ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

തൈമയും കൊളംബസും

ഒന്നാം വരവ്

നുഷ്യൻ പല തരം ആലോചനകളിൽ മുഴുകി വഴിയിലൂടെ നടന്നു വരികയായിരുന്നു.
ഒരു കാടിനു സമീപം എത്തിയപ്പോൾ വഴിയരികിൽ കരിയിലകൾക്കിടയിൽ ഒരു നാണയം കിടക്കുന്നത് അയാൾ കണ്ടു.
അതുവരെ മനുഷ്യൻ കണ്ടിട്ടില്ലാത്ത തരം നാണയമായിരുന്നു അത്.
അതിന്റെ പ്രകാശം ചുറ്റുമുളള എല്ലാത്തിനേയും തിളക്കുന്നുണ്ടായിരുന്നു.
മനുഷ്യൻ കുറേ നേരം ആ നാണയം തന്നെ നോക്കി നിന്നു.
പക്ഷെ കൈ നീട്ടി എടുക്കാൻ തുനിഞ്ഞതും അത് അപ്രത്യക്ഷമായി.
മനുഷ്യൻ കുറേ നേരം ചുറ്റും നോക്കിയെങ്കിലും നാണയം കണ്ടെത്താൻ കഴിഞ്ഞില്ല.

പിറ്റേ ദിവസം അതേ സമയത്ത് മനുഷ്യൻ വീണ്ടും ആ വഴി വന്നു.
പക്ഷെ അന്നും അയാൾക്ക് ആ നാണയം കാണാൻ കഴിഞ്ഞില്ല.
തുടർന്നുളള എല്ലാ ദിവസങ്ങളിലും കൃത്യം അതേ സമയത്ത് ആ വഴി നടന്നെങ്കിലും നാണയം അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതേ ഇല്ല. ദിവസങ്ങളും വർഷങ്ങളും കടന്നു പോയി. എങ്കിലും മനുഷ്യൻ പ്രതീക്ഷയോടെ തന്റെ നടത്തം തുടർന്നു.
ഒരു ദിവസം പണ്ട് കിടന്ന അതേ സ്ഥലത്ത് ആ നാണയം കിടന്ന് തിളങ്ങുന്നത് അയാൾ വീണ്ടും കണ്ടു. ഇത്തവണ അയാൾക്ക് അത് കൈയിൽ എടുക്കാൻ സാധിച്ചു. അയാൾ സന്തോഷത്തോടെ ആ നാണയം തന്റെ രണ്ടു കണ്ണുകളിലും മുട്ടിച്ചു.
കൈകൾ ഉയർത്തി ദൈവത്തോട് ചോദിച്ചു: ""അല്ലയോ ദൈവമേ, ഈ വഴിയിലൂടെ എത്രയോ മനുഷ്യർ നടന്നു പോകുന്നു. എന്നിട്ടും എനിക്കു തന്നെ ഈ നാണയം കിട്ടിയതെങ്ങനെ ആണ്?''""കാരണം ഞാൻ തെരഞ്ഞെടുത്തത് നിന്നെയാണ്.'' ദൈവം മറുപടി പറഞ്ഞു.""പക്ഷെ, എന്തു കൊണ്ടാണ് അങ്ങ് എന്നെത്തന്നെ തെരഞ്ഞെടുത്തത്?''; മനുഷ്യൻ പിന്നെയും ചോദിച്ചു.
""കാരണം ഒളിഞ്ഞു കിടക്കുന്ന നിധി കാണാൻ കഴിവുളളവൻ നീ മാത്രമായിരുന്നു.'' ദൈവം പറഞ്ഞു.

ഒന്ന്

ഇന്ത്യ! ഇന്ത്യ!

ടൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കൊണ്ടിരുന്നു.
​നിലാവും നക്ഷത്രങ്ങളും തിളക്കുന്ന തിരകളിലേക്ക് നോക്കി സാന്താ മറിയ, നീന, പിന്റ എന്നീ പായക്കപ്പലുകളിലെ സഞ്ചാരികൾക്ക് കണ്ണു കഴക്കുന്നുണ്ടായിരുന്നു. മുപ്പത്തി ആറു ദിവസങ്ങളിലെ കടൽച്ചൊരുക്കും മരണഭയവും കാരണം അവർ വല്ലാതെ തളർന്നിരുന്നു. എങ്കിലും, അവരുടെ നീണ്ട യാത്ര, ഏതോ വിശിഷ്ട ഭൂമിയിൽ അവസാനിക്കാൻ പോവുകയാണെന്ന പ്രതീക്ഷയിൽ അവർ കണ്ണുകൾ ബലമായി തുറന്നു പിടിച്ചു. മാത്രവുമല്ല, ആദ്യം കര കണ്ട് വിളിച്ചു പറയുന്നവർക്ക് വലിയ തുക ഇനാമുമുണ്ടായിരുന്നു.

സ്പെയിനിൽ നിന്ന് പടിഞ്ഞാറോട്ടുളള യാത്രക്കിടയിൽ ഇതിനു മുൻപ് ഒന്നു രണ്ടു തവണ കര കണ്ടതായി അവർക്കു തോന്നിയിരുന്നു. പക്ഷെ, അതൊക്കെ കടൽ അതിന്റെ ഇന്ദ്രജാലം കൊണ്ട് അവരെ കബളിപ്പിച്ചതായിരുന്നു. അതു കൊണ്ട് ഇത്തവണ അവർ കൂടുതൽ കരുതലോടെയിരുന്നു. പക്ഷികളായിരുന്നു വഴികാട്ടികൾ. കപ്പലിന്റെ മേൽക്കൂരയിലും കൊടിമരങ്ങളിലും അവ താൽക്കാലിക താവളങ്ങൾ തീർത്തു. നിലാവിൽ ചന്ദ്രനെതിരെ പറന്നിറങ്ങിയ അവയുടെ നിഴലുകൾ ഏതോ മുത്തശ്ശിക്കഥയിലേതു പോലെ പോലെ തോന്നിച്ചു.
""ഇത്രയധികം പക്ഷികൾ! തീർച്ചയായും നാം കരയോട് വളരെ അടുത്തിരിക്കുന്നു.'' ആരോ ആകാംക്ഷയോടെ പറഞ്ഞു. ''ഇന്ത്യ!''

അധികം വൈകാതെ കപ്പലുകളിൽ ഒന്നിൽ കുടുങ്ങിയ ഒരു ചെടിയും ലോഹം കൊണ്ടുളള ഒരു ഉപകരണത്തിന്റെ അംശവും ഉള്ളിലെത്തി. എണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അവ പരിശോധിച്ച നാവികർക്ക് ഒരു സംശയവുമുണ്ടായില്ല. ആ ചെടി കരയിൽ വളരുന്നതു തന്നെയായിരുന്നു. ലോഹോപകരണം പക്ഷെ എന്തിനുപയോഗിക്കുന്നവയാണെന്ന് അവർക്ക് പിടി കിട്ടിയില്ല. അപരിചിതരും, ഒരു പക്ഷേ, അപകടകാരികളുമായ മനുഷ്യരുടെ സാന്നിധ്യം മാത്രം അവ സൂചിപ്പിച്ചു.
അവർ കപ്പലിന്റെ ഡെക്കിൽ തടിച്ചു കൂടി. ഇരുട്ടിനെ കീറി മുറിക്കാനെന്നോണം കണ്ണുകൾ വീണ്ടും കൂർപ്പിച്ചു. അവരുടെ ചെവികളിൽ സഹസ്രാബ്ദങ്ങളുടെ പഴക്കമുളള കടൽ അതിന്റെ ജീവതാളം മീട്ടിക്കൊണ്ടിരുന്നു.
നൂറ്റാണ്ടുകൾക്ക് ശേഷവും മനുഷ്യ കുലം ഓർത്തു വെക്കാൻ പോകുന്ന ഒരു യാത്ര മണിക്കൂറുകൾക്കുളളിൽ കരയ്ക്കടുക്കാൻ പോവുകയാണെന്ന് അവരിൽ ഒരാൾ പോലും അപ്പോൾ അറിഞ്ഞിരുന്നില്ല.

