷത്തിലെ പന്തികേട് മനസ്സിലാക്കിയതോടെ മൗനത്തിലായി.
തെളിഞ്ഞ ഒരു വൃശ്ചികരാത്രിയായിരുന്നു അത്. പ്രകാശിച്ചുനിൽക്കുന്ന പാടങ്ങൾക്കും കുന്നുകൾക്കും നടുവിലൂടെ പെട്ടിയിലടച്ച ഇരുട്ടുപോലെ കാർ ഒഴുകി.

""പ്രവിയേട്ടാ,'' വണ്ടി കുറേ പോയിക്കഴിഞ്ഞപ്പോൾ ശുഭ പതുക്കെ വിളിച്ചു.
അയാൾ മൂളി. അവൾ വീണ്ടും കരയാൻ തുടങ്ങുമോ എന്ന് ഭയന്ന് അയാൾ തിരിഞ്ഞുനോക്കിയില്ല. മൂന്നാമതൊരാളിന്റെ സാന്നിധ്യത്തിൽ കണ്ണുനീരും അലർച്ചയുമൊക്കെ ഒഴിവാക്കേണ്ടതുണ്ട്.""സ്റ്റോർ റൂമിലെ ഫോട്ടോ...'' അവൾ പറഞ്ഞു.
അതിനിടയ്ക്കും വയലറ്റ് സ്വാമിയുടെ ചിത്രത്തിന്റെ വിചാരമാണ് അവൾക്ക്, അയാൾ കരുതി. ""പെട്ടിയിലുണ്ട്.''

പ്രവീൺ വിവാഹമോചനത്തിന്റെ നടപടികളെപ്പറ്റി ചിന്തിക്കാൻ ശ്രമിച്ചു. കുടുംബകോടതി, ജീവനാംശം എന്നൊക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ വലിയ ധാരണയൊന്നും ഇല്ല. എന്നാൽ, ഒരു സംശയവുമില്ലാത്ത ഒരു കാര്യം അയാളുടെ മനസ്സിൽ ഉണ്ടായിരുന്നു: വണ്ടി മുമ്പോട്ടുതന്നെ പോകണം എന്നത്.
വഴിയിൽ ഒരു അപകടം കാരണം ഒരുപാട് നേരം ബ്ലോക്കിൽ കിടക്കേണ്ടിവന്നു അവർക്ക്. ഇടുങ്ങിയ വഴികളിലൂടെ മുമ്പോട്ടും പിമ്പോട്ടും പോകാൻ കഴിയാത്ത അവസ്ഥ. അത്താഴം കഴിഞ്ഞ് നേരത്തെ ഉറങ്ങുന്ന ശീലമുള്ള നാട്ടിൻപുറത്തുകാരായ മനുഷ്യർ തങ്ങളുടെ ആയുഷ്‌കാലത്തിൽ നടന്ന വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതിനായി പുറത്തിറങ്ങിനിൽക്കുന്നതും പുകവലിച്ചും എമർജൻസി ലാംപ് തെളിച്ചും അങ്ങിങ്ങ് നടക്കുന്നതും കണ്ട് അവർ വണ്ടിയിൽ ഇരുന്നു. പേരറിയാത്ത ഏതോ പൂവിന്റെ വാസന കാറ്റിൽ ഒഴുകിനടന്നു. അവിടെ ഒരു കാൽനടക്കാരനെ വകവരുത്തിയ അതേ വാഹനമാണ് ഏതാനും വർഷങ്ങൾക്കും രണ്ട് ഉടമസ്ഥർക്കും ശേഷം പ്രവീണിന്റെ ഉയർത്തിപ്പിടിച്ചിരിക്കുന്ന ശിരസ്സിനുമുകളിലൂടെ വണ്ടിച്ചക്രങ്ങൾ കയറ്റിയിറക്കാൻപോകുന്നത് എന്ന് അന്ന് ആരും അറിഞ്ഞില്ല.

എല്ലാം കഴിഞ്ഞ് ശുഭയുടെ വീട്ടിലെത്തിയപ്പോൾ മണി പന്ത്രണ്ടേകാൽ. പ്രവീൺ വണ്ടിയിൽനിന്ന് ഇറങ്ങിയില്ല. താജ് പെട്ടിയെടുത്ത് വരാന്തയിൽ കൊണ്ടുവെച്ച് ബെല്ലടിച്ചു.

""ഉം,'' പ്രവീൺ ശുഭയോട് പറഞ്ഞു. ""ഇറങ്ങിക്കോളൂ.''
വീട്ടിനകത്ത് ലൈറ്റ് തെളിയുന്നതും തുറന്ന വാതിൽക്കൽ അമ്മയും അച്ഛനും നിൽക്കുന്നതും ശുഭ അവരെക്കടന്ന് അകത്തേക്ക് പോകുന്നതും അയാൾ കണ്ടു. താജ് തിരികെ വന്ന് കാറിൽ കയറിയിരുന്നു.""എന്താ, എന്താ?'' അച്ഛന്റെ പരിഭ്രമിച്ച ശബ്ദം ഉറക്കെ മുഴങ്ങി.
അച്ഛനും അമ്മയുംകൂടി പുറത്തിറങ്ങി കാറിനടുത്തേക്ക് വന്നു. ""പ്രവീൺ ഇറങ്ങുന്നില്ലേ?'' വൃദ്ധൻ ചോദിച്ചു.""ഇല്ല,'' അയാൾ മുഖത്തുനോക്കാതെ മുരണ്ടു.""എന്തായിത് മോനേ?'' അമ്മ കരച്ചിൽ തുടങ്ങി. ""നിങ്ങളൊക്കെ വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളാണെന്ന് വിചാരിച്ചിട്ട്...''""പ്രവീൺ ഒന്ന് ഇറങ്ങൂ,'' പുറത്ത് വന്നുനിന്നിട്ട് അച്ഛൻ ദയനീയമായി അപേക്ഷിച്ചു. അദ്ദേഹം കുനിഞ്ഞ്, താജിന്റെ മുഖത്തേക്ക് നോക്കി. ഡ്രൈവർ കേൾക്കാതിരിക്കാനെന്നപോലെ ശബ്ദം താഴ്ത്തി പറഞ്ഞു. ""മൂന്ന് പെൺകുട്ടികളെ കല്യാണം കഴിച്ചുകൊടുത്തിട്ട് ഈ വീട്ടിൽ ഇതുവരെ ഒരു പ്രശ്‌നം...'' ഒന്ന് നിർത്തിയിട്ട് തുടർന്നു. ""ഇറങ്ങൂ. നമുക്ക് സംസാരിക്കാം.''""വിട്ടോളൂ,'' പ്രവീൺ താജിനോട് പറഞ്ഞു.
വണ്ടി റിവേഴ്‌സ് എടുത്ത് തിരിഞ്ഞ് മുന്നോട്ട് വന്നപ്പോൾ അമ്മ മുറ്റത്തെ ചെടിച്ചട്ടികൾക്കിടയിലേക്ക് പിൻവാങ്ങി. അച്ഛൻ വണ്ടിയുടെ കുറുകെ എടുത്തുചാടിയിട്ട് പ്രവീണിന്റെ വശത്തെ മിററിൽ തൂങ്ങി. ""പോകല്ലേ,'' അദ്ദേഹം വിളിച്ചുപറഞ്ഞു. ""ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.''
താജ് ബ്രെയ്ക്കിട്ടു. ""വണ്ടികൊണ്ട് കളിക്കാൻ ഞാനില്ല, സർ.'' അയാൾ പ്രവീണിനോട് പറഞ്ഞു. ""അപകടമാണ്.''
താജുദ്ദീന്റെ പണം എണ്ണിക്കൊടുത്തിട്ട് പ്രവീൺ പുറത്തിറങ്ങുന്നതുവരെ ശുഭയുടെ അച്ഛൻ മിററിൽനിന്നുള്ള പിടി വിട്ടില്ല.
അന്ന് രാത്രി പ്രവീൺ അവിടെ താമസിച്ചു. രാവിലെ ഓഫീസിൽ വിളിച്ച് ലീവ് പറഞ്ഞു. ശുഭയ്ക്ക് സുഖമില്ല എന്നാണ് പറഞ്ഞത്.""വിശേഷം വല്ലതുമാണോ?'' ഓഫീസർ ചോദിച്ചു.""അല്ല, മാഡം,'' വിനയപൂർവം ഫലിതം ആസ്വദിക്കുന്നതായി നടിച്ച് അയാൾ പറഞ്ഞു.

ഭാര്യവീട്ടിലെ സൽക്കാരം പതിവിലും ഗംഭീരമായിരുന്നു. ഉച്ചയൂണിന് പ്രവീണിന്റെ പ്രിയപ്പെട്ട ആകോലി മോരൊഴിച്ച കറി. അത്താഴത്തിന് ചപ്പാത്തിയും ഇറച്ചിക്കറിയും. പ്രശ്‌നം എന്താണെന്ന് ആരും അയാളോട് ചോദിച്ചില്ല. കൃഷി, നാട്ടുകാര്യങ്ങൾ, സിനിമ തുടങ്ങിയ നിർദ്ദോഷമായ വിഷയങ്ങളെപ്പറ്റി സംസാരിച്ച് അയാളെ രസിപ്പിക്കുന്നതിൽ അമ്മായിയച്ഛൻ ശ്രദ്ധപുലർത്തി. അയാൾ ടീവി കണ്ടിരിക്കുമ്പോൾ ഊൺമുറിയിൽ അമ്മയും അച്ഛനും ശുഭയുംകൂടി പതിഞ്ഞ സ്വരത്തിൽ ദീർഘമായ സംസാരത്തിലേർപ്പെട്ടു. അച്ഛന്റെയും അമ്മയുടെയും ശബ്ദം മാത്രമേ കേൾക്കാനുള്ളൂ എന്ന് അയാൾ ശ്രദ്ധിച്ചു. മകളെ പറഞ്ഞ് മനസ്സിലാക്കുകയായിരിക്കും. ഉപദേശങ്ങളും വ്യവസ്ഥകളുമായി തന്റെയടുത്തേക്ക് വരുന്നതിനെക്കാൾ എത്രയോ നല്ല സമ്പ്രദായം.

രണ്ടുദിവസം മുഴുവൻ പ്രവീണും ശുഭയും പരസ്പരം മിണ്ടിയില്ല. രാത്രി ഒരേ കിടക്കയിൽ കിടന്നിട്ടും സ്പർശിച്ചില്ല. തൊടാൻ ചെല്ലുമെന്ന് അവൾ പ്രതീക്ഷിക്കുന്നതായി തോന്നിയെങ്കിലും അയാൾ കാര്യമാക്കിയില്ല.
മൂന്നാംദിവസം ഞായറാഴ്ചയായിരുന്നു. "നാളെ ഓഫീസുണ്ടല്ലോ' എന്ന് അമ്മായിയച്ഛൻ രാവിലേ പറഞ്ഞു.""ഉണ്ട്,'' പ്രവീൺ തലയാട്ടി.""വൈകിട്ടത്തേക്ക് ഞാനൊരു കാറ് പറയാം.''
ഉച്ചയൂണും മയക്കവും കഴിഞ്ഞപ്പോൾ ടാക്‌സി വന്നു. ശുഭയും പെട്ടിയും ആദ്യമേ കയറി. പ്രവീണിനുവേണ്ടി അച്ഛൻ മുൻപിലെ ഡോർ തുറന്നുപിടിച്ചെങ്കിലും അയാൾ പിറകിൽ കയറി. മുല്ലപ്പൂവാസനയുള്ള കാറിൽ ശുഭയോട് ചേർന്നിരുന്ന് സഞ്ചരിക്കുമ്പോൾ അയാൾ ശ്രദ്ധിച്ചു, കല്യാണം കഴിഞ്ഞ് പോയപ്പോൾ ഓടിച്ചിരുന്ന അതേ ഡ്രൈവറാണ്. വിജയകരമായ രണ്ടാം ഇന്നിങ്‌സ്.

ഇരുപത്

വിവാഹമോചനഭീഷണിയിലൂടെ കീഴടക്കിയ ശുഭയെയുംകൊണ്ട് വിജയശ്രീലാളിതനായ ഒരു യോദ്ധാവിനെപ്പോലെയാണ് പ്രവീൺ വീട്ടിൽ മടങ്ങിയെത്തിയത്. സ്വീകരണമുറിയുടെ നിശ്ശബ്ദതയിൽ, ഒറ്റയ്ക്കുനിന്ന് എരിയുന്ന ബൾബിന്റെ വെളിച്ചത്തിൽ, അഭിമുഖമായി ഇട്ട ഇരിപ്പിടങ്ങളിൽ ഇരുന്ന് അവർ സംസാരിച്ചു. അവർ സംസാരിച്ചു എന്ന് പറഞ്ഞാൽ അയാൾ സംസാരിക്കുകയും അവൾ കേൾക്കുകയും ചെയ്തു എന്ന് അർത്ഥം. സന്തോഷകരവും അർത്ഥപൂർണവുമായ ദാമ്പത്യം എന്ന തന്റെ ലക്ഷ്യവും അത് കൈവരിക്കുന്നതിനുവേണ്ടി തങ്ങൾ കൈക്കൊള്ളേണ്ട നടപടികളും ആയിരുന്നു പ്രവീണിന്റെ പ്രഭാഷണത്തിന്റെ വിഷയം.

അയാൾ മുന്നോട്ടുവെച്ച കീഴടങ്ങൽ വ്യവസ്ഥകൾ ഇപ്രകാരമായിരുന്നു: 1) ശുഭയ്ക്ക് വിശ്വാസിയായി തുടരാം. പക്ഷേ, ഓഫീസിലെയും യുക്തിവേദിയിലെയും ജോലികൾ കഴിഞ്ഞ് പ്രവീൺ മടങ്ങിയെത്തുന്നതിനുമുമ്പുള്ള സമയം മാത്രമേ ഭക്തസംഘത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി ചെലവാക്കാൻ പാടുള്ളൂ, അതും വീട്ടുകാര്യങ്ങൾ നോക്കിക്കഴിഞ്ഞിട്ടുമാത്രം. വൈകിട്ട് ആറുമണി മുതൽ രാവിലെ ഒമ്പതരവരെയുള്ള സമയം ഭാര്യയും ഭർത്താവും ഒന്നിച്ച് ചെലവഴിക്കേണ്ടതാണ്. ആ നേരത്ത് ഫോൺ ചെയ്യലൊന്നും പാടില്ല. 2) ദൈവങ്ങളിലോ ആൾദൈവങ്ങളിലോ വിശ്വസിക്കാനോ ആചാരങ്ങൾ അനുഷ്ഠിക്കാനോ ശുഭ പ്രവീണിനോട് ആവശ്യപ്പെടരുത്. വയലറ്റ് സ്വാമിയുടെ വചനങ്ങളും മറ്റും പറയരുത്. 3) വയലറ്റ് സ്വാമിയെക്കുറിച്ച് അയാളോട് സംസാരിക്കാതിരിക്കാൻ കഴിയുമെങ്കിൽ അതാണ് ഉത്തമം. അഥവാ സംസാരിക്കേണ്ടിവന്നാൽ "സ്വാമി' എന്ന വാക്ക് ഉപയോഗിക്കരുത്. സ്വാമിക്ക് ഭർത്താവ് എന്നും അർത്ഥമുണ്ട്. 4) പാൽ, പത്രം, പാചകവാതകം, വാടക, വൈദ്യുതി, വെള്ളം, പച്ചക്കറി, പെട്രോൾ, പലചരക്ക് തുടങ്ങിയ ചെലവുകളെല്ലാം പ്രവീൺ വഹിക്കും. ബാക്കിയുള്ള അല്ലറചില്ലറ കാര്യങ്ങൾക്ക് ഓരോ മാസവും ഒരു തുക അവളെ ഏല്പിക്കും. അത് സൂക്ഷിച്ച് ചെലവാക്കിയാൽ അമ്പലത്തിലും ആശ്രമത്തിലും കൊടുക്കാനുള്ള പണം അതിൽനിന്ന് കണ്ടെത്താൻ കഴിയും. 5) പ്രവീണിന്റെ സ്‌കൂട്ടറിന്റെ പിറകിൽ കയറി ശുഭയ്ക്ക് സ്വാമിയുടെ പരിപാടികൾക്ക് പോകാൻ കഴിയില്ല. നടന്നോ ഓട്ടോറിക്ഷയിലോ പോകണം. ഓട്ടോയിൽ പോകുകയാണെങ്കിൽ അതിനുള്ള പണവും മുൻപുപറഞ്ഞ തുകയിൽനിന്ന് മിച്ചം പിടിക്കണം. 6) തുള്ളിനീലത്തിന്റെ ഉപയോഗം നിയന്ത്രിക്കണം. 7) ആഴ്ചയിൽ ഒരിക്കലെങ്കിലും പ്രവീൺ കോഴിയിറച്ചി വാങ്ങിക്കൊണ്ടുവരും. അത് പാകം ചെയ്യേണ്ടത് ശുഭയാണ്. 8) കുട്ടികൾ മൂന്നുകൊല്ലം കഴിഞ്ഞുമതി എന്ന് ആദ്യംതന്നെ പ്രവീൺ പറഞ്ഞിട്ടുള്ളതാണ്. ഈ വിഷയത്തിന്മേൽ ഇനി ചർച്ച ഉണ്ടായിരിക്കുന്നതല്ല.

ആ രാത്രിക്കുശേഷം മൂന്നുകൊല്ലത്തോളം പ്രവീണും ശുഭയും ഒരുമിച്ച് ജീവിച്ചു. അന്ന് തീർച്ചപ്പെടുത്തിയ വ്യവസ്ഥകളിൽനിന്ന് അവൾ പിന്നോട്ടുപോകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിൽ അത്യന്തം ജാഗരൂകനായിരുന്നു അക്കാലമത്രയും അയാൾ. അവൾ ഒരു വ്യവസ്ഥയും ലംഘിച്ചില്ല, ഇളവുകൾ ആവശ്യപ്പെട്ടുമില്ല. തലവേദനകൊണ്ട് എഴുന്നേറ്റുനിൽക്കാൻ വയ്യാത്ത ദിവസങ്ങളിൽപ്പോലും വീട്ടുജോലികളിൽ വീഴ്ച വരുത്തിയില്ല. പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം എന്ന് അച്ഛനും അമ്മയും ഉപദേശിച്ചപ്പോൾ ഇവിടെ ഒരു പ്രശ്‌നവുമില്ല എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പ്രവീൺ ഓഫീസിൽ പോയിക്കഴിഞ്ഞ് മടങ്ങിയെത്തുന്നതിനുമുമ്പുള്ള സമയത്ത് അവൾ സ്വാമിയുടെ കാര്യങ്ങൾ നടത്തി. അയാൾ വീട്ടിലുള്ളപ്പോൾ വിളക്ക് കത്തിക്കുകയോ കീർത്തനംചൊല്ലുകയോ ചെയ്തില്ല. വൈകിട്ട് അയാൾ വന്ന് ബെല്ലടിക്കുന്ന സമയത്ത് വയലറ്റ് ചാനൽ കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ ചാനൽ മാറ്റിയിട്ടേ കതകുതുറക്കാൻ വന്നുള്ളൂ. സ്വാമിയുടെ പുസ്തകങ്ങളും മൃത്യുഞ്ജയം മാസികയുടെ ലക്കങ്ങളും പെട്ടിക്കകത്ത് സൂക്ഷിച്ചു.

വീട്ടിൽനിന്നെടുത്ത ഒരു മണി അരിപോലും അവൾ ഭക്തസംഘത്തിന് കൊടുക്കുന്നില്ല എന്ന് അറിഞ്ഞിട്ടും വെളിച്ചെണ്ണയോ പഞ്ചസാരയോ പാചകവാതകമോ തീർന്നെന്ന് പറയുമ്പോൾ "നായൂട്ട് നടത്തിയതായിരിക്കും' എന്ന് കുത്തുവാക്കുപറയാൻ പ്രവീൺ മറന്നില്ല. സ്വാമിയെക്കുറിച്ച് ഫലിതം പറഞ്ഞും ആൾദൈവങ്ങളെ ശകാരിച്ചും ഇടയ്‌ക്കൊക്കെ പ്രകോപിപ്പിക്കാൻ അയാൾ ശ്രമിച്ചപ്പോഴും അവൾ അതൊന്നും കേട്ടതായി നടിച്ചില്ല.

തങ്ങളുടെ ദാമ്പത്യത്തിനുമേൽ ഒരു മൂകത പരന്നുനിൽക്കുന്നുണ്ട് എന്ന വസ്തുത ഇക്കാലമത്രയും പ്രവീൺ ശ്രദ്ധിച്ചില്ല. സംഭവരഹിതമായും കാര്യക്ഷമമായും വർഷങ്ങൾ കടന്നുപോയപ്പോൾ, ആ മൂകതയെ ശാന്തിയായും പരസ്പരധാരണയായും അയാൾ തെറ്റിദ്ധരിച്ചു.

കുട്ടികൾ ഇല്ലാത്ത മൂന്നുവർഷം പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ ഒരു ജീവിതലക്ഷ്യം നേടിയ സംതൃപ്തിയായിരുന്നു പ്രവീണിന്. തന്നെ യുക്തിവാദത്തിലേക്ക് കൈപിടിച്ചുയർത്തിയ യശശ്ശരീരനായ ഡോ: സാംബശിവന് ഗുരുദക്ഷിണ നൽകിയ സംതൃപ്തി അയാൾ അനുഭവിച്ചു.

എന്നാൽ, ഗർഭനിരോധനഉപാധികൾ ഉപേക്ഷിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഗർഭമാകാതെ വന്നതോടെ ഒരുതരം ആശങ്ക ശുഭയെ ബാധിച്ചു. നിശ്ശബ്ദതയിൽ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങിയപ്പോൾ അത് ഒരു മരവിപ്പായി പ്രവീണിന്റെമേലും പടർന്നുകയറി. കിടപ്പറ ഗുസ്തിക്കളമായി. വിജയിച്ചാൽമാത്രം മോചനം ലഭിക്കുന്ന ഒരു മത്സരക്കളം. ജീവിതത്തിൽ തനിക്ക് തരണം ചെയ്യാൻ കഴിയാത്ത പ്രതിബന്ധങ്ങളില്ലെന്ന് സ്വയം കളവുപറഞ്ഞുകൊണ്ട് അയാൾ അവൾക്കുമേൽ അള്ളിപ്പിടിച്ച് കയറി. വിരസതയും ആധിയും നിറഞ്ഞ അവളുടെ നോട്ടം കാണാതിരിക്കാൻ കണ്ണടച്ചുപിടിച്ചുകൊണ്ട് കിടന്ന് പിടച്ചു.""രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല,'' ഡോക്ടർ അറിയിച്ചു. ""മനസ്സ് ശാന്തമാക്കിവെക്കണം. ദിവസവും പ്രാർത്ഥിക്കണം, അല്ലെങ്കിൽ മെഡിറ്റേഷൻ ശീലിക്കണം.''

ഡോ: സാംബശിവൻ എഴുതിയ "സെൽഫ് ഹിപ്‌നോട്ടിസം: സാധ്യതകളും പരിമിതികളും' എന്ന പുസ്തകം ഷെൽഫിൽനിന്നെടുത്ത് പ്രവീൺ ശ്രദ്ധാപൂർവം വായിച്ചു. ധ്യാനത്തെക്കുറിച്ച് പറയാൻ സാംബൻ ഉപയോഗിച്ചിരുന്ന വാക്കാണ് സെൽഫ് ഹിപ്നോട്ടിസം എന്നത്. പുസ്തകത്തിലെ നിർദ്ദേശങ്ങളനുസരിച്ച് പരിശീലനം നടത്തി പ്രവീൺ. പക്ഷേ, കണ്ണടച്ച് ധ്യാനിക്കാനിരുന്ന മനസ്സ് ചിന്തകളിലും ഓർമ്മകളിലും അലഞ്ഞുനടന്നു. ശുഭയ്ക്ക് പ്രാർത്ഥിക്കാൻ കഴിയുന്നതെങ്ങനെ എന്നോർത്ത് അയാൾ അസൂയപ്പെട്ടു.
ഇണചേരൽ ആവർത്തിച്ചു. ദിവസവും ഓരോ തവണയും അണ്ഡോല്പാദനത്തിന്റെ ദിവസങ്ങളിൽ ഈരണ്ട് തവണയും. ഒന്നും സംഭവിച്ചില്ല. ശുഭ വയലറ്റ് സ്വാമിയുടെ അനാഥാലയത്തിലെ കുട്ടികളുടെ ഫോട്ടോ വെട്ടിയെടുത്ത് തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്നത് കണ്ടില്ലെന്ന് നടിച്ചു അയാൾ. അവൾക്ക് നായ്ക്കളെ ഭയമില്ലായിരുന്നെങ്കിൽ ഒരു നായ്ക്കുട്ടിയെ വാങ്ങാമായിരുന്നു എന്നുപോലും അയാൾ അക്കാലത്ത് ചിന്തിച്ചിരുന്നു.

ഒരു ഞായറാഴ്ച ദിവസം രാവിലെ ശുഭ ഒരു നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലേക്ക് പോയി. പ്രവീൺ പോയില്ല. യുക്തിവേദിയുടെ പരിപാടിയുണ്ടെന്നാണ് പറഞ്ഞിരുന്നതെങ്കിലും വിശേഷം ആയില്ലേ എന്ന ചോദ്യക്കാരെ നേരിടാൻ അയാൾക്ക് താല്പര്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അവൾക്ക് ബസ്സ്റ്റോപ്പിലെത്താൻ സമയം കൊടുത്തിട്ട് അയാൾ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചുവെച്ച്, ശബ്ദമുണ്ടാക്കാതെ സ്റ്റോർ മുറിയിലേക്ക് നടന്നു. ആസ്‌ബെസ്റ്റോസ് വാതിൽ തുറന്നപ്പോൾ ആദ്യം ഇരുട്ടല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. സാവധാനത്തിൽ സീറോബൾബിന്റെ വയലറ്റ് പ്രകാശവും ബൾബിനുതാഴെ സ്വാമിയുടെ പുഞ്ചിരിയും തെളിഞ്ഞുവന്നു.""ഞാൻ അവിശ്വാസിയാണ് എന്ന് അറിയുമല്ലോ,'' പ്രവീൺ ഫോട്ടോയിൽനോക്കി പിറുപിറുത്തു. കഴുത്തിന്മേൽ അപമാനം ഒരു അമ്മിക്കല്ലുപോലെ കെട്ടിത്തൂക്കിയിരിക്കുന്നത് അയാൾ അറിഞ്ഞു.""എല്ലാ അഭിമാനവും മാറ്റിവെച്ച് ഒരു കാര്യം ആവശ്യപ്പെടുകയാണ്. ഇന്നുവരെ ഒരു ആവശ്യവുംകൊണ്ട് ഇവിടെ വന്നിട്ടില്ലാത്ത ഒരാൾ എന്ന പരിഗണനവെച്ച് ഇത് സാധിച്ചുതരണം.''
വാക്കുകൾ തൊണ്ടയിൽനിന്ന് പുറപ്പെടുന്നില്ല.""എനിക്ക്...'' അയാൾ വിക്കി, ""ഒരു കുട്ടി വേണം.''
ചലിക്കാനുള്ള ശേഷി വീണ്ടുകിട്ടിയപ്പോൾ ഫോട്ടോയിൽനിന്ന് കണ്ണ് പറിച്ചെടുത്ത് അയാൾ പുറത്തുകടന്ന് മുറിയടച്ചു.

