അധ്യായം 11
സംസ്ഥാനത്തെ വനമേഖലയോട് ചേർന്നുനിൽക്കുന്ന എല്ലാ സ്റ്റേഷനുകളും മാവോസ്റ്റേഷനുകളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ പോലീസ് ഓഫീസർമാരും ജാഗ്രത പാലിക്കണമെന്നുമുള്ള ഇൻ്റലിജൻറ്സ് റിപ്പോർട്ട് രാവിലെയാണ് ഡി ജി പി വെങ്കിടാചലപതിക്ക് കിട്ടുന്നത്. അദ്ദേഹം ഉടനെ സംസ്ഥാന പോലീസ് മേധാവികളുടെയും എസ്പിമാരുടെയും ഒരു യോഗം അടിയന്തിരമായി വിളിച്ചുചേർത്തു.
നിഗം പാക്കം പോലീസ് സ്റ്റേഷൻ വനാതിർത്തിയിലാണ്. മാവോ സ്റ്റേഷനുകളെല്ലാം തന്നെ മതിലുകൾ ഉയർത്തിക്കെട്ടി നല്ല ബലമുള്ള കമ്പി വലകൾ കെട്ടി ബന്തവസ്സാക്കിയിട്ടുണ്ട്. മതിൽക്കെട്ടിന് നാലുവശത്തും കമാൻഡോകൾ കാവലുമുണ്ട്.
സ്റ്റേഷൻ ചാർജ്ജുള്ള സർക്കിൾ ഇൻസ്പെപെക്ടർ മുരുകപ്പ സ്വാമി ആറ് മണിക്ക് തന്നെ സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്. അതീവ കൃത്യനിഷ്ഠയുള്ള ആളായതുകൊണ്ടുതന്നെ എസ്ഐ മുതൽ താഴേ റാങ്കിലുള്ളവർ വരെയുള്ള എല്ലാ പോലീസ് കാര്യം ആറ് മണിക്ക് തന്നെ സ്റ്റേഷനിലെത്താറുണ്ട്. തേൻ മൊഴി എന്ന് പേരുള്ള വനിതാ പോലീസിനടുത്ത് മാത്രം മുരുകപ്പൻ അല്പം ശൃംഗാരവേലനാണ്.അത് മുതലെടുത്ത് അവൾ അല്പം വൈകിയൊക്കെയേ സ്റ്റേഷനിലെത്തുകയുള്ളൂ. വീട്ടിലുണ്ടാക്കിയ ഇഡ്ഡലി സാമ്പാർ ദോശ ചട്ട്ണി ഇവയെല്ലാം അവൾ മൂന്നാല് പാത്രങ്ങളിലാക്കി കൊണ്ടുവരുന്നതാണ് മുരുകൻ സി.ഐ യുടെ പ്രാതൽ. അത് അടുക്കളമുറിയിൽ വച്ച് അവൾ തന്നെ പാത്രത്തിൽ പകർന്നു കൊടുക്കും. നല്ല ചൂട് കോഫി ആസ്വദിക്കുന്നതോടൊപ്പം നല്ല ചൂടൻ പിച്ചുകൾ അവളുടെ ചന്തിക്കും തുടയിലും അയാൾ കൊടുക്കും. ഇതെല്ലാം സ്റ്റേഷനിലെ മറ്റു പോലീസുകാർ കണ്ടില്ലെന്ന് നടിക്കും..
അയാൾ പ്രാതൽ കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഡി ജി പി വെങ്കിടാചലപതിയുടെ അർജൻ്റ് കാൾ വരുന്നത്. പാറാവ് ഡ്യൂട്ടിയിലുള്ള പോലീസുകാരൻ ഫോൺ അറ്റൻ്റ് ചെയ്തു.
ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷൻ മാവോവാദികൾ കത്തിക്കുമെന്നുള്ള ഇൻറലിജൻസ് റിപ്പോർട്ട് വന്നിട്ടുണ്ടെന്ന വിവരം സ്റ്റേഷൻ മേധാവിയെ അറിയിക്കാനായിരുന്നു അത്. സി ഐ മുരുകപ്പൻ പ്രാതൽ കഴിഞ്ഞ് സ്വന്തം സീറ്റിലേക്ക് വന്നപ്പോൾ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ അദ്ദേഹത്തോട് വിവരം പറഞ്ഞു; ‘‘സാർ ഇന്നേക്ക് ഒരു ഇൻറലിജൻസ് റിപ്പോർട്ട് ഇരിക്ക്ത് സാർ... ഡി ജി പി വെങ്കിടചലാപതി സാർ കൂപ്പിട്ടിരുന്താര്. ഇന്ത വീക്കില് ഏതാവത് ഒരു സ്റ്റേഷൻ പത്ത വച്ചിടും ന്ന് തകവൽ വന്തിരുക്ക് സാർ.’’
ആ മെസ്സേജ് കാര്യമാക്കാതെ മരുകപ്പൻ ഏതൊക്കെയോ ഫയലുകൾ പരിശോധിച്ചു കൊണ്ടിരുന്നു. ഇടക്ക് സ്റ്റേഷൻ റൈറ്ററെ വിളിച്ച് ചോദിച്ചു, ‘ഇന്ത നാൾ ഒരു പാസ് വേഡിരിക്കറ്ത്. അതെന്ന വെൻട്രു തെരിയുമാ?'’
‘അതെന്ന കേൾവി സാർ? അതെല്ലാം നീങ്ക താനേ സാർ സൊല്ല വേണ്ടിയത്? ഉങ്കളുക്ക് താനെ അതെല്ലാം തെരിയും, എന്നാ...
ഡി ജി പി സാർ സാറ് കിട്ട താനേ പാസ് വേഡ് എല്ലാം സൊന്നത്....അപ്പോ നീങ്ക താനെ സാർ എങ്കളുക്ക് കൂടെ അത് സൊല്ലി കൊടുക്കണം.’
മാവോയിസ്റ്റ് ആക്രമണഭീതിയുള്ള സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു പാസ് വേഡ് കൊടുക്കും. ഡി ജി പിയാണത് തീരുമാനിക്കുന്നത്. ഓരോ ദിവസവും ഓരോ പാസ് വേഡ് ആയിരിക്കും. ആ പാസ് വേഡ് എല്ലാ മാവോസ് റ്റേഷൻ മേധാവികൾക്കും ഡി ജി പി ഫോണിൽ വിളിച്ച് വിവരം കൊടുക്കാറാണ് പതിവ്. മുരുകപ്പൻ ഉറക്കച്ചടവിലാണ് അന്ന് ഡിജിപിയുടെ കോൾ അറ്റൻറ് ചെയ്തതത്. അയാൾക്ക് എത്ര ആലോചിച്ചിട്ടും ആ പാസ് വേർഡ് ഓർമ്മയിൽ വരുന്നില്ലായിരുന്നു. മറ്റു സ്റ്റേഷനിൽനിന്ന് പോലീസുകാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാവോ സ്റ്റേഷനുകളിൽ എത്തുമ്പോൾ പാസ് വേർഡ് പറഞ്ഞാൽ മാത്രമേ സ്റ്റേഷൻ കവാടത്തിൽ നിന്ന് കമാൻഡോകൾ ഉള്ളിലേക്ക് കടത്തിവിടാറുള്ളൂ.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തനക്ഷമമായി നിൽക്കുന്ന ഒരു പോലീസ് സ്റ്റേഷനിലെ തിരക്കുകൾ കണ്ടുനിൽക്കുന്നവർക്ക് അത്ഭുതം തോന്നും. സ്റ്റേഷൻ സെൻട്രിയുടെ അനുമതിയില്ലാതെ ഒരാളെയും സി ഐ ക്ക് മുന്നിലേക്ക് കടത്തിവിടാറില്ല. ചേരിയിലെ കുത്തു കേസുമായി ബന്ധപ്പെട്ട കുറച്ചാളുകളെ സി ഐ മുരുകപ്പൻ കസ്റ്റഡിയിലെടുത്തിരുന്നു. അവരുടെ ബന്ധുക്കളും മറ്റുമായി സ്റ്റേഷൻ്റെ മുറ്റത്ത് നല്ല ജനക്കൂട്ടമുണ്ട്. അവരുടെ കലപിലാസംസാരത്താൽ സഹികെട്ട എസ് ഐ വടിവേലു പുറത്തുവന്ന് മുറുക്കാൻ നീര് ഇരുവിരലുകൾക്കിടയിലൂടെ മുറ്റത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് പറഞ്ഞു, ‘എന്നടാ, കിറുക്കു പ്പയലുകളെ... സത്തം പോടാമേ ഇരുക്ക തെരിയാതാ…’ എന്നിങ്ങനെ അറഞ്ചം പുറഞ്ചം നാല് തെറിയും പറഞ്ഞ് കൊണ്ട് വീണ്ടും ഉള്ളിലേക്ക് കയറിപ്പോയി.
കാഞ്ചീപുരം ഡിവിഷനിൽ തപാൽ ഡ്യൂട്ടിയിലുള്ള വനിതാ സിവിൽ പോലീസ് ഓഫീസർ കുമു ദാംബരി പാറാവുകാരനോട് അന്നത്തെ പാസ് വേഡ് പറഞ്ഞ് ഉള്ളിലേക്ക് കയറാൻ അനുവാദം ചോദിച്ചു. തപാൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ യൂണിഫോം ധരിക്കണമെന്ന് നിർബന്ധമില്ല. അതിനാൽ തന്നെ പാസ് വേഡ് പറയാതെ സിവിലിയനാണോ പോലീസ് കാരനാണോ എന്നത് തീർപ്പുകൽപ്പിക്കാനാവില്ല. അന്നത്തെ പാസ്സ് വേഡ് സ്റ്റേഷനിലെ ആർക്കും തന്നെ അറിയില്ല എന്നത് പുറത്തറിഞ്ഞാൽ നാണക്കേടാണ് എന്നതിലുപരി മുരുകപ്പന് പണിഷ്മെൻ്റ് വരെ കിട്ടാൻ സാധ്യതയുള്ള വിഷയമായതുകൊണ്ട് പാറാവുകാരൻ കുമുദാംബരി പറഞ്ഞത് ശരി തന്നെ എന്ന തരത്തിൽ അനുവാദം നൽകി. തപാലുകൾ റൈറ്ററെ ഏൽപിച്ച് കുമുദാംബരി ഉടനെ മടങ്ങുകയും ചെയ്തു.
രാത്രി ഒമ്പത് മണിയോടെ സി ഐ മുരുകപ്പൻ സ്റ്റേഷന് തൊട്ടടുത്തുള്ള ക്വാർട്ടേഴ്സിലേക്ക് പോയി. കമാൻഡോകൾ മതിൽക്കെട്ടിന് നാലു വശത്തും ആയുധവുമായി കാവൽ നിൽക്കുന്നുണ്ട്.സ്റ്റേഷനിൽ പാറാവ് കാരനും ജി ഡി ചാർജ്ജുള്ള എസ് ഐയും മാത്രമേയുള്ളൂ. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ളവർ പുറത്ത് ഡ്യുട്ടിയിലാണ്.
ഏകദേശം പന്ത്രണ്ട് കഴിഞ്ഞ് പത്ത് മിനിട്ടായപ്പോൾ ഒരു മുഷിഞ്ഞ വസ്ത്രധാരി ഗ്രേറ്റിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അയാൾ തൊട്ടു പുറകിൽ വന്ന് നിന്നപ്പോൾ മാത്രമാണ് കമാൻഡോ അയാളെ കാണുന്നത്.
‘എതർക്കാക വന്തിറുക്കേൻ? ഇന്തടൈമില്.., നീങ്ക യാര്?’ കമാൻഡോ തോക്ക് അയാളുടെ നേരെ ചൂണ്ടി ചോദിച്ചു.
‘എങ്കളുക്ക് സി ഐ അയ്യാ കിട്ട ഒരു പുകാർ കൊടുക്ക വേണ്ടിയിരുക്ക്.’
‘നീങ്കയാരെന്ന് എനക്ക് തെരിയാത്. അഡ്രസ്സ് സൊല്ലുങ്കോ.’
കമാൻഡോ പോക്കറ്റിൽ നിന്ന് പേനയും ഡയറിയും എടുത്തു. എഴുതാനായി തുടങ്ങിയപ്പോൾ അപ്രതീക്ഷിതമായി അയാളുടെ ഇടതുനെഞ്ചിൻ്റെ തൊട്ടുമുകളിലായി തോളെല്ലിന് സമീപത്ത് തന്നെ ഒരു ബുള്ളറ്റ് വന്ന് പതിച്ചു.
അമ്മാ.. കാപ്പാത്തുങ്കോ...എന്ന് വിളിച്ചയാൾ നിലത്തിരുന്നുപോയി.
ഒച്ച കേട്ട് കവാടത്തിനരികിലേക്ക് ഓടിവന്ന സെൻട്രി കാണുന്നത് കമാൻഡോയെ വെടിവെച്ചതിനുശേഷം കമാൻഡോയുടെ തോക്ക് കൈക്കലാക്കാൻ നോക്കുന്ന അജ്ഞാതനെയാണ്. ഉടനെ അയാൾ കൺട്രോൾ റൂമിലേക്ക് വിവരമറിയിച്ചുകൊണ്ട് അജ്ഞാതൻ്റെ അടുത്തേക്ക് കുതിച്ചു. സെൻട്രിയുടെ വരവുകണ്ട അജ്ഞാതൻ ഇരു തോക്കുകളിൽ നിന്നും വെടിയുതിർത്തുകൊണ്ട് പുറകോട്ട് നോക്കി മുന്നിലുള്ള വനത്തിലൂടെ ഓടി. വെടിയേൽക്കാതെ തെന്നിയും മാറിയും അയാൾ അജ്ഞാതൻ്റെ പുറകെ ഓടി. പെട്ടെന്ന് ഒരു ബുള്ളറ്റ് അയാളുടെ പുറത്തുവന്ന് പതിച്ചു. അയാൾ കരിയിലകൾക്ക് മീതെ കമിഴ്ന്നടിച്ച് വീണു.
തത്സമയം കൺട്രോൾ റൂമിൽനിന്ന് സംസ്ഥാനത്തുടനീളമുള്ള സ്റ്റേഷനുകളിലേക്ക് വയർലസ് മെസേജ് പോയി. പോലീസ് ആമ്പുലൻസും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് കുതിച്ചു. വെടിയേറ്റു വീണ കമാൻഡോയെ ഒരു സംഘം ആശുപത്രിയിലെത്തിച്ചു. മറ്റൊരു സംഘം പോലീസും സി ആർ പി എഫ് ഭടന്മാരും മിസ്സിംഗ് ആയ പാറാവുകാരനെ തിരയാൻ ഉൾവനത്തിലേക്ക് കടന്നു. കമാൻഡോയുടെ പരിക്ക് ഗുരുതരമല്ലെന്ന് വയർലസ്സ് മെസേജ് കേട്ടു. സ്റ്റേഷൻ പരിസരം സുരക്ഷാ ഉദ്യോഗസ്ഥരെയും സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പിന് വന്ന ഉദ്യോഗസ്ഥരെയും മീഡിയക്കാരെയും കൊണ്ട് നിറഞ്ഞു. മുഖ്യമന്ത്രി സംഭവസ്ഥലം സന്ദർശിച്ചു. പാറാവുകാരനെ തിരയാ നിറങ്ങിയ സംഘം ഉൾവനത്തിലൂടെ കുറെ ദൂരം തിരഞ്ഞു. ഒരു തുമ്പും കിട്ടിയില്ല. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ കരിയിലകൾക്കിടയിൽ രക്തം കട്ടപിടിച്ച് കിടക്കുന്നത് കണ്ടു. ഫൊറൻസിക് വിദഗ്ദ്ധർ വന്ന് പരിശോധിച്ചപ്പോൾ അത് മനുഷ്യരക്തം തന്നെയെന്ന് തിരിച്ചറിഞ്ഞു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര മീറ്റിംഗ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ നടന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള എല്ലാ സ്റ്റേഷനുകളിലും കനത്ത ബന്തവസ്സ് ഏർപ്പെടുത്തി. സംഭവസമയത്ത് സ്റ്റേഷനിൽ ഹാജരില്ലാത്തതിൻ്റെ പേരിൽ സി ഐ മുരുകപ്പനെ ജോലിയിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
‘‘ഒരു പോലീസുകാരനാണ് മിസ്സിംഗ് ആയിട്ടുള്ളത്. കമാൻഡോക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. കൊലപാതകം മാത്രമാണ് ഉദ്ദേശ്യമെങ്കിൽ ശവശരീരം കാണേണ്ടതാണ്. മരിച്ചെങ്കിൽ ശവശരീരം എവിടെ? അതല്ല മിസ്സിംഗ് ആണെങ്കിൽ എന്താണ് ഇവരുടെ ഉദ്ദേശ്യം? ഇത് കേവലം മാവോയിസ്റ്റ് ആക്രമണം മാത്രമാണോ? അതോ ഇതിൻ്റെ പുറകിൽ മറ്റേതെങ്കിലും മാഫിയകളുണ്ടോ? പോലീസിനെ ആകെ വട്ടം കറക്കിക്കുന്ന സംഭവമായി മാറി അത്. തലേ ദിവസമാണ് നിഗം പാക്കം സ്റ്റേഷൻ പരിധിയിൽ വച്ച് പ്രകൃതി അയ്യങ്കാർ എന്ന പേരുള്ള ഒരു സ്ത്രീയെ പോലീസ് സംശയാസ്പദമായ ചില കാരണങ്ങളാൽ അറസ്റ്റ് ചെയ്യുന്നത്. അവിടെ ഒരു ഗെറ്റ് ടുഗദർ ക്യാമ്പിൽ വെച്ച് മാൻ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. അതിനെ തുടർന്ന് കിട്ടിയ ചില സുപ്രധാന തെളിവുകളുടെയും സാഹചര്യത്തിൻ്റെയും അടിസ്ഥാനത്തിലായിരുന്നു ആ അറസ്റ്റ്. അതും ഇന്ന് നടന്ന സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കേണ്ടതാണ്. ഐ ജി പറഞ്ഞ് നിർത്തി. ഓരോ സ്റ്റേഷനിലും അതിശക്തമായ സുരക്ഷിതത്വം നിർബന്ധമാണ്. ഇനിയും പോലീസ് സ്‌റ്റേഷൻ ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.’’ മീറ്റിംഗ് അവസാനിച്ചിട്ടും ഉദ്യോഗസ്ഥന്മാരുടെ അമ്പരപ്പും ഭീതിയും മാറിയില്ല. എല്ലാവരും മാറി നിന്ന് സംഘം ചേർന്ന് സംഭവത്തിൻ്റെ സ്ഥിതിവിഗതികളെക്കുറിച്ച് വിശകലനം ചെയ്യാൻ തുടങ്ങി.
അധ്യായം 12
പരമാര നഗരത്തിലെ സ്വന്തം താമസ സ്ഥലത്തെത്തി. യാത്രാക്ഷീണം കാരണം ഒരു ദിവസം നന്നായൊന്ന് ഉറങ്ങി. പിറ്റേദിവസം മുതൽ ജോലിക്ക് പോയി തുടങ്ങി.
നാലുദിവസം ഓഫീസിൽ നിന്ന് മാറിനിന്നതിനാൽ പിടിപ്പത് പണിയുണ്ടായിരുന്നു. എങ്കിലും പ്രകൃതി അയ്യങ്കാരുടെ കാര്യങ്ങളെന്തായി എന്നറിയാനുള്ള ആശങ്ക അയാളിൽ നിറഞ്ഞു. തമിഴ് ന്യൂസുകൾ കിട്ടുന്ന പത്രങ്ങൾ ഏതാണെന്ന് ഒന്ന് ചികഞ്ഞ് നോക്കാമെന്ന് പരമാര ചിന്തിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
കാഞ്ചിപുരത്ത് നിന്ന് മടങ്ങിയെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ പരമാരക്ക് ഡൊമനിക്കിൻ്റെ ഫോൺ വന്നു. സിറ്റിയിലെ ഹോട്ടൽ ബ്ലാക്ക് സീയിലേക്ക് ലഞ്ചിന് വരാൻ പറഞ്ഞു കൊണ്ടായിരുന്നു അത്. കുറെയേറെ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു. അന്ന് ഉച്ചക്കുശേഷം പരമാര ഹാഫ് ഡെ ലീവെടുത്തു. ബ്ലാക്ക് സീയിലെ റിസെപ്ഷനിൽ കാലെടുത്ത് വെച്ചപ്പോഴേ ഡൊമനിക്കിനെ കണ്ടു.
‘വാ... നമുക്ക് ബാർ സെക്ഷനിൽ പോയി രണ്ട് ബിയറൊക്കെ അടിച്ച് ഒന്ന് തണുത്തതിന് ശേഷം ഫുഡ് ഓർഡർ ചെയ്യാം’, ഡൊമനിക് പരമാരയെ സ്വീകരിച്ചു. ബിയർ ഓർഡർ ചെയ്ത് വെയിറ്റ് ചെയ്യുമ്പോഴാണ് ടെലിവിഷനിലെ എഫ് ഐ ആർ ബുള്ളറ്റിൻ രണ്ട് പേരും ശ്രദ്ധിക്കുന്നത്. അവതാരകൻ ഇൻ ട്രോ കൊടുക്കുകയാണ്.
‘‘ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോവുന്നത് ദക്ഷിണേന്ത്യയിലെ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ പോലീസ് ഡിപ്പാർട്ട്മെൻ്റിനെ അത്ഭുതപ്പെടുത്തിയ രണ്ട് സുപ്രധാന സംഭവങ്ങളെക്കുറിച്ചാണ്. രണ്ട് ദിവസം മുൻപെയാണ് നിഗം പാക്കം എന്ന സ്ഥലത്തെ ടൂറിസ്റ്റ് ബംഗ്ലാവിൽ വെച്ച് പ്രകൃതി അയ്യങ്കാർ എന്ന സ്ത്രീയെയും അവരുടെ കൂട്ടാളികളെയും നരഭോജികളുടെ സംഘമെന്ന സംശയത്തിൽ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് ബംഗ്ലാവിലെ വിവിധ സ്ഥലങ്ങളിലെ സി സി ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. അതിന് തൊട്ടടുത്ത ദിവസമാണ് നിഗം പാക്കം സ്റ്റേഷനിലെ കമാൻഡോക്ക് നേരെ വെടിയുതിർത്ത് പാറാവുകാരനെയും കൊണ്ട് അജ്ഞാതൻ സ്ഥലം വിട്ടത്. മാൻ മിസ്സിംഗ് കേസുകളും മാവോയിസ്റ്റ് ആക്രമണവും തമ്മിൽ എന്തൊക്കെയോ അന്തർധാരകളില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.’’
കൂട്ടത്തിൽ പ്രകൃതി അയ്യങ്കാരെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും ബംഗ്ലാവിൻ്റെ വിവിധ ഭാഗങ്ങളെക്കുറിച്ചുള്ള ദൃശ്യങ്ങളും കാട്ടുപാതയും മരക്കുടിലും എല്ലാം കാണിക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം പോലീസ് പരിശോധിച്ച് സീൽ വെക്കുന്നത് കാണാം.
‘‘ഇനി നമുക്ക് പ്രകൃതി അയ്യങ്കാരെന്ന അപകടകാരിയായ സൈക്കോ പാത്തിനെ പരിചയപ്പെടാം.
തമിഴ്നാട്ടിലെ അറിയപ്പെടുന്ന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അവരുടെ മാതാപിതാക്കൾ ഗവൺമെൻ്റ് എംപ്ലോയീസ് ആയിരുന്നു. അപ്പൻ ഭുവനേശ് അയ്യങ്കാർ ഒരു പട്ടാളമേധാവിയും അമ്മ നീലം അയ്യങ്കാർ ഒരു സ്കൂൾ അധ്യാപികയും. അപ്പൻ അവധിക്ക് വരുമ്പോൾ വീടും പട്ടാള ക്യാമ്പായി മാറും. അപ്പൻ്റെ പട്ടാളച്ചിട്ടകൾ പലപ്പോഴും കുഞ്ഞു പ്രകൃതിക്ക് ഉൾക്കൊള്ളാൻ സാധിക്കാറില്ലായിരുന്നു. അമ്മയെ ആവശ്യത്തിനും അല്ലാതെയും ഉപദ്രവിക്കാറുണ്ടായിരുന്നു അയാൾ. പട്ടാളക്കാരൻ വീട്ടിലുള്ള സമയങ്ങളിൽ ബന്ധുക്കളാരും തന്നെ അങ്ങോട്ട് സന്ദർശിക്കാറില്ല. ഭയമോ ഇഷ്ടമില്ലായ്മയോ ഒക്കെയായിരുന്നിരിക്കാം കാരണം. പലപ്പോഴും രാത്രി ഞെട്ടിയുണരുമ്പോൾ അപ്പൻ്റെ മുരൾച്ചകളും അമ്മയുടെ ഒച്ചയില്ലാതെയുള്ള കരച്ചിലുകളും കേൾക്കാറുണ്ട് പതിവായി. അങ്ങനെയൊരു രാത്രിയുടെ പിറ്റേന്ന് രാവിലെ എണീറ്റപ്പോഴാണ് അമ്മ മരിച്ചുപോയെന്ന് അറിയുന്നത്. മരണകാരണം ആരും ഒന്നും പറയുന്നില്ലായിരുന്നു. പെണ്ണുങ്ങളെല്ലാരും എന്തൊക്കെയോ കുശുകുശുക്കുകയും ദേഷ്യത്തോടെയും അമർഷത്തോടെയും അപ്പനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒത്തിരി മുതിർന്നപ്പോഴാണ് ജനനേന്ദ്രിയത്തിൽ എന്തോ വസ്തുകൊണ്ടുള്ള പ്രഹരവും തുടർന്നുള്ള അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ബന്ധത്തിലൊരു സ്ത്രീ പറഞ്ഞറിയുന്നത്. മിക്കവാറും അപ്പൻ പലതരത്തിലും അമ്മയെ ദ്രോഹിക്കാറുണ്ടായിരുന്നത്രെ. അതാവും മിക്ക രാത്രികളിലും അമ്മ ശബ്ദമില്ലാതെ കരഞ്ഞിരുന്നതെന്ന് പ്രകൃതി അയ്യങ്കാർ മനസിലാക്കി. അമ്മ മരിച്ചതിനുശേഷം ബന്ധുക്കളുടെ എതിർപ്പ് വകവെക്കാതെ അയാൾ മകളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോവുകയാണ് ഉണ്ടായത്. മുതിർന്ന ഒരു പെൺകുട്ടിയെ അയാളുടെ കൂടെ തനിച്ച് വിട്ടത് ശരിയായില്ലെന്ന് ബന്ധുക്കളെല്ലാം അടക്കം പറഞ്ഞു. പക്ഷേ പട്ടാളക്കാരനോട് പറയാൻ ആർക്കും ധൈര്യമില്ലായിരുന്നു. അയാൾ പഞ്ചാബിൽ പട്ടാളബാരക്കിലെ സീനിയർ ഹവിൽദാർ ആയിരുന്നു.
പ്രകൃതി അന്ന് പ്ലസ് ടു ക്ലാസിലാണ് പഠിക്കുന്നത്. മിലിട്ടറി സ്കൂളിലെ കൃത്യനിഷ്ഠതയും വീട്ടിൽ അമ്മയുടെ സ്നേഹം കിട്ടാതെയുള്ള വളർച്ചയും പ്രകൃതിയെ വല്ലാതെ തളർത്തിയിരുന്നു. കൂട്ടത്തിൽ അയ്യങ്കാരുടെ മദ്യപാനവും. ഒഴിവുള്ള സമയങ്ങളിൽ കൂട്ടുകാരൊത്ത് വീട്ടിൽ മദ്യപാനവും ഡാൻസും പാട്ടും എല്ലാം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ കൂട്ടത്തിലെ ചിലർ പ്രകൃതിയോട് അപമര്യാദയായി പെരുമാറുന്നതും അവൾക്ക് അസഹനീയമായി.കൂടാതെ ജനിപ്പിച്ച തന്തയും കുടിച്ച് ലക്ക് കെട്ട് ദേഹത്ത് കയറിപ്പിടിച്ചതും ഉപദ്രവിക്കാൻ ശ്രമിച്ചതും അവൾക്ക് ഒട്ടും അംഗീകരിക്കാനാവാത്തതായിരുന്നു.. അങ്ങനെയൊരു ദിവസം രാത്രി അവൾ വീടുവിട്ടിറങ്ങുകയും പിന്നീട് തമിഴ്നാട്ടിലെ ഒരു ഹോസ്റ്റലിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു. ഒരകന്ന ബന്ധുവാണ് വാർഡനോട് പറഞ്ഞ് സഹായങ്ങൾ ചെയ്ത് കൊടുത്തത്. അതിനുശേഷം ഹോസ്പിറ്റൽ മാനേജ്‌മെൻ്റിന് ചേരുകയും പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്താണ് പഠനം പൂർത്തിയാക്കിയത്. പട്ടാളത്തിൽ നിന്ന് പിരിഞ്ഞ ഭുവനേശ് അയ്യങ്കാർ കേരളത്തിലെവിടെയോ ആണ് താമസമെന്ന് പ്രകൃതി അയ്യങ്കാർ അറിഞ്ഞിരുന്നെങ്കിലും പിന്നീടയാളെ ബന്ധപ്പെട്ടിട്ടില്ലായിരുന്നു. തമിഴ്നാട്ടിൽ തന്നെ തുടരുകയായിരുന്നു. യഥാർത്ഥത്തിൽ പ്രകൃതി അയ്യങ്കാർക്ക് എന്താണ് ജോലിയെന്ന് ആർക്കും അറിയില്ല. ഇത്തരത്തിലുള്ള ഒരു ഫാമിലിബാക്ക് ഗ്രൗണ്ട് ആയതാവാം അവരെ ഒരു സൈക്കോ ആക്കിയതെന്ന് വേണം കരുതാൻ. പിന്നെങ്ങനെയാണ് മാൻ ഈറ്റേഴ്സുമായി ബന്ധം ഉണ്ടായതെന്ന കാര്യം ഇനിയും അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു…’’, അയാൾ പറഞ്ഞുനിർത്തി.
ഈ സംഭവങ്ങളെ കുറിച്ചുള്ള പല ആശങ്കകളും പങ്കുവെച്ച് അന്ന് രാത്രി ഏറെ വൈകിയാണ് പരമാരയും ഡൊമനിക്കും പിരിഞ്ഞത്.
(തുടരും)