കൊളംബസിന്റെ മനസ്സ് സെവിലിലെ വീട്ടിലായിരുന്നു. തന്നെ പോകാനനുവദിക്കാതെ കാലിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരൻ ഫെർഡിനാന്റിനേയും ബിയാട്രീസിനെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പത്തു വയസ്സുകാരൻ ഡീഗോയേയും അയാൾ കണ്ടു. കൊളംബസ് ഇളയ മകനെ തന്റെ കൈകളിലെക്ക് എടുത്തുയർത്തി. ഫെർഡിനാന്റിന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് ബിയാട്രീസിന്റെ നനഞ്ഞ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു...
adiós dear...

"അഡ്മിറൽ, കര എത്താറായി. കര എത്താറായി'' പെഡ്രോ വിളിച്ചു പറഞ്ഞപ്പോൾ കൊളംബസ് ഡെക്കിലെ ആളുകളെ വകഞ്ഞു മാറ്റി മുന്നോട്ട് ചെന്നു. വെളളിവെളിച്ചത്തിൽ ജലവും ആകാശവും. കടൽ അതിന്റെ ഉപ്പു നനവുളള നാവു കൊണ്ട് മുഖത്ത് തൊട്ടു. പനി അയാളുടെ ഉടലിലൂടെ പൊട്ടിച്ചിതറി.
എല്ലാവരും അവരവരുടെ രീതികളിൽ സാൽവേ റെജീന ചൊല്ലാൻ തുടങ്ങി.
പെഡ്രോ ദൂരേക്ക് ചൂണ്ടി. കൊളംബസ് കണ്ണുകൾ തിരുമ്മി നോക്കി. വെളിച്ചം. ആരോ ഒരു മെഴുകു തിരി ഉയർത്തുകയും താഴ്ത്തുകയും ചെയ്ത് അവരെ മാടി വിളിക്കുന്ന പോലെ. കപ്പലിന്റെ ചാഞ്ചാട്ടത്തിനനുസരിച്ച് ഉലയുന്ന നേർത്ത വെളിച്ചം.

""വെളിച്ചം. കര. ആൾപ്പാർപ്പുളള വൻകര.'' അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു. ""ആരോ ചൂട്ടുമായി രാത്രി നടക്കാനിറങ്ങിയതാണ്.'' ''അല്ല. ഏതോ പിശാചിന്റെ കല്ലറയിൽ നിന്നുളള വെളിച്ചം.'' ""ഗന്ധകം.'' ""അല്ല. ആരോ കുന്തമെറിഞ്ഞ് മീൻ പിടിക്കുന്നതാണ്.''
ഒരു വലിയ തിര സാന്താ മറിയയയുടെ പളളയിൽ തട്ടി അവരെ മുഴുവൻ നനച്ചു കൊണ്ട് ചിതറി. പെഡ്രോ ഒരു മുട്ടൻ തെറി വാക്ക് പറഞ്ഞു.
കൊളംബസ് ഒരിക്കൽ കൂടി കണ്ണു കൂർപ്പിച്ചു നോക്കി. ആദ്യം ഒന്നും കണ്ടില്ല. പിന്നെ പതുക്കെപ്പതുക്കെ ഒരു കരയുടെ അതിരുകൾ മൈലുകൾക്കപ്പുറത്ത് തെളിഞ്ഞു വന്നു.
കൊളംബസ് അഭിമാനത്തോടെ നിവർന്നു നിന്നു. മുഖത്ത് നേരിയ ഒരു ചിരി പരന്നു. അടുത്ത നിമിഷം അത് മാറി. പല്ലു കടിച്ചു കൊണ്ട് ആജ്ഞാപിച്ചു:""കാഴ്ച്ച കണ്ട് നിന്നത് മതി. തയ്യാറെടുക്ക്.''
കൈ നീട്ടിയപ്പോൾ ഉപ്പു വെളളം കൊണ്ട് നനഞ്ഞ ഒരു തോക്ക് അഡ്മിറലിന്റെ കൈയിലേക്ക് ചേർന്നു. ഇരുട്ടിൽ മറ്റൊരു പക്ഷി സാന്താ മറിയയുടെ തലക്കു മുകളിലൂടെ കരയിലേക്ക് പറന്നു.

*1492-ൽ സ്പെയിനിൽ നിന്ന് ഇന്ത്യ ലക്ഷ്യമാക്കി പുറപ്പെട്ട കൊളംബസ് കരീബിയൻ ദ്വീപുകളെ ഇന്ത്യയായി തെറ്റിദ്ധരിച്ച് കപ്പലടുപ്പിക്കുകയായിരുന്നു

രാത്രിയായിരുന്നു ദ്വീപിലെ വിരുന്ന്. തൊലി ചെത്തിയ, വിഷം പിഴിഞ്ഞ് മാറ്റി വെച്ച കിഴങ്ങുകൾ സ്ത്രീകൾ ചുമന്നു കൊണ്ടു വന്ന് വെപ്പിനുളള ഒരുക്കങ്ങൾ തുടങ്ങി. ആർപ്പും വിളിയുമായാണ് ആണുങ്ങൾ വന്നത്. ചുട്ടു തിന്നാൻ പാകത്തിലുളള വലിയ അരണകളും, കൂട്ടയിൽ കിടന്നു പിടക്കുന്ന മീനുകളും ഒക്കെയായി അവർ സന്തോഷത്തിലായിരുന്നു. തീക്കൂനയിൽ നിന്ന് പാറിയ തീപ്പൊരികൾ ആ സന്തോഷം ഏറ്റെടുത്തതു പോലെ തോന്നി. റാക്കിന്റെ ലഹരി കൂടിയായപ്പോൾ പാട്ടും ചുവടുകളും തകൃതിയായി. ഞാൻ കേട്ടിട്ടു പോലുമില്ലാത്ത പൂർവ്വികരുടെ സാഹസിക കഥകൾ രാത്രിയുടെ നിറവിൽ നക്ഷത്രങ്ങളെ പോലെ തിളങ്ങി. കുറച്ചു കാതങ്ങൾക്കപ്പുറത്ത് കടൽ എല്ലാം അറിയുന്നതു പോലെ തിരയടിച്ചു കൊണ്ടിരുന്നു.