മാസം ഒന്ന് കഴിയുന്നതിനുമുമ്പ് ശുഭ ഗർഭിണിയായി. താൻ ഒരു പ്രാർത്ഥന നടത്തിയിരുന്നു എന്ന വസ്തുത മറക്കാൻ പ്രവീൺ ഉടൻതന്നെ ശ്രമം തുടങ്ങുകയും ചെയ്തു. യുക്തിചിന്ത കൈയിൽനിന്ന് വഴുതിപ്പോയ ഒരു ദുർബലനിമിഷത്തിൽ ഒരു ആൾദൈവത്തിന്റെ ചിത്രത്തിനുമുമ്പിൽ ചെന്നുനിന്ന് എന്തൊക്കെയോ വിചാരിച്ചു എന്നല്ലാതെ അന്ധവിശ്വാസിയായിക്കൊള്ളാമെന്ന് വാക്കുകൊടുക്കുകയും മറ്റും ചെയ്തിട്ടില്ല. ബീജം അണ്ഡവുമായി ചേരുന്നത് ജീവശാസ്ത്രപരമായ ഒരു പ്രക്രിയയാണ്. ഭൗതികമല്ലാത്ത ഒരു ശക്തിയ്ക്കും ഇതിന്മേൽ ഒരു സ്വാധീനവും ചെലുത്താൻ കഴിയില്ല.

ജീവിച്ചിരുന്നേടത്തോളം കാലം ശുഭയോടോ മറ്റൊരാളോടോ പ്രാർത്ഥനയുടെ കാര്യത്തെപ്പറ്റി പ്രവീൺ സംസാരിച്ചില്ല. കൺമുമ്പിൽ ഒരു അത്ഭുതം നടന്നിട്ടും അത് മനസ്സിലാക്കി മാനസാന്തരപ്പെടാൻ ശ്രമിക്കാതെ, സായൂജ്യത്തിലേക്കുള്ള വഴി തിരിച്ചറിയാൻ കൂട്ടാക്കാതെ, വെളിച്ചംകണ്ട കൂറയെപ്പോലെ അന്ധകാരത്തിലേക്ക് പാഞ്ഞൊളിച്ചു.

ഇരുപത്തൊന്ന്

പ്രവീൺ കുമാർ എന്ന് പേരുണ്ടായിരുന്ന ആത്മാവ് പരലോകത്തിലെ തണുപ്പിന്റെ ആഴങ്ങളിൽ മുങ്ങിക്കിടന്നു. മനുഷ്യന്റെ വിരലോളം വലിപ്പവും ഇരുപത്തൊന്ന് ഗ്രാം ഭാരവും മാത്രമുള്ള അതിന്റെ പൊള്ളിക്കരിഞ്ഞ മുറിവുകളിൽ അടങ്ങാത്ത നീറ്റൽ പുകഞ്ഞുനിന്നു. ചുറ്റും കട്ടപിടിച്ച ഇരുട്ട്. പഴക്കമേറുമ്പോൾ മെല്ലെ വെളിച്ചമായി വരുന്ന ജീവിതത്തിലെ ഇരുട്ടല്ല, നിശ്ശബ്ദവും നിശ്ചലവുമായ മരണത്തിന്റെ ഇരുട്ട്. കാലത്തിന്റെ മിടിപ്പുപോലും അനുഭവിക്കാൻ കഴിയാത്ത ആ കൊടുംശൂന്യതയിൽ ഒരു വിങ്ങൽ മാത്രം അയാളിൽ ബാക്കിയായി. അസ്തിത്വത്തിന്റെ ഓരോ കണികയിലും കനംതൂങ്ങിയ കുറ്റബോധത്തിന്റെയും മൗഢ്യത്തിന്റെയും ആത്മനിന്ദയുടെയും വിങ്ങൽ.

""നായിന്റെ മോൻ!'' തുടക്കവും അവസാനവുമില്ലാത്ത ഒരു തെറിവാക്ക് എങ്ങും നിറഞ്ഞുനിന്നു. ശബ്ദമില്ലാത്ത ആ മുഴക്കത്തിന് അയാളുടെതന്നെ ശബ്ദമായിരുന്നു.
പിന്നീടെപ്പോഴോ ഒരു ചലനം അനുഭവപ്പെടാൻ തുടങ്ങി. നേരിയ വിറയലായി തുടങ്ങി, അയാളെ മൂടിക്കിടന്ന ജലത്തിന്റെ പ്രകമ്പനങ്ങളിലൂടെ അത് വളർന്നുവളർന്ന് വന്നു.
ഘോരമായ ഒരു സ്‌ഫോടനം!

പിന്നെയും എല്ലാം നിശ്ചലമായി. എങ്കിലും എന്തോ മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് പ്രവീണിന് തോന്നി. പൂപ്പലിന്റേതുപോലുള്ള അവ്യക്തമായ ഗന്ധം. തേങ്ങലോ ചിരിയോ എന്ന് വ്യക്തമാകാത്ത അമർത്തിയ ശബ്ദങ്ങൾ. ചൂഴ്ന്നുനിൽക്കുന്ന ഇരുട്ടിന് അല്പം കട്ടികുറഞ്ഞിരിക്കുന്നതുപോലെ.

വെള്ളത്തിൽ ആണ്ടുകിടക്കുന്ന തന്റെ ആത്മാവിനുചുറ്റും ഒരു ശരീരം വളർന്നുകൊണ്ടിരിക്കുകയാണ് എന്ന് വൈകാതെ പ്രവീണിന് വ്യക്തമാകാൻ തുടങ്ങി. ഭാരവും വലിപ്പവും കൂടിവരുന്നു. കാലും കൈയും കുരുക്കുന്നു. സർവചരാചരങ്ങളുടെയും നായകനായ ഭഗവാൻ മൃത്യുഞ്ജയാനന്ദ തന്നെ പുതിയൊരു ഗർഭപാത്രത്തിൽ നിക്ഷേപിച്ചിരിക്കുന്നു എന്ന് പ്രവീൺ മനസ്സിലാക്കി.
ശുഭ ചെയ്ത പുണ്യകർമ്മങ്ങളുടെ പേരിൽ തനിക്ക് ഒരവസരംകൂടി കിട്ടാൻ പോകുന്നു. ഈ ജന്മത്തിന് ഒരു ഉദ്ദേശ്യമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് അയാൾ തീരുമാനിച്ചു: ശുഭയെ കണ്ടെത്തുക, അവളോട് മാപ്പപേക്ഷിക്കുക, അവളോടൊത്ത് ജീവിക്കുക.

പക്ഷേ... പുതിയ ജന്മം എന്ന് പറയുമ്പോൾ... പുതിയ അച്ഛൻ, പുതിയ അമ്മ, പുതിയ ബന്ധുക്കൾ. പുതിയ ഓർമ്മകൾ. പഴയതെല്ലാം മായ്ക്കുന്ന മായ, മറവി. വഴിവക്കിലെ ചുവരിലൊട്ടിച്ച സിനിമാ പോസ്റ്ററുകൾ പോലെ തന്റെ ഓർമ്മകൾ പൊടിഞ്ഞിളകിപ്പോകാൻ പോകുന്നു. കഴിഞ്ഞ ജന്മത്തിലെ അവിശ്വാസിയായ അച്ഛനെയും അയാളുടെ ഏറാൻമൂളിയായ അമ്മയെയും മറക്കുന്നതിൽ അയാൾക്ക് വിഷമം തോന്നിയില്ല. തന്നെ ദൈവനിഷേധിയായി വളർത്തിയത് അവരാണ്. എന്നാൽ, തന്റെ ആത്മാവിനെ രക്ഷിക്കാൻവേണ്ടി അഹോരാത്രം പണിപ്പെട്ട ഒരു ജീവിയുണ്ടായിരുന്നു.

അരുത്! ശുഭയെ മറക്കാൻ പാടില്ല.
​ചങ്ങലപോലെ തന്നെ ബന്ധിച്ചിരിക്കുന്ന പൊക്കിൾക്കൊടിയിൽ കുടുങ്ങിക്കിടന്നുകൊണ്ട് അയാൾ പിടഞ്ഞു. ഒരുപക്ഷേ ഓർമ്മിച്ചുകൊണ്ടേയിരുന്നാൽ മറവിയെ അതിജീവിക്കാൻ കഴിയുമായിരിക്കാം. തനിക്കുചുറ്റും നിറഞ്ഞുകിടന്ന ദ്രാവകത്തിൽക്കൂടി പുതിയ അമ്മയുടെ ഹൃദയമിടിപ്പിന്റെ മുഴക്കങ്ങൾ അയാളെത്തേടിവന്നു. അതിന്റെ സാന്ത്വനങ്ങൾക്ക് കാതോർക്കാതെ അയാൾ ഓർമ്മകളിലേക്ക് പിൻവലിഞ്ഞു.
ശുഭയോടൊത്ത് ജീവിച്ചിരുന്ന കാലത്തെപ്പറ്റി വേണം ചിന്തിക്കാൻ. തങ്ങളുടെ ജീവിതത്തിൽനിന്ന് സന്തോഷത്തിന്റെയും സാർത്ഥകതയുടെയും ഓർമ്മകൾ കണ്ടെത്തണം. എന്നിട്ട്, മിടിച്ചുതുടങ്ങിയിരിക്കുന്ന തന്റെ ഹൃദയത്തിന്റെ ഒത്ത നടുക്ക്, തുരുമ്പിച്ചുതുടങ്ങിയിട്ടില്ലാത്ത ആത്മാവിന്റെ കണികകളിൽ അത് ഉരുക്കിച്ചേർക്കണം.

മധുവിധുവിന്റെ സമയത്ത് കന്യാകുമാരിയിലെ ഹോട്ടലിന്റെ ജനലരികിൽ ശുഭയോടൊപ്പം കടലിലേക്ക് നോക്കി ഇരുന്നത് ഓർമ്മിക്കാൻ അയാൾ ശ്രമിച്ചു. എന്നാൽ, ഓർമ്മവന്നത് താൻ ക്ഷേത്രത്തിൽ പ്രവേശിക്കില്ല എന്ന് വാശിപിടിച്ചതും നാറുന്ന തെരുവിൽ ഒറ്റയ്ക്ക് അലഞ്ഞുനടന്നതുമാണ്. വളരെ ആഗ്രഹിച്ച് ശുഭ വാങ്ങിയ കടൽച്ചിപ്പികളെ "ചത്ത ജീവികളുടെ തോടുകൾ' എന്ന് പരിഹസിച്ചു അന്ന്.

ശുഭയുടെകൂടെ ജീവിക്കാൻ കഴിഞ്ഞ നാല് വർഷം എത്രയോ ചെറിയ കാലയളവായിരുന്നു എന്ന് അയാൾക്ക് തോന്നി.
ചെറുപ്പത്തിൽ ഈറ്റപ്പട്ടിയുടെ കടി കൊണ്ടതിൽപ്പിന്നെ അവൾക്ക് നായ്ക്കളെ വലിയ ഭയമായിരുന്നു. തെരുവുനായകളെ കാണുമ്പോഴെല്ലാം തന്റെ കൈയിൽ അവളുടെ പിടി മുറുകും. അന്ന് അതൊരു അലോസരമായി തോന്നിയിരുന്നെങ്കിലും ആ മൃദുലമായ കൈയിന്റെ സ്പർശം ഇപ്പോൾ ഒന്ന് ഓർമ്മിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് അയാൾ ആശിച്ചു.

പഴയ ഓർമ്മകളില്ലാത്ത പുത്തൻ തലച്ചോറ് വളർന്ന് തലയോട്ടിയിൽ നിറഞ്ഞു. ശുഭയുടെ മുഖവും അവളുടെ ശബ്ദവും ആത്മാവിന്റെ ആഴങ്ങൾ വരെ കാണാനാകുന്ന അവളുടെ തെളിഞ്ഞ കണ്ണുകളും മറവിയിൽ മറഞ്ഞു. ഒന്നുമാത്രം ബാക്കിയായി: എന്നും അവളെ ചൂഴ്ന്നുനിന്നിരുന്ന വയലറ്റ് ഭസ്മത്തിന്റെ ഗന്ധം. അവൾ ഇസ്തിരിയിട്ട വസ്ത്രങ്ങളിലും പൊടിതുടച്ച പുസ്തകങ്ങളിലും അവൾ എഴുന്നേറ്റുപോയ കിടക്കവിരിയിലുമെല്ലാം തങ്ങിനിന്നിരുന്ന സുഗന്ധം.

ആ ഗന്ധത്തിന്റെ സാന്ത്വനത്തിൽ മുഴുകി അയാൾ കിടക്കുന്ന സമയത്ത് ഗർഭപാത്രത്തിന്റെ ചുമരിൽ ഒരു വാതിൽ തുറന്നുവന്നു. ചുറ്റും നിറഞ്ഞുകിടന്ന വെള്ളം ഒലിച്ചുപോയി.

ശുദ്ധവായുവിലേക്ക് ഞെരിഞ്ഞിറങ്ങി, കണ്ണുതുറക്കാനാകാതെ കിടക്കുമ്പോൾ ഭൂമിയുടെ ഗന്ധങ്ങളും ശബ്ദങ്ങളും പ്രവീണിനെ പൊതിഞ്ഞു. തന്റെ പുതിയ അമ്മയുടെ വാത്സല്യം നിറഞ്ഞ ഞരക്കങ്ങൾ ഉയർന്നപ്പോൾ അയാൾ നടുക്കത്തോടെ തിരിച്ചറിഞ്ഞു, താനൊരു നായയായിട്ടാണ് പുനർജനിച്ചിരിക്കുന്നതെന്ന്. നായിന്റെ മോൻ! മനുഷ്യജന്മത്തിലെ അവസാനവാക്കുകൾകൊണ്ട് സ്വയം കുറിച്ച ഭാഗധേയം സാഫല്യം നേടിയിരിക്കുന്നു. പിളർന്ന ചുണ്ടിൽ തള്ളയുടെ മുല അമർന്നപ്പോൾ അയാൾ അറപ്പോടെ മുഖം തിരിച്ചുകളഞ്ഞു.

ഇരുപത്തിരണ്ട്

നായയായി ജനിച്ച പ്രവീൺ ഒരു കടൽപ്പുറത്ത് തെരുവുനായ്ക്കളുടെ പറ്റത്തിൽ വളർന്നു. തള്ള അവനെ ശത്രുക്കളിൽനിന്ന് സംരക്ഷിച്ചു. ഉടപ്പിറന്നവർ അവനോടൊത്ത് മണലിൽ പുളച്ചു. മീനിന്റെ അവശിഷ്ടങ്ങൾ സുലഭമായിരുന്നതുകൊണ്ട് അവർക്ക് പട്ടിണിയുണ്ടായില്ല.
അവന് പേരിടാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ, അവനവനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയ പ്രായത്തിൽ പാണ്ടൻ എന്നൊരു പേര് അവന്റെ മനസ്സിൽ ഉദിച്ചുവന്നു. കഴിഞ്ഞ ജന്മത്തിൽ വായിച്ച ഒരു കഥയിലെ നായയുടെ പേരാണ് വാസനകളിൽനിന്ന് താൻ കണ്ടെടുത്തതെന്ന് അവൻ മനസ്സിലാക്കിയില്ല.
ഒന്നാം വയസ്സിൽ കൗമാരം അവസാനിച്ച് താൻപോരിമ വന്നതോടെ തള്ളയെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് പാണ്ടൻ യാത്രപുറപ്പെട്ടു.

മനുഷ്യനായിരുന്നപ്പോൾ ജീവിച്ചിരുന്ന വീടിന്റെ വിലാസമോ നഗരത്തിന്റെ പേരോ അവന് ഓർമ്മയുണ്ടായിരുന്നില്ല. ശുഭയുടെ പേരും രൂപവും അവൻ മറന്നിരുന്നു. അവളുടേതെന്ന് മറന്നുകഴിഞ്ഞ സുഗന്ധം മാത്രം ഓർമ്മനിന്നു. വിശിഷ്ടമായ ആ ഗന്ധം ഏതോ ഒരിടത്ത് ഇരിക്കുന്നുണ്ടെന്നും അതിനെ കണ്ടെത്തിയേ മതിയാവൂ എന്നുമുള്ള അവ്യക്തമായ അറിവ് അവനെ നയിച്ചു.

ഓർമ്മയിലെ ഗന്ധത്തെ പിന്തുടർന്ന് പാണ്ടൻ ഓടി. വിശാലമായ ഭൂമിയുടെ വിദൂരമായ മറ്റൊരു കോണിലാണ് അത് ഇരിക്കുന്നതെന്ന് അവന് അറിയില്ലായിരുന്നു. അവന്റെ നായത്തലച്ചോറിൽ മനുഷ്യജന്മത്തിലെ അറിവുകൾ ബാക്കിയുണ്ടായിരുന്നില്ല. ഭൂമിശാസ്ത്രവും ഭാഷയും മാഞ്ഞുപോയിരുന്നു. കടന്നുപോകുന്ന വഴികളിൽ മനുഷ്യഭാഷകളിലെഴുതിവെച്ചിരുന്ന സ്ഥലപ്പേരുകൾ വായിക്കാൻ അവന് കഴിഞ്ഞില്ല. ഒട്ടകങ്ങൾ അലയുന്ന മരുഭൂമികളിലൂടെയും മഞ്ഞുപെയ്യുന്ന മലഞ്ചെരിവുകളിലൂടെയും കാട്ടാനകൾ വിഹരിക്കുന്ന സമതലങ്ങളിലൂടെയും അവൻ സഞ്ചരിച്ചു. കാറ്റും മഞ്ഞും മഴയും അവനെ തല്ലിച്ചതച്ചു. പൊരിവെയിൽ അവന്റെമേൽ തീ കോരിയിട്ടു. പ്രാചീനനഗരങ്ങളുടെ നഷ്ടാവശിഷ്ടങ്ങളിലൂടെയും യുദ്ധത്തിൽ കത്തിയെരിയുന്ന പട്ടണങ്ങളിലൂടെയും വിശാലമായ കൃഷിഭൂമികളിലൂടെയും അവൻ കടന്നുപോയി. വെടിമരുന്നിന്റെയും മനുഷ്യരക്തത്തിന്റെയും ചീയുന്ന ഉച്ഛിഷ്ടങ്ങളുടെയും ഗന്ധങ്ങൾക്കിടയിലും അവന്റെ മൂക്ക് വയലറ്റ് ഭസ്മത്തിന്റെ ഓർമ്മ നിലനിർത്തി.

രാജ്യാതിർത്തികളിൽ അവനെ ആരും തടഞ്ഞില്ല. കൂട്ടക്കൊലകളിൽ മുഴുകിയിരുന്ന മനുഷ്യസേനകൾ നായയെ ഗൗനിച്ചില്ല. മനുഷ്യസ്ത്രീകളും വൃദ്ധന്മാരും ഭയന്ന് വഴിമാറിപ്പോയി. കുട്ടികൾ കല്ലെറിഞ്ഞ് ഉന്നം പഠിച്ചു. പട്ടിണികൊണ്ട് നായ്ക്കളെ വേട്ടയാടുന്ന മനുഷ്യരിൽനിന്ന് ഓടിയൊളിച്ചും അപ്രതീക്ഷിതമായ നിമിഷങ്ങളിൽ ആക്രോശത്തോടെ കടന്നുവന്ന വാഹനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയും മതിൽക്കെട്ടുള്ള വീടുകളിലെ തിന്നുകൊഴുത്ത കാവൽനായ്ക്കളുടെ കോപത്തിനിരയായും സ്വന്തം വറുതിയ്ക്ക് കാവൽനിൽക്കുന്ന തെരുവുനായ്ക്കളോട് മല്ലടിച്ചും അവൻ മുന്നേറി. കാമം മൂത്തപ്പോൾ അപരിചിതരായ പട്ടികളുടെ പിറകേ പോയി. കാമം അടങ്ങിയപ്പോൾ പശ്ചാത്തപത്തോടെ യാത്രതുടർന്നു.

പാണ്ടന്റെ കുടലിൽ ഉണങ്ങാത്ത ഒരു വ്രണംപോലെ വിശപ്പ് വായതുറന്ന് ഇരുന്നു. കുപ്പക്കൂമ്പാരങ്ങളിൽനിന്ന് സദ്യയുണ്ടും എച്ചിൽ കിട്ടാതെ വരുമ്പോൾ മനുഷ്യമലം പോലും രുചിയോടെ ഭക്ഷിച്ചും ഓടവെള്ളം കുടിച്ചും അവൻ നായജന്മത്തിന്റെ അഭിരുചികൾക്ക് വഴങ്ങി. എച്ചിലിനുവേണ്ടി മറ്റ് നായ്ക്കളുമായി മത്സരിക്കേണ്ടിവന്നപ്പോൾ കടി കൊള്ളാനും കൊടുക്കാനും ശീലിച്ചു. എന്നാൽ, വിശപ്പ് ഭ്രാന്തുപോലെ ശരീരമാകെ പടർന്നുകയറിയ നേരത്തുപോലും അവൻ കോഴികളെ ആക്രമിച്ചില്ല. കോഴി എന്ന പക്ഷി ഭാഗീരഥീദേവിയുടെ വാഹനമാണെന്നും അതിന്റെ മാംസം ഭക്ഷിക്കുന്നത് തന്നെ നരകത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നുമുള്ള അറിവ് അവന്റെ ജനിതകതന്തുക്കളിലെവിടെയോ മിടിച്ചുനിന്നിരുന്നു.

ഇരുട്ടിന്റെ സുരക്ഷിതത്വമുള്ള തെരുവുമൂലകളിലോ കുറ്റിക്കാടുകളിലോ തളർന്നുറങ്ങുമ്പോൾ പാണ്ടൻ ഒരു സ്വപ്നം ആവർത്തിച്ച് കണ്ടു. തന്റെ മുൻകാലുകൾക്കിടയിൽ, രോമാവൃതമായ നെഞ്ചിൽ പരതിനടക്കുന്ന ഇളം ചൂടുള്ള മനുഷ്യവിരലുകൾ. സ്വപ്നം കണ്ട് ഉണരുമ്പോൾ ഇലകൾക്കിടയിലൂടെ നിലാവ് ഇറ്റുവീഴുന്നത് കാണും. വയലറ്റ് ഭസ്മത്തിന്റെ വിദൂരമായ സുഗന്ധമോർമ്മിച്ച് അവൻ കണ്ണുനീരൊഴുക്കും.

അഞ്ചുവർഷത്തോളം പാണ്ടൻ ഇങ്ങനെ സഞ്ചരിച്ചു. അവന്റെ നായശരീരം മധ്യവയസ്സിലേക്ക് കടന്നു. അവന്റെ ഓട്ടത്തെ മാന്ദ്യവും പേശികളെ തളർച്ചയും ബാധിച്ചു.

ഒരിക്കൽ ഒരു സന്ധ്യനേരത്ത് ഒരു നഗരത്തിലൂടെ കടന്നുപോവുകയായിരുന്നു അവൻ. അന്തരീക്ഷത്തിലെ ചൂടും ശബ്ദങ്ങളും അടങ്ങിയിരുന്നില്ല. പെട്ടെന്ന്, താൻ തേടിക്കൊണ്ടിരുന്ന സുഗന്ധം അടുത്തെവിടെയോനിന്ന് പുറപ്പെടുന്നതായി അവൻ അറിഞ്ഞു. വഴിയിലേക്ക് ഇറങ്ങിനില്ക്കുന്ന ഒരു കെട്ടിടത്തിന്റെ മുറ്റത്ത്, പന്തലിച്ച മരച്ചുവട്ടിൽ, അച്ചടക്കത്തോടെ നിരന്നിരിക്കുന്ന തെരുവുനായ്ക്കൾ. അവയ്‌ക്കെതിരെ, നീല കലർന്ന വെള്ളവസ്ത്രം ധരിച്ച കുറേ മനുഷ്യർ. അവർ നായ്ക്കൾക്കുമുമ്പിൽ ഇലയിട്ട്, ഭക്ഷണം വിളമ്പിക്കൊടുക്കുകയാണ്.
ആ സ്ഥലം പരിചിതമായിത്തോന്നിയത് എന്തുകൊണ്ടാണെന്ന് അവന് മനസ്സിലായില്ല. ഭക്ഷണത്തിന്റെ പങ്കുപറ്റാൻ അവൻ അങ്ങോട്ട് ചെന്നു.
മറ്റൊരു നായയുടെ ഇല കടിച്ചുവലിക്കാൻ തുടങ്ങിയ അവനോട് ഒരു മനുഷ്യൻ പറഞ്ഞു. ""അരുത്! നിനക്കും തരാം.''
തന്റെ മുമ്പിൽ വീണ രുചികരമായ ഭക്ഷണം ആർത്തിയോടെ അകത്താക്കി പാണ്ടൻ. ചോറിനും കറിയ്ക്കും പാത്രങ്ങൾക്കും തവികൾക്കും വിളമ്പുന്ന മനുഷ്യർക്കുമെല്ലാം വയലറ്റ് ഭസ്മത്തിന്റെ വാസനയായിരുന്നു. ശുഭയുടേതെന്ന് അവൻ മറന്നുകഴിഞ്ഞ വാസന. സ്‌നേഹത്തിന്റെയും ആത്മാർത്ഥതയുടെയും കരുതലിന്റെയും വാസന.

ഭക്ഷണം കഴിഞ്ഞ് നായ്ക്കൾ പിരിഞ്ഞിട്ടും പാണ്ടൻ അവിടെനിന്ന് അനങ്ങിയില്ല. വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന അവന്റെ കാലുകൾ ചലനമറ്റ് പടിഞ്ഞിരുന്നു. ഭക്ഷണം മതിയായിരിക്കില്ല എന്ന് കരുതി മനുഷ്യരിലൊരാൾ പാത്രം ചുരണ്ടിയെടുത്ത ഏതാനും വറ്റുകൂടി അവന്റെ ഇലയിൽ വിളമ്പി. അവൻ അത് തൊട്ടില്ല. തന്നെ ചുഴന്നുനിൽക്കുന്ന സുഗന്ധത്തിൽ മുഴുകി, ഒരു കൽപ്രതിമപോലെ അവൻ ഇരുന്നു.

മനുഷ്യർ പിരിഞ്ഞുപോയി. വഴിയിൽ വാഹനത്തിരക്കൊഴിഞ്ഞു. ഭാഗീരഥീക്ഷേത്രത്തിന്റെ ചുറ്റുവിളക്കുകളിലെ തിരികൾ ഓരോന്നായി കരിഞ്ഞമർന്ന് അന്ധകാരം പരന്നു. അമ്പലത്തിനുമുമ്പിൽ സ്ഥാപിച്ച ഫ്‌ളെക്‌‌സ് ബോർഡിലെ ചിത്രത്തിൽ കൈയുയർത്തി അനുഗ്രഹം ചൊരിഞ്ഞുനിൽക്കുന്ന വയലറ്റ് സ്വാമിയെ അവൻ സൂക്ഷിച്ചുനോക്കി. മുമ്പനുഭവിച്ചിട്ടില്ലാത്ത ഒരുതരം ശാന്തത ആ രൂപത്തിൽനിന്ന് പ്രസരിക്കുന്നു.

തന്റെ അന്വേഷണം അവസാനിച്ചിരിക്കുന്നുവോ എന്ന് പാണ്ടന് മനസ്സിലായില്ല. ഘോരമായ ഏതോ ദുരന്തത്തിന്റെ ഓർമ്മ ഒരു പെരുമ്പറപോലെ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഈ മരച്ചുവടായിരുന്നോ തന്റെ ലക്ഷ്യം എന്നും വ്യക്തമായില്ല. എന്നാൽ, ഇവിടംവിട്ട് തനിക്ക് മുമ്പോട്ടുപോകാൻ കഴിയുന്നില്ല എന്നുമാത്രം അവൻ അറിഞ്ഞു. തളർന്ന കണ്ണുകൾ അടഞ്ഞുപോയപ്പോൾ അവൻ സുഖസ്വപ്നങ്ങൾ കണ്ടു. സ്വപ്നത്തിൽ അവന്റെ കഴുത്തിൽ തുകൽപ്പട്ട കെട്ടിയിരുന്നു. അതിൽ കൊളുത്തിയ ചരടിന്റെ മറ്റേയറ്റം ഒരു മനുഷ്യസ്ത്രീയുടെ കൈയിലായിരുന്നു. മൂടൽമഞ്ഞുപോലെ പരന്നുനിന്ന സുഗന്ധത്തിനുള്ളിൽ അവർ രണ്ടാളും തനിച്ചായിരുന്നു. ഉറക്കത്തിൽ അവനറിയാതെ അവന്റെ വാൽ ആടി.
നേരം വെളുത്ത് അമ്പലനട തുറന്നിട്ടും ഭക്തജനങ്ങൾ പ്രഭാതദർശനത്തിന് വന്നിട്ടും പാണ്ടൻ ആ ഇരിപ്പിൽനിന്ന് അനങ്ങിയില്ല. ഉച്ചയ്ക്ക് പൂജാരി നടയടച്ച് പോകുമ്പോൾ തന്റെ കൈയിലുണ്ടായിരുന്ന നിവേദ്യത്തിൽനിന്ന് അല്പം അവന്റെ മുമ്പിലെറിഞ്ഞു. വിശന്നപ്പോൾ അവൻ അത് തിന്നു. വെയിൽ മൂത്തപ്പോൾ അമ്പലമുറ്റത്തെ ആലിന്റെ തണൽ വളർന്നുവന്ന് അവനെ സംരക്ഷിച്ചു.

ഇരുപത്തിമൂന്ന്

ന്ധ്യയ്ക്ക് പിന്നെയും ഭക്തജനപ്രവാഹം ആരംഭിച്ചു. ബസ്സിലും കാറിലും കാൽനടയായും മനുഷ്യർ വന്നുപോയി.
റോഡിന്റെ മറുഭാഗത്ത് വന്നുനിന്ന വെളുത്ത കാറിൽനിന്ന് പട്ടുസാരിയുടുത്ത ഒരു സ്ത്രീയും വെളുത്ത ഷർട്ടും മുണ്ടും ധരിച്ച പുരുഷനും പുറത്തിറങ്ങുന്നത് പാണ്ടൻ കണ്ടു. തന്റെ ഹൃദയമിടിപ്പ് നിലച്ചുപോകുന്നതുപോലെ തോന്നിയത് എന്തുകൊണ്ടാണെന്ന് അവന് മനസ്സിലായില്ല.

പ്രവീണിന്റെ ഭാര്യയായിരുന്ന ശുഭയും മൃത്യുഞ്ജയഭക്തസംഘം കൺവീനറായ കണ്ണനുമായിരുന്നു അത്. ശുഭയെ കണ്ട മാത്രയിൽ പാണ്ടന് പൂർവജന്മസ്മരണ ഉണ്ടായി. അവൻ ചാടിയെഴുന്നേറ്റുനിന്നു. വയലറ്റ് ഭസ്മത്തിന്റെ ഗന്ധം തങ്ങിനിന്ന വായുവിൽ ശുഭയുടെ മണവും കലർന്നതോടെ അവന് ലഹരിപിടിച്ചു. ചാവികൊടുത്ത യന്ത്രം പോലെ അവന്റെ വാൽ വായുവിൽ ഉയർന്നുനിന്ന് പിടച്ചു.
പൊന്നേ, കരളേ, മുത്തേ... അവൻ പറയാൻ ശ്രമിച്ചു. നിന്റെ ഭർത്താവാണ് ഞാൻ.""അയ്യോ!'' കുരയ്ക്കുന്ന നായയെ കണ്ട് ശുഭ നടുക്കത്തോടെ പിൻവാങ്ങി. തന്റെ ഭാര്യയ്ക്ക് നായ്ക്കളെ ഭയമാണെന്ന വാസ്തവം പാണ്ടന്റെ ഓർമ്മയിൽ തെളിഞ്ഞു.
അവളുടെ ഇടതുകൈ കണ്ണന്റെ കൈത്തണ്ടയിൽ മുറുകുന്നത് നായ കണ്ടു.""ഇല്ല മോളൂ,'' കണ്ണൻ പറഞ്ഞു. ""ഒന്നും ചെയ്യില്ല. മാറി നടന്നാൽ മതി.'' ""വേണ്ട പൊന്നേ...'' ശുഭ പറഞ്ഞു. ""വാ, നമുക്ക് പോകാം.'' അവൾ അയാളുടെ കൈയിൽ പിടിച്ച് വലിച്ചു.

"പൊന്നേ' എന്ന് ശുഭ തന്നെ വിളിച്ചിരുന്നത് പാണ്ടന് ഓർമ്മവന്നു. അവൻ ഉറക്കെക്കുരച്ചു. താൻ ചാകാൻ കാത്തിരുന്നതുപോലെ അവൾ മറ്റൊരു പുരുഷനെ കണ്ടെത്തിയിരിക്കുന്നു. തെരുവോരങ്ങളിലെ പുഴുത്ത പട്ടികളുടെ മുതുകിൽ കയറിനിന്ന് കിതച്ച അശ്ലീലദൃശ്യങ്ങൾ അവന്റെ മനസ്സിൽക്കൂടി കടന്നുപോയി. അവളും തന്നെപ്പോലെ...

പാണ്ടൻ കണ്ണനെനോക്കി ഉറക്കെക്കുരച്ചു. നരകത്തിന്റെ ഭീകരതയും അവിടെ തന്റെ സഹായത്തിനെത്തിയ ശുഭയുടെ വ്രതശുദ്ധിയും അവൻ മറന്നുകഴിഞ്ഞിരുന്നു. തന്റെ പെണ്ണിനെ സ്വന്തമാക്കിയ പ്രതിയോഗിയോടുള്ള പക മാത്രം ആ മനസ്സിൽ നിറഞ്ഞുനിന്നു. ദുഷ്ടൻ ഇവളെ മയക്കിയെടുത്തിരിക്കുന്നു, അവൻ വിചാരിച്ചു. "ചേച്ചി' എന്നു വിളിച്ച് പിറകെ നടന്നിരുന്ന കാലത്തുതന്നെ താൻ പറഞ്ഞിരുന്നു ഇവനെ സൂക്ഷിക്കണം എന്നും മനസ്സിലിരിപ്പ് നല്ലതല്ലെന്നും.""അത് കടിക്കും.'' ശുഭ ഒരു ചുവടുകൂടി പിന്നോട്ടുവെച്ചു. ""വാ കണ്ണാ.''
ഇല്ല, കരളേ. പാണ്ടൻ വിളിച്ചുപറഞ്ഞു. എന്റെ പ്രാണൻ പോയാലും നിന്നെ ഞാൻ കടിക്കുകില്ല. അവന്റെ കണ്ണിൽ കത്തിനിന്ന കനൽക്കട്ടകൾ അവളുടെ കൂട്ടുകാരനുവേണ്ടി മാത്രമുള്ളതായിരുന്നു. തന്നെ സ്‌നേഹിച്ചിട്ടുള്ളതിലുമധികം ഇവനെ സ്‌നേഹിക്കുന്നുണ്ടായിരിക്കുമോ ഇവൾ? തന്റെകൂടെ ജീവിച്ചിരുന്ന കാലത്തെക്കാളും സുന്ദരിയായിരിക്കുന്നത് എന്തുകൊണ്ട്?
എന്റെ മകൻ...? അവൻ പെട്ടെന്ന് ഓർമ്മിച്ചു. ഇവളുടെ വയറ്റിലുണ്ടായ എന്റെ കുട്ടിയെ എന്ത് ചെയ്തു ഇവൻ?""പുറകോട്ട് പോകരുത്,'' കണ്ണൻ ശുഭയോട് പറഞ്ഞു. ""പട്ടി വരുമ്പോൾ നമ്മൾ ഒരിക്കലും-''""വാ കണ്ണാ,'' ശുഭ അയാളുടെ കൈ വിടുവിച്ച്, പിന്തിരിഞ്ഞ് റോഡിന് കുറുകെ ഓടി. പാണ്ടൻ അവളുടെ പിറകെയും.
നിൽക്ക്, നിൽക്ക്! പാണ്ടൻ പുലമ്പി. എന്നെക്കൂടി കൊണ്ടുപോ നിന്റെകൂടെ. ഇനിയുള്ള കാലമെങ്കിലും നമുക്കൊരുമിച്ച് കഴിയാം. പാണ്ടനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവളുടെ പേര് അവന് ഓർമ്മവന്നു. ശു...ഭ. എത്ര ശ്രമിച്ചാലും തന്റെ നായനാവുകൊണ്ട് ഉച്ചരിക്കാൻ കഴിയാത്ത സുന്ദരമായ ശബ്ദങ്ങൾ.

ശുഭേ. ശുഭേ, ശുഭേ... അവന്റെ മനസ്സ് മോങ്ങി. നിന്റെ എച്ചിൽ തിന്ന് കാൽച്ചുവട്ടിൽ കഴിഞ്ഞുകൊള്ളാം ഞാൻ. ഇനിയൊരിക്കലും നിന്നെ സങ്കടപ്പെടുത്തുകയില്ല.""ഈശ്വരാ,'' ഓടുമ്പോൾ ശുഭ ഉറക്കെ വിളിച്ചു. ""എന്റെ മൃത്യുഞ്ജയാ.''
ആ സമയത്ത് ഒരു സൂപ്പർ ഫാസ്റ്റ് ബസ്സ് ആ വഴി കടന്നുവരികയായിരുന്നു. നഗരത്തിന്റെ തിരക്കിൽ ഏറെനേരം കിടന്നും മലമ്പുഴയിലുള്ള തന്റെ വീട്ടിലെത്താൻ വൈകുന്നതിനെപ്പറ്റി അസ്വസ്ഥതപ്പെട്ടും പതിവിലും അല്പം വേഗത്തിലാണ് അത് സഞ്ചരിച്ചിരുന്നത്. ഓർക്കാപ്പുറത്ത് കടന്നുവന്ന ശുഭയെ ഒഴിവാക്കാനുള്ള സാവകാശം അതിന് കിട്ടിയില്ല.

ബസ്സ് ശുഭയിൽക്കൂടി കടന്നുപോകുന്നത് പാണ്ടൻ കണ്ടു. അവളുടെ ഗന്ധം ഒരു സ്‌ഫോടനം പോലെ അന്തരീക്ഷം മുഴുവനും നിറഞ്ഞു. പിടിവിട്ട് വായുവിലേക്കുയർന്ന സ്റ്റീലിന്റെ പൂക്കൂടയിൽനിന്ന് വാടാർമല്ലിയും ജമന്തിയും മഞ്ഞ അരളിയും പുഷ്പവൃഷ്ടിപോലെ താഴോട്ട് ഉതിർന്നു.
കുരയ്ക്കാൻ വായ തുറന്ന പാണ്ടന്റെ ഒച്ച തൊണ്ടയിൽ കട്ടകെട്ടി. ഒരു കാർ അവനെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ വലിയൊരു തേങ്ങലോടെ ബ്രെയ്ക്കിട്ടു. അവൻ പിറകോട്ട് നടന്നു. ഫുട്പാത്തിന് തൊട്ടുതാഴെ ഒരു ചെരുപ്പ് കിടന്നിരുന്നു. ഓട്ടത്തിനിടയിൽ ഊരിവീണ, ശുഭയുടെ ഗന്ധം വമിപ്പിക്കുന്ന, തൂവെള്ള നിറമുള്ള ഒറ്റച്ചെരുപ്പ്. അവൻ അത് കടിച്ചെടുത്ത് പിന്തിരിഞ്ഞുനടന്നു. തലേന്നുമുതൽ ഇരുന്ന സ്ഥലത്തുചെന്ന് കുത്തിയിരുന്നു. വാഹനങ്ങൾ നിശ്ചലമാകുന്നതും കണ്ണൻ ഒരു ഭ്രാന്തനെപ്പോലെ അലമുറയിട്ടുകൊണ്ട് അവയ്ക്ക് നടുവിലേക്ക് ഓടിച്ചെല്ലുന്നതും ആളുകൾ വന്ന് കൂടുന്നതും അവൻ കണ്ടു.

അപകടം നടന്ന സ്ഥലത്തിനു മുകളിൽ, വാഹനങ്ങൾക്കും ആൾക്കൂട്ടത്തിനും മുകളിൽ , ഒരു വിരലിന്റെ വലിപ്പത്തിൽ, ശുഭയുടെ ആത്മാവ് അന്തരീക്ഷത്തിൽ തങ്ങിനിന്നു.
പാണ്ടൻ അത് കണ്ടു. ശുഭേ... അവന്റെ സങ്കടം നീണ്ട ഒരു ഓലിയായി പുറത്തുവന്നു. ശരീരമില്ലാത്ത നിനക്ക് നായകളെ പേടിക്കേണ്ടാത്തതുകൊണ്ട് ഇനിയെങ്കിലും ഒന്നിച്ച് കഴിഞ്ഞുകൂടേ നമുക്ക്?
അവളുടെ ആത്മാവ് ഇപ്പോൾ നിലത്ത് വീഴുമെന്നും മണ്ണിൽ മുങ്ങിത്താണ് പരലോകത്തിലേക്കുള്ള യാത്ര തുടങ്ങുമെന്നും അറിയുന്ന അവൻ കണ്ണിമയ്ക്കാതെ അതിനെത്തന്നെ നോക്കിയിരുന്നു.
എന്നാൽ, ആ ആത്മാവ് നിലത്ത് വീണില്ല. ഒരു തൂവൽപോലെ അത് അവന്റെ മൂക്കിനുമുകളിൽക്കൂടി പറന്നുപോയി. അവസാനത്തെ ശ്വാസത്തിലും ഭഗവാന്റെ നാമംതന്നെ ഉച്ചരിച്ചുകൊണ്ട് മരിച്ച അവൾ യാത്രയാകുന്നത് സായൂജ്യത്തിലേക്കാണെന്ന് അവന് മനസ്സിലായി. താഴെവീഴാതെ പറന്ന് പറന്ന് ചെന്ന് ആ ആത്മാവ് ഭാഗീരഥീക്ഷേത്രത്തിനുമുമ്പിൽ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌‌സ്‌ ബോർഡിലെ ഭഗവാൻ മൃത്യുഞ്ജയാനന്ദയുടെ ചിത്രത്തിൽ ലയിച്ചു. അവിടെ ഒരു വയലറ്റ് പ്രകാശം മിന്നിമാഞ്ഞത് പാണ്ടനല്ലാതെ ആരും കണ്ടില്ല.▮

(അവസാനിച്ചു)​ ​


രാജേഷ് ആർ. വർമ്മ

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. അമേരിക്കയിലെ ഒറിഗണിലുള്ള പോർട്ട്‌ലൻഡിൽ താമസിക്കുന്നു. കാമകൂടോപനിഷത്ത് (കഥ), ചുവന്ന ബാഡ്ജ് (നോവൽ) എന്നിവ കൃതികൾ. അമേരിക്കയിലെ ഷാർലെറ്റിലുള്ള ക്വീൻസ് സർവകലാശാലയിൽ നിന്ന് സാഹിത്യരചനയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

Comments