അധ്യായം 39

ഴയുടെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ഞങ്ങള്‍ ഗുഹയിലേക്ക് മടങ്ങി. അതിനകത്തു കയറിയതും ആകാശമടര്‍ന്നു വീഴുന്ന തരത്തില്‍ മഴയാരംഭിച്ചു. അന്നോളം പെയ്ത എല്ലാ മഴകളെക്കാളും ശക്തമായ മഴ.

ആഴിയില്‍ നിന്നുള്ള തീനാളത്തിന്റെ വെളിച്ചത്തില്‍ എല്ലാവരുടേയും മുഖത്ത് നരച്ച ചോപ്പു പടര്‍ന്നു. രാവിലെ വിക്രം വെടിവെച്ചിട്ട മൂന്നു കടല്‍ക്കാക്കകളുടെ ഇറച്ചി മാത്യൂസ് വേവിച്ചുകൊണ്ടിരിക്കെ വെങ്കിടാചലം സാറ് കൈരളിയുടെ തിരോധാനത്തെ ഒരു സ്വപ്നം പോലെ വ്യാഖ്യാനിച്ചു. അതനുസസരിച്ച്, 1979-ജൂലൈ മൂന്നാം തിയ്യതി രാത്രി എട്ടുമണിക്കുശേഷം കൈരളിയിലെ സകല കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും നിലച്ചു. അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും അതു കാര്യമാക്കാതെ അവര്‍ ജൂബൂട്ടി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. പക്ഷേ, മിക്കവാറും നാലാം തിയ്യതി വൈകുന്നേരത്തോടെ കപ്പലിന്റെ സ്റ്റിയറിംഗ് ഷാഫ്റ്റ് പൊട്ടുകയും കപ്പലിന്റെ നിയന്ത്രണം നഷ്ടമാവുകയും ചെയ്തു.

മുന്‍പ് ഞങ്ങള്‍ കണക്കുകൂട്ടിയതുപോലെ ആ സമത്താണ് അന്‍പരസും ത്യാഗരാജനും ലൈഫ് ബോട്ടില്‍ കടലിലേക്കിറങ്ങിയത്. അവരിതിന്​ സ്വയം തീരുമാനിച്ചതാണോ അതോ ക്യാപ്റ്റന്‍ ഉത്തരവിട്ടതാണോ എന്നറിയില്ല. കൈരളിയിലുണ്ടായിരുന്ന മനുഷ്യര്‍ക്ക് മാത്രമറിയാവുന്ന രഹസ്യമാണത്. അതവരുടെ കൂടെ മരണപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. അതിനു പിന്നാലെ വന്ന കൊടുങ്കാറ്റിലാണ് കൈരളി ഇപ്പോള്‍ ഞങ്ങളകപ്പട്ട ദ്വീപിനു സമീപത്തേക്ക് എത്തിയതും പാറകളില്‍ തട്ടി തകര്‍ന്നതും. പക്ഷേ,ഞങ്ങള്‍ അകപ്പെട്ടത് തെക്കുഭാഗത്താണ്. അവരാവട്ടെ വടക്കുഭാഗത്തും! അതായത് ഞങ്ങള്‍ കൈരളിയുടെ അവശിഷ്ടം കണ്ടെത്തിയതിനു സമീപത്ത്. മിക്കവാറും, ഇന്ദിരയില്‍ നിന്ന്​ സഞ്ജയ് ചെയ്തപോലെ അവരിലാരെങ്കിലും അത്യാവശ്യം വസ്തുക്കള്‍ എടുത്തുവന്നിട്ടുണ്ട്. ഒരുപക്ഷേ, മാസങ്ങളോളം അതോ വര്‍ഷങ്ങളോളം അവരിവിടെ ജീവിച്ചിരുന്നു! ഓരോരുത്തരായി മരണത്തിനു കീഴടങ്ങുന്നത് അവസാനം മരണപ്പെട്ടയാള്‍ മാത്രം നിര്‍വ്വികാരതയോടെ കണ്ടു നിന്നു. ഹോ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ഞങ്ങളുടെ അതോ എന്റയോ?

സങ്കടങ്ങൾ കരയുന്നതെന്നോണം മഴയാര്‍ത്തു പെയ്യുകയാണ്.

ഇനിയെന്ത്? സങ്കിതയുടെ ചോദ്യം ഗുഹക്കുള്ളിൽ പ്രതിഫലിച്ചു.

രക്ഷപ്പെടണം, സഞ്ജയിന്റെ ശബ്ദത്തിന് പപഴയ ആത്മവിശ്വാസമില്ലായിരുന്നു. അയാളും തളര്‍ന്നിട്ടുണ്ട്. ആ തളര്‍ച്ച മൂന്നു ദിവസം നിലക്കാതെ പെയ്ത മഴയായി മാറി. ഗുഹയ്ക്കുള്ളില്‍ പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല. വിശപ്പ് എല്ലാവരേയും കീഴടക്കി. ആ സമയമത്രയും മാത്യൂസ് ഞങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള വഴികള്‍ ആലോചിച്ചു കൊണ്ടിരുന്നു. അതൊന്നും പ്രായോഗികമായിരുന്നില്ല. പ്രത്യേകിച്ച് മഴയിങ്ങനെ പെയ്യുന്നത്. മാത്രമല്ല, ചങ്ങാടം നിര്‍മ്മിക്കാനായി കൊണ്ടുവന്ന പലകകളെ കഴിഞ്ഞ രാത്രിയിലെ കൂറ്റന്‍ തിരകള്‍ വിഴുങ്ങുകയും ചെയ്തു. ദിവസങ്ങളുടെ മുക്കാല്‍ ഭാഗവും മഴ തന്നെ. ഇടക്കുള്ള ചോര്‍ച്ചയില്‍ വിക്രം പിടിച്ചു കൊണ്ടുവരുന്ന മീനും ആമയും മാത്രമാണ് ഭക്ഷണം. അതു തന്നെ എല്ലാ ദിവസവും കിട്ടുന്നുമില്ല. മഴ വെള്ളം ആവോളം കുടിച്ചാണ് ജീവന്‍ നിലനില്‍ക്കുന്നത്.

സഞ്ജയ് എഴുതുന്ന ഡയറിയിലെ തിയ്യതി പ്രകാരം ഞങ്ങള്‍ മദ്രാസില്‍ നിന്ന്​ പുറപ്പെട്ടിട്ട് ആറ് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതുവരെ ആരും ഞങ്ങലെ അന്വേഷിച്ചു വന്നിട്ടുമില്ല. കരയിലെന്താണ് നടക്കുന്നതെന്ന് യാതൊരറിവുമില്ല. മെഹ്ത്തയും കൂട്ടരും ഒരു പക്ഷേ, ഞങ്ങളെ തിരയാന്‍ നേവിയുടേയും എയര്‍ഫോയ്‌സിന്റേയും സഹായം തേടിയിരിക്കാം. അവര്‍ തിരഞ്ഞുവന്നിട്ടുണ്ടാവും. കൈരളിയെപ്പോലെ ഞങ്ങളേയും കടല്‍ ഒളിപ്പിച്ചെന്നവര്‍ ഉറപ്പിച്ചതാവും. അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം ഞങ്ങളകപ്പെട്ട ഈ പ്രദേശം ആരുടേയും കണ്ണില്‍പ്പെടില്ല...

ഒരാഴ്ച കഴിഞ്ഞപ്പോള്‍ മഴയൊന്നടങ്ങി. കടുത്ത ചൂടില്‍ പുറത്തിറങ്ങാന്‍ കഴിയാതെ ഗുഹയിൽ തന്നെ ഇരിക്കുകയാണ്. അതിനുള്ളില്‍ മാത്രമാണ് കുറച്ചെങ്കിലും ഉഷ്ണം കുറവുള്ളത്. പക്ഷേ, മടുപ്പും നിരാശയും എല്ലാവരേയും കീഴടക്കിയിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ അധികം താമസിയാതെ ഞങ്ങള്‍ ഓരോരുത്തരായി മരണത്തിലേക്ക് വീഴുമെന്ന് ട്രീസ മുന്നറിയിപ്പു നല്‍കിയെങ്കിലും ആരുമത് കാര്യമാക്കിയില്ല. എല്ലാവരും അവരവരുടെ മരണത്തിന്റെ ആഗമനത്തിന് തയ്യാറെടുത്തെന്നോണം കൂനിക്കൂടിയിരിക്കാന്‍ തുടങ്ങി. ആശാന്‍ മാത്രമാണ് പുറത്തിറങ്ങുന്നതും മീന്‍ പിടിക്കുന്നതും. അതുകൊണ്ടു മാത്രമാണ് വിശപ്പടങ്ങുന്നത്. ഒരു പനിയായി തുടങ്ങിയ സഞ്ജയിന്റെ ആരോഗ്യം ഓരോ ദിവസവും ക്ഷയിച്ചു വരികയാണ്. ഒരു മീന്‍മുള്ളുകണക്കെ അയാളുടെ എല്ലുകള്‍ എണ്ണിയെടുക്കാം!

ദിവസങ്ങള്‍ അതിനിരാസമായി കടന്നുപോവുകയാണ്.
വിരസത ബാധിച്ച എട്ട് മനുഷ്യര്‍!.

ഗുഹയ്ക്കുള്ളിലും ദ്വീപിനകത്തുള്ള പാറക്കെട്ടിലും ജീവിതം തളച്ചിടപ്പെട്ടു. ഋതുക്കള്‍ പലതായി മാറി മറിയുന്നത് കണ്ടറിഞ്ഞു. പനിച്ചു കിടന്നതിന്റെ മൂന്നാമത്തെ മാസം രാത്രി, സങ്കിതയുടെ മടിയില്‍ നിന്ന്​ സഞ്ജയ് മരണത്തിന്റെ ഇരുട്ടുവഴിയിലേക്ക് ഒരു ഞരക്കത്തോടെ ഇറങ്ങിപ്പോയി. എല്ലാവരും ചുറ്റിലുമുണ്ടായിട്ടും ആ മരണത്തെ തടയാന്‍ സധിച്ചില്ല. ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ നിശ്ചലരായി നില്‍ക്കാന്‍ മാത്രമെ കഴിഞ്ഞുള്ളൂ. എല്ലാ അന്ത്യമര്യാദകളും പാലിച്ച് സഞ്ജയിനെ അടക്കാന്‍ തീരുമാനിച്ചു. വെങ്കിടാചലം സാറ് കൈമാറിയ ക്യാപ്റ്റന്റെ ബാഡ്ജ് ഊരാന്‍ തുനിഞ്ഞ വിക്രമിനെ സാറ് തടഞ്ഞു. മരണത്തിനു ശേഷവും സഞ്ജയ് ഞങ്ങളുടെ ക്യാപ്റ്റനായിരിക്കും. ആ രാത്രി തന്നെ ആശാനൊരു കുഴിയെടുത്ത് സഞ്ജയിനെ അടക്കി. കുഴിയെടുക്കുമ്പോള്‍ ആശാന്‍ഏങ്ങിയേങ്ങി കരയുകയായിരുന്നു. അതുവരെ കരയാതിരുന്ന ആശാന്‍ പോലും സങ്കടങ്ങളുടെ മുള്‍ക്കാട്ടിലേക്ക് അകപ്പെട്ടിരിക്കുന്നു. സഞ്ജയിന്റെ മരണത്തോടെ ഞങ്ങള്‍തീര്‍ത്തും ഒറ്റപ്പെട്ടു. രക്ഷപ്പെടുമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചു. തന്റെ മടിയില്‍ക്കിടന്നു ഒരാള്‍ മരിച്ചു പോയത് പേര്‍ത്തും പേര്‍ത്തും പറഞ്ഞ് സങ്കിത കരയുകയാണ്. അവളെയൊന്ന് ആശ്വസിപ്പിക്കാന്‍ പോലും കഴിയുന്നില്ല.

അധ്യായം 40

ഞ്ജയിന്റെ മരണശേഷം ട്രീസയാണ് എല്ലാത്തിനും മുന്നില്‍ നിന്നത്. ദിവസങ്ങളോളം കരഞ്ഞുകൊണ്ടിരുന്ന സങ്കിതയെ ആശ്വസിപ്പിച്ചുകൊണ്ടാണ് ട്രീസ നേതൃത്വം ഏറ്റെടുത്തത്. ട്രീസ നിര്‍ബന്ധിച്ചപ്പോഴാണ് വിക്രമും മാത്യൂസും ഗുഹയില്‍ നിന്നും പുറത്തിറങ്ങിയത്. അവള്‍ പറഞ്ഞതനുസരിച്ചാണ് ദ്വീപിലെ ഏറ്റവും ഉയരുമുള്ള പാറയില്‍ മാത്യൂസ് വലിഞ്ഞകയറി ഒരു കൊടി നാട്ടിയത്. തന്റെ ഉടുപ്പില്‍ നിന്ന്​ ഒരു ഭാഗം കീറിയെടുത്ത് മാത്യൂസിന് നല്‍കുമ്പോള്‍ ആരെങ്കിലും തങ്ങളെ കണ്ടെത്താന്‍ ആ കൊടിയടയാളം സഹായിക്കുമെന്നാണ് ട്രീസ പ്രതീക്ഷിച്ചത്.

പക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞു പോയതല്ലാതെ ഞങ്ങളെ തേടി ആരും വന്നില്ല. ഇടക്ക്​ ഒന്നു രണ്ടു വിമാനങ്ങള്‍ ദ്വീപിനു മുകളിലൂടെ പറന്നപോയെന്നു മാത്രം. അവരെ ആകര്‍ഷിക്കാന്‍ വിക്രം വെടിയുതിര്‍ത്തെങ്കിലും അതിനൊരു ഫലവുമുണ്ടായില്ല. വീണ്ടും ദിവസങ്ങള്‍ അതിവിരസമായി കഴിഞ്ഞുപോയി. അതിനിടയില്‍ വിക്രമിനും മാരിക്കും പനി പിടിച്ചത് എല്ലാവരിലും വീണ്ടും ഭയം നിറച്ചു. ട്രീസ ആവും വിധം അവരെ പരിചരിക്കുന്നുണ്ട്. പക്ഷേ, മരുന്നുകളോ മറ്റോ നല്‍കാന്‍ കഴിയാത്തതുകൊണ്ട് അവരുടെ ജീവന്‍ അപകടത്തിലേക്ക് വഴുതുകയാണെന്ന് മനസ്സിലായെങ്കിലും ഒന്നും ചെയ്യാനില്ലായിരുന്നു. ആശാന്‍ ഏതെല്ലാമോ ചെടികള്‍ പറിച്ചുകൊണ്ടുവന്ന നീരുറ്റിച്ച് നല്‍കുന്നുണ്ട്. അതു മരുന്നാണോ വിഷമാണോ എന്നാര്‍ക്കുമറിയില്ല! പക്ഷേ, ആ പച്ചമരുന്നുകളാണ് തങ്ങളുടെ ജീവനിപ്പോഴും നിലനിര്‍ത്തുന്നതെന്നാണ് വിക്രമും മാരിയും കരുതുന്നത്. ജീവിച്ചിരിക്കാന്‍ മനുഷ്യന്‍ വിഷം പോലും കഴിക്കാന്‍ തയ്യാറാവും. വിക്രം തീര്‍ത്തും നിശ്ശബ്ദനായിരുന്നു.

മാരിയുടെ അവസ്ഥയാണ് കണ്ടുനില്‍ക്കാന്‍ കഴിയാത്തത്. അവന്‍ ഉച്ചത്തില്‍ നിലവിളിച്ച്, തലയിട്ടടിക്കുകയാണ്. അസഹ്യമായ വേദനകൊണ്ടാണ്. അവസാനം സങ്കിത അവന്റെ കൈകാലുകള്‍ കെട്ടിയിട്ടു. എന്നിട്ടും അവന്റെ ഞരക്കങ്ങളും നിലവിളികളും ശമിച്ചില്ല. ആ രാത്രി അവനെ കൊന്നുകളയാന്‍ ഞാന്‍ തീരുമാനിച്ചു. വേദനകള്‍ കണ്ടുനില്‍ക്കാന്‍ കഴിയാതെയാണ് അതിനു തയ്യാറെടുത്ത്.

എല്ലാവരും ഉറക്കമായപ്പോള്‍ ഞാന്‍ പതിയ അവന്റെ അടുത്തേക്കു ചെന്നു. പാതി ബോധത്തിലും അവനെന്നെ ഒന്നു നോക്കി. പതിയെ അവന്റെ നെറുകയില്‍ തലോടി. പൊള്ളുന്ന പനിയുണ്ട്. ആരോഗ്യമില്ലാത്ത, എല്ലുന്തിയ എന്റെ വിരലുകള്‍കൊണ്ട് കിനിഞ്ഞിറങ്ങിയ മാരിയുടെ കണ്ണുനീര് തുടച്ചു. അപ്പോഴവന്‍ എന്നെ പ്രതീക്ഷയോടെ നോക്കി. വിരലുകള്‍ താഴേക്ക്, താടിയിലൂടെ കഴുത്തിലേക്ക് സാവധാനം ചലിപ്പിച്ചു. ഒട്ടും ദയ തോന്നാതിരിക്കാന്‍ ഞാന്‍ കണ്ണുകളടച്ചു. ഒറ്റ നിമിഷം കയ്യവന്റെ കഴുത്തിലമര്‍ത്തി. ഒന്നു പിടഞ്ഞുവോ? ഇല്ല, ആരോ എന്റെ കൈയ്യില്‍ അമര്‍ത്തി പിടിച്ചിട്ടുണ്ട്. കണ്ണുതുറന്നപ്പോള്‍ ട്രീസയുടെ കത്തുന്ന നോട്ടത്തില്‍ ഞാനുരുകി. അതേ നിമിഷത്തില്‍ അവളുടെ വലംകൈ എന്റെ മുഖത്ത് പതിച്ചു. മാരിയല്ലാതെ മറ്റാരുമത് കണ്ടതുമില്ല. ട്രീസയോട് മറിച്ചൊന്നും പറയാന്‍ പോലും കഴിയാതെ ഞാന്‍ ഗുഹക്കുപുറത്തിറങ്ങി. അവള്‍ തിരികെ വിളിച്ചതുമില്ല! കവിളും കരളും വേദനിക്കുന്നു. കരച്ചിലടക്കാന്‍ കഴിയുന്നില്ല. വേച്ചു വേച്ചു മുന്നോട്ടു നടന്നു. ഉയര്‍ന്നുനിന്നൊരു മണ്‍കൂനയില്‍ തട്ടി നിലത്തേക്ക് വീണു. ആ വീഴ്ചയില്‍ ഞാന്‍ ആകാശം നോക്കി. നക്ഷത്രങ്ങള്‍ പൂവിട്ടു നില്‍ക്കുന്ന വിഷാദമായ ആകാശം. ദുഃഖങ്ങളെ നിര്‍വ്വചിക്കുന്ന അനേകായിരം നക്ഷത്രങ്ങള്‍!. കപ്പല്‍വെള്ളിയിലേക്ക് നോക്കി. അപ്പനതിനകത്ത് എവിടെയോ ഇരുന്നെന്നെ മാടി വിളിക്കുന്നു.

ആ കിടപ്പിലാണ് മറ്റൊരു കാഴ്ച കണ്ടത്. ഒന്നിനു പുറകെ ഒന്നായി പായുന്ന വെളിച്ചം! ആദ്യമതൊരു ഉല്‍ക്കാപതനമാവുമെന്നാണ് തോന്നിയത്. കാണക്കാണെ അതിനൊരു വിമാനത്തിന്റെ രൂപം കൈവന്നു. അതെ. ഞങ്ങള്‍ അകപ്പെട്ട ദ്വീപിനു മുകളിലൂടെ ഒന്നിലധികം വിമാനങ്ങള്‍ പറക്കുന്നു! പ്രതീക്ഷയുടെ വെളിച്ചമാണത്. ഞാനോടിച്ചെന്ന് മാത്യൂസിനെ കുലുക്കി വിളിച്ചുകൊണ്ടു വന്നു. ഉറക്കം നഷ്ടമായതിന്റെ ഈര്‍ഷ്യയോടെ അയാള്‍ പുറത്തേക്കിറങ്ങി. പക്ഷേ, വിമാനങ്ങള്‍ കണ്ടതോടെ മാത്യൂസിന്റെ ദേഷ്യം പ്രതീക്ഷയായി മാറി. പക്ഷേ, ഈ രാത്രിയില്‍ എവിടെ നിന്നാണ് ആ വിമാനങ്ങള്‍ വന്നതെന്ന് മാത്രം രണ്ടു പേര്‍ക്കും മനസ്സിലായില്ല. അടുത്ത ദിവസം വെങ്കിടാചാലം സാറാണ് അതിന് വ്യക്തമായ ഉത്തരം നല്‍കിയത്. അതൊരു പ്രതീക്ഷയുടെ തുരുത്തായിരുന്നു. രക്ഷപ്പെടുമെന്ന ആശ വീണ്ടും നാമ്പിട്ടു.

അധ്യായം 41

ന്നുകില്‍ യെമനില്‍ നിന്നുള്ള വിമാനങ്ങളാവാം, അതല്ലെങ്കില്‍ വല്ല അന്യഗ്രഹ ജീവികളുടേയും പറക്കും തളികകള്‍! രണ്ടാമത്തേത്ത് എന്നെ സംബന്ധിച്ച് പുതിയ അറിവായിരുന്നു. ഞാനത് ചിരിച്ചു തള്ളി. പക്ഷേ, സാറത് കാര്യമായി തന്നെയാണ് പറഞ്ഞത്. അതായയത് ഇത്തരം ഏകാന്ത ദ്വീപുകളില്‍ അന്യഗ്രഹ ജീവികള്‍ പലതും വന്നിറങ്ങാറുണ്ടെന്ന്. മാത്യൂസുമത് പിന്താങ്ങി. യെമനില്‍ നിന്ന്​ വിമാനങ്ങള്‍ വന്നത് എന്തിനായിരിക്കുമെന്നായിരുന്നു എന്റെ സംശയം. ഒരു പക്ഷേ, ഇന്ത്യന്‍ നാവികസേന അറിയിച്ചതനുസരിച്ച് അവർ ഞങ്ങളെ അന്വേഷിച്ചിറങ്ങിയതാണെന്നാണ് സാറ് പറയുന്നത്. അത്​ സത്യമാവണേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ മാനത്തേക്ക് കണ്ണു നട്ടിരുന്നു. അതിനിടയില്‍ മാത്യൂസ് സ്വന്തം നിലക്ക്​ കുറച്ച് ഉണങ്ങിയ കമ്പുകള്‍പെറുക്കി തീയിട്ടു. ഇനി വല്ല വിമാനങ്ങളോ കപ്പലുകളോ വരികയാണെങ്കില്‍ ദ്വീപില്‍ ആരോ കുടുങ്ങിയിട്ടുണ്ടെന്ന് പുക കാണുമ്പോള്‍ മനസ്സിലാവുകയും അവര്‍ ഞങ്ങളെ രക്ഷപ്പെടുത്താന്‍ എത്തുകയും ചെയ്യുമെന്നാണ് മാത്യൂസിന്റെ നിഗമനം. എന്നാലത് മുന്‍പെ ചെയ്യാമായിരുന്നില്ലെയെന്ന എന്റെ ചോദ്യത്തിന് ഉത്തരം തരാതെ മാത്യൂസെന്നെ രൂക്ഷമായി നോക്കി. കുറച്ചു നേരം ആലോചിച്ചപ്പോള്‍ ആദ്യ ദിവസങ്ങളില്‍ സഞ്ജയ് അതു ചെയ്തിരുന്നത് ഓര്‍മ്മ വന്നു. അതായത് ഇന്ദിര അപകടത്തില്‍ പെട്ട്, ഞങ്ങളാ പാറക്കൂട്ടത്തില്‍ കഴിഞ്ഞ സമയത്ത്. പക്ഷേ, അന്നാരുമത് കണ്ടില്ല.

എന്തായാലും ഇനിയുള്ള രാത്രികളും പകലുകളും മാനം നോക്കിയിരിക്കാന്‍ തന്നെ തീരുമാനിച്ചു. മാത്യൂസ് ഉയരമുള്ള പാറയില്‍ കയറി കടലിനെ നോക്കി. കണ്ണെത്താദൂരത്തോളം നീലിച്ചു കിടക്കുന്ന കടലല്ലാതെ മറ്റൊന്നും കാണാന്‍ കഴിയാതെ ക്ഷീണിച്ചെന്നു മാത്രം. ഉച്ചയോടെ മറ്റൊരു വിമാനം ഞങ്ങളുടെ തലക്കുമുകളിലൂടെ രണ്ടുമൂന്നു പ്രാവശ്യം വട്ടം വച്ചു. താഴെ നിന്ന് കൂക്കുവിളിച്ചും ഇട്ടിരുന്ന ഉടുപ്പൂരി വീശിയും അവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. പക്ഷേ, തെക്കോട്ടാണ് ആ വിമാനം പറക്കുന്നതതെന്നും ആ ഭാഗത്ത് കുറേ നേരമത് വട്ടമിടുന്നതും സങ്കിതയാണ് കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാല്‍ ഞങ്ങള്‍ ആദ്യം കുടുങ്ങിയ പാറക്കെട്ടിനു മുകളില്‍!

അതോടെ ഞങ്ങളെ തിരഞ്ഞാണ് വിമാനം വന്നതെന്നുറപ്പിച്ചു. വിവരമറിഞ്ഞ വിക്രമും അതുതന്നെ പറഞ്ഞു. എഴുന്നേറ്റ് നടക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ആ പാറക്കെട്ടിലേക്ക് താന്‍ ചെല്ലുമായിരുന്നെന്ന് പറഞ്ഞ് വിലപിച്ചു. എഴുന്നേറ്റിരിക്കാന്‍ പോലും ശേഷിയില്ലാത്തതില്‍ വിക്രമന് സ്വയം നിന്ദ തോന്നി. അയാളെ ശാന്തനാക്കാനുള്ള ട്രീസയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. തന്നൊയൊന്നു കൊന്നുതരാമോ എന്നാണ് വിക്രം അവളോട് ചോദിക്കുന്നത്! ആ ചോദ്യത്തിന്റെ മുള്ളുകളേറ്റ് ഞാനാണ് പിടഞ്ഞത്.

രാത്രിയിലും ആ വിമാനം ഞങ്ങള്‍ കണ്ടു. ഇപ്രാവശ്യമത് അൽപം കൂടെ താഴ്ന്നാണ് പറക്കുന്നത്. ഒരു പക്ഷേ, അതിനകത്തുള്ളവര്‍ ഞങ്ങളെ കണ്ടുകാണും. അതു വെറും തോന്നലായിരുന്നെന്നു തിരിച്ചറിയാന്‍ അധിക സമയം വേണ്ടി വന്നില്ല. കാരണം ഞാന്‍ കരുതുന്നതിലും എത്രയോ ഉയരത്തിലാണ് വിമാനത്തിന്റെ സഞ്ചാരം. പ്രത്യേകിച്ച് ചുറ്റിലും ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കൂര്‍ത്ത പാറകളാണ്. വിമാനത്തിനോ ഹെലികോപ്റ്ററിനോ ആ ഭാഗങ്ങളില്‍ താഴ്ന്നു പറക്കാന്‍ കഴിയില്ലെന്ന് സാറ് പറഞ്ഞത് സത്യമായിരുന്നു.

അടുത്ത ദിവസം പകല്‍ മാത്യൂസിനൊപ്പം ഞാനും ഇന്ദിര മുങ്ങിയതിനു സമീപത്തുള്ള പാറയിലേക്ക് ചെല്ലണമെന്ന് ട്രീസ നിര്‍ദ്ദേശിച്ചു. സാറും അതു തന്നെ പറഞ്ഞു. അതാലോചിച്ച് എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. ആകാശത്തേക്ക് നോക്കി കിടന്നു. ആ കിടപ്പില്‍ പിന്നെയും വിമാനങ്ങള്‍ കണ്ടു. അക്കൂട്ടത്തില്‍ ഒരു ഹെലികോപ്റ്ററും ഉണ്ടായിരുന്നു. സാമാന്യം താഴ്ന്നു പറക്കുന്ന അതില്‍നിന്ന്​ ആരെല്ലാമോ താഴേക്കിറങ്ങുന്നതായി തോന്നി. ഇനിയത് സത്യമാണോ എന്നുമറിയില്ല. പക്ഷേ, ഹെലിക്കോപ്റ്ററിന്റെ ഇരമ്പല്‍ തുടര്‍ച്ചയായി കേള്‍ക്കുന്നുണ്ട്. എങ്ങിനെയെങ്കിലും നേരം വെളുക്കാന്‍ പ്രാര്‍ത്ഥിച്ചു. രാത്രികളില്‍ പാറകളിലേക്ക് വന്നലക്കുന്ന തിരകള്‍ക്ക് മറ്റൊരു ശബ്ദമാണെന്ന് ഇത്രനാളത്തെ അനുഭവങ്ങളില്‍ നിന്നും മനസ്സിലായിരുന്നു. എന്നിട്ടും ഈ രാത്രിക്ക്​ നിഗൂഢമായൊരു ശാന്തതയുണ്ട്. കടലിനും ആകാശത്തിനും പ്രപഞ്ചത്തിലെ സകലതിനും ആശങ്കയും ആശ്വാസവും പ്രതീക്ഷയും വേദനകളും കലര്‍ന്ന നിശ്ശബ്ദത! നക്ഷത്രങ്ങളുദിക്കുന്നതും ചന്ദ്രനസ്തമിക്കുന്നതും കാറ്റുവീഴുന്നതും കണ്ടും കേട്ടും അനുഭവിച്ചും രാത്രിയൊടുങ്ങി.

സൂര്യോദയത്തോടെ മാത്യൂസും ഞാനും തെക്കോട്ടുള്ള യാത്രയാരംഭിച്ചു. പാറക്കെട്ടുകളിലേക്ക് കയറിയപ്പോള്‍ വെയിലിന്റെ കാഠിന്യം ശരിക്കും അനുഭവിച്ചു. ചെരുപ്പു പോലുമില്ലാതെ കാലടി പൊള്ളിത്തിണിര്‍ത്തു. വിശ്രമമില്ലാതെ വീശുന്ന ചൂടുകാറ്റ് വിയര്‍പ്പ് വറ്റിച്ചു. ദാഹിച്ചും വിശന്നും പാറകളില്‍ അള്ളിപ്പിടിച്ചും വഴുതിയും നടന്നു. ഇടയ്ക്ക് ഒന്നു രണ്ടു സ്ഥലങ്ങളില്‍ വിശ്രമിച്ചു. ദൂരെ കേള്‍ക്കുന്ന ഹെലികോപ്റ്ററിന്റെ ഒച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ചു വീണ്ടും നടത്തമാരംഭിക്കും. ഹെലിക്കോപ്റ്റര്‍ അകന്നു പോവുകയും ചെയ്യും.

ഉച്ചയോടെ ഞങ്ങള്‍ വലിയൊരു പാറക്കെട്ടില്‍ കയറി. മുന്‍പു കണ്ട കുഴിഞ്ഞു നില്‍ക്കുന്ന പ്രദേശത്തിന്റെ ഭാഗമായുള്ള കുത്തനേയുള്ള പാറക്കെട്ടായിരുന്നത്. അവിടെ നിന്ന്​ താഴേക്ക് നോക്കിയ മാത്യൂസ് എന്തോ കണ്ട് പേടിച്ചതു പോലെ കണ്ണുമിഴിച്ചു. കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ ഞാനും പണിപ്പെട്ട് ആ ഭാഗത്തേക്ക് കയറി. കരളുരുക്കുന്ന മറ്റൊരു കാഴ്ചയായിരുന്നു ആ ഗര്‍ത്തത്തിലുണ്ടായിരുന്നത്.