ഞാനും മൂപ്പനും ചീറയുമടക്കം മിക്കവരും മുഖത്ത് കറുപ്പും ചുവപ്പും ചായങ്ങൾ തേച്ചിരുന്നു. ഇടക്ക് ചില പെണ്ണുങ്ങൾ കൈയിലേയും കഴുത്തിലേയും കണങ്കാലിലേയും ചിപ്പികൾ കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ വെറുതെ ഇളക്കി ശബ്ദമുണ്ടാക്കി. ഒരു കൂട്ടം പെണ്ണുങ്ങളുടെ നടുക്ക് നിന്ന് ചുവടുകൾ വെക്കുന്ന സുന്ദരിയുടെ മൂക്കിലേതു പോലെ ഒരു നുളള് പൊന്ന് എന്റെ മൂക്കിലും കൊളുത്തിയിടണമെന്ന് എനിക്കു തോന്നി. ഞാൻ മൂപ്പനെ നോക്കി. മൂപ്പൻ എന്തോ കാര്യമായി ആണുങ്ങളിൽ ചിലരോട് മാറി നിന്ന് സംസാരിക്കുകയായിരുന്നു. മൂപ്പന്റെ മനസ്സിൽ കുറച്ചു ദിവസമായി എന്തൊക്കെയോ പുകഞ്ഞു നീറുന്നുണ്ട്.
അനുജൻ താമിയും മറ്റ് ചിലരും കൂടി പച്ച വിറകും അംഗാരവും കൊണ്ട് തീ തയാറാക്കി. അവരുടെ കൈയെത്തുന്നിടത്ത് അരണകളും, കടുക്കയും കൂനയാക്കി വെച്ചിരുന്നു. അരണകളെ അവർ വാലിൽ പിടിച്ച് കനലിൽ ചുട്ടെടുക്കാൻ തോന്നി. താമിയുടെ മുഖത്തെ സന്തോഷം കണ്ടാൽ അവൻ ഇതിനു മുൻപൊരിക്കലും അരണയെ ചുട്ടു തിന്നിട്ടില്ലെന്ന് തോന്നും.

അവൻറെ കൂട്ടുകാരിലൊരുത്തൻ എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ ഞാൻ എഴുന്നേറ്റു. വിരുന്നും പ്രാർത്ഥനയും നടക്കുന്ന, കല്ലുകൾ കൊണ്ട് വൃത്താകൃതിയിൽ അതിരു വരച്ച മൈതാനം കടന്ന് താഴേക്കിറങ്ങി. തോടിന്റെ ശബ്ദം കേൾക്കാവുന്ന ഒരു കുറ്റിക്കാടിനു സമീപം എത്തിയപ്പോൾ നിന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ആ യുവാവ് പുറകെ വരുന്നുണ്ടായിരുന്നു. അവൻ അടുത്തെത്തിയപ്പോൾ, അവന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ഞാൻ ഒന്നും പറയേണ്ടെന്ന് അവന്റെ ചുണ്ടിൽ വിരൽ വച്ചു. അവൻ മുഖം ചേർത്തപ്പോൾ പായലിന്റെ മണം മൂക്കിലേക്ക് കയറി. ഞാൻ പതുക്കെ നിലത്തേക്കിരുന്നു. അവൻ എന്റെ കാലുകൾ നിവർത്തി കണങ്കാലിൽ നിന്ന് ചിപ്പിവള ഊരിയെടുത്തു.
ഞാൻ നീണ്ടു നിവർന്നു കിടന്നു. ആകാശം കണ്ടു. നിലാവിന്റെ ഇന്ദ്രജാലം. തോടിന്റെ ശബ്ദവും വിരുന്നു നടക്കുന്നിടത്തെ ആളുകളുടെ സംസാരവും ചെവിയിൽ അവ്യക്തമായി വീണു. എന്റെ തുടയിടുക്കിൽ അവന്റെ മിനുസമുളള നെറ്റിത്തടവും മൂക്കും ചുണ്ടുകളും അമർന്നപ്പോൾ ഞാൻ അവന്റെ നീണ്ട മുടിയിഴകളിൽ വിരലുകൾ മുറുക്കി. അവൻ ഒരു ഭ്രാന്തനെ പോലെ എന്റെ മുലകളിലും അരക്കെട്ടിലും പരതിയപ്പോൾ ഞാൻ ഒരു ചിരിയോടെ, ഔദാര്യത്തോടെ, കാലുകൾ അകറ്റിക്കൊടുത്തു. അടുത്ത നിമിഷം ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി. അതിലെ ആരാധനയും അത്ഭുതവും ഒക്കെ കൂടിക്കുഴഞ്ഞ ലഹരി ആസ്വദിച്ചു. അവൻ എനിക്കു മേൽ പടർന്നു. പതുക്കെപ്പതുക്കെ എന്റെ ശരീരം മുറുകുകയും അയയുകയും ചെയ്യാൻ തുടങ്ങി...
കണ്ണു തുറന്നപ്പോൾ ഞാൻ ഒറ്റക്കായിരുന്നു. ആകാശം എന്നെ നോക്കി ചിരിക്കുന്നു. എവിടെയോ പല്ലു കൊണ്ട, സുഖമുളള നീറ്റൽ. ഞാൻ കുറച്ചു നേരം കൂടി വെറുതെ അങ്ങനെ കിടന്നു. കാറ്റ് ഇടക്കിടക്ക് മുടിയിഴകൾ എന്റെ മുഖത്തേക്ക് നീക്കിക്കൊണ്ടിരുന്നു.

ചീറയുടെ വിളി കേട്ടതു പോലെ തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു. മുതിർന്ന സ്ത്രീകൾ കൂടിയിരുന്ന് സംസാരിക്കുന്നിടത്തേക്ക് നടന്നു. എന്നെക്കാൾ മുന്നിൽ എന്റെ കാലിലെ ചിപ്പികൾ ശബ്ദിച്ചു കൊണ്ട് നടന്നു.
അവിടേയും ഗൗരവമായ ചർച്ചയായിരുന്നു. ചീറ വീണ്ടും മറ്റൊരു പുരുഷനെ അയാളുടെ പെട്ടി കുടിലിനു പുറത്തു വച്ച് ബന്ധം വേർപെടുത്തിയതിനെക്കുറിച്ചായിരുന്നു. കൂടെ പൊറുക്കുന്ന പുരുഷനെ വേണ്ടെന്നു പറയാൻ അയാളുടെ സാധനങ്ങൾ ഒരു കൊച്ചു പെട്ടിയിലാക്കി വീടിനു പുറത്തു വേക്കേണ്ട കാര്യമേ ഉളളൂ എന്നത് എന്നെ സന്തോഷിപ്പിച്ചു. ചീറ എത്ര പേരെ അങ്ങനെ ഒഴിവാക്കിയിട്ടുണ്ടാകും എന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ചോദിച്ചാൽ ചീറ കിഴുക്കും. എന്തായാലും മുതിർന്നു കഴിഞ്ഞാൽ ഞാൻ ഒരുത്തന്റേയും കൂടെ അധികനാൾ പൊറുക്കാൻ പോകുന്നില്ല. കുടിലിന്റെ ഒരു മൂലക്ക് കുറേ കൊച്ചു പെട്ടികൾ ഒളിപ്പിച്ച് വെക്കണം എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. അതിനെക്കുറിച്ചോർത്ത് അറിയാതെ ശബ്ദമുണ്ടാക്കി ചിരിച്ചപ്പോൾ ചീറയും മറ്റ് സ്ത്രീകളും എന്നെ നോക്കി കണ്ണുരുട്ടി.
ചീറ എന്റെ മൂത്ത സഹോദരി ആണെങ്കിലും അമ്മയാണെന്നാണ് ഭാവം. എല്ലാത്തിനും എന്നെ ചീത്ത വിളിക്കും. തലക്ക് കിഴുക്കും. ഞാൻ ഏതെങ്കിലും ആണിന്റെ കൂടെ പോകുന്നതു കണ്ടാൽ പിന്നെ, പറയണ്ട. കല്ലു പെറുക്കി എന്നെയും അവനേയും എറിയും. മൂപ്പനോട് പറഞ്ഞ് ഒച്ചപ്പാടുണ്ടാക്കും. എന്നാൽ താമിയോടാണങ്കിലോ നേരെ തിരിച്ചാണ്. മൂപ്പൻ അവനെ ശകാരിക്കാൻ തുടങ്ങുമ്പോഴേക്കും ഇടക്കു കേറും.
എങ്കിലും എനിക്കൊത്തിരി ഇഷ്ടമാണ്. എല്ലാവരേയും. എല്ലാത്തിനേം. മൂപ്പനേം, താമിയേം, ചീറയേം കാറ്റിനേം, മീനിനേം, കടലിനേം...

മരത്തിലും കല്ലിലും കൊത്തിയെടുത്ത, സെമി എന്നു വിളിക്കുന്ന, തൈനോകളുടെ അലങ്കരിച്ച ദൈവരൂപങ്ങൾ കൊണ്ടു വച്ചു. മാഗ്വേ പെരുമ്പറയുടെ ശബ്ദം തൊട്ടടുത്തുളള ദ്വീപുകളിലേക്ക് ഉയർന്നു. അകമ്പടിയായി മീൻതോട് കൊണ്ടുണ്ടാക്കിയ കുഴൽ വാദ്യങ്ങളുടെ മേളം...എട്ടു ദിവസമായി ഉപവസിക്കുകയായിരുന്ന നർത്തകർ ക്ഷീണമറിയാത്ത ചുവടുകൾ തുടങ്ങി. പാട്ടിൽ തൈനോ വംശത്തിന്റെ പുരാതന കഥകൾ...

സെമികളുടെ രൂപം കൊത്തിയ മരസ്റ്റൂളിൽ മൂപ്പൻ ഇരുന്നു. ഇരട്ടക്കുഴലുകൾ മൂക്കിൽ തിരുകി കൊഹോബ പൊടി ആഞ്ഞു വലിച്ചു. ഒന്ന്. രണ്ട്. മൂന്ന്...
മൂപ്പന്റെ കണ്ണുകൾ ഞങ്ങളുടെ ആത്മാക്കളുടെ സാന്നിധ്യമറിഞ്ഞ് തിളങ്ങി.
ദ്വീപിലെ മുഴുവൻ ജീവജാലങ്ങളേയും കാത്തു രക്ഷിക്കുന്ന ആത്മാക്കളാണ് അകാശത്ത് ഇരുട്ടിൽ കത്തി നിൽക്കുന്നത്. എല്ലാത്തിനും- ചെടിക്കും, കല്ലിനും, മീനിനും, പാമ്പിനും ഒക്കെ ആത്മാവുണ്ട്. ആ ആത്മാക്കൾ തമ്മിലുളള കാറ്റിലൂടെയുളള കൊടുക്കൽ വാങ്ങലിലൂടെയാണ് ഈ ലോകം നില നിൽക്കുന്നത്. മരിക്കുമ്പോൾ മനുഷ്യന്റെ ആത്മാവ് പൊക്കിളിലൂടെ ശരീരം വിട്ടു പോയി ആകാശത്തെ മറ്റ് ആത്മാക്കളുമായി ചേരുന്നു. പൊക്കിൾ അപ്രത്യക്ഷമാകുന്നു.
റാക്കിന്റെയും ചുട്ട മാംസത്തിന്റേയും കൊഹോബയുടെയും ലഹരിയിൽ ആണുങ്ങൾ ഉളളു പൊളളയാക്കിയ മരച്ചീനിത്തണ്ടു കൊണ്ട് തുടയിൽ താളമിട്ടു തുടങ്ങി. നൃത്തച്ചുവടുകളും പാട്ടും ദ്രുതമായി. എനിക്ക് കുറേശ്ശ ഉറക്കം വരുന്നുണ്ടായിരുന്നു. ഞാൻ ചീറയുടെ മടിയിൽ തല വെച്ചു കിടന്നു. ആകാശത്ത് പൂത്തു നിൽക്കുന്ന നക്ഷത്രങ്ങൾ എന്നെ നോക്കി വീണ്ടും ചിരിച്ചു.
മൂപ്പൻ പറയുന്ന പല കാര്യങ്ങളും എനിക്കു മനസ്സിലാവുകയില്ല. എന്നാലും എന്ത് രസമാണ് ആ വാക്കുകൾ കേട്ടിരിക്കാൻ...

പതുക്കെപ്പതുക്കെ പാട്ടിന്റെ താളം മന്ദഗതിയിലായി. പെരുമ്പറകൾ പിൻ
വാങ്ങിയിരിക്കുന്നു. മൂപ്പന്റെ വാക്കുകൾ ഏതോ വിദൂര ദ്വീപിൽ നിന്നു വരുന്നതു പോലെ ദുർബലമായി. എന്റെ കണ്ണുകൾ അടഞ്ഞടഞ്ഞ് പോയി. ചീറയും ഒരു വശത്തേക്ക് ഉറങ്ങി വീഴുന്നത് ഞാൻ അറിഞ്ഞു. ഞാൻ ഒരു കൈ കൊണ്ട് ചീറയുടെ കൈയിൽ മുറുക്കെ പിടിച്ചു.

രാത്രിയിലെപ്പൊഴോ കണ്ണു തുറന്നു. എഴുന്നേറ്റിരുന്ന് തലയിൽ പറ്റിപ്പിടിച്ചിരുന്ന ഒരു ഇലക്കഷ്ണം തട്ടിക്കളഞ്ഞ് ചുറ്റും നോക്കി. എല്ലാവരും ആകാശത്തിന് ചുവട്ടിൽ അവിടവിടെ കിടന്നുറങ്ങുന്നു. തീക്കൂനയിലെ കനലുകൾ താഴെ വീണ ചില ചുകന്ന നക്ഷത്രങ്ങളാണെന്ന് ഉറക്കപ്പിച്ചിൽ എനിക്ക് തോന്നി. ഞാൻ കണ്ണു തിരുമ്മി ഒന്നു കൂടി നോക്കിയപ്പോൾ കൂട്ടത്തിൽ നിന്ന് അല്പം മാറി കടലിന്റെ ദിശയിലേക്ക് തിരിഞ്ഞ്, കൈപ്പടം കണ്ണിനു മേലെ വച്ച്, മൂപ്പൻ എന്തോ കാര്യമായി നോക്കുന്നത് കണ്ടു. ഞാനും ആ ദിശയിലേക്ക് നോക്കിയെങ്കിലും ഇരുട്ടും കടലിന്റെ വിദൂരതയിലെ നിഴലും അല്ലാതൊന്നും കാണാൻ കഴിഞ്ഞില്ല.
എന്തായിരിക്കും മൂപ്പൻ ഈ രാത്രിയിൽ കാണുന്നത്? എല്ലാം മുൻകൂട്ടി കാണാൻ കഴിയുന്നയാളാണ് മൂപ്പൻ. മൂപ്പന്റെ അടുത്തേക്ക് ചെല്ലാൻ ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് ചീറയുടെ കൈകൾ നീണ്ടു വന്ന് എന്നെ പിടിച്ചു താഴേക്ക് കിടത്തി.
മൂപ്പൻ എപ്പോഴാണ് ഉറങ്ങുന്നത്? എപ്പോഴാണ് ഉണരുന്നത്?

അതിരാവിലെ കടപ്പുറത്ത് അത്ഭുതക്കാഴ്ച്ച കാണാൻ വരുന്നുണ്ടോ എന്ന് ചോദിച്ച് താമി വന്നപ്പോൾ ഞാൻ അവനെ അവഗണിച്ചു. അനാവശ്യക്കാഴ്ചകളിൽ കുരുങ്ങിക്കിടക്കുക അവന് പതിവുളളതാണ്. വല്ല ആമക്കുഞ്ഞോ, ഞണ്ടോ ഒക്കെ അവന്റെ ചൂരലിന്റെ ഒറ്റാലിൽ കുടുങ്ങിക്കാണും. അല്ലെങ്കിൽ മഴവില്ലിനു ജീവൻ വച്ചതു പോലുളള കടൽ പാമ്പിനെ കുഴി കുത്തി പിടിച്ചു കാണും. എന്തായാലും മീനിനെയും പാമ്പിനേയും നോക്കി കടപ്പുറത്തേക്ക് പോകാൻ എനിക്കു മനസ്സു വന്നില്ല.

മൂപ്പൻ എപ്പോഴും പറയും - കടലിലെ മീനൊന്നും നമുക്കുളളതല്ല. ദ്വീപിലെ തോടുകളിലും കുളങ്ങളിലും വന്നു കേറുന്ന മീനുകൾ തന്നെ നമ്മുടെ എല്ലാ ആൾക്കാർക്കും ധാരാളം. പറയുന്നതിൽ കാര്യവുമുണ്ട്. ദ്വീപിലെ തോടുകളിൽ കൈ വെറുതെ വെളളത്തിലേക്കിറക്കിയാൽ തന്നെ മീനുകളെ മുട്ടും. അത്രയ്ക്കുണ്ട്. കൂരിയും, വേളൂരിയും, മത്തിയും, മനഞ്ഞിലും. പിന്നെന്തിന് കടലിലേക്ക് പോണം?
ദ്വീപിലെ തോടുകളിലൂടെ ഒറ്റ വളളത്തിൽ മീനുകളോട് സംസാരിച്ച് പോകാൻ പക്ഷെ, എനിക്കു ഇഷ്ടമാണ്. കാറ്റിന്റേയും വെളളത്തിലേക്ക് ചായുന്ന മരങ്ങളുടേയും തലോടൽ കൊണ്ട് രസിക്കാം. ഇടക്ക് മന:പൂർവ്വം വളളം മറിച്ച് വെളളത്തിലേക്ക് വീഴും. മീനുകൾ, മൊട്ടിട്ടു തുടുങ്ങിയ എന്റെ ശരീരത്തെ മുട്ടിയുരുമ്മി കടന്നു പോകും. മുലകളിലും കാലിടുക്കിലും ഇക്കിളിയാക്കും. അപ്പോൾ എനിക്കു ചിരി വരും. ആ ചിരി കുമിളകളായി വെളളത്തിൽ വിരിയും. പിന്നെ, നീന്തി തുടങ്ങും. അക്കരയ്ക്കും ഇക്കരയ്ക്കും. മീനുകളെ തോൽപ്പിക്കുന്ന വേഗത്തിൽ എനിക്കു തോട് മുറിച്ചു കടക്കാനാകും. ആണുങ്ങൾക്ക് പോലും എന്നെ നീന്തി തോൽപ്പിക്കാനാവില്ല.

താമിക്ക് ഈയിടെയായി നായാട്ടിൽ കമ്പം കേറിയിട്ടുണ്ട്. ദ്വീപിലെ ചില കൂട്ടുകാരും ഒപ്പം. മൂപ്പന് അതൊട്ടും ഇഷ്ടമല്ല. ഞങ്ങളുടെ ദ്വീപിന്റെ കടലിനോട് ചേർന്നുളള കിടപ്പും തോടുകളിലെ മീനുകളുടെ ധാരാളിത്തവും കൊണ്ട് നമ്മുടെ ആളുകൾക്ക് നായാട്ടിനിറങ്ങേണ്ട ആവശ്യമില്ലെന്നാണ് മൂപ്പൻ പറയുക. പ്രകൃതിയിൽ നിന്നാണ് ഇര തേടേണ്ടതെങ്ങനെയെന്ന് നാം പഠിക്കേണ്ടത്. മൂപ്പൻ ശകാരിക്കും. അപ്പോഴൊക്കെ താമി ഒരു വിഡ്ഢിച്ചിരിയോടെ നിൽക്കും. മൂപ്പൻ പിന്നെയും തുടരും.
അതിജീവനത്തിനു വേണ്ടി മാത്രമേ കൊല്ലാവൂ. വിനോദത്തിനു വേണ്ടി ഒരിക്കലും അരുത്.

കല്ലും, തോലും, എല്ലും, മരവും കൊണ്ടുളള ആയുധങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ആയുധമയക്കുന്നതിനു മുൻപ് മൃഗത്തിനു വേണ്ടി പ്രാർത്ഥന ചൊല്ലണം. അമ്പും കുന്തവുമൊക്കെ വലിച്ച് ഊരുമ്പോഴും പ്രാർത്ഥന വേണം. എപ്പോഴുമോർക്കണം: സമതലങ്ങളിലെ കണ്ണെത്താത്ത പുൽത്തകിടികൾ മനുഷ്യർക്കെന്ന പോലെ കാട്ടുപോത്തുകൾക്കും, കൃഷ്ണമൃഗങ്ങൾക്കും, കരടികൾക്കും ഒക്കെ അവകാശപ്പെട്ടതാണ്.

അപ്പോഴാണ് താമി കുടിലു വിട്ടിറങ്ങുക. അവന്റെ കുന്തവും മാൻകൊമ്പു കൊണ്ടുളള കുഴലും എടുത്തു കൊണ്ട്. വഴിക്കെവിടെ നിന്നെങ്കിലും ചങ്ങാതിമാരെയും കിട്ടിയാൽ നീർനായ വേട്ടക്ക് കടലിലേക്ക്. മാംസത്തേക്കാളേറെ അതിന്റെ കൊഴുപ്പു കൊണ്ടുണ്ടാക്കുന്ന രസം കടമാനിന്റെ തോലുരുട്ടിയുണ്ടാക്കിയ വട്ട പാത്രത്തിൽ സൂക്ഷിച്ച് വച്ച് ഇടക്കിടക്ക് മൊത്തിക്കുടിക്കാൻ. എനിക്ക് നീർനായയുടെ ഇറച്ചിയും ഇഷ്ടമല്ല അതിന്റെ കൊഴുപ്പും ഇഷ്ടമല്ല.
മൂപ്പനും താമിയും ഇങ്ങനെ തെറ്റിപ്പിരിഞ്ഞു നിൽക്കുന്നതു കാണുമ്പോൾ എനിക്കു പേടി ആവും. എങ്ങോട്ടാണ് അവന്റെ പോക്ക്? തൈനോകൾക്ക് നിരക്കാത്തതിലാണ് എപ്പോഴും കണ്ണ്. അമ്മയുടെ വയറിൽ നിന്ന് തൊട്ടു തൊട്ടു പുറത്ത് വന്നതാണെങ്കിലും താമിയുടെ ഇഷ്ടാനിഷടങ്ങൾ എന്റേതിൽ നിന്ന് എത്ര വ്യത്യസ്തമാണെന്ന് ഈയിടെയായി എനിക്ക് ഓരോ ദിവസവും തെളിയുന്നുണ്ട്. ഞങ്ങളെ കാത്തിരിക്കുന്ന വിധിയും അതു പോലെ രണ്ടു ധ്രുവങ്ങളിൽ ആയിരിക്കുമോ?

ഞാൻ കുടിലിനു പുറത്തേക്ക് നോക്കിയപ്പോൾ ദൂരെ നിന്ന് മൂപ്പൻ നടന്നു വരുന്നത് കണ്ടു. ഏഴാം ചന്ദ്രന്റെ വരവിനു സമയമായെന്ന് കാണിച്ചു കൊണ്ട് പുല്ലിനു മേൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിമഞ്ഞ്.

ഞാൻ എഴുന്നേറ്റ് താഴെ നിരത്തിയിരുന്ന കറ്റകൾ കുടഞ്ഞ് ചോളം വിടർത്തിയെടുക്കാൻ തുടങ്ങി. അതിനെ കഠിനപ്പെടുത്തി വേണം അറയിൽ സൂക്ഷിച്ചു വെക്കാൻ. അതിനുളളിലെ വെളളം ആദ്യം കളയേണ്ടതുണ്ട്. അല്ലെങ്കിൽ ചീഞ്ഞു പോകും. കടലും തോടും പുൽത്തകിടികളും ഉറഞ്ഞു പോകുന്ന തണുപ്പ് വരാനിരിക്കുന്നേയുളളൂ. അപ്പോൾ സമതലത്തിലെ ഗോത്രങ്ങൾക്ക് ഉണക്കമീൻ കൊടുത്ത് പകരം ചോളവും, ഉരുളക്കിഴങ്ങും, മുളളങ്കിയും, പയറും വാങ്ങേണ്ടതുണ്ട്. വേനലിൽ അവർ കൂട്ടത്തോടെ കടലോരത്തു വന്ന് നമ്മുടെ മീനുകൾ ആർത്തിയോടെ വാങ്ങിക്കൊണ്ടു പോകുന്നതിന്റെ മറുപുറമാണത്. ഋതുക്കൾ മാറുന്നതിനനുസരിച്ച് വേഷങ്ങൾ മാറുന്നു. കൊടുക്കുന്ന കൈകൾ വാങ്ങുന്ന കൈകൾ ആകുന്നു. എങ്കിലും മനുഷ്യന്റെ ചക്രം പ്രകൃതിയുടെ ചക്രവുമായി ഇണങ്ങി തിരിയുന്നിടത്തോളം ഒന്നിനും മുട്ടു വരുന്നില്ല.
ആർത്തിയില്ലാത്തിടത്തോളം പഞ്ഞമില്ല- മൂപ്പൻ പറയും.

മൂപ്പൻ കുടിലിനു മുന്നിൽ എത്തിയപ്പോൾ ആരി മൂപ്പനെ അതിന്റെ ഭാഷയിൽ എന്തോ വിളിച്ചു. മൂപ്പൻ തത്തയെ അനുകരിച്ചു കൊണ്ട് മറുകൂറ്റ് പറഞ്ഞു. പക്ഷെ മൂപ്പന്റെ ശബ്ദത്തിൽ പതിവുളള ഊർജ്ജം ഇല്ലെന്ന് എനിക്ക് തോന്നി.
ഒന്നു തീർച്ച. ഞാൻ പോലുമറിയാതെ എന്തൊക്കെയോ മാറ്റങ്ങൾ ദ്വീപിനകത്തും പുറത്തും നടക്കുന്നുണ്ട്. പുറമേ ശാന്തമായിരിക്കുന്ന, എന്നാൽ ഉളളിൽ അഗ്നിപർവ്വതങ്ങൾ കൊണ്ടു നടക്കുന്ന ആ വലിയ കടലിനെ പോലെ.
മൂപ്പൻ മരം കൊണ്ടുണ്ടാക്കിയ പുലിപ്പുറത്ത് കാലുകൾ നീട്ടി ഇരുന്നു. എന്നെ വിളിച്ചു.
""തൈമാ.''
ഞാൻ കൊടുത്ത ചകിരിപ്പാത്രത്തിലെ വെളളം തൊട്ടു പോലുമില്ല. എന്തിനാണ് വിളിച്ചതെന്നതിന് മറുപടിയും പറഞ്ഞില്ല.
ഇതിനു മുൻപ് മൂപ്പനെ ഇങ്ങനെ കണ്ടിട്ടുളളത് കാരിബുകൾ ആക്രമിക്കാൻ വന്നപ്പോൾ മാത്രമാണ്. കാരിബുകൾ ക്രൂരന്മാരാണ്. പട്ടിയുടെ മുഖവും ഒറ്റക്കണ്ണുമുളളവർ. മനുഷ്യഭോജികൾ. ചങ്കിലെഞരമ്പു കടിച്ച് മുറിച്ച് ചോര കുടിക്കുന്നവർ. അന്ന് താമിയുടെ പ്രായമുളള ആൺകുട്ടികളെയായിരുന്നു ആ ദുഷ്ടന്മാർ തിരഞ്ഞു പിടിച്ചിരുന്നത്. ലിംഗം മുറിച്ചു കളഞ്ഞ് വളർത്താൻ. അങ്ങനെ കൊഴുത്തു കൊഴുത്തു വരുന്നവരെ ആഘോഷ ദിവസങ്ങളിൽ തീറ്റയാക്കും.
അന്നത്തെ പോരാട്ടത്തിന്റെ നീണ്ട പാട് മൂപ്പന്റെ ഇടതു നെഞ്ചിൽ കറുത്തു കിടക്കുന്നത് ഞാൻ കണ്ടു. അവരുടെ ചെയ്ത്തുകളെക്കുറിച്ച് ഓർത്ത് എന്റെ ശരീരം വിറച്ചു. കൈയിലിരുന്ന ചോളത്തിന്റെ പാത്രം താഴെ വീണു. ഞാൻ മരത്തൂണു ചാരി നിലത്തിരുന്നു.
എന്നിട്ടും മൂപ്പൻ കണ്ണു തുറന്നില്ല.
എനിക്ക് ഇരിപ്പുറക്കാതായി. ഒന്നു രണ്ടു തവണ, കടപ്പുറത്ത് പോയി താമിയെ വിളിച്ചു കൊണ്ടു വന്നാലോ എന്ന് ആലോചിച്ചു. പിന്നെ, ചോളത്തിന്റെ പണി കഴിഞ്ഞില്ലല്ലോ എന്നോർത്ത് വീണ്ടും പാത്രത്തിലേക്കു തിരിഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ മൂപ്പനെ സന്തോഷിപ്പിക്കാനായി ഞാൻ ഒരു പാട്ട് പാടിത്തുടങ്ങി.

പാട്ടിൽ അമ്മയുണ്ടായിരുന്നു. എന്റെയും താമിയുടേയും ചീറയുടേയും അമ്മ. ഒരു വേനലിൽ ഞങ്ങളുടെ അച്ഛന്റെ സാധനങ്ങളെല്ലാം വീടിനു പുറത്തെടുത്തു വച്ച്, അയാളെ പടിയിറക്കിയ, ആരേക്കാളും നന്നായി മായൻ ദൈവത്തിന്റെ കഥകൾ പറഞ്ഞിരുന്ന, മൂപ്പനു പകരം പല തവണ ദ്വീപിലെ യോഗങ്ങൾ നിയന്ത്രിച്ചിരുന്ന, മഴ ദൈവങ്ങൾക്ക് വിളക്ക് വെച്ചിരുന്ന, ഒടുവിൽ ഒരു നിഴൽ പോലും ബാക്കി വെക്കാതെ എങ്ങോ അപ്രത്യക്ഷമായ ഒരു രഹസ്യം...

പാട്ടും സ്വപ്നം കാണലും മടുത്തപ്പോൾ ഞാൻ മരച്ചീനിക്കിഴങ്ങുകളുടെ വിഷസത്ത് പിഴിച്ചൊഴിഞ്ഞു കളഞ്ഞ് ശേഷിച്ചവ പൊടിച്ച് അപ്പമുണ്ടാക്കാൻ തുടങ്ങി. മൂപ്പൻ ഒന്നും മിണ്ടാതെ കണ്ണുമടച്ച് ഒരേ ഇരിപ്പാണ്. ഇത്തരം ആലോചനകളുടെ വേളകളിൽ ശല്യപ്പെടുത്തുന്നത് മൂപ്പനിഷ്ടമല്ല. ഏതോ ദൈവവുമായുളള വിനിമയം പോലെ ചുണ്ടുകൾ ഇടക്കനങ്ങുന്നുണ്ട്. ഞാൻ എഴുന്നേറ്റ് വാതിക്കൽ ചെന്ന് പുറത്തേക്കു നോക്കി.

തോട്ടിലൂടെ നിരവധി വളളങ്ങൾ പോകുന്നു. അതിൽ ഇരുന്നും, നിന്നും, തങ്ങളുടെ കുന്തങ്ങൾ ഉയർത്തിയും ആകാശത്തേക്ക് നോക്കി പ്രാർത്ഥിച്ചും ആളുകൾ. എല്ലാവരും കടപ്പുറത്തേക്കാണല്ലോ.
ഒരു പോരിനുളള പുറപ്പാടാണ്. ഇനി ദ്വീപിൽ കുറേ നാളുകൾ ആണുങ്ങളൊന്നും കാണുകയില്ല. മീൻ പിടിത്തവും, ഗൃഹഭരണവും പഞ്ചായത്തും ഒക്കെ സ്ത്രീകൾ തന്നെ നടത്തേണ്ടി വരും.

ആരി പോലും സങ്കടത്തോടെ നിശബ്ദയായി കൂട്ടിനകത്ത് ഇരിക്കുന്നു. ഞാൻ കുടിലിനു പുറത്തിറങ്ങി തലയെത്തിച്ചു നോക്കി. താമിയുടെ പൊടി പോലുമില്ല. ആകാശം അജ്ഞാതമായ എന്തിനോ തിടം വെക്കുന്നത് ഞാൻ കണ്ടു.
ഞാൻ നിലത്തു കിടന്നിരുന്ന പരുന്തിൻപീലികളിലൊന്ന് മുടിയിൽ തിരുകി വീണ്ടും മൂപ്പനടുത്തേക്ക് വന്നു. പിന്നെ, പീലി മുടിയിൽ നിന്നെടുത്ത് പതുക്കെ മൂപ്പന്റെ കൈയിൽ ചൊറിഞ്ഞു. കണ്ണ് തുറന്ന് മൂപ്പൻ തറപ്പിച്ച് നോക്കിയപ്പോൾ ഞാൻ പിണക്കം ഭാവിച്ച് പിന്തിരിഞ്ഞു നിന്നു. പിന്നെ ആരോടെന്നില്ലാതെ പരാതിയും പരിഭവവും പറയാൻ തുടങ്ങി. ""ഇനിയിപ്പോൾ എന്നെയും ചീറയേയും ഒറ്റക്കാക്കിയിട്ട് എല്ലാവരും പടയ്ക്കു പോവുമല്ലോ. എത്ര ദിനങ്ങളെന്നോ രാത്രികളെന്നോ ഇല്ലാതെ. തിരിച്ചു വരുമ്പോൾ കൈകൾ കാണുമോ തല കാണുമോ എന്നൊന്നും അറിയില്ലല്ലോ. അഥവാ ഇനി പോയവർക്കു പകരം ആ നരഭോജി കാരിബുകളാണ് തിരിച്ചു വരുന്നതെങ്കിലോ. മരച്ചീനിക്കിഴങ്ങ് പിഴിഞ്ഞെടുത്ത വിഷം തന്നെ വഴി...''

അത് ഫലിച്ചു. മൂപ്പൻ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. തലയിൽ തടവി ആശ്വസിപ്പിച്ചു. ""നിനക്കു പേടിയാവുന്നുണ്ടോ മോളേ? നീ വിചാരിക്കുന്ന പോലെ ആ നരഭോജികൾ കാരിബുകൾ ഒന്നുമല്ല നമ്മുടെ അതിഥികൾ. അവർ വരുന്നത് എന്തിനാണെന്ന് പോലും നമുക്ക് അറിയുകയുമില്ല.''
ഞാൻ കണ്ണുകൾ തുടച്ച് മൂപ്പനെ നോക്കി. ആ കണ്ണുകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പരിഭ്രമം.
""അപ്പോൾ പോരുണ്ടാവുകയില്ലേ?'' ഞാൻ ചോദിച്ചു.
മൂപ്പൻ കുറച്ചു നേരം ഏതോ ഓർമകളിൽ മുങ്ങി നിന്നു. പിന്നെ പറഞ്ഞു: ""നാം ഇതു വരെ കാണാത്ത മനുഷ്യർ; ഇതു വരെ കണാത്ത ആയുധങ്ങൾ, തന്ത്രങ്ങൾ, പോരുകൾ.'' അതാണ് നമ്മെ കാത്തിരിക്കുന്നത്. അവർ ഈ ദ്വീപുകളിലും കടലുകളിലും ഇതുവരെ കണ്ടിട്ടില്ലാത്ത മൃഗങ്ങളുടെ പുറത്തേറി വരുന്നത് ഞാൻ കാണുന്നു...''

പിന്നെ, എനിക്ക് ഇരിപ്പുറച്ചില്ല. ചാട്ടുളിയുമെടുത്ത് കുടിലിൽ നിന്നിറങ്ങി ഓടി. മരണത്തിനും ജീവിതത്തിനും ഇടക്കുളള ഒരു പാലത്തിലൂടെ ഓടുന്നതു പോലെ. മൂപ്പൻ പിന്നിൽ നിന്നു വിളിക്കുമെന്നും താക്കീത് ചെയ്യുമെന്നും തോന്നിയത് വെറുതെയായിരുന്നു. മൂപ്പൻ ഇരുന്നിടത്തു നിന്ന് ഇളകുക പോലും ചെയ്തില്ല.
കുറേ ദൂരത്തു നിന്ന് ചീറയും മറ്റ് സ്ത്രീകളും കിഴങ്ങുകളും ചോളവുമൊക്കെ നിറച്ച വലിയ കൂട്ടകൾ തലയിലേറ്റി വരുന്നത് കണ്ടു. അവർ എന്റെ ഓട്ടം കണ്ട് എന്തോ വിളിച്ചു ചോദിച്ചെങ്കിലും ഞാൻ മറുപടി പറയാതെ മറ്റൊരു വഴിക്ക് ഓടി. ഓട്ടത്തിനിടയിൽ എന്റെ കാലിലെ ശംഖ് വളകൾ ഊരിത്തെറിച്ചു. തോട്ടിൽ ചാടി ഒരു നിമിഷം കൊണ്ട് ഞാൻ മറു കരയെത്തി. പന്തലിട്ടതു പോലെ മരച്ചില്ലകൾ പടർന്ന തോപ്പിനുളളിൽ മറഞ്ഞു.

കടപ്പുറം കാഴ്ചയിൽ തെളിയുന്നതിനു തൊട്ടു മുൻപ് ഞാൻ നിന്നു. ഊയാലാടാൻ പാകത്തിൽ ഒരുക്കി വെച്ചിരുന്ന കൂറ്റൻ വളളികളൊന്നിൽ കിതപ്പാറ്റാൻ അല്പ നേരം ഇരുന്നു. കടപ്പുറത്തു നിന്ന് ദ്വീപിലെ ആളുകളുടെ ശബ്ദം അവ്യക്തമായി കേൾക്കാം. അരുതാത്തതെന്തോ കാണാൻ പോകുകയാണെന്ന ഭയം എന്നെ തീണ്ടി. ഞാൻ ചാട്ടുളി കൈയിൽ ചേർത്തു പിടിച്ച് മായന്റെ അതിഥികൾക്കായുളള പ്രാർത്ഥന ചൊല്ലി.

ഞങ്ങളുടെ കണ്ണുകൾ നിങ്ങളുടെ കാഴ്ചകളെ മലിനമാക്കരുതേ
ഞങ്ങളുടെ ചെവികൾ നിങ്ങളുടെ ശബ്ദങ്ങളെ കുത്തിപ്പൊട്ടിക്കരുതേ
ഞങ്ങളുടെ നാവുകൾ നിങ്ങളുടെ രുചികളെ കയ്പ്പിക്കരുതേ
ഞങ്ങളുടെ തൊലികൾ നിങ്ങളുടെ സ്പർശനങ്ങളെ പരുഷമാക്കരുതേ...
പിന്നെ, പടർപ്പുകൾ വകഞ്ഞു മാറ്റി വെളിയിലേക്കിറങ്ങി. എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ആ കാഴ്ച രണ്ടു കണ്ണുകളും കൊണ്ട് കണ്ടു.
തീരത്തേക്ക് പതുക്കെപ്പതുക്കെ ചിറകു തുഴഞ്ഞു വരുന്ന കൂറ്റൻ പക്ഷികൾ. മൂന്ന് കടൽ പക്ഷികൾ...

ഞാൻ ഇതു വരെ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും വലിയ കടൽ പക്ഷികൾ. അവയുടെ വലിയ ചിറകുകൾ ഗാംഭീര്യത്തോടെ കാറ്റിൽ ഇളകുന്നു. കടൽ പോലും അവയുടെ സാന്നിധ്യം അറിഞ്ഞ് ശാന്തയും സൗമ്യയും ആയി മാറിയിരിക്കുന്നു. അവയുടെ മുകളിൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന മരക്കൊമ്പിൽ പഞ്ചവർണ്ണതത്തയുടെ ചിറകു പോലെ പാറിക്കളിക്കുന്നതെന്താണ്?
ഞാൻ പിന്നെയും പിന്നെയും നോക്കി. മൂന്നു പക്ഷികൾക്കും ഒരേ വലിപ്പമല്ല. ഒരെണ്ണം ഏറ്റവും വലുത്. അതിൽ ചെറുത് വേറൊരെണ്ണം. പിന്നെ അതിലും ചെറിയ മറ്റൊന്ന്. ചില കടൽക്കാക്കകൾ ചുറ്റും വട്ടമിടുകയും അവയ്ക്കു മുകളിലൂടെ പാറുകയും ഒക്കെ ചെയ്തെങ്കിലും അവയുടെ മേൽ ഇരുന്നില്ല. എന്നെ പോലെ തന്നെ അവയ്ക്കും ഈ അസാധാരണരായ അതിഥികളെ മനസ്സിലാക്കേണ്ടതുണ്ട്.
ദ്വീപിലെ ഒട്ടു മിക്ക ആണുങ്ങളും അവിടെ ഉണ്ടായിരുന്നു. അവർ പരസ്പരം എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കുകയും തങ്ങളുടെ കുന്തങ്ങൾ ഇടക്ക് ആകാശത്തേക്കുയർത്തുകയും ഒക്കെ ചെയ്തു. താമിയെ ആ കൂട്ടത്തിൽ പല തവണ തിരഞ്ഞെങ്കിലും കണ്ടില്ല.

ആളുകളുടെ കൂട്ടത്തിൽ നിന്ന് ഒരു ആരവം ഉയർന്നു. പിന്നെ എല്ലാവരും നിശബ്ദരായി. ഞാൻ വീണ്ടും കടൽ പക്ഷികളിലേക്ക് ശ്രദ്ധ മാറ്റി. പക്ഷികളുടെ വയറ്റിൽ നിന്ന് കുറേ ആളുകൾ നീളത്തിലുളള കുഴലുകൾ കൊണ്ട് ഞങ്ങളുടെ നേരെ നോക്കുന്നു. എന്റെ കാലിൽ നിന്ന് ഒരു വിറ മുകളിലേക്കുയർന്നു. ഞാൻ കടപ്പുറത്ത് ഉണ്ടായിരുന്ന ചെറിയൊരു കൂട്ടം സ്ത്രീകളുടെ അടുത്തേക്ക് ചേർന്നു നിന്നു.

അവർ ആരാണ്? ദ്വീപിലുളളവരെ പോലെ നഗ്നരല്ല. എന്തൊക്കെയോ ദേഹത്ത് പറ്റിച്ചു വച്ചിട്ടുണ്ട്. അവരുടെ കൈയിലെ കുന്തം ഇതിനു മുൻപ് ദ്വീപിലെ ആരും തന്നെ കണാത്തവയാണല്ലോ. അതുകൊണ്ട് എങ്ങിനെയാണ് മീൻ പിടിക്കുക?
ആകാശത്തു നിന്ന് ഈ കൂറ്റൻ പക്ഷികളുടെ പുറത്തു കേറി വരുന്ന, മൂപ്പൻ പറഞ്ഞ, ഈ അതിഥികൾ ആരാണ്? ഇവർ എവിടെ നിന്നു വരുന്നു? കാരിബുകളെ പോലെ നരഭോജികളാണോ?
ഭയത്തിൽ പൊതിഞ്ഞ നൂറു ചോദ്യങ്ങൾ എന്റെ കാലിൽ ചുറ്റിപ്പിണഞ്ഞു.▮

(തുടരും)


കെ.വി. പ്രവീൺ

കഥാകൃത്ത്. നോവലിസ്റ്റ്‌. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ഡിജാൻ ലീ, പ്രച്ഛന്നവേഷം എന്നീ നോവലുകളും ഓർമ്മച്ചിപ്പ് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments