ലോകത്ത് ആദ്യമായി ആത്മഹത്യ ചെയ്ത ആളുടെ പേരെന്തായിരിക്കും? അയാൾ എന്തിനായിരിക്കും അത് ചെയ്തത്?
ലോകത്ത് ആദ്യമായി ആത്മഹത്യ ചെയ്ത ആളുടെ പേരെന്തായിരിക്കും? അയാൾ എന്തിനായിരിക്കും അത് ചെയ്തത്? ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അങ്ങനെയൊരു വിദ്യയിൽ ഏത് വിധത്തിലാവും അയാൾ എത്തിച്ചേർന്നിരിക്കുക? അത് വിനയാകുമെന്ന് തോന്നിയ നിമിഷത്തിൽ ലോകത്തിന് ഒരു നൂറ്റാണ്ടിന്റെ വളർച്ച കൈവന്നത് അയാൾ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ? ലോകത്തിൽ നിന്ന് ആദ്യമായി രാജിവെച്ച ആ മനുഷ്യൻ തനിക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന് ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ?
യാദൃശ്ചികമായി കിട്ടിയ ആ സായാഹ്ന പത്രത്തിൽ അതൊരു ആത്മഹത്യാശ്രമമാണെന്ന് ഉറപ്പു പറഞ്ഞിരുന്നു. അല്ലാതിരുന്നെങ്കിൽ ഇങ്ങനെയൊന്ന് ചിന്തിക്കില്ലായിരുന്നെന്ന് വിചിത്രവീര്യന് തോന്നി. അന്ന് കേട്ടു താണു താണു പോകുന്ന നിലവിളികൾ അതൊരു ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ അയാൾക്ക് സാധിച്ചിരുന്നില്ല. അത് പെണ്ണായാലും ആണായാലും ആ നിലവിളിയും ആ ശരീരത്തോടൊപ്പം കത്തിക്കൊണ്ടിരുന്നു. അവളുടെ മതവും അവളുടെ വസ്ത്രവും ലിംഗവും മറ്റ് പല അവയവങ്ങളും ലോകത്തെ ആ ശരീരത്തിലേക്കാകർഷിച്ച പലതും ആളിക്കൊണ്ടിരുന്നു.
ഒരാൾ മരിക്കുമ്പോൾ അയാൾ അത്രയും നാൾ അടിയുറച്ച് വിശ്വസിച്ച മതങ്ങളും മരിക്കുമോ എന്ന ശങ്ക വിചിത്രവീര്യനെ പുകച്ചു കൊണ്ടിരുന്നു.
ലോകം അത്ര പെട്ടെന്നൊന്നും അവസാനിക്കാത്തത് ആത്മഹത്യയ്ക്ക് ശ്രമിച്ച മുഴുവൻ പേരു മരിക്കാത്തതുകൊണ്ടു കൂടിയാണെന്ന് ടൗണിലെ അതേ ആശുപത്രിയിൽ ഇരിക്കുമ്പോൾ വിചിത്രവീര്യന് തോന്നി.
രാത്രി വളരെ വൈകിയിരുന്നു. ദീപൻ വളരെ വൈകിയാണ് എന്നോടൊപ്പം നടന്നെത്തിയത്. പക്ഷെ ഓട്ടോയിലേക്ക് കയറിക്കഴിഞ്ഞതും ദീപൻ പിന്നാലെ കാലെടുത്തു വെച്ചിരുന്നു.
ഓട്ടോക്കാരൻ ഒന്നു തിരിഞ്ഞു നോക്കി. ഇവിടെ വന്നു പോകുന്നവരുടെ മുഖത്തെ സന്തോഷവും സമാധാനവുമൊക്കെ കാണുമ്പോൾ എനിക്കും പലപ്പോഴും ഒന്നവിടം വരെ പോകണമെന്നൊക്കെ തോന്നും.
അതു കേട്ടതും ദീപന് കൂടുതൽ സന്തോഷമായി.
എന്നിട്ട്............ എന്താണ് പോവാത്തത്? ദീപൻ ആകാംക്ഷ എറിഞ്ഞു.
ഞാനോരോ പൊട്ടും പൊടിയും അമ്മയോടു പറയുന്ന കൂട്ടത്തിലാ. എന്നു വെച്ചാൽ എന്റെ എല്ലാ തോന്നലുകളും ഇതുൾപ്പെടെ പറഞ്ഞിട്ടുണ്ട്. അങ്ങനെയാ അമ്മ എന്നെ വളർത്തിയത്.
വിചിത്രവീര്യന് അത് കൂടുതലായി ശ്രദ്ധിക്കണമെന്ന് തോന്നി.
ഞാനിത് പറയുമ്പം അമ്മ പറയും. നീ അവിടെ പോകുന്ന ദിവസം ഏതാവും എന്ന് എനിക്ക് നല്ല ധാരണ ഉണ്ട്. ഒരു സീറോ വോൾട്ട് ബൾബ് മാത്രമുളള ഒരു മുറിയുണ്ട് അവിടെ. നീ അതിലേക്ക് കേറുന്നതും എന്നെ ആ മുറിയിൽ കാണും. പിന്നെ നീ എന്തു ചെയ്യും എന്നതിനനുസരിച്ച് ഇരിക്കും നിന്റെ പിന്നെയുളള ജീവിതം.
ദീപന് അത് നന്നായി രസിച്ചു. ഒന്ന് ചിരിച്ചാലോ എന്ന് വരെ ദീപന് തോന്നിയെന്ന് വിചിത്രവീര്യൻ ഉറപ്പിച്ചു.
അതമ്മ തമാശ പറയുന്നതാവും
അല്ല. അമ്മ പോയിട്ടുണ്ട്. ഒരിക്കൽ
ദീപൻ ശരിക്കും അന്തിച്ചു.
എപ്പം, എന്തിന് എന്ന് ചോദിച്ചത് ഇത്തവണ വിചിത്രവീര്യനായിരുന്നു.
ഞാൻ അമ്മയുടെ വയറ്റിൽ പൊടിച്ചു തുടങ്ങിയ സമയമാണ്. അവിടെയുളളത് അമ്മയുടെ കൂടെ പഠിച്ച സ്ത്രീയാണ്. അമ്മ നാലു വരെ പഠിച്ചിട്ടുണ്ട്. ഒരു ദിവസം എന്റെ അമ്മയെ ഇഷ്ടപ്പെട്ടിരുന്ന ആൾ അവിടെ വരാറുണ്ടെന്ന് അമ്മ അറിഞ്ഞു. അങ്ങനെ ഒരു ദിവസം അമ്മ അവിടെ അതേ മുറിയിൽ ഇരുന്നു.
അയാൾ, അതായത് എന്റെ അച്ഛൻ വന്നു. അച്ഛന് അന്ന് ഒട്ടും ബോധമില്ലായിരുന്നു. നല്ല വണ്ണം മദ്യപിച്ചിരുന്നു. പുലർച്ചെ ഉറക്കമുണർന്ന അയാൾ അമ്മയെ കണ്ടു.
അമ്മ ഒന്നും പറഞ്ഞില്ല. അയാളെ പിന്നെ അമ്മ കണ്ടിട്ടില്ല.
പെട്ടെന്ന് തന്നെ അവളെ ഉടനെ കാണണമെന്ന ഒരാന്തൽ വിചിത്രവീര്യനുണ്ടായി.
ഐ സി യു വിന്റെ തൊട്ടുമുന്നിൽ പ്രായമായ ഒരാണും ഒരു പെണ്ണുമുണ്ട്. അവളുടെ ഉപ്പയും ഉമ്മയുമാവും.
അടുത്തേക്ക് നീങ്ങുന്തോറും ആ സ്ത്രീ കരയാൻ തുടങ്ങുകയാണെന്ന് വിചിത്രവീര്യന് ബോധ്യമുണ്ടായി. പക്ഷെ അതിനേക്കാൾ കൂടുതൽ ഇങ്ങനെ ഒരസമയത്ത് ഇവിടെ വരാനുളള കാരണത്തെ പറ്റി എന്തു പറയുമെന്ന തോന്നൽ അയാളെ വലച്ചു.
ഒരു വേള ഒന്ന് നിന്ന്, എന്തോ മറന്നിട്ടെന്ന പോലെ, വഴി തെറ്റിയതുപോലെ തിരിച്ചു പോയാലോ എന്നയാൾ കരുതി. അപ്പോഴേക്കും ആ രണ്ട് വൃദ്ധരുടെയും കണ്ണിൽ അയാളെ കണ്ടെത്തി കഴിഞ്ഞിരുന്നു. അവർ ഒരാളെ കാത്തിരിക്കുകയാണെന്ന് വിചിത്രവീര്യൻ സമാധാനിച്ചു.
മുന്നിൽ വന്ന് നിന്നതും വൃദ്ധൻ പറഞ്ഞു.
ഒന്നും പറയാറായിട്ടില്ലെന്ന ഡേക്കട്ടറ് പറയുന്നത്..........
ഏതാണ്ട് അരമണിക്കൂറു നേരത്തെ നിശബ്ദതക്ക് ശേഷം പുറത്തിറങ്ങുമ്പോൾ ഇത്രനേരവും നിർത്താതെ അവരോട് സംസാരിക്കുകയാണെന്ന തോന്നൽ വിചിത്രവീര്യനുണ്ടായി.
പെട്ടെന്ന് മിന്നിയ മൊബൈൽ തുറക്കുന്നതിനു മുമ്പെ അയാൾ ഒരു ദീർഘമായി ശ്വസിച്ചു.Now Etxra Talk value for Topup. Rs. 250 T V for Top up 220, Rs 650 for TU 550
ടൗണിലേക്ക് നടന്നു പോവുമ്പോൾ അയാൾ ജൂലിയെക്കുറിച്ച് ആലോചിച്ചു. തനിക്കൊരു പെങ്ങളുണ്ടായിരുന്നെങ്കിൽ എന്ന് ആദ്യമായി വിചിത്രവീര്യന് ഒരാശ തോന്നി. എങ്കിൽ അവളുടെ പേരെന്തായിരിക്കും?
വിചിത്രവീര്യന് ശരിക്കും ചിരിതോന്നി. വളരെ നേരത്തെ കാത്തിരിപ്പുകൾക്കൊടുവിൽ അയാൾക്കൊരു കെ. എസ്.ആർ. ടി.സി കിട്ടി. തിരികെ മുറിയിലെത്തിയതും അയാളെ കാത്ത് വീട്ടുടമസ്ഥൻ നിൽപ്പുണ്ടായിരുന്നു.
ഒഴിഞ്ഞു തന്നാ മതി. വേറെ ബുദ്ധിമുട്ടൊന്നുമില്ല. ഇപ്പോഴാണെങ്കിൽ ആറു ബംഗാളികൾ കൂടി ചോദിച്ചിട്ടുണ്ട്.
തിരിച്ചൊന്നും പറയുന്നത് കേൾക്കാൻ വീട്ടുടമസ്ഥൻ കാത്ത് നിന്നില്ല. ഏതാണ്ട് രണ്ടരമാസത്തെ വാടക കൊടുക്കാനുണ്ട്. കൈയ്യിലുണ്ടായിരുന്നതൊക്കെ അലച്ചിലിൽ തീർന്നു കൊണ്ടിരിക്കുന്നു.
മുറിയിൽ കേറി ഒന്ന് നന്നായി ഉറങ്ങണമെന്ന് അയാൾക്ക് തോന്നി.
ഒന്നുറക്കം പിടിച്ചു തുടങ്ങുമ്പോഴേക്കും വാതിലിൽ ശക്തമായ മുട്ടു കേട്ടു. വാതിൽ തുറക്കുമ്പോൾ കണ്ണു നിറഞ്ഞുകൊണ്ട് രണ്ട് ബംഗാളികൾ നിൽക്കുന്നു. അവരുടെ ഭാഷ മനസ്സിലായില്ലെങ്കിലും അവരുടെ മുറിയിലേക്ക് ചെല്ലാനുളള ഒരു വിളി അതിലുണ്ടെന്ന് അയാൾക്ക് തോന്നി.
ഒന്നും നോക്കാതെ മുറിയിലേക്ക് നടന്നു. കൂട്ടുകാരിൽ ഒരാൾ നെഞ്ച് വേദന കൊണ്ട് പുളയുകയാണ്. ഇത്ര പെട്ടെന്ന് ഹോസ്പിറ്റലിൽ വീണ്ടുമെത്തണമെന്ന് അയാൾ കരുതിയില്ല. ഒട്ടും അറിയാത്ത ഭാഷ ആശുപത്രിയിൽ അയാൾക്ക് വിവർത്തനം ചെയ്തു കൊടുക്കേണ്ടി വന്നു. പക്ഷെ തന്റെ വിവർത്തനം തീർത്തും ശരിയാണെന്ന രീതിയിലുളള ബംഗാളികളുടെ തലയാട്ടൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരാത്മവിശ്വാസം വിചിത്രവീര്യനുണ്ടായി.
കുറച്ച് കഴിഞ്ഞ് ഒരു ഗ്ലാസ് ചായ അതിലൊരാൾ വിചിത്രവീര്യന്റെ കൈയ്യിലേക്ക് വെച്ചു കൊടുത്തു. വിചിത്രവീര്യൻ അയാളുടെ പല്ലുകളിലേക്ക് നോക്കി. പുകയിലയുടെ വേരുകൾ പല്ലുകളിൽ പടർന്നിരിക്കുന്നത് അയാൾ കണ്ടു. തിരികെ കണ്ണുകളിലേക്ക് നോക്കിയതും ചോരയുടെ ഒരു ഭൂപടം അതിൽ വരച്ചുവെച്ചിരിക്കുന്നതു പോലെ വിചിത്രവീര്യൻ തിരിച്ചറിഞ്ഞു.
മുറിയിലെത്തുമ്പോൾ വെയിൽ അതിന്റെ എല്ലാ അവയവങ്ങളും പുറത്ത് കാണിക്കുന്നത വെളിച്ചമുണ്ടായിരുന്നു. തൊട്ടപ്പുറത്തെ കറുത്ത അരുവിയിലെ ഷാൾ കാണാനേ ഉണ്ടായിരുന്നില്ല. തന്റെ മുറി തീർത്തും പുതുക്കപ്പെട്ടിരിക്കുന്നതു പോലെ വിചിത്രവീര്യൻ ഊഹിച്ചു. ജനാലകൾ കൂടുതൽ വിശാലമായി തുറന്ന് കുളിച്ച് അയാൾ ഉറങ്ങാൻ തീരുമാനിച്ചു.
പക്ഷെ ഉണർന്നു കഴിഞ്ഞതും ഉറങ്ങേണ്ടിയിരുന്നില്ലെന്ന് വിചിത്രവീര്യനു തോന്നി. ഒരിക്കൽ കൂടി തന്റെ സ്ഥിരം സ്വപ്നം അയാളെ തേടി വന്നിരുന്നു.
വിചിത്രവീര്യൻ ഓർമ്മിച്ചു.
ഒരു മുറി. അതു നിറയെ ബിരിയാണിയാണ് കുന്നു കൂടിയിരിക്കുന്നു. മസാലയും ചോറും കൂടിക്കിടന്ന അതിനു അടിയിൽ താൻ കണ്ണുതുറന്ന് കിടക്കുകയാണ്. കൈകൾ അനക്കാൻ ആവാത്ത അവസ്ഥയാണ്. നാവുകൊണ്ടു പതിയെ തിന്നാൻ ശ്രമിക്കുന്നുണ്ട്. അധികം താമസിയാതെ പെൺകുട്ടികളുടെ നിലവിളികൾ അയാൾ പതിഞ്ഞ് കേട്ടുകൊണ്ടിരുന്നു. അവരുടെ ആർത്തവ രക്തം ആ ചോറിന് മുകളിലൂടെ താഴേക്ക് പടർന്നു കൊണ്ടിരുന്നു. ആ ചോറു മുഴുവൻ ചുവപ്പ് പടരുന്നത് ഒരു നിലവിളിയെപ്പോലെ അയാൾ നോക്കി നിന്നു. തന്റെ വായിൽ രക്തത്തിന്റെ പുളിപ്പ് അയാൾ അറിഞ്ഞു. ചോരയിൽ മുങ്ങിയ ഉരുളകൾ അയാളുടെ അന്നനാളത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു.
അധ്യായം പത്ത് : പേര്
ഉറങ്ങുമ്പോൾ ഒരാൾ അവനവന്റെ മരണങ്ങളിൽ ഒതുങ്ങി കഴിയുകയാണ്. ഉണർന്ന് തുടങ്ങുന്നത് മുതൽ എത്ര പേരുടെ ശ്മശാനങ്ങളിലേക്ക് നടന്ന് ചെല്ലാനുണ്ട്.
ഒരു പേരിടുന്നതോടു കൂടി കുട്ടി പകുതി പൂരിപ്പിച്ച പുസ്തകമാവും. പൊടുന്നനെ അതങ്ങ് നിർത്തിവെക്കേണ്ടി വന്നാൽ പോലും കുറച്ച് ദിവസത്തെ ചരിത്രം കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. ചില പേരുകൾ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്തവരുടെ അർത്ഥം പേറി നടക്കുന്നവയാണ്. എത്ര കാലം കഴിഞ്ഞാലും ചുറ്റുമുളളവർ ആ കഥ മറന്നു പോവുകയില്ല. ലോകത്തിലെ ആ പേരുകാരനായ ആദ്യ മനുഷ്യൻ അയാളായിരുന്നെന്നേ വിവരമുളള ലോകം വിചാരിക്കുകയുളളൂ. ആ കഥ തിരിച്ചറിയുന്നതോടു കൂടി നിരന്തരമായ മറ്റൊരു യുദ്ധത്തിൽ ഏർപ്പെടുകയായി. എത്ര തവണ ജീവിച്ചു മരിച്ചാലും ആ കഥ ആ പേരിനെ വേട്ടയാടിക്കൊണ്ടിരിക്കും.
ആ ഞായറാഴ്ചയിലെ ഒരു മിൽമ ബൂത്ത് പുറത്തേക്ക് വെളിച്ചപ്പെടുത്തിയ വാരാന്തപ്പതിപ്പിൽ വിചിത്രവീര്യന്റെ നിയോഗം എന്ന തലക്കെട്ടാണ് അയാളെ കുറച്ചു നേരത്തേക്ക് പിടിച്ചു നിർത്തിയത്.
നേരം ഉച്ചയോടടുത്ത് കഴിഞ്ഞിരുന്നു. ഒരുറക്കം വിചിത്രവീര്യന്റെ ക്ഷീണം മുഴുവനായും കടപുഴക്കി കളഞ്ഞിരുന്നില്ല. പക്ഷെ ആ തലക്കെട്ട് അയാളിൽ വന്നുകൊണ്ടിരുന്ന അരക്ഷിതമായ അസ്വസ്ഥതകളെ കുറച്ച് നേരത്തേക്ക് മറച്ചു പിടിച്ചു.
വളരെ കാലത്തിനു ശേഷം വിചിത്രവീര്യൻ സ്വന്തം അച്ഛനെ കുറിച്ചോർത്തു. തന്റെ ജനനത്തിന് തൊട്ടു മുമ്പ് നാട്ടിൽ കളിച്ച ഒരു നാടകമായിരുന്നു. ഇങ്ങനെയൊരു പേരിന് പിന്നിൽ പ്രവർത്തിച്ചതൊഴിച്ചാൽ മറ്റൊന്നും അയാൾ അന്വേഷിക്കാൻ പോയിരുന്നില്ല.
കീശയിൽ നിന്ന് ചില്ലറകൾ പെറുക്കിക്കൊടുത്ത് പത്രം വാങ്ങി നിന്ന നിൽപ്പിൽ വിചിത്രവീര്യൻ വായിക്കാൻ ആരംഭിച്ചു.
അതൊരു എഞ്ചിനീയറുടെ കഥയായിരുന്നു. ലക്ഷങ്ങൾ വരുന്ന ജോലികളഞ്ഞ് തമിഴ്‌നാട്ടിലെ ചെന്നെയിലുളള വേശ്യകളെ പുനരധിവസിപ്പിക്കാൻ ശ്രമിച്ച ഒരു മലയാളിയുടെ ജീവിതമായിരുന്നു അതിൽ. ഒരിടത്ത് അയാൾ തന്റെ പേരിനു പിന്നിലുളള കഥ പറയുന്നത് വിചിത്രവീര്യൻ രണ്ടു തവണ വായിച്ചു.
ശന്തനു മഹാരാജാവിന് സത്യവതി എന്ന മുക്കുവ സ്ത്രീയിലുണ്ടായിരുന്ന രണ്ടു മക്കളിൽ ഇളയവനാണ് വിചിത്രവീര്യൻ. അവർ യൗവ്വനത്തിലെത്തിച്ചേരും മുമ്പെ ശന്തനു മരണപ്പെട്ടിരുന്നു. യൗവ്വനത്തോടെ ഭീഷ്മരുടെ ആശിർവാദങ്ങളോടെ രാജാവാക്കപ്പെട്ട മൂത്തവൻ ചിത്രാംഗതന്റെ അഹന്ത അയാൾക്ക് പടുമരണം കൊണ്ടു വന്നു. ഒരു ധർമ്മാത്മാവായ് ജീവിച്ചിരുന്ന അനുജൻ അങ്ങനെ അധികാരത്തിലെത്തി. വിവാഹത്തോടെ അയാളുടെ ശ്രദ്ധ മാറിത്തുടങ്ങി. നിരന്തരമായ ലൈംഗികവേഴ്ചകളിൽ അയാൾ ഏർപ്പെട്ടു. അയാളുടേതായ രണ്ടു ഭാര്യമാരും കൂടുതൽ തളർന്നു കൊണ്ടിരുന്നു. അവർ പരാതികളുമായി ഭീഷ്മരെ ചെന്നു കണ്ടു. രാജ്യത്തിലെ പ്രമുഖകളായിരുന്ന വേശ്യകൾക്കു കൂടി അതേ അനുഭവമുണ്ടായി. അവർ വിചിത്രവീര്യന്റെ കാമഭ്രാന്ത് പേടിച്ച് ആ രാജ്യം ഉപേക്ഷിക്കുക കൂടി ചെയ്തു. സ്വന്തം സഹോദരന്റെ തലയ്ക്കു പിടിച്ച കാമം ശമിപ്പിക്കാൻ ഉപദേശിക്കാൻ പല തവണ സത്യവതി ഭീഷ്മരെ പറഞ്ഞു വിട്ടു. പൂർണ നഗ്നനായ് ഭീഷ്മരുടെ മുന്നിൽ അയാൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒടുക്കം അയാളെ തേടി അന്നത്തെ മഹാമാരിയായ ക്ഷയം വന്നെത്തി. ഭാര്യമാരാൽ വെറുക്കപ്പെട്ടു ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ നോക്കി നോക്കി അയാൾ മരണത്തിന് കീഴ്‌പ്പെട്ടു.
അത് വായിച്ചു കഴിഞ്ഞതും വിചിത്രവീര്യൻ പത്രം മടക്കി ചുറ്റും നോക്കി. അയാൾ ശരിക്കും അന്ധാളിച്ചു. നിന്റെ കഥ ശരിയല്ല എന്ന് ആരോ പറഞ്ഞിരുന്നതായി അയാൾ ഓർമ്മിച്ചു. അയാൾക്ക് കഥയിലെ വിചിത്രവീര്യനോട് പുച്ചം തോന്നി. തനിക്ക് ഇത്ര നശിച്ച ഒരു ചരിത്രം സമ്മാനിച്ചതിന് അവസാനിക്കാത്ത ഒരമർഷം അയാളുടെ ഉളളിൽ തിരി കൊളുത്തി.
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഇനിയെങ്ങനെ തന്റെ പേര് മറ്റുളളവരോട് പറയുമെന്നോർത്ത് അയാൾ അസ്വസ്ഥനായി. പുതിയ ഒരു ജോലി ഉടനെ കണ്ടെത്തിയേ പറ്റു. ഇന്നല്ലെങ്കിൽ നാളെ തന്റെ മുറിയിൽ നിന്ന് ഇറക്കി വിടപ്പെടുമെന്ന് ഓർത്തപ്പോൾ കുറച്ച് നേരം കൂടി അവിടെ ചിലവഴിക്കണമെന്ന് അയാൾക്ക് തോന്നി. ആ ജനവാതിലിനെയും കറുത്ത് ഉറച്ചു പോയ അരുവിയെയും താൻ സ്‌നേഹിക്കുന്നുണ്ടായിരുന്നെന്ന് അയാൾക്ക് തോന്നി.
വൈകീട്ടോടെ മിൽക്ക് സർവ്വത്തിന്റെ നല്ല തിരക്കുളള ഒരു കടയിലെത്തുമ്പോഴേക്ക് നാലഞ്ച് കടകളിൽ ചെന്ന് ജോലിക്ക് ആളെ ആവശ്യമുണ്ടോ എന്നയാൾ അന്വേഷിച്ചു കഴിഞ്ഞിരുന്നു. അതിൽ ഒരു വസ്ത്രകട പോലുമില്ലാത്തത് വിചിത്രവീര്യനെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല.
സമയതിരക്കുണ്ടായിരുന്നതുകൊണ്ട് രണ്ട് മൊബൈൽ ഷോപ്പുകാരും അയാൾ പറഞ്ഞത് കേൾക്കാൻ കൂടി നിന്നില്ല. വിചിത്രവീര്യൻ പതിയെ ഓരോയിടത്തു നിന്നും തിരിച്ചിറങ്ങി. ബസ് സ്റ്റാന്റിൽ കണ്ട ജോലിക്കാരെ ആവശ്യമുണ്ടെന്ന പോസ്റ്റിൽ കൊടുത്ത നമ്പറുകൾ വെറുതെ അടിച്ചതല്ലാതെ ആരുമെടുത്തില്ല. അതെടുത്തിരുന്നെങ്കിൽ ചിലപ്പോൾ നാളെ തന്നെ പുതിയൊരു ജോലി കിട്ടുമായിരുന്നെന്ന വിശ്വാസം അയാൾക്കുണ്ടായിരുന്നു.
മിൽക്ക് സർവ്വത്ത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ പുറത്തു നിൽക്കുന്ന ഒരാൾ തന്റെ പരിചയക്കാരനാണെന്നും അയാൾ വന്ന് പരിചയപ്പെട്ട അന്ന് രാത്രി തന്നെ മേസേജ് ചെയ്യുമെന്നും വിചിത്രവീര്യൻ വിചാരിച്ചു.
ആശുപത്രിയിലേക്ക് പോകാൻ തുനിഞ്ഞെങ്കിലും ഇന്നെങ്കിലും തന്റെ പേര് പറയേണ്ടിവരുമെന്നും അങ്ങനെയെങ്കിൽ ഒരു പക്ഷെ താൻ വീണ്ടും പിടിക്കപ്പെടുമെന്നും വിചിത്രവീര്യനു തോന്നി. തനിക്ക് കളളം പറയാൻ ശക്തിയുളള ദിവസമല്ല അതെന്ന് വിചിത്രവീര്യന് ബോധോദയമുണ്ടായി.
കടൽക്കരയിലേക്ക് നടന്ന് കാറ്റാടി മരങ്ങളുടെ ചുവടെ ഇരിക്കാൻ ഒരു കടലാസ് തേടി വിചിത്രവീര്യൻ കുറച്ചു നടന്നു. അയാളെ കാത്തിരുന്ന ആ പത്രത്തിലുണ്ടായിരുന്നത് കഴിഞ്ഞദിവസം മരിച്ചു പോയവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോയോട് കൂടിയതായിരുന്നു.
ജീവിച്ചിരുന്നപ്പോൾ ബേങ്കിലേക്കോ, മറ്റേതെങ്കിലും ഓഫീസിലേക്കോ വേണ്ടി എടുത്തു വെച്ച ഫോട്ടോകളായിരിക്കും ഇതെല്ലാമെന്ന് അയാൾ കണക്കു കൂട്ടി. ചിലർ ചിരിക്കാൻ ശ്രമിക്കുന്നതുപോലെ അയാൾ ഉറപ്പിച്ചു. ഒരു പക്ഷെ ഇതിന്റെ അടുത്ത നിമിഷം ആ മനുഷ്യർ ചിരിച്ചിട്ടുണ്ടാവണം. വരാനിരിക്കുന്ന മരണത്തെ മുന്നിൽ കണ്ട് എടുത്ത് വെച്ച ഒരു ഫോട്ടോയെങ്കിലും കണ്ടെടുക്കാനായി വിചിത്രവീര്യൻ ഇരിക്കുന്നതിനു മുമ്പെ കിണഞ്ഞു ശ്രമിച്ചു.
വൈകുന്നേരത്തിന്റെ കടൽ അയാളെ കേറി വന്ന് തൊടാൻ പല തവണ ശ്രമിച്ചു. അതറിയാവുന്നതുകൊണ്ടോ എന്തോ അയാൾ ആദ്യമേ കയറി ഇരിക്കുകയാണ് ചെയ്തത്. എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നതെന്ന് അയാൾ ഓർത്തു. കുറച്ച് കൂടി കഴിഞ്ഞ് വീണ്ടും ചിലയിടങ്ങളിൽ ജോലി അന്വേഷിക്കണമെന്ന് അയാൾക്ക് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
തിരിഞ്ഞു നടക്കുന്നതിനിടയിൽ കടൽക്കരയിലേക്ക് വന്ന ഒരമ്മയേയും അഞ്ചാറ് വയസ്സുളള കുട്ടിയേയും വിചിത്രവീര്യൻ ശ്രദ്ധിച്ചു. അവർ രണ്ടു പേരും കടൽ ആദ്യമായി കാണുകയാണെന്ന തോന്നൽ അയാൾക്കുണ്ടായി.
ടൗണിൽ നിന്ന് ബസ് കയറുന്നതിനു മുമ്പ് വിചിത്രവീര്യൻ ഒരു ലോട്ടറിക്കടയുടെ മുമ്പിൽ കുറേനേരം നിന്നു. താൻ ഉടനെ ഒരു ലോട്ടറി വാങ്ങുമെന്ന് ആ കടക്കാരൻ കരുതുന്നുണ്ടെന്ന് കണ്ടെത്തിയ നിമിഷം മാത്രമാണ് വിചിത്രവീര്യൻ ബസ്സിലേക്ക് കയറുന്നത്.
തിരികെ വീട്ടിലെത്തുമ്പോഴേക്കും തന്റെ മുറി ചുരുട്ടി മടക്കി വീട്ടുടമസ്ഥൻ കൊണ്ടുപോയിട്ടുണ്ടാകുമെന്ന് വെറുതെ വിചാരിക്കാൻ വിചിത്രവീര്യൻ തീരുമാനിച്ചു.
മൊബൈൽ വീണ്ടും കണ്ണു തുറന്ന് നോക്കി. Live tension-free with walnut prime- sign -up and set instant cash anytime you need, up to Rs 50k for zero interest
റൂമിന് മുമ്പിലെത്തി വാതിൽ തുറക്കാൻ നേരം തന്റെ ഉറക്കം കെടുത്തിയ ബംഗാളി ഓടി വന്ന് ഒരു കവർ കൈയ്യിൽ തന്നു. അതിന്റെ പുറത്ത് ഓണക്കോടി എന്ന് എഴുതി വെച്ചത് കണ്ട് വിചിത്രവീര്യൻ ചിരിച്ചു. ആ ബംഗാളി ജൂലി ജൂലി എന്ന് രണ്ടു മൂന്നു തവണ പറഞ്ഞു.
അകത്ത് കേറി തുറന്ന് നോക്കിയപ്പോൾ രണ്ടായിരത്തിന്റെ ഒരു നോട്ട്.
കുറേ നേരത്തെ ആലോചനകൾക്ക് ശേഷം ഒരു ചോദ്യചിഹ്നം മാത്രം ജൂലിക്കയച്ച് മറുപടിക്ക് കാത്തു. ഫോൺ പിന്നെ അനങ്ങിയതു പോലുമില്ല. ചെറുതായി ജനവാതിലിലൂടെ കാറ്റുവീശുന്നത് കണ്ട് വിചിത്രവീര്യൻ അത്ഭുതപ്പെട്ടു. അത് പതിവില്ലാത്തതാണ്.
താൻ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നതുപോലെ അയാൾക്ക് തോന്നി. ഒരു വർഷത്തേക്ക് ഉറങ്ങിക്കളഞ്ഞാലോ എന്നയാൾ ചിന്തിച്ചു.
ഉറങ്ങുമ്പോൾ ഒരാൾ അവനവന്റെ മരണങ്ങളിൽ ഒതുങ്ങി കഴിയുകയാണ്. ഉണർന്ന് തുടങ്ങുന്നത് മുതൽ എത്ര പേരുടെ ശ്മശാനങ്ങളിലേക്ക് നടന്ന് ചെല്ലാനുണ്ട്. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.