കത്തിക്കരിഞ്ഞ ഒരു ചെറുവിമാനവും നാലോ അഞ്ചോ മനുഷ്യരും. ഞങ്ങള്‍ കണ്ട ഏതോ ഒരു വിമാനമായിരുന്നോ അത്? മാത്യൂസിന്റെ അതേ സംശയം തന്നെയായിരുന്നു എനിക്കും. പക്ഷേ, ഒരു കാര്യം ആ നിമിഷം ഉറപ്പായി. അതായത്, കഴിഞ്ഞ രാത്രികളില്‍ കണ്ട വിമാനങ്ങള്‍ കാണാതായ ഈ വിമാനത്തെ തിരഞ്ഞു വന്നതാണ്. റഡാറില്‍, ഈ തകര്‍ന്നു കിടക്കുന്ന വിമാനം അവസാനമായി പ്രത്യക്ഷപ്പെട്ടത് ഈ പ്രദേശത്താണെന്ന് കണ്ടിരിക്കും. അതനുസരിച്ചാണ് മറ്റു വിമാനങ്ങള്‍ തിരച്ചലിറങ്ങിയത്. അവരത് കണ്ടെത്തിയോ ഇല്ലയോ എന്നറിയില്ല! ഞാനിതെല്ലാം ആലോചിച്ച് നില്‍ക്കെ മാത്യൂസ് പണിപ്പെട്ട് കുറേക്കൂടെ താഴേക്ക് ഇറങ്ങി. തിരിച്ചുകയറിയ മാത്യൂസ് ഒരു കാര്യം ഉറപ്പിച്ചു. ആ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടിട്ടുണ്ട്. മാത്രമല്ല, യെമന്‍ സൈന്യത്തിന്റെ വിമാനമാണത്. കത്താതെ അവശേഷിച്ച ചിറകില്‍ തെളിഞ്ഞു കാണുന്ന യെമന്‍ സൈനിക ചിഹ്നത്തില്‍ നിന്നാണ് മാത്യൂസത് ഉറപ്പാക്കിയത്.

നേരത്തെ കണ്ട ഹെലിക്കോപ്റ്ററുകള്‍ ഇപ്പോള്‍ കാണാനുമില്ല. അതാണ് ഞങ്ങളെ കൂടുതല്‍ ആശങ്കപ്പെടുത്തിയത്. ഒന്നുകില്‍ അവര്‍ വിമാനത്തെ കണ്ടെത്തുകയും ഇവിടെ ഇറങ്ങാന്‍ കഴിയാതെ തിരികെ പോയതുമാവും. അതല്ലെങ്കില്‍ അവരിതുവരെ തകര്‍ന്നു കിടക്കുന്ന വിമാനം കണ്ടെത്തിയിട്ടല്ല. രണ്ടായാലും അവിടെ തന്നെ കാത്തുനില്‍ക്കാന്‍ തീരുമാനിച്ചു. ദാഹിച്ച് തൊണ്ട വറ്റിയിട്ട് ശ്വസമെടുക്കാന്‍ പോലും കഴിയുന്നില്ല. ഒരു തണല്‍ പോലുമില്ല. ഏതു നിമിഷവും തളര്‍ന്ന്, ആ ഗര്‍ത്തത്തിലേക്ക് വീണുപോവുമെന്നു തോന്നി. എന്നിട്ടും ദൂരെ നിന്ന്​ കേള്‍ക്കുന്ന ഒരു വിമാനത്തിന്റയോ ഹെലികോപ്റ്ററിന്റെയോ ഇരമ്പിച്ചകള്‍ക്ക് കാതോര്‍ത്തിരുന്നു. മണിക്കൂറുകള്‍കടന്നുപോവുന്നത് നിഴല്‍ മാറുന്നതില്‍ നിന്നും മനസ്സിലായി. കാത്തിരിപ്പിന്റെ അതിവിരസത. പരസ്പരം ഒന്നും മിണ്ടാന്‍ പോലുമില്ലാതെ തകര്‍ന്നു കിടക്കുന്ന വിമാനത്തെ നോക്കിയിരുന്നു. അതിനകത്തുള്ള മനുഷ്യരെക്കുറിച്ചോര്‍ത്തു. മരിക്കാതെ, ഈ നിമിഷത്തിലും ജീവനോടെയിരിക്കുന്നത് ഭാഗ്യമാണെന്നു തോന്നി. കൈരളിയിലുണ്ടായിരുന്ന മനുഷ്യരേയും അപ്പനേയും പസന്തിയേയും സഞ്ജയിനേയും ഓര്‍ക്കുമ്പോള്‍ കണ്ണു നിറയുന്നു. മദുഗരയും സെന്തിലും ഇപ്പോള്‍ എവിടെയായിരിക്കും? മനസ്സിങ്ങനെ പലവഴിയിലൂടെ ഓടിക്കിതച്ചു.

പൊടുന്നനെ ദൂരെനിന്നൊരു ഇരമ്പല്‍ കേട്ടു. അതിങ്ങനെ അടുത്തു വരുന്നുണ്ട്. നെഞ്ചിടിപ്പ് അതിലേറെ വേഗതയിലായി. കണ്ണില്‍കുത്തിനക്കുന്ന വെയിലിനെ വകവെക്കാതെ ആകാശത്തേക്ക് നോട്ടമെറിഞ്ഞു. ഒരുനിമിഷം പോലും നോക്കാന്‍ കഴിയാതെ കണ്ണെടുത്തു. പെട്ടന്നാണ് ഞങ്ങളിരിക്കുന്നിടത്ത് വലിയൊരു പക്ഷിയുടെ നിഴലു പോലൊന്നു വന്നു വീണത്. അതിനൊപ്പം നേരത്തെ കേട്ട ഇരമ്പിച്ചയും ഉയര്‍ന്നു. അതൊരു ഹെലിക്കോപ്റ്ററിന്റെ നിഴലായിരുന്നു. അതുകണ്ടതും മാത്യൂസ് ഉടുത്തിരുന്ന പാന്റ് ഊരി വീശി. അഴുക്കുപുരണ്ട ആ വസ്ത്രം ഹെലിക്കോപ്റ്ററിലുള്ളവര്‍ കണ്ടെന്നു തോന്നുന്നു. അതിപ്പോള്‍ അല്‍പ്പം കൂടെ താഴ്ന്നു പറന്ന് വട്ടം വെക്കുകയാണ്. അല്‍പ്പനേരം അതേനില തുടര്‍ന്നു. പിന്നെ അതിനകത്തു നിന്നും ഒരു വടം താഴേക്കു നീണ്ടു. അതിനറ്റത്തൊരു മനുഷ്യനും ഉണ്ടായിരുന്നു.

കാലങ്ങള്‍ക്കുശേഷം മറ്റൊരു മനുഷ്യനെ കാണുന്നു. താഴേക്കിറങ്ങിയ ആ സൈനികന്‍ ഞങ്ങളെക്കണ്ട് ആദ്യമൊന്ന് അമ്പരന്നു. ഏതോ പുരാതന കാലത്തെ ഗുഹാമനുഷ്യരുടെ രൂപഭാവങ്ങള്‍ കണ്ടായിരുന്നത്. ഒരു നിമിഷത്തെ അമ്പരപ്പു മാറിയതിനു ശേഷം അയാള്‍ അറബിയില്‍ ഞങ്ങളോടെന്തോ ചോദിച്ചു. പക്ഷേ, അയാളുടെ ഭാഷ ഞങ്ങള്‍ക്ക് മനസ്സിലായില്ല! മാത്യൂസ് ആംഗ്യത്തിലൂടെ എന്തെല്ലാമോ പറയാന്‍ ശ്രമിച്ചെങ്കിലും അതൊന്നും അയാള്‍ക്ക് മനസ്സിലായില്ല. പിന്നാലെ മറ്റൊരു സൈനികന്‍ കൂടെ താഴേക്കിറങ്ങി. ഭാഗ്യത്തിന് അയാള്‍ക്ക് ഇംഗ്ലീഷ് വശമുണ്ടായിരുന്നു.

അധ്യായം 42

ങ്ങളുടെ ദുരന്ത കഥ അയാള്‍ അത്ഭുതത്തോടെയാണ് കേട്ടുനിന്നത്. മാത്രമല്ല, രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഈ ദ്വീപിലേക്ക് ഒരു വിമാനമോ കപ്പലോ വന്നിട്ടില്ലെന്നാണ് അയാള്‍ പറഞ്ഞത്. യെമന്റെ അധീനതയിലാണെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഈ ദ്വീപിലേക്ക് ആരും അടുക്കാറില്ല. ഏതുനിമിഷവും ആര്‍ത്തലക്കുന്ന തിരകള്‍ കാരണം കപ്പലോ ബോട്ടുകളോ ഈ വഴി വരാറില്ല. ഉയര്‍ന്ന പാറകള്‍ പേടിച്ച് വിമാനങ്ങളും പറക്കാറില്ല. മാത്രമല്ല, യെമന്‍ സര്‍ക്കാറിന്റെ രേഖകളില്‍ 'The black island' എന്നാണ് ഈ പ്രദേശം രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 12°38'10'N-ല്‍. പക്ഷേ, നാലു ദിവസം മുന്നെ സൈനിക പരിശീലനത്തിനിറങ്ങിയ ഒരു ചെറുവിമാനം ദ്വീപിനു സമീപത്ത് കാണാതായത് മൂന്നു ദിവസമായി അവര്‍ തിരയുകയാണ്. ഇതുവരെ അതു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതു കേട്ടതും മാത്യൂസ് അയാളുടെ കയ്യില്‍ പിടിച്ച് പാറക്കെട്ടിനടുത്തേക്ക് ഓടി. ആ ഓട്ടത്തില്‍ അവരിരുവരും അഗാതമായ ആ ഗര്‍ത്തത്തിനകത്തേക്ക് വീണു പോയേക്കുമെന്ന് തോന്നി. താഴെ തങ്ങളുടെ വിമാനം തകര്‍ന്നു കിടക്കുന്ന കാഴ്ച അയാളെ ഒന്നുലച്ചെന്നുറപ്പാണ്. ആ സൈനികന്റെ മുഖത്തെ ഭാവങ്ങള്‍ അതു വിളിച്ചോതുന്നുണ്ട്.

പിന്നെയല്ലാം വേഗത്തിലായിരുന്നു. അരമണിക്കൂറിനു ശേഷം മറ്റു രണ്ടു ഹെലിക്കോപ്റ്ററുകള്‍ കൂടി പറന്നെത്തി. സകല സന്നാഹങ്ങളുമായി അതിനകത്തു നിന്നും സൈനികര്‍ താഴേക്കിറങ്ങി. അതിനിടയില്‍ അവര്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും നല്‍കി. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന്​ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ മുകളിലേക്ക് എത്തിച്ചു. അതിനു ശേഷം ആദ്യം വന്ന ഹെലിക്കോപ്റ്ററിലേക്ക് ഞങ്ങളെ കയറ്റി.

മാത്യൂസ് പറഞ്ഞതനുസരിച്ച് ആ ഹെലിക്കോപ്റ്റര്‍ കൈരളിയെ കണ്ടെത്തിയ ഭാഗത്തേക്ക് പറന്നു. അപ്പോഴാണ് ദ്വീപ് ശരിക്കും കാണുന്നത്. സൈനികര്‍പറഞ്ഞതു പോലെ അതൊരു ഇരുണ്ട ദ്വീപ് തന്നെയാണ്. പാറകളുടെ മറവില്‍ താഴേക്ക് ഒന്നും കാണാന്‍ കഴിയില്ല. നിബിഢവനം പോലെയുള്ള പാറക്കെട്ടുകള്‍ മാത്രമാണ് ആകാശത്തു നിന്നും കാണാന്‍ കഴിയുന്നത്! കുറച്ചധികം നേരം ആകാശത്ത് ചുറ്റിയപ്പോഴാണ് ഞങ്ങള്‍ കുരുങ്ങിക്കിടക്കുന്ന പ്രദേശം കണ്ടത്. അതിനു താഴെ, മാത്യൂസ് ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് സൈനികര്‍ വടംകെട്ടിയിറങ്ങി. ട്രീസയേയും മറ്റുള്ളവരേയും രക്ഷിച്ചു. വിക്രമിന്റെ നില അതീവ ഗുരതരമായിരുന്നു. എല്ലാവരും പരസ്പരം ആശ്വസിപ്പിച്ചിരിക്കെ ഹെലികോപ്റ്റര്‍ യെമന്‍ ലക്ഷ്യമാക്കി പറന്നു. അവിടെത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷീണവും നിര്‍ജ്ജലീകരണവും എല്ലാവരുടേയും ആരോഗ്യത്തെ സാരമായത്തന്നെ ബാധിച്ചിരുന്നു. ആരോഗ്യം അല്‍പ്പം മെച്ചപ്പെട്ടപ്പോള്‍ വിക്രമെഴികെ മറ്റെല്ലാവരേയും അവര്‍ മറ്റൊരിടത്തേക്ക് മാറ്റി. സൈന്യത്തിന്റെ കീഴിലുള്ള പുനരധിവാസ കേന്ദ്രമായിരുന്നു അത്​. അവിടെ വെച്ച് നടന്ന ചോദ്യം ചെയ്യലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രതിനിധി ഞങ്ങളെ കാണാനെത്തി. അപ്പോഴാണ് ഇന്ത്യയില്‍ നടന്ന അപ്രതീക്ഷിതമായ സംഭവത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞത്.

അതായത് യെമന്‍ സൈന്യം ഞങ്ങളെ രക്ഷിച്ച അതേദിവസം മുന്‍പ്രധാനമന്ത്രി ഒരു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മാത്രവുമല്ല, ശ്രീലങ്കന്‍ വിമോചന സംഘമാണ് അതിനു പിന്നിലെന്നു കേട്ടപ്പോള്‍ എന്റെ നെഞ്ച് കാളി. മദുഗര പറഞ്ഞ പ്രധാനപ്പെട്ട ആക്ഷന്‍ അതായിരുന്നോ? അന്നു തന്നെ യെമനിലുള്ള ഇന്ത്യന്‍ പ്രതിനിധി, മെഹ്ത്തയുമായി ബന്ധപ്പെട്ടു. വെങ്കിടാചലം സാറ് അയാളുമായി സംസാരിച്ചു. അപ്പോഴാണ് കൃഷ്ണപ്രസാദ് ഞങ്ങളെ അന്വേഷിച്ച് മെഹ്ത്തയെ കാണാന്‍ ചെന്നതറിഞ്ഞത്. മാത്രമല്ല ഇക്കാര്യത്തിനായി അവന്‍ മാസങ്ങളായി ഡല്‍ഹിയില്‍ തന്നെയുണ്ട്. എനിക്കപ്പോള്‍ അവനോട് എന്തെന്നില്ലാത്ത സ്‌നേഹം തോന്നി. വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെ ഡെല്‍ഹിയിലെത്തിയത്.

മറ്റൊരു കപ്പലിനെ ഉപയോഗിച്ച് ആര്‍.എം.എസിനെ തിരയാനാണ് മെഹ്ത്തയുടെ തീരുമാനം. അതു കേട്ടപ്പോള്‍ അയാളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. മെഹ്ത്ത അറിയിച്ചതനുസരിച്ച് കൃഷ്ണപ്രസാദ് ഞങ്ങള്‍ താമസിക്കുന്ന ഗസ്റ്റ് ഹൌസിലേക്ക് വന്നു. തമിഴ്‌നാട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ മദുഗരയും സെന്തിലും കൊല്ലപ്പെട്ട വിവരം കൃഷ്മപ്രസാദ് അവിടെയിരുന്നു പറയുമ്പോള്‍ ഞാന്‍ നിര്‍വ്വികാരനായി കേട്ടിരുന്നു. അനുഭവിച്ച ദുരന്തങ്ങളുടെ ഓര്‍മകളില്‍ ഘനീഭവിച്ച മനസ്സുമായി നാട്ടിലേക്ക് മടങ്ങുമ്പോഴും ആശാന്‍ പ്രാര്‍ത്ഥിക്കുകയാണ്. മരിച്ചവര്‍ക്കു വേണ്ടിയുള്ള അതേ പ്രാര്‍ത്ഥന.

സെബാന്‍

സെബാന് പ്രാന്താണെന്നാണ് വീട്ടുകാരും നാട്ടുകാരും പറഞ്ഞിരുന്നത്. അവരെ കുറ്റം പറയാന്‍പറ്റില്ല. എഴുപത്തൊമ്പതിൽ കാണാതായൊരു കപ്പലിനെ, ആറു വര്‍ഷം കഴിഞ്ഞ് കടലില് അന്വേഷിക്കുന്നത് നല്ലസ്സല് പ്രാന്ത് തന്നെയാണ്. പക്ഷേ, ഏതോ നിയോഗത്തിന്റെ പേരില്‍ ഞാനത് തിരഞ്ഞിറങ്ങി. അനേകം പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നു. കളിയാക്കലുകള്‍, കുറ്റപ്പെടുത്തലുകള്‍, ഭീഷണികള്‍.. അതങ്ങനെ വര്‍ഷങ്ങളോളം നീണ്ടു. കുറേ നാൾ കഴിഞ്ഞപ്പോള്‍ ഞാനും കപ്പലും മാത്രമായി, അല്ല എനിക്ക് മാത്രമായിരുന്നു അതിനെക്കുറിച്ച് അറിയേണ്ടിയിരുന്നത്. സുരക്ഷിതമായൊരു ജോലി കളഞ്ഞിട്ട് വന്നതിനെക്കുറിച്ച് എനിക്ക് സ്വയം ബോധ്യപ്പെടുത്താന്‍ മാത്രം.

കഴിഞ്ഞ ആറു വര്‍ഷത്തെ കണ്ടെത്തലുകളാണ് ഇനി പറയുന്നത്. എന്തായാലും അന്നത്തെ തീരുമാനം തെറ്റായിരുന്നില്ലെന്ന ആശ്വാസമുണ്ട്. അതു മാത്രമേയുള്ളൂ. അതും നേവിയിലെ ജോലി കളഞ്ഞിട്ട്. ഇത്രയും നാളത്തെ കടലിലേയും കരയിലേയും അന്വേഷണങ്ങളില്‍ പലരേയും കണ്ടു. അന്നത്തെ കേരള ഷിപ്പിംഗ് ഉദ്യോഗസ്ഥര്‍, കപ്പിത്താന്‍മാർ, കപ്പല്‍ ജോലിക്കാർ, നേവിക്കാർ മുതല്‍ സാധാരണ മത്സ്യത്തൊഴിലാളികള്‍ വരെ അക്കൂട്ടത്തിലുണ്ട്. അതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ ഇല്ലയോ എന്നൊന്നും യാതൊരു ഉറപ്പുമില്ല. പക്ഷേ, ഇപ്പോഴൊരു പ്രതീക്ഷയുണ്ട്. ചില നിഗമനങ്ങളും. അതിങ്ങനെ കടലുപോലെ പരന്നു കിടക്കുകയാണ്.

തൊണ്ണൂറ്റൊന്നില് ഞാനീ എഴുതുന്നത് എന്റെ അനുഭവങ്ങള്‍ മാത്രമല്ല, കൂടെ നിന്ന കുറച്ചധികം മനുഷ്യരനുഭവിച്ച അലച്ചിലുകളും വേദനകളും സന്തോഷങ്ങളുമാണ്.

(നോവല്‍ അവസാനിച്ചു)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments