ചിത്രീകരണം: രാജേഷ് ചിറപ്പാട്

കരിന്തേള്‍

ഒന്ന്

പ്ലാക്കൂട്ടത്തില്‍ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എന്ന പ്രൈവറ്റ് ചിട്ടിക്കമ്പനി. നല്ല പലിശ നിരക്കുണ്ട്. അതുകൊണ്ടുതന്നെ ആളുകള്‍ പ്ലാക്കൂട്ടത്തില്‍ മാണിയുടെ ചിട്ടിക്കമ്പനിയിലേ പണം നിക്ഷേപിക്കാറുള്ളൂ. മാണിയുടെ പേരിലാണ് ചിട്ടിക്കമ്പനിയെങ്കിലും പ്രായമായതിന്റെ ശാരീരികവും മാനസികവുമായ ചില അസ്വസ്ഥതകള്‍ കാരണം അയാള്‍ കമ്പനിയിലേക്ക് വരാറില്ല. മകന്‍ ഡൊമിനിക് ലൂക്കയുടെ മേല്‍നോട്ടത്തിലാണ് കമ്പനി കാര്യങ്ങള്‍ നടന്ന് പോവുന്നത്. ഡൊമിനിക്കിന് വേറെയും ബ്രഹ്മാണ്ഡന്‍ ബിസിനസ്സുകള്‍ ഉള്ളത് കൊണ്ട് കൂടെ പഠിച്ചിരുന്ന നീലകണ്​ഠൻ പരമാരയെ ഫിനാന്‍സ് മാനേജറായി നിയമിച്ചിരിക്കുകയാണ്. പഠനത്തില്‍ മിടുക്കനായിരുന്നു പരമാര. കൂടാതെ പരമസാത്വികനായ ഒരു വ്യക്തിയും. വീട്ടില്‍ അത്ര മെച്ചപ്പെട്ട സാമ്പത്തിക നിലയിലൊന്നും അല്ലാത്തതുകൊണ്ട് ഡൊമനിക് ലൂക്ക സുഹൃത്തിന് ചെയ്തു കൊടുത്ത ഈ സഹായം അയാള്‍ക്ക് വലിയ ഉപകാരമാവുകയും ചെയ്തു. പരമാരക്ക് വീട്ടില്‍ പ്രായാധിക്യം കൊണ്ട് വലഞ്ഞ അമ്മയും ഒരു വികലാംഗയായ പെങ്ങളും മാത്രമേയുള്ളൂ. പെങ്ങളുടെ കെട്ട് കഴിയാഞ്ഞതുകൊണ്ടാണ് പര മാരയും അവിവാഹിതനായി കഴിയുന്നത്. സ്വഭാവത്തിലും പഞ്ചപാവം ആയതിനാല്‍ ഡൊമനിക് ലൂക്കക്ക് അയാളെ അതിയായ പ്രിയവും ആയിരുന്നു. ചിലപ്പോഴൊക്കെ അയാളുടെ അമിത സത്യസന്ധത കാരണം ഡൊമനിക്കിന് പരമാരയെ നന്നായി വഴക്കു പറയേണ്ടി വരാറും ഉണ്ട്.

മാസത്തിലൊരിക്കല്‍ അവര്‍ സുഹൃത്തുക്കളെല്ലാവരും ഒരുമിച്ച് കൂടും. കൂട്ടത്തില്‍ മറ്റു മൂന്ന് പേര്‍ കൂടിയുണ്ട്. അവരെല്ലാം എക്‌സ്‌പോര്‍ട്ടിംഗ് ബിസിനസുകള്‍ ചെയ്യുന്നവരാണ്.

വൈകീട്ട് അഞ്ച് മണിക്ക് ടൗണില്‍ ഹോട്ടല്‍ ബ്ലൂഡയമണ്ടില്‍ എല്ലാവരും എത്തിച്ചേരാമെന്ന് തീരുമാനിച്ചിരുന്നു. ഓഫീസിലെ തിരക്കുകള്‍ കാരണം വൈകുന്നേരം ആറ് മണിക്കാണ് പരമാരക്ക് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിച്ചത്.കറുത്ത കരയുള്ള മുണ്ടിന്റെയും ഇളം നീല ജൂബ യുടെയും ചുളിവുകള്‍ നേരെയാക്കി തോല്‍ബാഗ് കക്ഷത്ത് വെച്ച് അയാള്‍ ചിട്ടിക്കമ്പനിയില്‍ നിന്ന് പുറത്തിറങ്ങി. പോക്കറ്റില്‍ കിടന്ന ചെറിയ നോക്കിയ ഫോണ്‍ എടുത്തു നോക്കി. അത് ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫ് ആയിട്ടുണ്ട്. സുഹൃത്തുക്കള്‍ പലതവണ വിളിച്ചു കാണും. ഇന്ന് കൂട്ടുകാരില്‍ നിന്ന് നല്ല വഴക്കു കിട്ടുമല്ലോ എന്ന് ചിന്തിച്ച് അയാള്‍ റോഡിലിറങ്ങി ഒരു ഓട്ടോറിക്ഷക്ക് കൈ കാണിച്ചു. അത് നിര്‍ത്താതെ പോയി. പുറകെ വന്ന മൂന്നാലെണ്ണവും അതുപോലെ തന്നെ ചീറിപ്പാഞ്ഞ് പോയി.

ഇത് വല്ലാത്ത ചതിയായിപ്പോയല്ലോ എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ ഒരു ഓട്ടോറിക്ഷ അടുത്തുവന്ന് നിന്നു.

പരമാര നോക്കിയപ്പോള്‍ അത് നാട്ടിലെ ഓട്ടോക്കാരന്‍ ബിജുവാണ്.

‘എന്താ കുട്ടേട്ടാ, ഇവിടെ നിന്ന് പരുങ്ങുന്നത്? ഇന്ന് വീട്ടിലേക്ക് വരുന്നുണ്ടോ? ണ്ടെങ്കി കേറിക്കോളൂ.’

നാട്ടിലെ പയ്യന്‍മാരെല്ലാം നീലകണ്​ഠൻ പരമാരയെ കുട്ടേട്ടന്‍ എന്നാണ് വിളിക്കാറുള്ളത്.

‘ഇല്ല ബിജു, ഞാന്‍ നാട്ടിലേക്കല്ല. നാളെയും ഓഫീസുണ്ടല്ലോ.എനിക്ക് ടൗണ്‍ വരെയൊന്നു പോവണം. നീയെന്നെ ടൗണിലേക്കൊന്ന് എത്തിക്ക്.’

പരമാര ഓട്ടോയില്‍ കയറി.

‘റോഡ് നിറയെ കുണ്ടും കുഴിയും ആണല്ലോ കുട്ടേട്ടാ... ഈ റോഡൊക്കെ റബ്ബറൈസ്ഡ് ആക്കും നാഷണല്‍ ഹൈവേ ആക്കും എന്നൊക്കെ പറഞ്ഞിട്ട് ഒരു സര്‍ക്കാരും പറഞ്ഞ വാക്കുപാലിക്കുന്നില്ലല്ലോ. ഇവരെയൊക്കെ വോട്ടു ചെയ്ത് തെരഞ്ഞെടുക്കുന്ന നാട്ടുകാരെ പറഞ്ഞാല്‍ മതിയല്ലോ.’

‘ഭരണം തീരാന്‍ ഇനിയും ഉണ്ടല്ലോ രണ്ടര വര്‍ഷം കൂടി. അതിനിടയില്‍ റോഡൊക്കെ നന്നാക്കാതിരിക്കില്ല.’

പറഞ്ഞു തീര്‍ന്നില്ല, വണ്ടി ഒരു ഗട്ടറില്‍ ചാടി ഓഫായി.ബിജു

വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു.

‘നീയെന്തിന് വന്നതാടാ ടൗണില്‍?’

‘ഞാന്‍ മെഡിക്കല്‍ കോളേജിലേക്ക് ഒരു രോഗിയെയും കൊണ്ട് വന്നതാ കുട്ടേട്ടാ...’

‘എന്നെ ഹോട്ടല്‍ ബ്ലൂഡയമണ്ടിനു മുന്നില്‍ ഇറക്ക് ബിജു.’

‘ഉം... ഉം… ന്താണ് കുട്ടേട്ടാ… ങ്ങള് ബാറിലൊക്കെ പോവാന്‍ തുടങ്ങിയോ?’ മുഖത്ത് വല്ലാത്തൊരു ചിരി പരത്തിക്കൊണ്ട് ബിജു ചോദിച്ചു.

‘ഏയ്... ഇത് അങ്ങനെയൊന്നും അല്ലടാ ... കൂട്ടുകാര്‍ ഒന്ന് രണ്ട് പേര്‍ അവിടെ വരുന്നുണ്ട്.ഞാന്‍ വല്ല ബിയറോ മറ്റോ എന്തെങ്കിലും അല്പം കഴിക്കാറേ ഉള്ളൂ.’

‘ആയ്‌ക്കോട്ടെ, ആയ്‌ക്കോട്ടെ’

‘ഞാന്‍ വിശ്വസിച്ചു, ന്നാ ശരി. ങ്ങള് ശന്യാഴ്ച നാട്ടിലെത്തില്ലേ? അപ്പോ കാണാം.’

ബിജു പരമാരയെ ഇറക്കിവിട്ട് പോയി.

ഇനിയിപ്പോ അവന്മാരുടെ വായിലിരിക്കുന്നത് വിശാലമായിത്തന്നെ കേള്‍ക്കേണ്ടി വരും.മണി ആറേമുക്കാലായിട്ടുണ്ട്. പരമാര മനസ്സില്‍ പറഞ്ഞു.

അയാള്‍ ഹോട്ടലിന്റെ ലോഞ്ചിലെത്തി.

എ.സിയുടെ തണുപ്പ്. ശരീരവും മനസും ത്രസിപ്പിക്കുന്ന പതിഞ്ഞ മ്യൂസിക്. ഹാളിലാകെ ഡിം ലൈറ്റാണ്. ഓരോ ടേബിളിലും ആളുകള്‍ ഉണ്ട്.

ഇവരിതില്‍ ഏത് ടേബിളിലാണ് എന്നറിയാതെ പരമാര കുഴങ്ങി. അവരെല്ലാം വലിയ ബിസിനസ്സുകാര്‍. അവര്‍ക്കിതൊക്കെ നല്ല പരിചയമാണ്. ഈ കൂട്ടത്തിലേക്കവര്‍ വിളിക്കുന്നത് അയാള്‍ക്ക് ഇത്തിരി കോംപ്ലക്‌സ് ഉണ്ടാക്കാറുണ്ടെങ്കിലും അവരുടെ സ്‌നേഹത്തിന് മുന്നില്‍ തോറ്റു പോവുന്നതുകൊണ്ടാണ് ഓരോ ഒത്തുകൂടലിനും പങ്കെടുക്കുന്നത്. ഇപ്രകാരം ചിന്തിച്ച് നാലുപാടും നോക്കുന്നതിനിടയില്‍ പുറകില്‍നിന്ന് ഒരാള്‍ വിളിച്ചു.

‘വാടാ, ഇങ്ങ് വാ. ഇന്ന് നീ പതിവിലും നേരത്തെയാണല്ലോ.’

ചിരിച്ചുകൊണ്ട് അവര്‍ ഇരിക്കുന്ന ടേബിളിനടുത്തേക്ക് നീങ്ങി.

മൂന്നുപേരും കഴിച്ച് തുടങ്ങിയിട്ടുണ്ട്. ഹോട്ട് ഡ്രിംങ്ക് സിന്റെ ബോട്ടിലുകളും പരമാരക്ക് വേണ്ടി മാത്രം ഒരു ബിയര്‍ ബോട്ടിലും മേശപ്പുറത്തുണ്ട്.ചെമ്മീന്‍ റോസ്റ്റും ഞണ്ട് ഫ്രൈയും കക്കായിറച്ചിയും എല്ലാം കൂടി കണ്ടപ്പോള്‍ പരമാരക്ക് അസ്വസ്ഥത തോന്നി.

‘നീ മുഖം ചുളിക്കണ്ട... നിനക്കായിട്ടാണ് ചിപ്‌സും മിക്‌സ്ചറും ഈ പ്ലേറ്റില്‍. എടുത്ത് കഴിക്കെടാ.’

ഡൊമനിക് പരമാരയെ ഒരു കസേരയില്‍ പിടിച്ചിരുത്തി. ഓഫീസില്‍വെച്ച് ഇടക്കൊക്കെ നല്ല വഴക്കു പറയാറുണ്ടെങ്കിലും പരമാരയെ സുഹൃത്തിന് ഭയങ്കര കാര്യമാണ്. പക്ഷെ കമ്പനിക്കാര്യങ്ങളില്‍ യാതൊരു വിധ ഒത്തുതീര്‍പ്പിനും ഡൊമനിക് ലൂക്ക വിധേയനാവാറില്ല.

പരമാര ചുറ്റും നോക്കി. നാട്ടിലെ പരിചയക്കാരാരെങ്കിലും ഉണ്ടോ ആവോ. ഉണ്ടെങ്കില്‍തീര്‍ന്നു. ചെന്ന് അമ്മയോട് പറയും. തീര്‍ത്തും യാഥാസ്ഥിതികയായ ആ സ്ത്രീക്ക് മകനെ ബാറില്‍ കണ്ടെന്നറിഞ്ഞാല്‍ അത് താങ്ങാനാവുന്നതിലും അപ്പുറം ആവും. അവര്‍ തിന്നും കുടിച്ചും അര്‍മ്മാദിക്കുകയാണ്. പരമാര ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് ഒരു ഗ്ലാസിലേക്ക് പകര്‍ന്നു.ഉയര്‍ന്ന് വന്ന പത ഗ്ലാസ് കവിഞ്ഞൊഴുകി.ബിയര്‍ ഗ്ലാസ് ചുണ്ടോടടുപ്പിച്ച് കുറേശ്ശെ സിപ് ചെയ്തു.

‘എടാ, പരമാര ചക്രവര്‍ത്തി... നീ ഏത് കോത്താഴത്തെ രാജവംശമാണെന്ന് പറഞ്ഞിട്ടെന്താ? ഒരു നല്ല സ്മാര്‍ട്ട് ഫോണെങ്കിലും വാങ്ങിക്കൂടെ? നിന്നെ വിളിച്ച് വിളിച്ച് വശംകെട്ടു. ഒരു ചാര്‍ജ്ജ് നില്‍ക്കാത്ത പാട്ട ഫോണും കൊണ്ട് നടക്കുന്നു, ഒരു സ്മാര്‍ട്ട് ഫോണ്‍ കൈകാര്യം ചെയ്യാനറിയാത്ത മണ്ടൂസ്. നമുക്ക് പിരിവെടുത്ത് അവനൊരു ഫോണ്‍ വാങ്ങിക്കൊടുക്കാടാ... അവന്‍ ചിട്ടിക്കമ്പനി മാനേജരാത്രേ...

എല്ലാവരും പരിഹസിച്ച് ചിരിക്കുമ്പോഴും പരമാര ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു. ഫോണ്‍ നല്ലതൊന്ന് വാങ്ങണമെന്നയാള്‍ വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.

കൂട്ടുകാര്‍ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുമ്പോഴും അയാള്‍ മൗനിയായി ഇരിക്കാറാണ് പതിവ്.

ചില ദിവസങ്ങളില്‍ കമ്പനിയില്‍ നിന്ന് നേരത്തെ ഇറങ്ങാറുണ്ടയാള്‍. അങ്ങനെയൊരു ദിവസം നഗരത്തിലെ പേരുകേട്ട ഒരു മൊബൈല്‍കടയില്‍ കയറി നല്ല കമ്പനിയുടെ തന്നെ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി.ഓപ്പറേറ്റ് ചെയ്യാനുള്ള കുറെയേറെ കാര്യങ്ങള്‍ ആ കടയിലെ പയ്യന്‍ തന്നെ പറഞ്ഞ് പഠിപ്പിച്ച് കൊടുത്തു.

കുറെയൊക്കെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനുമെല്ലാം പരമാര മനസ്സിലാക്കി. സ്മാര്‍ട്ട് ഫോണിന്റെ അനന്തസാധ്യതകളെക്കുറിച്ചയാള്‍ ചിന്തിച്ചു തുടങ്ങിയത് അപ്പോള്‍ മുതലാണ്.

രണ്ട്​

ചിട്ടിക്കമ്പനിക്ക് അതിന്റെതായ ചിട്ടവട്ടങ്ങളും രഹസ്യങ്ങളും ഉണ്ട്. അന്യന്റെ മുതല്‍ എപ്പോഴും കമ്പനിയുടെ കയ്യില്‍ നില്‍ക്കണം. അതാണ് ചിട്ടിക്കമ്പനിയുടെ പരംപൊരുള്‍.ദിവസേന പോയി കളക്ഷന്‍ എടുക്കാന്‍ കുറെ ജീവനക്കാരുണ്ട്. അവര്‍ പിരിച്ചെടുത്ത് കൊണ്ട് വന്ന തുക എണ്ണി വാങ്ങണം. അവര്‍ക്കുള്ള കമ്മീഷന്‍ കണക്കാക്കി കൊടുക്കണം.. പുതിയ ആളുകളെ ചിട്ടിയില്‍ ചേര്‍ക്കാന്‍ ഫീല്‍ഡ് ഓഫീസര്‍മാരുണ്ട്. അവരുടെയും ചീഫ് പരമാരയാണ്.

ചിട്ടി ചേരുന്നവര്‍ പല ഭാഗത്തുള്ളവരായതിനാല്‍ അവരെ കബളിപ്പിക്കാന്‍ എളുപ്പമായിരുന്നു. ഓരോ ചിട്ടിയിലും യഥാര്‍ത്ഥത്തില്‍ ചിട്ടിയടക്കുന്ന ആളുകള്‍ക്ക് പുറമെ കമ്പനിയുടെ ബിനാമികളുടെ പേരിലും എക്കൗണ്ടും പാസ് ബുക്കും ഉണ്ടാക്കും.ചിട്ടി വിളിക്കാനെത്തുന്നവരുടെ കൂട്ടത്തില്‍ ആര്‍ക്കും സംശയം കൊടുക്കാതെ അവരും പതുങ്ങിയിരിക്കും. ലേലം തുടങ്ങുമ്പോള്‍ യഥാര്‍ത്ഥ ആളുകള്‍ താഴ്ത്തി വിളിക്കുമ്പോള്‍ അതിലും താഴ്ത്തി ബിനാമികള്‍ വിളിക്കും. അങ്ങനെ വളരെ താണഒരു തുകയിലെത്തുമ്പോള്‍ യഥാര്‍ത്ഥ വരിക്കാരന്‍ പിന്‍വാങ്ങും. കുറി ബിനാമിയായ ആളുടെ പേരില്‍ ഉറപ്പിക്കും .ഇനി നറുക്കെടുക്കുന്ന ദിവസങ്ങളില്‍ വേറെയാണ് തന്ത്രം.

എല്ലാ വരിക്കാരുടെയും പേരില്‍ സംഖ്യകള്‍ എഴുതിയ ടോക്കണ്‍ ഒരു പെട്ടിയില്‍ നിക്ഷേപിക്കും. നറുക്കെടുത്താല്‍ കിട്ടുന്നത് എപ്പോഴും കമ്പനിയുടെ ബിനാമിക്കായിരിക്കും. ആദ്യകാലങ്ങളില്‍ ഈ മായാജാലം പരമാരക്ക് മനസ്സിലായിരുന്നില്ല. പിന്നെയാണ് നമ്പര്‍ കൊടുക്കുന്നതിലെ ടെക്‌നിക് പരമാരക്ക് വശമാകുന്നത് .തിരിച്ച് പിടിച്ചാല്‍ മറ്റൊരു സംഖ്യയാകുന്ന പതിനെട്ട്, അറുപത്തിയാറ് തുടങ്ങിയ സംഖ്യകളാണ് ടോക്കണായി നല്‍കുക. യഥാര്‍ത്ഥ സംഖ്യ എഴുതിയ ടോക്കണ്‍ യഥാര്‍ത്ഥ കുറിയാളര്‍ക്ക്. കമ്പനിയുടെ ബിനാമികള്‍ക്ക് തിരിച്ച് പിടിച്ചാല്‍ കിട്ടുന്ന സംഖ്യയും. യഥാര്‍ത്ഥ സംഖ്യയാണ് നറുക്കെടുത്ത് കയ്യില്‍ കിട്ടുന്നതെങ്കില്‍ നിമിഷാര്‍ത്ഥത്തില്‍ അത് തിരിച്ച് പിടിച്ച് കമ്പനി ബിനാമിയുടെ നമ്പര്‍ ഉറക്കെ വായിച്ച് ബോധ്യപ്പെടുത്തി കുറി ഉറപ്പിക്കും. തിരിച്ചുപിടിച്ചാലുള്ള നമ്പര്‍ തന്നെയാണ് കിട്ടുന്നതെങ്കില്‍ പിന്നെ സംശയവും ഇല്ലല്ലോ. ഈ കളിക്ക് നല്ല വഴക്കമുള്ള ജീവനക്കാരെ മാത്രമേ നിര്‍ത്തുകയുള്ളൂ. ആളുകള്‍ക്ക് സംശയത്തിന്റെ ഒരു ലാഞ്ചനപോലുമില്ലാതെ കാര്യം നടത്തണം. അപ്പോള്‍ആ മാസവും പെയ്‌മെന്റ് കമ്പനിയുടെ കൂടെ നില്‍ക്കും. ഇങ്ങനെ ചിട്ടി മുക്കാല്‍ കാലയളവും എത്തുമ്പോള്‍ ഏതെങ്കിലും ഒരു കുറി യഥാര്‍ത്ഥ വരിക്കാരന് വിട്ട്‌കൊടുക്കും. അയാള്‍ക്ക് ചിട്ടിപ്പണം കിട്ടുമ്പോള്‍ ആ പ്രദേശത്ത് നിന്ന് കൂടുതല്‍ പേര്‍ ചിട്ടിയില്‍ ചേരുകയും ചെയ്യും.

ഒരു ദിവസം പരമാര ഓഫീസിലിരിക്കുമ്പോഴാണ് ആ സ്ത്രീയും കുട്ടിയും എത്തുന്നത്. തെരുവിലെവിടെയോ ചായക്കട നടത്തുന്നവരാണ്. ഭര്‍ത്താവ് അസുഖം ബാധിച്ച് കിടപ്പിലായി.എങ്ങനെയും ചിട്ടി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാതെയായി. അടച്ച പണം തിരികെ കിട്ടുമോ എന്നറിയാന്‍ വന്നതാണ് അവര്‍. അവരുടെ വിഷമവും കരച്ചിലും കണ്ട പരമാര അവര്‍ക്ക് ചിട്ടി സറണ്ടര്‍ ചെയ്ത് തുക തിരിച്ചു കൊടുക്കാന്‍ വൗച്ചര്‍ എഴുതി.

അവര്‍ വൗച്ചറുമായി എംഡി ഡൊമനിക് ലൂക്കയുടെ മുറിയിലേക്ക് നീങ്ങി. അല്പം കഴിഞ്ഞ് ആ സ്ത്രീകരഞ്ഞുകൊണ്ട് പരമാരക്ക് അരികിലെത്തി.

‘സഹായിക്കണം സാര്‍. തീരെ വകയില്ലാഞ്ഞിട്ടാണ്’, അടച്ച തുകയില്‍ നിന്ന് കമ്പനിയുടെ കമ്മീഷന്‍ പിടിച്ച് ബാക്കിയേ തരൂ എന്നും അതും അടുത്ത മാസമേ കിട്ടൂ എന്നുമാണ് സാര്‍ പറഞ്ഞത്. അതാണല്ലോ കമ്പനിയുടെ കീഴ് വഴക്കമെന്ന് പരമാര ഓര്‍ത്തപ്പോഴേക്കും എംഡിയുടെ മുറിയില്‍ നിന്ന് ബെല്‍ മുഴങ്ങി.പരമാര ഡൊമനിക് ലൂക്കയുടെ മുറിയിലേക്ക് നടന്നു.

‘അതേയ് പരമാര ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങി എത്ര കാലമായി? ഇപ്പോഴും കമ്പനി കാര്യങ്ങള്‍ മനസ്സിലായില്ല എന്നുണ്ടോ? നമ്മള്‍ നടത്തുന്നത് ചിട്ടിക്കമ്പനിയാണ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഓഫീസ് അല്ല. ഇങ്ങിനെ വരുന്നവര്‍ക്കെല്ലാം റീ ഫണ്ട് എഴുതിക്കൊടുത്താല്‍ കമ്പനി പൂട്ടിപ്പോകും.മനസ്സിലായോ.’

പരമാര തലതാഴ്ത്തി നിന്നു. അടച്ച തുകയില്‍ നിന്ന് കമ്പനിയുടെ കമ്മീഷനും പിടിച്ച് ബാക്കി തുകക്ക് ഒരു മാസം കഴിഞ്ഞുള്ള തീയതിക്കുള്ള ചെക്കും എ ഴു തിക്കൊടുക്കുമ്പോള്‍ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ പരമാരശ്രദ്ധിച്ചു. അവര്‍ പോയ ശേഷം മുന്നില്‍ നിലത്ത് കണ്ട വെള്ളത്തുള്ളികള്‍ പരമാരയെ വല്ലാതെ പൊള്ളിച്ചു. പഠിച്ച ധനതത്വശാസ്ത്രം തലക്കുള്ളില്‍ പെരുകി. ജോലി ഉപേക്ഷിച്ചാലോ എന്ന് കൂടി അയാള്‍ ഒരു നിമിഷം ആലോചിച്ചു പോയി.

ദിനങ്ങള്‍ ഇങ്ങനെ വിരസവും മടുപ്പുളവാക്കുന്നതും ആയിത്തുടങ്ങിയെന്ന് തോന്നിയപ്പോഴാണ് നീലകണ്​ഠൻ പരമാര വ്യത്യസ്തതകള്‍ തേടിയുള്ള യാത്രകള്‍ തുടങ്ങിയത്. അതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇന്റര്‍നെറ്റ് കണക്ഷന്‍ തന്നെയാണെന്ന് സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ കിട്ടിയപ്പോഴേ അയാള്‍ തിരിച്ചറിഞ്ഞിരുന്നു. അയാള്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒരു ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങി. സ്വന്തം പൂജാമുറിയില്‍ പൂജ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ചിത്രം പ്രൊഫൈല്‍ ആക്കുകയും ചെയ്തു.

അന്ന് രാത്രി ഏകദേശം പതിനൊന്നര മണിയായപ്പോഴാണ് നീലകണ്​ഠൻ പരമാരയുടെ ഫോണില്‍ ഒരു മെസേജ് നോട്ടിഫിക്കേഷന്‍ വന്നത്. അയാള്‍ ഉത്സാഹത്തോടെ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് ഫേസ് ബുക്ക് തുറന്നു. കുറെ പേജുകളിലേക്ക് ഇന്‍വൈറ്റ് ചെയ്തു കൊണ്ടുള്ള റിക്വസ്റ്റുകള്‍ ആണ്. ഓരോ നോട്ടിഫിക്കേഷനും ഓപ്പണ്‍ ചെയ്ത് നോക്കി. അതില്‍ വെറൈറ്റിയായി തോന്നിയത് യുണി കോണ്‍ഡോട്ട് കോം എന്ന വെബ് പേജാണ്.

പേര് കേട്ടപ്പോള്‍ അല്പം വിചിത്രമായി തോന്നി. യൂണികോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒറ്റക്കൊമ്പുള്ള ഒരു മൃഗത്തെക്കുറിച്ച് എവിടെയോ വായിച്ചത് ഓര്‍മ്മയില്‍ വന്നു. അയാള്‍ ആ ഇന്‍വിറ്റേഷന്‍ ആക്‌സെപ്റ്റ് ചെയ്തു. ആ പേജില്‍ വരുന്ന ഓരോ വിവരണങ്ങളും ചരിത്രപ്രസിദ്ധമായ സംഭവങ്ങളെക്കുറിച്ചോ സ്ഥലങ്ങളെക്കുറിച്ചോ ആണല്ലോ എന്നയാള്‍ ചിന്തിച്ചു.. പേജ് ഒരു പ്രകൃതി അയ്യങ്കാരുടെതാണ്. പേര് സ്ത്രീയുടെതാണെങ്കിലും അതൊരു പുരുഷനാവാനാണ് സാധ്യത എന്നയാള്‍ക്ക് സംശയം തോന്നാതിരുന്നില്ല. അന്നത്തെ ഡിസ്‌ക്രിപ്ഷന്‍ ഗ്രീക്കിലെ കൊളോസിയത്തെക്കുറിച്ചായിരുന്നു. പോസ്റ്റ് ലൈക് ചെയ്തവര്‍ പതിനായിരത്തില്‍ കവിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിന്റെ ഐക്കണ്‍ ഒരു കറുത്ത തേളിന്റെ ചിത്രമായിരുന്നു. പ്രകൃതി അയ്യങ്കാരുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ കഴുത്തിന് താഴെ പുറകിലും ഇരു കൈകളിലും തേളിനെ പച്ചകുത്തിയിട്ടുണ്ട്.

പേജില്‍ വന്ന കൊളോസ്സിയത്തെക്കുറിച്ചുള്ള വിവരണം നീലകണ്​ഠൻ പരമാര ആര്‍ത്തിയോടെ വായിച്ചു.

റോമിലെ കൊളോസിയം.

ഈ മഹത്തായ കെട്ടിടത്തിന്റെ ഔട്ട് ലൈനുകളും സ്‌കെയിലുകളും രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ളതും കാഴ്ചക്കാരില്‍ അത്ഭുതം ഉളവാക്കുന്നതുമാണ്.

റോമാ സാമ്രാജ്യങ്ങളില്‍ നിലനിന്നിരുന്ന പൊതു വിനോദ കേന്ദ്രങ്ങളില്‍ ഏറ്റവും വലുതായിരുന്നു കൊളോസിയം അഥവാ ഫ്‌ളേവിയന്‍ ആംഫിതിയേറ്റര്‍ അമ്പതിനായിരത്തിലേറെ കാണികളെ ഉള്‍ക്കൊള്ളിക്കുമായിരുന്ന ഈ തിയേറ്റര്‍ അക്കാലത്ത് നിലനിന്നിരുന്ന ക്രൂരവിനോദമായ ഗ്ലാഡിയേറ്റര്‍ മല്ലയുദ്ധത്തിന്റെ വേദിയായിരുന്നു. ക്രിസ്തുവിന് ശേഷം ഏഴാംശതകത്തിലാണിത് പണി കഴിപ്പിച്ചത്. കെയ്‌ലിയന്‍, എസ്‌ക്വിലിന്‍ പാലറ്റൈന്‍ കുന്നുകള്‍ക്കിടയിലുള്ള താഴ്ന്ന പ്രദേശമാണ് തിരഞ്ഞെടുത്തത്. അതിലൂടെ ഒരു കൃത്രിമ തടാകവും ചതുപ്പു നിലവും ഒഴുകുന്നു.ബി സി രണ്ടാം നൂറ്റാണ്ടോടെ ഈ പ്രദേശം ജനസാന്ദ്രതയുള്ളതായിരുന്നു. എഡി അറുപത്തിനാലില്‍ റോമിലെ വലിയ തീപ്പിടുത്തത്തില്‍ ഇത് നശിപ്പിക്കപ്പെട്ടു.തുടര്‍ന്ന് നീറോ തന്റെ സ്വകാര്യമേഖലയിലേക്ക് ചേര്‍ക്കുന്നതിനായി പ്രദേശത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു. സൈറ്റില്‍ അദ്ദേഹം ഗംഭീരമായ ഡോമസ് ഓറിയനിര്‍മ്മിച്ചു. അതിനുമുന്നില്‍ പവലിയനുകളും പൂന്തോട്ടങ്ങളും പോര്‍ട്ടിക്കോകളും കൊണ്ട് ചുറ്റപ്പെട്ട കൃത്രിമ തടാകം സൃഷ്ടിച്ചു.

അക്വാക്ലോഡിയ ജലസംഭരണി പ്രദേശത്തേക്ക് വെള്ളം വിതരണം ചെയ്യുന്നതിനായി നീറോയുടെ ഭീമാകാരമായ വെങ്കല കൊളോസസ് ഡോമസ് ഓറിയയുടെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ചു.കൊളോസിയത്തിന് മുന്നില്‍ നിരവധി വധശിക്ഷ വിരുദ്ധ പ്രകടനങ്ങള്‍ നടന്നിരുന്നു. അന്നു മുതല്‍ ലോകത്ത് എവിടെയെങ്കിലും വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍ക്ക് ശിക്ഷ ഇളവ് ലഭിക്കുമ്പോഴോ മോചിപ്പിക്കപ്പെടുമ്പോഴോ റോമിലെ പ്രാദേശിക അധികാരികള്‍ കൊളോസിയത്തിന്റെ രാത്രി കാല പ്രകാശത്തിന്റെ നിറം വെള്ളയില്‍ നിന്ന് സ്വര്‍ണ്ണത്തിലേക്ക് മാറ്റുന്നു. ഏറ്റവുമൊടുവില്‍ 2012-ൽ അമേരിക്കയില്‍ വധശിക്ഷ നിര്‍ത്തലാക്കിയപ്പോള്‍ നവംബറില്‍ കൊളോസിയം സ്വര്‍ണത്തില്‍ പ്രകാശിച്ചു. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ സ്വീകരിക്കുന്ന കൊളോസിയം ഇന്ന് റോമിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.

ഈ ചരിത്ര സ്മാരകമൊക്കെ കാണാന്‍ എന്നെങ്കിലും യോഗമുണ്ടാവുമോ എന്ന് പരമാര അല്പം അസൂയയോടെ ചിന്തിച്ചു.

ഫ്ലാറ്റിനുപുറത്ത് എന്തൊക്കെയോ ബഹളം കേള്‍ക്കുന്നു. പരമാര വായന നിര്‍ത്തി. എഴുന്നേറ്റ് വാതില്‍തുറന്ന് വരാന്തയുടെ അറ്റത്തുള്ള ജനലിലൂടെ പുറത്തേക്ക് നോക്കി. താഴെയുള്ള ഒരു ഫ്ലാറ്റിന്റെ ഉടമസ്ഥനും സെക്യുരിറ്റിയും തമ്മിലുള്ള തര്‍ക്കമാണ്. സെക്യുരിറ്റിയുടെ അറിവോടെ ചില ഫ്ലാറ്റുകളില്‍ പുറത്ത് നിന്ന് ആളുകള്‍ വരുന്നുണ്ടന്ന് ചിലര്‍ പറയുന്നത് പരമാരയും കേട്ടിരുന്നു. അതിനെച്ചൊല്ലിയുള്ള വഴക്കാണെന്ന് മനസ്സിലായപ്പോള്‍ നീലകണ്​ഠൻ പരമാര തിരികെ വന്നു കിടന്നു.

(തുടരും)


Summary: Karinthel Malayalam Novel by Reena PG.


റീന പി.ജി.

കവി, കഥാകാരി. കാളികാവ്​ അടക്കാക്കുണ്ട്​ ക്രസൻറ്​ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക. ആകാശവേരുകൾ (കവിതാസമാഹാരം), ഭായ്​ ബസാർ (കഥാ സമാഹാരം) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments