ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

1. ഗുപ്തവിസ്മയം

രവി

ന്തുതന്നെയായാലും തുടങ്ങാൻ എപ്പോഴും നല്ല പ്രയാസം തന്നെ.

സമ്മതിച്ചു, ഈ ചിത്രണം ഇങ്ങനെ ആരംഭിച്ചിരിക്കുന്നു. എന്നാൽ അടുത്തതിന് ഇനി എന്തു ചെയ്യും.

അതായത്, എളുപ്പമല്ല ഇതൊന്നും. വരച്ചു തുടങ്ങിക്കഴിഞ്ഞതിനാൽ ഇത് ഇനി മുട്ടൊന്നുമില്ലാതെ മുന്നോട്ടുപോയേയ്ക്കും. പക്ഷേ പ്രശ്‌നം, ഇത് എങ്ങനെ അവസാനിപ്പിക്കും എന്നുള്ളതാണ്. അടുത്ത ചലച്ചിത്രത്തിന്റെ ഏകദേശരൂപം മനസ്സിൽ തിരക്കുകൂട്ടിയാലേ ഇതിൽ നിന്ന് എനിക്ക് രക്ഷപ്പെടാനാവൂ എന്നാണല്ലോ.

സാധാരണ സംവിധായകർക്കൊന്നും ഇത്രമാത്രം ഞെരുക്കം നേരിടേണ്ടിവരാറില്ല. നിലവിലുള്ള ചിട്ടവട്ടങ്ങൾക്കനുസരിച്ച് ഒതുങ്ങിക്കൂടുന്നവർക്ക് എല്ലാം താരതമ്യേന സുഗമം തന്നെ. അ എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകളെല്ലാം കഴിഞ്ഞു എന്നുതോന്നിയാൽ പേരായി അതുതന്നെ എടുക്കാം: അനവധി.

എന്നാൽ പ്രചോദനം നൽകാനായി ആരുമേ ഇല്ല എനിക്ക് എന്നൊന്നും പരാതിപ്പെടാൻ പറ്റില്ല. ഇന്നലെ ആ നിത്യ പറഞ്ഞതുതന്നെ ഇപ്പോഴും ഇവിടെ കിടന്നുമുഴങ്ങുന്നില്ലേ.

എന്തൊരു മോഹനമായ വാഗ്ദാനമാണ് അത്.

മിസ്റ്റർ ഗുപ്തൻ, ഞാൻ ദക്ഷിണദേശങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ചു, സകലരേയും കൊതിപ്പിച്ച മാനസറാണിയായി എന്നതെല്ലാം നേരാണ്. പക്ഷേ ഒന്നോർക്കുമ്പോൾ എന്റെ ഉള്ളം നോവുന്നു. ഒരു ഉർവ്വശി - ഒരിക്കലെങ്കിലും അതൊന്ന് കിട്ടിയില്ലല്ലോ എനിക്ക്...

നിങ്ങൾക്ക് എന്റെ സങ്കടം മനസ്സിലാവുന്നുണ്ടോ എന്നറിയില്ല ഗുപ്തൻ.
ഞാൻ എന്തുവേണമെങ്കിലും തരാം... എന്തും!...
എനിക്ക് അത് ഒന്നു വാങ്ങിത്തരുവോ?...

അവസാനത്തെ ആ ചോദ്യം തേൻപുരട്ടി കൊഞ്ചിക്കൊണ്ടായിരുന്നു.
ഒരു ആൺപിറന്നവനും അതിൽ വീഴാതിരിക്കില്ല എന്ന് ആയമ്മയ്ക്ക് തീർച്ചയായിരിക്കും. അഭിനയിച്ച കഥാപാത്രങ്ങൾക്കുവേണ്ടിയെല്ലാം ശബ്ദം നല്കിയത് മറ്റാരോ ആയിരുന്നെങ്കിലും യഥാർത്ഥ ജീവിതത്തിൽ വേണ്ടപ്പോഴെല്ലാം കൊഞ്ചാനും കേഴാനും കലിതുള്ളാനും കഴിയുന്നത് ഒരു സിദ്ധി തന്നെ.
ഈയമ്മ രാഷ്ട്രീയത്തിൽ എത്ര സ്വാധീനം ചെലുത്തുന്നു എന്നു നോക്കൂ. നിത്യയുടെ അറുപതാം പിറന്നാൾ ആഘോഷിക്കാൻ കേന്ദ്രമന്ത്രിയല്ലേ പറന്നെത്തിയത്. എന്നിട്ടോ, വേദിയിൽ വെച്ച് പരസ്യമായി മൂപ്പർ ഒറ്റ ചോദ്യം.

ഏറ്റവും പ്രിയപെറ്റ നിത്യാമയ്‌ക്കേ ഓരു സാമാനം താരണമെനുണ്ഡ്​​ എനിക്ക്​. ആത് നറ്റുകർകും കുഡി ഉപകരമവൂന ഓനായൽ നന്നു. അപൊൾ ആത് കണുമ്പൊൾ ഏലവാരും നിത്യാമയെ ഒർകുമലൊ. ഓരു നല പ്രശനമല്ലേ ആത്....ഏലവാർകും വാണകം!....

മുക്കിയും മൂളിയും മലയാളം പഠിച്ചതായിരുന്നു കേന്ദ്രമന്ത്രി. അതുകൊണ്ട് ഉണ്ടായ തെറ്റാണ് ആ പ്രശ്‌നം. കാര്യം എന്നുതന്നെയാവാം അയാൾ ഉദ്ദേശിച്ചത്.
വരം തരാൻ ഒരുങ്ങിനിൽക്കുന്ന ഭഗവാന്റെ മുന്നിൽ എന്നതുപോലെ നാണം നടിച്ച് നിത്യ വേദിയിൽ നിന്നു. പത്തറുപത്തിയേഴു വയസ്സായി എന്ന് ആർക്കെങ്കിലും തോന്നുമോ കണ്ടാൽ. കുറഞ്ഞത് ഏഴുവയസ്സെങ്കിലും കുറച്ചാവില്ലേ ആയമ്മ പ്രായം പരസ്യപ്പെടുത്തിയിട്ടുള്ളത്.

അയ്യോ അയ്യോ അയ്യോ- മഹാത്മജൻ എന്താണ് ഈ പറയുന്നത്. എന്റെ ജീവിതത്തിൽ ഇതുവരെ ഇത്ര ധന്യമായ ഒരു മുഹൂർത്തം ഉണ്ടായിട്ടില്ല- അയ്യയ്യോ മഹാത്മൻ.., പെട്ടെന്ന് ഉരുവിട്ടു പഠിച്ച വാക്കുകൾ തീർന്നതിന്റെ പരിഭ്രമമായി നിത്യയ്ക്ക്, അങ്ങ് നല്ല വെളിവോടെ തന്നെയാണോ ഇത് ചോദിക്കുന്നത്. ഞാൻ ചോദിക്കുന്നത് തരേണ്ടിവരുമേ...

ഓ യാ- നിശ്ചായം നിത്യാമേ - തിർചയയും, അയാൾ അന്തം വിട്ട് ആയമ്മയെ തുറിച്ചുനോക്കുന്നത് തുടർന്നു.

എന്നാൽ എനിക്ക് എന്റെ നാട്ടിൽ ഒരു തുരങ്കം വേണം- യൂറോപ്പിൽ പോയപ്പോൾ ഞാൻ കണ്ടിട്ടുണ്ട്. ഒരെണ്ണം നമ്മുടെ നാട്ടിലും വരട്ടെ. വലിയ ഒരു കുതിരാൻ മലയുണ്ടല്ലോ എന്റെ നാട്ടിൽ- അതിൽ ഒരു തുരങ്കം ഉണ്ടാക്കിത്തരാമോ മഹാത്മൻ...

അതിന്റെ അവസാനവാക്യവും കൊഞ്ചിക്കൊണ്ടായിരുന്നു എന്നത് ലോകം മുഴുവനും ശ്രദ്ധിച്ചു. കേന്ദ്രമന്ത്രി അത് ഉടനടി സമ്മതിച്ചു, ഉത്തരവ് ഇറക്കുകയും ചെയ്തു. ആ തുരങ്കത്തിന്റെ പണി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ശാസ്ത്രർ പാടില്ല എന്നു വിലക്കിയിട്ടും നിർമ്മാണപ്രവർത്തനം തുടങ്ങി. ഇടയ്‌ക്കെല്ലാം അതിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടാവും. ചിലപ്പോൾ മഴക്കാലത്ത് വെള്ളം നിറയും. അകത്ത് ജീവവായു ഇല്ല എന്ന ഒരു കുഴപ്പം ഉള്ളതായും പറഞ്ഞുകേട്ടു.
കോടികൾ കുറേ ചെലവായെങ്കിലും തുരങ്കം ഒരിക്കലും പൂർത്തിയായില്ല. പക്ഷേ നിത്യയോ നാട്ടുകാരോ പ്രതീക്ഷ കൈവിടുന്നില്ല.

നിനൈവെല്ലാം നിത്യാ...

ഒന്നു തീർച്ചയാണ്. അതിനുവേണ്ടി എത്ര പണം വേണമെങ്കിലും ആയമ്മ മുടക്കും. അല്ലെങ്കിൽ അതിനായി പ്രഭുക്കന്മാരെ കണ്ടുപിടിക്കും.

പിശുക്ക് വേണ്ടിവരില്ല പ്രസ്തുത പടം പിടിക്കുമ്പോൾ എന്നതൊരു മെച്ചമല്ലേ മിസ്റ്റർ ഗുപ്തൻ -

ചില ഹാസ്യനടന്മാർക്ക് പുരസ്‌കാരം ലഭിച്ചത് അവർ അഭിനയമായി ഒന്നും ചെയ്യാതെ വെറുതേ ഇരുന്നതുകൊണ്ടല്ലേ. അതേ രീതി അവലംബിക്കാം എന്നു വെച്ചാലോ. നിത്യ യാതൊരു ഭാവപ്പകർച്ചയുമില്ലാതെ അങ്ങനെ ചുമ്മാ ഇരുന്നുനോക്കട്ടെ.

കിട്ടാതിരിക്കുമോ അതിന് ബഹുമതി.

നോക്കാം. ഒരു തിരക്കഥ എഴുതി ശരിയാക്കണം. അതിനിടയിൽ ചെറിയ ശബ്ദരേഖകൾ സമാഹരിക്കുന്നത് തുടരുകയും വേണമല്ലോ.
എന്നാലും അറുപത്തിയേഴാം വയസ്സിലും ആയമ്മ എന്തു ധൈര്യത്തോടെയാണ് എന്റെ മുന്നിൽ നിന്ന് സ്വന്തം കീഴ്​ചുണ്ട് കടിച്ചുകാണിച്ചത്. അർത്ഥഗർഭമായ ആ കടാക്ഷം എറിയുകയും ചെയ്തില്ലേ ഐന്റ നേർക്ക്. പൂവമ്പ്.
ചിലരുടെ ആത്മപ്രശംസയ്ക്ക് ഒരിക്കലും ഉടവുതട്ടില്ല എന്നാണോ. ചിലപ്പോൾ അവർ വാചകങ്ങൾ മുഴുവനായും കൊഞ്ചുന്നു.
ഞാൻ എന്തു വേണമെങ്കിലും തരാം - ഹെന്തു വേണമെങ്കിലും എന്റെ പൊന്നുഗുപ്താ...
എന്തൊരു കുതൂഹലിച്ച അന്ധവിശ്വാസം.

ഒരു കപ്പലിന്റെ ആസന്നമരണം

(കടലിലെ കോളിളക്കം, കൂടാതെ ഒരു കപ്പലിൽ ഉണ്ടാവുന്നതായ ഒച്ചപ്പാടുകൾ എല്ലാം പശ്ചാത്തലത്തിൽ. ഇവിടെ നറ്റാഷ, കപിത്താൻ, പൂക്കാരി എന്നിവർ)
നറ്റാഷ; ഹേ - ഹെഹെഹൈ - കപിറ്റൻ.

കപി: (ചിന്താപൂർവ്വം) കടൽ ഇത്രയൊന്നും പരുക്കനായികണ്ടിട്ടില്ല ഈ കാലത്ത് -ഇതിപ്പോൾ ശരിക്കും ഇളകിമറിഞ്ഞ്-
നറ്റാഷ: എന്തായാലെന്താണ് - നമ്മുടേത് ഒരു - മ് മ് മ് മുങ്ങിഗ്ഗപ്പൽ അല്ലേ
കപി: മുങ്ങിക്കപ്പൽ അല്ല നറ്റാഷ - മുങ്ങുന്ന കപ്പൽ, മുങ്ങാനിരിക്കുന്ന, മുങ്ങിക്കൊണ്ടിരിക്കുന്ന എന്നെല്ലാം പറയാം. മുങ്ങിക്കപ്പൽ ആയിരുന്നെങ്കിൽ മുങ്ങുന്നതിനെപ്പറ്റി വിഷമിക്കേണ്ടിവരുമായിരുന്നില്ലല്ലോ-
നറ്റാഷ: അതെയതെ, ഓ- എനിക്കു തെറ്റി - ഇത് മുങ്ങിക്കപ്പലായിരുന്നെങ്കിൽ പക്ഷേ സൗകര്യമായിരുന്നു - അല്ലേ?... ശ്ശ്യോ, ഇത് മുങ്ങിക്കൂടാത്ത കപ്പൽ ആയിപ്പോയല്ലോ. എന്നിട്ട് അതാവട്ടെ-മുങ്ങുകയാണ് ഇപ്പോൾ... ആങ്, അതുകൊണ്ടാണല്ലോ നമുക്കൊക്കെ ഇത്ര സംഭ്രമം. സ്വതവേ മുങ്ങിക്കിടക്കുന്ന ഒരു കപ്പലായിരുന്നു ഇതെങ്കിൽ എന്തിനു പേടിക്കണം. ഒരു വിഷമവുമില്ലാതെ നമ്മളിങ്ങനെ നിൽക്കുമായിരുന്നല്ലോ ഇവിടെ- പൊപ്‌കോൺ കൊറിച്ചുകൊണ്ട്.... കപി: ഹഹഹാ നറ്റാഷ - അതെന്തൊരു കുറച്ചിലാണ്...നോക്കൂ, നമ്മൾ ഇവിടെ നിൽക്കുന്നതു കണ്ടാൽ വല്ല സങ്കടവും ഉള്ളതായി തോന്നുന്നുണ്ടോ നമുക്ക്-
നറ്റാഷ: ഇല്ലില്ല - കൂൾ.
കപി: അതെ നറ്റാലി - ഡാം കൂൾ.
നറ്റാഷ: നറ്റാലി അല്ല ഞാൻ കപിറ്റൻ - നറ്റാഷ.
കപി: അല്ല നറ്റാഷ, ഇതെങ്ങനെ സാധിച്ചു ഇപ്പോൾ -
നറ്റാഷ: ഹെന്ത്!
കപി: അല്ല, ഇത്തിരി മുമ്പ് - ഒട്ടും വിതുമ്പാതെ കുറേ വാക്യങ്ങൾ ഒന്നിച്ചിങ്ങോട്ട് പറയുന്നതു കേട്ടല്ലോ
നറ്റാഷ: വിതുമ്പൽ അല്ല കപിറ്റൻ - വിക്കൽ.
കപി: നീ എന്റെ എല്ലാം തിരുത്തുകയാണല്ലോ നറ്റാഷ.
നറ്റാഷ: (മന്ത്രിക്കുന്നു) അതേയ് - അവസാനം അടുത്തതുകൊണ്ടാവും.
കപി: എല്ലാവർക്കും അറിയാമല്ലോ സംഗതി - അല്ലേ?
നറ്റാഷ: ഉം, ഏകദേശം. രഹസ്യമൊന്നുമല്ല എന്തായാലും.
കപി: രക്ഷപ്പെടാൻ നിവൃത്തിയൊന്നുമില്ല എന്നും...
നറ്റാഷ: ഓ, അതൊക്കെ എല്ലാവർക്കും അറിയാംന്നേ!ഇന്നിപ്പോൾ ഇതൊക്കെ കേട്ട് ആരാണ് ഞെട്ടുക. സാധാരണമല്ലേ ഒക്കെ - അതിസാധാരണം.
കപി: കപ്പൽ മുങ്ങുന്നതോ
നറ്റാഷ: അതെയെന്നേ - എത്ര വിമാനം തകർന്നുവീഴുന്നു.

കപി: ഇതു കപ്പലല്ലേ നറ്റാഷാ-
നറ്റാഷ: കപ്പലായതുകൊണ്ട് മുങ്ങുന്നു, അത്രതന്നെ.
കപി: ശരി, പക്ഷേ ഇത് നമ്മൾ സഞ്ചരിക്കുന്നതല്ലേ-
നറ്റാഷ: അതിനെന്താണ് - പണ്ടത്തെ കാലമാണോ ഇത്... പുതിയ ശീലങ്ങളൊന്നും ഇഷ്ടമല്ല എന്നു തോന്നുന്നു ഒരാൾക്ക്?
കപി: എനിക്കെന്തായാലും കുറേ മദ്യം വേണം ഇപ്പോൾ-
നറ്റാഷ: ഞാനും കൂടാമല്ലോ - പക്ഷേ വോഡ്കാ മാത്രമേ ബാക്കിയുള്ളൂ.
കപി: ആ ബട്‌ലർ - അയാളോട് ചോദിച്ചാൽ ചിലപ്പോൾ കിട്ടുമായിരിക്കും റം - ഒരു നാവികൻ അല്ലേ ഞാൻ. എനിക്കു വേണ്ടത് റം ആണല്ലോ... നറ്റാഷാ ഡാർലിങ്... മാത്രമല്ല, എന്തിനാണ് അയാൾ അതൊക്കെ കെട്ടിപ്പൂട്ടി വെയ്ക്കുന്നത് - ഏതു നാളേയ്ക്കുവേണ്ടി - ഹഹഹ, കൂടെ കൊണ്ടുപോവാൻ പറ്റുമോ ഇത്, ങ്‌ഹേ!
നറ്റാഷ: വേണമെങ്കിൽ ഞാൻ പോയി നോക്കാം... അതിനിടയിൽ ഡ-ഡ-ഡാ-ഡാർലിങ് എന്നു വിളിച്ചോ എന്നെ?
കപി: ഹഹ, അതു തിരിച്ചുവന്നല്ലോ - വിക്ക്.
നറ്റാഷ: മൂഡ്‌സ് ഉണ്ടാവും അതിന് - ചിലപ്പോൾ ആക്റ്റിവ് ആവാൻ തോന്നുന്നുണ്ടാവില്ല... (ചിരിച്ച്) ശരി, ഇപ്പോൾ വരാം-
(നറ്റാഷ അപ്പുറത്തേയ്ക്ക് - അപ്പോൾ പ്രവേശിക്കുന്ന പൂക്കാരിക്ക് കപിത്താന്റെ ആത്മഗതം കേൾക്കാം.)
കപി: (സ്വഗതം) ആദ്യമായിട്ടാണ് ഞാൻ മുങ്ങാൻ പോവുന്നത്. അത് ആദ്യം സംഭവിക്കുമ്പോൾ എത്ര ഹിറോ ആയാലും ഇത്തിരി ചാഞ്ചല്യമൊക്കെ ഉണ്ടായിപ്പോവും - അല്ലേ?
പൂക്കാരി: (പെട്ടെന്ന്) പൂ വേണോ - സർ?
കപി: (ഞെട്ടിക്കൊണ്ട്) പൂവോ - എന്തു പൂ!
പൂ: ആങ്, പൂമാല. നല്ല വാസനയുള്ള പൂവാണ്.
കപി: എന്തു പൂവാണിത്.
പൂ: നല്ല പൂവാണ് സർ - ഇതിന്റെ പേര് എന്താണെന്ന് എനിക്ക് അറിയില്ല എന്നേയുള്ളൂ... പക്ഷേ പേടിക്കണ്ട, വിഷമൊന്നുമല്ല - നല്ല വാസനയുമുണ്ട്... പെട്ടെന്ന് ഒരൂസം എന്റെ വീട്ടിൽ ഉണ്ടായിത്തുടങ്ങിയതാണ്. പിന്നെ കുറച്ചൂസം കഴിഞ്ഞപ്പോൾ ഉണ്ണിക്കുട്ടന്റെയും - ഈംഉം, ആദ്യം മാളുവിന്റെ, പിന്നെ ഉണ്ണിക്കുട്ടന്റെയും വീട്ടിലും ഒക്കെ ഉണ്ടായി.
കപി: ആരാണ് .... അതൊക്കെ.
പൂ: അയ്യേ, ഉണ്ണിക്കുട്ടനേയും മാളുവിനെയും അറിയില്ലേ. കപി: (പരുങ്ങിക്കൊണ്ട്) ഇല്ലാ -
പൂ: ഇതാപ്പോ നല്ല കഥ. മാളു പിന്നീം പോട്ടെ. ഉണ്ണിക്കുട്ടനെ അറിയാത്ത ആരാണ്ടാവ്വാ... നുണ പറയുകയാവും - അറിയാണ്ടെ ഇരിക്ക്യൊന്നൂല്ല്യ അവരെ ആരും.
കപി: ഇല്ല, സത്യമായും എനിക്ക് അറിയില്ല കുട്ടീ - അല്ല, അതുകൊണ്ട് കുഴപ്പമുണ്ടോ, ഈം?
പൂ: ഈം, ശരി - തൽക്കാലത്തേയ്ക്ക് വിശ്വസിക്കാം ഞാൻ - അതേയ്, മാളൂെന്റ വീടിന്റെ അടുത്തതിന്റെ അടുത്ത വീടാ ഉണ്ണിക്കുട്ടെന്റ - അതറിയില്ലേ. കപി: അത്..... അതറിയാം, പക്ഷേ -
പൂ: ഈ സൂര്യനൊക്കെ വെറുതേ ഇങ്ങനെ ഉദിക്കില്ലേ - ആ ദിക്കിന് എന്താ പേര്? കപി: കി - കിഴുക്ക് എന്നാണെന്നു തോന്നുന്നു.
പൂ: ആങ്, കിഴുക്ക്. ഉണ്ണിക്കുട്ടെന്റ വീട് ആ ഭാഗത്താണെന്നു പറയും എന്റെ അമ്മ എപ്പോഴും.
കപി: ങ്ഹാ, അത് ശരിയായിരിക്കും - മിക്കവാറും.
പൂ: എന്ത് ശരിയായിരിക്കും?.... അതേയ്, ഈ മാളു ഉണ്ടല്ലോ-
(ബട്‌ലർ ഓടിക്കിതച്ചുകൊണ്ട് കടന്നുപോവുന്നു. അതിനിടയിൽ അയാൾ എന്തെല്ലാമോ വിളിച്ചു കൂവുന്നുമുണ്ട്: അയ്യോ, ഈ കപ്പലിനെ എങ്ങനെയെങ്കിലും രക്ഷിക്കാൻ നോക്കാതെ സൊള്ളിക്കൊണ്ടു നിൽക്കുന്നതു കണ്ടില്ലേ ഒരു കപ്പിത്താൻ - അയ്യോ!...)
കപി: വേണ്ട കുട്ടീ, കുട്ടി അത് ശ്രദ്ധിക്കണ്ട - തുടർന്നോളൂ.
പൂ: ഈ മാളു ഉണ്ടല്ലോ - മാളു എന്താണ് വിളിക്കുക എന്നറിയാമോ ഉണ്ണിക്കുട്ടനെ - ഉണ്ണിക്കുട്ടേട്ടാന്ന്...(ഓർത്തു ചിരിച്ച്) എന്നിട്ട് മാളൂന് ഇടയ്ക്ക് അത് തെറ്റുംട്ട്വോ -അറിയാണ്ടെ ഉണ്ണിക്കുട്ടേട്ടൻകുട്ടാന്ന് വിളിച്ചുപോവും...
കപി: (രസിച്ചുകൊണ്ട്) ഉണ്ണിക്കുട്ടേട്ടൻകുട്ടൻ.
പൂ: ആങ്, അതു പാടില്ല്യാലോ - ഉവ്വോ. അവസാനം വരണ്ടേ ഏട്ടൻ. മൂത്തതല്ലേ ഉണ്ണിക്കുട്ടൻ - പിന്നെ വേണമെങ്കിൽ ഉണ്ണിക്കുട്ടേട്ടൻകുട്ടേട്ടാ എന്നു വിളിക്കണം, അല്ലേ?
കപി: ഈം, യാ..... ഉണ്ണിക്കുട്ടേ-ട്ടൻ കു-ട്ടേട്ടൻ.
പൂ: ഇതെന്താണ് വെറുതേ മുരണ്ടുകൊണ്ടുനിൽക്കുന്നത് - ധ്രുവക്കരടിയാണോ, ഈം?
കപി: അല്ല കുട്ടീ, കപ്പിത്താൻ ആണ് ഞാൻ.
പൂ: കപ്പി-ത്താനോ... അതെന്ത് താൻ.
കപി: ഇത് ഒരു കപ്പൽ ആണെന്ന് കുട്ടിക്ക് മനസ്സിലായിട്ടുണ്ടാവും - എന്നാണ് ഞാൻ വിചാരിക്കുന്നത്. കപ്പലിന്റെ കപ്പിത്താൻ - വാസ്തവത്തിൽ കപിറ്റാൻ... അതാണ് ഞാൻ.
പൂ: (അമ്പരന്ന്) കപ്പലോ! ആരു പറഞ്ഞു - ഇവിടെ എവിടെയുണ്ട് കപ്പൽ. വെറുതേ വിഡ്ഢിത്തം പറഞ്ഞ് എന്നെ പേടിപ്പിക്കാണ്ടെ ഇരിക്ക്യോ!..
കപി: കുട്ടീ, കുട്ടി ദയവായി ഒരു കാര്യം ചെയ്യൂ. കുറച്ചുനേരം ഒറ്റയ്ക്ക് പൂ വിറ്റ് കളിക്കൂ..... എനിക്ക് ഇത്തിരി തിരക്കുണ്ട് തൽക്കാലം. എന്റെ കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്.... ഞാൻ വരാം. ഇപ്പോൾ - കേട്ടോ.
പൂ: (തന്നത്താൻ) വലിയ കഷ്ടാണ് ട്ട്വോ എല്ലാവരും എന്നെയിങ്ങനെ ഒറ്റയ്ക്കാക്കിയിട്ട് പോയാൽ...

ഞാനാണെങ്കിൽ പാലവും തുരങ്കവുമൊന്നും അല്ല ചോദിക്കുക. ഒരു തടാകം മതി എന്റെ പേരിൽ. വിസ്മയസരോവരം. കുളം പോരാ പക്ഷേ, സാമാന്യം വിസൃതിയുള്ള ഒരെണ്ണം വേണം. കൃത്രിമമായി നിർമ്മിക്കാമല്ലോ.

അരയന്നങ്ങളെ കൊണ്ടുവന്ന് ഇടട്ടെ എന്നിട്ട് കുറേ. നല്ല രസമായിരിക്കും ആകെ കൂടി കാണാൻ. സ്ഫടികം പോലെ വെട്ടിത്തിളങ്ങും വെയിലിൽ അതിലെ വെള്ളം. അടിത്തട്ടിൽ വീണുകിടക്കുന്ന വെള്ളാരം കല്ലുകൾ കാണാം നമുക്ക്.
ഉപരിതലത്തിൽ മന്ദം മന്ദം നീങ്ങുന്ന കളഹംസങ്ങൾ.

പരീക്ഷ അടുത്തതിന്റെ വെപ്രാളത്തിലാണ് ഞാൻ എന്നാണ് വെപ്പ്. എന്നിട്ട് ഞാനിവിടെ ചെയ്യുന്നതെന്താണെന്നു നോക്കൂ. മനോരാജ്യത്തിൽ തന്നെ എപ്പോഴും.
വിസ്മയ തന്റെ കവിളിലെ ഒരു മുഖക്കുരുവിൽ വെറുതേ തിരുപ്പിടിച്ചുകൊണ്ടിരുന്നു. ചെറിമാ കണ്ടാൽ ബഹളമുണ്ടാക്കും. അയ്യോ കുട്ടീ, അതു നുള്ളിപ്പറിക്കാതെ - വൃത്തികേടാവുംട്ട്വോ മുഖം. ഹഹ, എന്തു വൃത്തികേട്. ഞാൻ അതിന്റെ ചിത്രം എടുത്ത് കൊടുത്താൽ ആളുകൾ എങ്ങനെയാണ് വർണ്ണിക്കുക എന്നു നോക്കിക്കോളൂ. ഓഹ്, എന്തൊരു ഹോട്ട്. ഇപ്പോഴാണ് വിസ്മയ ശരിക്കും വിസ്മയ ആയത്!....

നടിയായി തന്നെ തുടരണമെങ്കിലും അത്യാവശ്യം വിദ്യാഭ്യാസം വേണ്ടേ എന്നാണ് അമ്മയുടെ വാശി. അനൗപചാരികം ഒന്നും പോരാ അമ്മയ്ക്ക്. പൊതുപരീക്ഷ തന്നെ ജയിക്കണം എന്ന് അമ്മ ഈന്നിക്കൊണ്ടേയിരിക്കുന്നുണ്ട്. മോളേ, എങ്ങനെയെങ്കിലും നീ ഈ പന്ത്രണ്ടൊന്ന് ജയിച്ചേച്ചും വാ.
അമ്മയെ നടുവിൽ നിർത്തി ചെറിമായും വലീമായും കൈമാറുന്ന വ്യാക്ഷേപകങ്ങൾ കേട്ടാലോ. അമ്മയ്ക്ക് മകൾ പന്ത്രണ്ടെങ്കിലും ജയിക്കേണ്ടേ എന്ന പ്രാണവേദന. ചിത്രഭാനുവിനും സത്യഭാമയ്ക്കും വീട്ടിലെ താരത്തിന്റെ ഭാവിയെപ്പറ്റി ഉൽക്കണ്ഠ.

എന്തൊരു കഷ്ടമാണ് - അവൾക്ക് പഠിക്കണം എന്ന് വല്ല വിചാരവും ഉണ്ടോ എന്നു നോക്കൂ. എങ്ങനെയെങ്കിലും ബാബ്വേട്ടന്റെ ക്യൂവിൽ കയറിപ്പറ്റണം എന്ന ഒറ്റ ആലോചനയേയുള്ളൂ സദാ.... ഇങ്ങനെയൊരു കുട്ടി!

അവൾക്ക് വിസ്മയ എന്നു പേരിട്ട ആ കൈമളെ പറഞ്ഞാൽ മതീല്ലോ - പതിനെട്ടാം പിറന്നാളിന്റന്ന് പുതിയ പേര്...

നേമം രാജശേഖരകൈമൾ പണ്ടത്തെ നായിക നിത്യയ്ക്ക് പേരിട്ടുകൊണ്ട് തുടങ്ങിയത് ഒരു ജൈത്രയാത്രയാണേത്ര. പിന്നെയിങ്ങോട്ട് മിക്ക താരങ്ങൾക്കും അയാൾ തന്നെ നാമകരണം നടത്തിപ്പോന്നു. രാശി എന്നോ എന്തൊക്കെയോ പറയുന്നതു കേൾക്കാം.

എന്നോട് കുറച്ചൊന്നുമല്ല വാത്സല്യം കാണിക്കുന്നത്. താംബൂലം ചവച്ചുകൊണ്ടും ചുറ്റും അതിന്റെ തുള്ളികൾ തെറിപ്പിച്ചുകൊണ്ടും അയാൾ എത്ര പ്രാവശ്യമായി അതു തന്നെ ആവർത്തിക്കുന്നു. വീരസ്യം വിളമ്പുന്നതിൽ അയാൾ ഒരു ലോഭവും കാണിക്കില്ല.

മോളേ, നിത്യാമ്മ ഇത്രമാത്രം വളർന്നതിനു പിന്നിൽ ആരുടെ ആശിസ്സാണുള്ളതെന്ന് മോൾക്ക് അറിയാമോ. അത്ര നിറഞ്ഞ മനസ്സോടെയാ അന്ന് നിത്യാമ്മയെ ആശീർവദിച്ചിട്ടുള്ളത് ഞാൻ. തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല പിന്നെ നിത്യാമ്മയ്ക്ക്.... പിന്നെ എന്താണ് നരുന്തുപിള്ളേർക്കു കൂടി കിട്ടിയ വലിയ പ്രൈസ് ഒന്നും ലഭിച്ചില്ല - പക്ഷേ ഇപ്പോഴും നിൽക്കുന്നതു കണ്ടില്ലേ, ഐശ്വര്യത്തിന്റെ നിറകുടം - ഹഹഹ, പൊന്നുംകുടത്തിനെന്തിനാ പൊട്ട്....
ആങ്, അപ്പോൾ മോളേ- നീ അറിയേണ്ടത് ഇതാണ്. പണ്ടത്തെ പാട്ടിൽ ഉള്ളതാണ് ഈ നിത്യവിസ്മയം എന്നത്. അതിലെ നിത്യ അന്ന് ആ കാലത്ത് ഈയമ്മയ്ക്കു കൊടുത്തിട്ട് ഈ വിസ്മയ ഇത്ര കാലവും മറ്റാർക്കും നൽകാതെ ഞാൻ സൂക്ഷിച്ചുവെച്ചതെന്തിനാ - അത് അർഹിക്കുന്ന ആൾക്കാവണം കിട്ടുന്നത് എന്നുണ്ടായിരുന്നു എനിക്ക്...എന്നിട്ടിപ്പോൾ നിനക്കു തന്നെ അതു തരാൻ എന്നെക്കൊണ്ട് തോന്നിപ്പിച്ചത് ആരാണ് - ഏത് അദൃശ്യശകതി!.... ഹഹഹാ, നന്നായി വരും മോളേ. ഈ കാരണവരെ ഒന്ന് വേണ്ടവണ്ണം പ്രീതിപ്പെടുത്ത് നീ - കേട്ടോ... അത് എത്ര പെട്ടെന്ന് ചെയ്യുന്നോ അത്രയും വേഗം നിന്റെ ബാബ്വേട്ടന്റെ ക്യൂവിൽ മുന്നിലെ സ്ഥാനം വാങ്ങിത്തരും ഞാൻ - കേട്ടോ മോളേ, അതു കട്ടായം - ഹഹഹാ !...

ആർക്കും ഒരു ഉളുപ്പുമില്ല, കൂസലുമില്ല. അന്ന് കുട്ടിത്താനത്തു വെച്ച് ഗുപ്തൻ എന്ന ആൾ പതുക്കെ എന്റെ പിന്നിൽ തഴുകിക്കൊണ്ട് മന്ത്രിച്ചതു കേട്ടില്ലേ ഒരു സ്വകാര്യം. വേണമെന്നു നീ വിചാരിച്ചാൽ കുറേ മേലെയെത്താം കേട്ടോ - എന്തൊരു വിസ്മയഭരിതമായ ചന്തമാണെടീ നിന്റേത്​.

അപ്പോൾ പകരം വീട്ടുന്നതു പോലെ ഞാൻ അയാളെയും കണക്കിലെടുക്കാമെന്നു വെച്ചു. അല്ല പിന്നെ. നല്ല മുഴുത്ത കൈവിരലുകൾ. കൊള്ളാം, തരക്കേടില്ലാത്ത വലുപ്പം ഉണ്ടാവുമെന്നു തോന്നുന്നു - ഗുപ്തമാക്കിവെച്ചത്.

പണ്ടൊക്കെ പെൺകുട്ടിയുടെ അച്ഛനമ്മമാരുമായിട്ടായിരുന്നു ഇവരെല്ലാം കരാറിൽ ഏർപ്പെടുക. ഇപ്പോൾ നേരിട്ട് സംസാരിക്കാം എന്നായി എല്ലാവർക്കും. കുട്ടികൾക്കല്ലേ കൂടുതൽ കാര്യഗൗരവം.

നോക്ക് മോളേ, അങ്ക്ൾ സൂക്ഷിച്ച് വെക്കം തിരിച്ചെടുത്തോളാം - അകത്ത് കളയുകയേയില്ല കേട്ടോ, പേടിക്കണ്ട !....

ആർക്കറിയാം, ബാബ്വേട്ടൻ ഈ കൈമളുടെ ശുപാർശയൊക്കെ എടുക്കുമോ. മനഃപൂർവ്വം അത് തള്ളിക്കളയാതെ ഇരുന്നാലെങ്കിലും മതിയായിരുന്നു.
എന്തായാലും വൈകാതെ പുള്ളിയുടെ കൂടെ രാപാർക്കാൻ ചെല്ലണം ഒരിക്കൽ. ഒന്നുമില്ലെങ്കിലും ഇത്ര ശൃംഗാരിയായ ഒരു മുതുക്കനെ വേറെ എവിടെ കിട്ടും. അക്ഷരാർത്ഥത്തിൽ വായിൽ നിന്ന് തേനൊലിക്കും.
മൂപ്പരുടെ വായ കണ്ടാൽ അറിയാം. എവിടെനിന്നെല്ലാം എത്ര കേട്ടു. നന്നായി തിന്നുമേത്ര പെണ്ണുങ്ങളെ.

രസികൻ നാവാണ് പിന്നെ - ശ്രദ്ധിച്ചില്ലേ. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments