ചിത്രീകരണം : ജാസില ലുലു

അദ്ധ്യായം മൂന്ന് : ഫിലോമിന

ചിലപ്പോൾ ഒരു തലയാട്ടൽ മതിയാകും ഒരു ദുരന്തം ഒഴിവാക്കാൻ.
എനിക്ക് നിന്നെ മനസ്സിലാവുന്നു എന്നതിനോളം അസ്വസ്ഥത നിറഞ്ഞ മറ്റൊരു വാക്യമില്ല. ഒരാളെ കുഴപ്പിക്കാൻ ഇതിലും ഭീകരമായ ഒരു പ്രവൃത്തി ചെയ്യാനില്ല. എന്താണ് മനസ്സിലാക്കിയതെന്ന് ഒരു കാലത്തും പറയില്ലെന്ന് ചുരുക്കം.
ഉണർന്നതു മുതൽ വിചിത്രവീര്യന്റെ തലയിൽ ദീപൻ പറഞ്ഞ വാക്യം വട്ടം കറങ്ങാൻ തുടങ്ങിയിരുന്നു. എന്താണ് ദീപൻ അതുകൊണ്ട് ആലോചിച്ചതെന്ന് ഒരു പിടിയുമില്ല. മുഖം കഴുകി വേഗത്തിൽ ഷെയ്‌വു ചെയ്ത് ജനവാതിൽ തുറന്നതും വൃത്തികെട്ട ഒരു മണം മുറിയിലേക്ക് കേറി.

ഇന്നലെ മഴ ഒട്ടും പെയ്തിട്ടില്ല. തൊട്ടപ്പുറത്തെ അരുവി കട്ടൻചായ പോലെ ആറിക്കിടന്നു. അപ്പുറത്ത് നിന്ന് ബംഗാളികളുടെ പണിപ്പുറപ്പാട് കേൾക്കുന്നുണ്ട്. കുളിച്ച് കഴിഞ്ഞ് പല്ലുതേക്കാൻ വീണ്ടും ചെറിയ കണ്ണാടിക്കു മുമ്പിൽ നിന്നതും വിചിത്രനായ ഒരു മനുഷ്യജീവിയെ കണ്ട് അയാൾ പല്ലുകൾ പുറത്തുകാട്ടി.
അത്യാഹിതഘട്ടങ്ങളിൽ എങ്ങനെയാണ് ചിരിക്കുക? അയാൾ സ്വന്തം കണ്ണുകളിലേക്ക് നോക്കി. പല്ലുകൾ പുറത്തുകാട്ടിയാൽ ഒരു നാൽപ്പതു ശതമാനം സത്യസന്ധതയെങ്കിലും ചിരിക്കു കിട്ടുമോ? ശരിക്കുമുളള ചിരിയിൽ എന്ത് മാസ്മരികതയാണ് മുഖത്ത് സംഭവിക്കുന്നത്?

തീർത്തും കൃത്രിമമായ സത്യസന്ധമെന്നു തോന്നിക്കുന്ന ഒരു ചിരിയിലൂടെ തീരുന്ന പ്രശ്‌നങ്ങളെ തനിക്കുളളുവെന്ന് ഒരു നിമിഷം വിചിത്രവീര്യന് തോന്നി. പക്ഷെ അപ്പോഴേക്കും ഇന്നലെ നടന്നത് ഒന്നൊന്നായി വീണ്ടും മനസ്സിൽ വന്ന് നിറയാൻ തുടങ്ങി.
ഇന്ന് തന്റെ ഊഴമാണ്. ദീപന്റെ വാക്കുകളാണ് തൊട്ടുമുകളിലെ ഫേനിൽ തിരിഞ്ഞു കൊണ്ടിരിക്കുന്നതെന്ന് വിചിത്രവീര്യൻ ഉറപ്പിച്ചു.
ഞാനൊരു പെൺകുട്ടിയേയും ഉപദ്രവിച്ചിട്ടില്ല. മോശമായി പെരുമാറിയിട്ടില്ല. പിന്നെന്തിനാണ് പെണ്ണുങ്ങളുടെ കണ്ണിൽ നോക്കുമ്പോൾ താനിത്രമാത്രം അസ്വസ്ഥനാവുന്നത്. പണ്ടു സംഭവിച്ചതിൽ പോലും താൻ ഒട്ടും തെറ്റുകാരനല്ല. സത്യം തുറന്നു പറയാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല. അത്രതന്നെ. ആ പെൺകുട്ടിയുടെ കണ്ണുകൾ അതിനു സമ്മതിച്ചില്ല എന്നതു തന്നെയാണ് അതിനുത്തരം. ഒരു പക്ഷെ അവളന്ന് തന്നോട് എന്തെങ്കിലും ദേഷ്യപ്പെട്ടെങ്കിലും പറഞ്ഞിരുന്നെങ്കിൽ താനല്ല കുറ്റക്കാരനെന്ന് പറയാമായിരുന്നു.

എത്രവട്ടം ഇങ്ങനെയൊക്കെ മനസ്സിൽ ആവർത്തിച്ചതാണ്. ഒരു രക്ഷയുമില്ല. പിന്നെയും പിന്നെയും പെണ്ണുങ്ങൾ എന്നെ മുടിക്കാനായ് ഇറങ്ങിത്തിരിക്കുന്നു.
വിചിത്രവീര്യൻ ഉടുപ്പുകൾ ഒന്നു കൂടി അഴിച്ച് ശരീരമാകെ നോക്കി. അവളുടെ കണ്ണുകൾ തന്റെ ശരീരത്തിൽ കുടുങ്ങിപ്പോയിട്ടുണ്ടാകുമോ?
പുറത്തിറങ്ങുന്നതിനു മുമ്പ് വിചിത്രവീര്യൻ മനസ്സിൽ പറഞ്ഞു.
ഇനിയും പുറത്തായാൽ ചിലപ്പോൾ തെരുവിൽ കിടക്കേണ്ടി വരും. ഇത്ര കുറഞ്ഞ വാടകയ്ക്ക് ഇനിയൊരിടം കിട്ടില്ല. തൊട്ടപ്പുറത്തെ ബംഗാളികൾ പോലും ഇതിലും കൂടുതൽ കൊടുക്കുന്നുണ്ട്.

വിചിത്രവീര്യൻ കണ്ണുകൾ മഴുവനായും ചിമ്മി ഒരു നെടുവീർപ്പിട്ടു നടന്നു തുടങ്ങി.
ദീപൻ കാത്തിരിക്കുന്നുണ്ടായിരുന്നു. വിളിക്കണമെന്നുണ്ടായിരുന്നു. അപ്പഴാ നമ്പറു വാങ്ങിയില്ലെന്ന കാര്യം ഓർത്തത്.
വിചിത്രവീര്യൻ ചെറുതായ് മൂളി.
ഇന്നലെ എന്നെക്കൊണ്ട് തന്നെ മുഴുവനും ചുമപ്പിച്ചു. ന്നാലും സാരല്ല.
ആരാ സെറീന.... സെറീനവില്യംസ്.... അങ്ങന്നൊരാള് ജോലിക്കുണ്ടോ.... മിഥുൻ.....
അന്വേഷണം പറയാൻ പറഞ്ഞു കാണും ല്ലേ.... ദീപൻ ഇടയ്ക്കു കേറി. വാ കാണിച്ചു തരാം.... ദീപൻ മുമ്പിൽ നടന്നു.

തന്നേക്കാൾ ഉയരവും തടിയും എടുപ്പുമുളള കറുത്ത ഒരു പ്രതിമയുടെ തൊട്ടുമുമ്പിലെത്തി ദീപൻ പറഞ്ഞു.
ഇതാണാള്... മിഥുന്റെ ഫേവറിറ്റാ...
ദീപൻ അടുത്തേക്ക് വന്ന് ശബ്ദം താഴ്ത്തി.
ഏതാണ്ട് ആറ് തവണയാ മിഥുൻ ഒറ്റയിരുപ്പിന് ഈ മൊതലിനെ വെച്ച് സ്വയംഭോഗം ചെയ്തത്. കണ്ടാ പറയോ...
വിചിത്രവീര്യൻ ആ രൂപത്തിലേക്ക് നോക്കാൻ ശ്രമിച്ചു.
തന്റെ ഉളളിൽ വീണ്ടും എന്തോ ഉരുണ്ട് കൂടുന്നതറിഞ്ഞ് വിചിത്രവീര്യൻ ദീപനെ നോക്കി ചിരിവരുത്തി.
നല്ല ആൾക്കാരാ...
ദീപൻ തുടർന്നു.
എന്തും പറയാം... താഴ്​ത്തി പറഞ്ഞാൽ മതി. പക്ഷെ ചെയ്യാൻ ശ്രമിച്ചാ നടക്കൂല. ചുറ്റും സി സി ടി വിയാ..
വിചിത്രവീര്യൻ ചുറ്റും നോക്കി. എല്ലാവരും ചില നോട്ടങ്ങളെ മറികടക്കാനും അടയാളപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി.

ഇവളെയൊക്കെ ഉടുപ്പിക്കാൻ പിന്നെയും സുഖാണ്.
ചെലവളുമാരെയൊക്കെ അഴിപ്പിച്ചും ഉടുപ്പിച്ചും നമ്മള് മുടിയും.
ദീപൻ അയാളുടെ അസ്വസ്ഥത പുറത്തുകാട്ടി.
വാ നമുക്ക് മുകളിൽ നിന്ന് തുടങ്ങാം.
ദീപൻ നടന്നു മുകളിലെത്തുമ്പോഴേക്കും ഇന്നലെ കണ്ട പെൺകുട്ടി കൂടെ എത്തിയിരുന്നു. നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു. എന്റെ പേര് ജൂലി.. ഇന്നലെ പറയാൻ കഴിഞ്ഞില്ല.
വിചിത്രവീര്യൻ പേരു പറഞ്ഞു
ഇന്നലെ സംഭവിച്ചതിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും കേൾക്കാൻ അവർ ആഗ്രഹിക്കുന്നതുപോലെ വിചിത്രവീര്യനു തോന്നി. അയാൾ നിരാശപ്പെടുത്തിയില്ല.
കുറേയായി അങ്ങനെ വന്നിട്ട്. ചെറിയ പ്രഷറിന്റെ പ്രശ്‌നമുണ്ട്. വല്ലപ്പഴുമേ ഉളളൂ.
ജൂലി വിശ്വസിച്ച പോലൊരു ശ്വാസം ഉളളിലേക്കെടുക്കുമ്പഴേക്കും ദീപൻ ജയഭാരതിയെ അഴിപ്പിച്ച് അടുത്തസാരി ജൂലിയുടെ കൈയ്യിൽ നിന്നു എടുത്തിരുന്നു.

ഇപ്പഴേ മുഴുവനായ് കാണാനാവൂ. ആളു കൂടും മുമ്പ് ഉടുപ്പിക്കണം. വിചിത്രവീര്യൻ നോക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നത് അറിഞ്ഞു കൊണ്ടിരുന്നു. എന്തെങ്കിലും സംസാരിക്കാതെ രക്ഷപ്പെടാനാവില്ല. വിചിത്രവീര്യൻ ജൂലിയെ നോക്കാൻ ശ്രമിച്ചു.
പട്ടുസാരികൾ നിരത്തിവെച്ച ഒരു അറയിലേക്ക് കണ്ണ് വീശി വിചിത്രവീര്യൻ ചോദിച്ചു.
ജൂലി എത്രവരെ പേനയുന്തി
ഡിഗ്രി
എവിടാരുന്നു
ക്രിസ്ത്യൻ കോളേജിൽ
ദീപൻ പാവാടയുടുപ്പിച്ച് സാരിയുടെ ഒന്നും രണ്ടും മറവുകൾ ചുറ്റി മാറു മറച്ചു കഴിഞ്ഞിരുന്നു. വിചിത്രവീര്യന്റെ ഉളളിൽ എന്തെന്നില്ലാത്ത ഒരാശ്വാസം പുകഞ്ഞു. ഇടയ്ക്കിടെ ജൂലി പിന്നുകൾ ദീപന് നീട്ടിക്കൊടുത്തു. അയാളുടെ കൈയ്യുകൾ ജയഭാരതിയുടെ ശരീരത്തോട് ചേർത്ത് സാരി തുന്നുന്നതു പോലെ വിചിത്രവീര്യനു തോന്നി.

ദീപൻ എഴുന്നേറ്റ് നടു നിവർത്തി വിചിത്രവീര്യനെ നോക്കി.
എങ്ങനൊണ്ട്... കൊളളാമോ...
വിചിത്രവീര്യൻ വിരലുകൾ കൊണ്ട് ഗംഭീരമായതിന്റെ സ്‌മെലി കാണിച്ചു.
ആ ഞൊറിവുകൾ മുഴുവനും ഒതുങ്ങിട്ടില്ല. ജൂലി പറഞ്ഞു.
നോക്കിക്കോ, ഈ വരുന്ന ഓണത്തിന് നിന്നെ ഞാനുടുപ്പിക്കും. എന്നിട്ട് ഇവിടെ ജയഭാരതിക്ക് പകരം നിർത്തിക്കും. അപ്പം നീ പറയണം ഞൊറിവ് ഒതുങ്ങീട്ടില്ലെന്ന്... ഞാൻ ഇരുന്ന് മടക്കി തരും. പോരെ...
ജൂലി മുഖം ചുളിച്ച് അസ്വസ്ഥത കാട്ടി
അവൾ അടുത്തതിലേക്ക് നീങ്ങി.
ദീപൻ തുടർന്നു. ഇത് ഫിലോമിനയാ... അഴിച്ചിട്ടാൽ പോലും ഒരുത്തക്കും നോക്കില്ല. വിചിത്രവീര്യന് കൈവെച്ച് തുടങ്ങാം.

ആദ്യം .... വിചിത്രവീര്യൻ ദീപനെ നോക്കി.
തലച്ചോറുകളെ കടന്നൽ കൂട്ടങ്ങളെ പോലെ മറച്ചുപിടിക്കാന നോക്കി.
അഴിക്കണം. ദീപൻ തുടക്കമിട്ടു.
വിചിത്രവീര്യന്റെ കൈകൾ നീണ്ടു. തോളിലെ പിന്നെടുത്തതും മാറ് പുറത്തേക്ക് ചാടി. വിചിത്രവീര്യന്റെ കൈകളിലൂടെ മിന്നൽ പാഞ്ഞു തുടങ്ങി.
അങ്ങനെയല്ല. ആദ്യമായി ചെയ്യുന്നതല്ലേ. അവരെ കുറച്ച് സ്‌നേഹിക്കണം. ഫിലോമിനയായാലും പെണ്ണല്ലേ. അതിന്റെ ഒരു ബഹുമാനം അവർക്ക് കൊടുക്കണം. എന്നാൽ പിന്നെ ഒന്നു തൊട്ടാൽ തന്നെ എല്ലാം വൃത്തിയിൽ അഴിഞ്ഞു പോരും. അങ്ങനാ നല്ല പെണ്ണുങ്ങൾ. ദീപൻ ജൂലിയുടെ മുഖത്തേക്ക് നോക്കി.

ഒന്ന് അടുത്ത് ചെല്ല്. എന്നിട്ട് മെല്ലെ അവരുടെ മണം പിടിക്കണം. എന്നിട്ട് പിന്നുകളെടുക്കൂ... ദീപൻ കൂട്ടിച്ചേർത്തു.
ദീപൻ അടുത്തേക്ക് നീങ്ങാൻ ഒരുക്കൂട്ടുമ്പഴേക്കും കടന്നലുകൾ ഇളകി തുടങ്ങിയിരുന്നു. ഇനിയും മറ്റൊരു ജോലി അന്വേഷിക്കേണ്ടി വരുമെന്ന തോന്നൽ വിചിത്രവീര്യനെ ഉലച്ചു.
വിചിത്രവീര്യൻ പതിയെ ബലം പിടിച്ച് ആ പ്രതിമയുടെ മുഖത്ത് നോക്കാൻ ഒരു ശ്രമം നടത്തി. ഇടയ്ക്ക് ഒരിക്കൽ കൂടി ജൂലിയെ നോക്കി മുന്നോട്ട് നീങ്ങി. അവൾ എന്തോ പന്തികേട് മണത്തിട്ടുണ്ടെന്ന് വിചിത്രവീര്യന് തോന്നി.
വീണ്ടും തലചുറ്റിയാൽ കാര്യങ്ങൾ കൈയ്യിൽ നിന്ന് പോവും.
വിചിത്രവീര്യൻ രണ്ടു കൈകളും പ്രതിമയുടെ തോളിൽ വെച്ച് അപ്പുറത്തെ സാരികളിലേക്ക് നോക്കി.

എല്ലാ ഫിലോമിനമാരെയും ഞാനാദ്യം ഒന്ന് കാണട്ടെ. എന്നിട്ട് വിശദമായി ഉടുപ്പിച്ചു തുടങ്ങാം. ഇന്നു കൂടി ദീപന്റെ കൈകൾ കൊണ്ട് ഇവരൊക്കെ സുന്ദരികളാവട്ടെ. അല്ലേ ജൂലി ...
പ്രതീക്ഷിച്ചില്ലെങ്കിലും ജൂലി തലയാട്ടി.
ചിലപ്പോൾ ഒരു തലയാട്ടൽ മതിയാകും ഒരു ദുരന്തം ഒഴിവാക്കാൻ. ജൂലി ദീപൻ ഊരിവെക്കുന്ന സൂചികളിലേക്ക് മാത്രമായി നോക്കാൻ തുടങ്ങി.

അധ്യായം നാല് : മൂക്ക്

മൂക്കുകൾ ഒന്നും കാണുന്നില്ല. അവ മണങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്. അവർക്ക് സദാചാരത്തിൽ താൽപര്യമില്ല.
മീൻ ചട്ടിയിൽ കിടക്കുന്ന ഇനിയും ചത്തിട്ടില്ലാത്ത ഞണ്ടുകളാണ് പരാജയങ്ങൾ. കൈയ്യും കാലും പൊട്ടിച്ച് ഉപ്പും മഞ്ഞളും മുളകും പുരട്ടും വരെ ചട്ടിയിൽ നിന്ന് കയറി രക്ഷപ്പെടാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കും. വിശന്നു കൊണ്ടിരിക്കുമ്പോൾ അന്നനാളം വഴി ചങ്കിൽ കേറി നിൽക്കുന്ന ദഹന രസത്തിന്റെ പുളിപ്പാണ് അതിന്റെ രുചി. തിരിച്ചിറക്കിയാലും തുപ്പിക്കളഞ്ഞാലും അതിന്റെ നീറ്റൽ ഏത് കാലത്തും വ്യക്തമായി ഓർമ്മിച്ചെടുക്കാനാവും.

അർദ്ധരാത്രിയും കഴിഞ്ഞ് അടുത്ത ദിവസത്തിന്റെ ഒരു മണിക്കൂർ പിന്നിട്ടിരിക്കുന്നു. ബംഗാളികൾ ഇപ്പോഴും വർത്തമാനം നിർത്തിയിട്ടില്ല. ഇത്രയധികം സംസാരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരെ താനിതേ വരെ കണ്ടിട്ടില്ലെന്ന് വിചിത്രവീര്യൻ ഓർത്തു. ഇത്രയധികം സംസാരിക്കാനുളള കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഓരോ ദിവസവും നടക്കുന്നുണ്ടോ? ഒരു പക്ഷെ സംസാരിക്കുന്ന അത്രയും സമയം സ്വന്തം നാട്ടിലെ കവലയിലോ, ചായപ്പീടികയിലോ വീട്ടിലെ എല്ലാവരും കൂടി വർത്തമാനം പറഞ്ഞിരിക്കുന്ന മുറിയിലോ, ചായ്‌വിലോ ആണെന്ന് അവർക്ക് തോന്നുന്നുണ്ടാവും. അങ്ങനെയെങ്കിൽ ഒരർത്ഥത്തിൽ അവർ ഉഭയജീവികളാണ്. ഓരോ വിളിയും അവരെ സ്വന്തം നാട്ടിലേക്ക്, വീട്ടിലേക്ക് തിരിച്ചെത്തിക്കുന്നു. വിളി അവസാനിക്കുമ്പോൾ അടുത്തദിവസവും പണിയും അവരുടെ മുന്നിലെത്തിച്ചേരുന്നു.

മൊബൈൽ കണ്ണുചിമ്മി തുറന്നു. വിചിത്രവീര്യൻ വായിച്ചു.Vichtira Veeryan, a friend ptosed an update
വിചിത്രവീര്യൻ കണ്ണുകളടച്ച് ചുമരു ചാരിയിരുന്നു. കഴിഞ്ഞ പകലിൽ ഉച്ചകഴിഞ്ഞ് റെസ്റ്റ് റൂമിലേക്ക് കയറി വന്ന് ജൂലി പറഞ്ഞ വാചകം മനസ്സിലേക്ക് കയറി വന്നു.
ഒറ്റയ്ക്ക് ഒന്നു ശ്രമിച്ചു നോക്കുന്നോ, ഞാൻ സഹായിക്കാം.
സത്യം പറഞ്ഞാൽ അതൊരു വെല്ലുവിളിയാണോ എന്ന് വിചിത്രവീര്യൻ സംശയിച്ചു. അല്ലായിരുന്നെങ്കിൽ അത്തരമൊരു തയ്യാറെടുപ്പ് അവൾക്ക് വേണ്ടി വരില്ലായിരുന്നു. ഒറ്റയ്ക്കു വന്ന് പറയാൻ മാത്രമുളള എന്തോ ഒരു പതർച്ച അവൾ തീർച്ചയായും കണ്ടു പിടിച്ചിരിക്കും.
ഇനി എന്താണ് ഒരു വഴി?
അടുത്ത ദിവസത്തിന്റെ ഏറ്റവും പുതിയ രണ്ടു മണിക്കൂറുകൾ അവസാനിച്ചതിന്റെ ബോധം വീണ്ടും തലയിൽ ചുറ്റിക്കറങ്ങാൻ തുടങ്ങിയിരിക്കുന്നു. പിടിക്കപ്പെടുമെന്ന തീർച്ചയോടെയല്ലാതെ ഇനി അങ്ങോട്ട് കയറിച്ചെല്ലാനാവില്ല. ഒരുറക്കം കൊണ്ട് ഒരു മാസം കടന്നു പോയിരുന്നെങ്കിൽ എത്ര നന്നായെന്ന് വിചിത്രവീര്യന് തോന്നി. അപ്പോൾ പോലും ഉറക്കമില്ലാത്തവരെ കാത്തിരിക്കുന്ന പേടിപ്പിക്കുന്ന ഏകാന്തത ആലോചിച്ച് അങ്ങനെയൊന്ന് താൻ ചിന്തിച്ചിട്ടില്ലെന്ന് വിചിത്രവീര്യൻ തന്നോടു തന്നെ പറഞ്ഞു.

പെണ്ണുങ്ങളില്ലാത്ത രാജ്യം ഏതാണ്? അങ്ങനെയൊന്നുണ്ടാവുന്നതിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടോ? അവിടെ ജീവിക്കാൻ കഴിയുന്ന എന്തെങ്കിലും ജോലികൾ കാണാതിരിക്കുമോ?
അതൊരു വേനൽക്കാലത്തിന്റെ അവസാനമായിരുന്നു. വിശന്ന് തളർന്ന് ഒരു തെരുവ് സർക്കസ് കൂടാരത്തിൽ അഭയം തേടി. അവിടുത്തെ കളികൾ ഏതാണ്ട് അവസാനിപ്പിക്കുന്ന ദിവസങ്ങളുടെ ഒടുക്കമായിരുന്നു അത്. കളിക്കാരിൽ ഒരാൾ ഒഴികെ ബാക്കിയെല്ലാവരും കിട്ടിയ പൈസയുമായി സ്വന്തം വീടുകളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ആകെയുളള പെൺവേഷക്കാരി മാത്രമേ അന്ന് രാത്രിയുണ്ടായിരുന്നുളളൂ. വിചിത്രവീര്യന് അത് നല്ല തെളിച്ചമുളള മണങ്ങളുടെ ഓർമ്മ കൂടിയാണത്. പല നിറത്തിലുളള സാരികൾ കൊണ്ട് അലങ്കരിച്ച കിടപ്പുമുറിയായിരുന്നു. തൊട്ടപ്പുറത്ത് നിന്ന് അറുക്കാനായി മാറ്റി വെച്ച താറാവുകളുടെ കുറുകലുകൾ കേൾക്കാമായിരുന്നു. പഞ്ഞ് പോലുളള വിരിപ്പിൽ കിടന്നതും അതിന്റെ നനു നനുപ്പും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത മണങ്ങളുടെ പ്രളയവും വിചിത്രവീര്യന്റെ മൂക്കിൽ ഇടിച്ചു കേറി. താൻ ഒരു നാടകശാലയിൽ കിടക്കുകയാണെന്ന് വിചിത്രവീര്യനു തോന്നി. ചെറിയ സ്ഥായിയിൽ ഒരു പെട്രോൾമാക്‌സ് കത്തുന്നുണ്ട്. അതിന്റെ വെളിച്ചം ഉറക്കത്തിന്റെ ചക്രക്കാലുകൾ പിടിച്ചു വലിച്ച് കൊണ്ടുവരുന്നുണ്ട്. കൈകൾ ഉയർത്തി വശത്തേക്ക് നീക്കിയതും ചില്ലറകളുടെ കിലുക്കം കേട്ടു. കളിക്കിടയിൽ ആളുകളിൽ നിന്ന് പിരിച്ചതാവണം.
ഞാനിപ്പം മുഖം കഴുകിയേച്ചും വരാം... പെൺവേഷക്കാരി ഇരുട്ടിൽ നിന്നു പറഞ്ഞു.

അൽപം കഴിഞ്ഞ് വീണ്ടും പെൺവേഷക്കാരി മുറിയിലേക്ക് വന്ന് തൊട്ടടുത്ത് കിടക്കുമ്പോൾ മറ്റൊരു തരം മണം മൂക്കിലെ കടൽക്കാടുകളെ ഇളക്കി.
കണ്ണടച്ചിരുന്നെങ്കിലും ഉറക്കത്തിന്റെ ഒഴുക്കിനെ ഊറിക്കൊണ്ടിരിക്കുന്ന പേടിയാൽ ചവിട്ടി മാറ്റിക്കൊണ്ടിരുന്നു.

തീർത്തും മരിച്ചവനെ പോലെ നിശബ്ദനായ തന്റെ ഉടലിലേക്ക് ചേരട്ടയെപ്പോലെ വരുന്ന കൈകകളെ വിചിത്രവീര്യൻ തിരിച്ചറിഞ്ഞു. അതിന്റെ ഒഴുക്ക് അത്രപെട്ടന്നൊന്നും നിലക്കില്ലെന്ന് വിചിത്രവീര്യന് തോന്നി.
പെട്രോൾ മാക്‌സ് അതിന്റെ വെളിച്ചത്തെ പൂർണ്ണമായും തല്ലിക്കെടുത്തി ക്കഴിഞ്ഞിരുന്നു. താറാവുകൾ ഉറങ്ങിക്കഴിഞ്ഞതായി വിചിത്രവീര്യൻ അറിഞ്ഞു.
ഒഴുക്കുകളിൽ നിന്ന് ശരീരം ഒട്ടി ഒട്ടി വിരലുകൾ വിരിയുന്നുണ്ട്. പരതി പൂക്കളെ പൊടിപ്പിക്കുന്നുണ്ട്.

വിചിത്രവീര്യൻ എഴുന്നേറ്റു
പെൺവേഷക്കാരി കൈകൾ പിൻവലിച്ചു.
എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു
ഇനി പുറത്തിറങ്ങിയാൽ തിരിച്ചു കയറില്ലെന്ന് വിചിത്രവീര്യൻ ഉറപ്പിച്ചിരുന്നു.
എനിക്കു നിന്നെ മനസ്സിലാവുന്നുണ്ട്. ഒരു ശബ്ദം പുറത്തേക്ക് വന്ന് കട്ട പിടിച്ചു കിടന്നു.

ഒരു മെസ്സേജ് വിചിത്രവീര്യനെ ഉണർത്തിVichtira Veeryan, You hav--e 99 new notifications and I message on face book
ലോകം താനിപ്പോഴും ഉണർന്നിരിക്കുന്നത് അറിയുന്നുണ്ടെന്ന് വിചിത്രവീര്യന് തോന്നി.
പിറ്റേന്ന് പുലരുന്നതിന് മുമ്പുളള ചെറിയ ഉറക്കത്തിനു മുമ്പെ തന്റെ വരാനിരിക്കുന്ന വിധിയെ ഒരു ദിവസത്തേക്കു കൂടി മാറ്റി വെക്കാൻ വിചിത്രവീര്യൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
ദീപൻ, തീരെ വയ്യ, ഇന്ന് വരില്ല
അത്രയെഴുതിയപ്പോഴേക്കും ആ മെസ്സേജ് ആകാശങ്ങളിലൂടെ പറന്ന് തുടങ്ങിയിരുന്നു.
കുളിച്ച് ഷേവ് ചെയ്ത് പല്ലുതേച്ച് പുറത്തിറങ്ങുമ്പോൾ നല്ല വെയിൽ പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ബംഗാളികൾ മുഴുവനായും മുറിപൂട്ടി പോയിക്കഴിഞ്ഞിരുന്നു. നിരത്തിലേക്ക് വാഹനങ്ങൾ പെറ്റു വീണു കൊണ്ടിരിക്കുന്നു. സ്‌കൂൾ കുട്ടികളെ കുത്തിനിറച്ച ഓട്ടോറിക്ഷകൾ വിചിത്രവീര്യനെ ഒരു ഫോട്ടോയിലുമില്ലാത്ത തന്റെ ആദ്യ പതിനഞ്ച് വർഷങ്ങളെ ക്കുറിച്ചുളള ഓർമ്മയിൽ കൊണ്ടെത്തിച്ചു.

പതിവായി ചായ കുടിച്ചിരുന്ന തട്ടുകട തുറന്നിട്ടില്ല. വിചിത്രവീര്യൻ ചിലത് ഉറപ്പിച്ചു കഴിഞ്ഞതു പോലെ മുന്നോട്ടു നടന്നു. ബസ്സ്‌സ്റ്റോപ്പിൽ നിന്ന് തൊട്ടടുത്തു നിൽക്കുന്ന സ്ത്രീകളോട് മുഖത്ത് നോക്കി സമയം ചോദിച്ചാലോ എന്ന് കരുതി മനസ്സിനെ പാകപ്പെടുത്താൻ ശ്രമിച്ചു. ഏതാണ്ട് ധൈര്യം വന്നു തോന്നാറായപ്പോഴേക്കും ബസ് വന്ന് അവരെ കയറ്റി കൊണ്ടുപോയി. ആ ബസ്സിന് അതുവരെയില്ലാത്ത തിടുക്കം ഉളളതു പോലെ വിചിത്രവീര്യന് തോന്നി. ക്ഷമയില്ലാതെ ടൗണിലേക്കുളള ബസ്സിൽ കേറിയതും സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

മടിക്കാതെ അതിൽ കയറി ഇരുന്നപ്പോൾ താൻ മുന്നേറുന്നുണ്ടെന്നും ഇന്നത്തോടെ തന്റെ പ്രശ്‌നങ്ങൾ അവസാനിക്കുമെന്നും വിചിത്രവീര്യൻ ഉറപ്പിച്ചു. ഒന്നു രണ്ട് സ്റ്റോപ്പുകൾ കഴിഞ്ഞ് ഒരു ചെറുപ്പക്കാരി കയറിയതും കണ്ടക്ടർ നോക്കിയതു കൂടിയായപ്പോൾ വിചിത്രവീര്യൻ എഴുന്നേറ്റു.
കൂടെയിരിക്കാൻ അവർ വിളിച്ചിട്ടും ഞാൻ വരുന്ന സ്റ്റോപ്പിൽ ഇറങ്ങുകയാണെന്ന് പറഞ്ഞ് ഒരു സ്റ്റോപ്പ് നേരത്തെ ഇറങ്ങേണ്ടി വന്നു.
എതിരെ നടന്നു വരുന്ന വിരുന്നുകാരും ജോലിക്കാരികളുമായ സ്ത്രീകളുടെ നേരെ നോക്കുകയും വെറുതെ ചിരിക്കുകയും ചെയ്യുക എന്നതായിരുന്നു അടുത്ത പ്രയത്‌നം. ഒരു വേള വിജയിച്ചെങ്കിലും ഒന്നു രണ്ടു സ്ത്രീകൾ പിന്നെയും പിന്നെയും തിരിഞ്ഞു നോക്കി പരാജയപ്പെടുത്തി കൊണ്ടേയിരുന്നു.

ടൗൺ ബസ്സ്‌സ്റ്റാന്റ് എത്തുമ്പോഴേക്കും ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും വലിയ കൂട്ടം ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. കുടുംബശ്രീക്കാർ നടത്തുന്ന ഒരു ഹോട്ടലിൽ കേറി ചായ കുടിക്കാൻ തീരുമാനിക്കുന്നതിനു പിന്നിലും ഒരുദ്ദേശമുണ്ടായിരുന്നു.
ഒരു ചായയും കടിയും എന്ന് മുഖത്ത് നോക്കി പറയാൻ കഴിഞ്ഞത് ആശ്വസിച്ചിരിക്കുമ്പോഴാണ് ഉണ്ടാക്കി വെച്ച കടികളുടെയെല്ലാം പേര് പറഞ്ഞ് ഏതുവേണമെന്ന ചോദ്യം നേർക്കു നേരെ വന്നത്.
പുറത്തേക്ക് നോക്കി പഴംപൊരി എന്നു പറഞ്ഞെങ്കിലും അത് മുഖത്ത് നോക്കി തന്നെ പറയാമായിരുന്നെന്ന് ഒരു കുറ്റപ്പെടുത്തൽ കടന്നു കൂടി.
പുറത്തിറങ്ങി വന്നും പോയും കൊണ്ടിരിക്കുന്ന ബസ്സുകളെ നോക്കിക്കൊണ്ടിരുന്നു.

പണ്ട് കൂടെ പഠിച്ച ഏതെങ്കിലും പെൺകുട്ടികൾ തന്നെ തിരിച്ചറിഞ്ഞ് വന്നിരുന്നെങ്കിലോ എന്ന് വിചിത്രവീര്യൻ ആഗ്രഹിച്ചു.
തിരിച്ചറിഞ്ഞാലും വന്ന് കണ്ട് സംസാരിക്കാനുളള ചങ്കൂറ്റത്തെ ശരിക്കും ആരുടേതാണെങ്കിലും അഭിനന്ദിക്കണമെന്ന് വിചിത്രവീര്യൻ ഉറപ്പിച്ചു.
നിരത്തുകളിലൂടെയും കവലകളിലൂടെയും വിരലിലെണ്ണാവുന്ന ടെക്‌സ്റ്റെയിൽസുകളിലും വിചിത്രവീര്യൻ തന്റെ പരീക്ഷണം നടത്തി. വിജയിക്കുന്നതിന്റെ അടുത്ത നിമിഷം തന്നെ അത് പരാജയപ്പെട്ടു. പക്ഷെ മുമ്പെങ്ങുമില്ലാത്ത ഒരാശ്വാസം വിചിത്രവീര്യനിൽ മുട്ടവിരിഞ്ഞു തുടങ്ങി.

പെണ്ണുങ്ങളുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കുക. പകരം മൂക്കിലേക്ക് നോക്കുക. സാധിക്കുമെങ്കിൽ ചുണ്ടുകളിലേക്ക് വിചിത്രവീര്യൻ ഉറപ്പിച്ചു.
മൂക്കുകൾ ഒന്നും കാണുന്നില്ല. അവ മണങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്. അവർക്ക് സദാചാരത്തിൽ താൽപര്യമില്ല. ഒരു സദാചാര പ്രശ്‌നത്തിലും മൂക്ക് ഇന്നേവരെ ഇടപ്പെട്ടിട്ടില്ല. സാക്ഷി പറഞ്ഞിട്ടില്ല. ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments